കൽബാദേവിയിലെ ഒരു ഫർണീച്ചർ ഷോറൂം ഷോപ്പ് അസിസ്റ്റന്റായി ഞാൻ ജോലിയിൽ പ്രവേശിച്ചത് 1979-80 കാലത്താണ്. ഷോറൂം ഉടമ മാർവാഡി, ഒരു 'ചാലൂ ചപ്പാത്തി' ആണെന്ന് ഒരാഴ്ചക്കുള്ളിൽ മനസ്സിലായി. ഉല്ലാസ്നഗർ നിർമിതികളായ സ്റ്റീൽ അൽമാര, ഓഫീസ് ടേബിൾ, റിവോൾവിംഗ് ചെയർ, ടൈപ്പിംഗ് ചെയർ തുടങ്ങിയവക്ക് പ്രമുഖ സ്റ്റീൽ ഫർണിച്ചർ നിർമ്മാതാക്കളുടെ സ്റ്റീൽ ലേബൽ ചാർത്തി വിറ്റിരുന്നത് അധികവും ഗവൺമെന്റ് ഓഫീസുകളിലെ പർച്ചേസിങ് ഓഫീസറെ പണവും കുപ്പിയും ആവശ്യാനുസരണം സ്ത്രീകളെയും നൽകി സ്വാധീനിച്ചായിരുന്നു എന്നത് ഇപ്പോൾ അൽഭുതമായി തോന്നുന്നില്ല. ടെന്ററുകൾ അയാളുടെ തന്നെ ബിനാമി പേരുകളിലുള്ള ഫർണിച്ചർ ഷോപ്പുകളുടെ പേരിലായണ് നൽകുക. അപ്പോൾ പേരിലാണ് പുതുമ!
ടെന്ററുകൾ പൂരിപ്പിക്കലും കവറുകളിലിട്ട് അരക്ക് വെച്ച് ഒട്ടിച്ച് മന്ത്രാലയ (സെക്രട്ടേറിയറ്റ്), ഇലക്ട്രിസിറ്റി ബോർഡ്, മുനിസിപ്പൽ കോർപ്പറേഷൻ, ഗവൺമെന്റ് ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നൽകിപ്പോന്നതും എന്റെ ചുമതലയായിരുന്നു. ടെന്റർ തുറക്കുന്ന സമയം സാക്ഷാൽ മാർവാഡി സേഠ് എന്നെയും കൂട്ടാറുണ്ട്. ഓഫീസർക്കുള്ള 'ചായ് പാനി കാ ബന്തവസ്' പ്രത്യേകം കവറിലിട്ട് നൽകിപ്പോന്നതും അല്പനാളുകൾക്കുള്ളിൽ 'വിശ്വസ്തനായ' ഞാൻ തന്നെ.
തുറന്നുപറയട്ടെ, ഈ കക്ഷിയുടെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ടെന്റർ മാത്രം തിരഞ്ഞെടുക്കുന്ന ആ മഹാനായ ഉദ്യോഗസ്ഥർ 'തത്തമ്മ ഭാഗ്യം' പരീക്ഷിക്കുന്ന കിളിയെപ്പോലെ സേഠിനെ സുഖിപ്പിക്കുന്ന ടെന്ററുകൾ മാത്രമേ കൊക്കിൽ കൊത്തിയെടുക്കൂ എന്ന് തോന്നിപ്പോകാറുണ്ട്. ബാക്കിയുള്ളവ നീക്കിവെച്ച് വഴിയെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നത് പറയേണ്ടതില്ലല്ലോ. മറ്റു ഷോപ്പുടമകളുടെ മുദ്ര വെച്ച ടെന്റർ കവറുകളുടെ കനം 'കുറവായതാണോ' അതിന് കാരണമെന്ന് എനിക്കിന്നും അജ്ഞാതമാണ്. അതേക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കാതെ അതാണതിന്റെ ശരിയായ വഴി എന്നു കരുതി ജോലിയിൽ തുടർന്നു. എന്തായാലും വ്യാജ ടെന്റർ കലാപരിപാടി മുറക്ക് നീങ്ങിക്കൊണ്ടിരുന്നു.
കൽബാദേവിയും പരിസരങ്ങളും മാർവാഡികളുടേയും ജൈന മതവിശ്വാസികളുടെയും ഇതര ഗുജറാത്തി സമൂഹത്തിന്റെയും കച്ചവടസ്ഥാപനങ്ങളുടേയും അവരുടെ താമസസ്ഥലങ്ങളുടെയും തട്ടകമാണ്. പക്ഷെ, സമീപസ്തമായ മുംബാദേവി ക്ഷേത്രപരിസരം താണ്ടി മുന്നോട്ട് വി.ടി. സ്റ്റേഷൻ ഭാഗത്തേക്ക് നടന്നാൽ ഏറിയകൂറും ബോറ മുസ്‍ലിം സഹോദരങ്ങളുടെ കച്ചവട സ്ഥാപനങ്ങളും അഫ്ഗാനി ഹോട്ടലുകളും അവിടെ കനലിൽ ചുട്ടെടുക്കുന്ന കോഴിയും തൊട്ടുമാറി പോൺ വീഡിയോകളും വ്യാജ സിനിമാകാസറ്റുകൾ വിൽക്കുന്ന വഴിവാണിഭക്കാരും അത്തറും റൂമാലുകളും മറ്റും വില്പനയ്ക്കു വെച്ച ഷോപ്പുകളുടെ നീണ്ട നിരയുമുണ്ട്. ഇതിനിടെ ബുർക്കയിട്ട സ്ത്രീകൾ വഴിവാണിഭം നടത്തുന്നു.
അതേ കാലത്തുതന്നെയാണ് ഡോൺ ദാവൂദ് ഇബ്രാഹിമും ബാഷുദായും കരിംലാലായും ഹാജി മസ്താനും സംഘവും ബോംബെ തെരുവുകളെയും പോലീസിനെയും കിടുകിടാ വിറപ്പിച്ചിരുന്നത്. മസ്ജിദ് ബന്തറിലെയും പൈഥൊനി, മുഹമ്മദലി റോഡ് തുടങ്ങിയ ഇടങ്ങളിലെയും ജനജീവിതത്തിന്റെ നേർക്കാഴ്ചകൾ ക്യാമറയിൽ പകർത്തിപ്പോന്ന പ്രമുഖ ഫോട്ടോഗ്രാഫർ ഗൗതം രാജ്യാധ്യക്ഷ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ മിഴിവുറ്റ ഫോട്ടോഗ്രാഫുകൾ പോലെ മങ്ങാതെയും മായാതെയും ആ പരിസരത്തിന്റെ ഓർമ്മകൾ ഇപ്പോഴുമുണ്ട്. ഓർമ്മകൾ മരിക്കാതിരിക്കട്ടെ.
മഹാനഗരം മഴയിൽ കുതിർന്ന ഒരു ദിവസം.
