ഇന്ത്യ, അതിന്റെ ഭരണഘടനാ മൂല്യങ്ങൾ കയ്യൊഴിഞ്ഞ് അതിവേഗം ഒരു ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമായി പരിണമിക്കുകയാണ്. അതിനായി ജനാധിപത്യത്തിന്റെ സാധ്യതകളെ തന്നെയാണ് ഫാസിസ്റ്റ് ശക്തികൾ പ്രയോജനപ്പെടുത്തുന്നത്. അംബേദ്കർ നിരീക്ഷിക്കുന്നതുപോലെ മേൽമണ്ണിൽ മാത്രം ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യൻ സാമൂഹ്യാവസ്ഥക്ക് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ അപകടരമാം വിധം മാറ്റം സംഭവിച്ചിരിക്കുന്നു.
ഹെഡ്‌ഗേവാറും ഗോൾവാക്കറും ചേർന്നു രൂപപ്പെടുത്തിയ രാഷ്ട്രീയ സ്വയംസേവക് സംഘ് സർവ്വ ലക്ഷണങ്ങളും തികഞ്ഞ ഫാസിസ്റ്റ് പ്രസ്ഥാനമാണ്. ഇന്ത്യൻ ഫാസിസത്തിന് സംഘടനാ രൂപവും സൈദ്ധാന്തിക അടിത്തറയും നൽകിയ ഗോൾവാക്കറെ ജനാധിപത്യ ഇന്ത്യയിലേക്ക് പുനരാനയിക്കുമ്പോൾ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ദൂരം കുറയുകയാണ്.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ഗോൾവാക്കറുടെ പേരിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിലെ സർക്കാർ വിദ്യാഭ്യസ സ്ഥാപനത്തെ ഗോൾവാക്കർ സ്മാരകമാക്കുന്നതും പുതിയ പാർലമെന്റ് മന്ദിരത്തിന് ബ്രാഹ്മണാചാരപ്രകാരം മന്ത്രപൂജാദികളോടെ ശിലാസ്ഥാപനം നടത്തുന്നതുമെല്ലാം ഹിന്ദു രാഷ്ട്രസ്വപ്നം പരസ്യമായി കൊണ്ടാടാനുള്ള രാഷ്ട്രീയാന്തരീക്ഷമൊരുങ്ങിക്കഴിഞ്ഞെന്ന ഗർവ്വിലേക്ക് സംഘപരിവാർ മാറിയതിന്റെ തെളിവാണ്. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള ഈയൊരു കുതിപ്പിനെ ഭയപ്പെടുകയും പ്രതിരോധിക്കുകയും വേണം. അതിന് ഗോൾവാക്കറുടെ രാഷ്ട്ര സങ്കൽപത്തെക്കുറിച്ചുള്ള ധാരണയുണ്ടാകണം.
ഗോൾവാക്കറെക്കുറിച്ചും അദ്ദേഹം മുന്നോട്ടുവച്ച ജനാധിപത്യവിരുദ്ധമായ സങ്കല്പങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. ആ പേര് ഒരു ശാസ്ത്രസ്ഥാപനത്തിനു നൽകുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ അജണ്ടകളും വിശകലന വിധേയമാക്കുന്നു.
വ്യക്തിയുടെ കർതൃത്വത്തെ സംഘടനയുടെ പ്രത്യയശാസ്ത്ര ബോധ്യങ്ങൾക്കനുരൂപമായ വിധം ക്രമപ്പെടുത്തുകയാണ് ഗോൾവാക്കറിന്റെ നേതൃത്വത്തിലുള്ള സംഘ് ചെയ്തത്. ഏകശിലാത്മകമായ ദേശത്തെ രൂപപ്പെടുത്തുന്നതിന്റെ ആരംഭവും മാതൃകാരൂപവുമായി സംഘിന്റെ സംഘടനാസംവിധാനത്തെ പരിഗണിക്കാവുന്നതാണ്
ആരായിരുന്നു ഗോൾവാക്കർ?
1906 ൽ നാഗ്പൂരിലെ കർഹാഡ ബ്രാഹ്മണ ദമ്പതികളായ സദാശിവറാവുവിന്റേയും ലക്ഷ്മിഭായിയുടേയും ഒൻപതാമത്തെ മകനായിട്ടാണ് മാധവ സദാശിവ ഗോൾവാക്കറുടെ ജനനം. ഗോൾവാക്കറിന്റെ ജനനസമയത്ത് തപാൽ ജീവനക്കാരനായിരുന്ന പിതാവ് പിന്നീട് സ്‌കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അച്ഛന്റെ സ്ഥലംമാറ്റത്തോടൊപ്പം പലയിടങ്ങളിലായിട്ടാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചത്. മകനെ ഡോക്ടറാക്കണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരം പ്രശസ്തമായ പൂനെ ഫൊർഗൂസൺ കോളേജിൽ അദ്ദേഹം വൈദ്യശാസ്ത്രപഠനത്തിന് ചേർന്നെങ്കിലും അത് തുടർന്നില്ല. പിന്നീട് നാഗ്പൂരിലെ ഹിസ് ലോപ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസാകുകയും ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ സുവോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസകാലത്ത് ബയ്യാജി ദാനി ബനാറസ് സർവ്വകലാശാലയിൽ ആർ. എസ്.എസ് ശാഖ ആരംഭിച്ചിരുന്നു. അതിലെ അംഗമായി പ്രവർത്തനം തുടങ്ങിയെങ്കിലും പി.എച്ച്.ഡി ഗവേഷണത്തിനായി മദ്രാസിലെ മറൈൻ അക്വേറിയത്തിൽ ചേർന്നതോടെ ശാഖാപ്രവർത്തനം തടസപ്പെട്ടു. പിന്നീട് ഗവേഷണം പൂർത്തിയാക്കാതെ ബനാറസിൽ തിരിച്ചെത്തിയ ഗോൾവാക്കർ 1930 മുതൽ 1933 വരെ ബനാറസ് സർവ്വകലാശാലയിൽ അധ്യാപകനായും ജോലി ചെയ്തു.
1934 ലാണ് ആർ.എസ്.എസിന്റെ മുഖ്യശാഖയുടെ കാര്യവാഹക് ആയി ഗോൾവാക്കർ സ്ഥാനമേറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് ആർ.എസ്.എസിന്റെയും ഗോൾവാക്കറുടെയും വളർച്ച വളരെ വേഗത്തിലായിരുന്നു. ഇന്നു കാണുന്ന രൂപത്തിൽ ആർ.എസ്.എസിനെ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1937ൽ സംഘിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനത്ത് ഗോൾവാക്കർ എത്തിച്ചേർന്നു. 1940 ൽ ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാർ അന്തരിച്ചതോടെ ഗോൾവാക്കർ സർ സംഘ് ചാലക് ആയി. 1973 ൽ മരിക്കുന്നതുവരെയും ആർ.എസ്.എസിന്റെ നേതൃസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് സാധിച്ചു.
ഗോൾവാക്കറുടെ വ്യക്തിവിവരങ്ങൾ അധികമൊന്നും ലഭ്യമല്ലെന്ന് ആർ.എസ്.എസിനെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ജ്യോതിർമയ ശർമയെ പോലുള്ളവർ പറയുന്നുണ്ട്. മുഴുവൻ സമയ സംഘ് പ്രവർത്തകരായി മാറിയ ആരുടെയും വ്യക്തിജീവിതമോ വിചാരലോകമോ ആർ.എസ്.എസിന്റെ സംഘടനാസംവിധാനങ്ങൾക്കു പുറത്തേക്കു സഞ്ചരിക്കുക പതിവില്ല. അത്തരത്തിൽ അടഞ്ഞ രൂപഘടനയാണ് സംഘിനുള്ളത്. വ്യക്തിയുടെ കർതൃത്വത്തെ സംഘടനയുടെ പ്രത്യയശാസ്ത്രബോധ്യങ്ങൾക്കനുരൂപമായ വിധം ക്രമപ്പെടുത്തുകയാണ് ഗോൾവാക്കറിന്റെ നേതൃത്വത്തിലുള്ള സംഘ് ചെയ്തത്. വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അതുവഴി ജനാധിപത്യത്തെ തന്നെയും നിരാകരിച്ച് ഏകശിലാത്മകമായ ദേശത്തെ രൂപപ്പെടുത്തുന്നതിന്റെ ആരംഭവും മാതൃകാരൂപവുമായി സംഘിന്റെ സംഘടനാസംവിധാനത്തെ പരിഗണിക്കാവുന്നതാണ്.
1954 ൽ സിന്ധി സമ്മേളനത്തിൽ ഗോൾവാക്കർ നടത്തിയ പ്രസംഗം വ്യക്തിയുടെ കർതൃത്വത്തെ എങ്ങനെയാണ് സംഘപരിവാർ നിരസിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്: "ഒരു വ്യക്തിയുടെ ശരീരത്തിന് എത്രകാലം സംഘിനുവേണ്ടി പ്രവർത്തിക്കാനാകുമോ അത്രയും കാലം പ്രവർത്തിക്കാം. പക്ഷേ ശരീരത്തിന് സംഘിന്റെ പ്രവർത്തനം അസാധ്യമായി തീരുന്ന ദിവസം അതു മരിക്കണം. ശരീരം മരിക്കാൻ വിസമ്മതിച്ചാൽ അതിനെ വഴിയരികിൽ തള്ളുക. സംഘിന് അത് ഭാരമാകരുത്.' ‘സംഘ് നിങ്ങളെ എങ്ങനെ നിലനിർത്തുന്നുവോ നിങ്ങൾ അങ്ങനെത്തന്നെ ആയിരിക്കും. അത് നിങ്ങളെ കൊന്നാൽ നിങ്ങൾ മരിക്കും. ഇങ്ങനെ സംഭവിക്കാൻ ഞാനെന്തു ചെയ്തുവെന്നു പോലും നിങ്ങൾ ചോദിക്കില്ല. അങ്ങനെയൊരു ചിന്തപോലും നിങ്ങൾ വച്ചുപുലർത്തില്ല'.
സംഘ് എങ്ങനെയാണോ ഒരോ വ്യക്തിയേയും രൂപപ്പെടുത്തുന്നത് ആ നിലയിൽ തന്നെ ജീവിതകാലത്തുടനീളം തുടരണമെന്ന് ഗോൾവാക്കർ ഉപദേശിക്കുന്നുണ്ട്.
ഇത്തരത്തിൽ അടിമത്തത്തിലധിഷ്ഠിതവും ആത്മത്യാഗസന്നദ്ധവുമായ അണികളെ സൃഷ്ടിക്കാനാണ് ഗുരുജി എന്ന സവിശേഷാധികാരത്തെ ഉപയോഗിച്ചുകൊണ്ട് ഗോൾവാക്കർ ശ്രമിക്കുന്നത്. വ്യക്തിപരമായ തെരെഞ്ഞെടുപ്പിനെ പ്രതിലോമകരമായ ഒന്നായി ഗോൾവാക്കർ പരിഗണിക്കുന്നു. സംഘിനുള്ളിൽ പോലുമുള്ള വ്യത്യസ്തമായ പ്രവർത്തനമേഖലകളിൽ സ്വന്തമായ തെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്നാണ് ഗോൾവാക്കറുടെ നയം. അല്ലാത്തപക്ഷം അത് പ്രതിഫലമില്ലാത്ത തൊഴിലായി മാറുമെന്ന് അദ്ദേഹം അംഗങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. സൈന്യത്തിന് സമാനമായ ഘടന രൂപപ്പെടുത്തുന്നതോടെ വ്യക്തിയ്ക്ക് സംഘടനക്കകത്തോ പുറത്തോ ഏജൻസി ഇല്ലാതാകുന്നു. ഇതിലൂടെ വ്യക്തിയുടെ കർതൃത്വത്തെ മാത്രമല്ല സംഘടനയുടെ ആന്തരികമായ ജനാധിപത്യത്തെപ്പോലും തള്ളിക്കളയുകയാണ് അദ്ദേഹം ചെയ്യുന്നത്.
സംഘിന്റെ സംഘടനാസംവിധാനം പൗരുഷത്തിൽ അധിഷ്ഠിതമായിരുന്നു. പുരുഷൻമാർക്കു മാത്രം പ്രവേശനമുള്ള ഒന്നായിട്ടാണ് സംഘത്തെ ഗോൾവാക്കർ വിഭാവനം ചെയ്തത്. സംഘിൽ പ്രവർത്തിക്കുന്ന പുരുഷൻമാരെ കുടുംബജീവിതത്തിൽ നിന്ന് ഗോൾവാക്കർ വിലക്കുന്നുണ്ട്. സ്ത്രീകളുമായുള്ള നിരന്തര സമ്പർക്കം പൗരുഷത്തിന് കുറവുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും പ്രവേശനമില്ലാത്തതും ബ്രാഹ്മണാധികാരത്തിനു കീഴിൽ പ്രവർത്തിക്കുന്നതുമായ ഏകാധിപത്യരൂപമായിട്ടാണ് ഗോൾവാക്കർ സംഘിനെ സ്ഥാപിച്ചെടുക്കുന്നത്. സംഘിനെ ദൈവത്തിന്റെ അവതാരമായിപ്പോലും ഗോൾവാക്കർ അവതരിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ജ്യോതിർമയ ശർമ്മ പറയുന്നത് കേൾക്കുക: "ഭൂമിയിലെ ദൈവനിയോഗമാണ് സംഘ് എന്ന കാര്യത്തിൽ ഗോൾവാക്കറിന് സംശയമുണ്ടായിരുന്നില്ല. എന്നാൽ ഇത് ഒരു സാധാരണ ദൈവനിയോഗമല്ല. അധർമ്മത്തെ അവസാനിപ്പിക്കാനുള്ള ദൈവാവതാരമാണ് സംഘ് എന്ന് ഒരിക്കലയാൾ അതിനെ വിശേഷിപ്പിക്കുന്നുണ്ട്. ദൈവം ചിലപ്പോൾ മനുഷ്യരൂപത്തിലും ചിലപ്പോൾ സംഘടനാരൂപത്തിലും പ്രത്യക്ഷമാവും. കലിയുഗത്തിൽ ശക്തിയുടെ ഏറ്റവും ഉന്നതരൂപം എന്നു പറയുന്നത് സംഘടനയാണ്. അങ്ങനെ ഈ കാലഘട്ടത്തിൽ ദൈവം സംഘിന്റെ രൂപത്തിൽ പ്രത്യക്ഷമായിരിക്കുകയാണ്. സംസ്‌ക്കാരങ്ങളെ സംഘടിപ്പിക്കാൻ. തലമുറയിൽ നിന്നും തലമുറകളിലേക്കുള്ള അനശ്വരമൂല്യങ്ങളുടെ പൈതൃക കൈമാറ്റമെന്ന നിലക്ക് മറ്റാരും രാഷ്ട്രത്തെ കണ്ടിട്ടില്ല. മൂല്യങ്ങളുടെ പ്രസരണമെന്നതിനെ അധിഷ്ഠിതമാക്കി രാഷ്ട്രത്തെ ശക്തിപ്പെടുത്തുക എന്ന റോൾ ഏറ്റെടുക്കാൻ ധൈര്യപ്പെട്ടിട്ടുള്ളത് സംഘ് മാത്രമാണ്. ഇതാണ് ഗോൾവാക്കറെ സംബന്ധിച്ചിടത്തോളം സംഘിന്റെ നിയോഗം ' ( നടുക്കുന്ന ദർശനം, പേജ് 115, 116).
ഗോൾവാക്കറിലൂടെ ഏകാധിപത്യവും ജാതിയിലധിഷ്ഠിതമായ ഹൈന്ദവ ദേശീയതയും മാത്രമല്ല പുരുഷാധിപത്യപരമായ മൂല്യങ്ങളും ദളിത്- ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയും കൂടിച്ചേർന്നു രൂപപ്പെട്ട ആശയലോകമാണ് സംഘിന്റെ രാഷ്ട്രീയാടിത്തറയായി മാറിയത്. വരേണ്യതയെ ഉയർത്തിപ്പിടിച്ചും ദുർബല വിഭാഗങ്ങളെ അവജ്ഞയോടെ പുറംതള്ളിയും പൗരുഷത്തെ ഉയർത്തിപ്പിടിച്ചും ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത ആളുകളെ സൃഷ്ടിച്ചും ഇന്ന് കാണുംവിധമുള്ള, ഉംബർട്ടോ എക്കോ പറയുന്ന വിശദീകരിക്കുന്ന മട്ടിൽ ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള സംഘടനയായി സംഘ് രൂപംപ്രാപിക്കുന്നത് ഗോൾവാക്കറുടെ കാലത്താണ്.
ഭരണഘടനയാണ് ഗോൾവാക്കറുടെ ശത്രു
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ഒരു ഘട്ടത്തിലും ഐക്യപ്പെടാത്തവരാണ് സംഘപരിവാരം. സാമ്രാജ്യത്വം രൂപപ്പെടുത്തിയ കെടുതികളെക്കുറിച്ച് ലോകം ചർച്ച ചെയ്യുമ്പോൾ അതിനെ സാധൂകരിക്കാനാണ് ഗോൾവാക്കറിന്റെ നേതൃത്വത്തിലുള്ള സംഘ് ശ്രമിച്ചത്. അശക്തരെ ചൂഷണം ചെയ്യുന്നത് ശക്തരുടെ അവകാശമാണെന്നുപോലും ഗോൾവാക്കർ ധരിച്ചിരുന്നു. ഹെഡ്‌ഗേവാറിന്റെ മരണശേഷം ഗോൾവാക്കർ സർ സംഘ് ചാലക് ആയി സ്ഥാനമേറ്റ സമയത്ത് ഇന്ത്യയിൽ സാമ്രാജ്യത്വ വിരുദ്ധവികാരം ആളിക്കത്തുകയായിരുന്നു.
ആർ.എസ്.എസിന്റെ പ്രമാണഗ്രന്ഥമായ വിചാരധാരയിൽ രാഷ്ട്രത്തിന്റെ ഭരണ സംവിധാനമെങ്ങനെയായിരിക്കണമെന്ന ചർച്ച നടക്കുന്നുണ്ട്. സവർണ ഹിന്ദു സങ്കൽപമനുസരിച്ചുള്ള രാജഭരണത്തെയും ബ്രാഹ്മണാധികാരത്തെയും മഹത്വവത്കരിച്ചുകൊണ്ടാണ് ചർച്ചയിലുടനീളം ഗോൾവാക്കർ ഇടപെടുന്നത്.
ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം പോലും ഗോൾവാക്കറിൽ യാതൊരു ചലനവും സൃഷ്ടിച്ചിരുന്നില്ല. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഘട്ടത്തിൽ അദ്ദേഹം നടത്തുന്ന പ്രധാനപ്പെട്ടൊരു പ്രസ്താവന ശ്രദ്ധിക്കുക:"സമൂഹത്തിന്റെ ഇപ്പോഴത്തെ ജീർണ്ണമായ സ്ഥിതിയിൽ ആരേയും കുറ്റപ്പെടുത്താൻ സംഘ് ആഗ്രഹിക്കുന്നില്ല. ജനങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പോൾ അവരിലെ ബലഹീനതയാണ് വെളിവാക്കുന്നത്. ബലഹീനർക്കെതിരായ അനീതികൾക്ക് പ്രബലരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സംഘിന് അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ കുറ്റപ്പെടുത്തിയോ ആക്ഷേപിച്ചോ പാഴാക്കേണ്ട ആവശ്യമൊന്നുമില്ല. വൻ മത്സ്യം ചെറു മത്സ്യത്തെ ഭക്ഷിക്കുകയാണെങ്കിൽ അതിന് വൻ മത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധ അസംബന്ധമാണ്. നല്ലതായാലും അല്ലെങ്കിലും പ്രകൃതി നിയമങ്ങൾ എല്ലായ്‌പ്പോഴും ഒരുപോലെയാണ്. അന്യായമെന്നു വിവക്ഷിക്കപ്പെടുന്നതിലൂടെ ആ നിയമം മാറില്ല.' ( ശ്രീ ഗുരുജി സമാഗർ ദർശൻ, വോള്യം: 4 പേജ് 11-12).
ബ്രിട്ടീഷുകാർ മടങ്ങുന്നതോടെ ഇന്ത്യയൊരു ജനാധിപത്യരാജ്യമായിത്തീരുമെന്ന യാഥാർത്ഥ്യം ഗോൾവാക്കറെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. ജനാധിപത്യമെന്ന ആശയത്തെ തന്നെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹം പൗരാണികതയിൽ അഭിരമിക്കുകയും ഐതിഹ്യകഥകളിലെ വീരൻമാരായ രാജാക്കൻമാരെ ആരാധിക്കുകയും ചെയ്തു. ബ്രാഹ്മണ്യത്തെയാണ് മാതൃകാ ഭരണസ്ഥാപനമായി ഗോൾവാക്കർ അംഗീകരിച്ചത്. ബ്രാഹ്മണ പൗരോഹിത്യത്തിനു കീഴ്‌പ്പെട്ട് ക്ഷത്രിയർ ഭരണം നിർവ്വഹിക്കുന്ന അധികാര ക്രമത്തെയാണ് ഗോൾവാക്കർ വിഭാവനം ചെയ്‌തെന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ തെളിവു തരും. ആർ.എസ്.എസിന്റെ പ്രമാണഗ്രന്ഥമായ വിചാരധാരയിൽ രാഷ്ട്രത്തിന്റെ ഭരണ സംവിധാനമെങ്ങനെയായിരിക്കണമെന്ന ചർച്ച നടക്കുന്നുണ്ട്. സവർണ ഹിന്ദു സങ്കൽപമനുസരിച്ചുള്ള രാജഭരണത്തെയും ബ്രാഹ്മണാധികാരത്തെയും മഹത്വവത്കരിച്ചുകൊണ്ടാണ് ചർച്ചയിലുടനീളം ഗോൾവാക്കർ ഇടപെടുന്നത്. ചർച്ചയിലൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നു: "ധർമ്മത്തിന്റെ കൽപ്പനകൾ അദ്ദേഹം (രാജാവ്) അനുസരിക്കണം. അശ്വമേധാദി യജ്ഞങ്ങൾ നടത്തിയ ശേഷം അദ്ദേഹം ദണ്ഡ്യോfസ്മി (ഞാൻ ലോകം ജയിച്ചു. ഇനി ആർക്കുമെന്നെ ശിക്ഷിക്കാൻ സാധിക്കുകയില്ല) എന്നു മൂന്നുവട്ടം പറയും. ഓരോ പ്രാവശ്യവും ഇതു പറയുമ്പോഴും യജ്ഞത്തിന്റെ മുഖ്യ പുരോഹിതൻ ധർമ്മ ദണ്ഡം കൈയിലെടുത്ത് അദ്ദേഹത്തിന്റെ ശിരസിലടിച്ചു കൊണ്ടു ധർമദണ്ഡ്യോfസ്മി' എന്നു പ്രതിവചിക്കും." ( ഗോൾവാക്കർ, വിചാരധാര പേജ് 694 )
ഹിന്ദു ധർമ്മശാസ്ത്രങ്ങളിൽ ധർമം എന്ന വാക്കിന് വർണാശ്രമധർമ്മത്തിലധിഷ്ഠിതമായ ജീവിതനിയമങ്ങളുടെ പാലനമെന്നാണർത്ഥമെന്നോർക്കണം. ഇതിനോടകം വിവാദമായിക്കഴിഞ്ഞ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന പരിപാടിയിലും ബാബരി മസ്ജിദ് തകർത്ത് പണിതുയർത്തുന്ന രാംമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിലും പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി പങ്കെടുത്തിരുന്നു. മതേതര രാജ്യത്തിന്റെ പാർലമെന്റ് ശിലാസ്ഥാപന വേദിയിൽ ബ്രാഹ്മണ പുരോഹിതൻമാരുടെ മുൻപിൽ ഭക്ത്യാദരവോടെ നിൽക്കുന്ന മോദിയുടെ ചിത്രം ഗോൾവാക്കർ ഭാവന ചെയ്ത, ബ്രാഹ്മണ്യത്തിനു കീഴ്പ്പെടുകയെന്നത് തന്റെ ധർമ്മമാണ് എന്നു കരുതുന്ന, അതിന് സ്വയം സന്നദ്ധനാകുന്ന ഹിന്ദു രാജസങ്കൽപ്പത്തിന്റെ പ്രത്യക്ഷരൂപമാണ്. താൻ സ്വപ്നം കണ്ട ഹിന്ദു സാമ്രാട്ടിനെ സൃഷ്ടിക്കാൻ ഗോൾവാക്കറുടെ രാഷ്ട്രീയത്തിനായിരിക്കുന്നു.
പുരാണ കഥകളിലെ രാജസങ്കല്പത്തോടു മാത്രമല്ല, ബ്രിട്ടീഷ് ഇന്ത്യയിലെ ചെറിയ ഹിന്ദു നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരോടു പോലും സംഘിന് വലിയ മമതയായിരുന്നുവെന്നു ചരിത്രം. നാട്ടുരാജ്യങ്ങളിലെ ജനവിരുദ്ധ രാജശക്തികളുമായി അടുത്ത ബന്ധമാണ് സംഘിന് ഉണ്ടായിരുന്നത്.
ആർ.എസ്.എസ് സ്ഥാപക നേതാവായ ഹെഡ്‌ഗേവാർ രാജകുടുംബങ്ങളുടെ ആതിഥ്യം സ്വീകരിക്കാൻ വലിയ ഉത്സാഹം കാണിച്ചിരുന്നതായി രേഖകളുണ്ട്. 1931ൽ കോലാപൂർ നാട്ടുരാജാവായ രാജാറാം മഹാരാജയെ പ്രീണിപ്പിക്കുന്നതിനായി അവിടുത്തെ ആർ.എസ്.എസിന് രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന പേരുമാറ്റി രാജാറാം സ്വയം സേവക് സംഘ് എന്നു പേര് നൽകാൻ ഹെഡ്‌ഗേവാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. പൂന, ഔധ് തുടങ്ങിയ നാട്ടുരാജ്യങ്ങൾ സന്ദർശിക്കുമ്പോഴെല്ലാം രാജാക്കൻമാരുടെ ആതിഥ്യവും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഔധ് സന്ദർശന സമയത്ത് രാജാവിന്റെ അതിഥിയായി കൊട്ടാരത്തിലായിരുന്നു ഹെഡ്‌ഗേവാറിന്റെ താമസം. ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് ദേശീയപ്രസ്ഥാനത്തിനെതിരെ പ്രവർത്തിച്ചിരുന്നവരാണ് ഈ നാട്ടുരാജാക്കൻമാർ എന്ന വസ്തുത കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
ഗാന്ധി വധിക്കപ്പെട്ട സമയത്ത് മുൻപ് നാട്ടുരാജ്യങ്ങളായിരുന്ന ചില പ്രദേശങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ഗാന്ധിവധത്തിന് ആറു ദിവസങ്ങൾക്കു ശേഷം നെഹ്‌റു വല്ലഭായ്പട്ടേലിന് എഴുതിയ കത്തിൽ പരാമർശിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിരോധിത ഭീകരസംഘടനയായി ആർ.എസ്.എസ് മാറുന്നത് ഈ സാഹചര്യത്തിലാണ്. ആർ.എസ്.എസ് നിരോധിക്കപ്പെടുമ്പോൾ ഗോൾവാക്കറായിരുന്നു സർ സംഘ് ചാലക്. ഇതേ തുടർന്ന് ഗോൾവാക്കർ ജയിലിലടക്കപ്പെട്ടു. ഗാന്ധിവധത്തിനു ശേഷം സംഘ് നടത്തിയ ആഹ്ലാദ പ്രകടനത്തെ ആധുനിക ഇന്ത്യയുടെ മതനിരപേക്ഷകമൂല്യങ്ങളോടുള്ള വെറുപ്പുമായിട്ടു കൂടി മനസ്സിലാക്കേണ്ടതുണ്ടതുണ്ട്. സെക്യുലറിസത്തോടു മാത്രമല്ല ജനാധിപത്യവ്യവസ്ഥയോടു തന്നെയും സംഘിന് വിയോജിപ്പുണ്ടായിരുന്നു.
ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്നത് തെരെഞ്ഞെടുപ്പുകളിലൂടെയാണ്. എന്നാൽ വോട്ടെടുപ്പ് എന്ന പ്രക്രിയയോടു തന്നെ പരിഹാസാത്മകമായ സമീപനമാണ് ഗോൾവാക്കർ പുലർത്തിയിരുന്നത്. പൗരൻമാർക്കെല്ലാം തുല്യത നൽകുന്ന വോട്ടെടുപ്പു പ്രക്രിയ, ശ്രേണീകൃത അസമത്വത്തിലധിഷ്ഠിതമായ ഹിന്ദു ജീവിതവ്യവസ്ഥയെ അട്ടിമറിക്കുമെന്ന് സംഘും ഗോൾവാക്കറും തിരിച്ചറിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ഇതദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. "ഈ ദേശത്തുള്ള പട്ടിക്കും പൂച്ചക്കും വോട്ടവകാശമുണ്ട്. ആദർശത്തെ അവഹേളിച്ചുകൊണ്ട് എല്ലാവരേയും ആലിംഗനം ചെയ്യാനുള്ള മനോഭാവം ഉണ്ടായത് ഈ കാരണത്താലാണ്. നാം തന്നെത്താൻ മറന്നെങ്കിലേ ഇതു സംഭവിക്കൂ. അതിനാലാണ് നാം എല്ലാം മാറ്റി വയ്ക്കാൻ തയ്യാറായത്. ഈ അടിസ്ഥാനത്തിൽ നാം സ്വധർമ്മം സ്വഭാഷ എന്നു വേണ്ട ചരിത്രം പോലും മാറ്റിക്കുറിക്കുകയാണ്. യഥാർത്ഥ ചരിത്രമോർത്താൽ ഈ സമന്വയം നടക്കില്ല എന്നതായിരുന്നു കാരണം '
ഇത്തരമൊരു വ്യവസ്ഥ ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധവും ഹിന്ദു ധാർമ്മികതയ്ക്കു നിരക്കാത്തതുമാണെന്നാണ് ഗോൾവാക്കർ പറയുന്നത്. ജനാധിപത്യം മുന്നോട്ടുവെയ്ക്കുന്ന സമത്വമെന്ന ആശയം ഇന്ത്യക്ക് അപരിചിതമായിരുന്നു എന്നതു വസ്തുതയാണ്. അതിനോടുള്ള പ്രതികരണത്തിലാണ് സംഘും ഇന്ത്യൻ ജനാധിപത്യവാദികളും തമ്മിൽ വേർപിരിയുന്നത്. അംബേദ്ക്കർ പറയുന്നത് നോക്കുക: "ഭരണഘടനാ ധാർമ്മികത ഒരു സ്വാഭാവിക വികാരമല്ല. അത് ഊട്ടി വളർത്തണം. നമ്മുടെ ജനത ഇനിയുമത് പഠിച്ചിട്ടില്ലെന്നു നാം മനസ്സിലാക്കണം. ഇന്ത്യൻ മണ്ണ് സത്താപരമായി ജനാധിപത്യരഹിതമാണ്. അതിന്റെ മേൽമണ്ണ് മാത്രമാണ് ഇന്ത്യയിലെ ജനാധിപത്യം'.
ഇന്ത്യൻ ജനതയെ ജനാധിപത്യവത്കരിക്കണമെന്ന് അംബേദ്ക്കർ വാദിക്കുമ്പോൾ ഇന്ത്യയെ അസമത്വപൂർണമായ ഭൂതകാലത്തിലേക്കു തിരിച്ചു നടത്തുകയാണ് ഗോൾവാക്കറുടെ ലക്ഷ്യം. പൗരാണികതയിലേക്കുള്ള തിരിച്ചു പോക്കിന് ഏക തടസ്സമായത് ഇന്ത്യയുടെ ഭരണഘടനയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കാൻ ഗോൾവാക്കർ ശ്രമിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. ഫെഡറലിസം മുതൽ വോട്ടെടുപ്പു പ്രക്രിയവരെ അതിലുൾപ്പെടുന്നു. ഒരു ഭൂപ്രദേശത്ത് കഴിയുന്ന എല്ലാവരേയും തുല്യരായി പരിഗണിക്കുന്ന പുതിയ രാഷ്ട്രീയവ്യവസ്ഥ ഗോൾവാക്കർക്ക് സ്വീകാര്യമായിരുന്നില്ല. പ്രാദേശികവാദം ശക്തിപ്പെടുത്താനുള്ള മാർഗമായിട്ടാണ് അദ്ദേഹം ഫെഡറൽ സിസ്റ്റത്തെ പരിഗണിച്ചത്.
പഞ്ചായത്തിരാജിനെക്കുറിച്ചുള്ള ചർച്ചയിൽ ഗോൾവാക്കർ പറയുന്ന അഭിപ്രായം കുറേക്കൂടി അപകടകരമാണ്. പഞ്ചായത്തിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പുകൾ എതിരില്ലാതെയായിരിക്കണമെന്നും അല്ലാത്തപക്ഷം തെരെഞ്ഞെടുപ്പു തന്നെ ഉണ്ടാവരുതെന്നും ഗോൾവാക്കർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനായി വോട്ടർപ്പട്ടികയിലും തെരെഞ്ഞെടുപ്പു നിയമങ്ങളിലും മാറ്റം വരുത്തുകയും ഭരണഘടന തന്നെ ഭേദഗതി ചെയ്യുകയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗ്രാമ റിപ്പബ്ലിക്കുകളെക്കുറിച്ചുള്ള ഫ്യൂഡൽ ഉട്ടോപ്യകൾ ഭരണഘടനാ അസംബ്ലി ചർച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. ഗ്രാമത്തലവന്റെ കീഴിൽ ജാതിശ്രേണിക്കനുസരിച്ച് ഭരിക്കപ്പെടുന്ന പഴയ കാലത്തേക്കുള്ള തിരിച്ചു പോക്കാണ് തെരെഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിലൂടെ ഗോൾവാക്കർ ലക്ഷ്യം വച്ചതെന്നു വ്യക്തമാണ്.
ഈവിധം ജാതീയവും മതപരവും ന്യൂനപക്ഷവിരുദ്ധവും സങ്കുചിത ദേശീയതയിലധിഷ്ഠിതവുമായ ആശയലോകത്തെ രൂപപ്പെടുത്തിക്കൊണ്ട് വലിയൊരു വിഭാഗം ജനങ്ങളെ സംഘിലേക്കെത്തിക്കാൻ ഗോൾവാക്കർക്കു സാധിച്ചു. സ്വന്തം കർതൃത്വത്തെ പൂർണ്ണമായും റദ്ദുചെയ്തുകൊണ്ടും ആക്രമണോത്സുകമായ പൗരുഷത്തെ വളർത്തിയെടുത്തുകൊണ്ടും സംഘിന് കീഴ്‌പ്പെട്ട യുവാക്കളുടെ അധ്വാനശേഷിയെ ചൂഷണം ചെയ്ത് സംഘപരിവാർ വളരുകയും ഇന്ത്യയെന്ന ആശയത്തെത്തന്നെ വെല്ലുവിളിക്കുകയും ചെയ്തു. അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിലുള്ള വിന്യാസമാണ് രണ്ടാം മോദി സർക്കാരിനു കീഴിൽ നാം കാണുന്നത്. കാശ്മീർ മുതൽ പൗരത്വനിയമം വരെയുള്ള സംഘ് നിലപാടുകൾ ജനാധിപത്യ ഇന്ത്യയെന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്നുണ്ട്.
പേരിന്റെ രാഷ്ട്രീയം
The first step in liquidating a people is to erase it's memory. Destroy it's books, it's culture, it's history, Then have someone write new books, manufacture a new culture, invent a new history. Before long the nation will begin to forget what it is and what it was.
Milan Kundera
ചരിത്രത്തിൽ ഓർമ പ്രവർത്തിക്കുന്നത് കേവലം വ്യക്ത്യനുഭവം എന്ന നിലയിലല്ല. ഭൂതത്തെ വർത്തമാനത്തോട് കൂട്ടിച്ചേർത്ത് നിലവിലെ ബന്ധവ്യവസ്ഥയെ രാഷ്ട്രീയവത്കരിക്കാനുള്ള ശേഷി ഓർമകൾക്കുണ്ട്. ആപൽക്കരമായ നിമിഷത്തിൽ എത്തിപ്പിടിക്കാൻ കഴിയുന്ന ഓർമയുടെ പേരാണ് ചരിത്രമെന്ന് വാൾട്ടർ ബൻയാമിൻ പറയുന്നത് അതുകൊണ്ടാണ്. മറവികൾക്കെതിരെ ഓർമകൾ കൊണ്ട് മനുഷ്യർ നടത്തുന്ന കലാപത്തെ അധികാരത്തിനെതിയായ കലാപമായി കാണുന്ന മിലൻ കുന്ദേരയും ബൻയാമിന്റെ നിരീക്ഷണത്തോടു യോജിക്കുന്നുണ്ട്. ഒരു ജനസമൂഹത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരുടെ ഓർമ്മകളെ ഇല്ലാതാക്കുകയാണെന്ന് കുന്ദേര പറയുന്നു. ഓർമയുടെ രാഷ്ട്രീയത്തിൽ തന്നെയാണ് ബൻയാമിനും കുന്ദേരയും ഊന്നുന്നത്.
സ്ഥാപനങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകുമ്പോഴും മേൽസൂചിപ്പിച്ച ഓർമയും ചരിത്രവും തമ്മിലുള്ള വിനിമയങ്ങൾ പ്രധാനമാണ്. ഒരു ജനസമൂഹം പൊതുവായി പങ്കിടുന്ന താൽപര്യങ്ങളും അഭിരുചികളും ഓർമകളുമാണ് പലപ്പോലും സ്ഥാപനങ്ങളുടെ പേരുകളായി മാറുന്നത്. സ്ഥലത്തെ പ്രാധാന വ്യക്തികൾ, കലാ- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രധാനികൾ എന്നിങ്ങനെ പലതരം താത്പര്യങ്ങൾ പേരിടുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടാകും. കാരണം ഏതുതന്നെയായാലും ചരിത്രത്തിൽ പലനിലയിൽ ഇടപ്പെട്ടത്തിന്റെ ഓർമയാണ് സമൂഹം നിലനിർത്താൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഓർമ്മയെന്നത് വിശാലാർത്ഥത്തിൽ ജനാധിപത്യത്തെക്കുറിച്ചുള്ള ഓർമ്മയായി തീരുന്നുണ്ട്.
ആധുനിക വിദ്യാഭ്യാസത്തെ പൊതുസ്വീകാര്യത നേടാനുള്ള ഉപാധിയാക്കി സംഘ് മാറ്റിയതെങ്ങനെയാണോ അതേമട്ടിൽ ശാസ്ത്രവിരുദ്ധരല്ലെന്നു സ്ഥാപിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സംഘപരിവാരം പദ്ധതിയിടുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട ഒരു ശാസ്ത്രസ്ഥാപനത്തിന് മുകളിൽ വിശദീകരിച്ച മട്ടിൽ ഹിന്ദുത്വത്തെ മാത്രം അംഗീകരിക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത ഗോൾവാക്കറുടെ പേരു നൽകുമ്പോൾ അതിനു പിന്നിൽ ഇന്ത്യൻ ജനാധിപത്യത്തെയും ഇക്കാലയളവിൽ ഒരു ജനസമൂഹം ആർജ്ജിച്ചെടുത്ത ആധുനികമായ ലോകബോധത്തെയും അട്ടിമറിക്കാൻ പ്രാപ്തിയുള്ള അപകടരമായ അജണ്ട പ്രവർത്തിക്കുന്നുണ്ടെന്നു പറയേണ്ടി വരും. അതാകട്ടെ നേരത്തെ സൂചിപ്പിച്ചതുപോലെ ഗോൾവാക്കറുടെ ഓർമ നിലനിർത്തുന്നതിൽ ഒതുങ്ങുന്നില്ലതാനും. പേരിനു പിന്നാലെ, പ്രതിമയും അതുവഴി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളും ക്യാമ്പസിൽ സ്ഥാപിക്കുകയും അതുവഴി ശാസ്ത്രത്തിന്റെ സ്ഥാനത്ത് മതത്തിനു പ്രാമുഖ്യമുള്ള രാജ്യം സൃഷ്ടിക്കുന്നതുമാകും ഇതിന്റെ ആത്യന്തികഫലം.
ആധുനിക ശാസ്ത്രശാഖകളോട് വൈമുഖ്യം കാണിക്കുകയും ശാസ്ത്രബോധത്തിനു പകരം മതബോധത്തെ പ്രതിഷ്ഠിക്കുകയുമാണ് സംഘപരിവാർ ചെയ്യുന്നതെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഫാസിസത്തിന്റെ ആദ്യ ലക്ഷണങ്ങളായി ഉംമ്പട്ടോ ഇക്കോ വിശദീകരിക്കുന്നതും പാരമ്പര്യവാദത്തെയും ആധുനികതയുടെ നിരാസ്സത്തേയുമാണല്ലോ. ഈവിധം ആധുനികശാസ്ത്രത്തെ തള്ളി കളയുകയും പൗരാണികതയെ സ്വീകരിക്കുകയും ചെയ്ത സംഘപരിവാരം മറ്റു സ്ഥാപനങ്ങളെയൊഴിവാക്കി, ഒരു ശാസ്ത്ര സ്ഥാപനത്തിന് ഗോൾവാക്കറുടെ പേരുനൽകുമ്പോൾ ആശങ്ക കുറേക്കൂടി വർധിക്കുന്നുണ്ട്. ഗോൾവാക്കറുടെ പേരിൽ ഒരു ശാസ്ത്രസ്ഥാപനം ഉണ്ടാകുന്നതോടെ രണ്ടു ഫലങ്ങളാവും ഉണ്ടാകുക.
ഒന്ന്, സംഘപരിപാറിൽ പൊതുവെ ആരോപിക്കപ്പെടുന്ന ശാസ്ത്രവിരുദ്ധത പതിയെ ഇല്ലാതാകുകയും ശാസ്ത്രത്തിന്റെ പ്രചാരകരായി സ്വയം അവരോധിക്കാൻ അവർക്ക് അവസരം ലഭിക്കുകയും ചെയ്യും. ആധുനിക വിദ്യാഭ്യാസത്തെ പൊതുസ്വീകാര്യത നേടാനുള്ള ഉപാധിയാക്കി സംഘ് മാറ്റിയതെങ്ങനെയാണോ അതേമട്ടിൽ ശാസ്ത്രവിരുദ്ധരല്ലെന്നു സ്ഥാപിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സംഘപരിവാരം പദ്ധതിയിടുന്നത്.
ആർ.എസ്.എസ് സ്ഥാപകനായിരുന്ന കേശവ ബലിറാം ഹെഡ്‌ഗേവാർ വൈദ്യശാസ്ത്രത്തിൽ ബിരുദധാരിയായിരുന്നു. സ്വയം സേവകരായി തെരെഞ്ഞെടുക്കപ്പെടുന്നവർ ബിരുദധാരികളായിരിക്കണമെന്ന നിലപാട് ഹെഡ്‌ഗേവാറിനുണ്ടായിരുന്നതായി ജീവചരിത്രമെഴുതിയ ശേഷാദ്രി പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നതു നോക്കുക: "സ്വയം സേവകർ ബിരുദധാരികളായിരിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് (ഡോ. ഹെഡ്‌ഗേവാർ) നിർബന്ധമുണ്ടായിരുന്നു. സംഘടനയുടെ ആദ്യഘട്ടങ്ങളിൽ, പ്രത്യേകിച്ചും, പ്രവർത്തനത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആളുകൾ ഒട്ടും തന്നെ ബോധവാൻമാരല്ലാത്തതിനാൽ, ഒരു സർവ്വകലാശാലാ ബിരുദം, സ്വഭാവികമായും പ്രവർത്തകരിലുള്ള വിശ്വാസ്യത വർധിപ്പിക്കും എന്നതാണിതിന് കാരണം ' (ഡോ.ഹെഡ്‌ഗേവാർ, പേജ് 106).
ശാസ്ത്രീയതയുടെ അടിസ്ഥാന മൂല്യങ്ങളെ ചോർത്തി കളയുകയും അതുവഴി മതത്തിന് സർവ്വാധിപത്യമുള്ള രാജ്യം സൃഷ്ടിക്കാനുമാണ് സംഘപരിവാറിന്റെ ശ്രമം. ആദ്യത്തേത് ഹ്രസ്വകാല ലക്ഷ്യമാണെങ്കിൽ രണ്ടാമത്തേത് ദീർഘകാല ലക്ഷ്യമാണ്.
ആധുനിക വിദ്യാഭ്യാസത്തിനോടുള്ള മമതയല്ല ഹെഡ്‌ഗേവാറിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. ഹിന്ദു സംഘടനയെന്നവകാശപ്പെടുമ്പോൾ തന്നെ മേൽജാതി ഹിന്ദു സംഘടനയാക്കി സംഘിനെ നിലനിർത്തുന്നതിൽ വിദ്യാഭ്യാസയോഗ്യതയുടെ അളവുകോൽ പ്രധാന പങ്കുവഹിച്ചിരുന്നു. ആധുനിക വിദ്യാഭ്യാസത്തെ ഏതുവിധമാണോ ഹെഡ്‌ഗേവാർ സംഘ് രാഷ്ട്രീയത്തെ സ്ഥാപിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള ഉപകരണമാക്കിയത് അതേ തന്ത്രമുപയോഗിച്ച് ശാസ്ത്രവിരുദ്ധരെന്ന മാറാപ്പേരിനെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് സംഘപരിവാറിനുള്ളത്.
രണ്ടാമതായി, ശാസ്ത്രത്തിന്റെ പ്രചാരകരായി സ്വയം അവരോധിച്ചശേഷം അതിന്റെ തന്നെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിക്കുകയും പൗരാണികവും അസംബന്ധപൂർണ്ണവുമായ അറിവുകളിലേക്ക് തിരിച്ചു നടത്തുകയും ചെയ്യുക. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മനുഷ്യർ മോചിപ്പിക്കപ്പെടുന്നത് ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ വരവോടെയാണ്. ഇതിൽ നിന്നുള്ള പിൻനടപ്പാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. ശാസ്ത്രവിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകളിലൂടെ ഭാരതീയ വിജ്ഞാനമെന്ന പേരിൽ അശാസ്ത്രീയവും അസംബന്ധവുമായ വിവരങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഹിന്ദുത്വം പ്രവർത്തിക്കുന്നത്. കോവിഡിനുള്ള പ്രതിവിധി ഗോമൂത്രമാണെന്നു പറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നോർക്കുക. ഈവിധം ശാസ്ത്രീയതയുടെ അടിസ്ഥാന മൂല്യങ്ങളെ ചോർത്തി കളയുകയും അതുവഴി മതത്തിന് സർവ്വാധിപത്യമുള്ള രാജ്യം സൃഷ്ടിക്കാനുമാണ് സംഘപരിവാറിന്റെ ശ്രമം. ആദ്യത്തേത് ഹ്രസ്വകാല ലക്ഷ്യമാണെങ്കിൽ രണ്ടാമത്തേത് ദീർഘകാല ലക്ഷ്യമാണ്.
അത്രമേൽ സൂക്ഷ്മമായിട്ടാണ് സംഘ് പ്രവർത്തിക്കുന്നത്. ജാഗ്രതയോടെ കരുതിയിരിക്കുക. ▮