‘മിണ്ടാനാവാത്തവർ' മിണ്ടിത്തുടങ്ങുമ്പോഴാണ്, നടുകൂനി നിന്നവർ നടുനിവർത്തുമ്പോഴാണ്, തൊഴുതുനിന്നവർ ‘തെറിവിളിക്കാൻ' തുടങ്ങുമ്പോഴാണ്, ചുളിഞ്ഞനെറ്റിയും ചുരുട്ടിയ മുഷ്ടിയും മുഖാമുഖം കണ്ടുമുട്ടുമ്പോഴാണ്, അധികാരത്തിന്റെ ‘ശാന്തസമുദ്രം' പ്രക്ഷുബ്ധമാവുന്നത്. അധികാരത്തിന്റെ വാക്കിനും നോക്കിനും നാനാതരത്തിലുള്ള ക്രൂരചെയ്തികൾക്കും ഇടയിൽ പിടഞ്ഞവർ; അവരുടെ ജനവിരുദ്ധ നിലപാടുകൾക്കും, നയങ്ങൾക്കും, നിയമങ്ങൾക്കുമിടയിൽ പരവശരാകുന്നവർ; അവരുടെ ഒരവശപ്രതിരോധമായി ചരിത്രത്തിൽ എന്നും ‘തെറി' പ്രവർത്തിച്ചിട്ടുണ്ട്. കഴുവിൽ കിടന്നാടേണ്ടിവരുമെന്നറിഞ്ഞിട്ടും ‘കള്ളാലിത്തിരി മോന്തി’ തമ്പുരാനോട് നാല് ന്യായം പറയാനൊരുമ്പട്ട പഴയ നാടൻപാട്ടിലെ മനുഷ്യരിൽ തിളയ്ക്കുന്നത് നമ്പർവൺ പുരോഗമന തെറിയാണ്!
അധഃസ്ഥിതർക്ക് സ്വയം ആവിഷ്‌ക്കരിക്കാനുള്ള ശരിയായ അവസരം നിഷേധിക്കപ്പെടുമ്പോഴാണ്, അവർക്ക് തെറിയിലും, സ്വയംപീഢനത്തിലും അവസാന സുരക്ഷാതാവളം കണ്ടെത്തേണ്ടി വരുന്നത്. ‘അധികാരികൾ’ക്കാവട്ടെ, സ്വന്തം ആധിപത്യത്തിന്നപ്പുറം മറ്റൊന്നുമാവിഷ്‌കരിക്കാനില്ലാത്തതിനാൽ, അവരെപ്പോഴും ‘മുഴുതെറി’യിലാണ്. എന്നിട്ടും അവരാണ്, ‘തെറിയുടെ’ അതിർത്തി തീരുമാനിക്കുന്നത്!
സംവാദവും, പ്രതിരോധവുമാവാനാവാതെ പോവുന്ന ‘ചർച്ചകളെ’ അധികാരം പൊതുവിൽ പ്രോത്സാഹിപ്പിക്കും! ലിബറൽ ജനാധിപത്യത്തിന്റെ മഹത്വമായി അതും പരസ്യപ്പെടുത്തപ്പെടും.
അധഃസ്ഥിതരുടെ ‘തെറി’ സ്വന്തം നിസ്സഹായതയിൽ നിന്ന് തെറിച്ചുവരുന്നതാണ്. ‘പറയണ്ട, പറയണ്ട എന്ന് ഞാൻ വിചാരിച്ചതാണ്’ എന്നുള്ളത് പൊതുവിൽ അവരുടെ ‘തെറിയെ’ തുടർന്ന് വരുന്നൊരു പതിവ് ന്യായമാണ്. അതിനു പുറമെ ‘എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്’ എന്നൊരു എക്‌സ്‌ക്യൂസും! വാദി പ്രതിയാവുന്ന ഒരു കിടിലൻ ‘ഭാഷാമാജിക്’. തെറിക്കൊപ്പമോ അതിനെ തുടർന്നോ, മനസ്സിൽ നടക്കുന്ന, ഒരു നൈതിക വിശകലനമാണ് ‘അധഃസ്ഥിതസമൂഹങ്ങളിൽ’ ഇങ്ങനെ ശകലിതമാവുന്നത്! എന്നാൽ കൃത്യം സകലവും നിർണയിക്കപ്പെട്ടിട്ടുള്ള ‘അധികാരത്തിന്’ ഒരു നൈതികതയുടെയും ഭാരമില്ല! അതുകൊണ്ടാണ് അവരുടെ ‘അലർച്ചകൾ’, വ്യവസ്ഥയുടെ സുരക്ഷിതത്വമായും, നിസ്സഹായരുടെ നിലവിളികൾ വ്യവസ്ഥയുടെ അരക്ഷിതത്വമായും വായിക്കപ്പെടുന്നത്.
അധികാരമാണ് എല്ലാറ്റിന്റെയും അവസാനവാക്ക് എന്നത് തെറിയെ സംബന്ധിച്ചും ശരിയാണ്. ഏത് അശ്ലീലതകൾക്കും ആദർശപരിവേഷം നൽകാൻ അധികാരത്തിന് പറ്റും. ആൽബേർകാമു ‘പതനം’ എന്ന നോവലിൽ വിശദമാക്കിയതുപോലെ ഇപ്പോൾ സംഭാഷണങ്ങളും സംവാദങ്ങളുമില്ല. ഡയലോഗിനുപകരം അറിയിപ്പുകളാണ്. ‘ഇതാണ് സത്യം’ ഞങ്ങൾ പറയും. നിങ്ങൾക്കതേക്കുറിച്ച് എത്രവേണമെങ്കിലും ചർച്ചചെയ്യാം. ഞങ്ങൾക്കതിൽ ഒരു താൽപര്യവുമില്ല. കുറച്ചുകാലം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ പറയുന്നതാണ് സത്യമെന്ന് തെളിയിക്കാൻ ഞങ്ങൾക്കൊപ്പം പൊലീസുമുണ്ടാവും!
‘തെറി’യാണ് എന്നുള്ളതുകൊണ്ട് മാത്രം, അധിരാകകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നൊരു ‘ഇടതുപക്ഷതെറി’യെ തള്ളിക്കളയേണ്ടതില്ല.
കാമു പറഞ്ഞ ആ ‘കുറച്ചുകാലം’ ഇന്ത്യയിൽ കഴിഞ്ഞുപോയി! അധികാരം അനുവദിച്ച നമ്മുടെ ചർച്ചകൾക്ക്, ആ വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന സംവാദമായി വളരാനും വേണ്ടവിധം കഴിയുന്നില്ല. സംവാദവും, പ്രതിരോധവുമാവാനാവാതെ പോവുന്ന ‘ചർച്ചകളെ’ അധികാരം പൊതുവിൽ പ്രോത്സാഹിപ്പിക്കും! ലിബറൽ ജനാധിപത്യത്തിന്റെ മഹത്വമായി അതും പരസ്യപ്പെടുത്തപ്പെടും. എന്നാൽ വ്യവസ്ഥയുടെ സുഷിരങ്ങളിലേക്ക് തുറക്കുന്ന കണ്ണിനും; അധികാരത്തിന്റെ കൊമ്പിനുനേരേ നീളുന്ന കൈകൾക്കും അവർ വിലങ്ങിടും. പൊതുവിൽ ചർച്ചയെ പ്രോത്സാഹിപ്പിക്കുമെങ്കിലും, അതൽപം ചൂട് പിടിക്കുമ്പോൾ, ‘രാജ്യദ്രോഹം’ മുതൽ പലതരം ‘ചാപ്പകൾ’ അതിനുമേൽ ചാർത്തപ്പെടും!
ഭരണകൂട നേതൃത്വത്തിൽ പലതരം അധികാര മാധ്യമങ്ങളിലൂടെ ‘വെറുപ്പ്’ ഉൽപാദിപ്പിക്കുന്ന, സൗഹൃദം അസാധ്യമാക്കുന്ന, ഒരു സംഘർഷ രാഷ്ട്രീയകാലാവസ്ഥയിൽ; സ്‌നേഹത്തിനുവേണ്ടിയുള്ള ഒരു ‘തെറി’ വിളിപോലും ‘സ്വാഗതാർഹമാവും’. ‘തെറി’യാണ് എന്നുള്ളതുകൊണ്ട് മാത്രം, അധിരാകകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നൊരു ‘ഇടതുപക്ഷതെറി’യെ തള്ളിക്കളയേണ്ടതില്ല. ഇടതുപക്ഷക്കാർ നടത്തുന്ന വ്യക്തിപരമായ തെറികളെയല്ല, മറിച്ച് അധികാരവ്യവസ്ഥയുടെ പല്ലിടിച്ച് തെറിപ്പിക്കുന്ന ‘പുരോഗമനതെറി’യെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. പ്രത്യക്ഷരാഷ്ട്രീയ നിലപാടുകളെപ്പോലും അപ്രസക്തമാക്കുംവിധം, തെറിയുടെ വ്യത്യസ്ത ആവിഷ്‌ക്കാരങ്ങളെയാകെ കൂടെ പരിഗണിച്ചുകൊണ്ടാണ്, ‘പുരോഗമനതെറി’ എന്നൊരു പരികൽപന മുന്നോട്ട് വെക്കുന്നത്.
മുമ്പ് ബോംബേയിലേക്ക് നടത്തിയൊരു തീവണ്ടിയാത്രക്കിടയിൽ ‘കല്യാണിൽ’വെച്ചുണ്ടായ ഒരുനുഭവത്തിൽനിന്നാണ്, വ്യക്തിതലത്തിൽ, തെറിയുടെ ജനകീയ സാധ്യത മനസ്സിലാക്കിയത്! ട്രാൻസ്‌ജെൻഡർ മനുഷ്യരെ വണ്ടിയിൽവെച്ച് ചില യാത്രക്കാർ അകാരണമായി പരിഹസിച്ചു. ആദ്യം മുട്ടൻ തെറികൊണ്ടവർ അത് തടുത്തു. പിന്നെ സ്വന്തം ഉടുമുണ്ട് പൊക്കിയും! അധികാരശക്തികൾക്കു മുമ്പിലെ നിസ്സഹായരുടെ, സാധാരണഗതിയിൽ അസ്വീകാര്യമായ നഗ്നപ്രകടനങ്ങളെപോലും അതുകൊണ്ടാണ് പുരോഗമനപരമെന്ന് വിളിക്കേണ്ടിവരുന്നത്. എന്നാൽ ‘വ്യവസ്ഥാവിരുദ്ധത’യെ അധികാരശക്തികളാണ് ‘തെറിയാക്കുന്നത്’! സ്വന്തം ‘തെറിയവർ’ തിരിച്ചറിയുകയുമില്ല.
സോഷ്യൽ മീഡിയയിൽ ഗൗരവവാദങ്ങൾക്കിടയിലേക്ക് ‘പൊങ്ങുമനുഷ്യർ’ സ്വന്തം കൈവശമുള്ള ‘തെറി’കളുമായി ഇടിച്ചു കയറുന്നുണ്ട്. എന്നാൽ പരസ്പരം സൂക്ഷ്മമായിതന്നെ യോജിക്കുന്നവരും, വിയോജിക്കുന്നവരും, ഒന്നിച്ചുനിന്ന് പ്രതിരോധിച്ചാൽ, ഇവർ തെറിച്ചു പോവും!
‘തെറി’ എന്ന ശ്രദ്ധേയമായ പ്രബന്ധത്തിൽ സി.ജെ എഴുതി: ‘‘പ്രൗഢമായ ഭാഷയിൽ അദ്ദേഹമങ്ങനെ തട്ടിവിടുകയാണ്, മലയാളഭാഷയിലെ തെറി സാഹിത്യത്തെപ്പറ്റി. വണ്ടി ആലുവായിലെത്തുന്നതുവരെ ഞാനും സശ്രദ്ധം ശ്രദ്ധിച്ചു. തകഴിയുടെ ആത്മാവിന്റെ ദുർഗന്ധത്തെപ്പറ്റിയും, ദേവിന്റെ സ്വഭാവദൂഷ്യത്തെപ്പറ്റിയും പല പുതിയ അറിവുകളും എനിക്കു സിദ്ധിച്ചു. ബഷീർ ജാത്യാചാരമനുസരിച്ച് നാല് ഭാര്യമാരെ സംബന്ധം ചെയ്യാതിരുന്നത് അനാശാസ്യമാണെന്നും എനിക്കു മനസ്സിലായി. അവരുടെ പുസ്തകങ്ങളൊക്കെ തെറിയാണെന്നും, അവയൊക്കെ നിരോധിക്കേണ്ടതാണെന്നും എനിക്കുബോധ്യമായി. എനിക്കാകെപ്പാടെ ആ മനുഷ്യനോട് വലിയ ആദരവുതോന്നി. ആലുവായിൽ വണ്ടിയിറങ്ങിയ ഉടനെ വളരെ വിനയത്തോടുകൂടി ഞാൻ അദ്ദേഹത്തെ സമീപിച്ചു. മഹജ്ജന പരിചയം എപ്പോഴും നല്ലതാണല്ലോ. ‘അങ്ങ് എങ്ങോട്ടാ’ ഉപക്രമമായി ഞാൻ ആരംഭിച്ചു. ‘ഓ പൂരക്കാലമല്ലേ, കൊടുങ്ങല്ലൂർ വരെ’. ഞാൻ അൽപമൊന്നമ്പരന്നു. പൊൻകുന്നത്തിന്റെ തെറിയെ ഭയന്ന് കൊടുങ്ങല്ലൂർക്ക് പോകുന്ന അദ്ദേഹവുമായി അധികംനേരം സംഭാഷണം ചെയ്യണമെന്നെനിക്കു തോന്നിയില്ല. പക്ഷേ, അന്നുമുതൽ എനിക്കൊരു സംശയമാണ്: ഈ തെറിയെന്നു വെച്ചാലെന്താണ്?’’
സി.ജെയുടെ ആക്ഷേപഹാസ്യം രൂക്ഷമായ അധികാരവിമർശനത്തിന്റെ ജ്വലിക്കുന്നൊരു മാതൃകയാണ്. പുരോഗമന സാഹിത്യത്തെ ‘തെറിസാഹിത്യമെന്നും’ തെമ്മാടിക്കൂട്ടങ്ങളുടെ സാഹിത്യമെന്നും വിളിച്ചവർക്കെതിരെയുള്ള വിമർശനമാണദ്ദേഹം ‘തെറി’യെന്ന പ്രബന്ധത്തിൽ പങ്കുവെക്കുന്നത്.
‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നതിനോളം വലിയ ഒരു തെറി തിരുവിതാംകൂറിലുണ്ടായിട്ടില്ല’ എന്ന് സി.ജെ എഴുതുമ്പോൾ; തെറിയുടെ രാഷ്ട്രീയ തത്വചിന്തയിൽ തന്നെയാണദ്ദേഹം ആഴത്തിൽ സ്പർശിച്ചത്. മറ്റ് പലതുമെന്നപോലെ ‘തെറിയും’ ചുമ്മാ അലസമായി തട്ടികളിക്കാനുള്ള ഒരു വിഷയമല്ല!
സാങ്കേതിക വിദ്യയുടെ വളർച്ച ഏത് സമൂഹത്തിലും നിരവധി ‘സാധ്യത’കൾ തുറക്കും. പഴയ ലോകങ്ങളെ പരവശമാക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്യുന്നൊരു പുതിയ ലോകത്തെ സാധ്യമാക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് വലുതാണ്. അതേ സമയം പഴയ ‘സാമൂഹ്യബോധവും’ പുതിയ സാങ്കേതിവിദ്യയും തമ്മിലുള്ള അന്തരം, ഏതുസമൂഹത്തിലും പുതിയതരം കിതപ്പുകൾ സൃഷ്ടിക്കും. സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്ന തെറിവിളികൾ, രോഗമല്ല, രോഗലക്ഷണങ്ങളാണ്. മനുഷ്യാധ്വാനത്തിന്റെ, മഹാവിസ്മയമായി തിരിച്ചറിയേണ്ട ‘സാങ്കേതികവിദ്യ’, ‘ചൂഷക സാമൂഹ്യക്രമങ്ങൾ’ക്കകത്ത് മനുഷ്യബന്ധുവായി മാത്രം മാറുന്നതിനേക്കാളേറെ ‘മൂലധനബന്ധു’വായി മാറും. പലകാരണങ്ങളാൽ ‘പരന്നുപോയ’ മനുഷ്യരെ അതെളുപ്പം പിടികൂടും. നവോത്ഥാനത്തിനുപകരം പുനരുത്ഥാനവും, പ്രബുദ്ധതക്ക് പകരം ഉപഭോഗപരതയും, വിപ്ലവത്തിനു പകരം ഉപരിപ്ലവത്വവും ജീവിതത്തിന്റെ സമസ്തമണ്ഡലത്തിലും അതോടെ കൊടി പറത്തും. പുതുലോകത്തെ വരവേൽക്കുന്ന ആശയങ്ങളും ആദർശങ്ങളും മൂല്യങ്ങളും അട്ടിമറിക്കപ്പെടും. ഒരു വസ്തുതയേയും സംഭവത്തേയും അവസ്ഥയേയും പ്രക്രിയകളെയും, അതിന്റെ വേരിൽചെന്ന് കാണാനാവാത്ത, പരസ്പരബന്ധത്തിലും മാറ്റത്തിലും ഒന്നിനേയും ചേർത്തു നിർത്താനാവാത്ത, ബഹുതലനിഷേധിയായ, സമീപനങ്ങൾ കരുത്താർജ്ജിക്കും. തെറിവിളിക്കുകയല്ലാതെ, മറ്റൊന്നും ചെയ്യാനറിയാത്ത ‘പൊങ്ങുമനുഷ്യരെ’ അതുൽപ്പാദിപ്പിക്കും.
തങ്ങളിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരോട് മോശം രീതിയിൽ വിയോജിക്കാനുള്ള വാതിലുകൾപോലും വലിച്ചടച്ചുകൊണ്ടാണ്, പൊങ്ങുമനുഷ്യർ, പ്രതികരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഗൗരവവാദങ്ങൾക്കിടയിലേക്ക് ഇത്തരം ‘പൊങ്ങുമനുഷ്യർ’ സ്വന്തം കൈവശമുള്ള ‘തെറി’കളുമായി ഇടിച്ചു കയറുന്നുണ്ട്. എന്നാൽ പരസ്പരം സൂക്ഷ്മമായിതന്നെ യോജിക്കുന്നവരും, വിയോജിക്കുന്നവരും, ഒന്നിച്ചുനിന്ന് പ്രതിരോധിച്ചാൽ, ഇവർ തെറിച്ചു പോവും! ഈയടുത്ത് ലക്ഷദ്വീപ് വിഷയത്തിൽ എം. എ. ബേബിയുടെയും എളമരം കരീമിന്റെയും ഫേസ് ബുക് പ്രഭാഷണത്തോടുള്ള ‘കമൻറ് ബോക്‌സിലെ’ പ്രതികരണം മാത്രം അപഗ്രഥിച്ചാൽ, ‘പൊങ്ങുമനുഷ്യരുടെ’ ജീർണതയുടെ ആഴം തെളിയും. തങ്ങളിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരോട് മോശം രീതിയിൽ വിയോജിക്കാനുള്ള വാതിലുകൾപോലും വലിച്ചടച്ചുകൊണ്ടാണ്, പൊങ്ങുമനുഷ്യർ, പ്രതികരിക്കുന്നത്.
മുമ്പൊരിക്കൽ കയ്യാങ്കളിക്കെതിരെ ‘വാക്കാങ്കളി’ എന്നൊരു വാക്ക് എഴുത്തിന്നിടയിൽ വീണുകിട്ടിയപ്പോഴുണ്ടായ ആഹ്ലാദം ഓർക്കുന്നു. പറഞ്ഞു വരുന്നത് ഗൗരവ സംവാദങ്ങളോട് സംവദിക്കുന്നതിൽ അസഹിഷ്ണുക്കളാവുന്ന പൊങ്ങുമനുഷ്യരെ വ്യക്തികളെന്ന നിലയിൽ, പരിഗണിക്കേണ്ടതില്ലെന്നും, എന്നാൽ ആ ‘പൊങ്ങുപ്രവണത’ യുടെ പൊള്ളത്തരം തുറന്നുകാണിക്കപ്പെടേണ്ടതുണ്ടെന്നുമാണ്. എളമരം കരീമിന്റെ ‘കാര്യമാത്രപ്രസക്തമായ’ എന്നാൽ ആർക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാവുന്ന പ്രഭാഷണത്തോട് ‘ജിഹാദി കരീം അവന്റെ മതത്തോട് കൂറ് കാണിക്കുന്നു’ എന്ന തരത്തിലുള്ള പ്രതികരണത്തിൽ, കോർപ്പറേറ്റ് പ്രത്യയശാസ്ത്രം ‘ഉള്ള് പൊത്താക്കി’ മാറ്റിയ, ഒരു പൊങ്ങുമനുഷ്യൻ മാത്രമല്ല, മറിച്ച് നവഫാസിസം നിർമിച്ചുകൊണ്ടിരിക്കുന്ന ‘വെറുപ്പ് മനുഷ്യ’നുമുണ്ട്!
ഇന്ത്യൻ മാധ്യമങ്ങളിൽ നിറയുന്ന, ‘തെറികളിൽ വലിയൊരു പങ്കും’ ‘വെറുപ്പ് മനുഷ്യനും പൊങ്ങുമനുഷ്യനും’ തമ്മിലുള്ള ചങ്ങാത്തത്തിൽ നിന്നുമുണ്ടാവുന്നതാണ്. പ്രതികരിക്കുന്ന മറ്റെല്ലാവരും ഒരു തരത്തിലുള്ള പരിമിതികളുമില്ലാത്ത ‘പാവ’ങ്ങളാണെന്നല്ല, മുഖ്യപ്രവണത എന്താണെന്ന് എടുത്തുകാട്ടുക മാത്രമാണ് ചെയ്യുന്നത്. എം. എ. ബേബിയുടെ ശ്രദ്ധേയമായ പ്രഭാഷണത്തോടുള്ള പ്രതികരണത്തിലും ഇതേ പ്രവണത തന്നെയാണ് ആവർത്തിക്കപ്പെട്ടത്. ‘ബേബിച്ചാ മുറിച്ചോ’, ‘വെറും ബേബി അല്ല അറക്കുളം ബേബിതങ്ങൾ’, ‘ഫൂളിഷ് ബ്യൂറോ മെമ്പർ’, ‘സഖാവിനും ഹൂറികളെ കിട്ടുമോ?’ ഇത്തരം പ്രതികരണങ്ങളിൽ എനിക്കേറെ കൗതുകകരമായി തോന്നിയത് ‘ഹൂറികൾ’ യഥാർത്ഥമാണെന്ന് കരുതുന്നവരേക്കാൾ, അത് മിഥ്യയാണെന്ന് കരുതുന്നവർ, അക്കാര്യത്തിൽ കാണിക്കുന്ന അമിതതാൽപര്യമാണ്! വല്ല നോട്ടവുമുണ്ടോ, എന്തോ?
‘പുതിയ പൊങ്ങുമനുഷ്യ’രുടെ സോഷ്യൽമീഡിയാ സാന്നിധ്യത്തെ ഗൗരവ സംവാദങ്ങൾക്കിടയിലെ ഒരു ഹാസ്യാനുഭവമായി കൂടി കാണാവുന്നതാണ്! അതിന്നുപകരം അവയുടെ തന്നെ ‘ഫോട്ടോകോപ്പി’യായാൽ, അത് പിന്നെ ഹാസ്യമല്ല, ദുരന്തമാവും. അതിനെ അതിജീവിക്കുക എന്നത് അടിസ്ഥാനപരമായി ഒരു ‘നൈതികധീരത’യുടെ പ്രശ്‌നമാണ്. നൈതിക കമ്മിയും, വികാരതീവ്രതയും, വിചാരശൂന്യതയും, അസഹിഷ്ണുതാ സമൃദ്ധിയും ഉപരിപ്ലവത്വവും ഒന്നിക്കുമ്പോഴാണ് ‘വെറുപ്പ് മനുഷ്യർ’ പിറക്കുന്നത്. അതിനെ ചെറുക്കാൻ, അവർക്കൊപ്പം ചേരുകയല്ല, അവരെ നിർമിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരെ നിരന്തര ചെറുത്തുനിൽപ്പുകൾ നടത്തുകയാണ് വേണ്ടത്. ആശയസംവാദത്തെത്തന്നെ അസാധ്യമാക്കാനുള്ള ശ്രമങ്ങളെ തീക്ഷ്ണമായ ആശയസമരങ്ങളിലൂടെയാണ് പ്രതിരോധിക്കേണ്ടത്.
അടിമുടി ജീവിതത്തെ ആശയനിർഭരമാക്കുകയും സംവാദങ്ങൾക്ക് അവധികൊടുക്കാതിരിക്കുകയും സമരോത്സുകവും സർഗാത്മകവുമാവുകയും ചെയ്യുകയെന്നുള്ളത്, പരിവർത്തനത്തെ സംബന്ധിച്ച് അനിവാര്യമാണ്.
‘ആശയങ്ങളുടെ കിടങ്ങ് കല്ലുകിടങ്ങിനേക്കാൾ കരുത്തേറിയതാണ്’ എന്ന് മാർടി. കല്ല് കിടങ്ങ് മണ്ണിട്ട് തൂർക്കാൻ പറ്റും, മർദ്ദകർക്ക് മർദ്ദിതരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാൻ പറ്റും, അധികാരികൾക്ക് ജനതയെ പലവിധത്തിൽ ശിക്ഷിക്കാൻ കഴിയും. അവർക്ക് സമരങ്ങളെ തകർക്കാൻ കഴിയും, പക്ഷേ ആശയങ്ങളുടെ കിടങ്ങ് പൂർണ്ണമായും തൂർക്കാൻ കഴിയില്ല. അതിന് നിലവിലുള്ള മണ്ണ് മതിയാവില്ല! എത്ര മണ്ണിട്ട് മൂടിയാലും, ഏതെങ്കിലുമൊരു പഴുതിൽ, എവിടെയെങ്കിലുമത് മുളച്ചുവരും. കരാഗൃഹങ്ങളുടെ മരുപറമ്പുകളിൽ പോലും!
‘ആശയങ്ങളില്ലാത്ത ജീവിതം നിരർത്ഥകമാണ്. അവയ്ക്കുവേണ്ടി പൊരുതുന്നതിനേക്കാൾ സന്തോഷകരമായി മറ്റൊന്നുമില്ല. ആശയങ്ങളാണ് ലോകത്തിൽ പ്രകാശം ചൊരിഞ്ഞിട്ടുള്ളത്. ആശയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അർത്ഥമാക്കുന്നത് ഉത്തമവും നീതിപൂർണവും ലോകത്ത് സമാധാനം സ്ഥാപിക്കാൻ കാരണമാകുന്നതുമായ ആശയങ്ങൾ മാത്രമാണ്’; ഫിഡൽ കാസ്‌ട്രോ ആശയങ്ങളെക്കുറിച്ച് പങ്കുവെച്ച ഈയൊരാശയം, സത്യത്തിൽ സർവ ജനാധിപത്യ ചിന്തകരും, സ്വന്തമായ രീതികളിൽ മുമ്പേ പങ്കുവെച്ചതുതന്നെയാണ്. തത്വചിന്തയും മതവും കലയും സാഹിത്യവും ശാസ്ത്രവും, വ്യത്യസ്ത വഴികളിലൂടെ മനുഷ്യജീവിതത്തിൽ ‘ആശയങ്ങളുടെ’ പ്രാധാന്യം അമർത്തി പറഞ്ഞിട്ടുണ്ട്.
ജീവിതത്തെ നിറപ്പകിട്ടുള്ളതാക്കി മാറ്റുന്ന ആദർശങ്ങളും സങ്കൽപങ്ങളും മൂല്യങ്ങളുമെല്ലാം മുളയ്ക്കുന്നത് ആശയങ്ങളുടെ മണ്ണിനും ആകാശത്തിനുമിടയിലാണ്. ആശയലോകം നിർജീവമാകുന്ന മുറയ്ക്ക് ആദർശങ്ങളും മൂല്യങ്ങളും നിറംകെട്ട് നിർവ്വീര്യമാകും. ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരാശി നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധിയായി ‘മൂല്യനിരാസം’ മാറും! പൊതു പ്രവർത്തനത്തോടുള്ള പുച്ഛം, ഒന്നിനോടും ആദരവില്ലായ്മ, ഫാൻസ്/ഗാങ് മാനസികാവസ്ഥ മുതൽ എന്തും അനുവദനീയം എന്നതുവരെ എത്തുന്ന പ്രതിലോമ ആശയങ്ങൾക്ക്, ഒരുവിധേനയും പിന്തുണ നൽകാൻ കഴിയില്ലെന്നിരിക്കെ, സർവ ആശയങ്ങളെയും അവ ആശയങ്ങൾ മാത്രമാണെന്ന ഒരൊറ്റ കാരണത്താൻ പിന്തുണക്കാൻ കഴിയുമോ എന്ന ചോദ്യം അവഗണിക്കാനാവില്ല. അതുകൊണ്ടാണ് കാസ്‌ട്രോ അടക്കമുള്ളവർ ആശയങ്ങളെ പൊതുവിൽ സ്വാഗതം ചെയ്യുമ്പോഴും, പ്രകാശം പരത്തുന്ന ആശയങ്ങൾക്ക് മുൻഗണന നൽകുന്നത്. അതേസമയം ചരിത്രത്തിലൊരിക്കലും ഇരുട്ടിനെതിരെ പ്രകാശം പരത്തുന്ന ആശയങ്ങൾ മാത്രമായി നിലനിന്നിട്ടില്ലെന്നും, ഇന്നത്തെ അവസ്ഥയിൽ അങ്ങിനെ മാത്രമായി ഒരാശയത്തിനും നിലനിൽക്കാൻ കഴിയില്ലെന്നും, ‘ഇരുട്ടി’നോട് ഇടർച്ചയില്ലാതെ പൊരുതികൊണ്ട് മാത്രമെ മുമ്പെന്നപോലെ ഇന്നും, നാളെയും പ്രകാശം പരത്തുന്ന ആശയങ്ങൾക്ക് നിലനിൽക്കാനാവുകയുള്ളുവെന്നും, തിരിച്ചറിയേണ്ടതുണ്ട്.
ആശയങ്ങളുടെ പ്രവാഹലോകത്തിലേക്ക് പ്രവേശിക്കുന്നതോടെ ഏത് ‘ദുഷ്ടചിന്തയും’ എപ്പോഴെങ്കിലും അത്ര ദുഷ്ടകരമല്ലാത്തൊരവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ഒരുവിധ ചിന്തയുമില്ലാത്തവർ ഒരു ചിന്താലോകത്തിലേക്ക് കടക്കുന്നതുവരെ ഒരുവിധേനയും മാറാനുള്ള സാധ്യതയില്ല. അതുവഴി ‘ദുഷ്ടചിന്തയുള്ളവർ’ ദുഷ്ടചിന്തയുള്ളവരായി തുടരാൻ മാത്രമല്ല, ‘നല്ല ചിന്തയുള്ളവർ’ പോലും കൂടുതൽ നല്ല ചിന്തയുള്ളവരായിതീരാനുള്ള സാധ്യതയും അടഞ്ഞുപോവാൻ ഇടയുണ്ട്. അതുകൊണ്ട് അടിമുടി ജീവിതത്തെ ആശയനിർഭരമാക്കുകയും സംവാദങ്ങൾക്ക് അവധികൊടുക്കാതിരിക്കുകയും സമരോത്സുകവും സർഗാത്മകവുമാവുകയും ചെയ്യുകയെന്നുള്ളത്, പരിവർത്തനത്തെ സംബന്ധിച്ച് അനിവാര്യമാണ്. തന്നോടും മറ്റുള്ളവരോടും പ്രകൃതിയോടും നിതാന്തബന്ധം പുലർത്തുന്നത് അസാധ്യമാക്കുംവിധം ആശയങ്ങളുടെ വാതിലുകൾ പൂർണമായും അടഞ്ഞാൽ, സമസ്ത പരിവർത്തന സാധ്യതകളും ഇല്ലാതാവും. അതുകൊണ്ട് വ്യക്തികൾ, സംഘടനകൾ സമരങ്ങൾ എന്നിവ തകർന്നാലും, ആശയങ്ങൾ തകരാതിരുന്നാൽ, വ്യക്തികൾക്കും സംഘടനകൾക്കും സമരങ്ങൾക്കും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ കഴിയും. അതുകൊണ്ട് അധികാരവ്യവസ്ഥയുടെ പുതിയ കാര്യപരിപാടി ജനാധിപത്യമതനിരപേക്ഷ ആശയങ്ങളെ മാത്രമല്ല, ആശയകേന്ദ്രിതമെന്ന ജീവിതാവസ്ഥയെത്തന്നെ നേർപ്പിച്ച്, മയപ്പെടുത്തി, മെരുക്കി, ഉള്ളതിനൊപ്പം ഇല്ലാതാക്കിമാത്രം നിലനിർത്തുകയെന്നുള്ളതാണ്. ആ ദൗത്യം പൂർത്തിയാക്കാനാണ് ‘തന്നാലാവുംവിധം’ പുതിയ തെറിയും പ്രവർത്തിക്കുന്നത്.
പഴയ തെറി അരിച്ചാൽ അതിൽനിന്ന് ആശയങ്ങളുടെ കരടെങ്കിലും കണ്ടെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ തെറിയിൽ ആവിധമുള്ളൊരു ആശയഭാരവുമില്ല. അതൊരാശയമുക്തലോകം തുറക്കുന്നൊരു താക്കോൽ മാത്രമാണ്. ▮