മാർവാഡി സേഠ് സമ്മാനിച്ച ബാഗും അതിൽ പത്തു പതിനഞ്ച് ടെന്ററുകളും ഓഫീസർക്കും പരിവാരങ്ങൾക്കും പങ്കിടാനുള്ള ‘നല്ല കാശും' പ്രത്യേകം കവറിലിട്ട് ബാഗിന്റെ കള്ളറയിൽ സൂക്ഷിച്ച് മുഹമ്മദലി റോഡിൽ ചർച്ച് ഗേറ്റിലേക്കുള്ള ബസ് കാത്തുനിന്നു. ബി.ഇ.എസ്.ടി ബസുകൾ പലതും കടന്നുപോയെങ്കിലും അവയൊന്നിലെങ്കിലും കയറിക്കൂടാനായില്ല. മഴ പെയ്തുകൊണ്ടിരുന്നു. ഭാഗ്യവശാൽ അതിന് താൽക്കാലിക ശമനമുണ്ടായിരിക്കുന്നു. ഇപ്പോൾ ബസ് സ്റ്റോപ്പിൽ അധികം പേരില്ല.
ഒരു പെൺകുട്ടി, ബെൽബോട്ടം പാന്റും വെളുത്ത പുള്ളികളുള്ള നീല ഫുൾസ്ലീവ് ഷർട്ടും ധരിച്ച് അതിന്റെ അഗ്രഭാഗം അരയിൽ അലസമായി കെട്ടിവെച്ച് ആരെയോ കാത്തുനിൽക്കുന്നു. പ്രായം ഒരു 25. കൈയ്യിൽ മിൽസ് ബൂൻസ് സീരീസിലുള്ള ഏതോ ഒരു ഇംഗ്ലീഷ് പുസ്തകം മറിച്ചുനോക്കുന്നതിനിടയിൽ ആ പെങ്കൊച്ച് വഴിയിലൂടെ പോകുന്ന ടാക്‌സികൾ വിടാതെ ശ്രദ്ധിക്കുന്നുണ്ട്. 'എന്തിരുപത് മുറി മുപ്പത്' ആണ് അന്നത്തെ എന്റെ പ്രായം. ഞാനും വിടാതെ അവളെത്തന്നെ നോക്കി. സ്റ്റോപ്പിലെ വേറെയും രണ്ടുപേർ അവളെ ശ്രദ്ധിക്കുന്നുണ്ട്. അസഹിഷ്ണുതയോടെ മുഖംവെട്ടിച്ച് ടാക്‌സിയിൽ കയറി അവർ സ്ഥലം വിട്ടു.
'ബിടിയ ഉഡുഗയ്…’, കിളി പറന്നുപോയി എന്ന് മലയാളം!
യുവതികളെ പ്രണയിക്കുന്നതിനും കഴിയുമെങ്കിൽ ഒരുവളെ വേൾക്കുന്നതിനുമൊക്കെ ലവലേശം പ്രയാസമില്ലാത്ത ഇടമാണ് ബോംബെ മഹാനഗരം. എന്നാൽ, ബോംബെ മലയാളി കല്യാണം കഴിക്കുന്നത് സാധാരണ നാട്ടിലുള്ള ഏതെങ്കിലും കുടുംബത്തിലുള്ളവരെയായിരിക്കും.
മാർവാഡി സേഠിന്റെ കള്ളക്കച്ചവടം ഒരുനാൾ പിടിക്കപ്പെട്ടു. തുടർന്ന് കേസുകെട്ടിന്റെ നൂലാമാലകളിൽ കുടുങ്ങി അയാൾ ഫർണിച്ചർ വ്യാപാരത്തിന് ഫുൾസ്റ്റോപ്പിട്ട് ഘാട്‌കോപ്പറിൽ മധുരപലഹാരക്കട (ഫർസാൻ മാർട്ട്) തുടങ്ങി. പിന്നീട് പമ്പരം കണക്കെ തിരിഞ്ഞ് ഞാനെത്തിപ്പെട്ടത് ഒരു ചിന്ന ട്രാൻസ്പോർട്ട് കമ്പനിയിലായിരുന്നു. 'ഓം ശക്തി ട്രാവൽസ്' എന്നു പേരുള്ള അവരുടെ അച്ചടിച്ച വിസിറ്റിംഗ് കാർഡിൽ 'ജോഷി' എന്നാണ് എന്റെ പേര് അച്ചടിച്ചിരുന്നത്. അത് തെറ്റല്ലെന്നും ഒരു ബിസിനസ് സീക്രട്ട് മാത്രമാണെന്നും ഈ രഹസ്യം പുറമെ വിളമ്പുന്നത് ഭൂഷണമാകില്ലെന്നും സ്ഥാപനത്തിന്റെ പാർട്ണർ നമ്പർ ടു രഹസ്യമായി പറഞ്ഞു.
പ്രസ്തുത കാർഡിൽ ട്രാൻസ്പോർട് കമ്പനിയുടെ പേരിന് താഴെ ട്രാൻസ്പോർട്ടേഴ്‌സ് ഫ്ലീറ്റ് ഓണേഴ്‌സ് എന്നും അച്ചടിച്ചിട്ടുണ്ട്. 'ഫ്ലീറ്റ് ഓണേഴ്‌സ്' എന്ന പദം വിവക്ഷിക്കുന്നത് സ്വന്തമായി പന്ത്രണ്ടിലധികം ലോറികളുള്ള സ്ഥാപനത്തെയാണെന്ന് അലിഖിത നിയമമുണ്ട്. ഡോംബിവില്ലി ഈസ്റ്റിലെ എം.ഐ.ഡി.സി. ഇന്റസ്ട്രിയൽ ഏരിയയിലെ ചരക്കുകൾ കയറ്റി ബോംബെ ഗോഡൗണിൽ (അത് പത്തടി മാത്രം വിസ്തീർണ്ണമുള്ള കടമുറി) എത്തിക്കാൻ വേറെ ലോറി വാടകയ്‌ക്കെടുക്കുകയോ അല്ലെങ്കിൽ സാധനങ്ങൾ കയറ്റി മഹാനഗരത്തിലേക്ക് തിരിക്കുന്ന മറ്റേതെങ്കിലും ലോറികളിൽ കയറ്റിവിടുകയോ ആണ് പതിവ്.
പക്ഷെ, ഈ ട്രാൻസ്പോർട്ട് കമ്പനിയുടെ മാനേജിംഗ് പാർട്ണർ കല്യാൺജി ഭായി, ഫുൾ സ്പീഡിൽ കറങ്ങുന്ന പങ്കയുടെ കീഴിൽ റിവോൾവിംഗ് ചെയറിലിരുന്ന് ചുണ്ടിൽ ഫിറ്റു ചെയ്‌തെന്നപോലെയുള്ള പൈപ്പിലേക്ക് തീപ്പെട്ടിയുരച്ച് കത്തിച്ച് ആനന്ദകരമായി പുകവിടുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. അത് കൗതുകകരമായ കാഴ്ച തന്നെയായിരുന്നു. ഇവിടെയും എനിക്കും അവർക്കും തലക്കടി വീണത് ഒരുമിച്ചായിരുന്നു.
അർണാലയിലെയും റായ്ഗഡിലെയും ട്രാൻസ്പോട്ട് കമ്പനികളിൽ ചിലത് വരദരാജ മുതലിയാരുടെയും ഹാജി മസ്താന്റെയും സ്വർണബാറുകളും ബോസ്കി തുണികളും റോളക്‌സ് വാച്ചുകളും ട്രാൻസിസ്റ്ററുകളും മറ്റും കടത്തുന്നത് അതിരു കവിഞ്ഞിരുന്നു. യൂണിയൻ ടെറിറ്ററിയായ ദാമനിൽനിന്ന് വിലക്കുറവിൽ ലഭിച്ചിരുന്ന 'പീറ്റർ സ്കോട്ട്', 'ജോണിവാക്കർ', 'വാറ്റ് - 69' തുടങ്ങിയ വിദേശമദ്യങ്ങളുടെ കള്ളക്കടത്തിനും അതോടെ തിരശ്ശീല വീണു. മൊറാർജി ദേശായിയുടെ മദ്യനിരോധനനയം നിലനിന്നിരുന്ന കാലം കൂടിയായിരുന്നു അത്. (അപ്പോഴാണ് ബോംബെയിൽഗോവൻ ആന്റിമാരുടെ കൺട്രി ലിക്കർ ബാറുകൾ തഴച്ചുവളർന്നത്). ബോംബെയുടെ ചരിത്രത്തിലെ ചില ദുഷിച്ച കാലങ്ങൾ ഇവിടെ അടയാളപ്പെട്ടുകിടക്കുന്നു.
ഫർണിച്ചർ കടയിലെ ജോലിയും ട്രാൻസ്പോർട്ട് കമ്പനിയിലെ റപ്പിന്റെ പണിയും ഇതിനകം പോയിക്കിട്ടി. ഈ പ്രയാണത്തിന്റെ രണ്ടാംഘട്ടത്തിലാണ് എനിക്ക് അഭിരുചിയുള്ള ആഡ് ഏജൻസിയിൽ ജോലി ലഭിക്കുന്നത്. കൂടുതൽഎക്‌സ്പോഷറും ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ഈ തുറയിലെ ഒരു ഭാഗമെങ്കിലും കൈയ്യടക്കിയിരുന്നത് ഏറെക്കുറെ മലയാളികളായിരുന്നു. കൂടാതെ അത് പരസ്യകലയുടെ സുവർണകാലവും.
പുതിയ ജോലിയുടെ ഭാഗമായി ബോംബെ നഗരം പലകുറി കറങ്ങി. ബാങ്കുകൾ, കോർപറേറ്റ് ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കയറിയിറങ്ങേണ്ടിവന്നു. ഇവിടെയുള്ള 'ഡിസിഷൻ മേക്കറെ' സ്വാധീനിക്കാൻ ‘ചായ് പാനി കാ ബന്തവസ്’ വിലപ്പോവാറില്ല. ചർച്ച് ഗേറ്റിലെ മോക്ക - കോഫീസ് കോൺവർസേഷൻസ്, ഗേ ലോർഡ് റെസ്റ്റോറന്റ് ബാർ, വർളിയിലെ ചിമ്മിനി റെസ്റ്റോറന്റ് ബാർ തുടങ്ങിയവ അവർ തന്നെ തിരഞ്ഞെടുക്കാറാണ് പതിവ്. അന്ന് ഈ രംഗത്ത് പരിചയപ്പെട്ട ഒരു വ്യക്തി കോർപറേറ്റ് കമ്പനിയുടെ ബോംബെ ഓഫീസിലെ ചീഫ് എക്‌സിക്യൂട്ടീവ് ആണ്. പേര് സിദ്ധാർത്ഥ് അയ്യർ (യഥാർത്ഥ പേരല്ല). നാല്പതിനോടടുത്ത് പ്രായവും അല്പം കുട വയറും കട്ടിച്ചില്ലുള്ള കണ്ണടയും ലൂയീസ് ഫിലിപ്പിന്റെ തൂവെള്ള ഷർട്ടും ടൈയും അതിന് യോജിക്കുന്ന നിറമുള്ള വില കൂടിയ പാന്റും ഷൂവും പതിവായി ധരിക്കുന്ന ഈ മാന്യൻ, ഭേദപ്പെട്ട വ്യക്തിത്വമുള്ള ആരെങ്കിലും കാബിനിൽ വന്നാൽ സിഗരറ്റ് കുത്തിക്കെടുത്തി കസേരയുടെ കൈയ്യിൽ തൂക്കിയിട്ട കോട്ട് ധരിച്ചാണ് സംസാരം ആരംഭിക്കുക. അതായത് അത്രയും പത്രാസ്. മദ്രാസ് മാമ്പലം സ്വദേശിയായ സിദ്ധാർത്ഥ് അയ്യർ അസ്സലായി ഇംഗ്ലീഷും തമിഴും ഹിന്ദിയും മലയാളവും സംസാരിക്കും.
പലകുറിയുള്ള എന്റെ സന്ദർശനവേളകളിൽ അദ്ദേഹം എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. വല്ല വിവാഹാലോചനക്കുമുള്ള വട്ടംകൂട്ടലുണ്ടോ എന്ന് എന്റെ തമാശ നിറഞ്ഞ ചോദ്യത്തിന് അദ്ദേഹം ''നാൻ താൻ റണ്ട് തിരുമണം പണ്ണിയിറുക്ക്, അത് പോതുമില്ലയാ?'' എന്നായിരുന്നു മറുപടി. അവരിൽ ആദ്യ ഭാര്യ ജീവിച്ചിരിപ്പില്ലെന്നും ബീവി നമ്പർ ടുവിനെ ഡിവോഴ്സ് ചെയ്തുവെന്നുമാണ് സിദ്ധാർത്ഥ് തുറന്നുപറഞ്ഞത്. ഞങ്ങളുടെ സംഭാഷണത്തിനിടയിൽ ഇന്റർകോമിൽ റിസപ്ഷനിസ്റ്റ് പെൺകുട്ടി എന്തോ അടക്കം പറയുന്നത് കേട്ടു. ശ്രീമാൻ എസ്. അയ്യർ ആദ്യം തന്റെ ശരീരത്തിൽ ബ്രൂട്ട് പെർഫ്യും സ്പ്രേ ചെയ്ത് കോട്ടും ധരിച്ച് പുറത്തേക്ക് പാഞ്ഞു. ''അപ്പറം പാക്കലാം'' എന്ന് പോകുന്ന പോക്കിൽ അദ്ദേഹം വിളിച്ചുപറയാനും മറന്നില്ല.
ഇതിനകം ഞങ്ങളുടെ പരിചയം വർദ്ധിച്ചു. ചിരകാല സുഹൃത്തുക്കളെപ്പോലെയുള്ള സംസാരത്തിൽ അന്ധേരിയിലെ ഒരു പ്രസിദ്ധ ആഡ് ഫിലിം ഏജൻസിയിൽ കൂടുതൽ ശമ്പളമുള്ള ജോലി തരപ്പെടു ത്താമെന്ന വാഗ്ദാനവും അദ്ദേഹത്തിൽനിന്നുണ്ടായെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽഎനിക്കത് നിരസിക്കേണ്ടി വന്നു. ''ഇടതുകാലിലെ മന്ത് വലതുകാലിലാക്കിയാൽ എന്തു പ്രയോജനം?'' എന്ന യുക്തിപൂർവ്വമായ എന്റെ തീരുമാനം ഞാനറിയിച്ചപ്പോൾ ''നീ റൊമ്പ സ്മാർട്ട്'' എന്നാ യിരുന്നു ഉത്തരം.
''പറവാ ഇല്ലൈ സ്വാമിയാരെ!''
ബോംബെയിൽ മഴക്കാലമെത്തി. അനുബന്ധമെന്നോണം റെയ്ൻ കോട്ടുകൾ, ഗംബൂട്ട്, കുട, തുടങ്ങിയ പരസ്യങ്ങൾ പത്രങ്ങളിൽ നിറഞ്ഞുകവിഞ്ഞു. മഴ കണ്ടാൽ പാട്ടു വരുന്ന എന്റെ സുഹൃത്ത് ഗോവൻ സുന്ദരി, ഫിലോമിന ഡിക്കോസ്റ്റ ''രിം ജിം ബർസാത്ത്'' എന്ന ഗാനശകലം മൂളിക്കൊണ്ടിരുന്നു. ഞാനും അവളും അടയും ചക്കരയുമാണ്. ഏതോ ഒരു കുടക്കമ്പനി സമ്മാനിച്ച കാലൻകുട ഞാനും ലേഡീസ് അംബ്രല ചൂടി അവളും കൊളാബ ഫരിയാസ് ഹോട്ടലിന് സമീപമുള്ള ഞങ്ങളുടെ ആഡ് ഏജൻസിയിൽനിന്ന് പുറത്തിറങ്ങി. ബസുകൾ ഹോണടിച്ച് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ആരോ ചങ്ങലക്കിട്ടവണ്ണം അവ അനങ്ങുന്നില്ല. സമയം വൈകീട്ട് ആറര കഴിഞ്ഞു. ഞങ്ങൾ ടാക്‌സി പിടിച്ച് ചർച്ച് ഗേറ്റിലേക്ക് തിരിച്ചു. സ്റ്റേഷന് ഇടതുഭാഗത്തുള്ള പ്രസിദ്ധ വെജിറ്റേറിയൻ ഹോട്ടൽ സത് കറിലെ എ.സി. മുറിയിൽ കയറി. എം.ടി.എൻ.എൽ ഭാഷയിൽ 'എയർകണ്ടീഷണർ പ്രവർത്തന രഹിതമല്ല'. എങ്കിലും ആ മുറിയിൽ പ്രവേശിച്ചതിനുള്ള ചാർജ്ജ് ഹോട്ടൽ ഈടാക്കാതിരിക്കില്ല. പ്രകാശം കുറഞ്ഞ മുറിയിൽ തപ്പിത്തടഞ്ഞെന്നപോലെ ഞങ്ങൾ ഒരു ടേബിളിൽ അഭിമുഖമായി ഇരുന്ന് വെയ്റ്ററെ കാത്തു.
അപ്പോഴതാ, സിദ്ധാർത്ഥ് അയ്യരും തോളിൽ കൈയിട്ട് കൂടെയൊരു മുപ്പതിലെത്തിനിൽക്കുന്ന സ്ത്രീയും എ.സി. മുറിയിൽ കടന്നുവരുന്നു. ഒന്നു പുഞ്ചിരിച്ച് ശ്രീമാൻ അയ്യരും യുവതിയും മുറിയുടെ ഏറ്റവും മൂലയിലുള്ള ടേബിളിൽ തൊട്ടുതൊട്ടിരുന്ന് സംഭാഷണത്തിലേർപ്പെട്ടു. നല്ലകാര്യം! വിവാഹിതയായ സ്ത്രീകളുടെ അടയാളം മംഗൽ സൂത്ര് അവളുടെ കഴുത്തിലുണ്ട്. സത്കറിന്റെ സ്പെഷ്യൽ ഡിഷ് 'മലായ് കൊഫ്ത്ത' രണ്ടു പ്ലേറ്റുകളിലാക്കി വെയ്റ്റർ ഞങ്ങളെ സൽക്കരിച്ചു. സിദ്ധാർത്ഥ് അയ്യർ മസാലദോശക്കും കോൾഡ് കോഫിക്കും ആ സ്ത്രീ വേറെ ഒരു നൂറായിരം ഐറ്റമുകളുടെ പട്ടികയും വെയ്റ്റർക്കു നൽകി.
അവൾ അയ്യരുടെ പോക്കറ്റ് കാലിയാക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. അധികം അതിഥികൾ എ.സി. മുറിയിൽ അതുവരെ വന്നിട്ടില്ല. ഞാനും ഫിലോമിനയും ഭക്ഷണത്തിൽ ക്രദ്ധ കേന്ദ്രീകരിച്ചു. മിസ്. ഡിക്കോസ്റ്റ, ചന്തമുള്ള കൃശഗാത്രിയാണ്. പിപ്പിരി തലമുടി. സ്റ്റെനോഗ്രാഫറായി ഏജൻസിയിലെത്തിയ അവൾ വഴിയെ കോപ്പി റൈറ്റിംഗും ചിലപ്പോൾ ജിംഗിൾസും പാടി ഉടമസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റി. ശമ്പളം കൂട്ടിച്ചോദിച്ച് വാങ്ങാനും മറന്നില്ല. അന്ധേരി വെസ്റ്റിൽ ഒരു ഗോവൻ വില്ലേജിന്റെ പ്രതീതിയുള്ള അംബോളിയിൽ പിതാവും സഹോദരിയുമൊത്ത് താമസിച്ചു പോരുന്നു.
ഇടക്കിടെ സ്നേഹിതനായ ഞാനുമൊത്ത് ജഹാംഗീർ ആർട്ട് ഗാലറിയിലെ കഫേ സമോവറിൽ (ഇപ്പോൾ അതിന് ഷട്ടറിട്ടു) നിന്ന് രണ്ടു മൂന്നു ബോട്ടിൽ തണുത്ത ബീറടിക്കാനും സിഗരറ്റുവലിക്കാനുമൊക്കെ ഫിലോമിനക്ക് ഒട്ടും സങ്കോചമില്ല. അവളുടെ വീട്ടിൽ വല്ലപ്പോഴും സന്ദർശനത്തിനെത്താനുള്ള എന്നെ ഒറിജിനൽ ശ്രീമാൻ ഡിക്കോസ്റ്റ ഫെനി നൽകി സൽക്കരിക്കാറുണ്ട്. ഫെനിയും ചാ ചാ ച്ചാ. . . ഡാൻസും സംഗീതവും ഗോവക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്.
ഞങ്ങൾ ഭക്ഷണം അവസാനിപ്പിച്ച് സാമാന്യം നല്ലൊരു തുക തീറ്റയിനത്തിലും വെയ്റ്റർക്ക് ദക്ഷിണയായും നൽകി സത്കർ റസ്റ്റോറന്റിനോട് താൽക്കാലികമായി വിട പറഞ്ഞു. അതുവരെ ശ്രീ. അയ്യരും സ്നേഹിതയും പുറത്തുവന്നിട്ടില്ല. ‘അവർ എന്തെടുക്കുവാ' എന്ന് തനി തിരുവിതാംകൂർ ഭാഷയിൽ ഞാൻ ചിന്തിക്കാതിരുന്നില്ല.
അക്കാലങ്ങളിൽ മാട്ടുംഗയിലെ ട്രിച്ചൂർ ലോഡ്ജിൽ താമസവും സമീപത്തുള്ള മണീസ് ലഞ്ച് ഹോമിൽനിന്ന് ഭക്ഷണവുമായാണ് കഴിഞ്ഞുപോന്നത്. ഇപ്പോൾ ഈ രണ്ടു സ്ഥാപനങ്ങളുമില്ല. മണീസ് ലഞ്ച് ഹോം സ്ഥിതി ചെയ്തിരുന്ന 'ഡബ്ബാവാല മാൻഷ’ന്റെ മുഖച്ഛായ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. അതിന് എതിർവശം കല്യാൺ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം തുറന്നിട്ടുണ്ട്. മാട്ടുംഗയിലെ ജെയ്ൻ മന്ദിറിന് സമീപം ഒരു കെട്ടിടത്തിലാണ് ഒറ്റയ്ക്ക് സിദ്ധാർത്ഥ് അയ്യർ താമസിച്ചിരുന്നത്. കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഇദ്ദേഹം ദർശനത്തിനായി വന്ന ഒരു ദിവസം അവിചാരിതമായി വഴിയിൽ എന്നെ കണ്ടുമുട്ടുന്നു. സ്വന്തം ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നു. മദിരാശി ഈന്ത മരങ്ങൾ തണൽവിരിച്ച വഴിയിലൂടെ ജെയ്ൻ ക്ഷേത്രം താണ്ടി ഇടതുഭാഗത്തുള്ള വഴിയിൽ, മഞ്ഞച്ചായം പൂശിയ കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വാതിൽ തുറന്ന് സിദ്ധാർത്ഥ് എന്നെ സ്വീകരണ മുറിയിലേക്ക് ഉറുദുവിൽ ക്ഷണിച്ചു. സോഫകളും ടീപ്പോയിയും ഒരു മൂലയിൽ വലിയ ടി.വിയുമുണ്ട്. അത് ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി.കളുടെ കാലം. കശ്മീരി പരവതാനി വിരിച്ച ഫ്ലോറിൽ മറ്റൊരു മൂലയിൽ ആരേയോ കാത്തിരിക്കുന്നപോലെ വലിയൊരു കശ്മീരി ഹുക്ക. അത് വലിച്ച് കുമു... കുമാ... എന്ന് പുകവിടുന്ന ഒരു നവാബിനെ അവിടെ പ്രതീക്ഷിക്കരുതല്ലോ.
റാക്കുകളിൽ അടുക്കിവെച്ച പുസ്തകങ്ങൾ. അവയിൽ മാനേജുമെന്റ് സംബന്ധമായതും ഓക്‌സ്ഫോഡ് ഡിക്ഷണറിയും ചില ഇംഗ്ലീഷ് നോവലുകളും. റാക്കിന്റെ ഏറ്റവും ഓരത്തുനിന്ന് ഒരു പുസ്തകം ഞാൻ വലിച്ചെടുത്തു. 'ദ ഇന്ത്യൻ കോൾ ഗേൾസ്' (Indian Call Girls). അത് എഴുതിയത് ഡോ. പ്രൊമിള കപൂർ. ആയിടെ പുറത്തിറങ്ങിയ കോൾഗേൾ ചരിതത്തെക്കുറിച്ച് ഇംഗ്ലീഷ് പത്രമാസികകളിൽ റിവ്യൂ വന്നത് ഓർത്തു.
ദമയന്തി ഹൃദയം നൽകി,
വേദന വാങ്ങി
ഡോ. പ്രൊമിള കപൂറിന്റെ പുസ്തകത്തിലെ ഈ അദ്ധ്യായം നോക്കൂ. യു.പിയിലെ ഗ്രാമത്തിൽനിന്ന് ഒരു യുവതിയെ വിവാഹം കഴിച്ച് ഇന്ത്യയിലെ നമ്പർ വൺ മെട്രോ സിറ്റിയായ ബോംബെയിലെത്തിക്കുന്നു. വിദ്യാസമ്പന്നനായ അവളുടെ ഭർത്താവിന്റെ ഉദ്യോഗവും ബാങ്ക് ബാലൻസും ഒട്ടും മോശമല്ല. എന്നാൽ ആരോടോ പകപോക്കുന്നപോലെ മദ്യം അയാൾ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നു. ഭാരിച്ച സ്ത്രീധനവും (ദഹേജ്) വരന് സ്കൂട്ടറും ഫിഡ്ജും മറ്റ് സാധനസാമഗ്രികളും നൽകി മാതാപിതാക്കളും ബന്ധുക്കളും അനുഗ്രഹിച്ചയച്ച സാമാന്യം ധനികരായ ആ കുടുംബത്തിലെ ഏക മകളായ ആ യുവതി ദമയന്തി (യഥാർത്ഥ പേരല്ല) മറ്റേതൊരു യുവതിയെപ്പോലെയും ജീവിതം തുടങ്ങി.
മതാചാരങ്ങളിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന അവൾക്ക് ആദ്യരാത്രിയിൽത്തന്നെ ലിക്കറടിച്ച് ബോധമില്ലാത്ത വരനെയാണ് എതിരേൽക്കേണ്ടി വന്നത്. സാസുമയും (അമ്മായിയമ്മ) നനനും (നാത്തുൻ) നൽകിയ കൽക്കണ്ടവും മുന്തിരിയും ചേർത്ത പാൽ പകുതി വരനും ബാക്കി അവളും കഴിക്കണമെന്ന ആചാരം അക്ഷരംപ്രതി അനുസരിക്കാൻ തയ്യാറായി. ഹിന്ദി സിനിമാസ്‌റ്റൈലിൽ 'ഗൂംഗഠ്' ഉയർത്തി വരനെ ഒന്നു നോക്കിയെങ്കിലും ആ വിദ്വാൻ എരുമ കരയുന്ന പോലെ മുക്രയിട്ട് കൂർക്കം വലിച്ചുറങ്ങി. രാത്രിയുടെ അന്തിമയാമത്തിൽ അയാൾ നവവധുവിനെ പ്രാപിച്ചു. മദ്യത്തിന്റെയും വിയർപ്പിന്റെയും സമ്മിശ്രഗന്ധം സഹിക്ക വയ്യാതെ ആ പെൺകുട്ടി തണുത്ത വെള്ളത്തിൽ നന്നായി സോപ്പു തേച്ച് കുളിച്ച് സമാധാനം കൈവരിച്ചു. അഭിശപ്തമായ ആ രാത്രി ദമയന്തിക്ക് സമ്മാനിച്ചത്, പുരുഷവർഗ്ഗത്തോടുള്ള ഒടുങ്ങാത്ത കോപവും വെറുപ്പുമായിരുന്നെന്ന് ഡോ. പ്രൊമിള കപൂർ പറയുന്നുണ്ട്. ദമയന്തി ഒരു കോൾഗേളായി മാറിയ കഥയാണ് പിന്നെ അവർ പറയുന്നത്.
ബോംബെയുടെ അതിരിലുള്ള ഒരു റെയിൽവെസ്റ്റേഷനു സമീപം വിശാലമായ ഒരു മൈതാനം. വലിയൊരു കെട്ടിടസമുച്ചയത്തിലെ ഫ്ലാറ്റ് ഈ സംഭവത്തിലെ നായകന് സ്വന്തമായുണ്ട്. വിവാഹാനന്തരം വരന്റെ മാതാപിതാക്കളും നാത്തൂനുമെല്ലാം സ്വന്തം നഗരമായ ലക്‌നൗവിലേക്ക് പോയി. ദമയന്തിക്ക് വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെട്ടു. ചിലപ്പോൾ അവൾ സമയം കൊല്ലാൻ ബാൽക്കണിയിൽനിന്ന് വഴിവാണിഭക്കാരുടെ ശൃംഗാരഗോഷ്ഠികൾ ശ്രദ്ധിച്ചു. തന്റെ ജീവിതം തുലഞ്ഞടിഞ്ഞെന്ന് കരുതാൻ ദമയന്തിക്ക് രണ്ടുമൂന്ന് മാസങ്ങളേ കാത്തിരിക്കേണ്ടിവന്നുള്ളൂ. രാവിലെയെത്തുന്ന ഇംഗ്ലീഷ് പത്രം തവയിൽ ദോശ മറിച്ചിടും പോലെ ഒന്നു നോക്കി അവിടത്തന്നെ വെക്കാറാണ് പതിവ്. നാട്ടുവർത്തമാനമറിയാൻ ദമയന്തിക്ക് വ്യഗ്രതയുമുണ്ട്. അതിരാവിലെ വരുന്ന ധൂദുവാല ഭയ്യ (പാൽക്കാരൻ) അര ലിറ്റർ പാൽ അളന്നു നൽകും. അതിൽ നല്ലൊരംശം പച്ചവെള്ളമാണ്. ചായക്ക് കൊഴുപ്പുണ്ടാകില്ല. കെട്ടിടത്തിന്റെ എതിർഭാഗത്തുള്ള ആരേ മിൽക്ക് കോളനിയിൽ നിന്നെത്തുന്ന ശുദ്ധമായ, ചില്ലുകുപ്പിയിലടച്ച പാൽ വിൽക്കുന്ന ഔട്ട്‌ലെറ്റിനു മുന്നിൽ അതിരാവിലെ വരിനിൽക്കണം (ഇപ്പോൾ ഈ പരിപാടി നിന്നുപോയിരിക്കുന്നു). ദമയന്തിയുടെ ഭർത്താവിന്റെ അർദ്ധസമ്മതം വാങ്ങി മിൽക്ക് ബൂത്തിൽ പോയി അത് വാങ്ങാൻ ആരംഭിച്ചു. അവളിത് നന്നായി ഇഷ്ടപ്പെട്ടു. ഭർത്താവിന്റെ ദുർഗ്ഗന്ധമുള്ള ഉച്ഛ്വാസവും രാവിലെ പല്ലുതേക്കുമ്പോൾ അയാളുണ്ടാക്കാറുള്ള വികൃത ശബ്ദങ്ങളിൽനിന്നുമൊക്കെ രക്ഷ നേടി അവൾ അതിരാവിലെ തന്നെ ബൂത്തിലെത്തി വരിനിന്നു. അവിടെ സമീപവാസികളായ ഉത്തരേന്ത്യൻ വീട്ടമ്മമാരുമായി പരിചയപ്പെട്ടു; ചിലരുമൊത്ത് സൗഹൃദങ്ങൾ സൃഷ്ടിച്ചു. ചായയുടെ രുചി പാലിന്റെ മേന്മകൊണ്ട് വർദ്ധിച്ചു. ഭർത്താവിന് സന്തോഷം. ദമയന്തിയുടെ ദിനങ്ങൾ കൊഴിഞ്ഞുപോകുന്നതിനോടൊപ്പം അവളുടെ ഭർത്താവ് ലിക്കറടിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടാതെ അയാളുടെ സുഹൃത്തുക്കളും ഫ്ലാറ്റിലെത്തി 'കൂട്ടുകൂടി'. തിക്കും തിരക്കും നിറഞ്ഞ രാത്രികൾക്ക് അവസാനമില്ലാതായി.
ആയിടെ ഭർത്താവിന്റെ കൂട്ടുകുടിയനായ ഒരു സുഹൃത്ത് ദമയന്തിയെ കൂടുതൽ ശ്രദ്ധിക്കുന്നത് അവളുടെ കണ്ണിൽ പെട്ടു. അതൊരു കേവലസൗഹൃദം മാത്രമായി അവൾ കരുതി. പെട്ടെന്നൊരുനാൾ ആ കക്ഷി ദമയന്തിയുടെ ശരീരത്തിൽ അതിക്രമം നടത്തി. തന്റെ സാന്നിധ്യത്തിലുള്ള ഈ അതിക്രമത്തിന് ഒരക്ഷരം പോലും ഭർത്താവ് എതിർത്ത് പറഞ്ഞില്ല; ഒന്ന് കണ്ണുരുട്ടിക്കാണിക്കുകപോലും ചെയ്തില്ല. ആ സുഹൃത്തുമായുള്ള പണമിടപാടിന്റെ കാണാക്കയത്തിൽനിന്ന് മുക്തിനേടാൻ ദമയന്തിയുമായുള്ള സുഹൃത്തിന്റെ സഹശയനത്തിന് ഭർത്താവ് സമ്മതം മൂളുകയാണുണ്ടായതെന്ന് ഡോ. പ്രൊമിള കപൂർ എഴുതുന്നു. ഇവിടെ ഭർത്താവിന്റെ പരിതാപകരമായ ‘മണി ഹേസിയത്ത്’ (ഫിനാൻഷ്യൽസ്റ്റാറ്റസ്) ഈ ദുരവസ്ഥ ഊട്ടിയുറപ്പിച്ചു. വളരെ വൈകാതെ അയാളുടെ വേറെ സുഹൃത്തു ക്കളുമെത്തി ഇതേ പരിപാടി ആവർത്തിച്ചു. അപ്പോഴാണ് ദമയന്തി ഇതിലെ ബിസിനസ് തന്ത്ര ത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാക്കുന്നത്. തന്റെ ശരീരത്തിന്മേലുള്ള ആക്രമണം ഭർത്താവിന്റെ കടക്കെണി കുറച്ചുവെങ്കിലും അയാൾ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കുകയും പണം വാങ്ങി പോക്കറ്റിലിടുന്നത് പതിവാക്കുകയും ചെയ്തു. അതൊരു ആദായകരമായ ബിസിനസായി അയാൾ കരുതി.
ഇവിടെ ഒരു കോൾ ഗേൾ ജന്മം കൊള്ളുന്നു. ആരേ മിൽക്ക് ബൂത്തിൽ പരിചയപ്പെട്ട ഒരു വീട്ടമ്മ (അവർ ഒരു റിട്ടയേർഡ് കോൾഗേൾ കൂടിയാണ്). പണസമ്പാദനത്തിനും സന്തോഷത്തിനും അനന്തസാധ്യതകളുള്ള 'പാർട്ടൈം കോൾ ഗേൾ' ജോലിയുടെ പ്രാഥമിക പാഠങ്ങൾ ദമയന്തിക്ക് നൽകി. ധനസമ്പാദനത്തിലാണിപ്പോൾ ദമയന്തി. അവൾ വിവാഹമോചനം നേടിയിട്ടില്ല. അതൊരു പരിരക്ഷയായി നിലനിൽക്കുന്നുവെന്ന് പറയുന്നതാകും ഭംഗി. ജീവിതത്തിന്റെ കാപട്യവും കുതികാൽവെട്ടും കിടമാത്സര്യങ്ങളും വഞ്ചനയും നിറഞ്ഞ മഹാനഗരത്തിൽ ഒരുവളായി ദമയന്തിയും അവളെപ്പോലെ അനേകരുമുണ്ട്.
ഞാൻ കോൾ ഗേൾ ചരിത്രവായന തുടരുമ്പോൾ റോയൽ സ്റ്റാഗ് വിസ്കിയും ഉപദംശങ്ങളുമായി ശ്രീമാൻ അയ്യർ എത്തി. ഞാൻ രണ്ടെണ്ണമടിച്ച് സലാം പറഞ്ഞ് താമസസ്ഥലത്തേക്ക് ബസ് പിടിച്ചു. കൈയ്യിലുള്ള ഇന്ത്യൻ കോൾ ഗേൾസ് എന്നെ നോക്കി ചിരിക്കുന്നു. സിദ്ധാർത്ഥ് അയ്യരുമൊത്ത് അന്ന് സത്കർ ഹോട്ടലിലെത്തിയ സ്ത്രീ ഒരു കോൾഗേളാണെന്ന് അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞു.
ബോംബെയിലെ കാമാഠിപുര, പൂനയിലെ ബുധ്വാർപേഠ്, കൽക്കത്തയിലെ സോനാഗച്ചി എന്നിവിടങ്ങളിലെ ഇടുങ്ങിയ ഗലികളിലുള്ള ലൈംഗികത്തൊഴിലാളികളെല്ലാം തിരിച്ചുപോക്കില്ലാത്തവിധം ചതിക്കുഴികളിൽ അകപ്പെട്ടവരാണ്. ഒരു ഗംഗൂ ഭായി കാമാഠിപുരയിലെ സ്ത്രീകളുടെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തിയത് സത്യമാണ്. എന്നാൽ ബാക്കി എത്ര ഗംഗൂ ഭായിമാർ പിറവികൊണ്ടുവെന്ന് ഒരിടത്തും എഴുതിക്കണ്ടിട്ടില്ല, പറഞ്ഞുകേട്ടിട്ടുമില്ല.
ബോംബെ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, സേവാനികേതൻ എൻ.ജി.ഒകൾ വശം ഇവരുടെ അംഗസംഖ്യയുടെ ഏകദേശ കണക്ക് ലഭ്യമാണ്. മഹാരാഷ്ട്ര ഗവൺമെന്റ് ഏറ്റെടുക്കുന്ന കാമാഠിപുര പരിസരം മുഖച്ഛായ മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. അതോടെ ഈ പ്രദേശത്തിന്റെ പഴയ രൂപവും ഭാവവും അസ്തമിക്കുകയാണെന്നു പറയാം.
ഡോ. പ്രൊമിള കപൂറിന്റെ നിരീക്ഷണത്തിൽ, കോൾഗേളുകളെ ഒരു പ്രത്യേക സ്ഥലത്ത് കണ്ടെത്തുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ഇവരുടെ സ്ഥിതിവിവരക്കണക്ക് ഊഹിക്കാനേ പറ്റൂ. റസ്റ്റോറന്റുകളാണ് ഇവർ സംഗമവേദികളായി തിരഞ്ഞെടുക്കുക. മറ്റ് സാധാരണ ലൈംഗികത്തൊ ഴിലാളികളെപ്പോലെ പുരുഷന്മാരെ തേടി ഇവർ ബസ് സ്റ്റോപ്പുകളിലും റെയിൽവെ സ്റ്റേഷൻ പരിസരത്തും കാത്തുനിൽക്കാറില്ല.
മീരാ നായരുടെ 'സലാം ബോംബെ'യിലെ ഒരു രംഗം ഓർമ വരുന്നു. കാമാഠിപുരയിലെ ഒരു ഗുണ്ടയുടെ (നാനാ പാഠേക്കർ) വെപ്പാട്ടിയായ ഒരു വേശ്യ. ഈ സ്ത്രീക്ക് (അനിത കാൻവർ) ഒരു അർജന്റ് ഹൗസ് കോൾ അറ്റന്റ് ചെയ്യാൻ ഒരു ധനവാന്റെ ബംഗ്ലാവി ലേക്ക് പോകേണ്ടതുണ്ട്. ആ സ്ത്രീ അവരുടെ നാലഞ്ച് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി യോടൊപ്പം ടാക്‌സിയിൽ സഞ്ചരിച്ചാണ് അയാളുടെ താമസസ്ഥലത്തെത്തുന്നത്. രേഖ എന്ന ഇതിലെ ഈ കഥാപാത്രം ധനവാനുമൊത്ത് കിടപ്പറയിൽ പ്രവേശിക്കുന്നു. കുറേനേരമായി അമ്മയെ കാണാതെ കുട്ടി കരച്ചിലാരംഭിച്ചു. അവൾ അതുമിതും വലിച്ചെറിഞ്ഞ് ബഹളം കൂട്ടുകയാണ്. അപ്പോൾ രേഖ പുറത്തുവന്ന് പറയുന്നത് നോക്കൂ; ''ബിഠിയാ, ദന്താ കി ടൈം മേ മസ്തി നഹി കർനേകാ.’’
'സലാം ബോംബെ’യിലെ ഈ രംഗം വർഷങ്ങൾ അനവധി കഴിഞ്ഞും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. ലൈംഗികത്തൊഴിലാളികൾ തങ്ങളുടെ ജോലി തുടരുമ്പോൾ അലോസരപ്പെടുത്തുന്ന വികൃതികൾ കാണിക്കുന്ന അവരുടെ കുഞ്ഞുങ്ങളെ എന്ത് ചെയ്യും എന്ന ചോദ്യമാണ് സംവിധായിക ഉന്നയിക്കുന്നത്.
ലൈംഗിക തൊഴിലാളികളിൽനിന്ന് പലതുകൊണ്ടും വ്യത്യസ്തരാണ് കോൾ ഗേൾസ്. ഇവരിൽ ഭൂരിഭാഗവും യാങ്കി ഇംഗ്ലീഷും ചിലപ്പോൾ അസ്സൽ സാഹിത്യഭാഷയും സംസാരിക്കുന്നവരാണെന്ന് ഡോ. പ്രൊമിള ചൂണ്ടിക്കാണിക്കുന്നു. കോൾഗേളുകളിൽ പലരും കൗമാരപ്രായത്തിൽ ഒരു രസത്തിന് സെക്‌സ് ആസ്വദിച്ചവരാണെന്നു കൂടി അവരുടെ പഠനത്തിലുണ്ട്.
സമ്പന്നഗൃഹത്തിൽ ആർഭാട ജീവിതം നയിക്കുന്ന ദമ്പതികളുടെ ഏക മകളുടെ ഉദാഹരണം അവർ എടുത്തു പറയുന്നുണ്ട്. നൈറ്റ് പാർട്ടിയിൽ അടിച്ച് പൂസായി അമ്മയും അച്ഛനും ബംഗ്ലാവിലെത്തുമ്പോൾ തന്റെ ആദ്യ ആർത്തവത്തെക്കുറിച്ച് ഒന്നുമറിയാത്ത പതിനഞ്ച് വയസായ ഏക മകൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്. രക്തസ്രാവം കണ്ട് പരിഭ്രമിച്ച പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. സ്ത്രീയാകട്ടെ, ആ സ്ഥലത്ത് പഞ്ഞിയോ തുണിയോ വെക്കാൻ നിർദ്ദേശിച്ച് കിടപ്പറയിലേക്ക് പോകുന്നു. ഈ പെൺകുട്ടി അവരുടെ കാർ ഡ്രൈവറുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഒടുവിൽ അയാളോടൊപ്പം വീടുവിട്ട് പോകുകയുമായിരുന്നു.
ഒരു സ്ത്രീ എങ്ങനെ കോൾ ഗേളായി മാറുന്നുവെന്നത് ഒരു പ്രതിഭാസമായിത്തന്നെ നിൽക്കുന്നുവെന്നാണ് ഈ പഠനം പറയുന്നത്. അതിന്റെ പ്രധാന കാരണം, സാമ്പത്തിക കാരണങ്ങളാണ്. പട്ടിണി, രോഗം, താഴ്ന്ന വരുമാനം, തൊഴിലില്ലായ്മ തുടങ്ങിയ അവസ്ഥകളാണ് ഒരാളെ കോൾ ഗേളായും ലൈംഗികത്തൊഴിലാളിയായും വേഷം കെട്ടാൻ നിർബ്ബന്ധിതയാക്കുന്നത്. യൂറോ കമ്യൂണിസത്തിന്റെ തകർച്ചയോടെ റഷ്യ, പോളണ്ട് പോലുള്ള രാജ്യങ്ങളിൽനിന്ന് നിരവധി സ്ത്രീകളാണ് ബോംബെയിലെത്തിയത്. അവരിൽ പലരും കൊളാബയിലെ താജ് ഹോട്ടൽ ഏരിയ, എസ്.ബി. റോഡ് തുടങ്ങിയ പരിസരങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്ന ചിത്രം ഓർമ വരുന്നു. താജ്മഹൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഈ യൂറോപ്യൻ സ്ത്രീകൾ സ്ഥലം വിട്ടുപോയി. അക്ഷയ്കുമാർ സിനിമകളിലെ ഡാൻസ് സീനുകളിൽ പ്രത്യക്ഷപ്പെടാറുള്ള വെള്ളക്കാരികൾ ഏറിയ കൂറും ഇത്തരം ആൾരൂപങ്ങളാണ്.
സാമ്പത്തിക പിന്നാക്കാവസ്ഥക്കുപുറമെ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വഷളാകുന്നതും കോൾ ഗേളിലേക്കുള്ള വഴി തുറക്കുന്നുവെന്ന് ഡോ. പ്രൊമിള തുറന്നു പറയുന്നു. ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും സഹാനുഭൂതിയും നഷ്ടപ്പെടുമ്പോൾ പുതിയ ബന്ധം കണ്ടെത്തേണ്ടത് ഇരുവർക്കും ആവശ്യമായി വരുന്നു. പിതാവിന്റെ അതിരുകവിഞ്ഞ മദ്യപാനം ചില കുടുംബങ്ങളിൽ വില്ലനാകും. തങ്ങൾക്കുനേരെയുണ്ടായ ലൈംഗിക ചൂഷണവും കോൾ ഗേളുകളിൽ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ഉദാഹരണസഹിതം രചയിതാവ് വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ ദേവദാസി സമ്പ്രദായവും ഠാക്കൂർ (ജന്മി) കുടിയാൻ വ്യവസ്ഥകളും ആഴത്തിൽ സങ്കലനം ചെയ്തുളള ഡോ. പ്രൊമിള കപൂറിന്റെ പുസ്തകം, ഈ മേഖലയിലെ അപൂർവ പഠനഗ്രമായി കണക്കാക്കപ്പെടുന്നു.
സന്ദർഭാനുസരണം നല്ല വസ്ത്രവും ധരിച്ച് നഗരങ്ങളിലെ നമ്പർ വൺ റെസ്റ്റോറന്റുകളിൽ ഒരു കോൾ ഗേൾ കാത്തിരിക്കുന്നത്, ഒരുപക്ഷെ, ഒരു കോർപറേറ്റ് കമ്പനിയുടെ സി.ഇ.ഒവിനൊപ്പം തായ്ലന്റിലേക്കോ മിയാമി ബീച്ചിലേക്കോ എസ്കോർട്ടു ചെയ്യാനാകാം. ഇവരുടെ ദല്ലാൾമാരെ ‘പിമ്പ്’ എന്നല്ല, കോ- ഓർഡിനേറ്റർ എന്നാണ് ബോംബെയിൽ അറിയപ്പെടുക. ഇത്തരക്കാർ മാന്യമായി പെരുമാറുന്നു, തന്റെ മാഡത്തെയും ക്ലയന്റിനെയും കൂട്ടിയിണക്കുന്നത് പരമരഹസ്യമായി സൂക്ഷിക്കുന്നു. സമൂഹത്തിലെ സോഫിസ്റ്റിക്കേറ്റഡ് വലയത്തിലെ കണ്ണികളായ പ്രത്യേക ലൈംഗിക തൊഴിലാളി വർഗമാണ് കോൾ ഗേളുകൾ എന്ന് പരോക്ഷമായി പറയാം.
വ്യക്തിപരമായ ഒരനുഭവം പറയാം. സുഹൃത്തായിരുന്ന ഒരു മധ്യവയസ്ക ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതെ വിവാഹമോചനം തേടി ജർമ്മനിയിലേക്ക് പറന്നു. അവിടെ അവർക്കൊരു കാമുകനുണ്ട്. ആ സ്ത്രീയിപ്പോൾ മഹാരാഷ്ട്ര ആലിബാഗിലെ സീനിയർ സിറ്റിസൺമാർക്കുവേണ്ടിയുള്ള വൃദ്ധസദനത്തിൽ ഭജനയും പ്രാർത്ഥനയുമായി കഴിഞ്ഞുവരുന്നുവെന്ന് കേട്ടു. ആ കാമുകൻ 'തനിസ്വഭാവം' വെളിപ്പെടുത്തിയിട്ടുണ്ടാകാം.
ജീവിതാന്ത്യംവരെ ഒരു സ്ത്രീക്ക് അവളുടെ കോൾഗേൾ ട്രേഡുമാർക്ക് രഹസ്യം നിലനിർ ത്താനാകില്ലെന്നും ഏതെങ്കിലും കാരണവശാൽ അത് വെളിയിൽവരുന്നതിനുമുമ്പ് ആവശ്യാനുസരണം പണമുണ്ടാക്കാനും വിവാഹിതയാകാനും അവൾ പരിശ്രമിക്കുമെന്നുമാണ് സാമൂഹ്യശാസ്ത്രജ്ഞരായ ഡോ. പ്രൊമിളയും ഡോ. ജെയ്ക്കറും ഡോ. കിൻസെയും ഒരേസ്വരത്തിൽ പറയുന്നത്. ബോംബെയിലെ കോൾ ഗേളുകൾക്ക് പ്രത്യേക സവിശേഷതകളില്ല, അവരും മറ്റേതൊരു നഗരത്തിലെയും കോൾ ഗേളുകളെപ്പോലെയാണ്. അവരിൽ വിവിധ വർഗക്കാരുണ്ട്, മതവിശ്വാസികളുണ്ട്. അവർ നഗരങ്ങളിലെ ആൾക്കൂട്ടങ്ങളിൽ ഏതൊരു മനുഷ്യനെയും പോലെ അലിഞ്ഞുചേരുന്നു...