കക്ഷികളിലും ഗ്രൂപ്പുകളിലും കൂടി മാത്രം എല്ലാം വിലയിരുത്തുന്നതാണ് നമ്മുടെ വിദ്വേഷനിർഭരമായ ഭൂരിപക്ഷസമൂഹം

മുമ്പ്​ നമ്മുടെ എഴുത്തുകാർ ​​നേരിട്ട ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ചോദ്യം, അതിനേക്കാൾ തീവ്രമായി ഈ കാലഘട്ടത്തിലെ എഴുത്തുകാർ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്​. എന്നാൽ, എത്രത്തോളം സർഗാത്മകമായും ധീരമായും പ്രതികരണോന്മുഖമായും ഈ കാലവും അതിന്റെ എഴുത്തും എഴുത്തുകാരും രാഷ്​ട്രീയപ്രഖ്യാപനം നടത്തുന്നുണ്ട്​? ട്രൂ കോപ്പി വെബ്​സീനിൽ പ്രമുഖ എഴുത്തുകാരും സാംസ്​കാരിക പ്രവർത്തകരും തുറന്നെഴുതുന്നു.

Truecopy Webzine

സച്ചിദാനന്ദൻ എഴുതുന്നു:

‘‘എല്ലാത്തരം സമഗ്രാധിപത്യത്തിന്നുമെതിരായ സ്വതന്ത്ര ജനാധിപത്യത്തിന്റെ സമത്വോന്മുഖ- സർവ്വമതസഹവർത്തിത്വ രാഷ്ട്രീയമായിരിക്കണം ഇന്നത്തെ കാലം ആവശ്യപ്പെടുന്ന എഴുത്തിന്റെ രാഷ്ട്രീയം. എഴുത്തിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയം ചിലപ്പോൾ എഴുത്തുകാരൻ / എഴുത്തുകാരി ലക്ഷ്യമാക്കുന്നതാകണം എന്നില്ല. ഒരു രചനയുടെ രാഷ്ട്രീയമായ പ്രത്യക്ഷബോധവും അതിന്റെ രാഷ്ട്രീയ അബോധവും വ്യത്യസ്തമാകാം എന്ന് എംഗൽസും ലെനിനും മുതൽ വാൾട്ടർ ബെന്യാമിനും ബ്രെഹ്റ്റും വരെയുള്ളവർ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീവാദിയായ ഒരു സ്ത്രീ, കമ്യൂണിസ്റ്റായ ഒരു പുരുഷൻ, ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന ഒരു ബുദ്ധിജീവി- ഇവരുടെ രചനകൾ എപ്പോഴും തങ്ങൾ പ്രത്യക്ഷത്തിൽ പറയുന്ന മൂല്യങ്ങൾ പ്രതിഫലിപ്പിക്കണം എന്നില്ല. ഫ്രെഡ്രിക് ജെയിംസൺ പാഠത്തിന്റെ ഈ അബോധത്തെ ‘പൊളിറ്റിക്കൽ അൺകോൺഷ്യസ്' എന്നുവിളിച്ചു. എഴുത്തുകാർ അറിയാതെ അവരുടെ രചനകളിൽ അവരുടെ ഉള്ളിലുള്ള മുൻവിധികൾ കടന്നുവന്നേക്കാം. നമ്മുടേതുപോലെ ഒരു കാലത്ത് ഇത് കൂടുതൽ വ്യാപകമാണ്. ജാതി, മതം, വർഗ്ഗം... ഇങ്ങനെ പലതും എഴുത്തുകാരുടെ ബാഹ്യവിശ്വാസത്തെ ചോദ്യം ചെയ്യും വിധം രചനയിൽ പ്രതിഫലിച്ചേക്കാം. നമ്മുടെ പല അറിയപ്പെടുന്ന ലിബറൽ ചിന്തകരും ഹിന്ദുത്വത്തെ അനുകൂലിക്കുന്നതായി ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടില്ലേ? അല്ലെങ്കിൽ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളിലുള്ളവർ റഷ്യയിലും ചൈനയിലും ഇന്ന് നിലവിലുള്ള പ്രച്ഛന്നമുതലാളിത്തത്തെ അനുകൂലിക്കുന്നത്? അഥവാ ജനാധിപത്യനേതാക്കൾ ഏകാധിപത്യം ആഗ്രഹിക്കും പോലെ തോന്നുന്നത്?’’

‘‘എന്റെ ഇടതുപക്ഷസങ്കൽപ്പത്തിൽ മാർക്സും പിറകേ വന്ന സ്റ്റാലിനിസ്റ്റുകൾ അല്ലാത്ത മാർക്സിസ്റ്റ് ചിന്തകരും ഗാന്ധിയും അംബേദ്കറും ഉണ്ട്. ഒരു പക്ഷെ പിറകോട്ടുപോയാൽ ക്രിസ്തുവിലും മുഹമ്മദിലും ബുദ്ധനിലും ഭാവിസമൂഹത്തെക്കുറിച്ചുള്ള മൂല്യപരമായ ചില യോജിപ്പുകൾ കാണാനായേക്കാം, അവർ തങ്ങളുടെ കാലത്തെ ഭാഷ സംസാരിച്ചു എന്നേയുള്ളൂ. ശ്രീനാരായണനിലും ഇത് കണ്ടേക്കാം. ഇതു കണ്ടെത്താൻ സ്ഥാപനങ്ങളെയും ആചാരങ്ങളെയും മറ്റും വകഞ്ഞുമാറ്റി അവരുടെ ചിന്തകളുടെ പ്രഭവത്തിലേക്ക് സഞ്ചരിക്കണം. വർഗ്ഗീയതയിൽനിന്ന് ആത്മീയതയിലേക്കുള്ള ദൂരം മുഴുവൻ താണ്ടണം. എനിക്കറിയാം, കേരളത്തിൽ ഇങ്ങിനെ ഒരു സമീപനം പുലർത്തുക ഒട്ടും അനായാസമല്ലെന്ന്, എല്ലാ ഭാഗത്തുനിന്നും സംശയിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുമെന്ന്. കക്ഷികളിലും ഗ്രൂപ്പുകളിലും കൂടി മാത്രം എല്ലാം വിലയിരുത്തുന്നതാണ് എന്തും കറുപ്പും വെളുപ്പും മാത്രമായി കാണുന്ന, സൈബർലോകത്തും മറ്റും വിഹരിക്കുന്ന, നമ്മുടെ വിദ്വേഷനിർഭരമായ ഭൂരിപക്ഷസമൂഹം.’

രണ്ട് ചോദ്യങ്ങൾ
സച്ചിദാനന്ദൻ / കെ. കണ്ണൻ
എഴുത്തിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയം
എഴുത്തുകാർ ലക്ഷ്യമാക്കുന്നതാകണം എന്നില്ല

വായിക്കൂ, കേൾക്കൂ
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 84

Comments