Photo: Pixabay

അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം;
പിന്നെ യൂറോപ്പിലേക്കും...

ചില ഉരുളക്കിഴങ്ങനുഭവങ്ങൾ

നമ്മുടെ നാട്ടിൽ മെഴുക്കുവരട്ടിയിലെ ഉരുളക്കിഴങ്ങിന് പച്ചക്കറിയുടെ സ്ഥാനമാണെങ്കിൽ നെതെർലാൻഡ്സിലും ബെൽജിയത്തിലുമൊക്കെ അത്താഴം പലപ്പോഴും ഉരുളക്കിഴങ്ങും ഏതെങ്കിലും പച്ചക്കറിയും ഇറച്ചിയുമാണ്. മെഴുക്കുവരട്ടിയുടെ പോലെ സൈഡല്ല ഉരുളക്കിഴങ്ങ്​. ചോറിനും ചപ്പാത്തിക്കും പകരമാണ്. ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ

ചോറിനൊപ്പവും, അപ്പത്തിന്റെ കൂടെയും, പൂരിക്കൊപ്പവും, കള്ളുകുടിക്കുമ്പോഴും ഉരുളക്കിഴങ്ങ് പല അവസ്ഥാന്തരങ്ങളിലൂടെ സദാ സാന്നിധ്യമറിയിച്ച എൺപതുകളിലും, തൊണ്ണൂറുകളിലുമാണ് വളർന്നത്. മെഴുക്കുവരട്ടിയിൽ, വെജിറ്റബിൾ സ്റ്റുവിൽ ചിലപ്പോൾ ഒറ്റയ്ക്കും മറ്റു ചില പച്ചക്കറികൾക്കുമൊപ്പം, സാമ്പാറിൽ, ചിപ്‌സായി, പൊരിയലായി, പൊടിമാസായി.
ഉരുളക്കിഴങ്ങ്​ ഒന്നേ ഉണ്ടായിരുന്നുള്ളു അറിവിൽ. ഒരു സ്വത്വമേണ്ടായിരുന്നുള്ളൂ ഉരുളക്കിഴങ്ങിന്. കടയിൽ പോയാൽ ഏത്തപ്പഴവും പാളയംകോടനും, രസകദളിയും തരംതിരിച്ച്​, പേരെടുത്തു ചോദിക്കുന്ന പോലല്ല. ഉരുളക്കിഴങ്ങ്​... അത്രേയുള്ളൂ, അത്രേം മതി.

യൂറോപ്പിലേയ്ക്ക് കുടിയേറി ആദ്യമായി ഡെന്മാർക്കിലെ സൂപ്പർമാർക്കറ്റിൽ ഉരുളക്കിഴങ്ങ്​ വാങ്ങാൻ ചെന്നപ്പോൾ കഥ മാറി. മെഴുക്കുവരട്ടിയുണ്ടാക്കാൻ വേണ്ടിയാണ് ഉരുളക്കിഴങ്ങ്​. പൊട്ടറ്റോ എന്നുചോദിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ ഒരു ഷെൽഫിലേക്ക് കൈചൂണ്ടി. നോക്കിയപ്പോൾ ഒന്നല്ല, നാലോ അഞ്ചോ തരം ഉരുളക്കിഴങ്ങുകൾ. എല്ലാത്തിനും വെവ്വേറെ പേരും, ഓർഗാനിക്കും അല്ലാത്തതും. ചിലത്​ പ്ലാസ്റ്റിക് ബാഗിൽ, വേറെ ചിലത് ഒരു കൂമ്പാരമായി കൂട്ടിയിട്ടത്. എന്ത് എടുക്കണമെന്ന് ഒരു ധാരണയുമില്ല. മെഴുക്കുവരട്ടിയെന്നു പറഞ്ഞാൽ സൂപ്പർമാർക്കറ്റുകാർക്ക് തിരിയില്ല. വിശദീകരിച്ചു മെനക്കെടാൻ നിന്നില്ല, കൈയിൽ കിട്ടിയ ഒരു ചെറിയ പായ്ക്കറ്റും വാങ്ങിപ്പോന്നു. കഴുകി വൃത്തിയാക്കി പുഴുങ്ങിയെടുത്തു. തൊലികളയാനെടുത്തപ്പോൾ ഉരുളക്കിഴങ്ങ്​ പൊടിഞ്ഞു, ചെറിയ ചെറിയ കഷ്ണങ്ങളായി. അമർത്തിയാൽ ഒരു പേസ്റ്റ് പരുവം. ഒടുക്കം ചോറും തൈരെന്നു പേര് നൽകിയ യോഗർട്ടും നാട്ടിൽ നിന്ന് കൂടെക്കൊണ്ടുവന്ന അച്ചാറും കൂട്ടി കഴിച്ചു സമാധാനിച്ചു. പിന്നെയും ദിവസം കുറേ കഴിഞ്ഞാണ് കുഴമ്പുരൂപത്തിൽ (puree) ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങാണ് വാങ്ങിയതെന്ന് മനസ്സിലായത്. പൊരിയ്ക്കാനും, ചിപ്‌സുണ്ടാക്കാനും വേറെയിനമുണ്ട്. ഒന്നിനെ ഉദ്ദേശിച്ചു ഉണ്ടാക്കിയത് മറ്റൊന്നിനുപയോഗിച്ചാൽ മെനു വേറെ കരുതണമെന്ന് ഗുണപാഠം.

ഡച്ച് സൂപ്പർമാർക്കറ്റിൽ ലഭ്യമായ ഉരുളക്കിഴങ്ങിന്റെ വകഭേദങ്ങളിൽ ചിലത്‌

പോർച്ചുഗീസ്- സ്പാനിഷ് അധിനിവേശാനന്തരമാണ് ഉരുളക്കിഴങ്ങ്​യൂറോപ്പിൽ എത്തുന്നത്. ഈ യാത്രകൾക്കൊപ്പം ഉരുളക്കിഴങ്ങും അതിന്റെ രൂപങ്ങളും മാറിയെന്നതാണ് കഥ.

നെതെർലാൻഡ്‌സിൽ താമസമാക്കിയപ്പോൾ കുട്ടികൾക്ക് ഫ്രീത് (friet) നിർബന്ധം. ഫ്രഞ്ച് ഫ്രയ്‌സിന്റെ ഡച്ച് പേരാണങ്കിലും ചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ട് - മെലിഞ്ഞതും തടിച്ചതുമൊക്കെയുണ്ട് ഫ്രീതിൽ. തടി കൂടിയതിന്റെ പേരിൽ ഒരു ബെൽജിയൻ ബന്ധമുണ്ട്. വ്‌ലാംസെ ഫ്രീത് (vlaamse friet) വിവർത്തനം ചെയ്താൽ ഫ്‌ളെമിഷ് സംസാരിക്കുന്ന ബെൽജിയത്തിന്റെ പ്രവിശ്യയിൽ നിന്നുള്ള ഫ്രീത്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഇതുണ്ടാക്കാൻ ഒരു പ്രത്യേക ഇനം ഉരുളക്കിഴങ്ങു വേണം. ഫ്രീത് എന്നത് മിക്കവാറും ഫ്രീത് മാത്രമല്ല - കൂടെ സോസേജോ, മറ്റു ചില തരം ഇറച്ചി പൊരിച്ചതോ, ചീസ് ബാൾസോ ഉണ്ടാവും. ഫ്രീത് വാങ്ങിയെന്നു പറഞ്ഞാൽ ഇവയൊക്കെ കൂടെയുണ്ടെന്ന് ചുരുക്കം. നമ്മുടെ നാട്ടിൽ മെഴുക്കുവരട്ടിയിലെ ഉരുളക്കിഴങ്ങിന് പച്ചക്കറിയുടെ സ്ഥാനമാണെങ്കിൽ നെതെർലാൻഡ്സിലും ബെൽജിയത്തിലുമൊക്കെ അത്താഴം പലപ്പോഴും ഉരുളക്കിഴങ്ങും (പുഴുങ്ങിയതോ, പൊരിച്ചതോ, കുഴമ്പുരൂപത്തിലോ), ഏതെങ്കിലും പച്ചക്കറിയും (കൂടുതലും പുഴുങ്ങിയ കോളിഫ്ലവർ, ബീൻസ്, ബ്രോക്കോളി), ഇറച്ചിയുമാണ് (പന്നി, കോഴി, ബീഫ്). മെഴുക്കുവരട്ടിയുടെ പോലെ സൈഡല്ല ഉരുളക്കിഴങ്ങ്​. ചോറിനും ചപ്പാത്തിക്കും പകരമാണ്.

