മിശ്രവിവാഹം നിരുത്സാഹപ്പെടുത്തുന്നത് വിമോചനസമരത്തെ നയിച്ച വലതുബോധം; ടി.എൻ. സീമ

ജാതി- മത സ്വത്വബോധവും പുരുഷാധിപത്യ മനോഭാവവും സമൂഹജീവികളെന്ന നിലയിൽ സി.പി.എം. പ്രവർത്തകരെയും സ്വാധീനിക്കുമെന്ന എന്ന തിരിച്ചറിവിൽ നിന്ന് പാർട്ടിക്കുള്ളിൽ തന്നെ തിരുത്തൽ ചർച്ചകൾ ആരംഭിച്ചതായും ടി.എൻ. സീമ ട്രൂകോപ്പി വെബ്സീനിലെ രണ്ട് ചോദ്യങ്ങൾ പംക്തിയിൽ പറയുന്നു.

Truecopy Webzine

വിമോചനസമരത്തിലൂടെ ജാതിമത സംഘടനകൾക്ക് കേരള രാഷ്ട്രീയത്തിൽ ഇടപെടാൻ അവസരമൊരുക്കിയ വലതുപക്ഷമാണ് മിശ്രവിവാഹം പോലുള്ള ആധുനിക ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നതെന്ന് AIDWA സംസ്ഥാന പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ. സീമ. ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 73-ലെ രണ്ടു ചോദ്യങ്ങൾ എന്ന പംക്തിയിലായിരുന്നു ടി.എൻ. സീമയുടെ പ്രതികരണം.

""കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം മുതൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനും ദുർബലപ്പെടുത്താനും തുടർച്ചയായി ശ്രമിക്കുന്ന വലതുപക്ഷം കേരളത്തിൽ ഒരു ശക്തമായ സാന്നിധ്യമാണ് എന്ന് വിസ്മരിച്ച്, മിശ്രവിവാഹം പോലെയുള്ള കാര്യത്തിലടക്കം സമൂഹത്തിലുണ്ടായ പിന്നോട്ടടിയെ വിശകലനം ചെയ്യാനാകില്ല. വിമോചന സമരം കേരള രാഷ്ട്രീയത്തിൽ ജാതിമത ശക്തികൾക്ക് ഇടപെടാൻ വഴിയൊരുക്കിക്കൊടുത്തു. ജനാധിപത്യ വിരുദ്ധമായി ഒരു സർക്കാരിനെ അധികാരത്തിൽ നിന്ന് പിരിച്ചുവിട്ട പ്രാധാന്യം മാത്രമല്ല, വിമോചന സമരത്തിനുള്ളത്. ആധുനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന് തടസങ്ങളും തിരിച്ചടിയും സൃഷ്ടിക്കുന്നതിൽ വലതുപക്ഷ രാഷ്ട്രീയം വഹിച്ച പങ്ക്പരിശോധിക്കപ്പെടണം. സാമൂഹ്യ പരിഷ്‌കരണവും നവോത്ഥാന മൂല്യങ്ങളും കേരളത്തിലെ സമുദായങ്ങൾക്കുള്ളിൽ വരുത്തിയ ആന്തരിക നവോത്ഥാനത്തിനു തുടർച്ചയുണ്ടായില്ല എന്നത് ചരിത്രപരമായ ദൗർബല്യമാണ്. ഓരോ സമുദായത്തിനുള്ളിലും നടന്ന നവീകരണ പ്രക്രിയയെ, സ്വാതന്ത്ര്യ ലബ്ധിക്കും സംസ്ഥാന രൂപീകരണത്തിനും ശേഷം പുതിയ ജനാധിപത്യ ബോധത്തിൽ നാടിന്റെ പുരോഗതി ലക്ഷ്യമാക്കി മുന്നോട്ട് നയിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന പരിശോധന ഉണ്ടാകണം. വിവാഹം പോലെയുള്ള കാര്യങ്ങളിൽ സമുദായ സംഘടനകളുടെ ഇടപെടലുകൾ ഓരോ സമുദായത്തിന്റെയും അധികാരവും നിയന്ത്രണവും ഉറപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ കൂടുതൽ ശക്തമാണ്. അനാചാരങ്ങളും പുതിയ ചടങ്ങുകളും ഉണ്ടായി വരുന്നു. ആത്യന്തികമായി സ്ത്രീജീവിതത്തെയും കുടുംബങ്ങളുടെ ആഭ്യന്തര പരിസരത്തെയുമാണ് ഇത് സ്വാധീനിക്കുന്നത്. മതബോധത്തെയും മത സ്വത്വത്തെയും ഉറപ്പിക്കുന്ന പ്രക്രിയ കൂടിയാണിത്.

യാഥാസ്ഥിതികവും പ്രതിലോമകരവും ആയ പ്രവണതകൾക്കെതിരെ ഇടതുപക്ഷ പാർട്ടികളും ഇടത് ബഹുജന സംഘടനകളും ആണ് പ്രതികരിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും അപകടകരമായ രീതിയിൽ ഇത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. ശബരിമല സ്ത്രീ പ്രവേശം നല്ല ഉദാഹരണമാണ്. മിശ്രവിവാഹത്തെ എല്ലാക്കാലത്തും കമ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചിട്ടുണ്ട്. അത് രണ്ടു വ്യക്തികളുടെ ജനാധിപത്യ അവകാശമാണ്. വർഗീയതയുടെ വളർച്ചയും സമൂഹത്തിൽ ശക്തമാകുന്ന വലതുപക്ഷവത്കരണവും ജനാധിപത്യത്തിനും ആധുനിക സ്വതന്ത്രജീവിതത്തിനും തടസമാണ്. ഈ കാര്യം ആവർത്തിച്ചു ചർച്ച ചെയ്തും അതിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചുമാണ് സി.പി.എം മുന്നോട്ട് പോകുന്നത്. ജാതിക്കും മതത്തിനും അതീതമായി ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ കൂടുതൽ സംഘടനകളും ജനങ്ങളും തയാറാകുന്നത് വഴി മാത്രമേ, മിശ്രവിവാഹമുൾപ്പടെ സ്വന്തം ജീവിതം നിർണയിക്കാൻ വ്യക്തികൾക്കുള്ള എല്ലാ അവകാശങ്ങളെയും അംഗീകരിക്കുന്ന സ്ഥിതി വരികയുള്ളു.''

ജാതി- മത സ്വത്വബോധവും പുരുഷാധിപത്യ മനോഭാവവും സമൂഹജീവികളെന്ന നിലയിൽ സി.പി.എം. പ്രവർത്തകരെയും സ്വാധീനിക്കുമെന്ന എന്ന തിരിച്ചറിവിൽ നിന്ന് പാർട്ടിക്കുള്ളിൽ തന്നെ തിരുത്തൽ ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.


അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:
സമൂഹത്തിലെ വൈരുദ്ധ്യങ്ങൾ പാർട്ടി പ്രവർത്തകരെയും സ്വാധീനിക്കും, തിരുത്തൽ ചർച്ച ആരംഭിച്ചുകഴിഞ്ഞു|ടി.എൻ. സീമ / കെ. കണ്ണൻ

Comments