സവർണ ദേശീയതയെ നിർമിച്ച അമർചിത്രകഥകൾ

കുട്ടികൾക്കിടയിൽ അതിവേഗം നിർമിച്ചെടുക്കാൻ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദർശൻ സംപ്രേഷണം ചെയ്ത രാമായണ സീരിയലുകളെ കുറിച്ചുള്ള പഠനത്തിൽ റൊമില ഥാപ്പർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വംശഹത്യകളുടെയും വർഗീയതയുടെയും റൂട്ട്മാർച്ചുകളിൽ അമർ ചിത്രകഥകളിലെ സൂപ്പർ ഹീറോകൾ അനിവാര്യ കഥാപാത്രങ്ങളായത് എങ്ങനെയെന്ന് അന്വേഷണം

കുട്ടികൾക്കിടയിൽ അതിവേഗം നിർമിച്ചെടുക്കാൻ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദർശൻ സംപ്രേഷണം ചെയ്ത രാമായണ സീരിയലുകളെ കുറിച്ചുള്ള പഠനത്തിൽ റൊമില ഥാപ്പർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെ അധിനിവേശ തന്ത്രങ്ങൾ കുട്ടികൾക്കുള്ള കളിപ്പാട്ടത്തിലും വീഡിയോ ഗെയിമിലും മിഠായിയിൽ പോലും വികസിപ്പിച്ചെടുത്തത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. 9/11 നുശേഷം അമേരിക്ക വികസിപ്പിച്ചെടുത്ത കുട്ടികൾക്കായുള്ള ഒരു ഗെയ്മാണ് ‘കൗണ്ടർ സ്‌ട്രൈക്ക്.' 2004 മുതൽ ശ്രദ്ധനേടിയ ഈ ഗെയിം കുട്ടികളെ മാത്രമല്ല ടി.വി ജനറേഷനെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ടെററിസ്റ്റുകളും ആന്റി ടെററിസ്റ്റുകളും തമ്മിലുള്ള യുദ്ധമാണ് കളി. കളിക്കുന്നയാൾക്ക് ടെററിസ്റ്റോ ആന്റി ടെററിസ്‌റ്റോ ആവാം. പക്ഷേ, എല്ലാവരും ആന്റി ടെററിസ്റ്റാണ് ആവുക. തീവ്രവാദികളെ പിടികൂടേണ്ടത് ക്യൂബ പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നോ മുസ്‌ലിംരാജ്യങ്ങളിൽ നിന്നോ ആണ്. ഒരു ആന്റി ടെററിസ്റ്റ് തീവ്രവാദിയെ അന്വേഷിച്ചു പോകുമ്പോൾ ചെ ഗുവേരയുടെ ചുവർചിത്രങ്ങളും കമ്യൂണിസ്റ്റ് സിംപലുകളും കാണാം. മുസ്‌ലിം രാജ്യങ്ങളിലാണ് ‘തീവ്രവാദികൾ' എന്നറിയുക. ‘തീവ്രവാദികളെ' ആന്റി ടെററിസ്റ്റുകൾ കൊന്നുകൊണ്ടേയിരിക്കുകയാണ്. എന്തിനാണ് ഇവരെയിങ്ങനെ കൊല്ലുന്നതെന്ന് ചിന്തിക്കുന്ന കളിക്കാർ വിരളമാണ്. അതുവഴി ശത്രുവായ അപരനെക്കുറിച്ച മുൻവിധികൾ കുട്ടികളിൽ സൃഷ്ടിക്കപ്പെടുന്നു. അപരിചതരോടുള്ള വെറുപ്പ് (xenophobia) കുട്ടികളുടെ മനോഗതിയിൽ സ്ഥാനംപിടിക്കുന്നു. ‘അപരനിലെ മനുഷ്യത്വം മാറ്റിക്കഴിഞ്ഞാൽ പിശാചുവൽക്കരണം എളുപ്പമാവുമെന്നു' നോർവീജിയൻ സാമൂഹികശാസ്ത്രനായ യൊവിൻ ഗാർട്ടൂങ് നിരീക്ഷിക്കുന്നുണ്ട്. അപ്പോൾ അവൻ പൗരനല്ലാതാവുന്നു. അവനും അവൾക്കും പൗരാവകാശങ്ങളില്ല. മറ്റുള്ളവർക്കു പൗരാവകാശങ്ങൾ അനുവദിച്ചു കൊടുക്കേണ്ടതില്ലെന്ന ബോധം കുട്ടികളിൽ വളർത്തുന്നതിനു

കൗണ്ടർ സ്‌ട്രൈക്ക് ഗെയിമിൽ നിന്ന്‌
കൗണ്ടർ സ്‌ട്രൈക്ക് ഗെയിമിൽ നിന്ന്‌

കൗണ്ടർ സ്‌ട്രൈക്ക് ഗെയിമുകൾ സഹായിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കുട്ടിക്കൊലയാളികളുടെ പ്രധാന പ്രചോദനം ഇത്തരം ഗെയിമുകളാണെന്നു ധാരാളം പഠനങ്ങൾ പുറത്തുവന്നു കഴിഞ്ഞു. കാർട്ടൂൺ, കല, കഥ, സിനിമ, സാഹിത്യം തുടങ്ങി ജനപ്രിയ സംസ്‌കാരത്തിന്റെ ഏതൊരു അടരിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 1950ൽ ഇന്ത്യ റിപ്പബ്ലിക് ആയപ്പോൾ കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച ഒരു കാർട്ടൂൺ ദീർഘകാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ച ചെയ്തിരുന്നു. ‘ദൈവാധിപത്യ റിപ്പബ്ലിക്' എന്ന അടിക്കുറിപ്പിനു താഴെ അദ്ദേഹം വരച്ച മൂന്നു ചിത്രങ്ങൾ ഗോപൂജ, ഹൈന്ദവമേധാവിത്വം, പുരുഷാധിപത്യം എന്നിവയെ പ്രതിനിധീകരിക്കുന്നവയായിരുന്നു. ശങ്കറിന്റെ ആ കാർട്ടൂണിന് ഇന്ന് അർഥങ്ങൾ കൂടിവരുകയാണ്. ഒരു കാർട്ടൂണിന്റെ മൂർച്ചയെത്രയെന്നു 70 വർഷത്തിനു ശേഷവും ശങ്കർ ബോധ്യപ്പെടുത്തുന്നു.

സൂപ്പർ ഹീറോകൾ ഫാസിസ്റ്റുകളുടെ ഒരു പടയാണ്

വാക്കുകളേക്കാൾ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി കഥ പറഞ്ഞ് കുട്ടികളെ ലക്ഷ്യം വച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രചാരത്തിലായവയാണ് കോമിക്‌സ്. 1933ൽ സൂപ്പർമാൻ വീരപുരഷനായി അമേരിക്കയിലാണ് കോമിക്‌സ് രൂപം കൊള്ളുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സിനിമാ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സിന്റെ കീഴിലുള്ള ഡി സി കോമിക്‌സാണ് പിന്നീട് സൂപ്പർമാൻ കോമിക്‌സുകളുടെ പ്രചാരകരായത്.

