മേലാളർ കൈയടക്കുന്ന കാവുകൾ, പുറത്താക്കപ്പെടുന്ന കീഴാളത്തെയ്യങ്ങൾ

‘‘തെയ്യത്തെ വിമോചനത്തിന്റെ ശബ്ദമായൊക്കെ കമ്യൂണിസ്റ്റുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ കാവുകൾ ക്ഷേത്രമാവുന്നതോടെ തെയ്യത്തിന് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഉള്ളടക്കമാവാൻ കഴിയാതെ പോകും’’- പുതിയ തെയ്യക്കാലം തുടങ്ങിയ സാഹചര്യത്തിൽ തെയ്യക്കാവുകളിലെ ജാതിയുടെയും തറവാടുകളുടെയും പുരുഷക്കോയ്മകളുടെയും പകർന്നാട്ടങ്ങളെക്കുറിച്ച് അന്വേഷണം.

ത്തരകേരളത്തിന്റെ ദൈവഭൂമികയിൽ തെയ്യങ്ങൾ തുലാം പത്തോടെ ഉറഞ്ഞുതുള്ളിത്തുടങ്ങി. പുതിയൊരു വർഷവും അതിന്റെ ആഘോഷവും. കോരപ്പുഴക്കു വടക്കും ചന്ദ്രഗിരിപ്പുഴക്കു തെക്കും കുടക് മലയും ദക്ഷിണ കാനറയും കൂടിയ മലനിരികളുടെ താഴ്‌വാരങ്ങളിലും തെയ്യങ്ങളും കോമരങ്ങളും ആചാരാനുഷ്ഠാന നിർവഹണങ്ങളും നടന്നുവരുന്നു. തെയ്യക്കാർ അണിയലങ്ങൾ, ചെണ്ട, കുഴൽ, കാക്കവിളക്കുകൾ എന്നിവയെല്ലാം മിനുക്കുപണിക്കുശേഷം വർണാഭമാക്കി ശരീരം കോലത്തിനായി ഒരുക്കുന്നു, ശരീരവും ഒരു അണിയലമാകുന്നു.

കർക്കടകത്തിലെ പഞ്ഞദിനങ്ങളെ മറികടന്ന് സമൃദ്ധിയുടെ ആഘോഷത്തിലേക്ക് കടക്കുമ്പോൾ അവർക്ക് പ്രതീക്ഷയും സന്തോഷവുമുണ്ടാകും. കഴകക്കാർ, ഊരാളന്മാർ അഥവാ കാവധികാരികൾ (ഇന്ന് പലേടത്തും ക്ഷേത്രാധികാരികൾ എന്നാണ് കാവുടമകൾ സ്വയം വിളിക്കുന്നതും വിളിക്കപ്പെടാൻആഗ്രഹിക്കുന്നതും.) എന്നിവർ കാവിന്റെ പഴയ കണക്കുപുസ്തകങ്ങൾ പരതിനോക്കും. അവിടെ മുച്ചിലോട്ടമ്മക്ക് ഒന്നര അണ, വണ്ണാന് ഇരുനാവൂരി അരി, മുളക്, മൂന്ന് തേങ്ങ, മലയന് ദൈവം അറുത്ത കോഴിയുടെ ഉടലും തലയും, മുന്നാഴിയരി, തേങ്ങ, അടയ്ക്ക, വെറ്റില, മുളക് എന്നിവയും കലശത്തറയുടെ അമ്പലത്തറ പണിയാൻ സഹായിച്ചതിന് വാണിയത്തികൾക്ക് അര പണം കോളും ആശാരി- മൂശാരി എന്നിവർക്ക് അര പണം കോളും മുന്നാഴി അരിയും എന്നിങ്ങനെ കാവിലെ തെയ്യാട്ടത്തിന്റെ കണക്കിൽ എഴുതിവച്ചിരിക്കുന്നത് നോക്കി വായിക്കും.

photo: rajesh komath

'തെയ്യം കെട്ടിയാൽ ഇപ്പാ എത്രയാ പൈസ, കാവിലെ ചില്ലറ മുഴുവൻ വണ്ണാൻമാർ കൊണ്ടുപോകും’, ഭണ്ഡാരപ്പുരിയിലിരുന്ന് മൂത്ത കാരണവർ ഇളയ കാരണവരോടായി പരിഭവം പറയും.
തെയ്യം കെട്ടിയാൽ പ്രതിഫലത്തിന് ഈ അടുത്തകാലം വരെയും 'കോള്' എന്നാണ് പറയുക. അതുവരെ അഷ്ടിക്ക് വകയില്ലാത്ത വിവിധതരം ചെറുജന്മക്കൂട്ടങ്ങൾ അധ്വാനിച്ചിരുന്ന സമയത്തിനും അധ്വാനത്തിനും എന്തെങ്കിലും തരത്തിൽ പ്രതിഫലം കിട്ടുന്ന ഏക സന്ദർഭം ഇതൊക്കെയായതുകൊണ്ടാകാം, 'കോള്' എന്നു വിളിക്കുന്നത്. കോള് എന്ന പദത്തിനർഥം നല്ല ആദായം എന്നാണ്. അർഹിക്കുന്നതിലും കൂടുതൽ എന്നാണ് സൂചന. പ്രതിഫലം കൊടുക്കുന്നവരാണ് ഇതിനെ കോള് എന്നു വിളിച്ചിട്ടുണ്ടാവുക. തെയ്യക്കാരും മറ്റു ചെറുജന്മാരികളും ദൈവത്തിനുവേണ്ടിയുള്ള സേവനത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയായി തോന്നാത്തതുകൊണ്ടാകാം, അതിനെ 'അടിയന്റെ കോളായി' സ്വീകരിച്ചത്. ദൈവമായതിന് എങ്ങനെയാണ് പ്രതിഫലം വാങ്ങുക എന്ന ആശങ്ക തെയ്യക്കാരിലുമുണ്ട്, പ്രതിഫലം വാങ്ങുമ്പോൾ തെയ്യംകെട്ട് ഒരു തൊഴിലായി മാറുമല്ലോ.

ദൈവത്തിനും മനുഷ്യനുമിടയിൽ തെയ്യക്കാരന്റെ ശരീരവും മനസ്സും കീഴ്പെടുത്തി അവന്റെ ചോര നീരാക്കി കാവുടമകൾ അവനെ ജാതിത്തറവാടുകളുടെ കുലമഹിമയ്ക്കായി ഇന്നും ഉപയോഗിക്കുകയാണ്. തെയ്യത്തിന്റെയും ഉത്സവത്തിന്റെയും പണമിടപാടുകൾ ഒപ്പിക്കുന്നതിനിടയിൽ തറവാട്ടിന്റെ ഉമ്മറത്തും തെക്കിനും വടക്കിനുമായി തെയ്യങ്ങൾ ഉറഞ്ഞുതുള്ളിവരുന്നുണ്ടാകും. ചെണ്ടയുടെ താളം മാറുന്നതിനനുസരിച്ച് തെയ്യങ്ങളുടെ കലാശക്കൊട്ടിന്റെയും ആട്ടത്തിന്റെയും ക്രമം നിശ്ചയിക്കാൻ പുരയിൽനിന്ന് ഭക്ഷണം കഴിക്കുന്ന ചെറുകുട്ടികൾക്കുപോലും കഴിയും. തെയ്യങ്ങൾ മലബാറുകാരെ പിടികൂടിയിരിക്കുന്നത് വെറും രൂപത്തിൽ മാത്രമല്ല, മറിച്ച് അവരുടെ കേൾവിയിലും സ്പർശനത്തിലും രുചിയിലും കാഴ്ചയിലും ഓർമകളിലും തെയ്യം നിറസാന്നിധ്യമാണ്. പല തെയ്യങ്ങളും തറവാട്ടിലെ പൂർവികരുടെ കോലങ്ങളാണ്. അങ്കക്കാരൻ തെയ്യം തീയ്യരുടെ തൊണ്ടച്ചനാണ്. അങ്കം വെട്ടി നമ്പൂതിരിമാരെ ഓടിച്ചതിന്റെ ഓർമകളാണ് “തട്ടും പയറ്റും” പോലുള്ള അനുഷ്ഠാനങ്ങൾ

ബ്രാഹ്മണിയായ മുച്ചിലോട്ടമ്മ വാണിയന്റെ ചക്കിലിട്ടാട്ടിയ എണ്ണയിൽ നിന്ന് കത്തിയമർന്ന് ഭഗവതിയായി ഉയിർത്തെഴുന്നേറ്റതും വയനാടൻ ചുരമിറങ്ങി മലനാട്ടിലെത്തിയ വയനാട്ട് കുലവനും, മലയിറങ്ങിവന്ന പുരളിമല മുത്തപ്പനും കുഞ്ഞിമംഗലത്തെ മാക്കവും മക്കളും, തിയ്യനായ കണ്ണനെ കൊന്ന കുറുവാടൻ കുറുപ്പിന്റെ അഹന്തയ്ക്ക് ശമനം തീർക്കാൻ ചാമുണ്ഡിയായി ദേശത്ത് പകർന്നാടിയവനും ഗുളികനും കണ്ഠാകർണ്ണനും കൈതചാമുണ്ഡിയും രക്തചാമുണ്ഡിയും കുട്ടിച്ചാത്തനും വേട്ടയ്ക്കൊരുമകനും വൈരജാതനും മുത്താച്ചിയും മാരികളും പുലപ്പൊട്ടനും പഞ്ചുരുളിയും ചിലമ്പിന്റെ ഒച്ചയിൽ ഓടിക്കിതച്ച് കാവിന്റെ തിരുമുറ്റത്ത് പകർന്നാടുന്നതു കാണാൻ മൺമറഞ്ഞുപോയ കാവിന്റെ കാരണവന്മാരും തെയ്യക്കാരന്റെ അമ്മൂമ്മയും അപ്പൂപ്പനും മുൻകാലത്തെയും ദേശത്തെയും കോലധാരികളും ഈ തെയ്യങ്ങളെ കാണാൻ വരുമെന്നാണ് വിശ്വാസം. കാരണവർ, കുടിവീരൻ, കതിവന്നൂർ വീരൻ എന്നീ തെയ്യങ്ങൾ പൂർവികരായിട്ടാണ് തെയ്യവേഷത്തിൽ ഇടതുകൈയിൽ പരിചയും വലതുകൈയിൽ വാളുമായി ഉറഞ്ഞുതുള്ളുന്നത്.

ഭൂപരിഷ്‌കരണത്തിനുശേഷം ഭൂവുടമകളായവരും തറവാട് ക്ഷയിച്ചപ്പോൾ തെയ്യങ്ങൾ കെട്ടിയാടിക്കാൻ കഴിയാതിരുന്ന കഴകക്കാരും കോട്ടവും മുണ്ഡ്യകളും ദേവസ്ഥാനങ്ങളും സ്വരൂപവ്യതിയാനങ്ങളോടെ തോറ്റിയും വരവിളിച്ചും സ്ഥാനമുറപ്പിച്ചും തകർന്നുപോയ സ്ഥാനത്തെ ഓർമിപ്പിച്ചും പഴയ അധികാരികളെ സന്തോഷിപ്പിച്ചും പുതിയ അധികാരികളെ വാഴിച്ചും ഗുണമരുളിയും ഗുണദോഷിച്ചും തെയ്യങ്ങൾ ഉറഞ്ഞുതുള്ളുന്നു.

ജാതികളുടെ കാവ്

ജാതീയമായി വേർതിരിക്കാത്ത മനുഷ്യരുടെ ആരാധനാലയമായിരുന്നിരിക്കണം കാവുകൾ. ഓരോ സമൂഹക്കൂട്ടങ്ങളും മരങ്ങളാലോ ഏതെങ്കിലും ജന്തുവിനാലോ തങ്ങളുടെ കുലങ്ങളെ അടയാളപ്പെടുത്തിയിരുന്നു. അവരുടെ വ്യക്തിപരവും സാമൂഹികപരവുമായ അനുഷ്ഠാനങ്ങൾ നിർവഹിച്ചുപോരുന്നതിനിടയിൽ കണ്ടെടുത്ത ദൈവങ്ങളുടെ ആവാസവ്യവസ്ഥയാവാം പിന്നീട് കാവുകളായി പരിണമിച്ചത്. സൂര്യനെയും വായുവിനെയും പാമ്പിനെയും കാടിനെയും ഇടിമിന്നലിനെയും ഭയന്നിരുന്നവർ അതിനോടുതന്നെ ഭക്തി പ്രകടിപ്പിച്ചതിനാലാകാം, ഇന്നും കാവുകൾക്ക് പ്രാക്തനഭാവം നിലനിൽക്കുന്നത്. ഓരോ കാവിനും ഒരു കുലപുരുഷന്റെ രൂപം പള്ളിയറകളിലെ മരത്തിൽ കൊത്തിയിട്ടോ വാളിൽ സ്വരൂപിച്ചോ സൂക്ഷിച്ചിട്ടുണ്ടാകും. കാഞ്ഞിരം, ചെമ്പകം എന്നീ മരച്ചുവടുകളിലായി കാവുകളിൽ അവരുടെ തെയ്യങ്ങളെ സങ്കൽപ്പിച്ചിരിക്കുന്നതും കാണാം.

തെക്കു ദേശത്തേക്ക് ബ്രാഹ്മണർ കുടിയേറിപ്പാർത്തപ്പോൾ തദ്ദേശീയ മനുഷ്യരെ തങ്ങളുടെ അധീശ പ്രത്യയശാസ്ത്രത്തിനുകീഴിൽ കൊണ്ടുവന്നപ്പോഴാകണം ജാതികൾ തിരിച്ചുള്ള കാവുകളും ആരാധനാരൂപങ്ങളും പിറവികൊണ്ടത്. അധീശത്വത്തിന്റെ സ്ഥാപനമായ അമ്പലങ്ങൾ പണിയുന്നതോടെ കാവുകൾ അമ്പലത്തിന്റെ അനുഷ്ഠാനശക്തിക്കുകീഴിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴായിരിക്കണം വിവിധ ജാതികൾ ബ്രാഹ്മണരുടെ വിളക്കിന്റെ തീയിൽ പരമമായ ശക്തിയെ കണ്ടെത്തിയത്. ഒന്നുകിൽ തീ കൊണ്ടോ അല്ലെങ്കിൽ മഴു കൊണ്ടോ ചിലപ്പോൾ വാൾ കൊണ്ടോ അധീശപ്പെടുത്തിയ ബ്രാഹ്മണർ തദ്ദേശീയരുടെ കാവുകളിലെ തെയ്യങ്ങളെ വർഗീകരിക്കുകയും ജാതികളുടെ പിറവികളോടെ ജാതിക്കാവുകളായി തെയ്യക്കാവുകൾ മാറ്റുകയും ചെയ്തു. മുച്ചിലോട്ട് കാവിൽ ഉൽസവം തുടങ്ങണമെങ്കിൽ പയ്യന്നൂർ പെരുമാൾ അമ്പലത്തിലെ വിളക്കിൽ നിന്ന് തീ വാണിയ തറവാട്ടുകാർ വന്നു സ്വീകരിക്കണമെന്ന ആചാരങ്ങളൊക്കെ ഇത്തരം അധിനിവേശങ്ങളുടെ സൂചനയാണ്. നാടുവാഴികൾ തെയ്യക്കാർക്ക് പെരുവണ്ണാൻ സ്ഥാനവും പെരുമലയൻസ്ഥാനവും കൽപ്പിക്കുന്നതും കാവുകളിൽ കഴിയുന്ന ഭൂരിപക്ഷം സാധാരണ മനുഷ്യരെയും അമ്പലത്തിനുള്ളിൽ ആക്കാനുള്ള ആദ്യ ശ്രമങ്ങളായിക്കാണാം.

അമ്പലങ്ങളും അതുവഴി വ്യാപിച്ച നെൽകൃഷിയിലൂടെയുമായിരിക്കും മനുഷ്യക്കൂട്ടങ്ങളെ ചെറുതൊഴിൽക്കൂട്ടങ്ങളാക്കി മാറ്റിയത്. പുലങ്ങളും കണ്ടങ്ങളും ചാളകളും കോട്ടങ്ങളും മനുഷ്യരെ വേർതിരിച്ചതുപോലെ അവരുടെ ദൈവങ്ങളെയും വർഗീകരിച്ചു. കാടുകയറിപ്പോയവർ കാട്ടിനുള്ളിലും അവിടെ നേരത്തെയുണ്ടായിരുന്ന മലകളെയും ആരാധനാരൂപങ്ങളെയും ഈ സാമൂഹിക വേർതിരിവിന്റെ പ്രതിപ്രവർത്തനത്തിനുകീഴിൽ കൊണ്ടുവന്നതുകൊണ്ടാകണം കൊറഗജനും പഞ്ചുരുളിയും മുത്തപ്പനും മറ്റും തെയ്യങ്ങളായി മാറിയത്. എങ്ങനെ ഒന്നുണ്ടായി എന്ന് ചോദിക്കുന്നതിനുപകരം എന്താണ് ഇപ്പോൾ ഉള്ളത്, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കുകയാകും കൂടുതൽ യുക്തിസഹം.

ഉത്തരകേരളത്തിലെ കാവുകൾ ജാതികളുടേതാണെന്ന് പറയുന്നതിൽ തെറ്റില്ല. മുത്തപ്പൻ മഠപ്പുര തിയ്യന്മാരുടെതും മുത്തപ്പന്റെ മടയൻ തിയ്യനുമായിരിക്കണം. പുലപ്പൊട്ടൻ പുലയന്റേതും; പുലയന്മാരായിരിക്കണം ഈ തെയ്യങ്ങൾ കെട്ടുന്നതും. വാണിയരുടേതാണ് മുച്ചിലോട്ട്. അവിടങ്ങളിലെ കോമരങ്ങൾ വ്യത്യസ്ത വാണിയത്തറവാടുകളിലെ മുതിർന്ന പുരുഷന്മാരായിരിക്കണം. മുച്ചിലോട്ട് ഭഗവതി കെട്ടുന്നത് വണ്ണാൻ ജാതിയിൽപ്പെട്ട കോലക്കാരനായിരിക്കണം. നരമ്പിൽ ഭഗവതി നമ്പ്യാർമാരുടേതും പുലിയൂർ കണ്ണൻ തിയ്യന്മാരുടേതുമായാണ് അടയാളപ്പെട്ടിരിക്കുന്നത്. ഗുളികൻ മലയന്മാരുടെ ശരീരത്തിൽ ഉറയണം. ഗുളികൻ കാലനായതിനാൽ അതൊരു നശീകരണഭാവമുള്ള തെയ്യമാണ്.
കണ്ണങ്കാട്ട് ഭഗവതി മണിയാണികളുടേതും വയനാട്ട് കുലവൻ തിയ്യന്മാരുടെ തൊണ്ടച്ചനുമാണ്. കൊറഗജൻ മാവിലരുടേതും കോലക്കാരൻ നൽകതായ ജാതിയുമാണ്.

ചില പ്രദേശങ്ങളിൽ ഗോത്രരൂപത്തിലാണ് കാവുകളും തെയ്യങ്ങളും. മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി എന്നിങ്ങനെ വിഹരിക്കുന്ന തെയ്യങ്ങൾ കുലത്തെയ്യങ്ങൾക്കു പുറത്ത് കെട്ടിയാടുന്നതും ചിലപ്പോൾ ജാതീയമായ വേർതിരിവുകൾ കാരണം പുറത്താക്കപ്പെട്ടവയുമാണ്. വേർതിരിവുകൾ മനുഷ്യന്മാർ തമ്മിൽ മാത്രമായി നിലനിൽക്കാതെ തെയ്യങ്ങൾക്കും ബാധകമായതിനാലാവാം, ചില തെയ്യങ്ങൾ കാവിൽ നിന്ന് പുറത്താക്കപ്പെട്ടത്.

