നീയിതെന്തര് പറയണത്?

""ന്നെന്തര് മീൻ കിട്ടിയെടി മയിനീ...'' ഇത്തരമൊരു ചോദ്യം തെക്കൻ തിരുവനന്തപുരത്ത് മാത്രം കേട്ടിട്ടുള്ളതാണ്. തെക്ക് എന്ന് പറയുമ്പോൾ പാറശാല മുതൽ കരമന പാലം വരെ മാത്രം. കരമന പാലത്തിനപ്പുറം വേറൊരു ഭാഷയാണ്.

മയിനി എന്നാൽ മദിനിയെന്ന് മനസിലാക്കുക. മദിനി എന്നാൽ ഭർത്താവിന്റെ സഹോദരി അഥവാ നാത്തൂൻ എന്നും അറിയുക. ഇതാണ് തിരുവനന്തപുരം. താലൂക്ക് മാറുന്നത് അനുസരിച്ച് സംസാരശൈലിയും മാറും.

കേരളത്തിൽ മലയാളമാണ് സംസാരഭാഷയെങ്കിലും ആറ് ദേശഭാഷ അഥവാ dialect ഉണ്ടെന്നാണ് ഭാഷാശാസ്ത്രജ്ഞർ പറയുന്നത്. ലക്ഷദ്വീപിലും മലയാളമാണ് സംസാരഭാഷ. അതും കൂടി ചേർത്താൽ ഏഴ് ദേശഭാഷകൾ. ഇവയിൽ തന്നെയുള്ള Sub dialects ആരെങ്കിലും പഠനവിധേയമാക്കിയിട്ടുണ്ടോ എന്നറിയില്ല.

തെക്ക് കളിയിക്കാവിള മുതൽ വടക്ക് ഇടവ വരെ നീണ്ടു കിടക്കുന്നതാണ് തിരുവനന്തപുരം ജില്ല. പടിഞ്ഞാറ് തീരപ്രദേശവും കിഴക്ക് മലമ്പ്രദേശവും ചേർന്ന് ആകെ ഇട്ടാവട്ടമെന്ന് പറയാവുന്ന ഇവിടെ അഞ്ച് ഉപദേശഭാഷ അഥവാ sub dialect എങ്കിലും ഉണ്ടാവണം.

കരമനയാറിന് വടക്കും തെക്കും രണ്ട് സംസാര ശൈലിയാണ്. കരമനയാറിന് വടക്ക് കളിയിക്കാവിള വരെ തിരുനെൽവേലി തമിഴിന്റെ ഈണത്തിലാണ് മലയാളം മൊഴി. തിരുവിതാംകോടും തിരുവിതാംകൂറും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് തമിഴ് സ്വാധീനത്തിന് പിന്നിൽ. തെക്കൻ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്കിടയിലും തമിഴിന്റെ ഈണമുള്ള മലയാളം കേൾക്കാം. പൂവാർ മുതൽ കൊല്ലങ്കോട്, ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കുഴിത്തുറ എന്നീ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഹൈന്ദവ സമുദായത്തിലെ അരയന്മാരാണ്. അവരുടെ വിശ്വാസവും കടലും തൊഴിലുമായൊക്കെ കൂട്ടിപ്പിണഞ്ഞു കിടക്കുകയാണ്. തിരയടിക്കുന്നതിനെ നാക്ക് നീട്ടുന്ന പാമ്പായി അവർ സങ്കൽപ്പിക്കുന്നു. നാക്ക് നാക്ക് നീട്ടി വരും പാമ്പേ എന്നൊരു കടൽപ്പാട്ട് തെക്കൻ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രചാരത്തിലുണ്ട്. "നീയെവിടെ പോണത് ' എന്നവർ ചോദിക്കുമ്പോൾ പോണത് എന്നത് ഈണത്തിലുള്ള ഒരു നീട്ടാണ്. അതിലെ അവസാന "ണത്' കുറച്ച് നേരം കൂടി ഇങ്ങനെ കേൾക്കുന്നവരുടെ ചെവിയിൽ കടലിരമ്പം പോലെ മുഴങ്ങും.

"എങ്ങോട്ട് പോയി അണ്ണാ രാവിലെ?'

"ഒരു എരവിന് പോയിറ്റ് വരണെടേയ്'

എരവ് എന്നാൽ മരണം എന്നത് ഇന്ന് മരിച്ചു പോയൊരു പ്രയോഗമാണ്. ഒരു മരണവീട്ടിൽ പോയിട്ട് വരുന്നു എന്നാണ് അണ്ണൻ മറുപടി പറഞ്ഞത്. ഇതും നെയ്യാറ്റിൻകര താലൂക്കിൽ മാത്രം പറഞ്ഞിരുന്ന ഒരു പ്രയോഗമാണ്.

"മക്കളേ പശുവിന് ഇത്തിര് ഒതവല് ഇട്ട് കൊട്'. ഒതവല് എന്നാൽ ഉതകു പുല്ല് ലോപിച്ചതാണ്. ഉതകുന്ന പുല്ല് അഥവാ ഉപയോഗമുള്ള പുല്ല് എന്നാണ് അർഥം. ഇതും തെക്കൻ തിരുവനന്തപുരത്തെ പ്രയോഗമാണ്.

രസവട എന്നൊരു പലഹാരം തിരുവനന്തപുരം നഗരത്തിലും തമിഴ്‌നാട്ടിലും മാത്രം കിട്ടുന്ന ഒന്നാണ്. സാധാരണ പരിപ്പുവട അല്ലാതെ പരിപ്പ് നന്നായി അരച്ച് വടയുണ്ടാക്കിയ ശേഷം അത് രസത്തിൽ ഇട്ട് കുതിർത്ത് എടുക്കുന്നതാണ് രസവട. കരമന, കിള്ളിപ്പാലം, തൈക്കാട് ഭാഗത്തെ കടകളിൽ ഈ പലഹാരം കിട്ടും. ഒരു പലഹാരത്തെ മറ്റൊരു ലായനിയിൽ മുക്കി അതിന്റെ സ്വഭാവം മാറ്റുന്ന വിദ്യ. ഇത് പോലെയാണ് കരമനയാറ് കടന്നാൽ ഭാഷയിലും സംഭവിക്കുന്നത്. തെക്കൻ മലയാളത്തിൽ അധികാരത്തിന്റെ കലർപ്പ് കൂടി ചേർന്നതാണ് ആ ഭാഷ. അത് അധികാരത്തോട് ഒട്ടി നിൽക്കുന്ന ഭാഷയാണ്. അധികാരി വർഗത്തിനു മുന്നിൽ നിവർന്നു നിന്ന് എതിർക്കാൻ കഴിയാത്ത ഉദ്യോഗസ്ഥൻ തന്റെ സ്വന്തം ഭാഷയും സ്വഭാവവും അടക്കിപ്പിടിച്ച് കൃത്രിമമായി സംസാരിക്കുന്ന തേച്ചുമിനുക്കിയ തെക്കൻ മലയാളമാണത്. തിരുവനന്തപുരം നഗരത്തിലും പിന്നെ വടക്കോട്ട് കവടിയാർ, പട്ടം കൊട്ടാരം വരെയും നീളുന്ന പഴയ അധികാര കേന്ദ്രത്തിന്റെ ഭാഷ.

"ഈ ചെറുക്കൻ ഇതെന്തരു കുണ്ടണി' കുട്ടിക്കാലത്ത് കാണിച്ച കുസൃതിത്തരങ്ങൾക്ക് അമ്മൂമ്മ എന്നോട് പറയുന്ന പതിവ് വാചകമാണ് ഇത്. കുണ്ടണി എന്നാൽ കുരുത്തക്കേടിന് തിരുവനന്തപുരം ഭാഗത്തെ വാക്ക് ആണെന്നു പിന്നീട് മനസ്സിലാക്കി.

പക്ഷേ മുതിർന്ന ശേഷം ഒരു സിനിമാ പാട്ടിൽ ഈ വാക്ക് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന പടത്തിലെ കാക്ക പൂച്ച എന്ന പാട്ടിൽ. "ഉണ്ടിതു പോൽ പണ്ടൊരിക്കൽ അമ്പാടിയിൽ കുണ്ടണി....' എന്ന വരികൾ ഉണ്ണിക്കണ്ണന്റെ കുണ്ടണി, സിനിമയിലെ അപ്പൂസിന്റെ കുസൃതി നിറഞ്ഞ സ്വഭാവവുമായി മനോഹരമായി ബന്ധിപ്പിക്കുന്നു.

കുണ്ടണി എന്ന വാക്ക് തിരുവനന്തപുരം ജില്ലയിലെ തന്നെ ചില പ്രദേശങ്ങളിൽ കാണ്ടൂരമായി മാറുന്നു.

"ഈ കൊമ്പല് ഇതെന്തര് കാണ്ടൂരം കാണിക്കണത് ' . കൊമ്പല് എന്നാൽ പെൺകുട്ടി. കിഴക്കൻ പ്രദേശങ്ങളായ നെടുമങ്ങാട്, വിതുര, പാലോട് ഭാഗത്താണ് കൊമ്പല് എന്ന പ്രയോഗം കൂടുതൽ കേട്ടിട്ടുള്ളത്.

അച്ഛന്റെ ചേട്ടൻ അച്ഛന്റെ അനിയൻ ഇവരൊക്കെ മൂത്തയച്ഛനും ഇളയച്ഛനുമാണ് തിരുവനന്തപുരത്ത്. വല്യച്ഛൻ കൊച്ചച്ഛൻ ഒക്കെ താരതമ്യേന പുതിയ പ്രയോഗങ്ങളാണ്.

തിരുവനന്തപുരം നഗരത്തിൽ നിന്നും പിന്നെയും വടക്കോട്ട് പോയാൽ എത്തുന്ന ചിറയിൻകീഴ്, കടയ്ക്കാവൂർ, ആറ്റിങ്ങൽ പ്രദേശങ്ങളിൽ പിന്നെയും സംസാരശൈലി മാറുകയായി. തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ ഉള്ളവർ അങ്ങോട്ട് എന്നും ഇങ്ങോട്ടെന്നും പറയുമ്പോൾ ആറ്റിങ്ങൽ പ്രദേശത്തുള്ളവർക്ക് അത് അങ്ങാട്ടും ഇങ്ങാട്ടുമാണ്. വന്നിട്ട് പോയിട്ട് എന്നത് അവർക്ക് വന്നാറെ പോയാറെ ആണ്. തിരുവനന്തപുരത്തും അല്ല കൊല്ലത്തുമല്ല എന്ന അവസ്ഥയിൽ ആയതു കൊണ്ടാവാം അവർ എല്ലാം ഒന്ന് നീട്ടിപ്പിടിക്കുന്നത്! വർക്കല ഇടവ ഭാഗത്ത് എത്തുമ്പോൾ ഈ നീട്ടൽ ഈണം കൂടുന്നത് കേൾക്കാം. "ചേച്ചീ ആ വള ഇങ്ങ് തന്നാണ്'. താ അല്ലെങ്കിൽ തരൂ എന്നതിന് പകരം തന്നാണ് എന്ന് നീട്ടിയൊരു അഭ്യർഥനയാണ്. ഇടവക്കാർ "നീ അവിടെ പോയാ' എന്ന ചോദ്യത്തിലെ പോയാ എന്നത് ഈണത്തിൽ നീട്ടിയാണ് ചോദിക്കുന്നത്. ആ നീളം ഒന്നുകിൽ കൊല്ലത്ത് എത്തണം അല്ലെങ്കിൽ തിരുവനന്തപുരത്ത് എത്തണം എന്നാവും!

പല തെക്കൻ ഭാഷാപ്രയോഗങ്ങളും അപ്രത്യക്ഷമാകുന്നുമുണ്ട്. ഉദാഹരണത്തിന് കൂരച്ചാവി എന്ന പദം. വർഷങ്ങൾക്ക് ശേഷമാണ് ഈ പദം ഞാൻ വീണ്ടും ഈയിടെ വായിക്കുന്നത്. മാതൃഭൂമി ഓണപ്പതിപ്പിൽ നടൻ ഇന്ദ്രൻസ് തന്റെ ആത്മകഥാംശമുള്ള കുറിപ്പിൽ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഓല മേയുമ്പോൾ പഴയ ഓല പൊളിച്ച് ഇറക്കും. കഴുക്കോലിനും ചുവരിനും ഇടയിലായി പഴയ ഓലയുടെ പൊളിയും പൊടിയും അടിഞ്ഞിരിക്കും. ഇതാണ് കൂരച്ചാവി. ഓല മേഞ്ഞ കെട്ടിടങ്ങൾ ഇല്ലാതായതിനാൽ ഈ വാക്കും പൊളിയടർന്നു വീണു. ആരെങ്കിലും ഇനിയത് പറയുമെന്നും തോന്നുന്നില്ല. കോളാമ്പിക്ക് തിരുവനന്തപുരത്തുകാർ ഉപയോഗിച്ചിരുന്ന വാക്ക് തുപ്പപടിക്കം എന്നാണ്. ഇന്ന് കോളാമ്പി തന്നെ ആരും ഉപയോഗിക്കുന്നില്ല.

ഇതൊക്കെയാണ് തിരുവനന്തപുരം ഭാഷ. അല്ലാതെ നെയ്യാറ്റിൻകര താലൂക്കിലെ വിശേഷിച്ച് പാറശാല കാഞ്ഞിരംകുളം പ്രദേശത്തെ ഭാഷ മാത്രമാണ് തിരുവനന്തപുരം ഭാഷയെന്ന് ധരിക്കരുത്. അതാണ് സിനിമയിലും മറ്റും കേട്ട് മലയാളിക്ക് പഴക്കം. കള്ളിച്ചെല്ലമ്മ, ഒഴിമുറി എന്നീ ചിത്രങ്ങളിൽ നല്ല തെക്കൻ മലയാളം കേൾക്കാം. വാസ്തവം എന്ന ചിത്രത്തിൽ ജഗതിയുടെ കഥാപാത്രവും മിഴിവോടെ ഈ ഭാഷ പറയുന്നുണ്ട്. ഗോഡ് ഫോർ സെയിൽ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം മാത്രമാണ് മുരുക്കുംപുഴ മലയാളത്തിൽ അങ്ങാട്ട് എന്നും ഇങ്ങാട്ട് എന്നും പറയുന്നത്. മുരുക്കുംപുഴ തന്നെയുള്ളതെന്ന് കാണിച്ചിട്ടുള്ള മറ്റ് കഥാപാത്രങ്ങൾ പറയുന്നത് പാറശാല മലയാളവും ! തോന്നയ്ക്കൽ -ആറ്റിങ്ങൽ ഭാഗത്തെ മലയാളം കേൾക്കാൻ അഞ്ചിന്റന്ന് സഞ്ചയനം എന്ന ഷോർട്ട് ഫിലിം യു ട്യൂബിൽ കണ്ടാൽ മതി. അഞ്ചുതെങ്ങ് ഭാഗത്താണ് തെക്കൻ തല്ലു കേസിന്റെ കഥ നടക്കുന്നതെങ്കിലും കഥാപാത്രങ്ങളുടെ സംസാര ശൈലി ആ പ്രദേശത്തിന്റേതല്ല.

ഭൂമിയുടെ കിടപ്പ്, കാലാവസ്ഥ, തൊഴിൽ എന്നിവയല്ലാതെ രാഷ്ട്രീയവും ഭാഷാശൈലിയെ സ്വാധീനിക്കും. ആയ് രാജാക്കൻമാരുടെ ഭരണം, ചോളന്മാരുടെയും പാണ്ഡ്യൻമാരുടെയും ആക്രമണം, എട്ടുവീട്ടിൽ പിള്ളമാരുടെയും മാർത്താണ്ഡവർമ്മയുടെയും പോരാട്ടങ്ങൾ തുടങ്ങിയവ തിരുവനന്തപുരത്തെ ഭാഷയിൽ എങ്ങനെ മാറ്റങ്ങൾ കൊണ്ടു വന്നു എന്നതും പഠനവിധേയമാക്കേണ്ടതാണ്. ഇന്നത്തെ കന്യാകുമാരി ജില്ലയ്ക്ക് ഭാഷാപരമായും സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും ചരിത്രപരമായും തിരുവനന്തപുരവുമായി പൊക്കിൾക്കൊടി ബന്ധമുണ്ട്. അതും തിരുവനന്തപുരത്തെ ഭാഷയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എട്ടുവീട്ടിൽ പിള്ളമാരിൽ കുടമൺപിള്ളയുടെ കുടുംബവീട് കരമന ആണ്ടിയിറക്കത്തിന് അടുത്താണ്. സുബ്രഹ്മണ്യനെ തമിഴിൽ ആണ്ടി എന്നാണ് വിളിക്കുന്നത്. പത്മനാഭസ്വാമി ക്ഷേതത്തിലെ ഒറ്റക്കൽ മണ്ഡപം പണിയാൻ തിരുമല നിന്നും കൂറ്റൻ കല്ല് കൊണ്ടു വന്ന ആനകൾ വലിക്കുന്ന വണ്ടി ഈ സ്ഥലത്ത് വച്ച് അനങ്ങാതെ നിന്നുവെന്നും ആണ്ടി അഥവാ മുരുകൻ വന്ന് തള്ളിക്കൊടുത്തു എന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് ആണ്ടിയിറക്കം എന്ന പേര് ആ സ്ഥലത്തിന് വന്നത്. തെക്കൻ തിരുവനന്തപുരത്തെ മലയാള വാമൊഴിക്കും തമിഴിന്റെ ഈയൊരു തള്ളുണ്ട്.

Comments