സൂപ്പർ ഹീറോകളുടെ സിംഹാസനങ്ങളിൽ കറുത്തവരും മുസ്‌ലിംകളും ചീനക്കാരും ഏഷ്യക്കാരും വണങ്ങി കുമ്പിട്ടു നിൽക്കുന്ന ധാരാളം ചിത്രകഥകൾ അക്കാലത്ത് വന്നിരുന്നു

തുടർന്ന് 1936ൽ ലീ ഫാൽക്ക് രൂപം കൊടുത്ത ഫാന്റം, മാൻഡ്രേക്ക്, അക്വാമാൻ എന്നീ പേരുകളിൽ വന്ന സൂപ്പർഹീറോകൾ ലോകം കീഴടക്കി. വായനയിലെ എളുപ്പവും സങ്കീർണമല്ലാത്തതുമായ ആഖ്യാനശൈലിയും കോമിക്‌സുകളെ ജനകീയമാക്കി. ഗൗരവമല്ലാത്ത വായന ആഗ്രഹിക്കുന്ന മുതിർന്നവരും പെട്ടെന്ന് കോമിക്‌സുകളുടെ ആരാധകരായി. വർത്തമാന പത്രങ്ങളിൽ ആക്ഷേപഹാസ്യത്തിനായി ഉപയോഗപ്പെടുത്തിയ വാർത്താചിത്രങ്ങളിൽ നിന്നാണ് ഇവയ്ക്കു ഈ പേരു ലഭിച്ചത്. താമസിയാതെ ഉപവായനയ്ക്കുള്ള നല്ലൊരു വിഭവമായി കോമിക്‌സുകൾക്ക് ലോകം മുഴുവൻ വായനക്കാരുണ്ടായി. എല്ലാ ഭാഷകളിലും കോമിക്‌സുകൾ അതിവേഗം പ്രചരിച്ചു. സൂപ്പർഹീറോകളായി വന്ന ഈ അതിമാനുഷർ പുരുഷ ഷോവനിസ്റ്റുകളും സ്ത്രീവിരുദ്ധരും അപരവിദ്വേഷം പ്രചരിപ്പിക്കുന്നവരുമാണെന്ന് ആദ്യം നിരീക്ഷിച്ചത് റിച്ചാർഡ് കൂപ്പർ എന്ന അമേരിക്കൻ പത്രപ്രവർത്തകനാണ്: Super herose are a bunch of fascist -സൂപ്പർ ഹീറോകൾ ഫാസിസ്റ്റുകളുടെ ഒരു പടയാണ്) എന്നാണ് ലെഫ്റ്റിസ്റ്റ് കൂടിയായ റിച്ചാർഡ് പറയുന്നത്. പോപ് ഫാസിസമാണ് സൂപ്പർ ഹീറോസ് കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിച്ചത്. ദൈവം, ദൈവത്തിന്റെ പ്രതിനിധി, പിശാച് തുടങ്ങി ത്രീകോണ വിശ്വാസത്തെ സാധൂകരിക്കുന്നതായിരുന്നു അവ. ഈ ആശയയുദ്ധം ഇന്നും സിനിമ പോലുള്ള മാസ് മീഡിയകളിലൂടെ അമേരിക്ക ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സൂപ്പർമാൻ ലോകത്തിന്റെ രാജാവ് എന്ന തലക്കെട്ടോടെയുള്ള മുഖചിത്രവുമായി അക്കാലത്ത് ആക്ഷൻ കോമിക്‌സ് പതിപ്പുകൾ ഇറങ്ങി. സൂപ്പർമാൻ, ഹീമാൻ, ബാറ്റ്മാൻ, അക്വാമാൻ, സ്‌പൈഡർമാൻ തുടങ്ങിയ യൂറോപ്യൻ പുരുഷന്മാർ സ്വയം ദൈവമായി ചമഞ്ഞ് കുട്ടികളെ സ്വാധീനിച്ചിരുന്നു. ഈ സൂപ്പർ ഹീറോകളുടെ സിംഹാസനങ്ങളിൽ കറുത്തവരും മുസ്‌ലിംകളും ചീനക്കാരും ഏഷ്യക്കാരും വണങ്ങി കുമ്പിട്ടു നിൽക്കുന്ന ധാരാളം ചിത്രകഥകൾ അക്കാലത്ത് വന്നിരുന്നു. 1953ൽ ബ്രിട്ടീഷ് നോവലിസ്റ്റായ ഇയാൻ ഫ്‌ളെമിങ് സൃഷ്ടിച്ച ജയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലൻമാരെ പോലെ. ജയിംസ് ബോണ്ടിന്റെ വില്ലന്മാർ എപ്പോഴും മുസ്‌ലിംകളോ റഷ്യ, കൊറിയ, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവരോ പാശ്ചാത്യരുടെ ശത്രുക്കളോ ആയിരിക്കും. തങ്ങളുടെ ശത്രുക്കളെ ലോകത്തിന്റെ ശത്രുക്കളാക്കുന്ന സാമ്രാജ്യത്വ തന്ത്രം. അതുതന്നെയാണ് ചിത്രകഥകളിലൂടെയും അതിന്റെ സൃഷ്ടാക്കൾ കാപ്‌സൂളുകളായി നമ്മുടെ കുട്ടികൾക്കു നൽകിയിരുന്നത്.

അബ്ബാസിയ ഖിലാഫത്ത് തകർന്നതിന്റെ പല കാരണങ്ങളിലൊന്നായി ചരിത്രം പറയുന്നത് റോമ, പേർഷ്യൻ മിത്തോളജികൾ അറബി ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും അവരുടെ മിത്തോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നതാണ്. അതു വിശ്വാസപരമായ ചാപല്യത്തിനു കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, അവ മറ്റു സമൂഹത്തെ ശത്രുവായി നിർത്തിക്കൊണ്ടായിരുന്നില്ല അവ പ്രചരിപ്പിച്ചിരുന്നത്.

കോമിക്‌സുകളിലെ ഇന്ത്യൻ ദേവി

കോമിക്‌സുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച രണ്ടാമിടമാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കോമിക്‌സുകൾ വിറ്റഴിക്കപ്പെട്ടത് ഇന്ത്യയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അറുപതുകൾക്കു ശേഷം ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ രൂപപ്പെട്ട അണുകുടുംബങ്ങളിൽ കുട്ടികൾക്ക് ധാർമികപാഠങ്ങൾ പകർന്നു നൽകിയിരുന്ന മുത്തശ്ശിമാരില്ലാതായപ്പോഴാണ് ചിത്രകഥകൾ കുരുന്നുകളുടെ മനസ്സ് കീഴടക്കിയത്.

ഇന്ത്യൻ മിത്തുകളിലെ സാങ്കൽപിക കഥാപാത്രങ്ങൾ വീരപുരുഷൻമാരായി കുട്ടികളുടെ മനം കവർന്നു. അമേരിക്കയിൽനിന്നുവന്ന സൂപ്പർമാൻ- സ്‌പൈഡർമാൻ കോമിക്‌സുകൾ ഇന്ത്യയിൽ രൂപപ്പെട്ട അമർചിത്രകഥകൾക്കു മുന്നിൽ വിപണിയിൽ തോറ്റുപോയി. ഇന്ത്യയിൽനിന്ന് അമേരിക്ക കോപ്പിയടിച്ച ഏക സംഗതി കോമിക്‌സാണ്. അമേരിക്കയിലെ ലിക്വഡ് കോമിക്‌സിന്റെ

വാജ്‌പേയ് ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുമ്പോൾ അനന്തപൈയെ കുറിച്ചു നടത്തിയ ഒരു പരാമർശം നെഹ്റുവിനു ശേഷം കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയാൾ എന്നായിരുന്നു

നേതൃത്വത്തിൽ ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി കഥാപാത്രങ്ങളെ കോമിക്‌സുകളിലൂടെ പുനഃപ്രതിഷ്ടിച്ചു. ‘ദേവി' എന്ന പേരിൽ ഭാരതീയ ദുർഗയെ അവതരിപ്പിക്കുന്ന കോമിക്‌സ് അമേരിക്കൻ വിപണി കൈയടക്കിയതങ്ങനെയാണ്. ഫ്രഞ്ച്, സ്പാനിഷ് അടക്കം 20 ഭാഷകളിലായി ഇന്ത്യൻ മിത്തുകൾ ചിത്രകഥകളായി രൂപാന്തരം പ്രാപിച്ചു.

1965ൽ അനന്തറാം എന്നയാളാണ് ആദ്യമായി അമർചിത്രകഥകൾ ഇന്ത്യയിൽ കൊണ്ടുവരുന്നത്. കന്നഡഭാഷയിൽ കൃഷ്ണനെ കുറിച്ച് അനന്തറാം ചിത്രകഥകൾ രൂപപ്പെടുത്തി. തുടർന്ന് അമർചിത്രകഥകൾക്ക്​ വലിയൊരു വിപണിയുണ്ടാക്കിക്കൊടുത്തത് 1967ൽ അനന്ത പൈ എന്ന എഞ്ചിനീയറുടെ ഭാവനയിൽ നിന്നാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ കുട്ടികളുടെ മാഗസിൻ എഡിറ്ററായ അദ്ദേഹം ഇന്ദ്രജാൽ കോമിക്‌സ് എന്ന കാർട്ടൂൺ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി സ്വതന്ത്രമായി ഇന്ത്യൻ മിത്തുകളെ കേന്ദ്രീകരിച്ചു ചിത്രകഥകൾ രൂപപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

അതിനു കാരണമായി അനന്തപൈ പറയുന്നത്, അക്കാലഘട്ടത്തിൽ അദ്ദേഹം പങ്കെടുത്ത ഒരു ടെലിവിഷൻ പരിപാടിയിൽ കുട്ടികളുമായി സംവദിക്കാനുണ്ടായ സാഹചര്യമാണ്. ‘ഗ്രീക്ക് മിത്തോളജിയെ കുറിച്ചും റോമ മിത്തോളജിയെ കുറിച്ചുമൊക്കെ അവർക്ക് അറിവുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ മിത്തോളജിയെ കുറിച്ച് അവർക്കു യാതൊന്നും അറിയില്ല', അതിനുള്ള ശ്രമമായാണ് അമർചിത്രകഥകളുടെ പ്രസിദ്ധീകരണം തുടങ്ങുന്നതെന്നാണ്. എന്നാൽ, അമേരിക്കൻ കോമിക്‌സുകളുടെ മാർക്കറ്റിങ് സാധ്യത കണ്ട് അതു നേടിയെടുക്കാനും കലയെ കച്ചവടവൽക്കരിക്കാനുമുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ടായിരുന്നതായി അമർചിത്രകഥയെ കുറിച്ചു സമഗ്രപഠനം നടത്തി ഡോ. നന്ദിനി ചന്ദ്ര തയ്യാറാക്കിയ (The classic popular amarchithrakatha 1967-2007) എന്ന പുസ്തകം ആരോപിക്കുന്നു. 90 ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടതെന്നു നന്ദിനി ചന്ദ്ര പറയുന്നു.

ദേവലോകത്തുനിന്ന് അനന്ത പൈ
1913ൽ ഇന്ത്യയിലെ ആദ്യ സിനിമ ‘രാജാ ഹരിശ്ചന്ദ്ര' നിർമിക്കാൻ കാരണമായി ദാദാസാഹിബ് ഫാൽക്കെ പറയുന്നത് താൻ ഇംഗ്ലണ്ടിൽ സിനിമ പഠിക്കാൻ പോയപ്പോൾ അവിടെ നിർമിക്കപ്പെടുന്ന സിനിമകളെല്ലാം ക്രിസ്തു ചരിത്രത്തിന്റെ വിവിധ ഏടുകളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു എന്നാണ്. അതിനു പകരം ഇന്ത്യൻ ഇതിഹാസങ്ങളിലെ വീരപുരുഷനായ ഹരിശ്ചന്ദ്രയെ കേന്ദ്രമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചുവെന്നാണ്. ഫാന്റവും സൂപ്പർമാനും കുട്ടികളുടെ ഹീറോ ആയ കാലത്ത് ശ്രീകൃഷ്ണനെ കുറിച്ചു ചിത്രകഥയുണ്ടാക്കിയാണ് അനന്തപൈയും അമർ ചിത്രകഥകൾക്കു തുടക്കം കുറിക്കുന്നത്.
മംഗലാപുരത്തെ സാരസ്വത ബ്രാഹ്മണനായ പൈ തന്റെ കുടുംബത്തിന് 8000

അനന്ത പൈ
അനന്ത പൈ

വർഷത്തെ ചരിത്രം കെട്ടിച്ചമയ്ക്കുകയും ചെയ്തു. ദേവലോകത്തുനിന്ന് ഉൽഭവിക്കുന്ന ഒരു നദിയുടെ തീരത്താണ് എണ്ണായിരം വർഷങ്ങളായി സാരസ്വത ബ്രാഹ്മണ കുടുംബം കഴിയുന്നതെന്ന് കുടുംബ ചരിത്രത്തിൽ പൈ രേഖപ്പെടുത്തി. അങ്ങനെ ദൈവികമായ അടിത്തറ സ്വന്തം കുടുംബത്തിനുണ്ടാക്കാനും പൈ ശ്രമിച്ചു.
അനന്തപൈയുടെ ചിത്രകഥകൾ വളരെ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായുള്ള പാത്ര സൃഷ്ടികളായിരുന്നുവെന്ന് നന്ദിനിചന്ദ്ര പറയുന്നു. വാജ്‌പേയ് ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുമ്പോൾ അനന്ത പൈയെ കുറിച്ചു നടത്തിയ ഒരു പരാമർശം നെഹ്റുവിനു ശേഷം കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയാൾ എന്നായിരുന്നു. അന്നത്തെ മാനവവിഭശേഷി മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി പാഠ്യപദ്ധതിയിലെ കരിക്കുലത്തിൽ പൈയുടെ ചിത്രകഥകൾ ഉൾപ്പെടുത്തി.
വിദ്യാഭ്യാസ മേഖല ദേശീയവൽകരിക്കാനും ഹൈന്ദവവൽകരിക്കാനുമുള്ള വ്യാപക ശ്രമം നടക്കുന്നത് എം.എം. ജോഷിയുടെ കാലത്താണ്. ആർ.എസ്.എസ് ഉദ്ദേശിക്കുന്ന കാര്യപരിപാടികൾ തന്നെയായിരുന്നു കുട്ടികളുടെ അങ്കിൾപൈ എന്നറിയപ്പെടുന്ന അനന്തപൈയും അനുവർത്തിച്ചത്. വിദ്യാഭാരതി, അഖിൽ ഭാരതീയ ശിക്ഷാസൻസ്ഥാൻ വഴിയാണ് ആർ.എസ്.എസ് കാര്യപരിപാടി നടപ്പാക്കിയത്. മോറൽ എജ്യുക്കേഷൻ, സംസ്‌കൃതപഠനം, ഗായത്രിമന്ത്രം ചൊല്ലൽ, സരസ്വതി വന്ദനം എന്നീ പരിപാടികൾ സംഘടിപ്പിച്ച് ദേശീയതയെ ഹിന്ദുത്വവൽകരിച്ചു. കൂടാതെ അനുബന്ധപാഠാവലികൾ പ്രസിദ്ധീകരിച്ചു. ജനറൽ നോളജ് മൽസരങ്ങൾ സംഘടിപ്പിച്ചു. അയോധ്യയിൽ രാമക്ഷേത്രം പ്രതിരോധിക്കാൻ എത്രപേർ മരിച്ചു എന്നായിരുന്നു അത്തരം പരീക്ഷകളിൽ ചോദ്യം. ബാബരി മസ്ജിദിന്റെ ഒരു മിനാരം തകർക്കാൻ

മുരളി മനോഹർ ജോഷി പാഠ്യപദ്ധതിയിലെ കരിക്കുലത്തിൽ പൈയുടെ ചിത്രകഥകൾ ഉൾപ്പെടുത്തി. വിദ്യാഭ്യാസ മേഖല ദേശീയവൽകരിക്കാനും ഹൈന്ദവവൽകരിക്കാനുമുള്ള വ്യാപക ശ്രമം നടക്കുന്നത് എം. എം. ജോഷിയുടെ കാലത്താണ്

എത്രസമയമെടുത്തു തുടങ്ങിയ ചോദ്യങ്ങളുമുണ്ടായിരുന്നു.
ചിത്രങ്ങൾ കാണിച്ചുകൊണ്ട് പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ബിംബങ്ങളായി കുട്ടികളുടെ മനസ്സിൽ പ്രതിഷ്ഠിക്കുക വഴി ഒരുതരം വിശ്വാസം ഉണ്ടാക്കിയെടുത്തു. ഫാസിസത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താനും സാംസ്‌കാരിക അധിനിവേശം നടത്താനും അമർചിത്രകഥകൾ സഹായകമായി.

അധ്യാപകൻ വില്ലനായ മുസ്‌ലിം

അമർചിത്രകഥ ഒരു പഠനപദ്ധതിയാണെന്ന് പൈ അവകാശപ്പെട്ടിരുന്നു. 2008ൽ അനന്തപൈയുടെ മരണത്തെ തുടർന്ന് എ.സി.കെയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത റീന ഐ പുരിയും പറയുന്നത് ഇതൊരു പാഠ്യപദ്ധതിയാണെന്നാണ്. അധ്യാപകരോ ക്ലാസ് മുറികളോ ഇല്ലാത്ത പഠനപദ്ധതി. മറ്റേതു വിഷയത്തേക്കാളും ഇവ വായിക്കപ്പെടുന്നു. കുട്ടികൾ ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ എങ്ങനെയായിരിക്കണം എന്ന മുതിർന്നവരുടെ സങ്കൽപ്പത്തിനനുസൃതമായാണ് അമർചിത്രകഥകൾ ആവിഷ്‌കരിച്ചിട്ടുള്ളത്. കുട്ടികളുടെ സ്വാഭാവികവും സ്വതന്ത്രവുമായ അന്വേഷണങ്ങൾക്ക് അതു വിലങ്ങുതീർക്കുന്നു. മാർഗദർശനത്തിന്റെ പേരിലുള്ള ഒരുതരം ഷണ്ഡീകരണം, ബോധനശാസ്ത്രത്തിന്റെ പേരിലുള്ള അധിനിവേശം ഇവയാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. നിരപരാധിപത്വത്തെയും നിഷ്‌കളങ്കതയേയും ചൂഷണം ചെയ്ത് കുട്ടികളിൽ വിഗ്രഹനിർമാണം നടത്തുന്നു.

ഒരു പാഠപുസ്തകത്തിന്റെ രീതിയല്ല ചിത്രകഥകൾ അനുവർത്തിക്കുക. ഒരു ആശയത്തെ, ചരിത്രവസ്തുതയെ, വ്യക്തിയെ വിമർശിക്കുമ്പോഴും നിരൂപണം ചെയ്യുമ്പോഴും നിഷേധിക്കുമ്പോഴും പ്രകോപനം സൃഷ്ടിക്കുംവിധമായിരിക്കില്ല ചരിത്രകഥകൾ ആവിഷ്‌കരിക്കുന്നത്. പ്രത്യക്ഷമോ പരോക്ഷമോ ആയ ഫലിതമാണ് അമർചിത്രകഥ പ്രയോജനപ്പെടുത്തുക. വിവാദപരമായ ഇടപെടൽ നടത്തുന്നു എന്ന തോന്നൽ ചിത്രകഥകൾ സൃഷ്ടിക്കുകയില്ല. ഈ തത്വം തന്നെയാണ് അമർചിത്രകഥയും അനന്ത പൈയും അവലംബിക്കുന്നത്. മാന്യമായും മയത്തോടും ലാളിത്യത്തോടുമൊപ്പം നിർബന്ധിക്കുക, സമ്മർദ്ദത്തിലാക്കുക എന്നതാണ് അമർചിത്രകഥയുടെ നിലപാട്. ആർക്കും പരുക്കേൽപ്പിക്കാതെ ആരെയും നേരിട്ടെതിർക്കാതെ വളഞ്ഞരീതിയിൽ കാര്യങ്ങൾ പറയുന്ന ശൈലി.

റാഷ്​ ബിഹാരി ബോസ് എന്ന ചിത്രകഥയിൽ അദ്ദേഹത്തെ സ്വതന്ത്ര ചിന്താഗതിക്കാരനായ വിദ്യാർഥിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഭക്തിയാർ ഖിൽജി ബംഗാൾ കീഴടക്കിയതിനെ പ്രതിപാദിക്കുന്ന പാഠ്യഭാഗം ചോദ്യം ചെയ്യുന്നതാണ് കഥാസന്ദർഭം. റാഷ് ബിഹാരിയുടെ വിമർശന രീതിയും ആശയ വിനിമയശേഷിയും വിനയാന്വിതമായ സംസാരരീതിയും ചരിത്രത്തിലുള്ള അറിവും വാക്കിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്‌കരിക്കുന്നു. ചരിത്രത്തിനുവേണ്ടി നിലകൊള്ളാനുള്ള അവന്റെ ദൃഢനിശ്ചയം ചെറിയ കാര്യത്തിനു വേണ്ടി വിദ്യാലയം ഉപേക്ഷിക്കാൻ പോലും അവനെ സന്നദ്ധനാക്കുന്നു. കഥാകാരൻ ഗുരുകുല വിദ്യാഭ്യാസത്തിന്റെ മഹത്വത്തെകുറിച്ചും ആധുനിക വിദ്യാഭ്യാസ പദ്ധതിയുടെ ദൂഷ്യങ്ങളെക്കുറിച്ചും സൂചന നൽകുന്നുണ്ട്. അതായത് ഭാരതീയ പാരമ്പര്യത്തെകുറിച്ചു പറയാൻ ഡീ സ്‌കൂളിങ് എന്ന പുരാതനാശയം തിരുകിക്കയറ്റി ചിത്രകഥയ്ക്ക് പുരോഗമനപരമായ പരിവേഷം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
എന്നാൽ, അധ്യാപകൻ ആരാണെന്ന് ചിത്രത്തിൽനിന്ന് വ്യക്ത​മായി മനസ്സിലാക്കാം. പഠിച്ചതൊന്നും മറക്കാത്ത, പുതിയതൊന്നും പഠിക്കാത്ത, ഒരു ഉത്തരീയം ധരിച്ച, താടി നീട്ടിയ, മീശവെട്ടിക്കളഞ്ഞ അയാൾ മുസ്‌ലിമാണെന്ന് ചിത്രം സുവ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. കാഴ്ചയിൽ അധ്യാപകൻ വില്ലനായ മുസ്‌ലിമും റാഷ് ബിഹാരിയെന്ന കുട്ടി ചരിത്രത്തിനുവേണ്ടി നിലകൊള്ളുന്നയാളുമായി വായനക്കാരുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നു. നായകരായി ചിത്രീകരിക്കപ്പെടുന്നവരുടെ ശബ്ദത്തിന്​ ജനകീയ ശബ്​ദത്തിന്റെ പരിവേഷം കൊണ്ടുവരുന്നു.

ജീർണസംസ്‌കാരത്തിന് പുതിയ മുഖം

ദേശത്തെയും ദേശീയതയെയും കുറിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഹൈന്ദവ സാമുദായിക നിഗമനങ്ങളിലാവും പലപ്പോഴും അമർചിത്രകഥകളുടെ കഥാതന്തു. അതിനനുയോജ്യമായ ചേരുവകൾ, ബിംബകൽപന, സംഭാഷണം, മിഥോളജി എന്നിവ സമർഥമായി ചേർത്തുകൊണ്ടാവും കഥയും കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുക. പരസ്പര വിരുദ്ധ ആശയങ്ങളും ധർമവും അധർമവും തമ്മിലുള്ള സംഘർഷങ്ങളും സംഘട്ടനങ്ങളും ചിത്രീകരിക്കപ്പെടാറുണ്ട്. എന്നാൽ സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും സൗഹൃദവും ഐതിഹ്യവും ഇന്ത്യൻ സമൂഹത്തിന്റെ പ്രവണതകൾ തന്നെയായിരുന്നു. എന്നിട്ടും സംഘട്ടനങ്ങൾ മാത്രം ചിത്രീകരിച്ചു ഹൈന്ദവത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ചിത്രകഥകൾ ചെയ്തത്.

ചരിത്രത്തെ കൂട്ടുപിടിച്ച്​ ഹൈന്ദവപ്പഴമയ്ക്ക് ശാസ്ത്രീയതയുടെയും ആധുനികതയുടെയും ആവരണം നൽകിയുള്ള ആഖ്യാനങ്ങൾ യാഥാസ്ഥിതികത്വത്തിനും ജീർണസംസ്‌കാരത്തിനും പുതിയ മുഖം നൽകുകയാണ് ചെയ്തത്

അമർചിത്രകഥകൾ ക്ലാസ്സിക്കുകളെ പോലെയാണ് അവതരിപ്പിക്കപ്പെടുന്നത്. ക്ലാസ്സിക്കുകൾ ജനങ്ങളുടെ ആത്മഭാവങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. ആ വിതാനത്തിൽ പുരാണകഥകൾ ചിത്രീകരിക്കപ്പെടുകവഴി മനുഷ്യഹൃദയങ്ങൾ മലിനമാകാൻ സാധ്യതയുണ്ടെന്ന് നന്ദിനി ചന്ദ്ര പറയുന്നു. ചരിത്രത്തെ കൂട്ടുപിടിച്ച്​ ഹൈന്ദവപ്പഴമയ്ക്ക് ശാസ്ത്രീയതയുടെയും ആധുനികതയുടെയും ആവരണം നൽകിയുള്ള ആഖ്യാനങ്ങൾ യാഥാസ്ഥിതികത്വത്തിനും ജീർണസംസ്‌കാരത്തിനും പുതിയ മുഖം നൽകുകയാണ് ചെയ്തത്. പരിക്കേറ്റ നാഗരികതയെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച വി.എസ്. നെയ് പാൾ വിദ്യാസമ്പന്നരായ സവർണ ഇന്ത്യക്കാർ ഹിന്ദു ഇതിഹാസങ്ങളിൽ എല്ലാ ശാസ്ത്രസിദ്ധാന്തങ്ങളുമുണ്ടെന്നു കരുതുന്നതിനെ പരിഹസിക്കുന്നുണ്ട്. കോവിഡ് എന്ന മഹാമാരിയുടെ കാലത്തും അതിന് വാക്‌സിൻ കണ്ടെത്താൻ ചാണകം ഉപകരിക്കുമെന്ന് ആർ.എസ്.എസ്, ബി.ജെ.പി

'ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ' എന്ന അടിക്കുറിപ്പോടെ ലോക്ക്ഡൗൺ കാലത്ത് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്ത ചിത്രം
'ഞാൻ രാമായണം കാണുകയാണ്, നിങ്ങളോ' എന്ന അടിക്കുറിപ്പോടെ ലോക്ക്ഡൗൺ കാലത്ത് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്ത ചിത്രം

നേതൃത്വങ്ങൾ ആവർത്തിക്കുന്നതിനെ നാം ചെറുതായി കാണരുത്. പ്ലേയ്റ്റ് കൊട്ടുക, ലൈറ്റ് അടിക്കുകയെന്നൊക്കെ പറയുന്നത് ശാഖയിൽ നിന്നു പകർന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ കാരണം കൊണ്ടു കൂടിയാണ്. പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ മറ്റൊരു മഹാഭാരതയുദ്ധമെന്നാണ് ആർ.എസ്.എസ് വിശേഷിപ്പിച്ചത്. പിശാചുക്കളായ ഹിന്ദു വിരുദ്ധർക്കെതിരെ പ്രയോഗിക്കാവുന്ന ആയുധമാണ് ആറ്റംബോബെന്ന് ആർ.എസ്.എസ് ഇപ്പോഴും കരുതുന്നു. ഇറ്റാലിയൻ ഫിലോസഫറായ അന്റോണിയോ ഗ്രാംഷി പറയുന്നത്, ചരിത്രങ്ങൾ വളച്ചൊടിച്ചും ഭരണകൂടങ്ങളിലൂടെയുമാണ് ഫാസിസം കടന്നുവരുന്നത് എന്നാണ്.

വേദങ്ങളും ഹൈന്ദവ പുരാണങ്ങളും മാത്രം

അമർചിത്രകഥകൾ ഭക്തിയെ കുറിച്ചു പറയുമ്പോൾ എപ്പോഴും ഹൈന്ദവ വേദങ്ങളെയും പുരാണങ്ങളെയും മാത്രം ആശ്രയിക്കുകയാണ് ചെയ്യുക. ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതികളെയും ഗുരുക്കളെയും വിസ്മരിക്കുന്നു. അധഃസ്ഥിത വിഭാഗങ്ങളിൽനിന്നുള്ള ഗുരുക്കന്മാരുടെയും ദാർശനികരുടെയും സന്ദേശങ്ങൾ പോലും ബ്രാഹ്മണവൽക്കരിച്ച് അവതരിപ്പിക്കുന്നു. ഇന്ത്യയുടെ കരുത്തുറ്റതും സുന്ദരവുമായ വൈവിധ്യങ്ങളെ തീർത്തും നിരാകരിച്ച് അധികാരഹൈന്ദവതയുടെ ഭാവനകളും മൂല്യസങ്കൽപ്പങ്ങളും അവ പകർത്തിവച്ചു. ഭക്തി, ദൈവം, മൂല്യം, മോക്ഷം, പുനർജന്മം, വിവാഹം, കുടുംബം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സവർണസംഹിതകൾ രേഖപ്പെടുത്തിവച്ചുകൊണ്ട് ഇന്ത്യയുടെ പൊതുനിയമങ്ങൾ എന്ന ധാരണ അമർചിത്രകഥകൾ ഉറപ്പിച്ചെടുത്തു.
പ്രധാനമായും മൂന്നു രീതിയിലാണ് അമർചിത്രകഥകൾ പ്രചരിപ്പിച്ചതെന്നു നന്ദിനി ചന്ദ്ര പറയുന്നു. ഒന്ന്, സാംസ്‌കാരിക ജീർണതയുടെ പ്രചാരണമാണ് സാംസ്‌കാരിക മൂല്യങ്ങളുടെ പ്രചാരണത്തിനു പകരം നടത്തിയത്. അതിലൂടെ മതവിദ്വേഷവും വിഭാഗീയതയും കുരുന്നു മനസ്സുകളിൽ സൃഷ്ടിച്ചു. കല കലയ്ക്കു വേണ്ടിയല്ലാതെ മാറ്റുകയും കൃത്യമായ അജണ്ട കുത്തിത്തിരുകുകയും ചെയ്തു. അമർചിത്രകഥകൾ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ബുക്‌സിന് സർക്കാർ ഫണ്ട് മുടക്കിയിരുന്നുവേത്ര. രണ്ട്, കലയെ ഒരു ചരക്കായി മാറ്റി സാംസ്‌കാരിക വ്യവസായം നടത്തി. മൂന്ന്, കലയെ ലാഭവും നിക്ഷേപവുമാക്കി. 460 തലക്കെട്ടുകളിലായി 90 ദശലക്ഷം കോപ്പികളാണ് അനന്ത പൈയുടെ അമർചിത്രകഥകൾ ഇന്ത്യയിൽ വിറ്റഴിച്ചത്.

കർസേവകരുടെ സീരിയൽ വേഷം

അമർചിത്രകഥകളുടെ സുവർണകാലം ഇന്ത്യയിൽ 1960ന്റെ അവസാനം മുതൽ 1990 വരെ മൂന്ന് പതിറ്റാണ്ടാണ്. ഈ 30 വർഷങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റം വന്ന കാലം കൂടിയാണ്. ലാറ്റിനമേരിക്കയിൽ ഗബ്രിയൽ ഗാർസിയ മാർകേസ് തന്റെ സാഹിത്യപ്രവർത്തനത്തിലൂടെ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയതുപോലെയാണിതെന്ന് നന്ദിനി നിരീക്ഷിക്കുന്നു. സാമ്പത്തിക ചൂഷണം, സാമ്രാജ്യത്വ താൽപര്യം, മർദകരാഷ്ട്രീയം, സ്ത്രീവിരുദ്ധത ഇവയ്ക്കു പകരമായി നീതിയുടെയും നന്മയുടെയും സന്ദേശങ്ങൾ ജനങ്ങൾക്കുനൽകി അവരുടെ ചിന്തയെ സ്വാധീനിക്കാൻ മാർകേസിനു കഴിഞ്ഞു. എന്നാൽ, വിപരീതമായ ചിന്താഗതിയാണ് അനന്തപൈ ഇന്ത്യൻ ബാല്യങ്ങളിൽ നിർമിച്ചെടുത്തത്. ഇന്ത്യയിൽ അമർചിത്രകഥകൾ സജീവമാകുന്ന ഘട്ടത്തിൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ ശിഥിലമായി തുടങ്ങി. കോൺഗ്രസിന്റെ വിശാലമായ രാഷ്​ട്രീയ

ഇന്ത്യയുടെ കരുത്തുറ്റതും സുന്ദരവുമായ വൈവിധ്യങ്ങളെ തീർത്തും നിരാകരിച്ച് അധികാരഹൈന്ദവതയുടെ ഭാവനകളും മൂല്യസങ്കൽപ്പങ്ങളും അവ പകർത്തിവച്ചു

നിലപാടുകൾക്കുപകരമായി പാർട്ടിയിൽ ശ്രേഷ്ഠന്മാർ ഉയർന്നുവന്നു. ഹൈന്ദവ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഐക്യമുന്നണികൾ രൂപപ്പെട്ടു. ഇവ വായിച്ചുവളർന്ന ഒരു വിഭാഗത്തിന്റെ വോട്ട് നേടിയെന്നവണ്ണം ബി.ജെ.പി ആദ്യമായി അധികാരത്തിലുമെത്തി. ഈ ഘട്ടത്തിൽ രാമജന്മഭൂമി പ്രശ്‌നം വളർത്തി വലുതാക്കുകയും ബാബരിമസ്ജിദ് തകർക്കുന്നതിനെ അനുകൂലിക്കുന്ന മനഃസ്ഥിതി ഇന്ത്യൻ ബാല്യങ്ങളിൽ കുത്തിനിറയക്കാനും ഈ ചിത്രകഥാ പ്രസ്ഥാനത്തിനു കഴിഞ്ഞു.

രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണം ടെലിവിഷൻ പരമ്പര ദേശീയ ചാനലായ ദൂരദർശൻ സംപ്രേഷണം ചെയ്യുന്നത് 1987 ജനുവരി മുതൽ 1989 വരെയാണ്. ബി.ജെ.പിക്കു ദേശീയതലത്തിൽ ഒരു പാർട്ടിയായും മറ്റു മതേതര രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ പോലും ഫാസിസം ഒരു

മനസ്ഥിതിയായും വളർച്ച പ്രാപിക്കുന്നതിൽ ഈ ടെലിവിഷൻ പരമ്പര വലിയ പങ്കു വഹിച്ചുവെന്ന് പൊളിറ്റിക്‌സ് ആഫ്റ്റർ ടെലിവിഷൻ എന്ന പുസ്തകം എഴുതിയ അരവന്ദ് രാജഗോപാൽ പറയുന്നു. മുത്തശ്ശിക്കഥകളിൽ കേട്ടുപഴകിയിരുന്ന ശ്രീരാമൻ യഥാർഥമനുഷ്യനായി, ഇന്ത്യയുടെ രക്ഷകനായി, മനുഷ്യദൈവമായി ഇന്ത്യൻ മനസ്സുകളിൽ കുടിപാർത്തു. അദ്വാനിയുടെ രഥയാത്രയോടെ പന്ത് ബി.ജെ. പിയുടെ കൈയിലുമായി. രാമായണത്തെ തുടർന്നുവന്ന മഹാഭാരത്, ലവ്കുശ്, ലോർഡ് കൃഷ്ണ തുടങ്ങിയ സീരിയലുകളുമായി ബന്ധപ്പെട്ടവരൊക്കെ പിന്നീട് ബി.ജെ.പി യുടെ എം.പി മാരായി മാറുകയും ചെയ്തു. രാമനായി വേഷമിട്ട അരുൺ ഗോവിൽ, സീതയായി വേഷമിട്ട ദീപിക ചൗലാകിയ, ലോർഡ് കൃഷ്ണയിൽ അഭിനയിച്ച നിതീഷ് ഭരദ്വാജ്, രാവണനായി വേഷമിട്ട അരവിന്ദ് ത്രിവേദി എന്നിവർ തിരഞ്ഞെടുപ്പുകളിലൂടെ പാർലമെന്റിലെത്തി. കോൺഗ്രസ്സ് ഭരണത്തിലിരിക്കെ സംപ്രേഷണം ചെയ്ത ഈ സീരിയലുകൾ ബി.ജെ.പിയെ ഒരു ദേശീയ പാർട്ടിയായി വളർത്തിയെടുത്തുവെന്ന് അരവിന്ദ് പറയുന്നു.
രാമായണ സീരിയലുകളിലെ വേഷം ധരിച്ചു കൊണ്ടായിരുന്നു കർസേവകർ അയോധ്യയിലേക്ക് മാർച്ചു ചെയ്തത്. ബാബരി വിധിക്കു ശേഷം രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതിന്റെ രാഷ്ട്രീയവും ഇതിൽ നിന്ന് വ്യക്തമാണ്.

പച്ചക്കറി കഴിക്കുന്നവർ നല്ലവർ, മാംസാഹാരികൾ അക്രമികൾ

പ്രധാനമായും അമർചത്രകഥകൾ മൂന്ന്​ വിഭാഗമായാണ് അനന്തപൈ രൂപകൽപ്പനചെയ്തത്. ഒന്ന്, ദൈവങ്ങൾ കഥാപാത്രങ്ങളായി വരുന്നവ; കൃഷ്ണൻ, വിഷ്ണു, ശിവൻ, രാമൻ, പ്രഹ്​‌ളാദൻ തുടങ്ങിയവരായിരിക്കും കേന്ദ്രകഥാപാത്രങ്ങൾ. രണ്ട്, ഇതിഹാസ പുരുഷൻമാർ; ഛത്രപതി ശിവജി, രാജാഹരിശ്ചന്ദ്ര, പൃഥ്വിരാജ് ചൗഹാൻ, വിവേകാനന്ദൻ, അക്ബർ തുടങ്ങിയ വീരപുരുഷന്മാർ കേന്ദ്രകഥാപാത്രങ്ങളാവുക.
‘അക്ബർ ദ ഗ്രേറ്റ്' എന്ന ചിത്രകഥയ്ക്ക് ആധാരം അദ്ദേഹത്തിന്റെ ‘ദീൻ ഇലാഹി'യാണെന്നു നന്ദിനി നിരീക്ഷിക്കുന്നുണ്ട്.

ബി.ജെ.പിക്കു ദേശീയതലത്തിൽ ഒരു പാർട്ടിയായും മറ്റു മതേതര രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ പോലും ഫാസിസം ഒരു മനസ്ഥിതിയായും വളർച്ച പ്രാപിക്കുന്നതിൽ രാമായണം പരമ്പര വലിയ പങ്കു വഹിച്ചു

മൂന്ന്, ഫാബ്‌ലസ് അഥവ നാടൻ കഥകൾ. ബ്രാഹ്​മണരുടെ മഹത്വം പ്രതിപാദിക്കുന്നതും വെജിറ്റേറിയനാവാൻ പ്രേരിപ്പിക്കുന്നതുമാണ് ഈ വിഭാഗത്തിൽ വരുന്നത്. ബ്രാഹ്മണനെ സഹായിച്ചാൽ വരം കിട്ടും, ബ്രാഹ്ണ​മരെ ബഹുമാനിക്കണം, അവർക്ക് ഭക്ഷണം കൊടുക്കണം. അർജുനനും കൃഷ്ണനും ഇരിക്കുന്ന സദസ്സിൽ ഒരു ബ്രാഹ്മണൻ കടന്നുവരുന്നു. രണ്ടുപേരും എഴുന്നേറ്റ് നിൽക്കുന്നു. ഒരാൾ രാജാവും മറ്റൊരാൾ ദൈവവുമാണ്. ഇത്തരം ചിത്രകഥകളിലൂടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനാണ് പൈ ശ്രമിച്ചത്. അമ്പലങ്ങൾക്കുചുറ്റും ഊട്ടുപുരകൾ സ്ഥാപിച്ച് മൃഷ്ടാന്നം ഭുജിച്ചു കഴിഞ്ഞ ഒരു വിഭാഗത്തെ ഭക്ഷണം നൽകി തൃപ്തിപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ആയിരം ബ്രാഹ്മണർക്ക് ഭക്ഷണം നൽകിയാൽ വരം കിട്ടുമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയാണ് ഈ കഥകളിൽ. മഹാരാഷ്ട്ര, കർണാടക, ഗംഗാതീരം തുടങ്ങിയ ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശങ്ങൾ കഥാപശ്ചാത്തലമാവുമ്പോൾ ഭാരതത്തിന്റെ കഥയായും വടക്കു കിഴക്കൻ സംസ്ഥാനങ്ങളോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോ കഥകളാവുമ്പോൾ തികച്ചും പ്രാദേശിക കഥയായും മാറുന്നു. ബ്രാഹ്മണ - ദ്രാവിഡ വ്യത്യാസം ഇവയിൽ പ്രകടമായി കാണാം.
ഗോമാംസ വിരുദ്ധകഥകളെ പൈ അവതരിപ്പിച്ചത് കാക്കകളും നായകളും മാംസം കടിച്ചുകൊണ്ടുപോകുന്ന ചിത്രങ്ങൾ വരച്ചുകൊണ്ടാണ്. നല്ല മനുഷ്യർ പച്ചക്കറി ഭക്ഷിക്കുന്നു. അവർ നന്മകൾ ചെയ്യുന്നു. അവർക്ക് ബുദ്ധിയും സഹായമനസ്ഥിതിയുമുണ്ട്. മാംസാഹാരം തിന്നുന്നവർക്ക് ബുദ്ധിയില്ല. അക്രമവാസന കൂടുതൽ, ഇരിക്കും കൊമ്പ് മുറിക്കും തുടങ്ങിയ സന്ദേശങ്ങൾ ചിത്രകഥകളിലൂടെ വരച്ചു നൽകുന്നു. മുഗൾ ചക്രവർത്തിമാരിൽ അക്ബറിനെ നല്ലവനാക്കിയും ഔറംഗസീബിനെ സംഗീതത്തെ വെറുക്കുന്നവനാക്കിയും ചിത്രകഥകൾ രചിച്ചു. തൊപ്പിതുന്നി ആഢംബരമില്ലാതെ ജീവിച്ച ഔറംഗസീബ് സംഗീതം പോലും കേൾക്കില്ലെന്ന് പ്രത്യേകം എടുത്തുപറയുന്നു. ഒരു ശവമഞ്ചം കൊണ്ടുപോകുന്നതു കാണുമ്പോൾ അതാരുടേതെന്നു ചോദിക്കുന്ന ഔറംഗസീബിന് അതു സംഗീതമാണെന്ന് ഉത്തരം കിട്ടുമ്പോൾ, എന്നാൽ വലിയൊരു കുഴിയെടുത്ത് ഒരിക്കലും തിരിച്ചുവരാത്ത രീതിയൽ സംഗീതത്തെ കുഴിച്ചുമൂടാൻ നിർദേശിക്കുകയാണ്. ഹിന്ദുസ്ഥാനി സംഗീതം രാജ്യത്തിന് സംഭാവന ചെയ്തവർ സംഗീതം കേൾക്കുന്നതിനെ വിമർശിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ്.

‘ഭാരത (സവർണ) സ്ത്രീകൾ തൻ ഭാവശുദ്ധി'

പൈയുടെ കഥകളിലെ സ്ത്രീകളെല്ലാം സ്റ്റീരിയോടൈപ്പാണ്. ‘ഭാരത (സവർണ) സ്ത്രീകൾ തൻ ഭാവശുദ്ധി' മോഡൽ. സീത ഭർത്താവിനെ മാത്രം മനസ്സിൽ ധ്യാനിച്ച് കഴിയുന്നു. അന്ധനായ ഭർത്താവിനൊപ്പം കണ്ണുകെട്ടി ജീവിച്ച ഗാന്ധാരി. അംബ, അംബാനി, ഊർമിള. സുന്ദരികളായ ഇവർ അഭിപ്രായ ശേഷിയില്ലാത്ത ലൈംഗിക ഉപകരണങ്ങൾ മാത്രമായി അവതരിപ്പിക്കപ്പെട്ടു. ഹൈന്ദവരല്ലാത്ത സ്ത്രീകൾ മോശക്കാരെന്ന ചിന്താഗതി വായനക്കാരിൽ ഉടലെടുക്കുന്നു. ഹനുമാൻ സേന സത്രീകളെ പരസ്യമായി ആക്രമിക്കുന്നതിനു പിന്നിൽ ഈ ചിത്രരചനയുടെ സ്വാധീനം പ്രകടമാണ്. വർഗീയ കലാപങ്ങളിലൂടെ ആക്രമിക്കപ്പെട്ട പതിനായിരക്കണക്കിനു സ്ത്രീകൾ ഒരിക്കൽപോലും എവിടെയും പരാമർശിക്കപ്പെട്ടില്ല. ഇന്ത്യയിൽ കലാപവേളകളിൽ നടക്കുന്ന ബലാൽസംഗങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെയും സാക്ഷ്യപ്പെടുത്തലിലൂടെയും ഒരു വംശം മേൽക്കോയ്മ സ്ഥാപിക്കുന്നതിന്റെ അനുഷ്ഠാനമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പുതിയ രൂപത്തിലും ഭാവത്തിലും അമർചിത്രകഥയെ സജീവമാക്കുന്നതിനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണെന്ന് എ.സി.കെയുടെ എഡിറ്റർ റീന ഐ. പുരി പറയുന്നു

പുതിയ രൂപത്തിലും ഭാവത്തിലും അമർചിത്രകഥയെ സജീവമാക്കുന്നതിനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണെന്ന് എ.സി.കെയുടെ എഡിറ്റർ റീന ഐ. പുരി പറയുന്നു. നരേന്ദ്രമോദിയെ കുറിച്ചു വന്ന അമർ ചിത്രകഥയായ ബാലനരേന്ദ്രയിൽ, മുതലയുള്ള കുളത്തിലിറങ്ങി കുട്ടികൾക്ക് പന്ത് എടുത്തു കൊടുക്കുന്ന വീരപുരുഷനായാണ് മോദി അവതരിക്കുന്നത്. ‘Modiji can make impossible possible' (അസാധ്യമായത് സാധിപ്പിച്ചെടുക്കാൻ മോദിജിക്കാവും) എന്നാണ് ചിത്രകഥയുടെ കാപ്ഷൻ. 2016 ഒക്ടോബറിൽ സ്വബ് ഭാരത് കാമ്പയിനോടനുബന്ധിച്ചും മോദിയെ കുറിച്ച് 32 പേജുകളുള്ള ചിത്രകഥയിറങ്ങി. മഹാരാഷ്ട്രയിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി കാമ്പയിന് വ്യാപകമായി ചിത്രകഥകൾ ഉപയോഗപ്പെടുത്തി. അമർചിത്രകഥകളുടെ ആശയപ്രചാരണം ഉത്തരാധുനിക ദൃശ്യകലാലോകം ഏറ്റെടുത്തത് സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ്. ഹനുമാന്റെ പിൻമുറക്കാരാണ് കപീഷ്, കുട്ടിക്കുരങ്ങൻ, ഡിങ്കൻ, മായാവി...എല്ലാം. ശത്രുനിഗ്രഹത്തിന്റെ കുഞ്ഞുകഥകളുമായി ഇപ്പോഴും നമ്മുടെ കുട്ടികളെ ഇവ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഈ സാംസ്‌കാരിക ജീർണതയ്‌ക്കെതിരേ മൂർച്ചയുള്ള കണ്ണുകൾ നൽകുന്ന ബദൽ അവതരിപ്പിക്കുന്നിടത്തേ ഈ സാസ്‌കാരികാധിനിവേശത്തെ അതിജയിക്കാനാവു.

പിൻകുറി

ഖുശ്‌വന്ത് സിങ് സോവിയറ്റ് റഷ്യയെ കുറിച്ച് നടത്തിയ പരിഹാസം അവിടത്തെ പത്രങ്ങളുടെ പേര്; ഒന്ന് സത്യം, മറ്റൊന്ന് വാർത്ത എന്നാണ്. ‘സോവിയറ്റ് റഷ്യയിൽ സത്യത്തിൽ ഒരു വാർത്തയുമില്ല, വാർത്തയിൽ ഒരു സത്യവുമില്ല.' ഭാരതത്തിനും നമ്മുടെ ദേശീയതയ്ക്കും ഈ പരിഹാസം നന്നായി ചേരും.

അവലംബം
The Classic Popular Amarchithrakatha 1967-2007
Nandini Chandra
Ayodhya Books Delhi
Politics After Television- Dr. Aravind Rajagopal
വംശഹത്യകൾ, കലീം, തേജസ് ബുക്‌സ്, കോഴിക്കോട്

Comments