വയനാട്ടിലെ ലക്കിടിയിൽ ചങ്ങല മരത്തിനു സമീപം കരിന്തണ്ടനെ കുറിച്ച് പ്രചാരത്തിലുള്ള മിത്ത് വിവരിക്കുന്ന ബോർഡ്

ഇരവി പോയ് മറഞ്ഞതും കരിന്തണ്ടൻ നിറഞ്ഞതും

കരിന്തണ്ടൻ എന്ന വയനാടൻ ബിംബം അക്രമാത്മക ഹിന്ദുത്വയുടെ ചിഹ്​നമായി പുനരാവിഷ്​കരിക്കപ്പെടുന്നതി​ന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെടുന്നു

യനാട്ടുകാരനായ ഇതെഴുതുന്നയാൾ താമസിക്കുന്ന ഗ്രാമത്തിൽ നിന്ന്, ഏറ്റവുമടുത്ത അങ്ങാടിയായ പനമരത്തേക്കുള്ള ഗ്രാമീണപാതയുടെ ഓരം ചേർന്ന് നിരട്ടാടി വയലോരത്ത് അഞ്ചാറ് വർഷം മുൻപൊരു ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടു. മധ്യകാല പടയാളിയെ ഓർമിപ്പിക്കുന്ന ആയുധധാരിയായ ഒരു യുവാവിനെ താരതമ്യേന ആധുനികവേഷം ധരിപ്പിച്ച് വരച്ചെടുത്ത ചിത്രത്തിനുമുകളിൽ "തലക്കൽ ചന്തുനഗർ' എന്നെഴുതിയിട്ടുണ്ടായിരുന്നു. നാട്ടുകാരിലൊരാളോട് അന്വേഷിച്ചപ്പോൾ പഴശ്ശിയുടെ ഗറില്ലാ യുദ്ധനേതൃത്വമായിരുന്ന തലക്കൽ ചന്തുവിന്റെ ജന്മസ്ഥലമാണിതെന്നും മുഖ്യധാര മറന്നുകളഞ്ഞ ഒന്നിന് ഞങ്ങൾ സ്മാരകം നിർമിച്ചതാണെന്നും മറുപടി കിട്ടി. 1802ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ പനമരം കോട്ട ചന്തുവിന്റെ നേതൃത്വത്താൽ ആക്രമിക്കപ്പെട്ടു എന്നതൊഴികെ ഈ സ്ഥലം അദ്ദേഹത്തിന്റെ ജന്മദേശമാവാൻ വഴിയൊന്നുമില്ല. ഏറെക്കുറെ അജ്ഞാതമാണ് ചന്തുവിന്റെ ജീവചരിത്രം.
ലഭ്യമായ തെളിവുകളനുസരിച്ച് മാനന്തവാടി താലൂക്കിലെ കുഞ്ഞോം ഗ്രാമത്തിലാണ് ചന്തുവിന്റെ തറവാടുണ്ടാവുക എന്ന് ഒ.കെ. ജോണി വയനാട് രേഖകളിൽ സംശയിക്കുന്നുണ്ട്. പൂർണമായി അംഗീകരിക്കപ്പെട്ട ഒരു ധാരണയല്ല അതും. എന്തായാലും പനമരമോ ചുറ്റുവട്ടമോ ചന്തുവിന്റെ ജന്മസ്ഥലമാണെന്നതിന് ലിഖിതത്തിലോ വാമൊഴിയിലോ തെളിവുകളൊന്നുമില്ല. തലക്കര ചന്തുവിന്റെ ജന്മസ്ഥലമായി ഒരു പുതിയ ഇടം വിഭാവനം ചെയ്യപ്പെടുകയാണ് നീരട്ടാടിയിൽ. ഇന്നവിടം തീവ്ര ഹൈന്ദവ സംഘടനകളുടെ ബോർഡുകളും കൊടികളും തോരണങ്ങളും നിറഞ്ഞിരിക്കുന്നു. വൈകാതെ ഈ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രമായി മാറുമെന്നു കരുതാം. ഭിന്നമായ സ്ഥലതന്ത്രങ്ങൾ ഹിന്ദുത്വയുടെ രാഷ്ട്രീയവ്യാപനത്തിന് ഉപയുക്തമാക്കുന്ന വിധം സതീഷ് ദേശ്പാണ്ഡെ വിശദമായി ചൂണ്ടിക്കാണിച്ചത് ചേർത്തുവായിക്കാവുന്നതാണ്.

