എംഗൽസിൽ നിന്നു തുടങ്ങാം.
'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതുന്നു:
"യവനന്മാരുടെ സമുജ്ജ്വലങ്ങളായ അഭ്യൂഹങ്ങളിൽ നിന്നും അറബികൾ പരസ്പരബന്ധമില്ലാതെ അങ്ങുമിങ്ങും നടത്തിയ അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ശാസ്ത്രം എന്ന നിലയ്ക്ക് നമുക്ക് പരിഗണിക്കാവുന്ന ഒരേയൊരു വിഷയം ആധുനിക പ്രകൃതിശാസ്ത്രമാണ്. ബർഗർമാർ (നഗരവാസികൾ) നാടുവാഴിത്തത്തെ തച്ചുതകർത്ത മഹത്തായ യുഗത്തിലാണ് അതിന്റെ ആരംഭം. പട്ടണങ്ങളിലെ ബർഗർമാരും നാടുവാഴി പ്രഭുക്കളും തമ്മിലുള്ള സമരത്തിന്റെ പശ്ചാത്തലത്തിൽ കലാപകാരികളായ കർഷകന്റെ രൂപം ദൃശ്യമായിരുന്നു. കർഷകരുടെ പിന്നിൽ കയ്യിൽ ചെങ്കൊടിയും നാവിൻതുമ്പത്ത് കമ്യൂണിസവുമായി മുന്നേറുന്ന ആധുനിക തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവാത്മകങ്ങളായ പ്രാരംഭ രൂപങ്ങളും കാണാമായിരുന്നു. യൂറോപ്പിൽ വമ്പിച്ച രാജവാഴ്ചകൾക്കു രൂപം നൽകുകയും മാർപാപ്പയുടെ ആത്മീയ സർവ്വാധിപത്യം തകർക്കുകയും യവന പൗരാണികതയെ പുനരുദ്ധരിക്കുകയും അതോടൊപ്പം ഉയർന്ന കലാവികാസത്തിന് ഇടവരുത്തുകയും പഴയ ലോകത്തിന്റെ സീമകൾ ഭേദിച്ച് ഇദംപ്രഥമമായി ലോകത്തെ യഥാർത്ഥത്തിൽ കണ്ടെത്തുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്.
ലോകം അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വമ്പിച്ച വിപ്ലവമായിരുന്നു അത്. പ്രകൃതിശാസ്ത്രവും ആ വിപ്ലവത്തിൽ തഴച്ചുവളർന്നു. അത് അടിമുടി വിപ്ലവാത്മകമായിരുന്നു. മഹാന്മാരായ ഇറ്റലിക്കാരുടെ ഉണർന്നുവരുന്ന പുതിയ തത്വചിന്തയുമായി കൈകോർത്തു പിടിച്ചാണ് അത് മുന്നോട്ട് നീങ്ങിയത്. ചിതക്കുറ്റികൾക്കും തടവറകൾക്കുമായി അതും സ്വന്തം രക്തസാക്ഷികളെ പ്രദാനം ചെയ്തു. അതിനെ ദ്രോഹിക്കുന്ന കാര്യത്തിൽ പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരും പരസ്പരം മത്സരിച്ചു എന്നത് ആ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ആദ്യത്തെ കൂട്ടർ സെർവിറ്റസിനെയാണ് ജീവനോടെ ദഹിപ്പിച്ചതെങ്കിൽ രണ്ടാമത്തെ കൂട്ടർ ജോർദാനൊ ബ്രൂണോയെയാണ് അങ്ങനെ ചെയ്തത്. അതികായരെ- പാണ്ഡിത്യത്തിലും ബുദ്ധിശക്തിയിലും സ്വഭാവത്തിലും അതികായരായിട്ടുള്ളവരെ- സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ഫ്രഞ്ചുകാർ അതിനെ നവോത്ഥാനം (റിനൈസൻസ്) എന്ന ശരിയായ പേര് വിളിച്ചു. പ്രൊട്ടസ്റ്റന്റ് വിശ്വാസം വെച്ചുപുലർത്തുന്ന യൂറോപ്പ് ഏകപക്ഷീയമായ മുൻവിധിയോടെ അതിനെ മതപരിഷ്കരണം (റിഫൊർമേഷൻ) എന്നു വിളിച്ചു പോന്നു’’.
ഇതേ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് എംഗൽസ് തുടരുന്നു:
"അമ്പതുകളിലെ ജർമ്മനിയിൽ ഭൗതികവാദത്തെ പ്രാകൃതമാക്കി, അതിനെ ഒരു കച്ചവടച്ചരക്കാക്കി മാറ്റിയവർ തങ്ങളുടെ ഗുരുനാഥന്മാരുടെ (പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഭൗതികവാദികളുടെ) ഈ പരിമിതികൾക്കപ്പുറം കടന്നില്ല. അതിനുശേഷം പ്രകൃതിശാസ്ത്രം കൈവരിച്ച എല്ലാ നേട്ടങ്ങളും ഒരു പ്രപഞ്ചസ്രഷ്ടാവിൽ വിശ്വസിക്കുന്നതിനെതിരായ പുതിയ വാദമുഖങ്ങളെന്ന നിലയ്ക്കു മാത്രമാണ് അവർക്ക് ഉപകരിച്ചത്. (കേവല യുക്തിവാദം എന്ന നിലയിൽ- ലേഖകൻ). വാസ്തവത്തിൽ സിദ്ധാന്തത്തെ കൂടുതൽ വികസിപ്പിക്കുന്നതിനെ പറ്റി അവർ ചിന്തിച്ചതു പോലുമില്ല. 1848- ലെ വിപ്ലവം ആശയവാദത്തിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. എന്നാൽ പുതുക്കപ്പെട്ട ഈ രൂപത്തിൽ ഭൗതികവാദം അതിലും അധഃപതിച്ചു."