കുലത്തെയ്യങ്ങൾക്ക് തൊട്ടുകൂടാത്ത ദൈവങ്ങളാണ് കാവിന്റെ പുറത്ത് സങ്കൽപ്പിക്കുന്ന തെയ്യങ്ങളൊക്കെ. തറവാടും കുലത്തെയ്യങ്ങളും പലയിടങ്ങളിലും ഈ തൊട്ടുകൂടാത്ത തെയ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ടും, തെയ്യങ്ങളുടെ സ്വഭാവത്തിന്റെ സ്ഥായിയായ ഭാവം മനസ്സിലാക്കാത്തതുകൊണ്ടും താൽക്കാലിക പ്രീണനം നൽകി കാവിനുള്ളിൽ ഉൾച്ചേർത്ത് ഒതുക്കപ്പെടുന്നു. മനുഷ്യർ ജാതിതിരിഞ്ഞ് അനുഷ്ഠാനങ്ങളെയും ജോലിയെയും അവമതിപ്പോടെയും ബഹുമതിയോടെയും ശുദ്ധാശുദ്ധബന്ധങ്ങളെ പരിപാലിച്ച് വിവേചിക്കുന്നതുപോലെ വടക്കേ മലബാറിലെ തെയ്യങ്ങളിലും ജാതിവേർതിരിവുകളുണ്ട്. കമ്യൂണിസത്തിന്റെ ശക്തി അവഗണിച്ച് ജാതി നിലനിൽക്കുന്നതുപോലെത്തന്നെ, തെയ്യങ്ങളും ജാതിത്തറവാടുകളും എല്ലാ വിവേചനസ്വഭാവവും നിലനിൽക്കുമ്പോഴും അനുഷ്ഠാനയുക്തിയിൽ എല്ലാത്തിനെയും ഉൾക്കൊള്ളുകയും അതോടൊപ്പം അതിനെ വിവേചിച്ച് നിലനിർത്തുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വേരോടിയ നാടെന്ന നിലയിൽ കണ്ണൂരും കാസറകോഡും തെയ്യം പോലുള്ള പാരമ്പര്യ അതിഭൗതിക രൂപങ്ങളെ ആരാധിക്കുവാനുള്ള കാരണം, കമ്യൂണിസവും തെയ്യങ്ങളും ഒരേ ജാതിസമൂഹത്തിന്റെ വിശ്വാസ സംഹിതകൾക്കുള്ളിൽ ഒരുപോലെ നിലനിൽക്കുന്നതുകൊണ്ടാണ്. തെയ്യത്തെ വിമോചനത്തിന്റെ ശബ്ദമായൊക്കെ കമ്യൂണിസ്റ്റുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ കാവുകൾ ക്ഷേത്രമാവുന്നതോടെ തെയ്യത്തിന് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഉള്ളടക്കമാവാൻ കഴിയാതെ പോകും. വണ്ണാനും മലയനും തെയ്യമായാൽപ്പോലും 'എന്റെ എട്ടില്ലം കരിമനമാരേ...' എന്ന് തിയ്യജാതികളെ അഭിസംബോധന ചെയ്യണം. നമ്പ്യാർമാരെ 'തമ്പുരാക്കന്മാരേ...', എന്നു വിളിച്ചുപറയണം. അങ്ങനെ വിളിച്ചില്ലെങ്കിൽ പരിഭവമുള്ളവരായി ഈ ജാതികളൊക്കെ മാറുന്നതും തെയ്യത്തിന്റെ അനുഷ്ഠാനത്തിനുള്ളിലും പുറത്തും നിലനിൽക്കുന്ന യാഥാർഥ്യമാണ്. ഈ വേർതിരിവിന്റെ ആട്ടത്തെയാണ് കളിയാട്ടം എന്നും കേരളത്തിന്റെ സാംസ്‌കാരിക ചിഹ്‌നമെന്നും ആൾക്കാർ വാഴ്ത്തുന്നത്. ദേശത്തെ ജന്മമെന്നും ചെറുജന്മമെന്നും തറവാട്ട് പരദേവതയുടെ പറമ്പായും ആട്ടസങ്കൽപ്പമായും വേർതിരിച്ച് മനുഷ്യർ സ്വയം ആരാണെന്ന് തിരിച്ചറിയുന്നതും ഈ തെയ്യാട്ടത്തിലൂടെയാണ്. അതാണ് തെയ്യത്തിന്റെ നരവംശശാസ്ത്രം.

തറവാടും തെയ്യങ്ങളും

സ്വരൂപങ്ങളുടെ അധികാരം കോവിലകങ്ങളിലെ അധികാരിക്കാണെങ്കിലും ദേശത്തിന്റെ ജന്മാധികാരം എന്നും ക്ഷേത്രവും അതിന്റെ ഊരായ്മയുമായ നമ്പൂതിരിമാരുമായിരുന്നു. അമ്പലങ്ങളിൽ അകത്ത് പൊതുവാളുകളും മറ്റ് അമ്പലവാസി ജാതികളും ദേവസ്വം നടപ്പാക്കിയെങ്കിലും പുറത്ത് അമ്പലത്തിന്റെ സ്വത്തും ഭൂമിയും നോക്കിനടത്തുന്നതും മറ്റ് ജാതിവിഭാഗങ്ങൾക്ക് ഭൂമി പാട്ടത്തിനും കാണത്തിനും പതിച്ചുകൊടുക്കുന്നതും പുറംപൊതുവാളന്മാരായിരുന്നു. അധികാരം ഇങ്ങനെ കേന്ദ്രീകരിക്കുമ്പോഴും ദേശത്തിന്റെയും വിവിധ സ്വരൂപവാഴ്ചയുടെയും ഇടയിലുള്ള എല്ലാ ചെറു അധികാരരൂപങ്ങളെയും നിയന്ത്രിക്കാനോ നോക്കിനടത്താനോ അമ്പലത്തിന്റെ അധീശശക്തികൾക്ക് കഴിഞ്ഞിരുന്നില്ല. ചിതറിക്കിടക്കുന്ന ദേശത്തിന്റെ വാഴ്ച പലപ്പോഴും കൈവന്നുചേർന്നത് വിവിധ തറവാടുകൾക്കായിരുന്നു. വടക്കേ മലബാറിലെ തറവാടുകളെന്നു നാം വിവക്ഷിക്കാറുള്ളത് നായർ- നമ്പ്യാർ- കുറുപ്പ് എന്നീ തലങ്ങളിൽ നിലനിന്നിരുന്ന നാടുവാഴി സ്വഭാവമുള്ള തറവാടുകളെയാണ്. ദേശത്തിന്റെ ഭൂമിയുടെ നിയന്ത്രണം അത് കൃഷി ചെയ്യിപ്പിക്കാനും കൃഷിയിൽനിന്ന് ലഭിക്കുന്ന മിച്ചമൂല്യം സൂക്ഷിക്കാനും അത് വിവിധതരത്തിൽ വിതരണം ചെയ്യാനും പുനർനിക്ഷേപിക്കാനും അനേകം നാടുവാഴി- തറവാട് വഴക്കങ്ങൾ രൂപീകൃതമായത് തറവാടുകൾ ദേശത്തിന്റെ നിത്യജീവിതങ്ങളെ നിയന്ത്രിക്കുന്നതുവഴിയായിരുന്നു. കൂടാളി താഴെത്ത് വീട്, കോടോത്ത്, കല്യാട്ട്, ഏച്ചിക്കാനം തുടങ്ങി ദേശത്തിന്റെ ഭൂമിയിന്മേലുള്ള ആധിപത്യം തറവാടിന്റെ അധികാരചിഹ്‌നമായി മാറി.

ക്ഷേത്രങ്ങൾ വഴി താഴോട്ടിറങ്ങുന്ന അധികാരം നിലനിർത്തുകയും അനേകം കാവുകളിലായി ദേശത്തിനുള്ളിലെ മനുഷ്യപെരുമാറ്റരീതികളെ നിയന്ത്രിച്ചും തറവാടുകൾ മേലേതട്ടിന്റെ അധികാരത്തെ സ്വീകരിച്ചും താഴെ തട്ടിനെ തങ്ങളുടെ കൈയൂക്കിൽ വരുതിയിലാക്കിയും അധികാരത്തെ പ്രയോഗിച്ചതിനാലാകാം, തെയ്യക്കാവുകളിലെ ചടങ്ങുകളിൽ ക്ഷേത്രത്തിലെ ഊരാളനും നമ്പ്യാർ തറവാടുകളിലെ കാരണവർക്കും പലപ്പോഴും മേലധികാരം ലഭിക്കുന്നത്. തെയ്യങ്ങൾ പീഠത്തിൽക്കേറി ഉരിയാടുന്നത് ഇങ്ങനെയാണ്.

ഊരാളാ...... ഊരാളൻമാരേ...
എന്റെ തറയിലകമ്പടിമാരേ ...
എന്റെ 64 ഗ്രാമങ്ങളെ
അവിടങ്ങളിൽ ഏറിയോരു ഗുണം വരണം...
ഗുണം വരണം...
ഗുണം വരണം
ഇത്തരത്തിലുള്ള തെയ്യം വാചാലുകൾ ഈ അധികാരകോയ്മയുടെ ശക്തമായ തെളിവാണ്. മേൽപ്പറഞ്ഞ തറവാടുകളിൽ തെയ്യക്കാവുകളും അതോടൊപ്പം ബ്രാഹ്മണപൂജയുള്ള ക്ഷേത്രങ്ങളും കാണാം. കൂടാളി താഴെത്ത് വീടിന് തെയ്യക്കാവുണ്ട്, അതോടൊപ്പം, നമ്പൂതിരി പൂജയുള്ള ക്ഷേത്രവുമുണ്ട്. രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് ഇവിടെ ഉത്സവം നടക്കാറ്. കൂടാളി താഴെത്ത് വീട്ടിലെ തെയ്യക്കാവിലെ അനുഷ്ഠാനങ്ങളെ നിരീക്ഷിച്ചാൽ മനസ്സിലാകുന്ന കാര്യം, കൂടാളിക്കാർ കളരി നടത്തിയിരുന്നതായിട്ടാണ്. കളരിപൂജയെന്ന ചടങ്ങ് അത്രമാത്രം പ്രാധാന്യത്തോടെയാണ് ഇവിടെ നടത്താറ്. അനേകം വാളുകളും പരിചകളും നിരത്തിവച്ച് പൂജിക്കുന്ന ചടങ്ങ് ഈ തെയ്യക്കാവിലെ പ്രത്യേകതയാണ്.

വടക്കൻപാട്ടുകളിൽ പറയുന്ന 108 നാല്പത്തീരടി കളരികളിലൊന്നാണ് കൂടാളിക്കളരി. കോട്ടയം കോവിലകത്തിനാവശ്യമായ അഭ്യാസികളെ പ്രദാനം ചെയ്തിരുന്നതും ഈ കളരിയായിരുന്നു. രാമൻകുട്ടിയെന്ന കൂടാളിത്തറവാട്ടിലെ കാര്യസ്ഥനാണ് കൂടാളി വീരനെന്ന തെയ്യമായി മാറുന്നത്. ടിപ്പുവിന്റെ മൈസൂരി സേന പഴശ്ശിരാജാവിനെയും മറ്റും ആക്രമിക്കാൻ വന്നപ്പോൾ അതിനോട് പൊരുതി മരിച്ച കളരിഗുരുക്കളായിട്ടാണ് ഈ തെയ്യം ഉണ്ടായി വന്നത്. ഇത്തരം കളരിപരമ്പര ഉത്തര കേരളത്തിനെ വാളുകൊണ്ടും അനുഷ്ഠാനം കൊണ്ടും അടക്കിവാണിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

ദേശത്തിനെ അധികാരവാളുകൊണ്ട് നിയന്ത്രിച്ചതിനാലാകണം ഇങ്ങനെ ചില അനുഷ്ഠാനങ്ങൾ ഇന്നും നടത്തിപ്പോരുന്നത്. അങ്ങനെയൊക്കെയാവുമ്പോഴും പ്രധാന തെയ്യങ്ങൾ അവിടെ മന്ത്രമൂർത്തികളാണ്. മലയൻമാർ കെട്ടിയാടാറുള്ള ഉച്ചിട്ട, രക്തചാമുണ്ഡി, കണ്ഠാകർണൻ, ഭൈരവൻ എന്നിവ വിപുലമായി കെട്ടിയാടുന്നുണ്ട്. നമ്പ്യാർ തറവാടിനു പുറത്ത് അവരുടെ അധികാരരൂപങ്ങളെ ചോദ്യം ചെയ്തിരുന്ന നമ്പ്യാർമാർക്കു താഴെയായി ജാതീയമായി വിന്യസിച്ചിരുന്ന ജനങ്ങളുടെ എതിർപ്പ് ശക്തമായി നിലനിൽക്കുന്നതിനെയാണ് ഇത്തരം തെയ്യങ്ങളുടെ അവതരണം സൂചിപ്പിക്കുന്നത്. തിയ്യരും വാണിയരും മറ്റു കമ്മാള ജാതികളുടെയും നിയന്ത്രണം ശിക്ഷണ നടപടികളിലൂടെ നടത്തിയതിനാൽ ശക്തമായ പ്രതിഷേധം ഇവരിൽനിന്ന് തറവാട്ടിന് നേരിട്ടിരിക്കാം. അപ്പോൾ ഈ ജനതകളെ ഒന്നുകിൽ കളരിയിലൂടെ വാളെടുത്ത് കൊന്നും ചിലരെ അധികാരകോയ്മയുടെ ഭാഗമാക്കിയും അടക്കിവാണതിന്റെ ഓർമകളാണ് തെയ്യത്തിലൂടെ വെളിവാകുന്നത്.

നായർ- നമ്പ്യർ തറവാടുകളുടെ കുലദേവതയായി കണക്കാക്കാറുള്ള ഒരു തെയ്യവും അവിടെ കെട്ടിയാടുന്നില്ല. മറിച്ച്, അനുഷ്ഠാനങ്ങളിൽ രണ്ടുതരം വിപരീതരൂപങ്ങളാണ് വെളിവാകുന്നത്. ഒന്ന്, താഴെക്കിടയിലെ ജാതികളുടെ മന്ത്രമൂർത്തികളായ തെയ്യങ്ങളും അനുഷ്ഠാനങ്ങളും.
രണ്ട്, നമ്പ്യാർമാരുടെ കളരിഅഭ്യാസത്തെ ഓർമിപ്പിക്കുന്നതരം ആയുധശേഖരവുമാണ്.

കൂടാളി താഴെത്ത് വീട്ടിൽ തെയ്യം കുറിച്ചാൽ ചെറുജന്മാവകാശമുള്ള താഴെക്കിടയിലുള്ള കമ്മാളജാതികളും മറ്റു തൊഴിൽക്കൂട്ടങ്ങളും അവരുടെ അധ്വാനം തറവാടിനുവേണ്ടി മാറ്റിവെക്കണം. വാണിയർ തേങ്ങ പൊളിച്ചും ചകിരി വേർതിരിച്ചും തേങ്ങാപ്പാലും നെയ്യും പ്രദാനം ചെയ്യണം. തൊട്ടടുത്ത് ഒരു വാണിയാ മുച്ചിലോട്ടം ഉണ്ടെങ്കിലും വാണിയ പുരുഷന്മാരും സ്ത്രീകളും കൂടാളി താഴെത്ത് വീട്ടിൽനിന്ന് അവിടുത്തെ ഭക്ഷണവും കഴിച്ച് ഈ ജോലികൾ ചെയ്യണം. തറവാട്ടിൽ പാചകം ചെയ്ത ചോറ് അടിയന്തരക്കാർക്ക് മുറംകൊണ്ടളന്നുനൽകുന്ന പതിവ് ഇപ്പോഴും തുടരുന്നു.

തറവാടിന്റെ അധികാരം ഇത്തരത്തിൽ വിവിധ ജാതികളെ നിയന്ത്രിക്കുകയും അവരുടെ സേവനം തറവാടിനായി വ്യവസ്ഥാപിതരൂപത്തിൽ നൽകുകയും വേണം. ആശാരിമാർ, മൂശാരിമാർ, തിയ്യർ, മലയൻ, വണ്ണാൻ എന്നിങ്ങളെ നാനാതലങ്ങളിൽ വിന്യസിച്ചിരിക്കുന്ന ജാതികൾ അവരുടെ സേവനം തെയ്യത്തിന്റെ ഉത്സവത്തിനായി മാറ്റിവയ്ക്കണം. കൂടാളി താഴെത്ത് വീട്ടിലെ തെയ്യങ്ങൾ കാവുപരിസരം വിട്ട് മറ്റൊരു ദേശത്തിലോ കാവുകളിലോ ‌സന്ദർശനം നടത്താറില്ല. എന്നാൽ, തൊട്ടടുത്ത മുച്ചിലോട്ട് കാവിൽ ഉത്സവം നടക്കുമ്പോൾ അവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ കൂടാളി തറവാട്ടിൽ സന്ദർശനം നടത്തണം. തറവാട്ടു മുറ്റത്ത് നൃത്തം ചെയ്ത് തറവാട്ടംഗങ്ങളെ അനുഗ്രഹിക്കണം. തറവാടുകളിലെ മേൽക്കോയ്മ മറ്റു ജാതികളുടെ നിത്യജീവിതത്തിലും അവരുടെ അവകാശങ്ങളിലും ഭൂമിയുടെ ഉപയോഗത്തിലും അനുഷ്ഠാനാധികാരത്തിലും സമ്മതിച്ചുപോരണമെന്നതാണ് തറവാടുകളുടെ അധികാര മാമൂലുകളുടെ സാരം.
കോടോത്തും ഏച്ചിക്കാനവും കുടിയാന്മാർക്ക് പ്രാകൃതശിക്ഷ നൽകന്നതിൽ കേമന്മാരായിരുന്നു. കണ്ണിമാങ്ങയുടെ നീര് കണ്ണിലിറ്റിക്കാനും തിളച്ച നെയ്യിൽ കൈമുട്ട് കുത്തിക്കാനും അധികാരമുള്ളവർ അനേകം മനുഷ്യരെ തറവാട്ട് അധികാരത്തിന്റെ തണലിൽ കൊന്നിട്ടുണ്ടാകുമെന്നേ അനുമാനിക്കാൻകഴിയൂ. ഇതു പഠിക്കാൻ തറവാട്ട് ഗ്രന്ഥവരികളാണ് നിലനിൽക്കുന്ന ചരിത്രദത്തം. ചില ആത്മകഥകൾ, ഡയറിക്കുറിപ്പുകൾ എന്നിവ വിവിധതരം സാമൂഹ്യപാഠങ്ങളെ മുന്നോട്ടുവക്കുന്നുണ്ട്. ആ പാഠങ്ങൾ ചരിത്രത്തിന്റെ കാല- ഇട സമസ്യക്കിടയിൽ വായിക്കേണ്ടിയിരിക്കുന്നു. അതാത് തറവാട്ടിൽ തെയ്യം കെട്ടിയാടുന്നതുതന്നെ തറവാടിനെ പുനരുൽപ്പാദിപ്പിക്കാനും വിവിധ ജാതികളെ ശുദ്ധാശുദ്ധബന്ധങ്ങളിലും കീഴ്‌നിലകളിലും ഉറപ്പിക്കാനുമാണ്. തെയ്യങ്ങൾ ദൈവങ്ങളെ മാത്രമല്ല കെട്ടിയാടുന്നത്, തറവാടിനെകൂടിയാണ്.

എന്നാൽ, നമ്പ്യാർ- നായർ തറവാടുകൾ ദേശജനതയെയും സമ്പത്തിനെയും നിയന്ത്രിച്ചിരുന്നുവെങ്കിൽ 1970-കളിൽ ഭൂമി കൈവശം വന്ന പിന്നാക്കജാതികൾ അവരുടെ തെയ്യങ്ങളെ സ്വന്തം കാവുകളിൽ കെട്ടിയാടിക്കുന്നുണ്ട്. നമ്പ്യാർ തറവാടുകളിൽ കൈയൂക്കുള്ളവർ കാണിച്ചിട്ടുള്ള മേൽക്കോയ്മാ അധികാരം അനുകരിക്കുക വഴി ചില തിയ്യ, മണിയാണി, വാണിയക്കാവുകൾ അവർക്കുകീഴെയെന്ന് വിവക്ഷിച്ചിരുന്ന ജാതികളിൽന്മേൽ അനുഷ്ഠാന അധികാരവും ജാതി സംഘബലവും പ്രയോഗിക്കുന്നുണ്ട്. ഞാൻ തന്നെ തെയ്യം കെട്ടാറുള്ള മണ്ഡമുള്ളതിൽ കാവിൽ മലയർ ചെണ്ടയുമായി തെയ്യാട്ടത്തിന്റെ ആദ്യ മേളം നടത്തുമ്പോൾ അതിനെ 'കാവുതീണ്ടലായി' പറയുന്നവരെ കാണാം. ആരാണ് തീയ്യന്റെ കാവ് തീണ്ടുന്നത്? തിയ്യർക്ക് കാവും തെയ്യം കെട്ടിയാടിക്കാനുള്ള അവകാശവും എന്നാണ് ലഭിച്ചത്? അങ്കക്കാരനും അസുരാളനും മക്കളും തെയ്യങ്ങൾ കെട്ടിയാടുന്നതുതന്നെ താഴ്ന്ന ജാതിക്കാരുടെ ചെറുത്തുനിൽപ്പിന്റെ സാക്ഷ്യമായാണ്. അവിടെ ആരും കാവ് തീണ്ടുന്നില്ല. കൊടുങ്ങല്ലൂരിൽ കാണുന്ന കാവുതീണ്ടലിന് ആ അമ്പലത്തിന്റെ ചരിത്രവുമായും അനുഷ്ഠാനരൂപങ്ങളുമായും ബന്ധമുണ്ട്. ഒന്നുകിൽ ബുദ്ധപ്പള്ളിയായിരുന്ന കൊടുങ്ങല്ലൂർ ബ്രാഹ്മണരുടെ വരവോടെ വിഗ്രഹം ശിവന്റേതും പിന്നീട് ദേവിയുടേതുമാക്കി മാറ്റിയതായി ചില ചരിത്രസൂചനകളുണ്ട്. അതിനെതിരെ വിഹാരത്തിൽനിന്ന് പുറത്താക്കപ്പെട്ടവർ പിന്നീട് താഴ്ന്ന ജാതിക്കാരായി മാറ്റപ്പെട്ടവർ, അവരുടെ പ്രതിഷേധവും ചിലപ്പോൾ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനായി ഇടിച്ചുകേറിയതുമാകാം ഈ കാവുതീണ്ടൽ. എന്തായാലും അത്തരം പ്രതിഷേധത്തെ അനുഷ്ഠാനപരമായി ഉൾക്കൊണ്ട് ഒതുക്കിയതാകാം ഈ അനുഷ്ഠാനം.

photo: sandeeo shivam photography

എതിർപ്പുകൾ പ്രകടിപ്പിക്കുന്ന ജാതികളെ ഒന്നുകിൽവാളുകൊണ്ട് കൊല്ലുകയോ അല്ലെങ്കിൽ ഉൾപ്പെടുത്തി ഒതുക്കുകയോ ചെയ്യുന്നത് ഒരു ബ്രാഹ്മണതന്ത്രമായിരുന്നു. എന്തായാലും തെയ്യത്തിലൂടെ രൂപമെടുക്കുന്ന പുതിയ തറവാടുകൾക്കും നിഷേധത്തിന്റെ പരിസരമില്ലാതെ തറവാടായി മാറിത്തീരാൻ കഴിയാതെ വരുമ്പോൾ അവരും പുതിയ വർഗീകരണങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. തെയ്യത്തിനു ചെണ്ട കൊട്ടുന്നവനെയും തെയ്യത്തെയും കാവു തീണ്ടലായിക്കരുതി തെയ്യാട്ടത്തിനു മുമ്പും പിമ്പും നമ്പൂതിരിമാരെ വിളിച്ച് ഹോമകുണ്ഡങ്ങൾ പണിത് കാവു ശുദ്ധീകരിക്കുന്നതു തെയ്യം അമ്പലത്തെ തീണ്ടുന്നു എന്ന തോന്നലിൽ നിന്നുമാണ്.

തറവാടും സ്ത്രീകളും തെയ്യങ്ങളും

തെയ്യക്കോലങ്ങളിൽ മിക്കതും സ്ത്രീ തെയ്യങ്ങളാണ്, ഭഗവതികൾ. എന്നാൽ, ഈ തെയ്യങ്ങളെയൊക്കെ പരിപാലിക്കുന്നതും അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതും പുരുഷന്മാരാണ്. ഭഗവതിയുടെ പ്രതിപുരുഷനാകുന്നതും കോമരമാകുന്നതും പുരുഷനാണ്. പ്രായപൂർത്തി എത്തിയവരും സർവാരോഗ്യവാന്മാരുമായിരിക്കും. സാക്ഷാൽ തെയ്യത്തേക്കാളും ശക്തിയുള്ളവരും ഈ വെളിച്ചപ്പാടുകളായിരിക്കും. സ്ത്രീകോലം വെളിച്ചപ്പെടുന്നത് പുരുഷശരീരത്തിലൂടെയാണ്. എന്നാൽ തറവാട് അറിയപ്പെടുന്നതും നിലനിൽക്കുന്നതും പുതുതായി ഉണ്ടായിവരുന്നതും മാതൃദായക്രമപ്രകാരവും രക്തബന്ധത്തിലൂടെയുമാണ്. ആധാരം സ്ത്രീയാണ്. എന്നാൽ തറവാടിന്റെ അധിപൻ കാരണവരാണ്, കാരണോത്തിയല്ല. തറവാടിന്റെ കാരണവർ പ്രായം തികയുന്നതിനുമുമ്പേ മരിച്ചാൽ അയാളെ തെയ്യമായി വാഴിക്കും. അങ്ങനെയാണ് കുടുംബത്തിലെ കാരണവരായി 'കാരണവൻ തെയ്യങ്ങൾ' ഉണ്ടായിവന്നത്. എന്നാൽ അടുത്ത മുതിർന്ന വ്യക്തി സ്ത്രീയാണെങ്കിൽ ‘കാരണോത്തി’ സ്ഥാനം പതിച്ചുനൽകില്ല. സ്ത്രീ മരിച്ചാൽ കാരണോത്തി തെയ്യമായി കെട്ടിവാഴിക്കുന്നുമില്ല.

പണ്ടു കാലങ്ങളിൽ സ്ത്രീകൾ അണിയലങ്ങൾ നിർമിക്കുകയും തെയ്യത്തിന്റെ തോറ്റങ്ങൾ അരങ്ങിൽ ചൊല്ലാറുമുണ്ടായിരുന്നു. എന്നാൽ പുരുഷമേധാവിത്തം ക്ഷേത്രസങ്കൽപ്പത്തിലൂടെ സ്ത്രീകളെ അശുദ്ധരാക്കി, തറവാട്ടിനെ ഉണ്ടാക്കിയെടുക്കുന്ന സ്ത്രീകളുടെ നിർണായകമായ പ്രത്യുൽപാദനശക്തിയെ നിന്ദിക്കുകയും അത് രണ്ടാംകിടമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തറവാടുകളുടെ നിലനിൽപ്പിനും തുടർച്ചക്കും പ്രസവിക്കാനും മുലയൂട്ടിവളർത്താനും സ്ത്രീശരീരങ്ങളെ ഒരുക്കിക്കൊണ്ടാണ് തറവാടുകളുണ്ടാകുന്നത്. ഏതു വിഭാഗമാണോ അതികഠിനമായി തറവാട് നിർമിക്കാൻ പരിശ്രമിക്കുന്നത്, അവർ എന്നും തിരസ്‌കരിക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യുന്നു. തെയ്യത്തിന്റെ കോലം കെട്ടുന്നത് സവർണ പുരുഷശരീരത്തിന്മേലല്ല. തൊട്ടുകൂടാത്തവന്റെ ശരീരത്തിലാണ്. തൊട്ടുകൂടാത്തവന്റെ കർതൃത്വം തെയ്യത്തിന് ആവശ്യമില്ല. അത് തീരുമാനിക്കുന്നത് സവർണപുരുഷന്മാരുടെ കാരണവക്കൂട്ടമാണ്. സ്ത്രീയുടെ ശരീരം പ്രസവിക്കാൻ വേണ്ടി ഉപയോഗിക്കുന്നതുപോലെ, ദലിതന്റെ ശരീരം തെയ്യമാക്കാനും ഉപയോഗിക്കുന്നു. തെയ്യം എന്തൊക്കെ അനുഷ്ഠാനങ്ങൾ നിർവഹിക്കണം, എങ്ങനെ ചലിക്കണം, എന്ത് ഉരുവിടണം എന്ന് തീരുമാനിക്കുന്നതും പുരുഷകേന്ദ്രിത സവർണക്കൂട്ടങ്ങളാണ്. അതിന് ചില അനുഷ്ഠാന നീതീകരണങ്ങൾ ഉണ്ടാക്കിയെടുക്കും. ദേശത്തെ കണിയാനെ വിളിച്ച് പാരി വെക്കും. ഈ കർതൃത്വവും പൂർണമായും കണിയാന്റേതല്ല. തെയ്യത്തിലൂടെ പുലരുന്ന തറവാടിന് അത്യാവശ്യമായതാണ് ഭഗവതിയായി പരിണമിക്കുന്ന തെയ്യക്കാരൻ. എന്നാൽ, അഴിച്ചുവെച്ചാൽ അദ്ദേഹം വെറും തൊട്ടുകൂടാത്ത ശരീരമായി മാറുന്നു. അടിസ്ഥാനപരമായി തെയ്യത്തെയും തറവാടിനെയും കീഴാളശരീരവും സ്ത്രീശരീരവുമാണ് നിർമിച്ചെടുക്കുന്നതെങ്കിലും അത്തരം ശരീരങ്ങൾ എന്നും കീഴ്‌നിലയിൽ കർതൃത്വശക്തിയില്ലാതെ മാറ്റിനിർത്തപ്പെടുന്നു. “എന്റെ വലമൊല ചൊരന്നിരിക്കുന്ന പാല് തന്ന് ഞാൻ നിന്നെ പോറ്റിപ്പൊലിപ്പിച്ച് രക്ഷിച്ചിട്ടുണ്ട്” എന്ന് തായ്പരദേവതകൾ ഉരിയാടാറുണ്ട്. എന്നാൽ, “മൺചിറയൊരു ചെറയായിറ്റും പെൺപടയൊരു പടയായിറ്റും വരില്ല” എന്ന പരിഹാസവും തെയ്യങ്ങൾനടത്താറുണ്ട്.

പുതിയ തെയ്യക്കാലവും വന്നിരിക്കുന്നു. ദേശത്തുകാർ ദേശപ്പെരുമ വാഴ്ത്തിപ്പാടുന്നുണ്ട്. തെയ്യക്കാരും അവരുടെ കുടുംബവും വടക്കേ മലബാറിലെ സ്ത്രീജനങ്ങളും എന്നും പുറത്താക്കപ്പെടുന്ന പ്രക്രിയയാണ് തെയ്യക്കാവിൽ ഉൽപ്പാദിപ്പിക്കുന്നതെങ്കിലും തെയ്യക്കാരന്റെ ശരീരവും ആത്മാവും ദൈവത്തിന് വിട്ടുകൊടുത്താണ് ശരീരത്തിന് താങ്ങാനാകാത്ത അനേകം അണിയലങ്ങളെ വഹിച്ച് അവൻ ഉറഞ്ഞുതുള്ളുന്നത്. ഓരോ തെയ്യക്കാലവും തെയ്യക്കാരന്റെ ആയുസ്സിനെ നിർണയിക്കുന്നതും തറവാട്ടുകാരുടെ കുലമഹിമ വാഴ്ത്തുന്നതുമാണ്. കുലമഹിമയോടൊപ്പം ഊരാളന്മാരുടെ അഭിവൃദ്ധിക്കായും തറയിൽ അകമ്പടി നായന്മാർക്കും “ഏറിയോരു ഗുണം വരുവാൻ” എല്ലാ തെയ്യങ്ങളും പീഠാട്ടവിശേഷങ്ങൾ വിളിച്ചോതുന്നതും ജാതിനിഷ്ഠമായ മധ്യകാലത്തിന്റെ ദേശഭരണത്തെയും കൊണ്ടും കൊടുത്തും വാഴുന്ന കോലത്തിരി രാജാവിനും 64 ഗ്രാമങ്ങൾക്കും അവരുടെ സന്തതിക്കുംതറവാട്ടിനും മേലാത്തത്തിനും മേൽഗതിക്കും നെല്ലും പൊന്നും ഭണ്ഡാരത്തിനും ഏറിയോരു ഗുണം വരണമെന്ന് പ്രഖ്യാപിച്ചിട്ടാണ് ദൈവങ്ങൾ മടങ്ങുന്നത്. തെയ്യങ്ങൾ പെരുമാറുന്നതും ഉരിയാടുന്നതും നാടുവാഴികളുടെ ഇംഗിതത്തിന് വഴങ്ങിയാണ്. തറവാടിനും ഹിംസാത്മകമായ ഊരാളത്തത്തിനും വഴങ്ങുന്നതും അവരുടെ അധികാരത്തിനെ വാഴിക്കുകയും ചെയ്യുന്ന തെയ്യങ്ങളെയാണ് മേലാളന്മാർ കെട്ടിയാടിക്കുന്നത്. ഇത് കീഴാളരെയും ശുദ്ധാശുദ്ധ ബന്ധങ്ങളെയും ഉണ്ടാക്കുന്ന സാമൂഹികപ്രക്രിയ കൂടിയാണ്.

Comments