2020 നവംബറിൽ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പനമരത്തെ തലക്കൽ ചന്തു സ്മാരകത്തിൽ നടത്തിയ അനുസ്മരണം / Photo: Wayand News
2020 നവംബറിൽ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പനമരത്തെ തലക്കൽ ചന്തു സ്മാരകത്തിൽ നടത്തിയ അനുസ്മരണം / Photo: Wayand News

സ്ഥലനിർമിതിയെക്കുറിച്ചല്ല, "നവനിർമിത മിത്തു'കളെക്കുറിച്ച് ചിലത് പറയാം. നടപ്പുഭാഷയിൽ മിത്തിനെ മലയാളീകരിക്കാനുപയോഗിക്കുന്ന "പുരാവൃത്തം' എന്ന പദം ആ പ്രതിഭാസത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാൻ തീർത്തും അപര്യാപ്തമാണ്. പുരാവൃത്തം എന്ന പ്രയോഗത്തിൽ "പുരാതനത്വം' എന്ന മൂല്യം രൂഢമൂലമായിരിക്കുന്നുണ്ട്. ഒരു ജനസമൂഹം കാലങ്ങളായി കൊണ്ടുനടക്കുന്ന ചരിത്ര സൂചകങ്ങളുള്ള കൽപിതകഥ മാത്രമായി മിത്തിനെ തെറ്റിദ്ധരിക്കാൻ ഈ പ്രയോഗം ഇടയുണ്ടാക്കുന്നു. മിത്ത് ഇത്തരം കൽപിതകഥകൾ എന്നതു പോലെ പലപ്പോഴും നവനിർമിതവും പുനരുൽപാദനക്ഷമവുമായ പ്രത്യയശാസ്ത്രം കൂടിയായിരിക്കുമെന്ന് റൊളാങ് ബാർഥ് നിരീക്ഷിക്കുന്നുണ്ട്. ആ നിലയിൽ ഏതുമിത്തും തലമുറകൈമാറി വന്ന വഴക്കമാവണമെന്നില്ല. അത്തരം ഛായകൾ പുതിയ കഥകൾക്കുമേൽ തന്ത്രപരമായി ആരോപിക്കപ്പെടുക കൂടി മിത്തിന്റെ മണ്ഡലത്തിൽ നടക്കുന്നുണ്ട്. പുരാവൃത്തം എന്നു കരുതുന്ന പലതിന്റെയും വംശാവലി സമീപ ഭൂതകാലമാവാം എന്നു മാത്രമല്ല, ഫ്രഞ്ചുപതാകക്ക് സല്യൂട്ടടിച്ചു നിൽക്കുന്ന കറുത്ത വർഗക്കാരന്റെ ചിത്രം പോലെ ("Myth Today' എന്ന ലേഖനം നോക്കുക) കൃത്യമായ രാഷ്ട്രീയപദ്ധതിയുമാവാം.

'Myth Today' വിശദീകരിക്കാൻ റൊളാങ് ബാർത്ത് ഉപയോഗിച്ച ഫ്രഞ്ച് മാഗസിൻ കവർ
'Myth Today' വിശദീകരിക്കാൻ റൊളാങ് ബാർത്ത് ഉപയോഗിച്ച ഫ്രഞ്ച് മാഗസിൻ കവർ

സാംസ്‌കാരികബോധത്തെ കാവിവൽക്കരിക്കാനുള്ള, ബ്രാഹ്‌മണിസത്തെ സാമാന്യതയാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം വയനാട്ടിലുണ്ട്. അതിലവർ വിജയിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കരിന്തണ്ടൻ എന്ന ബിംബം. ചുരം കയറിയെത്തുന്ന ആദ്യ സ്ഥലം-ലക്കിടി-ഇതിന്റെ കേന്ദ്രമാകുന്നു. വയനാട്ടിലേക്കുള്ള ചുരം പാത നിർമാണത്തിന് ബ്രിട്ടീഷുകാരെ സഹായിച്ച, അതിനാൽ തന്നെ ചതിയാൽ കൊല്ലപ്പെട്ട ഗോത്രവർഗ നായകനായി കരിന്തണ്ടനെ മലയാളി മനസ്സിലാക്കിക്കഴിഞ്ഞു. ഭാവനാസ്വരൂപത്തിൽ നിന്ന് ചരിത്രനായകനായിപ്പോലും കരിന്തണ്ടൻ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മാറ്റപ്പെട്ടിരിക്കുന്നു. ആറടി ഉയരവും വിരിഞ്ഞ മാറുമുള്ള, അമ്പും വില്ലും (വെട്ടുകത്തിയും വടിയും) ആയുധമായി ധരിച്ച കരിന്തണ്ടന്റെ വിവിധതരം ചിത്രങ്ങൾ വയനാടൻ പാതയോരങ്ങളിൽ സുലഭമായ കാഴ്ചയാണിന്ന്. പ്രാദേശിക കലാകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ പല ചിത്രങ്ങളുടെയും ചിഹ്നരാഷ്ട്രീയം അക്രാമക ഹിന്ദുത്വയോടാണ് ചേരുന്നത്. കരിന്തണ്ടന്റെ നാട്ടിലേക്കുള്ള യാത്രകളുടെ വീഡിയോ ക്ലിപ്പുകൾ യുട്യൂബിൽ സുലഭമായിത്തുടങ്ങി. എല്ലാത്തിനുമപ്പുറം കരിന്തണ്ടന് വിക്കിപീഡിയ പേജും അതിൽ ചരിത്രപുരുഷനായി കരിന്തണ്ടനെ വിശദീകരിക്കുന്ന ആഖ്യാനങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നോവലുകൾ, പുതുതായി കെട്ടിയുണ്ടാക്കുന്ന പാട്ടുകൾ, ഇന്റർനെറ്റിലെ യാത്രാവിവരണാഖ്യാനങ്ങൾ എന്നിങ്ങനെ അസംഖ്യം ഉപപാഠങ്ങൾ കരിന്തണ്ടനെ ചുറ്റി ഉയിർക്കൊണ്ടു കഴിഞ്ഞു

തദ്ദേശീയ ഗോത്രവർഗ്ഗത്തിന്റെ ജ്ഞാനസ്വരൂപം, ബ്രിട്ടീഷ് കൊളോണിയലിസം അതിനു മുകളിൽ നടത്തിയ അധിനിവേശം, ഗോത്രവർഗ്ഗത്തിന്റെ പ്രതിരോധം എന്നീ കോളനിയനന്തര ആശയമണ്ഡലം കരിന്തണ്ടന് മുകളിൽ നിഴൽ വിരിച്ചതോടെ സാമാന്യബോധ ത്തിൽ ചരിത്രമായും, ആലോചനകളിൽ പുരാവൃത്തം / ഐതിഹ്യമായും ഈ കഥ "നിഷ്‌കളങ്കമായി ' പുനരവതരിപ്പിക്കപ്പെടുന്നു. ഈ പ്രമേയത്തിൽ ഒന്നിലധികം ചലച്ചിത്രങ്ങൾ ഒരുങ്ങുന്നതായും വാർത്തകളുണ്ട് (ഒരു "കലാകൃതി' എന്ന നിലയിൽ ആ ചിത്രങ്ങളെ ഇവിടെ തൽക്കാലം ചർച്ചയ്‌ക്കെടുക്കുന്നില്ല). നോവലുകൾ, പുതുതായി കെട്ടിയുണ്ടാക്കുന്ന പാട്ടുകൾ, ഇന്റർനെറ്റിലെ യാത്രാവിവരണാഖ്യാനങ്ങൾ എന്നിങ്ങനെ അസംഖ്യം ഉപപാഠങ്ങൾ കരിന്തണ്ടനെ ചുറ്റി ഉയിർക്കൊണ്ടു കഴിഞ്ഞു. ഇവയിൽ പലതും ആത്മാർത്ഥമായിത്തന്നെ തങ്ങൾ ഗോത്ര വർഗാഭിമാനത്തെ ഉയർത്തിപ്പിടിക്കുകയാണ് എന്നു വിശ്വസിച്ചും പോരുന്നു.

ലക്കിടിയിലെ ചങ്ങലമരം
ലക്കിടിയിലെ ചങ്ങലമരം

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലത്താണ് "കരിന്തണ്ടൻ' എന്ന പേര് പ്രത്യക്ഷപ്പെടുന്നതെന്ന് വയനാടിന്റെ ചരിത്രകാരന്മാർ ഒന്നു പോലെ അംഗീകരിക്കുന്നു. അതിനുമുമ്പ് എവിടെയുമങ്ങനെയൊരു പേര് രേഖപ്പെടുത്തപ്പെട്ടതായി നിലവിൽ അറിവില്ല, വാമൊഴി വഴക്കങ്ങളിൽ കരിന്തണ്ടനെ കാണാനില്ല. ദുർഘടമായ മലമ്പാതകളിലൂടെ ഭാരം കയറ്റിയ മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കവേ, ആശ്വാസത്തിന് കൂടെക്കൂട്ടിയ ഒരു കെട്ടുകഥ (പാത തുടങ്ങുന്നതിനു മുൻപായുള്ള ദേവസ്ഥാനങ്ങളിൽ കാണിക്കയിട്ടാൽ യാത്ര സുരക്ഷിതമായിരിക്കും എന്ന വിശ്വാസം) ഇന്ന് ചരിത്രമായിക്കഴിഞ്ഞു. ഇത്തരം കഥകൾ മിക്ക മലമ്പാതകളുമായി ബന്ധപ്പെട്ട് പാഠഭേദങ്ങളോടെ നിലനിൽക്കുന്നുമുണ്ട്. 1750 നും 90 നുമിടയ്ക്ക് ചുരത്തിനു താഴെയുള്ള ചിപ്പിലിത്തോട്ടിലാണ് കരിന്തണ്ടൻ ജീവിച്ചതെന്ന് ചരിത്രകഥനങ്ങൾ പ്രചരിപ്പി ക്കപ്പെടുന്നു. എല്ലാ മാർച്ച് മാസവും കരിന്തണ്ടിന്റെ ചിത്രവുമേന്തി ചുരം കയറുന്ന സ്മൃതിയാത്ര സംഘടിപ്പിക്കപ്പെടുന്നു. ഈ യാത്ര, കല്പറ്റ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രഹിന്ദുത്വ എൻ.ജി.ഒ.കളിലൊന്നാണ് സംഘടിപ്പിക്കുന്നതും.

ചുരം റോഡ് കണ്ടുപിടുത്തവും ചങ്ങലമരവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. ബ്രിട്ടീഷുകാർക്ക് മുൻപേ ചുരം റോഡുണ്ട്. തെക്കൻവയനാട്, തൊട്ടടുത്ത അങ്ങാടിയായ താമരശ്ശേരിയുമായി ബന്ധപ്പെട്ടിരുന്നത് ചുരം പാതയിലൂടെയാണ്.

കരിന്തണ്ടൻ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് തന്നെ ലക്കിടിയിൽ ചങ്ങല മരമുണ്ടായിരുന്നു. നിലവിലുള്ള മരവും ചങ്ങലയും പഴയ മരവും ചങ്ങലയുമല്ല. എത്രയോ വട്ടം മരം മാറിയിരിക്കുന്നു. ചങ്ങലയ്ക്ക് പുറകിലുള്ള മിത്ത് കരിന്തണ്ടന്റെ റോഡ് കണ്ടുപിടുത്തമല്ല താനും. മധ്യകാലകേരളത്തിൽ പോർച്ചുഗീസുകാർക്ക് വയനാട്ടിലേക്ക് കടക്കാൻ അനുവാദം കൊടുക്കാതിരുന്ന ലക്കിടി എന്ന ഗ്രാമമുഖ്യനുമായി ബന്ധപ്പെട്ട് ചങ്ങലമരത്തിന് ഒരു സാധുതയുണ്ട്. സാമൂതിരിയുടെ പിന്തുണയോടെ വയനാട്ടിലേക്ക് കച്ചവടത്തിന് വന്ന പോർച്ചു ഗീസുകാരിലാരോ ലക്കിടിയെ ചതിയിൽ കൊന്നെന്നും, പിന്നീട് താമരശേരിയിലെ ജന്മി ഗൃഹങ്ങളിലനുഭവപ്പെട്ട അനർത്ഥങ്ങൾക്ക് പരിഹാരമായി ലക്കിടിയെ മരത്തിൽ ബന്ധിച്ചു എന്നുമാണ് കഥ. ചുരത്തിനു താഴെ ഈ കഥയ്ക്ക് ഇപ്പോഴും പ്രചാരമുണ്ട്, ചില സ്ഥലനാമങ്ങൾ ഈ വഴക്കത്തെ പൂരിപ്പിക്കുന്നുമുണ്ട്. എങ്കിൽ തന്നെ ചങ്ങല മാറിയിട്ടുണ്ട്. ഇപ്പോഴത്തെ ചങ്ങലയ്ക്ക് ബ്രിട്ടീഷ് ഭരണകാലത്തോളമേ പഴക്കമുള്ളൂ എന്നും കോയമ്പത്തൂരിൽ നിന്നാണത് കൊണ്ടുവന്നതെന്നും കോഴിക്കോട് ആർക്കൈവ്‌സിലെ രേഖകൾ പ്രകാരം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

പി.ഇ.ഇ.പി. എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ നടത്തിയ കരിന്തണ്ടൻ സ്മൃതി ദിനാഘോഷം (2019)
പി.ഇ.ഇ.പി. എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ നടത്തിയ കരിന്തണ്ടൻ സ്മൃതി ദിനാഘോഷം (2019)

ചുരം റോഡ് കണ്ടുപിടുത്തവും ചങ്ങലമരവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. ബ്രിട്ടീഷുകാർക്ക് മുൻപേ ചുരം റോഡുണ്ട്. തെക്കൻവയനാട്, തൊട്ടടുത്ത അങ്ങാടിയായ താമരശ്ശേരിയുമായി ബന്ധപ്പെട്ടിരുന്നത് ചുരം പാതയിലൂടെയാണ്. ഭീകരമായ കൊല്ലികളായതിനാൽ തന്നെ ചരക്കുനീക്കത്തിന് ഉപയുക്തമല്ലാത്ത, നടപ്പാതയായാണ് ചുരം മധ്യകാലത്ത് നില നിന്നിരുന്നത്. മറുഭാഗത്തുള്ള, താരതമ്യേന അപകടരഹിതമായ കുറ്റ്യാടി, പേര്യ മലമ്പാതകൾ വഴിയായിരുന്നു പടിഞ്ഞാറൻ തീരത്തേക്ക് വണിക്കുകൾ സഞ്ചരിച്ചിരുന്നത്. താമരശ്ശേരിച്ചുരം പാത, ആര് കണ്ടെത്തി എന്ന് വിശദീകരിക്കുക സാധ്യമല്ല. തദ്ദേശീയ ജനസമൂഹം കാലങ്ങളായി രൂപപ്പെടുത്തിയെടുത്ത ഒരു നടപ്പാതിയായിരിക്കാമത് എന്നു വിശ്വസിക്കാനേ നിർവ്വാഹമുള്ളൂ. ഒരു കാര്യമുറപ്പ്, ബ്രിട്ടീഷ് അധിനിവേശത്തിനു മുൻപേ ചുരം പാതയുണ്ടായിരുന്നു. 1788 ൽ ടിപ്പു താമരശേരി ചുരം റോഡ് വഴിയാണ് ചാലിയാർ തീരത്തും അവിടുന്ന് നദിയിലൂടെ ഫറോക്കിലുമെത്തുന്നത്. മലബാറിലേക്കുള്ള സൈനികനീക്കത്തിന് പാലക്കാട് ചുരത്തേക്കാൾ ശ്രീരംഗ പട്ടണത്തിന് ഉപയോഗപ്രദം താമരശേരി ചുരമാണെന്ന് മനസിലാക്കിയ ടിപ്പുവാണ് ചുരം റോഡിനെ നടപ്പാതയിൽ നിന്ന് സൈന്യത്തിന് നീങ്ങാൻ പറ്റുന്ന രീതിയിലേക്ക് വികസിപ്പിച്ചത്. ലോഗൻ തന്നെ ടിപ്പുവിന്റെ ദീർഘദൃഷ്ടിയെയും പണം ചെലവഴിക്കാനുള്ള മടിയില്ലായ്മയെയും പുകഴ്ത്തുന്നതു കാണാം (ആധുനികതയിലേക്കുള്ള പാതകൾ- പ്രിയ പിലിക്കോട്).

കരിന്തണ്ടനിൽ നിന്ന് ജ്ഞാനം കൈവശപ്പെടുത്തി, ആചാരവള മോഷ്ടിച്ച് ചതിയിൽ കൊന്ന് ചങ്ങലമരത്തിൽ ബന്ധിച്ചുവെന്ന ഭാവന വസ്തുതകളെന്ന പേരിൽ വികസിക്കുകയും നവപാരമ്പര്യം (neo-tradition) എന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയുന്ന ഒന്ന് സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു

ആറ് കൊല്ലം കൊണ്ട് കോഴിക്കോട് കേന്ദ്രമാക്കി മലബാറിന്റെ പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളെയും യോജിപ്പിക്കുന്ന ഒരു വ്യൂഹം റോഡുകൾ ടിപ്പു വെട്ടുന്നുണ്ട്. ഈ റോഡ് നിർമ്മാണമാണ് മലബാർ ജനത ചലനാത്മകമായ ഒരു തൊഴിൽ ശക്തിയായി മാറുന്ന ആദ്യഘട്ടമെന്ന് പ്രദീപൻ പാമ്പിരികുന്ന് ചൂണ്ടിക്കാട്ടുന്നു. ഒരർത്ഥത്തിൽ ടിപ്പുവിന്റെ "മലബാർ പദ്ധതി' യിലെ സുപ്രധാന റോൾ ഈ റോഡ് വ്യൂഹത്തിനായിരുന്നു. ഈ വ്യൂഹത്തിന്റെ കേന്ദ്രസിരയായാണ് താമരശ്ശേരി ചുരം നിലവിൽ വന്നത്. ശ്രീരംഗപട്ടണം സന്ധിയെത്തുടർന്ന് വയനാടൊഴികെ, മലബാർ ടിപ്പുവിന് കൈവിട്ടു. ചുരം ബ്രിട്ടീഷ് അധീനതയിലായിരുന്നു. ടിപ്പു കൊല്ലപ്പെട്ടതോടെയാണ് പിന്നീടാ വഴി ഇന്നുകാണുന്ന തരത്തിൽ ബ്രിട്ടീഷുകാർ പുതുക്കിപ്പണിതത്. 1824 ൽ ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയറായ ക്യാപ്റ്റൻ റിചാർഡ്‌സണാണ് പ്ലാൻ തയ്യാറാക്കിയത്. അന്ന് തുടങ്ങിയ പണി നാലോ അഞ്ചോ ഘട്ടങ്ങളിലായി മുടന്തിനീങ്ങി 1870 ൽ അന്നത്തെ മദ്രാസ് ഗവർണർ എം.ഇ. ഗ്രാൻഡഫ് ആണ് ഉദ്ഘാടനം നടത്തിയത്. അവിടുന്നിങ്ങോട്ട് വയനാട്ടിൽ നിന്നുള്ള ചരക്കുനീക്കത്തിന്റെ സുപ്രധാന മാധ്യമമായി താമരശ്ശേരി ചുരം റോഡ്.

പ്രദീപൻ പാമ്പിരിക്കുന്ന്
പ്രദീപൻ പാമ്പിരിക്കുന്ന്

കരിന്തണ്ടൻ ആടുകളെ മേയ്ക്കാനായി കണ്ടെത്തിയതോ ബ്രിട്ടീഷ് സൈന്യം തന്ത്രപരമായി പഠിച്ചെടുത്തതോ അല്ല ചുരം പാതയുടെ ഘടന. പത്തൊൻപതാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും വികസിതമായ ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയറിംഗിന് പന്ത്രണ്ട് കി.മീ. മലമ്പാത ഇടിയാതെ നിർമ്മിച്ചെടുക്കൽ ക്ഷിപ്രസാധ്യമായ കാര്യമായിരിക്കുമെന്ന് സാമാന്യബുദ്ധിയിൽ തന്നെ മനസിലാക്കാവുന്നതേയുള്ളൂ. കരിന്തണ്ടനിൽ നിന്ന് ജ്ഞാനം കൈവശപ്പെടുത്തി, ആചാരവള മോഷ്ടിച്ച് ചതിയിൽ കൊന്ന് ചങ്ങലമരത്തിൽ ബന്ധിച്ചുവെന്ന ഭാവന വസ്തുതകളെന്ന പേരിൽ വികസിക്കുകയും നവപാരമ്പര്യം (neo-tradition) എന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയുന്ന ഒന്ന് സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. എങ്കിലും ഒരു നിർമ്മിതകഥയെ ചരിത്രവസ്തുതകളുമായി ചേർത്തുവെച്ചു പരിശോധിക്കുന്നത് യാന്ത്രികമായ അപഗ്രഥനമായിപ്പോകും. കഥനങ്ങൾ ചരിത്രപരമായിരിക്കുന്നത് ആഖ്യാനകങ്ങളിലൂടെയാണെന്ന് ഇന്നു നമുക്കറിയാം. ഒരു പുതുനിർമ്മിതമിത്ത് എന്ന നിലയിൽ കരിന്തണ്ടൻ കഥയുടെ ഗുണഫലം ആരനുഭവിക്കുന്നു (അനുഭവിച്ചേക്കാം) എന്ന ചോദ്യമാണ് സുപ്രധാനം. ഗോത്രവർഗത്തിന്റെ അഭിമാനസ്തംഭം എന്നു കരുതപ്പെടുന്ന കരിന്തണ്ടൻ ഏത് ആഖ്യാനത്തെ അട്ടിമറിച്ചാണുയിർക്കൊണ്ടത് എന്നത് ഇവിടെയാണ് പ്രസക്തം.

വൈദികാധിനിവേശത്തിനെതിരെ ഗോത്രവർഗത്തിന്റെ പ്രതിരോധബിംബമായ ഇരവി ഭൗതികസാന്നിധ്യമായി വയനാട്ടിൽ ഇന്നെവിടെയുമില്ല. ഇന്റർനെറ്റ് മുഴുവൻ പരതിയാലും ഇരവിയെക്കുറിച്ച് സൂചനകളില്ല.

കഴിഞ്ഞ നൂറ്റാണ്ടിൽ വയനാട്ടിൽ പ്രബലമായി നിലകൊണ്ടിരുന്ന മിത്തുകളിലൊ ന്നിലേക്ക് ശ്രദ്ധിക്കാം. ഇരവി എന്ന പേരിൽ തുടങ്ങുന്ന ചില സ്ഥലനാമങ്ങൾ (എരനല്ലൂർ, ഇരവിമംഗലം) വയനാട്ടിലുണ്ട് എന്നതിനാൽ തന്നെ കരിന്തണ്ടനെപ്പോലെ കേവലമൊരു നവനിർമ്മിതമിത്തല്ല വേടരാജകുമാരിയായ ഇരവിയുമായി ബന്ധപ്പെട്ട കഥ. കോട്ടയം-കുറുമ്പ്രനാട്, നായർപടയാളികളുമായി വന്ന് വയനാട്ടിൽ ആധിപത്യം സ്ഥാപിക്കുന്നതിനെ തിരെ നടന്ന തദ്ദേശീയഗോത്രവർഗ്ഗപ്രതിരോധത്തിന്റെ വാമൊഴിചിത്രം ഇരവിയുടെ കഥയിലുണ്ട്. തിരുനെല്ലി ക്ഷേത്രത്തിൽ തൊഴാനെത്തിയ കുമ്പള രാജകുമാരനെ വയനാട് ഭരിക്കുന്ന വേടരാജവംശം തടവിൽ പിടിച്ചുവെന്നും വേലിയമ്പം കോട്ടയിൽ പാർപ്പിച്ചുവെന്നും വേടരാജകുമാരിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു എന്നുമാണ് കഥ. വിവാഹസമ്മതം മൂളിയ കുമ്പളരാജകുമാരൻ ക്ഷത്രിയാചാരപ്രകാരം വിവാഹം നടത്തിത്തരണമെന്ന് അപേക്ഷിച്ചു. ഇതൊരു ചതിയായിരുന്നു. മകൻ തടവിലാണെന്നറിഞ്ഞ കുമ്പള രാജാവ് കോട്ടയത്തിന്റെയും കുറുമ്പ്രനാടിന്റെയും സഹായം തേടുകയും അവർ സൈന്യങ്ങളുമായി വന്ന് (ഈ സൈന്യത്തിലെ അംഗങ്ങളായെത്തിയ നായർ പടയാളികൾ വടക്കോട്ടുള്ള സഞ്ചാരകാരണത്താൽ സമുദായഭ്രഷ്ടരായതത്രേ കുറിച്യർ. പലരും പ്രചരിപ്പിക്കുന്ന പോലെ പഴശ്ശിയുടെ പടയാളികളായല്ല അവരെത്തിയത്) കോട്ടയ്ക്കരികിൽ ഒളിച്ചിരിക്കുകയും ചെയ്തു. ക്ഷത്രിയാചാരപ്രകാരം വിവാഹം നടക്കുന്നതിനാൽ ആയുധമെടുക്കാതെയാണ് വേടവംശം ചടങ്ങിൽ പങ്കെടുത്തത്. ഏറാടി തമ്പേറ് മുഴക്കിയത് കോട്ടയത്തിന് അക്രമിക്കാനുള്ള സൂചനയായിരുന്നു. നിരായുധരായ വേടന്മാർക്ക് മുകളിൽ കോട്ടയം-കുറുമ്പ്രനാട് എളുപ്പത്തിൽ വിജയിച്ചു. പരാജിതരായ വേടരിൽ മിക്കവരും കാട്ടിലേക്കോടി രക്ഷപ്പെട്ടു. കുറച്ചുപേർ അടിമത്തം സ്വീകരിച്ചു ജീവൻ രക്ഷിച്ചു (ആദ്യവിഭാഗമാണ് പിൽക്കാലത്ത് കാട്ടുനായ്ക്കർ എന്നറിയപ്പെട്ടതെന്നും രണ്ടാം വിഭാഗമാണ് കുറുമരെന്നും കെ.പാനൂർ). വിജയിച്ച കുമ്പളരാജാവ് വയനാട് കോട്ടയത്തിനും കുറുമ്പ്രനാടിനുമായി വീതിച്ചുനൽകി. രാജകുമാരിയായ ഇരവിയെ നിർബന്ധപൂർവ്വം നന്തില്ലത്ത് നമ്പ്യാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ഇരവി പിന്നീട് മൂന്ന് ക്ഷേത്രങ്ങൾ പണി കഴിപ്പിച്ചു പനമരത്തിനടുത്ത എരനല്ലൂർ, അഞ്ചുകുന്ന് അംശത്തിലെ രവിമംഗലം, തവിഞ്ഞാൽ അംശത്തിലുള്ള ഇരവിമല എന്നിവയാണവ. ഗോത്രവർഗ ക്കാരിയായതിനാൽ താൻ സ്ഥാപിച്ച ക്ഷേത്രത്തിൽ കയറാൻ അവളെ സവർണർ അനുവദിച്ചില്ലെന്നും ബലിക്കല്ലിനരികെ നിന്ന് മനമുരുകിയുള്ള പ്രാർത്ഥന കേട്ട് ശ്രീകോവിലിന് മുൻപിലുള്ള പാറ നിരങ്ങി നീങ്ങിയെന്നും കഥയിലുണ്ട്.

കെ. പാനൂർ
കെ. പാനൂർ

ഈ കഥയ്ക്ക് ധാരാളം പാഠഭേദങ്ങളുണ്ടെങ്കിലും ഇരവി എന്ന വേടരാജകുമാരിയല്ല സോഗളളി വീരക്കല്ലിൽ പ്രതിപാദിച്ചിട്ടുള്ള ഇരവിച്ചെല്ലമ്മ എന്ന രാജാവാണ് മേൽപറഞ്ഞ ക്ഷേത്രങ്ങൾ നിർമ്മിച്ചത് എന്ന് ലിഖിതസാക്ഷ്യത്തെ മുൻനിർത്തി ചില ചരിത്രകാരൻമാർ വിശദമാക്കുന്നുണ്ടെങ്കിലും ഒരു ഗോത്രവർഗ ഡയലറ്റിലേക്കുള്ള ക്ഷത്രിയരാജാക്കൻമാരുടെ പടയോട്ടത്തെ തദ്ദേശീയജനത പ്രതിരോധിച്ചതിന്റെ സൂചനകൾ ഈ മിത്തിലുണ്ട്. അതാവട്ടെ നൂറ്റാണ്ടുകൾക്ക് മുൻപേ വാമൊഴി ചരിതമായി കൈമാറ്റം ചെയ്യപ്പെട്ടതാണെന്ന് റാവു ബഹദൂർ സി.ഗോപാലൻനായർ വിശദമാക്കു കയും ചെയ്യുന്നു. വൈദികാധിനിവേശത്തിനെതിരെ ഗോത്രവർഗ്ഗത്തിന്റെ പ്രതിരോധബിംബമായ ഇരവി പക്ഷേ ഭൗതികസാന്നിധ്യമായി വയനാട്ടിൽ ഇന്നെവിടെയുമില്ല. ഇന്റർനെറ്റ് മുഴുവൻ പരതിയാലും ഇരവിയെക്കുറിച്ച് സൂചനകളില്ല. വാമൊഴിയിൽ നിന്ന് ഇരവി അപ്രത്യക്ഷമാവുകയും അരനൂറ്റാണ്ട് പഴക്കമുള്ള കരിന്തണ്ടനെന്ന പേരും ചിത്രവും ചരിത്രമെന്ന പേരിൽ പ്രചരിച്ചു കൊണ്ടേയിരിക്കയും ചെയ്യുന്നു. ഇരുപത് വർഷം മുമ്പ് വരെ വയനാടൻ ചെട്ടിമാരും ആദിവാസി മൂപ്പൻമാരും പൂജ നടത്തിയിരുന്ന അമ്പലങ്ങളും കാവുകളും ബ്രാഹ്‌മണിസത്തിന്റെ വരുതിയിലായിക്കഴിഞ്ഞതായി മുണ്ടക്കയം ഗോപി ചൂണ്ടിക്കാട്ടുന്നുണ്ട്. പഴൂരിലെ കണ്ടം പുലി ക്ഷേത്രത്തിൽ വയനാടൻ ചെട്ടിമാരുടെ മൂപ്പൻമാർ ചെയ്തുപോന്ന പൂജാകർമം ബ്രാഹ്‌മണർ ഏറ്റെടുത്ത് ചെയ്യുന്നതും തന്ത്രസമുച്ചയ പ്രകാരം അമ്പലം പുനർനിർമ്മിക്കപ്പെട്ടതും സാമാന്യമനസുകളെ വേദനിപ്പിക്കാൻ പോന്ന ഒന്നാണെന്ന് അദ്ദേഹമെഴുതുന്നു. പാക്കം തിരുമുഖത്ത്, എടകല്ലിനടുത്തുള്ള പഴയ പൊന്നാപുരം കോട്ടയിൽ, തോണിച്ചാൽ മലക്കാരിക്കാവിൽ, മുതിരേരിയിൽ ഇവിടങ്ങളിലൊക്കെ അബ്രാഹ്‌മണർ കർമ്മങ്ങളിൽ നിന്നൊഴിവാക്കപ്പെടുന്നു. നവബ്രാഹ്‌മണ്യം സ്ഥാപിക്കപ്പെടുന്ന കാഴ്ചയാണ് ഇത്തരം ഗോത്രവർഗ്ഗ ദൈവതസ്ഥാനങ്ങളിലെല്ലാം കാണാൻ കഴിയുന്നത്. ഈ വ്യവഹാരത്തിലെ പ്രസ്താവനകളായി കരിന്തണ്ടനെയും ഇരവിയെയും കാണേണ്ടതുണ്ട്.

പാഠങ്ങൾക്കുള്ളിലല്ല, പാഠാന്തരബന്ധത്തിലാവും രാഷ്ട്രീയപദ്ധതി ഒളിഞ്ഞിരിക്കുന്നത്. പോസ്റ്റ്-കൊളോണിയൽ ഛായ വഹിച്ചുവരുന്ന ആഖ്യാനങ്ങൾ പലതും പുനരുത്പാദിപ്പിക്കുന്നത് അപകടകരമായ രാഷ്ട്രീയത്തെയാവാം.

ശീർഷകത്തിലേക്കു തിരികെ വരാം, ഇരവിയുടെ കഥയടക്കം തദ്ദേശീയഗോത്ര പ്രതിരോധ കഥകൾ വീണ്ടെടുക്കാൻ കഴിയാത്ത നിലയിൽ അസ്തമിക്കുന്നതും, അവരുടേതെന്ന പേരിൽ പുതിയ കഥനങ്ങൾ പ്രത്യക്ഷപ്പെടുന്നതും നിഷ്‌കളങ്കമായ ഒരു സാംസ്‌കാരിക പ്രതിഭാസമില്ല. നവനിർമിതമിത്തുകളെ ആശങ്കയോടെ വീക്ഷിക്കേണ്ടതു പോലെ നിശബ്ദമാക്കപ്പെടുന്ന വാമൊഴികൾ ഏതെല്ലാമാണെന്നു ചേർത്തുവെച്ച് പരിശോധിക്കേണ്ടിയുമിരിക്കുന്നു. പാഠങ്ങൾക്കുള്ളിലല്ല, പാഠാന്തരബന്ധത്തിലാവും രാഷ്ട്രീയപദ്ധതി ഒളിഞ്ഞിരിക്കുന്നത്. പോസ്റ്റ്-കൊളോണിയൽ ഛായ വഹിച്ചുവരുന്ന ആഖ്യാനങ്ങൾ പലതും പുനരുത്പാദിപ്പിക്കുന്നത് അപകടകരമായ രാഷ്ട്രീയത്തെയാവാം. ഫ്രഡ്രിക് ജയിംസൺ പറയുന്നതു പോലെ, അന്തിമവിശകലനത്തിൽ എല്ലാ പാഠവും രാഷ്ട്രീയമായിരിക്കുന്നു.▮


റഫീഖ് ഇബ്രാഹിം

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. കേരളീയ ചിന്താചരിത്രം, മാർക്​സിസ്​റ്റ്​ കലാവിമർശം എന്നീ മേഖലകളിൽ അന്വേഷണം നടത്തുന്നു. പി.ജി.യുടെ ചിന്താലോകം എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments