ലാലു പ്രസാദ് യാദവ്

ആലുവിന്റെ അത്ഭുതലോകങ്ങൾ

"ജബ് തക്ക് ഹേ ആലു, തബ് തക്ക് രഹേഗ ലാലു ' ... അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസത്തിനു പോകും മുൻപ് ലാലു പ്രസാദ് യാദവ് തന്റെ ആ പഴയ വരികൾ മാധ്യമങ്ങൾക്കു മുന്നിൽ വിണ്ടും അവതരിപ്പിച്ചു. ഉത്തരേന്ത്യൻ നിത്യജീവിതത്തിന്റെ, ഭക്ഷണക്രമത്തിന്റെ, ജീവനാഡികളിൽ ഒന്ന് തന്നെയായ ഉരുളക്കിഴങ്ങിനെയും സ്വന്തം ജീവിതത്തെയും ഒരു വരിയിൽ കൂട്ടിക്കെട്ടി ബിഹാറിലെ ആ മുൻ മുഖ്യമന്ത്രി അടിവരയിട്ടത് മറ്റൊന്നുമായിരുന്നില്ല. ' എന്നെ ജയിലിലേക്കയക്കാനും അതുവഴി പൊതുജന മധ്യത്തിൽ നിന്നും സജീവ സാമൂഹിക - രാഷ്ട്രീയ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനും നിങ്ങളുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞേക്കാം, പക്ഷെ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാവും; എങ്ങനെ ഉത്തരേന്ത്യക്കാരന്റെ ഭക്ഷണത്തിൽ നിത്യസാന്നിധ്യമായി ഉരുളക്കിഴങ് ഉണ്ടോ അത് പോലെ. '

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളും പൊതു- വ്യക്തി ജീവിതങ്ങളിൽ ഭക്ഷണ-പാനീയങ്ങളുടെ മഹാ ആഘോഷകനുമായ ലാലുവിൽ -നിന്ന് ഉരുളക്കിഴങ്ങുമായുള്ള ഈ സാത്മീകരണം പല പതതിറ്റാണ്ടുകളായി കേട്ട് വരുന്നുണ്ട്. 1990 കളുടെ തുടക്കം തൊട്ടു തന്നെ പല തരം പൊടിപ്പും തൊങ്ങലും ചേർത്തുള്ള ആലു - ലാലു പ്രയോഗങ്ങൾ ഞാൻ തന്നെ കേട്ടിട്ടുണ്ട്. 1995ൽ ഒരു മാതിരിപ്പെട്ട രാഷ്ട്രീയ പണ്ഡിതരെയെല്ലാം ഞെട്ടിച്ചു കൊണ്ട് രണ്ടാമതും നിയമസഭാ തെരെഞ്ഞെടുപ്പിൽ ജയിച്ചു വീണ്ടും മുഖ്യമന്ത്രി ആയപ്പോഴാണ് ഒരു സവിശേഷ പ്രയോഗം കേട്ടത്. "ലാലു ബിഹാർ കെ ലിയേ ജറൂരി ഹേ, ജൈസേ ആലു' (ബിഹാറിന് ലാലുവിനെ വേണം, ആലു പോലെ തന്നെ. 2004 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന യു പി എ സർക്കാരിൽ റെയിൽവേ മന്ത്രി ആയിരിക്കെയാണ് ഈ പ്രയോഗത്തിന്റെ ഒരു മറുരൂപം കേൾക്കുന്നത്. -"ജബ് തക്ക് ഹേ സമൂസ മേ ആലു, തബ് തക്ക് രഹേഗ ലാലു'[സമൂസയിൽ ആലു ഉള്ള കാലത്തോളം ലാലുവും ഉണ്ടാകും].

ഇതിന്റെയെല്ലാം പരിഷ്‌കരിച്ച, വേണമെങ്കിൽ ആറ്റിക്കുറുക്കിയത് എന്ന് വിളിക്കാവുന്ന, രൂപമാണ് നാല് വർഷം മുൻപ് - 2017 ഡിസംബറിൽ -കേട്ടത്. കോടതി കുറ്റക്കാരൻ എന്ന് വിധിച്ചതിനു ശേഷം ഉയർന്ന ഈ ആലു-ലാലു കൂട്ടിച്ചേർത്തലിന്റെ ഇഫക്ട് ഒന്ന് വേറെ തന്നെയായിരുന്നു. പിന്നീടുള്ള വർഷങ്ങൾ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലങ്ങൾ, ലാലുവിന്റെ ഈ പ്രയോഗത്തിന്റെ പ്രസക്തി അടിവരയിട്ടു. എല്ലാകാലത്തും ബിഹാറികൾ പലതരം ചേരുവകളിൽ ഉൾപ്പെടുത്തി കഴിച്ച് ആലുവിനെ പോലെ പോലെ ലാലു വീണ്ടും വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ തിരിച്ചു വന്നു കൊണ്ടേയിരുന്നു.

ഇത്തരം തിരിച്ചു വരവുകൾക്ക് ഇടയിൽ ബിഹാറിലെ രാഷ്ട്രീയ പത്രപ്രവർത്തകരിൽ പ്രമുഖനും അടുത്ത സുഹൃത്തും ദീർഘകാലം മലയാള മനോരമയുടെയും ദി വീക്കിന്റെയും ബീഹാർ ലേഖകനുമായിരുന്നതു കൊണ്ട് കേരളത്തെ അടുത്തറിയുകയും ചെയ്തിരുന്ന കന്നയ്യ ഭെലാരി മറ്റൊന്നുകൂടി പറയുമായിരുന്നു. ഭക്ഷണ സംബന്ധിയായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ "അരി തരാത്ത ഭരണമേ ' എന്നത് മാത്രമായി ചരുങ്ങിപ്പോയ കേരളത്തിൽ മാത്രം പ്രവർത്തിച്ച ഒരു മാധ്യമ തൊഴിലാളി ആയിരുന്നെകിൽ ലാലു- ആലു പ്രയോഗങ്ങളുടെ സ്വാരസ്യം എനിക്ക് ഒരിക്കലും മനസ്സിലാകുകയില്ലായിരുന്നു എന്ന്.

ഉരുളക്കിഴങ്ങ് കർഷകരും കരിമ്പ് കർഷകരും നേരിടുന്ന സംഭരണ-താങ്ങുവില പ്രശ്നങ്ങൾ വരും നിയമസഭാ തെരഞ്ഞെടുപ്പുകളെ, പ്രത്യേകിച്ചും ഉത്തർപ്രദേശിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പുകളെ നിർണായകമായി സ്വാധീനിക്കും എന്ന അവസ്ഥയുണ്ട് / Photo : Parth M.N, ruralindiaonline.org

1977 ൽ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ ദയനീയമായ തോൽവി ഏറ്റുവാങ്ങിയതിനുശേഷം ഇന്ദിരാഗാന്ധി തിരിച്ചുവന്നത് ഉയരുന്ന ഉള്ളി വിലയെ ആധാരമാക്കി കെട്ടഴിച്ചുവിട്ട പ്രചാരണത്തിന്റ ശക്തിയിൽ കൂടിയായിരുന്നു. പിന്നീട് 1989ൽ രാജീവ് ഗാന്ധിയുടെ സർക്കാരിനെതിരെ എതിരെ ബൊഫോഴ്‌സ് അടക്കമുള്ള വമ്പൻ അഴിമതി ആരോപണങ്ങൾക്കൊപ്പം ഉള്ളിക്കും ഉരുളക്കിഴങ്ങിനും ഉണ്ടായ ലഭ്യതക്കുറവും വിലവർധനവും സർക്കാർ വിരുദ്ധ ജനവികാരത്തിന് ആക്കം കൂട്ടി. ഇപ്പോൾ ഒരു വർഷം നീണ്ടു നിന്ന കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ, നരേന്ദ്രമോദി ഗവൺമെന്റ് കൊണ്ടുവന്ന വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും, ഉരുളക്കിഴങ്ങ് കർഷകരും കരിമ്പ് കർഷകരും നേരിടുന്ന സംഭരണ-താങ്ങുവില പ്രശ്നങ്ങൾ വരും നിയമസഭാ തെരഞ്ഞെടുപ്പുകളെ, പ്രത്യേകിച്ചും ഉത്തർപ്രദേശിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പുകളെ നിർണായകമായി സ്വാധീനിക്കും എന്ന അവസ്ഥയുണ്ട് .

ശരിയാണ്, ഏതാണ്ട് നാല് പതിറ്റാണ്ടായുള്ള ഉള്ള ഉത്തരേന്ത്യൻ വാസവും രാഷ്ട്രീയ പത്രപ്രവർത്തനവും സവിശേഷമായ ചില food- politics-society connections പഠിപ്പിച്ചിട്ടുണ്ട്. മൂലധാന്യങ്ങൾ അല്ലെങ്കിലും മുഖ്യ ആഹാരത്തിന്റെ ഭാഗമായ ഉരുളക്കിഴങ്ങിനും ഉള്ളിക്കും ഈ നാടിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ഭാഗധേയത്തിൽ ഉള്ള അനിവാര്യവും അതിവിപുലവും ആഴത്തിലുമുള്ള ശക്തി സ്വാധീനങ്ങളെക്കുറിച്ച് തന്നെയായിരുന്നു ഈ പാഠങ്ങളിൽ ഒന്ന് .

ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ തെക്കു നിന്ന് വടക്കോട്ടും കിഴക്കോട്ടും പോകുമ്പോൾ ഉരുളക്കിഴങ്ങ് ഒരു delicacy ( വിശിഷ്ട അല്ലെങ്കിൽ വ്യത്യസ്ത ഭോജ്യം) എന്ന നിലയിൽ തുടങ്ങി basic food അടിസ്ഥാന ഭോജ്യത്തിലേക്കു നീങ്ങി പിന്നീട് ഒരേ സമയം ഈ രണ്ടു വിഭാഗങ്ങളിലും സംക്രമിച്ചു നിൽക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തീർച്ചയായും വ്യക്തിപരമായ അനുഭവങ്ങൾ ഈ വീക്ഷണത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ സാമൂഹിക ഭക്ഷ്യ രീതികളുടെ നിരീക്ഷണവും ഇതിൽ അടങ്ങിയിട്ടുണ്ട്.

ജനിച്ചു വളർന്ന കണ്ണൂരിലെ വീട്ടിൽ നിലനിന്ന തീവ്ര സസ്യാഹാര ക്രമത്തിൽ "തമോഗുണക്കാരായ' സവാളയും വെളുത്തുള്ളിയും നിഷിദ്ധമായിരുന്നു. ഉരുളക്കിഴങ്ങിന് വിലക്ക് ഉണ്ടായിരുന്നില്ല. എങ്കിലും കിഴങ്ങുകളുടെ കൂട്ടത്തിൽ സ്വീകാര്യത കൂടുതൽ ചേനയ്ക്കും ചേമ്പിനും ആയിരുന്നു. ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയവ സെക്കന്റ് ക്ലാസ് സിറ്റിസൺസ്. ഊണിനു ഉപദംശകമായി കൂട്ടുന്ന "പൊടി മാസ്' എന്ന വിഭവത്തിൽ നല്ല പശുവിൻ നെയ്യുമായി ചേർന്ന് പ്രത്യക്ഷപ്പെടുമ്പോൾ പക്ഷെ ഉരുളക്കിഴങ്ങിന് ആഢ്യ സ്ഥാനം ലഭിക്കും. അത് പോലെ വല്ലപ്പോഴും ഉണ്ടാക്കുന്ന മസാല ദോശയിലും ഒരു മിന്നലാട്ടം നടത്തും.

Photo : pexels.com

പിന്നീട് യാത്രകളിലൂടെ സാമൂഹിക ഭക്ഷണ രീതികൾ ശ്രദ്ധിക്കാൻ അവസരം ലഭിച്ചപ്പോൾ കേരളത്തിലും അയൽ സംസ്ഥാനങ്ങൾ ആയ തമിഴ്‌നാട്ടിലും കർണാടകത്തിലും ഉരുളക്കിഴങ്ങു ഏതാണ്ട് എന്റെ വീട്ടിലെ പോലെ തന്നെ ഗസ്റ്റ് ആർട്ടിസ്റ് ആണെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലുകളിൽ പൂരി മാസാല ഒരു സ്ഥിരം വിഭവം ആണെങ്കിലും അവിടെയും പ്രാമാണ്യം ലഭിക്കുന്നത് ഉള്ളിക്ക് ആണെന്നാണ് എന്റെ തോന്നൽ. പക്ഷെ ആന്ധ്രയിലേക്കും തെലുങ്കാനയിലേക്കും എത്തുമ്പോൾ ഉരുളക്കിഴങ്ങ് സ്ഥിരം നിത്യജീവിത ഭക്ഷണത്തിൽ കൂടുതൽ കൂടുതലായി സ്ഥാനം പിടിക്കുന്നത് കാണാം. സമീപ സംസ്ഥാനങ്ങളായ, മഹാരാഷ്ട്ര-ഒഡിയ-മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ക്യൂസിനുകളുടെ സ്വാധീനം കാരണം തന്നെയാണ് ഇത്.

ആന്ധ്രയിലും തെലുങ്കാനയിലും ഏറെ പ്രചാരത്തിലുള്ള സസ്യാഹാര രീതിയിലുള്ള ചീര ഉരുളക്കിഴങ്ങു കറികളും മട്ടൻ ഉരുളക്കിഴങ്ങ് കറികളും ഒക്കെ കേരള തമിഴ്നാട് കർണാടക രീതികളിൽനിന്ന് വ്യത്യസ്തം തന്നെ. മഹാരാഷ്ട്രയിൽ എത്തുമ്പോഴേക്കും ഉരുളക്കിഴങ്ങിന്റെ നിത്യജീവിത ഭക്ഷണത്തിലെ സാന്നിധ്യവും സ്വാധീനവും വളരെ വളരെ വർധിക്കുന്നു. ബട്ടാട്ട വട എന്ന ഉരുളക്കിഴങ്ങു വടയും വടാപാവ് എന്ന് പേരുള്ള ലോകത്തെ തന്നെ ഏറ്റവും ബേസിക് ആയ സാൻഡ്വിച്ചും മഹാരാഷ്ട്രയുടെ മിക്കവാറും നഗര ഗ്രാമങ്ങളിൽ ലഭ്യമാണ്. മധ്യപ്രദേശിലും ഉത്തർ പ്രദേശിൽ ഏറ്റവും കൂടുതലായി മധ്യ പ്രദേശ് സാമൂഹിക - സാംസ്‌കാരിക സ്വാധീനമുള്ള ബുന്ദേൽഖണ്ഡിലും ഉരുളക്കിഴങ് അടിസ്ഥാന ഭോജ്യം തന്നെ.

അവിടെ നിന്ന് അങ്ങോട്ട് ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിലേക്കും തലസ്ഥാനനഗരി ഡൽഹിയിലേക്കും പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും ഒക്കെ കടക്കുമ്പോൾ ഇപ്പോൾ ആലു അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ഒരേസമയം അടിസ്ഥാന ഭോജ്യവും വിശിഷ്ടഭോജ്യവും ആയി മാറുന്ന കാഴ്ച നമ്മൾ കാണുന്നു. മിക്കവാറും എല്ലാ കറികളുടെയും ഭാഗമായി മാറുന്ന ആലു, വിവിധങ്ങളായ പൊറോട്ടകളുടെ മിശ്രിതത്തിന്റെ മുഖ്യ ചേരുവകളിൽ ഒന്നാകുന്നു. ആലു പൊറോട്ട പോലെയുള്ള വിഭവങ്ങളിലൂടെ ഈ കിഴങ്ങ് അക്ഷരാർത്ഥതത്തിൽ പുതിയ മാനങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. പഞ്ചാബി-മുഗൾ ഭക്ഷണ രീതികളുടെ വലിയ സ്വാധീനം ഡൽഹിയിലെയും പശ്ചിമ ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ആലു വിഭവങ്ങളിൽ പരക്കെ പ്രത്യക്ഷപ്പെടുന്നു. പൊറോട്ടകൾ തന്നെ ഒരു അടുക്കളയിൽ നിന്ന് മറ്റൊരു അടുക്കളയിലേക്ക് മാറുമ്പോൾ പഞ്ചാബിയായും മുഗൾ ആയും രൂപഭാവം തേടുന്നു. ചിലപ്പോൾ ഒരു അടുക്കളയിൽത്തന്നെ ഈ മൂന്ന് രീതിയിലുള്ള പാചകങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുന്നു.

ബട്ടാട്ട വട എന്ന ഉരുളക്കിഴങ്ങു വടയും വടാപാവ് എന്ന് പേരുള്ള ലോകത്തെ തന്നെ ഏറ്റവും ബേസിക് ആയ സാൻഡ്വിച്ചും മഹാരാഷ്ട്രയുടെ മിക്കവാറും നഗര ഗ്രാമങ്ങളിൽ ലഭ്യമാണ് / Photo : wikipedia commons

ഉപയോഗിക്കുന്ന എണ്ണകളുടെയും നെയ്യുകളുടെയും ഒക്കെ നിലവാരത്തിന്റെ തലത്തിൽ പഞ്ചാബിലെയും പശ്ചിമ ഉത്തർപ്രദേശിലെയും ശുദ്ധ പശുവിൻനെയ്യിൽ ഉണ്ടാക്കിയെടുക്കുന്ന ആലു വിഭവങ്ങൾക്ക് സവിശേഷമായ ഗുണമേന്മയും രുചിയും ഉണ്ട്. ഈ മിശ്രണം വഴി അടിസ്ഥാന ഭോജ്യങ്ങൾ തന്നെ delicacy കളായി മാറുന്ന കാഴ്ച ഈ പ്രദേശങ്ങളിൽ കൂടുതലായി അനുഭവപ്പെടുന്നു. ഉത്തർപ്രദേശിലെ മറ്റൊരു ഭൂമിശാസ്ത്ര വിഭാഗമായ അവധിലും-സംസ്ഥാന തലസ്ഥാനമായ ലക്നൗവും മറ്റുമടങ്ങുന്ന പ്രദേശം-സമാനമായ രീതിയിലുള്ള അനുഭവങ്ങൾ നൽകുന്ന ഇടങ്ങൾ ഏറെയാണ് .

ലക്‌നൗവിന് കിഴക്കോട്ട് പൂർവാഞ്ചലിലും-കിഴക്കൻ ഉത്തർ പ്രദേശ്-ബിഹാറിലും പശ്ചിമബംഗാളിലും പ്രതിശീർഷ വരുമാനവും മറ്റു സാമ്പത്തിക-സാമൂഹിക സൂചികകളും പശ്ചിമ ഉത്തർ പ്രാദേശിനെയും പഞ്ചാബിനെയും അപേക്ഷിച്ച് ഏറെ താഴെയാണ്. അവിടങ്ങളിലെ അടുക്കളകളും അടിസ്ഥാനപരമായി ആലുവിനെ എടുക്കുന്നത് നിലനിൽപ്പിന്റെ ഭക്ഷ്യവസ്തു എന്ന നിലയിലാണ്. എങ്കിലും രുചിയുടെ മഹാ ആകാശങ്ങൾ കീഴടക്കുന്ന ബേസിക് ഭക്ഷണ വിഭവങ്ങൾ ഇവിടെയുണ്ട്. അത്തരമൊരു രസികൻ വിഭവമാണ് "ആലു ബാത്ത്'.

രുചിയുടെ മഹാ ആകാശങ്ങൾ കീഴടക്കുന്ന ബേസിക് ഭക്ഷണ വിഭവങ്ങൾ ഇവിടെയുണ്ട്. അത്തരമൊരു രസികൻ വിഭവമാണ് "ആലു ബാത്ത്'

കിഴക്കൻ ഉത്തർ പ്രദേശിൽ തുടങ്ങി ബിഹാറിലുടനീളം സഞ്ചരിച്ച് കൊൽക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും ഏറെ പ്രചാരമുള്ള ബേസിക്കിലും ബേസിക്ക് ആയ ഒരു വിഭവമാണ് "ആലു ബാത്ത്'. നേരിട്ടുള്ള വിവർത്തനം ഉരുളക്കിഴങ്ങും ചോറും എന്ന്. സംഗതി സിംപിൾ ആണ്. തൊലിയുരിയാതെ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ചോറ്, നാലഞ്ച് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ഇത്രയുമാണ് ചേരുവ. ചോറും ഉരുളക്കിഴങ്ങും ചേർത്ത് കുഴയ്ക്കുക, പിന്നെ പച്ചമുളകും ഉപ്പും ചേർത്ത് കുഴയ്ക്കുക. വേണമെങ്കിൽ ഒന്നോ രണ്ടോ തുള്ളി കടുകെണ്ണ ചേർക്കാം. പാകമായി എന്ന് തോന്നുമ്പോൾ കഴിച്ചു തുടങ്ങാം. അതീവ സ്വാദിഷ്ടമായ ഈ വിഭവം നല്ല വിശപ്പുള്ളപ്പോൾ കൂടുതൽ രുചികരമായി തോന്നും. ബിഹാറിലും ബംഗാളിലും പല തെരെഞ്ഞെടുപ്പ് കവറേജുകൾക്ക് ഇടയിൽ പകൽ മുഴവൻ ഭക്ഷണം കിട്ടാതെ രാത്രി ആരുടെയെങ്കിലും താവളത്തിൽ നിന്ന് ഒരു പിടി ആലു ബാത്ത് കിട്ടുമ്പോൾ, സ്വർഗ്ഗീയം തന്നെയാണ് .

സമാനമായ ചില രാത്രികളിൽ, ബിഹാറിലെ ഭോജ്പൂർ - ആറയിൽ സി പി ഐ എം എൽ നേതാവ് ദീപാങ്കർ ഭട്ടാചാർജിക്കൊപ്പവും കൊൽക്കത്തയിൽ സി പി ഐ എം നേതാവ് നീലോത്പൽ വാസുവിനോടോപ്പവും എന്തിനധികം ബിഹാറിലെ ചപ്രയിൽ സാക്ഷാൽ ലാലുവിനൊപ്പവും ആലു -ബാത്ത് ആഘോഷിച്ചിട്ടുണ്ട്. ആ ഭക്ഷണത്തിന്റെ ക്ഷീണനിർമാർജന ശേഷിയും അതിന്റെ സ്വകീയമായ രുചിയും ചെറുപ്പം മുതലേ ശീലിച്ചവനാണ് ഞാൻ എന്ന് ആ രാത്രിയിൽ ലാലു ആവർത്തിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെയാവും ലാലു ഇതും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് - "ജബ് തക്ക് ഹേ ആലു, തബ് തക്ക് രഹേഗ ലാലു'.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

Comments