ചകിരിച്ചോറിൽ തീർത്ത ആ ബുദ്ധശിൽപം ഇപ്പോഴും ഓർമയിലുണ്ട്. ബുദ്ധനെക്കുറിച്ച് അറിയുന്നതിനുമുമ്പു തന്നെ ആ ശിൽപം മനസ്സിൽ ഒട്ടേറെ സന്ദേഹങ്ങൾക്കും ചോദ്യങ്ങൾക്കും കനലിട്ട ബാല്യം. ആ ശിൽപം വക്കം മൗലവിയുടെ കുടുംബവുമായി അടുത്തിടപഴകിയിരുന്ന വക്കം സ്വദേശി യഹ്‌സാൻ എന്നൊരാൾ എന്റെ വാപ്പിയ്ക്കു സ്നേഹപൂർവം കൊടുത്തതാണെന്നു കേട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുങ്കാട്ടെയും മണക്കാട്ടെയും വീടുകളിൽ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ഇത്തരം കഥാപാത്രങ്ങൾ ബാക്കിവെച്ചുപോയ ഓർമകൾ ഞങ്ങളുടെ ബാല്യകൗമാരങ്ങളിലെ കേവല കൗതുകങ്ങൾ മാത്രമായിരുന്നില്ല. കാലാന്തരത്തിൽ അവയെല്ലാം കുറച്ചെങ്കിലും ‘ബൗദ്ധിക'പ്രേരണകളായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം നീക്കിയിരിപ്പുകൾ ഇപ്പോഴുമുണ്ട്.
ബാല്യകാലവിനോദങ്ങളിൽ കുടിയിരുത്തപ്പെട്ട ഒന്നായിരുന്നു ഒരു കൈ ഒടിഞ്ഞുപോയ ആ ബുദ്ധശിൽപം. എന്നാൽ ആ ശിൽപത്തിൽ നിന്ന് ‘ആത്മീയാകലം' പാലിക്കേണ്ട ഒരു കൽപ്പന വരാൻ അധികം സമയമെടുത്തില്ല. അയൽവാസിയായ ഉസ്താദ് ഒരു ദിവസം യാദൃശ്ചികമായി ആ ശിൽപം കാണാനിടയായി. വഴിയേ ശാസനയും വന്നു. ഇത്തരം ‘അനിസ്‌ലാമിക പ്രതിഷ്ഠകൾ' കൊണ്ടുനടക്കരുതെന്ന സ്നേഹത്തോടെയുള്ള ഉസ്താദിന്റെ വാക്കുകൾ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കോരിയിട്ടു. നേരത്തെ, നെടുങ്കാട്ടെ വീട്ടിൽ ഖുർആൻ ഓതിപ്പിക്കാൻ വന്ന റസാഖ് ഉസ്താദ് എന്താണ് ‘ഇസ്‌ലാമിക'മെന്നും ‘അനിസ്‌ലാമിക'മെന്നൊന്നും പഠിപ്പിച്ചു തന്നിട്ടില്ലായിരുന്നു. അറബി അക്ഷരങ്ങൾ കൂട്ടി വായിപ്പിക്കുകയും അതിലൂടെ ഖുർആന്റെ ചെറിയ വാക്യങ്ങളും സൂറത്തുകളും പഠിച്ചുതുടങ്ങുകയും ചെയ്തതൊഴിച്ചാൽ മറ്റൊന്നും ‘ഇസ്‌ലാമിക' മായി അക്കാലത്ത് ഗ്രഹിക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, വേണ്ടവിധം ഓതാത്തതിനു ചെമ്പരത്തിക്കമ്പുകൊണ്ടുള്ള അടികൊണ്ടു കരഞ്ഞുകരഞ്ഞ് ഉമിനീർകൂട്ടി വലിയൊരു ദീനപ്രവാഹം സൃഷ്ട്ടിച്ചു അനുകമ്പ നേടിയ കുസൃതികൾ ബാല്യത്തിലെ പ്രതിരോധ തന്ത്രങ്ങളായി വേണമെങ്കിൽ ഇന്ന് വ്യാഖ്യാനിക്കാം!
ഉയർന്ന ക്ലാസ്സുകളിൽ ബുദ്ധനെക്കുറിച്ചു കേട്ടതും പഠിച്ചതുമെല്ലാം വളരെ വ്യത്യസ്തമായ കാര്യങ്ങൾ ആയിരുന്നു. മനുഷ്യനന്മയും, അഹിംസയും, കരുണയും, ദയയും എല്ലാം ഉൾച്ചേർന്ന ബുദ്ധദർശനങ്ങളുടെ ഔന്നത്യം മനസ്സിലാക്കാൻ നമ്മുടെ ഉസ്താദുന്മാർക്കും പണ്ഡിതന്മാർക്കും എന്തേ കഴിയാതെ പോകുന്നതെന്ന ചോദ്യം ബാക്കിയായി. പിന്നീടുവന്ന ബുദ്ധമതാനുയായികൾക്കുപോലും ബുദ്ധദർശനത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു ചരിത്രവൈരുദ്ധ്യം.
ബുദ്ധമതം ഇന്ത്യയിലും പാകിസ്താനിലും
ഇന്ത്യയിൽ ബുദ്ധമതത്തിനുണ്ടായ തകർച്ചയെകുറിച്ച് നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. ബുദ്ധനെ വളരെ ആദരവോടെ കണ്ടിരുന്ന സ്വാമി വിവേകാനന്ദൻ ഒരിക്കൽ എഴുതി: ബുദ്ധമതത്തിന് അത്ഭുതകരമായ ധാർമിക ശക്തിയുണ്ടായിരുന്നു. എന്നാൽ, അതിൽ വിഗ്രഹഭഞ്ജന പ്രവണതകളും ഏറെയുണ്ടായിരുന്നു. അതിന്റെ ശക്തിയുടെ മിക്കഭാഗങ്ങളും
നിഷേധാത്മകങ്ങളായ കാര്യങ്ങൾക്കാണ് ചിലവഴിച്ചത്. ജന്മം കൊണ്ട ദേശത്തുതന്നെ അതിനു ചരമം പ്രാപിക്കേണ്ടി വന്നു. ഏതിനെയെല്ലാം ഇല്ലാതാക്കാനാണോ അതു ലക്ഷ്യമിട്ടിരുന്നത്, അതിനേക്കാൾ നൂറിരട്ടി വഴിവിട്ട അന്ധവിശ്വാസങ്ങളും ആചാരങ്ങളും മാത്രമാണ് ബാക്കിയായത് (സ്വാമി വിവേകാനന്ദൻ, സമ്പൂർണകൃതികൾ വാല്യം 4). ബുദ്ധമതത്തിന്റെ അധഃപതനത്തെക്കുറിച്ച് കെ. ദാമോദരൻ എഴുതി: ബുദ്ധമതം അതിന്റെതായ ധാർമികാനുശാസനങ്ങളെ പരിത്യജിച്ചുകൊണ്ടു സാധാരണക്കാരായ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ചടങ്ങുകളെയും സ്വീകരിച്ചപ്പോൾ അകത്തുനിന്നും പുറത്തുനിന്നുമുള്ള ആക്രമണങ്ങൾക്കിരയായി. യാഥാർഥ്യവാദത്തിന്റെ അടിസ്ഥാനത്തിലുള്ള വൈഭാഷിക-സൗത്രാന്തിക ദർശനങ്ങൾ പിന്തള്ളപ്പെടുകയും ആത്മീയവാദത്തിന്റെ അടിസ്ഥാനത്തിലുള്ള യോഗാചാരത്തിനും മാധ്യമികത്തിനും മുൻഗണന നൽകപ്പെടുകയും ചെയ്തതോടെ അതിന്റെ ദർശനികഅടിത്തറയും തകരാൻ തുടങ്ങി (കെ. ദാമോദരൻ, ഭാരതീയചിന്ത). കെ. ദാമോദരൻ തുടർന്നെഴുതി: തുടരെത്തുടരെയുണ്ടായ ഇത്തരം ആക്രമങ്ങളെ നേരിടാൻ ബൗദ്ധപണ്ഡിതന്മാർക്ക് കഴിയാതെയായി. മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ അവർ അധികമധികം ഒറ്റപ്പെട്ടു. എട്ടാം നൂറ്റാണ്ടിൽ ശങ്കരൻ ബൗദ്ധന്മാർക്കെതിരായി നടത്തിയ നിരങ്കുശമായ ദാർശനികാക്രമണത്തിനു ശേഷം വളരെക്കാലം ഇന്ത്യയുടെ മണ്ണിൽ നിലനിൽക്കാൻ പോലും അവർക്കു വിഷമമായിരുന്നു. ബൗദ്ധപതാക പിന്നീട് പാറിക്കളിച്ചത് ചൈന, ജപ്പാൻ, ബർമ, സിലോൺ, തുടങ്ങിയ രാജ്യങ്ങളിലാണ് (കെ. ദാമോദരൻ, ഭാരതീയചിന്ത).
കെ. ദാമോദരൻ ഇതെഴുതുമ്പോൾ പതിനൊന്നാം നൂറ്റാണ്ടിനുശേഷം ബുദ്ധമതത്തിന് ഇന്ത്യയിൽ എന്ത് സംഭവിച്ചു എന്ന് തന്റെ കൃതിയിൽ പറയുന്നില്ല. ആധുനിക ഭാരതത്തിൽ ബുദ്ധമതത്തെ രാഷ്ട്രീയമായി സമീപിച്ച ബി. ആർ. അംബേദ്കർ തന്റെ നിലപാടുകൾ പല ആവർത്തി എഴുതിയിട്ടുണ്ട്. 1956-ൽ ബുദ്ധമതത്തിലേക്കുള്ള തന്റെ സാമൂഹിക പരിവർത്തനവേളയിൽ അംബേദ്കർ അതിനെക്കുറിച്ചു പറഞ്ഞത്, ബുദ്ധമതത്തിൽ അന്തർലീനമായിരിക്കുന്ന യുക്തിബോധവും സാമൂഹിക ധാർമികതയും തന്നെ വളരെയധികം ആകർഷിച്ചിരുന്നു എന്നാണ്. ബുദ്ധമതത്തിന്റെ മൗലികാശയങ്ങൾ സമത്വത്തിലും സഹോദര്യത്തിലും സ്വതന്ത്ര്യത്തിലും അധിഷ്ഠിതമായിരിക്കുന്നുവെന്നു അദ്ദേഹം സമർത്ഥിച്ചു. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് താൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾ പലതും ബുദ്ധമതത്തിലാണ് കാണാൻ കഴിഞ്ഞിട്ടുള്ളതെന്നും അംബേദ്കർ എഴുതി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ മറികടക്കാൻ അംബേദ്കർ സ്വീകരിച്ച മാർഗം കേവലം മതപരിവർത്തനമായി മാത്രം വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ അത്തരം വ്യാഖ്യാനങ്ങളുടെ പരിമിതി മനസ്സിലാക്കാൻ അംബേദ്കറുടെ തന്നെ കൃതികൾ ധാരാളം മതിയാകും. ഇന്ത്യയിൽ ബുദ്ധമതം ക്ഷയിക്കാനുണ്ടായ കാരണം കേവലം ആഭ്യന്തര കലഹങ്ങളും വൈരുധ്യങ്ങളും മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അംബേദ്കർ ഈ വിഷയത്തെക്കുറിച്ചു എഴുതിയത് ഇങ്ങനെ: ഇവിടെ, ബുദ്ധമതത്തിന്റെ തകർച്ചയ്ക്ക് കാരണം മുസൽമാൻമാരുടെ ആക്രമണങ്ങളാണെന്ന കാര്യത്തിൽ സംശയമേയില്ല. ഇസ്‌ലാം വന്നത് ‘ബട്ട്' (But)ന്റെ ശത്രുവായിട്ടാണ്. എല്ലാവർക്കും അറിയുന്ന പോലെ അറബിഭാഷയിൽ ആ വാക്കിനർത്ഥം വിഗ്രഹമെന്നാണ്. എന്നാൽ അധികമാർക്കും അറിയാത്തത്, ആ വാക്ക് ബുദ്ധനെ സൂചിപ്പിക്കാനും അവരുപയോഗിച്ചിരുന്നു എന്നതാണ്. അതായത് അന്നത്തെ മുസ്‌ലിം മനസ്സുകളിൽ വിഗ്രഹാരാധനയും ബുദ്ധമതവും ഒന്നുതന്നെയായിരുന്നു. വിഗ്രഹങ്ങളെ തകർക്കുക എന്ന ദൗത്യം അങ്ങനെ
ബുദ്ധിസത്തെ നശിപ്പിക്കുക എന്ന ദൗത്യമായി. ഇസ്‌ലാം ബുദ്ധമതത്തെ നശിപ്പിച്ചത് ഇന്ത്യയിൽ മാത്രമല്ല, എവിടെയൊക്കെ അവർ പോയോ അവിടെയൊക്കെ. ഇസ്‌ലാം വരുന്നതിനു മുമ്പ് ബാക്ട്രിയ, പാർതിയ, അഫ്ഗാനിസ്ഥാൻ, ഗാന്ധാരം, ചൈനയിലെ തുർക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ മതം ബുദ്ധമതമായിരുന്നു - മിക്കവാറും ഏഷ്യൻ രാജ്യങ്ങളിലൊക്കെ. ഇവിടെയെല്ലാം ഇസ്‌ലാം ബുദ്ധമതത്തെ നശിപ്പിച്ചു (ബി.ആർ. അംബേദ്കർ, രചനകളും പ്രഭാഷണങ്ങളും മൂന്നാം വാല്യം: 229-32). തുടർന്നദ്ദേഹം എഴുതി: ഇസ്‌ലാം അധിനിവേശക്കാർ നളന്ദ, വിക്രമശില തുടങ്ങിയ ബുദ്ധസർവ്വകലാശാലകൾ നശിപ്പിച്ചു. അവർ രാജ്യത്തുണ്ടായിരുന്ന നിരവധി ബുദ്ധവിഹാരങ്ങൾ നിലംപരിശാക്കി. ആയിരക്കണക്കിന് ബുദ്ധസന്യാസിമാർ നേപ്പാൾ, ടിബറ്റ് തുടങ്ങിയ രാജ്യത്തിന് പുറത്തുള്ള മറ്റു ദേശങ്ങളിലേക്കു രക്ഷപ്പെട്ടു. ധാരാളം പേർ മുസ്‌ലിം സൈനികരാൽ കൊല്ലപ്പെട്ടു. ബുദ്ധപുരോഹിതവർഗം എങ്ങനെ മുസ്‌ലിം അധിനിവേശക്കാരുടെ ഖഡ്ഗം കൊണ്ട് നശിച്ചുപോയെന്നു മുസ്‌ലിം ചരിത്രകാരന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (ബി.ആർ. അംബേദ്കർ, രചനകളും പ്രഭാഷണങ്ങളും, മൂന്നാം വാല്യം: 229-32).
അംബേദ്കർ ഇങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെന്നു വിശ്വസിക്കാൻ പലർക്കും പ്രയാസമാണ്. അദ്ദേഹം ഇക്കാര്യത്തിൽ ആശ്രയിച്ചിരുന്നത് ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാരുടെ കൃതികളാണെന്നു വിമർശനം ഉണ്ടായിരുന്നു. അംബേദ്കർ ഒരു മുസ്‌ലിം വിരുദ്ധനാണെന്നുവരെ പറഞ്ഞവരുണ്ട്. അതിന് ഒരു ചരിത്ര സന്ദർഭം കൂടിയുണ്ടായിരുന്നു. പാക്കിസ്ഥാൻ വാദത്തിന്റെ ശക്തനായ എതിരാളികൂടിയായിരുന്നു അംബേദ്കർ. കാരണം,സാംസ്‌കാരിക ദേശീയതയെ അംബേദ്കർക്കു ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല -- അത് ഹൈന്ദവ ദേശീയതയായാലും മുസ്‌ലിം ദേശീയതയായാലും. രണ്ടിലും ഉൾച്ചേർന്നിട്ടുള്ള ജനാധിപത്യ വിരുദ്ധത മുൻകൂട്ടി കണ്ടിട്ടുള്ള പണ്ഡിതനായിരുന്നു അംബേദ്കർ. 1941-ൽ ‘പാകിസ്താൻ അല്ലെങ്കിൽ ഇന്ത്യാ വിഭജനം' എന്ന അദ്ദേഹം രചിച്ച ഗ്രന്ഥം വളരെ ആഴത്തിൽ ഇത് ചർച്ച ചെയ്യുന്നുണ്ട്. മുസ്‌ലിം അക്രമകാരികളും മുസ്‌ലിം ഭരണാധിപന്മാരും കാണിച്ചിട്ടുള്ള ക്രൂരതകളെക്കുറിച്ചു ചർച്ചചെയ്യുന്നത് അംബേദ്കർ മാത്രമല്ല. അതുകൊണ്ടുമാത്രം അദ്ദേഹം മുസ്‌ലിം വിരുദ്ധനോ ഇസ്‌ലാമിക വിരുദ്ധനോ ആകുന്നുമില്ല. അതിനേക്കാൾ ഏറെ വിമർശനങ്ങൾ അംബേദ്കർ ഹിന്ദു സമൂഹത്തെക്കുറിച്ചു നടത്തിയിട്ടുണ്ട്. അംബേദ്കറുടെ ബുദ്ധമത പരിവർത്തനം ആ അർത്ഥത്തിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു സാമൂഹിക ഇടപെടലാണ്.
മധ്യേഷ്യയിൽ നിന്ന് വന്ന ഹൂണന്മാർ, ബുദ്ധപാരമ്പര്യം കൊണ്ട് സമ്പന്നമായ തക്ഷശില എന്ന വിദ്യാപീഠം തകർത്തതും നളന്ദയ്ക്ക് സംഭവിച്ചതുപോലുള്ള വലിയ ദുരന്തമായിരുന്നു (നളന്ദയും തക്ഷശിലയും യഥാർത്ഥത്തിൽ തകർത്തത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും പണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ട്). തക്ഷശില നിലനിന്ന സ്ഥലം ഇന്ത്യാ വിഭജനാനന്തരം പാകിസ്ഥാനിലായി. നളന്ദ ഇന്ത്യയിലും. ചൈനീസ് സഞ്ചാരിയും ബുദ്ധസന്യാസിയുമായിരുന്ന ഫാഹിയാൻ അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച വേളയിൽ എഴുതിയ കുറിപ്പുകൾ ഇത്തരത്തിൽ ശ്രദ്ധേയമാണ് (ബൗദ്ധരാജ്യങ്ങളുടെ ഒരു രേഖ).
ഇസ്‌ലാമും പ്രതിമ തകർക്കലും
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണങ്ങൾക്ക് ഏതാനും മാസങ്ങൾ മുമ്പ് മുബൈയിലെ ഒരു സായാഹ്‌നത്തിൽ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ അസ്ഗർ അലി എൻജിനിയറുമായി സംസാരിച്ചിരിക്കെ കടന്നുവന്ന വിഷയങ്ങളിൽ ഒന്ന് ഇസ്‌ലാമും ബുദ്ധിസവുമായിരുന്നു.
അഫ്ഘാനിസ്ഥാനിലെ താലിബാൻ ശക്തികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാമിയാൻ മേഖലയിലെ പടുകൂറ്റൻ ബുദ്ധപ്രതിമ തകർത്ത
പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ സംഭാഷണം. ആറാംനൂറ്റാണ്ടിൽ നിർമ്മിച്ച ഈ അനശ്വര ബുദ്ധപ്രതിമ 2001 മാർച്ചിലായിരുന്നു ഇസ്‌ലാമിന്റെ പേരിൽ തകർക്കപ്പെട്ടത്. അന്നത്തെ അഫ്ഘാൻ രാജ്യരക്ഷാമന്ത്രി മുല്ലാ ഒബെയ്ദുള്ളായുടെ നേതൃത്വത്തിലായിരുന്നു ആ ‘കർമം' നിർവഹിച്ചത്. താലിബാൻ മതനേതാവ് മുല്ലാ ഒമറിന്റെ ഫെബ്രുവരിയിലെ ഫത്വയായിരുന്നു എല്ലാ അനിസ്‌ലാമിക പ്രതിമകളും തകർക്കുക എന്നത്.
ബാമിയാനിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ തകർക്കുന്നതിന് ഏതാണ്ട് 25 ദിവസത്തോളം എടുത്തു. ആദ്യം ടാങ്കുകളും ഷെല്ലുകളും ഉപയോഗിച്ച് തകർക്കാനായിരുന്നു പദ്ധതി. നടക്കുന്നില്ല എന്നായപ്പോൾ ഷിയ വംശജരായവർ ഉൾപ്പടെയുള്ള ഇരുപത്തഞ്ചോളം രാഷ്ട്രീയ തടവുകാരെ ഉപയോഗിച്ചായിരുന്നു പുതിയ പരിപാടി ആസൂത്രണം ചെയ്തത്.
ശക്തമായ സ്‌ഫോടക വസ്തുക്കൾ പ്രതിമയുടെ വിവിധ ഭാഗങ്ങളിൽ വ്യന്യസിച്ചായിരുന്നു അത് ഒടുവിൽ തകർത്തത്. രാജ്യാന്തരതലത്തിൽ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നെങ്കിലും താലിബാൻ സർക്കാർ വഴങ്ങിയില്ല. യു.എൻ. സെക്രട്ടറി ജനറൽ കോഫി അന്നൻ കാബൂൾ ഭരണകൂടത്തോട് ഇത് നിർത്തിവെക്കാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അവർ ചെവികൊണ്ടില്ല. മാത്രമല്ല, കാബൂൾ മ്യൂസിയത്തിലെ ഒരു ഡസനോളം ബുദ്ധപ്രതിമകളും കൂടി അവർ നശിപ്പിച്ചു.
ഇസ്‌ലാമിക ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത, വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ മദ്രസകളിൽ നിന്നും ജന്മമെടുത്ത താലിബാൻ ശക്തികൾ സ്വന്തം മതത്തോടും ചരിത്രത്തോടുമാണ് കടുത്ത അനീതി കാണിച്ചതെന്ന് എഞ്ചിനീയർ രോഷാകുലനായി പറഞ്ഞു. പ്രതിമയും പ്രതിഷ്ഠയും തമ്മിലുള്ള കേവലവ്യത്യാസം പോലും തിരിച്ചറിയാത്തവർക്കു ഏതു ഇസ്‌ലാമിക പൈതൃകത്തെക്കുറിച്ചാണ് ഊറ്റം കൊള്ളാൻ കഴിയുക, അദ്ദേഹം ചോദിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ ഈജിപ്തിലെ ഇസ്ലാമികആധുനികതയ്ക്കു അടിത്തറയിട്ട പണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ദു (1849-1905) പ്രതിമകൾ സ്ഥാപിക്കുന്നത് അനിസ്‌ലാമികമല്ലന്നും, ഏതൊരു പ്രവർത്തിയുടെയും തെറ്റും ശരിയും നിർണയിക്കുന്നത് അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിലാണെന്നും ശക്തിയായി വാദിച്ചിരുന്നതായി എഞ്ചിനീയർ ചൂണ്ടിക്കാട്ടി. അപ്പോൾ പ്രതിമാസ്ഥാപനത്തിന്റെ ഉദ്ദേശ്യം മതപരമായ ആരാധനയല്ലെങ്കിൽ അത് അനിസ്‌ലാമികമല്ലെന്നു തിരിച്ചറിയാൻ സാമാന്യബുദ്ധിയുടെ ആവശ്യമേയുള്ളൂ, അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ബിംബാരാധനയെ അംഗീകരിക്കാത്ത മതമായതു കൊണ്ട് ഇത്തരം തലതിരിഞ്ഞ ഫത്വകൾ ഇറങ്ങിക്കൊണ്ടിരിക്കും. സാമാന്യവിജ്ഞാനത്തിന്റെയും, പൊതുബോധത്തിന്റെയും അഭാവം ഇത്തരം അതിരുവിട്ട ശാസനകളിൽ കാണാം (കയ്‌റോയിലെ അൽ-അസർ മതപാഠശാലയിൽ ചില യാഥാസ്ഥിതിക ഉലമാക്കൾ ഇത്തരം ഫത്വകൾ പലപ്പോഴും പുറപ്പെടുവിച്ചത് എഞ്ചിനീയർ എടുത്തു പറഞ്ഞു). മനുഷ്യന്റെ ആത്യന്തികനന്മയിലും കാരുണ്യത്തിലും സഹജീവിബോധത്തിലും അധിഷ്ഠിതമായിരിക്കുന്ന ഇസ്‌ലാമിക ആത്മീയതബോധനങ്ങൾ യഥാർത്ഥത്തിൽ ബുദ്ധന്റെ ദാർശനിക ചിന്തകളോടാണ് അടുത്തിരിക്കുന്നതെന്നു പറയാൻ എഞ്ചിനീയർക്കു യാതൊരു മടിയുമില്ലായിരുന്നു.
ബുദ്ധമതം ഇന്ത്യയിലും ചൈനയിലും പാകിസ്താനിലും
ബുദ്ധമതത്തിന്റെ ‘ദാരുണ ഇന്ത്യൻ അദ്ധ്യായ' ത്തെക്കുറിച്ച് മറ്റു ചിലതു കേൾക്കാൻ കഴിഞ്ഞത് 2008 ആഗസ്തിൽ നടന്ന മഹാത്മാഗാന്ധി-ദൈസാകു ഇകേദ അന്താരാഷ്ട്ര സമാധാന സമ്മേളനത്തിലാണ്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യ, ചൈന, ജപ്പാൻ, മലേഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പണ്ഡിതന്മാർ
പങ്കെടുത്തിരുന്നു. അവിടെ സംബന്ധിക്കാൻ കഴിഞ്ഞ പണ്ഡിതന്മാർക്ക് ഈ വിഷയത്തിലുള്ള ഇന്ത്യയുടേയും ചൈനയുടെയും നിലപാടുകളിലെ പൊരുത്തക്കേടും വൈചിത്ര്യവും അവർ വ്യക്തിപരമായി പങ്കുവെച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാൻ അവർ മാതൃകകളാക്കിയത് ബുദ്ധന്റെ അഹിംസാപാരമ്പര്യം പിന്തുടരുന്ന മഹാത്മാഗാന്ധിയും ബുദ്ധദാർശനികനായ ജാപ്പനീസ് പണ്ഡിതനും സമാധാന പ്രസ്ഥാനത്തിന്റെ മുൻനിരനായകനുമായ ദൈസാകു ഇകേദയും (1928). ഇന്ത്യയോടുള്ള ഇകേദയുടെ ആദരവിന്റെ അടിസ്ഥാനം ഭാരതം ബുദ്ധന്റെ ജന്മദേശമാണെന്നതു മാത്രമല്ല. മഹാത്മാഗാന്ധി ഹൈന്ദവദർശനത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളാണെങ്കിലും അദ്ദേഹം ബുദ്ധന്റെ മൗലിക പ്രമാണമായ അഹിംസയെ ഒരു വലിയ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുകയും അതിനു രാജ്യാന്തരമാനങ്ങൾ കൊടുക്കുകയും ചെയ്തതാണ് ഇകേദയ്ക്ക് ഇന്ത്യയോടുള്ള ബഹുമാനത്തിന്റെ കാരണം. ഇന്ത്യക്കു നഷ്ടപ്പെട്ട ബുദ്ധമതം ചൈനയിൽ ശക്തമായതിനെക്കുറിച്ചു അമർത്യാസെൻ എഴുതിയതിനെ പലരും പരാമർശിക്കുന്നതു കേട്ടു.
250 ദശലക്ഷം ബുദ്ധമത വിശ്വാസികൾ ഉള്ള ചൈനയിൽ (ജനസംഖ്യയുടെ 18 ശതമാനത്തിലേറെ) ലോകത്തിലെ ബുദ്ധമതാനുയായികളിൽ പകുതിയും ജീവിക്കുന്നു. ബുദ്ധമതത്തെ അംഗീകരിക്കുന്നതിലൂടെ തങ്ങളുടെ ‘മൃദുശക്തി'(soft-power) ലോകത്തിനു മുമ്പിൽ കാണിച്ചുകൊടുക്കാനുള്ള അവസരമായി ചൈന ഉപയോഗപ്പെടുത്തുന്നതായി അമർത്യാസെൻ പറഞ്ഞിട്ടുണ്ട്. സെന്നിന്റെ The Argumentative Indian ൽ ചൈനയുടെയും ഇന്ത്യയുടേയും നൂറ്റാണ്ടുകൾ പിന്നിടുന്ന സാംസ്‌കാരിക ബന്ധങ്ങളും ബൗദ്ധിക ചരിത്രവും വരച്ചുകാട്ടുന്നുണ്ട്. 2011 ഒക്ടോബറിൽ ചൈനയിൽ നടന്ന ‘ബുദ്ധമതവും ലോകസംസ്‌കാരവും' എന്ന വിഷയത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനായത് മറ്റൊരനുഭവം. ദക്ഷിണ ചൈനയിലെ ജിനാൻ നാഷണൽ യൂണിവേഴ്സിറ്റിയും സിഹുയി നഗരത്തിലെ (ഗ്വാൻചൗ പ്രവിശ്യ) പ്രമുഖ ബുദ്ധവിഹാര-മതപഠന കേന്ദ്രവും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. 'സൂഫിസവും ഇസ്‌ലാമും ദക്ഷിണേഷ്യൻ അനുഭവങ്ങളും' എന്ന വിഷയത്തെക്കുറിച്ചായിരുന്നു എന്റെ പ്രഭാഷണം. തൊട്ടടുത്തിരുന്ന ബുദ്ധമതപണ്ഡിതന്മാർ സൂഫിസത്തെക്കുറിച്ചുള്ള പ്രഭാക്ഷണം കൗതുകത്തോടെ കേട്ടിരുന്നു. കാലിഫോർണിയ സർവകലാശാലയിലെ ബുദ്ധമതഗവേഷകൻ തുടർന്നൊരു ചോദ്യം: ബുദ്ധ-ഹൈന്ദവ പാരമ്പര്യങ്ങളുടെ സ്വാധീനം ഏറെയുള്ള സൂഫി ഇസ്‌ലാമിനെ ഇന്നത്തെ മുഖ്യധാരാ ഇസ്‌ലാം എങ്ങിനെയാണ് ഉൾക്കൊള്ളുന്നത്, നേരിടുന്നത്?
വാസ്തവത്തിൽ അത് തന്നെയായിരുന്നു എന്റെയും പഠനവിഷയം. പാകിസ്താനിലെയും അഫ്ഘാനിസ്ഥാനിലെയും കാശ്മീരിലെയും സൂഫിപാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നവർ നവ-വഹാബി, നവ-സലഫി വിഭാഗങ്ങളിൽ നിന്നും നിരന്തരം നേരിട്ടുകൊണ്ടിരുന്ന ആക്രമണങ്ങളും പ്രതിഷേധങ്ങളും ഞാൻ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ ‘ശുദ്ധീകരണ'വുമായി ബന്ധപ്പെട്ടു നടത്തുന്നു എന്ന് പറയുന്ന ഇത്തരം ഹീനമായ പ്രവൃത്തികൾ ഇസ്‌ലാമിന്റെ തന്നെ സാംസ്‌കാരിക ബഹുത്വത്തെയും പ്രാദേശിക വൈവിദ്ധ്യങ്ങളെയും തകിടം മറിക്കുകയാണെന്നുകൂടി പറഞ്ഞപ്പോൾ അതെല്ലാം വ്യാഖ്യാനങ്ങളല്ലേ എന്നായി അവരുടെ ചോദ്യം.
അതെ, വ്യാഖ്യാനങ്ങളില്ലാതെ ഒന്നിനും നിലനിൽപ്പില്ല. പക്ഷെ, ഏതു വീക്ഷണകോണിൽ നിന്നാണ് വ്യഖ്യാനം ഉണ്ടാകുന്നതെന്നത് പ്രസക്തമാണ്. എന്നാൽ അതിന്റെ ആധാരശിലകൾ ഒന്നും അടഞ്ഞ മൂല്യവ്യവസ്ഥകളല്ല. കാറ്റും വെളിച്ചവും കയറുന്ന, സുതാര്യമായ, മനുഷ്യത്വത്തിലും തുല്യതയിലും അധിഷ്ഠിതമായ, സാർവലൗകിക സാഹോദര്യത്തിൽ അടിയുറച്ച വിശ്വാസമുള്ള ബൗദ്ധിക പാരമ്പര്യങ്ങളിൽ നിന്നും മതത്തെ കാണാൻ ശ്രമിക്കുമ്പോഴാണ് അതിനു കാല-ദേശങ്ങളെ മറികടന്നു നിലനിൽക്കാനാകുന്നത്. രാഷ്ട്രീയാധികാരത്തിന്റെ പ്രത്യയശാസ്ത്ര താങ്ങും തണലുമായി മതങ്ങൾ മാറാൻ തുടങ്ങുന്നതോടെ ‘വ്യാഖ്യാന'ങ്ങൾക്കു മുൻപറഞ്ഞ ജൈവപരമായ ആധികാരികതയും സവിശേഷതയും നഷ്ടപ്പെടും. അത് തന്നെയാണ് ഇസ്ലാമിനും ബുദ്ധമതത്തിനും മറ്റനേകം മതങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിൽ ബുദ്ധമതത്തെക്കുറിച്ചുള്ള രാജ്യാന്തരസമ്മേളനം നടക്കുമ്പോൾ ഷെൻഷൻ നഗരത്തിൽ ബുദ്ധമത ആഘോഷങ്ങൾ തകർക്കുന്നുണ്ടായിരുന്നു. സമ്മേളനത്തിലും ആഘോഷങ്ങളിലും പങ്കെടുത്ത ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് കൗതുകകരമായ
ചില കാര്യങ്ങളാണ്. ബുദ്ധമതസമ്മേളനവേദിയിലും ആഘോഷ സ്ഥലത്തും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രാദേശികനേതാക്കളും സർക്കാർ പ്രതിനിധികളുമാണ്. 1976-ൽ മാവോയുടെ മരണശേഷം പാർട്ടിയുടെ നിയന്ത്രണം ദെങ് സിയാവൊ പിങ് ഉൾപ്പടെയുള്ള നേതാക്കളിലേക്കു വന്നതോടെ കാര്യങ്ങൾ മാറാൻ തുടങ്ങി. മതത്തെക്കുറിച്ചുള്ള ചൈനയുടെ കാഴ്ചപ്പാടിലും കാര്യമായ മാറ്റങ്ങൾ വന്നു. ടിബറ്റൻ പ്രശ്നത്തോട് തുടർന്നും വൈകാരികമായി പ്രതികരിക്കുമ്പോൾ, രാജ്യത്തിന്റെ മറ്റിടങ്ങളിൽ ബുദ്ധമതവും, കൺഫ്യൂഷ്യനിസവും മറ്റു മതങ്ങളും പരിമിതമായെങ്കിലും പ്രവർത്തിക്കാൻ അനുവദിച്ചുതുടങ്ങി. ബുദ്ധമതവും കൺഫ്യൂഷ്യനിസവും ക്രമേണ ശക്തിപ്പെട്ടുവന്നു. ഇത് അന്താരാഷ്ട്രതലത്തിൽ ചൈനയ്‌ക്കെതിരേ ഉയർന്നു വന്നുകൊണ്ടിരുന്ന വിമർശങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു. പ്രത്യേകിച്ച് ടിബറ്റൻ പ്രശ്നം രാജ്യാന്തരതലത്തിൽ അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും ഉയർത്തിക്കൊണ്ടുവന്ന സാഹചര്യങ്ങളിൽ. ഏറെക്കാലം ചൈനയിലെ ‘ബുദ്ധമത പ്രതിസന്ധി' അവർക്കു കിട്ടിയ വലിയൊരു തുറുപ്പുചീട്ടായിരുന്നു. 1959-ലെ ലാസ പ്രക്ഷോഭത്തെത്തുടർന്നു ദലൈലാമയും ടിബറ്റൻ അഭയാർഥികളും ഇന്ത്യയിൽ താമസം തുടങ്ങിയതു മുതൽ ചൈനയ്ക്ക് വലിയ സംശയങ്ങളും ആധിയും ഉണ്ടായിക്കൊണ്ടിരുന്നു. 1950 കളുടെ അവസാനം രൂപപ്പെട്ട ചൈനയുമായുള്ള അതിർത്തിപ്രശ്നം രൂക്ഷമാകാൻ കാരണം ടിബറ്റൻ പ്രശ്നത്തോട് ഇന്ത്യയും മറ്റു പാശ്ചാത്യ രാജ്യങ്ങളും സ്വീകരിച്ച അനുകമ്പ നിലപാടുകൂടിയായിരുന്നു.
ഇന്ത്യയിൽ കഴിഞ്ഞ നാല് പതിറ്റണ്ടിലേറെകാലമായി ജീവിക്കുന്ന ബുദ്ധമതക്കാരുടെ ആത്മീയനേതാവായ ദലൈലാമയും ടിബറ്റൻ വംശജരും ഇന്ത്യയും ചൈനയും തമ്മിൽ മാത്രമല്ല, ചൈനയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെയും ഗതീയത നിർണയിക്കുന്ന പ്രതീകമായി മാറി. പതിനാലാം ദലൈലാമയ്ക്ക് ഇപ്പോൾ 84 വയസ്സായി. തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള സമയവും ആയി. 2011-ൽ ചൈന പ്രഖ്യാപിച്ചത് അടുത്ത ദലൈലാമയെ ചൈനീസ് സർക്കാർ നിശ്ചയിക്കുമെന്നാണ്. ദലൈലാമയും അദ്ദേഹത്തിന്റെ അനുയായികളും ഇതൊരിക്കലും സമ്മതിക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ചൈന ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ടിബറ്റിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന പഞ്ചൻലാമയുടെ കാര്യത്തിലും ഈ അഭിപ്രായവ്യത്യാസം രൂക്ഷമായി ഉയർന്നു വന്നിരുന്നു.
ഇതിനിടയിലാണ് സിൻജിയാങ് പ്രവിശ്യയിലെ ഉയിഗുർ മുസ്‌ലിം വംശജർക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പാശ്ചാത്യരാജ്യങ്ങൾ ഉയർത്തികൊണ്ടുവന്നിരുന്നത്. പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സ്താൻ തുടങ്ങിയ ദക്ഷിണ-മധ്യേഷ്യൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ചൈനയുടെ സിൻജിയാങ് പ്രവിശ്യ പലകാരണങ്ങൾ കൊണ്ടും തന്ത്രപ്രധാനമാണ്. ബെൽറ്റ്-റോഡ് സംരംഭത്തിൽ (Belt Road Initiative) പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി ഏർപ്പെട്ടിരിക്കുന്ന ഉടമ്പടികൾക്ക് ഉയിഗുർ മുസ്‌ലിം വംശജർ ഭീഷണിയാണെന്ന നിഗമനത്തിലാണ് ലക്ഷക്കണക്കിന് പേരെ തുറുങ്കിലടച്ചിരിക്കുന്നത്. ഈ ഭീഷണി രണ്ടു തരത്തിലാണ് ചൈന കാണുന്നത്. ഒന്ന്, അൽക്വഇദ, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര സംഘടനകളുടെ സാന്നിധ്യവും വളർച്ചയും സിൻജിയാങ് പ്രവിശ്യയിൽ ഏറിവരുന്നു. രണ്ടു, ഇത്തരം ഇസ്‌ലാമികസംഘടനകൾ നിരവധി ബുദ്ധമത വിഹാരങ്ങളും പ്രതിമകളും തകർത്തിട്ടുണ്ട്. ബുദ്ധമതത്തിന്റെ നിലനിൽപ്പ് ഇത്തരം ഇസ്‌ലാമിക തീവ്വവാദസംഘങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല ചൈനീസ് സർക്കാരിനുണ്ടെന്നു അവർ സമർത്ഥിക്കുന്നു. ടിബറ്റിൽ ബുദ്ധമതം മറ്റൊരു തരത്തിൽ സർക്കാരിൽ നിന്നു തന്നെ പ്രതിസന്ധി നേരിടുമ്പോൾ ചൈന സിൻജിയാങ് പ്രവിശ്യയിൽ ബുദ്ധമതം സംരക്ഷിക്കാൻ മുസ്‌ലിംകളെ തുറുങ്കിലടക്കുന്നതു ചൈനയുടെ ഇരട്ടത്താപ്പിന്റെ പ്രകടമായ ഉദാഹരണമാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തിൽ ബുദ്ധമതം ശക്തിപ്രാപിച്ച മറ്റു രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെയും മറ്റു മത-വംശീയ ശക്തികളുടെയും സമ്മർദ്ദങ്ങളിൽപ്പെട്ട് അതിന്റെ ആത്മീയാടിത്തറയിളകാൻ തുടങ്ങി. ശ്രീലങ്കയിലും മ്യാന്മാറിലും തായ്‌ലാന്റിലും പ്രകടമായ വംശീയ പക്ഷപാതം ബുദ്ധമത സന്യാസികളും സംഘടനകളും കാണിക്കാൻ തുടങ്ങി. ശ്രീലങ്കയിൽ തമിഴ്‌വംശജരോടും അവിടുത്തെ മുസ്‌ലിംകളോടും ബുദ്ധസന്യാസ സമൂഹം കടുത്ത വംശീയ പക്ഷപാതിത്വം കാണിക്കുമ്പോൾ, മ്യാന്മാറിൽ മുസ്‌ലിംകളായ റോഹിൻഗ്യൻ ജനത ജന്മനാട്ടിൽ നിന്ന് ജീവനും കൊണ്ടോടുകയായിരുന്നു. ബംഗ്ലാദേശിൽ ഇതിന്റെ നേരെ വിപരീത ദിശയിൽ ആയിരുന്നു കാര്യങ്ങൾ. ചിറ്റഗോങ്ങ് മേഖലയിലെ ബുദ്ധമത വിശ്വാസികളായ പതിനായിരക്കണക്കിന് ചക്മ വംശജർ ബംഗാളി കുടിയേറ്റ മുസ്‌ലിംകളുടെ അധിനിവേശവും പീഡനവും കൊണ്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചിരുന്നു. 'ജും' ജനത എന്നറിയപ്പെടുന്ന ചക്മകൾ ഇപ്പോഴും അവരുടെ സാംസ്‌കാരിക സ്വത്വം ഉൾപ്പടെയുള്ളവ സംരക്ഷിക്കാനുള്ള ബദ്ധപ്പാടിലാണ്.
ബുദ്ധൻ, നാഗരികതകളുടെ ഭൂമികയിൽ
1700 വർഷം പഴക്കമുള്ള ഒരു അപൂർവ ബുദ്ധപ്രതിമ അടിച്ചുതകർത്ത ഒരു വാർത്ത പാകിസ്ഥാനിൽ നിന്ന് വന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. പാകിസ്താനിലെ ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ മർദാൻ ജില്ലയിലാണ് സംഭവം. നിർമാണത്തൊഴിലാളികൾ കണ്ടെത്തിയ ബുദ്ധന്റെ ഈ പൂർണകായ പ്രതിമ ഉടൻ തന്നെ തകർക്കപ്പെടാൻ കാരണം, ഇതറിഞ്ഞ് അവിടെയെത്തിയ പ്രാദേശിക മുസ്‌ലിം പുരോഹിതരാണ് (ഇസ്‌ലാമിൽ പൗരോഹിത്യം ഇല്ലെങ്കിലും അതേറ്റു പിടിച്ചു നടക്കുന്നവർ ഇന്ന് ഏറെയാണ്). ഇതുടൻ നശിപ്പിച്ചില്ലെങ്കിൽ അവരുടെ നിക്കാഹ് അസാധുവാകുമെന്നും നരകത്തിൽ പ്രവേശിക്കുമെന്നും ഭീഷണിപ്പെടുത്തിയാണത്രെ ആ അപൂർവ പ്രതിമ നശിപ്പിച്ചത്. നശിപ്പിക്കുന്ന വീഡിയോ ആരോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ കാര്യങ്ങൾ മാറി. ഖൈബർ പക്തുൻക്വ പുരാവസ്തുവകുപ്പ് ഉടൻ കേസെടുത്ത് നശിപ്പിച്ച തൊഴിലാളികളെ അറസ്റ്റുചെയ്തു. 2017 ലെ ഖൈബർ പക്തുൻക്വ പുരാവസ്തു നിയമം അനുസരിച്ച് ഇത്തരം വസ്തുക്കൾ ആരെങ്കിലും കണ്ടെത്തിയാൽ സർക്കാരിനെ ഉടനെ അറിയിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് നശിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്താൽ ക്രിമിനൽ കുറ്റമാണ്. 5 വർഷം വരെ കഠിനതടവും 2 ദശലക്ഷം രൂപ പിഴയും നിയമം ലംഘിച്ചാൽ കിട്ടും. എന്നാൽ ഏതാനും വർഷം മുമ്പ് വരെ ഇത്തരം പ്രതിമകൾ നശിപ്പിക്കുന്നത് ഇസ്‌ലാമിക ഭീകരവാദികളുടെ ഒരു സാധാരണ ദൗത്യമായിരുന്നു. ഇന്ന് പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ പ്രദേശം തീവ്രവാദികളുടെയും മറ്റും നിരന്തര ആക്രമണത്തിന്റെ ഭീഷണിയിലാണ്. അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ശക്തിപ്രാപിക്കുന്നുണ്ട്. മതഭീകരവാദത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പാകിസ്താനെ വീണ്ടും സമ്മർദ്ദത്തിലാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം മത-ഭീകര പുനരുദ്ധാനശക്തികൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിനുള്ളിൽ ശക്തി പ്രാപിക്കുന്നത് മേഖലയുടെ ചരിത്രപൈതൃകത്തിനു കനത്ത ഭീഷണിയാണ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ചൈനയുടെയും ചരിത്രപൈതൃകം കാത്തുസൂക്ഷിക്കേണ്ടത് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെയും പൗരസമൂഹത്തിന്റെയും ബാധ്യതയാണ്. ഹാരപ്പയും മോഹൻജൊ-ദാരോയും നളന്ദയും തക്ഷശിലയും എല്ലാം വിഭജനങ്ങൾക്കും വീതംവെയ്ക്കലുകൾക്കും അപ്പുറം ജീവിക്കുന്ന പൈതൃകങ്ങളാണ്.
മനുഷ്യർ ചരിത്ര നിഷേധികളാകുന്നത് രണ്ടു ഘട്ടങ്ങളിലാണ്. ഒന്ന്, വർത്തമാനകാലത്തിൽ ഉരുത്തിരിയുന്ന രാഷ്ട്രീയ സന്ദർഭങ്ങൾ/സംഘർഷങ്ങൾ നേരിടാൻ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കേണ്ടിവരുമ്പോൾ. മറ്റൊന്ന്, ‘ഭൂതകാലമഹിമ' എല്ലാത്തരം വർത്തമാനകാല സമസ്യകൾക്കും പരിഹാരമെന്ന രീതിയിൽ അവതരിപ്പിക്കേണ്ടിവരുമ്പോൾ. മതസ്ഥാപനങ്ങൾ പലപ്പോഴും ഇതിനിടയിലെ സാമൂഹിക ഇടനില/വിലപേശൽ ശക്തികളാണ്. നിഷേധത്തിന്റെ രൂപം വരുന്നത് സ്വന്തം മത-സംസ്‌കാരചരിത്രങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞു അവയെ തിരുത്താൻ തയ്യാറാകാത്തപ്പോഴാണ്. സ്വാഭാവികമായും, ചരിത്രം തങ്ങൾക്കു ആവശ്യാനുസരണം, സ്വീകാര്യമാംവിധം ഉടച്ചുവാർക്കപ്പെടേണ്ട ഒന്നാണെന്നും ചരിത്രം വേണമെന്നുണ്ടെങ്കിൽ അതിങ്ങനെ തന്നെയാവണമെന്നും ഇരുകൂട്ടരും വാദിച്ചുകൊണ്ടേയിരിക്കും. കൂടുതലും തീവ്രവലതു പ്രത്യയ ശാസ്ത്രങ്ങൾ ഇപ്പറഞ്ഞതിനോട് ചേർന്നുനിൽക്കും. അതിൽ ഇസ്‌ലാമികമെന്നോ ജൂതമെന്നോ, ഹൈന്ദവമെന്നോ, ക്രൈസ്തവമെന്നോ വ്യത്യാസമുണ്ടാവില്ല. ബുദ്ധമതപാരമ്പര്യങ്ങൾ പോലും തീവ്രവലതു പക്ഷത്തേക്ക് ചേർന്ന് പോകുന്ന വർത്തമാന സാഹചര്യങ്ങൾ ഇന്ന് കാണാം. മതങ്ങൾ ഇത്തരത്തിൽ ബൗദ്ധികമായി തകിടം മറിച്ചിൽ നടത്തുമ്പോൾ തകരുന്നത് സംസ്‌കാരങ്ങളുടെ ജൈവപരമായ വളർച്ചയാണ്. ഇസ്താംബൂളിലെ ഹാഗിയ-സോഫിയ ക്രിസ്റ്റീയ ദേവാലയം മുസ്‌ലിം പള്ളിയാകുന്നതും പിന്നീട് പൊതുമ്യൂസിയം ആകുന്നതും, വീണ്ടുമത് മുസ്‌ലിം പള്ളിയാകുന്നതും ഇത്തരത്തിൽ ‘‘ആവശ്യാനുസരണം രാഷ്ട്രീയ ഭേദഗതികൾ'' വരുത്തുന്നത് കൊണ്ടാണ്. അയോധ്യയിലെ ചരിത്രവും മറ്റൊന്നല്ല. അതിൽ മതത്തിന്റെ ആത്മീയാംശങ്ങൾ എത്രയുണ്ടെന്ന് അന്വേഷിക്കാൻ തയ്യാറായി ആരും പോകാറുമില്ല.
(മഹാത്മാഗാന്ധി സർവകലാശാലയുടെ സോഷ്യൽ സയൻസസ് ഡീനും, അന്തർ സർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറൂമാണ് ലേഖകൻ)