സണ്ണി എം. കപിക്കാട്​

കഥയിൽ ചെറിയൊരു ട്വിസ്​റ്റ്​,

വാമനനെ ഉയർത്തികൊണ്ടുവരാൻ ആയിരക്കണക്കിന് കഥകളുമായി അവർ വരും. സീരിയലായിട്ടും മിത്തുകളായിട്ടും കഥകളായിട്ടും പുസ്തകമായിട്ടും കഥാപ്രസംഗരൂപത്തിലും അമ്പലത്തിലെ പ്രസംഗരൂപത്തിലുമൊക്കെ അത്തരം കഥകൾ ഇനി വന്നുകൊണ്ടിരിക്കും. ആവർത്തിച്ചുവരുന്നതോടെ ഇത് നോർമലൈസ് ചെയ്യപ്പെടും.

മഹാബലിക്കുപകരം വാമനൻ,
​അത്രമാത്രം

കെ. കണ്ണൻ: ഓണം, മലയാളിയെ സംബന്ധിച്ച ഒരു സമത്വസുന്ദര ആഘോഷമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അത്തരമൊരു സമത്വസുന്ദരമായ കാലമോ സന്ദർഭമോ കേരളത്തിന്റെ ചരിത്രത്തിൽ എന്നെങ്കിലും ഉണ്ടായിരുന്നതായി പറയാൻ കഴിയുമോ? യഥാർഥത്തിൽ ഓണം ഏതുതരം മലയാളിയുടെ ആഘോഷമായിരുന്നു?

സണ്ണി എം. കപിക്കാട്​: മലയാളിക്ക് സമത്വസുന്ദരമായ ഭൂതകാലമുണ്ടായിരുന്നുവെന്നതിന് ചരിത്രത്തിൽ ഒരു തെളിവുമില്ല. മാത്രമല്ല, വളരെ അനാരോഗ്യകരമായ പ്രവണതകൾ സമൃദ്ധമായുണ്ടായിരുന്ന സമൂഹവുമായിരുന്നു മലയാളികൾ. അടിമക്കച്ചവടം മുതൽ അധികാരപ്രമത്തതയുള്ള ലൈംഗികബന്ധം മുതൽ, തികഞ്ഞ പുരുഷാധിപത്യവും ജാതിമേൽക്കോയ്മയും ഒക്കെയുണ്ടായിരുന്ന ഒരു സമൂഹം. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള സമത്വസുന്ദര ലോകം ഉണ്ടായിരുന്നുവെന്നത് കെട്ടുകഥ മാത്രമാണ്. ഒരുപക്ഷെ, ഇത്ര അനീതി നിറഞ്ഞ സമൂഹത്തിന്റെ മറുഭാവനയായിരിക്കാം ഓണം എന്ന പരികൽപന. തങ്ങൾക്കില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് മനുഷ്യർ നിർമിച്ചെടുക്കുന്ന മറുഭാവനകളിൽ പെട്ടതാകാം ഇത്.
വിപുലമായ തരത്തിൽ എല്ലാ മലയാളികളും പങ്കെടുക്കുന്ന ഒരു ഉത്സവമായി ഓണം ചരിത്രത്തിൽ നിലനിന്നിരുന്നുവോ എന്ന ചോദ്യമുണ്ട്. ഇല്ല എന്ന് നിസ്സംശയം പറയാം. ഓണത്തിന്റെ സ്വഭാവം തന്നെ ശ്രദ്ധിച്ചാൽ മതി. ഉദാഹരണത്തിന്, ഓണക്കോടി എന്ന സങ്കൽപം. മനുഷ്യർക്ക് ശുഭ്രവസ്ത്രം ധരിക്കാൻ ആചാരപരമായ വിലക്കുണ്ടായിരുന്ന ഒരു സമയത്ത് എങ്ങനെയാണ് എല്ലാവർക്കും ഓണക്കോടിയുടുക്കാൻ കഴിയുക?. മനുഷ്യർക്ക് ബ്ലൗസ് ധരിക്കാനോ മേൽമുണ്ടിടാനോ അവകാശമില്ലാത്ത ഒരു സമൂഹത്തിൽ എല്ലാവരും ഇതെല്ലാം ഉടുത്ത് ആട്ടും പാട്ടുമായി വന്നിരുന്നു എന്നത് മിത്താണ്. മാടമ്പി സംസ്‌കാരത്തിന്റെ വസ്ത്രധാരണരീതിയാണ് ഓണത്തിനുള്ളത്. നാടുവാഴിപ്രഭുക്കളുടെ ഡ്രസ് കോഡാണ് ഓണത്തിന്റേത്. അടിമക്കൂട്ടങ്ങളെ ചന്തകളിൽ കൊണ്ടുവന്ന് വിറ്റിരുന്ന ഒരിടത്ത് എല്ലാവരും ചേർന്ന് ഓണം ആഘോഷിച്ചുവെന്നു പറയുന്നത് ഒരു നുണയാണ്.

മലയാളി സമൂഹത്തിന്റെ ബഹുജനഭക്ഷണക്രമവുമായി ഓണത്തിന് ഒരു ബന്ധവുമില്ല. തൊണ്ണൂറു ശതമാനവും മീൻ കഴിച്ച് ജീവിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. ഓണം മുഴുവൻ മലയാളികളുടേതുമായിരുന്നുവെങ്കിൽ, ഈ ഭക്ഷണക്രമമായിരുന്നു ഓണത്തിന്റെയും ഭക്ഷണമായി വരേണ്ടിയിരുന്നത്.

മറ്റൊന്ന് ഓണസദ്യയാണ്. ആചാരപരമായി ഓണത്തിന്​ വെജിറ്റേറിയൻ ഭക്ഷണമേ കഴിക്കാവൂ. അത് സൂചിപ്പിക്കുന്നത്, മേൽജാതി സമൂഹങ്ങളുടെ ഭക്ഷണക്രമമാണ് ഓണത്തിന്റെ ഔദ്യോഗിക ഭക്ഷണം എന്നാണ്​. മലയാളി സമൂഹത്തിന്റെ ബഹുജനഭക്ഷണക്രമവുമായി ഓണത്തിന് ഒരു ബന്ധവുമില്ല. തൊണ്ണൂറു ശതമാനവും മീൻ കഴിച്ച് ജീവിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. ശാസ്ത്രീയ കൃഷി സമ്പ്രദായമൊന്നും ഉണ്ടായിരുന്നില്ല. കാടും പുഴകളുമായിരുന്നുവല്ലോ ഇവിടെ. അടുത്തകാലത്താണ് കൃഷി ചെയ്തു ജീവിച്ചുതുടങ്ങിയത്. കുട്ടനാട്ടിലൊക്കെ, 1940നുശേഷമാണ് കൃഷി ആരംഭിക്കുന്നതുതന്നെ. കരപ്രദേശങ്ങളിൽ കിഴങ്ങ് മാന്തിത്തിന്നുമൊക്കെയാണ് കീഴാളവർഗം കഴിഞ്ഞിരുന്നത്. ഇങ്ങനെയുള്ള ഒരിടത്ത് ഓണം പോലൊരു ഉത്സവം നടന്നിരുന്നുവെന്നത് ഭയങ്കരമായ ഒരു കള്ളത്തരമാണ്.
ഓണം മുഴുവൻ മലയാളികളുടേതുമായിരുന്നുവെങ്കിൽ, ഈ ഭക്ഷണക്രമമായിരുന്നു ഓണത്തിന്റെയും ഭക്ഷണമായി വരേണ്ടിയിരുന്നത്. അങ്ങനെയല്ല സംഭവിച്ചത്. അതേസമയം, ഓണത്തിന്​ മീനും ഇറച്ചിയും പാടില്ല എന്ന് കീഴ്​ത്തട്ട്​സമൂഹങ്ങളിൽപോലും വിലക്കുണ്ടായിരുന്നു.

ഉദയംപേരൂർ സുന്നഹദോസിൽ, സുറിയാനി ക്രിസ്ത്യാനികളോട് പറയുന്ന വിലക്കുകളുണ്ട്. അതിൽ ഓണത്തിന്​ മൈതാനങ്ങളിൽ പോയി നായന്മാരുടെ കൂടെ ഓണക്കളിയിലും മറ്റും ഏർപ്പെടുന്നത്​ വിലക്കുന്നുണ്ട്, ‘അത് നമ്മുടേതല്ല’ എന്നാണ്​ കാരണമായി പറയുന്നത്​.

അതുകൊണ്ടുതന്നെ ഓണം എല്ലാവരുടേതുമാണ് എന്നത് വെറുതെ പറയുന്ന ഒരു കാര്യമാണ്. കേരളത്തിലെ പ്രാദേശിക ഭൂവുടമകളുടെയും തറവാടികൾ എന്നുവിളിക്കുന്ന ജാതിക്കൂട്ടങ്ങളുടെയെുമൊക്കെ ആഘോഷമായിരുന്നിരിക്കാൻ വഴിയുണ്ട്. അങ്ങനെ ഓണം അവരുടേതായി ചരിത്രത്തിൽ നിലനിന്നിരിക്കാം. അങ്ങനെ നോക്കുമ്പോൾ, വളരെ പരിമിതമായ അർഥത്തിലാണത് സമൂഹത്തിലുണ്ടായിരുന്നത് എന്ന് കാണാൻ കഴിയും. സമ്പൂർണമായും സവർണാഘോഷമാണ്. സവർണ അഭിരുചിയാണ് ആഘോഷിക്കപ്പെടുന്നത്, വസ്ത്രവും ഭക്ഷണവും കളികളുമെല്ലാം അങ്ങനെയാണ്​. ഫലത്തിൽ ഓരോ ഓണം കഴിയുമ്പോഴും മലയാളം എന്നത് സവർണ മധ്യവർഗ പുരുഷന്റെ നാടാണ് എന്നത് വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ഓണം ആഘോഷിക്കാത്ത വിഭാഗവുമുണ്ട് കേരളത്തിൽ, അവർ നമ്പൂതിരിമാരാണ്. അവർ വാമനജയന്തിയാണ് ആഘോഷിക്കുക. ഈ വാമനജയന്തിയാണ് ഇപ്പോൾ ഓണത്തിനുപകരം വക്കപ്പെടുന്നത്. മഹാബലി ഒരു ദിവസം വരുന്നു എന്ന, മലയാളികൾ പൊതുവേ വിശ്വസിച്ചിരുന്ന മിത്തല്ല നമ്പൂതിരിമാർ വിശ്വസിച്ചിരുന്നത്. വാമനവിജയമാണ് അവർ ആഘോഷിച്ചിരുന്നത്. അതിനെ ദേശീയോത്സവമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

പട്ടം എ. താണുപിള്ള

പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോഴാണ് ഓണം മലയാളികളുടെ ദേശീയോത്സവമായി പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്​ വളർന്നുവന്ന മാർക്കറ്റ് ഓണത്തെ ഏറ്റെടുത്തു. പലതരത്തിൽ ഭരണകൂടം അതിനെ പ്രമോട്ട് ചെയ്തു. ഇപ്പോൾ ഓണം എന്നാൽ മാർക്കറ്റായി മാറിയിട്ടുണ്ട്. വലിയ സാമ്പത്തിക ശക്തികളാണ് ഓണത്തിന്റെ ഇപ്പോഴത്തെ സ്‌പോൺസർമാർ.
പരമ്പരാഗത നാടുവാഴി പ്രഭുക്കളുടേതിൽനിന്ന് മാർക്കറ്റിന്റേതായി മാറിയപ്പോൾ, ഓണാഘോഷത്തിനുപിന്നിൽ വേറെ ബലതന്ത്രമാണ് പ്രവർത്തിക്കുന്നത്. സ്‌റ്റേറ്റ് സ്‌പോൺസഡേ് പരിപാടിയാണിത്.

ബഹുജനങ്ങളുടെ ആഘോഷമാണ് ഓണം എന്നു കാണാൻ തക്ക എലമെന്റുകളൊന്നും ഇല്ല. അതേസമയം, ഓണം ബഹിഷ്‌കരിക്കണം എന്ന വാദത്തെ ഞാൻ കാര്യമായി കാണുന്നില്ല. അതിനെ ആദർശവൽക്കരിച്ചുകാണുന്നതിലും കാര്യമില്ല.

ബ്രാഹ്മണ്യം നടത്തുന്ന ഒരു ഇൻക്ലൂസീവ് പ്രക്രിയയിൽ ഓണവുമുണ്ട്. അതിന്റേതായ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും മറ്റും വ്യാജ സാംസ്‌കാരിക നിർമിതിയും അവർ നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാവുന്ന തരത്തിൽ, പുതിയ കാലത്ത്, കീഴാളതയുടേതായ ഒരു എലമെൻറ്​ ഓണത്തിൽനിന്ന് വേർതിരിച്ചെടുക്കാൻ കഴിയുമോ?

ബ്രാഹ്മണ്യത്തിന് ഏറ്റെടുക്കാവുന്ന വിധം നിർമിച്ചുവച്ചിരിക്കുന്ന ഒരു സംഗതിയാണ് ഓണം. അതല്ലാതെ ബഹുജനസംസ്‌കാരത്തെ തട്ടിക്കൊണ്ടുപോകുകയല്ല ചെയ്തത്. ബഹുസ്വര സംസ്‌കാരത്തിന്റെ വിവിധ ഘടകങ്ങളെ പുറന്തള്ളി കേരളത്തിലെ ശൂദ്രജാതിയുടെ സിംബലുകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു സംഗതിയുടെ നിർമിതി.

നമ്മളെല്ലാവരും രാമായണവും രാമനും കൊള്ളാവുന്ന ഒന്നാണെന്നാണ് പറഞ്ഞുനടക്കുന്നത്. അവസാനം അവർ അതുതന്നെ ഫ്രെയിം ചെയ്യുന്നു. കാരണം അതിന്റെ അകകാമ്പ് അവരുടേതാണ്, അത് അവർക്ക് നല്ല ഉറപ്പാണ്. നമ്മൾ പുറമേക്ക് എന്തൊക്കെ പറഞ്ഞാലും രാമന്റെ അയോധ്യയിൽ ബ്രാഹ്‌മണ്യരാഷ്ട്രവാഴ്ചയുടെ അകകാമ്പാണുള്ളതെന്ന് വ്യക്തമാണ്. വേറെ ആർക്കും ദാനം കൊടുക്കാതെ ബ്രാഹ്‌മണർക്കുമാത്രമേ രാമൻ ദാനം കൊടുത്തിട്ടുള്ളു. ബഹുജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, രാജാവിന്റെ യശസ്സ് നിലനിർത്താൻ, അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെല്ലാം ഉള്ളടക്കത്തിൽ ബ്രാഹ്‌മണ്യാധികാരത്തിന്റെ സംഗതികൾ തന്നെയാണ്. എന്നിട്ടും രാമനും രാമായണവും മഹത്തരമാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നു. തക്ക സമയമാവുമ്പോൾ അവരതിനുമേൽ അവകാശവാദം ഉന്നയിക്കുന്നു.

മലയാളിയുടെ ജീവിതക്രമത്തിലുണ്ടാക്കുന്ന മാറ്റം തന്നെ ഓണം പോലുള്ള ‘ശൂദ്ര പ്രൈഡി’നെ റദ്ദ്​ ചെയ്യുന്നുണ്ടെന്നാണ്​ ഞാൻ കരുതുന്നത്​. ആ നിലക്ക് ബഹുജന സംസ്‌കൃതി എന്ന സംഗതി ഓണത്തിന്റെ ബ്രാഹ്‌മണിക്കൽ പ്രൈഡിനോട്​ സ്വയമേവ പ്രതിരോധമുണ്ടാക്കുന്നുണ്ട്​.

ഇതേ പ്രശ്‌നം ഓണത്തിനുമുണ്ട്. അവരുടെ സാംസ്‌കാരിക ബിംബങ്ങളും പ്രതീകങ്ങളും വിന്യസിച്ചുകൊണ്ടാണ് ഓണം ഇപ്പോൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അവരിപ്പോൾ അതിനുമേലും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. അവർക്ക് ഈ കഥയിൽ ചെറിയൊരു ട്വിസ്റ്റ് മാത്രം മതി- മഹാബലിയെ മാറ്റി ആ സ്ഥാനത്ത് വാമനനെ കൊണ്ടുവന്നാൽ മതി. ഇങ്ങനത്തെ കഥകളുണ്ടാക്കാൻ ഇന്ത്യയിലെ ബ്രാഹ്‌മണർ വളരെ മിടുക്കരാണ്. വാമനനെ ഉയർത്തികൊണ്ടുവരാൻ ആയിരക്കണക്കിന് കഥകളുമായി അവർ വരും. സീരിയലായിട്ടും മിത്തുകളായിട്ടും കഥകളായിട്ടും പുസ്തകമായിട്ടും കഥാപ്രസംഗരൂപത്തിലും അമ്പലത്തിലെ പ്രസംഗരൂപത്തിലുമൊക്കെ അത്തരം കഥകൾ ഇനി വന്നുകൊണ്ടിരിക്കും. ആവർത്തിച്ചുവരുന്നതോടെ ഇത് നോർമലൈസ് ചെയ്യപ്പെടും. ഇങ്ങനെ ബ്രാഹ്‌മണ്യം സമൂഹത്തിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുപിന്നിൽ ഇങ്ങനെയൊരു മെക്കാനിസം പ്രവർത്തിക്കുന്നുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. പൊതുജനപക്ഷത്തുനിന്നോ ബഹുസ്വര സംസ്​കാരധാരകളിൽ നിന്നോ എന്തെങ്കിലും പ്രതിരോധസാധ്യതയുണ്ടോ അതോ ​കീഴടങ്ങുകയാണോ വേണ്ടത്​ എന്നൊരു കാര്യമുണ്ട്​.

യഥാർഥത്തിൽ ഇതിൽ ഒരു വിഭജനം സംഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വസ്​ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിലാണ്​ നമുക്ക്​ ഇടപെടൽ നടത്താൻ കഴിയുക. ഡ്രസ്‌കോഡിന്റെ കാര്യമെടുക്കാം. മലയാളി ഒരു യൂണിവേഴ്സ​ൽ ഡ്രസ്‌കോഡിലാണ് ജീവിക്കുന്നത്. അതിൽനിന്ന് ഇവർ പറയുന്ന പരമ്പരാഗതമായ വസ്ത്രധാരണവാദത്തിനൊന്നും വലിയ നിലനിൽപ്പുണ്ടാവില്ല. രണ്ടാമത്തെ കാര്യം ഭക്ഷണമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു ഗ്ലോബൽ സമീപനം മലയാളി സ്വീകരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഒരു ദിവസം വെജിറ്റേറിയൻ കഴിക്കണം എന്ന ആശയത്തിന് വലിയ ആയുസ്സുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ന് ഓണത്തിന് എല്ലാവരും നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പാചകം ചെയ്യുന്നതും വ്യാപകമാകുകയാണ്. ഇങ്ങനെ ഭക്ഷണരീതി തന്നെ മാറുകയാണ്. ഇത്തരത്തിൽ മലയാളിയുടെ ജീവിതക്രമത്തിലുണ്ടാക്കുന്ന മാറ്റം തന്നെ ഓണം പോലുള്ള ‘ശൂദ്ര പ്രൈഡി’നെ റദ്ദ്​ ചെയ്യുന്നുണ്ടെന്നാണ്​ ഞാൻ കരുതുന്നത്​. ആ നിലക്ക് ബഹുജന സംസ്‌കൃതി എന്ന സംഗതി ഓണത്തിന്റെ ബ്രാഹ്‌മണിക്കൽ പ്രൈഡിനോട്​ സ്വയമേവ പ്രതിരോധമുണ്ടാക്കുന്നുണ്ട്​. അത് നമ്മൾ കാണാതിരിക്കുന്നതുകൊണ്ടാണ്​. അത്​ സംഘടിതമൊന്നുമായിരിക്കുകയില്ല എന്നു മാത്രം.

കണ്ണൂർ സ്നേക്ക് പാർക്കിന്റെ കവാടത്തിൽ നിന്ന്. / Photo : Sudheer N E, Fb Page

മിത്തുകളിൽ വളരെയധികം വിശ്വാസമർപ്പിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിലുണ്ടായിരുന്നത്. പക്ഷേ അത്തരം മിത്തുകൾക്ക്​ ജീവിതത്തെ അത്രയധികം സ്വാധീനിക്കാൻ കഴിയുമെന്ന്​ ഞാൻ കരുതുന്നില്ല. നമ്മൾ ഈ പറയുന്ന രീതിയിൽ വിമർശനങ്ങളുന്നയി​ച്ചുകൊണ്ടേയിരിക്കുക. വാമനൻ, മഹാബലി എന്നൊന്നും പറയാതെ, എല്ലാ മലയാളിയും പ​ങ്കെടുക്കുന്ന ഒരു ഉത്സവം കണക്കേ വിവിധ ആചാരങ്ങളോടെയും വിവിധ ഡ്രസ്സ്‌കോഡോടെയും വിവിധ ഭക്ഷണങ്ങളോടെയും ആളുകൾ ഒരു ദിവസം കഴിഞ്ഞുകൂട​ട്ടെ. അല്ലാതെ, അത്​ വേണ്ടെന്നുവക്കുകയല്ല വേണ്ടത്​, ആ ആഘോഷത്തെ പരിവർത്തനപ്പെടുത്തിയെടുക്കുകയാണ്​ വേണ്ടത്​. ബഹുജന സംസ്‌കാരങ്ങളെ ഉൾക്കൊള്ളാവുന്ന പാകത്തിൽ അതിനെ വിഭാവനം ചെയ്യണം. അത്തരത്തിലുള്ള വിമർശനങ്ങളും ചർച്ചകളും ഓണവുമായി ബന്ധപ്പെട്ട്​ ഉയർന്നുവന്നാൽ കീഴാളജനതയുടെ ഒരു സാന്നിധ്യം അതിൽ കണ്ടെത്താനായേക്കും. ▮


സണ്ണി എം. കപിക്കാട്​

സാമൂഹിക വിമർശകൻ, പ്രഭാഷകൻ, എഴുത്തുകാരൻ. ജനതയും ജനാധിപത്യവും, സംവരണവും ഇന്ത്യൻ ഭരണഘടനയും എന്നിവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments