കുഞ്ഞുണ്ണി സജീവ്

ഭാഷയുടെ
ആരോ നിശ്ചയിച്ച
അതിർത്തി കാക്കുന്ന
തെരുവുനായകൾ

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെത്തി പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ ഹിന്ദുത്വ, ഭാഷയെ കൂടി മുൻനിർത്തി നേടിയെടുക്കുന്ന സ്വീകാര്യതയെ സൂചിപ്പിച്ചുകൊണ്ട്, ഭാഷാരാഷ്ട്രീയത്തിന്റെ വർത്തമാനത്തെക്കുറിച്ചെഴുതുന്നു, കുഞ്ഞുണ്ണി സജീവ്.


ലാക കുത്ത്തോം കാ ഹോത്താ ഹേ, ഔർ ഹം കുത്ത്തോം സെ അലഗ് നഹി ഹേ’.
ഒന്നും മനസിലാകാതെ നിന്ന എന്റെ മുഖത്തേയ്ക്ക് കുറച്ചുനേരം നോക്കിനിന്ന ശേഷം തനിക്കറിയാവുന്ന ഇംഗ്ലീഷിൽ സത്നാം വിശദീകരിച്ചു;
‘മത്‍ലബ്, We and dogs are same to same ഹേ ഭായ്, we protect our boundaries”.

ദില്ലി യൂണിവേഴ്സിറ്റിയുടെ ക്ലാസ് മുറിയിലിരുന്ന് തെരുവുനായകളുടെ അതിരുനീതികളെ കുറിച്ച് വാചാലനായി സത്നാം. ഭോജ്‌പുരി കലർന്ന ഹിന്ദി സംസാരിക്കുന്ന അവന്റെ ഭാഷയും ചിന്തയും ക്ലാസിലെ പലർക്കും അന്യമായിരുന്നു, എനിക്കും. തെരുവുനായകൾ തമ്മിലുള്ള അതിർത്തി തർക്കത്തിന് സമാനമാണ് ഭാഷകൾ തമ്മിലുള്ള സംഘർഷമെന്നാണ് അവന്റെ കണ്ടെത്തൽ. ഓരോ ഭാഷയും ഓരോ അതിർത്തിയാണ്. ഭാഷാതിർത്തികൾ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന തെരുവുനായകളാണ് നാമോരോരുത്തരും. ഇംഗ്ലീഷ് സംസാരിക്കുന്നവർ ‘അംഗ്രേസി കുത്ത’കൾ മാത്രം. ഇംഗ്ലീഷിന്റെ അതിർത്തി വ്യാപിപ്പിക്കുന്ന തെരുവുനായകൾ. നായകൾ തമ്മിലുള്ള അധികാരസംഘർഷത്തിൽ വിജയിക്കുന്ന നായകളുടെ ഭാഷയും സംസ്ക്കാരവും തോറ്റ നായകൾ അംഗീകരിക്കുന്നു, പ്രചരിപ്പിക്കുന്നു.

ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ മാതൃഭാഷയ്ക്ക്  (ഭോജ്‌പുരി, മൈഥിലി മുതലായവ) പുറമേ പഠിച്ച ഭാഷയാണ് ഹിന്ദി.
ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ മാതൃഭാഷയ്ക്ക് (ഭോജ്‌പുരി, മൈഥിലി മുതലായവ) പുറമേ പഠിച്ച ഭാഷയാണ് ഹിന്ദി.

“ലാത്തി ആരുടെ കൈയിലാണ് എന്നതാണ് പ്രധാനം, ആർക്ക് അധികാരമുണ്ടോ അയാളുടെ ഭാഷയാണ് മറ്റുള്ളവർ പഠിക്കേണ്ടത്, ഇന്ന് ലാത്തി ഞങ്ങളുടെ കൈയിലാണ്”; സത്നാം കൂട്ടിച്ചേർത്തു.

പൂർണമായും ഇംഗ്ലീഷിൽ നടന്നിരുന്ന ക്ലാസുകൾ ഹിന്ദിയിൽ വേണമെന്നാവശ്യപ്പെട്ട് സത്നാം ശബ്ദമുയർത്തി. ഏത് സംശയവും, എപ്പോൾ വേണമെങ്കിലും നിവർത്തിക്കുവാൻ അധ്യാപകർ തയ്യാറാവുമ്പോഴും സത്നാം അച്ചടക്കത്തിൽ നിന്നും അനുസരണയിൽ നിന്നും കുതറി മാറി.
‘ദില്ലിയുടെ ഭാഷയിലല്ലേ ദില്ലി യൂണിവേഴ്സിറ്റിയുടെ ക്ലാസുകൾ നടക്കേണ്ടത്’, സത്നാം ഉച്ചത്തിൽ പറയും, ക്ലാസിൽ നിന്നിറങ്ങിപ്പോകും.

ഇംഗ്ലീഷ് തുറന്നുതരുന്ന സാധ്യതകൾക്കുമുൻപിൽ മുഖം തിരിച്ച്, സ്വന്തം ഭാഷയെ സ്നേഹിക്കുന്ന സത്നാം ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് എനിക്ക് തോന്നിയിരുന്നു. ആ ചോദ്യങ്ങൾക്ക് അവൻ സ്വയം കണ്ടെത്തിയ ഉത്തരങ്ങളിൽ കാവി പടരുന്നുവെന്നും ഞാൻ കണ്ടെത്തി. ‘ഹിന്ദി- ഹിന്ദു’ അസ്തിത്വങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ സത്നാമിന്റെ വാക്കുകളിലെ ഭോജ്‌പുരി സ്വാധീനം കുറഞ്ഞു, മാതൃഭാഷയെ ഹിന്ദി വിഴുങ്ങിയത് അറിയാതെ സത്നാം സ്വന്തം ഉപമകളിലെ അതിർത്തികാക്കുന്ന തെരുവുനായയായി മാറി. അധികാരികൾ നീട്ടിവിളിക്കുന്ന നായ്ച്ചൂളങ്ങൾക്ക് കാതോർത്ത് അവൻ ആരോ നിശ്ചയിച്ച അതിർത്തി ഇന്നും സംരക്ഷിക്കുന്നു, അഭിമാനത്തോടെ.

അധികാരപ്രയോഗമില്ലാതെ ഭാഷാപഠനം സാധ്യമാകുന്ന ക്ലാസ് മുറികൾ ഇല്ലാത്തതുകൊണ്ടുതന്നെ ഒരു ഭാഷ മറ്റൊരു ഭാഷയേക്കാൾ എന്നും മെച്ചപ്പെട്ടതായി തുടരും എന്ന തീർപ്പിലാണ് നാം ഇന്നും ജീവിക്കുന്നത്.

ഒരു പരിധി വരെ സത്നാം നേരിടുന്ന പ്രശ്നങ്ങളെ മനസിലാക്കുവാൻ എനിക്ക് സാധിച്ചിരുന്നു. മലയാളം സംസാരിച്ചതിന് ഭീകരശിക്ഷകൾ നൽകിത്തന്നിരുന്ന എന്റെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം എന്നേയും പലപ്പോഴും ഇംഗ്ലീഷിനെ വെറുക്കുവാൻ പ്രേരിപ്പിച്ചിരുന്നു എന്നതൊരു വസ്തുതയാണ്. ഇംഗ്ലീഷ് നൽകുന്ന സാധ്യതകളേക്കാൾ മനസ്സിൽ ഇംഗ്ലീഷ് പ്രതിനിധാനം ചെയ്യുന്ന അധികാരരൂപം എന്നെ ഭയപ്പെടുത്തി. ഭയപ്പെടുത്തലിലൂടെ ഒരു ഭാഷയെ പരിചയപ്പെട്ടാൽ ആ ഭാഷ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുക മാത്രമാണ് സാധ്യമാകുക. Language management എന്ന പേരിൽ കുട്ടികൾക്കിടയിൽ തന്നെ മലയാളം സംസാരിക്കുന്നവരെ കണ്ടെത്തുവാൻ ചാരന്മാരെ ചുമതലപ്പെടുത്തുന്ന ഒരു സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയാൽ, ഭാഷയെ എല്ലാ കാലത്തേയ്ക്കും അധികാരഘടനയോടും അതിർത്തികളോടും ചേർത്തുനിർത്തി മാത്രമാകും മനസിലാക്കുവാൻ സാധിക്കുക. അധികാരപ്രയോഗമില്ലാതെ ഭാഷാപഠനം സാധ്യമാകുന്ന ക്ലാസ് മുറികൾ ഇല്ലാത്തതുകൊണ്ടുതന്നെ ഒരു ഭാഷ മറ്റൊരു ഭാഷയേക്കാൾ എന്നും മെച്ചപ്പെട്ടതായി തുടരും എന്ന തീർപ്പിലാണ് നാം ഇന്നും ജീവിക്കുന്നത്.

ഭയപ്പെടുത്തലിലൂടെ ഒരു ഭാഷയെ പരിചയപ്പെട്ടാൽ ആ ഭാഷ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുക മാത്രമാണ് സാധ്യമാകുക.
ഭയപ്പെടുത്തലിലൂടെ ഒരു ഭാഷയെ പരിചയപ്പെട്ടാൽ ആ ഭാഷ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുക മാത്രമാണ് സാധ്യമാകുക.

ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ മാതൃഭാഷയ്ക്ക് (ഭോജ്‌പുരി, മൈഥിലി മുതലായവ) പുറമേ പഠിച്ച ഭാഷയാണ് ഹിന്ദി. ബിരുദ കാലഘട്ടം വരെ ഹിന്ദിയിൽ പഠിച്ചശേഷം, ബിരുദാനന്തര ബിരുദ പഠനത്തിലേക്ക് കടക്കുമ്പോൾ മാത്രമാണ് പലരും ഇംഗ്ലീഷ് പരിചയപ്പെടുക. മുൻപരിചയമില്ലാത്ത ഭാഷയിലെ വാക്കുകൾ ഹിന്ദിയിലെ വാക്കുകളുമായി ‘കണക്ട്’ ചെയ്ത് പഠിക്കുന്ന പലരും ഇംഗ്ലീഷ് പഠിക്കാറില്ല; മറിച്ച് ‘മാനേജ്’ ചെയ്യുകയാണ്. ആ ഭാഷയിൽ എഴുതാനോ ചിന്തിക്കാനോ സംസാരിക്കാനോ അവർ വിമുഖത കാട്ടാറുമുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാകുന്ന സ്ക്കൂളുകൾ പലതും നിലവാരം കുറഞ്ഞവയുമാകും. സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ വിഷയം പഠിക്കുന്നതിനേക്കാൾ അധ്വാനം ഇംഗ്ലീഷ് പഠനത്തിനായി ചെലവഴിക്കുമ്പോൾ കൊളോണിയൽ ചരിത്രവും, ഭാഷകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അധികാരഘടനയും അവരുടെ മേൽ ഇരട്ടി ഭാരമായി വന്ന് പതിക്കുന്നു. സ്വന്തമെന്ന് കരുതുന്ന ഭാഷയ്ക്കും സംസ്ക്കാരത്തിനും മൂല്യമില്ല എന്ന തിരിച്ചറിവ് അപകർഷതയ്ക്കും നിരാശയ്ക്കും കാരണമാകും. അങ്ങനെ അപകർഷതയിലും നിരാശയിലും ചെന്ന് പതിക്കുന്ന യുവാക്കളെ ഭാഷയുടെ, സംസ്ക്കാരങ്ങളുടെ, സംരക്ഷണ രാഷ്ട്രീയത്തിന്റെ പേരിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയം ആകർഷിക്കുന്നു.

സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ വിഷയം പഠിക്കുന്നതിനേക്കാൾ അധ്വാനം ഇംഗ്ലീഷ് പഠനത്തിനായി ചെലവഴിക്കുമ്പോൾ കൊളോണിയൽ ചരിത്രവും, ഭാഷകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അധികാരഘടനയും അവരുടെ മേൽ ഇരട്ടി ഭാരമായി വന്ന് പതിക്കുന്നു.

സത്‌നാം ആർ.എസ്.എസിൽ ചേർന്നുവെന്ന വാർത്ത അറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നിയില്ല. അപകർഷതയും നിരാശയും ചേർന്ന് തീർത്ത മാനസിക നിലയിൽ നിന്ന് സംഘർഷത്തിലൂടെ അധികാരത്തിലേക്ക് ഏത് വിധേനെയും കടന്നുകയറുന്ന നാർസിസ്റ്റിക് മനോനിലയിലേക്ക് അവൻ പരിണമിച്ചിരിക്കുന്നു. ആഗോള അധികാരഘടനയും സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയും ചേർന്ന് ഒരു യുവാവിന്റെ അപകടകരമായ പരിണാമത്തിന് സാഹചര്യമൊരുക്കി എന്നുവേണം പറയാൻ. ഭാഷയുമായി ബന്ധപ്പെട്ട അസ്തിത്വ- അധികാര പ്രശ്‌നത്തെ ആർ.എസ്.എസ് പരിഹരിച്ച് നൽകുന്നു എന്ന ബോധ്യം അവന് കൈവന്നിരിക്കാം.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല എന്ന കണ്ടെത്തൽ സത്നാം പലപ്പോഴായി ആവർത്തിക്കുമ്പോൾ ഞാൻ സത്നാമിനെ ഭോജ്‌പുരിയെ കുറിച്ച് ഓർമിപ്പിച്ചിരുന്നു, “ഹിന്ദി സീഖേ ത്തോ മർദ്ദ് ബൻ ജായേഗാ” - ഭോജ്‌പുരിയെക്കാൾ ആണത്തം ശുദ്ധ ഹിന്ദിക്കാണെന്ന് അവൻ മറുപടിയായി പറയും. സ്ത്രൈണതയുള്ള ഭോജ്‌പുരിയെ മായ്ച്ചുകളഞ്ഞാൽ പുരുഷഗുണമുള്ള ഹിന്ദിയുടെ ശുദ്ധത വർദ്ധിക്കുമെന്നും അവൻ കണ്ടെത്തി. ഹിന്ദിയും ഹിന്ദുവും അഖണ്ഡഭാരതവും സാക്ഷാത്‌കരിക്കപ്പെടുന്ന കാലം സ്വപ്‍നം കാണുന്ന യുവാക്കൾ ഭൂരിപക്ഷമാകുമ്പോൾ സംഭവിക്കുന്നത്, രാഷ്ട്രത്തിന്റെ തന്നെ പുനർ നിർമാണമാണെന്ന് ദില്ലിയിലെ ജീവിതമെന്നെ പഠിപ്പിച്ചു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെത്തി പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ ഹിന്ദുത്വ നേടിയെടുക്കുന്ന സ്വീകാര്യത ഭാഷയിൽ തുടങ്ങി സംസ്കാരത്തിലേക്കും മനുഷ്യജീവിതത്തെ അധികാരമത്സരം എന്ന ഒറ്റ ദിശയിലേക്ക് മാത്രം ചുരുക്കുന്ന പ്രത്യയശാസ്ത്രത്തിലേക്കും നയിക്കുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. ഭാഷയിലൂടെ സാധ്യമാകുന്ന ഐക്യവും, സ്വയം നിർണയാവകാശവും അസ്തിത്വവും ആധുനികതയുടെയും ഇംഗ്ലീഷിന്റെയും അധികാരത്തിനെതിരെയുള്ള പ്രതിവിപ്ലവ സാധ്യതകളായി രൂപപ്പെടുന്നത് ഇന്നത്തെ ഇന്ത്യയിൽ കണ്ടെത്താം. സത്നാം അത്തരമൊരു പ്രതിവിപ്ലവത്തെ ജീവിതത്തോട് ചേർത്ത് നിർത്തുന്ന ആർ.എസ്.എസ് പ്രവർത്തകനായി രൂപാന്തരം പ്രാപിക്കുന്നത് ഞാൻ മൗനത്തോടെ കണ്ട് നിന്നു.

ഹിന്ദിയും ഹിന്ദുവും അഖണ്ഡഭാരതവും സാക്ഷാത്‌കരിക്കപ്പെടുന്ന  കാലം സ്വപ്‍നം കാണുന്ന യുവാക്കൾ ഭൂരിപക്ഷമാകുമ്പോൾ സംഭവിക്കുന്നത്, രാഷ്ട്രത്തിന്റെ തന്നെ പുനർനിർമാണമാണെന്ന് ദില്ലിയിലെ ജീവിതമെന്നെ പഠിപ്പിച്ചു.
ഹിന്ദിയും ഹിന്ദുവും അഖണ്ഡഭാരതവും സാക്ഷാത്‌കരിക്കപ്പെടുന്ന കാലം സ്വപ്‍നം കാണുന്ന യുവാക്കൾ ഭൂരിപക്ഷമാകുമ്പോൾ സംഭവിക്കുന്നത്, രാഷ്ട്രത്തിന്റെ തന്നെ പുനർനിർമാണമാണെന്ന് ദില്ലിയിലെ ജീവിതമെന്നെ പഠിപ്പിച്ചു.

ഉർദുവിനെ ഇസ്ലാമുമായി ബന്ധപ്പെടുത്തിയും, ഇംഗ്ലീഷിനെ കൊളോണിയൽ അധികാരത്തോടും ചൂഷണത്തോടും ബന്ധപ്പെടുത്തിയും അവർ ഇന്ത്യൻ രാഷ്ട്രത്തെ പുനർനിർമിക്കുവാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ആ ശ്രമത്തിന് ശക്തമായ രാഷ്ട്രീയ ബദലുകൾ ഉണ്ടാകുന്നുണ്ടോ? സംശയമാണ്. സംശയത്തിൽ കുഴങ്ങിയാണ് ഞാനും സത്നാമിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്ക് മുൻപിൽ മൗനം പാലിച്ചത്.

ഹിന്ദി രാഷ്ട്രഭാഷയായി വ്യാപിക്കുമ്പോൾ ഇന്ത്യൻ പൗരരുടെ മുൻപിൽ ഇന്ത്യൻ ഭാഷകളുടെ ഒരു അധികാരഘടന രൂപപ്പെടുന്നുണ്ട്. ഭരണകൂടം പിന്താങ്ങുന്ന ഭാഷകൾ അധികാരമുള്ള ഭാഷയാകുമ്പോൾ, ഭരണകൂടം സംരക്ഷണം നൽകാത്ത ഭാഷകൾ അന്യം നിന്ന് പോകുകയും ജനങ്ങളാൽ വിസ്മരിക്കപ്പെടുകയും ചെയ്യും. ഭാഷകളുടെ ധാരാളിത്തം ഇന്ത്യയെ തകർത്തെറിയും എന്ന വാദം ശക്തമായിരുന്ന കാലത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളുടെ അധികാരപ്രയോഗം ഒന്നു കൊണ്ടുമാത്രം ഔദ്യോഗിക ഭാഷകളിൽ ഇംഗ്ലീഷിനൊപ്പം, ഹിന്ദിയും കടന്നുകൂടിയ കഥകൾ തമിഴ്നാട്ടിലെ സുഹൃത്തുക്കൾ പറയാറുണ്ട്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലാണ് പഠനം എന്ന് പറഞ്ഞാൽ ആദ്യ മറുപടി, ‘വടക്കൻ കിട്ടേ ഉഷാറായി ഇരുടാ’ എന്നാവും. ഹിന്ദി ഭാവിയിൽ രാഷ്ട്രഭാഷയാകുവാനുള്ള എല്ലാ സാധ്യതകളും മുന്നിൽക്കണ്ട തന്തൈ പെരിയോറിനെ പിന്തുടരുന്ന സുഹൃത്തുക്കൾ, ഒരു കാരണവശാലും ദക്ഷിണേന്ത്യ കടക്കില്ല എന്ന വാശിയിൽ അഭിമാനം കൊള്ളുന്നത് കണ്ടു. ഇംഗ്ലീഷ് സംസാരിക്കുന്നവരെ ‘പീറ്റർ’ എന്ന് വിളിച്ച് കളിയാക്കുമെന്നല്ലാതെ തമിഴർക്ക് ഇംഗ്ലീഷിനോട് വിരോധമൊന്നുമില്ല. എങ്കിലും ക്ലാസിക് പദവി നേടിയ തമിഴും ദ്രാവിഡ സംസ്കാരവും ചേർന്ന് തീർക്കുന്ന മനോനിലയും ഹിന്ദി- ഹിന്ദു അസ്തിത്വ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്തമല്ല. അതിർത്തികൾ വ്യക്തമാക്കുന്ന ഒരു നാർസിസ്റ്റിക്ക് മനോനില അവിടെയും കണ്ടെത്താം.

ഹിന്ദി രാഷ്ട്രഭാഷയായി വ്യാപിക്കുമ്പോൾ ഇന്ത്യൻ പൗരരുടെ മുൻപിൽ ഇന്ത്യൻ ഭാഷകളുടെ ഒരു അധികാരഘടന രൂപപ്പെടുന്നുണ്ട്. ഭരണകൂടം പിന്താങ്ങുന്ന ഭാഷകൾ അധികാരമുള്ള ഭാഷയാകുമ്പോൾ, ഭരണകൂടം സംരക്ഷണം നൽകാത്ത ഭാഷകൾ അന്യം നിന്ന് പോകുകയും ജനങ്ങളാൽ വിസ്മരിക്കപ്പെടുകയും ചെയ്യും.

ദ്രാവിഡനാടെന്ന് പറയുമ്പോൾ എന്നും തമിഴ് നാടിന്റെ സുവർണ കാലഘട്ടം (ചിലർക്ക് സംഘ കാലഘട്ടം, ചിലർക്ക് ചോള കാലഘട്ടം) ഓർമപ്പെടുത്തുന്ന തമിഴർ ചിലപ്പോഴൊക്കെ ആധുനിക മനുഷ്യനെ പോലെയും, ചിലപ്പോഴൊക്കെ പ്രാകൃത മനുഷ്യനെ പോലെയും പെരുമാറും. തമിഴിൽ നിന്ന് സംസ്‌കൃത സ്വാധീനങ്ങളെ പൂർണമായും ഒഴുവാക്കിയ കഥകളും, പെരിയോർ വിനായകരുടെ ശില തകർത്തെറിഞ്ഞ കഥകളും, തമിഴ് പുലികളുടെ സായുധസമരങ്ങളുടെ കഥകളും ചേർന്ന് തീർക്കുന്ന ലോകം തമിഴ് ദേശീയതയുടെ അടിസ്ഥാനമായി മാറുന്നത് ഞാൻ കണ്ടു. ആര്യ ഹിന്ദു ദേശീയതയെ ചെറുക്കുന്ന തമിഴ് ദ്രാവിഢ ദേശീയത എന്നീ ബൈനറിക്കിടയിൽ ഇല്ലാതായ അനേകം ചെറു ദേശീയതകളുടെ ശബ്ദങ്ങൾ കേൾക്കുക അസാധ്യമാണ്. കേന്ദ്ര ഭരണകൂടവും സംസ്‌ഥാന ഭരണകൂടവും നേരിട്ട് നടത്തുന്ന സാംസ്‌കാരിക യുദ്ധങ്ങളിൽ ചെറു ദേശീയതകൾക്ക് എന്ത് സ്ഥാനം?.

തമിഴ്നാട്ടിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം
തമിഴ്നാട്ടിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം

വടക്ക് മുതൽ തെക്കോട്ടും കിഴക്ക് മുതൽ പടിഞ്ഞാറോട്ടുമുള്ള എല്ലാ സംസ്‌ഥാനങ്ങളിലും മാറാതെ നിൽക്കുന്നത് ഭാഷകളുടെ ഈ അധികാരഘടനയാണ്. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കി ഇടയിലും ഭാഷകളുടെയും സാംസ്‌കാരങ്ങളുടെയും ശ്രേണീകരണമുണ്ട്, അധികാരഘടനയുണ്ട്; സത്‌നാമിന്റെ ഭാഷയിൽ അതിർത്തികളുണ്ട്. ഇംഗ്ലീഷ് നിലനിർത്തിപ്പോരുന്ന അധികാരസാന്നിധ്യം വളരെ വലിയ സാധ്യകൾ തുറന്നിടുമ്പോൾ കീഴാള മനുഷ്യർ ഇംഗ്ലീഷ് പഠനത്തെ ശാക്തീകരണമായി കണ്ടു, ചിലർ അത് ഇന്നും തുടർന്നുപോകുന്ന കൊളോണിയൽ സ്വാധീനമായി കാണുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം ആരംഭിച്ച കാലം മുതൽക്കേ തുടങ്ങിയ ഭാഷാരാഷ്ട്രീയവും ഭാഷകളെ അധികാരശ്രേണിയിൽ പെടുത്തി മനസിലാക്കുന്ന പൊതുരീതിയും വംശീയതയും ചേർന്ന് തീർക്കുന്ന സങ്കുചിത രാഷ്ട്രീയലോകം മനുഷ്യനോ ഭാഷകൾക്കോ ഗുണം ചെയ്യുകയില്ല. അധികാര ഘടനയിൽ നിന്ന് വേർപെടുത്തി ഭാഷകളെ പഠിക്കുവാൻ സാധ്യമാകുന്ന കാലത്തിന് മാത്രമേ ഭാഷാരാഷ്ട്രീയത്തിൽ നിന്ന് നമ്മെ വിമോചിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

Comments