ജിസ ജോസ്

ഒരു കോട്ടയംകാരിയുടെ
ഭാഷാസഞ്ചാരങ്ങൾ

നാടും വീടുമൊക്കെ വിട്ടാലും പുതിയ ദേശങ്ങളിൽ കാലുറപ്പിച്ച് അവിടത്തെ ഭാഷാഭേദങ്ങൾ സ്വാംശീകരിച്ചാലും ആഴത്തിലേക്കു നീണ്ട ഒരു വേര്, ചാഞ്ഞു പടർന്നൊരു ചില്ല ജന്മദേശത്തിൻ്റെ അടയാളങ്ങൾ വെളിപ്പെടുത്തും. പിന്നീടൊരിക്കലും എനിക്ക് ഭാരതം ഫാരതമായിട്ടുണ്ടാവില്ല, എങ്കിലും തിരുത്താൻ വൈകിപ്പോയ ആ ഉച്ചാരണത്തെറ്റ് എപ്പോഴുമോർക്കുന്നു.- ജിസ ജോസ് എഴുതുന്നു…


ഭാഷയുമായി ബന്ധപ്പെട്ട ആദ്യ ഓർമ്മകൾ എന്തായിരിക്കും..?
ഭാഷ എന്ന വാക്കോ അതുൾക്കൊള്ളുന്ന ആശയമോ ഒന്നുമറിയാതെ, എപ്പോഴോ ഭാഷ സ്വാംശീകരിക്കപ്പെടുന്നു. കേൾക്കുന്നതും പറയുന്നതും മലയാളമാണെന്നും അതാണു മാതൃഭാഷയെന്നുമൊക്കെ തിരിച്ചറിയുന്ന പ്രായമാകുമ്പോഴേക്ക് ആ ഭാഷ ഉള്ളിൽ നിറഞ്ഞുകഴിഞ്ഞിരുന്നു.

ഏകദേശം അമ്പതിനും നൂറിനുമിടയ്ക്ക് വാക്കുകൾ കിട്ടിക്കഴിഞ്ഞാൽ കുട്ടികൾക്ക് അനായാസമായും വേഗത്തിലും മാതൃഭാഷ സംസാരിക്കാനാവുമെന്നാണ് പറയപ്പെടുന്നത്. മിക്കകുട്ടികളും നാലു വയസ്സൊക്കെ ആകുമ്പോഴേക്ക് ഒഴുക്കോടെ സംസാരിക്കാൻ തുടങ്ങുന്നത് അവർക്കാവശ്യമായ വാക്കുകൾ കൈയ്യിലെത്തുന്നതു കൊണ്ടാവണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ പദശേഖരം പെരുകിക്കൊണ്ടിരിക്കുന്നു.

എന്തായിരിക്കും ആദ്യം ഉച്ചരിച്ച വാക്കെന്നതിൽ മിക്കവാറും സംശയമില്ല, അമ്മ എന്ന വാക്ക് തന്നെ. പൂർണതയില്ലാതെയും അംഗഭംഗത്തോടെയെങ്കിലും ആ വാക്കു തന്നെയാവും എല്ലാ കുട്ടികളും ആദ്യം പറഞ്ഞിരിക്കുക.

കളിയും ചിരിയും തിമിർപ്പും ഉത്സാഹവും നിറഞ്ഞ പകലുകൾ. സന്ധ്യയ്ക്ക് തോട്ടിൽച്ചാടി തിമിർത്ത് കുളിച്ചു കയറുന്നതോടെ അവസാനിക്കുന്ന ദിവസം. പിറ്റേന്ന് വേഗം പുലരാനായുള്ള ഉറക്കം. കൂട്ടുചേർന്ന ആ ഉത്സവദിനങ്ങളാണ് ഭാഷയ്ക്ക് വേരുറപ്പും കരുത്തും പകരുന്നത്. Photo: Babu Francis
കളിയും ചിരിയും തിമിർപ്പും ഉത്സാഹവും നിറഞ്ഞ പകലുകൾ. സന്ധ്യയ്ക്ക് തോട്ടിൽച്ചാടി തിമിർത്ത് കുളിച്ചു കയറുന്നതോടെ അവസാനിക്കുന്ന ദിവസം. പിറ്റേന്ന് വേഗം പുലരാനായുള്ള ഉറക്കം. കൂട്ടുചേർന്ന ആ ഉത്സവദിനങ്ങളാണ് ഭാഷയ്ക്ക് വേരുറപ്പും കരുത്തും പകരുന്നത്. Photo: Babu Francis

കുട്ടികളുടെ ശബ്ദകോശത്തിലെ മുറിഞ്ഞതും പരിക്കേറ്റതുമായ വാക്കുകളുടെ ആഴവും സൗന്ദര്യവും ലോകത്തിൽ മറ്റേതൊരു വാക്കിനുമില്ല. എല്ലാ കുട്ടികൾക്കും പൊതുവായുള്ള വാക്കുകൾക്കപ്പുറം ഓരോ കുട്ടിക്കും അത്തരം സ്വന്തമായ വാക്കുകളുമുണ്ടാവും. അവൾക്ക് / അവന് മാത്രമുണ്ടാക്കാനാവുന്നത്. നിർഭാഗ്യവശാൽ, വലുതാവുന്നതോടെ ആ വാക്കുകൾ കുട്ടിക്കു കൈമോശം വരുന്നു. കുട്ടിയുടെ അമ്മയും അച്ഛനും അതൊക്കെ മറന്നുപോകുന്നു. കുഞ്ഞിൻ്റെ വളർച്ചയിൽ, അവർ ഉറപ്പിച്ചും തെറ്റില്ലാതെയും പറയുന്ന വാക്കുകളിൽ, അഭിമാനത്തോടെ ഉറ്റുനോക്കുന്നതിനിടയിൽ പാൽമണമുള്ള, ലോകത്തിലേക്കുംവെച്ച് നിഷ്കളങ്കമായ ആ കുഞ്ഞുവാക്കുകൾ മറന്നുപോവുന്നതു സ്വാഭാവികവുമാണ്. എങ്കിലും ഓർമ്മയിലെവിടെയെങ്കിലും അത്തരമൊരു വാക്ക് കുരുങ്ങിക്കിടന്നെന്നും വരാം. ഒരു വയസ്സിൽ പൂമ്പാറ്റയെ നോക്കി മകൾ പറഞ്ഞ ‘ഉംപറ്റ’ എന്ന വാക്ക് ഇപ്പോഴും അരുമയോടെ ഓർമ്മിക്കുന്നു. അതുപോലെ മിഠായിക്കും മൊബൈൽ ഫോണിനുമൊക്കെ അവൾക്കു രസകരമായ വാക്കുകളുണ്ടായിരുന്നു, അവളുടേതു മാത്രമായിരുന്ന വാക്കുകൾ. അതൊക്കെയും മനസ്സിൽ നിന്നു തിരിച്ചു കിട്ടാത്തവിധം നഷ്ടമായിരിക്കുന്നു. വേണ്ടുംവണ്ണം സൂക്ഷിക്കാതെ പാഴാക്കിക്കളഞ്ഞ വാക്കുകളുടെ അമൂല്യമായൊരു നിധി.

77 വയസ്സുള്ള അമ്മയോടു ചോദിച്ചാൽ അവരുടെ മകൾ ചെറുപ്രായത്തിലുച്ചരിച്ച വാക്കുകളിലൊന്നെങ്കിലും ഓർമ്മയുടെ ആഴങ്ങളിൽ നിന്ന് ചിലപ്പോൾ മുങ്ങിത്തപ്പിയെടുത്തേക്കും. കുഞ്ഞിൻ്റെ ആദ്യത്തെ വാക്കുകൾക്കും ചലനങ്ങൾക്കുമൊക്കെ കണ്ണും കാതും കൊടുത്തു കാവലിരിക്കുന്നത് അമ്മമാരാണ്. ബന്ധുക്കളുടെയും കുടുംബക്കാരുടെയും വീടുകളായിരുന്നു കുട്ടിക്കാലത്തു താമസിച്ചിരുന്ന വീടിനു ചുറ്റുവട്ടത്ത്. കിഴക്കേപ്പുര, വടക്കേപ്പുര, തെക്കേപ്പുര എന്നൊക്കെയായിരുന്നു വീടുകളെ വിളിച്ചിരുന്നത്.
വിശാലമായ പറമ്പിനു നടുവിൽ വീട്, ഓരോ വീട്ടിലേക്കും നേർവഴികളും കുറുക്കുവഴികളും. തോട്, തെങ്ങിൻ തോപ്പുകൾ, റബ്ബർത്തോട്ടങ്ങൾ. വീടുകളിലെല്ലാം പലപ്രായക്കാരായ കുട്ടികൾ. വാക്കും മൊഴിയുമുറച്ച പ്രായത്തിലേ കളിക്കൂട്ടങ്ങളിലെത്തുന്നതു സ്വാഭാവികം. കളിയും ചിരിയും തിമിർപ്പും ഉത്സാഹവും നിറഞ്ഞ പകലുകൾ. സന്ധ്യയ്ക്ക് തോട്ടിൽച്ചാടി തിമിർത്ത് കുളിച്ചു കയറുന്നതോടെ അവസാനിക്കുന്ന ദിവസം. പിറ്റേന്ന് വേഗം പുലരാനായുള്ള ഉറക്കം. കൂട്ടുചേർന്ന ആ ഉത്സവദിനങ്ങളാണ് ഭാഷയ്ക്ക് വേരുറപ്പും കരുത്തും പകരുന്നത്.

സംസ്കൃതം ക്ലാസിൽ ‘ഭവിഷ്യതി’ എന്ന വാക്ക് ‘ഫവിഷ്യതി’ എന്നു വായിച്ചപ്പോൾ അധ്യാപകൻ എൻ്റെ ദേശവും ഭാഷാ സ്വത്വവും കണ്ടുപിടിച്ചു. അദ്ദേഹം തിരുത്തിത്തരുമ്പോഴാണ് അതുവരെ എനിക്ക് ഭാരതവും ഭാര്യയുമൊന്നും ഉണ്ടായിരുന്നില്ലെന്നു ലജ്ജയോടെ തിരിച്ചറിയുന്നത്.

കുട്ടിത്തത്തിൻ്റെ കൗതുകം വറ്റാത്ത ഭാഷ, കുസൃതിയും കുറുമ്പും നിറഞ്ഞ ഭാഷ, അടക്കിപ്പിടിച്ചും മുതിർന്നവർ കേൾക്കാതെയും പറയേണ്ട എരിവുള്ള ഭാഷ, അരിശം തിളയ്ക്കുന്ന ചീത്തവാക്കുകളുടെ ഭാഷ... എല്ലാത്തരം ഭാഷാഭേദങ്ങളുടെയും ആദ്യത്തെ കളരിയായിരുന്നു അക്കാലത്തെ കുട്ടിക്കൂട്ടങ്ങൾ. വീട്ടിൽ ചെലവഴിക്കുന്നതിലധികം സമയം കൂട്ടുകാർക്കിടയിലായതുകൊണ്ട് അതു സ്വാഭാവികവുമായിരുന്നു. ഇംഗ്ലീഷ് പറയുന്ന കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിലില്ല, പക്ഷേ അപൂർവ്വമായെങ്കിലും വിദേശത്തു നിന്നെത്തുന്ന പരിഷ്കാരികുട്ടികൾക്കു മുന്നിൽ ഞങ്ങളുടെ ഭാഷ നിസ്സഹായതയോടെ, കടുത്ത അപകർഷതയോടെ തലതാഴ്ത്തി നിന്നു. അവരെ പരിഹസിക്കാൻ ‘വാട്ട് റ്റു ഈറ്റ്’ എന്ന് പണ്ടേതോ സായിപ്പന്വേഷിച്ചപ്പോൾ അതേ ആക്സൻ്റിൽ ‘വാട്ട് കപ്പ, തോട്ട് മീൻ’ (വാട്ടുകപ്പയും തോട്ടുമീനും) എന്നു പറഞ്ഞ് സായിപ്പിനെ അത്ഭുതപ്പെടുത്തിയ നാട്ടുകാരൻ്റെ കഥ, അയാൾക്കൊരു പേരുമുണ്ടായിരുന്നു, ഞങ്ങളിലാരെങ്കിലും ഉറക്കെപ്പറയും. എല്ലാ കുട്ടികളും ‘വാട്ട് കപ്പ, തോട്ട് മീൻ’ എന്നാവർത്തിച്ചു പറയുകയും ഇംഗ്ലീഷുകാരായ പരിഷ്കാരികൾ മിക്കവാറും നിരായുധരാവുകയും ചെയ്യും. പക്ഷേ അത് താൽക്കാലിക വിജയമായിരുന്നു. ‘ജനിക്കും നിമിഷം തൊട്ട് മകനിഗ്ലീംഷ് പറയണംന്നു വിചാരിച്ച് ഭാര്യ തൻ പേറങ്ങ് ഇംഗ്ലണ്ടിലാക്കിയ’ ദീർഘദർശിയെപ്പറ്റിയുള്ള കവിതയൊന്നും അക്കാലത്ത് അറിയില്ല. പക്ഷേ അവിടെവിടെയെങ്കിലും ജനിച്ചാൽ മതിയായിരുന്നു എന്ന തോന്നൽ എല്ലാവർക്കുമുണ്ട്, ‘പിച്ചക്കാര’ടക്കം ഇംഗ്ലീഷ് പറയുന്ന ഏതെങ്കിലും ദേശത്ത്.

പാലക്കാട് താമസിക്കുന്ന കാലത്ത് കോട്ടയത്താണ് നാടെന്ന് പറഞ്ഞ അമ്മയോട്, ചുമ്മാതല്ല അച്ചടി വടിവിലുള്ള വർത്തമാനം കേട്ടപ്പോൾത്തന്നെ തോന്നി എന്നു പറഞ്ഞ ബാങ്കുദ്യോഗസ്ഥനെ ഓർക്കുന്നു.
പാലക്കാട് താമസിക്കുന്ന കാലത്ത് കോട്ടയത്താണ് നാടെന്ന് പറഞ്ഞ അമ്മയോട്, ചുമ്മാതല്ല അച്ചടി വടിവിലുള്ള വർത്തമാനം കേട്ടപ്പോൾത്തന്നെ തോന്നി എന്നു പറഞ്ഞ ബാങ്കുദ്യോഗസ്ഥനെ ഓർക്കുന്നു.

കോട്ടയത്താണ് ജനിച്ചതെങ്കിലും വളർന്നത് പല പ്രദേശങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം ഭാഷ ആ ദേശങ്ങളിലെ ഭാഷകളുടെ മിശ്രിതമായി. ഏതു നാട്ടുകാരിയെന്ന് ആർക്കും പെട്ടെന്ന് പിടികൊടുക്കാത്ത വിധം കലർപ്പുകളുടെ ഭാഷ. ഓരോരുത്തരുടെയും ഭാഷ ശ്രദ്ധിക്കാനും അതിലൂടെ അവരേതു ദേശക്കാരെന്നു കണ്ടെത്താനും കുസൃതി കലർന്ന കൗതുകം എക്കാലത്തുമുണ്ടായിരുന്നു. ഏതു നാട്ടിലായാലും മധ്യതിരുവിതാംകൂറിൽ വേരുകളുള്ള ക്രിസ്ത്യാനികളുടെ ഭാഷ ഒന്നിനോടും കലരാതെ വേറിട്ടുനിൽക്കും. കണ്ണൂരും വയനാട്ടിലും ഇടുക്കിയിലും പാലക്കാടുമൊക്കെ ആ ഭാഷ സംസാരിക്കുന്നവരെ പ്രത്യേകം തിരിച്ചറിയാം. ജീവിക്കുന്നതെവിടെയായാലും അവർ സ്വന്തം ഭാഷയെ മറ്റൊന്നും കലരാനനുവദിക്കാതെ അതേപടി കൊണ്ടു നടക്കുന്നു. പണ്ട് യാത്രകൾക്കിടയിലൊക്കെ സംസാരശൈലിയും ഭാഷയും കൊണ്ടുമാത്രം നമ്മുടെ നാട്ടുകാരാണെന്ന തിരിച്ചറിവിൽ പരിചയപ്പെടുന്നതും, പറഞ്ഞു പറഞ്ഞുവരുമ്പോൾ ബന്ധുക്കളോ നാട്ടുകാരോ ഒക്കെയാവുന്നതും പലതവണ കണ്ടിട്ടുണ്ട്. പാലക്കാട് താമസിക്കുന്ന കാലത്ത് കോട്ടയത്താണ് നാടെന്ന് പറഞ്ഞ അമ്മയോട്, ചുമ്മാതല്ല അച്ചടി വടിവിലുള്ള വർത്തമാനം കേട്ടപ്പോൾത്തന്നെ തോന്നി എന്നു പറഞ്ഞ ബാങ്കുദ്യോഗസ്ഥനെ ഓർക്കുന്നു. ഭാഷ മനുഷ്യനെ ഒറ്റിക്കൊടുക്കുന്ന, അവരുടെ സ്വത്വം വെളിപ്പെടുത്തുന്ന ചിഹ്നം കൂടിയാണ് പലപ്പോഴും എന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെട്ടു.

ഒറ്റപ്പാലത്തും പാലക്കാടുമൊക്കെ സ്വന്തം ഭാഷ ഒറ്റപ്പെടുത്തുന്നുണ്ടോ എന്നു ആശങ്ക തോന്നി. ചിലപ്പോഴൊക്കെ ‘ഒക്കത്തില്ല’, ‘എന്നാത്തിനാ’ എന്ന വാക്കുകൾ ഓർക്കാപ്പുറത്തു കേറിവന്നു നാണം കെടുത്തി.

കോട്ടയംകാരുടെ അച്ചടിവടിവിലുള്ള ഭാഷയെന്ന പ്രശംസ അമ്മയെ സന്തോഷിപ്പിച്ചു. അറിയത്തില്ല, ഒക്കത്തില്ല തുടങ്ങിയ പ്രയോഗങ്ങളുടെ ധാരാളിത്തം നിറഞ്ഞ ഈ ഭാഷയോ അച്ചടിവടിവിലുള്ളതെന്നു സംശയം തോന്നുമായിരുന്നു. തമിഴ്നാടതിർത്തിയിലുള്ള വാളയാറും അതിനടുത്തുള്ള കഞ്ചിക്കോടുമൊക്കെ താമസിച്ച നാളുകളാണ് ഭാഷാപരമായ പ്രവാസത്തിൻ്റെയും തുടക്കം. കഞ്ചിക്കോട് സ്കൂളിൽ അതുവരെ കേൾക്കാത്ത വാക്കുകൾ കലർന്ന പുതുമയുള്ള ഭാഷ കേട്ടു, തമിഴിലേക്കു ചാഞ്ഞ ചടുലമായ വാമൊഴി. അവിടെയും പിന്നീടു പഠിച്ച ഒറ്റപ്പാലത്തും പാലക്കാടുമൊക്കെ സ്വന്തം ഭാഷ ഒറ്റപ്പെടുത്തുന്നുണ്ടോ എന്നു ആശങ്ക തോന്നി. ബോധപൂർവ്വമായും ബുദ്ധിപരമായും സ്വന്തം ഭാഷയെ പരിഷ്കരിച്ചെടുക്കുകയായിരുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ ‘ഒക്കത്തില്ല’, ‘എന്നാത്തിനാ’ എന്ന വാക്കുകൾ ഓർക്കാപ്പുറത്തു കേറിവന്നു നാണം കെടുത്തി. അവധിക്കാലങ്ങളിൽ ജന്മനാട്ടിലെത്തുമ്പോൾ അവിടത്തെ കൂട്ടുകാരും ബന്ധുക്കളും, ഈ പറയുന്നത് എന്തു ഭാഷയെന്നു കളിയാക്കി. ‘വന്നിട്ടില്യ’, ‘ഇങ്ട്’ എന്നെല്ലാം അറിയാതെ പറഞ്ഞു പോയപ്പോൾ പരിഹാസത്തിൻ്റെ മുന കൂർത്തു. സ്വന്തമായൊരു ഭാഷയില്ലാതെ, അവിടെയും ഇവിടെയുമല്ലാത്ത നില്പാണ് കേരളത്തിനുള്ളിൽത്തന്നെ പ്രവാസികളാവുന്നവർ നേരിടുന്നത്. ഇതെന്തു ഭാഷയെന്ന കളിയാക്കൽ ചെറുപ്പത്തിൽ പലപ്പോഴും നേരിടേണ്ടിവരുന്നു.

ബോധപൂർവ്വമായും ബുദ്ധിപരമായും സ്വന്തം ഭാഷയെ പരിഷ്കരിച്ചെടുക്കുകയായിരുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ ‘ഒക്കത്തില്ല’, ‘എന്നാത്തിനാ’ എന്ന വാക്കുകൾ ഓർക്കാപ്പുറത്തു കേറിവന്നു നാണം കെടുത്തി. അവധിക്കാലങ്ങളിൽ ജന്മനാട്ടിലെത്തുമ്പോൾ അവിടത്തെ കൂട്ടുകാരും ബന്ധുക്കളും,  ഈ പറയുന്നത് എന്തു ഭാഷയെന്നു കളിയാക്കി. ‘
ബോധപൂർവ്വമായും ബുദ്ധിപരമായും സ്വന്തം ഭാഷയെ പരിഷ്കരിച്ചെടുക്കുകയായിരുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ ‘ഒക്കത്തില്ല’, ‘എന്നാത്തിനാ’ എന്ന വാക്കുകൾ ഓർക്കാപ്പുറത്തു കേറിവന്നു നാണം കെടുത്തി. അവധിക്കാലങ്ങളിൽ ജന്മനാട്ടിലെത്തുമ്പോൾ അവിടത്തെ കൂട്ടുകാരും ബന്ധുക്കളും, ഈ പറയുന്നത് എന്തു ഭാഷയെന്നു കളിയാക്കി. ‘

‘അറിയത്തില്ല’, ‘കാണത്തില്ല’ പോലുള്ള പ്രയോഗങ്ങളും ക്രിസ്ത്യൻ വോക്കാബുലറിയിൽ മാത്രമുള്ള പദങ്ങളും ഒഴിവാക്കി പരമാവധി ‘ശുദ്ധീകരിച്ചെടുത്ത’, വള്ളുവനാടൻ ഛായ മുന്നിട്ടുനിൽക്കുന്ന ഭാഷയിൽ സംസാരിച്ച് ജന്മദേശത്തെ മായ്ച്ചുകളയാനുള്ള ശ്രമം ഭാഗികമായി മാത്രമേ വിജയിച്ചിരുന്നുള്ളൂ എന്നു തിരിച്ചറിഞ്ഞത് ഡിഗ്രി ഫൈനലിയറെത്തിയപ്പോഴാണ്. സംസ്കൃതം ക്ലാസിൽ ‘ഭവിഷ്യതി’ എന്ന വാക്ക് ‘ഫവിഷ്യതി’ എന്നു വായിച്ചപ്പോൾ അധ്യാപകൻ എൻ്റെ ദേശവും ഭാഷാ സ്വത്വവും കണ്ടുപിടിച്ചു. അദ്ദേഹം തിരുത്തിത്തരുമ്പോഴാണ് അതുവരെ എനിക്ക് ഭാരതവും ഭാര്യയുമൊന്നും ഉണ്ടായിരുന്നില്ലെന്നു ലജ്ജയോടെ തിരിച്ചറിയുന്നത്. നാടും വീടുമൊക്കെ വിട്ടാലും പുതിയ ദേശങ്ങളിൽ കാലുറപ്പിച്ച് അവിടത്തെ ഭാഷാഭേദങ്ങൾ സ്വാംശീകരിച്ചാലും ആഴത്തിലേക്കു നീണ്ട ഒരു വേര്, ചാഞ്ഞു പടർന്നൊരു ചില്ല ജന്മദേശത്തിൻ്റെ അടയാളങ്ങൾ വെളിപ്പെടുത്തും. പിന്നീടൊരിക്കലും എനിക്ക് ഭാരതം ഫാരതമായിട്ടുണ്ടാവില്ല, എങ്കിലും തിരുത്താൻ വൈകിപ്പോയ ആ ഉച്ചാരണത്തെറ്റ് എപ്പോഴുമോർക്കുന്നു.


Summary: Jisa Jose shares her memories of Kottayam slang


ജിസ ജോസ്​

കഥാകാരി, അധ്യാപിക. സ്വന്തം ഇടങ്ങൾ, മുദ്രിത, ഇരുപതാം നിലയിൽ ഒരു പുഴ, സർവ മനുഷ്യരുടെയും രക്ഷക്കുവേണ്ടിയുള്ള കൃപ, ഡാർക്ക്​ ഫാൻറസി, മുക്തി ബാഹിനി തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments