ഗൾഫിൽ
എത്ര മലയാളികളുണ്ട്?
ഡാറ്റയില്ലാത്ത പ്രവാസം

ഇപ്പോഴും 25-വയസിന് മുകളിലുള്ള മൂന്നാം തലമുറപ്രവാസികൾ ധാരാളമായി ഗൾഫ് രാജ്യങ്ങളിൽ എത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സമൂഹം ഇപ്പോഴും പ്രവാസം ഉണ്ടാക്കിയ മാറ്റത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ തയ്യാറല്ല - ഇ.കെ. ദിനേശൻ എഴുതുന്നു.

കേരളീയരുടെ ഗൾഫ് തൊഴിൽ കുടിയേറ്റത്തെയാണ് മലയാളി പ്രവാസം എന്ന് വിളിക്കുന്നത്. ആറു പതിറ്റാണ്ടായുള്ള ചരിത്രയാത്രയിൽ പ്രവാസം മലയാളിയേയും കേരളത്തെയും അടിമുടി മാറ്റിപ്പണിതിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാമൂഹ്യ സാഹചര്യത്തെ നിർമ്മിച്ചതിലും മുന്നോട്ടു കൊണ്ടുപോയതിലും പ്രവാസത്തിന് നിർണായക പങ്കുണ്ട്. നമ്മുടെ സമൂഹ്യ ജീവിതാവസ്ഥയെ വികസിത പശ്ചാത്തലത്തിലേക്ക് നയിക്കുന്നതിന് ആവശ്യമായ സമ്പത്ത് എത്തിയത് ഗൾഫിൽ നിന്നാണ്. രാഷ്ട്രീയം മുതൽ സാമുദായിക സംഘടന വരെ പ്രവാസത്തിന്റെ തണലിൽ ശക്തിപ്പെട്ടു. അതിനിടയിൽ ചില കാലങ്ങളിൽ അതിന് ഏറ്റക്കുറച്ചിൽ സംഭവിച്ചെങ്കിലും പിന്നീട് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരിക പ്രവാസത്തിന്റെ രീതിയാണ്.

1990-ലെ കുവൈറ്റ് യുദ്ധവും 2013-ൽ സൗദിയിലെ നിതാഖത്തും തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സ്വദേശിവൽക്കരണവും പ്രവാസികളുടെ തൊഴിൽ അവസരത്തിൽ കാര്യമായ കുറവുണ്ടാക്കി. 2016-ലെ ബജറ്റവതരണ സമയത്ത് അന്നത്തെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് സ്വദേശിവൽക്കരണാനന്തരം വിദേശ പണത്തിൽ ഉണ്ടായ കുറവിനെക്കുറിച്ച് പറഞ്ഞിരുന്നു. 2020-ലെ കോവിഡിനോടുകൂടി അത് ഒന്നുകൂടി ശക്തിപ്പെട്ടു. മേൽപ്പറഞ്ഞ സ്വദേശിവൽക്കരണവും കോവിഡ് അനുബന്ധ തൊഴിൽ നഷ്ടവും കാര്യമായി ബാധിച്ചത് അടിസ്ഥാന, മധ്യവർഗ തൊഴിൽ സമൂഹത്തെയായിരുന്നു.

എന്നാൽ കോവിഡിന് ശേഷം പ്രവാസം പൂർണമായി അവസാനിപ്പിച്ചവർ ഗൾഫിലേക്ക് തിരിച്ചെത്തി. ചിലർ പെട്ടെന്നുണ്ടായ തൊഴിൽ നഷ്ടം കൊണ്ടും നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ടും തിരിച്ചെത്തിയവരാണ്. മറ്റു ചിലരാവട്ടെ നാട്ടിലെ കുടുംബ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാതെ പ്രവാസത്തിൽ തുടരാൻ നിർബന്ധിതരായി. ഇതൊക്കെ കാണിക്കുന്നത് മലയാളിക്ക് ആറുപതിറ്റാണ്ടിലെ ചരിത്രമുള്ള ഗൾഫ് പ്രവാസം പുതിയ കാലത്തും മടുക്കുന്നില്ല എന്നാണ്.

1990-ലെ കുവൈറ്റ് യുദ്ധവും 2013-ൽ സൗദിയിലെ നിതാഖത്തും തുടർന്ന് പശ്ചിമേഷ്യയിൽ ഉണ്ടായ സ്വദേശിവൽക്കരണവും പ്രവാസികളുടെ തൊഴിൽ അവസരത്തിൽ കാര്യമായ കുറവ് ഉണ്ടാക്കി.
1990-ലെ കുവൈറ്റ് യുദ്ധവും 2013-ൽ സൗദിയിലെ നിതാഖത്തും തുടർന്ന് പശ്ചിമേഷ്യയിൽ ഉണ്ടായ സ്വദേശിവൽക്കരണവും പ്രവാസികളുടെ തൊഴിൽ അവസരത്തിൽ കാര്യമായ കുറവ് ഉണ്ടാക്കി.

ഇനിയും മടുക്കാത്ത പ്രവാസം

എന്തുകൊണ്ടാണ് മലയാളിക്ക് പ്രവാസം മടുക്കാത്തത്? അത് ജീവിതവുമായി ഇത്രമാത്രം ഇഴകിച്ചേർന്നതിന്റെ രഹസ്യം എന്താണ്? അതിന് പല കാരണങ്ങളുണ്ട്. ആഗോളവൽക്കരണകാലം വരെ പ്രവാസം മലയാളിയെ സംബന്ധിച്ചും മൂന്നാം ലോക ജനതയെ സംബന്ധിച്ചും കുടുംബത്തിന്റെ നിലനിൽപ്പിന്റെ ഭാഗമായിരുന്നു. എന്നാൽ ആഗോളാനന്തരലോകം ഒരു തുറന്ന കമ്പോളമായി മാറിയതോടെ തൊഴിൽ അന്വേഷകരുടെ ഇഷ്ട ദേശമായി ഗൾഫ് മാറുകയായിരുന്നു.

2000-ത്തോടെ കേരളത്തിൽ രണ്ടാം തലമുറ പ്രവാസത്തിന്റെ സ്വാധീനം ശക്തിപ്പെട്ടു. അങ്ങനെ അടിത്തട്ട് ജീവിതത്തിൽ വലിയ രീതിയിലുള്ള വിദ്യാഭ്യാസ മാറ്റങ്ങൾക്ക് പ്രവാസം കാരണമായി. നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹിക അധികാര ഘടനക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ കഴിയാത്ത അടിത്തട്ട് മനുഷ്യർക്ക് മുമ്പിൽ തുറന്ന വാതിലായിരുന്നു പ്രവാസം. അങ്ങനെ സാധാരണ കുടുംബത്തിലെ പുതുതലമുറ അറിവിന്റെ മേഖലകളിലേക്ക് തങ്ങളുടെ ജ്ഞാനാന്വേഷണത്തെ വ്യാപിപ്പിച്ചു. ഇത് വൈജ്ഞാനിക രംഗത്ത് സാമൂഹ്യ വിപ്ലവത്തിന് കാരണമായി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സമൂഹം ഇപ്പോഴും പ്രവാസം ഉണ്ടാക്കിയ മാറ്റത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ തയ്യാറല്ല. അതിന് പല കാരണങ്ങളുണ്ട്.

ഇപ്പോഴും തിരഞ്ഞെടുപ്പുകളിൽ പ്രവാസി വോട്ട് വിഷയമാകുന്നില്ല. വോട്ട് ചെയ്യാൻ വേണ്ടി മാത്രം നൂറുകണക്കിന് പ്രവാസികൾക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരേണ്ട സ്ഥിതിയാണ്.

ഇന്ത്യൻ സാമൂഹ്യ പശ്ചാത്തലത്തെ സ്വാധീനിച്ച അസമത്വങ്ങളുടെ കാരണങ്ങൾ കേരളത്തിനും ബാധകമായിരുന്നു. നവോത്ഥാനം വഴി കേരളം അതിനെ മറികടന്നു. അത് സാധ്യമാക്കിയ സാമൂഹ്യ മാറ്റത്തെ ഗുണപരമായി മാറ്റുന്നതിൽ സാമ്പത്തിക ഇടപെടൽ പ്രധാനപ്പെട്ടതായിരുന്നു. 1980-കൾക്ക് ശേഷം കേരളത്തിലേക്ക് ഒഴുകിയെത്തിയ ഗൾഫ് പണം മലയാളിയുടെ ഗ്രാമീണ ജീവിതത്തെ ക്രമാനുഗതമായി ഉയർത്തിക്കൊണ്ടുവന്നു. പ്രവാസം മലയാളിക്ക് നിത്യജീവിതത്തിന്റെ ഭാഗമായി. ഒരു പ്രവാസി അഞ്ചു വീടുകളിലെ ജീവിതത്തെ സ്വാധീനിക്കുന്ന ഘട്ടം വരെ എത്തി. പിന്നീട് അങ്ങോട്ട് കേരളത്തിൽ ഉണ്ടായ കാതലായ മാറ്റങ്ങളിൽ പ്രവാസത്തിന്റെ ഇടപെടൽ നിർണ്ണായകമായി. അത് പല രീതിയിലായിരുന്നു. സമീപകാലത്ത് 2018-ലെ പ്രളയകാലം മികച്ച തെളിവാണ്. ഇങ്ങനെ പ്രവാസം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ നെടുംതൂണായി. അപ്പോഴും പ്രവാസികളുടെ അനുഭവജീവിതം അവരുടേതു മാത്രമായി. പല രീതിയിലും അവർ തിരസ്‌കരണങ്ങളുടെ ഇരകളായി. പ്രവാസികളെ നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളും അവരുടേത് മാത്രമായി.

നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹിക അധികാര ഘടനക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ കഴിയാത്ത അടിത്തട്ട് മനുഷ്യർക്ക് മുമ്പിൽ തുറന്ന വാതിലായിരുന്നു പ്രവാസം.
നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹിക അധികാര ഘടനക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ കഴിയാത്ത അടിത്തട്ട് മനുഷ്യർക്ക് മുമ്പിൽ തുറന്ന വാതിലായിരുന്നു പ്രവാസം.

ആർക്കും വേണ്ട,
പ്രവാസി ഡാറ്റ

വിപുലമായ സമൂഹം എന്ന അർഥത്തിൽ പ്രവാസി വിഷയങ്ങൾ ഗൗരവപ്പെട്ടതാകേണ്ടതുണ്ട്. എന്തുകൊണ്ട് അത് ഗൗരവപ്പെട്ടതാകുന്നില്ല. അതിൽ പ്രധാനപ്പെട്ടത് കേന്ദ്ര സംസ്ഥാന സർക്കാരിൽ പ്രവാസികളെ കുറിച്ചുള്ള ഡാറ്റ ഇല്ല എുള്ളതാണ്. എത്ര മലയാളികൾ ഗൾഫിലുണ്ട് എന്ന കണക്ക് 100 ദിവസം കൊണ്ട് സർക്കാരിന് എടുക്കാം. കേരളത്തെ സംബന്ധിച്ച് സംസ്ഥാനം മുതൽ വാർഡ് തലം വരെ പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യഗ്രൂപ്പുകൾ നിലവിലുണ്ട്. ഓരോ പഞ്ചായത്തിലെയും കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് ഓരോ വാർഡിലെയും പ്രവാസികളുടെ എണ്ണം ദിവസത്തിനുള്ളിൽ കണ്ടെത്താൻ കഴിയും. എന്തുകൊണ്ട് അതുണ്ടാവുന്നില്ല?

അത്തരം ആവശ്യം ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്നേവരെ ഉന്നയിച്ചിട്ടില്ല. കാരണം, രാഷ്ട്രീയ സംവിധാനത്തിന് പ്രവാസികളുടെ ഡാറ്റ ആവശ്യമില്ല. അവരെ സംബന്ധിച്ച് ഓരോ രാഷ്ട്രീയപാർട്ടികൾക്കും ഗൾഫിൽ അവരുടെ പ്രവർത്തകർ വഴി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ട്. അത് കൊടുക്കാൻ പ്രവാസികൾ തയ്യാറാണ്. എന്നാൽ രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസികൾ ആവശ്യപ്പെടുന്ന വോട്ടവകാശത്തിന് വേണ്ടി രാഷ്ട്രീയപാർട്ടികൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

കേരളത്തിൽ നിന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്കിലാണ് സീസൺ കാലത്ത് ഗൾഫിലേക്കുള്ള യാത്രാച്ചെലവ്. ഇതൊരു പരാതിയായി ഉന്നയിക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലേറെയായി.

എവിടെ പ്രവാസി വോട്ട്?

ഡോ. ഷംസീർ വയലിൽ നടത്തിയ കോടതി വ്യവഹാരത്തിലൂടെ പ്രോക്‌സി വോട്ട് 2019-ലെ ഇലക്ഷന് തൊട്ടുമുമ്പ് കോടതി അനുവദിച്ചു. എന്നാൽ അതിനാവശ്യമായ ബില്ല് പാസാക്കാതെ ആ അവസരത്തെ കേന്ദ്രസർക്കാർ അവഗണിച്ചു. അന്ന് ഒരു രാഷ്ട്രീയപാർട്ടിയും കേന്ദ്ര സർക്കാറിന്റെ നിഷേധാത്മക നിലപാടിനെ ചോദ്യം ചെയ്തില്ല. പ്രവാസലോകത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പോഷക സംഘടനകൾക്കും അതൊരു വിഷയമായില്ല.

ഇപ്പോഴും തിരഞ്ഞെടുപ്പുകളിൽ പ്രവാസി വോട്ട് വിഷയമായില്ല. ജനാധിപത്യ പ്രക്രിയയിൽ നിന്നും പ്രവാസിസമൂഹത്തെ മാറ്റിനിർത്തിയത് പൊതു ചർച്ചയിലേക്ക് വന്നില്ല. അതേസമയം വോട്ട് ചെയ്യാൻ വേണ്ടി മാത്രം നൂറുകണക്കിന് പ്രവാസികൾ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വന്നു. കേവലം തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല ആ യാത്രയുടെ ലക്ഷ്യം. മറിച്ച്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് തങ്ങളുടെ നിലപാട് വ്യക്തമാക്കുക എന്നതു കൂടിയാണ്. അതേസമയം വോട്ടവകാശത്തെ പൗരാവകാശമായി ഉയർത്തി കൊണ്ടുവരാൻ പ്രവാസ ലോകത്തെ രാഷ്ട്രീയ സംഘടനകൾക്ക് താല്പര്യമില്ല. ഭരണകൂടത്തിന്റെ ഈ രണ്ടാം തരം മനോഭാവം പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ്. അത് നേരിട്ടുള്ള അവഗണന തന്നെയാണ്.

യാത്രാക്കൊള്ള

കേരളത്തിൽ നിന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്കിലാണ് സീസൺ കാലത്ത് ഗൾഫിലേക്കുള്ള യാത്രാച്ചെലവ്. ഇതൊരു പരാതിയായി ഉന്നയിക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലേറെയായി. എയർഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ പണിമുടക്ക് നിരവധി പ്രവാസികളെ ബുദ്ധിമുട്ടിച്ചു. ഇത്തരം വിഷയങ്ങളോട് കേരളത്തിലെ എം.എൽ.എമാർക്കും എം.പിമാർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. പ്രവാസികൾ ഒറ്റക്കെട്ടായി ഇത്തരം അവഗണനകളോട് പ്രതികരിക്കാനുള്ള രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനും തയ്യാറല്ല. അത്തരം ശ്രമം നടക്കുമ്പോൾ തന്നെ പ്രവാസലോകത്തെ രാഷ്ട്രീയ സംഘടനകൾ അതിനെ തകർക്കും. കാരണം, കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവാസിവിഷയങ്ങൾക്ക് വേണ്ടിയുള്ള ഏതൊരു രാഷ്ട്രീയ ഒന്നിപ്പിനെയും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്തുണയ്ക്കില്ല. എന്ന് മാത്രമല്ല, ഓരോ സർക്കാരും സ്വീകരിക്കുന്ന പ്രവാസി നിലപാടുകളെ പ്രതിപക്ഷം എന്ന രീതിയിൽ എതിർപക്ഷം എതിർക്കുക പതിവാണ്. ചുരുക്കത്തിൽ ഇതൊക്കെ പ്രവാസികളെ നേരിട്ട് ബാധിക്കുന്നു.

ഡോ. ഷംസീർ വയലിൽ നടത്തിയ കോടതി വ്യവഹാരത്തിലൂടെ പ്രോക്‌സി വോട്ട് 2019-ലെ ഇലക്ഷന് തൊട്ടുമുമ്പ് കോടതി അനുവദിച്ചു. എന്നാൽ അതിന് ആവശ്യമായ ബില്ല് പാസാക്കാതെ ആ അവസരത്തെ കേന്ദ്രസർക്കാർ അവഗണിച്ചു.
ഡോ. ഷംസീർ വയലിൽ നടത്തിയ കോടതി വ്യവഹാരത്തിലൂടെ പ്രോക്‌സി വോട്ട് 2019-ലെ ഇലക്ഷന് തൊട്ടുമുമ്പ് കോടതി അനുവദിച്ചു. എന്നാൽ അതിന് ആവശ്യമായ ബില്ല് പാസാക്കാതെ ആ അവസരത്തെ കേന്ദ്രസർക്കാർ അവഗണിച്ചു.

പുതിയ പ്രവാസികൾ

ഇത്തരം വസ്തുതകൾ നിലനിൽക്കെ മലയാളിക്ക് ഗൾഫ് പ്രവാസത്തെ മാറ്റിനിർത്തി മുന്നോട്ടു പോകാൻ കഴിയില്ല. ഇപ്പോഴും 25-വയസിന് മുകളിലുള്ള മൂന്നാം തലമുറപ്രവാസികൾ (യുവാക്കളും യുവതികളും) ധാരാളമായി ഗൾഫ് രാജ്യങ്ങളിൽ എത്തുകയാണ്. 2023-ലെ കണക്ക് പ്രകാരം 8 കോടി 70 ലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയത്. ഇതിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ ദുബായിൽ നിന്നും പറന്നത് ഇന്ത്യയിലേക്കാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളതും യു.എ.യിലാണ്. ഇപ്പോഴും ദിനംപ്രതി 100 കണക്കിന് യുവാക്കളാണ് തൊഴിൽ അന്വേഷകരായി എത്തുന്നത്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന നേപ്പാളിലെയും ശ്രീലങ്കയിലെയും ഫിലിപ്പൈൻസിലെയും യുവാക്കൾക്കൊപ്പം മത്സരിച്ചു വേണം ഇന്ത്യൻ യുവ പ്രവാസികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ.

മാറിവരുന്ന ടെക്‌നോളജിയും ഭാഷാനൈപുണ്യവും ഉള്ളവർക്ക് മാത്രമാണ് നല്ല കമ്പനികളിൽ ജോലിസാധ്യതയുള്ളത്. ആറ് പതിറ്റാണ്ട് തികയുന്ന ഗൾഫ് പ്രവാസത്തിന്റെ മൂന്നാം തലമുറ വിസിറ്റ് വിസയിൽ വന്ന വ്യാജ റിക്രൂട്ടിങ്ങിന്റെ ഇരകളായി മാറുന്നവരുമാണ്. വർത്തമാന കാലത്തും ഇതൊരു സ്ഥിരം കാഴ്ചയാണ്. അത്തരം മനുഷ്യരെ കണ്ടെത്തി അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നതും പ്രവാസികൾ തന്നെയാണ്. സ്വന്തം നാട് പല രീതിയിൽ തിരസ്‌കൃതാനുഭവങ്ങൾ നൽകുമ്പോഴും ഓരോ പ്രവാസിയും മറ്റൊരു പ്രവാസിയെ ചേർത്ത് പിടിക്കുന്നത് മരുഭൂമിയുടെ സ്‌നേഹവായ്പ്പിന്റെ അടയാളമാണ്.


Summary: Why Malayalis still love Migration? What is the secret of being so connect with Pravasi life? - E.K. Dineshan writes.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments