തിയറ്ററുകളെ തകർത്ത ഒരു ബോംബെ 'ഷോലെ' കാലം

മുംബൈ നഗരത്തിലെ തിക്കും തിരക്കും നിറഞ്ഞ ഒരു ജീവിതകാലത്തിലൂടെ സഞ്ചരിച്ച്​, അക്കാലത്തെ ബോളിവുഡ്​ സിനിമകളെയും, താരങ്ങളെയും, പാട്ടുകളെയും ഓർത്തെടുക്കുന്നു. ഇന്ത്യൻ വെള്ളിത്തിരകളെ പിടിച്ചുകുലുക്കിയ സിനിമകളുടെ കാലങ്ങളിലൂടെയുള്ള ഒരു യാത്രയുടെ ആദ്യ ഭാഗം.

കൽ കി ബാത്ത്

""പാറിപ്പറക്കുന്ന സർഗാത്മകതയും അഭിനയവും എഴുത്തും സംഗീതവും ശബ്ദവും ഫോട്ടോഗ്രാഫിയുമെല്ലാംമെല്ലാം ഒപ്പം ശുദ്ധ കച്ചവടവും ഒത്തുചേർന്ന കലയാണ് സിനിമ.'' - പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യകാല തലവനും അതിനുശേഷം ഗ്രാൻഡ് റോഡിലുള്ള "ബോംബെ ഫിലിം ആക്ടിങ്ങ് സ്‌കൂൾ' സ്ഥാപിച്ച പ്രതിഭാശാലിയുമായ ഗോപാൽ ദത്തിന്റെ വാക്കുകളാണിവ. ഇന്നത് ലോകത്തിലെ നമ്പർ വൺ ഇൻഡസ്ട്രിയായി മാറിയിട്ടുണ്ട്. മാച്ചസും മക്ഡിയും ഓംകാറുമടക്കം നിരവധി ക്ലാസ് വൺ ചലച്ചിത്രങ്ങൾ ബോളിവുഡിന് സമ്മാനിച്ച പ്രഖ്യാത സംവിധായകൻ വിശാൽ ഭരദ്വാജിന് പറയാനുള്ളത്, സിനിമ അദ്ദേഹത്തിനൊരു അധ്യാപകനാണെന്നാണ്. ഒരാളുടെ വിശ്വാസത്തിനും അപ്പുറമാണ് ജീവിതമെന്നും അതാണ് തന്നെ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും "ഗല്ലി ബോയ്' എന്ന സവിശേഷ ചിത്രത്തിന്റെ സംവിധായക സോയ അക്തർ അഭിപ്രായപ്പെട്ടിരിക്കുന്നു. അങ്ങനെ പലതും പറഞ്ഞും പഠിപ്പിച്ചുമുള്ള സിനിമാലോകം.

മഹാനഗരത്തിലെ തിക്കും തിരക്കും നിറഞ്ഞ ജീവിതത്തിനിടയിൽ ലേഖകൻ കാണാനിടയായ ചലച്ചിത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ കഥപറയുവാൻ ശ്രമിക്കുകയാണിവിടെ.

നല്ല സിനിമ നന്നായിത്തന്നെ ആസ്വദിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാൻ. എന്റെ ബാല്യകാലത്ത് നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. മലയാളത്തിൽ സത്യന്റെ മിന്നൽപടയാളി മുതൽ തച്ചോളി ഒതേനൻവരേയും ന്യൂസ്‌പേപ്പർ ബോയുമെല്ലാമെല്ലാം. ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, സർവ്വോപരി എം.ജി.ആർ.തുടങ്ങിയവരുടെ ""കത്തിച്ചണ്ടകൾ നിറഞ്ച'' തമിഴ്പടങ്ങൾ കാണാനും തിയേറ്ററുകൾക്കുമുമ്പിൽ ക്യൂ നിന്നിരുന്ന കാലം പിന്നിട്ട് വർഷങ്ങൾ ഏറെയായി. എന്റെ ജ്യേഷ്ഠസഹോദരി ബേബി വലിയ സിനിമക്കമ്പക്കാരിയാണ്; എനിക്കോർമ്മവെച്ചനാൾമുതലും ഇപ്പോഴും. ഞങ്ങൾ അമ്മയോടു സിനിമകാണാൻ പണം ചോദിച്ചാൽ പതിവുപോലെ അവർ നല്കാറില്ല. അപ്പോൾ ചേച്ചി കരച്ചിലടക്കാൻ പാടുപെടുന്നതുകാണാം. ""എന്നാൽ നീ ചെന്ന് ആ കിണറിന്റെ മതിലിലിരുന്നെങ്ങാനും കരയെന്റെ മോളേ'' എന്നൊക്കെ അമ്മ കാച്ചിവിടാറുണ്ട്. അക്കാലത്ത് നായിക അശ്രുധാര പൊഴിക്കാറുള്ളത് സാധാരണമായി കിണറിന്റെ മതിലിലിരുന്നോ അല്ലെങ്കിൽ കുളക്കടവിലോ ആണല്ലോ..!

സോയ അക്തർ
സോയ അക്തർ

സിനിമയുടെ ഉത്ഭവത്തിന്റെയും വളർച്ചയുടെയും മറ്റു വിശദാംശങ്ങളുടെയും പിന്നാമ്പുറക്കഥകൾ നമുക്ക് ഇവ കൈകാര്യംചെയ്യുന്ന പ്രഗത്ഭമതികൾക്ക് വിടുകയാണ് നല്ലതെന്നു തോന്നുന്നു. എന്നാൽ, ഇന്നത്തെ സിനിമയുടെ ആദ്യരൂപമായ ബയോസ്‌കോപ്പിനെപ്പറ്റി എന്റെ പരിചയസീമയിലുള്ള ഒരു അമ്മൂമ്മ പറഞ്ഞത് ഇവിടെ പറയാതെ വയ്യ, ""പഴയകാല ക്യാമറയെപ്പോലൊരു ഉപകരണം കൈയിലേന്തി ഒരാൾ ഞങ്ങളുടെ പ്രദേശങ്ങളിൽ ചുറ്റിയടിക്കാറുണ്ട്. കള്ളിമുണ്ടും അതിന് അപവാദമായി തോന്നാവുന്ന, കറുത്ത ഹാഫ്‌കൈയൻ കോട്ടും ധരിച്ച് കൈയിലുള്ള മണി കിലുക്കി കിലുക്കി അയാൾ ജനശ്രദ്ധയാകർഷിക്കുന്നു. തുടർന്ന്, ""മന്ത്രമില്ല മായമില്ല... അമേരിക്കൻപെണ്ണുങ്ങൾ വസ്ത്രമില്ലാ നിൽക്കുന്നത് കണ്ണാലേ വാ...'' എന്നു വാക്‌ധോരണി കേൾപ്പിച്ച് ഓരോ ചില്ലിക്കാശ് വീതം കാണികളിൽനിന്നു വാങ്ങി ഓരോരുത്തരെവീതം മായമില്ലാത്ത അമേരിക്കൻപെണ്ണുങ്ങളെ കാണാൻ അവസരമൊരുക്കുന്നു. തുടർന്ന് അടുത്ത കവലയിലേക്ക് അയാൾ നീങ്ങുകയായി.'' അമ്മൂമ്മ ബയോസ്‌കോപ് ചരിതം പങ്കുവെച്ചതിങ്ങനെ. ഏതായാലും അതെല്ലാം വെറുമൊരു ഓർമ്മമാത്രമായി കലാശിച്ചിരിക്കുന്നു.

സിനിമാനിർമ്മാതാവിന്റെ സുപ്രധാന ഉദ്ദേശ്യം ധനസമ്പാദനമാണെന്നിരിക്കിലും, ചലച്ചിത്രത്തെക്കുറിച്ചുള്ള സാധാരണപ്രേക്ഷകന്റെ വീക്ഷണഗതിയും ആസ്വാദനക്ഷമതയും മാറിമറിഞ്ഞിരിക്കുന്നു. ഏതാണ്ട് ആയിരത്തിതൊള്ളായിരത്തി അറുപത് കാലങ്ങളിൽ മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരുടെ ചില കൃതികൾ നിർമ്മാതാക്കൾ ചലച്ചിത്രമാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചതായിക്കാണാം. തകഴിയുടെ ചെമ്മീൻ, എം.ടി.യുടെ അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, പി.വത്സലയുടെ നെല്ല്, കേശവദേവിന്റെ ഓടയിൽനിന്ന് തുടങ്ങിയവ ഇതിനു ചില ഉദാഹരണങ്ങളാണ്.

പ്രേമവും അതിന്റെ അനന്തസാധ്യതകളും കണക്കിലെടുത്ത് 1960-കളോടെ ഒരു പ്രത്യേക ഫോർമുലയിലാണ് സിനിമകൾ നിർമ്മിച്ചിരുന്നത്. ത്രികോണപ്രേമം ഇത്തരം ചിത്രങ്ങളിൽ അവർ ആഘോഷപൂർവം ചിത്രീകരിച്ചുപോന്നു. കുറെക്കാലം കൊണ്ടുപിടിച്ച് നടന്നിരുന്ന ഇത്തരം കഥകളിൽ അനുബന്ധമെന്നോണം ജ്യേഷ്ഠൻ ധനവാനായ വില്ലനും അനുജൻ പോലീസ് ഇൻസ്‌പെക്ടറുമായുള്ള കഥകൾ മാറ്റിയും മറിച്ചും വിളക്കിച്ചേർത്ത് സിനിമകളാക്കി. ഇവയിൽ പലതും കളക്ഷൻ റെക്കോർഡുകൾ തകർത്തു. പ്രേക്ഷകർക്ക് കുറച്ചുകൂടി മാനസികോല്ലാസം ആകാമെന്നു കരുതിയ പുതിയ സംവിധായകർ സെക്‌സ് (അതും കാബറേനൃത്തം), സ്റ്റണ്ട് തുടങ്ങിയവ സിനിമയുടെ പുത്തൻ രുചിക്കൂട്ടിൽ കലർത്തിവിട്ടു. വേറെ ചിലരാകട്ടെ പ്രേത(?)ത്തെ മുഖ്യകഥാപാത്രമാക്കി സിനിമകൾ പുറത്തിറക്കി. ഹിന്ദിയിൽ കൊഹ്‌റാ, ഗുംനാം, വോ കോൻ ഥീ? ബീസ് സാൽ ബാദ് തുടങ്ങിയവയും മലയാളത്തിൽ പാതിരാക്കാറ്റും ഭാർഗ്ഗവീനിലയവും ലിസയും ഇതിനു ഉദാഹരണങ്ങളായി പറയാം. സഹോദരപാശം, മാതൃപാശം (പാശം എന്നാൽ തമിഴിൽ സ്‌നേഹം എന്നാണർത്ഥം) എന്നീ സെൻറിമെന്റൽ വിഷയങ്ങൾ ഒരു വരട്ടുചൊറിപോലെ പരന്നുപരന്ന് ബോളിവുഡ്ഡ്, കോളിവുഡ്ഡ് സിനിമകളിൽ വല്ലാതെ ബാധിച്ച കാലമുണ്ടായിരുന്നു. അമ്മയോ അല്ലെങ്കിൽ മകനോ "പതിനാലുവർഷങ്ങൾക്കുമുമ്പ്' ഏതോ ഒരു ഉത്സവത്തിരക്കിൽ കാണാതാകുകയും കഥാന്ത്യത്തിൽ അവരിലൊരാളുടെ കൈയിൽ പച്ചകുത്തിയതോ കഴുത്തിലണിഞ്ഞ ലോക്കറ്റോ ആ കക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഹൺഡ്രഡ് പെർസൻറ്​ മെലോഡ്രാമ നിറഞ്ഞ ചിത്രങ്ങൾ വൻപ്രദർശനവിജയം കൈവരിച്ച കഥയും നമുക്കറിയാം. ഇത്തരം സിനിമകളുടെ അവസാനരംഗം ഒന്നു ശ്രദ്ധിക്കാം.

""ഇത് നിന്റെ അമ്മയാ മോനേ'' അല്ലെങ്കിൽ ""നോക്കൂ ഇതു നിങ്ങളുടെ മകളാണ്'' എന്നൊക്കെ കഥയിലെ മുതിർന്ന ഒരാൾ അവനെ/അവളെ പരിചയപ്പെടുത്തുന്നു. അന്നുവരെ കാണുകയോ കേൾക്കാത്തതോ ആയ ആ കക്ഷിയെ അമ്മ ""എന്റെ മോളേ/മോനേ....'' എന്നൊക്കെ വിളിച്ച് കെട്ടിപ്പിടിക്കുന്നു. ഈ രംഗത്തിനുവേണ്ടി കാത്തുനിൽക്കുന്ന ഹാസ്യനടൻ ഒരു ഫാമിലിഫോട്ടോ എടുക്കുന്നതോടെ നമ്മുടെ സിനിമയ്ക്ക് കർട്ടൻ വീഴുകയായി.
ഇങ്ങനെ വെട്ടിത്തിരുത്തിയ സിനിമാഫോർമുലകുറിപ്പടികൾ കുറെക്കഴിഞ്ഞപ്പോൾ പിഞ്ഞി പഴഞ്ചനായി പ്രേക്ഷകർക്കു തോന്നിത്തുടങ്ങി. അപ്പോൾ തിരക്കഥാകൃത്തും സംവിധായകനും ഒത്തുപിടിച്ച് ചില തമാശസിനിമകളും സ്റ്റണ്ട് സിനിമകളും സെക്‌സിന്റെ അതിപ്രസരമെന്ന് അന്നുകാലത്ത് സിനിമാവിമർശകർ വിധിയെഴുതിയ ചിലവയും തല്ലിക്കൂട്ടി വെള്ളിത്തിരയിലെത്തിക്കാൻ തുടങ്ങി. ഇന്ന് രാഷ്ട്രീയം പൊതുവെ എല്ലാവരും കൈയിലെടുത്തു അമ്മാനമാടിക്കൊണ്ടിരിക്കുന്ന വിഷയമായതിനാൽ സിനിമാപ്രവർത്തകർ അതിന്റെയും പിന്നാലെ ചെന്നതായി കാണാം. അങ്ങിനെ അങ്ങിനെ സംവിധായകന്റെയും നിർമ്മാതാവിന്റെയും ആഗ്രഹമോ ഭാവനയോ അനുസരിച്ച് ആഴ്ചതോറും തയ്യാർചെയ്യപ്പെട്ട സിനിമകൾ വിവിധ ബാനറുകളിൽ തിയേറ്ററിലെത്തിക്കൊണ്ടിരിക്കുന്നു. കോവിഡ് വ്യാപനം താല്ക്കാലികമായി അതിന് വിരാമമിട്ടിരിക്കുകയാണ്.

വെടിയേറ്റ് ചികിത്സയിലായിരിക്കെ ആശുപത്രി കിടക്കയിൽ വെച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എം.ജി.ആർ. (1967)
വെടിയേറ്റ് ചികിത്സയിലായിരിക്കെ ആശുപത്രി കിടക്കയിൽ വെച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എം.ജി.ആർ. (1967)

ആദ്യകാലങ്ങളിൽ തമിഴ്‌സിനിമകൾക്ക് കേരളം അത്ര വലിയ മാർക്കറ്റ് പ്ലേസ് ഒന്നുമായിരുന്നില്ല. മലയാളസിനിമകൾ കഴിഞ്ഞുമാത്രമേ നമ്മുടെ മലയാളി അവ കാണാൻ താല്പര്യമെടുക്കാറുള്ളൂ. എന്നാൽ, എം.ജി.ആർ., ശിവാജി ഗണേശൻ, വീരപ്പ, എം.എൻ.നമ്പ്യാർ തുടങ്ങിയവർ അഭിനയിച്ച ചിത്രങ്ങൾമാത്രം ഇതിന് ഒരപവാദമാകാറുണ്ട്. തമിഴകത്തുനിന്ന് നല്ലതും ബോറുകളുമായ ചിത്രങ്ങൾ ഇപ്പോഴും കേരളത്തിലെത്തുന്നുണ്ട്. എം.ജി.ആർ., ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, സാവിത്രി, സരോജദേവി, ജയലളിത എന്നിവരായിരുന്നു അക്കാലങ്ങളിൽ പ്രമുഖ നായികാനായകന്മാരായി വേഷമിട്ടിരുന്നവർ. തങ്കവേലു, ചന്ദ്രബാബു എന്നീ ഹാസ്യനടന്മാർ തമിഴ്‌സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ""പമ്പരക്കണ്ണാലേ കാതൽ സംഗതി ചൊന്നാളേ/തങ്കശിലൈപോൽ എന്നെ തപിക്കവിട്ടാലേ...'' എന്ന ചന്ദ്രബാബുവിന്റെ പാട്ടിന് ഒരുപാട് പാരഡികൾ മലയാളത്തിൽ ഉണ്ടായി. ശ്രീധറിന്റെ "നെഞ്ചിൽ ഒരു ആലയം' എന്ന ചിത്രത്തിൽ ഹോസ്പിറ്റലിലെ കംപൗണ്ടറായി വെള്ളിത്തിരയിൽ ആദ്യമായെത്തിയ നാഗേഷ് അനനുകരണീയമായ അഭിനയമാണ് കാഴ്ചവെച്ചത്. നാഗേഷ് വീണ്ടും തന്റെ അഭിനയചാതുരി തെളിയിച്ചവയാണ് എസ്.ബാലചന്ദറിന്റെ "സർവർ സുന്ദര'വും ജയകാന്തന്റെ "യാരുക്കാക അഴുതാൻ'എന്ന സിനിമയും.

വീരപ്പ, എം.എൻ. നമ്പ്യാർ, എം.ആർ. രാധ, അദ്ദേഹത്തിന്റെ മകൻ എം.ആർ. വാസു എന്നിവരായിരുന്നു തമിഴ്‌സിനിമകളിലെ പ്രധാനവില്ലൻ കഥാപാത്രങ്ങൾ. എന്തോ വൈരാഗ്യത്തിൽ എം.ആർ. രാധ എം.ജി.ആറിനുനേരെ വെടിയുതിർത്തു. തുടർന്ന് ജീവിതാന്ത്യംവരെ സംസാരവൈകല്യം എം.ജി.ആറിന് അനുഭവിക്കേണ്ടിവന്ന കഥയും അധികമാരും മറക്കാനിടയില്ല.
എന്റെ യൗവനാരംഭത്തിൽ ഞങ്ങളുടെ പട്ടണത്തിൽ തിയേറ്ററുകളുടെ എണ്ണം നാലായി ഉയർന്നിരുന്നു. അതിൽ കേരളവർമ്മ കോളേജിനടുത്തുള്ള "മാത' തിയേറ്ററിൽ (ഇന്നത് ബിന്ദു എന്ന പേരിൽ അറിയപ്പെടുന്നു) ഞായറാഴ്ചകളിലെ മോണിംഗ് ഷോ കാണാൻ പ്രേക്ഷകർക്ക് ടിക്കറ്റ് വിലയുടെ കാൽഭാഗം തുക നല്കിയാൽ മതിയാകുമായിരുന്നു. അങ്ങനെ ഞായറാഴ്ചകളിൽ അവിടെ പ്രദർശിപ്പിച്ചുപോന്ന നിരവധി ഹിന്ദി/ബംഗാളി/ഇംഗ്ലീഷ് സിനിമകൾ കാണാൻ അവസരം ലഭിച്ചു. സത്യജിത് റേയുടെ അപരാജിത, അപുർസൻസാർ, പഥേർ പാഞ്ചാലി എന്നീ ചിത്രങ്ങൾ കണ്ടത് അങ്ങനെയാണ്. യുവാക്കളുടെ ആരാധനാപാത്രമായിരുന്ന ദേവാനന്ദിന്റെ ഹം ദോനോം, ബാത് ഏക് രാത് കി, ബനാറസി ബാബു, ഗൈഡ്, ജ്വൽ തീഫ്, ബർസാത് കി രാത് തുടങ്ങിയ സിനിമകൾ നിറഞ്ഞ സദസ്സിൽ ഇവിടെ പ്രദർശിപ്പിച്ചുപോന്നു. ദേവാനന്ദ് സിനിമകളിലെ സംഗീതസംവിധാനം എസ്.ഡി.ബർമ്മന്റേതായിരുന്നു. അതിനുശേഷം മകൻ ആർ.ഡി.ബർമ്മൻ ആ ദൗത്യം മനോഹരമായി നിർവ്വഹിച്ചു. ആ ഗാനങ്ങൾ എല്ലാംതന്നെ അനശ്വരമായി ഇന്നും സംഗീതലോകത്തുണ്ട്.

സൗമിത്ര ചാറ്റർജി, ഷർമിള ടാഗോർ എന്നിവർ അപുർ സൻസാറിൽ
സൗമിത്ര ചാറ്റർജി, ഷർമിള ടാഗോർ എന്നിവർ അപുർ സൻസാറിൽ

വാൾട്ട് ഡിസ്‌നിയുടെ സിനിമകളുടെ ഒരു മേളയിൽ ജോസ് തിയേറ്ററിൽ കണ്ട "ഓൾഡ് യെല്ലർ' എന്ന സിനിമയിൽ കാട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തിൽ അൾസേഷ്യൻനായ "യെല്ലർ' അവിചാരിതമായി വന്നെത്തി അവരിൽ ഒരംഗമാകുന്നതാണ് കഥ. അവസാനം അതിന് പേവിഷം ബാധിച്ചപ്പോൾ വെടിവെച്ചുകൊല്ലാൻ നിർബ്ബന്ധിതനാകുന്ന കുടുംബനാഥന്റെയും കരഞ്ഞുകൊണ്ട് യെല്ലറെ കൊല്ലരുതേ എന്ന് അപേക്ഷിക്കുന്ന അയാളുടെ ചെറിയ മകന്റെയും "എന്നെ കൊന്നോളൂ' എന്ന് കണ്ണുകൊണ്ടു പറയുന്ന യെല്ലറുടെ മുഖവും പത്തമ്പത്തഞ്ചുവർഷങ്ങൾ കഴിഞ്ഞും മറക്കാനാകുന്നില്ല. ഗൺസ് ഓഫ് നവറോൺ, ടെൻ കമാൻഡ്‌മെൻറ്സ്​, ബെൻഹർ തുടങ്ങിയ എം.ജി.എം./വാർണർ ബ്രദേഴ്‌സ് ചിത്രങ്ങൾ അക്കാലത്ത് പ്രേക്ഷകരെ കോൾമയിർ കൊള്ളിച്ച ഇംഗ്ലീഷ് സിനിമകളാണ്. ജെയിംസ്‌ബോണ്ട് 007 ചിത്രങ്ങളുടെ ഒരു നിരതന്നെ എന്റെ കോളേജ് പഠനകാലത്ത് കാണാനിടയായിട്ടുണ്ട്. ഒരു സിനിമയിൽ ഏജന്റ് 007 തന്റെ എതിരാളിയെ തലയ്ക്കടിച്ച് താഴെയിടുന്നതാണ് രംഗം. അവിടെ ഒരു പബ്ലിക്ക് ടെലഫോൺ ബൂത്തിൽ തൂക്കിയിട്ട "OUT OF ORDER' എന്ന ബോർഡ് കാണാം. ഷോൺ കോണേറി (007) ആ ചെറിയ ബോർഡ് ഇടിയേറ്റ് ബോധരഹിതനായ എതിരാളിയുടെ കഴുത്തിൽ തൂക്കിയിടുന്ന രംഗം ആരിലും ചിരിയുണർത്തും. അദ്ദേഹം വേഷമിട്ട ജെയിംസ്‌ബോണ്ട് ചിത്രങ്ങളിലെ "ആ ത്രില്ല്' പിന്നീട് കാണാനിടയായ 007 സിനിമകളിൽ അനുഭവപ്പെട്ടിട്ടില്ല.

ഷോൺ കോണേറി ജയിംസ് ബോണ്ട് വേഷത്തിൽ
ഷോൺ കോണേറി ജയിംസ് ബോണ്ട് വേഷത്തിൽ

മെർലിൻ മൺറോ, റോസാന പൊഡെസ്റ്റ, സോഫിയ ലോറൻ, റാക്വൽ വെൽച് എന്നീ നടികൾ ഹോളിവുഡ്ഡിലെ ഏറ്റവും ഉന്നതശ്രേണിയിൽ വിഹരിച്ചിരുന്നവരാണ്. ചാർളി ചാപ്ലിനും ലോറൽ ആന്റ് ഹാർഡിയും ജെറി ലൂയിസും അഭിനയിച്ച സിനിമകളും കേരളത്തിലെ തിയേറ്ററുകളിൽ അക്കാലത്ത് പ്രദർശിപ്പിച്ചുപോന്നു. കാലംമാറുകയും സിനിമാചിത്രീകരണത്തിലെ സാങ്കേതികവിദ്യകൾ വല്ലാതെ ഉയർന്ന് ആകാശത്തോളമെത്തുകയും ചെയ്തപ്പോൾ യന്ത്രമനുഷ്യരും അമാനുഷികശക്തിയുള്ള കോക്കാച്ചി(തൃശൂർ ഭാഷയാണ്)കളും ചില ഇംഗ്ലീഷ് സിനിമ കീഴടക്കി എന്നെപ്പോലുള്ളവർക്ക് കണ്ടിരിക്കാൻ പ്രയാസമായിത്തുടങ്ങിയിരിക്കുന്നു. ആന്റണി ക്വിൻ, ഓമർ ഷെറിഫ്, യുൾ ബ്രിന്നർ തുടങ്ങിയ ഹോളിവുഡ് നടന്മാരുടെ സിനിമകൾ മലയാളിപ്രേക്ഷകർ നെഞ്ചിലേറ്റിയവയാണ്.

കോളേജ് വിദ്യാഭ്യാസത്തിനുശേഷം അല്പം രാഷ്ട്രീയവും വായനയുമൊക്കെയായി ജീവിച്ചുപോന്ന കാലം. ജീവസന്ധാരണത്തിന് 1975-ൽ ബോംബെയിലെത്തിപ്പെട്ടു. ദാദറിൽ വണ്ടിയിറങ്ങി ചെമ്പൂരിലുള്ള സഹോദരി ബേബിയുടെ വീട്ടിലേക്കുള്ള ടാക്‌സി സഞ്ചാരവേളയിൽ റോഡിന് ഇരുവശത്തുമുള്ള കൂറ്റൻ ബിൽബോർഡുകളിൽ പതിപ്പിച്ചിരുന്ന സിനിമാപോസ്റ്ററുകളാണ് ഞാൻ ശ്രദ്ധിച്ചത്, അല്ലാതെ രണ്ടുനില ബസുകളോ ആകാശംമുട്ടുന്ന കെട്ടിടങ്ങളോ റോഡിലൂടെ ഒഴുകുന്ന പരശ്ശതം കാറുകളോ ഒന്നുമായിരുന്നില്ല. ചെമ്പൂരിലുള്ള വീട്ടിൽ എത്തുമ്പോൾ ഉച്ചയൂണിനുള്ള ഏകദേശസമയമായിരുന്നു.

കുളിച്ചു അലക്കിത്തേച്ച ഒറ്റമുണ്ടും ഷർട്ടുമണിഞ്ഞ് പുറത്തുകടക്കവേ ബേബി ചോദിച്ചു, ""നീയിപ്പോ എവിടേയ്ക്കാ?''
""ഇപ്പ വരാ''മെന്നു ഉത്തരംപറഞ്ഞ് ഞാനിറങ്ങിയത് മാട്ടുംഗയിലെ അറോറ തിയേറ്റർ അന്വേഷിച്ചാണ്. ബോംബെ സിനിമാകൊട്ടകകളിൽ "ഷോലെ' തകർക്കുന്ന കാലമായിരുന്നു അത്. തിക്കുംതിരക്കും നിറഞ്ഞ അറോറയിലെത്തിയപ്പോൾ സിനിമ തുടങ്ങി അഞ്ചു പത്തുമിനിറ്റുകൾ കഴിഞ്ഞിരുന്നു. അങ്ങനെ ബോംബെയിൽ എന്നെ എതിരേറ്റത് "ഷോലെ' (ആളിക്കത്തുന്ന അഗ്നി) തന്നെയായിരുന്നുവെന്ന് ആലങ്കാരികമായി പറയാം.

ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ. ഷോലെയിലെ രംഗം.
ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ. ഷോലെയിലെ രംഗം.

മാസങ്ങളോളം നീണ്ടുനിന്ന ജോലി അന്വേഷണത്തിന്റെ അവസാനമെന്നോണം മറാഠി ചലച്ചിത്രകാരന്മാർ പലപ്പോഴും സന്ദർശിക്കാറുള്ള വിലേപാർലേയിലെ ചെറിയ ആഡ് ഏജൻസിയിൽ ജോലി ലഭിച്ചു. പ്രതിമാസം 500 ക ശമ്പളവും റെയിൽവേ പാസ് സൗജന്യവും എന്ന വ്യവസ്ഥയിൽ. ഏജൻസിയിലെ ജീവനക്കാർ എല്ലാവരും ചെറുപ്പക്കാരും സിനിമാപ്രേമികളുമായിരുന്നതാണ് ഏറ്റവും രസകരമായ വസ്തുത. അതോടെ എന്റെ സിനിമാജ്വരം കൂടി. ബാസു ചാറ്റർജി അക്കാലത്ത് ബ്ലിറ്റ്‌സ് വീക്ക്‌ലിയിലെ കാർട്ടൂണിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ "രജനീഗന്ധ', "ഛോട്ടീ സി ബാത്ത്' "ചിത് ചോർ' എന്നീ ലോ ബജറ്റ് സിനിമകൾ ബോക്‌സ് ഓഫീസ് ഹിറ്റുകളായി. യേശുദാസ് ഹിന്ദിസിനിമകളിൽ പാടാനാരംഭിച്ചത് ഈ സിനിമകളിലാണ്. ""ജാനേമൻ ജാനേമൻ...'' ""ജബ് ദീപ് ജലേ'' ""ഗോരി തേരാ ഗാവ് ബഡാ പ്യാരാ...'' തുടങ്ങിയ അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങൾ നമ്മുടെ ഹൃദയത്തെ ഇപ്പോഴും തൊട്ടുണർത്തുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനും നാടകക്കമ്പക്കാരനുമായ അമോൽ പലേക്കറും ഓഫീസ് റിസപ്ഷനിസ്റ്റായ വിദ്യാസിൻഹയും ആദ്യമായി വെള്ളിത്തിരയിലെത്തിയ പ്രത്യേകതയും ഇവയ്ക്കുണ്ട്. മാട്ടുംഗയിലെ ഇടത്തരം കുടുംബാംഗമായ വിദ്യാസിൻഹ മരണമടഞ്ഞ് ഒരു വർഷത്തോളമായി. വെങ്കിടേശ്വര അയ്യർ ആണ് അവരുടെ ഭർത്താവ്. ഗുജറാത്തിസിനിമയിലെ അമിതാബ് ബച്ചനെന്ന് അറിയപ്പെട്ടിരുന്ന അസ്രാണി ബോളിവുഡ്ഡിൽ തുടക്കംകുറിച്ചത് ഛോട്ടി സി ബാത്തിലൂടെയാണ്. ആൽഫ്രഡ് ഹിച്ച്‌കോക്കിനെപ്പോലെ തന്റെ എല്ലാ സിനിമകളിലും ബാസു ചാറ്റർജി ഒരു സെക്കന്റ് തല കാണിക്കുന്ന ടെക്‌നിക്ക് പ്രിയദർശന്റെ ചില സിനിമകളിലും കാണാം.

ബാസു ചാറ്റർജി
ബാസു ചാറ്റർജി

അല്പകാലത്തിനുശേഷം ബാസുദാ വീണ്ടും ബോളിവുഡ്ഡിൽ സജീവമായി രംഗത്തെത്തി. കിരായദാർ, ബാത്തോം ബാത്തോം മെ, കഠാ മീഠാ തുടങ്ങിയവ ഹാസ്യരസപ്രാധാനമുള്ള അദ്ദേഹത്തിന്റെ സിനിമകളാണെങ്കിൽ ഗിരീഷ് കർണാടും ഹേമമാലിനിയും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച "രത്‌നദീപ്', ഭാര്യാഭർതൃബന്ധത്തിന്റെ പവിത്രത വെളിപ്പെടുത്തുന്ന ബാസുദായുടെ ഒരു ഉത്തമകലാസൃഷ്ടിയാണ്. വലിയൊരു ഹവേലിയിലെ ഗൃഹനാഥനെ പെട്ടെന്നൊരു ദിവസം കാണാതാകുന്നു. ഏറെക്കാലം അദ്ദേഹത്തിന്റെ പത്‌നി തന്റെ ഭർത്താവിനായി കാത്തിരിക്കുന്നുണ്ട്. നിരാശയായ ആ വീട്ടമ്മ ഒടുവിൽ വെള്ളവസ്ത്രം ധരിച്ച് വിധവാജീവിതം നയിക്കാനാരംഭിക്കുന്നു. ഇതിനിടെ അവരുടെ ഭർത്താവ് അപ്രതീക്ഷിതമായി മടങ്ങിയെത്തി. ഹവേലിയിലെ അന്തേവാസികളിൽ വീണ്ടും ആഹ്ലാദം വന്നണഞ്ഞു. ആ സ്ത്രീയുടെ ജീവിതം ഒരിക്കൽക്കൂടി പുഷ്പിക്കാനാരംഭിച്ചു. പക്ഷേ, അവരുമായി ശാരീരികബന്ധത്തിന് അയാൾ മുതിരുന്നില്ല. താനൊരു വ്രതമനുഷ്ഠിക്കുകയാണെന്ന് അയാൾ നുണ പറഞ്ഞൊഴിയുന്നു. എന്നാൽ, ആ സ്ത്രീയ്ക്ക് തന്റെ ഭർത്താവിനോടുള്ള ആദരവും ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളതയും മനസ്സിലാക്കിയ അയാൾ, താൻ അവരുടെ ഭർത്താവല്ലെന്നും അതേ മുഖച്ഛായയുള്ള ഒരു വഞ്ചകനാണെന്നും സ്വത്ത് കൈക്കലാക്കാനാണ് അവിടെ എത്തിയതെന്നും വെളിപ്പെടുത്തുന്നതോടെ ‘രത്‌നദീപ് ’എന്ന ചിത്രം പരിണാമഗുപ്തിയിലെത്തി.

മാനസികവിക്ഷോഭംകൊണ്ട് അലമുറയിട്ട് കരഞ്ഞ് ആ സ്ത്രീ മുറിയിലെ വസ്തുക്കൾ വാരിവലിച്ചെറിയുന്ന കൂട്ടത്തിൽ അനേകം തിരികൾ കത്തിക്കൊണ്ടിരിക്കുന്ന "രത്‌നദീപ്' തട്ടിമറിഞ്ഞ് തീ ആളിപ്പടർന്നു. പൊള്ളലേറ്റ ആ സ്ത്രീ അങ്ങനെ മരിക്കുകയാണ്. സാധാരണനടിയായ ഹേമമാലിനി അത്യന്തം വികാരതീവ്രമായിത്തന്നെയാണ് വിധവയുടെ റോൾ അവതരിപ്പിച്ചത്. ഗിരീഷ് കർണാടിന് നായകവേഷമുള്ള ഈ ചിത്രം നമ്പർ വൺ ഗണത്തിൽപെടുത്താമെങ്കിലും ബോളിവുഡ് പ്രേക്ഷകരും നിരൂപകരും വലിയ പ്രശംസയൊന്നും അതിന് നല്കിയില്ല എന്നത് ഖേദകരമാണ്.

ഗിരീഷ് കർണാട്, ഹേമമാലിനി. രത്‌നദീപിലെ രംഗം (1979) / Photo: NFAI
ഗിരീഷ് കർണാട്, ഹേമമാലിനി. രത്‌നദീപിലെ രംഗം (1979) / Photo: NFAI

വേറിട്ട ചില പരീക്ഷണസിനിമകളും ബോളിവുഡ്ഡിൽ അക്കാലത്ത് സമാന്തരമായി തുടങ്ങിവെച്ചിരുന്നു. 27 ഡൗൺ ആണ് അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത്. ദേശീയ അവാർഡ് പ്രഖ്യാപിച്ച അതേ ആഴ്ചയിൽ നിർമ്മാതാവും സംവിധായകനുമായ അവതാർ കൃഷ്ണ ജൂഹു ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃത്താന്തമാണ് നാം അറിയുന്നത്. അതിന്റെ ദുരൂഹത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 27 ഡൗണിൽ(വാരാണസി എക്‌സ്​പ്രസിൽ) വെച്ച് എല്ലാ ദിവസങ്ങളിലും നായികയെ (രാഖി) ടി.സി.(ടിക്കറ്റ് കളക്ടർ)യായ നായകൻ (എം.കെ.റെയ്‌ന) കണ്ടുമുട്ടുന്നു. പ്രണയബദ്ധരായ അവർ വൈകാതെ വിവാഹിതരാകാൻ തീരുമാനിക്കുന്നതിനുമുമ്പ് സഞ്ജയിനെ നിർബ്ബന്ധിച്ച് വീട്ടുകാർ പെണ്ണുകെട്ടിക്കുന്നു. ജോലികഴിഞ്ഞ് ക്ഷീണിതനായെത്തുന്ന അയാളെ നോക്കി നവവധു സംശയദൃഷ്ട്യാ ചോദിക്കുന്നത്, ""ബംബയ് മേ ഘംണ്ടോം കാ ഇസ്സാബ് മെ ലഡ്കി മിൽതിഹേ ക്യാ?'' (ബോംബെയിൽ മണിക്കൂറനുസരിച്ച് പെൺകുട്ടികളേ ലഭിക്കുമില്ലോ?) എന്നാണ്. സാധു മെഹർ എന്ന പ്രസിദ്ധ മറാഠി നാടകനടനാണ് നവവധുവിനോട് ഈ ഏഷണി പറയുന്ന വിദ്വാനായി വേഷമിട്ടത്. ഏതായാലും 27 ഡൗൺപോലുള്ള സിനിമകൾ പിന്നീട് ബോളിവുഡ്ഡിൽ അധികം പുറത്തുവന്നില്ല.

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ സിനിമകൾ

ഹിന്ദിസിനിമാ സംവിധായകരിൽ ചിലർ സാമൂഹികപ്രതിബദ്ധതയുള്ള സിനിമകൾ ചെയ്യാൻ ഇതേകാലത്ത് മുന്നോട്ടുവന്നു. എം.എസ്. സത്യുവിന്റെ ഗരം ഹവ, ഇന്ത്യാ-പാക്കിസ്ഥാൻ വിഭജനകാലം ഓർത്തെടുക്കുന്ന ഉജ്ജ്വല കലാസൃഷ്ടിയായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇതിലൂടെ ബൽരാജ് സാഹ്നി തന്റെ അഭിനയസിദ്ധി ഒന്നുകൂടി ഔന്നത്യത്തിലെത്തിച്ചു. വിഭജനാനന്തരം രാജ്യംവിടാൻ നിർബ്ബന്ധിതരായി സാധനസാമഗ്രികൾ ഒതുക്കി കെട്ടിപ്പൂട്ടി ഒരു മുസ്​ലിം കുടുംബം സ്ഥലംവിടാനൊരുങ്ങുമ്പോൾ അവരുടെ ധാദിമായെ (അമ്മൂമ്മയെ) കാണാനില്ല. അവരെ അന്വേഷിച്ചുചെല്ലുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് താഴെയുള്ള ഒഴിഞ്ഞസ്ഥലത്ത് ഒളിച്ചിരുന്ന് ആ അമ്മൂമ്മ കണ്ണീരൊഴുക്കുകയാണ്. അവർക്ക് ഇന്ത്യ വിടാൻ ഇഷ്ടമില്ലെന്ന് അറിയിക്കുകയാണങ്ങനെ.

ഗരം ഹവയിലെ രംഗം
ഗരം ഹവയിലെ രംഗം

ഇടതുപക്ഷ പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമായ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ (IPTA) സജീവപങ്കാളിത്തമുള്ളവരാണ് ഗരം ഹവയുടെ പിന്നണിപ്രവർത്തകരെല്ലാം. സലിംമിർസ എന്ന തുകൽ ഉല്പന്നവ്യാപാരിയുടെ (ബൽരാജ് സാഹ്നി) അമ്മയുടെ റോൾ പ്രശസ്തഗായിക ബേഗം അക്തറിനായി നീക്കിവെച്ചതാണെങ്കിലും അവർ അത് നിരസിച്ചതിനെത്തുടർന്ന് ബോംബെ ചുവന്ന തെരുവിൽനിന്ന് ബാദർ ബേഗത്തെ സംവിധായകൻ കണ്ടെത്തുകയും അവർക്ക് അമ്മവേഷം നല്കുകയുമാണ് ഉണ്ടായത്. സിനിമയിലഭിനയിക്കാൻ ആഗ്രയിൽനിന്ന് ഒളിച്ചോടി പത്തമ്പത് കൊല്ലങ്ങൾക്കുമുമ്പ് ബോംബെയിലെത്തിയ അന്നത്തെ ആ പതിനാറുകാരി പെൺകുട്ടി ഒടുവിൽ കാമാഠിപുരയിലെ പിഞ്ജറയിൽ (കൂട്ടിൽ) ചെന്നുപെട്ടു. ഗത്യന്തരമില്ലാതെ അവൾ വേശ്യാത്തെരുവിൽത്തന്നെ ജീവിക്കാനിടയായ സാഹചര്യവും സത്യു ഒരിടത്ത് എഴുതിയിട്ടുണ്ട്. ബാദറിന്റെ സിനിമാകമ്പം ഒടുവിൽ പൂർത്തീകരിക്കപ്പെട്ടത് ഗരം ഹവയിലാണ്. (അപ്പോൾ ബാദൽ ബേഗത്തിന് എഴുപതു വയസ്സായിരുന്നു.) ഇതിന്റെ ചിത്രീകരണവേളയിൽ അവരുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിരുന്നുവെന്നതു വിധിവൈപരീത്യമായി തോന്നാം. ഗരംഹവ സ്‌ക്രീനിൽ എത്തുന്നതിനുമുമ്പുതന്നെ നമ്മുടെ പ്രിയപ്പെട്ട നടൻ ബൽരാജ് സാഹ്നിയും ലോകം വെടിഞ്ഞു.

ഏതാണ്ട് ഇതേകാലത്ത് റിലീസ് ചെയ്യപ്പെട്ട ഗരോണ്ട (കൂട്) എന്ന ഭീംസെന്നിന്റെ ചിത്രം (അമോൽ പാലേക്കർ, സറീന വഹാബ്, ശ്രീറാംലാഗു) ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദിസിനിമകളിലൊന്നാണ്. ഭൂപേന്ദർ തന്റെ അനനുകരണീയ ശബ്ദമാധുരിയിൽ പാടിയ "ഏക് അകേലാ ഇസ് ശഹർ മേ' എന്ന ഗാനവും ബംഗ്ലാദേശ് ഗായിക റുണ ലൈലയുടെ "സിത്താരേ ജമീൻപർ' എന്നതും പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. ഗുൽസാറിന്റെ കവിതാമയമായ ഇതിലെ വരികൾക്ക് ഈണംപകർന്നത് ഹിന്ദി സിനിമാലോകം കാര്യമായൊന്നും ഗൗനിക്കാതിരുന്ന ജയ്‌ദേവ് എന്ന സംഗീതസംവിധായകനാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത്തരം സിനിമകളോടെ ബോളിവുഡ്ഡ് സിനിമകളുടെ പ്രമേയത്തിൽ ഗണ്യമായ മാറ്റങ്ങൾ വന്നു. ഋഷികേശ് മുഖർജിയുടെ ചിത്രങ്ങളോടെയാണ് ഹിന്ദിസിനിമയിൽ വസന്തകാലമെത്തിയത്.

ജയ്ദേവ്
ജയ്ദേവ്

പ്രഖ്യാത സംവിധായകൻ ബിമൽ റോയുടെ ശിഷ്യനായ ഋഷികേശ് ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് രംഗത്താണ് ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. രാമു കാര്യാട്ടിന്റെ "ചെമ്മീൻ'ആണ് അദ്ദേഹം ആദ്യമായി കത്രിക ചലിപ്പിച്ച മലയാളചിത്രമെന്ന് തോന്നുന്നു. എന്നാൽ ജയഭാധുരിയെ നായികയാക്കി അദ്ദേഹം സംവിധാനംചെയ്ത ഗുഡ്ഡി, ഒരു സിനിമാനടനെ തന്റെ പ്രതിശ്രുതവരനായി കണക്കാക്കി അയാളെ മാത്രമേ വേൾക്കൂ എന്ന ശാഠ്യംപിടിക്കുന്ന ബാലികയെ (ഗുഡ്ഡി) അപ്ലയ്ഡ് സൈക്കോളജിസ്റ്റ് (ഉത്പൽദത്ത്) മനംമാറ്റിയെടുക്കുന്ന കഥ ലളിതമായും സരസമായുമാണ് ഇതിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്‌കൂൾ ഫൈനൽ വിദ്യാർത്ഥിനിയായ ഗുഡ്ഡി തന്റെ സഹപാഠികൾക്കിടയിൽ സൊറ പറയുമ്പോൾ, ആ കുട്ടികൾ ഓരോരുത്തരും തങ്ങളുടെ ഭാവിവരന്മാരെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവെക്കുന്നു. ഗുഡ്ഡിയുടെ വാശിയും ആഗ്രഹവും ഇങ്ങനെയാണ്. ''ശാദി കരേഗാ തോ, ധർമ്മേന്ദ്രാ കാ സാഥ്!'' (കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് ധർമ്മേന്ദ്രയെ മാത്രം!) നോക്കണേ, പെൺകുട്ടികളുടെ മനസ്സിലിരുപ്പ്. ചുപ്‌ക്കേ ചുപ്‌ക്കേ, ഖുബ്‌സൂരത്ത്, മിലി, അഭിമാൻ, ആനന്ദ്, ഗോൾമാൽ എന്നീ ഹിന്ദിസിനിമകളും അക്കാലത്ത് റീലീസ് ചെയ്യപ്പെട്ട ഋഷികേശിന്റെ തകർപ്പൻ സിനിമകളാണ്.

ആടിപ്പാടി നടക്കുന്ന യൗവ്വനയുക്തയായ "മിലി'. ""യൗവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം'' എന്ന് ഉള്ളൂർ പാടിയപോലെ ""പക്ഡാ പക്ഡി'' (ഓടിപ്രാന്തി) കണ്ണുകെട്ടിക്കളി തുടങ്ങിയ ബാല്യകാലവിനോദങ്ങളിൽനിന്ന് ഇതുവരെ അവൾക്ക് മുക്തിനേടാനായിട്ടില്ല. അവളുടെ കൂട്ടുകാരെല്ലാംതന്നെ ചെറിയ കുട്ടികളാണ്. ആയിടെ മിലിയുടെ കെട്ടിടത്തിൽ മുഷ്‌കനായ (കഡൂസ് എന്നാണ് ഹിന്ദിയിൽ ഇത്തരക്കാരെ വിളിക്കുക) ഒരു യുവാവ് താമസത്തിനെത്തുന്നു. മിലിയും കുട്ടിപ്പട്ടാളവും ഒച്ചവെക്കുന്നത് അയാൾക്കിഷ്ടപ്പെടുന്നില്ല. പലകുറി അവരെ അയാൾ വഴക്കുപറയുകയും കെട്ടിടത്തിന്റെ ടെറസ്സിലെ കളികളിൽനിന്ന് തുരത്തി ഓടിക്കുന്നുമുണ്ട്. പക്ഷേ, മിലി ബ്ലഡ് കാൻസർ രോഗിയാണെന്ന ഞെട്ടിക്കുന്ന സത്യവും അവളുടെ ജീവിതം അല്പനാളുകൾക്കുള്ളിൽ പൊലിയുമെന്നും അയാൾ മനസ്സിലാക്കുന്നു. മിലിക്ക് വേണ്ടി എന്തും ചെയ്യാൻ ധനവാനായ അയാൾ ഇതോടെ സന്നദ്ധനായി. ഒടുവിൽ വിദഗ്ധചികിത്സക്ക് അവളെ വിദേശത്ത് കൊണ്ടുപോകുകയാണയാൾ. അപ്പോൾ ആകാശത്തിൽ ഇരമ്പലോടെ ഒരു വിമാനം പറക്കുന്ന ദൃശ്യമാണ് നാം കാണുന്നത്. ""വോ മിലി ഹെ, വോ ഹമാരി ലാഡ്‌ലി'' ആ കെട്ടിടത്തിലെ എല്ലാവരും അവൾക്കായി അങ്ങനെ കൈകൂപ്പി പ്രാർത്ഥിക്കുന്നു. മുഷ്‌കനായി വേഷമിട്ട അമിതാബ് ബച്ചനും മിലിയുടെ പിതാവായി വരുന്ന അശോക് കുമാറും നായിക ജയഭാധുരിയും ഈ സിനിമ മഹത്തരമാക്കി. ഋഷികേശ് മുഖർജി പോലൊരു ഭാവനാസമ്പന്നനായ സംവിധായകനുമാത്രമെ ഇത്രയും അടുക്കും ചിട്ടയോടെയും "മിലി'പോലുള്ള സിനിമ സംവിധാനം ചെയ്യാനാകൂ എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു.

ആനന്ദിൽ ഡോക്ടറായി പ്രത്യക്ഷപ്പെട്ട അമിതാബ് ബച്ചന് ഏറ്റവും നല്ലവേഷം ആ സിനിമയിൽ ലഭിച്ചു. അമിത് ഖന്നയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നല്കി, മുകേഷും മന്നാഡേയും പാടി അവ അനശ്വരമാക്കി. ""ജിന്ദഗി കൈസിഹേ പെഹലി ആയി'' (ജീവിതം എത്ര പെട്ടെന്നാണ് വന്നെത്തിയത്...!) എന്ന ഗാനരംഗം ഏറ്റവും വികാരഭരിതനായിത്തന്നെയാണ് രാജേഷ് ഖന്ന അഭിനയിച്ചത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ ഒരു നാഴികക്കല്ലാണ് ആനന്ദ്.

സൂക്ഷിക്കുക! ഗബ്ബർ മുന്നിലുണ്ട്!

ഋഷികേഷ് മുഖർജി
ഋഷികേഷ് മുഖർജി

ലാഹോർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർബിരുദം നേടിയ ബി.ആർ.ചോപ്ര ഹിന്ദിസിനിമാചരിത്രത്തിൽ ഗണനീയമായ സ്ഥാനം കൈവരിച്ചു. ഫിലിം ജേണലിസ്റ്റായി രംഗപ്രവേശം നടത്തിയ ചോപ്രാസാഹബ് ഐ.എസ്.ജോഹർ (കരൺ ജോഹറിന്റെ പിതാവ്) രചിച്ച ‘ചാന്ദ്‌നിചൗക്ക്' എന്ന കഥയെ ആസ്പദമാക്കി സിനിമ നിർമ്മിച്ചെങ്കിലും അതു പൂർത്തീകരിക്കപ്പെട്ടില്ല. തുടർന്ന് അദ്ദേഹത്തിന്റെതായ ‘കർവത്' പൊളിഞ്ഞുപാളീസായി. പരിശ്രമശാലികളുടെ ആദ്യപരാജയങ്ങൾ വിജയത്തിലേക്കവരെ നയിക്കുമെന്ന ചൊല്ലുണ്ടല്ലോ. അഭിനയചക്രവർത്തി അശോക്കുമാർ നായകവേഷമിട്ട അഫ്‌സാന, ബി.ആർ.ചോപ്ര എന്ന സംവിധായകന്റെ സ്ഥാനം ബോളിവുഡ്ഡിൽ അരക്കിട്ടുറപ്പിച്ചു. ചോപ്രയുടെ വിജയകരമായ രണ്ടാമത്തെ ഉദ്യമം ദിലീപ്കുമാറും വൈജയന്തിമാലയും അജിതും ചേർന്നഭിനയിച്ച ‘നയദൗർ' വമ്പൻഹിറ്റായി.

കമലേശ്വർ എന്ന പ്രസിദ്ധ ഹിന്ദിസാഹിത്യകാരന്റെ രചനാപാടവം വിളിച്ചോതുന്ന ‘പതി, പത്‌നി ഔർ വോ' ആ കാലത്തിറങ്ങിയ അസ്സൽ കോമഡിസിനിമകളിലൊന്നാക്കിയത് സംവിധായകൻ ബി.ആർ.ചോപ്രയാണ്. "ഭർത്താവും ഭാര്യയും മറ്റവളും' എന്ന് മലയാളത്തിൽ അർത്ഥം വരുന്ന ഈ ചിത്രത്തിൽ സഞ്ജീവ്കുമാർ, അസ്രാണി, വിദ്യാ സിൻഹ എന്നിവരാണ് പ്രധാനവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ഓഫീസർ തന്റെ സെക്രട്ടറിയെ പാട്ടിലാക്കാൻ പാടുപെടുന്നതും ഒടുവിൽ കള്ളത്തരം പിടിക്കപ്പെടുന്നതുമായ കഥ ഹാസ്യാത്മകമാക്കി അവതരിപ്പിക്കാൻ ബി.ആർ.ചോപ്രക്ക് കഴിഞ്ഞു. കമലേശ്വറിന്റെതന്നെ പ്രസിദ്ധ കൃതിയാണ് ആന്ധി (കൊടുങ്കാറ്റ്). ഈ നോവൽ സിനിമയാക്കിയപ്പോൾ അടിയന്തരാവസ്ഥക്കാലമെത്തിയിരുന്നു. പ്രതീക്ഷിച്ചപടി ആന്ധി സെൻസർബോർഡ് തടഞ്ഞുവെക്കുകയുണ്ടായി. ഫോർട്ടിലുള്ള ബൂട്ട പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചുപോന്ന ‘ശ്രീ' എന്ന ഹിന്ദി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കമലേശ്വറിനെ പലപ്പോഴും അവിടെവെച്ച് കണ്ടുമുട്ടാറുണ്ട്.

1950കളുടെ ആരംഭത്തിൽ ബി.ആർ.ചോപ്ര സംവിധാനം നിർവ്വഹിച്ച അഫ്‌സാന മുതൽ 2008-ൽ അമിതാബ് ബച്ചനെ നായകനാക്കി ചിത്രീകരിച്ച ഭൂത്‌നാഥ് വരെ അമ്പതോളം സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഇവയിൽ പലതും ബോളിവുഡ്ഡിലെ വമ്പൻഹിറ്റുകളുമായി. തന്റെ സിനിമകൾ സാധാരണപ്രേക്ഷകർക്കു എക്കാലവും രുചിക്കത്തക്ക രീതിയിൽ സമൂഹത്തിലെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ സിനിമയ്ക്ക് ചോപ്ര ആധാരമാക്കിയിട്ടുണ്ട്. പാട്ട്, അടിപിടി, ഹാസ്യം, അല്പം സെക്‌സ് എന്നീ ചേരുവകളോടെ അദ്ദേഹം പുറത്തിറക്കാറുള്ള മസാലസിനിമകളിൽ ഭൂരിഭാഗവും സാധാരണ ആസ്വാദകനെ ഉദ്ദേശിച്ചുള്ളവതന്നെ.

ഷോലെയിലൂടെ ജി.പി. സിപ്പി പ്രേക്ഷകർക്കു പരിചയപ്പെടുത്തിയ അംജദ്ഖാൻ തന്റെ ഡാക്കു (കൊള്ളക്കാരൻ) വേഷം ഇപ്പോഴും നമ്മെ വിസ്മയിപ്പിക്കുന്നു. ""ഡർഗയാ, സംജോ മർഗയ'' (പേടിച്ചോ, എങ്കിൽ മരിച്ചെന്നു കരുതുക) എന്നു അംജദ്ഖാൻ പറയുന്നതിന്റെ അർത്ഥം ഇന്ന് ഏറെ വലുതെന്ന് നിങ്ങൾക്കും തോന്നും.

ഉദ്ദേശം അറുപതുവർഷങ്ങൾക്കുമുമ്പ് ഹരിയാനയിൽനിന്ന് ബോംബെയിലെത്തിയ ഒരു യുവാവ്. ടാക്‌സിഡ്രൈവറായും മറ്റ് അല്ലറചില്ലറ ജോലികൾ ചെയ്തും ജീവിച്ചുപോന്ന അയാളുടെ കണ്ണുകൾ ഒരുദിവസം നവഭാരത് ടൈംസി (ഹിന്ദി)ലെ ഒരു പരസ്യത്തിൽ അവിചാരിതമായി തറയ്ക്കുന്നു. മെഹബൂബ് സ്റ്റുഡിയോവിൽ ബിമൽറോയ് നിർമ്മിക്കുന്ന ബന്ധിനി എന്ന ചിത്രത്തിലേക്ക് നടീനടന്മാരെ ക്ഷണിച്ചുകൊണ്ടുള്ള ആ പത്രപരസ്യം ധർമ്മേന്ദ്ര എന്ന യുവാവിന്റെ ജീവിതം അടിമുടി മാറ്റിയെഴുതി. അദ്ദേഹത്തിന്റെ കന്നിച്ചിത്രം ബോളിവുഡ്ഡിൽ വലിയ ചലനമുണ്ടാക്കി. അശോക്കുമാറും നൂതനും ധർമ്മേന്ദ്രയും ചേർന്നഭിനയിച്ച ‘ബന്ധിനി' ബോളിവുഢിൽ കയറിപ്പറ്റാനുള്ള എല്ലാ 'ബന്ധനങ്ങളും' തട്ടിമാറ്റി ഹരിയാനക്കാരൻ ധർമ്മേന്ദ്രയെ ഹിന്ദിസിനിമാരംഗത്ത് പ്രതിഷ്ഠിച്ചു. തുടർന്ന് ഒട്ടേറെ ഹിന്ദിസിനിമകളിൽ ധർമ്മേന്ദ്ര നായകനായി വേഷമിട്ടു. മീനാകുമാരി, വൈജയന്തിമാല, മാല സിൻഹ, ഹേമമാലിനി, ആശാ പാരേഖ്, സീനത്ത് അമൻ തുടങ്ങി പല പ്രശസ്തനടികളും അദ്ദേഹത്തിന്റെ നായികകളായി വെള്ളിത്തിരയിലെത്തി.

പ്രശസ്തസംവിധായകർ ധർമ്മേന്ദ്രയെ നായകനാക്കി ചിത്രീകരിച്ച സിനിമകൾ എണ്ണിയാലൊടുങ്ങില്ല. ഷോലെ, ബേണിങ്ങ് ട്രെയ്ൻ, ജുഗ്നു, കോഹിനൂർ, ചുപ്‌കെ ചുപ്‌കെ, ധരംവീർ, ചാച്ചാ ബത്തീജ തുടങ്ങിയവ പ്രേക്ഷകർ എക്കാലവും ഓർമ്മിക്കുന്ന അദ്ദേഹത്തിന്റെ ചില നല്ല ചലച്ചിത്രങ്ങളാണ്. ബോളിവുഡ്ഡിലെ ‘ആക്ഷൻ ഹീറോ' എന്നാണ് ധർമ്മേന്ദ്രയെ നിരൂപകരും പ്രേക്ഷകരും വിശേഷിപ്പിക്കുന്നത്. ഇത്തരം കമേഴ്‌സ്യൽ സിനിമകൾ ഭൂരിഭാഗം ഹിന്ദിസിനിമാ ആസ്വാദകരെയും കൈയിലെടുത്തപ്പോഴും ബോളിവുഡ്ഡിൽ ശ്യാം ബെനഗൽ, ഗോവിന്ദ് നിഹലാനി, സായ് പരഞ്ജ്‌പെ, സത്യു തുടങ്ങിയ നമ്പർവൺ ചലച്ചിത്രസംവിധായകരുടെ ഉമ്രോജാൻ, കഥ, ചശ്‌മേ ബദ്ദൂർ, അർദ്ധസത്യ, ആങ്കൂർ, മന്ഥൻ തുടങ്ങിയ സെമി ആർട്ട് സിനിമകളും പ്രദർശനവിജയം കൈവരിച്ചതായി കാണാം.

ഗുൽസാർ കി ദുനിയ

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ഫാൽക്കേ അവാർഡും പത്മഭൂഷണും കരസ്ഥമാക്കിയ ഗുൽസാറിനെ ഒരു സംവിധായകന്റെയോ ഗാനരചയിതാവിന്റെയോ തിരക്കഥാകൃത്തിന്റെയോമാത്രം ചട്ടക്കൂട്ടിൽ ഒതുക്കാവതല്ല. അദ്ദേഹത്തിന്റെ സാഹിത്യരചനകൾക്ക് അംഗീകാരമായി ഗുൽസാറിനെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. "ഗുൽസാർ' എന്ന തൂലികാനാമത്തിൽ ബിമൽറോയുടെ ബന്ധിനിക്കുവേണ്ടി ഗാനരചയിതാവായി സിനിമാരംഗത്തെത്തിയാണ് അദ്ദേഹം ആദ്യം ജനശ്രദ്ധ പിടിച്ചുപറ്റിയത്. ബോംബെ ഫോർട്ട് ഭാഗത്തുള്ള വിചാരേ മോട്ടോർ ഗാരേജിൽ പണി പഠിക്കാനെത്തിയ അദ്ദേഹത്തിന് പഴയ കാറുകൾക്ക് വർണ്ണംപൂശുന്നതിൽ വലിയ കമ്പമായിരുന്നു. ""I have a knack for colors'' എന്ന് ഒരിടത്ത് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഇക്കാലത്ത് ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷനിൽ ഗുൽസാറിന് സജീവപങ്കാളിത്തമുണ്ടായിരുന്നു. പ്രഖ്യാതരായ സംവിധായകരുടെ സിനിമകൾക്ക് സംഭാഷണവും സ്‌ക്രീൻപ്ലേയും എഴുതിക്കൊണ്ടിരുന്ന ഗുൽസാർ 1971-ലാണ് തന്റെ സ്വന്തം സിനിമ "മേരേ അപ്‌നേ' സംവിധാനംചെയ്തത്. മീനാകുമാരി പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ രണ്ടു സ്‌നേഹിതർ (വിനോദ് ഖന്ന, ദിനേശ് ഠാക്കൂർ) ഒരു പെൺകുട്ടിയെച്ചൊല്ലി (യോഗിതാ ബാലി) തമ്മിൽ തെറ്റിപ്പിരിഞ്ഞ് ഇടയ്ക്കിടെ തെരുവുയുദ്ധത്തിലേർപ്പെടാറുണ്ട്. അക്രമാസക്തരായി ഈ സ്‌നേഹിതർ ഒടുവിൽ നാടൻബോംബെറിയുകയും ചെയ്യുന്നു. ഇവരെ തടയാൻ ചെന്ന അനാഥയും വിധവയുമായ ആനന്ദിദേവി (മീനാകുമാരി) മാരകമായി മുറിവേറ്റ് അതോടെ മരണമടയുന്നതുമായ രംഗം ഗുൽസാർ ചിത്രീകരിച്ചത് നമ്മുടെ കണ്ണ് നനയിക്കുകതന്നെ ചെയ്യും. രണ്ട് ലോക്കൽ രാഷ്ട്രീയനേതാക്കൾ തമ്മിലുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ ഈ യുവാക്കളെ അവർ ഉപയോഗിക്കുകയായിരുന്നുവെന്ന യാഥാർത്ഥ്യം സ്‌നേഹിതർ ഒടുവിൽ മനസ്സിലാക്കുന്നു. പക്ഷേ, എല്ലാം കത്തിയമർന്നിരുന്നു. മേരെ അപ്‌നേയിൽ സ്‌നേഹിതരായി പ്രത്യക്ഷപ്പെട്ട വിനോദ് ഖന്നയുടെയും ദിനേശ് ഠാക്കൂറിന്റെയും റോളുകൾ ഇന്നത്തെ ലക്ഷ്യബോധമില്ലാത്ത യുവതലമുറയുടെ പ്രതിരൂപമായി കണക്കാക്കാം. മീനാകുമാരി അവസാനമായി അഭിനയിച്ച ചിത്രമാണ് ഇതെന്ന സവിശേഷത കൂടിയുണ്ട്.

ഗുൽസാർ മകൾ മേഘ്നയ്ക്കൊപ്പം / Photo: Because He Is by Meghna Gulzar
ഗുൽസാർ മകൾ മേഘ്നയ്ക്കൊപ്പം / Photo: Because He Is by Meghna Gulzar

തൊഴിലില്ലായ്മയും വിശപ്പും ബോംബെ ചേരിപ്രദേശങ്ങളിലെ ദുർഘടജീവിതവും മറ്റും യുവാക്കളുടെ മനസ്സിനെ കാഠിന്യവല്ക്കരിച്ചു. ഗുണ്ടാവിളയാട്ടവും അനുബന്ധ കുറ്റകൃത്യങ്ങളും മഹാനഗരത്തിൽ വർദ്ധമാനമായതോടെ "ആംഗ്രി യങ് മാൻ' (ക്ഷുഭിതയൗവ്വനം) കഥകൾ സംവിധായകർ സിനിമയ്ക്ക് ഉപയോഗിച്ചു തുടങ്ങി. കൊലയ്ക്കുകൊല, വഞ്ചനയ്ക്കുപകരം വഞ്ചന എന്നൊക്കെ വിശ്വസിക്കുന്ന സാധാരണപ്രേക്ഷകർക്കിടയിൽ ഇത്തരം സിനിമകൾ വലിയ പ്രദർശനവിജയം കൈവരിച്ചതായികാണാം. അമിതാബ് ബച്ചൻ 1970 കാലങ്ങളിൽ ഇത്തരം സിനിമകൾ ധാരാളമായി ചെയ്തിട്ടുണ്ട്. ജൻജിർ (ചങ്ങല), ദീവാർ (മതിൽ), ഡോൺ എന്നിവ ഈ ഗണത്തിൽ എടുത്തുപറയേണ്ട ചിത്രങ്ങളാണ്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് തീം, ക്രൈം, സെക്‌സ് എന്ന സിനിമാറസീപ്പിയിൽ തയ്യാറാക്കിയ ഇത്തരം ക്രൈംത്രില്ലറുകളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സലിം-ജാവേദ് ജോടികളായിരുന്നു നിർവ്വഹിച്ചുപോന്നത്. ഷോലെ, യാദോം കി ബാരാത് എന്നീ വമ്പൻഹിറ്റ് ചിത്രങ്ങളുൾപ്പെടെ മറ്റനേകം ബോക്‌സ് ഓഫീസ് വിജയംകൈവരിച്ച സിനിമകൾക്ക് തൂലിക ചലിപ്പിച്ചുപോന്ന ഇവർ ഇപ്പോൾ ഒരുമിച്ച് തിരക്കഥകൾ എഴുതുന്നില്ല.

സലിം ഒന്നുരണ്ടു സിനിമകൾ ചെയ്‌തെങ്കിലും അവ പ്രേക്ഷകരിൽ പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കിയില്ല. ജാവേദ് അക്തർ ഇപ്പോൾ സിനിമ ഗാനരചയിതാവിന്റെ മേലങ്കി അണിഞ്ഞിരിക്കുന്നു. പ്രശസ്തനടി ശബാന ആസ്മിയെ വിവാഹം ചെയ്ത അദ്ദേഹം ചില ടി.വി. കമേഴ്‌സ്യലുകളിലും അതോടൊപ്പം ഹിന്ദി ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ അവതാരകനുമായി പ്രത്യക്ഷപ്പെടുന്നു. ആദ്യകാലങ്ങളിൽ ഖാദർഖാൻ വേഷമിട്ടിരുന്നത് വില്ലൻ കഥാപാത്രമായാണ്. പിന്നീട് കഥ, സംഭാഷണം രചനയിൽ അദ്ദേഹം ശ്രദ്ധപതിപ്പിച്ചതായി കാണാം. ""താല തോഡ്‌നാ ഔർ വാദാ തോഡ്‌നാ ഹമാരാ കാം ഹേ'' (പൂട്ട് പൊളിക്കുന്നതും വാഗ്ദാനം തകർക്കുന്നതും എനിക്കൊരുപോലെയാണ്) എന്നും മറ്റും കേൾക്കാൻ സുഖമുള്ള രസികൻ വരികൾ അദ്ദേഹം തന്റെ സിനിമാസംഭാഷണത്തിൽ ഉപയോഗിച്ചിരുന്നു. അന്നത്തെ വില്ലൻ കഥാപാത്രം അന്തരിക്കുന്നതുവരെ കോമഡി റോളുകളാണ് ചെയ്തിരുന്നത്. കൈഫി ആസ്മിയും ഗുൽസാറും സുനി താരാപ്പൂർ വാലയും ബോളിവുഡ്ഡിലെ എണ്ണംപറഞ്ഞ സിനിമകൾക്ക് സംഭാഷണമെഴുതിയവരാണ്. സലാം ബോംബെ, പക്കീസ, കാഗസ് കെ ഫൂൽ, ഗോൾമാൽ, മിസിസിപ്പി മസാല, മൺസൂൺ വെഡ്ഡിങ്ങ് തുടങ്ങിയ സിനിമകൾ ഓർക്കുക.

(തുടരും)


Summary: മുംബൈ നഗരത്തിലെ തിക്കും തിരക്കും നിറഞ്ഞ ഒരു ജീവിതകാലത്തിലൂടെ സഞ്ചരിച്ച്​, അക്കാലത്തെ ബോളിവുഡ്​ സിനിമകളെയും, താരങ്ങളെയും, പാട്ടുകളെയും ഓർത്തെടുക്കുന്നു. ഇന്ത്യൻ വെള്ളിത്തിരകളെ പിടിച്ചുകുലുക്കിയ സിനിമകളുടെ കാലങ്ങളിലൂടെയുള്ള ഒരു യാത്രയുടെ ആദ്യ ഭാഗം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments