"പാട്ടുകൾ മാത്രമല്ല, ഇന്നോർക്കുമ്പോൾ പലതരത്തിലുള്ള അറിവുകൾ അവർക്കുണ്ടായിരുന്നു. ഞങ്ങൾ സൂചികൊണ്ട് നൂലിൽ മുല്ലപ്പൂക്കൾ കോർത്തു കെട്ടുമ്പോൾ അവർ ചകിരിനാരിൽ കോർത്താണ് കാതിൽ മുല്ലമൊട്ടുകളിട്ടിരുന്നത്. ഞങ്ങൾ കോർത്ത മുല്ല മാല പെട്ടെന്ന് വാടിപ്പോകും. അവരുടേത് വാടില്ലെന്ന് മാത്രമല്ല വാസനയും നിലനിർത്തും. എന്നാലും പഴഞ്ചനായിപ്പോകുമോ എന്ന പേടിയിൽ ഞങ്ങളെപ്പോഴും വാടിയ മുല്ലപ്പൂക്കൾ തന്നെ ചൂടി അതുകൊണ്ടാവും പിൽക്കാലത്ത് കയർ ബോർഡ് ചകിരി നാരുകൊണ്ട് നിർമ്മിച്ച വില കൂടിയ മാല കണ്ടപ്പോൾ ആദ്യം വല്ലിമ്മാനെ ഓർത്തുപോയത്."