എന്റെ മക്കളെ ചുട്ടുകൊല്ലരുത്​

പുതിയ തലമുറ തെയ്യം ചെയ്യരുത്. ചെണ്ടയും കുഴലും പഠിക്കാം. പക്ഷെ ആധുനിക വാദ്യമേളങ്ങളിൽ ഉപയോഗിക്കണം. അവർ ശാസ്ത്രവും ഭാഷയും സാഹിത്യവും ചരിത്രവും സംഗീതവും ക്യാമറയും പഠിച്ച് ഈ സമൂഹത്തിന്റെ മൂല്യവത്തുള്ള കലാകാരന്മാരാവണം. ചിറക്കൽ ചാമുണ്ഡി കാവിൽ 14 വയസുള്ള ബാലനെ തീ ചാമുണ്ഡി തെയ്യം കെട്ടിപ്പിച്ചതിനെതിരെ ബാലവകാശ കമ്മിഷൻ കേസെടുത്ത സാഹചര്യത്തിൽ പുതിയ കാലത്തെ തെയ്യം കെട്ടലുകളെക്കുറിച്ച്​ ഒരാലോചന.

തെയ്യം കെട്ടിയാടുന്നത് ഒരിക്കലും ഒരാളുടെ പൂർണ സമ്മതത്തോടെയല്ല. കുട്ടിക്കാലത്ത് വേടനും കോതാമൂരിയും പനിയനും തുടങ്ങിയ ചെറിയ വേഷങ്ങൾ കെട്ടിയാടി പരിശീലിച്ചുകൊണ്ടാണ് വലിയ തെയ്യങ്ങൾ കെട്ടാറുള്ളത്. ചെണ്ടയുടെ താളം, ചീനക്കുഴലിന്റെ നാദം, ചിലമ്പിന്റെ ഒച്ച, അണിയലങ്ങളുടെ സൗന്ദര്യം, മുഖമെഴുത്തിൽ സ്വയം തിരിച്ചറിയാനാകാത്ത മുഖം- ഇതൊക്കെ തെയ്യം കെട്ടാനൊരുങ്ങുന്ന കലാകാരന് അഥവാ കനലാടിയ്ക്ക് എന്ന പോലെ അഥവാ ഭക്തർക്കും കൗതുകവും ആശ്ചര്യവും ഉളവാക്കുന്ന ഒന്നാണ് തെയ്യക്കോലങ്ങൾ.

തെയ്യം കെട്ടാൻ തയാറാവുന്ന മനസ്സും ശരീരവും എത്രമാത്രമാണോ സമൂഹത്താലും സമുദായത്താലും നിയന്ത്രിക്കപ്പെടുന്നത് അത്രയും തെയ്യം ദൈവമായി കരുതുന്ന ഭക്തന്മാർക്കും തെയ്യം കെട്ടിക്കുന്ന സമുദായങ്ങൾക്കും സാമൂഹിക നിർമിതമാണ്. ചുരുക്കിപ്പറഞ്ഞാൽ തെയ്യം / ദൈവം, വിശ്വാസം, സാഹസികമായ അവതരണ മനസ്സ് എന്നിവ രൂപപ്പെടുന്നത് ജാതിയുടെയും പ്രദേശത്തിന്റെയും അനുഷ്ഠാനപരതയിലുണ്ടാക്കിവരുന്ന സമ്മതമാണ്. ദൈവത്തിന്റെ അവതാരമായി തെയ്യങ്ങൾ മാറുമ്പോൾ അത് തങ്ങളുടെ കുലദൈവം ആണ്ടോടാണ്ട് നമ്മെ കാണാൻ വരുന്ന മുഹൂർത്താമാണെന്ന് ഉത്തരകേരളത്തിലെ ജനസാമാന്യത്തിന് തോന്നുന്നത് പാരമ്പര്യം നിർമിച്ചെടുത്തിട്ടുള്ള വിശ്വാസത്തിലും അത് ഒരു സമൂഹത്തിന്റെ തന്നെ സ്വത്തായി പിന്നീട് കാണുന്നതിന്റെയും മനഃശാസ്ത്രത്തിലൂടെയാണ്. എന്നാൽ തെയ്യം കെട്ടുന്ന ജാതികളായ മലയനും വണ്ണാനും വേലനും ഈ കർമം നിവൃത്തിക്കാൻ ചുമതലപ്പെട്ടത്​, അത് അവരുടെ കുലദൈവമായിട്ടല്ല. മറിച്ച്, കുലത്തൊഴിലായിട്ടാണ്. ജാതിയുടെ അതിർവരമ്പുകളാൽ ചുറ്റപ്പെട്ട മധ്യകാല സമൂഹത്തിൽ തെയ്യം തെങ്ങു കെട്ടുന്നതുപോലുള്ള ഒരു തൊഴിലായി രൂപപ്പെട്ടു. കള്ള് ചെത്തുന്നതിലും നിപുണതയും വൈദഗ്ധവും ആവശ്യമുണ്ട്. വളരെ നേർത്ത പ്രതലത്തിൽ തെങ്ങിൻ കൂമ്പിലടിച്ച് കുറെ മാസങ്ങൾ അതിനെ പരിപാലിച്ചും നിരീക്ഷിച്ചുമാണ് മൺകുടത്തിൽ കള്ള് ചൊരിയുന്നത്. ഒരു കള്ളുചെത്തുകാരനോട് ഞാൻ ഈ തൊഴിലിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി, എന്നിൽ കണ്ണീർ പൊടിച്ചു. തെങ്ങിന്റെ കണ്ണുനീരാണത്രേ കള്ളായി പൊട്ടിവീഴുന്നത്. കണ്ണീർ പോലുള്ള വെള്ളമാണ് തെങ്ങിൻകുലയിൽനിന്ന് കള്ളുകുടത്തിൽ വീഴുന്നത്. അത് കുടവുമായുള്ള സമ്പർക്കത്തിലാണത്രേ കള്ളിന് വെള്ളനിറം വരുന്നത്. ചുണ്ണാമ്പ് തേക്കുന്നതിലും അളവുണ്ട്. ഇത് ശീലിച്ചുമാത്രം സായത്തമാക്കുന്ന ഒരറിവാണ്. അതുപോലെ ഒരുപക്ഷെ അതിനേക്കാളൊക്കെ കൃത്യതയും നിരീക്ഷണവും സൂക്ഷ്മതയും വേണ്ട പണിയാണ് തെയ്യം കെട്ട്.

കത്തിയെരിയുന്ന മേലേരി

തെയ്യം കെട്ട് എന്നു പറയുന്നതിൽ തന്നെ ഒരു കെട്ടുണ്ട്. വിവിധതരം കെട്ടുകളാണ് തെയ്യങ്ങളെ ഉണ്ടാക്കുന്നത്. അതുകൊണ്ട് തെങ്ങ് കെട്ടുപോലെ ശ്രദ്ധിച്ചു ചെയ്യേണ്ടുന്ന പണിയാണ് ഈ കെട്ടും. തന്റെ ശരീരത്തെ അലസമായി നിർത്തി മനസ്സിനെ മറ്റൊരു സ്ഥലത്ത് കേന്ദ്രീകരിച്ച് ഒരാൾ തെങ്ങ് കെട്ടിയാൽ അയാൾ നിമിഷനേരം കൊണ്ട് നിലംപതിക്കും. തെങ്ങിൽനിന്ന് വീണ് പരിക്കുണ്ടായവർ പിന്നീട് പൂർവസ്ഥിതിയിലെത്തുന്നത് വിരളമാണ്. ചില തെയ്യങ്ങൾ തെങ്ങിൽ കയറുന്നതുതന്നെ ഒരു അനുഷ്ഠാനമാണ്. തെയ്യം തെങ്ങിൽ കയറുമ്പോൾ ‘ഗോവിന്ദാ' ‘ഗോവിന്ദാ' എന്ന് ആർപ്പുവിളിക്കുന്ന ഭക്തജനങ്ങൾ യഥാർഥത്തിൽ തെയ്യത്തെ മുകളിലേക്ക് കയറാനാണ് പ്രേരിപ്പിക്കുന്നത്. തെയ്യക്കാരൻ ഈ ആർപ്പുവിളി കൂടുതൽ ശ്രദ്ധിച്ചാൽ തന്നെ അപകടം പതിയിരിക്കുന്നുണ്ട്.

ഞാൻ തെയ്യം കെട്ടുന്ന ജാതിയിൽ പിറന്ന ഒരാളാണ്. എന്റെ അച്ഛൻ ഞാൻ ചെറുതായിരിക്കുമ്പോൾ തന്നെ വേടനും കാലനും കോതാമൂരിയും കെട്ടാൻ പ്രേരിപ്പിച്ചു. അണിയലങ്ങൾ ശരീരത്തിലും മുഖത്തും വെച്ചുപിടിപ്പിക്കുമ്പോൾ മുഖകാന്തിയുണ്ടെന്നും കുറച്ചുകൂടി കഴിഞ്ഞാൽ തെയ്യം കെട്ടണമെന്നും പ്രോൽസാഹിപ്പിച്ചു. ചെണ്ടയും കാക്കവിളക്കും ഇലത്താളവും അണിയറയും കാവും അങ്ങനെ എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി തീർന്നു. നിനക്ക് ദൈവത്തെ കാണാം, അതുകൊണ്ട് തെയ്യം ചെയ്യാനും അച്ഛൻ പ്രേരിപ്പിച്ചു. അച്ഛനെ സംബന്ധിച്ച് ദേശത്തെ അനുഷ്ഠാന നിർവഹണം ഒരു കടമായി നടത്തുന്ന ഒരു ചെറു ജന്മിയാണ്. അച്ഛന്റെ കാരണവർ തൊട്ടേ ഈ ജന്മാരിത്വം നമ്മുടെ കുടുംബത്തിൽ വന്നുചേർന്നു. ഒരു കാവിൽ തെയ്യവും അനുബന്ധ അനുഷ്ഠാനവും നടത്തേണ്ട ചുമതല, കടമ, കടപ്പാട് എന്നിവ ഒരു ജന്മാരിയിൽ നിക്ഷിപ്തമാണ്. ഒരു അവകാശം എന്ന തലത്തിലാണ് ഈ സ്ഥാനം ദേശം ഇവർക്ക് നൽകുന്നത്. എന്റെ ജന്മമാണ് എന്നു പറഞ്ഞ് ഇന്നും ഇക്കാര്യത്തിൽ അഭിമാനിക്കുകയും പുളകം ചെയ്യുകയും ചെയ്യുന്ന അനേകം തെയ്യക്കാർ ഇന്നും നമ്മുടെ ഇടയിലുണ്ട്.

മറ്റ് സമുദായങ്ങൾ തെയ്യം കെട്ടിക്കുന്നവരായതിനാൽ അവർക്ക് തെയ്യം കെട്ട് ശരീരത്തിന്മേൽ ചില അധികാരങ്ങളുള്ളതായി തോന്നും. അതുകൊണ്ടുതന്നെ ‘ചെണ്ട കെട്ടടാ', ‘തുള്ളടാ' എന്നിങ്ങനെയുള്ള ജാത്യാധികാരം ഇവർ പലപ്പോഴും തെയ്യക്കാവിൽ തന്നെ ചെയ്യാറുണ്ട്. ചില കാവുകളിൽ തെയ്യം കെട്ടുന്ന ആൾക്കാർ കയറിയാൽ അതിനെ കാവുതീണ്ടലായും കാണാറുണ്ട്. ഞാൻ തെയ്യം ചെയ്യാറുള്ള കൂരാറ മണ്ഡമുള്ളതിൽ കാവിൽ ഒരു വർഷം ആ കുടുംബത്തിലെ ഒരാൾ പറയുകയാണ്, മലയന്മാർ ചെണ്ടയുമായി കാവിൽ കയറിയാൽ പിന്നെ കാവുതീണ്ടലായത്രേ. തിയ്യരുടെ കാവാണ്. അവിടെ പ്രധാന തെയ്യം അങ്കക്കാരനാണ്. അങ്കക്കാരൻ മരിച്ചുപോയ തിയ്യനാണ്. ആ തെയ്യത്തിന്റെ അണിയലങ്ങൾ നിരീക്ഷിച്ചാൽ ഒരു തെങ്ങുകെട്ടുകാരനാണ് ഈ അങ്കക്കാരനെന്ന് മനസ്സിലാകും. എന്നാൽ, തീർത്തും സംസ്‌കൃതവൽക്കരിക്കപ്പെട്ട കാവുടമകൾ തെയ്യത്തിലൂടെ ജാതിമേൽക്കോയ്​മ അനുഭവിക്കുന്നുണ്ട്. അവർ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരായിരിക്കാം. എന്നാൽ, തിയ്യരും നായരും വാണിയനും മാത്രമായി തെയ്യ സമയത്ത് മാറുന്നുണ്ട്. ഞാൻ ഒരു തവണ വിഷ്ണുമൂർത്തി തെയ്യം കെട്ടിയപ്പോൾ പീഠത്തിൽനിന്ന് കയറി ദേശവഴക്കം പറയുന്നിതിനിടെ ചിലരെ അഭിസംബോധന ചെയ്യാൻ മറന്നുപോയി. തെയ്യം തിയ്യരെ ‘എട്ടില്ലം കരിമനമാരേ...' എന്നു പറയണം. അങ്ങനെ പറഞ്ഞില്ലെങ്കിൽ അവർക്ക് തൃപ്തിയാകില്ല. ചിലപ്പോൾ ദേഷ്യവും വരും.

കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തിൽ ‘ഒറ്റക്കോലം' ചെയ്ത അഭിരാം

തെയ്യം, തെയ്യംകെട്ടുകാരുടെ ശരീരത്തെയും ആരോഗ്യത്തെയും കൊല്ലുന്ന ഒരേർപ്പാടായും മാറുന്നുണ്ട്. കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തിൽ ‘ഒറ്റക്കോലം' ചെയ്തത് 14 വയസ്സുള്ള പയ്യനാണ്. തന്നേക്കാൾ കൂമ്പാരമായി മേലേരി കത്തിയെരിഞ്ഞാൽ തന്നെ അതിനടുത്തൊന്നും പോകാൻ ഈ ചൂടു കാലത്ത് ആർക്കും പറ്റില്ല. അങ്ങനെയുള്ള അന്തരീക്ഷത്തിൽ തന്റെ ശരീരം മേലേരിയിൽ അനേകതവണ ചാടി അഗ്‌നിപ്രവേശം ചെയ്യുമ്പോൾ കണ്ടുനിൽക്കുന്ന കാണികളും അഥവാ, ഭക്തരും കൈകൂപ്പുന്നുണ്ടാകാം. വിശ്വാസം സന്നിവേശിപ്പിക്കാനും ഈ തെയ്യത്തിന് കഴിയും. പക്ഷെ, പൊള്ളുന്നത് മാത്രമല്ല അപകടം. കടുത്ത ചൂട് കണ്ണിനും മുഖത്തും മൂക്കിനും പല്ലിനും കാതലായ പ്രശ്‌നമുണ്ടാക്കും. അത് ആ തെയ്യക്കാരന് തൽക്കാലം ചില അംഗീകാരം നേടിക്കൊടുക്കും. ഒരു പട്ടും വളയും കിട്ടിയേക്കാം. പക്ഷെ, അവൻ പൂർണമായും തീരുമാനിക്കാത്ത ഒരു സമയത്ത് പാരമ്പര്യത്തിന്റെ ഭാരം അവനിൽ വെച്ചുപിടിപ്പിക്കുമ്പോൾ അവന്റെ ശരീരത്തിന് വല്ലായ്മ അനുഭവപ്പെടും. ചെറുപ്പത്തിൽ കുഴപ്പമില്ലെങ്കിലും പെട്ടെന്ന് വയസ്സാവുന്ന ജന്മം കൂടിയാണ് തെയ്യക്കാരുടേത്. തലയിൽ വലിയ തിരുമുടിയേന്തി കളിയാടുന്ന ഭഗവതിമാർ, കണ്ഠാകർണന്മാർ, തീയിൽ കിടക്കുന്ന പൊട്ടൻ തെയ്യം എന്നിവ അവതരിപ്പിക്കുമ്പോൾ ചില അവതരണ രഹസ്യങ്ങൾ (Secret art of performance) ഉണ്ടെങ്കിലും അതിന്റെ അതിർവരമ്പുകൾ ഏതു സമയത്തും പൊട്ടിപ്പോകുന്നതാണ്. നിയതമായ അരങ്ങ്​ തെയ്യത്തിനില്ല. ആർക്കും ഏതു സമയത്തും തെയ്യത്തിനടുത്ത് വരാം. ലക്കുകെട്ടും അല്ലാതെയും വരാം. വിശ്വാസത്തോടെയോ അല്ലാതെയോ വരാം. തെയ്യം കെട്ടി നിൽക്കുന്ന ഞാൻ വിഷ്ണുമൂർത്തിയായി ഇരിക്കുമ്പോഴും രാജേഷേ എന്നു പറഞ്ഞ് ഒരാൾക്ക് എന്റെയുടത്ത് വരാം. ഇതൊക്കെ കാണുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്ന തെയ്യക്കാരൻ അതോടൊപ്പം അനുഷ്ഠാനപരതയെ ലംഘിക്കുകയുമരുത്.

തീ കൊണ്ട് തല ചൊറിയുന്ന തെയ്യങ്ങൾ നാം കെട്ടില്ലെന്ന് തീരുമാനിക്കണം. പുതിയ തലമുറ തെയ്യം ചെയ്യരുത്. ചെണ്ടയും കുഴലും പഠിക്കാം. പക്ഷെ ആധുനിക വാദ്യമേളങ്ങളിൽ ഉപയോഗിക്കണം. അവർ ശാസ്ത്രവും ഭാഷയും സാഹിത്യവും ചരിത്രവും സംഗീതവും ക്യാമറയും പഠിച്ച് ഈ സമൂഹത്തിന്റെ മൂല്യവത്തുള്ള കലാകാരന്മാരാവണം.

Comments