Photo: Shah Jamal / flickr

മുഹിയുദ്ദീൻ മാല
‘തല്ലുമാല’യായ കഥ

‘‘നമ്മുടെ സിനിമാലോകത്ത് മദ്യത്തിനും പെണ്ണിനും കഞ്ചാവിനും ലഭിച്ചുപോന്ന ‘മാധ്യമികത’ ഇന്ന് ഡ്രഗ് പാർട്ടികൾ കയ്യടക്കി. സിനിമ യൗവ്വനങ്ങളുടെ ജീവിതശൈലി നിശ്ചയിക്കുന്നു. മുഹ്‌യുദ്ദീൻ മാലയിൽ പുലർന്ന മുസ്‌ലിം ജീവിതം തല്ലുമാലയിൽ കലാശിക്കുന്നു.’’- പി.പി. ഷാനവാസ് എഴുതുന്ന ഖയാൽ കെസ്സ് കിസ്സ തുടരുന്നു.

ഖയാൽ കെസ്സ് കിസ്സ- 15

കേരളത്തിലെ കമ്യൂണിസം ബീഡിപ്പുകയിൽ വിരിഞ്ഞ കാല്പനിക സ്വപ്നമായിരുന്നോ?
കർഷക കേരളത്തിൽനിന്ന് തൊഴിലാളിവർഗം രൂപപ്പെട്ട കഥ ബീഡിക്കമ്പനികളുടെ സൃഷ്ടിയാണോ?
ഗണേശും ദിനേശുമായി കേരളം പണിത കൊലയുടെ രാഷ്ട്രീയത്തിനാണോ നാം കമ്യൂണിസം എന്നു പേരിട്ടത്?
വെറ്റിലമുറുക്കിൽനിന്ന് മലപ്പുറം ബീഡിപ്പുകയിലേക്കു വളർന്ന (മുരടിച്ച) ഐതിഹ്യമാലയാണോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം?

കൊണ്ടോട്ടിയിൽ ഇരുപതുകളിൽ വിരുന്നെത്തിയ ബീഡിതെറുപ്പ് വ്യവസായ മേഖലയിലെ തൊഴിലാളികൾ പൊന്നാനിയിലും കണ്ണൂരിലും പാലക്കാടും പിന്നെ ബോംബെയിലും മൈസൂരിലും അഹമ്മദാബാദിലും കറാച്ചിയിലും പോയ കഥ. അത് അവിഭക്ത ഇന്ത്യയുടെയും ഇന്ത്യൻ കമ്യൂണിസത്തിന്റെയും കഥയുമാണ്. കൈഫി ആസ്മിയെയും സഖാക്കളെയും ബീഡിക്കമ്പനിയിലെ ഓലക്കൂമ്പാരത്തിനിടയിൽ ഒളിവിൽ പാർപ്പിച്ച ബോംബെ കമ്യൂൺ കാലം, മസിലിനു മസാജ് നൽകുമ്പോൾ പെങ്ങളോട് ഉപ്പ പറഞ്ഞ കഥകളിലൊന്നാണ്. കൊണ്ടോട്ടിയുടെ ബീഡിക്കാലത്തുനിന്ന് ബോംബെയിലേക്കു കുടിയേറിയ ഉപ്പയുടെ യൗവനം പുകച്ച കമ്യൂണിസ്റ്റ് കാലം ലേഖകനും ഗവേഷണ വിഷയമാക്കിയിട്ടുണ്ട്.

കൈഫി ആസ്മി

1922-ൽ മൈസൂരിൽനിന്ന് പട്ടാണിമാരായ രണ്ടു ഫക്കീറന്മാർ, കൊണ്ടോട്ടി കുബ്ബയിൽ വന്ന് സ്ഥാനീയനായ തങ്ങളുടെ ആശിസുകളോടെ കൈമാറിയ ബീഡിതെറുപ്പുവിദ്യ പഠിച്ചെടുത്ത മിയാൻ വംശജനായ അലി സാബ് എന്ന ആദ്യ പഥികൻ പകർന്ന വ്യവസായ രഹസ്യംകൊണ്ട്, കോഴിക്കോടൻ ബീരാൻകുട്ടി ആരംഭിച്ച ഇ കെ ബീഡിക്കമ്പനി മുതൽ പുലർന്ന പട്ടിണിക്കാലം. കാർഷികവൃത്തിയിൽ നിന്ന് ഒരു ജനത തൊഴിലാളി വർഗമായിത്തീർന്ന ഇടവേള. ഇന്നത്തെ ബിഎക്ക് തുല്യമായ എട്ടാം ക്ലാസു കൊണ്ട് അധ്യാപക ജോലി ലഭിക്കുമായിരുന്നുവെങ്കിലും മാനേജർമാരുടെ അടുക്കളപ്പണി ചെയ്യാൻ വിസമ്മതിച്ച ചെറുപ്പക്കാർ  ബീഡിക്കമ്പനികളിൽ സ്വാതന്ത്ര്യം കണ്ടെത്തിയ കഥ. സ്വതന്ത്രമായ ഒരു ജോലി, വ്യക്തിസ്വാതന്ത്ര്യം എന്ന മുതലാളിത്തത്തിന്റെ ഭാവി പണിത, തലച്ചോറിനെ പുകച്ചു പുറത്താക്കിയ പുകവലിക്കാലം ഒരു ആധുനികതയായി വളർന്നപ്പോൾ, കൊണ്ടോട്ടിയിലും പൊന്നാനിയിലും കണ്ണൂരിലും പാലക്കാടും ബീഡിക്കമ്പനികൾ നിറഞ്ഞു.

മതചിട്ടവട്ട സങ്കുചിതത്വത്തിന്റെ മൊല്ലാപ്പണി ഉപേക്ഷിച്ച് വിജയന്റെ ഖസാക്കിലെ നൈസാമലി, ബീഡി വിതരണത്തൊഴിലുമായി പുതിയ പ്രേമനാടകമാടി, മിച്ചഭൂമി സമരത്തിൽ ലോക്കപ്പിലായി അലിയാർ ഷെയ്ഖിന്റെ ഖാളിയാർ പണിയിലേക്ക് വെളിപാട് ലഭിക്കുന്ന സന്ദർഭം. വിജയൻ ഖസാക്കിലൂടെ മുസ്ലിം ജീവിതം കമ്യൂണിസത്തിലേക്കും സൂഫിസത്തിലേക്കും മാറിമാറി ജീവിതപരീക്ഷണം നടത്തിയ ചരിത്രവും വർത്തമാനവും പറയുന്നു.

മൈസൂരിൽനിന്ന് രണ്ടു പട്ടാണികൾ കൊണ്ടോട്ടിയിലെത്തിയ കാലം തന്നെ ഈ പുതിയ യുഗം പൊന്നാനിയിലും പടർന്നു. ബീഡിക്കമ്പനി തൊഴിലാളികളും മുതലാളിമാരും എന്ന വർഗസമരത്തിന്റെ ചരിത്രം പിറന്നു. അതിന് ഉൽപ്രേരകം നൽകിയ ആദ്യകാല കമ്യൂണിസവും ഇതോടൊപ്പം ചുരുൾ നിവരുന്നു. കർഷക മേഖലയിൽ പുലാമന്തോളിൽ ഇ എം എസും പൊന്നാനിയിലെയും കൊണ്ടോട്ടിയിലെയും ബീഡിമേഖലകളിൽ കെ. ദാമോദരനും എന്ന കമ്യൂണിസത്തിന്റെ നമ്പൂതിരിക്കാലം. പാർട്ടിയുടെ സമകാലം മറക്കാൻ ശ്രമിക്കുന്ന ഭൂതകാലം.

കൊണ്ടോട്ടി കുബ്ബ

ഇ എം എസിന്റെ കാർഷിക ഹിന്ദുയിസത്തിലേക്ക് കമ്യൂണിസം പരിവർത്തിക്കും മുമ്പു പുലർന്ന, അള്ളാഹു അക്ബറും ഇൻക്വിലാബ് സിന്ദാബാദും ഒരേ കവിതയുടെ ഈരടികളാക്കിയ കെ. ദാമോദരന്റെ "കാശിയിൽ നിന്നു കൊണ്ടു വന്ന കമ്യൂണിസം". റോജ ബീഡി മുതൽ പീപ്പിൾസ് ബീഡി വരെ. കെ കെ ബീഡി മുതൽ സിസി ബീഡി വരെ, പരമാസ് മുതൽ നൂർസേട്ട് വരെ. വൈവിധ്യമാർന്ന കമ്പനികളുടെ സ്ഥല-കാല ചരിത്രം പഠിച്ചാൽ, ഗവേഷകർക്ക് കമ്യൂണിസവും ഇസ്‍ലാമും ചുംബിച്ചുണർന്ന ഒരു നഷ്ടപ്രണയത്തെ കണ്ടെടുക്കാം.

ചെറുകിട മുതലാളിത്തത്തിന്റെ ബീഡിപ്പുക, ദേശീയ ബൂർഷ്വായുടെ സിഗരറ്റ് കൂടിലേക്ക് കുടിയേറും വരെ, ജേർണലിസത്തിന്റെ പ്രിന്റ് കാലം സാധ്യമാക്കിയ പൊതുമണ്ഡലത്തിന്റെ പുഷ്കലകാലം, കണ്ണൂരിലെയും പൊന്നാനിയിലെയും കൊണ്ടോട്ടിയിലെയും പാലക്കാട്ടെയും കണ്ണൂരിലെയും ബോംബെയിലെയും അഹമ്മദാബാദിലെയും മൈസൂരിലെയും കറാച്ചിയിലെയും ഒഴിഞ്ഞ ബീഡി വ്യവസായ ശാലകളുടെ ആർക്കിയോളജി സാക്ഷ്യം പറയുന്നു. പത്രങ്ങൾ പാരായണം ചെയ്തുകൊടുക്കാൻ ഒരാൾ. മറ്റുള്ളവർ തിരിച്ച ബീഡിയിൽനിന്ന് അയാൾക്കു പങ്ക്. പാരായണം കേൾക്കാനും പാട്ടു കോർക്കാനും പറ്റിയ കൈത്തൊഴിൽ. കൈവേലയും കാതു കൂർപ്പിക്കലും. ഇത് പിൽക്കാലത്തെ മലബാറിലെ സംഗീത- ഫുട്ബാൾ ക്ലബ്ബുകൾക്കും അരങ്ങൊരുക്കി.

Photo: Wikipedia

അങ്ങനെ ലഹരിയുടെ ചരിത്രം കമ്യൂണിസത്തിന്റെ ചരിത്രമായി. കട്ടൻ ചായയും പരിപ്പുവടയും ബീഡിപ്പുകയും നിറഞ്ഞ കമ്യൂണിസ്റ്റ് യോഗങ്ങൾ, ഇന്ന് എയർകണ്ടീഷൻ ചെയ്തതിനാൽ, ഭൂതകാലം ഹറാം പിറന്ന "മുർത്തദകളുടെ" (കുലംകുത്തികൾ ) കേവല നൊസ്റ്റാൾജിയയാണ്. ഏതു ഗൃഹാതുരതയും വിഷാദഗ്രസ്തതയിൽ നിന്ന് ആക്രമണോത്സുകതയുടെ കാലം പണിയാം. കമ്യൂണിസ്റ്റ് ഗൃഹാതുരതയും അതേ.

മുഴുക്കുടിയന്മാരായിരുന്ന മോഹനേട്ടനും അബ്ദുക്കയും ഗോപാൽജിയും നേതൃത്വമായ കമ്യൂണിസ്റ്റ് പത്രാധിപകാലത്തിന്റെ ആധുനികഥയിൽനിന്ന്, സുഖദരാശിയിയുടെ ഉത്തരാധുനികതയിലേക്ക് നീങ്ങുമ്പോൾ, അത് തത്വത്തിൽ ഒരു "മലയാള മനോരമ"യാകുമോ? ഏഷ്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പത്രം. ഏഷ്യൻ മോഡൽ എ ഡി ബി റോഡുകൾ, നമ്മുടെ നീരൊഴുക്കുകൾ മലബാർ ഗോൾഡിന് പണയം നൽകുമോ? "കുറ്റിബീഡി വലിച്ചാൽ ചെറ്റയും പ്രഭുവായിടും" എന്ന്, ഫ്യൂഡൽ കാലത്തോട് കണക്കു തീർത്ത ബീഡിക്കമ്പനികളുടെ ആധുനികത, റിച്ചാർഡ് ഫ്രാങ്കിയുടെ ഗവേഷണ വിഷയമായപോലെ.

"കള്ള് ശൈത്താൻ, കഞ്ചാവ് മസ്താൻ, കറുപ്പ് സുൽത്താൻ" എന്നൊരു പഴഞ്ചൊല്ലുണ്ട്. "മദ്യത്തിൽ ചില ഗുണങ്ങളുണ്ടെങ്കിലും അതിലേറെയും ദോഷങ്ങളാണുള്ളത്' എന്ന് സ്വർഗ്ഗത്തിൽ മാത്രം അനുവദനീയമായ ആ ദ്രാവകപ്പോരിശ ഖുർആൻ വിശദമാക്കുന്നുണ്ട്. അറബികൾ മുഴുക്കുടിയന്മാരായിരുന്നതിനാലാവണം ഈ വിവേകഖ്യാതി. കഞ്ചാവിനെപ്പറ്റി ഷാഫി ഇമാമിന്റെ ഫിക്ഹ് ഗ്രന്ഥം പറയുന്നത്, അത് മദ്യം പോലെ നിഷിദ്ധമാണെന്നല്ല. "അനല്പമായ ഉപയോഗം ഹറാമാ"ണെന്നാണ്. അല്പം ഉപയോഗിച്ചാൽ തെറ്റില്ല എന്നും അർത്ഥം വയ്ക്കാം. "അല്പം ലഹരി ബുദ്ധിയെ ഉണർത്തും" എന്ന ക്രിസ്തുവചനം പോലെ, ഇസ്‍ലാമിലെത്തുമ്പോൾ, അസ്തിത്വത്തെ അറിയാനുള്ള അനിവാര്യമായ മസ്ത്തിന്  ‘വഴികേടിലായ’ സൂഫികളിലെങ്കിലും കഞ്ചാവ് ശീലമായി. കഞ്ചാവിന്റെ ഈ രഹസ്യത്തിൽ പുലർന്ന ഷെയ്ഖുമാരും അതിന്നും വളർത്തിപ്പോരുന്ന ദർഗകളും അത് ചിലത്തിലിട്ട് വലിക്കുന്ന മജ്ലിസുകളും ഇന്ത്യയിലുണ്ട്. വെറ്റില മുറുക്കലും ചുരുട്ടു പുകയ്ക്കലും ഇതിന്റെ താഴേപടി.

Photo: WildFilmsIndia

സുൽത്താന്മാർ ഉപയോഗിക്കുന്നതാണ് കറുപ്പ് എന്ന നിലയിലാകണം "കറുപ്പ് സുൽത്താനായത്." കറുപ്പടിച്ചാൽ ഓടയിൽ വീണു കിടന്നാൽപോലും താൻ സുൽത്താണെന്ന സ്വപ്നം വിടാതെയിരിക്കാം എന്ന നിലയിലാണ് അതിന്റെ ഭാഷ്യം എന്ന്, മൃദംഗവിദ്വാൻ ഹരിനാരായണൻ തന്റെ "സുൽത്താനനുഭവങ്ങൾ" പങ്കുവച്ചിട്ടുണ്ട്. ഫ്രോയിഡിന്റെയും വാൾട്ടർ ബയാമിന്റെയും ഹവീൻ ട്രയലുകളുണ്ട്. മാർക്സും അതിന്റെ കൂട്ടുകാരനായിരുന്നു. അങ്ങിനെയല്ലേ "മതം മനുഷ്യന് കറുപ്പാണ്" എന്ന വേദവാക്യമുണ്ടായത്.

കറുപ്പ് ഏകവിള കൃഷിയാക്കി വളർത്തി അതിന് എല്ലാ പ്രോത്സാഹനവും നൽകിയ ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ, രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും സൈനിക നീക്കത്തിലൂടെയും മാത്രമല്ല, കറുപ്പ് യുദ്ധത്തിലൂടെയുമാണ് മുഗൾ ഭരണത്തെ അട്ടിമറിച്ചത്. ഇക്കൂട്ടത്തിൽ നാടുവാഴിപദവി കിട്ടിയ തങ്ങൾ കബീലകളും പെടും. കൊണ്ടോട്ടി തങ്ങന്മാരുടെ ചികിത്സയിൽ കറുപ്പിന് സ്ഥാനം നൽകിയിരുന്നു. പല മാറാരോഗങ്ങൾക്കും കറുപ്പിന്റെ സാന്ത്വനചികിത്സ നൽകിയിരുന്നു. സുഖപ്രസവത്തിനും ഭ്രാന്തിനും അപ്സമാര ചികിത്സയ്ക്കും പ്രയോഗിച്ചിരുന്നു. കോഴിക്കോട് കറുപ്പുവിലപ്നയുടെ അധോലോകമുണ്ടായിരുന്നു. താലൂക്കാപ്പീസുകൾ വഴിയും കറുപ്പിന്റെ റേഷൻ വന്നു. "കറുപ്പിന്റെ സുൽത്താനേറ്റ്" നിലവിൽ വന്നു. വേലി വിള തിന്നാൻ തുടങ്ങി. കറുപ്പ് തിന്ന് ക്രൂരന്മാരായ മുഗൾ പാദുഷമാർ കുറ്റവാളികളെ ആനകളെ കൊണ്ട് ചവിട്ടിച്ചുക്കൊല്ലുന്നത് കണ്ടു രസിച്ചു. കറുപ്പ് തിന്ന് ഇനായത്ഖാൻ എന്ന പ്രസിദ്ധ മുഗൾ ഭരണ തന്ത്രഞ്ജൻ എല്ലും തോലുമായി മരിക്കുന്ന പെയിന്റിംഗ് ഇന്ത്യൻ കലാചരിത്രമായി.

കറുപ്പുതീറ്റയുടെ സുൽത്താനേറ്റ് മസ്തിന്റെ കഞ്ചാവ് ബീഡി കയ്യാളി. ബീഡിപ്പുകയുടെ ധൈഷണികത പിറന്നു. കഞ്ചാവിന്റെ സ്വപ്നയുക്തിയും. സുൽത്താന്മാരുടെ കറുപ്പിന്റെ സുഷുപ്തി കെടുത്താൻ കഞ്ചാവിന്റെ സ്വപ്നലോകം. "യുക്തിയുടെ യുഗ"ത്തിന് ഭ്രാന്തിന്റെ പ്രതിരോധം. ഇത് കെമിക്കൽ ഡ്രഗ്ഗുകളുടെ കാലം. അമേരിക്കൻ എം ഡി എം- നെ ചെറുക്കാൻ ചൈനക്കാർ സമാന്തരം കണ്ടുപിടിക്കാൻ നടക്കുന്നു. മനുഷ്യന്റെ ചിന്താശേഷിക്ക് ഒന്നും ചെയ്യാനില്ലാത്ത സെൽഫ് സെൻട്രിറ്റിയിലേക്ക് സ്വയത്തെ എറിയുന്നു. (മുമ്പ് യൂറോ സെൻട്രിറ്റിയായിരുന്നു).

മുഗള്‍ ചിത്രകാരനായ ബാല്‍ചന്ദ് വരച്ച ഇനായത് ഖാന്റെ ചിത്രം

ഭരണകൂടങ്ങളും തീവ്രവാദ പ്രസ്ഥാനങ്ങളും തങ്ങളുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ അതിജീവനം കണ്ടെത്തിയത് ലഹരിവിപണി കയ്യടക്കിയായിരുന്നു. അങ്ങനെ ചിലത് അനുവദനീയവും ചിലത് നിരോധിതവുമായി.
"ഭരണകൂടം സ്ഥാപിക്കാൻ ശ്രമിക്കുന്ന എല്ലാ കവർച്ചാസംഘങ്ങളും" ലഹരിയെ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ദലിത് ജീവിതത്തിന്റെ സാംസ്കാരിക തനിമയെയും പ്രധിഷേധ ഊർജ്ജത്തെയും മുക്കിക്കൊല്ലാൻ നാൽപ്പതുകളിൽ കൊണ്ടുവന്ന ചാരായത്തിനു കഴിഞ്ഞു. വെറ്റില കൊടുത്ത് തട്ടിയെടുത്ത ആദിവാസി ഭൂമികൾ. എഴുപതുകളിൽ ഹിപ്പികൾ തേടി വന്ന "ഇടുക്കി ഗോൾഡ്". ഇന്ന് വെറ്റിലയ്ക്കും ബീഡിയ്ക്കും സിഗരിറ്റിനും കറുപ്പിനും കഞ്ചാവിനും പകരം വ്യാപകമാകുന്ന കെമിക്കൽ ഡ്രഗ്ഗുകൾ ഒരു പോസ്റ്റ് മോഡേൺ പടികയറ്റമാണ്. പതുക്കെ അസെക് ഷ്വാലിറ്റിയിലേക്കും ട്രാൻസ്ജൻഡർവൽക്കരണത്തിലേക്കും നീങ്ങുന്ന യന്ത്രാനുബന്ധിയാകുന്ന മനുഷ്യൻ.

നമ്മുടെ സിനിമാലോകത്ത് മദ്യത്തിനും പെണ്ണിനും കഞ്ചാവിനും ലഭിച്ചു പോന്ന "മാധ്യമികത" ഇന്ന് ഡ്രഗ് പാർട്ടികൾ കയ്യടക്കി. സിനിമ യൗവ്വനങ്ങളുടെ ജീവിതശൈലി നിശ്ചയിക്കുന്നു. മുഹ്‌യുദ്ദീൻ മാലയിൽ പുലർന്ന മുസ്‌ലിം ജീവിതം "തല്ലുമാല"യിൽ കലാശിക്കുന്നു. ലാൽ സലാം സഖാക്കളെ. മുഗൾ അഡ്മിനിസ്ട്രേറ്റർ ഇനായത് ഖാൻ എന്നു ഗൂഗിളിൽ പരതി നോക്കൂ. കാണാം എങ്ങനെ മുഗൾ ബുദ്ധിശക്തിയെ ബ്രിട്ടീഷുകാർ മയക്കിയൊതുക്കിയതെന്ന്,
"മുഹിയുദ്ദീൻ മാല തല്ലുമാലയായ കഥ".

Comments