‘‘ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടിവരും. ഇന്ത്യയിൽ അത്തരമൊരു സമൂഹത്തിന്റെ ഭാവി വിദൂരമല്ല’’.
- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
▮
ഏതു സാഹചര്യത്തിലാണ് വാക്യങ്ങൾ പ്രയോഗിച്ചത് എന്നത് കണക്കിലെടുക്കുന്നതിനെ ഭാഷാശാസ്ത്രത്തിൽ ‘പ്രാഗ്മാറ്റിക്സ്’ (pragmatics) എന്നു വിളിക്കുന്നു. ദല്യൂസ് പറയുന്നത്, പ്രാഗ്റ്റിമാറ്റിക്സ് എന്നത്, ഭാഷയുടെ ഒരു രാഷ്ട്രീയം തന്നെയാണ് എന്നാണ്. ജർമ്മൻ സാമൂഹ്യ സാഹചര്യത്തിലെ നാസി പ്രസ്താവനകളുടെ രൂപീകരണത്തെക്കുറിച്ചുള്ള ജീൻ- പിയറി ഫെയയുടെ പഠനം ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
"ഭാഷയുടെ രൂപാന്തരീകരണത്തെക്കുറിച്ച് (transformational) ഇത്തരത്തിലുള്ള പഠനങ്ങൾ, കൽപ്പനാ- വാക്യങ്ങളുടെ (order-word) അർത്ഥവ്യതിയാനങ്ങളെയാണ് പരിഗണിക്കുന്നത്. ഇത് സാമൂഹ്യഗാത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന, അതേസമയം അതിന്റെ ശരീരേതരമായ ഗുണ- ലക്ഷണങ്ങളുമായി ചേർന്നുനിൽക്കുന്നതും, അന്തർഹിതമായ അതിന്റെ പ്രവർത്തനങ്ങളിൽ പ്രബലമായിത്തീരുന്നതുമാണ്. സോവിയറ്റ് റഷ്യയിലെ, ലെനിനിസ്റ്റ് ഇനത്തിലുള്ള പ്രസ്താവങ്ങളുടെ രൂപീകരണത്തിന്റെ (അത് മറ്റൊരു സാഹചര്യത്തിലാണെങ്കിലും) ഉദാഹരണമെടുത്താലും കൽപ്പനാ-വാക്യങ്ങൾ (order-word) രൂപം കൊള്ളുന്ന സാഹചര്യങ്ങളെക്കുറിച്ചു മനസ്സിലാക്കാനാവും.

‘മുദ്രാവാക്യങ്ങളെപ്പറ്റി’ (On Slogans, 1917) എന്ന ലെനിന്റെ പാഠത്തെ നമുക്ക് അവലംബിച്ചു നോക്കുക. ഈ പാഠം തൊഴിലാളിവർഗ്ഗം ഒരു ശരീരമായി നിലവിൽ വരുന്നതിനുമുമ്പ്, പ്രതിപാദനത്തിന്റെ സംഘാതമായി (assemblage of enunciation), തൊഴിലാളിവർഗ്ഗ ജനതതിയിൽ നിന്ന് ഊറ്റിയെടുത്ത, ശരീരേതരമായ (ഭൗതികേതരമായ) (incorporeal) രൂപീകരണത്തിന്റെ മികച്ച ഉദാഹരണമാണ്. ഒരു പുതിയ ഇനം വർഗ്ഗത്തെ (തൊഴിലാളി വർഗ്ഗത്തെ) കണ്ടുപിടിച്ച ഒന്നാം മാർക്സിസ്റ്റ് ഇന്റർനാഷണലിന്റെ പ്രതിപാദനത്തിന്റെ ഒരു സ്ട്രോക്ക് ആണത്, ‘സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’. റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റുകളുമായുള്ള തന്റെ വേറിടലിന്റെ സാഹചര്യങ്ങളെ ഉപയോഗിച്ചുകൊണ്ടാണ്, ലെനിൻ ‘പ്രതിപാദനത്തിന്റെ ഒരു സംഘാതം’ (assemblage of enunciation) എന്ന നിലയിൽ, തൊഴിലാളി വർഗ്ഗത്തെ പുതിയ നിലയിൽ കണ്ടുപിടിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ലെനിന്റെ പ്രതിപാദനത്തിൽ തൊഴിലാളി വർഗ്ഗം ‘പാർട്ടി’യായി പരിണാമം കൊള്ളുന്നു. ഒരു കൽപ്പനാ-വാക്യം (order-word) എന്ന നിലയിൽ അതിനു സംഭവിക്കുന്ന പരിണാമം. ശരിയായ നിലയിൽ ആവർത്തനം കൊള്ളുന്ന ബ്യൂറോക്രാറ്റിക് വ്യവസ്ഥയായി അധഃപതിക്കാനുള്ള സാധ്യത നിലനിർത്തുന്ന ഒരു "പാർട്ടി’’.
‘സ്വന്തം ഭാഷയിൽ വിദേശ ഭാഷ സംസാരിക്കുന്ന’, ഇന്ത്യൻ ബുദ്ധിജീവികളുടെയും അക്കാദമിക സമൂഹത്തിന്റെയും പ്രതിരോധ ഭാഷയായിത്തീർന്ന ഇംഗ്ലീഷിനെ, ഒരു താക്കീതിലൂടെയാണ് അമിത് ഷാ നേരിട്ടിരിക്കുന്നത്.
‘‘ഇത്തരം പ്രത്യേക സ്വഭാവസവിശേഷതകൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്, അവ ഭാഷാശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന വാദം വരാം. എങ്ങനെയാണ് രാഷ്ട്രീയം ഭാഷയെ അതിനുള്ളിൽനിന്ന് പ്രവർത്തനക്ഷമമാക്കുന്നത് എന്ന കാര്യം ഇവിടെ ശ്രദ്ധയിൽ വെയ്ക്കണം. അത് വാക്കുകളുടെ ശേഖരത്തെ, അല്ലെങ്കിൽ പദാവലിയെ (vocabulary) മാത്രമല്ല ഉന്നം വെയ്ക്കുന്നത്. ‘കൽപ്പനാ- വാക്യങ്ങൾ’ മാറുന്നതിനനുസരിച്ച്, ഭാഷയുടെ ഘടനയും ഭാഷയുടെ രൂപീകരണ ഘടകങ്ങളും മാറുന്നുണ്ട്. ഒരു പ്രസ്താവനയുടെ ഗണത്തെ, അതിന്റെ പ്രായോഗിക ഫലങ്ങളിൽ നിന്നാണ് നാം മൂല്യ വിചാരണ ചെയ്യേണ്ടത്. അതിൽ ഉൾച്ചേർന്ന മുൻധാരണകളെയും നിഗമനങ്ങളെയും അനുമാനങ്ങളെയും കണക്കിലെടുത്തുകൊണ്ട്. അതിൽ അന്തർഹിതമായ പ്രവർത്തികളിൽ നിന്നുകൊണ്ടാണ് അതിനെ വിലയിരുത്തേണ്ടത്. അത് പ്രകടിപ്പിക്കുന്ന ശരീരേതരമായ, (ഭൗതികേതരമായ) രൂപാന്തരീകരണത്തിന്റെ അടിസ്ഥാനത്തിൽ. അതുപോലെ, അതു മുന്നോട്ടുവെയ്ക്കുന്ന ശരീരങ്ങളുടെ പുതിയ വിന്യാസ ക്രമങ്ങളുടെ (configuration of bodies) പശ്ചാത്തലത്തിലും ‘കൽപ്പനാ-വാക്യങ്ങളെ’ വിലയിരുത്തേണ്ടതുണ്ട്’’.

‘ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ ഖേദിക്കേണ്ടിവരും’ എന്ന് അമിത് ഷാ പറയുന്നത് ഇത്തരമൊരു കൽപ്പനാ- വാക്യമാണ് (order-word). ഇന്റർനാഷണൽ കാലത്തെ, തൊഴിലാളിവർഗ്ഗ മുന്നണിപ്പട എന്ന ആശയത്തിൽ നിന്ന്, ലെനിൻ, ‘പാർട്ടി’ (അല്ലെങ്കിൽ ‘അധികാരം സോവിറ്റുകൾക്ക്’) എന്ന ‘കൽപ്പനാ-വാക്യം’ ഉണ്ടാക്കിയെടുക്കുന്നതിലൂടെ, ഒരു വിപ്ലവ മുന്നണിയെ ബ്യൂറോക്രസിയായി അവതരിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് പരാവർത്തനം ചെയ്തു എന്നു പറയും പോലെ തന്നെയാണിത്. ഇവിടെ ഭാഷണത്തിന്റെ (rhetoric) രൂപാന്തരീകരണം (transformation) നടപ്പിൽ വരികയാണ്.
സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഒരു ഭാഷണത്തെ, കൊളോണിയൽ വിരുദ്ധ പ്രക്ഷോഭകാലത്ത് ഉയർന്ന ഒരു മുദ്രാവാക്യത്തെ, അമിത് ഷാ ഇപ്രകാരം പുതിയ സാഹചര്യങ്ങളിലേക്ക് ആശയപരാവർത്തനം ചെയ്തുകൊണ്ട്, പൗരശരീരത്തെയും, അതിനുള്ളിലെ വിവിധ ശക്തികളെയും നിയന്ത്രിക്കുന്നതിന്റെ സൂചിതാർത്ഥളുള്ള ഒരു ‘കല്പനാ-വാക്യമായി’ അതിനെ പരിവർത്തിപ്പിച്ചെടുക്കുകയാണ്. ഇവിടെ കൊളോണിയൽ വിരുദ്ധത എന്ന ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാന രാഷ്ട്രീയ അഭിനിവേശത്തെ (political passion), പുതിയ രാഷ്ട്രീയ കരുനീക്കങ്ങളിലേക്കും ഫാഷിസ്റ്റ് ശരീര രാഷ്ട്രീയത്തിലേക്കും, പരിവർത്തനം ചെയ്തെടുക്കുകയാണ്. ദേശീയതയെയും ദേശസ്നേഹത്തെയും സംബന്ധിച്ച സംഘപരിവാരത്തിന്റെ വാചോടാപം (rhetoric) മുഴുവൻ ഇത്തരത്തിൽ ‘കൽപ്പനാ -വാക്യങ്ങൾ’ സൃഷ്ടിക്കുന്നതിലൂടെ സാധിച്ചെടുക്കുന്നതാണ്. ഭാഷയിലും മുദ്രവാക്യങ്ങളിലും വാക്യഘടനയിലും വാചകരൂപീകരണത്തിലും വരുത്തുന്ന ഈ പരിവർത്തനങ്ങൾ, ഒരു ‘കാഫ്കിയന്‍ മെറ്റമോർഫോസി’സാണ്. ആശയതലത്തിൽ നിന്ന്, നിലനിൽപ്പിന്റെയും അസ്തിത്വത്തിന്റെയും സ്വത്വത്തിന്റെയും ശാരീരിക തലത്തിലേക്ക് അതു മാറുകയും, ഉന്മൂലനത്തിന്റെ ഒരു പ്രത്യയശാസ്ത്രത്തെ അതിലൂടെ വികസിപ്പിക്കുകയും ചെയ്യുന്നു.

ഗ്രാംഷിയെ ഉപജീവിച്ചു പറഞ്ഞാൽ, ഭാഷയിൽ ഫാഷിസ്റ്റുകൾ കൊണ്ടുവരുന്ന ഒരു ‘പാസീവ് റെവല്യൂഷൻ’ ആണിത്. ശരീരത്തെ നിയന്ത്രണവിധേയമാക്കുന്ന ആക്രമണത്തിന്റെയും ഹിംസയുടെയും ഭരണകൂട ഉപകരണങ്ങൾ ഇവിടെ ശരീരേതരമായ തലത്തിൽ പ്രവർത്തിക്കുന്നു. ഭാഷ ഇവിടെ ഒരു ഭരണകൂടഹിംസാ ഉപകരണമായി മാറുന്നു. ഒരു ഭാഷാവിഭാഗം ആയതുകൊണ്ട് നിങ്ങൾ തുടച്ചുനീക്കപ്പെടാം (cleansing) എന്ന് അതർത്ഥമാക്കുന്നു. അല്ലെങ്കിൽ നിങ്ങളുടേതല്ലാത്ത ഒരു ഭാഷയെ സ്നേഹിക്കുകയോ, അതിൽ വിഹരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ ഈ ‘കല്പനാ-വാക്യ’ത്തിന്റെ മുൾമുനയിലാണ് എന്നു വരുന്നു. ഇംഗ്ലീഷിനെ സംബന്ധിച്ച ഇന്ത്യൻ ജനതയുടെ ‘കൊളോണിയൽ’ ആയ ‘അബോധ ഭയത്തെ’ (political unconscious) ഇവിടെ പ്രച്ഛന്ന രൂപത്തിൽ ഉണർത്തിക്കൊണ്ട്, ഹിന്ദി അല്ലാത്തതിനെയെല്ലാം ‘കൊന്നൊടുക്കുന്ന’ സാഹചര്യങ്ങൾ നിലവിൽ വരും എന്ന ഭീഷണിയാണ്, ‘നിങ്ങൾ ലജ്ജിക്കേണ്ടിവരും’ എന്ന വാക്യഘടന സൂചിതമാക്കുന്നത്.
സൗമ്യമായ ഇത്തരം ഫാഷിസ്റ്റ് പ്രയോഗങ്ങളാണ് അമിത് ഷായെ ഇന്ത്യയിലെ ഇതര ഫാഷിസ്റ്റ് പ്രവണത കാണിക്കുന്ന, അല്ലെങ്കിൽ ബോണപ്പാർടിസ്റ്റ്- സീസറിസ്റ്റ് പ്രതിഭാസങ്ങളായിത്തീരുന്ന, രാഷ്ട്രീയ കർതൃത്വങ്ങളിൽ നിന്ന് സവിശേഷമായ നിലയിൽ വേറിട്ടുനിർത്തുന്നത്. സൗമ്യാധികാരത്തിന്റെ ഹിംസ. തല തിരിച്ചിട്ട ഇത്തരം ‘കൽപ്പനാ-വാക്യങ്ങൾ’ ഉയർത്തുന്ന രാഷ്ട്രീയം, സത്യത്തിൽ ഇംഗ്ലീഷിനോ, കൊളോണിയൽ, നിയോ- കൊളോണിയൽ മേൽക്കോയ്മയ്ക്കോ എതിരായ ഒന്നല്ല, മറിച്ച് ന്യൂനപക്ഷ പദവിയിലുള്ള ഭാഷകൾക്കും അതിൽ പുലരുന്ന ജനതക്കും അവർ തീർത്ത സംസ്കൃതിക്കും എതിരായാണത് വികസിക്കുക.
നെഹ്റുവിയൻ പാരമ്പര്യത്തിലുള്ള ഇന്ത്യൻ സെക്യുലർ ബുദ്ധിജീവികൾ, ഇംഗ്ലീഷ് മാധ്യമമാക്കിക്കൊണ്ട് തീർത്ത പ്രതിരോധ മാധ്യമ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ലാക്കാക്കിയുള്ള, ഹിന്ദുത്വ ശക്തികളുടെ പുതിയ നീക്കത്തിന്റെ പ്രസ്താവനയായി അമിത് ഷായുടെ ഈ ഭീഷണി- വാക്യത്തെ കാണാനാകും.
‘‘ഭാഷയുടെ ഐക്യം എന്നത് അടിസ്ഥാനപരമായും രാഷ്ട്രീയമായ ഒന്നാണ്. ഒരു മാതൃഭാഷ വാസ്തവത്തിൽ ഇല്ല. ഒരു മേലാള ഭാഷ അധികാരം പിടിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്. അത് ചിലപ്പോൾ വിശാലമായ മുന്നണികളിൽ വികസിക്കുന്നു. അതേസമയം, ചിലപ്പോൾ, വൈവിധ്യങ്ങളുടെ കേന്ദ്രങ്ങളെ കൈപ്പിടിയിലാക്കുകയും ചെയ്യുന്നു. ഒരു ഭാഷ ഏകീകരണവും കേന്ദ്രീകരണവും കൊണ്ടുവരുന്നതിനു പ്രയോഗിക്കുന്ന നിരവധി വഴികൾ നമുക്ക് മനസ്സിലാക്കാനാകും. റോയലിസ്റ്റുകളുടെ വഴിയായിരിക്കില്ല റിപ്പബ്ലിക്കൻ വഴി. ഒന്നിനു കഠിനത കുറവാണ് എന്നും പറയാൻ പറ്റില്ല. സ്ഥിരാങ്കങ്ങളെയും (constants) സ്ഥിര ബന്ധങ്ങളെയും (constant relashionships) രൂപീകരിക്കുന്ന ശാസ്ത്രീയ പദ്ധതി എല്ലായ്പ്പോഴും, ഭാഷകളുടെമേൽ അത് അടിച്ചേൽപ്പിക്കുകയും, അവയെ ‘കല്പനാ-വാക്യങ്ങളായി’ പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംരംഭവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ഉന്നത ഭാഷ, താഴ്ന്ന ഭാഷ, ഉൽകൃഷ്ടം/ അപകൃഷ്ടം, ദേശീയം/പ്രാദേശികം എന്നിങ്ങനെ ഭാഷായിനങ്ങളെ തരംതിരിക്കാൻ പറ്റുമോ? ആദ്യത്തേത് സ്ഥിരാങ്കങ്ങളുടെ (constants) ശക്തി കൊണ്ടാണ് കൃത്യമായും നിലവിൽ വരുന്നത്. രണ്ടാമത്തേത് വ്യത്യസ്തതകളുടെയും സവിശേഷതകളുടെയും (variations) ശക്തികൊണ്ടും. അല്ലെങ്കിൽ ഓരോ കീഴാള ഭാഷയ്ക്കും സവിശേഷതകളുടെ ശരിയായ ഒരു ഭാഷാവകഭേദത്തിന്റെ (dialect) ഇടം ഉണ്ടെന്നു പറയാം. മൽബർഗിന്റെ അഭിപ്രായത്തിൽ, ഭാഷാവകഭേദങ്ങളുടെ (dialect) ഭൂപടങ്ങൾക്ക് ഒരു സുവ്യക്തരേഖ കണ്ടുപിടിക്കുവാൻ കഴിയുകയെന്നത് അപൂർവമാണ്. മറിച്ച് രൂപാന്തരം കൊള്ളുകയും അതിൽ നിർണ്ണയം കൊള്ളുകയും ചെയ്യുന്ന ഇടങ്ങളേ അതിനുള്ളൂ. വേർതിരിച്ചറിയാൻ സാധ്യമല്ലാത്ത ഇടങ്ങളും അതിർത്തികളും എന്ന നിലയിൽ.

ചുരുക്കത്തിൽ ഭാഷാവകഭേദത്തിന്റെ നിയമം ഒരു കീഴാള ഭാഷയുടെ (minor language) പദവിയെ വ്യക്തമാക്കുന്നതല്ല. മറിച്ച്; കീഴാള ഭാഷകൾ അവയുടെ സവിശേഷവൽക്കരണത്തിലൂടെ ഭാഷാവകഭേദങ്ങളെ നിർവ്വചിക്കുകയാണു ചെയ്യുന്നത്. പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ബഹുഭാഷാത്വത്തിന്റെ സാഹചര്യങ്ങളിലും ഭാഷകളുടെ സ്വത്വനിർണ്ണയം നടത്താമോ? ഒരു മേധാവിത്വ ഭാഷയുടെയും, കീഴടക്കപ്പെട്ട ഒരു ഭാഷയുടെയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം നിർവചനങ്ങൾ സാധ്യമാണോ? അല്ലെങ്കിൽ, ഒരു ഭാഷയ്ക്ക് മറ്റു ഭാഷകളുടെമേൽ സാമ്രാജ്യത്വപരമായ അധീശത്വം ലഭിക്കുന്ന സാഹചര്യങ്ങളിൽ നിന്നാണോ ഇതു മനസ്സിലാക്കേണ്ടത്? ഉദാഹരണമായി അമേരിക്കൻ ഇംഗ്ലീഷിന്റെ ഇന്നത്തെ നില എന്നപോലെ?’’.
‘‘പ്രൂസ്റ്റാണ് പറഞ്ഞത്, മാസ്റ്റർപീസുകൾ ഒരുതരത്തിലുള്ള വിദേശ ഭാഷയിലാണ് എഴുതപ്പെടുന്നത് എന്ന്. ‘വിക്കുകൾക്ക്’ ഇതു ബാധകമാണ്. സംസാരത്തിൽ സംഭവിക്കുന്ന വിക്കല്ല. ഭാഷ വിക്കുന്നു (വിറക്കുന്നു, തടഞ്ഞു വീഴുന്നു, ചിതറുന്നു, ശ്ലഥമാകുന്നു) എന്നർത്ഥത്തിൽ. സ്വന്തം ഭാഷയല്ലാത്ത മറ്റൊരു ഭാഷ സംസാരിക്കുമ്പോൾ മാത്രമല്ല, സ്വന്തം ഭാഷയിൽ തന്നെ ഒരു വിദേശിയായിത്തീരുക. അതിന് ഒരു ഭാഷാവകഭേദമോ നടുമുറ്റമോ ഇല്ലാതിരിക്കുമ്പോൾ പോലും ഭാഷാപരവും ബഹുഭാഷാപരവുമാവുക. ഒരു തന്തയില്ലാത്തവൻ ആയിത്തീരൽ. വേണ്ടത്ര അന്നം കിട്ടാത്തവളായിത്തീരൽ. (വേടനായിത്തീരൽ). അത് വംശത്തിന്റെ ഒരു ശുദ്ധീകരണത്തിലൂടെ നടക്കുന്നതാണ്. അപ്പോഴാണ് ശൈലി ഒരു ഭാഷയായിത്തീരുക. ഭാഷ മൂല്യങ്ങളുടെയും തീക്ഷ്ണപ്രവാഹങ്ങളുടെയും ഒരു ശുദ്ധ അന്യുസ്യൂതിയായിത്തീരുക. അതാണ് എല്ലാ ഭാഷയും അതിന്റെ രഹസ്യാത്മകത കൈവരിക്കുന്നു എന്നതിന്റെ അർത്ഥം, ഒന്നും ഒളിച്ചുവെക്കാനില്ലാതെത്തന്നെ രഹസ്യാത്മകമാവുക. ഭാഷയിൽ ഒരു സ്വകാര്യ ഉപവ്യവസ്ഥ വേർത്തിരിച്ചെടുക്കുന്നതിൽ നിന്ന് വിരുദ്ധമാണിത്. ശാന്തമായ മനസ്ഥിതിയിലൂടെയും (sobriety) ക്രിയാത്മകമായ കേവലവൽക്കരണത്തിലൂടെയും (creative abstraction) മാത്രമേ ഒരാൾക്ക് ഈ തരത്തിൽ എത്തിച്ചേരാനാവൂ. ഇടർച്ചയില്ലാത്ത സവിശേഷവൽക്കരണത്തിന് യോഗീപരമായ വഴിയേ (ascetic lines) ഉള്ളൂ. ഒരു ഔഷധസ്പർശം. ശുദ്ധജലം’’.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നിലകൊള്ളേണ്ടിവന്ന തെക്കേ മലബാറിലെ മുസ്ലിം-മാപ്പിള സമൂഹങ്ങൾ തങ്ങളുടെ യാഥാസ്ഥിതികമായ സമരനിലപാടിൽ നിന്ന്, ‘ഇംഗ്ലീഷ് ചെകുത്താന്റെ ഭാഷയാണ്’ എന്ന് പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്.
ഹിന്ദുത്വ ശക്തികൾ, ഹിന്ദി ഭാഷാ പ്രസ്ഥാനത്തെ മുന്നോട്ടുവച്ചുകൊണ്ടാണ്, മുപ്പതുകളിൽ പ്രവർത്തനക്ഷമമായത്. ഹിന്ദുസ്ഥാനിക്കും പ്രാദേശിക ഭാഷകൾക്കും അതീതമായി ഹിന്ദിയെ പ്രതിഷ്ഠിക്കുന്നതിൽ ഒരു പരിധിവരെ അവർ വിജയിക്കുകയും ചെയ്തു. ഹിന്ദുസ്ഥാനിയുടെ ജനകീയ സ്വഭാവത്തെ വരേണ്യവത്കരിച്ച്, ഒരു രഹസ്യവിനിമയമായി, ഒരു ഉപവ്യവസ്ഥയായി അതിനെ മാറ്റുന്നതിലൂടെ, ഇന്ത്യൻ മുസ്ലിംകൾ നിലകൊണ്ട ‘മുഗൾ വരേണ്യത’യോട് ഒരർത്ഥത്തിൽ ചേർന്നുനിന്നുകൊണ്ടു തന്നെ, ഹിന്ദുസ്ഥാനിയുടെ ജനകീയതയെയും, പേർഷ്യനും അറേബ്യനുമായി അതിന്റെ ചേരുവകളെയും നീക്കം ചെയ്തുകൊണ്ട്, ഒരു ലളിത ഹിന്ദിയിലേക്ക് ഇന്ത്യൻ ഭാഷകളെ പരിവർത്തനം ചെയ്തെടുക്കുന്നതിൽ, ഹിന്ദി ഭാഷാപ്രസ്ഥാനത്തെ കയ്യാളിയതിലൂടെ, ഹിന്ദുത്വ ശക്തികൾ ഒരു പരിധി വരെ വിജയിച്ചു. ‘ഗീതാ പ്രസ്സിനെ’ ഈ വിധം ഉപയോഗിക്കുന്നതിൽ, ഹിന്ദുത്വ ശക്തികൾ അതിന്റെ ആദ്യകാലത്ത് പ്രവർത്തനക്ഷമമായതിനെക്കുറിച്ച്, അക്ഷയ മുകൾ, തന്റെ പ്രസിദ്ധമായ ഗവേഷണ ഗ്രന്ഥത്തിൽ (Gita Press and the Making of Hindu India) വിശദീകരിക്കുന്നുണ്ട്.
ഇതിൽ വിജയിച്ച സംഘപരിവാരം അധികാരത്തിലെത്തുകയും, അതിന്റെ ഭാഷാനയത്തിനും ഹിന്ദു ഏകീകരണ ശ്രമങ്ങൾക്കും എതിർപ്പുകളെ ഇല്ലാതാക്കാൻ ഒരു പരിധിവരെ അതിനു സാധിക്കുകയും ചെയ്തു. അതേസമയം, തങ്ങളുടെ ഫാഷിസ്റ്റ് പ്രവണതയാർന്ന മേധാവിത്വനീക്കങ്ങൾക്ക്, ഇംഗ്ലീഷ് പ്രാവീണ്യമുള്ള ഇന്ത്യക്കാരായ ബുദ്ധിജീവികേന്ദ്രങ്ങളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ്, അമിത് ഷായുടെ ഈ ഇംഗ്ലീഷ് വിരുദ്ധ ‘കൽപ്പനാ-വാക്യത്തെ’ നാം കാണേണ്ടത്. നെഹ്റുവിയൻ പാരമ്പര്യത്തിലുള്ള ഇന്ത്യൻ സെക്യുലർ ബുദ്ധിജീവികൾ, ഇംഗ്ലീഷ് മാധ്യമമാക്കിക്കൊണ്ട് തീർത്ത പ്രതിരോധ മാധ്യമ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ലാക്കാക്കിയുള്ള, ഹിന്ദുത്വ ശക്തികളുടെ പുതിയ നീക്കത്തിന്റെ പ്രസ്താവനയായി അമിത് ഷായുടെ ഈ ഭീഷണി- വാക്യത്തെ കാണാനാകും.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നിലകൊള്ളേണ്ടിവന്ന തെക്കേ മലബാറിലെ മുസ്ലിം-മാപ്പിള സമൂഹങ്ങൾ തങ്ങളുടെ യാഥാസ്ഥിതികമായ സമരനിലപാടിൽ നിന്ന്, ‘ഇംഗ്ലീഷ് ചെകുത്താന്റെ ഭാഷയാണ്’ എന്ന് പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്. ‘യാഥാസ്ഥിതികത്വം ചിലപ്പോൾ വിപ്ലവകരമായ മുന്നണികളുടെ നിലനിൽപ്പിന്റെ ഊർജ്ജമാകാറുണ്ട്’ എന്ന ഗ്രാംഷിയുടെ പ്രസ്താവനയെ ഉപജീവിക്കുകയാണെങ്കിൽ, ഇംഗ്ലീഷ് ഭാഷയോടുള്ള മാപ്പിള മുസ്ലീങ്ങളുടെ യാഥാസ്ഥിതിക നിലപാട്, കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വളമായിത്തീരുകയായിരുന്നു എന്നു കാണാം. ഇന്ത്യൻ ‘ഭാഷാ ദേശീയതകൾ’ ഇത്തരത്തിൽ നടത്തിയ പ്രതിരോധമുന്നണികളുടെ ഊർജ്ജത്തെ തന്നെയാണ് അമിത് ഷാ ഒരു ‘കല്പനാ-വാക്യമായി’ പരിവർത്തിപ്പിച്ചിരിക്കുന്നത്. ‘സ്വന്തം ഭാഷയിൽ വിദേശ ഭാഷ സംസാരിക്കുന്ന’, ഇന്ത്യൻ ബുദ്ധിജീവികളുടെയും അക്കാദമിക സമൂഹത്തിന്റെയും പ്രതിരോധ ഭാഷയായിത്തീർന്ന ഇംഗ്ലീഷിനെ, ഒരു താക്കീതിലൂടെയാണ് അമിത് ഷാ നേരിട്ടിരിക്കുന്നത്. ഇത്തരം ‘കൽപ്പനാ-വാക്യങ്ങൾ’ രൂപം കൊള്ളുന്നവിധം നാം വിശകലനം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്.
ഇന്ത്യൻ ജനതയുടെ പ്രതിരോധ പാരമ്പര്യങ്ങളിൽ നിന്ന് ഒരു പ്രസ്താവന കണ്ടെത്തി, അത് സമകാലീന സംഘപരിവാർ വാഴ്ചകൾക്കനുകൂലമായ അടിക്കുറിപ്പായി പരിണമിപ്പിക്കുന്ന ഭാഷയുടെ ‘രൂപാന്തരീകരണത്തെപ്പറ്റിയാണ്’ നാം പറഞ്ഞുവെച്ചത്.
കീഴാളതയുടെയും മേലാളതയുടെയും ഭാഷകളുടെ ഇടയിൽ, മധ്യവർത്തി പശ്ചാത്തലമുള്ള ഒരു ഭാഷ പകരം വെയ്ക്കുന്ന ഈ മീഡിയോക്രിറ്റിയാണ്, ഈ മധ്യവർഗ മനഃസ്ഥിതിയിൽ നിന്നാണ് ഫാഷിസത്തിന്റെ പ്രവണതകൾ ഉടലെടുക്കുന്നത്. ഹിന്ദി എന്ന മധ്യവർത്തി ഭാഷ, ഇന്ത്യൻ ദേശീയതയുടെ വൈവിധ്യങ്ങൾക്ക് പകരം വെയ്ക്കുന്ന ‘സാംസ്കാരികമായ ദാരിദ്ര്യ’ത്തെയാണ് (cultural poverty) ഹിന്ദുത്വം അടയാളപ്പെടുത്തുന്നത്. ആക്രമണോത്സുകമായ അധികാരപ്രയോഗത്തിൽ നിന്ന്, സൗമ്യാധികാരത്തിന്റെ പുതിയ കൊളോണിയൽ രീതികളിലേക്ക് സംഘപരിവാരം നീങ്ങുന്നതിന്റെ അടയാളവാക്യമായിത്തീരുന്നു അമിത് ഷായുടെ ഈ കല്പനാ- വചനം, ‘ഇംഗ്ലീഷ് സംസാരിക്കുന്നവർ ഖേദിക്കേണ്ടിവരും, രാജ്യത്ത് അത്തരം ഒരു സ്ഥിതിയാണ് ഉടൻ വരാൻ പോകുന്നത്’.
