ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ) ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലെന്ത്?

Truecopy Webzine

ഹിന്ദുത്വത്തിലേക്കെത്തിക്കുന്ന ഒരു പാതയായി ഹിന്ദുയിസത്തെ ഉപയോഗ്യയോഗ്യമാക്കുക എന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഹിന്ദുത്വത്തെ സഹായിക്കാത്ത ഹിന്ദുയിസത്തെ അവർക്കാവശ്യമില്ല. ഗാന്ധിവധത്തിലേയ്ക്ക് ഹിന്ദുത്വ ഫാസിസ്റ്റുകളെ നയിച്ചത് ഇക്കാര്യമാണ്. അതുകൊണ്ട് അതിന്റെ തന്നെ ഉറവുകളെ ചോദ്യം ചെയ്യുന്ന നവോത്ഥാനാന്തര ഹിന്ദുവിനെ, അത് ഹിന്ദു എന്ന പേര് കാനേഷുമാരിക്കണക്കിൽ പേറുന്ന പിന്നോക്കക്കാരോ ദളിതരോ സവർണ വിമതരോ മറ്റുള്ളവരോ ആകാം, അവർക്കാവശ്യമില്ല. നവോത്ഥാനവും നവോത്ഥാനന്തരതയും ഹിന്ദു പ്രമാണങ്ങൾ എന്ന് ഹിന്ദുത്വ ശാശ്വതവത്കരിക്കാൻ ശ്രമിച്ച ഗ്രന്ഥങ്ങളെ പ്രശ്നവത്കരിച്ചത് കൊണ്ടാണ് അതിനോട് അവർക്ക് ഉള്ളാലെ ഒരു കണക്ക് ബാക്കിനിൽക്കുന്നത്. രാമസ്വാമി നായ്ക്കർ കീമായണവും കുമാരനാശാൻ ചിന്താവിഷ്ടയായ സീതയും എഴുതി. അതിനും മുൻപേ തന്നെ മഹാബലി കേരളത്തിലെങ്കിലും വാമനനെ വില്ലനാക്കി. വടക്കൻ കേരളത്തിൽ രാമൻ വധിച്ച ബാലി തെയ്യമായി, ദൈവമായി. ഇങ്ങനെ ഹിന്ദുത്വത്തോടിടയുന്ന ഹിന്ദുയിസം പതുക്കെ പതുക്കെ യാഥാസ്ഥിതികതയ്ക്കപ്പുറം ഒരു ആധുനിക സ്ഥലിയിലേയ്ക്കു നീങ്ങുമ്പോഴാണ് ഈ നിഷ്‌കളങ്കാഖ്യാനങ്ങൾ ഉണ്ടാകുന്നത്. ജാതിവിരുദ്ധസമരങ്ങൾ തിരുവിതാംകൂറിനെ തകിടം മറിക്കുന്ന കാലത്താണ് കൊട്ടാരത്തിൽ ശങ്കുണ്ണീയുടെ ഐതിഹ്യമാല സംഭവിക്കുന്നത്. പിൽക്കാല മുതലാളിത്തത്തിന് ബി പോസിറ്റീവ് പുസ്തകങ്ങൾ എങ്ങനെയായിരുന്നോ അതുപോലെ ഒന്നായിരുന്നു മായുന്ന ഫ്യൂഡലിസത്തിന് ഐതിഹ്യമാല. ഹിറ്റ്‌ലറുടെ
ഫാസിസത്തിനും സ്റ്റാലിന്റെ സമഗ്രാധിപത്യത്തിനും ബാലസാഹിത്യത്തോളം എത്തുന്ന നിഷ്‌കളങ്കസാഹിത്യം ഉണ്ടായിരുന്നു. സംക്രമണഘട്ടങ്ങളിൽ ഉണ്ടാകുന്ന നിഷ്‌കളങ്കാഖ്യാനങ്ങൾ അബോധത്തിൽ അത്ര നിഷ്‌കളങ്കമല്ല എന്നാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

തന്റെ ആത്മകഥയിലൂടെ ഹിന്ദുത്വത്തെ സാമാന്യവത്കരിക്കാനുള്ള ശ്രീ എമ്മിന്റെ ശ്രമങ്ങളെയും, ഇടതുപക്ഷം അതിനു നൽകുന്ന സ്വീകാര്യതയിലെ വൈരുദ്ധ്യവും പരിശോധിക്കുകയാണ് പി.എൻ ഗോപീകൃഷ്ണൻ ട്രൂക്കോപ്പി വെബ്‌സീൻ പാക്കറ്റ് 15-ൽ എഴുതി ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ) ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലെന്ത്? എന്ന ലേഖനത്തിൽ.

ആത്മീയാചാര്യനും സത്‌സംഗ് ഫൗണ്ടേഷൻ സ്ഥാപകനുമായ ശ്രീ എമ്മിന് യോഗ സെന്റർ ആരംഭിക്കാൻ തിരുവനന്തപുരത്ത് നാലേക്കർ ഭൂമി നൽകാനുള്ള ഇടതു സർക്കാറിന്റെ തീരുമാനവും, തുടർന്നുണ്ടായ സംവാദങ്ങളിൽ ഇടതുപക്ഷം ശ്രീം എമ്മിന് നൽകിയ സ്വീകാര്യതയുമാണ് ലേഖനത്തിന്റെ പശ്ചാത്തലം.

ഹിന്ദുത്വവാദികളുടെ "മുസ്‌ലിം' നിർവചനങ്ങൾക്ക് അനുസൃതമായ, മുംതാസ് അലിയിൽ നിന്ന് ശ്രീ എമ്മിലേക്കുള്ള പരിണാമത്തെ വിശദമായി വിശകലനം ചെയ്യുന്ന ലേഖകൻ, സ്വത്വപരമായ ആനുകൂല്യം മുതലെടുത്ത് മുസ്‌ലിം ന്യൂനപക്ഷത്തെ ഹിന്ദുവിരുദ്ധരായി ചിത്രീകരിച്ചു കൊണ്ടുള്ള ശ്രീ എമ്മിന്റെ നിഷ്‌കളങ്ക ആഖ്യാനങ്ങളേയും തുറന്നു കാട്ടുന്നു.

ശ്രീനാരായണ ഗുരുവിനേയും ഗാന്ധിയേയും കുറിച്ചുള്ള ഹിന്ദുത്വവാദികളുടെ ആഖ്യാനങ്ങളെ മുൻനിർത്തി, ഹിന്ദുയിസം എന്നാൽ ഹിന്ദുത്വം ആണെന്ന സമീകരണത്തിലെ അപകടങ്ങളെക്കുറിച്ചും ലേഖനം ചർച്ച ചെയ്യുന്നു.

എം. എം. ബഷീറിന്റെ രാമായണവ്യാഖാനം മുതൽ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം വരെ തടയുന്ന വിധത്തിൽ ഹിന്ദുത്വശക്തികളുടെ വളർച്ച ഉണ്ടായതിനുപിന്നിൽ ശ്രീ എമ്മിന്റെ ആത്മകഥ പോലുള്ള രചനകൾ മുന്നോട്ടുവെക്കുന്ന നിഷ്‌കളങ്കാഖ്യാനങ്ങൾക്കും പങ്കുണ്ട് എന്ന യാഥാർത്ഥ്യം നിലനിൽക്കെ, ഇക്കാര്യത്തിൽ ഇടതുപക്ഷ സർക്കാറിന്റെ നിലപാട് പ്രതിലോമകരമാണെന്ന് ലേഖകൻ സ്ഥാപിക്കുന്നു.

Comments