"പ്രകൃതിശാസ്ത്രത്തിന്റെ യുഗനിർണായകങ്ങളായ (ഈ) മുന്നേറ്റങ്ങളെല്ലാം തന്നെ സാരമായ യാതൊരു സ്വാധീനവും ചെലുത്താതെ ഫോയർബാഹിനെ കടന്നുപോയി. അത് അദ്ദേഹത്തിന്റെ കുറ്റം എന്നതിനേക്കാൾ ജർമ്മനിയിലെ ശോചനീയമായ സാഹചര്യങ്ങളുടെ കുറ്റമായിരുന്നു. ആ സാഹചര്യങ്ങൾ കാരണം സർവകലാശാലാപീഠങ്ങൾ കരസ്ഥമാക്കിയിരുന്നത് തലയിൽ ഒന്നുമില്ലാത്തവരും തലനാരിഴകീറി വാദിക്കുന്നവരുമായ സങ്കലനവാദികളായിരുന്നു. അതേസമയം, അവരെക്കാൾ എത്രയോ ഉന്നതനായിരുന്ന ഫോയർബാഹാവട്ടെ, ഗ്രാമജീവിതത്തിന്റെ ഏകാന്തതയിൽ മിക്കവാറും ഒരു നാട്ടിൻപുറത്തുകാനായി ജീവിക്കാൻ നിർബന്ധിതനായി. അതുകൊണ്ടാണ് പ്രകൃതിയെപ്പറ്റി പറയുമ്പോൾ ഉജ്ജലങ്ങളായ ചുരുക്കം ചില സാമാന്യവൽക്കരണങ്ങളൊഴിച്ചാൽ കഴമ്പില്ലാത്ത സാഹിത്യരചനക്ക് വേണ്ടി അദ്ദേഹം ഇത്രയേറെ അധ്വാനം പഴാക്കുന്നത്’’.
(ഫ്രെഡറിക് എംഗൽസ്, പ്രകൃതിയുടെ വൈരുദ്ധ്യാത്മകത).
ഒന്ന്:
മാർക്സിസം- ലെനിനിസം
കത്തിത്തീർന്ന ഒരു നക്ഷത്രമോ?
കാൾ മാർക്സിലേക്ക് മടങ്ങിവരാം.
ഫോയർബാഹിനെ തിരുത്തി മാർക്സ് എഴുതിയ തിസീസിൽ, ‘മനുഷ്യന്റെ ബോധമല്ല അവന്റെ അസ്തിത്വത്തെ നിർണയിക്കുന്നത്, മറിച്ച് അസ്തിത്വമാണ് ബോധത്തിന്റെ നിയാമകശക്തി’ എന്നു വ്യക്തമാക്കുന്നുണ്ട്. അസ്തിത്വം എന്നത് തങ്ങളുടെ ചുറ്റുപാടുകളെ അതാക്കിയ പ്രകൃതിചരിത്രവും (natural history) മനുഷ്യചരിത്രവും (human history) കൂടി നിർമിക്കുന്ന വർത്തമാനത്തിന്റെ ഉണ്മയാണെന്നും ഇവിടെ സിദ്ധാന്തീകരിക്കുന്നു. എന്നാൽ പിൽക്കാലത്ത് മാർക്സിസ്റ്റുകൾ പ്രകൃതിയുടെ ചരിത്രത്തെ കയ്യൊഴിയുകയും, മനുഷ്യന്റെ വർഗ്ഗാസ്തിത്വത്തിൽ മാത്രമായി ശ്രദ്ധയൂന്നുകയും ചെയ്തു. അതായത്, മനുഷ്യന്റെ ചരിത്രം പ്രകൃതിയുടെ ചരിത്രത്തിന്റെ തുടർച്ചയാണെന്ന കാര്യം അവർ മറന്നുപോയി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതലുള്ള മാർക്സിന്റെ കൃതികളിൽ തന്നെ ഈ ന്യൂനീകരണ പ്രവണതകൾ കാണാം. എങ്കിലും 'മൂലധന'ത്തിന്റെ രചനയിൽ എത്തുമ്പോഴേക്കും, മനുഷ്യന്റെ അസ്തിത്വത്തിന്റെ മനുഷ്യേതരമായ നിയാമകശക്തികളെ മാർക്സ് കൂടുതൽ കൂടുതലായി കണക്കിലെടുക്കുന്നുണ്ട്. 'ഇക്കോളജിക്കൽ മാർക്സിസ'ത്തെ ചർച്ചയ്ക്കെടുക്കുന്ന ജോൺ ബെല്ലാമി ഫോസ്റ്ററെ പോലുള്ളവർ ഇതു ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, വ്ലാഡ്മിർ ലെനിൻ പോലുള്ള അതികായർ പിൽക്കാലത്ത്, മാർക്സിസത്തെ, ഒരു രാഷ്ട്രീയ സിദ്ധാന്തമായും സാമ്പത്തികവാദവുമായി വായിക്കുകയും പ്രയോഗിക്കുകയുമാണ് ചെയ്തത്. റഷ്യൻ വിപ്ലവത്തിന്റെ വിജയം പിൽക്കാല മാർക്സിസ്റ്റുകളെ, മാർക്സിസത്തെ, സംഘടനാ ലെനിനിസമായി ചുരുക്കിക്കണ്ട് ലഘൂകരിക്കുകയും ചെയ്‌തു. ഭരണകൂടം പിടിച്ചെടുക്കാൻ, സിവിൽ സമൂഹത്തെ ഒരു സൈനികശക്തിയായി സംഘടിപ്പിക്കുക എന്ന നിലയിൽ, അതാതു ദേശീയതകളെ ആസ്പദിച്ച് ലെനിനിസ്റ്റ് പാർട്ടികൾ കെട്ടിപ്പടുക്കാനും തുടങ്ങി. ഇവിടെ മറന്നുപോയത്, മനുഷ്യന്റെ ചരിത്രം ഒരു പ്രകൃതിപ്രതിഭാസമാണ് എന്ന സമാന്യമായ അറിവിനെയും ബോധത്തെയും, അങ്ങനെ, തങ്ങളുടെത്തന്നെ ഭൗതികാസ്തിത്വത്തിന്റെ യാഥാർത്ഥ്യത്തെയുമാണ്. അങ്ങനെ പിൽക്കാല ലെനിനിസ്റ്റ് വിപ്ലവ സിദ്ധാന്തവും പ്രയോഗവും ലെനിന്റെ ബോൾഷെവിക് മാതൃകകളുടെ കൂടുതൽ റിഡക്ഷനിസ്റ്റ് ആയ രൂപമാതൃകകൾ പിന്തുടരുകയാണ് ചെയ്തത്.
'ഭരണകൂടവും വിപ്ലവവും' എന്ന കൃതിയിൽ, പാരീസ് കമ്യൂണിന്റെ പരാജയങ്ങളെ വിലയിരുത്തി ലെനിൻ തന്റെ വിപ്ലവസിദ്ധാന്തം ആവിഷ്കരിച്ചപ്പോൾ, ‘പിടിച്ചെടുത്ത ഭരണകൂടത്തെ തച്ചുടച്ച് പുതിയത് ഉണ്ടാക്കണമെന്ന്’ സിദ്ധാന്തീകരിച്ചുവെങ്കിലും, വിപ്ലവത്തിനുശേഷം ഈ നിലപാടിൽ നിന്ന് അദ്ദേഹത്തിനു പിന്നോട്ടുപോകേണ്ടിവന്നു. തന്റെ ‘പുത്തൻ സാമ്പത്തികനയ’ സിദ്ധാന്തത്തിലൂടെ വിപ്ലവാനന്തര റഷ്യയിൽ, മുതലാളിത്തരൂപത്തിലുള്ള വികസന മാതൃകകൾ തന്നെയാണ് അദ്ദേഹവും അവലംബിച്ചത്. വികസനനയത്തിന്റെയും യുദ്ധ മാതൃകകളുടെയും സ്റ്റാലിനിസ്റ്റ് ഏകാധിപത്യങ്ങളായി പിൽക്കാലത്ത് മാർക്സിസം മാറിപ്പോവുന്നതായിരുന്നു ഇതിന്റെയെല്ലാം പരിണത ഫലം. സ്റ്റാൻലിന്റെ 'വൾഗർ' ആയ, ഒരു തരം യാന്ത്രിക ഭൗതികവാദവും ശാസ്ത്രവാദവും, വൈരുദ്ധ്യാത്മിക ഭൗതികവാദം എന്നു പേരിട്ട്, പാർട്ടി കമ്യൂണിക്കെകൾ വഴി മാർക്സിസ്റ്റുകൾ സ്വായത്തമാക്കുന്നതിലേക്ക് ഇതു നയിച്ചു.
സോവിയറ്റ് തകർച്ചക്ക് ശേഷമുള്ള ഇ.എം.എസിന്റെ 'മാർക്സ് എംഗൽസ് വിചാരപ്രപഞ്ചം' എന്ന കൃതിയുടെ ആമുഖത്തിൽ, തങ്ങൾ ലെനിനെപ്പോലും മനസ്സിലാക്കിയത് സ്റ്റാലിന്റെ കമ്മ്യൂണിക്കെകളിലൂടെയാണ് എന്ന് ഏറ്റുപറയുന്നുണ്ട്. ഇപ്രകാരം ഫോയർബാഹിന്റെതന്നെ യാന്ത്രിക ഭൗതിവാദത്തിന്റെ ഒരു മോശം ഭാഷ്യമായി മാർക്സിസം- ലെനിനിസം, സ്റ്റാലിൻ യുഗത്തിൽ തരം താണു. മാർക്സിൽ നിന്ന് ലെനിനിസ്റ്റുകൾ യുക്തിവാദ, വ്യക്തിവാദ തത്വചിന്തയിലേക്കും ഫോയർബാഹിന്റെ യാന്ത്രിക ഭൗതികവാദത്തിന്റെതന്നെ കൂടുതൽ വൾഗറായ രൂപീകരണങ്ങളിലേക്കും പിന്നാക്കം മറിഞ്ഞു എന്നർത്ഥം. 'പ്രകൃതിയുടെ ചരിത്രവും' 'മനുഷ്യന്റെ തന്നെ ചരിത്രവും', ഇവിടെ പശ്ചാത്തലമായി മായുകയും, പുരോവിതാനത്തിൽ മുതലാളിത്തപരവും യാന്ത്രികവുമായ ഒരു യുക്തിവാദ സിദ്ധാന്തത്തിന്റെ പോസിറ്റിവിസ്റ്റ് ശാസ്ത്രവാദങ്ങൾക്ക് ലെനിനിസ്റ്റുകൾ ഒന്നടങ്കം വശപ്പെടുകയും ചെയ്തു.
തങ്ങളുടെ കേവലമായ ചിന്താശീലത്തിന്റെയും വിശകലനശേഷിയുടെയും ഉൽകൃഷ്ടതയാണ് തങ്ങളെ തങ്ങളാക്കുന്നത് എന്ന 'ബ്രാഹ്മണ ഉത്കൃഷ്ട വാദം' (ദെകാർത്തിയൻ ചിന്ത, I think that I am) മാർക്സിസത്തിന്റെ പ്രമാണശക്തിയായിത്തീർന്നു. തങ്ങൾ സമൂഹത്തെ മാറ്റിത്തീർക്കാൻ 'തെരഞ്ഞെടുക്കപ്പെട്ട' ഉൽകൃഷ്ട വിഭാഗമാണ് എന്ന ജേക്കോബിയൻ, ബോൾഷവിക് ചിന്താഗതി. മാർക്സ് മൂലധനത്തിൽ പ്രദർശിപ്പിക്കുന്ന വിശകലനാത്മകവും വിമർശനാത്മകവുമായ രീതിശാസ്ത്രം (analytical and critical methodology), രാഷ്ട്രീയ സംഘാടനത്തിന്റെയും സാമ്പത്തിക ന്യൂനീകരണ വാദത്തിന്റെയും പാളയങ്ങളായി പരിണമിച്ച് കേവല യുക്തിവാദമായി തീർന്നു. തങ്ങൾ പാർട്ടി പ്രവർത്തനത്തിലൂടെ ആർജിച്ച ബോധം കൊണ്ട് സാമൂഹ്യാസ്തിത്വത്തിന്റെ അടിസ്ഥാനങ്ങളെ അട്ടിമറിച്ച് വിപ്ലവം നടത്താം എന്ന വ്യാമോഹങ്ങളെ പക്ഷേ, പിൽക്കാല മുതലാളിത്തത്തിന്റെ (late capitalism) വ്യാപനവും വിന്യാസവും തല്ലിക്കെടുത്തി. സോവിയറ്റ് യൂണിയൻ അതിന്റെ വൈരുദ്ധ്യങ്ങളിൽ ആടിയുലഞ്ഞു. അത് ഗോർബച്ചേവിന്റെ 'കാരുണ്യത്താൽ' പിരിച്ചുവിടപ്പെട്ടു. ചൈന സോഷ്യലിസത്തിന്റെ പേരിലുള്ള ഒരു പാർട്ടി ഏകാധിപത്യ മുതലാളിത്ത രാജ്യമായി തീർന്നു. ഇന്ത്യൻ മാർക്സിസം ഒരു കേരള രാഷ്ട്രീയമായി ചുരുങ്ങി. 'അസ്തിത്വത്തിന്റെ' പരിസരങ്ങൾ മാറിപ്പോയതറിയാതെ, കെട്ട നക്ഷത്രത്തിന്റെ ശേഷിച്ച വെളിച്ചമായി, മരം പെയ്യുന്ന മഴയായി, മാർക്സിസ്റ്റ് വിപ്ലവ'ബോധം' അതിന്റെ തെമ്മാടിക്കുഴികളിൽ നിപതിച്ചു.
മാർക്സിസത്തിന്റെ ബൃഹദാഖ്യാനത്തിന് പ്രസക്തി നഷ്ടപ്പെടുകയും, പ്രയോഗതലത്തിൽ വികൃതവും ബാലിശവുമായ 'സ്വത്വവാദ' രാഷ്ട്രീയത്തിൽ അത് ചക്രശ്വാസം വലിക്കുകയും ചെയ്തു. പരസ്പരം തല്ലിപ്പിരിയുന്ന യാദവകുലമായിത്തീർന്നു, ലെനിനിസ്റ്റ് പാർട്ടികൾ. സ്വത്വത്തിന്റെ ചെളിയുണ്ടകൾ പരസ്പരം വാരിയെറിയുന്ന ഭ്രാന്താലയമായി പാർട്ടി അകത്തളങ്ങൾ മാറി. പരസ്പരം ഫാഷിസ്റ്റുകൾ എന്നും റിവിഷണലിസ്റ്റുകൾ എന്നും റെനിഗാഡ്സ് എന്നും വർഗശത്രുക്കൾ എന്നും ആരോപിച്ചുകൊണ്ട്, നാരായണഗുരുവിനും മുമ്പുള്ള കേരളത്തിലെ ഒരു 'തിരുവിതാംകൂർ ജാതിരാഷ്ട്രീയമായി' കമ്യൂണിസ്റ്റ് പാർട്ടികളുടെ അകങ്ങൾ ദുർഗന്ധപൂരിതമായി.
പ്രകൃതി ദുരന്തങ്ങളും രാഷ്ട്രീയദുരന്തങ്ങളും സാമ്പത്തിക പരിവർത്തനങ്ങളും സാങ്കേതികവിദ്യാ വിപ്ലവങ്ങളുമായി ചുറ്റുപാടുകൾ തങ്ങളെ കയ്യൊഴിഞ്ഞിരിക്കുന്നു എന്നറിയാതെ, പ്രഭാഷണം ഒരു കാര്യനിർവഹണകലയാക്കി, അവസാനത്തെ ബസ് പിടിക്കുന്ന ഒരു മന്ത്രിസഭയുടെ നിഴലായി മാർക്സിസവും ലെനിനിസവും 'പാരീസ് കമ്യൂൺ' ആവർത്തിച്ചു. മാർക്സിസം ഒരു സിദ്ധാന്തം എന്ന നിലയിൽ കാലഹരണപ്പെട്ടു എന്ന നിലയായി. അതിന്റെ വിശകലനശേഷിയും കാര്യനിർവഹണക്ഷമതയും നഷ്ടപ്പെട്ടു. ലെനിനിസം ഒരു ബൂഷ്വാ വികസനമാതൃകയായി നിയോലിബറലിസത്തിന്റെ പിൻപാട്ടുകാരനായി. മാവോയിസ്റ്റുകൾ തങ്ങളുടെ കാല്പനിക സ്വപ്നത്തിന്റെ നീതിയിൽ പരസ്പരം കൊന്നും, ഭരണകൂടങ്ങളുടെ വേട്ടയാടലിൽപ്പെട്ടും മനുഷ്യർക്കിടയിൽനിന്ന് ഒളിച്ച് കാടുകൾ തേടി. മാർക്സിസത്തിന്റെ ചക്രവാളങ്ങളിൽ മുഴങ്ങുന്ന അന്തിമകാഹളം കേൾക്കാനുള്ള കാതുകൾ 'ധ്യാന'വും 'യോഗ'യും കൊണ്ടുപോയി. ഇ എം എസ് അക്കാദമി യോഗപരിശീലന കളരിയായി. കേരളത്തിൽ മലപ്പുറം കേന്ദ്രീകരിച്ച് മാർക്സിസത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ദിശാപരിണാമ മുഹൂർത്തങ്ങളെ വിലയിരുത്താൻ ഇത്തരം ഒരാമുഖം ആവശ്യമാണെന്നു തോന്നുന്നു.
രണ്ട്:
ഇടതുപക്ഷം ഒരു മുങ്ങുന്ന കപ്പലോ?
'ലെഫ്റ്റ് ഇൻ ഡിക്ലൈൻ', 'ലെഫ്റ്റ് ഇൻ ക്രൈസിസ്' എന്ന രണ്ട് EPW (Economic & Political Weekly) ലേഖനങ്ങളിൽ, ബംഗാളിൽനിന്ന് തുടങ്ങിയ ഇന്ത്യൻ മാർക്സിസത്തിന്റെ ഈ ചരമഗീതത്തെക്കുറിച്ച്, പ്രസിദ്ധ ഇക്കണോമിസ്റ്റും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പ്രഭാത് പട്നായിക് സൂചന നൽകിയിരുന്നു. നന്ദിഗ്രാമിന്റെയും സിങ്കൂരിന്റെയും പശ്ചാത്തലത്തിലുള്ള നിയോ ലിബറൽ വികസന നയങ്ങളിലേക്കുള്ള ഇടതുവ്യയിയാനങ്ങളെ മുൻനിർത്തിയായിരുന്നു ഈ പ്രവചനസ്വഭാവമുള്ള ലേഖനങ്ങൾ. ബുദ്ധദേവിന്റെയും പിണറായിയുടെയും നേതൃത്വത്തിന്റെ സാമ്പത്തിക സമീപനങ്ങളാണ്, സിദ്ധാന്തവും പരിപ്രേക്ഷ്യവും നഷ്ടപ്പെട്ട, എംപിരിക്കലായ കണക്കുകൂട്ടലുകളിൽ ഊന്നിയ സാമ്പത്തികവാദങ്ങളാണ്, ഇതിന് കാരണമെന്നും അദ്ദേഹം ഭംഗ്യന്തരേണ സ്ഥാപിച്ചു. തന്റെ സിദ്ധാന്തം ഏട്ടിലെ പശുവല്ലെന്ന് തെളിയിക്കാനെന്നോണം, വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായപ്പോൾ, അദ്ദേഹം ചില പ്രായോഗിക നിർദ്ദേശങ്ങൾ, മുന്നോട്ടുവയ്ക്കുകയും ചെയ്തു.
അങ്ങനെയാണ്, കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിന്റെ വികസനവിജയങ്ങളുടെ മറവിൽ, ഒരു 'സബ് ടെറേനിയൻ പൊവർട്ടി' (അന്തർഗ്ഗതമായ ദാരിദ്ര്യം) നിലനിൽക്കുന്നുണ്ടെന്ന്, സർവ്വേ കണക്കുകൾ അവതരിപ്പിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പാലക്കാട്ടും മലപ്പുറവും കണ്ണൂരും അടങ്ങുന്ന ഉൾപ്രദേശങ്ങളിൽ ഇങ്ങനെയൊരു ദൃശ്യവേദ്യമല്ലാത്ത ദാരിദ്ര്യം (invisible poverty) നിലനിൽക്കുന്നുണ്ടെന്നും, ഇതിനെ സംബോധന ചെയ്തില്ലെങ്കിൽ അത് സമൂഹത്തിലെ ഹിന്ദുത്വം അടക്കമുള്ള ഫണ്ടമെന്റലിസ്റ്റ് ശക്തികൾക്ക് വളരാനുള്ള വളമായിത്തീരുമെന്നും പറഞ്ഞു. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ, സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ഇതിന് ഭാഗികമായെങ്കിലും പ്രതിവിധി കാണാനാവുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഈ ഉപദേശം കണക്കിലെടുത്താണ് വി.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറുകൾ ഫണ്ടുകളുടെ ജനക്ഷേമകരമായ വിതരണവും വിനിയോഗവും നടത്താൻ ശ്രമിച്ചത്. വലിയ വികസന തന്ത്രങ്ങൾക്ക് പകരമായി, ജനക്ഷേമഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗങ്ങൾക്ക് ഊന്നൽ നൽകിയത്. പുത്തൻ സാമ്പത്തിക ശക്തികളുടെ പുത്തൻ പ്രവണതകളെ അടയാളപ്പെടുത്തിയ കയ്യേറ്റ മാഫിയകൾക്കും റിയൽ എസ്റ്റേറ്റ് സാമ്പത്തിക സംസ്കാരത്തിനും അതിനെ ചുറ്റിപ്പറ്റി വളർന്ന മാഫിയാരാഷ്ട്രീയത്തിനും എതിരെ വി. എസ് തനതു ശൈലിയിൽ ഒറ്റയാൾ പോരാട്ടം ആരംഭിക്കുകയും ചെയ്തു. രാഷ്ട്രീയപാർട്ടികൾക്ക് കുറുകെ രൂപം കൊള്ളുന്ന ഒലിഗാർക്കിക്കളെ (oligarchies) കുറിച്ചുള്ള പട്നായിക് നിരീക്ഷണങ്ങളുടെ സൈദ്ധാന്തിക വെളിച്ചത്തോടൊപ്പം, തന്റെ ദീർഘ രാഷ്ട്രീയാനുഭവങ്ങളിൽനിന്ന് വി.എസിനു ലഭിച്ച ബോധ്യങ്ങൾ കൂടിയായിരിക്കണം ഇതിലേക്കെല്ലാം നയിച്ചത്. എം.എൻ. വിജയന്റെ കാവ്യപ്രതിപക്ഷം തങ്ങളുടേതായ കാഴ്ചയുടെ പുറംപോക്കിൽനിന്ന് ഇതിനു പിന്തുണ നൽകി. പുത്തൻ സാമ്പത്തിക സിദ്ധാന്തക്കാർ 'വിപ്ലവ കാല്പനികത' എന്നതിനെ പുച്ഛിച്ചു.
അതേസമയം, മാറിയ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ, ഈ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും കാല്പനികമായിത്തീരാനേ ഇടയുള്ളൂ എന്ന വാദവും മുന്നോട്ടുവന്നു. തോമസ് ഐസക്കിന്റെയും പിണറായിയുടെയും സാമ്പത്തിക സിദ്ധാന്തങ്ങൾ മറ്റു ചില കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഇവയെല്ലാം ‘അന്തർഗ്ഗതമായ ദാരിദ്ര്യം’ എന്ന സിദ്ധാന്തത്തിനപ്പുറം, കേരളത്തിൽ കുമിഞ്ഞു കൂടുന്ന ‘എൻ ആർ ഐ അഫ്ലുവൻസി’ന്റെ ദൃശ്യവേദ്യതയിലാണ് ഊന്നിയത്. ഇത് കേരളത്തിൽ ‘ഡച്ചു ദീനം’ (ഉത്പാദന മേഖലയിൽ വിനിയോഗം കൊള്ളാത്ത എൻ ആർ ഐ ധനമൂലധനം തീർക്കുന്ന പ്രതിസന്ധിയും സങ്കീർണ്ണതകളും) ഉണ്ടാക്കുമെന്നും മലബാറിൽ മുസ്‍ലിം വർഗീയതയുടെ ശക്തികേന്ദ്രങ്ങളെ അതു നിർമ്മിക്കുമെന്നും അവർ ഭയപ്പെട്ടു. അതിനാൽ തന്നെ എൻ ആർ ഐ പണത്തിന്റെ സ്രോതസ്സുകളിൽ പാർട്ടിയുടെ ഇടപെടലുകൾ ആവശ്യമാണെന്ന നിഗമനങ്ങളിൽ ഈ വിഭാഗം എത്തിച്ചേർന്നു. ഓരോ പ്രദേശത്തും മതശക്തികൾ എൻ ആർ ഐ ധനത്തെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നറിയാൻ സി.പി.എം സെക്രട്ടറിയേറ്റ്, ഘടകങ്ങൾക്ക് സർവ്വേ ഫോറങ്ങൾ അയച്ചുകൊടുത്തു. അങ്ങനെ, വളർന്നുവരുന്ന മുസ്‍ലിം വർഗീയതയുടെ കണക്കെടുത്തു. എൻ ആർ ഐ മൂലധനത്തെ എങ്ങനെ കേരളത്തിന്റെ വികസനപാതകളിലേക്ക് വഴി തിരിച്ചുവിടാനാകുമെന്ന അന്വേഷണത്തിന്റെ തുടക്കമായിരുന്നു ഇത്.
ഇത്തരമൊരു പരിതോവസ്ഥയിലാണ് അമേരിക്കൻ എൻ ആർ ഐ മൂലധനത്തിന്റെ ശക്തിസ്രോതസ്സുകളിൽനിന്ന്, ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഹിന്ദുത്വ വർഗീയശക്തികൾ അതിന്റെ പുതിയ രൂപം ആർജിക്കാൻ തുടങ്ങിയത്. അദാനിയും അംബാനിയും അമിത്ഷായും മോദിയും, അദ്വാനിയുടേയും വാജ്പേയിയുടെയും 'ക്ലാസിക്കൽ ഹിന്ദുത്വ'യെ പിന്തള്ളി, ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് അധ്യായങ്ങളിലേക്ക് കടന്നു. ഗൾഫ് എൻ ആർ ഐ മൂലധനത്തിന്റെ ബലത്തിൽ ഉയർന്നു വന്ന ചെറുകിട മൂലധന ബിസിനസുകാർക്ക് ഇത് വഴിതടസ്സങ്ങൾ വരുത്തി. ഗുജറാത്ത് കലാപങ്ങളും രാജ്യത്തെ മറ്റു വർഗീയ കലാപങ്ങളും സൃഷ്ടിച്ച അന്തരീക്ഷത്തിൽ, ഗൾഫ് എൻ ആർ ഐ ചെറുകിട മൂലധനത്തിന് അഖിലേന്ത്യാതലത്തിൽ തങ്ങളുടെ വ്യാവസായിക വളർച്ച മുന്നോട്ടു കൊണ്ടുപോകുന്നതിന് കഴിയാത്ത നില വന്നു. അവരിൽ കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ ഇടതുപക്ഷ രാഷ്ട്രീയം ഒരു അഭയസ്ഥലമാകുമോ എന്നന്വേഷിച്ചു. ഫാരിസ് അബൂബക്കറും മാക് അലിയും അബ്ദുൽ വഹാബും കുഞ്ഞാലിക്കുട്ടിയുമെല്ലാം തങ്ങളുടെ വ്യവസായ സംരക്ഷണത്തിനും വളർച്ചക്കും പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗവുമായി കൂട്ടുകെട്ടിനു ശ്രമിക്കുകയും, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ സാഹചര്യങ്ങളിൽ, ഒരു 'മാർക്സിസ്റ്റ് ബിസിനസ് ബാന്ധവം' (പട്നായിക് പരികല്പനയിൽ പുതിയ രാഷ്ട്രീയ വരേണ്യവൃന്ദം -new political oligarchies) സാധ്യമാകുമോ എന്നന്വേഷിക്കുകയും ചെയ്തു.
ഗൾഫ് മേഖലയിൽ പാർട്ടി നേതാക്കളുടെ പര്യടനങ്ങൾ ഈ സാഹചര്യങ്ങളിലാണ് സംഭവിച്ചത്. പിണറായി ഇതിന്റെ രാഷ്ട്രീയ കാർമികനായി രംഗത്തുവന്നു. പുതുതായി ഉയർന്നുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ, മുസ്‍ലിം- പിന്നാക്ക രാഷ്ട്രീയം എന്ന ആശയം ഇതിന്റെ പ്രത്യയശാസ്ത്രമായി മുന്നോട്ടുവയ്ക്കപ്പെട്ടു. മാറിയ സാഹചര്യങ്ങളിൽ, ന്യൂനപക്ഷ സംരക്ഷണം എന്ന അജണ്ടയിൽ പ്രവർത്തിക്കാനുള്ള സാധ്യതകൾ ഇത്തരത്തിലുള്ള പുതിയ ബിസിനസ്-രാഷ്ട്രീയ നെക്സസുകൾ സൃഷ്ടിച്ചു. കേരള വികസന മാതൃകകൾക്ക് ഇത് മുതൽക്കൂട്ടാകും എന്ന് അവരെല്ലാം ആത്മാർത്ഥമായി വിശ്വസിച്ചു. കൈരളി ചാനൽ രൂപീകരണത്തിന് എൻ ആർ ഐ മൂലധനം ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിൽ, ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവാസികളെ കൂട്ടുപിടിച്ച് പിണറായിയും പാർട്ടിയിലെ ഒരു വിഭാഗവും പുതിയ പാതകൾ വെട്ടിത്തുറന്നു. ആരും കേൾക്കാത്ത ഫാരിസ് അബൂബക്കറും മാക് അലിയും അബ്ദുൽ വഹാബും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഇടയിലുള്ള കണ്ണികളും കാര്യകർത്താക്കളുമായി. അവരെയെല്ലാം ചാക്കിട്ടുപിടിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ വി.എസ് പക്ഷവും പിണറായി പക്ഷവും കൈക്കൊണ്ടു. തങ്ങളുടെ പരിധിക്ക് കിട്ടിയവർ ‘നല്ല സമരിയക്കാർ’ എന്നും, അല്ലാത്തവർ ‘വെറുക്കപ്പെട്ടവർ’ (ഫാരിസ് അബൂബക്കറിനെ വി.എസ് വിശേഷിപ്പിച്ചത്) എന്നും ബൈബിൾഭാഷ്യം പിറന്നു.
ഈ പരിതോവസ്ഥകളിൽ മലപ്പുറത്ത് ചരിത്രത്തിലാദ്യമായി സി.പി.എം സംസ്ഥാന സമ്മേളനം നടത്താൻ തീരുമാനം വന്നു. വി.എസും പ്രഭാത് പട്നായിക്കും എം.എൻ. വിജയനും പ്രതിനിധീകരിച്ച ‘സബ്ടെറേനിയൻ പൊവർട്ടി’ സിദ്ധാന്തങ്ങൾ, പിണറായിയും ഐസക്കും മറ്റും പ്രതിനിധീകരിച്ച ‘എൻ ആർ ഐ അഫ്ലുവൻസ്’ സിദ്ധാന്തത്തിന്റെ ദൃശ്യവേദ്യതയ്ക്കുമേൽ (visibility) പാതാളത്തിൽ താഴ്ന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പൊതുപശ്ചാത്തലത്തിന്റെ കാൻവാസിൽ, കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയപ്രയോഗം സൈദ്ധാന്തിക വ്യക്തതയില്ലാതെ അതിജീവനത്തിന്റ ‘അടിയന്തര യുക്തിയിൽ’ വീണു. ഉപകരണ വാദത്തിന്റെ ഉൾപ്രേരകങ്ങൾ പാർട്ടിയുടെ നയരൂപീകരണങ്ങളെ കയ്യാളി. ആൽമരം നഷ്ടപ്പെട്ട പ്രേതങ്ങളായി പാർട്ടി പ്രവർത്തകർ മാറി. പാർട്ടിയുടെ പ്രായോഗികവാദവും പ്രയോജന വാദവും സിദ്ധാന്തങ്ങളെ കയ്യൊഴിഞ്ഞു. പാർട്ടിയിലെ ബുദ്ധിജീവികൾ ‘ഇരകളുടെ രാഷ്ട്രീയത്തിന്റെ’ പുതിയ സിദ്ധാന്തവാഹകരായി.
പുറത്തുള്ള ഘടകങ്ങൾ പാർട്ടിയുടെ ലെനിനിസ്റ്റ് ചട്ടക്കൂടുകളിൽ കയറി സ്വാധീനം ചെലുത്തി. ചിലർ പുര കത്തുമ്പോൾ വാഴ വെച്ചു. ചിലർ കിട്ടിയ പട്ടികയും കഴുക്കോലും ഊരി സ്വന്തം വീട് പണിതു. വേറൊരു കൂട്ടർ ‘സവർണ്ണത’, ‘ഹിന്ദുത്വ’ തുടങ്ങിയ പുത്തൻ ട്രെൻഡുകളുടെ സാധ്യതയിൽ പുതിയ അന്വേഷണം നടത്തി. മറ്റൊരു കൂട്ടർ തങ്ങൾക്ക് ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന നിലയിൽ ‘ദലിത് രാഷ്ട്രീയ’ത്തിന്റ അന്വേഷകരായി. പുതിയ മുഖങ്ങളായ അബ്ദുറഹ്മാനും അൻവറും ജലീലും, പഴയ പാർട്ടി കേഡർ രാഷ്ട്രീയത്തിൽ വളർന്നുവന്ന പാലോളിക്കും സൈതാലിക്കുട്ടിക്കും ഉമ്മർ മാസ്റ്റർക്കും പകരക്കാരായി. പരമ്പരാഗത പാർട്ടി ഒരു പുലപ്പേടിയായി. ഇ.എം.എസിന്റെ 'ജന്മിത്വ കാല'ത്തെ ‘മലപ്പുറം കുടിയാന്മാർ’ തങ്ങൾക്കുള്ള അവകാശം ചോദിച്ചു. അവർക്ക് കാര്യസ്ഥപ്പണി കൊടുത്തു. പാർട്ടി നേതൃത്വം അവരുടെ കൃശഗാത്രത്തിൽ ഞെരുങ്ങി. അവർ തങ്ങളുടെ ശാരീരികക്ഷമതയ്ക്ക് താങ്ങാനാവുന്നവരെ മാത്രം കൈകൊണ്ടു. ബാക്കിയുള്ളവരെ നോക്കി പേടിപ്പിച്ചും ആളെ വെച്ച് വിരട്ടിയും അകറ്റി. ‘ഗോഡ് ഓഫ് സ്മാൾ തിങ്സി’ൽ അരുന്ധതി റോയ് എഴുതിയ പോലെ, ഇ.എം.എസ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലിലെ സപ്ലൈ പണിക്കാരായി പാർട്ടി നേതാക്കൾ പുതിയ 'ഒലിഗാർക്കിക്കു' കീഴടങ്ങി.
ഭരണം രണ്ടാംതവണയും വന്നപ്പോൾ, കൂടുതൽ സംഘടിതമായ വിഭാഗീയതയും ലോബീയിങ്ങും വന്നു. തങ്ങളുടെ കൈകൾ മാത്രം കടക്കാൻ പാകത്തിൽ, തേൻകുടത്തിന്റെ വായ് വട്ടങ്ങൾ പുതിയ കുശവന്മാരെ വെച്ച് പുതുക്കിപ്പണിതു. പാർട്ടി ഒരു ബഹുജന പാർട്ടിയാണെന്നു മറന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികഘടന ആന കയറിയ കരിമ്പിൻ തോട്ടമായി. ആരോഗ്യരംഗം 'ലോലിതാ കോംപ്ലക്സി'ന് അടിപ്പെട്ടു. ഭരണത്തിൽ തങ്ങൾക്ക് ഒന്നും കിട്ടുന്നില്ല എന്ന ദുഃഖം അൻവറിന്റെ പരാതിയായി പുനർജനിച്ചു. പിണറായി പണ്ടത്തെ പിണറായിയല്ല എന്ന നൈരാശ്യം വന്നു. കുടുംബസ്നേഹം കൊണ്ട് അദ്ദേഹവും കണ്ണീരിലായി.
അരാജകത്വം ഒരു കൊളോസസ് ആയി ആൾരൂപം കൈവരിക്കുമ്പോൾ അതിന് ആരെ കുറ്റം പറയാനാണ്? സിദ്ധാന്തത്തെയോ പ്രയോഗത്തെയോ? പരാജയപ്പെട്ടാൽ തുടക്കത്തിൽനിന്ന് വീണ്ടും തുടങ്ങുക എന്ന എംഗൽസിന്റെ മാർക്സിസത്തിലക്ക് മടങ്ങേണ്ടിവരും. അല്ലെങ്കിൽ ഒരു ചരിത്രമാകേണ്ടിവരും.