എല്ലാ അർത്ഥത്തിലും പലവിധ സ്വത്വപ്രതിസന്ധികളിലേക്കാണ് ഞാൻ ജനിച്ചുവീണത്. ആ പ്രതിസന്ധികളെപ്പറ്റി, കുറച്ച് മുതിർന്നതിനുശേഷമാണ് ചിന്തിക്കാൻ തുടങ്ങിയത് എന്നുമാത്രം.
1957 മുതൽ പല കാലഘട്ടങ്ങളിൽ ഇടുക്കിയിലേക്ക് കുടിയേറിയവരായിരുന്നു ഞങ്ങളുടെ ചുറ്റുമുണ്ടായിരുന്നവർ, വീട്ടുകാരും. ഞങ്ങൾ മുറുക്കുന്നത്ത എന്നു വിളിക്കുന്ന പിതാമഹൻ മുണ്ടക്കയത്തുകാരനായിരുന്നു. അത്തയുടെ അമ്മ തിരുവനന്തപുരം നഗരത്തിൽ ജനിച്ചു വളർന്നയാളും. എന്റെ പിതാവ് ജനിച്ചത് ഏറ്റുമാനൂരും അമ്മച്ചിയുടെ ജന്മസ്ഥലം പെരുമ്പാവൂരിനടുത്തുമായിരുന്നു. പക്ഷേ, ഒരു ഘട്ടത്തിൽ ഇവരെല്ലാം ഇടുക്കിയിലേക്ക് ദേശാടനം ചെയ്യുകയായിരുന്നു. ദേശാടനക്കാർക്കിടയിലെ കോട്ടയം റാവുത്തർ - നായർ പ്രണയത്തിൽ ജനിച്ചവളായിരുന്നു ഞാൻ.
എന്തോന്നാ, എന്തരാ, എന്നതാ എന്നൊക്കെയായിരുന്നു, 'എന്തിനാണ്’ എന്ന വാക്കിന് വീട്ടിൽ ഓരോരുത്തർ പറഞ്ഞത്. ഇങ്ങനെ പലതും...
തെക്കൻ ജില്ലകളിൽ നിന്ന് കുടിയേറി പാർത്തവരാണ് ഞങ്ങളുടെ നാട്ടിൽ അധികവുമുണ്ടായിരുന്നത്. അവരുടെ ശൈലികളെല്ലാം കൂടിച്ചേർന്ന് സമ്മിശ്ര ശൈലി രൂപപ്പെട്ടിരുന്നുവെന്നു തോന്നുന്നു.

കുട്ടിക്കാലത്ത് മറ്റു ഭാഷാഭേദങ്ങൾ കേൾക്കുമ്പോൾ ഞങ്ങൾ സംസാരിക്കുന്ന ശൈലിയാണ് നല്ലത് എന്നും മറ്റുള്ളവ മോശമാണെന്നും വിചാരമുണ്ടായിരുന്നു. എല്ലാ ശൈലിക്കും അവരവരുടേതായ സ്വത്വവും മനോഹാരിതയുമുണ്ടെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. മാത്രമല്ല, മറ്റു ശൈലികൾ കേൾക്കുമ്പോൾ വീട്ടിലുള്ളവരും അയൽ വീട്ടിലുള്ളവരുമൊക്കെ വികലമായി അനുകരിച്ച് പരിഹസിച്ചു, വീട്ടിൽ തന്നെ പല ഭേദങ്ങൾ സംസാരിച്ചിട്ടും.
എന്റെ ശൈലി ഏതായിരുന്നു? അമ്മച്ചിയുടെ, അത്തയുടെ, അതോ പ്രദേശത്തിന്റെ പ്രത്യേകതകൾ ഏതെങ്കിലുമായിരുന്നോ?
ഉത്തരമില്ല - എല്ലാ ശൈലിയും ഏറിയും കുറഞ്ഞും എന്നെ സ്വാധീനിച്ചിരിക്കാം.
കളിക്കാൻ പോയിവന്നാൽ ചിലപ്പോൾ ഞങ്ങൾ പുതിയ വാക്കുകളുമായിട്ടാണ് എത്തിയിരുന്നത്. അത് കേൾക്കുമ്പോൾ വീട്ടിലുള്ളവർ തിരുത്തി. അവ അധമമായ ഭാഷാപ്രയോഗമാണെന്ന് പറഞ്ഞു. സവർണ്ണതയ്ക്ക് കോട്ടം തട്ടുന്ന പ്രയോഗങ്ങളെ അവർ പിഴുതുകളയാൻ ശ്രമിച്ചു. ഞങ്ങളാണെങ്കിൽ അത്രത്തോളം അവയെ ഞങ്ങളിലേക്ക് സ്വീകരിച്ചുകൊണ്ടുമിരുന്നു. എത്രയെല്ലാം കുടഞ്ഞു കളയാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും ആ വാക്കുകൾ...
സാധാരണ സംസാരിക്കുന്ന വാക്കുകളിൽ നല്ലതും കെട്ടതുമുണ്ടോ? ഉണ്ടെന്ന്, സവർണശൈലിയും അവർണശൈലിയുമുണ്ടെന്ന്, കാലം കൊണ്ട് ഞാൻ മനസിലാക്കി.
സാധാരണ സംസാരിക്കുന്ന വാക്കുകളിൽ നല്ലതും കെട്ടതുമുണ്ടോ? ഉണ്ടെന്ന്, സവർണശൈലിയും അവർണശൈലിയുമുണ്ടെന്ന്, കാലം കൊണ്ട് ഞാൻ മനസിലാക്കി.
അമ്മച്ചി ജോലി ചെയ്തിരുന്ന മറയൂരിലായിരുന്നു ഞാൻ മൂന്നാം ക്ലാസിൽ പഠിച്ചത്. ഒരു വർഷം നാട്ടിലേക്ക് തിരിച്ചുവന്നിട്ട് വീണ്ടും തിരിച്ചുപോയി. അമ്മച്ചിയുടെ സ്ഥലംമാറ്റമായിരുന്നു കാരണം. അഞ്ചു മുതൽ ഏഴുവരെ പിന്നെയും മറയൂരിൽ. മറയൂരിൽ തമിഴരാണ് കൂടുതൽ. തെങ്ങിന്റെ ചിത്രം വരച്ച മാതിരി ചാണകം മെഴുകിയ ഒരു വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. കരിമ്പോലകൊണ്ട് മേഞ്ഞ മേൽക്കൂര. ഒരു മുറിയും അടുക്കളയും കുഞ്ഞു വരാന്തയുമുള്ള വീട്. വീടെന്ന് വിളിയ്ക്കാമോ എന്തോ - ഒരു കുടിൽ എന്നും പറയാം. അയൽക്കാരിൽ അധികവും തമിഴരായിരുന്നു. താഴെ രുഗ്മിണിയക്ക, മേലെ ശർക്കര കൂട്ടി ചോറുണ്ണുന്ന ദൊരയണ്ണൻ, പിൻവശത്ത് ഭാരതിയക്ക... എങ്ങോട്ട് തിരിഞ്ഞാലും തമിഴ് പേച്ചു മാത്രം.
സ്വന്തം ഭാഷാശൈലി ഏതെന്നുറപ്പിക്കാനാകാതെ നില്ക്കുന്ന ഏഴു വയസ്സുകാരിയുടെ മുന്നിലാണ് തമിഴ് പേച്ചിന്റെ അയ്യരുകളി! കുട്ടികളായ അനിയത്തിയോടും എന്നോടും ആ വഴി പോകുന്നവർ സംസാരിക്കും. ഞങ്ങൾക്ക് ചിലത് മനസിലാവും. ചിലത് തിരിയില്ല. എന്നാലുമവർ സംസാരിച്ചുകൊണ്ടേയിരിക്കും.

വീടിനു മുന്നിൽ ഒരു പുറ്റുണ്ട്. പട്ടിക്കാട്ടിൽ നിന്ന് വിറകിനു പോകുന്ന പെണ്ണുങ്ങൾ പുറ്റിനരുകിൽ നിന്ന് പുറ്റുമണ്ണടർത്തിയുരുട്ടി വേലിയ്ക്കൽ വെച്ചിട്ടു പോകും. അന്നേരമാണ് സംസാരം. അവർ പോയിക്കഴിയുമ്പോൾ വികൃതികളായ ഞങ്ങൾ പുറ്റുമണ്ണുണ്ടകളെടുത്ത് ദൂരേയ്‌ക്കെറിയും. അവലോസുണ്ടയോ മറ്റോ ഞങ്ങൾ തിന്നുന്ന ലാഘവത്തിലാണ് അവർ പുറ്റുമണ്ണ തിന്നുന്നത്. വിറകുമായി വരുന്ന പെണ്ണുങ്ങൾ പുറ്റുമണ്ണുണ്ട കിട്ടാതെ ആരെയോ പ്രാകിപ്പറഞ്ഞ് നടന്നു നീങ്ങും. അപ്പോഴും ഞങ്ങളെ കണ്ടാൽ നീട്ടി ഈണത്തിൽ വിളിക്കും അവർ:
'മൈന, മാന്, മയില്, കുയില്...'
അവരുടെ താളത്തിൽ, അവരുടെ ഈണത്തിലേക്ക് ഞങ്ങളറിയാതെ നടന്നടുത്തു. എന്റെ സഹപാഠികളിൽ ഏറെയും മലയാളികളായിരുന്നു. എന്നാൽ അനിയത്തിയുടെ സഹപാഠികളായിരുന്നത് രണ്ട് പെൺകുട്ടികൾ മാത്രമായിരുന്നു. അവരാണെങ്കിൽ തമിഴും. അവൾ വീട്ടിൽ വന്നാലും തമിഴ് മാത്രമേ പേശൂ എന്നായി.
ഇപ്പോഴും മറയൂരിലെ പഴയ അയൽക്കാരായ കൂട്ടുകാർ വിളിക്കുമ്പോൾ അവരുടെ മലയാളത്തിന് ഒരു തമിഴ് ചുവ. മുറുക്കുന്നയുടെ കുടുംബം സംസാരിച്ചിരുന്നത് തമിഴായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങളോടൊക്കെ മലയാളമാണ് സംസാരിച്ചിരുന്നത്.
പിന്നീട് മറയൂർ കോളനിയിലായിരുന്നു താമസം. കോളനി എന്ന വാക്കിന് കുറച്ചധികം വിലയുണ്ടിവിടെ. ഈ പ്രദേശം തമിഴ്‌നാട്ടിലേക്ക് വിട്ടുകൊടുക്കാതിരിക്കാൻ പട്ടം താണുപിള്ള നൽകിയ അഞ്ചേക്കർ കോളനിയാണ്. ഒരുപക്ഷേ, മറ്റുള്ളവരേക്കാൾ കൂടുതൽ അളവ് ഭൂമിയുടെ അവകാശികൾ എന്നുപറയാം. കോളനി കിട്ടിയ കാലത്ത്, ഇവിടത്തെ കാലാവസ്ഥ ശരിയല്ല എന്ന് കരുതി അവ ഉപേക്ഷിച്ചുപോയവരുണ്ട്. അവർക്ക് മൂന്നേക്കർ വീതം ലഭിച്ചത് എന്റെ ജന്മസ്ഥലമായ ദേവിയാർ കോളനിയിലായിരുന്നു.
അഞ്ചേക്കർ കോളനി തന്നെ പലരും മുറിച്ചു വിറ്റിരുന്നു. മറയൂർ കോളനിയിൽ റോഡിന് താഴ്ഭാഗത്തായിരുന്നു ഞങ്ങളുടെ വീട്. മലയാളികളും തമിഴരും അവിടെ ഇടകലർന്നു താമസിച്ചു. പടിഞ്ഞാറ് ഒരു മലയാളി വീടിനപ്പുറം വെള്ളച്ചാമി തത്തായുടെ വീടായിരുന്നു. അവിടെയായിരുന്നു വയോജന ക്ലാസ് നടന്നിരുന്നത്. പക്ഷേ, കുട്ടികളായ ഞങ്ങളായിരുന്നു വയോജനങ്ങൾക്ക് പകരം അവിടെ പോയിരുന്നത്.
കിഴക്ക് ഒരു വീടിനപ്പുറം പെരിയത്തമ്പിയണ്ണന്റെ വീടായിരുന്നു. പെരിയ തമ്പി അണ്ണനും പാർവതിയക്കയും ഞങ്ങളോട് തമിഴിൽ പേശി. ഞങ്ങൾ മലയാളത്തിൽ മറുപടി പറഞ്ഞു. പരസ്പരം അത് മനസ്സിലാവുമായിരുന്നു. കുറച്ചുകൂടി അപ്പുറത്ത് ചിന്നത്തായി അക്കയുടെ വീട്, സുന്ദരിയക്കയുടെ വീട്. അങ്ങനെ അങ്ങനെ എത്രയെത്ര വീടുകൾ. അതിനിടയിലൂടെ അവർക്കിടയിലൂടെയാണ് ഞങ്ങൾ വളരുന്നത്. ചിന്നത്തായി അക്ക തമിഴ് മാത്രമേ പറയൂ. എന്നാൽ സുന്ദരിയക്ക അങ്ങനെയല്ല. പച്ചമലയാളം പറയും. ചിന്നത്തായി അക്ക കിളികളെ ഓടിക്കാൻ വയലിൽ ഒരു വടിയുമായി വന്നിരിക്കും. ഞങ്ങളുടെ പേച്ച് തമിഴായി മാറും..

ഇപ്പോഴും മറയൂരിലെ പഴയ അയൽക്കാരായ കൂട്ടുകാർ വിളിക്കുമ്പോൾ അവരുടെ മലയാളത്തിന് ഒരു തമിഴ് ചുവ. മുറുക്കുന്നയുടെ കുടുംബം സംസാരിച്ചിരുന്നത് തമിഴായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങളോടൊക്കെ മലയാളമാണ് സംസാരിച്ചിരുന്നത്. ദേവയാർ കോളനിയുടെ പടിഞ്ഞാറേ ഭാഗത്തേക്ക് ചില അവധി ദിവസങ്ങളിൽ ഞങ്ങൾ ഐഷാബി അമ്മച്ചിയോടൊപ്പം നടന്നു. ബന്ധുവീടും സുഹൃത്തുക്കളുടെ വീടും അവിടെയുണ്ടായിരുന്നു. കുന്നുംപുറത്തെ റാവുത്തർ വീട് തമിഴ്മയമായിരുന്നു. അവിടെ അമ്മയും മക്കളും തമിഴ് മാത്രം പറഞ്ഞു. അതേ വേഗതയിൽ ഞങ്ങളോട് അവർ മലയാളവും പറഞ്ഞു.
പിന്നീട് ആലോചിക്കുമ്പോഴൊക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു, എന്റെ ഭാഷ ഏതാണ്? എന്റെ ശൈലി ഏതാണ്? ഏറ്റവും വലിയ ചോദ്യം, ഞാൻ ആരാണ് എന്നതുമായിരുന്നു.
'എങ്ങോട്ട് പോകുവാ?' എന്നാരെങ്കിലും ചോദിച്ചാൽ 'സിറ്റിയിൽ പോകുവാ' എന്ന് മറുപടി പറഞ്ഞു. ആ ഞാനാണ് ഇന്ന് മലപ്പുറം ജില്ലയിലിരുന്ന് 'അങ്ങാടിയ്ക്ക് ' എന്ന് പറയുന്നത്.
നിശ്ചയമായും, ഞാൻ ജനിച്ചുവളർന്ന ഇടുക്കിയുടെ മണ്ണിൽ നിന്നാണ് എന്റെ ഭാഷയുടെ ആദ്യ പാഠങ്ങൾ ആരംഭിക്കുന്നത്. മലയോര മേഖലയുടെ തനിമയും ലാളിത്യവും എന്റെ സംസാരത്തിലേക്ക് ഉൾച്ചേർന്നിരിക്കാം. മലയോര കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രാദേശിക വാക്കുകളും ശൈലികളും എന്റെ സംസാരത്തിലുണ്ട്.
പോത്തിന്റെ മുഴനെഞ്ചും കപ്പയും ചേർത്ത് വെയ്ക്കുന്ന 'ഏഷ്യാഡ് ' എന്ന വിഭവം ഞങ്ങളുടെ ദേശീയ ഭക്ഷണമായി മാറി. ഉണക്കമീനും വാട്ടുകപ്പയും പ്രിയപ്പെട്ടതായിരുന്നു. ഞങ്ങൾ ചെറിയ കവലയെവരെ 'സിറ്റി' എന്നു വിളിച്ചു.
'എങ്ങോട്ട് പോകുവാ?' എന്നാരെങ്കിലും ചോദിച്ചാൽ 'സിറ്റിയിൽ പോകുവാ' എന്ന് മറുപടി പറഞ്ഞു.
ആ ഞാനാണ് ഇന്ന് മലപ്പുറം ജില്ലയിലിരുന്ന് 'അങ്ങാടിയ്ക്ക് ' എന്ന് പറയുന്നത്.

മലയാള ഭാഷയുടെ സൗന്ദര്യം അതിന്റെ പ്രാദേശിക വൈവിധ്യങ്ങളിലാണ്. ഓരോ പ്രദേശത്തിനും അതിന്റേതായ ഉച്ചാരണശൈലിയും പദസമ്പത്തുമുണ്ട്. ഈ വൈവിധ്യങ്ങൾ, ചിലപ്പോൾ നമ്മളിൽ ചിരിയും ചിലപ്പോൾ ആശയക്കുഴപ്പവും സൃഷ്ടിക്കാറുണ്ട്. മലബാറുമായുള്ള ബന്ധമില്ലായ്മ ഞങ്ങളെ ബാധിച്ചിരുന്നു. അയൽവീട്ടിൽ നിന്ന് വിവാഹം കഴിച്ച് വന്ന ഒരു പട്ടാമ്പിക്കാരന്റെ സംസാരത്തിലെ 'ഓൻ', 'ഓൾ', 'ഓര്' തുടങ്ങിയ പ്രയോഗങ്ങൾ, അദ്ദേഹത്തിന് 'ഓൻ കാക്ക' എന്നൊരു വിളിപ്പേര് നേടിക്കൊടുത്തു. മലബാറിലെ മുസ്ലീങ്ങൾ മാത്രമാണ് ഇത്തരം പ്രയോഗങ്ങളും 'ഴ', 'ശ', 'സ', 'ഷ' തുടങ്ങിയ അക്ഷരങ്ങൾ വെച്ചുമാറി ഉപയോഗിക്കുന്നതെന്നുമുള്ള തെറ്റിദ്ധാരണ അന്നൊക്കെ സാധാരണമായിരുന്നു. 'വായയിച്ച മയ പെയ്തിറ്റ് വയിയെല്ലാം കൊയ കൊയ' എന്ന പരിഹാസം പോലും ആ ധാരണയുടെ ഭാഗമായിരുന്നു.
ജന്മനാ സ്വത്വപ്രതിസന്ധികളുമായി ജനിച്ച ഒരുവൾക്ക് കഥ തുടങ്ങാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.
ഇടുക്കിക്ക് അപ്പുറം ഒരു ലോകമുണ്ടെന്നും അവിടേക്ക് എന്നെങ്കിലും പോകേണ്ടിവരുമെന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് പ്രീഡിഗ്രിക്ക് ശേഷം കണ്ണൂരിലേക്ക് വണ്ടി കയറുന്നത്. തെക്ക് തിരുവനന്തപുരം വരെ പോയിട്ടുണ്ടെങ്കിലും വടക്കോട്ട് കോതമംഗലത്തിനപ്പുറം ഒരിടത്തേക്കും യാത്ര ചെയ്തിരുന്നില്ല. ബസ്സിൽ ഒരു മുഴുനീള യാത്ര. തൃശ്ശൂരും കോഴിക്കോടും വടകരയും മാഹിയും തലശ്ശേരിയും കണ്ണൂരും പയ്യന്നൂരുമൊക്കെ ആ യാത്രയിൽ പാതി മയക്കത്തിലും ഛർദ്ദിയിലും കാണുന്നു. ആ യാത്ര എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല.
ഉയ്യെന്റപ്പാ..
ആടയും ഈടയും അന്റെ ഓനും ഓളും ഓടത്തുവും മണ്ടിയും ചാടിയും സ്ഥാനത്തും അസ്ഥാനത്തും കയറിയിരുന്ന് പേടിപ്പിച്ചു. നാടൻ പ്രയോഗങ്ങൾ പലതും മനസിലായില്ല. ഇതിലും ഭേദം തമിഴായിരുന്നുവെന്ന് തോന്നി. കാസർക്കോട്ടേക്ക് ചെന്നപ്പോൾ സപ്തഭാഷയാണത്രേ.
ഓ.. ഭാഷയുടെ ഒരു കന്നംതിരിവ് …

അവിടെ വെച്ച് ഒരാൾ വന്ന് പരിചയപ്പെടുന്നു. വിലാസം വാങ്ങുന്നു. വയനാട്ടുകാരനാണ്. നാലു വർഷം കഴിഞ്ഞ് ജീവിതപങ്കാളിയായി അവനോടൊപ്പം ചുരം കയറുന്നു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിൽ നിന്നുള്ളവരുടെ കുടിയേറ്റമാണ് ഇടുക്കിയിൽ ഉണ്ടായതെങ്കിൽ 13 ജില്ലകളിൽ നിന്നുള്ളവരുടെ കുടിയേറ്റമാണ് വയനാട്ടിലുള്ളത്. അയൽക്കാരെല്ലാം പല ജില്ലകളിൽ നിന്നു വന്നവർ. പല ശൈലിക്കാർ.... അത്തോളിക്കാരിയായ ജാന്വേടത്തി '… ന്റെ ദൈവേ..' എന്ന് വിളിച്ചു പറഞ്ഞു തുടങ്ങിയ പലതും ആദ്യം മനസിലായില്ല.
എനിക്ക് ഭാഷയുമായി മല്ലിടേണ്ടിവന്നത് ആദ്യം വയനാട്ടിലും പിന്നീട് കോഴിക്കോടും മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ വിവിധ ജില്ലകളിൽ നിന്നുള്ള കുടിയേറ്റക്കാരുള്ളതുകൊണ്ട് ഓരോ വീട്ടിലും വ്യത്യസ്ത ശൈലികൾ കേൾക്കാം. മലപ്പുറത്ത് നിന്നും കുടിയേറിയവരായിരുന്നു സുനിലിന്റെ വീട്ടുകാർ .
അവർ ഉപ്പേരി എന്നു വിളിച്ച വിഭവം ഞങ്ങൾക്ക് തേങ്ങ ചേർത്താൽ തോരനും എണ്ണ കൂടുതൽ ചേർത്ത് ഉലർത്തിയെടുക്കുന്നത് മെഴുക്കുപുരട്ടിയുമാണ്.
വിവാഹം കഴിഞ്ഞ സമയത്ത് സുനിലിന്റെ ഉമ്മ 'നമുക്കിന്ന് കർമുസ ഉപ്പേരി വെക്കാം' എന്ന് പറഞ്ഞപ്പോൾ, ആദ്യമൊരു അജ്ഞാത വിഭവം എന്ന് കരുതിയെങ്കിലും, കണ്ടപ്പോൾ ചിരി പൊട്ടി. കപ്ലങ്ങ (പപ്പായ) അഥവാ ഓമയ്ക്കയെയാണ് അവർ കർമുസ എന്ന് വിളിച്ചത്.
അവർ ഉപ്പേരി എന്നു വിളിച്ച വിഭവം ഞങ്ങൾക്ക് തേങ്ങ ചേർത്താൽ തോരനും എണ്ണ കൂടുതൽ ചേർത്ത് ഉലർത്തിയെടുക്കുന്നത് മെഴുക്കുപുരട്ടിയുമാണ്. ചക്കയും കപ്പയും മറ്റും ഉലർത്തിയെടുക്കുന്നതിനെപ്പറ്റി പറയുമ്പോൾ ചിലർക്കത് തെറിവാക്കായിരുന്നു. അയൽവീട്ടിലെ ജാന്വേടത്തിയോട് ഉമ്മ ഒരിക്കൽ 'ഓക്ക് കൊരയാണ്' എന്ന് പറഞ്ഞപ്പോൾ അത് എന്നെ അപമാനിക്കുന്നതായി തോന്നി. കാരണം, ഞങ്ങൾക്ക് പട്ടി മാത്രമാണ് കുരയ്ക്കുന്നത്. അവർക്ക് ചുമയാണ് കുര. ഞങ്ങൾക്ക് പട്ടിയും നായയും ഒന്നുതന്നെയായിരുന്നെങ്കിൽ, അവർക്ക് നായ ആൺപട്ടിയും പട്ടി പെൺപട്ടിയുമായിരുന്നു.

ജേണലിസത്തിന് കോഴിക്കോട് പഠിക്കുമ്പോൾ, മലപ്പുറംകാരനായ ബഷീറും കണ്ണൂർകാരി രമ്യയും തമ്മിലുള്ള സംഭാഷണങ്ങൾ പലപ്പോഴും തർക്കങ്ങളിൽ അവസാനിച്ചിരുന്നു. രമ്യക്ക് 'അനക്ക്' എന്നത് 'എനിക്ക്' ആയിരുന്നെങ്കിൽ, ബഷീറിന് അത് 'നിനക്ക്' ആയിരുന്നു. ഒരേ വാക്ക് വ്യത്യസ്ത അർത്ഥങ്ങളിൽ പ്രയോഗിക്കപ്പെട്ടപ്പോൾ അവിടെ ആശയക്കുഴപ്പങ്ങളും തർക്കങ്ങളുമുണ്ടായി.
എന്റെ സംസാരത്തിൽ 'ഭ' എന്ന അക്ഷരം 'ഫ' ആയി മാറുന്നത് ഒരു പ്രശ്‌നമായിരുന്നു. കോഴിക്കോട്ടെ ബാങ്കിൽ ജോലി ചെയ്യുമ്പോൾ, എല്ലാവർക്കും ബേങ്ക് ആയിരുന്നത് എനിക്ക് ബാങ്ക് ആയിരുന്നു. ഞാൻ മാനേജർ എന്ന് പറയുമ്പോൾ സഹപ്രവർത്തകർ അത് മാനാഞ്ചിറയാണോ എന്ന് ചോദിച്ചു ചിരിക്കുമായിരുന്നു. സഹപ്രവർത്തകയായ കാർത്തിയേച്ചി എന്റെ ശൈലി അനുകരിച്ച് 'നാട്ടിലോട്ട് പോകാറുണ്ടോ? എന്നതാ വിശേഷം?' എന്നൊക്കെ ചോദിച്ച് കളിയാക്കാറുണ്ട്.
ഞങ്ങൾ കത്തി മൂർച്ച കൂട്ടാൻ 'രാകുമ്പോൾ' അവർ 'അണക്കും'. ഞങ്ങൾ തുണി 'അലക്കുമ്പോൾ' അവർ 'തിരുമ്പും'. കഴുകിയ തുണി ഞങ്ങൾ 'ഉണങ്ങാനിടുമ്പോൾ' അവർ 'ആറാനിടും'. അവർക്ക് 'പൈയ്ക്കുമ്പോൾ' ഞങ്ങൾക്ക് 'വിശക്കും'.
സുനിലും ഞാനും പരമാവധി മാനകഭാഷ ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷേ, ഒരു മകൾ ജനിച്ച് അവൾ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്‌നം. വഴിയരുകിൽ വില്ക്കാനിട്ടിരുന്ന പഴയ പുസത്കങ്ങൾക്കിടയിൽ നിന്നാണ് ഒരു ഹിന്ദി ബാലപാഠം വാങ്ങിയത്. രണ്ടു വയസ്സുകാരി മകൾക്ക് ഹിന്ദി പഠിപ്പിച്ചുകളയാം എന്നൊന്നും കരുതിയിട്ടല്ല. അതിലെ ബഹുവർണ്ണ ചിത്രങ്ങൾ കാണിച്ചുകൊടുക്കുക എന്നേ വിചാരിച്ചുള്ളൂ. ഹിന്ദിയായതുകൊണ്ട് ചിത്രങ്ങളുടെ പേര് ഞങ്ങൾ മലയാളീകരിച്ചു പറഞ്ഞുകൊടുത്തു.
ഒരു ദിവസം തണ്ണിമത്തന്റെ ചിത്രം ചൂണ്ടി അവൾ ചോദിച്ചു, 'ഇതെന്താ?'
ഞാൻ പറഞ്ഞു, തണ്ണിമത്തൻ.
അവൾ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി...
'തണ്ണിമത്തൻ' എന്ന് ഞാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും താളുകൾ മറിച്ചു. വീണ്ടും അതേ ചിത്രം. ചെറുതാണെന്നു മാത്രം. അവൾ പറയുമോ എന്നറിയട്ടേ എന്നു കരുതി 'ഇതെന്താ?' എന്നു ചോദിച്ചു.
ഒട്ടും സംശയമില്ലാതെ അവൾ പറഞ്ഞു, 'വത്തക്ക'.
ചിരിയും ചിന്തയും ഒപ്പുമുണ്ടായി എനിക്ക്.

ഞാൻ പറഞ്ഞു, തണ്ണിമത്തൻ. അവൾ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി...
വയനാട്ടുകാരനായ സുനിലും ഇടുക്കികാരിയായ എന്റെയും സംസാരഭാഷയിലെ വ്യത്യാസമാണ് ഇവിടെ കണ്ടത്. അവൾക്ക് ചിത്രങ്ങൾ പരിചയപ്പെടുത്തുന്നത് മിക്കപ്പോഴും സുനിലാണ്. അതുപോലെ, മാതളനാരങ്ങ അവൾക്ക് 'ഉറുമാമ്പഴം' ആയിരുന്നു. ഞാൻ 'തൂമ്പ' എന്ന് പറയുന്ന സാധനം അവർക്ക് 'കൈക്കോട്ട്' ആയിരുന്നു (മൺവെട്ടി, കൂന്താലി തുടങ്ങിയ പ്രാദേശിക പേരുകളും).
കലം, കുടം തുടങ്ങിയ വാക്കുകൾ മാനകഭാഷയിലുള്ളതാണെങ്കിലും സുനിലിന്റെ വീട്ടിൽഅവയ്ക്ക് വ്യത്യസ്ത പേരുകളായിരുന്നു. എനിക്ക് ലോഹമായ 'ചെമ്പ്' അവർക്ക് കലം ആയിരുന്നു. സ്‌കൂളിൽ ഹിന്ദി പഠിച്ചപ്പോൾ വെള്ളത്തിന് കേട്ട പേരായ 'പാനി' അവർക്ക് കുടം ആയിരുന്നു. കറി വെക്കുന്ന മൺചട്ടിക്ക് അവർ 'ചട്ടി കുടുക്കി' എന്നും 'കുടുക്ക' എന്നും പറയും. എനിക്ക് കപ്പയും സുനിലിന് പൂളയും ആണ്.
ഭാഷാപരമായ ഈ വൈവിധ്യം ക്രിയാപദങ്ങളിലും പ്രകടമാണ്. ഞങ്ങൾ കത്തി മൂർച്ച കൂട്ടാൻ 'രാകുമ്പോൾ' അവർ 'അണക്കും'. ഞങ്ങൾ തുണി 'അലക്കുമ്പോൾ' അവർ 'തിരുമ്പും'. കഴുകിയ തുണി ഞങ്ങൾ 'ഉണങ്ങാനിടുമ്പോൾ' അവർ 'ആറാനിടും'. അവർക്ക് 'പൈയ്ക്കുമ്പോൾ' ഞങ്ങൾക്ക് 'വിശക്കും'. ഞങ്ങൾക്ക് തയ്യൽക്കാരിയേയുള്ളൂ, തുന്നൽക്കാരിയില്ല. ഞങ്ങൾ ഭക്ഷണം 'കഴിക്കുമ്പോൾ' അവർ 'ബെയ്ക്കും'. ഞങ്ങൾ 'ഓടുമ്പോൾ' അവർക്കത് പായലും മണ്ടലും ആയിരുന്നു. കൂർക്ക അവർക്ക് കൂർക്കൽ ആയിരുന്നു.
ഉടുപ്പ് കുപ്പായമാണ്.
ഓറഞ്ച് നാരങ്ങയാണ്.
താഴ് പൂട്ടാണ്.
വീട് പുരയാണ്.
മൊന്ത മുരുടയാണ്.
തൊഴുത്ത് ആലയാണ്.
വഴക്ക് കച്ചറയാണ്.
നുണ എനിക്ക് കള്ളം പറയലാണ്, സുനിലിന് കൊതിയും.
തെക്കുനിന്നുള്ള എന്റെ ശൈലി നന്നെന്നും വടക്കുന്നുള്ള ഭർത്താവിന്റെ ശൈലി ചീത്തയെന്നുമല്ല. പ്രാദേശികമായി ഓരോന്നും കേട്ടിരിക്കാൻ എന്തു രസമാണ്.
ഇങ്ങനെ മലയാളമാണ് ഭാഷയെങ്കിലും മൊത്തത്തിൽരണ്ടുപേരുടേയും സംസാരം വെവ്വേറെ...
മത്സ്യങ്ങളുടെ പേരാണ് ഒരു തരത്തിലും പിടി തരാതെ പോകുന്നത്. സ്രാവും മുള്ളനും അയലയും മാത്രമാണ് അവിടെയും ഇവിടെയും ഒന്നുതന്നെ പറയുന്നത്.
ചാള =മത്തി
കൊഴുവ =നത്തൽ
നങ്ക്= മാന്തൾ
ചൂര =സൂത
കൂരി =ഏട്ട
കിളിമീൻ =പുതിയാപ്ലകോര
കൊഞ്ച്= ചെമ്മീൻ
ഇങ്ങനെ പോകുന്നു.
എല്ലാം സഹിച്ചു. പക്ഷേ, 'ന്റെ' ഉപയോഗമാണ് വേറെ കാര്യം. കോഴിയുടെ, കിളിയുടെ, കാളയുടെ, പക്ഷിയുടെ, മേരിയുടെ, റോസയുടെ, മിനിയുടെ, ഇങ്ങനെ 'ഉടെ' എല്ലാം 'ന്റെ'യിൽ ഒതുങ്ങുന്നു. കോഴീന്റെ, കിളീന്റെ, മേരീന്റെ എന്നിങ്ങനെ.
തെക്കുനിന്നുള്ള എന്റെ ശൈലി നന്നെന്നും വടക്കുന്നുള്ള ഭർത്താവിന്റെ ശൈലി ചീത്തയെന്നുമല്ല. പ്രാദേശികമായി ഓരോന്നും കേട്ടിരിക്കാൻ എന്തു രസമാണ്. പക്ഷേ, രണ്ടു വയസ്സുകാരിയോട് രണ്ടുപേരും പറയുമ്പോഴുണ്ടാവുന്ന പ്രശ്നമാണ് ഇവിടെ പറഞ്ഞു വന്നത്.

സുനിൽ മോളോട് 'പാത്തിയോ?' എന്നു ചോദിക്കുമ്പോൾ 'മൂത്രമൊഴിച്ചോ?' എന്നു തിരിച്ചും. എന്തായാലും അവൾ ചിലപ്പോൾ പാത്തണമെന്നും ചിലപ്പോൾ മൂത്രമൊഴിക്കണമെന്നും പറഞ്ഞു.
മൂർഖനേയും തെക്കനേയും ഒരുമിച്ചു കണ്ടാൽ ആദ്യം തെക്കനെ കൊല്ലണമെന്ന് കേട്ടു. വാട്‌സ് ആപ്പിൽ നിന്നു കിട്ടിയ ഫലിതം ഏകദേശം ഇങ്ങനെയായിരുന്നു:
അധ്യാപിക ബഷീറിനോട് ഫീസടയ്ക്കാത്തത് എന്തെന്നു ചോദിച്ചു.
മാങ്ങ വിറ്റിട്ട് അടയ്ക്കാ എന്നു മറുപടി.
കുറച്ചു ദിവസം കഴിഞ്ഞ് പുസ്തകം വാങ്ങാത്തത് എന്തെന്നു ചോദിച്ചപ്പോൾ,
അടയ്ക്ക വിറ്റിട്ട് മാങ്ങാ എന്നും പറഞ്ഞത്രേ.
അത്തയുടെ അമ്മ തിരുവനന്തപുരത്തുകാരിയായിരുന്നു. 'എന്തരപ്പി'എന്നൊന്നും പറയാറില്ലെങ്കിലും 'കുഞ്ഞുങ്ങളെ കഞ്ഞികള് കുടിക്കേണ്ടേ? 'വെള്ളങ്ങള് കുടിക്ക്’ എന്നും മറ്റും പറഞ്ഞിരുന്നു. പതിനെട്ടോ ഇരുപതോ വയസ്സ് വരെ മാത്രം ജീവിച്ച ഇടത്തുനിന്നും പല ദേശങ്ങൾ കടന്നാണ് അവർ ഇടുക്കിയിൽ എത്തിയത്. കാതങ്ങൾക്കപ്പുറമുളള ശൈലിയിൽനിന്ന് പൂർണ്ണമായും അവർ വിമുക്തയായിരുന്നില്ല.
ഇടയ്ക്ക് ഞങ്ങളും തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോൾ വീണ്ടും ശൈലി മാറുന്നു. മീനുകളുടെ പേരു മാറി. നിത്യജീവിതത്തിലെ പല വാക്കുകളും മാറി. ഞങ്ങളുടെ (ദേവിയാർ കോളനി) നാട്ടിൽ നിന്ന് ആലുവായ്ക്കും അങ്കമാലിയിലേക്കും മറ്റും വിവാഹിതരായി പോയ പെൺകുട്ടികൾ നാട്ടിൽ വരുമ്പോൾ പോയ നാട്ടിലെ പേച്ചുമായി വരും. കുളിക്കടവിലാണ് സംസാരവിഷയം.
'ഓ.. (പുച്ഛം) രണ്ട് മാസവായില്ല പോയിട്ട്, അപ്പഴേക്കും നമ്മടെ വർത്താനമൊക്കെ മറന്നു. ഓ.. എന്നാ നീട്ടലാ...’
ഒരുകാലത്ത് ഇതൊക്കെ കേട്ടുനിന്നപ്പോൾ ശരിയാണല്ലോ എന്നുതോന്നി എനിക്കും. സ്ത്രീകളിലാണ് ഈ മാറ്റം കൂടുതൽ. നാടുവിട്ട് പോന്നതിൽ പിന്നെ അതേപ്പറ്റി ആലോചിട്ടുണ്ട്. ഈ പല നാടുകളിലൂടെ കറങ്ങി ഞാൻ തിരിച്ച് നാട്ടിലേക്ക് എത്തുമ്പോൾ, അതേ കുളിക്കടവിലേക്ക് എത്തുമ്പോൾ, അതേ സ്ത്രീകൾ പറഞ്ഞു; 'നിനക്കൊരു മാറ്റവും ഇല്ലല്ലോ’ എന്ന്.
കടന്നുവന്ന പ്രദേശങ്ങളിലെ ചില വാക്കുകൾ എങ്കിലും എന്റെ സംസാരത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. 'തനി ' എന്ന് പറയാവുന്ന ഒരു മൊഴി എനിക്കില്ല.
അതൊരു മേന്മയായി ഇന്ന് ഞാൻ കാണുന്നില്ല. എന്റെ സംസാരത്തിൽ ഞാൻ കടന്നുവന്ന ദേശങ്ങളുടെ ശൈലികൾ ഏറിയും കുറഞ്ഞുമുണ്ട്. മറ്റൊരു ദേശത്തിന്റെ ശൈലി പൂർണ്ണമായും എന്നിലേക്ക് ആദേശിക്കാഞ്ഞത് ഞാൻ പുറത്തേക്കിറങ്ങിയതു കൊണ്ടാണ് എന്നു തോന്നുന്നു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പൊതുവിടത്തേക്ക് സഞ്ചരിച്ച എനിക്കു മുന്നിൽ അധികപേരും സംസാരിക്കാൻ ശ്രമിച്ചത് മാനക മലയാളത്തിലാണ്. ഏതു നാട്ടിലുള്ളവരാണെങ്കിലും മാനകമലയാളത്തിന്റെ അടുത്തുനിന്ന് സംസാരിക്കാൻ അവരൊക്കെ ശ്രമിച്ചു. അതേസമയം ഒരു ഗ്രാമീണ ജീവിതത്തിലേക്ക് ഒതുങ്ങി, തൊട്ടയൽവക്കങ്ങളുമായി മാത്രമായിരുന്നു ബന്ധമുണ്ടായിരുന്നത് എങ്കിൽ ആ പ്രദേശത്തെ സ്ത്രീകൾ സംസാരിക്കുന്ന ഭാഷയിലേക്ക് ഞാനും മാറിയേനെ..
പൊതുവിടത്തു നിന്ന് വീട്ടിലേക്ക് വരുമ്പോൾ എന്റെ ചിന്തയും സ്വപ്നങ്ങളുമൊക്കെ എന്റെ വേരുകളെ അന്വേഷിക്കുന്നു. കടന്നുവന്ന പ്രദേശങ്ങളിലെ ചില വാക്കുകൾ എങ്കിലും എന്റെ സംസാരത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. 'തനി ' എന്ന് പറയാവുന്ന ഒരു മൊഴി എനിക്കില്ല.
കഴിഞ്ഞ ഒരു ദിവസം അയൽവക്കത്തെ ഒരു വീട്ടിലേക്ക് പോയി. അവർ വർഷങ്ങൾക്ക് മുമ്പ് തിരുവല്ലയിൽ നിന്നും മലപ്പുറത്തേക്ക് കുടിയേറിയവരാണ്. ഭാര്യയും ഭർത്താവും കുടിയേറ്റക്കാരാണ്. ഭാര്യ ഇപ്പോഴും തിരുവല്ല മലയാളം പറയുന്നു. ഭർത്താവ് മലപ്പുറം ശൈലിയും. രണ്ടുപേരും വളർന്ന് സാഹചര്യം വ്യത്യസ്തമാണ്. ഭാര്യ വളർന്ന പ്രദേശം മൊത്തത്തിൽ തിരുവല്ല-ചങ്ങനാശ്ശേരി ഭാഗത്തുനിന്നുള്ളവരായിരുന്നു. വീട്ടിലും സംസാരിക്കുന്നത് അതുതന്നെ. പക്ഷേ ഭർത്താവ് വളർന്ന ചുറ്റുപാട് മലപ്പുറത്തുകാർക്കൊപ്പവുമായിരുന്നു.
ചിലപ്പോഴൊക്കെ കൗതുകപൂർവ്വം പലരുടേയും സംസാരം നിരീക്ഷിക്കാറുണ്ട്. ഗ്രാമീണരായ കുട്ടികളും നിരക്ഷരരായ സ്ത്രീകളുമൊക്കെയാണ് മലയാളത്തിൽ തനി നാടൻ പദങ്ങൾ ഉപയോഗിക്കുന്നതും പുതിയവ കണ്ടുപിടിക്കുന്നതും. അതുകൊണ്ടാണ് ബലൂണിന് വീർപ്പയെന്ന് പറയുന്നത്. 'പെയർ' ജോഡിയെന്നു പറയുമ്പോൾ 'തുണ' എവിടെ എന്നു ചോദിക്കുന്നത്. ഫോൺ വൈബ്രേഷന് 'തരുപ്പിലിടാൻ'പറയുന്നത്. മുടിയിൽ കെട്ടുന്ന ഇലാസ്റ്റിക്കിന് 'മുടിക്കുടുക്ക്' എന്നു പറയുന്നത്.

ഭാഷാശാസ്ത്രജ്ഞരോ പ്രൊഫസർമാരോ അല്ല ഭാഷയെ വികസിപ്പിക്കുന്നത്. അറിവില്ലാത്തവർ എന്നു നാം പറയുന്ന തനി നാട്ടുകാരാണ്.
ഇന്ന് ഞങ്ങളുടെ വീട് ഭാഷാഭേദങ്ങളുടെ സംഗമസ്ഥലമാണ്. എന്റെ ശൈലി വേറെ, സുനിലിന്റെ ശൈലി വേറെ. മൂത്ത മകൾ സംസാരിക്കുന്നത് അവൾ കടന്നുവന്ന വഴികളിൽ നിന്ന് പഠിച്ചെടുത്ത പല വാക്കുകളിലൂടെയാണ്. ചെറിയ മകൾ വേറൊരു ശൈലിയിൽ സംസാരിക്കുന്നു. അവളുടെ ആയയുടെ ശൈലി വേറെ. മലപ്പുറത്തുനിന്ന് കുടിയേറിയ വയനാട്ടുകാരെങ്കിലും ഉപ്പയുടെയും ഉമ്മയുടെയും ശൈലികൾ തമ്മിൽ സാരമായ വ്യത്യാസമുണ്ട്.
വീട്ടിൽ, ഒരു പ്രത്യേക ശൈലി നിർബന്ധമാക്കുകയോ മറ്റൊന്നിനെക്കാൾ മികച്ചതാണെന്ന് പറയുകയോ ചെയ്യാറില്ല. ഓരോ ശൈലിയും അതിന്റേതായ സൗന്ദര്യത്താൽ നിറഞ്ഞുനിൽക്കുന്നു, ഓരോന്നും കേൾക്കാൻ ഇമ്പമുള്ളതാണ്. നമ്മൾ ഒരു തുറന്ന മനസ്സോടെ അതിനെ സ്വീകരിക്കുക മാത്രമാണ് വേണ്ടത്.
പക്ഷേ, എന്റെ മുറിയിൽ, എന്റെ ലോകം എന്റെ ഭാഷയുടെ കൂടി ലോകമാണ്. എന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും എന്റെ ഭാഷയിലൂടെ ഒഴുകി നീങ്ങുന്നു. ഈ സൗന്ദര്യം എന്നിൽ അളവറ്റ ആഹ്ലാദം നിറയ്ക്കുന്നു.
