ഗുരുവിന്റെ ‘ദൈവദശക’വും
സലാത്തുള്ള സലാമുള്ള’യും;
ടി.എം. കൃഷ്ണ പാടിയുറപ്പിക്കുന്ന കീഴാള ആത്മീയത

“ഗുരു തുടങ്ങിവെച്ച കീഴാളാത്മീയ മുന്നേറ്റം പോലും, അധികാരാസക്തി അകമേ വിഴുങ്ങി ഹിന്ദുത്വത്താൽ കീഴടക്കപ്പെടുമ്പോൾ, സംഗീതക്കച്ചേരിയിൽ "ദൈവദശകം " പാടുന്ന കൃഷ്ണയെപ്പോലെ പാരമ്പര്യകലകളിൽ അധികാരനിരാസത്തിൻ്റെ കീഴാളവൽക്കരണം അവശേഷിക്കുന്ന ആത്മീയ-രാഷ്ട്രീയപ്രവർത്തനമാണ്.” - അശോകകുമാര്‍ വി. എഴുതുന്നു

ശ്രീനാരായണ ഗുരുവിൻ്റെ കവിതകൾ ആദ്യം വായിച്ചപ്പോൾ തന്നെ അത്ഭുതപ്പെടുത്തിയത് അവ ജന്മനാ സംഗീതാത്മകമായിരുന്നു എന്നതുകൊണ്ടാണ് എന്ന് ടി.എം. കൃഷ്ണ പറയുന്നുണ്ട്. വായിക്കാനും പാടാനും ഒരേപോലെ മൂല്യമുള്ള അപൂർവ്വ കവിതകളാണ് ഗുരുവിൻ്റേതെന്നും കൃഷ്ണ പറയുന്നു.

ദൈവദശകത്തിലെ
‘ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം’
എന്ന ഭാഗം കർണ്ണാടക സംഗീതത്തിലേയ്ക്കു സാഹിത്യമാക്കിയതിൽ ഒതുങ്ങുന്നതല്ല ടി.എം. കൃഷ്ണയ്ക്ക് ശ്രീനാരായണ ഗുരുവിനോടുള്ള ബന്ധം. മേലാള പ്രത്യയശാസ്ത്രങ്ങൾ വഴി സുകുമാരകലകളിൽ സന്നിവേശിപ്പിച്ച സവർണ്ണ സംവരണം, അയിത്താചാരങ്ങൾ, ജാതിമത വിവേചനം, വർണ്ണമേന്മാവാദം, കപട ആത്മീയത, സങ്കുചിത സൗന്ദര്യബോധം എന്നിവയെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും തിരുത്താനും, അതിലൂടെ കലയെ മേലാള ഒളിസേവയിൽ നിന്നു വിമോചിപ്പിക്കാനും ടി.എം. കൃഷ്ണ നടത്തുന്ന സംഗീത നവസർഗ്ഗയാത്രകൾ അതിൻ്റെ ആത്മസത്തയിൽ തന്നെ ഗുരുവിനെ പിൻതുടരുന്നു.

"സലാത്തുള്ള സലാമുള്ള അലാ ത്വാഹാ റസൂലില്ലാ" എന്നു കച്ചേരി പാടുമ്പോൾ, "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് "എന്നു സംഗീതത്തിൻ്റെ മതേതര ശ്രീകോവിലിൽ സപ്തസ്വരം കൊണ്ടെഴുതുകയാണ് കൃഷ്ണ.

ആത്മീയതയുടെ അധികാരബദ്ധവും മനുഷ്യത്വവിരുദ്ധവുമായ സവർണ ഡംഭത്തെ സാമൂഹ്യനിഷ്ഠമായ കീഴാളാത്മീയത കൊളുത്തി നിഷ്പ്രഭമാക്കുക എന്നതായിരുന്നു നാരായണഗുരുവിൻ്റെ ധർമം. അപ്പോൾ ആത്മീയതയിലെ അന്തഃസംഘർഷങ്ങളും അകം പിരിവുകളും പല പൊരുളുകളും നവലോക കേരളം അറിയാൻ തുടങ്ങി.

ആത്മീയതയിൽ നിന്നും മേലാളത്തത്തിൻ്റെ ഉച്ചാടനമായിരുന്നു ഗുരുദൗത്യം. മേലാളത്തം കെട്ടിച്ചമച്ച ആത്മീയം, ഭൗതികം എന്നിങ്ങനെയുള്ള വ്യാജ ഏറ്റുമുട്ടലുകളെ അവസാനിപ്പിച്ച്, അവയുടെ ഐക്യത്തെ പുനഃപ്രതിഷ്ഠിക്കുന്നു ഗുരുവിൻ്റെ കീഴാളാത്മീയത. തികഞ്ഞ ഭൗതികവാദിയായ സഹോദരൻ അയ്യപ്പനെ ഗുരു തൻ്റെ സഹചാരിയാക്കിയതിൽ ഈ ഐക്യത്തിൻ്റെ പുനഃസ്ഥാപനം കാണാം.

ആത്മീയഭൗതികങ്ങളെ രണ്ടായി വെട്ടിമാറ്റാത്ത സാമൂഹ്യനിഷ്ഠമായ കീഴാളാത്മീയതയിൽ നിന്നാണ് ‘നാവികൻ നീ,
ഭവാബ്ധിക്കോരാവി വൻതോണി നിൻപദം’
എന്ന് ഗുരു എഴുതിയത്. അതിനാൽ കീഴാളാത്മീയത മതാതീത ആത്മീയതയാണ്; അഥവാ ആത്മീയതയെ ഗുരു മതേതരവൽക്കരിക്കുകയും ജനായത്തവൽക്കരിക്കുകയും ചെയ്തു.

അതിനാൽ കീഴാളാത്മീയതയ്ക്കു ബ്രാഹ്മണിക് ആശയങ്ങളുമായോ ഹിന്ദു പുനരുത്ഥാനവുമായോ ബന്ധമില്ല. ഹിന്ദു നവോത്ഥാനമെന്നത് കോളനിവാഴ്ചയിൽ അധികാരം പങ്കിടുന്നതിനായി സവർണ്ണ സമൂഹങ്ങളിൽ കൊണ്ടുവന്ന പുറം നീക്കുപോക്കുകളാണ്. അതല്ല ഗുരുവിൻ്റെ ആത്മീയതയുടെ അകവും പുറവും.

കീഴാളാത്മീയത ഇന്ത്യൻ മേലാളാത്മീയതയെ അകപുറങ്ങളിൽ നിരസിക്കുന്നതോടൊപ്പം, ‘നമുക്ക് സന്യാസം തന്നത് അവരല്ലേ’ എന്നു ഗുരു പറഞ്ഞ യൂറോപ്യൻ ആധുനികത്വത്തെയും അതേപടി മാതൃകയാക്കുന്നില്ല. യൂറോപ്യൻ ആധുനികത്വം ഒരു വശത്ത് മതേതരത്വവും ജനായത്തവും ഉരുവിടുമ്പോൾ, അതു പ്രവർത്തിക്കുന്നത് ദേശരാഷ്ട്രം, പൗരത്വം എന്നീ സങ്കുചിത ഭൗതികബോധത്തിൻ്റെ അഴികൾക്കുള്ളിലാണ്. എന്നാൽ ഈ ഭൗതിക പരിമിതികളെ - ദേശരാഷ്ട്രാതിർത്തികളെ അതിവർത്തിക്കുന്ന വിശ്വമാനവീയതയാണ് കീഴാളാത്മീയത.

ഇപ്രകാരം ഇന്ത്യനും യൂറോപ്യനുമായ മേലാളബാധകളെ മറികടക്കുന്ന ദേശകാലാതീതമായ ആത്മീയതയെ പാരമ്പര്യ സംഗീതത്തിലേയ്ക്കു പ്രവഹിപ്പിക്കുന്നുണ്ട് ടി.എം. കൃഷ്ണ. സംഗീതത്തിൻ്റെ കീഴാളാത്മീയത കണ്ടെത്തുകയാണദ്ദേഹം. അതുകൊണ്ടാണ് ദൈവദശകത്തിലും തീരാതെ പെരിയാരിലും പുറമ്പോക്കിലും ഇസ്ലാമിലും കച്ചേരി പാടുന്നത്.

മേലാളാത്മീയതയെ ആയുധവും അടവുമാക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ, അതിൻ്റെ അകത്തളത്തിൽ ചെന്ന്, കലയിൽ ഒളിച്ചു കടത്തിയ ആധിപത്യദുഷിപ്പുകളെ തുരത്തുകയാണ് ടി.എം. കൃഷ്ണയുടെ വായ്പാട്ട്. നിരന്തരം സംസ്ക്കാരത്തെ മുഖ്യായുധമാക്കുന്ന ഹിന്ദുത്വത്തിൻ്റെ കാറ്റിലും കോളിലും നിൽക്കക്കള്ളിയില്ലാതെ രാഷ്ട്രീയപ്പാർട്ടികൾക്കു ദിശ തെറ്റുമ്പോൾ, സപ്തസ്വരങ്ങൾക്കുള്ളിൽ സാംസ്ക്കാരിക വിസ്ഫോടനം കൊണ്ടു സവർണ്ണ മേലാളബോധത്തെ നിസ്തേജമാക്കുകയാണ് ഈ വായ്പാട്ടുകാരൻ. മേലാളാത്മീയതയിൽ നിന്നും കീഴാളാത്മീയതയെ ഗുരു മോചിപ്പിച്ചതുപോലെ ബ്രാഹ്മണ്യഹിന്ദുത്വത്തിൽ നിന്നും തെക്കേ ഇന്ത്യൻ പാരമ്പര്യ സംഗീതത്തിൻ്റെ വിമോചനമാണത്.

എന്നാൽ മേലാള യൂറോപ്യൻ ആധുനികത്വത്തിൻ്റെ ചിന്താഭാരങ്ങൾ പേറുന്ന ഏകപക്ഷീയ ഭൗതിക/ യുക്തിവാദികളും ചില ദലിത് വിമർശകരും ആത്മീയതയെ മേലാള പ്രത്യയശാസ്ത്രമെന്നു കണ്ട് അപഹസിക്കുന്നതുപോലെ, പാരമ്പര്യകലകൾ പലതിനെയും വരേണ്യമെന്നും ഫ്യൂഡലെന്നും വിധിച്ചു പുറന്തള്ളുന്നതു കാണാം ('കഥകളി തുടങ്ങിയ സവർണ്ണ കലാരൂപങ്ങൾ ജാതിയെയും ഫ്യൂഡലിസത്തെയും സവർണ്ണ മേധാവിത്വത്തെയുമാണ് പുനർനിർമിക്കുന്നത്' എന്ന് ഡോ. എ.കെ. വാസു ഈയിടെ എഴുതിയിരുന്നു).

തീർച്ചയായും മിത്തുകളും വരമൊഴി സാങ്കേതികവിദ്യയും ആധിപത്യം പുലർത്തുന്ന പാരമ്പര്യകലകളിൽ മേലാള പ്രത്യയശാസ്ത്രങ്ങൾ സജീവമാണ്. എന്നാൽ വാദ്യം, ശുദ്ധസംഗീതം, അഭിനയം എന്നിങ്ങനെയുള്ള കലകൾ വരമൊഴിയുടെയും ബ്രാഹ്മണിക് മിത്തുകളുടെയും പ്രത്യയശാസ്ത്ര പദ്ധതികളിൽ നിന്നു കുതറി മാറി കലയുടെ സാർവ്വജനീനതയിലേക്ക് ഉയരുന്നുവെന്നറിയുക.

മാത്രമല്ല, കീഴാള തുല്യപങ്കാളിത്തമോ മേൽക്കൈയോ ഇല്ലാതെ സവർണ്ണ കലാരൂപങ്ങൾ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ മേലാള കലകളിലെ കീഴാള പങ്കാളിത്തം സാമ്പ്രദായിക കലാചരിത്രത്തിൽ തന്ത്രപൂർവ്വം ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. കർണ്ണാടക സംഗീതത്തിൽ വായ്പാട്ടിനൊപ്പം സവിശേഷ സ്ഥാനമുള്ള മൃദംഗത്തിൻ്റെ നിർമാതാക്കളുടെ ജീവചരിത്ര (Sebastian And Sons: A Brief History Of The Mrdangam Makers) മെഴുതി ടി. എം. കൃഷ്ണ, ബ്രാഹ്മണവൈഭവമായി മാത്രം ചിത്രീകരിക്കുന്ന ‘ശാസ്ത്രീയ’ സംഗീതത്തിൻ്റെ പിന്നാമ്പുറ ശില്പികളോടുള്ള മേലാള നന്ദികേടിന് പ്രായച്ഛിത്തം ചെയ്യുന്നുണ്ട്. പശു, ആട്, എരുമ എന്നിവയുടെ തോൽ ഊറയ്ക്കിട്ടു പാകപ്പെടുത്തി, പ്ലാവിൻ തടിയിൽ ഇരുപുറവും മാടി, അതിൽ സ്വന്തം വിരലുകൾ കൊണ്ട് നാദതാളവൈചിത്ര്യം ജനിപ്പിക്കുന്ന ദലിതുകളായ വാദ്യശില്പികളില്ലെങ്കിൽ പാലക്കാട്ടു മണിയുടെ കൊട്ടോ ഒപ്പം ചെമ്പൈയുടെ പാട്ടോ സൃഷ്ടിക്കപ്പെടുന്നില്ല.

ആത്മീയത ഒരു മേലാള നിർമിതി മാത്രമല്ലാത്തതുപോലെ, കലകളും അവയുടെ നിർമാണ കൗശലത്തിൽ മേലാളത്തത്തിനും അതീതമാണ്. അതിനാൽ കല അതിൻ്റെ കീഴാള പ്രഭവത്തിലേയ്ക്കു തിരിച്ചൊഴുകുന്നതാണ് കലയുടെ വിമോചനം. അതുകൊണ്ടാണ് ഗുരു ആത്മീയതയിൽ ചെയ്തത് കർണ്ണാടക സംഗീതത്തിൽ കാണാൻ ടി.എം. കൃഷ്ണക്കു വേണ്ടി നമ്മൾ കാത്തിരുന്നത്.

സവർണ്ണം- അവർണ്ണം , ഭൗതികം- ആത്മീയം, ശാസ്ത്രീയം- അശാസ്ത്രീയം എന്നിങ്ങനെ വിരുദ്ധ പ്രതീതികളെ പൂർണമായും നശിപ്പിക്കുകയായിരുന്നു ശ്രീനാരായണ ഗുരുവിൻ്റെ പരമപ്രാധാന്യമെന്നു കൃഷ്ണ പറയുന്നു. അതിനാൽ മേലാള ആത്മീയതയെ പോലെ, വിരുദ്ധ പ്രതീതി സൃഷ്ടിക്കുന്ന മേലാള യുക്തിവാദത്തെയും ചെറുക്കണം.

യഥാർത്ഥത്തിൽ ആത്മീയതയും കലയും അതിൻ്റെ സഹജഭാവം കൊണ്ട് കീഴാളമൂല്യങ്ങൾ വഹിക്കുന്നു. കീഴാളമൂല്യമെന്നാൽ പരിരക്ഷണവും പരിപോഷണവും ആനന്ദദായകമാകുന്ന കൂലിയതീത വേലയത്രേ. സാമൂഹ്യമായ പ്രത്യുല്പാദനശക്തിയുടെ (Social Reproductive Force) ഭാഗമാണ് കൂലിയതീത വേലകളായ ആത്മീയതയും കലകളും. പാണൻ്റെ തുയിലുണർത്തു പാട്ടും പുള്ളുവൻ്റെ നാവേറുപാട്ടും ഓർക്കുക. ഉറക്കുപാട്ടും കുട്ടിക്കഥകളും തൽക്ഷണം ചമയ്ക്കുന്ന മാതാക്കളിൽ രക്ഷണപോഷണങ്ങൾ, പ്രത്യുല്പാദന ശക്തി, കീഴാളത്തം, കൂലിയതീത വേല, ആത്മീയത, കലകൾ എല്ലാം ഒന്നിച്ചു സംഗമിക്കുന്നു.

എന്നാൽ മേലാളത്തം അഥവാ ഉല്പാദനശക്തി പ്രത്യുല്പാദനശക്തിയെ കീഴ്പ്പെടുത്തിയ സമൂഹത്തിൽ കലകൾ മേലാളമൂല്യങ്ങളെ പ്രത്യുല്പാദിപ്പിക്കുകയും ഒപ്പം, മേലാള അതിജീവനത്തിനു വേണ്ട മാതൃ പരിരക്ഷണ - പരിപോഷണ ധർമ്മങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. അതിനാൽ കലയുടെ പ്രത്യുല്പാദനശക്തിയെ മേലാള ബന്ധനത്തിൽ നിന്നും സ്വതന്ത്രമാക്കുന്നതാണ് കലയിലെ കീഴാള കലാപം. അവിടെ ആത്മീയതയുടെയും കലയുടെയും ധർമ്മം സർവ്വലോക പരിരക്ഷണ-പരിപോഷണങ്ങളാണ്. അതിലേയ്ക്കു ആത്മീയതയെയും സംഗീതത്തെയും വിമോചിപ്പിക്കുന്നു നാരായണഗുരുവിൻ്റെയും കൃഷ്ണയുടെയും കൂലിയതീത വേലകൾ.

ഇന്ത്യയിൽ സവർണ്ണർക്കു മാത്രം സംവരണമുള്ള വരമൊഴിനിഷ്ഠവും ദീർഘപരിശീലനം ആവശ്യമുള്ളതുമായ പാരമ്പര്യകലകളിലേയ്ക്കു കീഴാളസമൂഹത്തിന് പ്രവേശിക്കാൻ സാധിക്കുന്നതു മുതൽ വരേണ്യകലയിൽ ജനായത്തവൽക്കരണം തുടങ്ങുന്നു. കർണ്ണാടക സംഗീതത്തിൽ പ്രശസ്തനായ നെയ്യാറ്റിൻകര വാസുദേവൻ

നെയ്യാറ്റിൻകര വാസുദേവൻ

നാലു തവണ (1972, 1978, 1982, 1988 ) മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്ന് മികച്ച സംഗീതജ്ഞനായി ബഹുമാനിതനായത് ഓർക്കുക.

മേലാളകലയെ കീഴാളവൽക്കരിക്കുമ്പോഴാണ് കലയുടെ ജനയാത്തവൽക്കരണം പൂർണ്ണമാകുന്നത്. അതിന് കലയിലെ മേലാള മൂല്യങ്ങളുടെ ഭക്തരും പ്രചാരകരുമായി കലാകാരർ വഴിപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രതയാണാവശ്യം. ഗുരു തുടങ്ങിവെച്ച കീഴാളാത്മീയ മുന്നേറ്റം പോലും, അധികാരാസക്തി അകമേ വിഴുങ്ങി ഹിന്ദുത്വത്താൽ കീഴടക്കപ്പെടുമ്പോൾ, സംഗീതക്കച്ചേരിയിൽ "ദൈവദശകം " പാടുന്ന കൃഷ്ണയെപ്പോലെ പാരമ്പര്യകലകളിൽ അധികാരനിരാസത്തിൻ്റെ കീഴാളവൽക്കരണം അവശേഷിക്കുന്ന ആത്മീയ-രാഷ്ട്രീയപ്രവർത്തനമാണ്.

Comments