ചോദ്യങ്ങളുടെ തൊണ്ടിൽ തടഞ്ഞു നിൽക്കുന്ന പത്തേമാരികൾ

സാഹിത്യമെന്ന സ്ഥാപനത്തെ ചോദ്യംചെയ്യുന്ന പ്രതിസാഹിത്യവിചാരങ്ങൾ ശൈലന്റെ ആദ്യകാലകവിതകൾ തൊട്ടുതന്നെ കാണാം. ഒരു ഭൂതകാലവൃത്തി എന്ന നിലയിൽ നിന്നുള്ള കവിതയുടെ വിമുക്തി ആ കവിതകൾ ലക്ഷ്യമാക്കുന്നുണ്ട്.

ന്തിമമായ തീർപ്പുകളോട് വിട പറയുമ്പോഴാണ് കവിത സംഭവിക്കുന്നത്. ഇതാണ്, അതുമാത്രമാണ് എന്ന് അറുത്തുമുറിച്ച ഒറ്റയടിപ്പാതയിലല്ല, അനിശ്ചിതത്വത്തിന്റെ, അനിയതത്വത്തിന്റെ, അപ്രതീക്ഷിതത്വത്തിന്റെ നാൽക്കൂട്ടപ്പെരുവഴിയിലും അതിന്റെ ജൈവ സന്ദേഹങ്ങളിലുംമായിരിക്കും കവിതയ്ക്ക് കൂടുതൽ ഇടപെടാനുണ്ടാവുക. ജീവിതത്തോടാണ് അതിന് രൂപകാത്മകമായ ചേർച്ചയുള്ളത്. പക്ഷെ, കവിതയ്ക്കുമേൽ എക്കാലത്തും, ജീവിതത്തിനുപരിയായി നിൽക്കുന്ന ഒരു വിശേഷ വ്യവഹാരത്തിന്റെ ദിവ്യ പരിവേഷം (aura) പതിഞ്ഞുകിടപ്പുണ്ടായിരുന്നു. കാവ്യഭാഷ എന്ന സങ്കൽപം തന്നെ രൂപപ്പെടുന്നതങ്ങനെയാണ്. ഭാവുകത്വപരിണാമങ്ങൾക്കൊത്ത്, കാവ്യഭാഷയും വലിയ അഴിച്ചുപണികൾക്ക് വിധേയമാവുന്നുണ്ടെങ്കിലും വേറിട്ടുള്ള അതിന്റെ നിലനിൽപ് ഒരിക്കലും നിഷേധിക്കപ്പെടുകയുണ്ടായില്ല.

സ്വയം ഛേദിക്കപ്പെട്ട സ്വകാര്യബിംബങ്ങളുടെ ഘോഷയാത്രയായി കടന്നുവന്ന മലയാളത്തിലെ ആധുനികത, കവിതയുടെ നിഗൂഢത്വത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്തത്. ആത്മരോഷത്തിന്റയും ആത്മോപഹാസത്തിന്റെയും രാഷ്ട്രീയ ധ്വനികളെ ഉൾവഹിച്ച ആധുനികതയുടെ രണ്ടാംഘട്ടത്തിൽ വലിയ പരീക്ഷണങ്ങൾ നടന്നെങ്കിലും, കവിതയുടെ ‘അതീതത്വം’ സംരക്ഷിക്കപ്പെട്ടു തന്നെ പോന്നു. ആധുനികയ്ക്കു ശേഷം ‘പുതുമൊഴി വഴികൾ’ രൂപപ്പെട്ടപ്പോഴും ഭൂതകാലശീലങ്ങളുടെ ഭാരം കുടഞ്ഞുകളയാനാവാത്ത വിധം അവയിലും തങ്ങിനില്പുണ്ടായിരുന്നു. പുതുകവിത - അങ്ങനെയൊരു ഗണത്തിന്റെ അസാധ്യതയെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ - യുടെ വികാസ വഴികളിൽ ഇത്രയും കാലം അനുഭവിച്ചിട്ടില്ലാത്ത അനുഭവപരവും മാധ്യമപരവുമായ പ്രതിസന്ധികൾ കവിതകൾ അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. ആധികാരികത സ്ഥാപിക്കാനാവാത്ത വിധം ക്ഷണികമായ അനുഭവങ്ങളുടെ മാറിമറിയലുകളും, അവയെ ഉൾക്കൊള്ളാനാവാത്ത വാക്കുകളുടെ പഴക്കവും അഭിമുഖീകരിക്കാതെ ഇനി ഒരാൾക്ക് മുന്നോട്ടു പോവാനാവില്ല. അങ്ങനെയായിരിക്കുമ്പോഴും കാവ്യഭാഷയുടെ സാന്ദ്രീകരണത്തിൽ ഏറ്റവും പുതിയ കവിതകളടക്കം പുലർത്തുന്ന നിഷ്ഠ, കവിതയെ അതിന്റെ സങ്കൽപനപരമായ ചുഴിക്കുറ്റിയിൽ തന്നെ തളച്ചിടുകയും ചെയ്യുന്നുണ്ട്.

‘പോയട്രിനെസ്’ എന്നുറച്ചുപോയ കവിതയുടെ സാമ്പ്രദായിക ആലഭാരങ്ങളിൽ നിന്നുള്ള വിഛേദം മലയാളത്തിൽ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? മലയാളത്തിലെ ‘അകവിത’യുടെ സാധ്യതയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ കെ.ആർ. ടോണിയുടെ കവിതയെ മുൻനിർത്തി എൻ. പ്രഭാകരൻ ഇത്തരം ചില അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രതികവിത എന്നതാണ് കുറേകൂടി സൂക്ഷമമായ പ്രയോഗം. ശീലങ്ങളിൽ നിന്നും വഴക്കങ്ങളിൽ നിന്നുമുള്ള കേവലമായ ഒഴിഞ്ഞു നിൽക്കലല്ല, അവയോടുള്ള ഏറ്റുമുട്ടലായിക്കൂടി കവിത പ്രവർത്തിക്കുന്ന സന്ദർഭമാണത്. പാരഡിയുടേയും മിശ്രരചനയുടെയും സൂക്ഷ്മമായ അറ്റാക്കിംഗ് സാധ്യതകളെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടാണ് ഇത് സാധിക്കുന്നത്. മലയാളത്തിലെ പ്രതികവിതയുടെ വഴിയിൽ വേറിട്ടുനിൽപുള്ള ഒരു കവി ശൈലനാണ്.

കെ.ആർ. ടോണി
കെ.ആർ. ടോണി

സാഹിത്യമെന്ന സ്ഥാപനത്തെ ചോദ്യംചെയ്യുന്ന പ്രതിസാഹിത്യവിചാരങ്ങൾ ശൈലന്റെ ആദ്യകാലകവിതകൾ തൊട്ടുതന്നെ കാണാം. ഒരു ഭൂതകാലവൃത്തി എന്ന നിലയിൽ നിന്നുള്ള കവിതയുടെ വിമുക്തി ആ കവിതകൾ ലക്ഷ്യമാക്കുന്നുണ്ട്. തിരിച്ചു പിടിക്കാനാഗ്രഹിക്കുന്ന ഗൃഹാതുരത്വമായോ, പുതിയ ജീവിതാനുഭവങ്ങളുടെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ലായോ ഭൂതകാലത്തെ താലോലിക്കുന്നതുകൊണ്ട് വർത്തമാനകാലാനുഭവങ്ങളെ അവയുടെ തന്നെ ഗ്രാവിറ്റിയിൽ കാണാൻ കഴിയാത്തതാണ് കവിതയുടെ മലയാള വഴക്കം. ദൈനംദിനത്വത്തെ കവിതാബാഹ്യമായിക്കാണുന്ന ശീലത്തിന് കാലവേഗത്തെ നോക്കി വിസ്മയം കൊള്ളാനേ കഴിയൂ.

‘പാതയോരത്ത് വിരിവച്ച്
ഭാണ്ഡമിറക്കി മലയാളകവിതയും,
പടകളും നഗരത്തിനു പുറത്ത്
രാവുമയങ്ങുന്നതും കാത്തിരുന്നു.
തുരുമ്പിച്ച് നാനാവിധമായതെങ്കിലും
കവാടത്തിലെ നീലത്തകരത്തിൽ
ഇപ്രകാരം കുറിച്ചിരുന്നു.
രാവിലെ 8 മുതൽ രാത്രി 8 വരെ
റൗണ്ടിനുള്ളിൽ കാളവണ്ടിഗതാഗതം
നിയമം മൂലം കർശനമായി
നിരോധിച്ചിരിക്കുന്നു’
(പ്രതീക്ഷാനിർഭരം)

എന്ന് ആദ്യകാല കവിതകളിലൊന്നിൽ തന്നെ ശൈലൻ എഴുതുന്നത് ഈ വേഗവ്യത്യാസത്തെ തിരിച്ചറിഞ്ഞു കൊണ്ടാണ്.

‘വായനക്കാരനെന്നു കണ്ണാടി നോക്കി ഞെളിയും
ലേണേഴ്‌സ് ലൈസൻസെടുക്കാൻ പോയി
ധ്വജഭംഗം വന്ന് പാരമ്പര്യത്തിലേക്ക് പൂകും പാതിവഴി
കവാബാത്തയുടെ ഉറങ്ങിയവളെയെന്നപോൽ മനസാൽ തഴുകി
ഇടവഴിയിലോടും ലിബറോയെ നോക്കി നിൽക്കും.
മൈലേജൊക്കെ ഹെന്തരോ ഹെന്തോ...
പത്രമടക്കിലെ സിദ്ധയുനാനിവൈദ്യരുടെ പരസ്യചാതുരിയിൽ
മേതിലിനും ചാരുനിവേദിതയ്ക്കും ശരണം വിളിച്ചുറങ്ങും.
ഫ്രോ(യ്)ഡേ വിഴുങ്ങ്’
(ഉൽപതിഷ്ണു)

ഏതുകാലത്തിൽ ചവിട്ടിനിൽക്കണമെന്നറിയാത്ത മധ്യവർഗസന്ദേഹം, കാപട്യമായി വളർന്ന് സാഹിത്യസ്ഥാപനത്തേയും ചൂഴ്ന്നുനിൽക്കുന്നുണ്ട്. ഭൂതകാലക്കണ്ണട മാറ്റിവെച്ച് വർത്തമാനകാലത്തെ നേർക്കുനേർ അഭിമുഖീകരിക്കാനാവുമോ എന്ന ചോദ്യമാണ് ഈ സ്ഥാപനത്തിനു നേർക്ക് ശൈലന്റെ കവിത ഉയർത്തുന്നത്. ഭൂതകാലക്കണ്ണട മാറ്റിവെക്കുക എന്നതിനർത്ഥം ചരിത്രനിഷേധിയാവുക എന്നല്ല, അനുഭൂതികളെ ചരിത്രവൽക്കരിച്ചു കാണലും ഭൂതകാലാഭിരതിയും രണ്ടാണ്. ഈ ഭേദത്തെ തിരിച്ചറിയുന്നതാണ് ഈ കവിതയിലെ രാഷ്ട്രീയം.

വ്യവസ്ഥകളോടെതിർ നിൽക്കുന്ന ഒരു കാർണിവൽ ബോധമാണ് ശൈലന്റെ കവിതകളിൽ പ്രവർത്തിക്കുന്നത്. കവിത കാർണിവലസ്‌ക് ആയി മാറുന്നത് അത്ര സാധാരണമല്ല. പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്ന ഒരു ചുഴിക്കുറ്റി കവിതയിൽ പൊതുവെ അച്ചുതണ്ടായി പ്രവർത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു കാർണിവലിന്റെ ബഹുസ്വരത സാധാരണയായി കവിതയുമായി ചേർത്തു പറയാറില്ല. നിയമങ്ങൾക്കും വ്യവസ്ഥകൾക്കും എതിരായ, അധീശത്വത്തെ ചോദ്യം ചെയ്യുന്ന ഒരു മനോഭാവമാണ് കാർണിവൽ. പ്രാചീനസ്വഭാവമുള്ള കാർണിവലുകൾ - ഉത്സവങ്ങൾ - ഏറെയുണ്ടായിരുന്നു യൂറോപ്പിൽ. സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്ന സാമ്പ്രദായികതകളേയും ശ്രേണികളേയും അട്ടിമറിക്കുന്ന സ്വതന്ത്രദിനങ്ങളായിരുന്നു അവ. അത്തരം ഉത്സവങ്ങളിൽ നിന്നാണ് ഈ എതിൽ ബോധങ്ങൾക്ക് കാർണിവൽ എന്നു പേരു ലഭിക്കുന്നത്. വിരുദ്ധസ്വരങ്ങൾ ഒന്നിനു പിറകെ ഒന്നായി ഉയർന്നുവരുന്ന ഒരു കാർണിവലസ്‌ക്മിക ശൈലന്റെ മിക്ക കവിതകളിലും കാണാം. ജീവിതത്തെ അതികാല്പനികമായോ ദാർശനിക നാട്യങ്ങളോടെയോ നോക്കിക്കാണുന്ന സാമ്പ്രദായികവഴക്കങ്ങളുടെ നേർക്ക്, തെറിച്ചു വരുന്ന ഒരു ഉറച്ച ചിരി, ആ ഭൂമികയിൽ നിന്ന് ജനിക്കുന്നതാണ്. ഓരോ വാക്കിലും ഉയിർക്കുന്ന സാമ്പ്രദായികശീലബോധങ്ങൾക്ക് അപ്പുറത്തെങ്ങനെയെത്താം എന്ന അന്വേഷണമാവുന്നു ഇവിടെ കവിത.

ശൈലൻറെ 'ദേജാ വു' എന്ന പുസ്തകം കവി ചെമ്മനം ചാക്കോ പ്രകാശനം ചെയ്യുന്നു. സമീപം കവി എം.എസ്.ബനേഷ്
ശൈലൻറെ 'ദേജാ വു' എന്ന പുസ്തകം കവി ചെമ്മനം ചാക്കോ പ്രകാശനം ചെയ്യുന്നു. സമീപം കവി എം.എസ്.ബനേഷ്

അവളുടെ മിൽമാബൂത്ത്, എന്നാണ്
വാചകത്തിലെഴുതിത്തുടങ്ങിയത്
വേലിക്കപ്പുറത്തെ പാമ്പേ...
(ഇപ്പോൾ) നിന്റെ കോണിയിലാണ്
അടുത്ത വരിയിലേക്ക് എന്റെ പ്രതീക്ഷ/പ്രലോഭനം.
പ്രലോഭനം/പ്രതീക്ഷ.
നേർത്ത ഒരു... എന്ന് മൂന്ന് കുത്തിടുമ്പോഴേക്ക്
നിങ്ങൾ തണുത്ത ഒരു യേശുവിനെ
ഓർക്കാൻ തുടങ്ങിയാലും എനിക്കൊരു ചേമ്പുമില്ല.
ചൂടപ്പം എന്നതു തന്നെയാണല്ലോ
ഏവരുടെയും ലക്ഷ്യം.
അഞ്ചപ്പം കൊണ്ടൊന്നും ഒരു രക്ഷയുമില്ലെന്നേയ്
(അങ്ങനെയൊന്നും പറയരുതെന്ന് അറിയില്ലായിരുന്നു.)

ഒരു നൊമാഡിക് കാവ്യാനുഭവവുമായി ബന്ധമുള്ളതാണ് ഈ കാർണിവൽ ബോധം. അലഞ്ഞു തിരിയലിന്റെ അനിശ്ചിതത്വവും സാഹസികതയും ശ്‌ളീലാശ്‌ളീല അതീതത്വവും കവിതയിലും തുടരുന്നുണ്ട് ഈ കവി. സ്വയം വേരുമുളയ്ക്കാനനുവദിക്കാത്ത നൊമാഡിന് എക്കാലവും നിയമങ്ങളെ ചോദ്യം ചെയ്യുന്ന കാർണിവൽ ദിനങ്ങളാണ്. വേരുകൾ, മനുഷ്യനിൽ ബാധ്യതയും സാധ്യതയുമായി പ്രവർത്തിക്കാറുണ്ട്. കേവല വൈകാരികത മാത്രമായി നിൽക്കുന്ന ഗൃഹാതുരത്വം കവിതയിലും ബോധ്യതതന്നെയാണ്. എന്നാൽ വേരുകളുടെ വികാരത്തോടൊപ്പം അതിന്റെ ചരിത്രപരതയെക്കൂടി പരിഗണിക്കുക എന്നതാണ് അതിന്റെ സാധ്യത. കവിതയുടെ ആഴത്തെ തൊട്ടുനിൽക്കുന്ന തത്വമാണത്. ചരിത്രപരത എന്നത് കേവലം ദേശകാലവസ്തുസ്ഥിതിവിവരമല്ല. മറിച്ച് ഒരു ജനതയും കാലവും നേരിട്ട വൈകാരിക പ്രതിസന്ധികളുടെയും എതിർബലങ്ങളുടെയും കാമനകളുടേയും അതിജീവനശ്രമങ്ങളുടെയും ആകെത്തുകയാണ്. വ്യവസ്ഥയെ അനുസരിച്ചുകൊണ്ട് ഈ ചരിത്രപരതയെ പിന്തുടരുക എളുപ്പമല്ല. വ്യവസ്ഥകളെ അതിലംഘിക്കുന്ന നാടോടിയായ ഒരു ഫ്‌ളെക്‌സിബിലിറ്റി അതിനാവശ്യമാണ്. മുഖ്യധാരാ ആവിഷ്‌ക്കാരങ്ങളെ അപേക്ഷിച്ച് നാടോടിയും മിത്തിക്കലുമായ ആഖ്യാനങ്ങൾ തുറന്നുവെയ്ക്കുന്ന അനിയന്ത്രിതമായ ഊർജ്ജപ്രവാഹം കൃത്യമായ ഉദാഹരണമാണ്.

പുലി പെറ്റുകിടന്നു ലോപിച്ച
പുൽപ്പറ്റയെന്ന ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു
(ഓർമ്മക്കാടു മേയൽ)
എന്നെഴുതുമ്പോൾ വേരുകളുടെ ചരിത്രപരതയെ ഒരു നൊമാഡിന്റെ കണ്ണുകളോടെ, തന്റെ കവിതയുടെ വിത്തായി കണ്ടെടുക്കുകയാണ് കവി.

ആധുനികാനന്തരകവിത നേരിട്ട പ്രധാന വിമർശനങ്ങളിലൊന്ന് അതിന്റെ അരാഷ്ട്രീയ സ്വഭാവത്തെ മുൻനിർത്തിയുള്ളതായിരുന്നു. യഥാർത്ഥത്തിൽ രാഷ്ട്രീയം എന്ന സങ്കൽപനത്തിൽ വന്ന മാറ്റത്തെ മനസ്സിലാക്കുന്നതിലുള്ള പ്രശ്‌നമായിരുന്നു അത്. ജീവിതത്തിന് ഒരു മുഖ്യധാരാ കേന്ദ്രമുണ്ടായിരിക്കുകയും ആ കേന്ദ്രത്തെ മുൻനിർത്തിയുള്ള ഒരു ലോകബോധത്താൽ ജീവിതം നിർണയിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് ആ ബോധത്തോടുള്ള കലഹങ്ങളെയാണ് നാം രാഷ്ട്രീയം എന്നു വിളിക്കുന്നത്. എന്നാൽ, മുഖ്യധാര അപ്രസക്തമാവുകയും അതിന്റെ അതിരുകൾക്ക് പുറത്തേക്ക് മാറ്റിനിർത്തിയിരുന്ന ജീവിതങ്ങളെല്ലാം പുതിയ കേന്ദ്രങ്ങളാവുകയും ചെയ്തതാണ് ആധുനികാനന്തരതയുടെ രാഷ്ട്രീയം. അനുദിനം വികസ്വരമാവുന്ന സൗന്ദര്യാത്മകതയുടെ പലമയെയാണ് ഇക്കാലത്തിന്റെ കവിത തുറന്നുവെക്കുന്നത്. തന്മ (identity) കളെ തൊട്ടുനിൽക്കുന്ന ഇരുതല മൂർച്ചയുള്ള രാഷ്ട്രീയമാണത്. മാനവികമായ ആധികളേയോ വർഗപരമായ സംഘർഷങ്ങളെയോ കൈകാര്യം ചെയ്യുന്നില്ല എന്ന ആധുനികാനന്തര കവിത നേരിട്ട പ്രധാനകുറ്റപത്രത്തെ മാറിയ ഈ ലോകബോധത്തെ മുൻനിർത്തിയാണ് മനസ്സിലാക്കേണ്ടത്.

ശൈലന്റെ കവിതകളിലെ രാഷ്ട്രീയം പക്ഷേ തൻമകളെ ചൂഴ്ന്നു നിൽക്കുന്നതല്ല. മാനവികമായ രാഷ്ട്രീയ ‘ആധികൾ’, ആദ്യകാലം തൊട്ടുതന്നെ ശൈലനിൽ വായിക്കാനാവും. പക്ഷെ, അതൊരിക്കലും ഒരു ആധിയുടെ രൂപത്തിലായിരുന്നില്ല. സാമൂഹിക ‘വിമർശന’ സാധ്യതയുള്ള ലഘുതയാർന്ന കളിവാക്കു പോലുള്ള ആ കവിതകൾക്ക് പക്ഷേ വായനയിൽ ക്ഷോഭജനകത്വമുണ്ട്. ‘കവിശിക്ഷ / വംശശുദ്ധി’, ‘നക്‌സ - light', ‘ഞാഞൂൽകാലത്തെ ഗ്രഹണം’ തുടങ്ങി ഒട്ടേറെ ആദ്യകാലകവിതകൾ ഉദാഹരണമായെടുക്കാനാവും, പക്ഷെ 2010-നു ശേഷമുള്ള കവിതകളിലേക്കു വരുമ്പോൾ, രാഷ്ട്രീയമായ ധ്വനികൾ കൂടുതൽ ജാഗ്രത്തും ആഴമേറിയതുമായി മാറുന്ന ഒരു വികാസം സംഭവിക്കുന്നുണ്ട്. വ്യക്തിപരമായ വിഷാദങ്ങളെ മറികടക്കാൻ സമകാല ജീവിതം ഒരുക്കിവെച്ച നൂറ്റൊന്നു വഴികളുള്ളപ്പോഴും, രാഷ്ട്രീയമായ വിഷാദത്തെ നിങ്ങളെങ്ങനെ മറികടക്കും എന്നു ചോദിക്കുന്ന ‘ഭാരതവിഷാദയോഗം’ എന്ന കവിത ഈ വികാസത്തിന്റെ കൃത്യമായ സാക്ഷ്യമാണ്.

‘വിഷാദമെന്നാലിപ്പോൾ എന്തിന്റെ പേരാണ്?
അതിനുള്ള ചികിത്സയെന്താണ്?’ എന്ന ചോദ്യത്തിലവസാനിക്കുന്ന കവിത രാഷ്ട്രീയത്തെ സംബന്ധിക്കുന്ന രണ്ട് അടരുകൾ കാവ്യഭാഷയിൽ തന്നെ ഉൾകൊള്ളുന്നുണ്ട്.

‘രാഷ്ട്രമീമാംസ’ എന്ന സീരിസിൽ എഴുതപ്പെട്ടിട്ടുള്ള കവിതകളും തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ ലോകത്തെ കാണാൻ ശ്രമിക്കുന്നവയാണ്. ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ശാന്ധിവധത്തോട് പ്രതികരിക്കുന്ന കവിതയ്ക്ക് നൽകിയിരിക്കുന്ന ശീർഷകം ‘രാഷ്ട്രമീ-മാംസ’ എന്നാണ്.
“വെച്ചോളൂ, വെച്ചോളൂ...
വെടി വെച്ചോളൂ...
എന്റെ കറുത്ത കൂളിംഗ് ഗ്ലാസിനുമാത്രം
ഒന്നും പറ്റരുത്.
ആസനത്തിലുള്ള ആൽമരത്തിനും...
പരലോകത്തിലും എനിക്ക് തണുപ്പുള്ള
ജീവിതത്തിലേക്ക് പോവാനുള്ളതാ...”
(രാഷ്ട്രമീ-മാംസ)

‘തണുപ്പുള്ള ജീവിതം’ എന്ന പ്രയോഗം ഭൗതികമായും നൈതികമായും പുതുകാലത്തെ തൊട്ടുനിൽപ്പുണ്ട്. തന്നിലേക്ക് ചുരുങ്ങുന്ന പൗരബോധത്തെ അതീവലളിതമായി പരിഭാഷപ്പെടുത്തുന്നതിൽ നിന്ന് ജനിക്കുന്നതാണ് ഈ പരിഹാസം. കൊണ്ടാടപ്പെട്ട രാഷ്ട്രീയബോധത്തിന്റെ പരിണാമവഴികളെ വിപരീതധ്വനിയിലേക്ക് ചേർത്തുവെക്കുന്നത് ‘ദളിതം’ എന്ന കവിതയിൽ കാണാം.

‘തീർത്തുമപ്രതീക്ഷിതമായൊരു നൊടിയിൽ
കാട്ടു പോത്തുകളുടെ പെട്ടെന്നുള്ളൊരു തിരിഞ്ഞാക്രമണമുണ്ട്.
ആയിരത്താണ്ടു ചോരയിൽത്തറഞ്ഞ കൂർമ്പൻ പല്ലുകളെ
അവ കൂട്ടമായിടിച്ച് ചരിത്രത്തിലേക്കെത്തിക്കും.
ഗതിയെട്ടും കെട്ട് പാഞ്ഞു പോയ് നിന്ന്
ജിറാഫിന്റെയൊരു തൊഴിച്ചു തെറിപ്പിക്കലുണ്ട്.
കാലുകളിൽ സൂക്ഷിച്ചുനോക്കിയാൽ കാണും
ബ്ലാക് സ്‌പെയ്‌സുകളിൽ നക്ഷത്രം വിതക്കും മാന്ത്രികം’

ഇത്രയും വായിക്കുമ്പോൾ രാഷ്ട്രീയകവിതകളുടെ അനുശീലനമുള്ള മലയാളിക്ക് ‘ബംഗാളി’ലെ കീഴാളരാഷ്ട്രീയ ശക്തിയെ സംബന്ധിച്ച മുന്നറിയിപ്പുകളെക്കുറിച്ച് ഓർമവരും കവിത ഇവിടെ വെച്ച് വഴിതിരിയും.
‘പെട്ടെന്ന് ചാനൽ മാറ്റും
ഇത്തരമൊരു കാഴ്ച പോതും
കുറച്ചുനാൾ സ്വസ്ഥമായുറങ്ങാൻ..’

രാഷ്ട്രീയബോധത്തിന്റെ കേവലമൂർച്ഛയിലുണ്ടാവുന്ന താല്കാലികസ്വാസ്ഥ്യവുമായി നിസ്സംഗതയുടെ ഉറക്കത്തെ വരിക്കുന്ന പുതിയ ജീവിതാവസ്ഥയുടെ രാഷ്ട്രീയമാനമാണത്.

കവിതയെ തെളിയിക്കുന്ന ഒന്നായി ഉക്തിവൈചിത്ര്യം പലകാലത്തും കൊണ്ടാടപ്പെട്ടിട്ടുണ്ട്. കവിതയുടെ രൂപപരമായ അനന്യതയായാണ് വാക്കിന്റെ സൂക്ഷ്മപരിചരണം പരിഗണിക്കപ്പെട്ടുപോന്നത്. സന്ദർഭനിഷ്ഠമായി അതിന്റെ പ്രാധാന്യം ഏറിയും കുറഞ്ഞും നിന്നിട്ടുണ്ട്. ആധുനികതയിൽ തീർത്തും സ്വകാര്യമായ ബിംബങ്ങളിലൂടെ ഉയിർപ്പിച്ച ദുർഗ്രഹതയുടെ പരീക്ഷണങ്ങൾക്കു ശേഷം കാവ്യഭാഷ തെളിഞ്ഞു തെളിഞ്ഞ് കേവല പ്രസ്താവനകളിലേക്കു പോലും കവിത ഇറങ്ങി വന്ന അനുഭവം ഓർക്കാവുന്നതാണ്. പുതുകവിതയാകട്ടെ, അതിന്റെ ആദ്യഘട്ടത്തിൽ, നിലനിൽപ്പിന്റെ അടിസ്ഥാനമായി ധ്വനിസാധ്യതകളെ സ്വീകരിച്ചാണ് തുടർന്നത്, വാഗ്‌ലീല എന്നത് പുതുകവിതയെ സംബന്ധിച്ച് ഒരു പരിഹാസം പോലുമാവുന്ന മട്ടിൽ അത് മുന്നോട്ടു പോയി. ഉപയോഗിച്ചു തേഞ്ഞുപോയ വാക്കുകളിലേക്ക് സൂക്ഷ്മമായ നൂതനാനുഭവങ്ങളെ ചേർത്തുവെക്കുന്നതിന്റെ വ്യർത്ഥതയാണ് പുതുകവിതയെ അത്തരമൊരു നിലയിൽ കൊണ്ടെത്തിയത്.

വാക്ക് ഒരു ഒളിയമ്പായി മാറുന്ന പ്രവർത്തനം ശൈലന്റെ കവിതയിലുണ്ട്. ഒരനുഭവത്തെ ആവിഷ്‌ക്കരിക്കുന്നതിനിടയ്ക്ക്, കാവ്യാനുശീലനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാക്കിനെ കടത്തിവിട്ട്, ആ അനുഭവത്തെ പുതുതാക്കുന്ന ഒരു മൊണ്ടാഷ് വിദ്യയാണത്. ആ വാക്ക് എവിടെനിന്നും വരാം. കവിതയ്ക്കകത്ത് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് നാം കരുതുന്നേയില്ലാത്ത ഒരു സിനിമാപാട്ടിൽ നിന്നോ, സംഭാഷണത്തിൽ നിന്നോ, ടി.വി. പരസ്യത്തിൽ നിന്നോ ദാർശനികസിദ്ധാന്തങ്ങളിൽ നിന്നോ, ‘സഭ്യ’മല്ലാത്ത ഒരു നാട്ടുമൊഴിയിൽ നിന്നോ എവിടെ നിന്നുമാവാം അത്. ഇങ്ങനെ ഏതു നിമിഷവും മാറിപ്പോയേക്കാവുന്ന അപ്രവചനീയമായ കോൺടക്സ്റ്റുകളിലൂടെയാണ് ആ കവിതയുടെ സഞ്ചാരം. ചിലപ്പോഴെങ്കിലും ഒരു റോളർകോസ്റ്റർ - നിക്കനോർ പാറ കവിതയെക്കുറിച്ച് ഉപയോഗിച്ച ഒരു രൂപകമാണിത് - അനുഭവത്തിലേക്ക് വായനക്കാർ എടുത്തെറിയപ്പെടാനും മതി. ഒരു കവിതയെ അപ്പാടെ കോരിയെടുത്ത് മറ്റൊരു ദിക്കിലേക്ക് കൊണ്ടു പോവാൻ കഴിവുള്ള വാക്കുകളേയും സൂചനകളേയും അന്വേഷിക്കുന്നുണ്ട് ഈ കവി.

‘പ്രസ്താവനകൾക്കിടയിൽ നിന്നപ്രതീക്ഷിതമൊരു
കവിത കുറുകെച്ചാടുന്ന വളവുകളുണ്ട് ഭാഷയിലും’
(വഴിപ്പലക)
എന്നത് ആ തിരിച്ചറിവിന്റെ സാക്ഷ്യമാണ്.

‘ഇത് കവിത ആണോ എന്ന തോന്നൽ യാഥാസ്ഥിതികവായനക്കാരിൽ ഉണ്ടാക്കുക എന്നതുതന്നെയാകാം അതിന്റെ ആദ്യലക്ഷണം’ എന്ന് സമകാലിക കവിതയെക്കുറിച്ച് ബിജോയ്ചന്ദ്രൻ നിരീക്ഷിക്കുന്നുണ്ട്. ശൈലന്റെ കവിതയ്ക്ക് നൽകാവുന്ന അടിക്കുറിപ്പ് കൂടിയാവുന്നുണ്ട് ഈ നിരീക്ഷണം. കവിതയുടെ ഭദ്രത, ഏകാഗ്രത തുടങ്ങിയ വിശേഷണങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ആ കവിതകൾ സഞ്ചരിക്കുന്നത്. ജീവിതത്തിന്റേയും അനുഭവങ്ങളുടെയും ചിതറലിനെ കാവ്യഭാഷയിലേക്കുകൂടി സംക്രമിപ്പിക്കുമ്പോൾ അതിന്, പാരമ്പര്യവഴികളെ ഉപാസിക്കുന്നവരെ സംഭ്രമിപ്പിക്കാതെയും വയ്യ. അപ്രതീക്ഷിതമായ വളവുകളും തിരിവുകളും ട്വിസ്റ്റുകളും എവിടെ നിന്നെന്നില്ലാതെ വന്നുവീഴുന്ന പാഠാന്തര വസ്തുക്കളും എല്ലാം ചേർന്ന് സവിശേഷമായ കാവ്യാനുഭവമൊരുക്കുന്നുണ്ടവ.

ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ശൈലന്റെ രാഷ്ട്രമീ-മാംസ എന്ന കവിതാപുസ്തകത്തിലെ പഠനം.


Summary: സാഹിത്യമെന്ന സ്ഥാപനത്തെ ചോദ്യംചെയ്യുന്ന പ്രതിസാഹിത്യവിചാരങ്ങൾ ശൈലന്റെ ആദ്യകാലകവിതകൾ തൊട്ടുതന്നെ കാണാം. ഒരു ഭൂതകാലവൃത്തി എന്ന നിലയിൽ നിന്നുള്ള കവിതയുടെ വിമുക്തി ആ കവിതകൾ ലക്ഷ്യമാക്കുന്നുണ്ട്.


Comments