ഡിലെൻ മുതൽ മുരളി വരെ; ജനപ്രിയരെ ബുദ്ധിജീവികൾ മൈൻഡ് ചെയ്യാത്തതെന്ത്?

നപ്രിയസംസ്‌കാരത്തെ പറ്റി എഴുതാൻ എല്ലാരും വലിയ ഉത്സാഹം കാണിക്കുന്ന കാലമാണ്. മുടിനാര് കീറുന്ന സൂക്ഷ്മത കൊണ്ടുള്ള കളിയാണ്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ. പക്ഷേ ജനപ്രിയകവിതയെ പറ്റി ആരുമങ്ങനെ ചികഞ്ഞ് കാണാറില്ല. ഇത് കൗതുകകരമായൊരു പ്രതിഭാസമായ് തോന്നുന്നു.

ബോബ് ഡിലൻ
ബോബ് ഡിലൻ

മലയാളത്തിലെ ജനപ്രിയകവിതകൾ മിക്കതും സംഗീതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവയാണ്. അത് കൊണ്ട് അതൊന്നും കവിതകളല്ല പാട്ടുകളാണെന്നൊരു ആക്ഷേപമുണ്ട്. എങ്കിൽ ഈ കവികളെ ആരെങ്കിലും ഗായകരുടെ ഗണത്തിൽ പെടുത്തിയും കാണാറില്ല. ബോബ് ഡിലന് സാഹിത്യത്തിന് നോബൽ പ്രൈസ് കൊടുത്ത വാർത്ത മലയാളകവിതയുടെ വിശകലനവാദ്യക്കാർ സശ്രദ്ധം അവഗണിക്കയാണുണ്ടായത്.

കാസറ്റ് കവികൾ എന്ന കുറ്റപ്പേരും കുറെക്കാലം ഇവർക്കുണ്ടായിരുന്നു. മധുസൂദനൻ നായരുടെ നാറാണത്ത് ഭ്രാന്തൻ എന്ന കാസറ്റ്കവിതാസമാഹാരം അത്തരം കവിതകൾക്കൊരു വലിയ മാർക്കറ്റ് തന്നെ സൃഷ്ടിച്ചു. ഓഎൻവി, വയലാർ, ചങ്ങമ്പുഴ തുടങ്ങിയ പഴയ കവികളുടെ രചനകളും കാസറ്റുകളായ് പുറത്ത് വന്നു. ആധുനികകവികളും ഈ രംഗത്ത് പയറ്റിയെങ്കിലും അവരെ കാസറ്റ് കവികൾ എന്ന് വിളിക്കാൻ ആരും ധൈര്യപ്പെട്ടില്ല.

എന്തായാലും നവീനമായൊരു സങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജന പ്പെടുത്തിയതിന്റെ പേരിൽ അവരെ അഭിനന്ദിക്കാൻ ഇവിടെ അധികമാരും ഉണ്ടായിരുന്നില്ല. കാസറ്റുകളും സിഡികളും കടന്ന് ഇന്ന് യൂടൂബ് ചാനലുകളായും ജനപ്രിയകവിതകൾ സഞ്ചരിക്കുന്നു. സത്യൻ കോമല്ലൂരിന്റെ താരകപ്പെണ്ണാളേ എന്ന കവിതയ്ക്ക് ഇത് വരെ അമ്പത്തിയൊമ്പത് ദശലക്ഷം ആസ്വാദകരുണ്ടെന്ന് യൂടൂബ് സാക്ഷ്യം പറയുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമൊ എന്ന കവിതയും അടുത്തിടെ വലിയ വൈറലായിരുന്നു.

മധുസൂദനൻ നായർ
മധുസൂദനൻ നായർ

ശ്രവണസുഖത്തിനായ് അർത്ഥത്തെ ബലി കഴിക്കുന്നവരാണ് ജനപ്രിയകവികൾ എന്നൊരു ആരോപണമുണ്ട്. ഇങ്ങനെയൊരു വാദഗതിയുടെ പൊരുൾ എന്താണെന്ന് ഏറെക്കുറെ ദുർഗ്രഹമാണ്. കവിതയെന്നാൽ കുറെ അർത്ഥവത്തായ വാചകങ്ങളുടെ സമുച്ചയത്തെ പറയുന്നതാണൊ എന്ന ചോദ്യം പലതവണ ഉയർത്തപ്പെട്ടതാണ്. അപ്പൊഴൊക്കെയും അതങ്ങനെയല്ല എന്നാണ് ഇതെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ പറഞ്ഞ് പോന്നിട്ടുള്ളത്. അർത്ഥത്തെ സംഗീതത്തിന് ബലി കൊടുക്കുന്നതിലൂടെ ഉത്ഭൂതമാവുന്നത് കവിതയാണെങ്കിൽ പിന്നെ അത്തരം ബലി കൊടുക്കലുകൾ ലാവണ്യാനുഭവത്തിന്റെ തിരുനാമത്തിൽ സാധൂകരിക്കാവുന്നതെയുള്ളൂ. ജീവിതത്തിന് തന്നെ അങ്ങനെയൊരു അർത്ഥചാരുതയുണ്ടൊ എന്ന് തിരിഞ്ഞ് നിന്ന് ചോദിച്ചവരിൽ ആധുനികരായ, ഗദ്യകവിതകളെഴുതിയിരുന്ന മഹാമനീഷികളും ഉണ്ടായിരുന്നു. അർത്ഥം ചിലർക്ക് മാത്രം ഒരു ബാധ്യതയാവുന്നതെങ്ങനെയാണ്. മുരുകൻ കാട്ടാക്കടയുടെ യുദ്ധകലുഷിതമായ ബാഗ്ദാദിൽ കാക്ക മലർന്ന് പറക്കുന്നതെ പറ്റി ഗൂർണിക്ക വരച്ച പിക്കാസൊയുടെ ആരാധകർക്കും പരാതികളുണ്ട്.

മുരുകൻ കാട്ടക്കട
മുരുകൻ കാട്ടക്കട

മറ്റെന്തിനെന്ന പോലെയും കവിതയിലും ഒരു മുഖ്യധാരയുണ്ട്. എഴുത്തച്ഛൻ ഭാഷാപിതാവാകുന്ന, ഉള്ളൂരും ഇളംകുളവും മറ്റും ഉദ്ഘാടനം ചെയ്ത, ഐക്യകേരളത്തിന്റെ സർക്കാരുകളും, പതിനെട്ട് ഔദ്യോഗികഭാഷകളെ തിരിച്ചറിയുകയും ശ്രേഷ്ഠഭാഷാപദവികൾ കൽപ്പിച്ച് നൽകുകയും ചെയ്യുന്ന ഇന്ത്യൻ ഭരണകൂടവും പരീക്ഷാസഹായികളായ സർവ്വകലാശാലകളും മറ്റും ചേർന്ന് നിലനിർത്തി പോരുന്ന ഒന്നാണത്. ഈ മുഖ്യധാരയുടെ സൃഷ്ടി പൊതുമണ്ഡലത്തിന്റെ രൂപീകരണം മുതൽ നവോത്ഥാനപ്രക്രിയകളിലൂടെ കടന്ന് ഐക്യകേരളസൃഷ്ടി വരെയുള്ള പലതരം വിപ്ലവങ്ങളുടെയും ഭാഗമായ് സംഭവിച്ചിട്ടുള്ളതാണ്. ചരിത്രപരമായ പങ്ക് നിർവഹിച്ച ശേഷം പിന്നെയും ഇവിടൊക്കെ തങ്ങി നിൽക്കുന്ന അത്തരം മൂല്യങ്ങൾക്കെതിരെ ഒരുപാട് വിമർശനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. അങ്ങനെയൊരു വിമർശനത്തിന്റെ ഭാഗമായാണ് ആധുനിക കവിതാപ്രസ്ഥാനത്തിന്റെ സിദ്ധാന്തപക്ഷം ഇവിടെ ഉണ്ടാവുന്നതും ഗദ്യകവിത എന്ന കലാരൂപം സുസ്ഥാപിതമാവുന്നതെന്നും കാണാം. ഈ ആധുനിക പ്രസ്ഥാനവും പരക്കെ വിമർശിക്കപ്പെട്ടു. അത്തരം ഉത്തരാധുനികവിമർശനങ്ങളും ഇന്ന് പലതായ് ചിതറി സംസ്‌കാരിക യുദ്ധഭൂമിയിലുണ്ട്.

സി.എസ്. രാജേഷ്
സി.എസ്. രാജേഷ്

ഒരു വസ്തുയാഥാർത്ഥ്യമായ മുഖ്യധാരയിലും അതിന്റെ സൗവർണ്ണ പ്രതിപക്ഷത്തിലും ചുവന്ന പ്രതിപക്ഷത്തിലും ആധുനികതയുടെ ചുവന്നവാലിലും ഒന്നും പെടാത്ത തരം ജനപ്രിയകവിതകളെയും അത്തരം സിദ്ധാന്തമാനദണ്ഡങ്ങൾ കൊണ്ട് ഒതുക്കുന്നതായാണ് കാണുന്നത്. ഒരു അംബേദ്കറിസ്റ്റ് ആക്ടിവിസ്റ്റ് കൂടിയ സി.എസ്. രാജേഷ് തന്റെ കവിതാസമാഹരത്തിന്റെ ആമുഖത്തിൽ രാഷ്ട്രീയപ്രേരിതമായ് ചോദിക്കുന്നത് തന്റെ ഉള്ളിലെ പാട്ട് താൻ എന്ത് ചെയ്യണമായിരുന്നു എന്നാണ്. മലയാളത്തിന്റെ പാട്ടും കവിതയുമെല്ലാം പലരും ഇങ്ങനെ സവർണ്ണതയുടെ പറ്റിലെഴുതുന്നതിന്റെ അസത്യജഡിലവും ചരിത്രനിഷേധപരവുമായ രാഷ്ട്രീയമെന്താണ്. കുഞ്ചനും ആശാനും ചങ്ങമ്പുഴയും കടമ്മനിട്ടയും ഒഎൻവിയും ഒക്കെ അവരുടെ പ്രസക്തങ്ങളായ ചില താളരൂപങ്ങൾ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് സൗകര്യപൂർവ്വം വിസ്മരിക്കുന്നതെന്ത് കൊണ്ടാണ്. മറുവശത്ത് ജനപ്രിയകവിതകളാട്ടെ കാളിദാസവൈദർഭിയിലൊ ദ്വിതീയാക്ഷരപ്രാസത്തിലൊ വൈദികസ്‌തോത്രങ്ങളിലൊ അല്ല വേരൂന്നിയിരിക്കുന്നതെന്നും കാണാം.

മലയാളത്തിലൊരു കമ്യൂണിസ്റ്റ് കവിതാലോകമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് കവിത്രയവും കവിത്രയസങ്കൽപ്പത്തിന്റെ ത്രിത്വക്കുടുസിൽ ഇടമില്ലാത്തത് കൊണ്ട് മാത്രം പുറത്താക്കപ്പെട്ട തിരുനല്ലൂരും കെപിജിയും ഉണ്ടായിരുന്നു. അവരുടെ ഒക്കെ തുടർച്ചയായ് കരിവള്ളൂർ മുരളിയൊക്കെ ഇന്നും ജനസഹസ്രങ്ങളുടെ മുന്നിൽ കവിത പാടി കൈയ്യടി വാങ്ങാറുണ്ട്. തങ്കമണി സാമുവലിനെ പോലുള്ള അടിസ്ഥാനജനവിഭാഗങ്ങൾ അത് ഏറ്റ് പിടിക്കുന്നുണ്ട്. അത് കേൾക്കാനും വൈറലാക്കാനും ഇവിടെ ആളുകളുണ്ട്. നിറയെ ചുവന്ന പൂക്കളെ പറ്റിയൊ ചോര വീണ മണ്ണിനെ പറ്റിയൊ അവരുടെതായ എന്തിനെയും മഹത്വവൽക്കരിക്കാൻ തത്രപ്പെടുന്ന അവരുടെ ബുദ്ധിജീവികൾ പോലും നിശബ്ദരാണെന്ന് കാണുമ്പഴാണ് ഈ പ്രശ്‌നം ഉത്പാദിപ്പിക്കുന്ന കൗതുകം അസഹനീയമായ് തീരുന്നത്.

കരിവള്ളൂർ മുരളി
കരിവള്ളൂർ മുരളി

ഇങ്ങനെ നോക്കിയാൽ പറയപ്പെടുന്ന ഏതൊക്കെയൊ കാരണങ്ങളേക്കാൾ പറയപ്പെടാത്ത ഏതൊക്കെയൊ കാരണങ്ങൾ കൊണ്ട് കൂടിയാണ് ജനപ്രിയകവിതയ്ക്ക് അതിന്റെ പടർപ്പിനൊത്ത സാംസ്‌കാരികവിമർശനമൊ നിരൂപണമൊ സിദ്ധിക്കാതെ പോയതെന്ന് കാണാം. നേരത്തെ പറഞ്ഞ പോലെ അവർ കവികളൊ പാട്ടുകാരൊ ആയ് അടയാളപ്പെടാതെ കടന്ന് പോവുകയാണ്. വർത്തമാനകാലകവിതയുടെ അക്കാദമിക്ക് പേര് വിവര പട്ടികയിൽ അവരുടെ പേരില്ല. ഗവേഷകവിദ്യാർത്ഥികൾ അവരെ പരിഗണിക്കാറില്ല. പുതുകവിതാസമാഹാരങ്ങൾ ഇറക്കുന്നവരും വാരികകളും അവരെ അവഗണിക്കുന്നു. അവരെ പ്രാതിനിധ്യം കൊണ്ട് ആകപ്പാടെ സമാശ്വസിപ്പിക്കുന്നത് പ്രചാരം സിദ്ധിച്ച എന്തിനെയും കച്ചവടവൽക്കരിക്കുന്ന സിനിമാ ടെലിവിഷൻ എഫ്എം വ്യവസായങ്ങൾ മാത്രമാണ്. സംസ്‌കൃതദ്രാവിഡവൃത്തങ്ങൾ, നാടകചലച്ചിത്ര പാരമ്പര്യങ്ങൾ, നാടൻ താളങ്ങൾ, ഭാഷയുടെ ഉപരിമേഖലകളിൽ പ്രവേശനം സിദ്ധിക്കാതെ പോയ അടിസ്ഥാനവർഗ്ഗത്തിന്റെ വാചികാനന്ദങ്ങൾ ഒക്കെയും ബൗദ്ധികപരിഗണനകൾക്ക് പുറത്ത് വിപണിവൽക്കരിക്കപ്പെടുന്നത് മാത്രമല്ല പ്രശ്‌നം. ഈ ഒരു അശ്രദ്ധയുടെ തക്കം നോക്കി പലതും ഒളിച്ച് കടത്തുക കൂടി ചെയ്യുപ്പെടുന്നുണ്ട്. എന്നിട്ടും നമ്മുടെ കുശാഗ്രബുദ്ധികളായ സാംസ്‌കാരിക വിമർശകർ ഈ ഒരു സാംസ്‌കാരികപ്രതിഭാസത്തെ കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ടാവും.

Comments