മിസ് ഗ്ലോറിയ ഫ്രം പാരീസ് നേർത്ത ഗൗൺ വലിച്ചെറിഞ്ഞ് രംഗപ്രവേശം ചെയ്തു. അവർ ഒരു മുതലാളിയുടെ മടിയിൽ കയറി ഇരുന്നു. ഇതുകണ്ട് മറ്റൊരു പണച്ചാക്ക് ഡാൻസറെ പിടിച്ചുവലിച്ച് തന്നോടടുപ്പിച്ചു. മുതലാളിമാർ മത്സരിച്ചെന്നവണ്ണം ആ പാവം സ്ത്രീയെ അങ്ങോട്ടുമിങ്ങോട്ടും വലിയ്ക്കാനും പിടിക്കാനും തുടങ്ങി. കസേരകൾ, സോഡാബോട്ടിലുകൾ തുടങ്ങിയവ വായുവിൽ പറന്ന് അവരിൽ ചിലരുടെ തല പൊളിച്ചു. തൃശൂരിൽനിന്നുതുടങ്ങി ബോംബെ വരെ നീളുന്ന, ഒരു കാലത്തിന്റെ സഞ്ചാരാനുഭവങ്ങൾ
വായിച്ചു വളരുക എന്ന പൊതുതത്വത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
സാമാന്യത്തിലധികം വിദ്യാഭ്യാസമുള്ള ഒരു ക്രിസ്തീയ കുടുംബത്തിലാണ് ജനിച്ചുവളർന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ ഇന്ത്യൻ എക്സ്പ്രസും മാതൃഭൂമി ദിനപ്പത്രവും ആഴ്ചപ്പതിപ്പും ജനയുഗം വാരികയും ബാല്യം മുതൽ വായിക്കാൻ അവസരമുണ്ടായിരുന്നു.
ആഴ്ചപ്പതിപ്പുകളിൽ കവിതകളെഴുതിയിരുന്ന ജ്യേഷ്ഠസഹോദരൻ കെ.സി. ഫ്രാൻസിസിനെ പത്രങ്ങൾ അവരുടെ ഫ്രീ മെയിലിങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതായത്, കാശുകൊടുക്കാതെ ഞങ്ങൾക്ക് അവ വായിക്കാമെന്നു സാരം. (അക്കാലത്ത് ബി.എ. ഇംഗ്ലീഷിൽ ഒന്നാം റാങ്കുകാർക്ക് മദ്രാസ് യൂണിവേഴ്‌സിറ്റി നൽകിപ്പോന്നിരുന്ന സ്വർണമെഡലിന് ഫ്രാൻസിസ് അർഹനായെങ്കിലും സെൻറ് തോമസ് കോളേജ് അധികൃതർ അത് നല്കിയില്ല. അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു എന്നതാണ് കുറ്റം. വായന അല്പം കടന്നുപോയി എന്ന് അവർക്ക് തോന്നിയിരിക്കാം.)
എന്നാൽ പത്രമാസികകൾ വായിക്കുന്നതിലുപരി അവയിൽ പ്രസിദ്ധീകരിച്ചുപോന്ന കാർട്ടൂണുകളിലും പരസ്യങ്ങളിലും ശ്രദ്ധപതിപ്പിക്കാനാണ് എനിക്കു തോന്നിയത്. പരസ്യകലയിലെ സർഗാത്മക അവതരണത്തെക്കുറിച്ച് ഒരു ചുക്കുമറിഞ്ഞുകൂടാത്ത, സാധാരണക്കാരനായ എന്നെപ്പോലൊരു ബാലന് എങ്ങനെ അതിൽ കമ്പംകയറിയതെന്നറിയില്ല. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഞാനതിൽ ഒരു കുട്ടിനിരീക്ഷകനായി എന്നെത്തന്നെ അവരോധിക്കുകയാണുണ്ടായത്.
കോളിനോസ് ചിരി
ആ കാലങ്ങളിൽ പ്രചുരപ്രചാരമുണ്ടായിരുന്ന കോളിനോസ് ടൂത്ത്‌പേസ്റ്റിന്റെ ‘ആഹാ, കോളിനോസ്' എന്ന തലക്കെട്ടോടുകൂടിയ പരസ്യങ്ങൾ നിത്യേനയെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പല്ല് മുഴുവൻ പുറമെ കാട്ടി ചിരിക്കുന്ന സുന്ദരിയായ ആ മോഡലിന്റെ ചിത്രം ഇപ്പോഴും ഓർമയുണ്ട്. മലയാളത്തിലെ ജനകീയ സാഹിത്യകാരന്മാരിൽ ചിലർ തങ്ങളുടെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ‘അവളൊരു കോളിനോസ് പുഞ്ചിരിതൂകി' എന്നും മറ്റും എഴുതിപ്പിടിപ്പിച്ചിരുന്നു.
ഏതാണ്ട് അതേകാലത്തുതന്നെ ‘നോക്കൂ, എന്തൊരു തലയെടുപ്പ്' എന്ന ക്യാപ്ഷനോടെ കുട്ടികളുടെ ഉയരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിളംബരം ചെയ്ത് ‘ഇൻക്രിമിൻ ടോണിക്' പുറത്തിറക്കിയിരുന്നു. ഒരു ജിറാഫ് തലയുയർത്തി നിന്ന് ഇല തിന്നുന്ന ചിത്രമാണ് അതിൽ ചേർത്തിരുന്നത്. ഉയരക്കൂടുതലുള്ള പെൺപിള്ളേരെ കാണുമ്പോൾ ‘ആഹാ എന്തൊരു തലയെടുപ്പ്' എന്ന് കോളേജ് വിദ്യാർത്ഥികൾ കമന്റടിച്ചിരുന്ന കാലം അല്പം വിദൂരമാണ്. ‘അട്ടർലി ബട്ടർലി ഡെലീഷ്യസ്' എന്ന് വിശേഷിപ്പിച്ച അമുൽ ബട്ടറിന്റെ പരസ്യങ്ങൾ എല്ലാ പത്രങ്ങളിലുമുണ്ടായിരുന്നു. സമകാലീന സംഭവങ്ങളിൽ നർമത്തിന്റെ മേമ്പൊടി വിതറിക്കൊണ്ടുള്ള, നമ്മെ ഈറിച്ചിരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുക കൂടി ചെയ്യുന്ന അമുൽ പരസ്യങ്ങൾ ഇപ്പോഴും കാണാം. അതിന്റെ വിഷ്വലൈസേഷൻ ഫ്രാങ്ക് സൈമോസും ഇന്ത്യയുടെ ഡയറിമാൻ എന്നറിയപ്പെടുന്ന വർഗീസ് കുര്യനും ചേർന്നാണെന്ന് പിന്നീടറിഞ്ഞു.
‘കാപാലിക’ അനൗൺസ്മെൻറ്
തൃശ്ശൂർ ശ്രീകേരളവർമ കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നതോടെ സുഹൃത്‌വലയം വികസിച്ചു. തേക്കിൻകാട് മൈതാനത്തെ മണികണ്ഠനാൽ പരിസരം സ്വാതന്ത്ര്യസമരസേനാനികൾ ജനങ്ങളെ അഭിസംബോധന ചെയ്ത് ബോധവാന്മാരാക്കിയ സ്ഥലമാണ്. മാഡം കാമയും മഹാത്മാഗാന്ധിയും തൃശൂർ സ്വദേശിയും ഗാന്ധിഭക്തനുമായ വി.ആർ. കൃഷ്ണനെഴുത്തച്ഛനും വരെയുള്ള നേതാക്കൾ പ്രസംഗിച്ച ആ ഭൂമികയ്ക്ക് തൊട്ടടുത്ത് വൈകുന്നേരങ്ങളിൽ ഞങ്ങൾ സൊറ പറഞ്ഞിരിക്കാറുണ്ട്. അതിന്റെ എതിർഭാഗത്തായി സൈൻ ആർട്‌സ് പബ്ലിസിറ്റി മൈക്കിലൂടെ സിനിമാഗാനങ്ങൾ ഒഴുകിവരും. ‘പെരിയാറേ പെരിയാറേ' എന്ന പ്രശസ്ത ഗാനത്തിനുശേഷം ചന്ദ്രബാബുവിന്റെ സിനിമയിലെ ‘പമ്പരക്കണ്ണാലെ, കാതൽ സംഗതി ചൊന്നാളെ' എന്ന ഗാനവും കേൾക്കാം. എന്നാൽ ഇതിനിടയിൽ ചില പരസ്യങ്ങളുടെ വിവരണവുമുണ്ടാകും. അതിലൊന്ന് സെൻറ് മേരീസ് കോളേജിന് സമീസ്ഥമായ നമ്പൂതിരീസ് ട്യൂട്ടോറിയലിന്റേതാണ്. ‘അണ്ടർ നമ്പൂതിരീസ് റൂഫ്, യു ആർ ഫേയ്‌ലിയർ പ്രൂഫ്' എന്നാണ് അവരുടെ വാഗ്ദാനം. ശ്രോതാക്കളായ ഞങ്ങൾക്കത് രുചിച്ചില്ല. ഒരു ദിവസം രാത്രി ഞങ്ങളിൽ ചിലർ നമ്പൂതിരീസിന്റെ മതിലിൽ ടാറു കൊണ്ട് ഇങ്ങനെയെഴുതി, ‘അണ്ടർ നമ്പൂതിരീസ് റൂഫ്, യു ആർ ഫേയ്‌ലിയർ പ്രൂഫ്. ബട്ട് നമ്പൂതിരീസ് റൂഫ് ഈസ് നോട്ട് വാട്ടർ പ്രൂഫ്.'
സംഗതി സത്യമാണ്. മഴ പെയ്താൽ നമ്പൂതിരീസിന്റെ ഓലമേഞ്ഞ ക്ലാസ് ഷെഡ്ഡിൽ നിന്ന് ഒറ്റ തുള്ളി വെള്ളം പുറത്തേക്ക് പോകില്ലല്ലോ!
പാട്ടുകേൾക്കലും ക്ലാസ് ബങ്ക് ചെയ്ത് സിനിമ കാണലും ഇടതടവില്ലാതെ പോലിറ്റേറിയൻ സിഗററ്റ് (ബീഡി) വലിയുമൊക്കെയായി ദിനങ്ങൾ മുന്നോട്ടുപോയി. ഇതിനിടെ സൈൻ ആർട്‌സ് പബ്ലിസിറ്റി എന്തോ കാരണവശാൽ താഴിട്ടുപൂട്ടി. വളരെ വൈകാതെ നായ്ക്കനാൽ പരിസരത്തുള്ള വി.ആർ.എസ്. പബ്ലിസിറ്റി ‘ഉദയം' ചെയ്തു. പൊതുപരിപാടികൾക്ക് മൈക്ക് സെറ്റ് വാടകയ്ക്കു നൽകിയിരുന്ന ആ സ്ഥാപനത്തിലെ അനൗൺസർ എന്റെ സ്‌കൂൾ സഹപാഠിയായിരുന്ന ഭാസ്‌കരനായിരുന്നു. സൈക്കിൾ വാടകയ്ക്കു കൊടുക്കുന്ന ഏർപ്പാടും വി.ആർ.എസിനുണ്ടായിരുന്നു. സൈൻ ആർട്‌സിലെ സിനിമാഗാന ശ്രോതാക്കൾ അപ്പോൾ വി.ആർ.എസിനു മുമ്പിലെത്തി ആ ഭാഗത്ത് ചടഞ്ഞുകൂടി. ഗ്രൂപ്പുഗ്രൂപ്പുകളായി ചീട്ടുകളിക്കാൻ വൈകുന്നേരങ്ങളിൽ അവിടെ ധാരാളം പേർ എത്തിയിരുന്നു. കളിക്കാരേക്കാളധികം അവിടെ കാഴ്ചക്കാരായി അനേകരാണുണ്ടായിരുന്നത്. സി.അച്യുതമേനോനെയും വൈലോപ്പിള്ളിയേയും അവിടെ കാണാറുണ്ട്.
‘ഹിന്ദി ഒഴിക, തമിഴ് വാഴ്ക' എന്ന തമിഴ് മക്കളുടെ സമരം ദക്ഷിണേന്ത്യയിൽ അലയടിച്ചിരുന്നു. ഭാസ്‌കരൻ അതിൽ മുൻപന്തി നേതാവായി. സി.എം.എസ്. സ്‌കൂളിലെ ആ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സമരനേതാവായത് അയാളുടെ വ്യകതിപരമായ കാര്യമായിരുന്നു എന്നുവേണം കരുതാൻ. ഞങ്ങളുടെ ഹിന്ദിമാഷ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വ്യക്തിയാണ്. ഭാസ്കരനെ തെരഞ്ഞുപിടിച്ച് അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അയാൾ ‘അയ്യത്തട' എന്നാകാറാണ് പതിവ്. കൂടാതെ ഹിന്ദി മാഷ്, ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണെന്നും എല്ലാവരും അത് നിർബ്ബന്ധമായും പഠിച്ചിരിക്കണമെന്നും മറ്റും ക്ലാസിൽ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഭാസ്കരന് ഇരിക്കപ്പൊറുതിയില്ലാതായി. ഹിന്ദി അക്ഷരങ്ങൾക്കു മുകളിൽ ചാർത്തുന്ന ‘വര' അനാവശ്യമാണെന്നുവരെ അയാൾ പറഞ്ഞുതുടങ്ങി. അയാൾ ഹിന്ദി ക്ലാസുകൾ മാത്രമല്ല, പഠിപ്പും ബഹിഷ്‌കരിച്ചു. ഏതാണ്ട് അനാഥനായ ഭാസ്കരൻ അപ്പോൾ വി.ആർ.എസ് പബ്ലിസിറ്റിയുടെ വാലായി അവിടെത്തന്നെ ഈണും ഉറക്കവുമായി കഴിഞ്ഞുകൂടി. സൈക്കിൾ റിപ്പയറിങ്ങിനോടൊപ്പം വി.ആർ.എസ് പബ്ലിസിറ്റിയുടെ ഇതര പരിപാടികളായ അനൗൺസ്മെൻറിലും ഡ്രാമ കർട്ടൻ, മൈക്ക് സെറ്റ് എന്നിവ വാടകയ്ക്കു നൽകുന്ന ഇടപാടുകളിലും അയാൾ ഭാഗഭാക്കായി. ഇതിനിടെ എൻ.എൻ. പിള്ളയുടെ ‘കാപാലിക' നാടകത്തിന്റെ മൈക്ക് അനൗൺസ്മെൻറ് ഭാസ്കരൻ വി.ആർ.എസിനുവേണ്ടി എങ്ങനെയോ ഒപ്പിച്ചെടുത്തു. ‘ട്രീസയുടെ ജാക്കറ്റിന്റെ ഹുക്കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ എന്താ കുഴപ്പം? ട്രീസക്ക് ഭ്രാന്തല്ലേ...? കാപാലിക ഇതിന് മറുപടി പറയുന്നു' എന്ന നാടകത്തിലെ വരികൾ തിരഞ്ഞുപിടിച്ച് ഭാസ്കരൻ മൈക്കിലൂടെ കാച്ചിവിട്ടു. തൃശൂർ മുതലാളിമാർക്ക് അത് ‘ക്ഷ' പിടിച്ചു. അതോടെ വി.ആർ.എസിന്റെ ബിസിനസ് മാറിമറിഞ്ഞു. കച്ചവട പണച്ചാക്കുകൾ തങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ലക്കും ലഗാനുമില്ലാതെ വി.ആർ.എസിന് നല്കി. റേഡിയോ സിലോണിലൂടെ പ്രശസ്തനായ അമിൻ സയാനിയുടെ പരമ്പരയിൽ ഭാസ്കരൻ എത്താൻ ഇനി അധികനാൾ വേണ്ടാ എന്ന് ഞാനും വിധിയെഴുതി.
നിങ്ങൾ ആഹ്ലാദം കൊണ്ട് മതിമറക്കും
ബി.എ. അവസാന വർഷ വിദ്യാർത്ഥിയായിരുന്ന 1973-74 കാലം.
ആയിടയ്ക്ക് തൃശൂരിലെ ചില മുതലാളിമാർ ചേർന്ന് മുൻസിപ്പൽ ജയ്ഹിന്ദ് മാർക്കറ്റിന്റെ മൂന്നാംനിലയിൽ ഒരു ‘റൂപ് ടോപ് കഫേ' ആരംഭിയ്ക്കാൻ പരിപാടിയിട്ടു. അതിന്റെ സവിശേഷതയുള്ള ഒരു പരസ്യം മലയാളപത്രങ്ങളിൽ അച്ചടിച്ചുവന്നതിങ്ങനെ: ‘‘തൃശൂരിൽ ആദ്യമായി കാബറേ അരങ്ങേറുന്നു. ട്രിച്ചൂർ മെലഡിയുടെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീതത്തിനൊപ്പം മിസ് ഗ്ലോറിയ ഫ്രം പാരീസ് നൃത്തചുവടുകൾ വെയ്ക്കും. നിങ്ങൾ ആഹ്ലാദം കൊണ്ട് മതിമറക്കും. ടിക്കറ്റുകൾ റിസർവ്വ് ചെയ്യുക.’’
മിസ് ഗ്ലോറിയ ഫ്രം പാരീസ്- 36'' 32'' 38'' (ഇത് അവരുടെ ശരീരത്തിന്റെ സ്റ്റാറ്റിറ്റിക്‌സ് ആണ്) തുടങ്ങിയ വരികൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ഭാസ്കരൻ കാറിലൂടെ പാഞ്ഞു. ഒരു കോംപ്ലിമെന്ററി പാസ് ഭാസ്കരൻ എനിക്ക് ഒപ്പിച്ചു തന്നിരുന്നു. നന്ദി ഭാസ്കരാ!
പോസ്റ്റോഫീസ് റോഡിന്റെയും ജയ്ഹിന്ദ് കെട്ടിടത്തിന്റെയും സമീപമുള്ള വിളക്കുകാലുകളിൽ ആളുകൾ പൊത്തിപ്പിടിച്ചു കയറി റൂപ് ടോപ് കഫേയിൽ നടക്കാനിരിക്കുന്ന മിസ് ഗ്ലോറിയ ഫ്രം പാരീസിന്റെ കാബറേ ഒരു നോക്കെങ്കിലും കാണാൻ പാടുപെടുന്നുണ്ട്.
ഒടുവിൽ ആ സുദിന (?) മെത്തി. ഞാൻ ആദ്യമേ അവിടെ സ്ഥലം പിടിച്ചിരുന്നു. ജയ്ഹിന്ദ് ബിൽഡിങ്ങിലെ റൂഫ്‌ടോപ് കഫേ പരിസരം നീലത്തുണി കെട്ടിമറച്ചിട്ടുണ്ട്. നഗരസഭയിലെ ഒരു മുതിർന്ന നേതാവ് ഉദ്ഘാടനത്തിന് തയ്യാറായി ടെറസിലെത്തി പുകവലിച്ചുകൊണ്ടിരുന്നു. സ്റ്റീൽ കസേരകൾക്കു നടുവിൽ വെള്ളത്തുണി വിരിച്ച മേശകൾ. ‘ട്രിച്ചൂർ മെലഡി' തങ്ങളുടെ സംഗീതോപകരണങ്ങളിൽ വിരലോടിച്ച് ഒരു ചെറു റിഹേഴ്‌സൽ നടത്തുന്നു. കാണികളായി അനേകം പണച്ചാക്കുകൾ കസേരകളിൽ ഉപവിഷ്ഠരായിട്ടുണ്ട്. ഭാസ്കരൻ വെള്ള ഷർട്ടും ടൈയും കെട്ടി അതിൽ കറുത്ത നിറമുള്ള ഒരു ബോയും തിരുകി പാന്റും ധരിച്ച് അതിഥികൾക്കിടയിൽ ഓടി നടന്ന്ചുവന്ന ദ്രാവകം വിതരണം ചെയ്യുന്നു. (അത് സാക്ഷാൽ ബ്രാണ്ടിയോ അതോ സമാന നിറത്തിലുള്ള ഏതോ ഒരു ദ്രാവകമാണ്) താഴെ, പോസ്റ്റോഫീസ് റോഡിന്റെയും ജയ്ഹിന്ദ് കെട്ടിടത്തിന്റെയും സമീപമുള്ള വിളക്കുകാലുകളിൽ ആളുകൾ പൊത്തിപ്പിടിച്ചു കയറി റൂപ് ടോപ് കഫേയിൽ നടക്കാനിരിക്കുന്ന മിസ് ഗ്ലോറിയ ഫ്രം പാരീസിന്റെ കാബറേ ഒരു നോക്കെങ്കിലും കാണാൻ പാടുപെടുന്നുണ്ട്. ഒന്നുരണ്ട് പൊലീസുകാരെ അവിടെ വിന്യസിച്ചിട്ടുള്ളത് ഇത്തരം കാണികളെ തടയാനാണെന്ന് തോന്നുന്നു.
റൂപ് ടോപ് കഫേയിൽ സജ്ജമാക്കിയ താൽക്കാലിക സ്റ്റേജിൽ കയറിനിന്ന് ഭാസ്കരൻ ‘മൈക്ക് ടെസ്റ്റ്, മൈക്ക് ടെസ്റ്റ്’ എന്നു പറഞ്ഞ് സൗണ്ട് സിസ്റ്റം പരിശോധിക്കുന്നു. അതാ, നഗരസഭയിലെ മുതിർന്ന നേതാവ് സ്റ്റേജിൽ കയറി ചെറുതായൊന്നു മൂളി കണ്ഠശുദ്ധി വരുത്തി പ്രസംഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം റൂപ് ടോപ് കഫേയെപ്പറ്റി പറയാൻ തുനിഞ്ഞപ്പോൾതന്നെ അതിഥികളിൽ ഒരാൾ ‘പ്രസംഗം നിർത്ത്, ഡാൻസ് വരട്ടെ' എന്നാക്രോശിച്ചു. കാബറേയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അടുത്തവരി പറഞ്ഞ നേതാവിനോട്, ‘മോനേ, ബെന്നിക്കുട്ടാ, നിന്റെ പ്രസംഗം നിർത്ത്, ഡാൻസ് തുടങ്ങ്' എന്നായി കാണികൾ. അവിടെ കൂടിയ എല്ലാവരും അക്ഷമരാണ്. പെട്ടെന്ന് മാലപ്പടക്കത്തിന് ആരോ തീ കൊടുത്തു. ഫട് ഫട് എന്ന് പൊട്ടിക്കൊണ്ടിരുന്ന പടക്കത്തിനിടയിൽ ഉഗ്രശബ്ദത്തോടെ ഗുണ്ടുകൾ ഠപ്പ് ഠപ് എന്ന് പൊട്ടി. (ഗർഭം കലക്കി എന്നാണ് ഇതിന്റെ തൃശൂർ ഭാഷ.) തൃശൂർ പൂരത്തിൽ വെടിമരുന്നു വിസ്മയം കാഴ്ചവെക്കാറുള്ള ‘ചേലപ്പാടൻ ഫയർവർക്‌സ്' ആണ് ഇതിന്റെ കരാറുകാരൻ .
സംഘാടകരിലെ പ്രമുഖൻ മൈക്കിനു മുന്നിൽനിന്ന് ‘അറ്റൻഷൻ, അറ്റൻഷൻ പ്ലീസ് എന്നും ഇതാ നമ്മുടെ കാബറേ ആരംഭിക്കുകയായി’ എന്നും അനൗൺസ് ചെയ്തു. ട്രിച്ചൂർ മെലഡീസ് ജാഗരൂകരായി. കാബറേ നൃത്തത്തിനു ചേർന്ന മ്യൂസിക് അവർ പെയ്തിറക്കി. മിസ് ഗ്ലോറിയ ഫ്രം പാരീസ് അവർ അണിഞ്ഞ നേർത്ത ഗൗൺ വലിച്ചെറിഞ്ഞ് രംഗപ്രവേശം ചെയ്തു.
മ്യൂസിക്കിന് യോജിച്ച രീതിയിൽ അവർ ചുവടുകൾ വെക്കുന്നു. തുള്ളപ്പനി ബാധിതയെപ്പോലെ ശരീരം വിറപ്പിക്കുന്നുണ്ട് ആ പാവം. കാണികളുടെ പൊട്ടിച്ചിരികൾ, തെറിവിളികൾ, അട്ടഹാസങ്ങൾ, ആക്രോശങ്ങൾ അരങ്ങേറുന്നു. ഇതിനിടെ മിസ് ഗ്ലോറിയ കാബറെയുടെ ഭാഗമെന്നോണം ഒരു മുതലാളിയുടെ മടിയിൽ കയറി ഇരുന്നു. മ്യൂസിക് ഉച്ചസ്ഥായിലായി. ഇതുകണ്ട് കുശുമ്പുമൂത്ത മറ്റൊരു പണച്ചാക്ക് കാബറേ ഡാൻസറെ പിടിച്ചുവലിച്ച് തന്നോടടുപ്പിച്ചു. മുതലാളിമാർ മത്സരിച്ചെന്നവണ്ണം ആ പാവം സ്ത്രീയെ അങ്ങോട്ടുമിങ്ങോട്ടും വലിയ്ക്കാനും പിടിക്കാനും തുടങ്ങി. എന്തിനേറെ കള്ള് തലയ്ക്കുപിടിച്ച മാന്യന്മാർ തമ്മിൽ ഉന്തുംതള്ളുമായി. കസേരകൾ, സോഡാബോട്ടിലുകൾ തുടങ്ങിയവ വായുവിൽ പറന്ന് അവരിൽ ചിലരുടെ തല പൊളിച്ചു. ഉപേക്ഷിച്ച ഗൗൺ തപ്പിയെടുത്ത് മിസ് ഗ്ലോറിയ ഫ്രം പാരീസ് എങ്ങനെയോ അവിടെനിന്ന് ജീവനും കൊണ്ട് ഓടിമറഞ്ഞു. ട്രിച്ചൂർ മെലഡീസ് അവരുടെ സംഗീതോപകരണങ്ങളും കൊണ്ട് പുറത്തേക്ക് പായുന്നതും കണ്ടു.
കുട്ടിച്ചാത്തൻ മാഹാത്മ്യം വിളിച്ചുപറയുന്ന പരസ്യങ്ങളും കുട്ടിച്ചാത്തന്മാരും ധാരാളമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കളം മാറ്റി ചവിട്ടിയിട്ടുണ്ട്. എന്നാലും തൃശൂരിൽ കുട്ടിച്ചാത്തൻ സേവാമഠങ്ങൾക്ക് ഒരു കുറവുമില്ല.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സ്ത്രീയുടെ പ്രതീകം മാത്രമാണ് മിസ് ഗ്ലോറിയ. അവരെ അധിക്ഷേപിക്കുന്ന ‘ആൺഗർവ്വ്' നമ്മുടെ മനസ്സിൽ നിന്ന് എപ്പോൾ മായുമെന്ന് പറയാനാകില്ല. കേരളത്തിന്റെ ‘സാംസ്കാരിക തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്ഥലത്ത് അരങ്ങേറിയ ഈ കാബറേ നാടകം പിന്നീട് ഇവിടെയുണ്ടായില്ല എന്ന് തല്ക്കാലം സമാധാനിക്കാം.
ഇനി ഭാസ്കരന്റെ ജീവിതം എങ്ങോട്ട് തിരിയും?
ഒരു അഭിനവ അമിൻ സയാനിയായി ഭാസ്കരൻ ഉയരുമോ? അതോ അയാൾ ‘അതീന്ന്' നിലംപൊത്തി വീഴുമോ?
ഹെലിക്കോപ്റ്ററിൽ വരുന്ന ആണിരോഗ വിദഗ്ധൻ
എന്റെ ഇഷ്ടവിഷയമായ പരസ്യങ്ങളിലേക്കുവരാം.
ചില മലയാള ദിനപ്പത്രങ്ങളിൽ അന്ന് വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു പരസ്യം അച്ചടിച്ചുവന്നിരുന്നു: ‘‘ആണിരോഗ വിദഗ്ദ്ധൻ ഡോക്ടർ സർക്കാർ കൽക്കത്തയിൽനിന്ന് കേരളത്തിലെത്തുന്നു. സമയനിഷ്ഠ പാലിക്കാൻ ചികിത്സാക്യാമ്പുകളിലേക്ക് അദ്ദേഹം ഹെലികോപ്ടറിലാണ് സഞ്ചരിക്കുന്നത്.'' ഇത്തരത്തിലുള്ള മറ്റൊരു പരസ്യം: ‘‘മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി.''
കാളൻ നെല്ലായി വളർന്ന് പന്തലിച്ച് ഇന്നൊരു വമ്പൻ സ്ഥാപനമായത് വേറെ കാര്യം.
ബീഡി, ഗുഡ്കാ, സിഗററ്റ് തുടങ്ങിയ ‘ഐറ്റ' ങ്ങളുടെ പരസ്യങ്ങൾ അതിനിടെ നിന്നുപോയി. പുകയില ഉപയോഗം നിയന്ത്രിക്കപ്പെട്ടതോടെ ഇവയെക്കുറിച്ചുള്ള പരസ്യങ്ങളുംപിൻവലിക്കപ്പെട്ടു. ‘കേരളീയരുടെ ഇഷ്ബീഡി കാജ, ബീഡികളുടെ രാജ' എന്നീ പരസ്യങ്ങളും ഇക്കൂട്ടത്തിൽ പെടും. വിൽസ് സിഗററ്റിന്റെ ‘മേയ്ഡ് ഫോർ ഈച്ച് അദർ' എന്ന വിളംബരവും പിൻവലിക്കപ്പെട്ടു. സത്യജിത്‌റേ ആണ് വിൽസ് സിഗററ്റ് പരസ്യങ്ങൾ രൂപകല്പന ചെയ്തത്.
കുട്ടിച്ചാത്തൻ മാഹാത്മ്യം വിളിച്ചുപറയുന്ന പരസ്യങ്ങളും കുട്ടിച്ചാത്തന്മാരും ധാരാളമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കളം മാറ്റി ചവിട്ടിയിട്ടുണ്ട്. എന്നാലും തൃശൂരിൽ കുട്ടിച്ചാത്തൻ സേവാമഠങ്ങൾക്ക് ഒരു കുറവുമില്ല. അവയിൽ ചിലതിന്റെ പരസ്യങ്ങളിൽ ‘സാക്ഷാൽ കുട്ടിച്ചാത്തൻ സേവ' എന്ന് ഉൾപ്പെടുത്തിയിട്ടുള്ളതു കാണാം. അതായത് ചാത്തൻ ഭക്തന്മാർ വേറെ ഇത്തരം സ്ഥലങ്ങളിൽചെന്ന് വെറുതെ കാശ് കളയണ്ട എന്ന നല്ല വിചാരം അവർക്കുള്ളതായി തോന്നും.
ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചില ആയുർവേദമരുന്നു നിർമാണക്കമ്പനികൾ വ്യസനിക്കുന്നതായി നമുക്ക് അനുഭവപ്പെടാറുമുണ്ട്. അതിൽ ഒന്നിങ്ങനെയാണ്: ‘നിങ്ങൾ മെലിഞ്ഞ ശരീരപ്രകൃതിയുള്ള വ്യകതിയാണോ? എങ്കിൽ ഞങ്ങളുടെ ജീവാമൃതം ടോൺ ഉപയോഗിക്കൂ. വളരെ വ്യത്യാസം നിങ്ങൾക്കനുഭവപ്പെടും.’ എന്നാൽ ആവശ്യത്തിന് തടിയും തൂക്കവും ലഭിച്ചാൽ ജീവാമൃതം ടോൺ നിർത്തണേ എന്ന ഒരു അപേക്ഷയും ഇവരുടെ പരസ്യങ്ങളിലുണ്ടാകും. അഞ്ചുപത്തു കുപ്പി ജീവാമൃതം വാങ്ങിയ വകയിൽ കമ്പനിക്കു ലഭിക്കേണ്ട പണം വസൂലായതിനാൽ ഇനി മേൽപ്പറഞ്ഞ ഉപഭോക്താവ് തൂങ്ങിച്ചാവുകയോ തടികൂടി ആത്മഹത്യ ചെയ്യുകയോ ആകാം എന്നാണ് ആ വരിയുടെ ആന്തരാർത്ഥം!
അഴീക്കോടൻ രാഘവനെ കണ്ടു
സിനിമകൾ കണ്ടും പുസ്തകങ്ങൾ വായിച്ചും വി.ആർ.എസിൽ നിന്ന് ഒഴുകുന്ന സിനിമാഗാനങ്ങളും ഭാസ്കരന്റെ മൈക്ക് അനൗൺസ്മെന്റുകളും കേട്ടും ജീവിതം മുന്നോട്ടുപോകുമ്പോൾ സമാന്തരമായി കോളേജ് രാഷ്ട്രീയവും നെഞ്ചേറ്റിയിരുന്നു. ബംഗാളിൽ അരങ്ങേറിയ നക്‌സലൈറ്റ് മൂവ്‌മെൻറിന്റെ അനുരണനങ്ങൾ കേരളത്തിലും ഉണ്ടായി. കേരളവർമയിലെ നക്‌സലൈറ്റ് അനുഭാവികളുടേതെന്ന് കരുതാവുന്ന ബിറ്റ് നോട്ടീസുകൾ ക്ലാസ് മുറികളിൽ എല്ലാ ദിവസങ്ങളിലും രാവിലെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുപിന്നിൽ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ആയിടയ്ക്കുതന്നെ ജോസ് തിയേറ്ററിൽ ദേവാനന്ദിന്റെ ‘പ്രേം പൂജാരി' എന്ന ഹിന്ദി സിനിമ പ്രദർശനത്തിനെത്തി. ഇന്ത്യ- ചൈന പ്രശ്‌നമായിരുന്നു ഇതിവൃത്തം. സിനിമ സ്ക്രീനിലെത്തിയപ്പോൾ ആരോ നാടൻ ബോംബെറിഞ്ഞു. ഭാഗ്യവശാൽ അത് പൊട്ടിയില്ല. സെക്കൻറ് ഷോ ആയതിനാൽ അധികം കാണികളുമുണ്ടായിരുന്നില്ല. ദേശഭക്തി പറയുന്ന ഒരു തേഡ്ക്ലാസ് സിനിമയാണിത്. കുറച്ചുനാളുകൾക്കുശേഷം അരിമ്പൂരിലും മുണ്ടൂരിലും ഗാന്ധിപ്രതിമകൾ തകർക്കപ്പെട്ടു.
ഇതിനിടെ, അക്കൊല്ലത്തെ കോളേജ് തിരഞ്ഞെടുപ്പുകാര്യങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ എസ്.എഫ്.ഐ.ക്കാരെ പടിഞ്ഞാറേ കോട്ടയിലുള്ള പാർട്ടി ഓഫീസിൽ വിളിപ്പിച്ചു. സഖാവ് മാമക്കുട്ടിയേട്ടനായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. അന്ന് അവിടെ ഒരു പാർട്ടി മീറ്റിങ്ങ് നടക്കുന്നുണ്ടായിരുന്നു. സഖാവ് അഴീക്കോടൻ രാഘവനായിരുന്നു നേതൃത്വം കൊടുത്തിരുന്നത്. കുറേനേരം നീണ്ടുനിന്ന ആ ചർച്ച അവസാനിപ്പിച്ച് അഴീക്കോടൻ സഖാവ് പുറത്തുപോകുന്നതു കണ്ടു. ഞങ്ങൾ മാമക്കുട്ടിചേട്ടനോട് തിരഞ്ഞെടുപ്പ് കാര്യങ്ങൾ സംസാരിച്ച് തൊട്ടടുത്തുണ്ടായിരുന്ന ജോസ് ഹോട്ടലിൽനിന്ന് പശുഇറച്ചിയും വെള്ളേപ്പവും അടിച്ച് അന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു.
പിറ്റേന്ന് നാടിനെ നടുക്കിയ വാർത്ത കേട്ടാണ് ജനം ഉണർന്നത്. സഖാവ് അഴീക്കോടൻ പോസ്റ്റോഫീസ് റോഡിൽ ചെട്ടിയങ്ങാടി ജംഗ്ഷനിൽവെച്ച് കുത്തേറ്റുമരിച്ചു. എന്റെ ഓർമയിൽ തൃശൂരിൽ അരങ്ങേറിയ ആദ്യ രാഷ്ട്രീയ കൊലപാതകം. അന്ന് കേരളം മുഴുവൻ ബന്ദായി. ജനം പുറത്തിറങ്ങിയില്ല. ചൂല് അഴിച്ചിട്ട നിലയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കുറെപ്പേരെ അറസ്റ്റുചെയ്ത് ലോക്കപ്പിലടച്ചു. ഏഴാം ക്ലാസിൽ എന്റെ സഹപാഠിയായിരുന്ന നവാബ് രാജേന്ദ്രനെ ചുറ്റിപ്പറ്റി ചില വാർത്തകൾ പുറത്തുവന്നു. അയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഷൊർണൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ജഗൽ സാക്ഷി പ്രസിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘നവാബ്' ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു രാജേന്ദ്രൻ. സ്കൂളിൽ പഠിക്കവേ പൊതുവെ ഇൻട്രോവെർട്ടായിരുന്നു അയാൾ. ആ രാജേന്ദ്രൻ നവാബ് രാജേന്ദ്രനായി അറിയപ്പെട്ടു തുടങ്ങിയിരുന്നു. തൃശൂർ പൂരം എക്‌സിബിഷനിൽ അരങ്ങേറാറുള്ള ആഭാസമായ റെക്കോർഡ് ഡാൻസിനെതിരെ രാജേന്ദ്രൻ ശബ്ദമുയർത്തി. അങ്ങനെ ഒരു ‘സോഷ്യൽ ആക്റ്റിവിസ്റ്റ്' എന്ന ലേബലും അയാൾക്കുണ്ടായിരുന്നു. താടിയും മുടിയും നീട്ടിവളർത്തി നീണ്ട ഖദർജുബ്ബയും മുണ്ടുമണിഞ്ഞ് ഒരു സഞ്ചി തോളിൽ തൂക്കി നടന്നുപോകുന്ന അയാളുടെ ചിത്രം ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയുടെ ഫ്രണ്ട് പേജിൽ ആയിടെ അച്ചടിച്ചുവന്നതോർമയുണ്ട്. കെ.കരുണാകരനായിരുന്നു അക്കാലത്തെ മുഖ്യമന്ത്രി.
കേരളവർമയിൽ വർഷത്തിലൊരിക്കലെങ്കിലും വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടാകാറുള്ള അടിപിടി ആ കൊല്ലവും അവിടെ അരങ്ങേറി. ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന ആ പരാക്രമത്തിൽ അനേകം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ‘ഊട്ടി' എന്നറിയപ്പെടുന്ന, മരങ്ങളും പൊന്തക്കാടുകളും നിറഞ്ഞ കോളേജിന്റെ പറമ്പിലൂടെ ഞാനടക്കമുള്ള വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ട് തൃശൂർ ജില്ലാ ആശുപത്രിയിലെത്തി. അടി കൊണ്ടവരും കൊടുത്തവരും അവിടെ കളിതമാശ പറഞ്ഞിരിക്കുന്ന വിചിത്ര കാഴ്ചയാണ് കണ്ടത്. ഒരു പ്രീഡിഗ്രി വിദ്യാർത്ഥിനി അവളുടെ കാമുകനായ ഡിഗ്രി വിദ്യാർത്ഥിക്ക് മധുരനാരങ്ങയുടെ അല്ലി വായിൽ വെച്ചു കൊടുക്കുന്ന രോമാഞ്ചജനകമായ കാഴ്ചയും മറക്കാവതല്ല. അക്കൊല്ലം കോളേജ് സോഷ്യൽ പരിപാടി സംഘടിപ്പിച്ചത് ഇരു വിദ്യാർത്ഥി സംഘടനകളും ഒത്തൊരുമിച്ചായിരുന്നു. മധുരപലഹാരങ്ങളും പൂവൻപഴവും മിക്ചറും മറ്റും വിളമ്പിയിരുന്നത് ബദ്ധശത്രുക്കളാണെന്ന് ഞാൻ തെറ്റിദ്ധരിച്ചവരായിരുന്നു. പാട്ട് പാടിയും തമാശപറഞ്ഞും ആ സൗഹൃദസംഗമം അവസാനിച്ചപ്പോൾ പലരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും കണ്ടുമുട്ടാമെന്ന പ്രത്യാശയോടെ സുഹൃത്തുക്കളോട് ഞാൻ മൗനമായി വിട ചൊല്ലി.
കോഠാരി സ്റ്റീൽസ് എന്ന തട്ടിപ്പു കമ്പനിയിൽ
ഡിഗ്രി കഴിഞ്ഞാൽ ജോലി തേടി അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുക അന്ന് ഒരു പതിവും ഏറെക്കുറെ ഫാഷനുമായിരുന്നു. എന്റെ ലക്ഷ്യം ബോംബെ ആണ്. കൊച്ചിൻ- ദാദർ എക്സ്പ്രസ് സ്റ്റേഷനിലെത്തിയപ്പോൾ എന്നെക്കാത്ത് അവിടെ ആരുമുണ്ടായിരുന്നില്ല. ടാക്‌സിക്കാരൻ സർദാർജിയോട് മുറിഹിന്ദിയിൽ വിവരം പറഞ്ഞു. ‘ബൈഠിയേ' എന്ന അവരുടെ പതിവുവാചകം പറഞ്ഞ് ആ വൃദ്ധൻ ഡോർ തുറന്നു പിടിച്ചു. സാധാരണക്കാരനായ, മുണ്ടും ഷർട്ടും കൈയ്യിലൊരു ചെറിയ ബാഗും മാത്രമുണ്ടായിരുന്ന എന്നെ കണ്ടപ്പോൾ ആ വൃദ്ധൻ സർദാർജിക്ക് ‘അയ്യോ പാവം' തോന്നിയിരിക്കണം. ബോംബെ ടാക്‌സിക്കാരുടെ പതിവുസ്വഭാവമനുസരിച്ച് എന്നെ വഴിതെറ്റിച്ച് ചുറ്റിക്കറക്കി കൂടുതൽ പണം ഈടാക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ലായിരിക്കാം. ഞാൻ അങ്ങനെ ചെമ്പൂരിലെ ഘാഠ്‌ളാ വില്ലേജിലെത്തി. ബോംബെ മലയാളികൾ എന്നെപ്പോലുള്ള അഭയാർത്ഥികളെ കൂടെ താമസിപ്പിക്കുകയോ അവർക്കുവേണ്ടി എന്തെങ്കിലും കാര്യമായി ചെയ്യുകയോ പതിവില്ല. അവരുടെ കുടുസ്സു മുറിയിൽ ഭാര്യയും ഭർത്താവും മിനിമം രണ്ടു കുട്ടികളുമായി പാർത്തുപോരുമ്പോൾ പുറമേ നിന്നൊരാളെക്കൂടി താമസിപ്പിക്കുക ആത്മഹത്യാപരം തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ മലയാളി മുംബൈക്കാർ ഒഴികഴിവു പറഞ്ഞ് ഭാഗ്യാന്വേഷികളായെത്തുന്ന എന്നെപ്പോലുള്ളവരെ തുരത്താറുള്ളത്.
എന്നാൽ സഹോദരി ബേബിയും അവളുടെ കുടുംബവും രക്തബന്ധത്തിന് കൂടുതൽ ഊന്നൽ കൊടുക്കുന്നവരാണ്. കൂടാതെ ധാരാളമായി വായിക്കുകയും സിനിമ കാണുകയും ചെയ്യുന്ന അവളാണ് എന്റെ സ്ത്രീ റോൾ മോഡൽ എന്നു പറയാം.
കോഠാരി സ്റ്റീലിന്റെ മുന്നിൽനിന്ന് ആളുകളെ പറഞ്ഞുമയക്കി അവരെക്കൊണ്ട് തല്ലിപ്പൊളി കോഠാരി ഫർണീച്ചർ വാങ്ങിപ്പിക്കുന്ന പണിയായിരുന്നു ഞാൻ ചെയ്തിരുന്നത്. 600 രൂപ ശമ്പളവും റെയിൽവേ പാസും അവർ നല്കിപ്പോന്നു.
ബൈബിൾ മഹത്തരമായ ഒരു ലിറ്റററി വർക്ക് എന്നതിൽ കവിഞ്ഞ് അതിന് മറ്റു പ്രാധാന്യമൊന്നും ഞാൻ നൽകിയിട്ടില്ല. എങ്കിലും അതിലെ ചില സൂക്തങ്ങൾ കൗതുകകരമായി തോന്നാറുണ്ട്. ‘മുട്ടുവിൽ തുറക്കപ്പെടും’, ‘അന്വേഷിക്കിൻ കണ്ടെത്തും’ തുടങ്ങിയ വരികളിലെ സത്യം ചിലപ്പോഴൊക്കെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യമായി ജോലി ലഭിച്ചത് ഡോംബിവിലി ആസ്ഥാനമായ കല്പനാ ട്രാൻസ്പോർട്ട് കമ്പനിയുടെ പ്രതിനിധിയായാണ്. അതുപേക്ഷിച്ച് കൽബാ ദേവിയിലെ കോഠാരി സ്റ്റീൽസ് എന്ന ഫർണീച്ചർ കടയിൽ സെയ്ൽസ് പേഴ്‌സനായി. അതൊരു തട്ടിപ്പുകമ്പനിയാണ്. മേന്മയേറിയ, ഗുണനിലവാരമുള്ള ഗോദ്‌റെജ്, അരിസ്റ്റോ, വീനസ് തുടങ്ങിയ ഫർണീച്ചറുകളുടെ വ്യാജ ലേബൽ പതിപ്പിച്ച് ഇവർ ഉല്പന്നങ്ങൾ വിറ്റുകൊണ്ടിരുന്നു. കോഠാരി സ്റ്റീലിന്റെ മുന്നിൽനിന്ന് ആളുകളെ പറഞ്ഞുമയക്കി അവരെക്കൊണ്ട് തല്ലിപ്പൊളി കോഠാരി ഫർണീച്ചർ വാങ്ങിപ്പിക്കുന്ന പണിയായിരുന്നു ഞാൻ ചെയ്തിരുന്നത്. 600 രൂപ ശമ്പളവും റെയിൽവേ പാസും അവർ നല്കിപ്പോന്നു. ഡ്യൂപ്ലിക്കേറ്റുകളുടെ ഇടമായ ഉല്ലാസ്നഗറിൽനിന്ന് കൊണ്ടുവരുന്ന അലമാര, സ്റ്റീൽ കസേര, മേശ തുടങ്ങിയവക്ക് ഒരിക്കൽക്കൂടി ‘പുട്ടിയിട്ട്' സ്പ്രേ പെയിൻറ് ചെയ്തും ഗോദ്‌റെജിന്റെ ചിഹ്നം പതിപ്പിച്ചുമാണ് അവ വിറ്റിരുന്നത്. വല്ലാത്ത മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടപ്പോൾ ആ പണി നാലഞ്ചു മാസങ്ങൾക്കുശേഷം അവസാനിപ്പിക്കേണ്ടിവന്നു.
പിന്നെ, വിലോ പാർലയിൽ ആരംഭിച്ച ഒരു ആഡ് ഏജൻസിയിൽ ജോലി ലഭിച്ചു. വീണ്ടും പരസ്യങ്ങളുടെ ലോകത്ത്. പരസ്യങ്ങളാണ് മാധ്യമങ്ങളുടെ നട്ടെല്ല്. കൃത്യമായി പറഞ്ഞാൽ ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ.
ബ്രിട്ടീഷുകാരുടെ ആഡ് ഏജൻസികൾ ബോംബെയിൽ ആരംഭിച്ചത് അവരുടെ ഉല്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വിറ്റഴിക്കാൻ മാത്രമല്ല, തങ്ങളുടെ രാജ്യത്തിന്റെ മുഖമുദ്രകളായ വർണവിവേചനം, ഉച്ചനീചത്വം തുടങ്ങിയ പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ കൂടിയാണെന്ന് അവർ രൂപകല്പന ചെയ്ത യാഡ്ലി ടാൽക്കം പൗഡർ, പിയേഴ്‌സ് സോപ്പ് എന്നിവയുടെ ആദ്യകാല പരസ്യങ്ങൾ തെളിയിക്കും. ഒരു കറുത്ത കുട്ടിയോട് വെള്ളക്കാരി ബാലിക പറയുന്നത്, ‘നിങ്ങൾ സംസ്കാരസമ്പന്നരാകാൻ ശ്രമിക്കൂ' എന്നാണ്. താഴെ പിയേഴ്‌സിന്റെ ചിത്രവും.
വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ ജോലി ചെയ്തിരുന്ന വർഷ അഡ്വർടൈംസിങ്ഒരു ഗുജറാത്തിക്കു വിറ്റ് ഉടമ സുഷമ ചൗധരി ജർമനിക്കു പോയി. അവർ അവിടെ ചെന്ന് ഒരു ഡോക്ടറെ കല്യാണവും കഴിച്ചു. എനിക്ക് കൊളാബയിലെ, ഭേദപ്പെട്ട ടേണോവറുള്ള ഏജൻസിയിൽ ജോലി കിട്ടി. മലയാളികളായിരുന്നു അക്കാലങ്ങളിൽ ഏജൻസികളിലെ ‘മീഡിയ' വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നത്. പത്രങ്ങളിലേക്ക് ആഡ് മെറ്റീരിയലുകൾ അയയ്ക്കുന്ന ഏർപ്പാട് നടത്തിയിരുന്ന മീഡിയ ഓപ്പറേഷൻ സെക്ഷനായിരുന്നു എന്റെ പ്രവർത്തന മണ്ഡലം. കൂടാതെ മീഡിയാ പ്ലാനിങ്ങ് പരിപാടിയും ഉണ്ടായിരുന്നു.
ബോംബെക്ക് പുറമെയുള്ള ഗുജറാത്തി പത്രങ്ങളുടെ ഓഫീസുകൾ മഹാനഗരത്തിൽ അക്കാലത്ത് കുറവായിരുന്നു. അപ്പോൾ ബോംബെ സമാചാർ പരിസരത്തുള്ള ‘അംഗാഡിയ' സർവ്വീസുകാരെയാണ് ഞങ്ങൾ സമീപിക്കുക. ജോലിക്കാർ ട്രെയിനിൽ സഞ്ചരിച്ച് ഇവ നേരിട്ടെത്തിക്കുമായിരുന്നു. തുണിയും തുന്നാനുള്ള വലിയ സൂചിയും സീൽ ചെയ്യാനുള്ള അരക്കുമായി ഇക്കൂട്ടർ ആ ഭാഗങ്ങളിൽ കാത്തിരിക്കുന്നുണ്ടാകും. ഇന്ന്, വമ്പൻ ആഡ് ഏജൻസികൾ ചെറിയ പരസ്യകമ്പനികളെ വിഴുങ്ങിയിരിക്കുന്നു. ചെറിയ ആഡ് ഏജൻസികൾ നാമമാത്രമായിപ്പോയി.
പത്തുപതിനഞ്ച് വർഷം നീണ്ടുനിന്ന എന്റെ ആഡ് ഏജൻസി ഉദ്യോഗം വലിച്ചെറിഞ്ഞ് ഞാൻ 1990 കാലത്ത് ദാദർ വസാല ഭാഗത്തുള്ള ഒരു തമിഴ്പത്രത്തിൽ സ്പേസ് മാർക്കറ്റിങ്ങ് എക്‌സിക്യുട്ടീവായി ചേർന്നു. ഒരു തമിഴ് ഡോണിന്റെ ആശീർവാദത്തോടെ അയാളുടെ സ്വന്തം പേര് മറച്ചുവെച്ച് ബിനാമിപ്പേരിൽ ആരംഭിച്ച ഈ ദിനപ്പത്രം ധാരാവി-ചീതാക്യാമ്പ് ഭാഗങ്ങളിലെ തമിഴ് മക്കളെ ഉദ്ദേശിച്ചായിരുന്നു. കൊലപാതക വാർത്തകളായിരുന്നു അതിന്റെ മാസ്റ്റർ ഹെഡ് മുതൽ ബോട്ടം ലൈൻ വരെ പ്രസിദ്ധീകരിച്ചിരുന്നത്. ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചുപോന്ന ആ ഷെഡ്ഢിൽ മരപ്പലക പാകിയ തട്ടിലാണ് ഹാൻറ് കമ്പോസിങ്ങ് വിഭാഗം. അക്ഷരം നിരത്തൽ പരിപാടിക്കാരിൽ ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ ഉണ്ടായിരുന്നു. താഴെയുള്ള ഓഫീസിൽ ഞാനടക്കം അഞ്ചെട്ടുപേർ ജോലിയെടുത്തിരുന്നു. വി.ടി-ചർച്ച്‌ഗേറ്റ്-വീരാർ വരെ ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ് പാസ്, വട്ടച്ചെലവിന് പ്രതിദിനം നൂറുരൂപ എന്നിവ അവർ കനിഞ്ഞ് നല്കിയിരുന്നു. സഫാരി സ്യൂട്ടണിഞ്ഞ, കൈവിരലുകളിൽ സ്വർണമോതിരങ്ങളുമായി പത്രമുടമ (ബിനാമി) വല്ലപ്പോഴും മാത്രമേ ഓഫീസ് സന്ദർശിക്കാറുള്ളൂ. തമിഴ് സിനിമകളിൽ മൃഗങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കാറുള്ള ഒ.എ.കെ. തേവറിനോട് രൂപസാദൃശ്യമുള്ള അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ ഇടിവെട്ടുന്നതുപോലെയാണ് അനുഭവപ്പെടുക. കൈനോട്ടം, നാഡീചികിത്സ, മഷിനോട്ടം തുടങ്ങിയ കലാപരിപാടികളിൽ അതീവ താല്പര്യമുള്ള തമിഴ്മക്കഴെ ആകർഷിക്കാൻ ക്ഷുദ്രസന്യാസിമാരും മുറിവൈദ്യന്മാരും ഈ പത്രത്തിൽ അധികമൊന്നും പരസ്യങ്ങൾ നല്കാറില്ല എന്ന് പത്രത്തിന്റെ പഴയ കോപ്പികൾ മറിച്ചുനോക്കിയപ്പോൾ മനസ്സിലായി. അപ്പോഴാണ് മറ്റൊരു പത്രത്തിൽ അച്ചടിച്ച ഒരു സന്യാസിവര്യന്റെ കൈനോട്ടം, മുഖംനോക്കി ഭാവിപറയൽ, തൊടുചികിത്സ തുടങ്ങിയ ഇനത്തിലുള്ള പരസ്യം കണ്ടത്. ബോംബെ എയർപോർട്ടിനു സമീപമുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലിലാണ് അയാളുടെ ക്യാമ്പ്. അവിടെയെത്തി എന്റെ വിസിറ്റിങ്ങ് കാർഡ് സന്യാസിയുടെ ശിഷ്യൻവശം കൊടുത്തുവിട്ടു. വ്യത്യസ്ത മതവിശ്വാസികളായ നിരവധി പേർ ഈ ബാബയുടെ അനുഗ്രഹം ലഭിയ്ക്കാനും സ്വന്തം ഭാവി അറിയാനുമൊക്കെയായി ഹോട്ടൽ ലോബിയിൽ കാത്തിരിപ്പുണ്ട്. റബ്ബർ പന്തടിച്ചപോലെ സന്യാസിയുടെ ശിഷ്യൻ എന്റെ സമീപമെത്തി കൂട്ടിക്കൊണ്ടുപോയി മുനിവര്യനെ പരിചയപ്പെടുത്തി. ശരീരമാകെ ഭസ്മത്തിൽ കുളിച്ച കാവിവസ്ത്രധാരിയായ അയാളുടെ സ്യൂട്ടിൽ ഒരുവിധം ‘ഇന്റർകോണ്ടിനെന്റൽ' ദൈവങ്ങളുടെ ഛായാചിത്രങ്ങൾ തൂക്കിയിട്ടുണ്ട്. ഞാൻ വന്ന കാര്യം പറഞ്ഞു. മുനിവര്യൻ തലയാട്ടി, അയാളുടെ വിസിറ്റ് വിവരങ്ങളും താൻ നല്കുന്ന സേവനങ്ങളെക്കുറിച്ചുള്ള ലഘുലേഖയും എനിക്കു നേരെ നീട്ടി. ആ സേവനങ്ങളിൽ എയിഡ്‌സ് ചികിത്സ വരെയുണ്ടായിരുന്നു.
തൃശൂരിന്റെ കടലോര പ്രദേശങ്ങളിൽനിന്ന് അനധികൃതമായി ലോഞ്ചുകളിൽ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകാൻ നിരവധി ഭാഗ്യാന്വേഷികൾ അന്നിവിടെ എത്തിയിരുന്നു.
എന്നാൽ അയാൾ ഒരക്ഷരം ഉരിയാടിയില്ല എന്ന് ഞാൻ ശ്രദ്ധിച്ചു. എച്ച്.ഐ.വി. മാറാരോഗമല്ലേ എന്നും അതിന് മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും അതുകൊണ്ട് ആ വാചകം പരസ്യത്തിൽ ഒഴിവാക്കണമെന്നും ഞാൻ പറഞ്ഞപ്പോൾ സഹായി സന്യാസിവര്യനെ വിവരം ധരിപ്പിച്ചു. ആ മൗനിബാബ എന്നെ തുറിച്ചുനോക്കി മിണ്ടാതിരുന്നു. അപ്പോൾ അയാളുടെ സഹായി ഇടപെട്ടു: ‘ഈ പരസ്യം ചിലപ്പോൾ സി.ബി.ഐക്കാര് കാണും, അവർ അങ്ങയെ പിടിക്കും’.
അതിൽ സന്യാസി വീണു. എയ്ഡ്‌സ് ചികിത്സ വെട്ടിക്കളഞ്ഞ് ബാക്കിയുള്ള ‘അബദ്ധങ്ങൾ' മാത്രം അച്ചടിച്ചാൽ മതി എന്ന ഒത്തുതീർപ്പിൽ സംഗതി അവസാനിച്ചു. തുടർന്ന് പരസ്യം വകയിൽ റൊക്കം പണം തന്ന് സന്യാസിവര്യൻ തടിതപ്പി.
ഇനി ഒരുപരമ രഹസ്യംകൂടി.
തൃശൂരിന്റെ കടലോര പ്രദേശങ്ങളിൽനിന്ന് അനധികൃതമായി ലോഞ്ചുകളിൽ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകാൻ നിരവധി ഭാഗ്യാന്വേഷികൾ അന്നിവിടെ എത്തിയിരുന്നു. അതുപോലെ ഗൾഫ് സ്വപ്നവുമായി ബോംബെയിലെത്തിയ ഈ കേരളീയ സന്യാസിവര്യന് ഗൾഫിലെത്താൻ കഴിഞ്ഞില്ല. ഗതിമുട്ടിയ അയാൾ ജീവസന്ധാരണത്തിന് തെരഞ്ഞെടുത്ത മാർഗമാണ് ഹസ്തരേഖ വായനയും മുഖംനോക്കി ഭാവിപറയലുമെല്ലാം. ഏതായാലും അയാളുടെ ‘ശുക്രദശ’ ആരംഭിച്ചു. വണിക്കുകളും കരിഞ്ചന്തക്കാരും രാഷ്ട്രീയക്കാരുമടങ്ങിയതാണ് സന്യാസിവര്യന്റെ ‘ക്ലയൻറുമാർ’ എന്ന് അയാളുടെ അരുമശിഷ്യൻ കൃഷ്ണമൂർത്തി പിന്നീട് പറഞ്ഞു. ആ കക്ഷിയുടെ യഥാർത്ഥ പേര് രാമചന്ദ്രൻ എന്നാണെന്ന് കൃഷ്ണമൂർത്തിയുടെ വായിൽനിന്ന് അവിചാരിതമായി പുറത്തുചാടി. മഹാനഗരത്തിൽ ഇലക്ട്രിക്ബാബമാരുടേയും കമ്പ്യൂട്ടർ ബാബമാരുടെയും നുഴഞ്ഞുകയറ്റം ഭക്തജനങ്ങളെ കൺഫ്യൂഷനിലാക്കിയിട്ടുണ്ട്.
പേഴ്‌സണൽ അഡ്വൈടൈസിംഗ് എന്ന് പത്രങ്ങളുടെ ഭാഷയിൽ പറയാറുള്ള ചില കിടുക്കാച്ചി പരസ്യങ്ങൾ നാം കാണാറുണ്ട്. ഗുജറാത്ത് സമാചാറിൽ ജോലിചെയ്തിരുന്ന എന്റെ ആ സുവർണകാലം പോയ്മറഞ്ഞെങ്കിലും അവിടെ നിന്നുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കാതെ വയ്യ. ഞങ്ങൾ സ്പെയ്സ് മാർക്കറ്റിങ്ങ് എക്‌സിക്യുട്ടീവുകളുടെ ഡെയ്ലി മീറ്റിങ്ങ് എന്ന ഒരു കളിതമാശ എല്ലാ ദിവസങ്ങളിലും ഉണ്ടാകാറുണ്ട്. അന്ന് സിഗരറ്റു വലിച്ചും ചായ കുടിച്ചും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. റിസീവർ എടുത്തത് അമിത്പട്ടേൽ എന്ന സഹപ്രവർത്തകയായിരുന്നു. അങ്ങേ തലക്കലെ വ്യക്തിക്ക് ആയിടെ ചരമമടഞ്ഞ തന്റെ ബിസിനസ് പാർട്ണറുടെ ഫോട്ടോയോടുകൂടിയ ഒരു ഓബിച്വറി പരസ്യം പത്രത്തിൽ നല്കണം. കക്ഷി ഒരു ഗുജറാത്തിയാണ്. ആ മാന്യൻ ആദ്യം പരസ്യനിരക്ക് ചോദിച്ചു. അമിത് ഗുജറാത്തിയിൽതന്നെ പൊടിപ്പും തൊങ്ങലും വെച്ച് മറുപടി പറഞ്ഞു. അപ്പോൾ ഫോൺ ചെയ്ത വ്യക്തിക്ക് പരസ്യങ്ങളുടെ ഡിസ്കൗണ്ട് വിവരം അറിയണം. ഗുജറാത്തിയല്ലേ? അല്പനേരം നീണ്ടുനിന്ന ആ സംഭാഷണത്തിൽ അമിത് തന്റെ കുശാഗ്രബുദ്ധി ഒന്നുകൂടി തെളിയിച്ചു: മരിച്ച വ്യക്തിയുടെ ഫോട്ടോസഹിതമുള്ള പരസ്യം ഒന്നാം പേജിൽ തന്നെയാകട്ടെ. ആ മാന്യ വ്യക്തിയുടെ സ്വർഗത്തിലേക്കുള്ള എളുപ്പവഴി അതാണ്. അമിത് പറഞ്ഞവസാനിപ്പിച്ചു.
അതാ, കൺമുന്നിൽ പഴയ ഭാസ്കരൻ!
ഏജൻസികളിൽനിന്ന് ഏജൻസികളിലേക്കും ഒരു പത്രത്തിൽനിന്ന് മറ്റൊരു പത്രത്തിലേക്കും ‘കൂടുമാറുന്ന' പ്രക്രിയ ജീവിതത്തിൽ പലകുറി അരങ്ങേറിയിട്ടുണ്ട്. ഉരുളുന്ന കല്ലിൽ പച്ച പിടിക്കില്ല എന്ന് എന്റെ ചേച്ചി ത്രേസ്യാക്കുട്ടി ആവർത്തിച്ച് പറയാറുണ്ട്. അത് സത്യമാണ്. എങ്കിലും, ഹൗസിങ്ങ് ലോണെടുത്തും പ്രോവിഡൻറ്ഫണ്ടിൽനിന്ന് കടമെടുത്തും വിരാർ ബോളിഞ്ച്ഗാവിൽ ഒരു ഫ്‌ളാറ്റ് സംഘടിപ്പിച്ചു.
അന്നൊരു ഞായറാഴ്ച.
വീരാറിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴെ ചാറ്റൽമഴയിൽ കുട്ടികൾ കളിക്കുന്നതു നോക്കിയിരിക്കുകയായിരുന്നു.
സമയം സന്ധ്യ കഴിഞ്ഞു. ഡോർബെൽ ശബ്ദിക്കുന്നു.
വാതിൽ തുറന്നപ്പോൾ അതാ മുന്നിൽ, ഒരു സഫാരി സ്യൂട്ട്ധാരിയും കൂളിംഗ് ഗ്ലാസ് വെച്ച ഒരു സ്ത്രീയും ഒരു യുവതിയും.
സൂക്ഷിച്ചുനോക്കിയപ്പോൾ ആളെ മനസ്സിലായി, പഴയകാല സുഹൃത്ത് ഭാസ്കരനാണ്. കൂളിംഗ് ഗ്ലാസ് വെച്ച സ്ത്രീ ഫ്‌ളോറൻസ് ഭാര്യയും യുവതി രോഷിനി മകളുമാണ്.
ഞായറാഴ്ചകളിൽ സേവിക്കാനായി ഞാൻ സൂക്ഷിച്ചുവെച്ചിരുന്ന മക്ഡോവൽ വിസ്കിയും ഉപദംശങ്ങളും ടീപ്പോയിൽ നിരത്തി. ദ്രാവകം സിപ്പ് ചെയ്യുന്നതിനിടെ ചോദിച്ചു: ‘‘ഭാസ്കരാ, നീ എങ്ങനെ എന്നെ കണ്ടുപിടിച്ചു?''
ഞാൻ നാടുവിടുന്നതിനു മുമ്പുതന്നെ ഭാസ്കരന് വി.ആർ.എസ്. പബ്ലിസിറ്റിയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. കല്യാണവീടുകളിൽ ഗ്രാമഫോൺ റെക്കോർഡ് വെച്ച് പാട്ട് കേൾപ്പിച്ച് അതിഥികളെ സന്തോഷിപ്പിക്കുന്ന പരിപാടി അക്കാലത്തുണ്ടായിരുന്നു. ഞങ്ങളുടെ വീടിന് സമീപമുള്ള ഒരു സമ്പന്ന കൃസ്ത്യൻ കുടുംബത്തിലെ ഏക മകളുടെ വിവാഹം ആഘോഷപൂർവ്വമാക്കാൻ അവർ ഭാസ്കരെന്റ വി.ആർ.എസ് പബ്ലിസിറ്റിയെ ചട്ടം കെട്ടി. പള്ളിയിൽനിന്ന് വധൂവരന്മാർ വധുവിന്റെ വീട്ടിലെത്തുന്ന സമയം അർത്ഥസമ്പുഷ്ടവും ആനന്ദദായകവുമായ ഒരു ഗാനത്തിന്റെ ഗ്രാമഫോൺ റെക്കോഡ് ഭാസ്കരൻ തിരഞ്ഞെടുത്തുവെച്ചിരുന്നു. ഇനിയുള്ളത് മധുരം കൊടുക്കൽ എന്ന കർമമാണ്. അതും മംഗളകരമായി അവസാനിച്ചു. അതിഥികൾ കസേരകളിൽ ഉപവിഷ്ടരായി. വധുവിന്റെ അച്ഛനും അമ്മയും ബന്ധുമിത്രാദികളും മണവാളനെയും മണവാട്ടിയേയും ആനയിച്ച് പ്രത്യേകം സജ്ജമാക്കിയ കസേരകളിൽ ഇരുത്തി. കോയമ്പത്തൂരിൽനിന്ന് വധുവിന്റെ അമ്മാവന്റെ മകൻ പ്രത്യേകം കൊണ്ടുവന്ന മുല്ലപ്പൂമാല അണിയിക്കാൻ തയ്യാറായി. അദ്ദേഹം എഴുന്നേറ്റുനിന്ന് മാല വധൂവരന്മാരുടെ കൈയ്യിലേൽപ്പിച്ച ധന്യനിമിഷത്തിൽ ഗ്രാമഫോൺ പാട്ട് പാടി: ‘‘കഴുത്തിലിട്ടത് താലിയല്ല, കരിനാഗത്തെയാണല്ലോ'' ആദ്യം വധുവും പിന്നീട് അതിഥികളും സ്തബ്ധരായി. ഭാസ്കരൻ തെരഞ്ഞുവെച്ചിരുന്ന വിനിൽ റെക്കോർഡ് മാറിപ്പോയിരിക്കുന്നു. അയാൾ പരിഭ്രമിച്ച് അതിന്റെ മറുപുറം വെച്ചു. ഗ്രാമഫോൺ വീണ്ടും ശബ്ദിച്ചു: ‘‘ദേവദാസി അല്ല ഞാൻ...'' മാധുരിയുടെ മാദകത്വം തുളുമ്പുന്ന പാട്ട്. എന്തിനേറെ, എല്ലാവരും കൂടി ഭാസ്കരനേയും വി.ആർ.എസ്. പബ്ലിസിറ്റിയുടെ ഉപകരണങ്ങളും പുറത്തേയ്‌ക്കെറിഞ്ഞു. ഭാസ്കരൻ തെരഞ്ഞെടുത്ത ‘ശർക്കരപ്പന്തലിൽ തേൻമഴ ചൊരിയും...’ എന്ന ഡിസ്ക് ഏതോ തിരുമാലി പിള്ളേർ മാറ്റിയത് അവസാനമാണ് അയാൾ അറിഞ്ഞത്. അതോടെ ഭാസ്കരന്റെ ജോലിയും പോയി.
പിന്നീട് ഭാസ്കരനെ തൃശൂർ പരിസരത്ത് ആരും കണ്ടില്ല.
അയാൾ നാടുവിട്ട് ബോംബെയിലെത്തിയതും അനധികൃതമായി ഗൾഫ്‌സ്വപ്നമോഹികളെ അവിടെയെത്തിക്കുന്ന ഒരാളെ പരിചയപ്പെട്ടതും ഭാസ്കരൻ അവതരണഭംഗിയോടെ പറഞ്ഞു. കുറേക്കാലം ഗൾഫിൽ കഴിഞ്ഞ ഭാസ്കരൻ നല്ലൊരു സമ്പാദ്യമുണ്ടാക്കിയെങ്കിലും നാട്ടിലേക്ക് തിരിച്ചുപോയില്ല. അയാൾക്കവിടെ ആരുമില്ലായിരുന്നു. വസയിൽ ഫ്‌ളാറ്റ് വാങ്ങി താമസിക്കുമ്പോഴും ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയിൽ അയാൾ ലെയ്ത്ത് മെഷിൻ ഓപ്പറേറ്ററായി ജോലി നോക്കി. ഇതിനിടെ വസായ് കില്ല ഭാഗത്തുള്ള ഒരു അനാഥാലയത്തിലെ അന്തേവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ചു. ഒരു സമൂഹവിവാഹമായിരുന്നു അത്. അവളാണ് ഫ്‌ളോറൻസ്. കറുത്ത കണ്ണട വെച്ചിരുന്ന അന്ധയായ അവരുടെ മകൾക്ക് രോഷ്‌നി (വെളിച്ചം) എന്ന് പേരിട്ടത് അർത്ഥവത്തായി തോന്നി.
ഞായറാഴ്ചകളിൽ സേവിക്കാനായി ഞാൻ സൂക്ഷിച്ചുവെച്ചിരുന്ന മക്ഡോവൽ വിസ്കിയും ഉപദംശങ്ങളും ടീപ്പോയിൽ നിരത്തി.
ദ്രാവകം സിപ്പ് ചെയ്യുന്നതിനിടെ ചോദിച്ചു: ‘‘ഭാസ്കരാ, നീ എങ്ങനെ എന്നെ കണ്ടുപിടിച്ചു?''
‘‘ആവശ്യങ്ങളുടെ മാതാവാണ് കണ്ടുപിടുത്തങ്ങൾ എന്ന് നീ തന്നെയല്ലേ എന്നോട് പറയാറുള്ളത്'', ഭാസ്കരൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
അവർ കാറിൽ കയറുമ്പോൾ ഫ്‌ളോറൻസ് കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം