അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ

പി. കെ. കാളൻ പുരസ്കാരം നേടിയ
അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ ഒരു ‘സ്റ്റോറി’ പോലുമാകാത്തത് എന്തുകൊണ്ടാണ്?

2023- ലെ പി. കെ. കാളൻ പുരസ്കാരം അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനാണ്. എഴുത്തച്ഛൻ പുരസ്കാരം പോലെയും സ്വാതി സംഗീത പുരസ്കാരം പോലെയും പ്രധാനപ്പെട്ട ഈ ബഹുമതിയും പുരസ്കാരജേതാവും വാർത്തകളിൽ ഇടം പിടിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? വി.കെ. അനിൽകുമാർ എഴുതുന്നു.

സംസ്ഥാന സർക്കാരിൻറെ പരമോന്നത ബഹുമതിയായ 2023- ലെ പി. കെ. കാളൻ പുരസ്കാരത്തിനർഹനായ അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ തെയ്യക്കാരനാണ്. കേരളത്തിലെ നാടൻ കലാമേഖലയിൽ ദീർഘകാലം പ്രവർത്തിച്ച് സമഗ്രസംഭാവനകൾ നൽകിയ മഹത് പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അതിവിശിഷ്ട ബഹുമതിയാണ്. പി. കെ. കാളൻ പുരസ്കാരം.

ജീവിച്ചിരിക്കുന്ന തെയ്യക്കാരിൽ ആചാര്യ സ്ഥാനത്ത് നിൽക്കുന്ന പ്രതിഭാധനനായ കോലക്കാരനാണ് അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ. 75-ാമത്തെ വയസ്സിലും തെയ്യത്തിന്റെ അണിയറയിലും അരങ്ങിലും സജീവമാണ്. തെയ്യവുമായി ബന്ധപ്പെട്ട മുഴുവൻ അനുഷ്ഠാനങ്ങളും നിവൃത്തിച്ചുകൊണ്ടിരുന്ന തെയ്യക്കാരനാണ്. ശാരീരിക പ്രയാസങ്ങൾ കാരണം കുറച്ചുകാലമായി തെയ്യം കെട്ടിയാടുന്നില്ല. ശരീരം അനുകൂലമല്ലെങ്കിലും ഇപ്പോഴും തെയ്യം മേഖലയിൽ പ്രവർത്തിക്കുന്ന വണ്ണാൻ സമുദായത്തിൽപ്പെട്ട കോലധാരിയാണ്.

അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ തെയ്യത്തിലെ സമ്പൂർണ്ണനായ കലാകാരനാണ്. തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആഴവും പരപ്പും പെരുവണ്ണാനോളം അറിഞ്ഞവർ വിരളമാണ്. തെയ്യത്തിന്റെ പുരാവൃത്തം, ചരിത്രം, തോറ്റംപാട്ടുകൾ, മുമ്പസ്ഥാനം, മൊഴികൾ, വ്യുത്പത്തികൾ, പ്രാദേശികമായ തെയ്യങ്ങളുടെ സാജാത്യ വൈജാത്യങ്ങൾ തുടങ്ങി തെയ്യത്തിൻ്റെ സമഗ്രതയത്രയും ഹൃദിസ്ഥമാക്കിയ അത്യപൂർവ്വം തെയ്യക്കാരിൽ ഒരാൾ. അണിയല നിർമ്മാണം, വിവിധതരത്തിലുള്ള തെയ്യത്തിലെ പാരമ്പര്യമായ ചമയങ്ങളുടെയും ചായക്കൂട്ടുകളുടെയും അതീവ സാങ്കേതികമായ നിർമ്മിതി, മുരിക്കിലും തുണിയിലുമുള്ള തെയ്യച്ചമയങ്ങൾ ഉണ്ടാക്കൽ, പലവിധത്തിലുള്ള മുടികളുടെ നിർമ്മാണം, തെയ്യത്തിന്റെ വാദ്യം, അതി സങ്കീർണമായ മുഖത്തെഴുത്ത് സങ്കേതങ്ങൾ ഈ അറിവുകളൊക്കെയും അതികം ദേശത്തെ ഈ എളിയമനുഷ്യനിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു.

തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആഴവും പരപ്പും പെരുവണ്ണാനോളം അറിഞ്ഞവർ വിരളമാണ്.
തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആഴവും പരപ്പും പെരുവണ്ണാനോളം അറിഞ്ഞവർ വിരളമാണ്.

മുച്ചിലോട്ട് പോതി, കടാങ്കോട്ട് മാക്കം, കോലസ്വരൂപത്തിങ്കൽ തായി, പുതിയ ഭഗവതി, കക്കരപ്പോതി, പാലോട്ട് ദൈവം, പുതിയ ഭഗവതി ബാലി, കതിവന്നൂർ വീരൻ, വേട്ടക്കൊരുമകൻ, തൊണ്ടച്ചൻ ഇങ്ങനെയുള്ള ഒട്ടനവധി കോലങ്ങൾ കെട്ടിയിട്ടുള്ള കോലധാരിയാണ്. പയ്യന്നൂർ നാട്ടിലെ വണ്ണാൻ സമുദായക്കാരനായ പെരുവണ്ണാൻ മലയസമുദായത്തിന്റെ തെയ്യങ്ങൾ കൂടി  കെട്ടിയാടുന്നുണ്ട്. തെയ്യത്തോറ്റങ്ങളുടെ ആദിസ്രോതസ്സായ, അതിന്റെ പൂർവ മാതൃകകളായ,അതിബൃഹത്തായ ആഖ്യാനങ്ങൾ   മുഴുവൻ  ഹൃദിസ്ഥമാക്കിയിട്ടുള്ള ജീവിച്ചിരിക്കുന്ന ഒരേയൊരു തെയ്യക്കാരനാണ് അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ. കെന്ത്രോം പാട്ട് / ഗന്ധർവൻ പാട്ട്, കുറുന്തിനിപ്പാട്ട്, ബലിക്കള, പോലുള്ള അത്യപൂർവമായ അനുഷ്ഠാനങ്ങളിലെ അതിബൃഹത്തായ തോറ്റംപാട്ട് ആഖ്യാനങ്ങൾ മുഴുവൻ  ഹൃദിസ്ഥമാക്കിയിട്ടുണ്ട്.

തെയ്യം തോറ്റത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഖ്യാനങ്ങളായ കതിവന്നൂർ വീരൻ തോറ്റംപാട്ട്, മാക്കം തോറ്റംപാട്ട്, മുച്ചിലോട്ട് പോതി തോറ്റംപാട്ട്, ബാലി തോറ്റംപാട്ട്, വേട്ടക്കൊരു മകൻ, ഊർപ്പഴശ്ശി തെയ്യങ്ങളുടെ തോറ്റംപാട്ട്, കോലസ്വരൂപത്തിങ്കൽ തായി തോറ്റംപാട്ട്, മുത്തപ്പന്റെ പാട്ടുകൾ കണ്ടനാർകേളന്റെ പാട്ടുകൾ- അങ്ങന വണ്ണാൻ സമുദായക്കാർ കെട്ടുന്ന തെയ്യങ്ങളുടെ, ബൃഹത്തായ തോറ്റം പാട്ടുകൾ ഇതെല്ലാം ഹൃദിസ്ഥമാക്കിയിട്ടുള്ള ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പെരുവണ്ണാൻ ബാലിയുടെയും വേട്ടക്കരുമകന്റെയും തോറ്റംപാട്ടുകൾ സ്വന്തമായി രചിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പ്രചാരത്തിലില്ലാതിരിക്കുന്ന തെയ്യവുമായി ബന്ധപ്പെട്ട ഒട്ടനവധി വ്യുല്പത്തികൾ, മാപ്പിളവേദം, കേരളോല്പത്തിപ്പട്ടോല, ശൗണ്ഡികോൽപ്പത്തി തുടങ്ങി പെരുവണ്ണാന്റെ അറിവുകൾ അളക്കാനുള്ള മാപിനികൾ ഇന്ന് നിലവിലില്ല. അതിയടം പെരുവണ്ണാൻ ഒരു അതിശയോക്തിയല്ല, ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യമാണ്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് അതിയടം മുച്ചിലോട്ടുകാവിൽ തുടർച്ചയായി പന്ത്രണ്ട് വർഷങ്ങൾക്കുശേഷം നടക്കുന്ന മൂന്ന് പെരുങ്കളിയാട്ടങ്ങളിൽ മുച്ചിലോട്ട് പോതിയുടെ തിരുമുടിയണിഞ്ഞ ഒരേയൊരു തെയ്യക്കാരൻ. ഇങ്ങനെയുള്ള മനുഷ്യർ കൂടി നമുക്കിടയിലുണ്ട്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് അതിയടം മുച്ചിലോട്ടുകാവിൽ തുടർച്ചയായി പന്ത്രണ്ട് വർഷങ്ങൾക്കുശേഷം നടക്കുന്ന മൂന്ന് പെരുങ്കളിയാട്ടങ്ങളിൽ മുച്ചിലോട്ട് പോതിയുടെ തിരുമുടിയണിഞ്ഞ  ഒരേയൊരു തെയ്യക്കാരൻ.
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് അതിയടം മുച്ചിലോട്ടുകാവിൽ തുടർച്ചയായി പന്ത്രണ്ട് വർഷങ്ങൾക്കുശേഷം നടക്കുന്ന മൂന്ന് പെരുങ്കളിയാട്ടങ്ങളിൽ മുച്ചിലോട്ട് പോതിയുടെ തിരുമുടിയണിഞ്ഞ ഒരേയൊരു തെയ്യക്കാരൻ.

അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ സമ്പൂർണ്ണനായ തെയ്യം മനുഷ്യനാണ്. തെയ്യത്തിലെ പൂർണ്ണത എന്നത് സവിശേഷമായ ഒരുപ്രയോഗമാണ്. അതിയടം പെരുവണ്ണാൻ സ്വയം തെയ്യമാവുകയും തെയ്യത്തെ കെട്ടി ഒരുക്കുകയും കൊട്ടുകയും ആടുകയും പാടുകയും പറയുകയും എഴുതുകയും വരയുകയും അരിയുകയും ചെയ്യുന്നു. തെയ്യത്തിന്റെ അണിയലങ്ങളും നിറക്കൂട്ടുകളും ഉണ്ടാക്കുന്നു. മരത്തിലും തുണിയിലും ഉള്ള ചമയങ്ങൾ നിർമ്മിക്കുന്നു.

സമ്പൂർണ്ണമായ ഒരു രംഗകലാപ്രക്രിയയാണ് തെയ്യം. ഇങ്ങനെയൊന്ന് ലോകത്ത് വേറെവിടെയും ഉണ്ടാകാനിടയില്ല. തെയ്യത്തിലെ സമ്പൂർണ്ണമായ വ്യക്തിവിശേഷമാണ് കുഞ്ഞിരാമൻ പെരുവണ്ണൻ. അതിയടം എന്നത് ഒരേസമയം ഒരു ദേശവും അതേസമയം ഒരു ദേശസ്വത്വത്തിൽ അലിഞ്ഞുചേർന്ന വ്യക്തിയും ആകുന്നു.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും വലിയ പുരസ്കാരമാണ് ഒരു തെയ്യക്കാരന് ലഭിക്കുന്നത്. ഗവൺമെൻ്റിൻ്റെ എഴുത്തച്ഛൻ പുരസ്കാരം പോലെയും സ്വാതി സംഗീത പുരസ്കാരം പോലെയും ഏറ്റവും പ്രധാനപ്പെട്ട ബഹുമതിയാണ് പി. കെ. കാളൻ പുരസ്കാരവും. ഒരു ലക്ഷം രൂപ പുരസ്കാര തുകയുള്ള ഈ അപൂർവ്വാംഗീകാരമാണ് അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെ തേടിയെത്തിയത്. ഈ ബഹുമതിയുടെ പ്രാധാന്യം ഇന്ന് എത്ര പേർക്കറിയാം? ആർക്കാണ് ഇതൊരു പ്രധാനപ്പെട്ട വാർത്തയാകുന്നത്...?

ഉത്തരകേരളത്തിന്റെ ജനജീവിതത്തിൽ ആഴത്തിൽ അലിഞ്ഞു ചേർന്നതാണ് തെയ്യവും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും. എന്നിട്ടും ഒരു തെയ്യക്കാരന് ഇപ്പോഴും പുറമ്പോക്കിൽ തന്നെ വെന്തുപുകയേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

പുരസ്കാരവിശേഷം അറിഞ്ഞ് വർദ്ധിച്ച സന്തോഷത്തോടെ അതിയടത്തോറെ രാവിലെത്തന്നെ വിളിച്ചപ്പോൾ വല്ലാത്ത സങ്കടമായി. പയ്യന്നൂർ അനാമയ ഹോസ്പിറ്റലിൽ രോഗഗ്രസ്തനായി അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. കാര്യമായ അസുഖങ്ങളല്ലെങ്കിലും കുറച്ചുനാളായി പലവിധ ശാരീരികാസ്വസ്ഥതകൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഒരു തെയ്യക്കാരനെ സംബന്ധിച്ച് 75 വയസ്സിനപ്പുറം കടന്നുപോവുക എന്നത് അതീവ ദുഷ്കരമായ ഒന്നാണ്. അകാല വാർദ്ധക്യവും മരണവും രോഗപീഡകളും നിറഞ്ഞതാണ് ഒരു തെയ്യത്തിൻ്റെ കഠിനജീവിതം. ശാരീരികാസ്വസ്ഥതകൾക്കിടയിലും ഇത്രയും വലിയൊരു പുരസ്കാരം കിട്ടിയ സന്തോഷം അദ്ദേഹം നിറഞ്ഞ മനസ്സോടെ പങ്കുവച്ചു.

ദലിത് ജീവിതങ്ങൾക്ക് വേണ്ടിയും പിന്നാക്കാവസ്ഥയിൽ അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടിയും ഘോരഘോരം ശബ്ദമുയർത്തി കാഹളം മുഴക്കുന്ന എത്രപേർ ഈ വാർത്ത ശ്രദ്ധിച്ചിട്ടുണ്ട്. എത്ര പേരാണ് ഇങ്ങനെയൊരു വാർത്തയുടെ പ്രാധാന്യം അവരവരുടെ വാളുകളുകളിലും ഫേസ്ബുക്ക് പേജുകളിലും പങ്കുവെച്ചിട്ടുള്ളത്?

എന്തുകൊണ്ടാണ് വലിയ കലാകാരരും സാഹിത്യകാരരും അഭിനന്ദനങ്ങളുടെയും ആശംസകളുടെയും പൂച്ചെണ്ടുകളുമായി അതിയടം കുഞ്ഞിരാമൻ പെരുവണ്ണാന്റെ പുരസ്കാര ലബ്ധിയിലേക്ക് കടന്നുവരാത്തത്? എന്തുകൊണ്ടായിരിക്കാം ഇത്രയും വലിയ ഒരു പുരസ്കാരം ഒരു തെയ്യക്കാരനെ തേടിയെത്തുമ്പോൾ അതൊരു വലിയ വാർത്തയോ ആഘോഷമോ ഒന്നുമായി തീരാത്തത്? ഇത്രയധികം വാർത്താചാനലുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സംസ്ഥാന തലത്തിലുള്ള ഒരു വാർത്തയെങ്കിലും പുറത്തുവരാത്തത്. മറ്റൊരു തെയ്യക്കാരനും അനുകരിക്കാൻ കഴിയാകാത്ത അത്രയും ത്യാഗോജ്വലമായ തെയ്യക്കാരന്റെ അനുഷ്ഠാന ജീവിതം ഒരു സ്റ്റോറിയായി വാർത്താപ്രാധാന്യം നേടാതെ പോകുന്നത്?.

അതിയടം പെരുവണ്ണാൻ സ്വയം തെയ്യമാവുകയും തെയ്യത്തെ കെട്ടി ഒരുക്കുകയും കൊട്ടുകയും ആടുകയും പാടുകയും പറയുകയും എഴുതുകയും വരയുകയും അരിയുകയും ചെയ്യുന്നു.
അതിയടം പെരുവണ്ണാൻ സ്വയം തെയ്യമാവുകയും തെയ്യത്തെ കെട്ടി ഒരുക്കുകയും കൊട്ടുകയും ആടുകയും പാടുകയും പറയുകയും എഴുതുകയും വരയുകയും അരിയുകയും ചെയ്യുന്നു.

ദലിത് ജനവിഭാഗങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുമുള്ള ശബ്ദാ ഘോഷങ്ങളും പടവിളികളും ചുറ്റിലും മുഴങ്ങുമ്പോഴും എല്ലാ ശബ്ദബഹളങ്ങളിൽ നിന്നും ഓരം പറ്റി നടന്നുപോകുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെ കാണാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും? ഇത്രയും മഹാനായ ഒരു കലാകാരനെ, ഒരു മനുഷ്യനെ തമസ്കരിക്കുന്നത് ആർക്കുവേണ്ടിയായിരിക്കും.

ഉത്തരകേരളത്തിന്റെ ജനജീവിതത്തിൽ ആഴത്തിൽ അലിഞ്ഞു ചേർന്നതാണ് തെയ്യവും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും. എന്നിട്ടും ഒരു തെയ്യക്കാരന് ഇപ്പോഴും പുറമ്പോക്കിൽ തന്നെ വെന്തുപുകയേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

നമ്മുടെ നോവലുകളിലും ചെറുകഥകളിലും കവിതകളിലും ലേഖനങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും സിനിമകളിലും ഡോക്യുമെൻ്ററികളിലും ഷോർട്ട് ഫിലിമുകളിലും നാടകങ്ങളിലും തെയ്യം നിറഞ്ഞുനിൽക്കുമ്പോൾ...
തെയ്യത്തിൻ്റെ എല്ലാ സൗന്ദര്യവും ഊറ്റിക്കുടിച്ച് കൊഴുത്ത തെയ്യപ്പരാദങ്ങളോടാണ്…
ഇങ്ങനെ കത്തിപ്പുകഞ്ഞുപോയ മനുഷ്യ ദുഃഖങ്ങളാണ് തെയ്യങ്ങളായി മാറുന്നത്. നിങ്ങളുടെ ആഘോഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ഇങ്ങനെയുള്ള ജീവിതങ്ങളെ കൂടി കാണാനുള്ള കണ്ണു വേണം.

വി.കെ. അനിൽകുമാറിന്റെ ‘ദൈവക്കരു’ എന്ന നോവൽ അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ പ്രകാശനം ചെയ്യുന്നു.
വി.കെ. അനിൽകുമാറിന്റെ ‘ദൈവക്കരു’ എന്ന നോവൽ അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ പ്രകാശനം ചെയ്യുന്നു.
അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനും ജീവിതപങ്കാളി വിമലയും
അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനും ജീവിതപങ്കാളി വിമലയും

Comments