ചരിത്രം പറയുന്നത്, ലാറ്റിനമേരിക്കയിലെ ഇൻകാ വംശജരാണ് ആദ്യമായി ഉരുളകിഴങ്ങ്​ കൃഷി ചെയ്ത്​ അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റിയത്. പോർച്ചുഗീസ്- സ്പാനിഷ് അധിനിവേശാനന്തരമാണ് ഉരുളക്കിഴങ്ങ്​യൂറോപ്പിൽ എത്തുന്നത്. ഈ യാത്രകൾക്കൊപ്പം ഉരുളക്കിഴങ്ങും അതിന്റെ രൂപങ്ങളും മാറിയെന്നതാണ് കഥ. ഫ്രീതിലേക്കും മെഴുക്കുവരട്ടിയിലേക്കും തന്നെ മടങ്ങട്ടെ. ഇന്ന് നെതെർലാൻഡ്‌സിൽ ഏറ്റവും വിറ്റുപോവുന്ന ഒരു ഭക്ഷണസാധനമാണ് കാപ്സലോൺ (kapsalon). പേരിന്റെ അക്ഷരാർത്ഥം: ബാർബർ ഷോപ്പ്. സംഭവം ഇതാണ് - അലൂമിനിയം ഫോയിലാൽ ഉണ്ടാക്കിയ പാത്രത്തിൽ ഒരു തട്ട് ഷവർമ അല്ലെങ്കിൽ തർക്കിഷ് ദോണർ (döner) കബാബ്, അതിനുമുകളിൽ ഫ്രീത്, അതിനും മുകളിൽ ഉരുകിയ ചീസും മയോണൈസും, ചിലി സൗസും (sambal എന്ന ഇന്തോനേഷ്യൻ ചിലി പെയ്സ്റ്റാണ് പതിവ് കൂട്ട്), അല്പം സലാഡും. ഇതിന്റെ ഉത്ഭവം നെതെർലാൻഡ്‌സിലെ ഒരു പ്രധാന നഗരമായ റോട്ടർഡാമിലാണന്നു പറയപ്പെടുന്നു.

എന്റെ കുട്ടികൾക്ക് കാപ്സലോണിന്റെയും ഫ്രീതിന്റെയും അത്രയുമില്ലെങ്കിലും ചോറിനൊപ്പം ഇഷ്ടമുള്ള ഒരു വിഭവമാണ് മെഴുക്കുവരട്ടി. പക്ഷെ അമ്മവഴിക്ക്​ഡച്ചുകാരായ അവരങ്ങനെ പറയാറില്ല.

കഥ ഇങ്ങനെ: ആഫ്രിക്കൻ രാജ്യമായ കേപ് വേർദ് ദ്വീപുകളിൽ നിന്ന് കുടിയേറിയ ഒരു ബാർബറിന്റെ സംഭാവനയാണ് ഈ വിഭവത്തിന്റെ ആശയവും പേരും. തന്റെ അയൽപക്കത്തെ ഒരു കബാബ്/ഷവർമ കടക്കാരന് പറഞ്ഞുകൊടുത്തു ഉണ്ടാക്കിച്ചത്. വിഭവമെന്തായാലും വൻ പ്രചാരം നേടി മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറി. ഒരു ഡച്ച്- ആഫ്രിക്കൻ- അറബ് / തുർക്കിഷ് കൂടിച്ചേരൽ. വിവിധ ദേശീയ, സാംസ്‌കാരികമുള്ളവർ തിങ്ങിപ്പാർക്കുന്ന നെതെർലാൻഡ്‌സിലെ തന്നെ ഏറ്റവും വൈവിധ്യം നിറഞ്ഞ നഗരമായ റോട്ടർഡാമിൽ തന്നെ കാപ്സലോൺ ഉത്ഭവിച്ചത് ഒരുപക്ഷെ കേവലം യാദൃച്ഛികമല്ല.

ഇന്ന് നെതെർലാൻഡ്‌സിൽ ഏറ്റവും വിറ്റുപോവുന്ന ഒരു ഭക്ഷണസാധനമാണ് കാപ്സലോൺ / Photo: Flickr

എന്റെ കുട്ടികൾക്ക് കാപ്സലോണിന്റെയും ഫ്രീതിന്റെയും അത്രയുമില്ലെങ്കിലും ചോറിനൊപ്പം ഇഷ്ടമുള്ള ഒരു വിഭവമാണ് മെഴുക്കുവരട്ടി. പക്ഷെ അമ്മവഴിക്ക്​ഡച്ചുകാരായ അവരങ്ങനെ പറയാറില്ല. കടുക് വറുത്ത്​ മഞ്ഞളും മുളകുപൊടിയും (ചിലപ്പോൾ ഇവയ്ക്കുപകരം നാടൻ ഇറച്ചി മസാലയോ, ജാഫ്‌ന കറി പൊടിയോ) ചേർത്ത് പൊരിച്ചെടുക്കുന്ന ഉരുളക്കിഴങ്ങിനെ അവർ വിളിക്കുന്നത് എരിവുള്ള ഉരുളക്കിഴങ്ങെന്നാണ് (ഡച്ചിൽ pittige aardappeln). കാച്ചിയ മോരും/പുളിശ്ശേരിയും അവർക്ക് യോഗർട് സൗസാണ് (yogurt sauce). നമ്മുടെ നാട്ടിൽ ഒഴിച്ചുകൂട്ടാന് പൊതുവെ പറയുന്ന കറിയെന്ന വാക്കിന് ഇവിടെ മസാല എന്നാണ് ധ്വനി. ദ്രാവകരൂപത്തിലുള്ള മിക്ക കൂട്ടുകൾക്കു സൗസെന്നും. പ്രവാസത്തിന്റെയും, കുടിയേറ്റത്തിന്റെയും, സംസ്‌കാരങ്ങൾ തമ്മിലുള്ള കൂടിക്കലരലിന്റെയും, പേരിടൽ പതിവുകളുടെയും ഒരോ വകഭേദങ്ങളാണ് കാപ്സലോണും pittige aardappeln-ഉം. എന്നാലും കാപ്സലോൺ നേടിയ രാജ്യവ്യാപക, രാജ്യാന്തര പ്രചാരമൊന്നും pittige aardappeln നു ലഭിച്ചിട്ടില്ല, ഇതുവരെ.

പേരുകളിൽ തന്നെ തുടർന്നാൽ, ഉരുളക്കിഴങ്ങിന്റെ ഡച്ചായ aardappeln-ഉം ഫ്രഞ്ചായ pommes de terre-ക്കും അക്ഷരാർഥം മണ്ണിൽ വിളയുന്ന ആപ്പിൾ എന്നാണ്. മണ്ണിനടിയിൽ വളരുന്നത് എന്ന അർഥത്തിലും വായിക്കാം. മണ്ണാണ് മറ്റൊരു ഡച്ച് ബന്ധം പുറത്തുകൊണ്ടുവരുന്നത് - വിൻസെൻറ്​ വാൻ ഗോഗിന്റെ ‘ഉരുളക്കിഴങ്ങു തിന്നുന്നവർ' (The Potato Eaters, 1885) എന്ന വിശ്വപ്രശസ്തമായ ചിത്രം. നിറങ്ങളാൽ ശ്രദ്ധേയമായ മറ്റു പല ചിത്രങ്ങളിൽ (സൂര്യകാന്തി പൂക്കൾ, ഉദാഹരണത്തിന് ) നിന്ന് തികച്ചും വ്യത്യസ്തമാണിത്. ഒരു റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു അത്താഴം (പിന്നിലെ ക്ലോക്കിൽ സമയം 7) കഴിക്കുന്ന ഒരു കർഷക കുടുംബം. ഇടത്തെ അറ്റത്തെ സ്ത്രീയും പുരുഷനും ഒരു പ്ലേറ്റിൽ നിന്ന് ആവി പറക്കുന്ന ഉരുളക്കിഴങ്ങ്​ മുറിക്കുന്നു, വലത്തു രണ്ടു സ്ത്രീകൾ കാപ്പി കപ്പുകളിലേയ്ക്ക് പകരുന്നു. കാഴ്ചക്കാരന്റെ ശ്രദ്ധക്ഷണിച്ച്​ ഒരു പെൺകുട്ടി പുറംതിരിഞ്ഞു നിൽക്കുന്നു. ഈ ചിത്രത്തെക്കുറിച്ച് വിൻസെൻറ്​ സഹോദരൻ തിയോയ്ക്ക് എഴുതിയ കത്തിൽ പറയുന്നത് ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലെ ഈ ചിത്രത്തിന്റെ അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്: ‘ഭക്ഷണം കഴിക്കുന്ന കൈകൾ കൊണ്ടുതന്നെയാണ് അവർ മണ്ണിൽ അധ്വാനിച്ചത്... അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവർ കഴിക്കുന്നത്.'
പത്തൊൻപതാം നൂറ്റാണ്ടിലെ ഡച്ച് ഉൾനാടൻ ജീവിതത്തിന്റെ കടുത്ത ജീവിത യാഥാർഥ്യങ്ങൾ പകർത്താനാണ് വാൻ ഗോഗ് ശ്രമിച്ചത്. പരുക്കൻ മുഖഭാവങ്ങളും, പണിയെടുത്തുതഴമ്പിച്ച കൈകളുമാണ് ചിത്രത്തിൽ. മണ്ണിന്റെ നിറമാണ് എല്ലാത്തിനും. വിൻസെൻറ്​ വാൻ ഗോഗ് എഴുതി: ‘തൊലികളയാത്ത പൊടിപിടിച്ച ഒരു ഉരുളക്കിഴങ്ങുപോലെ (something like the color of a really dusty potato, unpeeled of course).'
ഉരുളക്കിഴങ്ങിലൂടെ, അതിൽ പുരണ്ട മണ്ണിന്റെ നിറങ്ങളിലൂടെയാണ് വാൻ ഗോഗ് ഒരു സാമൂഹികയാഥാർഥ്യം വരച്ചിടുന്നത്. ദാരിദ്ര്യവും, ചൂഷണവും, കായക്ലേശവും, അനിശ്ചിതാവസ്ഥകളും നിറഞ്ഞ കർഷകജീവിതം ആവിഷ്‌കരിക്കാൻ വേറൊന്നും വേണ്ടിയിരുന്നില്ല. കാരണം അവരുടെ പ്രധാന ഭക്ഷണവും, കൃഷിയും, വരുമാനമാർഗവും ഉരുളക്കിഴങ്ങായിരുന്നു. കരിക്കാടിയും അമൃതേത്തും പോലെ ഉരുളക്കിഴങ്ങും അത് തിന്നുന്നവരിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഒറ്റനോട്ടത്തിൽ ഈ ചിത്രത്തിന് ഈ കാലത്തു എന്ത് പ്രസക്തിയെന്നു തോന്നാം.

ഇവിടെ ഉരുളക്കിഴങ്ങ്​ സാധാരണ ആഹാരവസ്തു മാത്രമല്ല. മാറിയ രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ചും, ജീവിതസാഹചര്യങ്ങളെക്കുറിച്ചും, മനുഷ്യരുടെ സാമൂഹ്യബന്ധങ്ങളെക്കുറിച്ചുമുള്ള അവബോധമാണ്. / Photo: Flickr

യൂറോപ്പിനോടുള്ള ചേർച്ചകളാലും ഇടർച്ചകളാലും സമ്പന്നമായൊരു ചരിത്രമുള്ള റഷ്യയും ഉരുളക്കിഴങ്ങും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അമേരിക്കൻ സാംസ്‌കാരിക നരവംശാസ്ത്രജ്ഞയായ നാൻസി റീസിന്റെ വീക്ഷണത്തിൽ സോവിയറ്റ്- സോവിയേറ്റനന്തര റഷ്യൻ ചരിത്രത്തെ കോർത്തിണക്കുന്ന ഒരു കണ്ണി ഉരുളക്കിഴങ്ങാണ്. ആഭ്യന്തര- ലോക യുദ്ധങ്ങളുടെ അതിതീവ്ര ക്ഷാമകാലത്തും, കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലും, സോഷ്യലിസ്റ്റനന്തര വിപണിവ്യവസ്ഥയിലും ഉരുളക്കിഴങ്ങാണ് അതിജീവനത്തിന്റെ കേന്ദ്രബിന്ദു. എങ്ങനെ നിങ്ങളെ പ്രതികൂലാവസ്ഥകൾ - വിശേഷിച്ച്​, സോഷ്യലിസ്റ്റനന്തരമുള്ള തൊഴിലില്ലായ്മയും മറ്റും - നേരിടുന്നുവെന്ന ചോദ്യത്തിൽ ഒറ്റ വാക്കിലാണ് റഷ്യൻ മറുപടി: ഉരുളക്കിഴങ്ങ്​ (റഷ്യനിൽ kartofel; ജർമനിലാണ് ഇതിന്റെ വേര്: kartoffel). വേറൊരു സാമൂഹ്യശാസ്​ത്രജ്​ഞയോട്​ ഒരു ഖനി തൊഴിലാളി പറഞ്ഞത് റീസ് ഉദ്ധരിക്കുന്നുണ്ട്: ‘ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ ഞങ്ങൾക്ക് അനുവദിച്ച ഭൂമിയില്ലെങ്കിൽ ഞങ്ങളുടെ മരണം ഉറപ്പ്.'

റഷ്യൻ ജനതയുടെ സ്വയംപര്യാപ്തതയെയും അതിജീവനശക്തിയെയും ന്യായികരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ഈ വ്യവഹാരങ്ങൾ. കഴിഞ്ഞ നൂറ്റാണ്ട് മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പല റഷ്യക്കാരും സർക്കാർ നൽകിയ ചെറിയ തുണ്ട് ഭൂമിയിലും മറ്റും അവരുടെ ആവശ്യത്തിനുള്ള ഉരുളക്കിഴങ്ങ്​ സ്വയം കൃഷി ചെയ്തിരുന്നു. ഇവിടെ ഉരുളക്കിഴങ്ങ്​ സാധാരണ ആഹാരവസ്തു മാത്രമല്ല. മാറിയ രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ചും, ജീവിതസാഹചര്യങ്ങളെക്കുറിച്ചും, മനുഷ്യരുടെ സാമൂഹ്യബന്ധങ്ങളെക്കുറിച്ചുമുള്ള അവബോധമാണ്. റീസിന്റെ ഭാഷയിൽ പറഞ്ഞാൽ സോഷ്യലിസ്റ്റനന്തര വ്യവ്യസ്ഥയെ വിഭാവനം ചെയ്യാനുള്ള ഒരു ഉപകരണം മാത്രമല്ലത്; ആ ലോകത്തെ രൂപപ്പെടുത്തുന്നതിലും, നിലനിർത്തുന്നതിലും, പുനരുല്പാദിപ്പിക്കുന്നതിലും ഉരുളക്കിഴങ്ങിന് ഒരു പങ്കുണ്ട്. ▮

(അവലംബം: Nancy Ries (2009), ‘Potato Ontology: Surviving Post socialism in Russia,' Cultural Anthropology 24 (2): 181-212).


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments