തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിൽ, വത്തിറായിരുപ്പിനടുത്തുള്ള ഇലന്തക്കുളം ഗ്രാമം പെട്ടെന്ന് സാഹിത്യ പ്രാധാന്യമുള്ള സ്ഥലമായി മാറിയിരിക്കുന്നു. അതിനു കാരണം, ഏതാനും മാസങ്ങൾക്കു മുൻപ് യാത്ര പറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരൻ കി. രാജനാരായണനും അദ്ദേഹത്തിന്റെ നോവൽ ‘ഗോപല്ല ഗ്രാമ'വും ആയിരിക്കണം.
നോവലിൽ ചിത്രീകരിച്ച ഒരു സംഭവത്തിന്റെ പകർപ്പ് ഇലന്തക്കുളം ഗ്രാമത്തിലെ ഒരു വിഭാഗം ആൾക്കാർക്കിടയിൽ ഇന്നും നിലനിൽക്കുന്നു. ഗ്രാമത്തിലെ സ്ത്രീകൾ വെളുത്ത സാരിയും വെളുത്ത ബ്ലൗസും അല്ലാതെ മറ്റ് നിറമുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. ഒരു പലായന ചരിത്രത്തിന്റെ ശേഷിപ്പാണ് ഈ ആചാരം. നൂറു വർഷങ്ങൾക്കു മുൻപത്തെ കഥയുടെ ഓർമ നിലനിർത്തൽ.
മധുരയുടെ അതിർത്തി ഗ്രാമത്തിൽ താമസിച്ചിരുന്നവർക്ക് അവിടത്തെ രാജാവ് മാറാത്ത ശല്യമായിരുന്നു. ഓരോ രാത്രിയും അദ്ദേഹത്തിന്റെ കിടക്കക്ക് കൂട്ടായി ഒരു കന്യകയെ വേണം. ഓരോ കുടുംബത്തിൽനിന്നും ഒരു കന്യകയെ അന്തഃപുരത്തേക്ക് അയക്കണം എന്നാണ് രാജ കൽപന. അങ്ങനെ ഒരു കുടുംബത്തിന്റെ ഊഴം വന്നപ്പോൾ അവർ ആ രാത്രി തന്നെ നാടുവിടാൻ തീരുമാനിച്ചു. വെള്ള മുണ്ടും പുതച്ചാണ് അവരെല്ലാവരും അതിർത്തി കടക്കാൻ ശ്രമിച്ചത്. അവരുടെ കുലദൈവമായ ബൊമ്മിയും അവരോടു കൂടി. അവർ രക്ഷപ്പെട്ട് പുതിയ താവളം കണ്ടെത്തി പാർക്കാൻ തുടങ്ങി. അന്നുമുതൽ ആ വിഭാഗത്തിൽ പെട്ട സ്ത്രീകൾ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുന്നവരായി.
പുതിയ തലമുറക്കാർ മറക്കാതിരിക്കാനാണ് ഈ ആചാരം ഇന്നും തുടരുന്നത്.
ഏതാണ്ട് ഇതേ പോലുള്ള ഐതിഹ്യമാണ് രാജനാരായണൻ തന്റെ നോവലിലും പരാമർശിക്കുന്നത്. എന്നാൽ ഗോപല്ല ഗ്രാമത്തിന്റെ ആഖ്യാനം ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ്. തമിഴ്‌നാട്ടിലെ കമ്മവാർ എന്ന വിഭാഗം കുടിയേറിയ ചരിത്രം. ചെന്നമ്മ, വലിയ കുടുംബത്തിലെ സന്താനം. സൗന്ദര്യവും മിടുക്കും ഉള്ളവൾ. തെലുങ്ക് സാമ്രാജ്യത്തെ ആക്രമിച്ച വിദേശ രാജാവ് അവളിൽ അനുരക്തനായി. അവളെ കല്യാണം കഴിക്കാൻ മോഹിച്ചു. മറ്റു ജാതിയുമായി ബന്ധം പുലർത്തുന്നത് വിസമ്മതിക്കുന്ന കുടുംബക്കാർ ഇതുകേട്ട് പരിഭ്രാന്തരായി. രാജകൽപ്പന അംഗീകരിക്കാനാവില്ല. നാട് വിടുകയാണ് ഒരേയൊരു രക്ഷാമാർഗം. രാത്രി വീട് വിട്ടിറങ്ങി രാപകൽ നടന്ന് കുറെ ദിവസങ്ങൾക്കുശേഷം അരവ ദേശത്തെത്തി. ഭൂമി സ്വന്തമാക്കി കൃഷി നടത്തി. തമിഴ് മണ്ണിന്റെ മക്കളായി മാറി. കമ്മവാർക്കൊപ്പം പലായനം ചെയ്ത മറ്റ് വിഭാഗക്കാരായ ചെട്ടികളും റെഡ്ഢികളും ബ്രാഹ്മണരും തട്ടാന്മാരും ചക്കിലിയന്മാരും തമിഴകത്ത് വേരുറപ്പിച്ചതിന്റെ കഥയും ഈ ആഖ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
പലായന വഴിയിൽ ചെന്നാ ദേവിയുടെ കുടുംബക്കാർ മറ്റൊരു കുടുംബവുമായി കണ്ടുമുട്ടുന്നു. അവർക്കും പറയാൻ ഇതേപോലത്തെ കഥയുണ്ട്. അവർക്കിടയിലും ചെന്നമ്മയെ പോലെ ഒരുത്തിയുണ്ടായിരുന്നു. പേര് തുളസി. അന്യദേശ സൈന്യം അധിനിവേശം നടത്തിയപ്പോൾ അവരും രക്ഷപ്പെടാൻ നാടുവിടുന്നു. ആ ഓട്ടത്തിനിടെ കാലിടറി വീണ തുളസിയെ ഭൂമി പിളർന്ന് ഏറ്റുവാങ്ങുന്നു. അവളെ വിരട്ടി വന്ന ഭടന്റെ കൈയിൽ നിന്ന് നിലത്തുവീണ മുടിയും അവൾ വീണ കുഴിയിലെ മണ്ണും കുടുംബക്കാർ പൂജിക്കാൻ തുടങ്ങി. അത് ഇന്നും ഒരു ചടങ്ങായി ആചരിക്കപ്പെടുന്നു.
തമിഴ്‌നാട്ടിൽ കുടിയേറി താമസിക്കുന്ന ഇതര ഭാഷക്കാരുടെ ചരിത്രങ്ങളിൽ ഇതിനു സമാനമായ കഥകൾ പ്രചരിക്കുന്നുണ്ട്. കന്നട രാജ്യത്തുനിന്ന് തമിഴ്‌നാട്ടിൽ കുടിയേറിയവരാണ് ദേവാംഗ ചെട്ടികൾ. നെയ്ത്താണ് അവരുടെ ഉപജീവന മാർഗം. അവരെ നാടുവിടാൻ നിർബന്ധിച്ചതും രാജ കൽപനയാണ്. അവർ കുടിയേറിപ്പാർക്കാൻ തുടങ്ങിയത് കോയംപുത്തുർ പ്രദേശത്തായിരുന്നു. അവിടത്തെ ആദ്യത്തെ വസ്ത്രനിർമാതാക്കളും വിൽപനക്കാരും ദേവാംഗരാണ്. അവർക്കൊപ്പം നാടുവിട്ടു വന്ന സൗടേശ്വരി അമ്മാൻ ഇന്ന് എല്ലാ വിഭാഗക്കാർക്കും അനുഗ്രഹം നൽകുന്നു.
ദേവാംഗരുടെ ഇടയിൽ പിന്തുടരുന്ന ആചാരം വ്യത്യസ്തമാണ്. കൈത്തറിയാണ് തൊഴിൽ. തറിയുടെ സമീപം കുഴിച്ചിരിക്കുന്ന കുഴിയിൽ കൊച്ചുകുഞ്ഞുങ്ങൾ അറിയാതെ വീണാൽ അത് ഐശ്വര്യത്തിന്റെ ശകുനം. ആ ചെയ്തിയെ മോദകം ഉണ്ടാക്കി നിവേദിച്ചാണ് ആഘോഷിക്കുക. ഇന്നും ഈ ആചാരം നിലവിലുണ്ട്. എം. ഗോപാലകൃഷ്ണന്റെ ‘അമ്മാൻ നെസവ്' എന്ന നോവലിൽ ഈ കഥ സന്ദർഭം വിവരിക്കപ്പെടുന്നു. എന്നാൽ കുഞ്ഞുങ്ങൾ വീഴാൻ തറിക്കുഴികൾ ഇന്ന് അധികമില്ല എന്നതാണ് യാഥാർഥ്യം.
‘എരുമ നാട്' എന്ന് വിളിക്കപ്പെട്ട മൈസൂരിൽ നിന്ന് നീലഗിരി ജില്ലയിൽ കുടിയേറിയവരാണ് ബഡകന്മാർ. ജില്ലയിലെ പൂർവ കുട്ടികളാണിവർ. ഇവരുടെ ചരിത്രത്തിലും ധാരാളം മിത്തുകൾ കാണാൻ കഴിയും. ഇവരും രാജാവിനെ പേടിച്ച് സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയ്തവരാണ്. രക്ഷപ്പെടാനോടിയ ഓട്ടത്തിൽ കുടിലിലെ കെട്ടിയിട്ട തൂളിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ മറന്നു. ഓർമ വന്നപ്പോൾ പകച്ചുനിന്നു എല്ലാവരും. തിരിച്ചുപോക്ക് സാധ്യമല്ല. ജീവൻ നഷപ്പെടും. അതുകൊണ്ട് ഒരു തീരുമാനത്തിലെത്തുന്നു. വംശത്തിൽ ജനിക്കുന്ന ഒരു കുട്ടിയേയും തൂളിയിൽ കിടത്തുകയില്ല. ഈ സമ്പ്രദായം ഇന്നും തുടരുന്നു.
ഈ അടുത്ത കാലത്ത് അന്തരിച്ച പ്രശസ്ത ഫോക്ലോർ ഗവേഷകൻ തൊ. പരമശിവന്റെ ചില പുസ്തകങ്ങൾ വായിക്കുകയായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെയാണ് തമിഴ് മക്കൾ അവരുടെ തനത് സംസ്‌കാരം കളഞ്ഞത് എന്നാരോപിക്കുന്നുണ്ട്. അതിനെ കുറിച്ച് ഒന്ന് വിശദമായി പഠിക്കാൻ മുതിർന്നപ്പോൾ എന്റെ വായനയിൽ ഇടയ്ക്കു കയറിയതാണ് ഈ കഥകൾ. കഥകൾക്ക് ചരിത്രപരമായ തെളിവുണ്ടോ? അഥവാ, ഇവയെല്ലാം ജനങ്ങളുടെ ഭാവനയിൽ പിറന്നതാണോ എന്നത് നീണ്ട ഗവേഷണത്തിന് വിടാം. എന്നാൽ കഥകൾ കാലത്തിലൂടെ സഞ്ചരിച്ച് ചരിത്ര വസ്തുതകളാകുന്നതായി തോന്നുന്നു. ഈ ഉദാഹരണം ശ്രദ്ധിക്കുക.
ഒന്നോ രണ്ടോ വർഷങ്ങൾക്കു മുൻപ് ഒ.വി.വിജയൻ സ്മാരകം സന്ദർശിക്കാൻ ചെന്നിരുന്നു. പ്രധാന കവാടത്തിനുമുന്നിൽ റോഡരികിലെ പീടികയിൽ ഏതോ സാധനം വാങ്ങുകയായിരുന്നു. കടയിൽ നിന്ന സ്ത്രീയോട് വെറുതെ അന്വേഷിച്ചു, ‘‘ഈ തസ്രാക്കിൽ നിന്ന് പാലക്കാട്ടേക്ക് എത്ര ദൂരം?''.
ആ സ്ത്രീ തട്ടം ശരിയാക്കിക്കൊണ്ട് പറഞ്ഞു, ‘‘സാറേ, ഇത് ഖസാക്കാണ്''.
കഥകൾ ചരിത്രമാകുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നതുപോലെ തോന്നി.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.