കാവിലേക്ക്​ തിരിച്ചുപോകുന്ന ക്ഷേത്രം; സംസ്​കാരത്തിലെ ഒരു അപൂർവ മടക്കം

ത്തരമലബാറിലെ കാവുകൾ ഓന്നൊന്നായി ക്ഷേത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് കഴിഞ്ഞ നാൽപ്പത് വർഷമായി തുടരുന്ന ക്ഷേത്രാചാരങ്ങൾ മാറ്റി കാവ്‌ സമ്പ്രദായത്തിലേക്ക് പോകുന്നു എന്ന് കോഴിക്കോട് ജില്ലയിലെ നെല്ലിക്കോടുള്ള പാലാട്ട് ശ്രീ ഭഗവതി ക്ഷേത്ര സമിതി തീരുമാനിച്ചത്. പാലാട്ട് ശ്രീ ഭഗവതി ക്ഷേത്രം എന്ന പേര് മാറ്റി പാലാട്ട് ശ്രീ ഭഗവതി കാവ് എന്ന് മാത്രമേ ഇനി ഉപയോഗിക്കാവൂ എന്നും വഴിപാടുകളായ മുട്ടിറക്കൽ, ജലധാര, അയ്യപ്പനും ഗണപതിക്കും വഴിപാടുകൾ എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്നും ഗുളികന് വഴിപാടായി പന്തം കത്തിക്കൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നും പറയുന്നു.

കാവുകൾ ക്ഷേത്രമാക്കാൻ പറയുന്ന അതേ തന്ത്രവിധിപ്രകാരം തന്നെയാണ് പാലാട്ട് കാവും ക്ഷേത്രത്തിൽ നിന്ന് കാവിലേക്ക് തിരിച്ചു നടക്കുന്നത്. അതിന് കാരണമായതാകട്ടെ പ്രസാദ് നമ്പീശൻ കോട്ടൂരും. കാവാണോ ക്ഷേത്രമാണോ മടപ്പുരയാണോ എന്നത് അഷ്ടമംഗല പ്രശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നും അതിന് വ്യക്തമായ നിയമങ്ങളുണ്ടെന്നും പ്രസാദ് നമ്പീശൻ പറയുന്നു.

കാവുകൾ കേവലം മതാധിഷ്ഠിതമായ ആരാധന കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. ജാതിമത വർഗ്ഗ വർണ്ണ ലിംഗാതീതമായി മനുഷ്യർ ഒത്തുകൂടുന്ന, പ്രകൃതി ഒരുക്കിയ തുറസ്സായിരുന്നു കാവുകൾ. സൂക്ഷ്മ സ്ഥൂലങ്ങളായ നിരവധി ജന്തു സസ്യ ജാലങ്ങളുടെ ആവസ വ്യവസ്ഥയാണ് കാവുകൾ. ആ കാവുകൾ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും പാലാട്ട് കാവിന്റെ ഈ മടക്കം അനുകരണീയമായ മാതൃകയാണെന്നും ചരിത്രപരമാണെന്നും പറയുകയാണ് ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ വി.കെ. അനിൽ കുമാർ.

Comments