വ്രണപ്പെടുന്ന
മതവികാരവും
കുറ്റകൃത്യമാകുന്ന
ആവിഷ്കാരസ്വാതന്ത്ര്യവും

ഒരു മതത്തിന്റെ പ്രമാണങ്ങൾ മറ്റൊരു മതവിശ്വാസിയുടെയോ സ്വതന്ത്ര ചിന്തകരുടെയോ കാഴ്ചപ്പാടിൽ സ്വാഭാവികമായും വിമർശിക്കപ്പെട്ടേക്കാം. എന്നാൽ ഇത്തരം വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്നതിനുപകരം അവയെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയും ആവിഷ്കാരസ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്- ബഷീർ പേങ്ങാട്ടിരി എഴുതുന്നു.

ഒരു ആശയം ചില ആളുകളെ അസ്വസ്ഥരാക്കുന്നു എന്നതുമാത്രം, ആ ആശയത്തെ നിയമപരമായി തടയാനുള്ള കാരണമാകുമോ? ജനാധിപത്യ ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും ഗൗരവമുള്ള ഭരണഘടനാപരമായ ചോദ്യങ്ങളിലൊന്നാണിത്. മനുഷ്യചരിത്രത്തിൽ കാലാകാലങ്ങളായി ഉയർന്നുവന്ന ആശയങ്ങളും വിശ്വാസപ്രമാണങ്ങളുമാണ് മതങ്ങൾ. വിവിധ മതപാരമ്പര്യങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെയും ദർശനങ്ങളെയും വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കുകയും അവയ്ക്ക് പ്രത്യേകമായ സത്യാവകാശം നൽകുകയും ചെയ്യുന്നു. അതിനാൽ ഒരു മതത്തിന്റെ പ്രമാണങ്ങൾ മറ്റൊരു മതവിശ്വാസിയുടെയോ സ്വതന്ത്ര ചിന്തകരുടെയോ കാഴ്ചപ്പാടിൽ സ്വാഭാവികമായും വിമർശിക്കപ്പെട്ടേക്കാം. എന്നാൽ ഇത്തരം വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്നതിനുപകരം അവയെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയും ആവിഷ്കാരസ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്.  

​ആശയവിനിമയത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) പൗരർക്ക് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇതൊരു കേവലമായ അവകാശമല്ല. അനുച്ഛേദം 19(2) പ്രകാരം ഇതിന്മേൽ യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടത്തിന് അധികാരമുണ്ട്. ഇവിടെ നിയമപരമായി മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, കേവലം മതവികാരം വ്രണപ്പെട്ടു എന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള സ്വതന്ത്രമായ ഒരു ഭരണഘടനാകാരണമല്ല എന്നതാണ്. മറിച്ച്; പൊതുശാന്തി, ധാർമ്മികത, കുറ്റത്തിന് പ്രേരണ നൽകൽ തുടങ്ങിയ ഭരണഘടനാപരമായ അടിസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ ആശയപ്രകാശനത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനാകൂ. ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് പൗരർക്ക് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അനുച്ഛേദം 25. ഈ അവകാശവും കേവലമല്ല, മറിച്ച് പൊതുശാന്തി, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്കും ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾക്കും വിധേയമാണ്.

​മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഒരേസമയം സംരക്ഷിക്കപ്പെടുമ്പോൾ തന്നെ, 42-ാം ഭരണഘടനാഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ അനുച്ഛേദം 51A(h) കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ പൗരരുടെയും മൗലിക കർത്തവ്യമായി ഭരണഘടന ഇതിൽ അനുശാസിക്കുന്നു. മൗലികാവകാശങ്ങളെപ്പോലെ കോടതികൾ വഴി നേരിട്ട് നടപ്പാക്കാൻ കഴിയുന്നവയല്ല മൗലിക കർത്തവ്യങ്ങൾ എങ്കിലും, ഭരണഘടന പൗരരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന സാമൂഹിക നിലപാടാണിത്. ഇവിടെയാണ് സ്വതന്ത്രചിന്തയുടെയും യുക്തിസഹമായ മതവിമർശനത്തിന്റെയും പ്രസക്തി വർദ്ധിക്കുന്നത്.

​ഇന്ത്യയിൽ എല്ലാ മതവിമർശനങ്ങളെയും കുറ്റകരമാക്കുന്ന പ്രത്യേകമായ ഒരു മതനിന്ദാനിയമം നിലവിലില്ലെങ്കിലും, മതവികാരങ്ങളെ സംരക്ഷിക്കുന്ന വ്യവസ്ഥകൾ ക്രിമിനൽ നിയമങ്ങളിലുണ്ട്. മുൻപ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 295A വകുപ്പും, ഇപ്പോൾ പുതിയ ഭാരതീയ ന്യായസംഹിതയിലെ (BNS) 299-ാം വകുപ്പും ഇതിനുദാഹരണങ്ങളാണ്.

മതവിമർശനം നടത്തിയതിന്റെ പേരിൽ ശാസ്ത്രീയ സത്യങ്ങൾ വിളിച്ചുപറഞ്ഞവർ വേട്ടയാടപ്പെടുന്നുണ്ട്.
മതവിമർശനം നടത്തിയതിന്റെ പേരിൽ ശാസ്ത്രീയ സത്യങ്ങൾ വിളിച്ചുപറഞ്ഞവർ വേട്ടയാടപ്പെടുന്നുണ്ട്.

എന്നാൽ ഈ നിയമം മതവിശ്വാസത്തെ വിമർശിക്കുന്ന എല്ലാ പ്രസ്താവനകളെയും കുറ്റകരമാക്കുന്നില്ല. 1957-ലെ റാംജി ലാൽ മോദി കേസിൽ അന്നത്തെ IPC 295A-യുടെ ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികളെയാണ് ആ വ്യവസ്ഥ ലക്ഷ്യമിടുന്നതെന്ന് കോടതി വിശദീകരിച്ചു. അതേ നിയമപരമായ പാരമ്പര്യത്തിൽ BNS-ലെ 299-ാം വകുപ്പിലും ഇത്തരത്തിലുള്ള ദുരുദ്ദേശ്യപരമായ ഘടകം നിർണ്ണായകമാണ്.

ഒരു മതത്തിന്റെ സിദ്ധാന്തത്തെയോ ആചാരത്തെയോ ചരിത്രത്തെയോ വിമർശിക്കുന്നത് സ്വതവേ വിദ്വേഷപ്രചാരണമല്ല. ഒരു വിമർശനം നിയമവിരുദ്ധമാകുന്നത് പ്രസ്താവനയുടെ ഉള്ളടക്കം, ഉദ്ദേശ്യം, സന്ദർഭം, ലക്ഷ്യം, നിയമത്തിൽ നിർവചിച്ചിരിക്കുന്ന കുറ്റത്തിന്റെ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചാണ്.  

അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരെ അപമാനിക്കാനോ അക്രമത്തിലേക്ക് നയിക്കാനോ ഉള്ള ലൈസൻസല്ല.

​നിയമം ഇതാണെങ്കിലും, പ്രായോഗിക തലത്തിൽ ഇത് പലപ്പോഴും അട്ടിമറിക്കപ്പെടുന്നു. വിമർശനങ്ങളെ ആശയപരമായി നേരിടുന്നതിനു പകരം അക്രമഭീഷണിയിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രീതിയെ ജനാധിപത്യത്തിൽ ഹെക്ലേഴ്സ് വീറ്റോ (Heckler's veto) എന്നു വിളിക്കുന്നു. പ്രതിഷേധിക്കുന്നവരെ നിയന്ത്രിക്കുന്നതിനുപകരം അക്രമമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നവർക്ക് ഭരണകൂടം കീഴടങ്ങുന്ന പ്രവണതയാണിത്. ഇതിനെതിരെ 1989-ലെ എസ്. രംഗരാജൻ കേസിൽ സുപ്രീംകോടതി കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അക്രമഭീഷണി ഉയരുന്നു എന്ന കാരണത്താൽ നിയമാനുസൃതമായ ആവിഷ്കാരത്തെ അടിച്ചമർത്തുന്നതിനു പകരം, പൊതുശാന്തി സംരക്ഷിച്ച് ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. 

​നിർഭാഗ്യവശാൽ, ഈ ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമായി ഭരണകൂടങ്ങൾ ആൾക്കൂട്ടത്തിന് മുന്നിൽ മുട്ടുമടക്കുന്നതാണ് ഇന്ത്യയുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 1988-ൽ സൽമാൻ റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങൾ’ക്ക് ഇന്ത്യയിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയത് ഇതിനൊരുദാഹരണമാണ്. പിന്നീട് 2012-ലെ ജയ്പൂർ സാഹിത്യോത്സവത്തിൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം സുരക്ഷാഭീഷണിയെ തുടർന്ന് ഒഴിവാക്കപ്പെടുകയും, തുടർന്ന് വീഡിയോ ലിങ്ക് വഴിയുള്ള പങ്കാളിത്തവും തടസ്സപ്പെടുകയും ചെയ്തു. സമാനരീതിയിൽ, ലോകമറിയുന്ന ചിത്രകാരൻ എം.എഫ്. ഹുസൈന് തന്റെ ചില രചനകളുടെ പേരിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങളും നിയമനടപടികളും നേരിടേണ്ടിവരികയും ഒടുവിൽ ഇന്ത്യ വിട്ട് വിദേശത്ത് താമസമാക്കേണ്ടിവരികയും ചെയ്തത് ഇന്ത്യയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും കലാസ്വാതന്ത്ര്യത്തിന്റെയും പരിധികളെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തിയ സംഭവമായിരുന്നു.

​സാക്ഷരകേരളത്തിലും ഇത്തരം അനുഭവങ്ങൾ നിരവധിയുണ്ട്. പി.എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് വഴങ്ങി 1986-ൽ കേരള സർക്കാർ ആ നാടകത്തിന്റെ അവതരണം നിരോധിച്ചു. 2008-ൽ ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ 'മതമില്ലാത്ത ജീവൻ' എന്ന പാഠഭാഗത്തിനെതിരെ ഉയർന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

1988-ൽ സൽമാൻ റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങൾ’ക്ക് ഇന്ത്യയിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തി. 2012-ലെ ജയ്പൂർ സാഹിത്യോത്സവത്തിൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം സുരക്ഷാഭീഷണിയെ തുടർന്ന് ഒഴിവാക്കപ്പെടുകയും, തുടർന്ന് വീഡിയോ ലിങ്ക് വഴിയുള്ള പങ്കാളിത്തവും തടസ്സപ്പെടുകയും ചെയ്തു.
1988-ൽ സൽമാൻ റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങൾ’ക്ക് ഇന്ത്യയിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തി. 2012-ലെ ജയ്പൂർ സാഹിത്യോത്സവത്തിൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം സുരക്ഷാഭീഷണിയെ തുടർന്ന് ഒഴിവാക്കപ്പെടുകയും, തുടർന്ന് വീഡിയോ ലിങ്ക് വഴിയുള്ള പങ്കാളിത്തവും തടസ്സപ്പെടുകയും ചെയ്തു.

ഈ പ്രതിഷേധങ്ങൾക്കിടയിലാണ് മലപ്പുറത്ത് വെച്ച് ജെയിംസ് അഗസ്റ്റിൻ എന്നൊരധ്യാപകൻ ദാരുണമായി കൊല്ലപ്പെടുന്നത്. പിന്നീട് ചോദ്യപ്പേപ്പറിലെ ഒരു പരാമർശത്തിന്റെ പേരിൽ പ്രൊഫ. ടി.ജെ. ജോസഫിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളതായി കണ്ടെത്തപ്പെട്ട പ്രതികൾ നടത്തിയ ഗൂഢാലോചനയും ക്രൂരമായ ആക്രമണവും ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരെ നടന്ന ഏറ്റവും ഭയാനകമായ കടന്നുകയറ്റമായിരുന്നു.

മതവിമർശനം നടത്തിയതിന്റെ പേരിൽ ശാസ്ത്രീയ സത്യങ്ങൾ വിളിച്ചുപറഞ്ഞവരും വേട്ടയാടപ്പെട്ടു. മുംബൈയിലെ ഒരു പള്ളിയിലെ ക്രൂശിതരൂപത്തിൽ നിന്നും വെള്ളം ഇറ്റിറ്റുവീഴുന്നതിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം നൽകിയ പ്രശസ്ത യുക്തിവാദി സനൽ ഇടമറുകിനെതിരെ ഉയർന്നത് വലിയ ഭീഷണികളാണ്. തുടർന്ന് അദ്ദേഹത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിയമപരമായ പരാതികൾ ഉയരുകയും, ഈ സാഹചര്യത്തിൽ അദ്ദേഹം പിന്നീട് ജർമ്മനിയിൽ താമസമാക്കുകയും ചെയ്തു.  

പ്രശ്നം, വിമർശനത്തെ സംരക്ഷിക്കണോ മതവികാരത്തെ സംരക്ഷിക്കണോ എന്ന ലളിതമായ തിരഞ്ഞെടുപ്പല്ല, മറിച്ച് വിമർശനവും വിദ്വേഷപ്രചാരണവും തമ്മിലുള്ള ഭരണഘടനാപരമായ അതിർത്തി കൃത്യമായി പാലിക്കപ്പെടുക എന്നതാണ്.

​ജനാധിപത്യത്തിൽ ഒരു ആശയം വിമർശനത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല; എന്നാൽ ഒരു വ്യക്തി തന്റെ മതവിശ്വാസത്തിന്റെ പേരിൽ അപമാനിക്കപ്പെടുകയോ ഭീഷണിപ്പെടുത്തപ്പെടുകയോ അക്രമത്തിന് ഇരയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് നിയമപരമായ സംരക്ഷണം അർഹിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരെ അപമാനിക്കാനോ അക്രമത്തിലേക്ക് നയിക്കാനോ ഉള്ള ലൈസൻസല്ല. മതവിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസങ്ങൾ നിർഭയമായി ആചരിക്കാനുള്ള ഭരണഘടനാപരമായ അവകാശവുമുണ്ട്. അതിനാൽ പ്രശ്നം വിമർശനത്തെ സംരക്ഷിക്കണോ മതവികാരത്തെ സംരക്ഷിക്കണോ എന്ന ലളിതമായ തിരഞ്ഞെടുപ്പല്ല, മറിച്ച് വിമർശനവും വിദ്വേഷപ്രചാരണവും തമ്മിലുള്ള ഭരണഘടനാപരമായ അതിർത്തി കൃത്യമായി പാലിക്കപ്പെടുക എന്നതാണ്.

അഭിപ്രായവ്യത്യാസങ്ങളെ ഭീഷണികൊണ്ടോ കായികബലം കൊണ്ടോ അടിച്ചമർത്താതെ ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്ന സഹിഷ്ണുതയുള്ള ഒരു ജനാധിപത്യ സമൂഹത്തിലേ ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധവും മാനവികതയും യഥാർത്ഥത്തിൽ പുലരുകയുള്ളൂ. നിയമത്തിന്റെ ലക്ഷ്യം വിദ്വേഷം പടർത്തുന്നവരെ തടയുക എന്നതായിരിക്കണം, അല്ലാതെ ചിന്തിക്കുന്നവരെ ഭയപ്പെടുത്തുക എന്നതാകരുത്.

Comments