കേരളീയ ഇസ്‍ലാം
തീവ്ര ഇസ്‍ലാമിനോട് പറയുന്നത്…

ഭക്തി എന്നും യഥാർത്ഥ ഇസ്‌ലാം എന്നും വാദിച്ച് കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിലേക്ക് ക്രമാനുഗതമായി കടത്തിക്കൊണ്ടുവന്ന തീവ്രമായ ഒരു ധാര അവരുടെ സാമൂഹിക ജീവിതത്തിന് എങ്ങനെ വെല്ലുവിളിയായി മാറിയിരിക്കുന്നവെന്ന് എം.എസ്. ഷൈജു.

സ്‌ലാം മതം കേരള തീരത്തേക്ക് കടന്നു​വന്നത് ഏതു കാലത്താണ് എന്നതിൽ ചരിത്രകാരർക്ക് ഏകരൂപമായ അഭിപ്രായമില്ല. ഏഴാം നൂറ്റാണ്ടിലാണ് എന്നും എട്ടാം നൂറ്റാണ്ടിലാണ് എന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏത് കാലത്തായിരുന്നാലും ഒരു കാര്യം ഉറപ്പാണ്. ഒരു അയഞ്ഞ ഘടനയിലും സ്വഭാവത്തിലുമുള്ള ഇസ്‌ലാമാണ് ഇവിടേക്കുവന്നത്. തീവ്രമായ വിശ്വാസബോധങ്ങളോ ശുദ്ധി വാദങ്ങളോ ഉള്ള ഒരു ഇസ്‍ലാമായിരുന്നില്ല അത്. അങ്ങനെയായിരുന്നെങ്കിൽ ആ ഇസ്‌ലാമിന് ഇവിടെ യാതൊരു സ്വീകാര്യതയും ലഭിക്കില്ലായിരുന്നു. വലിയ ശാഠ്യങ്ങളില്ലാത്ത ഒന്നായതുകൊണ്ടാണ് അതിലേക്ക് ചെന്നുചേരാൻ ആളുകൾ തയ്യാറായതും അതിന് വളരാനുള്ള സാഹചര്യം ലഭിച്ചതും. പ്രാദേശികമായ സംസ്കാരത്തോട് ചേർന്നുനിന്നുകൊണ്ടുള്ള ആദ്യ കാല ഇസ്‌ലാമിൻ്റെ സാമൂഹികമായ വ്യവഹാരങ്ങൾ സംബന്ധിച്ച് ലഭ്യമായ തെളിവുകളിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ചില വസ്തുതകളാണിവയൊക്കെ.

കാലഗണന വെച്ച് നോക്കുമ്പോൾ സുദൃഢമായ അറബ്, ചൈനീസ് ബന്ധങ്ങൾ നിലനിന്ന കാലത്താണ് കേരളത്തിലേക്ക് ഇസ്‌ലാം എത്തുന്നത്. അറബ് വ്യാപാരികളെപ്പോലെ ചൈനീസ് വ്യാപാരികളും കേരള തീരത്ത് ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ ഇസ്‌ലാമിൻ്റെ കേരളീയ ചരിത്രം പറയുമ്പോൾ അതിൻ്റെ ചൈനീസ് ബന്ധങ്ങൾ അനാവൃതമാക്കാൻ മതസംഘടനകൾ വലിയ താത്പര്യം കാണിക്കാറില്ല. മതത്തിൻ്റെ അറബി പാരമ്പര്യത്തിൽ മാത്രം വിശ്വസിക്കുന്നതുകൊണ്ടു കൂടിയാകണമിത്. അറബികളായാലും ചൈനക്കാരായാലും, വ്യാപാരസമൂഹം പൊതുവേ കാർക്കശ്യങ്ങളില്ലാത്ത, സൗഹാർദ്ദപരമായ സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. പ്രബോധകരും സൈദ്ധാന്തികരുമായ പണ്ഡിതരിലൂടെയോ യുദ്ധങ്ങൾക്കും കീഴടക്കലുകൾക്കും ശേഷം രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയോ വളരുന്ന ഇസ്‌ലാമിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാംസ്കാരിക പരിസരം വ്യാപാരബന്ധങ്ങളിലൂടെ വളരുന്ന ഇസ്‌ലാമിനുണ്ടാകും. കേരളത്തിൽ രൂപപ്പെട്ട മുസ്‌ലിം സമൂഹത്തിന് അതിൻ്റെ ചരിത്രപരമായ സാംസ്കാരിക സവിശേഷത ആർജിക്കാനായതിൻ്റെ മുഖ്യ കാരണം അത് വാണിജ്യധാരയിലൂടെ കടന്നുവന്ന ഒന്നായതു കൊണ്ടായിരുന്നു. കച്ചവട ജനത വളർത്തിയ ലോകത്തെ വിവിധ ഇസ്‌ലാമിക ധാരകളിലെല്ലാം ഈയൊരു സവിശേഷത കാണാം.

കോഴിക്കോടി​ന്റെ ഒരു പ്രാചീനകാല ചിത്രീകരണം- from Georg Braun and Frans Hogenberg’s atlas Civitates orbis terrarum, 1572.

മുസ്‌ലിംകളായ വിദേശ വ്യാപാരികൾ ആദ്യകാലത്ത് കേരളത്തിൽനിന്ന് വിവാഹം കഴിച്ചിരുന്നു. ദീർഘമായ കാലയളവ് ഇവിടെ തങ്ങുന്നവരായിരുന്നു അവരിൽ പലരും. അറബി ഭാഷയോ ഇസ്‌ലാമിൻ്റെ സിദ്ധാന്തങ്ങളോ അറിയാത്ത തദ്ദേശീയരായ അന്യ മതക്കാരെ അറബികളായ മുസ്‌ലിംകൾ അക്കാലത്ത് എങ്ങനെയാകും മതതത്വങ്ങൾ പൂർണമായും പാലിച്ച് വിവാഹം കഴിച്ചിരിക്കുക?

മതസിദ്ധാന്തങ്ങൾ പഠിപ്പിച്ച്, മതം മാറ്റി മുസ്‌ലിംകളാക്കിയാണ് അവരെ വിവാഹം ചെയ്തത് എന്ന് വാദിച്ചാൽ തന്നെ അത് എങ്ങനെ, ഏത് ഭാഷയിൽ ആശയവിനിമയം നടന്നു എന്ന ചോദ്യം കൂടിയുണ്ടാകും. മതസിദ്ധാന്തങ്ങൾ പ്രകാരം വെറുതെ ഒരാളെ പിടിച്ച് മതപരിവർത്തനം നടത്തിയാൽ അങ്ങനെ വിവാഹം ചെയ്യാൻ പറ്റുമോ? ഇന്ന് കാണുന്ന വിധം കർശനമായ മത ചിട്ടകൾ പാലിച്ചുകൊണ്ടൊന്നുമാകില്ല മുസ്‌ലിം വ്യാപാരികൾ ഇവിടെ നിന്നുള്ള മറ്റ് മതസ്ഥരായ സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുക.

മുഗൾ രാജാക്കന്മാർ രജപുത്ര സ്ത്രീകളെ വിവാഹം കഴിച്ചിരുന്നതും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതിൻ്റെ കാരണം അത്രത്തോളം അയഞ്ഞതും, കാർക്കശ്യങ്ങളില്ലാത്തതും, കൂടുതൽ ഇഴുകി ചേരുന്നതുമായ ഒരു മതവീക്ഷണമായിരുന്നു അവർ പുലർത്തിയത് എന്നത് മാത്രമാണ്. അയഞ്ഞ ഘടനയിൽ ആരംഭിച്ച ഇസ്‌ലാം മതം കേരളീയ പാശ്ചാത്തലത്തിൽ കാലങ്ങളോളം അങ്ങനെ തന്നെ തുടർന്നു.

കേരളത്തിൻ്റെ ഇസ്‌ലാം മത പാരമ്പര്യം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. മതം പ്രചരിപ്പിക്കുന്നതിലൂടെ അറബികൾ അവരുടെ സംസ്കാരത്തിലേക്ക് തദ്ദേശീയരായ പുതു വിശ്വാസികളെ മാറ്റുകയല്ല ചെയ്തത്. പകരം ഇവിടുത്തെ സാംസ്കാരികതയിലേക്ക് അവർ കൊണ്ടുവന്ന മതവിശ്വാസങ്ങളെ മാറ്റുകയാണുണ്ടായത്. മനുഷ്യജീവിതത്തിൽ മാത്രമല്ല ഈ സാംസ്കാരിക സവിശേഷത രൂപപ്പെട്ടത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമടക്കം ആരാധനാലയങ്ങളുടെ നിർമാണരീതികൾക്കുപോലും, ഒരു തദ്ദേശീയത നിലനിർത്തിയ, സവിശേഷമായ പ്രാദേശിക ഇസ്‍ലാമായിരുന്നു കേരളീയ തീരത്ത് രൂപപ്പെട്ടത്.

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമടക്കം ആരാധനാലയങ്ങളുടെ നിർമാണരീതികൾക്കുപോലും, ഒരു തദ്ദേശീയത നിലനിർത്തിയ, സവിശേഷമായ പ്രാദേശിക ഇസ്‍ലാമായിരുന്നു കേരളീയതീരത്ത് രൂപപ്പെട്ടത്.

ഈയടുത്ത കാലം വരെ, കൃത്യമായി പറഞ്ഞാൽ രണ്ടോ മൂന്നോ പതിറ്റാണ്ട് മുമ്പുവരെ, കേരളത്തിലെ മുസ്‍ലിം സ്ത്രീ- പുരുഷന്മാരുടെ വേഷവിധാനങ്ങൾ ഇന്ന് കാണുന്ന നിലയിലല്ലായിരുന്നു. മലയാളികളുടെ പൊതുവായ വേഷവിധാനങ്ങളിൽ സംഭവിച്ച മാറ്റത്തെ സംബന്ധിച്ചല്ല പറയുന്നത്. പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ വേഷം. മതപരമായി അംഗീകരിക്കപ്പെട്ട നിലയിൽ തന്നെ, നിരാക്ഷേപം ജീവിച്ചുവന്ന ഒരു ജനതയിലേക്ക് ശുദ്ധിവാദം കടത്തിവിട്ടതിൻ്റെ ഉൽപ്പന്നമാണ് ഇന്നത്തെ മുസ്‌ലിം വസ്ത്രധാരണ ശൈലിയിൽ വന്ന അഭൂതപൂർവമായ മാറ്റം. കേരളം പോലെ തനത് സാംസ്കാരിക സവിശേഷതകളിൽ കഴിഞ്ഞു വന്ന അനേകം സമൂഹങ്ങളെ ശുദ്ധിവാദം ഇത്തരത്തിൽ പരിവർത്തിപ്പിച്ചിട്ടുണ്ട്. മത പണ്ഡിതരുടെയും പള്ളികളിലെ ഇമാമുമാരുടെയും ഭാര്യമാർ പോലും മുണ്ടും അരക്കൈ കുപ്പായവും, പിന്നീട് സാരിയും ബ്ലൗസും അണിഞ്ഞ് പൊതു ജീവിതം നയിച്ചിരുന്ന ഒരു ഭൂതകാലം ഇവിടെയുണ്ടായിരുന്നു എന്നുപറഞ്ഞാൽ പുതിയ തലമുറ ഒരുപക്ഷെ അതിശയം കൂറിയേക്കും. കേരളത്തിൽ നിലനിന്ന ഇസ്‌ലാമിൻ്റെ പ്രത്യേകത തന്നെയായിരുന്നു ഈ ലിബറൽ ഘടന. മുസ്‌ലിം സാമൂഹിക ജീവിതത്തെ സഹവർത്തനക്ഷമതയുള്ളതാക്കിയത് ഈ ലിബറൽ ഘടനയായിരുന്നു. മുസ്‌ലിം പേരുകൾ പോലും മലയാളവൽകരിച്ച നിലയിലുള്ളതായിരുന്നു. മൈതീൻ, ഐദ്രൂസ്, വാവാക്കുഞ്ഞ്, ഉതുമാൻ, മമ്മദ്, പാത്തുമ്മ, ആഷ്യ, ആനുമ്മ, ബീയാത്തു തുടങ്ങിയ നൂറുകണക്കിന് പേരുകൾ ഉദാഹരണമാണ്. അറബി ഭാഷയെയും ലിപിയെയും പോലും മലയാളവൽകരിച്ച ഒരു മുസ്‌ലിം സമൂഹത്തിൻ്റെ സാംസ്കാരികമായ സവിശേഷതകൾ മുഴുവൻ നിരാർദ്രം തകർക്കപ്പെട്ട ചരിത്രമാണ് കഴിഞ്ഞ അര നൂറ്റാണ്ടിൻ്റേത്. അര നൂറ്റാണ്ട് മുമ്പുള്ള മുസ്‌ലിംകൾ നിരാക്ഷേപം ജീവിച്ച് പോന്ന മത, സാമൂഹിക ജീവിതങ്ങളെ മതപരമായി ഒട്ടും അംഗീകരിക്കപ്പെടാത്ത നിലയിൽ, തീവ്രമായ ആഖ്യാനങ്ങൾ മുന്നിട്ട് നിൽക്കുന്ന ഒരു മതസാമൂഹ്യ ഘടനയിലാണ് ഇന്ന് മുസ്‌ലിംകൾ ജീവിക്കുന്നത്. ഈ തീവ്രമായ ആഖ്യാനങ്ങൾ എങ്ങനെ ഇവിടെ രൂപപ്പെട്ടു എന്ന പരിശോധനകൾ കൂടി നടക്കേണ്ടതുണ്ട്.

കേരളീയ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിൻ്റെ ഭൂതകാലങ്ങളിൽ സവിശേഷമായ ജീവിതമുദ്ര പതിപ്പിച്ച അനേകം ആളുകളുണ്ട്. കുഞ്ഞാലി മരക്കാരെ പോലെയുള്ള ചരിത്ര പുരുഷന്മാർ മുതൽ പ്രേംനസീർ വരെ നീളുന്ന ബൃഹത്തായ പട്ടിക തന്നെയുണ്ട്. മുസ്‌ലിംകൾ അഭിമാനപൂർവം ഇന്നും സ്മരിക്കുന്ന അത്തരമാളുകളുടെ മതജീവിതം എങ്ങനെയായിരുന്നു എന്നുകൂടി നാം പരിശോധിക്കേണ്ടതുണ്ട്. മതത്തിൻ്റെ തീവ്രമായ ആഖ്യാനങ്ങളെ സ്വീകരിച്ചവരായിരുന്നില്ല അവരാരും. മതത്തിൻ്റെ ലിബറൽ ഘടനക്കുള്ളിൽ ജീവിച്ചവരായിരുന്നു അവരെല്ലാം. കേരളത്തിലെ ആദ്യകാല മതപരിഷ്കരണ ഉദ്യമങ്ങളുടെ ഉള്ളടക്കങ്ങൾ പോലും ലിബറൽ വീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. വീക്ഷണങ്ങളിലും ആചാരങ്ങളിലും തീവ്രതയും കാർക്കശ്യവും പുലർത്തുന്നവയായിരുന്നില്ല അവയൊന്നും. മതത്തെ എത്രത്തോളം സാമൂഹികമായും ഉദാരമായും വ്യാഖ്യാനിക്കാൻ സാധിക്കുമോ അങ്ങനെയൊക്കെ പുനർവ്യാഖ്യാനിച്ചാണ് മത ധാരയെ കേരളത്തിൻ്റെ സാമൂഹികമായ പൊതുധാരയോട് ചേർത്തുനിർത്താനുള്ള ശ്രമങ്ങൾ നടന്നത്. സ്ത്രീപുരുഷ സമത്വം, ആധുനികത, ജനാധിപത്യ മൂല്യങ്ങൾ, യുക്തിചിന്ത, ശാസ്ത്രബോധം, വ്യക്തിസ്വാതന്ത്ര്യം, പൗരബോധം തുടങ്ങിയ ആശയങ്ങളെ ഉയർത്തിപ്പിടിച്ചാണ് കേരള മുസ്‌ലിം ഐക്യസംഘം പോലുള്ള പരിഷ്കരണ ഉദ്യമങ്ങൾ മുന്നോട്ടുപോയത്. മുസ്‌ലിം പൊതു സമൂഹം ഇന്നും മതനിഷിദ്ധമായി പരിഗണിക്കുന്ന ബാങ്ക് പലിശയെ ആധുനിക ധനതത്വ ശാസ്ത്രത്തിൻ്റെ പിന്തുണയോടെ വ്യാഖ്യാനിച്ച് അത് മതവിരുദ്ധമല്ല എന്ന തീർപ്പിൽ സഹകരണ ബാങ്ക് ആരംഭിച്ചവരാണ് ആദ്യകാല മത പരിഷ്കർത്താക്കൾ.

പരിഷ്കർത്താവായ സനാഉള്ള മക്തി തങ്ങൾ അക്കാലത്തെ സമൂഹത്തോട് പോരാടിയാണ് പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരു ക്ലാസിലിരുത്തി വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടത്. മക്തി തങ്ങൾക്കുശേഷം പതിറ്റാണ്ടുകൾ ഒരുപാട് പിന്നിട്ടിരിക്കുന്നു. മതത്തിൻ്റെ പാഠങ്ങൾ മുൻനിർത്തി വർദ്ധിത വീര്യത്തോടെ വീണ്ടും ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെ ക്ലാസുകളിലിരുത്തിയും, മുഖമടക്കം മൂടി നടന്നാൽ മാത്രമേ മുസ്‌ലിം സ്ത്രീയുടെ വസ്ത്രം മതപരമാകൂ എന്ന് ശഠിച്ചും, തുടർന്നുവന്ന പരമ്പരാഗത മുസ്‌ലിം സാമൂഹിക ജീവിതത്തെ മതവിരുദ്ധമാക്കിയും, സാമാന്യ മുസ്‌ലിം ജീവിതത്തെ പൊതുധാരയിൽനിന്ന് അടർത്തി മാറ്റുന്ന നിരവധി തിട്ടൂരങ്ങൾ പുറപ്പെടുവിച്ചും 'ഗ്രന്ഥ ഇസ്‌ലാ’മിൻ്റെ സാമൂഹ്യവിരുദ്ധമായ വ്യാഖ്യാനങ്ങൾ കൊണ്ട് മുഖരിതമാണ് സമകാലിക മലയാളി മുസ്‍ലിമിൻ്റെ മതരംഗം. മതം ഉൾക്കൊണ്ടുതന്നെ സാമൂഹ്യ ജീവിതത്തിൽ പൊതു സാംസ്കാരികത നിലനിർത്താൻ ശ്രമിച്ച ഭൂതകാലത്തെ ഇസ്‌ലാമിക വിരുദ്ധമാക്കാനുള്ള പുതിയകാല ആഖ്യാനങ്ങൾ ഒട്ടും നിരുപദ്രവകരമല്ല. ഭക്തി എന്നും യഥാർത്ഥ ഇസ്‌ലാം എന്നും വാദിച്ച് കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിലേക്ക് ക്രമാനുഗതമായി കടത്തിക്കൊണ്ടുവന്ന തീവ്രമായ ഒരു ധാര അവരുടെ സാമൂഹിക ജീവിതത്തിന് തന്നെ ഇന്ന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ലോകത്തെ എല്ലാ മത, പ്രത്യയശാസ്ത്രധാരകളിലും തീവ്ര വ്യാഖ്യാനങ്ങളുണ്ട്. ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുമ്പോൾ അതിനില്ലാത്ത അനേകം വീക്ഷണങ്ങൾ പിന്നീട് അവയിലേക്ക് എത്തിപ്പെടും. പല കാലങ്ങളിൽ ജീവിക്കുന്ന തീവ്ര ചിന്താഗതിക്കാരായ ദാർശനികർ അതിലേക്ക് സംഭാവന ചെയ്യുന്ന മൂല ആശയങ്ങൾ വികസിച്ചാണ് തീവ്രമായ മതധാരകൾ രൂപപ്പെടുന്നത്. സാമൂഹ്യശാസ്ത്രം വികസിക്കുമ്പോൾ അതിനനുസരിച്ച് വികസിക്കാത്ത മതസിദ്ധാന്തങ്ങളും പിന്നീട് കർക്കശമായ നിലപാടുകൾക്ക് കാരണമാകും. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ലോക സാഹചര്യങ്ങൾക്കുശേഷം അറേബ്യൻ ഇസ്‌ലാമിന് സംഭവിച്ചത് ഈയൊരു പ്രതിസന്ധിയായിരുന്നു. 'ഗ്രന്ഥ ഇസ്‌ലാം' എന്ന പേരിൽ രൂപപ്പെട്ട മതാഖ്യാനങ്ങൾ ഇസ്‌ലാമിൻ്റെ ബഹുസ്വര പാരമ്പര്യങ്ങളെയും അവ രൂപപ്പെടുത്തിയ സാംസ്കാരിക സങ്കലനങ്ങളെയും അപ്പാടെ നിരാകരിച്ചു. ഗ്രന്ഥത്തിൽ എന്തു പറയുന്നോ അപ്പടി മാറേണ്ടതാണ് മുസ്‌ലിം ജീവിതങ്ങൾ എന്നൊരു ആഖ്യാനത്തിലൂടെ സാമൂഹികമായി അവികസിതമായ, നിരാധുനികമായ വീക്ഷണങ്ങൾ നിറഞ്ഞ തീവ്രവ്യാഖ്യാനങ്ങൾ വിവിധ മുസ്‌ലിം സമൂഹങ്ങളിലേക്ക് കടന്നുവന്നു. കേരളത്തിൻ്റെ സവിശേഷമായ മുസ്‌ലിം പാരമ്പര്യത്തെ പാടെ നിരാകരിച്ച ഈ വ്യാഖ്യാനധാരയെ വേർതിരിച്ച് മനസ്സിലാക്കുന്നതിൽ സംഭവിച്ച കാലതാമസമാണ് അവർക്ക് ഈ സമൂഹത്തെ ഇത്രമേൽ സ്വാധീനിക്കാൻ അവസരം നൽകിയത്.

Photo: Roberta Resega / flickr

പതിനഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള ഇസ്‌ലാമിൽ പലതരത്തിലുള്ള മത വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. ഒന്ന് ഒന്നിനോട് കടക വിരുദ്ധമാകുന്ന അനേകം ആഭ്യന്തര ധാരകളും അതിനുള്ളിലുണ്ട്. പക്ഷേ തീവ്രമായ വാദങ്ങളും വീക്ഷണങ്ങളും പുലർത്തിയിട്ടുള്ള ധാരകൾക്കൊന്നും അതിജീവനം സാധ്യമായില്ല. ബാഹ്യസമൂഹവുമായി സംഘർഷം സൃഷ്ടിക്കുന്ന, സാംസ്കാരിക ബഹുത്വങ്ങളെ നിരാകരിക്കുന്ന ഗ്രന്ഥ ഇസ്‌ലാമുകൾ ഒന്നുകിൽ അസ്ഥിരപ്പെടും അല്ലെങ്കിൽ അവർ ക്രമേണ ലിബറൽ നിലപാടുകളിലേക്ക് പരിവർത്തിക്കപ്പെടും. എവിടെയെങ്കിലും തീവ്ര ആശയങ്ങൾ മേൽക്കൈ നേടുന്നെങ്കിൽ അതൊരു താൽകാലിക പ്രതിഭാസം മാത്രമാണ്. കാലത്തിൻ്റെ വളർച്ചയെയും മനുഷ്യൻ്റെ സാമൂഹിക വികാസത്തെയും അതിജയിക്കാൻ മതത്തിൻ്റെ തീവ്ര ആശയങ്ങൾക്ക് കരുത്തില്ല. ലിബറൽ വ്യാഖ്യാനങ്ങൾ മാത്രമേ കാലത്തോടോപ്പം മുന്നോട്ട് പോകുകയുള്ളൂ. കാലവും ചരിത്രവും തന്നെയാണ് അതിൻ്റെ തെളിവുകൾ.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments