ഹൈഡ്രജൻ ബലൂൺ വിൽക്കുന്ന സൂപ്പർ സ്റ്റണ്ട്മാൻ

ലോകത്ത് ഏറ്റവും പണം വാരിക്കൂട്ടുന്ന ബോളിവുഡ് എന്ന വ്യവസായത്തിന്റെ കോവിഡുകാല തകർച്ച അടയാളപ്പെടുത്തുന്നു ട്രൂ കോപ്പി വെബ്‌സീൻ. നടീനടന്മാർക്കൊപ്പം മേക്കപ്പ്മാൻ മുതൽ ലൈറ്റ്ബോയ് വരെയുള്ളവരുടെയും മറ്റു സാങ്കേതിക വിദഗ്ധരുടെയും താറുമാറായ ജീവിതകഥ പകർത്തുന്നത് ദീർഘകാലം മുംബൈ പ്രവാസിയായിരുന്ന കെ.സി. ജോസ്.

ഹാനഗരത്തിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്.
അഡ്വാൻസ് ബുക്കിങ്ങ് ഇല്ല, ടിക്കറ്റിനായുള്ള വളഞ്ഞുപുളഞ്ഞ ക്യൂ ഇല്ല. ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർ ഇപ്പോൾ എവിടെയായിരിക്കും? ഫിലിം സ്റ്റുഡിയോകൾ തെരുവുനായകളുടെ വിശ്രമകേന്ദ്രങ്ങളായിരിക്കുന്നു. ശൂന്യമായ തിയറ്ററുകളുടെ പടിക്കെട്ടുകളിലിരുന്ന് സെക്യൂരിറ്റി ഗാർഡുകൾ സായാഹ്ന പത്രം വായിക്കുകയോ അലസമായി പുക വലിക്കുകയോ ചെയ്യുന്നതു കാണാം.

കോവിഡിനുമുമ്പ് ഒരു വർഷം രണ്ടായിരത്തോളം സിനിമകളാണ് ബോളിവുഡിൽ നിർമിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ചില നിർമാതാക്കൾ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുകയാണ്.

മുംബൈയിലെ പ്രധാന സ്റ്റുഡിയോകളായ ആർ.കെ. സ്റ്റുഡിയോ (ചെമ്പൂർ), ഫിലിം സിറ്റി (ഗോരെഗാവ്), രാജ്കമൽ സ്റ്റുഡിയോ (താർദേവ്), ഫിലിമിസ്താൻ (മലാഡ്), മെഹബൂബ് സ്റ്റുഡിയോ (ബാന്ദ്ര വെസ്റ്റ്) തുടങ്ങിയവ പ്രവർത്തനരഹിതമാണ്.

അന്ധേരി ഈസ്റ്റിൽ പാഴ്സി പഞ്ചായത്ത് റോഡിൽ പ്രവർത്തിക്കുന്ന ഛോട്ടുഭായി ഡ്രസ്വാല, ബോളിവുഡ് നടീനടന്മാർക്കുള്ള സ്യൂട്ട്, കോട്ട്, വിഗ്ഗ് തുടങ്ങിയവയും മറ്റു കോസ്മെറ്റിക്സുകളും വാടകയ്ക്ക് നൽകുന്ന അറിയപ്പെടുന്ന സ്ഥാപനമാണ്. സിനിമാവ്യവസായം പ്രതിസന്ധിയിലായപ്പോൾ ഛോട്ടുഭായിയുടെ ബിസിനസും ശോഷിച്ചു.

അനിൽ ദാണ്ഡേക്കർ എന്നയാൾ സിനിമാക്കാരുടെ വസ്ത്രങ്ങൾ തുന്നിത്തുന്നി ബോറിവിലി വെസ്റ്റിലെ പോഷ് ഏരിയയിൽ ടു ബെഡ് റൂം കിച്ചൺ സ്വന്തമാക്കുകയും രണ്ട് പെൺകുട്ടികളുടെ വിവാഹം കേമമായി കഴിച്ചുവിടുകയും ചെയ്തു. ഛോട്ടുഭായിയുടെ തുന്നൽപണി (പീസ് വർക്ക്) ചെയ്യുന്ന മുളുണ്ട് വെസ്റ്റിലെ മുളോബ ടൈലേഴ്സ്, ചെമ്പൂരിലെ അപ്സര ടൈലേഴ്സ്, അൽക്കാ ടെയ്ലേഴ്സ് തുടങ്ങിയവയ്ക്ക് ഇപ്പോൾ കാര്യമായ വരുമാനമില്ല. തങ്ങളുടെ ഷോപ്പുകളിൽ അവർ ചടഞ്ഞുകൂടിയിരിപ്പാണ്.
ഗുജറാത്തികൾ തിങ്ങിത്താമസിക്കുന്ന മുളുണ്ട്, ഘാട്കോപ്പർ, ബോറിവിലി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഗുജ് നാടകശാലകളിൽ ഒരു നാടകവും ഇപ്പോൾ കളിക്കുന്നില്ല. സെക്സിന്റെ അതിപ്രസരമുള്ള ഗുജറാത്തി നാടകങ്ങൾ കാണാൻ ഷെയർമാർക്കറ്റിലെ ദല്ലാൾമാരാണ് അധികവും എത്തുക. കാജൽ ആഡ്സ് (അന്ധേരി)- ഗുജറാത്തി നാടകപരസ്യങ്ങൾ പത്രങ്ങളിൽ നൽകാറുള്ള പ്രധാന ഏജൻസി അടച്ചു. ജെനിഫർ കപൂറും ഭർത്താവ് ശശികപൂറും നസറുദ്ദീൻഷായും ആഡ്ഗുരു അലിക് പദംസിയും ഭാര്യ പേൾ പദംസിയും ബോമൻ ഇറാനിയുമെല്ലാം അഭിനയിക്കുന്ന ഇംഗ്ലീഷ് നാടകങ്ങൾ നരിമാൻ പോയിന്റിലെ എൻ.സി.പി.എ. ഹാളിൽ പതിവായി അരങ്ങേറാറുണ്ട്. എൻ.സി.പി.എ. ഏതാണ്ട് അടഞ്ഞ നിലയിലാണിപ്പോൾ. അവിടെ പരിപാടികളില്ല. 3000ത്തിലധികം തമാശ കലാകാരന്മാർക്കൊപ്പം സൗണ്ട് ഓപ്പറേറ്റർമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും സമാനജോലിയിൽ ഏർപ്പെട്ടവരും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പെടാപാട് പെടുകയാണ്.

ദാദറിലെ സ്റ്റുഡിയോ രണദിവേ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടേയും മറാഠി ചലച്ചിത്രകാരന്മാരുടെയും കേന്ദ്രമാണ്. എന്റെ സുഹൃത്തുക്കളായ കിഷോർ രണദിവയെയും മൈക്കിൾ ഡിസൂസയേയും കാണാൻ ശനിയാഴ്ച വൈകുന്നേരങ്ങളിൽ അവിടെ പോകാറുണ്ട്.
മൈക്കിൾ ഡിസൂസ ഫിലിം സ്റ്റുഡിയോകളിലെത്തി ഹീറോ, ഹീറോയിൻ, വില്ലൻമാരുടെ ഫോട്ടോ എടുത്ത് അവ സിനിമാമാസികകൾക്ക് നല്കുന്ന സിദ്ധിവൈഭവമുള്ള ഫോട്ടോഗ്രാഫറാണ്. ഫിലിം സ്റ്റുഡിയോകൾക്ക് ഷട്ടറിട്ടതിനാൽ മൈക്കിളിന്റെ അന്നം മുട്ടി. സിനിമയുമായി ബന്ധപ്പെട്ട, അതിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ വേറെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ബാപ്പു സമേൾ പച്ചക്കറി വിൽക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ് സംഗീത സമ്പന്നരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുകയാണ്. നേഹ കുൽക്കർണി എന്ന മേക്കപ്പ് ആർട്ടിസ്റ്റ് സഹായി സാന്റാക്രൂസിലെ തന്റെ ഒറ്റമുറി ചോളിലെ വീട്ടിൽത്തന്നെ 'പാലൻ ഘർ' (കുട്ടികളെ നോക്കുന്ന ഇടം) തട്ടിക്കൂട്ടാനുള്ള ശ്രമത്തിലാണ്. കോവിഡ് വിട്ടുമാറാത്ത അവസ്ഥയിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ നേഹയുടെ പാലൻ ഘറിൽ പറഞ്ഞയക്കുമോ എന്ന സംശയം അവർക്കുണ്ട്. ഒരു സ്റ്റുഡിയോയുടെ കാരവൻ ഡ്രൈവർ മാരു കോൾ ടാക്സി ഡൈവറായി മാറി. അയാൾക്കും ഓട്ടമില്ല.

മഹാനഗരത്തിൽ സെൻട്രൽ സ്റ്റേഷനിലിറങ്ങി അല്പം ദൂരം നടന്നാൽ പ്രധാന ചുവന്ന തെരുവായ കാമാഠിപുരയിലെത്താം. ശബ്ദമുഖരിതമായിരുന്ന ഈ ചുവന്ന തെരുവിൽ ഇപ്പോൾ വലിയ തിരക്കില്ല. കാമാഠിപുരയിലെ വേശ്യാഗൃഹങ്ങളുടെ ബാൽക്കണികളിൽനിന്ന് ആഭാസമായ ഗോഷ്ഠികൾ കാണിച്ച് വഴിപോക്കരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട ആ സ്ത്രീകളുടെ നിര ഇപ്പോളവിടെ കാണുന്നില്ല. കെട്ടിടങ്ങളുടെ താഴെ പേവ്മെന്റിൽ കയർകട്ടിലിൽ ചടഞ്ഞിരുന്ന് തമ്പാക്ക് ചവയ്ക്കുന്ന രണ്ടുമൂന്ന് ഘർവാലികളും (വേശ്യാഗൃഹ നടത്തിപ്പുകാരികൾ) ചില ‘പിമ്പു'കളും വെടിപറഞ്ഞിരിക്കുന്നതൊഴികെ കാമാഠിപുര ഇപ്പോൾ തികച്ചും ശൂന്യമാണ്.
ചരക്കുലോറികളുടെ ഡ്രൈവർമാർ, കേരളത്തിൽനിന്ന് ഗൾഫ് സ്വപ്നവുമായി മുംബൈയിലെത്തി വിസ കാത്തിരിക്കുന്ന മലയാളികൾ, മറ്റ് വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർ ഇടയ്ക്കൊരു ‘ശയന സുഖ'ത്തിന്? കാമാഠിപുരയിലെത്തുന്ന സ്ഥിരം കാഴ്ച ഇപ്പോൾ അവസാനിച്ചിരിക്കുന്നു.

ബൽബീർസിങ്ങിനെ ഞാൻ പരിചയപ്പെടുന്നത് ബോറിവിലി ഇമ്മാകുലേറ്റ് ചർച്ച് പരിസരത്ത് വെച്ചാണ്; അതും ഒരു ക്രിസ്മസ് ഈവിന്. അരോഗദൃഢഗാത്രനായ, വിരിഞ്ഞ മാറും ബലിഷ്ഠകരങ്ങളും ഉള്ള ഈ ഹരിയാനക്കാരൻ ഹിന്ദി സിനിമകളിൽ സ്റ്റണ്ട്മാനായാണ് പ്രത്യക്ഷപ്പെടുക. വിനോദ് ഖന്ന, ഡാനി ഡെൻ സോംങ്ക്പാ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവരുടെ ഇടിരംഗങ്ങളിൽ ഡ്യൂപ്ലിക്കേറ്റായി ബൽബീർ പ്രത്യക്ഷപ്പെട്ടു. അന്ന്, ആ ക്രിസ്മസ് തലേന്ന് ഇദ്ദേഹം ഹൈഡ്രജൻ ബലൂൺ വിറ്റുകൊണ്ടിരിക്കുകയായിരുന്നു.
ജൂനിയർ ആർട്ടിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിലുള്ള സംഘടനയുടെ ഓഫീസ് അന്ധേരി ഈസ്റ്റിലെ റെയിൽവേ ട്രാക്കിന് സമീപമാണ്. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന വ്യക്തി​കൾ നല്ല ലാഭം കൊയ്യുന്നുണ്ടാകുമെന്ന് തോന്നുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ ഇനി സ്റ്റുഡിയോ പടിവാതിലിൽ കാത്തുനിന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് ചുരുക്കിപ്പറയട്ടെ. 'ഇന്ത്യയിലെ മാഞ്ചസ്റ്റർ' എന്ന് ലോകം വിളിച്ചിരുന്ന ബോംബെ മില്ലുകൾ ഷോപ്പിങ്ങ് മാളുകൾക്ക് വഴിമാറി കാലം കുറെയായി. കോർപറേറ്റ് കമ്പനികളുടെ പോഷ് ഓഫീസുകളാണ് ഇപ്പോൾ അവിടെ ഉള്ളത്. ഫിലിം സ്റ്റുഡിയോകൾക്ക് ഇത്തരമൊരു ഗതി വരുമോ എന്ന് അറിഞ്ഞുകൂടാ.

അന്നം മുട്ടിയ ആർട്ടിസ്റ്റുമാരുടെ ബോളിവുഡ്
മുംബൈയുടെ കോവിഡുകാല ജീവിതം
കെ.സി. ജോസ് എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സൻ പാക്കറ്റ് 44


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments