മോൻസൺ ഫാക്ടറിയിലെ പൈതൃക നിർമാണവും ഉമ്പർതോ എക്കോയുടെ കുരിശും

മോൻസൺ എന്ന ഒറ്റയാളിലോ, അയാളാൽ വഞ്ചിതരാക്കപ്പെടാൻ നിന്ന് കൊടുത്ത താരമൂല്യമുള്ള വ്യക്തികളിലോ ചുറ്റിപ്പറ്റി ഈ ചർച്ചകൾ നിർത്തുകയല്ല വേണ്ടത്. ഇപ്പോൾ തന്നെ നിരവധി മോൻസൺമാർ ഉണ്ടുതാനും. ചിലപ്പോൾ ഒന്നുരണ്ട് തലമുറകൾ കഴിയുമ്പോൾ, മുമ്പെങ്ങോ വാങ്ങിയ ഉരുപ്പടി പറച്ചിലിലൂടെയും നിരന്തര കാഴ്ചയിലൂടെയും യഥാർഥ വസ്തുവായി മറുപിറവി കൊള്ളും. വാസ്തവത്തിൽ ഇവിടുത്തെ പ്രശ്‌നം കപട പൈതൃക വസ്തുക്കളെ ഉപയോഗിച്ച് കപടമായ ഓർമകളെ സൃഷ്ടിക്കുന്നതാണ്. ഇങ്ങനെ നിർമിക്കപ്പെടുന്ന വക്രീകരിക്കപ്പെട്ട ഓർമകൾ കാലക്രമേണ ചരിത്രമായും സമൂഹത്തിന്റെ പൊതുബോധമായും മാറാനിടയുണ്ട്.

‘I have seen many other fragments of the cross, in other churches. If all were genuine, our Lord's torment could not have been on a couple of planks nailed together, but on an entire forest.'
- Umberto Eco, Name of the Rose
(കുരിശിന്റെ കുറെയേറെ ശേഷിപ്പുകൾ മറ്റനേകം പള്ളികളിലും ഞാൻ കണ്ടിട്ടുണ്ട്. അവയെല്ലാം യഥാർത്ഥമാണെങ്കിൽ നമ്മുടെ കർത്താവിന്റെ പീഡാസഹനം ആണിയടിച്ച രണ്ട് പലകകളിലായിരിക്കില്ല, മറിച്ച് ഒരു വനത്തിലെ മരം മുഴുവൻ വേണമായിരുന്നതിന്).

രുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം ഉയർന്നുവന്ന ഒരു വ്യവസായ സംസ്‌കാര ആശയമാണ് പൈതൃക സംസ്‌കാര ദൃശ്യവിസ്മയം സൃഷ്ടിക്കലും അവയുടെ വാണിജ്യ പ്രചാരണ തന്ത്രങ്ങളും. ചരിത്ര പഠനങ്ങളെ പിന്തള്ളി ജനപ്രിയ വിപണന മൂല്യമുള്ള പൈതൃക രൂപങ്ങളെ ഗതകാല സുവർണ സ്മാരകങ്ങളാക്കി മാറ്റാൻ പൈതൃക വ്യവസായ ശക്തികൾക്ക് സാധിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളെ വിവിധ സ്രോതസുകളുടെ വിശകലനത്തിലൂടെ പഠിച്ച് വാഖ്യാനിക്കുന്ന ചരിത്രത്തെക്കാൾ എന്തുകൊണ്ടും മനുഷ്യനു ഹരം പകരുന്ന പൈതൃക തിരുശേഷിപ്പുകൾ കാണാനും ആസ്വദിക്കുവാനും അനേകായിരങ്ങളെ ലഭിച്ചു തുടങ്ങിയെന്നത്, ഭൂതകാലത്തിന്റെ ചരിത്രപരതയെ വിട്ട് വെറും ഗൃഹാതുരത്വത്തെ ഊട്ടിയുറപ്പിക്കുന്ന സംസ്‌കാര വ്യവസായ തന്ത്രങ്ങളെത്തന്നെയാണ് സൂചിപ്പിക്കുന്നത്.

ക്രിസ്തുവിനെ കുരിശേറ്റിയ യഥാർഥ കുരിശിന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന അവശേഷിപ്പുകൾ. വിയന്നയിലെ ഇംപീരിയൽ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്നു. / Photo: Wikimedia Commons

തടിച്ചുകൊഴുക്കുന്ന പൈതൃക വ്യവസായം

മോൻസൺ മാവുങ്കൽ എന്ന പുരാവസ്തുതട്ടിപ്പ് വിദഗ്ധനെ സൃഷ്ടിച്ചത് വളർന്നു പന്തലിച്ച പൈതൃക വ്യവസായ മേഖലയും, ഇത്തരം ഉൽപന്നങ്ങളുടെ സ്വന്തമാക്കൽ ഒരു ഹോബിയായി സ്വീകരിച്ച സമ്പന്ന വർഗത്തിൽ പെട്ടവരുമാണ്. പുരാവസ്തുശാസ്ത്രമോ, ചരിത്രമോ ഇവർക്കറിയണമെന്ന യാതൊരു നിബന്ധനയും ഈ സമാഹരണഭ്രമത്തിനു പിന്നിലില്ല. തങ്ങളുടെ സമ്പത്തും സാമൂഹിക പ്രൗഡിയും ഊട്ടിയുറപ്പിക്കുന്ന ഒരു വാളോ, കിരീടമോ, ആനക്കൊമ്പോ മുറ്റത്തു കിടക്കുന്ന ആഡംബര കാറിനൊപ്പം കൂട്ടിച്ചേർക്കുക എന്ന സാമാന്യ ചിന്ത മാത്രമാണിതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകം. പൈതൃകമെന്നത് പണ്ടെങ്ങോ ഒരു രാജാവ് യുദ്ധത്തിൽ ഉപയോഗിച്ച വാളോ, അതുമല്ലെങ്കിൽ ഒരു മെതിയടിയോ ആകണമെന്നു മാത്രം. ഇവിടെയാണ് പൈതൃക കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും തെരഞ്ഞെടുപ്പുകൾ ചില വരേണ്യ / സുവർണകാലത്തിന്റെ ഓർമകൾ മാത്രമായി മാറുന്നത്.

സുവർണ കാലഘട്ടത്തിന്റെ ചരിത്രത്തിൽ കർഷകർ ഉപയോഗിച്ച കലപ്പയും, സ്ത്രീകളുടെ കറിക്കത്തിയും, കുട്ടികളുടെ കളിപ്പാട്ടങ്ങളും പൈതൃക വ്യവസായ സംരംഭകർക്ക് വെറും ആക്രി സാധനങ്ങൾ മാത്രമായി മാറുന്നു. തങ്ങൾ ഉണ്ടാക്കിയെടുക്കുന്ന ഭ്രമാത്മക ഭൂതകാലത്തിന്റെ ഹരം പിടിപ്പിക്കുന്ന വസ്തുക്കൾ ഇവർക്ക് വെറും വിൽപ്പനചരക്കു മാത്രമാണ്. നിരന്തരമായ ഗവേഷണത്തിലൂടെ ചരിത്രകാരന്മാർ കണ്ടെത്തുന്ന ഭൂതകാലമോ, പുരാവസ്തു പഠിതാക്കളുടെ നിഗമനങ്ങളോ, ഈ പൈതൃക വ്യവസായത്തിന് വിഷയമേ അല്ല. പുരാവസ്തു വിദഗ്ധർ എന്നവകാശപ്പെട്ടുവരുന്ന ആളുകളുടെ യോഗ്യത, മേഖലയിലെ പ്രാവീണ്യം, അവർ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന വസ്തുക്കളുടെ ആധികാരികത എന്നിവയൊന്നും ഒരുതരത്തിലുള്ള ചോദ്യം ചെയ്യലിനും വിധേയമാകുന്നില്ല.

പൊതുപ്രവർത്തകർ, സാംസ്‌കാരിക മേഖലയിലുള്ളവർ തുടങ്ങി ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം പുരാവസ്തു "വിദഗ്ധന്റെ വൈദഗ്ധ്യ'ത്തിനു മുന്നിൽ ചരിത്രബോധം മുഴുവനും പണയപ്പെടുത്തി സ്വയം വിഡ്ഢികളാവുന്നത് കേരളം മുഴുവൻ കണ്ടതാണ്. മിത്തും ചരിത്രവും തമ്മിലുള്ള അന്തരമോ, വസ്തുതയും പൊള്ളവാദങ്ങളും തമ്മിലുള്ള വ്യത്യാസമോ തിരിച്ചറിയാൻ കൂടി ഇവർക്ക് കഴിയുന്നില്ല. വരേണ്യ മനുഷ്യർക്ക് തങ്ങളുടെ പ്രൗഢിയും മറ്റുള്ളവരിൽ നിന്നുള്ള വ്യതിരിക്തയും പ്രദർശിപ്പിക്കാനുതകുന്ന ഉത്തമ ഉപാധികളാവുകയാണ് പഴമയുടെ തിരുശേഷിപ്പുകൾ എന്ന പേരിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കൾ.

മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും.

പുരാവസ്തുക്കൊള്ള തകൃതി

ആഗോള തലത്തിൽ കള്ളക്കടത്ത് നടക്കുന്ന വസ്തുക്കളിൽ ആദ്യ അഞ്ചിൽ ഒന്നാണ് പൈതൃക/പുരാവസ്തുക്കൾ. മിത്തും ഭൂതകാലവും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത വിധം ബോധക്ഷയം സംഭവിച്ച ആളുകളാണ് ഈ കച്ചവട തട്ടിപ്പിന്റെ മുഖ്യ ഇരകൾ. പൈതൃക വസ്തുക്കൾ എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ യുനെസ്‌കോ ഈ വർഷം ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ദശലക്ഷം യൂറോ മൂല്യം വരുന്ന വസ്തുക്കൾ ഇതിനകം ആഫ്രിക്കയിൽ നിന്നുമാത്രം മോഷ്ടിക്കപ്പെട്ട് യുനെസ്‌കോ അംഗീകൃത വ്യാപാരികൾ എന്ന വ്യാജേന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽക്കപ്പെടുന്നുണ്ടത്രേ. മധ്യപൂർവ നാടുകളിലെ യുദ്ധ ബാധിത പ്രദേശങ്ങളിൽ വലിയ തോതിലുള്ള പുരാവസ്തു കൊള്ളകൾ നടക്കുന്നതായും യുനെസ്‌കോ റിപ്പോർട്ടിലുണ്ട്. വർഷാവർഷം 600- 800 കോടി ഡോളർ വിലമതിക്കുന്ന 50,000ഓളം മ്യൂസിയം കലാപ്രദർശന വസ്തുക്കൾ കളവുപോകുന്നുണ്ടെന്നാണ് കണക്ക്.

ഇന്ത്യയെ സംബന്ധിച്ച് ഇത്തരം പൈതൃക/പുരാവസ്തു കൊള്ളകൾക്ക് നീണ്ടകാലത്തെ ചരിത്രം ഉണ്ടുതാനും. കൊളോണിയൽ കാലത്ത് ആരംഭിച്ച കൊള്ളകളുടെ തുടർച്ചയാണ് ഇപ്പോഴും യഥേഷ്ടം നടക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക ലാഭത്തിനുമേൽ നടത്തുന്ന തട്ടിപ്പുകളിൽ നിന്ന് ഭിന്നമായി കൊളോണിയൽ കാലത്ത് അധീശത്വ ഭരണകൂടം തദ്ദേശീയ ജനതക്കുമേൽ നേടുന്ന ആധിപത്യത്തിന്റെ ഭാഗമായാണ് കൊള്ളകൾ നടത്തിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വലിയ കവർച്ചകൾക്ക് കുറവുണ്ടായില്ല.
1965നും 1970നും ഇടക്ക് നൂറിനുമേൽ കൽശില്പങ്ങളാണ് മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. കടുത്ത സുരക്ഷയുള്ള ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ നിന്നുപോലും 1968ൽ 125 പൈതൃക സ്വഭാവമുള്ള ആഭരണങ്ങളും 32 സ്വർണനാണയങ്ങളും മോഷ്ടിക്കപ്പെടുകയുണ്ടായി. പടിഞ്ഞാറൻ നാടുകളിലേക്ക് കടത്തുന്ന ഇത്തരം ഉരുപ്പടികൾ അവിടെയുള്ള ഏതെങ്കിലും മ്യൂസിയങ്ങളിൽ വ്യാജ രേഖകളോടെ പ്രദർശിപ്പിക്കുകയാണ് പതിവ്. ഇത്തരത്തിൽ ജനതയുടെ പൈതൃക/സാംസ്‌കാരിക ചിഹ്നങ്ങളും ഓർമകളും പേറുന്ന വസ്തുക്കളുടെ മേലുള്ള കൊള്ള ലോകമാസകലം പടർന്ന് പിടിച്ചിരിക്കുന്ന തീവ്രവാദ സ്വഭാവമുള്ള കൂട്ടങ്ങളുമായി പോലും ബന്ധമുള്ളതാണ്.

തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മ രാഷ്ട്രീയം

കരവിരുത്, ഉപയോഗിച്ചിരിക്കുന്ന നിർമാണവസ്തു, ശില്പഭംഗി, ലഭ്യത, കാലപ്പഴക്കം എന്നിവയനുസരിച്ച് വിലയേറുകയും കുറയുകയും ചെയ്യുന്നവയാണ് പുരാവസ്തുക്കൾ എന്നു പറയുമ്പോഴും അവയുടെ മൂല്യം യാഥാർഥത്തിൽ നിർണയിക്കുന്നത് ഈ വസ്തുക്കൾ എങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതനുസരിച്ചാണ്. തലമുറകൾക്ക് വേണ്ടി സംഭരിക്കപ്പെട്ടിരിക്കുന്ന ഓർമപ്പൊതികളായി ഓരോ പുരാവസ്തുവും പൊതുബോധത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. പുരാവസ്തു കാണാൻ പ്രതിഷ്ഠിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭ്യമാകുന്ന ഇടമായ മ്യൂസിയവും, ആർട്ട് ഗാലറിയും അവിടെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾക്ക് സവിശേഷമായ വിശുദ്ധീകരണവും, ആധികാരികതയും നല്കുന്ന ഇടങ്ങളാണ്. നിശ്ശബ്ദമായി, സാവധാനം മെല്ലെ നടന്നു നീങ്ങേണ്ടതെന്ന് പൊതുവിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഈ ഇടങ്ങൾ അവിടെ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കൾക്ക് സവിശേഷമായ വൈശിഷ്ട്യം കൽപ്പിച്ചു നൽകുന്നുണ്ട്. മുൻകാല സത്യത്തിന്റെ ഭൗതികമായ ദൃശ്യരൂപമെന്ന നിലക്കാണ് അവ പരിഗണിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷത്തിനും അവ എങ്ങോ പോയിമറഞ്ഞ പ്രാചീനതയുടെ സാക്ഷ്യവും, സൂചകവുമാണ്. അത് സാമൂഹിക ചരിത്ര ഓർമകളുടെ ശേഖരവും പ്രദർശനവുമാണ്. ഒരേ വസ്തു മ്യൂസിയമെന്ന ഇടത്തിന് വെളിയിൽ ഒരു പ്രാധാന്യവും ലഭിക്കാതെ ഇരിക്കുമ്പോൾ അകത്തതിന് മുമ്പെങ്ങുമില്ലാത്ത മൂല്യത്തിലേക്ക് പരകായ പ്രവേശനം ചെയ്യാൻ സാധിക്കുന്നു. ഇത്തരം പ്രദർശന കേന്ദ്രങ്ങളിൽ വസ്തുക്കളെ അവയുടെ ജൈവിക പരിസരത്തുനിന്ന് മാറ്റി വ്യത്യസ്തമായ ഒരു നോട്ടത്തിന് വിധേയമാക്കുകയാണ്.
ഏതൊക്കെ വസ്തുക്കളും രേഖകളുമാണ് തിരഞ്ഞെടുക്കപ്പെടുന്നത്, അവ എങ്ങനെയാണ് പ്രദർശിപ്പിക്കപ്പെടുന്നത്, അവക്ക് നൽകുന്ന സവിശേഷമായ വിശദീകരണം എന്നിവയെല്ലാം അത്ര സ്വാഭാവികമായി സംഭവിക്കുന്നത് അല്ല. ഈ തിരഞ്ഞെടുപ്പുകളും നൽകപ്പെടുന്ന വിവരണങ്ങളും എല്ലാം ഓരോ കാലത്തെയും അധീശത്വബോധത്തിന് അനുസൃതമായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക. അങ്ങനെ വരുമ്പോൾ അകത്തേക്ക് പ്രവേശിക്കാൻ തക്ക വിധത്തിൽ ഒരു വസ്തുവിനെ യോഗ്യമാക്കുന്ന മാനദണ്ഡങ്ങൾ ഓർമകളുടെ മായികക്കാഴ്ചകൾക്കപ്പുറം സൂക്ഷ്മരാഷ്ട്രീയത്തിന്റേത് കൂടിയാണ്.

പൈതൃകം പ്രചരിക്കപ്പെടുന്നത് അക്കാദമിക ചരിത്ര മേഖലയിലല്ല. പൈതൃക വ്യവസായ സംരംഭങ്ങൾ ചില വസ്തുക്കളെയും ഓർമകളെയും പെരുപ്പിച്ചു കാണിച്ച് ആധിപത്യ സ്വഭാവമുള്ള പുരാവസ്തുക്കളും മറ്റു രേഖകളും നേർരേഖീയമായ രീതിയിൽ ഒരു കഥ പറയുന്ന രീതിയിൽ അവതരിപ്പിക്കുന്നു. ഇതിനു മുമ്പുള്ള മ്യൂസിയങ്ങളുടെ ചരിത്രം പഠിക്കുമ്പോൾ തെളിവാകുന്നതും അധികാരവർഗത്തിന്റെ ആശയ പ്രചാരണ ഉപാധിയായി മ്യൂസിയങ്ങൾ മാറിയെന്നതാണ്. കൊളോണിയൽ കാലഘട്ടങ്ങളിലെ മ്യൂസിയങ്ങളിൽ പ്രസരിക്കപ്പെട്ട ആശയം വെളളക്കാരന്റെ സംസ്‌കാര അധീശത്വവും മറ്റെന്തിനെയും അപരവൽക്കരിക്കുന്ന രാഷ്ട്രീയ സങ്കൽപ്പനങ്ങളുമാണ്. ഇതിന്റെ പിന്തുടർച്ചയെന്ന രീതിയിൽ ഇന്ത്യയെപ്പോലെയുളള മൂന്നാം ലോകരാജ്യങ്ങളിലെ മ്യൂസിയങ്ങളിലും ദേശമഹാത്മ്യം വിളിച്ചോതുന്ന മുഖ്യധാരാ ചരിത്രത്തിന്റെ കാഴ്ചവസ്തുക്കളായി മ്യൂസിയങ്ങൾ മാറിയിട്ടുണ്ട്. പുരോഗതിയുടെ കഥ പറഞ്ഞ മ്യൂസിയങ്ങൾ വികസനത്തിന്റെ കഥ പറയുന്ന അവസ്ഥയിലായി എന്നു സാരം.

മൂന്നാറിലെ സ്വകാര്യ മ്യൂസിയത്തിലെ ചുവരുകളിൽ വെള്ളക്കാർ വെടിവച്ചിട്ട മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത ട്രോഫികൾ പ്രദർശിപ്പിച്ചിരിക്കുന്നതു കാണം. കടുവയെ ഒരു ബ്രിട്ടീഷുകാരനെപ്പോലെ (ധീരനായി) നേരിട്ട വെള്ളക്കാരനോട് കാഴ്ചക്കാർക്ക് ആരാധ തോന്നാറുണ്ടിപ്പോഴും. ഇത് സൂചിപ്പിക്കുന്നത്, മ്യൂസിയങ്ങളുടെ വീര ചരിത്രപ്രദർശനത്തശയത്തെ തന്നെയാണ്. ഈ വീരത്വം തന്നെയാണ് പുരാവസ്തുക്കളുടെ വിപണന സാധ്യതയെന്ന തിരിച്ചറിവാണ് പുരാവസ്തു വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉണ്ടായിരിക്കുന്നത്. പുരാവസ്തുക്കളുടെ കള്ളക്കടത്തും, കൃത്രിമ പുരാവസ്തു നിർമാണവുമെല്ലാം ചരിത്രത്തിനു പകരം മനുഷ്യരെ കീഴടക്കിയിരിക്കുന്ന വീരപൈതൃക ആശയങ്ങളുടെ സൃഷ്ടിയാണ്.

ഒരു സമൂഹത്തിന്റെ ജ്ഞാനോല്പാദനം, ചരിത്രബോധ നിർമിതി എന്നിവയിൽ മ്യൂസിയം പോലുള്ള സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഭരണവർഗത്തിന്റെ വിജയ പ്രഘോഷണങ്ങൾ മാത്രം പ്രദർശനാർഹമാകുന്ന ഇടത്തിന്റെ രാഷ്ട്രീയമാണ് മ്യൂസിയങ്ങൾക്ക് പൊതുവിൽ, ചില അപവാദങ്ങൾ ഉണ്ടെങ്കിലും. ഒരു നാടിന്റെ / ജനതയുടെ പൈതൃക ഭവനകളെയും ചരിത്ര ബോധത്തെയും ഒഴിവാക്കിയും, കൂട്ടിച്ചേർത്തും ക്രോഡീകരിച്ച് ക്ലിപ്തപ്പെടുത്തുകയാണ് ഇവിടെ. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഔദ്യോഗികമായ സാധൂകരണ ശേഷി പ്രദാനം ചെയ്യുന്ന മറ്റൊരു സ്ഥാപനം വേറെ ഉണ്ടാവില്ല. ഭരണകൂടങ്ങൾ അവശ്യം വേണ്ട സാംസ്‌കാരിക മൂലധനം കണ്ടെത്തുന്നത് ഇത്തരം പ്രദർശന കേന്ദ്രങ്ങളിലൂടെയാണ്.

തങ്ങൾക്കനുകൂലമായ ചരിത്ര ഭൂതകാല സ്മരണകൾ നിർമിക്കുക എന്നത് പൊതുവിൽ എല്ലാ ഭരണകൂടങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ള സംഗതിയാണ്. ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു നാട്ടിൽ ചരിത്രഭാവനയെ അതത് കാലത്തെ രാഷ്ട്രീയാവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ചിട്ടപ്പെടുത്തിയും, നാനാവിധത്തിലുള്ള ഉപദേശിയതകളെ വിവിധ കള്ളികളിൽ പ്രതിഷ്ഠിച്ചും ബൃഹദ് ദേശ രാഷ്ട്ര ഭാവനയിലേക്ക് സന്നിവേശിപ്പിക്കുകയാണ്. വൈവിധ്യം നിറഞ്ഞ വ്യത്യസ്ത വസ്തുക്കൾ യഥാർഥത്തിൽ തുറന്ന സംവാദങ്ങളുടെ ഇടങ്ങൾ ആവേണ്ടതിനുപകരം അറിവ് നിർമിക്കുന്ന, നിർമിച്ച അറിവിനെ സാധൂകരിക്കുന്ന കേന്ദ്രങ്ങളായി മാറുകയാണ്. പ്രദർശന വിന്യാസത്തിലും സാങ്കേതികമികവിലും മേന്മ കൂടി പുലർത്തുന്നതിലൂടെ ഈ സ്ഥലങ്ങൾ അലംഘനീയമായ അറിവ് പ്രദാനം ചെയ്യുന്ന ഇടങ്ങളായി മാറുന്നു.

ലൂവ്ര് മ്യൂസിയം, പാരിസ്

പൈതൃക മ്യൂസിയങ്ങൾ എന്ന വ്യവസായ ഹബ്ബുകൾ

ഈ സഹസ്രാബ്ദത്തിലെ രണ്ട് ദശകങ്ങളുടെ കണക്ക് മാത്രം നോക്കിയാൽ ലോകത്തിൽ മ്യൂസിയങ്ങളുടെ എണ്ണം കാൽലക്ഷത്തിൽ നിന്ന് ഇരട്ടിക്കുമേൽ വർധിച്ചിട്ടുണ്ട്. ആഗോള ശക്തിയാകാൻ കുതിക്കുന്ന ചൈനയിൽ മാത്രം നാലായിരത്തോളം മ്യൂസിയങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നു. ലോകപ്രശസ്ത മ്യൂസിയമായ ഫ്രാൻസിലെ ലൂവ്രിൽ കോവിഡിന് മുൻപുള്ള ഒരു ദശാബ്ദക്കാലത്തെ കണക്ക് നോക്കിയാൽ എല്ലാ വർഷവും ഒരു കോടിക്ക് അടുത്താളുകൾ സന്ദർശിക്കാറുണ്ടായിരുന്നു. 2018ൽ സന്ദർശകരുടെ എണ്ണം ഒരു കോടിക്ക് മേലെ പോവുകയും ചെയ്തു. കോവിഡ് 19നുതൊട്ടുമുൻപ് ലോകത്തെ നൂറ് പ്രധാന മ്യൂസിയങ്ങളിലെ സന്ദർശകരുടെ എണ്ണം 230 ദശലക്ഷമായിരുന്നു. മിക്കവാറും കായികമത്സരങ്ങളുടെ സ്റ്റേഡിയം പ്രേക്ഷകരെക്കാളും അധികമാളുകളുണ്ട് ഈ സന്ദർശകരുടെ എണ്ണത്തിന്റെ കണക്കിൽ. ഭരണകൂട നിർമിതികളായിരുന്നു ഇന്ത്യയിലെ ആദ്യകാല മ്യൂസിയങ്ങാെക്കെയും. ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാൾ 1814ൽ ആരംഭിച്ച ഇന്ത്യൻ മ്യൂസിയമാണ് ഇന്ത്യയിലെ ആദ്യ മ്യൂസിയം. 1855ൽ സ്ഥാപിക്കപ്പെട്ടതും, പിന്നീട് 1872ൽ മദ്രാസ് ഗവർണർ ആയിരുന്ന നേപ്പിയറിന്റെ പേരിൽ പുനർനാമകരണം നടത്തപ്പെട്ടതുമായ തിരുവനന്തപുരം മ്യൂസിയമായിരുന്നു കേരളത്തിൽ ആദ്യത്തേത്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യകാല മ്യൂസിയങ്ങൾക്കും അപ്പുറം സ്വകാര്യ മേഖലയിൽ ഇന്ന് ധാരാളം മ്യൂസിയങ്ങൾ തഴച്ചു വളരുന്നുണ്ട്.

കൂണുപോലെ മുളച്ചു വന്നിരിക്കുന്ന പൈതൃക മ്യൂസിയങ്ങൾ ഒരു തരത്തിൽ വ്യവസായ ഹബ്ബുകളായി മാറിയിരിക്കുകയാണ്. ഇവിടെ പൈതൃകം എന്നത് ഉപഭോക്താവിന്റെ ഇഷ്ടത്തിനും രുചിക്കുമനുസരിച്ചുള്ള കമ്പോള ചരക്കായി മാറുന്നു. ഇതിനോടൊത്തു നിൽക്കുന്ന പ്രബല വ്യവസായമായ ടൂറിസത്തിനും വേണ്ടത് സുവർണകാലബോധ നിർമ്മിതി തന്നെയാണ്. ഇവ രണ്ടും പരസ്പരം ഊർജ്ജം പകരുന്ന രണ്ടു വ്യവസായങ്ങളായി മാറിയിരിക്കുന്നു. ഇവ രണ്ടും നിർമിക്കുവാൻ ഉദ്ദേശിക്കുന്നതും അയഥാർത്ഥമായ ഭൂത / വർത്തമാന കാലങ്ങളെയാണ്. കഴിഞ്ഞ കാലം പോലെ തോന്നിക്കുന്ന (simulacra of the past) എന്തിനെയോ ഉല്പാദിപ്പിച്ച് അതിനെ സാധൂകരിക്കുവാൻ ഗൃഹാതുര വികാരത്തെ പുരാവസ്തുക്കളിലൂടെ നിർമ്മിച്ചെടുക്കുകയാണ് ഈ കൂട്ടാളികൾ. അക്കാദമിക മേഖലയിൽ പ്പോലും പൈതൃക വ്യവസായ ആശയങ്ങളുടെ വ്യാപനം കണ്ടു തുടങ്ങിയിട്ടുണ്ട്.

ഒരു ചെറിയ പൈതൃക മ്യൂസിയം പോലുമില്ലെങ്കിൽ എന്തു ചരിത്രവകുപ്പെന്ന തോന്നലാണ് കോളേജുകളിൽ പലർക്കും. നാക് (NAAC) പോലെയുള്ള റഗുലേറ്ററി കമീഷനുകൾ സന്ദർശനത്തിനു വരുമ്പോൾ ഇക്കൂട്ടർ ആവേശത്തോടു കൂടി ആനയിക്കപ്പെടുന്നത് ഈ വക മ്യൂസിയങ്ങളിലേക്കാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ ചിന്ത ഇതിനുമപ്പുറമാണ്. ബിരുദ തലത്തിൽ ചരിത്രമെന്തിന് പഠിക്കണം, ബി.എ. ടൂറിസത്തിന്റെ കോംപ്ലിമെന്ററി കോഴ്‌സായി (സഹായക കോഴ്സ്) ചരിത്രത്തെ പരിഗണിച്ചാൽ പോരേ എന്നൊക്കെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ഇക്കൂട്ടർ. ടൂറിസം മേഖലയിൽ ഗൈഡുകളായി പ്രവർത്തിക്കുമ്പോൾ കുറച്ചു ചരിത്രമെങ്കിലും പറയേണ്ടേ! ഇല്ലെങ്കിൽ, നമ്മുടെ ചരിത്രം മനസ്സിലാക്കി വരുന്ന വിദേശ സഞ്ചാരിക്കു മുന്നിൽ ഇന്നാട്ടുകാരായ സഹായികൾ ഇളഭ്യരായി നിൽക്കേണ്ടി വരില്ലേയെന്നാണ് ഇവരുടെ ആശങ്ക. തട്ടിപ്പ് വീരന്മാരുടെ 'പുരാതന' ശേഖരത്തിലേക്ക് സഞ്ചാരികളെ ആനയിച്ചുകൊണ്ടുവന്ന് അവരോട് യാതൊരു ശങ്കയും ഇല്ലാതെ അവിടെയുള്ള വസ്തുക്കളെപ്പറ്റി കഥാകഥനം നടത്തുകയാവും ഇവരുടെ അന്നത്തെ ജോലി.

മോൻസൺ എന്ന ഒറ്റയാളിലോ, അയാളാൽ വഞ്ചിതരാക്കപ്പെടാൻ നിന്ന് കൊടുത്ത താരമൂല്യമുള്ള വ്യക്തികളിലോ ചുറ്റിപ്പറ്റി ഈ ചർച്ചകൾ നിർത്തുകയല്ല വേണ്ടത്. ഒരു മോൻസൺ പോയാൽ അതുപോലെ മറ്റൊരാൾ വരും, ഇപ്പോൾ തന്നെ നിരവധി മോൻസൺമാർ ഉണ്ടുതാനും. തങ്ങൾ നിർമിക്കുന്നത് യഥാർത്ഥ വസ്തുവല്ല, അതിന്റെ പ്രതിരൂപം മാത്രമാണെന്ന് പറയുന്ന ഷോപ്പുകളിൽ നിന്നും നിർമാതാക്കളിൽ നിന്നും അവ വാങ്ങുന്ന ആളുകൾ കാലക്രമേണ അതിനെ യഥാർത്ഥ വസ്തുവുമായി ബന്ധിപ്പിക്കാൻ ഇടയുണ്ട്. ചിലപ്പോൾ ഒന്നുരണ്ട് തലമുറകൾ കഴിയുമ്പോൾ മുമ്പെങ്ങോ വാങ്ങിയ ഉരുപ്പടി പറച്ചിലിലൂടെയും നിരന്തര കാഴ്ചയിലൂടെയും യഥാർഥ വസ്തുവായി മറുപിറവി കൊള്ളുകയും ചെയ്യും. വാസ്തവത്തിൽ ഇവിടുത്തെ പ്രശ്‌നം കപട പൈതൃക വസ്തുക്കളെ ഉപയോഗിച്ചുകൊണ്ട് കപടമായ ഓർമകളെ സൃഷ്ടിക്കുന്നതാണ്. ഇങ്ങനെ നിർമിക്കപ്പെടുന്ന വക്രീകരിക്കപ്പെട്ട ഓർമകൾ കാലക്രമേണ ചരിത്രമായും സമൂഹത്തിന്റെ പൊതുബോധമായും മാറാനിടയുണ്ട്.

മിത്ത് ചരിത്രക്കുപ്പായം അണിയുമ്പോൾ

പൊതുവിൽ സമൂഹമാകെ ബാധിച്ച ചരിത്ര അജ്ഞതയാണ് ഇത്തരം തട്ടിപ്പുകൾക്ക് പ്രധാന കാരണം. സ്‌കൂൾ തലം മുതലുള്ള പാഠ്യപദ്ധതിയിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ പ്രാധാന്യം, അതിൽ തന്നെ ചരിത്രപഠനത്തിന് ഉണ്ടാകുന്ന അവഗണന തട്ടിപ്പുകാരുടെ വായ്ത്താരിയിൽ പെട്ടന്ന് ഏത് പ്രമുഖനയും വീഴ്ത്താൻ പാകത്തിലുള്ളതാണ്. ചരിത്രമെന്ന പേരിൽ പൈതൃക പഠനം വരുന്നതോടെ ചരിത്രമെന്ന ജ്ഞാനശാഖയുടെ സകല യുക്തി വിചാരങ്ങളെയും പിന്നാക്കം തള്ളി മിത്ത് ചരിത്രകുപ്പായം എടുത്തണിയുന്നു. പൈതൃകം എന്നാൽ മുൻകാലത്തെ ഏതോ രാജാവിന്റെ സിംഹാസനമോ, കഥയിൽ പരിചയപ്പെട്ട പ്രവാചകൻമാരുടെ അവശേഷിപ്പോ, മണ്ണിൽ കുഴിച്ചപ്പോൾ കിട്ടിയ പളുങ്കുപാത്രച്ചീളോ മാത്രം അല്ലെന്നും അത് അടിത്തട്ട് മനുഷ്യരുടെ സാമൂഹിക ജീവിതവുമായി, അവരുടെ ജീവിതസന്ധാരണവുമായി ബന്ധപ്പെട്ട ഒന്നാണെന്നുമുള്ള ധാരണയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകേണ്ടത്. അത് ചെറിയ ക്ലാസുകളിൽ മുതൽ ആരംഭിക്കുകയും വേണം. പ്രബല വ്യക്തിത്വങ്ങളുടെയും വരേണ്യ വിഭാഗങ്ങളുടെയും ശേഷിപ്പുകൾ മാത്രമല്ല, എളിയ മനുഷ്യരുടെ ജീവിത പരിസരവും കൂടി ചേർന്നതാണ് ചരിത്ര പൈതൃകമെന്നും അവയെ കണ്ടെത്തി അർഹിക്കുന്ന പ്രധാന്യത്തോടെ പരിഗണിക്കണമെന്നമുള്ള വലിയ ബോധ്യം സൃഷ്ടിക്കേണ്ടതുണ്ട്. വിശാലമായ സാമൂഹിക ലോകത്തെ തുറന്നുകാണിക്കുന്ന പാഠ്യപദ്ധതിയും ബോധന ശാസ്ത്രവും മാത്രമേ ഇതിനൊരു മറുമരുന്നായുള്ളൂ. അതിന് വൈകുവോളം ഇനിയും തട്ടിപ്പ് നടത്താൻ ധാരാളം മോൻസൺമാരും ഇരയാകാൻ എണ്ണിയാലൊടുങ്ങാത്ത എണ്ണം ആളുകളും ഉണ്ടാവും.

വാലറ്റം: മോൻസൺമാർ ഇന്നു വിൽക്കുന്ന 'മാർത്താണ്ഡവർമ്മയുടെ ഉടവാൾ' ഒരു നൂറു വർഷത്തിനു ശേഷം യഥാർത്ഥ വാളായി ഏതെങ്കിലും പൈതൃക മ്യൂസിയത്തിൽ കയറിപ്പറ്റിയേക്കാം!

Comments