ബ്രാഹ്​മണ ദുഃഖമല്ല ഇന്ത്യൻ ദുഃഖം, വ്യാജം പാടുന്ന നാമസങ്കീർത്തനങ്ങൾ

കുചേലവൃത്തം വഞ്ചിപ്പാട്ടുകളിലൂടെയും കുചേലാഖ്യാനങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന ദാരിദ്ര്യം എല്ലാ മനുഷ്യരും അനുഭവിക്കുന്ന ദാരിദ്ര്യമല്ലെന്നും സുദാമാവെന്ന ബ്രാഹ്മണന്റെ ദാരിദ്ര്യമാണ് നാമസങ്കീർത്തനമായി ചൊൽക്കാഴ്ചയായി അരങ്ങു തകർക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇത്രയും അതിദാരിദ്ര്യം ബാധിച്ചിട്ടും സ്വന്തമായി അധ്വാനിക്കാതെ തന്റെ ദാരിദ്ര്യത്തെ കൃഷ്ണഭക്തിയിലൂടെ മറികടക്കുന്ന കുചേലബ്രാഹ്മണന്റെ പുതിയ അവതാരങ്ങളാണ് മിഥ്യ‌യായ അതിദരിദ്രകഥകളിലൂടെ സവർണ സംവരണം സാധ്യമാക്കിയത്. നാമസങ്കീർത്തനങ്ങളിൽ അലയടിക്കുന്ന ബ്രാഹ്മണ ദുഃഖമാണ് ഇന്ത്യയുടെ ദുഃഖമായി പൊതുമണ്ഡലം ഇന്നും കരുതിപ്പോരുന്നത്.

വൈദികങ്ങളായ യാഗ യജ്ഞ കർമ പാരമ്പര്യങ്ങളിൽ നിന്ന്​ വ്യതിരിക്തമായി, ക്ഷേത്രഭക്തിയിലൂടെയും കീർത്തനാലാപനങ്ങളിലൂടെയും പ്രചരിച്ച "ഭക്തിപ്രസ്ഥാനങ്ങൾ' നാമസങ്കീർത്തനാലാപനങ്ങൾക്കും നാമജപ വിധികൾക്കും ബഹുമുഖമായ പ്രചാരവും പ്രാധാന്യവും നൽകി. കാലക്രമത്തിൽ കീഴാള- പിന്നാക്ക ജനവിഭാഗങ്ങളിലേക്ക് അരിച്ചിറങ്ങുന്ന വിധത്തിലുള്ള സ്വാധീനവും ഇതിനുണ്ടായിവന്നു. ബ്രാഹ്മണേതരമായ കൈവഴികളും ഇതിൽ വികസിച്ചു വന്നിരുന്നുവെങ്കിലും ഭക്തിയുടെ കൈവഴികളെ സ്വാംശീകരിച്ച്​വളർച്ച പ്രാപിച്ച ബ്രാഹ്മണ്യത്തിനാണ് ഭക്തിയുടെ പിൽക്കാല ഇന്ത്യൻ ചരിത്രത്തിൽ മേൽക്കൈ ഉണ്ടായി വന്നത്. ഭക്തിയുടെ രാഷ്ട്രീയത്തിന് മഹാരാഷ്ട്രത്തിലും തമിഴകത്തും മറ്റും ബ്രാഹ്മണേതരമായ ചില കീഴാള ബഹുജന പരിപ്രേക്ഷ്യങ്ങളുണ്ടായിരുന്നെങ്കിലും കേരളത്തിൽ ഭക്തിയുടെ ഭാഗമായി രചിക്കപ്പെട്ട കീർത്തന സാഹിത്യങ്ങളിൽ വ്യാപിച്ചത് ബ്രാഹ്മണ്യ മനോഭാവങ്ങളായിരുന്നു.

വൈദിക യാഗ യജ്ഞാനുഷ്ഠാനങ്ങൾക്ക് കൈവന്ന പ്രചാരലുപ്തതയും ക്ഷേത്ര ഭക്തിയുടേയും താന്ത്രികാനുഷ്ഠാനങ്ങളുടേയും ജനപ്രിയമായ ബഹു സാംസ്കാരികതയുമാണ് ബ്രാഹ്മണരെ ക്ഷേത്രാനുഷ്ഠാനങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ബ്രാഹ്മണർ പ്രതിമാപൂജ ചെയ്യാൻ പാടില്ല എന്ന മനുസ്മൃതിയുടെ ശാസനം യജ്ഞ പുരോഹിതന്മാരായ ബ്രാഹ്മണർ താന്ത്രിക ബിംബപൂജകൾ അനുഷ്ഠിക്കാനാരംഭിച്ച കാലത്ത് സൃഷ്ടിക്കപ്പെട്ട നിയമമാണന്ന് അറിയാൻ കഴിയും. ബ്രാഹ്മണേതരമായ സ്വഭാവസവിശേഷതകളും മറ്റും പ്രകടിപ്പിച്ചിരുന്ന താന്ത്രിക ഭക്തി പാരമ്പര്യങ്ങളിലേക്ക് ബ്രാഹ്മണ്യം പ്രവേശിച്ചതോടെ അത് സമ്പൂർണമായ രൂപാന്തരത്തിന് വിധേയമായി. പുരാണങ്ങളിലും സ്തോത്ര കൃതികളിലും ഉള്ളടങ്ങിയ ദേവതാ സ്തുതികൾ ഇതിന്റെ പ്രത്യക്ഷ നിദർശനമാണ്. വിഷ്ണുസഹസ്രനാമത്തിൽ വിഷ്ണുവിനെ "ബ്രാഹ്മണ പ്രിയനായും', ലളിതാ സഹസ്രനാമത്തിൽ ദേവിയെ "വർണാശ്രമവിധായിനിയായും' അവതരിപ്പിക്കുന്നതിലൂടെ തദ്ദേശീയ ആരാധനാപാരമ്പര്യങ്ങളെ കൂടി ബ്രാഹ്മണ വൽക്കരിക്കാനും കഴിഞ്ഞു. ഈ സഹസ്രനാമങ്ങൾ സൂക്ഷ്മമായി പാരായണം ചെയ്താൽ ബോധ്യപ്പെടുക ബ്രാഹ്മണ്യത്തെയും ബ്രാഹ്മണരെയും സംരക്ഷിക്കുകയാണ് ഈ ദേവതകളുടെ പരമമായ കർത്തവ്യമെന്നാണ്. വർണാശ്രമധർമത്തെ പുനഃസ്ഥാപിക്കാൻ കലിയുഗത്തിൽ ഭഗവാൻ ഖഡ്ഗിയെന്ന ബ്രാഹ്മണ യോദ്ധാവായി അവതരിക്കുമെന്ന് പറയുന്ന ഭാഗവത പുരാണം ജാതി വ്യവസ്ഥയുടെ അഴിവില്ലാത്ത തുടർച്ചയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി കാണാം. ജാതിവ്യവസ്ഥ തകർച്ച നേരിടുമ്പോൾ അത് സംരക്ഷിക്കാനും താങ്ങിനിർത്താനും ഉത്ഥരിക്കാനുമുള്ള ആഗ്രഹലക്ഷ്യമാണ് "സംഭവാമി യുഗേ യുഗേ' മുതലായ ഗീതാ വാക്യങ്ങളിലൂടെ നിർഗ്ഗളിക്കുന്നത്. ബ്രാഹ്മണപ്രിയരായും, വർണാശ്രമ ചാതുർവർണ്യത്തെ സംരക്ഷിച്ച് നിലനിർത്തുന്നവരായും സഹസ്രനാമ സ്തോത്രങ്ങളിൽ സ്തുതിക്കപ്പെടുന്ന ദേവതാ വൃന്ദങ്ങൾ ബ്രാഹ്മണ്യത്തിന്റെ
സാംസ്കാരിക വ്യവസ്ഥയുടെ നിലനിൽപ്പിനെയാണ് സാധൂകരിക്കുന്നത്. ലളിതാസഹസ്രനാമത്തിൽ സന്നിഹിതമായ ബ്രാഹ്മണ്യ മൂല്യവ്യവസ്ഥ സ്മാർത്ത ബ്രാഹ്മണ്യത്തിന്റെ സവിശേഷ സംസ്കാരത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണന്ന് ലളിതാസഹസ്രനാമത്തെ സംബന്ധിച്ച പഠനത്തിൽ ഡോ. അലക്സിസ് സാന്റേഴ്സൺ സ്പഷ്ടമാക്കുന്നുണ്ട്. ഭക്തിയുടെ സാംസ്കാരിക ചരിത്രത്തിൽ അരങ്ങേറിയ ബ്രാഹ്മണ്യത്തിന്റെ ഹിംസാത്മക കടന്നുകയറ്റത്തിൽ നിന്ന്​ കേരളവും മുക്തമായിരുന്നില്ല. എഴുത്തച്ഛന്റെ രാമായണവും ഹരിനാമ കീർത്തനവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും ഭാഗവത കീർത്തനങ്ങളുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.

കാരണഭൂതന്മാരായ ബ്രാഹ്മണരുടെ കാലിലെ പൊടി ഹൃദയത്തിന്റെ
മാലിന്യമകറ്റാൻ പ്രാർത്ഥിക്കുന്ന എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് പ്രക്ഷേപിക്കുന്നത് ബ്രാഹ്മണ്യ വാഴ്ത്തുകളാണ്. എഴുത്തച്ഛന്റേതെന്ന് കരുതപ്പെടുന്ന ഹരിനാമകീർത്തനവും ബ്രാഹ്മണ്യവ്യവസ്ഥയുടെ രാഷ്ട്രീയമാണ് കൃത്യമായി പ്രതിഫലിപ്പിക്കുന്നത്. ഋതുവായ പെണ്ണിനും ഇരപ്പന്നും ദാഹകനും അഗ്നിയജനം ചെയ്യുന്ന ബ്രാഹ്മണനും ഹരിനാമകീർത്തനം എപ്പോഴും ജപിക്കാം (ഹരിനാമകീർത്തനം, ശ്ലോകം. 20) എന്ന് കേൾക്കുമ്പോൾ അത് വിപ്ലവകരമായ ആശയമാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും എല്ലാ ജനവിഭാഗങ്ങളെയും ബ്രാഹ്മണ്യ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് അതിലുള്ളടങ്ങിയിരിക്കുന്നത്. "ഒന്നായ നിന്നെയിഹ രണ്ടെന്നു' കണ്ട യുക്തിയാണ് ഇണ്ടലിന് കാരണമെന്ന് ഹരിനാമകീർത്തനം പാടുമ്പോൾ അതിൽ വ്യത്യസ്ത ദേവതാസങ്കല്പങ്ങളെയാണ് നിരസിക്കുന്നത്. ബ്രഹ്മം എന്ന ഒരൊറ്റ സങ്കല്പത്തിൽ സാംസ്കാരിക ഏകാധിപത്യ ബ്രാഹ്മണ്യത്തിന്റെ വേരുകൾ ആഴ്ന്നു കിടക്കുന്നുണ്ട്. എല്ലാം ബ്രഹ്മമാണന്ന് വരുന്നതോടെ കാളിയുടെയും കൂളിയുടെയും ചാത്തന്റെയും മറുതയുടെയും തെയ്യത്തിന്റെയും സ്വത്വം തന്നെ റദ്ദാക്കപ്പെടുകയും, ഇതിനെയെല്ലാം വിഴുങ്ങുന്ന, എല്ലാറ്റിനും അതീതമായ ആശയമായി ബ്രഹ്മം മാറിത്തീരുന്നു. നാമജപങ്ങളിൽ ഇടം നേടിയ വേദാന്ത ബ്രഹ്മ സങ്കല്പം ബഹുജനങ്ങളുടെ ബഹുമുഖമായ ദൈവ ഭാവനകളെ തിരസ്കരിച്ചു കൊണ്ട് ഏകാത്മക സംസ്കാരിക യുക്തിയായി പ്രവർത്തിക്കുന്നു. ഇതാകട്ടെ തെയ്യത്തെയും ചാത്തനെയും "കുറഞ്ഞ' ഒരു ദൈവസങ്കല്പമായും ബ്രഹ്മത്തെ ഏറ്റവും ശ്രേഷ്ഠമായ ദൈവഭാവനയായും അവതരിപ്പിക്കുന്നു. സാംസ്കാരിക ബ്രാഹ്മണ്യത്തിന്റെ അധീശയുക്തികളാണ് ബ്രഹ്മസങ്കല്പത്തിലും ഉള്ളടങ്ങിയിരിക്കുന്നത്. ഇതാകട്ടെ ഒരേ സമയം വൈവിധ്യങ്ങളെ നിരസിക്കുകയും വൈവിധ്യങ്ങളുടെ ബഹുവർണ ഭാവനകളുടെ ഏക വേരായി ബ്രഹ്മത്തെ സങ്കല്പിക്കുകയും ചെയ്യുന്നു. " യാതൊന്നു കണ്ടതതു നാരായണ പ്രതിമ / യാതൊന്നു കേട്ടതതു നാരായണ ശ്രുതികൾ / യാതൊന്നു ചെയ്തതു നാരായണാർച്ചനകൾ/ യാതൊന്നതൊക്കെ ... " എന്ന ഹരിനാമകീർത്തനം വ്യത്യസ്ത ഭാവനകളെ ഏകാത്മകമായ ഒരൊറ്റ സത്തയിലേക്ക് ചുരുക്കുന്ന ബ്രഹ്മസങ്കല്പത്തെയാണ് വെളിവാക്കുന്നത്.

അജാമിളന് മോക്ഷം നൽകുന്നതായി വിവരിക്കുന്ന ഹരിനാമകീർത്തന ഭാഗവും (ശ്ലോ. 31) ബ്രാഹ്മണ്യാഖ്യാനത്തെയാണ് വിശദീകരിക്കുന്നത്. ബ്രാഹ്മണവൃത്തി വിട്ട് ചണ്ഡാല വൃത്തി സ്വീകരിച്ച അജാമിളൻ എന്ന ബ്രാഹ്മണൻ മകനായ നാരായണനെ പേരു ചൊല്ലി വിളിച്ചത് അറിയാതെയാണെങ്കിലും നാരായണ നാമജപത്തിലൂടെ വിഷ്ണു പദം പൂകിയതായി അജാമിള കഥയിൽ വർണിക്കുന്നുണ്ട്. ഭാഗവതത്തിലും ഇതേ ആഖ്യാനം കാണാം. ചണ്ഡാലർ സമൂഹത്തിൽ ശപിക്കപ്പെട്ടവരാണെന്ന കൃത്യമായ സന്ദേശം ഈ ആഖ്യാനത്തിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണപാരമ്പര്യം ഉപേക്ഷിച്ച അജാമിളൻ ആ പാരമ്പര്യത്തെ ഉപേക്ഷിച്ചതാണ് മഹാപാപമായി ഭവിച്ചതെന്നും നാരായണ ജപത്തിലൂടെ ബ്രാഹ്മണ്യം തിരികെ കിട്ടിയതായും കഥ വിസ്തരിക്കുന്നു.

സപ്താഹ യജ്ഞവേദികളിലും ഭാഗവത പാരായണ വേദികളിലും ആലാപനത്തിലൂടെ പ്രസിദ്ധി കൈവരിച്ച ഭാഗവത കീർത്തനവും ഇത്തരത്തിൽ പരിശോധിക്കേണ്ടതുണ്ട്.
""കെട്ടുകളായതു കർമം പുരുഷനു / കെട്ടുകളറ്റേ മുക്തി വരൂ ദൃഢം ’’എന്ന ഭാഗവത കീർത്തന ഭാഗം കർമ പുനർജന്മ സിദ്ധാന്തമാണവതരിപ്പിക്കുന്നതെന്ന് കാണാം. ചാതുർവർണ്യ ജാതി വ്യവസ്ഥയുടെ ന്യായീകരണ സിദ്ധാന്തമാണ് കർമ പുനർജന്മ സങ്കല്പം. ഇതാകട്ടെ മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങളെയും സാമൂഹിക അസമത്വങ്ങളെയും സ്വാഭാവികമായും നിലനിൽക്കേണ്ട ഒന്നായും വിവരിക്കുന്നു.

"സുരലോകത്തിൽ നിന്നൊരു ജീവൻ പോയ് / നരലോകേ മഹീ സുരനാകുന്നു / ചണ്ഡ കർമങ്ങൾ ചെയ്തവർ ചാകുമ്പോൾ ചണ്ഡാല കുലത്തിങ്കൽ പിറക്കുന്നു" എന്ന് എഴുതിയ പൂന്താനവും പിൻപറ്റുന്നത് അസമത്വത്തിന്റെ
ജാതി ശ്രേണീകരണ യുക്തിയായ കർമസിദ്ധാന്തമാണ്. സമൂഹം ഹീനത്വം കൽപിച്ച മനുഷ്യരുടെ ഹീനത്വത്തിനും സാമൂഹ്യ ബഹിഷ്കരണത്തിനും കാരണം അവരുടെ മുജ്ജന്മ പാപമാണെന്ന് സിദ്ധാന്തിക്കുന്ന പൂന്താനം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളെ പാപികളായി മുദ്രകുത്തുകയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പതിത്വം കൽപിക്കപ്പെട്ടവർ എല്ലാ ദുരിതങ്ങളും അനുഭവിക്കാൻ വിധിക്കപ്പെട്ടവരായി സ്ഥാപിക്കപ്പെട്ടു. സവർണർ അനുഭവിക്കുന്ന സാംസ്കാരിക സാമൂഹിക ഗുണങ്ങളുടെ കാരണം അവർ പുണ്യശാലികളായതിനാലും പതിതരുടെ സാമൂഹിക ദുരിതങ്ങളുടെ കാരണം അവർ പാപികളായതിനാലാണെന്നുമാണ് പൂന്താനം ജ്ഞാനപ്പാനയിലൂടെ സ്ഥാപിക്കുന്നത്. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ന്യായീകരണമാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാനയെന്ന് ഇതിലൂടെ വ്യക്തമാവുന്നുണ്ട്. ചുരുക്കത്തിൽ പൂന്താനത്തിന്റെ ജ്ഞാനപ്പാന ബ്രാഹ്മണ്യത്തിന്റെ നീതികരണയുക്തിയാണ്.

കുചേലവൃത്തം വഞ്ചിപ്പാട്ടുകളിലൂടെയും കുചേലാഖ്യാനങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന ദാരിദ്ര്യം എല്ലാ മനുഷ്യരും അനുഭവിക്കുന്ന ദാരിദ്ര്യമല്ലെന്നും സുദാമാവെന്ന ബ്രാഹ്മണന്റെ ദാരിദ്ര്യമാണ് നാമസങ്കീർത്തനമായി ചൊൽക്കാഴ്ചയായി അരങ്ങു തകർക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇത്രയും അതിദാരിദ്ര്യം ബാധിച്ചിട്ടും സ്വന്തമായി അധ്വാനിക്കാതെ തന്റെ ദാരിദ്ര്യത്തെ കൃഷ്ണഭക്തിയിലൂടെ മറികടക്കുന്ന കുചേലബ്രാഹ്മണന്റെ പുതിയ അവതാരങ്ങളാണ് മിഥ്യ‌യായ അതിദരിദ്രകഥകളിലൂടെ സവർണ സംവരണം സാധ്യമാക്കിയത്. നാമസങ്കീർത്തനങ്ങളിൽ അലയടിക്കുന്ന ബ്രാഹ്മണ ദുഃഖമാണ് ഇന്ത്യയുടെ ദുഃഖമായി പൊതുമണ്ഡലം ഇന്നും കരുതിപ്പോരുന്നത്. ഇങ്ങനെ നോക്കിയാൽ നാമസങ്കീർത്തനങ്ങളിൽ സ്പഷ്ടവും കൃത്യവുമായ ബ്രാഹ്മണ്യരാഷ്ട്രീയം തെളിഞ്ഞുകാണാം. ഭക്തിഭാവലഹരിയിൽ തലച്ചോറിലേക്ക് ഈ ബ്രാഹ്മണ്യ സംസ്കാരം കൂടിയാണ് സ്വാംശീകരിക്കപ്പെടുന്നത്. ബ്രാഹ്മണ്യത്തിന്റെ കുത്സിത പ്രവർത്തികൾക്കെതിരായി ശബ്ദിക്കാൻ കഴിയാത്ത ജനതയായി ഇന്ത്യയെ ഇന്ന് മാറ്റി തീർത്തതിൽ നാമസങ്കീർത്തനങ്ങളുടെ രാഷ്ട്രീയത്തിനും പങ്കുണ്ടെന്ന് സാരം. "മഥുരാധിപതേ അഖിലം മധുരം' എന്ന് പാടിയത് ജീവിതത്തിന്റെ
കയ്പുനീർ കുടിച്ചവരല്ലെന്നും സുഖഭോഗസംസ്കാരത്തിന്റെ
സാമൂഹ്യ സന്ദർഭത്തിലാണ് "അഖിലം മധുരമായി' അനുഭവപ്പെടുന്നതെന്നും കീഴൊതുക്കപ്പെട്ട മനുഷ്യരെങ്കിലും ഓർക്കുന്നത് നന്നാവുമെന്ന് തോന്നുന്നു.


Summary: കുചേലവൃത്തം വഞ്ചിപ്പാട്ടുകളിലൂടെയും കുചേലാഖ്യാനങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന ദാരിദ്ര്യം എല്ലാ മനുഷ്യരും അനുഭവിക്കുന്ന ദാരിദ്ര്യമല്ലെന്നും സുദാമാവെന്ന ബ്രാഹ്മണന്റെ ദാരിദ്ര്യമാണ് നാമസങ്കീർത്തനമായി ചൊൽക്കാഴ്ചയായി അരങ്ങു തകർക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇത്രയും അതിദാരിദ്ര്യം ബാധിച്ചിട്ടും സ്വന്തമായി അധ്വാനിക്കാതെ തന്റെ ദാരിദ്ര്യത്തെ കൃഷ്ണഭക്തിയിലൂടെ മറികടക്കുന്ന കുചേലബ്രാഹ്മണന്റെ പുതിയ അവതാരങ്ങളാണ് മിഥ്യ‌യായ അതിദരിദ്രകഥകളിലൂടെ സവർണ സംവരണം സാധ്യമാക്കിയത്. നാമസങ്കീർത്തനങ്ങളിൽ അലയടിക്കുന്ന ബ്രാഹ്മണ ദുഃഖമാണ് ഇന്ത്യയുടെ ദുഃഖമായി പൊതുമണ്ഡലം ഇന്നും കരുതിപ്പോരുന്നത്.


Comments