പുതിയകാലത്തിന്റെ സ്പർശിനികൾ

ആധുനിക പൊതുവിടങ്ങളെല്ലാം തന്നെ സ്പർശത്തിന്റെ ലിഖിതവും അലിഖിതവുമായ വിലക്കുകൾ ലംഘിച്ചു മുന്നേറിയവയാണ്. ശരീരങ്ങൾ തമ്മിലുള്ള അകലം, അല്ലെങ്കിൽ അടുപ്പം ആണ് ഒരുകാലത്ത് സ്പർശത്തിന്റെയും അസ്പൃശ്യതയുടെയും മാനങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ ആധുനിക കാലത്ത് സ്വത്വപരമായ അന്തസ്സിന്റെയും ആധുനികതയുടെയും അടയാളമായി മലയാളി സ്പർശത്തെ കാണാൻ തുടങ്ങി. പുതിയകാലം സ്പർശത്തെ മനസിലാക്കുന്നതിൽ ജാതിശരീരത്തിൽ നിന്നും ലിംഗശരീരത്തിലേക്കുള്ള കേരളീയ സമൂഹത്തിന്റെ മാറ്റവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളികൾക്കിടയിൽ സ്പർശം എന്ന അനുഭൂതിക്ക് കാലാന്തരത്തിൽ സംഭവിച്ച പരിവർത്തനങ്ങളെ വിശദമായി പരിശോധിക്കുകയാണ് ലേഖിക. ഡോ.ജി. ഉഷാകുമാരിയുടെ പഠനത്തിന്റെ രണ്ടാം ഭാഗം.

സ്പർശത്തെ കണ്ടെടുത്ത് സ്ഥാപിക്കുന്നു

സ്പർശത്തിന്റെ വിലക്കുകളെ ക്ഷേത്രങ്ങൾ മാത്രമല്ല, പാർക്കുകൾ, സിനിമാശാലകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഫാക്ടറികൾ മുതലായ ആധുനിക പൊതുവിടങ്ങളെല്ലാം തന്നെ സ്പർശത്തിന്റെ മേഖലയിലെ ലിഖിതവും അലിഖിതവുമായ വിലക്കുകൾ ലംഘിച്ചു മുന്നേറിയിട്ടുണ്ട്. അതിലൂടെ ജനാധിപത്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മറ്റുമുള്ള പുതിയ സമവാക്യങ്ങൾ നമ്മുടെ സാമൂഹികജീവിതത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

പി.കെ. റോസി

തിരുവിതാംകൂറിൽ ആദ്യകാലത്ത് സിനിമാശാലകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പൊതുബോധത്തെ ഭരിച്ചിരുന്ന ആകാംക്ഷകളെക്കുറിച്ച് ബിന്ദുമേനോൻ തന്റെ സിനിമാഗവേഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജാതി അയിത്തവും കോളറ, പ്ലേഗ് തുടങ്ങിയ പകർച്ചവ്യാധിഭീതികളുമൊക്കെ അവിടെ സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പി.കെ.റോസി എന്ന ദളിത് അഭിനേത്രി താനഭിനയിച്ച ഒരു ചിത്രം ഒന്നു കാണാൻ പോലും തിയ്യേറ്റററിനകത്തു കയറാൻ അക്കാലത്തെ സവർണമാടമ്പിത്തം അനുവദിച്ചില്ല. അത്തരം കാലങ്ങളെ പുറകിലേക്കു തള്ളിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലെ കലാലോകം മുന്നോട്ടു ചലിച്ചത്. എങ്കിലും ഗുരുവായൂരമ്പലത്തിൽ ഏതെങ്കിലും ഒരു ദിവസം പോകാൻ കഴിയുമെന്നാണ് യേശുദാസിനുപോലും ഉറപ്പില്ലാതെ പറയാനായത്.

ഹസ്തദാനം
സ്പർശം ശരീരത്തിനെ, അതിലെ അവയവങ്ങളെ കേന്ദ്രീകരിക്കുന്നത് ആധുനികതയുടെ കാലത്താണ്. അതുവരെ ശരീരങ്ങൾ തമ്മിലുള്ള അകലം, അടുപ്പം ആണ് സ്പർശത്തിന്റെയും അസ്പൃശ്യതയുടെയും മാനങ്ങളെ രൂപപ്പെടുത്തിയത്. കൈകൊണ്ടുള്ള സ്പർശത്തിന്റെ മൂല്യവിവേചനങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ പ്രബലമാണ്. കൈകൊണ്ടു സ്പർശിച്ച് അശുദ്ധമാക്കിയെന്നാരോപിച്ച് കൈയ്യറുത്തു കളഞ്ഞ സംഭവങ്ങളുണ്ടായതായി കേട്ടിട്ടുണ്ട്. ഉപകരണങ്ങളുടെ ഉപകരണമാണ് കൈ.

പഴയ ആചാരബദ്ധമായ അകലങ്ങളും അടുപ്പങ്ങളും ഇല്ലാതെ ശാരീരിക ഉപചാരങ്ങൾ പുതുക്കിയെഴുതുന്നതിലൂടെ ഒരു ജനത സ്വയം മാറിത്തീരുന്നതിന്റെ കാഴ്ച്കൾ ആദ്യകാലനോവലുകളിലെമ്പാടും കാണാം. "പരിഷ്‌കാരവിജയ'ത്തിലെ പുരോഗമനകാരിയായ മാത്തു തന്റെ സുഹൃത്ത് ലോനച്ചന് കുഞ്ഞ് ജനിച്ചതറിഞ്ഞ് അഭിനന്ദനസൂചകമായി ഹസ്തദാനം ചെയ്യുന്നത് കാണാം. ഇതു കൗതുകപൂർവം നിരീക്ഷിച്ച അവരാ എന്ന കാരണവർ അതു തൃശൂരെ പരിഷ്‌കാരമാണോ എന്നാരായുന്നു. എന്നാൽ അത് പൊതുവേ എല്ലായിടത്തുമുള്ള പരിഷ്‌കാരമാണെന്നാണ് മാത്തു പറഞ്ഞു മനസ്സിലാക്കുന്നത്. തുടർന്ന് പരിഷ്‌കാരമെന്നതിന്റെ അർത്ഥം മാത്തു വിശദീകരിക്കുന്നു.

കൽപ്പറ്റ നാരായണൻ

"പരിഷ്‌കാരികളെന്നത് ഒരു പ്രത്യേകജാതിയോ സമുദായമോ അല്ല. സജ്ജനസംസർഗ്ഗം കൊണ്ടും ഉയർന്ന പഠിപ്പു കൊണ്ടും മനോമാഹാത്മ്യം ഉണ്ടായി, അതുകാരണം ഹീനത്വ സമ്പ്രദായങ്ങളെ ഉപേക്ഷിച്ചും പരദേശീയരുടെ ഭേദപ്പെട്ട നടപടികൾ കണ്ടു പഠിച്ചും അനാവശ്യവും ദുർച്ചിലവുള്ളതുമായ സാമൂഹികചട്ടങ്ങളെ ഭേദപ്പെടുത്തിയും പുതുനടപ്പുകളെ കാലാനുസരണം അംഗീകരിച്ചും നടക്കുന്ന ഏവരെയും പരിഷ്‌കാരമുള്ളവരെന്നു പറയാം' (പുറം 31, പരിഷ്‌കാരവിജയം). സ്പർശത്തെ ആധുനികതയുടെയും സ്വത്വപരമായ അന്തസ്സിന്റെയും അടയാളമായി പതുക്കെപ്പതുക്കെ കണ്ടെത്തുന്ന മലയാളിചേതനയെ ഇവിടെ നാം കാണുന്നുണ്ട്. കല്പറ്റ നാരായണന്റെ കവിത ഹസ്തദാനം അതിലുള്ളടങ്ങിയ സംവേദനത്തിന്റെയും സംസ്‌കാരത്തിന്റെയും ആന്തരികരാഷ്ട്രീയത്തെ ഇഴകീറുന്നതാണ്.
"കൈകൊടുക്കുമ്പോൾ
എത്രവരെ മുറുകെ പിടിക്കാം?
മൃദുവായി കൈകൊടുത്താൽ
ദുർബ്ബലൻ എന്നു തെറ്റിദ്ധരിക്കുമോ?
.........
...........
ആലിംഗനത്തിന്റെ ഈ ചുരുക്കെഴുത്ത്
അഭിനന്ദനത്തിന്റെ ഈ ഫോസിൽ
മധ്യസ്ഥന്മാരുടെ ഈ ഇഷ്ടസങ്കേതം
ഈ ഇളക്കി ഉറപ്പിക്കൽ എന്തിന്?
തണുപ്പിൽ നിന്നാണിത് വന്നതെന്നും
ഗാമയാണാദ്യം കൈനീട്ടിയതെന്നും
കൈമാറ്റങ്ങളിവയെ വളർത്തിയെന്നും
വർഗരഹിത ഊഷ്മളതയാണിവയ്ക്കെന്നും
പണ്ഡിതന്മാർ
പക്ഷേ ഇത് ഒന്നും അതേപടി ഏറെ നിർത്താനാവാത്ത
അപ്പോഴേയ്ക്കും അസംബന്ധമാകുന്ന
ഒരു ലോകത്തിന്റെ ദാനം.'(സമയപ്രഭു)
കൊറോണക്കാലത്ത് പ്രത്യക്ഷപ്പെട്ട ശാസ്ത്രീയമായ ആരോഗ്യനിർദ്ദേശങ്ങളധികവും സ്വാഭാവികമായും സ്പർശവിലക്കുമായി ബന്ധപ്പെട്ടായിരുന്നതായിരുന്നു. ഹസ്തദാനത്തിനു പകരം നമസ്‌കാരം പറഞ്ഞു കൈകൂപ്പി അഭിവാദനം ചെയ്യുന്ന പരമ്പരാഗതരീതി വീണ്ടും പ്രചാരത്തിലായി. ഇറ്റലിയിലെ ആരോഗ്യമേഖലയെ സേവിക്കാനായി കൊറോണക്കാലത്തു വന്നു ചേർന്ന ക്യൂബൻ വൈദ്യന്മാരുടെ വിദഗ്ദ്ധസംഘം വന്നിറങ്ങുമ്പോൾ കണ്ട പുതിയതരം അഭിവാദനരീതി കൗതുകമുള്ളതായി. കൈമുട്ടുകൾ പരസ്പരം മുട്ടിച്ചുകൊണ്ടാണ് ആതിഥേയർ അവരെ അഭിവാദനം ചെയ്തത്.

ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ എത്തിയപ്പോൾ /Photo: Now This

പരിഷ്‌കാരവിജയത്തിൽ പുതിയ പരിഷ്‌കാരപ്രകാരം സദ്യക്ക് ഇലയിട്ട് ഊണുവിളമ്പുന്ന രീതിയിൽ മാറ്റം വരുത്താൻ മാത്തു പലരോടും ഉപദേശിക്കുന്നുണ്ട്. ആധുനികമായ ജീവിതചര്യകളെക്കുറിച്ചും രീതിമര്യാദകളെക്കുറിച്ചും സാമുദായികമായി ഇടപെട്ടുകൊണ്ട് ബോധവൽക്കരണം നടത്താൻ മാത്തു ശ്രമിക്കുന്നു. ഇത് മാത്തുവിന്റെ സുഹൃത്തായ ലോനച്ചന്റെ കുടുംബാംഗങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പുലകുളിയടിന്തിരത്തിന്റെ സദ്യക്ക് ഒരിലയിൽ രണ്ടാൾ ഉണ്ണുന്ന പതിവുരീതിയെപ്പറ്റി മാത്തുവിന് വളരെ മോശം അഭിപ്രായമാണുള്ളത്. ഓരോരുത്തരും വെവ്വേറെ ഇലയിൽ കഴിക്കണം എന്നാണ് മാത്തു പറയുന്നത്. അതനുസരിച്ച് സദ്യയുടെ രീതി പരിഷ്‌കരിച്ചെങ്കിലും ആ പരിഷ്‌കാരം അതിൽ വിധേയരായി നിന്ന വിഭാഗങ്ങളെ എത്രമാത്രം പരിഗണിച്ചിരുന്നുവെന്ന സംശയം വെളിവാക്കുന്നുണ്ട് നോവലിസ്റ്റ്. മരണാനന്തരം പുലകുളിയടിന്തിരം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ദമ്പതിമാരുടെ സംഭാഷണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പെണ്ണുങ്ങൾക്കു ഓരോരുത്തർക്കും വെവ്വേറെ ഇലകളിൽ ഊണുകൊടുത്തത് അസൗകര്യമായി എന്ന് ഒരു സ്ത്രീ ഭർത്താവിനോട് അഭിപ്രായപ്പെടുന്നു.
ചാണ്ടി: "എന്തേ ? അമ്മമാർക്കു വെടിപ്പായിട്ട് വിളമ്പിയില്ലേ?'
മറിയത്തമ്മ: "വെളമ്പിയത് മുറയ്ക്കുതന്നെയായിരുന്നു. പെമ്പറന്നോര് അടുത്തു അടുത്തു തല തമ്മിൽ ഏകദേശം മുട്ടി മുട്ടി ഇരിക്കുമ്പഴല്ലേ വല്ലതും തിന്നുകയുള്ളൂ. ഇതു എല്ലാവരും അകലെ ഇരുത്തി വെവ്വേറെ എലയിൽ വിളമ്പി. കണ്ണീക്കണ്ട ആണുങ്ങളൊക്കെ പന്തലീ നിന്ന് മുഖത്തിട്ടു നോക്കിക്കൊണ്ടു നിന്നാൽ അമ്മമാർ എങ്ങനെ തിന്നും? ലോനച്ചനും ആ പരിഷ്‌കാരി മാത്തുവും കൂടിയാണ് ഈ ചട്ടം ഉണ്ടാക്കിയത് അടിയന്ത്രം കഴിച്ചെന്ന് ഒരു പേരുവരുത്തി.'
ചാണ്ടി: "വെവ്വേറെ എലയിൽ ഊണു കൊടുക്കുന്നതു നല്ല ഒരു ചട്ടമാണ്. ഓരോരുത്തന്ന് ഇഷ്ടം പോലെ തിന്നാം, ഇതാണ് നല്ല ചട്ടം. എനിക്ക് നന്നാ പിടിച്ചിട്ടുണ്ട്.'
മറിയത്തമ്മ: "ആമ്പ്രന്നോർക്ക് ഇതു നല്ല ചട്ടമാണെന്നു തോന്നുന്നൊണ്ടായിരിക്കും. പക്ഷേ പന്തിയിലിരുന്ന അമ്മമാര് നല്ലവണ്ണം ഉണ്ടില്ലെന്നേയുള്ളു,'

ആനുഷംഗികമെന്നു തോന്നാവുന്ന ഈ അഭിപ്രായവ്യത്യാസങ്ങളെ ഇന്നത്തെ നിലയക്ക് വളരെ സൂക്ഷ്മതയോടെ നാം സമീപിക്കേണ്ടതുണ്ട്.

പന്തിഭോജനം ഒരു രാഷ്ട്രീയസമരമായി കോൺഗ്രസ് ഏറ്റെടുത്തസമയത്ത് പുലാമന്തോൾ കോൺഗ്രസിന്റെ മുൻകയ്യിൽ ദളിതരെ സംഘടിപ്പിച്ച് രഹസ്യമായി തിരുനാരായണപുരത്തെ അമ്പലത്തിലെ വാരസദ്യയിൽ പങ്കെടുത്ത് കോലാഹലമുണ്ടാക്കിയ കഥ ജീവിതപ്പാതയിൽ പറയുന്നുണ്ട്. യാഥാസ്ഥിതികരുടെ വിറളിപിടിച്ചതും പകച്ചതുമായ മുഖങ്ങൾ ആഖ്യാനത്തിലുണ്ട്. ഭയാനന്ദസമ്മിശ്രമായ ചേഷ്ടകളോടെ ദളിതരും. സി.കേശവന്റെ ആത്മകഥയിൽ തന്റെ വിവാഹത്തിന് ഒരു മിശ്രഭോജനം സംഘടിപ്പിച്ച കഥ പറയുന്നുണ്ട്. വിവാഹത്തിനു വന്ന ഉല്പതിഷ്ണുക്കളായ നായർ സുഹൃത്തുക്കൾ സ്വമേധയാ വിവാഹപ്പന്തലിൽ മറ്റുള്ളവരോടൊപ്പം കയറിയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന മറ്റു നാട്ടുകാരായ മയ്യനാട്ടുകാർ എങ്ങനെയോ സൂത്രത്തിൽ മുങ്ങിക്കളഞ്ഞെന്നും തന്റെ സുഹൃത്തുക്കളിലൊരാളുടെ മിശ്രഭോജനംകൊണ്ട് അദ്ദേഹത്തിന്റെ അച്ഛന് യജമാനനിൽ നിന്നും വലിയ ശിക്ഷ അനുഭവിക്കേണ്ടി വന്നെന്നും സി.കേശവൻ പറയുന്നു. (പുറം 189, ജീവിതസമരം).

സി.കേശവൻ

അസ്പൃശ്യതയുടെ രാഷ്ട്രീയത്തെ മുൻനിർത്തി, വിമോചകരും വിമോചിതരും തമ്മിലുള്ള രക്ഷാകർതൃസ്വഭാവമുള്ള ബന്ധത്തെ കൂടുതൽ സങ്കീർണവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്ന ഒരു ആഖ്യാനമുണ്ട്. മഹാദേവ് ദേശായ് ആണ് ഈ കഥ പറയുന്നത്. ദളിതരുടെ വിമോചനത്തിനായി 1933 ൽ ഗാന്ധിജി ജയിലിൽ നിരാഹാരമനുഷ്ഠിച്ചു കിടക്കുന്നു. അദ്ദേഹത്തെ കാണാൻ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനു ശേഷം ഒരു ദളിത് ബാലൻ എത്തുന്നു. തനിക്കു ഒരു സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുവേണ്ടി ഗാന്ധിജിയുടെ സഹായം തേടിയാണ് കുട്ടി എത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അവന് അവിടെ എത്താൻ കഴിഞ്ഞത്. ജയിലിലേക്കുള്ള യാത്രയ്ക്കായി ഒരു ജോഡി ചെരുപ്പു സംഘടിപ്പിക്കാൻ പോലും അവനു വളരെ കഷ്ടപ്പെടേണ്ടി വന്നു. ഗാന്ധിജിയുടെ അനുയായികളെ തനിക്കു വിശ്വാസമില്ലെന്നും ഗാന്ധിജിയെ മാത്രമേ തനിക്കു വിശ്വാസമുള്ളൂ എന്നും അവൻ സങ്കടത്തോടെ പറഞ്ഞു. അങ്ങെന്തിനാണ് മരണം വരെ നിരാഹാരമിരിക്കുന്നത്? അങ്ങെന്തിനാണ് ഞങ്ങളെ വിട്ടുപിരിയുന്നത് എന്നെല്ലാമവൻ ഗാന്ധിജിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.

അവനു ഗാന്ധിജി ഉറപ്പുകൊടുത്തു, താൻ മരിക്കുകയില്ലെന്നും അവന്റെ കാര്യങ്ങൾ നടത്തിച്ചു കിട്ടുമെന്നും. ഈ വാക്കുകൾ കേട്ട് കുട്ടി കണ്ണീരോടെ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഗാന്ധിജി അവനോട് പറഞ്ഞു, "ഞാൻ മരിക്കുകയൊന്നുമില്ല, വരൂ നമുക്ക് ഒരു ഉടമ്പടിയിലെത്താം. ഞാൻ ഉപവാസം അവസാനിപ്പിക്കുന്ന ദിവസം നീ ഒരു മധുരനാരങ്ങയുമായി വരൂ. അതിന്റെ നീര് കഴിച്ച് ഞാൻ നിരാഹാരമവസാനിപ്പിക്കാം'. അവൻ സന്തോഷത്താൽ മതിമറന്നു. നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം വന്നെത്തി. ദേശായ് ബാലനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവൻ വന്നില്ല. പകരം ലേഡി താക്കർസേ ആണതു നിർവഹിച്ചത്. യഥാർത്ഥത്തിൽ ഈ കഥയുടെ ആഖ്യാതാവായ ദേശായ് കരുതിയതും വിശ്വസിച്ചതും കുട്ടി വന്നില്ലെന്നു തന്നെയാണ്. അവൻ വന്നിരുന്നുവെന്ന പത്രവാർത്ത അയാൾ പൂർണമായും നിഷേധിച്ചു. എന്നാൽ അവൻ അയാൾക്കെഴുതിയ കത്തിലൂടെ സത്യം പുറത്തുവന്നു. "അവൻ ഇടയ്ക്കിടെ അവിടെ വന്ന് നിരാഹാരത്തിന്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ അവസാനദിവസം അവന്റെ ധൈര്യമെല്ലാം ചോർന്നുപോയി. അന്നേ ദിവസത്തെ ചടങ്ങുകളിലേക്ക് പ്രവേശനാനുമതി ലഭിക്കാനുള്ള യോഗ്യത അവനില്ലെന്നും അത്രത്തോളം നിസ്സാരനായ ബാലനാണ് താനെന്നവനു മനസ്സിലായി. തനിക്കു ലഭിക്കുന്ന മഹാഭാഗ്യം തന്റെ കൂട്ടുകാരിൽ അസൂയ വളർത്തുമെന്നും അവനറിയാമായിരുന്നു. അതോടെ അവനനുഭവിക്കുന്ന ഇത്തിരി ഭാഗ്യങ്ങൾ നഷ്ടമാകുമെന്നും അവൻ ഭയപ്പെട്ടു. വികാരങ്ങളുടെ അസ്വാഭാവിക മിശ്രണമാണ് അവനെ ഭരിച്ചത്. എന്നാൽ അവൻ പേറുന്ന അസ്പൃശ്യതയുടെ അടിസ്ഥാനത്തിലാണ് ആ വികാരമിശ്രങ്ങളെയെല്ലാം വിലയിരുത്തേണ്ടത്.'

ഡി.ആർ നാഗരാജ്

(പുറം. 49, ജ്വലിക്കുന്ന പാദങ്ങൾ, ഡി.ആർ നാഗരാജ്) അവസാനനിമിഷത്തിൽ ആ ഭാഗ്യദേവതയെ സ്വീകരിക്കാനുള്ള മനക്കരുത്ത് അവനുണ്ടായില്ല. അനർഹമായ വിധത്തിൽ സ്വയം നിന്ദയുടേതായ ഒരു വികാരം അവനിൽ വളർത്തിയെടുത്തതിന്റെ ഉത്തരവാദിത്തം നമുക്കോരോർത്തർക്കുമുണ്ടെന്നും ദേശായ് പറയുന്നു.

കുടുംബം
ആധുനികകുടുംബം രൂപപ്പെട്ടുവരുന്നതുമായി ബന്ധപ്പെട്ട് ചരിത്രപഠനങ്ങൾ സുലഭമാണ്. അതിലെ ശാരീരിക അടുപ്പത്തെക്കുറിച്ചും അവ വിലക്കപ്പെടുകയോ വീണ്ടെടുക്കപ്പെടുകയോ ചെയ്തതിന്റെ ചരിത്രപരമായ അന്വേഷണം ഇനിയും നടക്കേണ്ടതായാണിരിക്കുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ രഹസ്യമായല്ലാതെയുള്ള സമ്പർക്കങ്ങൾ മ്ലേച്ഛവും പരിഹാസ്യവുമായാണ് ഈയടുത്തു വരെ കണ്ടിരുന്നത്. അടുത്തടുത്തിരുന്ന് യാത്ര ചെയ്യുന്നതോ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതോ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതോ ഒക്കെ അല്പം "നാണക്കേടു'ള്ള കാര്യമായി കണ്ടിരുന്നുവെന്ന് പല അനുഭവക്കുറിപ്പുകളും പറയുന്നു. വീട്ടിൽ നിന്ന് ഒന്നിച്ചിറങ്ങിയാലും ഭർത്താവ് നടക്കുന്നതിന്റെ നാലടി പിന്നിലായാണ് റോഡിലൂടെ ഭാര്യ നടക്കുക. രതി എന്ന രഹസ്യപരിപാടിയല്ലാതെ മറ്റൊന്നും അവർക്കിടയിലില്ല എന്നു പരസ്യമായി ഉറപ്പിച്ചെടുക്കുന്ന വിധമായിരുന്നു ആ കുടുംബത്തിന്റെ കാര്യപരിപാടികൾ. സംബന്ധസമ്പ്രദായത്തിൽ ജാതിയിൽ ഉയർന്ന ബ്രാഹ്മണനായ അച്ഛന് താഴ്ന്ന ജാതിയിലുണ്ടായ മക്കളെ തൊട്ടുലാളിക്കാൻ അവകാശമില്ല. സ്നേഹത്തിന്റെയും സമ്പർക്കത്തിന്റെയും തരളതകൾ അന്യമായ ആ കുടുംബം ഇന്നത്തെ നിലയ്ക്ക് വികലമായാണ് പുതുതലമുറ വിലയിരുത്തുക.

ഏതാനും വർഷങ്ങൾക്കു മുമ്പ് 2006ൽ തന്മാത്ര എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ പൊങ്ങിവന്ന സംവാദം കൗതുകകരമായിരുന്നു. അച്ഛനമ്മമാരും മക്കളുമടങ്ങുന്ന കുടുംബചിത്രങ്ങളിൽ അതിവൈകാരികമായ രംഗങ്ങളിലല്ലാതെ, അതിന്റെ പ്രതിഫലനമായിട്ടല്ലാതെ സ്പർശം പൊതുവെ കടന്നുവരാറില്ല. സിനിമയിലെ കുടുംബത്തിൽ മാത്രമല്ല, അതിനു പുറത്തുള്ള കുടുംബത്തിലും സാധുവാണിത്. പ്രണയരംഗങ്ങളിൽ ദാമ്പത്യരംഗങ്ങളേക്കാളധികം സ്പർശനത്തിന് ഊന്നൽ ലഭിക്കുന്നതായി കാണാം. ദാമ്പത്യത്തിന്റെ സ്വകാര്യവും അടഞ്ഞതും "മാന്യ'വും ആയ ഘടന "മൂന്നാമതൊരാളെ' സദാചാരപരമായ അകലത്തിലേക്ക് നീക്കിനിർത്തുകയാവണം (അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ സല്ലാപരംഗങ്ങളൊക്കെ മക്കൾക്കു ചമ്മലോടെയാണ് കാണിക്കുക- പവിത്രം സിനിമ) വ്യക്ത്യനുഭവങ്ങൾ സാമൂഹ്യാനുഭവങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിലുള്ള വൈമുഖ്യമായതിനെ കാണാം. പൊതുവെ ദാമ്പത്യരംഗങ്ങളിൽ പ്രദർശിപ്പിക്കപ്പെടാത്ത നഗ്നത കാമുകീ-കാമുകരംഗങ്ങളിൽ (രതി പ്രചോദകമായിത്തന്നെ) കണ്ടെന്നുവരാം. അവിടെ സൃഷ്ടിക്കപ്പെടുന്ന ഉൽസവപരത, ചടുലവേഗങ്ങൾ, വർണ്ണപകിട്ടുകൾ, നിഗൂഢതകൾ, പ്രലോഭനങ്ങൾ പ്രേക്ഷകന്റെ ഐന്ദ്രിയതയെ സിനിമയിലേക്ക് ക്ഷണിക്കുകയോ താദാത്മ്യപ്പെടുത്തുകയോ ആണ്. ദാമ്പത്യം, കുടുംബം, ലൈംഗികത എന്നിവയെ ഒക്കെ മുഖ്യധാരസിനിമകളുടെ പതിവനുസരിച്ചാണ് തന്മാത്രയും സ്വാംശീകരിച്ചിരുന്നതെങ്കിലും അവയിൽ നിന്നു വ്യത്യസ്തമായി, ശാരീരികമായ അകലങ്ങളെ കുറച്ചുകൊണ്ട് സ്പർശങ്ങളുടെ ഒരു ഉത്സവംതന്നെ സൃഷ്ടിക്കുന്നു. കുടുംബബന്ധങ്ങളുടെ കൗതുകകരവും ആശാസ്യവുമായ ഒരു ഇഴുകിച്ചേരൽ എന്ന നിലയിൽ തന്മാത്രയുടെ ചുവർപരസ്യങ്ങളിലൊക്കെ ഇതുകാണാം. ഊഷ്മളതയുടെ ഈ പ്രസരം ഭർത്താവും (അച്ഛൻ) ഭാര്യയും (അമ്മ) തമ്മിൽ മാത്രമല്ല മക്കളിലേക്കും വ്യാപിച്ചു നിൽക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള (അമ്മായിയച്ഛൻ മരുമകളുടെ തോളത്തുചാഞ്ഞുതേങ്ങുതുൾപ്പെടെയുള്ള) ശാരീരികമായ അടുപ്പം ഈ സിനിമയുടെ മുഖ്യചാലകശക്തിയാണ്. മുഖ്യപ്രമേയമെന്നു പറയാവുന്ന അൾഷിമേഴ്‌സിനെ/മറവിയെ മറികടക്കുന്ന ഇന്ദ്രിയപരമായ ഓർമ്മ (സാധ്യത) കൂടിയാണിത്. രുചികളും മണങ്ങളും ഓർമ്മകളിലൂടെ കടുവരുന്നു. പിന്നീടത് അനുഭവങ്ങളിലൂടെ ഓർമ്മയെ സൃഷ്ടിച്ചെടുക്കുന്നു. സ്പർശം കേവലമായ ഐന്ദ്രിയാനുഭവമെന്ന നിലയിൽനിന്ന് സിനിമയുടെ കേന്ദ്രസ്ഥാനമായ ഒന്നിലേക്ക് കണ്ണിചേർക്കപ്പെടുന്നതിങ്ങനെയാണ്. മകന്റെ സ്‌ക്കൂളിലെ പി.ടി.എ.യോഗത്തിൽ സംസാരിക്കുന്ന രമേശൻ മക്കളെ തൊട്ടു സംസാരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. മഴയുടെ/ജലത്തിന്റെ സ്പർശമാണ് കൗമാരത്തെയും ഭാരതീയർ കവിതയെയും അയാളിൽ പുനഃസൃഷ്ടിക്കുന്നത്. സ്പർശം ഇവിടെ ഒരു വിലക്കായല്ല, ഒരു വിനിമയമായും കുടുംബഘടനയിലേക്കുള്ള ഒരു തുറസ്സായും തന്മാത്രയിൽ നിറഞ്ഞുനിൽക്കുന്നു. നമ്മുടെ സിനിമയിൽ ഗോപ്യവും അപകൃഷ്ടവുമായി മാത്രം കടുവരുന്ന ശാരീരികസാമീപ്യം. സ്പർശം ഈ സിനിമയിൽ സുതാര്യമാകുന്നു. ഉദാത്തമാകുന്നു. ഭൂതകാലത്തിന്റെ ഒസ്യത്തായ സ്പർശനത്തിന്റെ വിലക്ക് ഇവിടെ റദ്ദുചെയ്യപ്പെടുകയും കുടുംബഘടനയുടെ അധികാരത്തെ (ഭർത്താവ്>ഭാര്യ>മകൻ>മകൾ...) ചെറുതാക്കുകയും ചെയ്യുന്നു. അബോധത്തിലൂടെയെങ്കിലും കുടുംബത്തിന്റെ ഒരു ജനാധിപത്യക്രമത്തെ സ്പർശത്തിന്റെ ഉൽസവം തീർക്കുന്നതിലൂടെ ഈ സിനിമ ആഗ്രഹിക്കുന്നുണ്ടാവണം.

ആർത്തവവുമായി ബന്ധപ്പെട്ടുള്ള സ്പർശത്തിന്റെ നിഷ്‌കർഷകൾ ഏറെയായിരുന്ന സമൂഹമാണ് മലയാളികളുടേത്. തീണ്ടാരി എന്ന വാക്കിൽതന്നെ അസ്പൃശ്യതയുണ്ട്. തീണ്ടാരിയായ സ്ത്രീ തുളസിയില, കറിവേപ്പില, കൂവളം, ഫലവൃക്ഷങ്ങൾ മുതലായവ സ്പർശിക്കുന്നതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. പല സമുദായങ്ങളിലും ആർത്തവമുള്ള സ്ത്രീക്കു മറ്റുള്ളവരിൽ നിന്നകന്നു താമസിക്കാൻ വെവ്വേറെ അറകളോ മുറികളോ തന്നെ ഉണ്ടായിരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രീപക്ഷചർച്ചകൾ വലിയ തോതിൽ രാഷ്ട്രീയമായിത്തന്നെ ഉയർന്ന രണ്ടുമൂന്നു വർഷങ്ങളാണ് കടന്നുപോയത്.

ശിശു-മാതൃലോകങ്ങൾ
ബാലാമണിയമ്മയുടെ കാവ്യലോകത്തേക്കു ചെന്നാൽ നാം കാണുന്ന സ്പർശത്തിന്റെ മണ്ഡലങ്ങൾ കൗതുകകരമാണ്. ഇഹപരലോകങ്ങളുടെ അനന്തവും അവിരാമവുമായ താരതമ്യ/മാത്സര്യം എല്ലാക്കവിതകളിലുമുണ്ട്. അതേ മൂല്യസംഘർഷങ്ങളിൽ നിർത്തിക്കൊണ്ടാണ് പ്രസവവും മുലയൂട്ടലുമുൾപ്പടെയുള്ള ശാരീരികതയെയും കവി തുലനം ചെയ്യുന്നത്. വൃദ്ധകന്യ പോലുള്ള ഒറ്റപ്പെട്ട ഉദാഹരണങ്ങൾ ഒഴിച്ചാൽ രതിപരമായ കാമനകളെ അവർ പൂർണമായും ഒഴിച്ചുനിർത്തുന്നുണ്ട്. ഏറെ പറയപ്പെട്ടതെങ്കിലും കുഞ്ഞുങ്ങളുമായി ചേർന്നുള്ള ശാരീരികാടുപ്പങ്ങളെ മൂല്യസംബന്ധിയായിത്തന്നെ തരളതകളോടെ അവരെഴുതി. കുഞ്ഞുങ്ങളുടെ മൃദുലത, അവരുടെ ദേഹത്തെ തഴുകൽ, പുണരൽ, ചുംബിക്കൽ, മുലയൂട്ടൽ മുതലായവയെ ആസ്വദിച്ചും മാനിച്ചുമെഴുതുന്നു.

ബാലാമണിയമ്മ

അതിനെ പ്രാപഞ്ചികതയ്ക്കപ്പുറമുള്ള പുണ്യത്താൽ കൈവരുന്ന മറ്റൊരു ലോകവുമായി ചേർത്തുവെച്ചുകൊണ്ടായാലും ശാരീരികസ്പർശത്തെക്കുറിച്ചുള്ള സവിശേഷമായ ഒരു വാങ്മയം അവർ ചമച്ചു. മൂല്യവിവേകിയും അതേസമയം തരളചിത്തയുമായ അമ്മയുടെ ചോദനകൾ എന്ന നിലയ്ക്കാണതിൽ സ്പർശം കടന്നുവരുന്നത്. പലപ്പോഴും കുഞ്ഞിന്റെ ലോകം ആദർശാത്മകമായി ഉയർത്തി പ്രതിഷ്ഠിക്കുന്ന തരം കവിതകളാണവ.
"ഓമനേ നിന്നിലപൂർണത ചേർത്തിടാ-
യ്കീ മുലപ്പാലിലെ ദൗർബല്യങ്ങൾ' (അമ്മയും മകനും, ബാലാമണിയമ്മയുടെ കവിതകൾ, 2008, മാതൃഭൂമി)

അച്ഛനും മകളും എന്ന കവിതയിൽ വിശ്വാമിത്രനോട് ചോദിക്കപ്പെടുന്ന ചോദ്യം മുമ്പു സൂചിപ്പിച്ച ഇഹപര തുലനവുമായി ചേർത്തു വായിക്കാവുന്നതാണ്.
"ഞാനൊന്നു ചോദിക്കട്ടെ, സാദരം മഹാമുനേ
ധ്യാനത്തിലുൾച്ചേരുന്നോരാ സച്ചിദാനന്ദം താനോ
മാനിച്ചീയിളം മെയ് പുൽകലിലുളവായോ-
രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം?' (വള്ളത്തോൾ, അച്ഛനും മകളും)

മാധവിക്കുട്ടിയുടെ കഥകളിൽ സ്പർശത്തിന്റെ പലവിതാനങ്ങളുള്ള അനുഭൂതികളും കാമനകളും കണ്ടെത്താനാവും. മാധവിക്കുട്ടിയുടെ ഓർമകളിലെ സുപ്രതിഷ്ഠിതമായ ഒരു റഫറൻസ് ചേർത്തു വായിക്കാവുന്നതാണ്. വയസ്സായ തന്റെ മുത്തശ്ശിയുടെ ചന്ദനം മണക്കുന്ന, ഞാന്നു തൂങ്ങിയ മുലകളിൽ മുഖം ചേർത്തു കിടക്കുന്ന സുഖത്തെക്കുറിച്ചവർ പറയുന്നു. തന്റെ മക്കളെ ലാളിച്ചും ഉമ്മവെച്ചും അവർക്കു മുലകൊടുത്തും കിട്ടുന്ന അവാച്യമായ നിർവൃതിയെക്കുറിച്ചും അവർ ഒന്നിലേറെ തവണ എഴുതി. ഗാന്ധിയനായ ബാലാമണിയമ്മയുടെ മകളായ മാധവിക്കുട്ടി, കുഞ്ഞുങ്ങളെ നക്കിത്തോർത്തുകയും മണക്കുകയും ചേർത്തണയ്ക്കുകയും ചെയ്യുന്ന മൃഗങ്ങളെപ്പോലെയാണ് താൻ മക്കളോട് ഇടപഴകിയതെന്ന് പറയുന്നുണ്ട്. അവരുടെ പ്രതിഭയിൽ ലീനമായ ശരീരബോധം, ശാരീരികമമത സംബന്ധിച്ച ഉച്ഛൃഖലത്വം ഗാന്ധിയൻ ദേശീയതാ പാരമ്പര്യങ്ങളോടുള്ള കലഹം കലർന്ന നിരാസമായിത്തന്നെ വായിച്ചെടുക്കാവുന്നതാണ്. ആധുനിക വിദ്യാഭ്യാസത്തിൽ നിന്നും തനിക്കു ലഭിച്ച ഉദാരതയുടെയും കനിവിന്റെയും പാഠങ്ങളേക്കാളേറെ തന്നെ നവീകരിച്ചത് നാട്ടിൻപുറത്തുകാരിയായ തന്റെ അമ്മമ്മയുടെ ജീവിതശൈലിയായിരുന്നുവെന്ന് അവർ പറയുന്നുണ്ട്. കവി വിജയലക്ഷ്മി അവരുമായി നടത്തിയ ഏഷ്യാനെറ്റ് ചാനൽ അഭിമുഖത്തിൽ ദുരിതമനുഭവിക്കുന്നവരായ രോഗികളെ സ്പർശിച്ച് ആശ്വസിപ്പിക്കാൻ തന്റെ അമ്മമ്മയ്ക്കുള്ള കഴിവ് തന്നിൽ ഒരു സ്വാധീനമായി വളർന്നതിനെപ്പറ്റിയും പറയുന്നുണ്ട്. രതിയും സ്ത്രീപുരുഷബന്ധത്തിലെ മറ്റു പലതരം രാഗദ്വേഷങ്ങളും അവരുടെ രചനകളിലെ പ്രബലമായ ഘടകമാണ്. എങ്കിലും മനുഷ്യബന്ധങ്ങൾക്കിടയിൽ ശാരീരികമായ തുറന്ന ഇടപഴകലിനെ ഇത്രയേറെ വിഭാവനം ചെയ്ത, അതിന്റെ നേർച്ഛേദങ്ങളെ ഇത്ര സംവേദനക്ഷമമാക്കിയ മറ്റൊരെഴുത്തുകാരി നമുക്കില്ല. "പാറുവമ്മയോടൊപ്പം ഒരു രാത്രി'യിൽ വൃദ്ധയായ വേലക്കാരി പാറുവമ്മയ്ക്കൊപ്പം കിടന്നുറങ്ങേണ്ടിവരുന്ന ഹരിയെന്ന ബാലന്റെ കഥയാണ്. യജമാനത്തിയുടെ കുട്ടിയെ അഭിമാനപൂർവം തന്റെ പായയിൽ ചേർത്തുകിടത്തുന്ന സ്ത്രീയുടെ വികാരങ്ങൾ അസാധാരണമായ സൂക്ഷ്മതയോടെ പകർത്തുന്നുണ്ട്. അങ്ങനെ നിർദ്ദേശിക്കപ്പെട്ട നിമിഷം മുതൽ അവർ കുട്ടിയെ കൈവിടാതെ കൊണ്ടു നടന്നു. "കുട്ടിക്കു പരിചല്യാത്തോരാ അവടെ കെടക്കാൻ പോണ്. അവടെ കെടന്നാ കുട്ടി ഒറങ്ങില്ല്യ. പാറുവമ്മ പറഞ്ഞു. അവർ തന്റെ മുണ്ടഴിച്ചു കുടഞ്ഞു. അവരുടെ ചരടിട്ടു കെട്ടിയ സഞ്ചിപോലെയുള്ള അടിവയറിന്റെ തൊലി ചുളിഞ്ഞു കാണപ്പെട്ടു. അതിന്നും കീഴിൽ പച്ചക്കരയുള്ള ഒരൊന്നരമുണ്ട് അവർ ഞൊറിഞ്ഞുടുത്തിരുന്നു.
"പാറ്വോമ ചഡ്ഢി ഇടില്യേ?' ഹരി ചോദിച്ചു.

ചഡ്ഢിയോ ? അതൊക്കെ ചെറുപ്പക്കാർക്കല്ലേ മോനേ? പാറ്വേമ തള്ളയല്ലേ? ഞാൻ ഒന്നരയാ ഉടുക്കാ. ഒന്നരയുടുത്തില്ലെങ്കി അരയ്ക്ക് ഉറപ്പുണ്ടാവില്യ. ഒന്നര മുറുക്കി ഉടുക്കണോണ്ടാ ഇന്റെ അരയ്ക്കിത്രണ്ട് ഉതുക്കം.' അവർ പറഞ്ഞു. മുണ്ടു രണ്ടു തവണ കുടഞ്ഞതിനുശേഷം അതു കൊണ്ട് ഹരിയുടെ ശരീരവും തന്റെ സ്വന്തം ശരീരവും അവർ പുതപ്പിച്ചു. പൊതച്ചില്യെങ്കി കൊതു കടിക്കും കുട്ടാ. അവർ പിറുപിറുത്തു. പാറുവമ്മയുടെ ശ്വസോച്ഛ്വാസത്തിനു പുകയിലയുടെ സുഗന്ധമുണ്ടായിരുന്നു. അവർ ഹരിക്കുട്ടിയെ നോക്കി പുഞ്ചിരിതൂകി. "ഇങ്ങനെ കിടക്കാൻ നല്ല സുഖണ്ട് ഇല്യേ മോനേ?'' അവർ ചോദിച്ചു. അവൻ ഉത്തരം പറഞ്ഞില്ല. വെറുതെ കണ്ണടയ്ക്കുകമാത്രം ചെയ്തു. "പാറ്വേമയുടെ ഭാഗ്യല്ലേ ഇന്റെ കുട്ടന്റെ കൂടെ കെടക്കാൻ സായിച്ചത്?' വൃദ്ധ ചോദിച്ചു. അവർ ഹരിയെ തന്റെ ചുക്കിച്ചുളിഞ്ഞ കരങ്ങളാൽ ആശ്ലേഷിച്ചു. രണ്ടുനിമിഷങ്ങൾക്കകം ഹരി ഉറങ്ങിത്തുടങ്ങി.' (പുറം. 730, മാധവിക്കുട്ടിയുടെ കൃതികൾ, സമ്പൂർണം. വാല്യം1). കുട്ടികളുമായി ചേർന്നുള്ള ഇത്തരം നിരവധി സ്പർശാനന്ദങ്ങളെ, അവയുടെ ഭാവതാരള്യങ്ങളെ പ്രഭാതം പോലുള്ള നിരവധികഥകളിൽ അവർ വേറെയും എഴുതിയിട്ടുണ്ട്. കീഴാളതന്മയുടെ നിരങ്കുശമായ സംവേദനത്വം ആഴത്തിൽ പതിഞ്ഞവയാണ് ഇവിടത്തെ കഥാപാത്രഘടനകൾ എന്നും ഓർക്കണം. വേലക്കാരികൾക്കും പുറംപണിക്കാർക്കും മാത്രം അനുഭവിക്കാൻകഴിയുന്ന "ഭാഗ്യ'ത്തിന്റെ സാഫല്യമാണ് ഇതിലെ ശിശുശരീരത്തിന്റെ സ്പർശതാരള്യങ്ങൾ.

ഭാഗം 3
പുതിയകാലത്തിന്റെ സ്പർശിനികൾ

ജാതിശരീരത്തിൽ നിന്നും ലിംഗശരീരത്തിലേക്കുള്ള കേരളീയസമൂഹത്തിന്റെ പരിവർത്തനത്തിലൂടെയാണ് പുതിയകാലത്തെ സ്പർശത്തെ സാംസ്‌കാരികമായി മനസ്സിലാക്കാനുള്ള സാങ്കേതികത ഉരുത്തിരിച്ചെടുക്കാനാവുക എന്നു തോന്നുന്നു. പരിവർത്തനത്തിന്റെ ഈ രൂപഘടനയക്കായി ബി. രാജീവന്റെ ചിന്തകളെയാണ് ആശ്രയിക്കുന്നത്. (ജാതിശരീരത്തിൽ നിന്ന് ലിംഗശരീരത്തിലേക്ക്, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, റാസ്ബെറി റെഡ്, കോഴിക്കോട്, 2013) ഈ പരിണാമം ശരീരങ്ങളെ ആണും പെണ്ണും ആക്കിത്തീർത്ത് കൃത്യമായ മാനകപദവിയിലേക്കു മെരുക്കിയെടുത്ത് മാനകമൂല്യങ്ങളുടെ വാഹനമായി ശരീരത്തെ പരുവപ്പെടുത്തുന്നു.

ബി. രാജീവൻ

ഉടലുകളുടെ ബാഹ്യരൂപം മാത്രമല്ല അതിനെ ചൂഴ്ന്നു നിൽക്കുന്ന തൃഷ്ണകളും വെട്ടിയൊതുക്കപ്പെട്ട് ക്രമീകരിക്കുന്നു. ഈ മാനകതാഘടന (Hetero-normative, monogamous, reproductive structure) ഒരു പ്രതലബലമായി എല്ലാ സാമൂഹികഘടനയിലും പ്രവർത്തിക്കുന്നു. കൊളോണിയൽ സാംസ്‌കാരികത ഒരു അധികാരശക്തിയായി ഇടപെട്ടുകൊണ്ടാണ് ലിംഗഭേദത്തിന്റെ മാതൃകകൾ ഇവിടെ സ്ഥാപിച്ചെടുത്തത്. ആണിനും പെണ്ണിനും വെവ്വേറെ സ്‌കൂളുകൾ നിർമിച്ചും ആശ്രമങ്ങളും സഭകളും സ്ഥാപിച്ചും അതു പിന്നീട് ഉറച്ചു വളർന്നു. ശക്തമായ ഒരു അധികാരകേന്ദ്രം തന്നെയായി പ്രവർത്തിച്ചുകൊണ്ട്, ഭിന്നലിംഗഘടനയക്കു പുറത്തുള്ള എല്ലാ തരം അപഭ്രംശങ്ങളെയും അനുശാസനകളിലൂടെ തിരുത്താനോ ശിക്ഷിക്കാനോ പുറന്തള്ളാനോ ശ്രമിക്കുന്നു. സ്പർശത്തെ സംബന്ധിച്ചും ഇതാണ് ഒരു അധികാരഘടനയായി പ്രവർത്തിക്കുന്നത്. മുമ്പ് ജാതി/സമുദായങ്ങൾ എപ്രകാരം സ്പർശത്തിന്റെ ശരീരവിന്യാസത്തിൽ ഇടപട്ടതെങ്ങനെയെന്നു നാം ഉദാഹരണങ്ങളിലൂടെ കാണുകയുണ്ടായി. അത്രതന്നെ പ്രബലമാണ് ഈ ഘട്ടവും.

ലിംഗശരീരങ്ങളിൽ ജാതി പ്രവർത്തിക്കാറില്ല എന്നിതിനർത്ഥമില്ല. രണ്ടും ഒരേസമയം സഹവർത്തിക്കുന്ന കാഴ്ച്ചകൾ ചരിത്രത്തിലെമ്പാടും കാണാം. സ്പർശവുമായി ബന്ധപ്പെട്ടുള്ള കോളനികാലത്തുണ്ടായിരുന്ന ഒരു ചരിത്രാഖ്യാനം സബാൾട്ടേൺ സ്റ്റഡീസിലുണ്ട്. അധിനിവേശഭാരതത്തിൽ പ്ലേഗ് പടർന്നു പിടിച്ച 1896 കാലം. ഏതാണ്ട് 4 കൊല്ലക്കാലം നീണ്ടുനിന്ന പ്ലേഗിനെ അമർച്ച ചെയ്യാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ഇന്ത്യക്കാർക്കിടയിൽ പലതരം പദ്ധതികൾ ആവിഷ്‌കരിച്ചു. ആശുപത്രികൾ കൂടാതെ റെയിൽവേസ്റ്റേഷൻ പോലുള്ള പൊതുവിടങ്ങളിലും നിരത്തിലും വരെ പരിശോധനകൾ കർക്കശമാക്കി.

ബോംബെയിലും മറ്റും നിയമനിർമാണത്തിലൂടെ പ്ലേഗ് ബാധിതരെ മാറ്റിപ്പാർപ്പിച്ചു. തീർത്ഥാടകരെയും വഴിയാത്രക്കാരെയും ഒന്നും ഒഴിവാക്കാതെയുള്ള വൈദ്യപരിശോധനയ്ക്കു നേരെ തദ്ദേശീയർ വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. യൂറോപ്യൻ വൈദ്യചികിൽസാരീതിക്ക് അഭ്യസ്തവിദ്യരായവർക്കിടയിൽ സ്വീകാര്യതയുണ്ടായിരുന്നിട്ടും രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും എതിരെ വലിയ രോഷപ്രകടനമാണുണ്ടായത്. പത്രങ്ങളിൽ അത്തരം വാർത്തകൾ ധാരാളമായി വന്നുകൊണ്ടിരുന്നു. അതിലേറെ ആരോപണങ്ങൾ നേരിടേണ്ടിവന്നത് സ്ത്രീകളെ പരിശോധിക്കുന്ന വെള്ളക്കാരായ ആൺഡോക്ടർമാർക്കാണ്. അവർ സ്ത്രീകളുടെ കഴുത്തിലോ കക്ഷത്തിലോ തുടകളിലോ ഒക്കെ നടത്തുന്ന പരിശോധനകൾ അവരുടെ പരിശുദ്ധി നശിപ്പിക്കുന്നതാണെന്നും ലൈംഗികാതിക്രമത്തിനു തുല്യമാണെന്നുമൊക്കെ വാദഗതികൾ പരന്നു. 1897 ലെ കാലപത്ര് എന്ന ദിനപ്പത്രം ഈ വക ലൈംഗിക അവഹേളനങ്ങളേക്കാൾ തദ്ദേശീയരായ സ്ത്രീകൾ മരണമാണ് ഇഷ്ടപ്പെടുന്നതെന്നുവരെ എഴുതി. ഗുരാഖി എന്ന പത്രം കല്യാൺ റെയിൽവേസ്റ്റേഷനിൽ യാത്രക്കാരികൾക്കു നടത്തിയ വൈദ്യപരിശോധനയെ അങ്ങേയറ്റം അപലപിച്ചു. അപരിചിതരായ വെള്ളക്കാരായ പുരുഷന്മാർക്കുമുമ്പിൽ സാരി നീക്കി കാണിക്കേണ്ടി വന്നതിലുള്ള രോഷം ചെറുതായിരുന്നില്ല. പരിശോധനയക്കായി സമുദായത്തിലെ ഉയർന്നജാതിക്കാർ കൂലിത്തൊഴിലാളികൾക്കൊപ്പം ക്യൂ നിൽക്കേണ്ടിവന്നതിന്റെ അവമാനവും സ്ത്രീപരിശുദ്ധിയെക്കുറിച്ചുള്ള വേവലാതികളും ഏതാണ്ട് ഒരേസമയം ഒരേയളവിൽ പ്രവർത്തിച്ചിരുന്ന സന്ദർഭം എന്ന നിലയക്കാണിത് വിശദീകരിച്ചത്. ജാതിപരമായ അസ്പൃശ്യത ആരോപിച്ച് ബലാൽസംഗത്തെ തന്ത്രപരമായി ന്യായീകരിക്കുന്ന സ്ത്രീവിരുദ്ധത പ്രസിദ്ധമായ ഭാൻവാരീദേവി കേസിലുണ്ടായിട്ടുണ്ട്. ജാതിയിൽ താഴ്ന്ന സ്ത്രീ ആകയാൽ സവർണനായ ബലാൽസംഗി അവളെ തൊട്ടിട്ടുപോലുമുണ്ടാവില്ലെന്നായിരുന്നു അക്കാലത്തെ സവർണക്കോടതിയുടെ കണ്ടെത്തൽ! അതിനെതിരെയാണവർ ഒറ്റയ്ക്കു പോരാടിയത്.

മഹാരാജാസ് കോളേജിലും മറ്റും ആദ്യകാലങ്ങളിൽ ആൺ, പെൺ വിദ്യാർത്ഥികൾക്ക് വെവ്വേറെ കോണിപ്പടികളാണുണ്ടായിരുന്നത്. പുതിയകാലത്ത് പൊതുവിടങ്ങളിലെ ടിക്കറ്റ് ക്യൂവും വിശ്രമമുറികളും മറ്റും വ്യത്യസ്തമല്ല തന്നെ. ട്രെയിൻയാത്രയിൽ ആളുകൾ ജനറൽ കമ്പാർട്ടുമെന്റിൽ ലിംഗഭേദമില്ലാതെ മുട്ടിയുരുമ്മിയിരിക്കുമ്പോഴും ബസ് യാത്രയിൽ ലിംഗഭേദം കർക്കശമായി പാലിക്കപ്പെടുന്നു. തങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലല്ലാതെ, ഒഴിഞ്ഞ ജനറൽ സീറ്റുകളിൽ കടന്നിരിക്കാനോ പുരുഷന്മാർക്കൊപ്പം സീറ്റു പങ്കിടാനോ പലപ്പോഴും സ്ത്രീകൾ താല്പര്യപ്പെടാറില്ല. ലിംഗപരമായ അസ്പൃശ്യത എത്രത്തോളം പൊതുവിടത്തിലെ സ്ത്രീയുടെ സുരക്ഷാഭീതിയുമായി കണ്ണിചേർന്നിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. സദാചാരത്തെ സംബന്ധിച്ച പൊതുബോധം ബസ് യാത്രകളിൽ അധികരിച്ചും ട്രെയിൻ യാത്രകളിൽ കുറവുമാകുന്നത് ട്രെയിനിന്റെ സഞ്ചാരപരിധി ദേശീയമാകയാലാണോ എന്നാലോചിക്കാവുന്നതാണ്. മറ്റൊരു വിധത്തിൽ അഭിമുഖമായി ക്രമീകരിച്ച സീറ്റുകളും അതിനൊരു കാരണമാകാം. ഒരേ വ്യക്തി തന്നെ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്തമായാണ് സ്പർശത്തെ ഏറ്റെടുക്കുന്നത്. സ്പർശത്തിന് വ്യക്തിപരതയെന്ന പോലെ സ്ഥലപരത കൂടിയുണ്ട്.

വസ്ത്രങ്ങളിലൂടെയും ആഭരണാദികളിലൂടെയും ചിട്ടപ്പെട്ട ലിംഗഭേദത്തിന്റെ മൂശ ഒരു മാനകതാ/മാതൃകാസമൂഹത്തിന്റെ പ്രതീതിയിൽ വളരെക്കാലം മുന്നോട്ടു പോയ കേരളം സ്ത്രീകളുടെ സാമൂഹികനിർവഹണശേഷിയെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ കൂടി ഭാഗമായി വേണം സ്ത്രീകളുടെ സ്പർശകർതൃത്വത്തെ മനസ്സിലാക്കാൻ. തൊടപ്പെടുകയല്ലാതെ തൊടാനുള്ള ശേഷി, സ്പർശനത്തിനുള്ള നിർവാഹകശേഷി അവരിൽ നിക്ഷിപ്തമല്ല. അതാർജ്ജിച്ചവരാകട്ടെ നികൃഷ്ടരായി പുറന്തള്ളപ്പെട്ടു. പഴയകാലത്തെ സ്വതന്ത്രയായ ഒരു നായിക ലക്ഷ്മിക്കുട്ടി കൂട്ടുകാരിയോട് ഇപ്രകാരം ആവലാതിപ്പെട്ടത് വെറുതെയല്ല, "ഉറക്കത്തിൽ ഞാൻ ദിവസംപ്രതി അദ്ദേഹത്തെ സ്വപ്നം കാണാറുണ്ട്. പക്ഷേ സ്വപ്നത്തിൽ കൂടിയും ഇനിക്കദ്ദേഹത്തൈ തൊടുവാൻ കഴിയുന്നില്ല.' (ലക്ഷ്മീകേശവം. പുറം. 67) ആൺപെൺ രതിയിലെ സ്പർശത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളധികവും ആൺകേന്ദ്രീകൃതമായതിനാൽ അതിൽ സ്പർശനപാത്രമായ സ്ത്രീയെ ആണ് കാണാനാവുക. പുളകമണിഞ്ഞവൾ. കോരിത്തരിപ്പിന്റെ ഇരിപ്പിടമായിട്ടാണ് "ഉത്തമ'സ്ത്രീയുടെ ചർമം ക്രമീകരിക്കപ്പെട്ടത്. ടെലിവിഷൻ പരസ്യങ്ങളിലെ ചർമമൃദുത്വം പുരുഷനല്ല. കാമസൂത്രത്തിലെ സ്പർശപരമായ രതിമർമങ്ങളുടെ തുടർച്ചതന്നെയാണതും. അത്തരം രതിയുടെ ശാരീരികമർമസ്ഥാനങ്ങൾ സ്ത്രീയിൽ മാത്രമേ കല്പിക്കപ്പെടുന്നുള്ളു, പുരുഷന് പറയുന്നില്ല. മൃദുവായ വസ്ത്രം സ്ത്രീയ്ക്ക് പരുക്കൻ വസ്ത്രം പുരുഷന് എന്നിടത്തും കാണാം ഈ ഭേദവിചാരം. ലൈംഗികതയുടെ കർതൃത്വം പുരുഷനിൽ മാത്രമേ ഉള്ളൂ എന്ന മുൻവിധിയാണതിനു കാരണം. സ്പർശത്തിലൂടെ വസ്തുവൽക്കരിക്കപ്പെടുന്ന സ്ത്രീശരീരം ഇനിയുമേറെ വിമോചനത്തിന്റെ വഴികളിലാണ്. എങ്കിലും ചുംബനസമരം, ആർത്തവ/ശബരിമലസമരം എന്നീ രണ്ടു സമകാലികപ്രക്ഷോഭങ്ങളും ഇതിനെ മുന്നോട്ടു കൊണ്ടുപോകുന്നവയാണ്. രണ്ടിലും വാച്യമായിത്തന്നെ സ്പർശം കടന്നുവരുന്നുണ്ട് എന്നതു മാത്രമല്ല കാരണം; സാമൂഹികമായ നിർവഹണശേഷി പ്രകടമാക്കുന്ന അതിലെ സ്ത്രീ മുൻകൈകളും കൂടി പ്രധാനകാരണമാണ്.

ചുംബനത്തിന്റെ രാഷ്ട്രീയം-ചുംബനസമരം
ചുംബനം സ്പർശത്തിന്റെ ഉയർന്ന രൂപമായിരിക്കുമ്പോൾതന്നെ സ്പർശത്തിലൂടെ ഗന്ധവും രുചിയും കാഴ്ച്യും കേൾവിയും ഒക്കെ ചേർന്ന ഒന്നാണ്.

ചുംബന സമരം

കേരളത്തിന്റെ ലിംഗസമരരൂപങ്ങളിലേറ്റവും ശ്രദ്ധേയമായ സമരരൂപം എന്ന നിലയ്ക്ക് വളരെ പ്രാധാന്യമുണ്ട് ചുംബനസമരത്തിന്. മോറൽ പൊലീസിംഗിനെതിരെ പലയിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തികച്ചും പ്രകോപനപരമായ ഒരു പ്രക്ഷോഭമായിരുന്നു അത്. അതുവരെ കണ്ടുവന്നിരുന്ന ആക്രമണത്തിന്റെയോ എതിർപ്പിന്റെയോ രൂപങ്ങളിൽ നിന്നും വ്യത്യസ്തമായി അടുപ്പത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രകടനമായ ചുംബനം തുടക്കത്തിലേ വലിയ ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിരുന്നു. അപരിചിതമായ സമരരൂപത്തിനുമുന്നിൽ കേരളത്തിന്റെ ചിരപരിചിതമായ പ്രബുദ്ധതയുടെ യുക്തികൾ പതറിപ്പോയി. ഗാന്ധിസവും കമ്യൂണിസവും മുന്നോട്ടുവെച്ച ത്യാഗനിർഭരമായ സമരപ്രത്യക്ഷങ്ങൾക്കു പകരം തൃഷ്ണാഭരിതമായ ശരീരവാഞ്ഛകളെ മുന്നോട്ടുവെയ്ക്കുന്ന, തുറന്നതും പരസ്യവുമായ ചുംബനസമരം പിടികിട്ടാത്ത സമവാക്യങ്ങളെ പൊളിച്ചെഴുതി. ഒന്നാമത് അതു പ്രകടമായും ഏറ്റെടുത്ത പ്രധാന രാഷ്ട്രീയമുദ്രാവാക്യം സദാചാര പൊലീസിംഗിനെതിരെ എന്നതായിരുന്നു. അതിലുപരി അത് ഹെട്രോനോർമേറ്റിവ് അഥവാ പുരുഷാധിപത്യത്തിലൂന്നിയ മാനകമായ ഭിന്നലിംഗമൂല്യങ്ങൾക്കെതിരെ ആയിരുന്നു. മഹാരാജാസ് കോളേജിൽ ഏതാനും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചുംബനസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടത്തിയ ഹഗ് ഓഫ് ലവ് ഉണർത്തിവിട്ട സംവാദങ്ങൾ വളരെ കൗതുകകരമായിരുന്നു. അതിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കാനാവശ്യപ്പെടാൻ 250 അധ്യാപകരിൽ വെറും 8 പേർ മാത്രമാണ് താല്പര്യം കാണിച്ചതെന്നത് നമ്മുടെ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന സദാചാരഭീതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

മാർഗറ്റ് റോബി, ബ്രാഡ് പിറ്റ്

ഓസ്‌കാർ അവാർഡ് വേദികളിൽ നടീനടന്മാരും വിശിഷ്ടവ്യക്തികളും പരസ്പരം ആലിംഗനം ചെയ്തു ചുംബിക്കുന്നതിനു സമാന്തരമായാവാം കേരളത്തിലെ അവാർഡു വേദികളിലും ആൺ പെൺ വ്യത്യസമില്ലാതെ അത്തരം ശാരീരികാടുപ്പങ്ങൾ പ്രകടമാക്കപ്പെടാറുണ്ട്. ഈദ് ആശംസകളിൽ, ഹോളി പോലുള്ള ഉത്തരേന്ത്യൻ ആഘോഷങ്ങളിൽ ഒക്കെത്തന്നെ ശാരീരിക അടുപ്പങ്ങളുടെയും സ്പർശത്തിന്റെയും സന്ദർഭങ്ങൾ കടന്നുവരാറുണ്ട്. ഏറ്റവും പുതിയ കാലത്തുനിന്നു നോക്കുമ്പോൾ പ്രളയകാലത്തെയും കൊറോണകാലത്തെയും സ്പർശത്തിന്റെ അടയാളങ്ങളാണ് മുന്നിലുള്ളത്. അവിടത്തെ സ്പർശമാനകങ്ങൾ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. പ്രളയകാലത്ത് സ്ത്രീകളുടെ ഒരു വൻപട ദുരിതാശ്വാസത്തിനായി മുന്നിട്ടിറങ്ങി. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും രക്ഷകന്മാരായ പുരുഷന്മാരെ മാത്രം സ്ഥിരീകരിക്കുന്ന ആഖ്യാനങ്ങൾക്കെതിരെ "വിംഗ്സ് ഓഫ് കേരള'യും മറ്റും ആഞ്ഞടിച്ചതോർക്കുന്നു. ജെയ്സൽ എന്ന മൽസ്യത്തൊഴിലാളിയുടെ മുതുകിൽ രോഗിയായ സ്ത്രീ ചെരുപ്പിട്ടു ചവിട്ടിക്കയറിയ സംഭവവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കൊളോണിയൽ കാലത്തും മുതുകിൽ ചവിട്ടക്കയറുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. (കാലാപാനി സിനിമയിലെ രംഗം ഓർക്കുക)

സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്പർശത്തിന്റെ സംവേദനങ്ങൾ
മാർദ്ദവമുള്ള സ്പർശം ആരെയാണ് മോഹിപ്പിക്കാത്തത്? സ്വവർഗകാമനയോളം പോന്ന വിധത്തിൽ സ്ത്രീകൾ സ്ത്രീകളുടെ സ്പർശം ഇഷ്ടപ്പെടുന്നു എന്ന് മാധവിക്കുട്ടിയുടെ കഥകൾ പറയുന്നുണ്ട്. എന്നാൽ സ്വവർഗലിംഗഭീതി ആഴത്തിൽ അനുഭവിച്ച എഴുത്തുകാരിയെന്ന നിലയിൽ സ്ത്രീശരീരത്തെക്കുറിച്ചും സ്ത്രൈണകാമനകളെക്കുറിച്ചുമുള്ള സങ്കീർണമായ വ്യത്യസ്തമായൊരു ഭാഷ്യമായാണിത് മനസ്സിലാക്കേണ്ടത്.

മാധവിക്കുട്ടി

മാർദ്ദവമുള്ള സ്പർശത്തിനു നേർക്ക് മാധവിക്കുട്ടി എന്നും ഉന്മുഖയായിരുന്നു എന്നവർ അനുഭവകഥനങ്ങളിൽ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലത്ത് ഭയം തോന്നി ഉറക്കം വരാതിരുന്ന കൽക്കത്താ രാത്രികളിൽ ത്രിപുര എന്ന വേലക്കാരി അടുത്തുവിളിച്ചു കിടത്തി ധൈര്യം തന്നതിനെക്കുറിച്ചും പില്ക്കാലത്ത് സഹപാഠിയായ പെൺകുട്ടി ചുംബനങ്ങളാൽ മുഖം പൊതിഞ്ഞപ്പോഴും ഒക്കെ അവർ തരളിതയായി. മൃദുവായ പട്ടുവസ്ത്രങ്ങൾ അവരെ വല്ലാതെ മോഹിപ്പിച്ചു. വിവാഹവസ്ത്രങ്ങൾ ഒരിക്കലും കല്ലും ചില്ലും ലോഹശകലങ്ങളും നിറഞ്ഞതാകരുത്. അവ മിനുസമുള്ള പട്ടുകൊണ്ട് നിർമിച്ചവയാകണം എന്നവരെഴുതി. (പുറം 1253, മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണം, വാല്യം1) താൻ സ്ത്രീകളുടെ മൃദുവായ വിരൽ സ്പർശമേൽക്കാനും സുഖമനുഭവിക്കാനും ബ്യൂട്ടിക്ലിനിക്കിൽ പോകാറുള്ളതിനെപ്പറ്റിയും അവർ എഴുതിയിട്ടുണ്ട്: "എന്റെ മുഖത്ത് അത്യന്തം സുഗന്ധിയായ ഒരു ലേപനം തേച്ചു തിരുമ്മി.... കഴുത്തിലും മുഖത്തും അനിലയുടെ കൈവിരലുകളുടെ മൃദുസ്പന്ദനം ഏറ്റവും സുഖദമായ ഒരനുഭവമായിരുന്നു. രണ്ടുരാത്രികൾ ഉറക്കമൊഴിച്ച് ഞാൻ എഴുതിവരുന്ന ചരിത്രപുസ്തകത്തിന്റെ ഏഴാം അധ്യായം പൂർത്തിയാക്കിയിരുന്നു. അനിലയുടെ പരിചരണം എന്റെ മാംസപേശികളെ തളർത്തി. ആ സ്പർശം ഒരു താരാട്ടായി മാറി' (പുറം 1140, മാധവിക്കുട്ടിയുടെ കൃതികൾ, സമ്പൂർണം, വാല്യം1). ബെയ്റൂട്ടിലെ അഞ്ചുസ്ത്രീകൾ ഒരു ബ്യൂട്ടിപാർലറിൽ വെച്ചു കൂടിക്കഴിയുന്നതിന്റെ ഇതിവൃത്തമാണ് കരാമൽ എന്ന സിനിമയുടേത്. പരസ്പരം സങ്കടങ്ങളും ആനന്ദങ്ങളും പങ്കുവെയക്കാൻ അവർ ശരീരത്തെ മാധ്യമമാക്കി, അതിനെ പരിചരിച്ചും ഓമനിച്ചും കഴിഞ്ഞു. ശരീരത്തെ തൊടുക, അറിയുക, പരിചരിക്കുക, മിനുക്കുക, അവതരിപ്പിക്കുക എന്നീ ധർമ്മങ്ങൾ നടക്കുന്ന ഒരിടമാണ് ബ്യൂട്ടീപാർലർ. ശരീരം അതിന്റെ നിഷ്‌കളങ്കതയിലും നിസ്സഹായാവസ്ഥയിലും പൂർണ്ണമായും വിധേയപ്പെട്ട്, സമർപ്പിക്കപ്പെടുകയാണ്. സ്വയം കണ്ണാടിയിൽ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയശുശ്രൂഷ, റിപ്പയറിംഗ്...അതിലെ നായിക ലായേലിന് തന്റെ കാമുകന്റെ ഭാര്യയുടെ ഉടലിനോടുള്ള സമീപനം കൗതുകകരമാണ്. സ്വവർഗരതിപരമായ താല്പര്യമാണെന്നു പുറമേയ്ക്കു തോന്നിപ്പിക്കുമെങ്കിലും അതിനേക്കാളേറെ പരോക്ഷമായി കാമുകന്റെ കാമനകളുടെ സാക്ഷാൽക്കാരമായ പെൺശരീരത്തോടുള്ള ആരാധനയാണത്.

ഒരാൾക്ക് എത്രത്തോളം സ്വയം സ്പർശിക്കാം?
സദാചാരവുമായി ബന്ധപ്പെട്ടാണ് സ്വന്തം ശരീരത്തിന്മേലുള്ള സ്പർശത്തെ ആദ്യകാലകേരളം നിർവചിച്ചത്. ആവശ്യമില്ലാതെ കണ്ണ്, ചെവി മുതലായവ സ്പർശിക്കരുത്. മൂത്രദ്വാരം, ഗുദദ്വാരം മുതലായവയിൽ ശൗചാർത്ഥമായല്ലാതെ സ്പർശിക്കരുത് എന്നിങ്ങനെ നിരവധി അരുതുകളാലാണ്
സദാചാരം ഏറെയും നിർവചിക്കപ്പെട്ടത് (പുറം110, പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം). ഒരുപക്ഷേ രതിപരമായ മണ്ഡലത്തിൽ താൻ സ്വയം ഉണർത്തുന്ന ഉന്മാദങ്ങളിൽ, സ്പർശം ഏറ്റവും തീക്ഷ്ണമായ ഒരു ഘടകമാണ്. സ്ത്രീയുടെ സ്വയംഭോഗവുമായി ബന്ധപ്പെട്ട കാമനകൽ ക്ലിറ്റോറൽ സ്പർശങ്ങളിലൂടെയുള്ള രതിമൂർഛയുടെ സാധ്യത വൈദ്യശാസ്ത്രപരമായും മനശ്ശാസ്ത്രപരമായും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളവയാണ്. എസ്. കലേഷിന്റെ ഒറ്റ എന്ന കവിത ശരീരത്തിന്റെ അസാന്നിധ്യത്തെ സ്പർശിക്കുന്നതിന്റെ സംവേദനത്തെക്കുറിച്ചു വിചിത്രമായ ഒരു ഭാവന പങ്കുവെയ്ക്കുന്നു. ബൈക്കപകടത്തിൽ തകർന്ന വലതുകാൽ മുറിച്ചു കളയേണ്ടിവന്നു. അതാശുപത്രിയിൽ ഉപേക്ഷിച്ചുവന്നു. മുറിഞ്ഞുപോയ കാലിന്റെ ഒരേട് റോഡിൽ കിടന്നത് ലോറിയുടെ പിൻ ചക്രത്തിൽ ഒട്ടിപ്പറ്റി കിടന്നു. ആ കാലിന്റെ ചൂടും ചൂരും പുരണ്ട ചാടുമായി തമിഴ് ലോറി ഏതോ വഴികളിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ആ ഡ്രൈവർ ആ ചാടിനിട്ട് ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്. അന്നേരം ദൂരങ്ങൾക്കിപ്പുറം കറങ്ങുന്ന ഫാനിനു താഴെ കിടന്നുറങ്ങുന്ന അവന്റെ വലതു കാൽപ്പത്തിയിൽ ഒരു തുടിപ്പുണ്ടാവുന്നു. ഇടതു കാല്പത്തി മെല്ലെയനക്കി ആ തുടിപ്പിൽ തൊടാനാഞ്ഞ്, കിടക്കയിൽ അവൻ വരയ്ക്കുന്ന ചിത്രം നോക്കിയിരിക്കുന്ന ഞാൻ. ഇവിടെ സ്പർശഭാവന അസാന്നിധ്യത്തെ കേന്ദ്രീകരിച്ചാണ് ഉണരുന്നത്. പുതുകവിത തന്നെ ഇന്ദ്രിയാനുഭൂതികളെ മറ്റു സാഹിത്യരൂപങ്ങളേക്കാൾ, കവിതയുടെ തന്നെ മുൻരൂപങ്ങളേക്കാൾ സജീവതയോടെ ആവിഷ്‌കരിക്കുന്നു. അതിൽത്തന്നെ കലേഷിന്റെ കവിതയ്ക്ക് ഐന്ദ്രിയതയും മാദകത്വവും ഏറും. ഇവിടെ അനുഭവാനുഭൂതികളെ വായിക്കുകയല്ല, തൊട്ടെടുക്കാനാണാവുക. ഇ. സന്തോഷ്‌കുമാർ കലേഷിന്റെ കവിതകളെക്കുറിച്ചു നടത്തുന്ന ഒരു വായനയിൽ ശാസ്ത്രജ്ഞനായ വി.എസ്.രാമചന്ദ്രന്റെ ഫാന്റം പെയിൻ എന്ന സങ്കല്പനം ഉപയോഗിച്ച് ഇത് വിശദീകരിക്കുന്നുണ്ട്.

സ്പർശത്തെക്കുറിച്ചുള്ള കവിത കൊണ്ട് അവസാനിപ്പിക്കാം. സ്പർശത്തിന്റെ പുതിയ കാലത്തെ വിനിമയസ്വഭാവത്തെ മുൻനിർത്തി പരോക്ഷമായ അന്യാപദേശം നിർമിക്കുകയാണ് കല്പറ്റ നാരായണന്റെ കവിത, ടച്ച് സ്‌ക്രീൻ. ഇച്ഛയ്ക്കൊപ്പം ലോകം പരിവർത്തിപ്പിക്കുന്ന പുതുകാലത്തെ, അടച്ചിട്ട വാതിൽ വെറും മൊട്ടുസൂചി കൊണ്ട് പൂട്ടിലെ ഏഴുമതിലും തകർത്ത കൂട്ടുകാരനെ, ജലത്തിനുമീതെ നടന്ന് അത്ഭുതങ്ങൾ തീർത്തവരെ കവിക്കു മനസ്സിലാവുന്നില്ല. തുറക്കാൻ ബലം വേണ്ടാത്ത വാതിലിനരികെ എന്തിനാണ് വന്നതെന്നു പോലും തിരിച്ചറിയാനാവാതെ ഏകാകിയായി നിൽക്കുകയാണയാൾ
"മെല്ലെ അമർത്തിയാൽ മതി
അമർത്തുകയും വേണ്ട
ഒന്നു തൊട്ടാൽ മതി
ശരിക്കു പറഞ്ഞാൽ തൊടുകയും വേണ്ട'

ഇനിയും തകർക്കപ്പെടാത്ത ഇന്ദ്രിയവിലക്കുകൾക്കു മുമ്പിൽ കാലത്തിന്റെ മനസ്സാക്ഷിയെന്നവണ്ണം അയാൾ ചോദിക്കുകയാണ്, താൻ ആവശ്യത്തിലധികം ബലം ചെലുത്തിയോ എന്ന്, അതുകൊണ്ടാണോ ലോകം വഴങ്ങാത്തതെന്ന്!

(2018 ഡിസംബറിൽ ബ്രണ്ണൻകോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച അനുഭൂതികളുടെ സംസ്‌കാരപഠനം എന്ന ദേശീയസെമിനാറിലവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച
ലിഖിതരൂപം)

റഫറൻസ്
1.https://www.tribuneindia.com/news/nation/to-study-anatomy-travancore-king-got-made-ivory-skeleton-in- 1853/448087.html?fbclid=IwAR0bJq1tNBplAVHooeCe4Mmhiedgix8dc7uRReYgNDscPWP62ZYtW9xWCLM
2. ശബ്ദമഹാസമുദ്രം, എസ്.കലേഷ്, ഡി.സി.ബുക്സ്, കോട്ടയം 2016
3. ശരീരം, ജാതി, അധികാരം:അസ്പൃശ്യതയുടെ പ്രാതിഭാസികത. എഡി. ഡോ.എം.അനിൽ, പ്രോഗ്രസ് പബ്ലിഷേഴ്സ്, 2018
4. സമയപ്രഭു, കല്പറ്റ നാരായണൻ
5. ജ്വലിക്കുന്ന പാദങ്ങൾ, ഡി.ആർ.നാഗരാജ്, വിവ.പി.എസ്.മനോജ്കുമാർ, ഫേജിയൻ ബുക്സ്, 2008
6. ജാതിശരീരത്തിൽ നിന്നും ലിംഗശരീരത്തിലേക്ക്, ബി.രാജീവൻ
7. ജാതിവ്യവസ്ഥയും കേരളചരിത്രവും, പി.കെ.ബാലകൃഷ്ണൻ, ഡി.സി.ബുക്സ്, 2016
8.ബിന്ദുമേനോൻ, Archival records all through the early decades of the 20th century report continuing negotiations around the political and cultural valence of cinema. Thus the rich debates around the first Cinematograph Bill enacted by the Sri Mulam Prajasabha in 1926, bear witness to oscial anxieties around caste pollution and the 'moral nature' of cinema and exhibition spacse (A select committee was constituted by Thiruvithamkoor legislative assembly, Sree Moolam Prajasabha in 1922 to evaluate the nature and condition of film exhibition practices in Thiruvithamkoor. The report of the select committee was discussed by the Travancore Legislative council on 22 April 1926, following which The Cinematograph Regulation (Regulation 1 of Malayalam Era 1102) was passed by her highness Maharani of Travancore on 24 May 1927, under Section 14 of Municipal Regulation of 1922. The council discussions are confused attempts at knowing the object called cinema - its specific commodity form, exhibition system, ownership pattern, moral economy and the spatial reconfiguration that it engendered.
9. ജീവിതപ്പാത, ചെറുകാട്, കറന്റ് ബുക്സ്, തൃശൂർ,1992
10. ജീവിതസമരം, സി.കേശവൻ,ഡി. സി.ബുകസ്, കോട്ടയം, 2005
11. Touching the Body: Perspectives on the Indian Plague, 1896-1900, David Arnold, Subaltern studies, Oxford University Press, 1990
12. Sensible Flesh : On Touch in Early Modern Culture, Ed. by Elizabeth D.Harvey, University of Pennsylvania Press, Philadelphia, 2002


Comments