ശ്രീനാരായണ ഗുരു

ഗുരു നിർമിച്ചെടുത്ത സമാന്തരഅവർണ ദൈവശാസ്ത്രം

അധഃസ്ഥിതരെ ജാതിഭയത്തിൽനിന്ന്​ മോചിപ്പിച്ചെടുക്കാൻ ക്ഷേത്രസംരംഭം സഹായിക്കുമെന്നു കരുതിയാണ് പൊതുവിടമായി ക്ഷേത്രങ്ങളെ വിഭാവനം ചെയ്തത്. ക്രമേണ, ഈ ക്ഷേത്രങ്ങൾ സമുദായയിടമായി പരിണമിച്ചു. അതായത് ഈഴവേതര അവർണർക്ക് ക്ഷേത്രം വീണ്ടും നിഷേധിച്ച്​ ഈഴവർ ഗുരുവിനെ നിന്ദിച്ചു.

ന്യാസിയായി മാറിയ ഗുരു പരോപകാരത്തിനായി നിശ്ചയിച്ച ഭൗതികവും ആത്മീയവുമായ ഘടകങ്ങൾ ഏതൊക്കെയെന്നും അവയെ സമീപിച്ച രീതിശാസ്ത്രം എന്തെന്നും അറിയേണ്ടതുണ്ട്.

ഗുരുവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ രീതി, അവ പ്രതിരോധങ്ങളാണെന്നും വിപ്ലവമാണെന്നും ഒക്കെയാണ്. എല്ലാകാലത്തും അനീതിയും അസമത്വവും പ്രതിരോധങ്ങളെ ക്ഷണിച്ചുവരുത്തുമെന്നത് സ്വാഭാവികമാണ്. കേരളചരിത്രത്തിൽ അഹിംസാവഴി നടന്ന ആദ്യ പ്രതിരോധത്തിന്റെ ഗുരുവഴി സവിശേഷമായി അറിയണം. കൂടുതൽ ആഴത്തിൽ മനസിലാക്കേണ്ടുന്ന വിഷയമാണിത്.

പ്രതിരോധത്തിൽ ഒരു നശിപ്പിക്കൽ ഉണ്ട്.
എന്തിനെയാണ് ഗുരു നശിപ്പിച്ചത്?
ഒരു സൃഷ്ടികർമവുമുണ്ട്. എന്താണ് ഗുരു സൃഷ്ടിച്ചത്?
ഇവ രണ്ടും വ്യക്തമാകുന്നതോടെ മാത്രമേ ഗുരു ചെയ്തത് പ്രതിരോധമാണെന്നുറപ്പിക്കാനാവൂ. ഗുരു സ്വാഭാവികമായി പ്രതികരിക്കുന്നേയുള്ളൂ. ആ പ്രതികരണം വായിച്ചെടുക്കാവുന്നത് പ്രതിരോധ പ്രവർത്തനമായാണ്. ഗുരുവിന്റെ പ്രതിരോധവഴിയെ സൂക്ഷ്മമായി അപഗ്രഥിച്ചറിയുന്നത്​ പ്രതിരോധത്തിന്റെ ഗുരുമുറ അറിയാനെളുപ്പമാകും.

അഹിംസാത്മക പ്രതിരോധം ഗാന്ധിക്കുമുന്നേ കേരളത്തിൽ നടപ്പാക്കിയ ഗുരുവഴിയെ കാണാത്ത നമ്മളാണ് നവോത്ഥാന വ്യവഹാരത്തിൽ അഭിമാനിക്കുന്നത്

അദ്വൈതമാണ് ഗുരു ഏറ്റെടുത്ത ചിന്താപദ്ധതി. ലളിതമായെങ്കിലും ഈ അഭേദചിന്തയെ മനസിലാക്കിവേണം ഗുരുവിനെയും അദ്ദേഹത്തിന്റെ കർമങ്ങളെയും വിലയിരുത്താൻ. ഗുരുവിന്റെ എല്ലാ തിരിച്ചറിവുകളിലും പ്രവർത്തനങ്ങളിലും അഭേദചിന്തയുടെ സാന്നിധ്യം ദർശിക്കാം. സാധാരണയായി വിപരീതം എന്ന ദ്വന്ദ്വം ആധാരമാക്കിയാണ് പലപ്പോഴും ചിന്തയെ അറിയുന്നത്. ഒരു പദത്തിന്റെ അർഥം നിഷേധിക്കുകയോ താരതമ്യപ്പെടുത്തുകയോ ചെയ്യുമ്പോൾ അതിന്​ വിപരീതപദമുണ്ടാകുന്നു. ഓരോന്നും വിപരീതപദത്തിന്റെ സാന്നിധ്യത്തിലാണ് അർഥം ഉല്പാദിപ്പിക്കുന്നത്. ദ്വന്ദ്വപരികല്പനയെ ദെറിദ കാണുന്നത്, അവ പരസ്പരാശ്രിതവുമാണെങ്കിലും അതിലൊന്ന് മറ്റൊന്നിനുമേൽ മേൽകൈ നേടുന്നുവെന്നാണ്. അതായത് ഒന്ന്​ പ്രാധാന്യം കയ്യാളുന്നു. വിപരീതങ്ങളുടെ ശ്രേണീബന്ധത്തെ അപനിർമിക്കുമ്പോൾ അധീശത്വഘടകത്തെ അഥവാ വരേണ്യ സവർണ പക്ഷത്തെ വെളിവാക്കാനും വിധേയപക്ഷത്തെ നിർണയിക്കാനും കഴിയും.

ദെറിദ

ഇവിടെ സവർണ- അവർണ സന്ദർഭത്തിൽ സവർണപക്ഷം മേൽക്കെ നേടിയിരിക്കുന്നു. ആ ഘടനയെ അപനിർമിച്ച്,​ മേൽ- കീഴ് ബന്ധങ്ങൾ തിരസ്‌കരിച്ച്​, ഒരു പുതിയ വ്യവസ്ഥാ സൃഷ്ടി നടക്കുന്നതാണ് ദെറീദ മുന്നോട്ടുവച്ച അപനിർമാണമാതൃകയിൽ തെളിയുന്നത്. ഗുരു വിപരീതങ്ങൾ വെളിപ്പെടുത്തുന്നില്ല. സവർണർ, അവർണർ, ബ്രാഹ്മണർ തുടങ്ങി ഏതെങ്കിലും ജാതിനാമങ്ങളോ വർഗനാമങ്ങളോ ഗുരു പ്രയോഗിക്കുന്നില്ല. വിപരീതദ്വന്ദ്വങ്ങൾ തീരുമാനിച്ച്​, പ്രതിയോഗ വിശ്ലേഷണം വഴിയുള്ള അറിവു തേടലല്ല ഗുരുവഴി. യുക്തിചിന്തക്കും പരമ്പരാഗതമായി രൂപം പൂണ്ട വിശ്വാസപ്രമാണങ്ങളെയും സമസ്ഥാനീയമായി ഗുരു ഉൾക്കൊണ്ടു.

സ്വ -അപര ഭേദമില്ലാതെ അപരസ്വത്വത്തെ ഉൾക്കൊള്ളുക എന്ന അഭേദ രീതിയാണ് ഗുരു പ്രയോഗിച്ചത്. അപരസ്വത്വത്തെ സ്വന്തം സ്വത്വമായി കാണുന്ന, ഉൾക്കൊള്ളൽ രീതികൊണ്ട്​ ശത്രു ഒരു നാമവർഗമായി ജനിക്കുന്നില്ല, ഗുരുവിന്റെ വ്യവഹാരങ്ങളിൽ. മോചനമെന്നത്​ മനുഷ്യനായി മാറലാണ്. അതിനായി ആർജിക്കാനും വർജിക്കാനും സദാ സന്നദ്ധതയുള്ളവരാകുക. അങ്ങനെ ആക്കിത്തീർക്കലാണ് ഗുരുവിന്റെ സമീപനം. ശത്രുസങ്കല്പനം ദ്വന്ദ്വനിഷ്ഠമാണ്. അതാവശ്യപ്പെടുന്ന ശത്രുനിഗ്രഹമല്ല ഗുരുവഴി. ഇത്തരം അപനിർമാണ പ്രക്രിയക്ക് ഗുരു അദ്വൈതചിന്തയെ പ്രയോജനപ്പെടുത്തി. അതാകട്ടെ, അഹിംസാപാതയിലൂടെയും. അദ്വൈതം തത്വചിന്ത മാത്രമല്ല ജീവിത യാഥാർഥ്യങ്ങളെ ഉൾകൊള്ളാനും ഉപയോഗിക്കാവുന്ന ശാസ്ത്രപദ്ധതിയാണെന്നും, ജീവിതസത്യങ്ങൾ വിശ്ലേഷിച്ചറിയയുമ്പോൾ മാത്രമേ അതു പ്രയോഗികശാസ്ത്രമാകൂ എന്നുമാണ്​ ഗുരു നിർണയിച്ചത്. ചിന്താഘടന ദ്വന്ദ്വപ്രേരിതമാകുന്നത് അജ്ഞത കൊണ്ടാണ്. മനുഷ്യചിന്തയിൽ സദാചാരം- ദുരാചാരം, നന്മ- തിന്മ, എന്നിങ്ങനെയുള്ള വേർതിരിവുകൾ കാണാം. ഇവയെയൊക്കെ നിരുപാധികമാണോ സോപാധികമാണോ എന്ന് നാം മനസ്സിലാക്കിയിരിക്കുന്നത് എന്നാലോചിച്ചാൽ സോപാധികമായാണെന്നു ബോധ്യപ്പെടും. സോപാധികമായി അർഥം ഉല്പാദിപ്പിക്കുന്നതിനെ നിരുപാധികമാക്കിയാൽ ദ്വന്ദ്വ പ്രതിയോഗം ഇല്ലാതാകും.

അവർണപക്ഷത്തിന്​ നിഷേധിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങൾക്കു കാരണമായി ബ്രഹ്മണ്യത്തെയോ സവർണപക്ഷത്തെയോ ചൂണ്ടിക്കാണിക്കാൻ ഗുരു തയ്യാറാകുന്നില്ല. എല്ലാം അഭേദത്തിൽ ഒതുക്കുകയാണ്. അദ്വൈതത്തെ പ്രയോഗികമാക്കുന്ന രീതിയാണ് ഗുരു പിന്തുടർന്നത്.

അദ്വൈതബോധം മറ്റുള്ളവരെ താനായും തന്നേ മറ്റുള്ളവരായും കാണാൻ സഹായിക്കും. ഞാനും നീയും എന്ന ദ്വൈതരൂപങ്ങൾ ഒന്നുതന്നെയാണ്. ഇതിൽ ഓരോരുത്തരിലും ഞാനും നീയുമുണ്ട്. സംഭാഷണത്തിൽ വക്താവും ശ്രോതാവും ഇരുനിലകളിലും വരാമെന്നിരിക്കെ രണ്ടും ഒന്നുതന്നെ എന്നാണ്​ ഗുരു അദ്വൈതത്തെ മനസിലാക്കിയത്. താനും അപരനും നിരുപാധിക ബന്ധത്തിൽപ്പെടുകയും ഞാൻ അവൻ എന്നറിയുന്നത് ആദിമമായ ഒരാത്മരൂപമാണെന്നു ബോധ്യപ്പെടുകയും ചെയ്യുന്നതോടെ ഓരോരുത്തരും തനിക്കായി ചെയ്യുന്നതൊക്കെ മറ്റുള്ളവർക്കും കൂടിയാകും ഗുണം ചെയ്യുക. സദാചാരത്തിന്റെ നിരപേക്ഷികതയാണിത്. എല്ലാ ദ്വൈതങ്ങളെയും അവിദ്യായിട്ടാണ്, അജ്ഞാനമാകുന്ന മായയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതായാണ് ഗുരു കണ്ടത്. ഗുരുവിന്റെ തിരിച്ചറിവുകളെയും കർമങ്ങളെയും മനസിലാക്കാൻ അഭേദചിന്ത സൂചിപ്പിച്ചെന്നേയുള്ളൂ.

സവർണപക്ഷം ഉയർന്നിരിക്കുന്നതിന്റെയും അവർണപക്ഷം താഴ്ന്നിരിക്കുന്നതിന്റെയും വസ്തുതാപരിശോധന നടത്തുകയും, രണ്ടവസ്ഥയുടെയും കാരണങ്ങൾ കണ്ടെത്തുകയും അതിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന രീതിയാണ് ഗുരു പാലിച്ച രീതി. / Illustration: Supriya Manandhar

ശത്രുരഹിത പ്രതിരോധം

എല്ലാ വിപരീതങ്ങളും ദ്വന്ദ്വാത്മകമാണ്, പ്രതിയോഗങ്ങളുമാണ്. ഗുരുവിന്റെ ദൃഷ്ടിയിൽ പ്രതിയോഗികളില്ല. അതുകൊണ്ടുതന്നെ, വാദിക്കാനും ജയിക്കാനുമല്ല ഗുരുവിനു താല്പര്യം. അറിയാനും അറിയിക്കാനുമാണ് എന്നിരിക്കെ, ശത്രുപക്ഷത്തെ ഗുരു നിർവചിക്കുന്നേയില്ല. അവർണപക്ഷത്തിന്​ നിഷേധിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങൾക്കു കാരണമായി ബ്രഹ്മണ്യത്തെയോ സവർണപക്ഷത്തെയോ ചൂണ്ടിക്കാണിക്കാൻ ഗുരു തയ്യാറാകുന്നില്ല. എല്ലാം അഭേദത്തിൽ ഒതുക്കുകയാണ്. അദ്വൈതത്തെ പ്രയോഗികമാക്കുന്ന രീതിയാണ് ഗുരു പിന്തുടർന്നത്. ആരാണ് ശത്രുവെന്നാലോചിക്കാൻ ഇടം കൊടുക്കാതെയാണ് ഗുരു പ്രയോഗിക സമീപനം രൂപപ്പെടുത്തിയത്. ഗുരുവിന്റെ മുന്നിൽ സാന്നിധ്യവും അസാന്നിധ്യവും ഒരു പൊരുളിന്റെ ഇരുപുറമാണ്. ഒന്ന്​, പ്രകാശമാനമായിരിക്കുന്നു. മറ്റേവശം പ്രകാശത്തിന്റെ കുറവ് അനുഭവിക്കുന്നു. പ്രകാശമാണ് സാന്നിധ്യ- അസാന്നിധ്യം നിർണയിക്കുന്നത്. അനുകൂലമായ ദിശയിലേക്കു മാറിയാൽ പ്രകാശം ലഭിക്കും. പ്രകാശം ലഭിക്കുന്നതോടെ ഇരുട്ടകലും. ഇരുപുറവും പ്രകാശദീപ്തമാകുന്നതോടെ ഒരുപുറത്തെ അസാന്നിധ്യം മാറി അതും സാന്നിധ്യമാകും. അതോടെ സാന്നിധ്യ അസാന്നിദ്ധ്യ ഭേദം ഇല്ലാതാകും. അഭേദം ഉറപ്പുവരുന്നതോടെ ഭേദബോധം നശിക്കും.

ഗുരുവിന്റെ അദ്വൈതപദ്ധതി പക്ഷ -പ്രതിപക്ഷ ദ്വന്ദ്വം നിരാകരിക്കുന്നു. നിലവിൽ രണ്ടായിരിക്കുന്നത് അവസ്ഥാഭേദമാണ്. ഒന്ന്​ ഉയർന്നിരിക്കുന്നതും മറ്റേത് താഴ്ന്നിരിക്കുന്നതും എന്തുകൊണ്ടാണ് എന്ന്​ പഠിച്ചറിയാനും യുക്തിയുക്തമായ പരിഹാരം നടപ്പിലാക്കാനുമാണ് ഗുരു ശ്രമിച്ചത്. പരിണാമഘട്ടങ്ങളായാണ് ഈ വിവേചനത്തെ ഉൾക്കൊണ്ടത്. കാര്യകാരണങ്ങൾക്ക്​ അഭേദമുണ്ടെന്ന അദ്വൈത തത്വം ഗുരു അംഗീകരിക്കുകയാണ്. ഗുരു ബ്രാഹ്മണരെ അല്ലെങ്കിൽ സവർണരെ പ്രതിസ്ഥാനത്ത്​ നിറുത്തുന്നില്ല. ശത്രു എന്ന സങ്കല്പനം അദ്വൈതിക്ക്​ഉൾക്കൊള്ളാനാവില്ല എന്നു ഗുരുവ്യക്തമാക്കിത്തരുന്നു. ഗുരുവിന്റെ അദ്വൈതിയെന്ന നിലയിലുള്ള, ശ്രീശങ്കരനുമായുള്ള ഭിന്നതയാണിത്. സവർണപക്ഷം ഉയർന്നിരിക്കുന്നതിന്റെയും അവർണപക്ഷം താഴ്ന്നിരിക്കുന്നതിന്റെയും വസ്തുതാപരിശോധന നടത്തുകയും, രണ്ടവസ്ഥയുടെയും കാരണങ്ങൾ കണ്ടെത്തുകയും അതിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന രീതിയാണ് ഗുരു പാലിച്ച രീതി. കുറവുകൾ പരിശ്രമം കൊണ്ട് പരിഹരിച്ച്​അവസ്ഥാസമത്വം ആർജിക്കാമെന്നിരിക്കെ, ഭേദാധികാരം നഷ്ടപ്പെടുത്താൻ മറ്റൊരു മാർഗവും ആവശ്യമില്ലെന്നു ഗുരു വിശ്വസിച്ചു. അഭേദം പുലരുന്നതോടെ ഭേദാധികാരം ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് ഗുരുവിന്റെ ഭേദവർജ്ജന നയത്തിൽ കാണാവുന്നത്.

ജാതി സ്ഥാപിക്കുന്നതിൽ ശങ്കരാചാര്യർക്കുള്ള പങ്കിനെക്കുറിച്ചും ബുദ്ധമത വൈരത്തെക്കുറിച്ചും പൂർവ്വാചാര്യന്റെ നിലപാട് തെറ്റാണെന്നു പറയാനുള്ള ആർജവം ഗുരു കാണിച്ചു.

ബ്രാഹ്മണസൃഷ്ടിയാണ് ജാതിയെന്നാണ് പൊതുവിശ്വാസമെങ്കിലും ജാതി എന്ന ഘടകത്തെ കുറിച്ച്​ മറ്റൊരുതരത്തിൽകൂടി ആലോചിക്കാവുന്നതാണ്. ആരാണ് ജാതി നിർമിച്ചത്? ലഭ്യമായ വിവരങ്ങളനുസരിച്ച്​ ചാതുർവർണ്യവ്യവസ്ഥ വേദകാലം മുതലേ നിലനിന്നിരുന്നുവെന്നാണ്. ശ്രീശങ്കരന്റെ അദ്വൈതത്തോട് ആദരവ് നിലനിറുത്തുമ്പോൾത്തന്നെ ജാതിവ്യവസ്ഥയ്ക്കുപിന്നിൽ ശ്രീശങ്കരന്റെ മൗനസാന്നിധ്യം ഗുരു ദർശിക്കുന്നുണ്ട്. ജാതി സ്ഥാപിക്കുന്നതിൽ ശങ്കരാചാര്യർക്കുള്ള പങ്കിനെക്കുറിച്ചും ബുദ്ധമത വൈരത്തെക്കുറിച്ചും പൂർവ്വാചാര്യന്റെ നിലപാട് തെറ്റാണെന്നു പറയാനുള്ള ആർജവം ഗുരു കാണിച്ചു. കേരള സന്ദർഭത്തിലും ബ്രാഹ്മണരാണ് ജാതിവ്യവസ്ഥയുടെ പിന്നിലെന്നു നാം പറഞ്ഞുവയ്ക്കുന്നു. ശരിയെന്നു സമ്മതിച്ചുകൊണ്ടുതന്നെ ജാതിച്ചർച്ച തുടരാം. സവർണജാതി വിഭാഗങ്ങളുടെ ജാതിനിർണയത്തിൽ അവർക്കു പങ്കുണ്ട്. എന്നാൽ അവർണജാതികളെ ഉണ്ടാക്കിയതാരാണ് എന്നതിന്​ ഉത്തരം കണ്ടെത്തണം.

ഒരു സമുദായത്തിന്​ പേരുണ്ടാകുന്നതെങ്ങനെ എന്നാലോചിച്ചാൽ നരവംശീയമായി രണ്ടുസാധ്യതകളാണ് തെളിയുന്നത്. ഒന്ന്​, ഓരോ ഗോത്രസമുദായവും ഉല്പത്തിയിടത്തിന്റെയോ താമസിക്കുന്ന ഇടത്തിന്റെയോ ഭാഷയുടെയോ തൊഴിലിന്റെയോ അതുപോലെ സവിശേഷമായ ഏതെങ്കിലും സാംസ്‌കാരിക ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും സ്വത്വനാമം നിർമിക്കുന്നത്.

'Adi Shankaracharya' by Raja Ravi Varma

മറ്റൊന്ന്, മറ്റുള്ളവർ വിളിക്കുന്ന വിളിപ്പേരുകളാകും ക്രമേണ സമുദായ നാമമാകുന്നത്. ഏതുതരത്തിലാണെങ്കിലും ചില സന്ദർഭങ്ങളിൽ ഉത്പത്തികഥകൾ ഇതിഹാസവുമായി ബന്ധിപ്പിക്കുന്ന രീതികൾ പോലെ സംസ്‌കൃതവത്കരണത്തിന്റെ ഭാഗമായ നാമപരിവർത്തനവും സംഭവിക്കാറുണ്ട്. കേരളത്തിലെ അയിത്തജാതികളും ഉപജാതികളും പരിശോധിച്ചാൽ ഇവരുടെ നാമകരണത്തിൽ ബ്രാഹ്മണസ്വാധീനം കുറവാണ്. ബ്രാഹ്മണർ ഇവർക്കിടയിൽ ജാതിയുണ്ടാക്കി എന്നു പറയുകവയ്യ. സംഘകാലത്തേ തൊഴിൽ കൂട്ടായ്മകൾ ഉണ്ടായിരുന്നു. അവയൊക്കെ ബ്രാഹ്മണാധീശത്വകാലത്ത്​ ജാതികളായി പരിണമിച്ചുവെന്ന് പറയാറുണ്ട്. ഇവിടെ സവിശേഷമായി ഓർക്കേണ്ട കാര്യം, തൊഴിൽ കൂട്ടായ്മകളെ അശുദ്ധിയുടെ പേരിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിർണയിച്ചതോടെ അക്കൂട്ടർ ജാതിസ്വത്വങ്ങളായി പരിണമിക്കുകയാണുണ്ടായതെന്നാണ്.

ബ്രാഹ്മണ സമൂഹത്തിന്​ ഇതരരെ ഒഴിവാക്കി നിറുത്തേണ്ടത് ആവശ്യമായത് കേരളത്തിലെ ആവാസഘടന കൊണ്ടാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ ജാതിയനുസരിച്ചുള്ള ആവാസഇടം നിർണയിക്കുക സാധ്യമാണ്. ഇന്ന ജാതിക്ക്​ഇന്നയിടം എന്ന്​ നിശ്ചയിച്ചുറപ്പിക്കാൻ കേരളത്തിൽ സാധ്യമല്ല. ഭൂമിശാസ്ത്രപരമായ സവിശേഷതകളും, ഇടനാടിന്റെ സൗകര്യങ്ങളും കാരണം ജനസാന്ദ്രത മലനാടിനെയും തീരപ്രദേശത്തെയുംകാൾ ഇടനാട്ടിൽ അധികമായി. ജനസംഖ്യയിൽ കുറവുള്ള ബ്രാഹ്മണർക്ക്​ പൗരോഹിത്യവൃത്തിയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി ഇടപഴകുക നിഷിദ്ധമാണ് എന്നിരിക്കെ സ്വവർഗശുദ്ധിക്ക് തൊട്ടുകൂടായ്മയും തീണ്ടാപാടകലവും നിർണയിച്ചുമാത്രമേ മിശ്രസമുദായ ആവാസവ്യവസ്ഥയിൽ ബ്രാഹ്മണ പ്രത്യയശാസ്ത്ര അതിജീവനം സാധ്യമാകൂ. സ്വസമുദായ താല്പര്യ സംരക്ഷണം എന്നതിലുപരി അധീശത്വം പൊതുബോധമാക്കാനും അവർക്ക്​ ഇതുവഴി കഴിഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരികമൂലധനം എന്നു നാം അടയാളപ്പെടുത്തുന്നതൊക്കെ ഭൂരിപക്ഷം വരുന്ന ജനതയുടെ പ്രതിനിധാന ശൂന്യതകൊണ്ട്​ സമ്പന്നമാണ്​. അദൃശ്യരാക്കിയതും അസാന്നിധ്യമാക്കിയതും സവർണലോകമാണെങ്കിലും സമാന്തരമായ ജീവിതവുമായി അവർണലോകവും നിലനിന്നിരുന്നു.

കാർഷിക സമൂഹത്തിന്റെ പ്രധാന സവിശേഷത, ഗോത്രസമൂഹത്തിൽ നിന്ന്​ഭിന്നമായി അതെപ്പോഴും ബഹുസമുദായ സമൂഹമായിരിക്കുമെന്നതാണ്. ഭിന്ന വൈദഗ്ധ്യമുള്ള സമുദായങ്ങളുടെ കൂട്ടായ്മ കാർഷികവൃത്തിക്കാവശ്യമാണ്. ബ്രാഹ്മണാധിനിവേശത്തിനുമുമ്പുതന്നെ കേരളം കാർഷിക സമൂഹമായി മാറിയിരുന്നു. അവർക്കിടയിലേക്കാണ് ബ്രാഹ്മണാധിനിവേശം യാഥാർഥ്യമായത്. അവർക്കുമാത്രമായി ഈ കൂട്ടായ്മയിൽനിന്ന്​ അകന്നുതാമസിക്കുക സാധ്യമല്ലായിരുന്നു. ഉള്ളയിടങ്ങളിൽ മിശ്രമായി പാർക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഭൗമികമായ അസൗകര്യത്തെ സാമൂഹികമായി ബ്രാഹ്മണസമൂഹം മറികടന്നത് മേൽപ്പറഞ്ഞ വിലക്കുകൾ ആവരണമാക്കികൊണ്ടാണ്. ആര്യപൈതൃകമായ ചാതുർവർണ്യ ബ്രാഹ്മണ നയം ജാതിവിവേചനം നിലനിറുത്തികൊണ്ടുതന്നെ സവർണമുന്നണിക്ക് രൂപം കൊടുത്തു. ഈ വ്യവസ്ഥ, അവർണ സമുദായങ്ങൾ അനുകരിച്ച്​ തങ്ങൾക്കിടയിൽ നടപ്പാക്കിയതോടെ അവർണ ജാതിനിർണയവും അവർക്കിടയിൽ ഉച്ച-നീച ശ്രേണീകരണവും നടപ്പിലായി എന്നു ധരിക്കേണ്ടിവരും. സവർണവ്യവസ്ഥയുടെ അനുകരണം വഴി അവർണജാതിഘടന സുസ്ഥിരവ്യവസ്ഥയായതായിരിക്കാം.

'കാർഷിക സമൂഹത്തിന്റെ പ്രധാന സവിശേഷത, ഗോത്രസമൂഹത്തിൽ നിന്ന്​ഭിന്നമായി അതെപ്പോഴും ബഹുസമുദായ സമൂഹമായിരിക്കുമെന്നതാണ്. ഭിന്ന വൈദഗ്ധ്യമുള്ള സമുദായങ്ങളുടെ കൂട്ടായ്മ കാർഷികവൃത്തിക്കാവശ്യമാണ്.'

ചുരുക്കത്തിൽ, ബ്രാഹ്മണസൃഷ്ടിയാണ് ജാതിഘടനയും വിവേചനവും എന്നതുകൊണ്ട്​ മനസിലാക്കേണ്ടത് സവർണഘടനയുടെ നിർമിതി ഒരു അനുകരണസാധ്യത തുറന്നുവെന്നാണ്; മറിച്ച്​, അവർണജാതികളെ ബ്രാഹ്മണർ സൃഷ്ടിച്ചുവെന്നല്ല. വിവേചനം സ്വത്വരാഷ്ട്രീയമാണ്. സ്വ- അപരഭേദം നരവംശീയമായി തന്നെ ഗോത്രസ്വത്വഭിന്നതയായി സാമൂഹിക- സാംസ്‌കാരിക തലങ്ങളിൽ പ്രകടമാണ്. ലോകത്തെ എല്ലാവിഭാഗങ്ങളിലും സ്വ- അപരഭേദം സാർവത്രികമാണ്. സ്വ- അപരഭേദത്തെ നിലനിർത്തിക്കൊണ്ടാണ് സമുദായസ്വത്വം രൂപംകൊള്ളുന്നത്. ബ്രാഹ്മണർ സ്വ- അപരഭേദം നിലനിർത്തികൊണ്ടുതന്നെ ഒരു സവർണമുന്നണി രൂപീകരിച്ചു. അതിൽ പ്രധനമായി രണ്ടു താല്പര്യങ്ങൾ സംരക്ഷിക്കാനവർക്കു കഴിഞ്ഞു. ഒന്ന്​, ക്ഷേത്രത്തിന്റെ ആസ്തിവർധിപ്പിക്കുക, മറ്റൊന്ന്, സംബന്ധം ഉറപ്പുവരുത്തുക. സവർണർക്ക് സർവാധീശത്വം നിലനിറുത്താനും ബ്രാഹ്മണർക്ക്​ സവിശേഷമായി പൗരോഹിത്യ -ജ്ഞാന ഉടമസ്ഥത പരിപാലിക്കാനും മുന്നണി ഉപകരിച്ചു. ഈ വഴക്കത്തിൽ സവർണരൊഴികെയുള്ളവരെ അദൃശ്യമാക്കി വരമൊഴി വിനിമയലോകം നിലനിറുത്താനും കാലങ്ങളോളം കഴിഞ്ഞു. വരമൊഴി ഒരു സവർണവിനിമയമാധ്യമമായി വളരെക്കാലം നിലനിന്നു. വ്യവഹാരങ്ങളെല്ലാം സവർണസംബന്ധവും അവരുടെ ഭാവുകത്വവുമായിരുന്നു.

ജാതിവിവേചനം സാധ്യമാക്കിത്തീർത്തത്​ ജന്മാധികാരമായും തൊഴിൽമേന്മയായും നിശ്ചയിച്ചുറപ്പിച്ചുകൊണ്ടാണ് എന്നു ഗുരു തിരിച്ചറിഞ്ഞു. ജന്മം കൊണ്ടല്ല കർമഗുണങ്ങൾ കൊണ്ടാണ് ഒരാളെ നിർണയിക്കേണ്ടതെന്ന യുക്തിയാണ് ഗുരുവിനുണ്ടായിരുന്നത്

കേരളത്തിന്റെ സാംസ്‌കാരികമൂലധനം എന്നു നാം അടയാളപ്പെടുത്തുന്നതൊക്കെ ഇത്തരത്തിൽ വികസിച്ചതാണ്. ഭൂരിപക്ഷം വരുന്ന ജനതയുടെ പ്രതിനിധാന ശൂന്യതകൊണ്ട്​ സമ്പന്നമാണത്. അദൃശ്യരാക്കിയതും അസാന്നിധ്യമാക്കിയതും സവർണലോകമാണെങ്കിലും സമാന്തരമായ ജീവിതവുമായി അവർണലോകവും നിലനിന്നിരുന്നു. ലിപിബാഹ്യരായതുകാരണം അവർണലോകത്തിനു പ്രതിനിധാന മൂലധനം ശൂന്യമായിരുന്നു. ഈ വിവേചനത്തെ ഗുരു സാഹചര്യസൃഷ്ടിയായിട്ടാണ് കണ്ടത്. എന്നാൽ ഈ വിവേചന ഘടന മാറണമെന്നും അതിന്​ ബദൽമുറകൾ പ്രായോഗികമാക്കണമെന്നും ഗുരു തീരുമാനിച്ചു. രണ്ടു കാര്യങ്ങൾ ഈ സന്ദർഭത്തിൽ പരിഗണന അർഹിക്കുന്നു. ആദ്യമായി, വർജിക്കേണ്ടതും ആർജ്ജിക്കേണ്ടതും എന്തെന്ന് ഗുരു നിശ്ചയിച്ചുറക്കുന്നു. രണ്ടാമതായി, ശത്രുനിഗ്രഹമല്ല അവസ്ഥാമാറ്റമാണ് വേണ്ടതെന്നും തീരുമാനിക്കുന്നു. അനിവാര്യമായ മാറ്റം എങ്ങോട്ടാണെന്നും തീരുമാനിക്കേണ്ടതുണ്ട് ഇവിടെ ഗുരുവിന്റെ ചിന്തയിൽ പരിഷ്‌കൃത /സംസ്‌കൃത മനുഷ്യൻ എന്ന ബോധമാണ് ഉയർന്നുവന്നത്. അതിന്റെ മാതൃകയാണ് രൂപപ്പെടുത്തേണ്ടത് എന്ന തീരുമാനം ഉള്ളിൽ ഉറയ്ക്കുന്നു.

സവർണപക്ഷത്തിന്​ ഇതിനകം ചില സവിശേഷ ഗുണങ്ങൾ ആർജിക്കാൻ കഴിഞ്ഞുവെന്ന്​ ഗുരു അംഗീകരിക്കുന്നു. മറുപക്ഷത്തിന്​ അതൊക്കെ കുറവുകളാണ് എന്ന്​ ഗുരു തിരിച്ചറിയുന്നു. കുറവുകൾ ജന്മസിദ്ധമല്ലെന്നിരിക്കെ ആർജിക്കാനാവുന്ന സാഹചര്യം ലഭ്യമാക്കുകയെ വേണ്ടൂ. ഇതിനായി സവർണപക്ഷത്തിന്റെ അനുമതി വേണ്ടെന്ന്​ ഗുരു തീരുമാനിച്ചതെന്തുകൊണ്ട് എന്ന്​ സവിശേഷമായി മനസിലാക്കേണ്ടതുണ്ട്. സവർണരെന്നോ ബ്രാഹ്മണരെന്നോ ഉള്ള ഒരുവർഗത്തിനും സവിശേഷമായ അധികാരം ഇല്ലെന്നിരിക്കെ അവരെക്കുറിച്ചുള്ള ഭയത്തിന്റെ ആവശ്യം ഗുരുവിനില്ല. അഭേദിക്കു ഭയമുണ്ടാകാനുള്ള സാധ്യതയില്ലല്ലോ.

'കേരളത്തിന്റെ സാംസ്‌കാരികമൂലധനം എന്നു നാം അടയാളപ്പെടുത്തുന്നതിൽ പലതും ഭൂരിപക്ഷം വരുന്ന ജനതയുടെ പ്രതിനിധാന ശൂന്യതകൊണ്ട് സമ്പന്നമാണ്.' / Photo: Wikimedia Commons

‘രണ്ടുള്ളതുകൊണ്ടാണ് ഭയമുണ്ടാകുന്നത്', തന്നിൽനിന്ന്​അന്യമായിട്ടൊന്നുണ്ടെങ്കിലേ ഭയമുണ്ടാകൂ, താൻ മാത്രമാണെങ്കിൽ ഭയമുണ്ടാകില്ല എന്ന്​ ഗുരു ഉപദേശിച്ചിട്ടുള്ളത് ഓർക്കുക. അപര ഭയം ഇല്ലാത്തതുകൊണ്ട്​ ഗുരു സവർണപക്ഷം വിവേചനമൂലധനമായി ആർജിച്ച ചിലത്​ ബദലായി ആർജിക്കുകയാണ് ചെയ്തത്. സന്യാസം അതിലൊന്നാണ്. പരിഷ്‌കൃതഗുണങ്ങൾ ആർജിക്കുന്നതോടെ സവർണപക്ഷത്തിൽ നിന്ന്​ വിവേചിതരല്ലാതാകും. പക്ഷേ സവർണർ നവസാക്ഷരരെ അംഗീകരിക്കാനായി, അവരും ഇവരും ഒന്നാണെന്നുള്ള പൊതുബോധം തത്വചിന്താപരമായും യുക്ത്യധിഷ്ടിതവുമായി. സൃഷ്ടിക്കണമെന്ന ആവശ്യമാണ് ഗുരുവിനെ ദാർശനികനാക്കിയത്.സാമൂഹിക സാഹചര്യങ്ങളും ആന്തരികപ്രേരണയും വ്യക്തിയെ ധൈഷണികനാക്കുമെന്നതിന്​ തെളിവാണ് ഗുരു. ഗ്രാംഷിപറയുന്ന ജൈവധൈഷണികനാണ് ഗുരുവെന്നത് അദ്ദേഹത്തിന്റെ കർമം സാക്ഷിയാണ്.

അബോധത്തിൽ അന്തർലീനമായ അജ്ഞതയായി ജാതിയെ കണ്ട ഗുരു, ജാതിബോധത്തെ വർജ്ജിക്കണമെന്നും അതെന്തുകൊണ്ട് വർജ്ജിക്കണമെന്നും യുക്തിഭദ്രമായി അവതരിപ്പിച്ചു.

വിവേചനാധികാരം നിലനിറുത്തുന്ന ഘടകങ്ങളിൽ ഗുരു മുൻഗണന നൽകിയത് ജാതി, മതം, പൗരോഹിത്യം എന്നീ മൂന്നു ഘടകങ്ങൾക്കാണ്. ജാതിവിവേചനം സാധ്യമാക്കിത്തീർത്തത്​ ജന്മാധികാരമായും തൊഴിൽമേന്മയായും നിശ്ചയിച്ചുറപ്പിച്ചുകൊണ്ടാണ് എന്നു ഗുരു തിരിച്ചറിഞ്ഞു. ജന്മം കൊണ്ടല്ല കർമഗുണങ്ങൾ കൊണ്ടാണ് ഒരാളെ നിർണയിക്കേണ്ടതെന്ന യുക്തിയാണ് ഗുരുവിനുണ്ടായിരുന്നത്. ഏതെങ്കിലും കുറവുള്ളവർ ചിലത്​ ആർജിച്ചും ചിലത്​വർജിച്ചും ഭേദം ഇല്ലാതാക്കാം. ചില കുറവുകൾ കാരണമാണ്; ആ കുറവുകൾ പരിഹരിച്ചാൽ വിവേചനത്തെ കുറിച്ചുള്ള പൊതുബോധ പുനർനിർമിതി സാധ്യമാകും.

ഗുരു ജാതിയെ വിവേചനോപാധിയായികണ്ടതോടെ ജാതിസമത്വം നേടുകയെന്നല്ല ഗുരു ലക്ഷ്യംവച്ചത്. അബോധത്തിൽ അന്തർലീനമായ അജ്ഞതയായി ജാതിയെ കണ്ട ഗുരു, ജാതിബോധത്തെ വർജ്ജിക്കണമെന്നും അതെന്തുകൊണ്ട് വർജ്ജിക്കണമെന്നും യുക്തിഭദ്രമായി അവതരിപ്പിച്ചു. നരജാതിയിൽ പെട്ടവരെല്ലാം ജന്മംകൊണ്ടു സമത്വമുള്ളവരാണ്. ബ്രാഹ്മണർക്ക്​ ചണ്ഡാലസ്ത്രീയിലും ചണ്ഡാലന് ബ്രാഹ്മണസ്ത്രീയിലും കുഞ്ഞുപിറക്കുമെന്നിരിക്കെ രണ്ടും ഒരേ ജാതിയിൽ പെട്ടവരാണ്. ഈ ശാസ്ത്രസത്യം ബോധ്യപ്പെട്ട ഗുരുവിന്​ ജാതിഭേദം ഒരു സാമൂഹിക നിർമിതയാണെന്ന ബോധ്യം ഉറയ്ക്കുന്നു. ജാതി മനുഷ്യനിർമിതമാണെന്നു മനസിലാക്കിയ ഗുരു മനുഷ്യരൊക്കെ ഒരുജാതിയാണ്, അവരുടെയിടയിൽ സ്ഥിതിഭേദമല്ലാതെ ജാതിഭേദമില്ല എന്നു വെളിപ്പെടുത്തി. ദേശകാലാവസ്ഥകളിൽ നേരിടുന്ന ആവശ്യങ്ങൾക്കനുസരിച്ച്​ ഏതെങ്കിലും ഒന്നിന്​ മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിവരും. ജാതികൾ തമ്മിലുള്ള മത്സരത്തിൽനിന്നുള്ള മോചനമാണ് ഇക്കാലത്തെആവശ്യം. ജാതി ഉണ്ടെന്ന വിചാരം പോകണം, അതാണ് വേണ്ടത് എന്ന ഉറച്ചതീരുമാനത്തിലേക്കാണ് ഗുരു വന്നെത്തിയത്. ഇതിലൂടെ ആര്യജ്ഞാനസൃഷ്ടാക്കൾ നൂറ്റാണ്ടുകളായി ധൈഷണിക മൂലധനമായി കൊണ്ടുനടക്കുന്ന നരവർഗ ശ്രേണീകരണ ജ്ഞാനാധികാരത്തെ ശാസ്ത്രയുക്തി പകരംവച്ച് പിഴവകറ്റി. ഇതു തന്നെയാണ് സവർണരുടെ വിവേചനയുക്തിക്കുള്ള മറുമരുന്ന്.

From 'Alphabet of Touch; Overstretched Bodies and Muted Howls for Songs’ by Sajan Mani

നരജാതിയല്ലാതെ മനുഷ്യർക്കിടയിൽ ഭിന്ന ജാതികളുണ്ടാവില്ല എങ്കിലും ജാതിയെന്ന സാമൂഹിക വിവേചന രൂപത്തെ മറികടക്കുന്നതെങ്ങനെ? എന്ന ചിന്ത പല രീതിയിൽ പ്രായോഗികമാക്കാൻ ഗുരു ശ്രമിക്കുന്നുണ്ട്. സാമൂഹ്യബോധത്തിൽ നൂറ്റാണ്ടുകളായി വേരുറച്ച ജാതിബോധത്തെ നിഷ്‌കാസനം ചെയ്യുക എളുപ്പമല്ല എന്നു ഗുരുവിനറിയാം.ബദൽ സദ് ദൈവാരാധന, പൗരോഹിത്യാർജനം, ക്ഷേത്രനിർമിതി, പ്രതിഷ്ഠാസ്വാതന്ത്ര്യം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ ജാതിവർജനം സാധ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഗുരു ജാതിവർജനശ്രമങ്ങൾ ഉന്നംവച്ച്​ ആരംഭിച്ച പദ്ധതികൾ കാലാനുസൃതമായി നവീകരിച്ചുകൊണ്ടേയിരുന്നു. ഭാഗികമായ ചില നേട്ടങ്ങൾ പൊതുസമൂഹത്തിൽ ദൃശ്യമായെങ്കിലും അന്തിമമായി ഈ പദ്ധതികളൊന്നും ലക്ഷ്യംകണ്ടില്ല.

ഹിന്ദുമതത്തിന്റെ അവർണീകരണം

ഗുരുവിന്റെ കാലത്ത്​, ആരാണ് ഹിന്ദു എന്നന്വേഷിച്ചാൽ ബോധ്യപ്പെടുന്നത് ക്ഷേത്രകേന്ദ്രിത സവർണർ മാത്രമാണ്. കുലദൈവ പിതൃആരാധനയുമായി കഴിയുന്ന അവർണലോകം ക്ഷേത്രകേന്ദ്രിത ഘടനയിൽ ഉൾപ്പെട്ടിരുന്നില്ല. ദ്രാവിഡ ആരാധനാക്രമം പാലിച്ചുവന്നവരാണ്. ക്രിസ്ത്യൻ- മുസ്​ലിം വിഭാഗത്തിൽ പെടാത്ത എല്ലാവരെയും ബ്രിട്ടീഷുകാർ ഔദ്യോഗികമായി ഹിന്ദുക്കളാക്കി എന്നതാണ് വാസ്തവം. ഏതായാലും അതോടെ അഹിന്ദുക്കൾ അല്ലാത്തവർ ഹിന്ദുക്കളായി പരിഗണിക്കപ്പെട്ടു. സാംസ്‌കാരികമായി അവരെ സവർണലോകം ഹിന്ദുക്കളാക്കിയിരുന്നില്ല. ഈ സാഹചര്യത്തെയാണ് ഗുരു അഭിമുഖീകരിച്ചത്. ഗുരുവിന്റെ മുന്നിൽ തെളിഞ്ഞ ഒരു കാര്യമേയുള്ളു. നിരസിക്കുന്നത്​പ്രാപ്തമാക്കുക.അഹിന്ദുക്കളല്ലാതിരിക്കുകയും ഹിന്ദുവിവേചനം നേരിടുകയും ചെയ്യുന്ന ജനതയുടെ സ്വത്വപ്രതിസന്ധി മറികടക്കാൻ ഏകവഴി ഇക്കൂട്ടർക്ക്​ക്ഷേത്രാരാധനക്ക്​ സൗകര്യം ഉണ്ടാക്കുക. അതും അപ്രാപ്യമാക്കിയിരിക്കുന്ന ദൈവങ്ങളുടെമേൽ ആരാധനാവകാശം ഉറപ്പാക്കുക. ഈ കർമപദ്ധതി നടപ്പാക്കിയത് ഹിന്ദുമതത്തെയും ദൈവങ്ങളെയും അവർണീകരിച്ചു വിവേചനമുക്തമാക്കുന്നതോടെ അഭേദം പ്രാവർത്തികമാകും. ആരാധനാസ്വാതന്ത്ര്യം കൈവരും. ഇക്കാര്യത്തിലുള്ള കുറവ് മാറും. മതസ്വത്വം ആർജിക്കും. കൂട്ടത്തിൽ, അപരിഷ്‌കൃതമായ ആരാധനാക്രമത്തിൽനിന്ന്​ മുക്തരാകും.

ഹിന്ദു മത ദർശനത്തെയും പ്രയോഗത്തെയും മാമുൽഘടനയിൽ നിന്ന്​ വിമോചിപ്പിക്കുകയും അവർണരുടേതും കൂടിയാക്കി അദ്വൈത ദർശനത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമിക്കുകയും ചെയ്തു.

ബ്രാഹ്മണമേധാവിത്വത്തിൽ പ്രവർത്തിച്ചിരുന്ന മതത്തെ അവർണീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനാരായണഗുരു പ്രവർത്തിച്ചത്. അതു ഹിന്ദുമതമാണെന്നു നാം പറയുന്നുണ്ടെങ്കിലും ഹിന്ദു എന്ന പദത്തിന്​ ബ്രിട്ടീഷുകാർ നൽകിയ ഇന്ത്യ എന്ന ദേശനാമത്തിനപ്പുറം വലിയ അർഥം ഗുരു നൽകുന്നില്ല. ഇന്ത്യയിലെ പല മതങ്ങളിലൊന്ന്. ഏതായാലും സവർണർക്കിടയിൽ പ്രാവൃത്തികമായ ഇന്ത്യൻ മതം ബ്രാഹ്മണർക്കോ വർണവ്യസ്ഥയിലെ സവർണർക്കോ മാത്രമായുള്ളതല്ലെന്നും അതിൽ അവർണർക്കും അവകാശമുണ്ടെന്ന് തിരിച്ചറിഞ്ഞ്​ അവർ കയ്യടക്കിവച്ചിരിക്കുന്ന ജ്ഞാനരൂപങ്ങളെയും സ്ഥാപനവത്കരിച്ചിരിക്കുന്ന മതവ്യവസ്ഥയെയും അവർണർക്കായി ഏറ്റെടുക്കുക. അതിന് ബ്രാഹ്മണർ പരിപാലിക്കുന്ന വ്യവസ്ഥകൾക്ക് സമാന്തരമായ വ്യവസ്ഥകൾ രൂപീകരിക്കുക എന്നതാണ് ആത്മീയതയുടെ അവർണീകരണം. മതത്തെ അവർണർക്കും കൂടി അവകാശം ഉള്ളതാക്കുമ്പോൾ മതം വർണേതരമാകുന്നു.

ഹിന്ദുമതത്തിന്റെ പൗരോഹിത്യ മുറകളെയും തത്വദർശനത്തെയും പുതുക്കിപ്പണിയുകയായിരുന്നു ഗുരു ചെയ്തത്. അതായത്, ഹിന്ദു മത ദർശനത്തെയും പ്രയോഗത്തെയും മാമൂൽഘടനയിൽ നിന്ന്​ വിമോചിപ്പിക്കുകയും അവർണരുടേതും കൂടിയാക്കി അദ്വൈത ദർശനത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമിക്കുകയും ചെയ്തു. അവർണർക്കായുള്ള പ്രാർത്ഥനാമുറകളും നിർദേശിച്ചു. അദ്വൈതത്തിന്റെ അവർണീകരണം ജ്ഞാന നവോത്ഥാനമായതോടെ സവർണ അദ്വൈതം അവർണ അദ്വൈതമായി മാറി. ഹിന്ദുമതത്തിന്റെ അടിസ്ഥാന ആശയങ്ങൾ ആത്മനവീകരണത്തിനുതകും വിധം ജനകീയമാക്കി. സമാന്തരമായി രൂപംകൊടുത്ത ക്ഷേത്രസംസ്‌കൃതി ബദലായ ആത്മീയാവകാശ സ്ഥാപനമായിരുന്നു.

കുറവുകൾ ഓരോന്നായി പരിഹരിച്ച്​ അധമരായി, അദൃശ്യരായി, സ്വത്വരഹിതരായി കഴിയുന്ന ജനതയെ സ്വത്വബോധമുള്ളവരാക്കിയിട്ടേ തന്റെ ആശയങ്ങൾ വിനിമയം ചെയ്യാനാവൂ എന്ന തിരിച്ചറിവാണ് ഗുരുവിനുണ്ടായിരുന്നത്. ആരാധനാകർമം കൊണ്ട്​ ഹിന്ദുവാകുകതന്നെ അക്കാലത്തെ മികച്ച സാംസ്‌കാരികബദൽ മൂലധന സൃഷ്ടിയായിരുന്നു. സാധാരണക്കാർക്കിടയിൽ സദ് ആരാധന ഉറപ്പിക്കുകയെന്നതിനൊപ്പം ഹിന്ദുമതത്തിലെ കപടാവകാശികളെ അവർണ സമത്വം ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ഗുരുവിനു ഹിന്ദുമതവുമായി ആരംഭത്തിലുള്ള താല്പര്യം. മതപൗരത്വത്തെക്കാൾ ഊന്നൽ അവർണരും മനുഷ്യരാണ് എന്നു സ്ഥാപിക്കലായിരുന്നു. ജാതിഭേദം, മതഭേദം എന്നിവ വർജിക്കാൻ മാനസികമായി ജനങ്ങളെ സജ്ജരാക്കാനുമുള്ള തന്ത്രമായിരുന്നു ഗുരുവിന്റെ എല്ലാപ്രവർത്തങ്ങളുടെയും അടിസ്ഥാനം. മതവഴിയല്ലാതെ മതവിരുദ്ധനായിനിന്ന്​ തന്റെ ആശയങ്ങളെ സാമൂഹ്യബോധമാക്കി പരിവർത്തനപ്പെടുത്തുന്നത്​ അസാധ്യമെന്നു ഗുരുവിനു ബോധ്യമുണ്ടായിരുന്നു. ഹിന്ദുമതത്തെ വർണേതരമാക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മതത്തെകുറിച്ചുള്ള ഗുരുവിന്റെ സമീപനം വളരെ പുരോഗമനാത്മകമാണ്. ‘മതം ഇഷ്ടം പോലെ പറയുവാനും ഇല്ലെന്നു പറയുവാനുമുള്ള സ്വാതന്ത്ര്യം വേണം'- അതായത് ജന്മംകൊണ്ട്​ ആരും ഒരുമതത്തിലും പെടുന്നില്ല, മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. ഇത്തരത്തിൽ ചിന്തിച്ച ഒരാൾ ഹിന്ദുസന്യാസിയല്ലെന്നു ഉറപ്പായല്ലോ. ഏതായാലും ഗുരുവിന്റെ മതസമീപനം വിശദമായി ശേഷം ആലോചിക്കാം.

ഹിന്ദുമതത്തിന്റെ പൗരോഹിത്യ മുറകളെയും തത്വദർശനത്തെയും പുതുക്കിപ്പിണിയുകയായിരുന്നു ഗുരു ചെയ്തത്. അതായത്, ഹിന്ദു മത ദർശനത്തെയും പ്രയോഗത്തെയും മാമുൽഘടനയിൽ നിന്ന്​ വിമോചിപ്പിക്കുകയും അവർണരുടേതും കൂടിയാക്കി അദ്വൈത ദർശനത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമിക്കുകയും ചെയ്തു. / Photo: Keralaculture.org

ബദൽ പൗരോഹിത്യം

ബ്രാഹ്മണർ കയ്യാളുന്ന പൗരോഹിത്യത്തിനു സമാന്തരമായ പൗരോഹിത്യം എന്ന നിലപാട് വേണ്ടിവന്നത് സന്യാസം, ശുദ്ധി, എന്നിവ ഉൾക്കൊണ്ടതുപോലെ തന്നെയാണ്. പ്രതിഷ്ഠാകർമം അബ്രാഹ്മണമാക്കുക വഴി പൗരോഹിത്യ നിഷേധം സാധ്യമാകുന്നുവെന്നു മാത്രമല്ല അവർണ പൗരോഹിത്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. അതോടെ പൗരോഹിത്യരാഷ്ട്രീയം അഭേദമായിമാറുന്നു. 1888ൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ സ്മൃതി - ശ്രുതി പ്രമാണബലത്തിൽ കാലാകാലങ്ങളിലായി കയ്യാളിയിരുന്ന അവകാശം ആർജിച്ചതിലൂടെ ഏതു അവർണനും ബ്രാഹ്മണനു തുല്യമാണ് എന്ന് മൗനമായി പ്രസ്താവിക്കുകയുമായിരുന്നുവെന്നൊക്കെ വാദിക്കാം. എന്നാൽ ബ്രാഹ്മണാധികാരത്തെയല്ല ഗുരു പിടിച്ചെടുത്തത്. പകരം പൗരോഹിത്യാധികാരം സമാന്തരമായി ആർജിക്കുകയാണ് ചെയ്തത്. കല്ല് പ്രതിഷ്ഠിച്ചതിലൂടെ പ്രതിഷ്ഠ മാമൂൽ വിരുദ്ധമാക്കാനും ദൈവത്തിന് മനുഷ്യർ ആരോപിക്കുന്ന അർത്ഥമാണുള്ളതെന്നു സ്ഥാപിക്കാനും കഴിഞ്ഞു. പരമ്പരാഗത ആചാരനിഷേധവും വിഗ്രഹഭഞ്ജനവും സാധ്യമാക്കി ദൈവത്തെ അവർണീകരിച്ചു. ദൈവത്തിന് സവർണമുഖത്തോടൊപ്പം അവർണമുഖവും ചേരുമെന്നും ദൈവം രണ്ടല്ല ഒന്നാണെന്നു സ്ഥാപിക്കാനുമായി. ഭേദം മനുഷ്യനിർമിതമാണെന്നുറപ്പിക്കാനും പ്രഖ്യാപിത ചരിത്രത്തോടും മാമൂലുകളോടും കലഹിക്കാതെ സമാധാനപരമായി ബദൽ സ്ഥാപിക്കാനുംകഴിഞ്ഞു. അഹിംസാരീതിയിലുള്ള പ്രതിഷേധമായിരുന്നു ഈ ബദൽ പൗരോഹിത്യം.

‘ഈഴവ' ശിവനെയാണ് പ്രതിഷ്ടിച്ചതെന്നു ഗുരു പറഞ്ഞതായി പല തെളിവുകളും നിരത്താറുണ്ട് (ശ്രീനാരയണ വൈഖരി, പു 105 -107) ചിലരുടെ അഭിപ്രായത്തിൽ
‘നമ്മുടെ ശിവനെയാണ്' എന്നാണു ഗുരുപറഞ്ഞതായും കാണുന്നു. ഇതിൽ രണ്ടാമത്തെ പക്ഷമേ ശരിയാകാൻ നിവൃത്തിയുള്ളൂ. കാരണം ഈഴവരെ ഒരു ജാതി വിഭാഗമായി ഒരിടത്തും ഗുരു പരാമർശിച്ചിട്ടില്ല.
‘ഈഴവൻ എന്നത്​ ജാതിപ്പേരാണോ?
ദേശപ്പേരല്ലേ?' എന്നു ഗുരു ചോദിക്കുന്നുണ്ട്. (ശ്രീനാരയണ വൈഖരി പു 105).

ഗുരുവിന്റെ ബദൽ പൗരോഹിത്യമുറ വ്യക്തമായ ഉദ്ദേശ്യങ്ങളിൽ നടപ്പാക്കിയതാണ്. പ്രാഥമികമായി ജന്മംകൊണ്ടുള്ള പൗരോഹിത്യാവകാശത്തെ അത് നിരസിക്കുന്നു. കർമം കൊണ്ട്​ ആർക്ക്​ എന്തു ജോലിയും ചെയ്യാമെന്ന അവകാശം ജനകീയമാക്കി.

ആ നിലക്ക്, ജാതിസ്നേഹികൾ എങ്ങനെയൊക്കെ ‘ഈഴവശിവൻ' എന്നു സാക്ഷ്യപ്പെടുത്താൻ നോക്കിയാലും ജാതിസ്നേഹത്താൽ ചമച്ച എന്തൊക്കെ തെളിവുനിരത്തിയാലും ഗുരുവിന്റെ നാവിൽനിന്ന്​ അത്തരമൊരു പ്രയോഗം ഉണ്ടായി എന്നു സ്ഥാപിക്കുന്നത് ഗുരുനിന്ദയാണ്. ഗുരുവിന്റെ രചനകളിലോ സംഭാഷണങ്ങളിലോ ഒന്നും സമാനമായി പറയാവുന്ന ഒരുഭാഷാ തെളിവും ലഭ്യമല്ല. ഈ ‘ഈഴവ അവകാശവാദം' ഗുരുവിന്റെ പ്രവർത്തനങ്ങളുടെയെല്ലാം നന്മ കെടുത്തുന്നതാണ്. ഗുരുവിനെ ജാതിഗുരുവാക്കുന്നതിന്റെ വികലമുഖമാണിതെന്നറിയുക. ഗുരുവിന്റെ ദർശനമറിഞ്ഞ്​ ജാതി കളിക്കുകയെന്നേ ഓർമിപ്പിക്കാനുള്ളു.

ഗുരുവിന്റെ ബദൽ പൗരോഹിത്യമുറ വ്യക്തമായ ഉദ്ദേശ്യങ്ങളിൽ നടപ്പാക്കിയതാണ്. പ്രാഥമികമായി ജന്മംകൊണ്ടുള്ള പൗരോഹിത്യാവകാശത്തെ അത് നിരസിക്കുന്നു. കർമം കൊണ്ട്​ ആർക്ക്​ എന്തു ജോലിയും ചെയ്യാമെന്ന അവകാശം ജനകീയമാക്കി. പൗരോഹിത്യം വർണേതരമാക്കി, അഭേദം സ്ഥാപിച്ചു എന്നിങ്ങനെ വ്യത്യസ്തതലത്തിൽ അനുഭവമായി മാറുന്നു. പൗരോഹിത്യം അബ്രാഹ്മണീയമാകുന്നതോടെ പൗരോഹിത്യ അധീശത്വം അപനിർമിക്കപ്പെടും. ബദൽ പൗരോഹിത്യത്തിലൂടെ ദൈവവും മനുഷ്യരും തമ്മിലുള്ള അകലം കുറഞ്ഞുവെന്നത്​ മറ്റൊരു ഫലമാണ്. ഇതിലേറെ ബോധത്തിൽ അടിഞ്ഞിരിക്കുന്ന ബ്രാഹ്മണഭയം / ദൈവഭയം ലഘൂകരിക്കപ്പെട്ടു. വിശാലാർത്ഥത്തിൽ, തികച്ചും ഒരു തലതിരിച്ചിടലിലൂടെ ഗുരു അപനിർമിച്ചത് നൂറ്റാണ്ടുകളുടെ ബ്രാഹ്മണ അധീശത്വത്തെയാണ്.

പൗരോഹിത്യം ആർജിതശീലമാകുന്നതോടെ, നഷ്ടപ്പെടുന്നത് ബ്രാഹ്മണരുടെ സ്മൃതി ശ്രുതി പൈതൃകമാണ്; എക്കാലത്തേക്കുമായി ലഭിച്ചിരിക്കുന്ന പൈതൃകാവകാശമാണ്. ഉറവവറ്റാത്ത വലിയൊരു ചരിത്രമൂലധനമാണ്. ഇതിലെ അപകടം മനസിലാക്കിയ സവർണർ ഗുരുവിന്റെ ബദൽ പൗരോഹിത്യ രാഷ്ട്രീമുറയെ തടയാനുള്ള വഴി തെരഞ്ഞു. സവർണപക്ഷത്തെ പുരോഗമനവാദികളും ഇന്ത്യൻ നാഷണൽ കോൺഗ്രസും കൂടിച്ചേർന്ന്​ അയിത്തോച്ചാടനവും അവർണരുടെ ക്ഷേത്രപ്രവേശനവും രാഷ്ട്രീയ അജണ്ടയാക്കിയതോടെ ഗുരുവിന്റെ ബദൽമുറക്ക്, അതായത് പ്രതിഷ്ഠ നടത്താനും പൂജനടത്താനും എല്ലാ ജനങ്ങൾക്കും അവകാശമുണ്ടെന്നു സ്ഥാപിക്കുകയായിരുന്ന ഗുരുവഴിക്ക്​ മങ്ങലേറ്റു.

അരുവിപ്പുറം ക്ഷേത്രം. 'പൗരോഹിത്യം അബ്രാഹ്മണീയമാകുന്നതോടെ പൗരോഹിത്യ അധീശത്വം അപനിർമിക്കപ്പെടും. വിശാലാർത്ഥത്തിൽ, തികച്ചും ഒരു തലതിരിച്ചിടലിലൂടെ ഗുരു അപനിർമിച്ചത് നൂറ്റാണ്ടുകളുടെ ബ്രാഹ്മണ അധീശത്വത്തെയാണ്.'

ഗുരുവിന്റെ ബദൽരീതി അനുവദിച്ചാൽ സവർണവിഭാഗത്തിന്റെ നഷ്ടം വലുതാണ്. അതിനെക്കാൾ സൗകര്യം ക്ഷേത്രപ്രവേശനം അനുവദിക്കലാണ് എന്ന സർജിക്കൽ സ്‌ട്രൈക്ക് നിലവിൽവന്നു. അവർണർക്ക്​ ക്ഷേത്രപ്രവേശനം അനുവദിച്ചുകിട്ടിയതോടെ, പൗരോഹിത്യം ബ്രാഹ്മണരിൽ വീണ്ടും സുരക്ഷിതമായി. ശ്രീകോവിൽ പ്രവേശനവും പൂജാവകാശവും സംരക്ഷിക്കാൻ ബ്രാഹ്മണർക്കായി. ഗുരു ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടിട്ടില്ല, പകരം ബദൽ ക്ഷേത്രങ്ങൾ നിർമിക്കുകയായിരുന്നു. പൗരോഹിത്യം ആർജിക്കുന്ന ഗുരുവിന്റെ ബദൽമുറയുടെ നവോത്ഥാന സാധ്യതകൾ അനന്തമായിരുന്നു. രാഷ്ട്രീയ ഇടപെടലിലൂടെ ഗുരുവിന്റെ ബദൽ പദ്ധതി തകർക്കാൻ കഴിഞ്ഞെങ്കിലും അവർണ്ണർക്ക് സവർണക്ഷേത്രങ്ങളിൽ പ്രവേശനാനുമതി ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ലഭിച്ചുവെന്നത് നവോത്ഥാനമായി കൊണ്ടാടുന്നു.

ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് ശക്തമായ പ്രേരണയായത് ഗുരുവിന്റെ പൗരോഹിത്യ പ്രയോഗമാണെന്നത് മറക്കണ്ട. വരേണ്യ താല്പര്യസംരക്ഷണാർഥം രാഷ്ട്രീയമായി പുരോഗമനപരമാണെന്ന പേരിൽ ബദൽക്രിയകളെ ഘടന ഉൾക്കൊള്ളുന്നതിന്റെ ഉത്തമമാതൃകയാണിത്. ബദൽപൗരോഹിത്യമുറയിലും ഗുരുവിന്​ ഭാഗികമായേ വിജയിക്കാനായുള്ളൂ. ക്ഷേത്രപ്രവേശനാവകാശം സ്ഥാപിച്ചെടുക്കലല്ലായിരുന്നു ഗുരുവിന്റെ ലക്ഷ്യം.

ക്ഷേത്രനിർമിതി

ഗുരു എന്തിന്​ ക്ഷേത്രങ്ങൾ നിർമിച്ചു? ക്ഷേത്രങ്ങൾ നാട്ടുനടപ്പനുസരിച്ച്​ശ്രീകോവിലും നാലമ്പലവും വിളക്കുമാടവും ഒക്കെച്ചേർന്ന ഒരു സമുച്ചയമാണ്. കൃത്യമായ വാസ്തുശാസ്ത്ര നിർമിതികളാണ്. മതസ്ഥാപനങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. കൂത്തമ്പലം അവതരണകലകളുടെ പ്രദർശനവേദിയാണ്. അതായത്, സവർണ സംസ്‌കാരത്തിന്റെ പ്രമുഖ സ്ഥാപനമാണ് ക്ഷേത്രം. ഈ സ്ഥാപനത്തിൽ അവർണർക്ക് ജാതീയമായ കാരണങ്ങൾമൂലം ആരാധനാസ്വാതന്ത്ര്യം ഇല്ല. ഗുരു ഈ അവസ്ഥയോട് പ്രതികരിച്ചതെങ്ങനെയാണ്? ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെടുകയായിരുന്നില്ല. നിലവിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശനത്തിനല്ല, ഗുരു ശ്രമിച്ചത്. മറിച്ച്​, സമാന്തര ക്ഷേത്രസംസ്‌കൃതി രൂപീകരിക്കലയിരുന്നു ബദലായി മുന്നോട്ടുവച്ചത്. ഇതാകട്ടെ, ക്ഷേത്രസംസ്‌കൃതിയിലെ ബ്രാഹ്മണനിഷ്ഠമായ പൂജാക്രമങ്ങളെയെല്ലാം മാറ്റിക്കൊണ്ടുള്ള അവർണ ദൈവശാസ്ത്രനിർമിതിയായിരുന്നു.

ദ്രാവിഡ ദൈവങ്ങളെയും ആചാരങ്ങളെയും ഉപേക്ഷിപ്പിച്ചു ഹിന്ദുദൈവങ്ങളെ പകരംവച്ചതല്ലേ എന്നൊക്കെ ഗുരുവിനെതിരെ വിമർശനം ഉയർന്നുവന്നിട്ടുണ്ട്. അധമലോകത്തിൽനിന്ന്​ അവർണരെ മോചിപ്പിക്കുന്നതിനൊപ്പം ഭേദം ഇല്ലാതാക്കുന്നതുമായ ഒരു സാംസ്‌കാരിക പ്രവർത്തനമായിരുന്നു ഗുരു ചെയ്തത്.

എല്ലാവർക്കും പ്രവേശനമുള്ള ക്ഷേത്രമെന്ന തുറന്ന സങ്കൽപമാണവതരിപ്പിച്ചത്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനവും’ എന്നെഴുതിയതും അതുകൊണ്ടാണ്. ആരാധനാ സ്വാതന്ത്ര്യത്തോടൊപ്പം ഒത്തുകൂടലിനും ആശയസംവാദത്തിനും വിദ്യാപ്രസരണത്തിനുമുള്ള പൊതുഇടം എന്ന നിലയിലാണ് ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. സമാന്തരമായി ക്ഷേത്രങ്ങൾ നിർമിക്കുകയായിരുന്നു പദ്ധതി. ഇതിനുപിന്നിൽ മൂന്നു ലക്ഷ്യങ്ങൾ വ്യക്തമാണ്.
സവർണദൈവങ്ങളെ തങ്ങളുടേതുമാക്കുന്ന ആർജനപ്രക്രിയ.
ഒപ്പം, മദ്യവും ജന്തുബലിയും നടത്തിവരുന്ന നാട്ടുആരാധനാക്രമത്തിൽനിന്ന്​ മോചിപ്പിക്കുക എന്ന ഉപേക്ഷിക്കൽ പ്രക്രിയ.
മൂന്നാമതായി ക്ഷേത്രത്തെ അബ്രാഹ്മണികരിക്കുക.

സവർണ ക്ഷേത്ര സങ്കല്പത്തിനും സങ്കീർണമായ ആരാധനാക്രമത്തിനും പകരം ലളിതമായ രീതികൾ ആവിഷ്‌കരിച്ചു. ബദൽവ്യവസ്ഥ ഏർപ്പാടാക്കി. ഇത്​സവർണീകരണമല്ലേ, ദ്രാവിഡ ദൈവങ്ങളെയും ആചാരങ്ങളെയും ഉപേക്ഷിപ്പിച്ചു ഹിന്ദുദൈവങ്ങളെ പകരംവച്ചതല്ലേ എന്നൊക്കെ ഗുരുവിനെതിരെ വിമർശനം ഉയർന്നുവന്നിട്ടുണ്ട്. യഥാർത്ഥത്തിൽ അധമലോകത്തിൽനിന്ന്​ അവർണരെ മോചിപ്പിക്കുന്നതിനൊപ്പം ഭേദം ഇല്ലാതാക്കുന്നതുമായ ഒരു സാംസ്‌കാരിക പ്രവർത്തനമായിരുന്നു ഗുരു ചെയ്തത്. സമാന്തര അവർണ ദൈവശാസ്ത്രം നിർമിച്ചെടുക്കുകയിരുന്നു. അതുകൊണ്ടാണ്, സവർണക്ഷേത്ര സങ്കല്പത്തെ പിൻതുടരാതെ ഗുരുവിന്റെ ബദൽമുറയായി ഇതുമാറുന്നത്.

സമാന്തരമായ ഹൈന്ദവ മത ആരാധനാവകാശം നേടികൊടുത്തു ഗുരു. അധഃസ്ഥിതരെ ജാതിഭയത്തിൽനിന്ന്​ മോചിപ്പിച്ചെടുക്കാൻ ക്ഷേത്രസംരംഭം സഹായിക്കുമെന്നു കരുതിയാണ് പൊതുവിടമായി ക്ഷേത്രങ്ങളെ വിഭാവനം ചെയ്തത്. ക്രമേണ, ഈ ക്ഷേത്രങ്ങൾ സമുദായയിടമായി പരിണമിച്ചു. അതായത് ഈഴവേതര അവർണർക്ക് ക്ഷേത്രം വീണ്ടും നിഷേധിച്ച്​ ഈഴവർ ഗുരുവിനെ നിന്ദിച്ചു. ഗുരുവിരുദ്ധരായ ഈഴവർ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചും ഗുരുവിനു ക്ഷേത്രം പണിഞ്ഞും ഗുരുവിന്റെ ക്ഷേത്രവിപ്ലവത്തെ കൂടുതൽ മലിനമാക്കുന്നു.
കേരളം ജന്മമേകിയ ഉത്തമനായ ജൈവബുദ്ധിജീവി പ്രയോഗികമാക്കിയ, ലോകമാതൃകയാക്കി മാറ്റാൻ പര്യാപ്തമായ അഭേദ പ്രതിരോധമുറയെ നാം അറിഞ്ഞുകൊണ്ടുതന്നെ അവഗണിച്ചു.

ശത്രുപക്ഷത്തെ ഹിംസാത്മകമായി നേരിടുകയാണ് പ്രതിരോധത്തിന്റെ ആവസായിടമായി മാറിയ കേരളം ഉയർത്തിക്കാണിക്കുന്ന മുദ്രാവാക്യം. അഹിംസാത്മക പ്രതിരോധം ഗാന്ധിക്കുമുന്നേ കേരളത്തിൽ നടപ്പാക്കിയ ഗുരുവഴിയെ കാണാത്ത നമ്മളാണ് നവോത്ഥാന വ്യവഹാരത്തിൽ അഭിമാനിക്കുന്നത് എന്നുകൂടി ഓർക്കുമ്പോൾ നാം എങ്ങോട്ടാണ് വളരുന്നത് എന്ന് ആലോചിച്ചേമതിയാവൂ. നവോത്ഥാന തുടർച്ച നഷ്ടപ്പെടുത്തിയതാരാണ്? ജാതിമത വർഗീയത പുനഃസ്ഥാപിച്ചവർ ആരൊക്കെയാണ്? ഉത്തരവാദികളെ കണ്ടെത്താതെ, നവോത്ഥാന വിഛേദമായി കടന്നുകൂടിയ പിഴവുകൾ പരിഹരിക്കാതെ നമുക്കു രാഷ്ട്രീയപ്രബുദ്ധമായ കേരളം എന്ന്​ ഊറ്റം കൊള്ളാമോ? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments