കരിപ്പൂർ മുജാഹിദ് സമ്മേളനം: ശ്രദ്ധേയമായ 10 കാര്യങ്ങൾ

‘‘മതത്തിൻ്റെ പേരിൽ മുജാഹിദുകൾ ഉയർത്തിപ്പിടിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൻ്റെ പരിഗണനയിലും ചർച്ചയിലും വരേണ്ട കാര്യമല്ല. പക്ഷേ ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ അവരുയർത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ നിലപാടുകളും അജണ്ടകളും കേരളത്തിൻ്റെ പൊതുസമൂഹം ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്’’- കരിപ്പൂരിൽ നിന്ന് സമാപിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തെ വിലയിരുത്തുന്നു, എം.എസ്. ഷൈജു.

കേരളത്തിലെ മുസ്‌ലിം മത, സാമൂഹിക രംഗത്തെ അനവഗണനീയരായ ഒരു വിഭാഗമാണ് മുജാഹിദുകൾ. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദങ്ങളിൽ പാരമ്പര്യ ഇസ്‍ലാമിനുള്ളിലാരംഭിച്ച പരിഷ്കരണധാരക്ക് വലിയ പരിണാമങ്ങൾ വന്ന് രൂപപ്പെട്ട സംഘടനയായിരുന്നു മുജാഹിദുകളുടേത്. കലർപ്പില്ലാത്ത ഇസ്‌ലാം എന്ന് അവർ വിശ്വസിക്കുന്ന വീക്ഷണങ്ങളിലേക്ക് സാമാന്യ മുസ്‌ലിംകളെ എത്തിക്കുക, മറ്റ് മതസ്ഥരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്നിവയൊക്കെയാണ് മുജാഹിദ് സംഘടനയുടെ മുഖ്യ അജണ്ടകൾ.

ഇന്ന് പല സ്വതന്ത്ര സംഘടനകളായി വിഘടിച്ച് നിൽക്കുന്ന മുജാഹിദുകൾ 2002- നുമുമ്പ് ഒറ്റ വിഭാഗവും ഒറ്റ സംഘടനയുമായിരുന്നു. സാമൂഹികവും മതപരവുമായി രൂപപ്പെട്ട ചില സങ്കീർണ്ണതകളെ തുടർന്നാണ് അവരിൽ ഭിന്നിപ്പുകളുണ്ടാകുന്നതും പല കഷ്ണങ്ങളായി ചിതറുന്നതും. എൺപതുകളിൽ കേരളത്തിലെ സാമൂഹികമണ്ഡലങ്ങളിൽ സംഭവിച്ച സാംസ്കാരികമായ ഉണർച്ചയും വികാസവും മുജാഹിദ് യുവാക്കളിൽ വലിയ സ്വാധീനമുണ്ടാക്കി. പരമ്പരാഗതമായ അജണ്ടകൾക്കപ്പുറം മതത്തെ മുൻനിർത്തിക്കൊണ്ടുള്ള സാമൂഹികവും സാംസ്കാരികവുമായ ആവിഷ്കാരങ്ങൾക്കായി അവർ മുതിർന്നു. അതൊരു ധാരയായി വളർന്ന് വന്നെങ്കിലും അതിൻ്റെ പരിണിതഫലം സംഘടനയിൽ നിന്നുതന്നെ അവർ പുറത്തു പോകലായിരുന്നു. ഇതാണ് മുജാഹിദുകളിൽ സംഭവിച്ച ആദ്യ പിളർപ്പ്. വീണ്ടും പല പിളർപ്പുകളുമുണ്ടായി.

ഇന്ന് മൂന്ന് പ്രബല സ്വതന്ത്ര ഗ്രൂപ്പുകളായാണ് മുജാഹിദുകൾ എന്ന പേരിൽ പല സംഘടനകൾ കേരളത്തിൽ നിലനിൽക്കുന്നത്. അതല്ലാതെ ചില ചെറു സംഘങ്ങളും വ്യതിരിക്തമായ ആശയ ധാരകളുമായി ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഈ മൂന്ന് പ്രബല വിഭാഗങ്ങളിൽ ഒന്നിൻ്റെ സംസ്ഥാന സമ്മേളനമാണ് മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ ഇന്ന് സമാപിക്കുന്നത്.

Photo: KNM. FB Page

പരമ്പരാഗതമായി മുജാഹിദ് വിഭാഗങ്ങൾ പിളർപ്പിന് മുന്നേ ഒന്നായും പിളർപ്പുകൾക്കുശേഷം വെവ്വേറെയായും നടത്തിവന്നിരുന്ന സമ്മേളനങ്ങളുടെ പൊതു ശൈലിയിൽ നിന്നും സംസ്കാരത്തിൽ നിന്നും വേറിട്ടും, വ്യക്തമായ ചില സാമൂഹിക- രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്നതുമായ നിലയിലുമാണ് കരിപ്പൂരിലെ മുജാഹിദ് സമ്മേളനമെന്നാണ് അതിൻ്റെ സംഘാടകർ അവകാശപ്പെടുന്നത്. മതത്തിൻ്റെ പേരിൽ മുജാഹിദുകൾ ഉയർത്തിപ്പിടിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൻ്റെ പരിഗണനയിലും ചർച്ചയിലും വരേണ്ട കാര്യമല്ല. പക്ഷേ ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ അവരുയർത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ നിലപാടുകളും അജണ്ടകളും കേരളത്തിൻ്റെ പൊതുസമൂഹം ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അതിനെ മുൻ നിർത്തിയാണ് ഇപ്പോൾ നടക്കുന്ന സമ്മേളനത്തെ വിലയിരുത്തുന്നത്.

ഒന്ന്: ഗൾഫ് ഇസ്‌ലാമിൽ നിന്നുള്ള ബന്ധ വിച്ഛേദനം.

മുജാഹിദ് സമ്മേളനങ്ങളിൽ ഗൾഫ് നാടുകളിൽ നിന്നുള്ള അറബി പണ്ഡിതന്മാർ വ്യാപകമായി വരാൻ തുടങ്ങിയത് 1987-ലെ കുറ്റിപ്പുറം സമ്മേളനം മുതലാണ്. അറേബ്യൻ നാടുകളിലെ സാംസ്കാരികമായ പ്രത്യേകതകളെ മുഴുവൻ മുജാഹിദുകൾ മതപരമായി സ്വീകരിക്കാൻ ആരംഭിക്കുന്നത് പെട്രോ ഡോളർ സ്പോൺസർ ചെയ്യുന്ന ഒരു ഇസ്‌ലാമിൻ്റെ ആഗമനത്തോടെയാണ്.

ഫലസ്തീന്‍ എംബസി പൊളിറ്റിക്കല്‍ ആന്‍ഡ് മീഡിയ കൗണ്‍സിലര്‍ അബ്ദുറാസിക് അബു ജാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. / Photo:KNM Markazudawa

പ്രധാനമായും സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അറബി പണ്ഡിതരായിരുന്നു മുജാഹിദ് സമ്മേളനങ്ങളിലെ മുഖ്യ അതിഥികളും ആകർഷണവും. മുജാഹിദ് സംഘടനകൾ തമ്മിലുള്ള തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കാൻ പോന്ന വിധം രക്ഷാകർതൃസ്ഥാനങ്ങളിൽ നിന്നവരായിരുന്നു ഇത്തരം അറബി പണ്ഡിതർ. അറബ് ഇസ്‌ലാമിൻ്റെ സാംസ്കാരികമായ അധിനിവേശം കേരളീയ മുസ്‌ലിംകളിൽ സംഭവിച്ചതിനുപിന്നിൽ ഇവരുമായുള്ള ബന്ധം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ അപ്രമാദിത്വം മുമ്പുള്ള മുജാഹിദ് സമ്മേളനങ്ങളിൽ നിലനിന്നിരുന്നു. അതിൽനിന്ന് വ്യത്യസ്തമായ നിലയിലാണ് ഈ സമ്മേളനം നടക്കുന്നത്. പലസ്തീൻ എംബസി ഉദ്യോഗസ്ഥനോ മറ്റോ സംബന്ധിച്ചതൊഴിച്ചാൽ അങ്ങനെയൊരു അറബി വിധേയത്വം ഈ സമ്മേളനത്തിൽ കാണുന്നില്ല.

രണ്ട്: സലഫി ധാരയെ നിരാകരിക്കാനുള്ള ത്വര.

1920- കളിൽ പ്രവർത്തിച്ചിരുന്ന മതനവീകരണ സംഘമായിരുന്നു ഐക്യ സംഘം. അതിൻ്റെ തുടർച്ചയാണ് മുജാഹിദ് സംഘടന എന്നാണ് മുജാഹിദുകൾ സ്വയം ഉയർത്തുന്ന അവകാശവാദം. ഐക്യ സംഘത്തിൽ നിന്ന് 1951-ൽ രൂപീകരിക്കപ്പെട്ട മുജാഹിദ് സംഘടനയിലേക്കെത്തുമ്പോൾ ഇസ്‌ലാമിക ലോകത്ത് സംഭവിച്ച പ്രധാന സംഗതി ആഗോള ഇസ്‌ലാമിക നേതൃത്വം തുർക്കിക്ക് നഷ്ടമാകുകയും സൗദി അറേബ്യ ആ സ്ഥാനത്തേക്ക് വരികയും ചെയ്തു എന്നതായിരുന്നു. മുജാഹിദ് സംഘടന സൗദിയുമായി ബന്ധം സ്ഥാപിച്ചപ്പോൾ സ്വാഭാവികമായും സൗദിയുടെ മത ആദർശമായ സലഫിസം സംഘടനയിലേക്ക് കടന്നുവരാൻ തുടങ്ങി. ക്രമേണ ഒരു മൃദു സലഫി ധാരയിലായി മാറിയ മുജാഹിദ് സംഘടനയിൽ സലഫിസം തീവ്രമാകാൻ തുടങ്ങുന്നത്, 1987- ലെ, അറബികൾ കൂട്ടമായി വന്നുതുടങ്ങിയ സമ്മേളനത്തോടെയാണ്.

സലഫിസമെന്നത് ഇസ്‍ലാമിനുള്ളിലെ വീക്ഷണ ധാരകളിലെ ഒരു വലതുപക്ഷ സമീപനമാണ്. ജനാധിപത്യ വിരുദ്ധത, മതേതര നിഷേധം, സ്ത്രീ വിരുദ്ധത, ബഹുസ്വരതയോടുള്ള നിഷേധഭാവം, അനുഷ്ഠാനതീവ്രത, വിശ്വാസതീവ്രത, ശുദ്ധിവാദം, വ്യാഖ്യാനക്ഷമമല്ലാത്ത ഗ്രന്ഥവാദം തുടങ്ങി നിരാധുനികമായ വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്ന യാഥാസ്ഥികമായ മതധാരയാണ് സലഫിസം. മുജാഹിദ് സംഘടനയുടെ അലകും പിടിയുമടക്കം സലഫിസത്തിൻ്റെ ഹസ്തങ്ങളിൽ അമർന്നുതുടങ്ങുമ്പോഴാണ് നേരത്തേ പറഞ്ഞതു പോലെ, അതിനുള്ളിൽ നിന്ന് സലഫികൾക്ക് അംഗീകരിക്കാൻ കഴിയാത്ത ആശയങ്ങൾ ഉയർത്തി മറ്റൊരു യുവധാര രംഗത്തുവരുന്നത്. സാമൂഹ്യ പ്രസക്തവും കുറേക്കൂടി ഉദാരവുമായ ഒരു പുതിയ വഴി വെട്ടിത്തുറന്നാണ് ഇക്കൂട്ടർ മുന്നോട്ടു വന്നത്.

പത്താം മുജാഹിദ് സമ്മേളനത്തില്‍ നിന്ന്

കേരളത്തിലെ ആദ്യകാല മതനവീകരണ പ്രസ്ഥാനമായ ഐക്യസംഘത്തിൻ്റെ തുടർച്ചകൾ എന്ന അജണ്ടയുമായി മുന്നോട്ടുവന്ന ഈ സംഘത്തിന് ഒടുവിൽ മുജാഹിദ് സംഘടനയിൽ നിന്നുതന്നെ പുറത്തുപോകേണ്ടിവന്നു. പക്ഷേ അവരും മുജാഹിദുകൾ എന്നുതന്നെ അറിയപ്പെട്ടു. ആ ധാരയിലുള്ള സംഘടനയുടെ സമ്മേളനമാണ് ഇപ്പോൾ കരിപ്പൂരിൽ നടക്കുന്നത്. ബഹുസ്വര സമൂഹത്തിൽ പ്രതിലോമതകൾ മാത്രം സൃഷ്ടിക്കുന്ന സലഫിസത്തോട് പൂർണമായും ബന്ധം വിച്ഛേദിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുമോ എന്ന ഒരു ചോദ്യം കൂടി ഈ സമ്മേളനം ഉയർത്തുന്നുണ്ട്.

മൂന്ന്: മത്സരത്തിൽനിന്നും ഭിന്നിപ്പിൽനിന്നും ഒഴിഞ്ഞ്…
വിഭക്ത മുജാഹിദ് സംഘടന നടത്തിയ സമ്മേളനങ്ങളുടെ തുടർച്ചയായാണ് എല്ലാ വിഭാഗങ്ങളും സമ്മേളനങ്ങൾ നടത്തുന്നത്. പിളർന്നുമാറിയ ശേഷം മറ്റൊരു വിഭാഗമായ വിസ്ഡം മുജാഹിദുകൾ വിപുലമായ നിലയിൽ മുജാഹിദ് സമ്മേളനങ്ങൾ നടത്തിയിട്ടില്ല. അഞ്ച് വർഷത്തിലൊരിക്കലാണ് മുജാഹിദുകളുടെ സമ്മേളനം നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള നയങ്ങളും നിലപാടുകളുമാണ് സമ്മേളനത്തോടെ രൂപപ്പെടുന്നത്.

ഏതാണ്ട് ഒരു വർഷം മുമ്പേ ഔദ്യോഗിക മുജാഹിദ് സംഘടന അവരുടെ സമ്മേളനം നടത്തിയിരുന്നു. അതുമായി മത്സരിക്കാനും അതുവഴി ഭിന്നിപ്പിന് അവസരമുണ്ടാക്കാനും ശ്രമിക്കാതെ ഒരു വർഷം നീട്ടിവെച്ചുകൊണ്ടാണ് ഇപ്പോഴത്തെ സമ്മേളനം നടക്കുന്നത്. അത് അംഗീകരിക്കപ്പെടേണ്ട ഒരു നിലപാടാണ്. എന്നാൽ ഔദ്യോഗിക മുജാഹിദുകൾ ഈ സമ്മേളന ദിവസങ്ങളിൽ ഇതിൻ്റെ അടുത്ത് സ്ഥലത്ത് മറ്റൊരു സമ്മേളനം നടത്തി തങ്ങളുടെ വൈരം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഔദ്യോഗിക മുജാഹിദുകൾ സമ്മേളനം നടത്തിയപ്പോൾ അതിനുപകരം ആ ദിവസങ്ങളിൽ ഈ സമ്മേളനക്കാർ ഒരു പരിപാടിയും നടത്തിയിരുന്നില്ല.

നാല്: ലീഗിനോടുള്ള സമീപനം.
മുജാഹിദ് സംഘടന അനൗദ്യോഗികമായി മുസ്‌ലിം ലീഗിനെ പിന്തുണക്കുന്ന ഒരു സമീപനമാണ് സ്വീകരിക്കാറ്. മുജാഹിദിൻ്റെയും ലീഗിൻ്റെയും പൊതു നേതാക്കളായി പ്രവർത്തിക്കുന്ന അനേകമാളുകൾ സംഘടനയുടെ നേതൃത്വത്തിലും പ്രാദേശികമായുമൊക്കെ മുമ്പുണ്ടായിരുന്നു. മുസ്‌ലിം ലീഗിൻ്റെ വോട്ട് ബാങ്ക് എന്ന് പറയുന്നത് യഥാർത്ഥത്തിൽ സമസ്തയും മുജാഹിദുകളുമാണ്. സമസ്തയിലെ പിളർപ്പിന് ശേഷം എ പി വിഭാഗം സമസ്ത ലീഗിൽ നിന്നകന്നു. ഫലത്തിൽ മൂന്ന് വിഭാഗം മുജാഹിദുകളും സമസ്തയും മാത്രമാണ് ലീഗിനൊപ്പമുണ്ടായിരുന്നത്. ഔദ്യോഗിക സമസ്ത വലിയൊരു പ്രതിസന്ധിയുടെ മധ്യത്തിലാണ്. ലീഗ് രാഷ്ട്രീയത്തിന് വിരുദ്ധമായ ഒരു ധാര അതിനുള്ളിൽ രൂപപ്പെട്ടുവരുന്നുണ്ട്. ലീഗ് അതിനെ ഗൗരവമായാണ് കാണുന്നത്. അതിനിടയിലാണ് മുജാഹിദുകളിൽ ഒരു വിഭാഗം സമ്മേളനം നടത്തുന്നത്. ലീഗിന് വലിയ പങ്കാളിത്തമോ സ്വാധീനമോ ഇല്ലാത്ത നിലയിലാണ് ഈ സമ്മേളനം നടക്കുന്നത്.

അഞ്ച്: വേദികളിലെ സ്ത്രീ സാന്നിധ്യം.
ദ്യോഗിക മുജാഹിദുകളും വിസ്ഡം മുജാഹിദുകളും ഏറിയും കുറഞ്ഞും പൂർണമായ സലഫി സംഘടനകളാണ്. അവർ സ്ത്രീകളെ പൊതുവേദിയിൽ കൊണ്ടുവരികയോ അവർക്ക് പുരുഷന്മാർക്കൊപ്പം ഇടപഴകാനുള്ള അവസരമോ നൽകാറില്ല. എന്നാൽ സ്ത്രീകൾക്ക് താരതമ്യേന കൂടുതൽ അവസരങ്ങളും ദൃശ്യതയും ലഭിക്കുന്ന ഒരു മുജാഹിദ് സമ്മേളനമാണിത്.

സ്ത്രീകൾക്ക് മാതൃ സംഘടനയിലോ പണ്ഡിത, യുവജന, വിദ്യാർത്ഥി സംഘടനയിലോ അംഗത്വം ഇവരും നൽകാറില്ല. പകരം സ്ത്രീകൾക്ക് വേറെ ഒരു സംഘടനയുണ്ടാക്കി നൽകുകയാണ് ഇവർ ചെയ്തിട്ടുള്ളത്. അതും ഒരു പരിധി വരെ പുരുഷ സംഘടനകളുടെ താത്പര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാനപരമായി, സ്ത്രീവിരുദ്ധമായും പുരുഷ മേധാവിത്വപരമായും മതത്തെ വ്യാഖ്യാനിക്കുന്ന ഒരു ശൈലിയിലാണ് ഇവർ വിശ്വസിക്കുന്നതെങ്കിലും പ്രായോഗികതലത്തിൽ സ്ത്രീകൾക്കുവേണ്ടി നിരവധി പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട്.

മറ്റ് മുജാഹിദ് സംഘടനകളെ അപേക്ഷിച്ച് ഈ സംഘടനയിലെ സ്ത്രീകൾക്ക് കൂടുതൽ ദൃശ്യതയും സ്വാതന്ത്ര്യവും ഉണ്ടെന്നത് വാസ്തവമാണ്. ഇതിൻ്റെ പ്രതിഫലനങ്ങൾ സമ്മേളനത്തിലെ പരിപാടികളിൽ കാണാനും സാധിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വേദികൾ വേണം എന്ന് വാദിക്കുന്ന തീവ്ര സലഫിസ്റ്റ് ധാരയിലുള്ള മറ്റ് മുജാഹിദുകളിൽ നിന്ന് വേറിട്ട് സ്ത്രീകളെക്കൂടി ഒരേ വേദിയിലും സദസിലും ഉൾക്കൊള്ളുന്ന ഇവർക്ക് അതേ സ്ത്രീകളെ സ്വന്തം സംഘടനകളിൽ അംഗത്വം കൊടുത്ത് ഉൾക്കൊള്ളാൻ ഈ സമ്മേളനത്തോടെയെങ്കിലും സാധിക്കുമെങ്കിൽ അതൊരു വിപ്ലവകരമായ നീക്കമായിരിക്കും.

ആറ്: ഉയരാത്ത ഒരാലോചന
മുസ്‌ലിംകളെന്ന നിലയിൽ കടുത്ത ഭീഷണിയും അരക്ഷിതാവസ്ഥയും രാജ്യത്ത് നേരിടേണ്ടിവരുന്ന ഒരു ജനതയാണ് നാല് ദിവസത്തെ സമ്മേളനത്തിലെ അഭിസംബോധിതർ. താരതമ്യേന സാമൂഹികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ഉയർന്നുനിൽക്കുന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ. ഇന്നത്തെ കാലത്ത് അവർ നടത്തുന്ന ഒരു സമ്മേളനത്തിൽ ഇത്തരം ഭീഷണികളെ സംബന്ധിച്ചും അവക്കുള്ള പരിഹാരങ്ങളെ സംബന്ധിച്ചും ഉറ്റാലോചനകൾ നടക്കേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ അത്തരം ശ്രമങ്ങൾക്കൊന്നും ഈ സമ്മേളനം അവസരം കൊടുത്തിട്ടില്ല. ഇതൊരു വലിയ പോരായ്മയായി തന്നെ കണക്കാക്കേണ്ടി വരും.

ഏഴ്: എത്രത്തോളം പ്രായോഗികം?
ലിയ അജണ്ടകൾ ഉയർത്തിക്കൊണ്ടാണ് സമ്മേളനം നടക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സമ്മേളനം നടക്കുന്നത്. തീർച്ചയായും സമ്പത്ത് അടക്കമുള്ള സ്വന്തം വിഭവങ്ങൾ എന്തിന്, എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ സംഘടന തന്നെയാണ്. പക്ഷേ ഇത്രയും പണവും മാനവവിഭവശേഷിയും ചെലവിട്ട് നടത്തുന്ന സമ്മേളനങ്ങൾ ഉയർത്തുന്ന അജണ്ടകൾ എത്രത്തോളം പ്രായോഗികമാകുന്നുണ്ട് എന്ന തരത്തിലുള്ള പരിശോധനകൾ കൂടി വേണ്ടതുണ്ട്.

മുൻ സമ്മേളനങ്ങൾ ഉയർത്തിയ അജണ്ടകളും ചർച്ച ചെയ്യപ്പെട്ട പ്രമേയങ്ങളും സമ്മേളനം അവസാനിക്കുന്നതോടെ അവിടെ തന്നെ അസ്തമിച്ച് പോകുകയും അതിൻ്റെ യാതൊരു ഗുണപരതയും പിന്നീട് കാണാതെ പോകുകയും ചെയ്യുന്ന ഒരു ദുരവസ്ഥയെ മുന്നിൽ വെച്ച് കൊണ്ടാണ് ഇങ്ങനെയൊരു വിമർശനം ഉയർത്തുന്നത്. ഉദാഹരണമായി മതം ഗുണകാംക്ഷയാണ് എന്ന പഴയൊരു പ്രമേയം തന്നെയെടുക്കാം. ഈ ഗുണകാംക്ഷ സോഷ്യൽ മീഡിയയടക്കമുള്ള പൊതു ഇടങ്ങളിൽ പ്രാവർത്തികമാക്കാൻ ആ പ്രമേയവും സമ്മേളനവും മൂലം ഏറ്റവും കുറഞ്ഞ പക്ഷം അതിൻ്റെ തന്നെ പ്രവർത്തകർക്കെങ്കിലും എത്രത്തോളം സാധ്യമാക്കിയിട്ടുണ്ട്? ഇത് പോലെ ഓരോന്നും പരിശോധിക്കാവുന്നതാണ്.

എട്ട്: പുതിയ ചോദ്യങ്ങൾ, പുതിയ ഉത്തരങ്ങൾ?
രു മത സംഘടനയെ സംബന്ധിച്ചേടത്തോളം ആധുനിക ജനാധിപത്യ സമൂഹത്തിൽ അഭിമുഖീകരിക്കേണ്ട അനവധി പ്രതിസന്ധികളുണ്ട്. പരമ്പരാഗത വീക്ഷണങ്ങൾ തിരുത്താൻ ആഗോള ക്രിസ്ത്യൻ സഭ പോലും തയ്യാറാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹികമായി ഉരുത്തിരിഞ്ഞ് വരുന്ന പുതിയ ആശയങ്ങളെ കണ്ണും പൂട്ടി നിരാകരിക്കുന്ന ഒരു തീവ്രരീതിയാണ് പൊതുവെ മതസംഘടനകൾ സ്വീകരിക്കാറുള്ളത്.

സാമൂഹികമായി മുന്നോട്ട് പോകാൻ കഴിയാത്ത ഒരു സ്തംഭനാവസ്ഥയെയാണ് അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുക. വീണ്ടും മുന്നോട്ട് പോകുന്നതിന് സാധിക്കുംവിധം സാമൂഹികവളർച്ച നേടാൻ ഉപകരിക്കുന്ന ഒരു അജണ്ടയും ഈ സമ്മേളനത്തിൽ ഉൾപ്പെട്ടുകണ്ടില്ല. കയ്യിലുള്ള സ്വന്തം ഉത്തരങ്ങൾ മാത്രം ആവർത്തിക്കുന്ന ചോദ്യങ്ങൾ പല വിധത്തിൽ ചോദിക്കുകയും അവയുടെ ഉത്തരങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന അതേ സമീപനം തന്നെയാണ് വിവിധ സെഷനുകളിൽ കാണുന്നത്. സമൂഹത്തിൽ ഉയരുന്ന പുതിയ ചോദ്യങ്ങൾക്കായി പുതിയ ഉത്തരങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ഉണ്ടാകാത്തിടത്തോളം നേരത്തെ പറഞ്ഞ സാംസ്കാരിക സ്തംഭനങ്ങളിൽ നിന്ന് മുന്നോട്ട് കടക്കാൻ കഴിയില്ല.

ഒമ്പത്: കാർഷിക മേള എന്തിന്?
മ്മേളനകവാടത്തിൽ തന്നെ സന്ദർശകരെ ആകർഷിക്കുന്ന വ്യത്യസ്തമായ ഒന്നാണ് കാർഷിക മേള. ഐക്യ സംഘം 1920- കളിൽ നടത്തിയ കാർഷിക മേളയെ അനുസ്മരിപ്പിക്കുന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

നൂറ് വർഷം പഴക്കമുള്ള ഒരു അജണ്ടയെ അത് പോലെ പുനരവതരിപ്പിക്കുമ്പോൾ വലിയ ഒരു പ്രശ്നമുണ്ട്. ഒന്ന്, ഐക്യ സംഘം ഉയർത്തിപ്പിടിച്ച വിശാലവും ഉദാരമായ ഒരു നിലപാടിൻ്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ അവർ നടത്തിയത്. അതിൻ്റെ മറ്റൊരുദാഹരണമായിരുന്നു സഹകരണബാങ്ക്. ആധുനിക ബാങ്ക് പലിശയെ മതനിഷിദ്ധമായി കണ്ടിരുന്ന മുസ്‌ലിം സമൂഹത്തിൻ്റെ മുന്നിൽ ആധുനികമായ ധനതത്വശാസ്ത്രത്തെ മുന്നിൽ വെച്ച്, ബാങ്ക് നടത്തുന്ന ക്രയ, വ്യയങ്ങളെ വിശകലനം ചെയ്ത്, ബാങ്ക് പലിശ നിഷിദ്ധമല്ല എന്ന നിലപാട് സ്വീകരിച്ചാണ് അവർ സഹകരണ ബാങ്ക് ആരംഭിച്ചത്. ആ പാരമ്പര്യത്തെയാണ് ഈ സമ്മേളനം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെങ്കിൽ സ്വന്തം സഹകരണ ബാങ്ക് ആരംഭിച്ച് അതിൻ്റെ ഒരു കൗണ്ടർ കൂടി ഈ സമ്മേളനത്തിൽ ഉൾപ്പെടുത്താനുള്ള തൻ്റേടം കാണിക്കേണ്ടതുണ്ട്.

രണ്ടാമതായി, കാർഷികമേള എന്ന പേരിൽ നടക്കുന്ന ഈ പരിപാടിയിൽ ജൈവകൃഷിയുടെ നൈതികതയെയാണ് ഉയർത്തിക്കാണിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാൽ ജൈവകൃഷി എന്നൊന്നില്ല. അതിനായി ശ്രമിക്കുന്നത് മൂഢത്തവുമാണ്. കാർഷികമേള എന്ന പേരിൽ നടത്തുന്ന ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടിനെ ഐക്യസംഘത്തിൻ്റെ തലയിൽ കെട്ടിവെക്കുന്നത് ഒട്ടും ശരിയല്ല.

പത്ത്: സി.പി.എം സാന്നിധ്യം
സമ്മേളനം ഉയർത്തുന്ന ഏറ്റവും പ്രധാനമായ ഒരു സന്ദേശം, അതിൻ്റെ രാഷ്ട്രീ ചായ്‌വാണ്. മുജാഹിദുകൾ പൊതുവേ ഇടതുപക്ഷ വിരുദ്ധരാണ്. കമ്യൂണിസം മതവിരുദ്ധമാണ് എന്നൊരു പ്രചാരണം പൊതുവേ മുജാഹിദ് ധാരകൾക്കുള്ളിൽ വ്യാപകമാണ്. അണികൾക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യമുള്ളവയാണ് മുജാഹിദ് സംഘടനകളെങ്കിലും സി.പി.എം പോലെയുള്ള സംഘടനകളിൽ സ്വന്തം അണികൾ പ്രവർത്തിക്കുന്നതിനെ സംഘടന പ്രോത്സാഹിപ്പിക്കാറില്ല.

സമ്മേളന ഉദ്ഘാടന വേദിയില്‍ എളമരം കരീം

ആ വിഷയത്തിൽ ഇപ്പോൾ സമ്മേളനം നടത്തുന്ന മർക്കസുദ്ദഅവ മുജാഹിദുകളും വ്യത്യസ്തരായിരുന്നില്ല. ഈയടുത്ത കാലത്തുപോലും അവരുടെ മുഖപത്രമായ ശബാബ് വഴി സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുകയും അത് വലിയ പ്രശ്നങ്ങൾക്ക് ആഭ്യന്തരമായി വഴിവെക്കുകയും ചെയ്തിരുന്നു. ഒടുവിൽ എളമരം കരീമിനെക്കൊണ്ട് അതിന് മറുപടി ശബാബിൽ തന്നെ കൊടുത്താണ് തത്കാലം പരിഹാരമുണ്ടാക്കിയത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഒരു ഇടതുപക്ഷമയമായാണ് ഇപ്പോൾ സമ്മേളനം നടക്കുന്നത്. ഇത്രയേറെ സി.പി.എം നേതാക്കൾ പങ്കെടുക്കുന്ന ഒരു മുജാഹിദ് സമ്മേളനവും മുമ്പുണ്ടായിട്ടില്ല. പിണറായി വിജയനും മുഹമ്മദ് റിയാസും പി. മോഹനനും മാത്രമല്ല സി.പി.എം ജനറൽ സെക്രട്ടറി സാക്ഷാൽ സീതാറാം യെച്ചൂരി വരെ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘടനക്കുള്ളിലെ ലീഗ് പക്ഷ പാതികളായ നേതാക്കളുടെ പ്രതിരോധത്തെ മറികടന്നുമാത്രമേ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ സാധിക്കൂവെന്നത് വ്യക്തമാണ്. ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ലീഗിൻ്റെ സമ്മർദ്ദങ്ങളെയും ഉള്ളിലെ ഇടതുപക്ഷ വിരുദ്ധരുടെ സകല എതിർപ്പുകളെയും മറികടന്ന് ഒരു മുജാഹിദ് സംഘടന സീതാറാം യെച്ചൂരിയെ മുഖ്യ അതിഥികളിൽ ഒരാളായി സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത് കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകർ ഒട്ടും സ്വാഭാവികമായാകില്ല പരിഗണിക്കുക. തീർച്ചയായും ദൂരവ്യാപക പരിണതികൾ സൃഷ്ടിക്കാൻ പോന്ന ഒരു രാഷ്ട്രീയ നിലപാട് തന്നെയായാണ് ഇത് കാണിക്കുന്നത്.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments