ക്രൂരമായ വാശിയുടേതാണ് ഇത്തവണത്തെ തൃശൂർ പൂരം

തൃശൂർ പൂരം നടത്താൻ തീരുമാനിക്കുമ്പോൾ സർക്കാർ ആരെയാണ് പേടിക്കുന്നത്?

ആചാരച്ചടങ്ങുകൾ നടന്നില്ലെങ്കിൽ എന്തോ സംഭവിക്കുമെന്ന് കരുതുന്ന വിശ്വാസികളേയോ? താൻപോരിമയുടേയും ഗുണ്ടായിസത്തിന്റേയും മനുഷ്യ സ്നേഹമില്ലാത്തതിന്റെയും ആൺ, ആൾ രൂപങ്ങളായ തൃശൂരിലെ ദേവസ്വം ബോർഡുകാരെയോ? പൂരക്കാലത്ത് കോടികൾ മറിയുന്ന, മറിയ്ക്കുന്ന പല വിധ ബിസിനസ്സ് കാരെയോ? നാട്ടാന മാഫിയയേയോ? അതോ ബലൂണും ചോക്ക് മിട്ടായിയും കുപ്പിവളകളും മോരുംവെള്ളവും ചുക്ക്കാപ്പിയും വിൽക്കുന്ന പാവം പിടിച്ച കച്ചോടക്കാരെയോ? അവസാനത്തെ വിഭാഗത്തെയാവില്ല എന്ന് ഉറപ്പ്. കാരണം അവർ സംഘടിത ശക്തിയല്ല, അവർക്ക് ബാർഗെയിനിംഗ് പവറില്ല, നഷ്ടക്കണക്ക് ബോധിപ്പിക്കാനോ പൂരത്തിൽ പങ്കെടുക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ RTPCR ടെസ്റ്റ് നടത്താനോ ശേഷിയുള്ളവരുമായിരിക്കില്ല.

ആൺ കൂട്ടത്തിന്റെ നുരപ്പാണ് തൃശൂർ പൂരം.

കേരളത്തിലിന്നലെ കോവിഡ് പൊസിറ്റീവായവരുടെ എണ്ണം 13835.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04. എന്നു വെച്ചാൽ അഞ്ചിലൊരാൾക്ക് വൈറസ്ബാധയുണ്ടെന്നർത്ഥം. കോഴിക്കോട്ട് 1504 ഉം തൃശൂരിൽ 1149 ഉം രോഗികൾ.
ഞായറാഴ്ച രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു.

24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് രോഗം സ്​ഥിരീകരിച്ചത്​. പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധ​​.

തൃശൂർ പൂരത്തിന് കൊടിയേറി

കേന്ദ്ര സർക്കാർ കൂടുതൽ വാക്സീൻ തന്നില്ലെങ്കിൽ വാക്സിനേഷൻ ക്യാംപുകൾ മുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞത് ഇന്നലെയാണ്.. 89% പേർക്കും കേരളത്തിൻ ഇതുവരെ കോവിഡ് വന്നിട്ടില്ല. ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡ് ഏതുവരെയും പോകുന്ന സാഹചര്യം നേരത്തെയും ഉണ്ട് ഇപ്പോഴും ഉണ്ട്. ജനങ്ങൾ സഹകരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്താൽ അസുഖത്തെ നിയന്ത്രിക്കാൻ ആകുമെന്നും ഇന്നലെ മന്ത്രി പറഞ്ഞു.

ഇന്ന്, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളും ദേവസ്വം ബോർഡുകകളുമായി ചർച്ചയുണ്ടായിരുന്നു. ആന പാപ്പാൻമാരുടെ ആർടിപിസിആർ പരിശോധന ഒഴിവാക്കണമെന്നാണ് ദേവസ്വങ്ങൾ ആവശ്യപ്പെട്ടത്. ഒറ്റ ഡോസ് വാക്സീൻ എടുത്തവർക്കും അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നുവത്രേ. ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന ചർച്ച നാളെ നടക്കും. അതിൽ ചിലപ്പോൾ വാക്സിൻ എടുക്കാത്തവർക്ക് പൂരം കാണാൻ അനുമതി നൽകണമെന്നാവും ആവശ്യം.

എത്ര മനോഹരമായ ആവശ്യങ്ങൾ! എത്ര മനോഹരമായ ആചാരങ്ങൾ!

കഴിഞ്ഞ വർഷം ഈ സമയത്ത് ലോക് ഡൗണായിരുന്നു. ഒറ്റ മനുഷ്യരും പുറത്തിറങ്ങിയില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും നടന്നില്ല, കുടമാറിയില്ല, തെക്കോട്ടിറങ്ങിയില്ല, ജന സാഗരം മേളത്തിലാറാടിയില്ല, ചങ്ങലക്കിട്ട ആനകൾ നിരന്നില്ല. എന്നിട്ടും തൃശൂരിനൊന്നും പറ്റിയില്ല.

കഴിഞ്ഞ വർഷം തൃശൂർ പൂരം പൂർവ്വാധികം ഭംഗിയോടെ നടത്താൻ കഴിയാതിരുന്നതിന്റെ സങ്കടക്കണ്ണീരൊലിപ്പിച്ചിട്ടാണ് ഈ വർഷം പൂർവ്വാധികമധികം ഭംഗിയോടെ പൂരം നടത്തിയേ പറ്റൂ എന്ന് നെറ്റിപ്പട്ടപ്രേമികളും മേള പ്രേമികളും തെക്കോട്ടിറക്ക പ്രേമികളും മഠത്തിൽ വരവ് പ്രേമികളും കുട പ്രേമികളും ആവശ്യപ്പെടുന്നത്.

ബുദ്ധിശൂന്യതയുടെ നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ആചാര സംരക്ഷകരുടെ സംരക്ഷണ വാദങ്ങളെ മാറ്റിനിർത്താം എന്നിട്ട് ശുദ്ധമായ മാർക്കറ്റ് സംസാരിക്കാം. അതാണ് സംസാരിക്കേണ്ടതും. പൂരം നടന്നില്ലെങ്കിൽ അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. സംശയമൊന്നുമില്ല. ജാതി മത ആചാര ഭേദങ്ങളില്ലാതെ നഷ്ടം സംഭവിക്കും. അത് ഫാക്റ്റ്. പക്ഷേ അത് തൃശൂർ പൂരത്തിൽ ഇൻവോൾവ്ഡ് ആയവരുടെ മാത്രം നഷ്ടമല്ല. ലോകം മുഴുവൻ കടന്നു പോകുന്ന പലതരം പ്രതിസന്ധികളിലൊന്ന് മാത്രമാണത്. ആ നഷ്ടങ്ങൾ സഹിക്കുകയേ നിർവ്വാഹമുള്ളൂ. ലോകം ഇപ്പോൾ സാമ്പത്തികമായും സാമൂഹികമായും ചലിക്കുന്നത് ഈ പ്രതിസന്ധികളെ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ടിട്ടു തന്നെയാണ്. ആ പുതിയ രീതി കളുമായുള്ള പരുവപ്പെടൽ ശീലിച്ചേ മതിയാവൂ. കാരണം ദേവസ്വം ബോർഡുകാർ വിശ്വസിക്കുന്നതു പോലെ പൂരം അട്ടിമറിക്കാനുള്ള തിരക്കഥയും കൊണ്ട് വന്നതല്ല കോവിഡ് 19 വൈറസ്.

അധികം പഴക്കമില്ലാത്ത ഒരു സംഭവത്തെ ഈ സാഹചര്യത്തിൽ ഓർമയിൽ കൊണ്ടുവരികയാണ്. 2016 ഏപ്രിൽ പത്തിന് പുലർച്ചെ കൊല്ലം പുറ്റിങ്ങലിൽ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടം നടന്നു. 110 മനുഷ്യർ കത്തിയും ഉരുകിയും മരിച്ചു പോയി. ഓർമ കാണും ആ ദൃശ്യങ്ങൾ. ഭയന്നു പോയിരുന്നു നാമെല്ലാവരും. സങ്കടപ്പെട്ടു പോയിരുന്നു നാമെല്ലാവരും. വെറും ഏഴ് ദിവസം കഴിഞ്ഞായിരുന്നു തൃശൂർ പൂരം. പല കോണിൽ നിന്നും തൃശൂർ പൂരത്തിന്റെ ആർഭാടങ്ങളൊഴിവാക്കണമെന്ന് ആവശ്യങ്ങളുയർന്നു. വെടിക്കെട്ട് കുറയ്ക്കണമെന്ന് ആവശ്യമുയർന്നു. മനുഷ്യത്വമുള്ള മനുഷ്യർക്ക് അങ്ങനെയൊരു തീരുമാനമെടുക്കാൻ മരിച്ചു പോയ മനുഷ്യരോടുള്ള ഒരിത്തിരി ബഹുമാനമോ സ്നേഹമോ മതിയായിരുന്നു. പക്ഷേ ക്രൂരമായ വാശിയോടെ, പ്രൗഢ ഭീകരതയോടെ ആ വർഷവും തൃശൂർ പൂരം നടത്തി.

കോവിഡ് 19 എന്ന പകർച്ചാവ്യാധിയുടെ രണ്ടാം തരംഗം മനുഷ്യരാശിക്കു മുന്നിൽ വന്നു നിൽക്കുമ്പോഴും യാഥാർത്യ ബോധമില്ലാത്ത വൈകാരികതയോടെ പൂരം നടത്താൻ തീരുമാനിക്കപ്പെടുകയാണ്. കോവിഡ് കാലത്തെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയന്, വോട്ടു പെട്ടിയിലായിട്ടും പൂരം വേണ്ടെന്ന് വെയ്ക്കാൻ ഭയമാണോ? ആരോടാണ് ഭയം?
എവിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ? പൂരത്തേക്കാൾ വലുതല്ലേ മനുഷ്യരുടെ ജീവൻ എന്ന് പറഞ്ഞ് ഒരു പത്ര സമ്മേളനം പിണറായി വിജയൻ സർക്കാരിനെതിരെ നടത്താൻ പറ്റുമോ താങ്കൾക്ക്? ഇല്ലാ ല്ലേ?
മുഖ്യധാരാ മാധ്യമങ്ങളോടും ഒന്ന് ചോദിക്കട്ടെ? പൂരം റിപ്പോർട്ടിങ്ങ് വേണ്ടെന്ന് വെയ്ക്കാനുള്ള ധൈര്യമുണ്ടോ? ജീവൻമരണ പോരാട്ടമൊന്നുമല്ലല്ലോ അവിടെ നടക്കുന്നത്? കോവിഡ് വ്യാപന സാധ്യത തീവ്രമായി നിൽക്കുന്ന ഒരിടത്തേയ്ക്ക് റിപ്പോർട്ടർമാരെയും ക്യാമറാ പേഴ്സൺസിനേയും വിടാതിരിക്കാൻ തീരുമാനിക്കാനുള്ള ശേഷിയുണ്ടോ? സ്പോൺസർമാരും പരസ്യങ്ങളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സെറ്റാണെന്നറിയാം. എങ്കിലും വെറുതേയൊരു ചോദ്യം ചോദിച്ചതാണ്.

കോവിഡ് രണ്ടാം തരംഗം അതിതീവ്രമാണ്. മനുഷ്യർക്കു മാത്രം സാധ്യമായ ബുദ്ധിയില്ലായ്മ കൊണ്ട് മനുഷ്യർ രോഗബാധിതരാവാതിരിക്കട്ടെ. ശ്വാസം കിട്ടാതെ മനുഷ്യർ മരിച്ചു പോവാതിരിക്കട്ടെ.

Comments