ശ്രീനാരായണ ഗുരു / Photo: Keralaculture.org

ഇന്നും എന്തുകൊണ്ട്​ ജാതികേരളം
​സുരക്ഷിതമായിരിക്കുന്നു?

ജാതിവർജ്ജനസമരങ്ങളല്ല ജാതിസ്വത്വസമരങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. ജാതിവർജ്ജനമാണ് ശ്രീനാരായണഗുരു അടക്കമുള്ളവർ മുന്നോട്ടുവച്ച മാനവിക ഏകതയുടെ സൂത്രവാക്യം.അതിനായുള്ള നവോത്ഥാനം എന്നു നടക്കും? ആരു നടത്തും? കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ജാതി എങ്ങനെയാണ്​ ഇടപെട്ടുകൊണ്ടിരിക്കുന്നത്​ എന്ന പഠനം.

കേരളത്തിന്റെ സാമൂഹികചരിത്രം എവിടെനിന്ന് ആരംഭിക്കണം എന്നാലോചിച്ചാൽ ഏറെ പ്രതിസന്ധികൾ മുന്നിലെത്തും. തമിഴകത്തിന്റെ ദ്രാവിഡ പൈതൃകത്തിൽ നിന്നു വേണമോ, കരവഴിയും കടൽവഴിയും ഇവിടെ എത്തിയവരുമായുള്ള സമ്പർക്കത്തിന്റെ ഫലമായ സങ്കലനസംസ്‌കാരത്തിൽ വേരുറപ്പിക്കണമോ, അതിൽത്തന്നെ സവിശേഷമായി ബ്രാഹ്മണസാന്നിധ്യത്തിൽനിന്നുമാണോ, മിഷണറി കൊളോണിയൽ ഇടപെടലിൽ നിന്ന്​ വേണമോ എന്നിങ്ങനെയുള്ള പ്രതിസന്ധികളാണ് കടന്നുവരുന്നത്.

ഇപ്പറഞ്ഞ എല്ലാ അടരുകളും ഉൾപ്പെടുന്നുണ്ട് എന്നതാണ് വാസ്തവമെന്നിരിക്കെ ഇതിലേതെങ്കിലും ഒന്നിനുമാത്രം സവിശേഷപ്രാധാന്യം നൽകാനാവില്ല. എല്ലാ സാംസ്‌കാരിക ഘടകങ്ങളെയും വിപുലീകരിച്ചറിയേണ്ടതുണ്ട്. ചില ഘടകങ്ങൾക്ക് മുൻഗണന നൽകാമെന്നു തോന്നുന്നു. ഇവിടെ ജാതി എന്ന സാമൂഹികസംവർഗത്തിന്റെ വളർച്ചാപരിണാമങ്ങളെ പരിശോധിച്ചറിയാം.

ജാതി: സംഘകാല കേരളത്തിൽ

തമിഴകത്ത്, സംഘകാലത്ത്​ നിലനിന്നിരുന്നത് ഗോത്രപാരമ്പര്യമാണെന്നും സവിശേഷമായി ജാതിക്രമം വികസിച്ചിരുന്നില്ല എന്നതും സംഘസാഹിത്യത്തിൽ നിന്ന്​ നിരീക്ഷിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ അഥവാ ദ്രാവിഡ സംസ്‌കാരത്തിൽ ജാതിസങ്കൽപനം വ്യാപിച്ചത് ആര്യസമ്പർക്കം വഴിയാണെന്നും വാദമുണ്ട്. ജാതി, അയിത്തം എന്നീ സങ്കല്പനങ്ങൾ പിറവിയെടുത്തത് ദ്രാവിഡരിലാണെന്നും ദ്രാവിഡ സമ്പർക്കം വഴി ആര്യജനതയിലേക്കു വ്യാപിച്ചതുമാണെന്നാണ് എതിർവാദം. ചാതുർവർണ്യത്തിന്റെ പിറവിയുടെ അടിസ്ഥാനം ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നുണ്ട്. ദ്രാവിഡരുമായി ഈ സങ്കൽപ്പങ്ങൾക്ക് എന്തെങ്കിലും ബന്ധവുമുണ്ടോ എന്ന് പരിശോധിച്ചറിയേണ്ടതുണ്ട്. അതിനായി പുനർനിർമിച്ചെടുത്തിട്ടുള്ള മൂല (പൂർവ) ദ്രാവിഡത്തിൽ ജാതിസാന്നിധ്യം ഉണ്ടോ എന്നന്വേഷിക്കാം.

സമുദായവൽക്കരണത്തിലൂടെ ജാതിസംവർഗം ഇല്ലാതാവുകയല്ല ചെയ്​തത്, ജാതികൾ രാഷ്ട്രീയ പ്രാതിനിധ്യം ആർജിച്ച സ്വത്വങ്ങളായി പരിണമിച്ചുവെന്നേയുള്ളു. സമുദായം സവിശേഷ രാഷ്ട്രീയരൂപകമായി വളർന്നുറച്ചു.

ദ്രാവിഡ ഭാഷാപഠനങ്ങളിൽ ഗണ്യമായ സംഭാവന നൽകിയിട്ടുള്ള ബി.എച്ച്. കൃഷ്ണമൂർത്തിയുടെ മൂലദ്രാവിഡ പുനർനിർമിതിയിൽ ജാതിസംജ്ഞകളില്ല. ഫ്രാങ്കിളിൻ സൗത്ത്വാർത്തിന്റെ പുനർനിർമിതിയിൽ ജാതിയുമായി ബന്ധപ്പെട്ട രണ്ടു പദങ്ങളുണ്ട്. ‘പാർ' എന്ന സംജ്ഞ ബ്രാഹ്മണരെയും ‘മാതിക' എന്നത് അബ്രാഹ്മണരെയും സൂചിപ്പിക്കുന്നുവെന്നുപറയാം. വരത്തരും തദ്ദേശീയരും എന്ന സങ്കല്പമായി ഇതിനെ കാണാം. ഇവയല്ലാതെ സാമൂഹിക ഘടനയുമായി ബന്ധപ്പെടുത്തി ജാതി സംജ്ഞകളൊന്നും പുനർനിർമിക്കാനായിട്ടില്ല. മൂലദ്രാവിഡകാലത്ത്​ തൊഴിൽ കൂട്ടായ്മകൾ രൂപംകൊള്ളാത്തതാണോ കാരണമെന്ന്​ അസന്ദിഗ്ധമായി ഉറപ്പിക്കണമെങ്കിൽ ഗോത്രസമൂഹമായിരുന്നു അക്കാലത്തേതെന്ന് സംശയിക്കണം. പുനർനിർമിച്ച മൂലദ്രാവിഡത്തിൽ നിന്ന്​അക്കാലത്തെ സമൂഹം വികസിച്ച കാർഷിക സമൂഹമായിരുന്നവെന്നാണ് മനസിലാക്കാനാവുന്നത്. കാർഷികസമൂഹമാണെങ്കിൽ വിവിധ തരം തൊഴിൽവൈദഗ്ധ്യം ഒരുമിച്ചു പ്രവർത്തിക്കണം. തൊഴിൽ വിഭാഗങ്ങളായി പിരിയാത്തതുകൊണ്ട് പ്രതിഭിന്ന സംജ്ഞകൾ ഉണ്ടാകാത്തതാകാം.

ബി.എച്ച്. കൃഷ്ണമൂർത്തി | Photo: Wikimedia

മൂലദ്രാവിഡത്തിൽനിന്ന്​ ദക്ഷിണദ്രാവിഡം പിരിഞ്ഞുവന്നതോടെ ചില തൊഴിൽവിഭാഗങ്ങളെ കുറിച്ച്​ വിവരം ലഭിച്ചിട്ടുണ്ട്. ഉദാഹരണമായി നെയ്ത്തുകാർ, കുട്ടനെയ്ത്തുകാർ, കള്ളുചെത്തുകാർ, വെള്ളാളർ (കൃഷിക്കാർ), ചെറുപ്പണിക്കാർ (അടിമ), തോട്ടിപ്പണി എന്നിങ്ങനെയുള്ള തൊഴിൽവിഭാഗങ്ങളെ കുറിച്ച്​ പരാമർശം കാണാം. പൂർവദക്ഷിണ ദ്രാവിഡത്തിന്റെ പുനർനിർമിതിയിലാണ് ഈ പരാമർശം. ബി.സി. 1500 കാലഘട്ടത്തിൽതന്നെ ദ്രാവിഡർക്കിടയിൽ തൊഴിലടിസ്ഥാനത്തിലുള്ള സമൂഹരൂപീകരണം നടന്നിരുന്നുവെന്നത് വ്യക്തമാക്കുന്നു. തോട്ടിപ്പണിയെ കുറിച്ചുള്ള സാമൂഹിക മനോഭാവം, അത് താഴ്ന്ന തരമാണെന്നായിരുന്നു. അടിമയെയും തോട്ടിയെയും പ്രത്യേക തൊഴിൽവിഭാഗമായി തിരിച്ചറിഞ്ഞിരുന്നുവെന്നതുകൊണ്ട് ചാതുർവർണ്യരീതിയിൽ സമൂഹം ലംബതലത്തിൽ രൂപംകൊണ്ടിരുന്നുവെന്ന് സ്ഥാപിക്കാനാവില്ല.

ജാതി എന്ന സാമൂഹിക സംവർഗവുമായി ബന്ധപ്പെട്ട്​ കേരളത്തിന്റെ സംഘകാല പൈതൃകം തെരയുമ്പോൾ വ്യക്തമാകുന്നത്, ചാതുർവർണ്യ വ്യവസ്ഥക്കനുസരിച്ചുള്ള ശ്രേണീകൃത സമൂഹമായിട്ടല്ല അന്നത്തെ സമൂഹം രൂപംകൊണ്ടിരുന്നതെന്നാണ്.

സംഘസാഹിത്യത്തിലെ തെളിവുകൾ പ്രകാരം ആദ്യഘട്ടത്തിലെ സമൂഹം തൊഴിലടിസ്ഥാനത്തിലും ആവാസ ഇടങ്ങളുടെ അടിസ്ഥാനത്തിലും തിരശ്ചീനമായി വിന്യസിച്ചിരുന്നു. കുറിഞ്ഞി പ്രദേശത്ത്​ വേട്ടയായിരുന്നു പ്രധാന തൊഴിൽ. വേട്ടുവർ, എയ്നർ (പന്നിവേട്ടക്കാർ), മാലുവുമ (മാൻവേട്ടക്കാർ) എന്നീ തൊഴിൽ വിഭാഗങ്ങളും ആവാസയിടത്തിന്റെ അടിസ്ഥാനത്തിൽ കുൻറവർ /കുറവർ (കുന്നുകളിൽ ജീവിക്കുന്നവർ), കാനവർ (കാട്ടിൽ ജീവിക്കുന്നവർ) എന്നിങ്ങനെ ഇക്കൂട്ടർ അറിയപ്പെട്ടു. മുല്ലൈ വനപ്രദേശമാണ്. കന്നുകാലി വളർത്തുന്ന കോവലർ, അന്ധർ, ഇടയർ എന്നീ വിഭാഗങ്ങളാണ് മുല്ലൈ നിവാസികൾ. മരുതം സമതലമാണ്. കൃഷിക്കാരായ ഉഴവരാണ് അവിടത്തെ നിവാസികൾ. നെയ്തൽ തീരദേശമാണ്. അവിടെ മൽസ്യബന്ധനം തൊഴിലാക്കിയ പരവതരും മീനവരും വസിച്ചിരുന്നു. വീരയോദ്ധാക്കളായ മറവരും ഗുസ്തിക്കാരായ മല്ലരും സൈനികരായ മലവരും പാലൈയിലെ വാസക്കാരാണ്. ഇവരെക്കൂടാതെ പാട്ടുകാരായ പാണർ, നൃത്തക്കാരായ വിറലികർ, കൂത്തുനടത്തുന്ന കൂത്തിയാർ, തുടി കൊട്ടുന്ന കൂതിയാർ, പറയടിക്കാരായ പറയർ /വള്ളുവർ, അടിയവർ, വിനൈവളർ (ആശാരി), വേലൻ (പുരോഹിതൻ), ബ്രാഹ്മണരായ അന്ധണർ, പാർത്തർ, ഇറു പിലപാലർ എന്നിവരാണ് പ്രമുഖ സമുദായങ്ങളായി സംഘകാല സമൂഹത്തിൽ കാണുന്നത്.

തൂതിയരെ അശുദ്ധിയുടെ പേരിൽ പുലയരെന്നും തുടിക്കോല് ഉപയോഗിക്കുന്നതിന്റെടിസ്ഥാനത്തിൽ ‘ഇഴിച്ചിനൽ' എന്നും ജന്മം കൊണ്ട് താഴ്ന്നവരായിക്കണ്ട് ഇറു പിലപാലർ എന്നും വിളിച്ചിരുന്നതായി ഭാഷ്യമുണ്ട്. ശവദാഹ ചടങ്ങുകൾ നടത്തിയിരുന്നത് അക്കാലത്ത്​പുലയരായിരുന്നുവെന്നതാകാം അശുദ്ധിയുടെ പേരിൽ താഴ്ന്നവർ എന്നു കരുതാൻ കാരണം. സംഘസാഹിത്യത്തിൽ ചാതുർവർണ്യം നിലനിന്നിരുന്നതിന് തെളിവില്ല. ബ്രാഹ്മണ സമ്പർക്കം ചില ശുദ്ധിചിന്തകൾ ദ്രാവിഡർക്കിടയിൽ സംഘകാലത്തിന്റെ അവസാനഘട്ടത്തിൽ കടന്നുവരാൻ കാരണമായി എന്നേ പറയാനാവൂ.
ജാതി എന്ന സാമൂഹിക സംവർഗവുമായി ബന്ധപ്പെട്ട്​ കേരളത്തിന്റെ സംഘകാല പൈതൃകം തിരയുമ്പോൾ വ്യക്തമാകുന്നത്, ചാതുർവർണ്യ വ്യവസ്ഥക്കനുസരിച്ചുള്ള ശ്രേണീകൃത സമൂഹമായിട്ടല്ല അന്നത്തെ സമൂഹം രൂപംകൊണ്ടിരുന്നതെന്നാണ്.

ദ്രാവിഡ സംസ്‌കൃതിയുടെ ചരിത്രം പറയുന്ന മഹാബലിപുരത്തെ ശിൽപങ്ങൾ

ഗോത്രഘടനയുടെ സ്വാഭാവിക വികാസം സാമൂഹികഘടനയിൽ പ്രകടമായിരുന്നു. ഭിന്ന തൊഴിൽവിഭാഗങ്ങൾ സഹവസിച്ച കാർഷികസമൂഹ ഘടനയാണത്. അധ്വാനത്തിന്​ മുൻതൂക്കമുള്ള, എന്നാൽ തൊഴിൽവിവേചനമില്ലാത്ത സാമൂഹ്യഘടന. തൊഴിൽ വിഭാഗങ്ങൾ ജാതികളായി മാറിയിരുന്നില്ല. തൊഴിൽ ജന്മാവകാശമായിരുന്നില്ല. തൊഴിൽ ആർക്കും താത്പര്യമനുസരിച്ച് തെരെഞ്ഞെടുക്കാമായിരുന്നു. ഒരു തൊഴിലും സാമൂഹികപദവി നിർണയിച്ചിരുന്നില്ല. കായികാധ്വാനത്തെ മാനിക്കുകയും തൊഴിൽ വിഭാഗങ്ങൾ പരസ്പര സ്പർധയില്ലാതെ സമത്വസഹവാസം നടത്തുകയും ചെയ്​തിരുന്നു. തൊഴിലനുസരിച്ചുള്ള അധിവാസ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തിരുന്നു. ആദിമനിവാസികളായ പാണർ, കുറവർ, പറയർ, വേടർ തുടങ്ങിയുള്ള വിഭാഗങ്ങളെല്ലാം ഒരുമയോടെ ജീവിച്ചിരുന്നു. വരത്തരായ ബ്രാഹ്മണർക്ക്​സവിശേഷ സ്ഥാനം നേടാനായിരുന്നില്ല. ജാതിരഹിതമായിരുന്ന അന്നത്തെ സാമൂഹികഘടന. ലിംഗസമത്വവും നിലനിറുത്തിയിരുന്നു. വിദ്യാഭ്യാസത്തിനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും സാമൂഹിക ജീവിതത്തിൽ സ്വാതന്ത്ര്യവും സ്ത്രീകൾക്കുണ്ടായിരുന്നു. അവർക്കിടയിൽ കവയിത്രിമാർ അംഗീകാരം നേടിയിരുന്നു. വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആഭരണങ്ങൾ അണിയാനും അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. പാട്ടും നൃത്തവും ലിംഗഭേദമന്യേ വിനോദോപാധികളായിരുന്നു. ചുരുക്കത്തിൽ, ലിംഗാധീശത്വം ലംബതലത്തിൽ സ്ത്രീപുരുഷഭേദം സൃഷ്ടിച്ചിരുന്നില്ല.

ജൈന- ബൗദ്ധ പാരമ്പര്യം

കേരളത്തിലെ ആര്യസമ്പർക്കത്തിന്റെ കൈവഴികളിലൊന്നിത്. കേരളസമൂഹം വിവിധ തൊഴിൽ വിഭാഗങ്ങളായി തിരിച്ചറിഞ്ഞത് പ്രാകൃത സമ്പർക്കത്തിലൂടെയാണ്. ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, ശിൽപി, നെയ്ത്തുകാർ, ചെത്തുകാർ, കുശവൻ, ചക്കാലൻ, അമ്പലവാസി (പിഷാരടി, വാരിയർ, അക്കിത്തിരി), മേളക്കാർ എന്നിങ്ങനെയുള്ള തൊഴിൽ വിഭാഗങ്ങളുടെയും പണിശാലയുടെയും പിറവി പ്രാകൃതസമ്പർക്കത്തിൽ നിന്നാണ് എന്ന് മലയാളത്തിലെ പ്രാകൃത പദങ്ങൾ സൂചിപ്പിക്കുന്നു. ചണ്ഡാലർ ഹീന ജാതിക്കാരാണെന്ന ആശയം പങ്കുവെച്ചുകിട്ടിയതും പ്രാകൃതം വഴിതന്നെ. ജാതിയെ സാമൂഹിക സംവർഗമായി നിർണയിക്കാനുള്ള ശ്രമങ്ങളൊന്നും ഇക്കൂട്ടരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ബുദ്ധ- ജൈനമതങ്ങളുടെ കാലത്തെ തൊഴിൽ പ്പേരുകളായിരുന്ന ആചാരി, തട്ടാൻ, കമ്മാളൻ തുടങ്ങിയെല്ലാം ജാതിനാമങ്ങളായി. ചാതുർവർണ്യത്തിൽ പെട്ട മൂന്ന് ജാതികളെ അവർ രൂപീകരിച്ചുള്ളൂ. വൈശ്യർ വിഭാഗം വേണ്ടെന്നുവച്ചതായിരിക്കാനാണ് സാധ്യത

സംസ്‌കൃത സമ്പർക്കം

സംസ്‌കൃത സമ്പർക്കം, സവിശേഷമായി ബ്രാഹ്മണ സമ്പർക്കം, സമൂഹത്തെ ജാതി അടിസ്ഥാനമാക്കി ശ്രേണീകരിച്ചു. ജാതിവ്യവസ്ഥ ആധാരമാക്കിയുള്ള സാമൂഹികപദവി നിർണയിക്കപ്പെട്ടു. അധഃകൃത വിഭാഗങ്ങൾ രൂപംകൊണ്ടു. അധ്വാനത്തിന്​ താഴ്ന്ന മൂല്യം കല്പിച്ചു. ഭക്ഷണനിയന്ത്രണം നടപ്പിലായി, ശുദ്ധാശുദ്ധി സങ്കൽപം കൂടുതൽ സാമൂഹികമായി. സാക്ഷരതാനിരോധനം, ലിംഗാസമത്വം, ശൈശവ വിവാഹം, വിധവാ വിവാഹ നിരോധനം, വസ്ത്രം- ആഭരണം എന്നിവ ധരിക്കുന്നതിലുള്ള മേൽ -കീഴ് അവകാശങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കിയതിലൂടെ സംഘകാല സമൂഹത്തെ ശ്രേണീകരിച്ചു മാറ്റുകയാണുണ്ടായത്.

വർണാശ്രമധർമം കേരളത്തിൽ പ്രചരിപ്പിച്ചത് വൈദിക ബ്രാഹ്മണരാണ്. വൈദിക മതവിശ്വാസികളായിരുന്ന ആര്യൻമാർ ബ്രാഹ്മണരായി, രാജ്യഭരണത്തിനായി തദ്ദേശീയരിൽ ചില വിഭാഗങ്ങളെ ക്ഷത്രിയരാക്കി, ഈ വിഭാഗങ്ങളുടെ സേവനത്തിനായി ചിലരെ ശൂദ്രരാക്കി. ബ്രാഹ്മണരുടെ സംബന്ധത്തിലുണ്ടായ മിശ്രജനത അമ്പലവാസികളായി. ബുദ്ധ- ജൈനമതങ്ങളുടെ കാലത്തെ തൊഴിൽപ്പേരുകളായിരുന്ന ആചാരി, തട്ടാൻ, കമ്മാളൻ തുടങ്ങിയെല്ലാം ജാതിനാമങ്ങളായി. ചാതുർവർണ്യത്തിൽ പെട്ട മൂന്ന് ജാതികളെ അവർ രൂപീകരിച്ചുള്ളൂ. വൈശ്യർ വിഭാഗം വേണ്ടെന്നുവച്ചതായിരിക്കാനാണ് സാധ്യത. വാണിജ്യം വിദേശികളും മുസ്​ലിം -ക്രിസ്ത്യൻ സമൂഹവും കയ്യടക്കിയിരുന്നതുകൊണ്ടാകാം, അവർ സൃഷ്ടിച്ച മൂന്നുവിഭാഗങ്ങളും ചേർന്ന് സവർണരായി യഥാക്രമം പൗരോഹിത്യം, രാജ്യഭരണം, സൈനികവൃത്തി എന്നിങ്ങനെ തൊഴിൽ ഭേദം നിശ്ചയിക്കപ്പെട്ടു.

'ജനസംഖ്യയിൽ കുറവുള്ള ബ്രാഹ്മണർക്ക് സ്ഥിരമായ അധീശത്വം നിലനിറുത്താൻ പൗരോഹിത്യത്തിലൂടെ മതത്തിന്റെ, സാക്ഷരതയുടെ, ജ്ഞാനാധികാരത്തിന്റെ മറവിൽ സൃഷ്ടിച്ചു നടപ്പാക്കിയ സാമൂഹികതന്ത്രമാണ് ജാതിവ്യവസ്ഥയിലൂടെ സാക്ഷാത്കരിച്ചതെന്നു പറയാം.' / Illustration: Malavika Raj

ആഭ്യന്തരമായ ഉച്ചനീചത്വം ലംബതലത്തിൽ നിലനിറുത്തിക്കൊണ്ടുള്ളതായിരുന്നു ഈ സവർണ ക്രമം. എല്ലാവർക്കും ഒരേ അധികാരമോ സാമൂഹ്യമൂല്യമോ അനുവദിച്ചിരുന്നില്ല. സവർണനിലയിൽ തന്നെ ശ്രേണീകൃത ഘടനയായിരുന്നു. എല്ലാത്തിന്റെയും ഉച്ചസ്ഥാനം ബ്രാഹ്മണർക്കാണ്. വേദാഭ്യാസം ബ്രാഹ്മണരിൽ നിക്ഷിപ്തമാണ്. ക്ഷത്രിയ -ശൂദ്ര വിഭാഗങ്ങൾക്ക് അത് നിഷേധിച്ചിരുന്നു. ബ്രാഹ്മണരെ ചോദ്യം ചെയ്യാനുള്ള അവകാശം ഭരിക്കുന്ന രാജാവിനുമില്ല. തദ്ദേശീയരെ ഉപകരണമാക്കി വരത്തരായ ബ്രാഹ്മണർ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച്​ സാമൂഹ്യാചാരം നിർണയിച്ചുണ്ടാക്കിയ ഒരു കൂട്ടു മുന്നണിയെന്നതിനപ്പുറം സമത്വഭാവന സവർണഘടനയിലുണ്ടായിരുന്നില്ല. എന്നാൽ, തനിക്കുതാഴെയുള്ളവരോട് വിവേചനവും ക്രൂരതയും നടപ്പിലാക്കാനുള്ള അധികാരം ശൂദ്രർക്കും അനുവദിച്ചിരുന്നുവെന്നത് അവർ സവർണഘടനയിലെ പീഡിതരാണ് എന്ന് തിരിച്ചറിയാതിരിക്കാൻ കാരണമായി. ജാതിയിലുയർന്നവർ എന്ന ബോധമാണ് സവർണഘടനയുടെ നിക്ഷേപം. ഈ നിക്ഷേപത്തിന് കോട്ടം തട്ടാതിരിക്കാൻ മൂന്ന് ആചാരങ്ങൾ ബ്രാഹ്മണർ നിർദേശിച്ചു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയിൽ പെട്ടുകൂടായ്മ എന്നിങ്ങനെ സാമൂഹിക അസമത്വം നിർണയിച്ചുറപ്പിക്കുന്ന ആചാരതന്ത്രങ്ങളാണിവ. ബ്രാഹ്മണർ പറയുന്ന, ചെയ്യുന്ന, നടപ്പാക്കുന്ന എന്തിനും വേദപ്രമാണങ്ങളുടെ പിൻബലമുണ്ടെന്ന മിഥ്യാധാരണ സവർണർക്കിടയിലും പരത്താൻ അവർക്ക് കഴിഞ്ഞു.

ബ്രാഹ്മണാധിപത്യം കേരളത്തിൽ ഒരു പുതിയ സാമൂഹികക്രമം സൃഷ്ടിച്ചു. ക്ഷേത്രകേന്ദ്രിത ജീവിതക്രമം, സാക്ഷരതാധികാരം, ജ്ഞാനാധികാരം, ആചാരക്രമം ശുദ്ധി- അശുദ്ധി ധാരണകൾ- ചുരുക്കത്തിൽ ബ്രാഹ്മണർ ഉപദേശിച്ച മതവിശ്വാസങ്ങളും ആചാരമര്യാദകളും ഭരിക്കുന്ന രാജാവുമുതൽ എല്ലാവരും ദൈവവാക്യമായി അംഗീകരിച്ചു. കേരള സമൂഹം ബ്രാഹ്മണകേന്ദ്രിതമായി പുനർനിർണയിക്കപ്പെട്ടതോടെ നാലു പ്രക്രിയകൾ സാധുവായി.

ഉച്ചനീചത്വബോധം സവർണരിൽനിന്ന് അവർണരിലേക്കെത്തുമ്പോൾ കാഠിന്യം കൂടുതലായിരുന്നുവെന്നല്ലാതെ ബ്രാഹ്മണരെല്ലാം ഏകവിഭാഗമായിരുന്നെന്നോ അവരിൽ ആഭ്യന്തര ഉച്ചനീചത്വം ഇല്ലായിരുന്നെന്നോ ഉച്ചനീചത്വം സവർണ -അവർണ വേർതിരിവിൽ മാത്രമായിരുന്നെന്നോ കരുതേണ്ടതില്ല

ഇതോടെ കായികാധ്വാനം ചെയ്യുന്നവരും സ്ത്രീകളെ കൈമാറ്റം ചെയ്യാത്തവരുമായ ബഹുഭൂരിപക്ഷം നാട്ടുകാരും സവർണഘടനക്ക് പുറത്തായി. അതായത്, സാക്ഷരതാസാധ്യത അനുവദിക്കാത്ത, ആത്മീയാധികാരം നിഷേധിക്കപ്പെട്ട, സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്ത പാർശ്വവത്കൃതർ ഭൂരിപക്ഷമായി മാറി. അവർ സവർണരല്ലാത്തതുകൊണ്ട് അവർണരൂപകമായിപരിവർത്തനപ്പെട്ടു. എന്നാൽ അവർണപക്ഷം അവരോരോരുത്തുടെയും സാമൂഹിക സ്ഥിതി വ്യത്യസ്തമാണെന്ന് മനസിലാക്കിയത് സവർണ ജാത്യാചാരങ്ങൾ പാലിക്കപ്പെടേണ്ടിവന്നപ്പോഴാണ്. ജാതി എന്ന സംവർഗത്തിന്റെ ശക്തിയും ശക്തിയില്ലായ്മയും ബോധ്യപ്പെട്ടു. അവർണപക്ഷം അയിത്തജാതിക്കാരായതുകൊണ്ട്​, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയിൽ പെട്ടുകൂടായ്മ എന്നിങ്ങനെയുള്ള ജാത്യാചാരങ്ങൾ പാലിക്കേണ്ടത് നിർബന്ധമായി. ഇതിലുള്ള ഏതു വീഴ്ചയും ശിക്ഷാർഹവുമാണ്. തീണ്ടാപ്പാടിന്റെ അകലത്തിലുള്ള വ്യത്യാസം അവർണരിൽ തന്നെ ആഭ്യന്തരമായ ഉച്ചനീചത്വത്തിന് സാഹചര്യമൊരുക്കി. അതായത്, ഉച്ചനീചത്വത്തെ മനോഘടനയിൽ നിറച്ച്​ ഓരോ വിഭാഗത്തേയും തങ്ങളുടെ വിഭാഗം സവർണരെക്കാൾ താഴെയാണെങ്കിലും അവർണർക്കിടയിൽ മറ്റുപലരെക്കാളും മുകളിലാണ് എന്ന കപടബോധം സൃഷ്ടിച്ചെടുക്കാനും അതുവഴി ജാതിസംവർഗം സാമൂഹിക ഘടനയിൽ നിർണായകമാണെന്ന്​ ധരിപ്പിക്കാനുമായി. കൂടാതെ, ശ്രേണീകൃതമല്ലാതെ സമൂഹഘടന നിലനിൽക്കില്ലെന്നും അസമത്വമാണ് നിലനിൽക്കേണ്ടത്, അത് ദൈവഹിതമാണ് എന്നും വിശ്വസിപ്പിക്കാൻ കഴിഞ്ഞു. സവർണർക്കു ലഭിക്കുന്ന അധികാരം അവർക്ക്​ അർഹമായതുകൊണ്ട് ദൈവം നൽകിയിരുന്നതാണ്, മറിച്ചുള്ളവർക്ക് നിഷേധിച്ചിരിക്കുകയാണ്​ എന്ന്​വിശ്വസിപ്പിച്ചു. വിധിയെ തടുക്കാൻ കഴിയില്ല എന്ന പ്രമാണവാക്യവും പ്രചരിപ്പിച്ചു. ജനസംഖ്യയിൽ കുറവുള്ള ബ്രാഹ്മണർക്ക് സ്ഥിരമായ അധീശത്വം നിലനിറുത്താൻ പൗരോഹിത്യത്തിലൂടെ മതത്തിന്റെ, സാക്ഷരതയുടെ, ജ്ഞാനാധികാരത്തിന്റെ മറവിൽ സൃഷ്ടിച്ചു നടപ്പാക്കിയ സാമൂഹികതന്ത്രമാണ് ജാതിവ്യവസ്ഥയിലൂടെ സാക്ഷാത്കരിച്ചതെന്നു പറയാം. ജാതിബോധവും അന്ധവിശ്വാസങ്ങളും ഉറപ്പിച്ചെടുക്കാൻ പൗരോഹിത്യ ധൈഷണികതക്ക് കഴിഞ്ഞു. ക്രമേണ, നാട്ടുനടപ്പും കീഴ്‌വഴക്കവുമായി ജാതിബോധം ജീവിതത്തിന്റെ സമസ്തമേഖലയിലും വേരുപിടിച്ചു. വേഷം, തൊഴിൽ, ആഹാരം, പാർപ്പിടം, ആരാധന, സാമൂഹികാചാരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ജാതിമുദ്രകൾ പ്രതിഭിന്നമായി ദൃശ്യമായി. ഭാഷയിൽ ആചാരപദാവലികൾ പ്രയോഗത്തിൽവന്നു. വിനിമയ വിലക്കുകൾ ഭാഷയിൽ മതിലുകളുണ്ടാക്കി.

'സവർണർക്കു ലഭിക്കുന്ന അധികാരം അവർക്ക് അർഹമായതുകൊണ്ട് ദൈവം നൽകിയിരുന്നതാണ്, മറിച്ചുള്ളവർക്ക് നിഷേധിച്ചിരിക്കുകയാണെന്ന് ബ്രാഹ്‌മണർ വിശ്വസിപ്പിച്ചു. വിധിയെ തടുക്കാൻ കഴിയില്ല എന്ന പ്രമാണവാക്യവും പ്രചരിപ്പിച്ചു.' / Illustration: velivada

സവർണഘടനയിൽ പറഞ്ഞ മൂന്നു വിഭാഗങ്ങളും ഏക സമുദായങ്ങളായിരുന്നില്ല. ബ്രാഹ്മണരിൽത്തന്നെ ഉച്ചനീചത്വം നിലനിന്നു. ഓത്തുള്ളവരും ഓത്തില്ലാത്തവരും. സ്ഥാനമാനങ്ങളിലും സമ്പത്തിലുമുള്ള വ്യത്യാസം സ്വജാതി ഘടനയിലും പ്രകടമായിരുന്നു. ഉച്ചനീചത്വബോധം സവർണരിൽനിന്ന് അവർണരിലേക്കെത്തുമ്പോൾ കാഠിന്യം കൂടുതലായിരുന്നുവെന്നല്ലാതെ ബ്രാഹ്മണരെല്ലാം ഏകവിഭാഗമായിരുന്നെന്നോ അവരിൽ ആഭ്യന്തര ഉച്ചനീചത്വം ഇല്ലായിരുന്നെന്നോ ഉച്ചനീചത്വം സവർണ -അവർണ വേർതിരിവിൽ മാത്രമായിരുന്നെന്നോ കരുതേണ്ടതില്ല. ബ്രാഹ്മണ മേധാവിത്വം ഊർജം പകർന്ന ജന്മി -നാടുവാഴിത്ത- ഫ്യൂഡൽ വ്യവസ്ഥിതിയിൽ ജാതി എന്ന പ്രതിഭിന്നതയെ സൂചിപ്പിക്കുന്ന സാമൂഹ്യ സംവർഗം എല്ലാ അർത്ഥത്തിലും മനുഷ്യത്വ ഹീനമായ, ശ്രേണീകൃത സമൂഹനിർമിതിയായിരുന്നു. ഇത് കേവലമായി സംഭവിച്ച ഒരു പ്രക്രിയയല്ല. ബ്രാഹ്മണർ ധൈഷണിക പ്രതാപം കൊണ്ട് ആസൂത്രിതമായി, അതിജീവനത്തിനായി ആവിഷ്‌ക്കരിച്ച സാമൂഹ്യ നിർമിതിയാണ്. ക്ഷേത്ര -ബ്രാഹ്മണ കേന്ദ്രിത വ്യവസ്ഥ രൂപീകരിച്ച ബ്രാഹ്മണാധിപത്യം ജാതി സംവർഗത്തെ സ്വഭാവികമാക്കുകയായിരുന്നു. അവർക്കത് എതിർപ്പില്ലാതെ നടപ്പാക്കാൻ കഴിഞ്ഞു. എതിർപ്പുണ്ടാകാത്തതിനുകാരണം, അവർ ഭീഷണിപ്പെടുത്തിയി​ട്ടൊന്നുമല്ല. പിന്നെ എന്ത് എന്ന ചോദ്യത്തിന്, ഒരു ഉത്തരമേയുള്ളൂ- ബ്രാഹ്മണർ ഉടമസ്ഥാവകാശം സ്ഥാപിച്ചിരുന്ന ജ്ഞാനമഹിമയും മതവുമാണ്. സംസ്‌കൃതജ്ഞാനം അവർക്കേകിയ ധൈഷണിക മൂലധനം അവർ പ്രയോജനപ്പെടുത്തി. സ്വാഭാവികമായി സംഭവിക്കുന്ന ഒരു അധിനിവേശ പ്രക്രിയയാണിത്.

ജാതിവ്യവസ്ഥയെയും ജാതിയടിസ്ഥാനത്തിലുള്ള വിവേചനത്തെയും സാധുകരിക്കുന്നതിന്റെ പേരിൽ ബോംബെയിൽ വെച്ച്​ 1927 ൽ അംബേദ്കർ മനുസ്​മൃതി കത്തിക്കുന്നതിനും രണ്ടുപതിറ്റാണ്ടുമുമ്പുനടന്ന പ്രതിഷേധമായിരുന്നു, ബൈബിൾ കത്തിച്ച്​ പൊയ്കയിൽ യോഹന്നാൻ നടത്തിയത്​

കൊളോണിയൽ ആധുനികത

ബ്രിട്ടീഷ്ഭരണവും ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളും കൊളോണിയൽ ആധുനികതാവ്യാപനത്തിന് കാരണമായി. വരമൊഴി സമൂഹസൃഷ്ടി, പാശ്ചാത്യ വിദ്യാഭ്യാസം, അച്ചടി സാങ്കേതികവിദ്യ, പൊതുമണ്ഡല രൂപീകരണം, നിയമവ്യവസ്ഥ, നാടുവാഴി സമ്പ്രദായ തകർച്ച, ദേശരാഷ്ട്ര സങ്കൽപനം, മാനവിക സമത്വം എന്നിങ്ങനെ സാമൂഹ്യമാറ്റത്തിനു പ്രേരകമായ പലതുമായും ബന്ധപ്പെട്ട നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. വ്യവസ്ഥാബോധവൽക്കരണവും പരിവർത്തനത്തിനുതകുന്ന ആശയങ്ങളും പ്രചരിപ്പിക്കാൻ കഴിഞ്ഞെങ്കിലും ജാതിയെ അതിന്റെ ആഴത്തിലുള്ള വേരുകളറിഞ്ഞ്​ നിരാകരിക്കാൻ കഴിഞ്ഞില്ല. ക്രിസ്തുമതപോഷണത്തിന്​ വിവിധ ജാതിവിഭാഗങ്ങളെ ഉൾക്കൊണ്ടുവെന്നേയുള്ളൂ. ക്രിസ്തുമതാനുയായികളിലും ജാതിബോധം നിലനിന്നു. കാലാകാലങ്ങളിലായി അനുഭവിച്ചുവന്ന ദുരിതാവസ്ഥയിൽനിന്ന്​ രക്ഷനേടി ക്രിസ്തുമതം സ്വീകരിച്ച ദലിതർക്കും അവരുടെ പരമ്പരാഗത ജാതിയിൽനിന്ന്​ പുറത്തുകടക്കാൻ കഴിഞ്ഞില്ല. അവർ പുതിയൊരു പാർശ്വവൽക്കരണത്തിനിരയായി. ക്രൈസ്തവ സമൂഹം ജാതിവ്യവസ്ഥക്കുള്ളിലാണ് പ്രവർത്തിക്കുന്നുവെന്നതിന്​ തെളിവായി ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്ന വിവേചനത്തെ തിരിച്ചറിഞ്ഞ്​ എതിർത്തവരിൽ പ്രമുഖരായിരുന്നു പൊയ്കയിൽ യോഹന്നാനും പാമ്പാടി ജോൺ ജോസഫും. ദലിത് ക്രൈസ്തവർക്കിടയിൽ സാമൂഹികപരിഷ്‌കരണം സാധ്യമാക്കാനാണ് ഇരുവരും ശ്രമിച്ചത്.

ദലിത് ക്രൈസ്തവർക്ക് ക്രിസ്തുമതത്തിലുള്ള സഹോദര്യവും സമത്വവും ലഭിക്കാത്തതുകൊണ്ട് പൊയ്കയിൽ യോഹന്നാൻ ക്രിസ്തുമതത്തിന്റെ അടിസ്ഥാനതത്വങ്ങളെ ചോദ്യം ചെയ്യുകയും 1906 ൽ മുക്കാലിയിൽ നടന്ന യോഗത്തിൽ, കേരളത്തിലെ ദലിതർക്ക് ഒരു പ്രയോജനവും ഇല്ലാത്ത ഗ്രന്ഥo എന്നനിലയിൽ ബൈബിൾ കത്തിക്കുകയും ചെയ്തു. ബ്രിട്ടീഷ് അധികാരികൾ പിന്താങ്ങുന്ന ക്രിസ്തുവേദമാണ് യോഹന്നാൻ കത്തിച്ചത്. കേരളത്തിൽ മുമ്പെങ്ങും സമാനമായ പ്രതിഷേധമുണ്ടായിട്ടില്ല. കൊളോണിയൽ മതത്തിനെതിരായുള്ള തീവ്രനിലപാടായിരുന്നു അത്. ജാതിവ്യവസ്ഥയെയും ജാതിയടിസ്ഥാനത്തിലുള്ള വിവേചനത്തെയും സാധുകരിക്കുന്നതിന്റെ പേരിൽ ബോംബെയിൽ വെച്ച്​ 1927 ൽ അംബേദ്കർ മനുസ്​മൃതി കത്തിക്കുന്നതിനും രണ്ടുപതിറ്റാണ്ടുമുമ്പുനടന്ന പ്രതിഷേധമായിരുന്നു യോഹന്നാന്റേത്. കത്തോലിക്കാ മതവിശ്വാസികൾ സിറിയൻ ക്രിസ്ത്യൻ വിഭാഗത്തെ തുല്യനിലയിൽ പരിഗണിച്ചില്ല. ക്രിസ്തുമതം സ്വീകരിച്ച സവർണ ഹിന്ദുക്കൾ പഴയ ജാതിവിവേചനം നിലനിർത്തിപ്പോന്നുവെന്ന് മനസിലാക്കി പാമ്പാടി ജോൺ ജോസഫ്, അധഃകൃത ജനവിഭാഗങ്ങളുടെ കൂട്ടായ്മയായി 1921 ചേരമർ മഹാജനസഭ രൂപീകരിച്ചു.

1817-ൽ റെവ്. ജൂഡ്‌സൺ എന്ന ക്രിസ്ത്യൻ മിഷനറി സ്ഥാപിച്ച ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്‌കൂൾ. മലയാളികൾക്കുവേണ്ടിയുള്ള ആദ്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണിത്.

ജാതിയുടെ വേരറുക്കുന്നതിൽ പാശ്ചാത്യയുക്തിക്ക്​ വിജയം കണ്ടെത്താനായില്ല. പകരം, ജാതിവ്യവസ്ഥയെ മതപോഷണത്തിന്​ പ്രയോജനപ്പെടുത്തുകയും ഭരണ സൗകര്യാർത്ഥം സമുദായവത്കരണം പ്രോത്സാഹിപ്പിക്കുകയുമാണ് അവർ ചെയ്തത്.

ശ്രീനാരയണഗുരുവിന്​ കഴിയാതെ പോയത്​

സാമൂഹികമായി സവർണർ നടപ്പിലാക്കിയ അധമവിവേചനമായി ജാതിയെ കാണുകയും ജാതിസംവർഗത്തിന്റെ സാമൂഹികവ്യവഹാരത്തെ ജീവശാസ്ത്രയുക്തികൊണ്ട്​ നിഷേധിക്കുകയുമാണ് ഗുരു ചെയ്തത്. മനുഷ്യർക്ക് ജീവിഗണം എന്ന തരത്തിലുള്ള ജാതിയല്ലാതെ സാമൂഹികഭേദമെന്ന ജാതിയില്ലെന്ന മനുഷ്യകേന്ദ്രിതമായ വാദം മുന്നോട്ടുവച്ചു. ജാതിസംവർഗത്തെ നിരാകരിച്ചുകൊണ്ടുള്ള ധൈഷണിക മുന്നേറ്റമായിരുന്നു ഈ ദർശനം. എങ്കിലും പതിത ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും ധനസമ്പാദനത്തിനും ജീവിതരീതികളുടെ പരിഷ്‌കരണത്തിനും ഊന്നൽ നൽകി അദ്വൈതചിന്തയെ സാമൂഹികസമത്വത്തിനും ആധ്യാത്മിക സമത്വത്തിനും ഗുരു ഉപകരണമാക്കി. നിലനിന്ന ബ്രാഹ്മണ- സവർണ വ്യവസ്ഥക്ക് ബദലായി വർണേതരമായ, ജാതിയേതരമായ മനുഷ്യനെ നിർവചിക്കാനാണ് ഗുരു ലക്ഷ്യമിട്ടത്. ഇതിലേക്കായി ബ്രാഹ്മണജ്ഞാനത്തെ വർണേതരമാക്കി ജനകീയവൽക്കരിക്കാനും മനുഷ്യർ എന്ന മാനവികമായ സമത്വഭാവനയെ കൂട്ടിയിണക്കാനും അതിലേക്കായുള്ള ആശയലോകം ആവിഷ്‌കരിക്കാനും ഗുരു ശ്രമിച്ചു. അതിൽ ഗുരു വിജയിക്കുകയും ചെയ്തു. സന്യാസി എന്ന നിലയിൽ സാർവലൗകിക മാനവവീക്ഷണങ്ങൾ അവതരിപ്പിച്ചാണ് ഗുരു, പാരമ്പര്യത്തിൽ നിന്ന്​ വ്യത്യസ്തമായി ഉയർന്നത്. പക്ഷേ അന്തിമമായി സമുദായവൽക്കരണത്തിൽ തട്ടി ജാതിവർജ്ജനം എന്ന ഗുരുദർശനം മാഞ്ഞുപോകുന്നതും കാണാം.

ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ / Photo: Keralaculture.org

ജാതിവിരുദ്ധമനോഭാവം ഗുരുവിൽ മാത്രമല്ല കാണാനാവുന്നത്. മനുഷ്യനെ പല ജാതികളായി തിരിച്ചത് മനുഷ്യൻ തന്നെയാണെന്നും ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ വിഭാഗങ്ങളിലെ കുട്ടികൾ ശൈശവത്തിൽ ഒരുപോലെയാണെങ്കിലും അവർ വ്യത്യസ്ത കർമങ്ങളിൽ ഏർപ്പെടുന്നതുകൊണ്ട് വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നുവെന്നു പറഞ്ഞാണ് ജാതിയുടെ നിരർത്ഥകത ശിവയോഗി അവതരിപ്പിച്ചത്.

ജാതി ഒരു സാമൂഹികഭേദ സംവർഗമായിരുന്നുവെങ്കിൽ സമുദായം എന്നത് ഒരു രാഷ്ട്രീയസംവർഗമാണ്. അധികാരഭേദത്തെ അടയാളപ്പെടുത്തുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെന്ന് മാത്രം.

വാഗ്ഭടാനന്ദനാകട്ടെ, അധഃകൃതരെയും ഇതര സമുദായങ്ങളെയും കൂട്ടി പ്രീതിഭോജനം നടത്തി ജാതിവർജ്ജനം പ്രതീകാത്മകമാക്കി. ചെറായിൽ 1917 ൽ വച്ച് അവർണജാതിക്കാരെ കൂട്ടി മിശ്രഭോജനംനടത്തിയും ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പ്രഖ്യാപിച്ചും സഹോദരൻ അയ്യപ്പൻ ജാതിസംവർഗത്തെ നേരിട്ടു. ദാർശനികമായി ഗുരു ജാതിവർജ്ജനം നടത്തി എന്നത് വാസ്തവമാണെങ്കിലും ജാതിവർജ്ജനത്തെ ഒരു സാമൂഹിക പ്രക്രിയയാക്കി മാറ്റാൻ ഗുരു ഉൾപ്പെടെ ആർക്കും കേരളത്തിൽ കഴിഞ്ഞില്ല.

സമുദായവൽക്കരണം

കൊളോണിയൽ ആധുനികത ജാതിയെ സമുദായമാക്കി പുനർനിർമിച്ചു. അതോടെ, സമുദായരൂപീകരണവും, സമുദായത്തിന്റെ അവകാശങ്ങളും പ്രാതിനിധ്യവും പ്രധാനമായി. മനുഷ്യർ എന്ന ഏകസംവർഗത്തെ കുറിച്ചുള്ള ഗുരുവിന്റെ ഭാവന നഷ്ടമാവുകയും ഈഴവ സമുദായ പരിഷ്‌കരണത്തിലേക്കുള്ള മാർഗദർശിയായി മാത്രം ഗുരു ചുരുങ്ങുകയും ചെയ്തു. ഈഴവവത്കരണം എസ്.എൻ.ഡി.പിയിലൂടെ ശക്തമായി ചുവടുറപ്പിച്ചപ്പോൾ എൻ.എസ്.എസ്, സാധുജനപരിപാലന സംഘം, പുലയ മഹാസഭ, അഖിലകേരള അരയമഹാസഭ എന്നിങ്ങനെ ഓരോ വിഭാഗത്തിനും സമുദായ സംഘടനകൾ രൂപം കൊണ്ടു. സമുദായവത്കരണത്തിലൂടെ സമുദായങ്ങൾ സംഘടിക്കാനും അവർക്ക് ഏകതാൽപര്യത്തോടെ ഒന്നുചേരാതിരിക്കാനും ഇതുവഴി കഴിഞ്ഞു.

സമുദായവൽക്കരണത്തെ പ്രോത്സാഹിപ്പിച്ച യൂറോപ്യൻ തന്ത്രം, ജാതിചിന്ത പ്രചരിപ്പിച്ച്​ ദീർഘകാലം ബ്രാഹ്മണർ നേടിയിരുന്ന അപ്രമാദിത്വത്തിനുള്ള അംഗീകാരമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഒരു ഭരണതന്ത്രമാണ്. ചുരുക്കത്തിൽ, കൊളോണിയൽ ആധുനികത കേരളത്തിന് സമ്മാനിച്ചത് ജാതിയില്ലായ്മയോ മനുഷ്യബോധമോ അല്ല. ജാതി ഒരു സാമൂഹികഭേദ സംവർഗമായിരുന്നുവെങ്കിൽ സമുദായം എന്നത് ഒരു രാഷ്ട്രീയസംവർഗമാണ്. അധികാരഭേദത്തെ അടയാളപ്പെടുത്തുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെന്ന് മാത്രം.

കൊളോണിയൽ ആധുനികതയുടെ സന്തതികളായ ഡോ. പല്പുവും കുമാരനാശാനുമൊക്കെ ചേർന്ന് എസ്.എൻ.ഡി.പി യോഗത്തിനു 1903 ൽ രൂപംകൊടുത്തു. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയബോധം അതിന്റെ നിയമാവലിയിൽ ജനറൽ സെക്രട്ടറി കുമാരനാശാൻ എഴുതിയത് കണ്ടാലറിയാം: ‘‘ഇവിടെ പ്രസ്തുതമായ ‘ശ്രീനാരായണ ധർമപരിപാലനയോഗത്തെ'... കേവലം മലയാളത്തിലെ ഈഴവമഹാജനയോഗമാകുന്നു.’ നമ്മുടെ ധർമ്മപരിപാലനയോഗം വന്ദ്യനായ അരുവിപ്പുറം മഠത്തിൽ ബ്രഹ്മശ്രീ ശ്രീനാരയണഗുരുസ്വാമി അവർകളുടെ നിർമലമായ നാമധേയത്തിൽ സ്ഥാപിക്കപ്പെട്ടതായിരിക്കുന്നു. ഇതിന്റെ അധ്യക്ഷതയും ആ മഹാനുഭാവനിൽ ത്തന്നെ സമർപ്പിതമായിരിക്കുന്നു... ഈ അപൂർവമായ സൗകര്യത്തെ നാം ഇപ്പോൾ ന്യായമായി ഉപയോഗിച്ചു സഫലീകരിച്ചുകൊള്ളുന്നില്ലെങ്കിൽ അത് നമുക്ക് ഒരിക്കൽ നിശ്ചയമായും ഒരു അപരിഹാര്യമായ വലിയ നഷ്ടമായും കഠിനമായ പശ്ചാത്താപത്തിനു കാരണമായും തീരുമെന്നുള്ളത് തീർച്ചയാണ്.’’

ഇതിൽനിന്ന്​ ഗുരുവിനെ സമുദായവൽക്കരണം എങ്ങനെയാണ് ഉൾക്കൊണ്ടത് എന്ന് വ്യക്തമാകുന്നു. ചിലപ്പോഴൊക്കെ ഗുരുവും സമുദായനിഷ്ഠമായി സംസാരിച്ചിട്ടുണ്ടെന്നും കാണാം. (‘ഇന്നു നമ്മുടെ സമുദായത്തിൽ ഉയർന്നതരം വിദ്യാഭ്യാസം ഉള്ളവർ വളരെ ചുരുക്കം പേർ മാത്രമേയുള്ളു. ഇപ്പോൾ ഏതാനം കൊല്ലങ്ങളായി നമ്മുടെ സമുദായങ്ങങ്ങൾക്കു വിദ്യാഭ്യാസത്തിൽ അഭിരുചി ജനിച്ചു കാണുന്നുണ്ട്’- പി .കെ. ഗോപാലകൃഷ്ണൻ, 2012, പു: 72 -73). ഇതേ സന്ദേശം പുലയർക്കും നൽകുന്നുണ്ട് (പു 154 ).

എസ്.എൻ.ഡി.പിയെ ജാതിസംഘടനയായിട്ടല്ല ഗുരു ഉൾക്കൊണ്ടിരുന്നത്. എല്ലാ ജാതിയിലുള്ളവർക്കും അംഗത്വമുണ്ടാകണമെന്നും ജനങ്ങൾക്കിടയിൽ എന്ത് പ്രചരിപ്പിക്കണമെന്നും (പു: 164 -165 ) കൃത്യമായ നിർദേശങ്ങളും നൽകിയിരുന്നു. ഏതെങ്കിലും സമുദായത്തെ വാദിച്ചോ ആ സമുദായത്തിനെതിരായി പ്രവർത്തിച്ചോ തോൽപ്പിക്കണമെന്ന നിലപാട് ഗുരു മുന്നോട്ടു വച്ചിട്ടില്ല. അന്യസമുദായ വിരുദ്ധമാകരുത് സ്വത്വചിന്ത എന്നേ ഉപദേശിച്ചിട്ടുള്ളൂ. അവർക്കുമുമ്പേ വഴക്കമായി തീർന്ന ചരിത്രത്തിന്റെ രക്തസാക്ഷികളാണ് ബ്രാഹ്മണർ എന്നതുകൊണ്ട് അവർക്കെതിരായിട്ടല്ല അവർണസ്വത്വ രൂപീകരണം നടക്കേണ്ടത് എന്ന ബോധ്യം ഗുരുവിനുണ്ടായിരുന്നു. അതുപോലെ ഏതെങ്കിലും മതത്തിനെതിരായി മതദൂഷണം നടത്തരുതെന്നും സർവമതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്ന ബോധ്യവും ഗുരുവിനുണ്ടായിരുന്നു. മനുഷ്യകേന്ദ്രിത സമീപനമായിരുന്നു അടിസ്ഥാനപരമായി ഗുരുവിനുണ്ടായിരുന്നത്.

ഗുരുവിന്റെ എസ്.എൻ.ഡി.പി. ബന്ധം ചുരുങ്ങിയകാലത്തേക്ക് ഗുരുവിനെ സമുദായവൽക്കരണത്തിന്റെ ഭാഗമാക്കിഎന്നത് നിഷേധിക്കാനാവില്ല. സ്വന്തം തെറ്റ് മനസ്സിലാക്കിയ ഗുരു അതിൽനിന്ന്​ പുറത്തുകടക്കുകയും ചെയ്തു. മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നുണ്ടെങ്കിലും ഗുരുവും ധൈഷണികനിക്ഷേപവും സമുദായ മൂലധനമായിമാറിയതുകാരണം അതിൽനിന്ന് വേറിട്ട സ്വരമാകാൻ കഴിയാതെപോയി. ഫലത്തിൽ ഗുരു കൊളോണിയൽ ആധുനികതയുടെ വിഭാഗീയ രാഷ്ട്രീയ ഘടനക്കുള്ളിൽ അകപ്പെട്ടുവെന്നതാണ് വാസ്തവം.
ഗുരുവിന്റെ സാർവലൗകിക സമത്വ ഭാവനയുടെ അപചയമാണിതിലൂടെ സാധ്യമായത്. യഥാർത്ഥത്തിൽ സംഘടനയുടെ സാധ്യതയിൽ ഗുരു വിശ്വസിച്ചിരുന്നുവെന്നത് ‘സംഘടിച്ച് ശക്തരാകുക' എന്ന ഗുരുവചനത്തിൽ തെളിയുന്നുണ്ട്. അത് സമുദായത്തിന്റെ സ്വത്വനിർണയം മാത്രമാവുകയും ജാതിയേതരവും മതേതരവുമായ ആശയങ്ങൾ നഷ്ടപ്പെടുകയും ചെയ്‌തെന്നു തോന്നിയപ്പോഴാണ് ഗുരു സംഘടന വിടുന്നത്. യഥാർത്ഥത്തിൽ സംഘടനാരൂപീകരണത്തെ തെറ്റായി മനസിലാക്കിയത് ഗുരുവായിരുന്നു; സംഘടനാശില്പികളായിരുന്നില്ല എന്നതാണ് വാസ്തവം.

മനുഷ്യർക്കുവേണ്ടി ജാതിയേതരമായി ബഹുമത സഹിഷ്ണുതക്കായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഗുരു കേവലം ജാതിഗുരുവായി രാഷ്ട്രീയമുഖം കൈവരിച്ചുവെന്നത് കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയവിജയമാണ്.

1910 നുശേഷമുള്ള ഗുരു, ശക്തമായി തന്റെ അടിസ്ഥാന ആശയങ്ങളിലേക്കു തിരിച്ചുപോയതിന്റെ തെളിവാണ് ‘ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന്', എന്ന വരിയുൾപ്പെട്ട ജാതിനിർണയവും ജാതി ലക്ഷണവും, ദർശനമാലയും ദൈവദശകവും ഒക്കെ. ഈ രചനാഘട്ടത്തിലെത്തുമ്പോൾ ഗുരു ഒരുജാതിയുടെയും മതത്തിന്റെയും പ്രതിനിധി അല്ല എന്ന് പ്രഖ്യാപിച്ചു (1916 ). എന്നാൽ 1903 മുതൽ ചെറിയ കാലത്തേക്കുള്ള സംഘടനാ ബന്ധം ഗുരുവിന് തീരാക്കറയായി. എല്ലാ മനുഷ്യരും ജാതിമത ഭേദമെന്യേ സമത്വരായി ജീവിക്കുന്ന സാഹചര്യം പുലരുക എന്ന ഗുരുവിന്റെ സഹജമായ സാഹോദര്യ സമത്വ ദർശനത്തെ പോലും സമുദായവത്കരണത്തിന്റെ മുതലാക്കി മാറ്റി. മനുഷ്യർക്കുവേണ്ടി ജാതിയേതരമായി ബഹുമത സഹിഷ്ണുതക്കായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഗുരു കേവലം ജാതിഗുരുവായി രാഷ്ട്രീയമുഖം കൈവരിച്ചുവെന്നത് കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയവിജയമാണ്.
കേരളത്തിൽ എല്ലാ ജാതികളും ഉപജാതികളും ചേർന്ന് സമുദായവൽക്കരണം ഏറ്റെടുത്തുവെന്നുപറയാം. സമുദായത്തിൽ നിലനിന്നിരുന്ന, എന്നാൽ കൊളോണിയൽ ആധുനികതയുടെ നോട്ടത്തിൽ ശരിയല്ലാത്തതെല്ലാം പരിഷ്‌കരിച്ച്​ രാഷ്ട്രീയ സംവർഗമായി മാറ്റാൻ സമുദായവത്കരണത്തിലൂടെ കേരള സമൂഹത്തിനുകഴിഞ്ഞു. ഗുരു വിഭാവനം ചെയ്ത ജാതിയേതര മാനവ പൗരത്വത്തിലേക്കല്ല കേരളം വളർന്നത്. സാമൂഹിക അസമത്വമായി നിലനിന്ന ജാതിവ്യവസ്ഥയെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സമുദായങ്ങളായി രാഷ്ട്രീയ നവ സംവർഗമാക്കി സമകാലീകരിക്കുകയാണുണ്ടായത്.

'മനുഷ്യർക്കുവേണ്ടി ജാതിയേതരമായി ബഹുമത സഹിഷ്ണുതക്കായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഗുരു കേവലം ജാതിഗുരുവായി രാഷ്ട്രീയമുഖം കൈവരിച്ചുവെന്നത് കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയവിജയമാണ്.' / Photo: Keralaculture.org

സമുദായവൽക്കരണത്തിലൂടെ ജാതിസംവർഗം ഇല്ലാതാവുകയല്ല ചെയ്​തത്, ജാതികൾ രാഷ്ട്രീയ പ്രാതിനിധ്യം ആർജിച്ച സ്വത്വങ്ങളായി പരിണമിച്ചുവെന്നേയുള്ളു. സമുദായം സവിശേഷ രാഷ്ട്രീയരൂപകമായി വളർന്നുറച്ചു. പാശ്ചാത്യ ആധുനികതയുടെ രാഷ്ട്രീയതന്ത്രവും അതുതന്നെയായിരുന്നു. പങ്കാളിത്ത സമത്വം എന്ന പ്രതീതിയാണ് ഇത് ജനിപ്പിച്ചത്. ജാതിയേതരവും മതേതരവുമായ ഒരു രാഷ്ട്രസങ്കല്പനം ഏറ്റെടുക്കാൻ ഒരിക്കലും സമുദായം എന്ന കൊളോണിയൽ ആധുനികതാ സംവർഗം പ്രാപ്തമാവുകയുമില്ല, അതുതന്നെയാണ് കൊളോണിയൽ ആധുനികത സംഭാവന ചെയ്ത ബോധത്തിന്റെ കോളനീകരണവും. ഇന്നും ജാതിസമുദായ ഘടനക്കു വെളിയിലല്ല കേരളം എന്ന് സവിശേഷമായി പറഞ്ഞുവയ്ക്കണ്ടല്ലോ.

സമുദായവൽക്കരണം ജാതിശാക്തീകരണമായിരുന്നു ലക്ഷ്യം വച്ചത്. തന്മുലം ജനസംഖ്യയും സാമ്പത്തികസ്ഥിതിയും ധൈഷണിക മൂലധനവും ആർജിക്കാനായവർ പുതുവ്യവസ്ഥയിൽ പ്രാതിനിധ്യം ഉയർത്തി നവ ശ്രേണീകരണത്തിൽ സ്ഥാനമുറപ്പിച്ചു. ഈ ഘടകങ്ങളിൽ ചരിത്രപരമായി പിന്നാക്കം നിന്നവർ പുതുഘടനയിലും പാർശ്വവൽകൃതരായി. ദലിതർ തന്നെയാണ് ഇവിടെയും കുറവ് അനുഭവിക്കുന്നവർ. അവരെക്കാളും പുറകിലായത് എന്നു പറയാനാവില്ല; പൂർണമായും തിരസ്‌കൃതരായത് ജാതിഘടനയിൽ പെടാത്ത ആദിവാസികളാണ്. അവർക്ക് ജാതിയേയില്ലായിരുന്നതുമൂലം, ഗോത്രജനവിഭാഗങ്ങൾ നവഘടനയിലും ബാഹ്യരായി. പിൽക്കാലത്ത്​ ചില സമുദായവൽക്കരണ ശ്രമങ്ങളുണ്ടായെങ്കിലും ഗോത്രഘടനയും നവസമൂഹഘടനയിലെ മുലധനക്കുറവും ഗോത്രസമുദായവൽക്കരണത്തെ തടയുകയാണുണ്ടായത്. ജാതിസമൂഹങ്ങൾക്കുമാത്രമേ വിവേചനപരമെങ്കിലും സമുദായവൽക്കരണവും സഹായകമായുള്ളൂ.

ചുരുക്കത്തിൽ, ജാതിവർജ്ജനസമരങ്ങളല്ല ജാതിസ്വത്വസമരങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത് എന്നുതന്നെ മനസ്സിലാക്കണം. ജാതിവർജ്ജനമാണ് ഗുരുവിന്റെ മാനവിക ഏകതയുടെ സൂത്രവാക്യം. അതിനായുള്ള നവോത്ഥാനം എന്നു നടക്കും? ആരു നടത്തും?▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments