ക്ഷേത്രമായി മാറിയ കാവും വേട്ടയാടപ്പെടുന്ന തെയ്യക്കാരും

തെയ്യം കെട്ടിലെ ആചാര്യസ്ഥാനത്ത് വർത്തിക്കുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെയും നാരായണ പെരുവണ്ണാനെയും പോലുള്ള മഹാരഥന്മാരായ തെയ്യക്കാർ വരെ സൈബർ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. തെയ്യം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സമസ്യകളെക്കുറിച്ച് ഒരന്വേഷണം- രണ്ടു ഭാഗങ്ങളിലായി വി.കെ. അനിൽകുമാർ എഴുതുന്ന ലേഖനത്തിന്റെ അവസാന ഭാഗം.

തെയ്യത്തിന്റെ
ആത്മവിസ്‍ഫോടനങ്ങൾ,
ആത്മഗതങ്ങൾ- 2

തെയ്യത്തെ പൂർണ്ണമായി അറിഞ്ഞ് മനസ്സിലാക്കി എഴുതുക, വ്യാഖ്യാനിക്കുക എന്നത് ഒട്ടും എളുപ്പമല്ല. തെയ്യത്തിന്റെ അതിജീവനവും പ്രതിരോധവും പോരാട്ടവീര്യവും സമാനതകളില്ലാത്ത കഠിന ജീവിതവും തെയ്യം മുന്നോട്ടുവെക്കുന്ന പാരിസ്ഥിതികവും രാഷ്ട്രീയവും സാമൂഹ്യവുമായ മാനങ്ങളും പലപ്പോഴും സൈദ്ധാന്തിക നിരീക്ഷണങ്ങൾൾക്ക് പുറത്താണ്. തെയ്യക്കാരൻ എന്ന സമാനതകളില്ലാത്ത ആട്ടക്കാരൻ ഉള്ളതായി സ്കോളേഴ്സിനും ഇൻ്റലക്ച്ചൽസിനും കേട്ടറിവു പോലുമില്ല. തെയ്യക്കാരനെ നിർവചിക്കാൻ ഇന്നോളം ഹൃദിസ്ഥമാക്കിയിട്ടുള്ള നാടോടി വിജ്ഞാനീയത്തിന്റെ പാഠങ്ങൾ മതിയാകാതെ വരും. വസ്തുനിഷ്ഠയാഥാർത്ഥ്യ ബോധ്യത്തോടെയുള്ള തെയ്യം കാണലും തെയ്യത്തെ അറിയലും തെയ്യത്തെയെഴുതലും ഗവേഷണ മതിൽക്കെട്ടുൾക്ക് പുറത്തു മാത്രമേ സംഭവിക്കുന്നുള്ളൂ. തെയ്യത്തെ സമഗ്രമായി സമീപിക്കുന്ന അക്കാദമിക പഠനങ്ങൾ വളരെ അപൂർവമായിട്ടുപോലും സംഭവിക്കാറില്ല.

തെയ്യം പോലുള്ള വലിയ ആവിഷ്കാരത്തെ, വലിയ കാഴ്ചകളെ, ബോൺസായി രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ അതിൻ്റെ സമാനതകളില്ലാത്ത പ്രഹരശേഷിയും വിസ്ഫോടന ശേഷിയുമാണ് നിർവീര്യമാകുന്നത്.

അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ
അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ

തെയ്യത്തിന്റെ അന്തരിക ശക്തിയെയോ ചൈതന്യത്തെയോ നിലനിർത്തുന്നതിനോ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോ ഉപകരിക്കുന്ന വിധത്തിൽ അല്ല തെയ്യത്തെ അക്കാദമിസ്റ്റുകളും സ്കോളേഴ്സും സമീപിക്കുന്നത്. സാമ്പത്തികമായ ലാഭം എന്നതിന് അപ്പുറത്തേക്ക് ആ സമീപനം ഇനിയും വളർന്ന് വരേണ്ടതുണ്ട്. കേവലം ഒരു റിസർച്ച് മെറ്റീരിയൽ, റിസർച്ച് പ്രൊജക്റ്റ് മാത്രമായി തെയ്യത്തെ കാണുന്നത് അങ്ങേയറ്റത്തെ പ്രതിലോമകരമായ സമീപനമാണ്.

ക്ഷേത്രവൽക്കരിക്കപ്പെടുന്ന തെയ്യത്തിന്റെ സ്വത്വം നഷ്ടമാകുന്നത് പല പ്രകാരത്തിലാണ്. വളരെ എളുപ്പത്തിൽ തെയ്യത്തെ ക്ഷേത്രകേന്ദ്രീകൃതമായ വിഗ്രഹപ്രതിഷ്ഠയിലാക്കി നിർവീര്യമാക്കുന്നതിന് അക്കാദമിക് സമീപനങ്ങളും ഗവേഷണങ്ങളും ഒരു പരിധി വരെ കാരണമാകുന്നുണ്ട്.

വേട്ടയാടപ്പെടുന്ന തെയ്യക്കാരൻ

നിരവധി പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മൗനം പാലിക്കുകയും തെയ്യക്കാർക്കൊപ്പം നിൽക്കാതിരിക്കുകയും ചെയ്യുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി നിൽക്കുന്ന ഏക സന്ദർഭം സ്റ്റേജ് തെയ്യത്തിനെതിരെ പ്രതികരിക്കുമ്പോഴാണ്. അനുഷ്ഠാന പരിസരത്തിന് പുറത്തുള്ള എല്ലാ അവതരണങ്ങളെയും സ്റ്റേജ് തെയ്യം എന്ന് പറഞ്ഞധിക്ഷേപിച്ച് തെയ്യക്കാരനെ കൂട്ടമായി ആക്രമിച്ച് അന്തസ്സും ആത്മാഭിമാനവും തകർക്കുന്ന പ്രക്രിയയിൽ എല്ലാവരും ഒറ്റ മനസ്സാണ്. തെയ്യം കെട്ടിലെ ആചാര്യസ്ഥാനത്ത് വർത്തിക്കുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെയും നാരായണ പെരുവണ്ണാനെയും പോലുള്ള മഹാരഥന്മാരായ തെയ്യക്കാർ വരെ സൈബർ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

നാരായണ പെരുവണ്ണാൻ
നാരായണ പെരുവണ്ണാൻ

എന്തുകൊണ്ടാണ് അനുഷ്ഠാന പരിസരത്തിന് പുറത്ത് തെയ്യം കെട്ടുന്ന തെയ്യക്കാരൻ ഇത്രയധികം സൈബർ അക്രമണങ്ങൾക്കിരയാകുന്നത്. അതിനു പ്രധാനപ്പെട്ട ഒരു കാരണം തെയ്യക്കാരൻ സമൂഹത്തിൽ ഉന്നതങ്ങളുമായി ബന്ധമില്ലാത്തതും ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്നതുമായ മനുഷ്യനാണ് എന്നത് തന്നെ. ചോദിക്കാനും പറയാനും കൊള്ളാവുന്ന ആരുമില്ലാത്ത തെയ്യക്കാരനെ എതിരിടാൻ എളുപ്പമാണ്.

അനുഷ്ഠാനപരിസരം വിട്ട് മറ്റിടങ്ങളിൽ തെയ്യം കെട്ടുന്നവർക്കെതിരെ സംസാരിക്കുന്നവർ പറയുന്നത് കാവിന് പുറത്തെ തെയ്യം യാതൊരുവിധത്തിലുള്ള അനുഷ്ഠാനവും നിർവഹിക്കുന്നില്ല എന്നതാണ്. എന്നാൽ പുനഃപ്രതിഷ്ഠയ്ക്ക് വിധേയമായ കാവിനകത്തെ തെയ്യം എന്ത് അനുഷ്ഠാനമാണ് നിർവഹിക്കുന്നത് എന്ന ചോദ്യത്തിന് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ല. ഇന്നത്തെ കാവിൻ്റെ ഭൗതിക സ്വത്വം മറ്റൊന്നായി മാറിക്കഴിഞ്ഞു. ആല്, അരയാല്, പൂവ്വം, പുകില്, കാഞ്ഞിരം, കൂവളം, ചെമ്പകം, പാലാ പോലുള്ള വൃക്ഷങ്ങളൊക്കെ മുറിച്ചുമാറ്റി. കാവുമുറ്റത്ത് ഇൻറർലോക്ക് പാകി മണ്ണുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. മുകളിൽ മേൽക്കൂര പണിതു. കാവ് ക്ഷേത്രമാകുന്നതോടൊപ്പം വിശാലമായ കാവുമുറ്റത്തിനെ ഓഡിറ്റോറിയമാക്കുക കൂടി പുനഃപ്രതിഷ്ഠ പരിഷ്കരണ കമ്മിറ്റികൾ ചെയ്യുന്നുണ്ട്. ഇതിലും വലിയ അനുഷ്ഠാനലംഘനം തെയ്യത്തിനുമുകളിൽ ആരാണ് നടത്തിയിട്ടുള്ളത്.

കാവിനെ ക്ഷേത്രമാക്കി മാറ്റുന്നവർ നടത്തുന്ന അനുഷ്ഠാന ലംഘനങ്ങൾ എന്തുകൊണ്ടാണ് ഒരിടത്തും ചോദ്യം ചെയ്യപ്പെടാത്തത്. കാവിലെ അതിവശിഷ്ടമായ വൻമരങ്ങൾ മുറിച്ചു നീക്കുന്നതിനേക്കാൾ എത്രയോ ചെറിയ കുറ്റമാണ് അനുഷ്ഠാന പരിസരത്തിന് പുറത്ത് തെയ്യം അവതരിപ്പിക്കുക എന്നത്.
കാവിനെ ക്ഷേത്രമാക്കി മാറ്റുന്നവർ നടത്തുന്ന അനുഷ്ഠാന ലംഘനങ്ങൾ എന്തുകൊണ്ടാണ് ഒരിടത്തും ചോദ്യം ചെയ്യപ്പെടാത്തത്. കാവിലെ അതിവശിഷ്ടമായ വൻമരങ്ങൾ മുറിച്ചു നീക്കുന്നതിനേക്കാൾ എത്രയോ ചെറിയ കുറ്റമാണ് അനുഷ്ഠാന പരിസരത്തിന് പുറത്ത് തെയ്യം അവതരിപ്പിക്കുക എന്നത്.

തെയ്യക്കാവുകളിൽ കാണുന്ന ഏറ്റവും കൗതുകകരമായ കാഴ്ച ഇൻ്റർലോക്കോ കരിങ്കല്ലോ പതിച്ച കളിയാട്ടമുറ്റത്ത് കുംഭം, മീനം മാസങ്ങളിൽ തെയ്യം നടക്കുമ്പോൾ ചൂട് സഹിക്കാനാതെ വെള്ളം പമ്പ് ചെയ്ത് നനക്കുന്നതാണ്. തെയക്കാരെല്ലാവരും ഏക സ്വരത്തിൽ പറയുന്നത് എത്രകഠിനമായ ചൂടിലും ചാണകം തേച്ചിട്ടുള്ള പഴയ കളിയാട്ടമുറ്റം തരുന്ന ആത്മവിശ്വാസവും ആരോഗ്യസുരക്ഷയും വളരെ വലുതാണ് എന്നതാണ്. ചാണകം തേച്ച മുറ്റത്തെ വൻമരത്തഴപ്പുകളിലെ കുളിരൊന്നാകെ മുറിച്ചുമാറ്റി കാവിനെ ചുട്ടുപൊള്ളുന്ന ഉഷ്ണച്ചൂളകളാക്കി മാറ്റിയവരുടെ ആചാരലംഘനങ്ങൾ എവിടെ വക കൊള്ളിക്കും. കോൺക്രീറ്റ് നിർമിതികൾക്കുള്ളിൽ ആടാൻ വിധിക്കപ്പെടുന്ന തെയ്യശരീരത്തെ ചുട്ടുപൊള്ളിക്കുന്ന അധികാരികൾ നടത്തുന്ന അനുഷ്ഠാന ലംഘനങ്ങൾക്കെതിരെ ഇന്നോളം ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?

കാവിനെ ക്ഷേത്രമാക്കി മാറ്റുന്നവർ നടത്തുന്ന അനുഷ്ഠാന ലംഘനങ്ങൾ എന്തുകൊണ്ടാണ് ഒരിടത്തും ചോദ്യം ചെയ്യപ്പെടാത്തത്. കാവിലെ അതിവശിഷ്ടമായ വൻമരങ്ങൾ മുറിച്ചു നീക്കുന്നതിനേക്കാൾ എത്രയോ ചെറിയ കുറ്റമാണ് അനുഷ്ഠാന പരിസരത്തിന് പുറത്ത് തെയ്യം അവതരിപ്പിക്കുക എന്നത്. തെയ്യക്കാരൻ സാമ്പത്തികമായ മെച്ചം മാത്രം പ്രതീക്ഷിച്ചുകൊണ്ടാണ് പുറത്ത് തെയ്യം കെട്ടുന്നത്. അധികാരികൾ ഒരിടത്തും ചോദ്യം ചെയ്യപ്പെടാതിരിക്കുകയും തെയ്യക്കാരൻ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം തെയ്യക്കാർ ഒരു നിസ്വജനതയും അസംഘടിത വിഭാഗവും ആയത് കൊണ്ട് തന്നെയാണ്.

ക്ഷേത്രമായി മാറിയ കാവിനകത്ത് തെയ്യത്തിൻ്റേതായ യാതൊരുവിധത്തിലുള്ള അനുഷ്ഠാന നിഷ്ടയും നിലനിൽക്കുന്നില്ല. സദാചരിച്ചുകൊണ്ടിരിക്കന്ന ചരരാശിയിലുള്ള തെയ്യത്തെ യാതൊരു അനുഷ്ഠാനത്തിന്റെയും പിൻബലമില്ലാതെ തെയ്യത്തിൽ യാതൊരു പണിയുമില്ലാത്ത തന്ത്രി വന്ന് വിഗ്രഹത്തിലുറപ്പിക്കുന്നതിൻ്റെ യുക്തിയെന്ത്? ജാതിമതരഹിതമായി സ്വതന്ത്രമായി വിഹരിക്കുന്ന തെയ്യ സ്വത്വത്തെ മതവൽക്കരിക്കാനുള്ള അധികാരം തന്ത്രിമാർക്ക് ആരാണ് അനുവദിച്ച് നല്കിയത്.

വേദത്തിനോ തീർത്ഥത്തിനോ ആവാഹന മന്ത്രങ്ങൾക്കോ അടങ്ങാത്ത തെയ്യത്തെ മന്ത്രമൂതി വിഗ്രഹപ്രതിഷ്ഠയിൽ ഉറപ്പിച്ച് എല്ലാ അനുഷ്ഠാനങ്ങളെയും കാറ്റിൽ പറത്തുന്ന തന്ത്രി വർഗ്ഗത്തെ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത്. ജ്യോതിഷികളും ബ്രാഹ്മണതന്ത്രിമാരും നടത്തുന്ന അനുഷ്ഠാന ധ്വംസനങ്ങൾ തുറന്നുകാണിക്കേണ്ട ഉത്തരവാദിത്തം ആരുടേതാണ്?

അനുഷ്ഠാന പരിസരത്തിന് പുറത്ത് തെയ്യം കെട്ടുന്ന ജാതിഘടനയിൽ ഏറ്റവും താഴെത്തട്ടിലുള്ള തെയ്യക്കാർ സോഷ്യൽ മീഡിയ പ്ലാസ്റ്റ് ഫോമിൽ ആക്രമണത്തിന് വിധേയമാവുകയും അതിലും കൂടിയ അനുഷ്ഠാനലംഘനം നടത്തുന്ന കാവധി കാരികളും തന്ത്രിമാരും ഒരുതരത്തിലും ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നതിൻ്റെ വൈരുദ്ധ്യം എക്കാലത്തും നിലനില്ക്കുന്നതാണ്.

മേൽക്കൂരകളിൽ കറങ്ങുന്ന പങ്കകൾ ഘടിപ്പിച്ച എല്ലാ തെയ്യക്കാവുകളും ഇന്ന് ഓഡിറ്റോറിയങ്ങൾ മാത്രമാണ്. ഇങ്ങനെ രൂപാന്തരപ്പെട്ട ഓഡിറ്റോറിയങ്ങളിൽ വളരെ പരിമിതമായാണ് തെയ്യാനുഷ്ഠാനങ്ങൾ നടക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് തെയ്യത്തിന്റെ മൊഴികളോ തോറ്റംപാട്ടുകളോ കേൾക്കാവുന്ന ഒരു അക്വിസ്റ്റിക്സ് സംവിധാനം ഇന്ന് നിലനില്ക്കുന്നില്ല. തെയ്യം മൊഴികളുടെയും ചെണ്ടവാദ്യത്തിൻ്റെയും ചീനിയുടെയും ആൾക്കൂട്ട ആരവങ്ങളുടെയും കുടയിളക്കത്തിന്റെയും മഹാശബ്ദങ്ങളുടെ സിംഫണിയുണ്ടാക്കുന്ന വിഭ്രാമകസൗന്ദര്യം കാവുകളിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങിക്കഴിഞ്ഞു. തെയ്യത്തിന്റെ തോറ്റംപാട്ടോ ചെണ്ട നാദമോ ചിലമ്പൊലിയോ തെയ്യത്തിന്റെ മൊഴികളോ ഓഡിറ്റോറിയമായി മാറിയ കാവുകൾക്കുള്ളിൽ അരോചകമാകും വിധം കലങ്ങിപ്പോവുകയാണ്. എത്ര ശ്രദ്ധിച്ചു ശ്രമിച്ചാലും ഓഡിറ്റോറിയത്തിനകത്ത് ശബ്ദങ്ങൾ കൃത്യമായി കേൾക്കാൻ പറ്റുകയില്ല. അപ്പോൾ എവിടെയാണ് ശരിക്കും അനുഷ്ഠാനലംഘനം നടക്കുന്നത്. ക്ഷേത്ര നിർമിതിയായി മാറിയ കാവിനകത്താണോ അനുഷ്ഠാനപരിസരത്തിന് പുറത്തോ?

വേദത്തിനോ  തീർത്ഥത്തിനോ ആവാഹന മന്ത്രങ്ങൾക്കോ അടങ്ങാത്ത തെയ്യത്തെ മന്ത്രമൂതി വിഗ്രഹപ്രതിഷ്ഠയിൽ ഉറപ്പിച്ച് എല്ലാ അനുഷ്ഠാനങ്ങളെയും കാറ്റിൽ പറത്തുന്ന തന്ത്രി വർഗ്ഗത്തെ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത്.
വേദത്തിനോ തീർത്ഥത്തിനോ ആവാഹന മന്ത്രങ്ങൾക്കോ അടങ്ങാത്ത തെയ്യത്തെ മന്ത്രമൂതി വിഗ്രഹപ്രതിഷ്ഠയിൽ ഉറപ്പിച്ച് എല്ലാ അനുഷ്ഠാനങ്ങളെയും കാറ്റിൽ പറത്തുന്ന തന്ത്രി വർഗ്ഗത്തെ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത്.

കാവുകൾക്ക് പുറത്തുള്ള നിരവധി തെയ്യാവതരങ്ങൾ പലപ്പോഴായി കാണാനിട വന്നിട്ടുണ്ട്. ഇന്ന് കുറെ കൂടി തെയ്യത്തിന്റെ അന്തരീക്ഷവും കാവുമുറ്റവും വിശാലമായ മരപ്പടർപ്പുമൊക്കെയുള്ളത് അനുഷ്ഠാന പരിസരത്തിന് പുറത്തുള്ള തുറന്ന അരങ്ങിലാണ്. ഇനി തെയ്യത്തെ സ്വാഭാവിക അന്തരീക്ഷത്തിൽ കാണണമെങ്കിൽ ഉത്തരമലബാറിന് പുറത്തെ തുറന്ന അരങ്ങിലേക്ക് തന്നെ പോകേണ്ടിവരും.

തെയ്യക്കാരനെ
വിചാരണ ചെയ്യുന്നവർ
ആരാണ്?

തെയ്യം മുഖ്യവിഷയമായുള്ള ചർച്ചകളും സംവാദങ്ങളും ആശയവിനിമയങ്ങളും സജീവമായി നടക്കുന്ന കാലം കൂടിയാണിത്. വാട്സപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും നിരവധി യൂട്യൂബ് ചാനലുകളും തെയ്യം അപ്ഡേറ്റ്സുമായി രംഗത്തുണ്ട്. തെയ്യം കെട്ടുന്നവരും തെയ്യപ്രേമികളും ആസ്വാദകരും കാവധികാരികളും ആചാരക്കാരും ഇത്തരം ഗ്രൂപ്പുകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൾച്ചറൽ ടൂറിസം എന്ന പേരിൽ തെക്കൻ കേരളത്തിൽ നിന്നും ധാരാളം സഞ്ചാരികൾ തെയ്യം കാണുന്നതിനായി വിവിധ ടൂറിസ്റ്റ് ഏജൻസികൾ വഴി തെയ്യക്കാവുകളിലെത്തുന്നുമുണ്ട്.

മുതലത്തെയ്യം കെട്ടുന്ന ഭാസ്കരൻ
മുതലത്തെയ്യം കെട്ടുന്ന ഭാസ്കരൻ

തെയ്യം എന്നത് ഇന്ന് പ്രാദേശികമായ ഒരു ഏർപ്പാട് മാത്രമല്ല.

പലതരത്തിലുള്ള അഭിപ്രായ ഭിന്നതകളും വാദപ്രതിവാദങ്ങളും തെയ്യം ഗ്രൂപ്പുകൾക്കിടയിൽ നിലനിൽക്കുന്നുണ്ടെങ്കിലും അനുഷ്ഠാനലംഘനം നടത്തുന്ന തെയ്യക്കാരനെതിരെ എല്ലാവർക്കും ഒരൊറ്റ ശബ്ദമാണ്.

ആരാണ് ശരിക്കും തെയ്യക്കാരനെ വിചാരണ ചെയ്യുന്നവർ. താൻ അവതരിപ്പിക്കുന്ന തെയ്യം പുറത്ത് ചെയ്യണോ അനുഷ്ഠാപ്രകാരം കാവിനകത്ത് ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അധികാരം തെയ്യക്കാരൻ്റെത് മാത്രമാണ്. തെയ്യാനുഷ്ഠാനവുമായി ബന്ധപ്പെട്ട് കാവുടമകൾക്ക് പ്രത്യേകാവകാശാധികാരങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായും ആ തീരുമാനം തെയ്യക്കാരന്റെതാണ്.

കാവിന് പുറത്ത്  തെയ്യക്കാരനെ നേരിടുന്നവർ ആരൊക്കെയാണെന്ന് പരിശോധിക്കാം. കാവിനെ ക്ഷേത്രമാക്കി മാറ്റുന്നതിലെ മുന്നണിപ്പോരാളികളായ കാവധികാരികളും ക്ഷേത്രഭരണാധികാരികളും സവർണ്ണ ജാതി തമ്പുക്കാരാക്കന്മാരുമാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത്.
കാവിന് പുറത്ത് തെയ്യക്കാരനെ നേരിടുന്നവർ ആരൊക്കെയാണെന്ന് പരിശോധിക്കാം. കാവിനെ ക്ഷേത്രമാക്കി മാറ്റുന്നതിലെ മുന്നണിപ്പോരാളികളായ കാവധികാരികളും ക്ഷേത്രഭരണാധികാരികളും സവർണ്ണ ജാതി തമ്പുക്കാരാക്കന്മാരുമാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

തെയ്യക്കാരനോട് ഒരു കാവിൽ തെയ്യം കെട്ടാൻ ആവശ്യപ്പെട്ടാൽ അയാൾക്ക് താല്പര്യമില്ലെങ്കിൽ അവിടെ കെട്ടണമെന്നില്ല. ഒരു തെയ്യക്കാരൻ ഇല്ലെങ്കിൽ മറ്റൊരു തെയ്യക്കാരൻ ആ കൃത്യം നിർവഹിക്കും. അനുഷ്ഠാനപരിസരത്തിന് പുറത്തെ തെയ്യാവതരണത്തിന്റെ പേരിൽ തെയ്യക്കാരന്റെ സ്വാതന്ത്ര്യത്തിന് മുകളിലാണ് മറ്റുള്ളവർ അയാളെ കുറ്റവിചാരണ ചെയ്യുന്നത്.

കാവിന് പുറത്ത് തെയ്യക്കാരനെ നേരിടുന്നവർ ആരൊക്കെയാണെന്ന് പരിശോധിക്കാം. കാവിനെ ക്ഷേത്രമാക്കി മാറ്റുന്നതിലെ മുന്നണിപ്പോരാളികളായ കാവധികാരികളും ക്ഷേത്രഭരണാധികാരികളും സവർണ്ണ ജാതി തമ്പുക്കാരാക്കന്മാരുമാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത്. തെയ്യത്തെക്കുറിച്ച് നിരന്തരം ഓൺലൈൻ മാധ്യമങ്ങളിലും പ്രിൻ്റ് മീഡിയകളിലും എഴുതുകയും തെയ്യത്തെ ഉപയോഗിച്ച് പരമാവധി ലാഭം കൊയ്യുകയും ചെയ്യുന്ന നാട്ടെഴുത്തുകാരാണ് മറ്റൊരു കൂട്ടർ. ഫേസ്ബുക്ക് വാട്സ്ആപ്പ് കൂട്ടായ്മകളിലെ അഡ്മിൻമാരും പേജുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ധരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ് ആണ് അനുഷ്ഠാന പരിസരത്തിന് പുറത്ത്പോകുന്ന തെയ്യത്തിന്റെ മുഖ്യ എതിരാളികൾ.

ഏറ്റവും നവീനനമായ സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകളിലൂടെ തെയ്യത്തെ പകർത്തി അത് പല മാധ്യമങ്ങളിലും പബ്ലിഷ് ചെയ്ത് എളുപ്പവഴിയിൽ പ്രശസ്തരാകുന്ന വീഡിയോ ഗ്രാഫർമാരും ഫോട്ടോഗ്രാഫർമാരുമാണ് തെയ്യക്കാരനെ തേജോവധം ചെയ്യുന്ന മറ്റൊരു അനുഷ്ഠാന പരിപാലനസംഘം!

മതതീവ്രവികാരം ഉണർത്തി എന്തു കാര്യങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കുന്നതിനുള്ള മത്സരങ്ങൾ പുരോഗമന നവകേരളത്തിൽ തിമിർക്കുമ്പോഴാണ് കാസർഗോഡ് ജില്ലയിലെ മടിക്കൈമുണ്ടോട്ട് പള്ളിയുടെ തൊട്ടു താഴെ കോമറായ ദേവസ്ഥാനത്തുനിന്ന് ഉമ്മച്ചിപ്പെണ്ണിൻ്റെ ബാങ്കുവിളിയുയരുന്നത്.
മതതീവ്രവികാരം ഉണർത്തി എന്തു കാര്യങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കുന്നതിനുള്ള മത്സരങ്ങൾ പുരോഗമന നവകേരളത്തിൽ തിമിർക്കുമ്പോഴാണ് കാസർഗോഡ് ജില്ലയിലെ മടിക്കൈമുണ്ടോട്ട് പള്ളിയുടെ തൊട്ടു താഴെ കോമറായ ദേവസ്ഥാനത്തുനിന്ന് ഉമ്മച്ചിപ്പെണ്ണിൻ്റെ ബാങ്കുവിളിയുയരുന്നത്.

തെയ്യം പുറത്തുപോകാതെ നിൽക്കേണ്ടത് ഇത്തരത്തിലുള്ള സംരക്ഷകരുടെ ആവശ്യമാണ്. അനുഷ്ഠാനങ്ങൾക്കുള്ളിൽ തന്നെ നിന്നാൽ മാത്രമേ ഇവർക്ക് തെയ്യത്തെ ലാഭകേന്ദ്രീകൃതമായ വിപണിയിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. തെയ്യത്തിലെ വിപണിയിൽ ആധിപത്യമുറപ്പിക്കാൻ സാധിക്കൂ. കാവുപരിസരം വിട്ട് തെയ്യം പുറത്തുപോകുമ്പോൾ ഇവർക്ക് നഷ്ടമാകുന്നത് വിപണി കൂടിയാണ് അതുകൊണ്ടാണ് ഒറ്റക്കെട്ടായി തെയ്യത്തിനെതിരെ തിരിയുന്നത്.

തെയ്യം എന്ന പ്രതിരോധ പാഠം,
തെയ്യക്കാരൻ എന്ന രാഷ്ട്രീയശരീരം

എല്ലാ കാലത്തേക്കും ശക്തമായ പ്രസക്തമായ പ്രതിരോധ പാഠമാണ് തെയ്യം. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും നെടുംകോട്ടകൾ കെട്ടി ഒരു ജനസമൂഹം തങ്ങളുടെ ചരിത്രത്തെ, സംസ്കാരത്തെ സംരക്ഷിച്ചു നിർത്തിയത് തെയ്യങ്ങളിലൂടെയാണ്. നമ്മുടെ ക്ലാസിക്കലും നാടോടിയുമായ ആഖ്യാനങ്ങൾ പരിശോധിക്കുകയാണെങ്കിൽ തെയ്യത്തോളം ശക്തമായ പ്രതിരോധ പാഠങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന രംഗപാഠങ്ങൾ അധികം കാണാൻ കഴിയില്ല. അത്രയും ശക്തമാണ് അതിൻ്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങൾ.

മാമാങ്കവേലയ്ക്ക് മാത്രമല്ല മക്കത്തെ കപ്പലിനും ഗുണം വരുത്തും എന്നാണ് തെയ്യത്തിൻ്റെ മൊഴി.  ഇന്നത്തെ ജാതി തമ്പ്രാക്കന്മാർക്കും മതമേലധികാരികൾക്കും ലോക വിവരമില്ലെങ്കിലും തെയ്യത്തിന് അത് വേണ്ടതിലധികമുണ്ട്.
മാമാങ്കവേലയ്ക്ക് മാത്രമല്ല മക്കത്തെ കപ്പലിനും ഗുണം വരുത്തും എന്നാണ് തെയ്യത്തിൻ്റെ മൊഴി. ഇന്നത്തെ ജാതി തമ്പ്രാക്കന്മാർക്കും മതമേലധികാരികൾക്കും ലോക വിവരമില്ലെങ്കിലും തെയ്യത്തിന് അത് വേണ്ടതിലധികമുണ്ട്.

ഏതുകാലത്തും ഏതു കൊടുങ്കാറ്റിലും പേമാരിയിലും പ്രകൃതിക്ഷോഭങ്ങളിലും കടലെടുക്കാതെ ചിതലെടുക്കാതെ അതാത് കാലത്തെ മനുഷ്യജീവിതവുമായി സമന്വയിച്ച് സ്വയം നവീകരിച്ച് തെയ്യം കാലത്തിന് മുന്നേ സഞ്ചരിക്കുന്നുണ്ട്. എങ്ങനെ ജാതിപ്പൂട്ടിട്ട് മത പൂട്ടിട്ട് ബന്ധിച്ചാലും അത് പൊട്ടിക്കാനുള്ള ഉൾക്കരുത്ത് ഇപ്പോഴും തെയ്യത്തിനുണ്ട്.

എന്നെന്നേക്കുമായി തോറ്റുപോയ തെയ്യത്തെ ഇനി ആർക്കും തോൽപ്പിക്കാൻ കഴിയില്ല. തോൽവിയുടെ അങ്ങേയറ്റത്തെ മരണവും കടന്നാണ് സ്വന്തം ചോരയിൽ പുല കുളിച്ച് തെയ്യങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്ക് വരുന്നത് മനുഷ്യസങ്കടത്തോടൊപ്പം എന്നും ജാഗ്രത്തായി നിലനിൽക്കുന്ന രംഗ പാഠനിർമിതിയാണ് തെയ്യം. ദീനം സങ്കടം മഹാവ്യാധി ഇവയ്ക്ക് ഒന്നിനും നിങ്ങളെ വിട്ടുകൊടുക്കില്ല എന്നാണ് തെയ്യം എപ്പോഴും ഉള്ളുനൊന്ത് പറഞ്ഞുകൊണ്ടിരിക്കുന്നത്. തന്റെ മുന്നിലെ മനുഷ്യനെ ചേർത്തുപിടിച്ച് ഇങ്ങനെ പറയുന്ന ഒരാവിഷ്കാരം മാത്രമേ ഭൂമിയിലുള്ളൂ അത് തെയ്യമാണ്.

ഉമ്മച്ചിപ്പെണ്ണിൻ്റെ ബാങ്ക് വിളി മുഴങ്ങുന്ന തെയ്യക്കാവുകൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. നിങ്ങൾക്കത് വിശ്വാസമാകണമെന്നില്ല.
ഉമ്മച്ചിപ്പെണ്ണിൻ്റെ ബാങ്ക് വിളി മുഴങ്ങുന്ന തെയ്യക്കാവുകൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. നിങ്ങൾക്കത് വിശ്വാസമാകണമെന്നില്ല.

പൗരോഹിത്യത്തിന്റെ എല്ലാ അരുതുകൾക്കുമപ്പുറമാണ് തെയ്യത്തിലെ മാനുഷികത മുറ്റിത്തഴച്ചു നിൽക്കുന്നത്. ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിലക്കുകൾ വലിയ അക്ഷരങ്ങളിൽ കാവുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും അകത്ത് മാടായി നഗരമായ മാപ്പിള സാഹോദര്യം തെയ്യമായി ഉറയുന്നുണ്ട്. മാമാങ്കവേലയ്ക്ക് മാത്രമല്ല മക്കത്തെ കപ്പലിനും ഗുണം വരുത്തും എന്നാണ് തെയ്യത്തിൻ്റെ മൊഴി. ഇന്നത്തെ ജാതി തമ്പ്രാക്കന്മാർക്കും മതമേലധികാരികൾക്കും ലോക വിവരമില്ലെങ്കിലും തെയ്യത്തിന് അത് വേണ്ടതിലധികമുണ്ട്. കാരണം മക്കത്തു നിന്ന് കപ്പൽ വന്നാൽ മാത്രമേ ഇവിടെ വ്യാപാരവും വിപണനവും നടക്കുകയുള്ളൂ. ഉത്തരകേരളത്തിൻ്റെ സാമ്പത്തിക സുസ്ഥിരതയിൽ മക്കത്തുനിന്നും വന്ന് ചരക്കു നിറച്ച് തിരിച്ചുപോകുന്ന കപ്പൽ പ്രധാനമാണ്.

മതതീവ്രവികാരം ഉണർത്തി എന്തു കാര്യങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കുന്നതിനുള്ള മത്സരങ്ങൾ പുരോഗമന നവകേരളത്തിൽ തിമിർക്കുമ്പോഴാണ് കാസർഗോഡ് ജില്ലയിലെ മടിക്കൈമുണ്ടോട്ട് പള്ളിയുടെ തൊട്ടു താഴെ കോമറായ ദേവസ്ഥാനത്തുനിന്ന് ഉമ്മച്ചിപ്പെണ്ണിൻ്റെ ബാങ്കുവിളിയുയരുന്നത്. ഫാത്തിമയെന്ന മാണിച്ചി തൻ്റെ സഹയാത്രികനായ ബബ്ബരിച്ചനോട് തനിക്ക് നിസ്കരിക്കാൻ സമയമായെന്നും ബാങ്ക് വിളിക്കണമെന്നുമാണ് പറയുന്നത്. ഇവിടെ ബാങ്ക് വിളിക്കാൻ മറ്റാരുമില്ല നീ തന്നെ ബാങ്ക് വിളിച്ചോളൂ എന്നും ബബ്ബേരിയൻ തെയ്യം മറുപടി പറയുന്നു. ഉമ്മച്ചിപ്പെണ്ണിൻ്റെ ബാങ്ക് വിളി മുഴങ്ങുന്ന തെയ്യക്കാവുകൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. നിങ്ങൾക്കത് വിശ്വാസമാകണമെന്നില്ല.

എക്കാലത്തെയും രാഷ്ട്രീയാനിവാര്യതയാണ് തെയ്യം. ആഗോളദൈവമായ ശ്രീരാമന് നേർക്ക് നീതിയെക്കുറിച്ചുള്ള ചോദ്യശരങ്ങളെയുന്ന നെടുബാലിയൻ. സർവ്വജ്ഞപീഠം കയറിയ ശങ്കരാചാര്യരുടെ ഹൃദയത്തിൽ അധികാരത്തിൻ്റെ കെട്ട് നാറിയ പൗരോഹിത്യരക്തത്തിന് പകരം മനുഷ്യരക്തം നിറച്ച പൊലപ്പൊട്ടൻ. എല്ലാ അധികാര വ്യവസ്ഥകളെയും ജ്ഞാനം കൊണ്ട് ഇച്ഛാശക്തികൊണ്ട് അനുഭവംകൊണ്ട് സ്വജീവിതം കൊണ്ട് നിഷ്പ്രഭമാക്കിയ മാടായിക്കാരി. ജ്ഞാനത്തിന്റെയും അധ്വാനത്തിന്റെയും എക്കാലത്തെയും രക്തസാക്ഷിയായ മുച്ചിലോട്ടമ്മ…

അങ്ങനെയങ്ങനെ തെയ്യത്തിന്റെ പ്രതിരോധ പാഠങ്ങളുടെ ആഴവും പരപ്പും നമ്മുടെ നോട്ടങ്ങൾക്കുമപ്പുറമാണ്.

എല്ലാ കാലത്തേക്കും ശക്തമായ പ്രസക്തമായ പ്രതിരോധ പാഠമാണ് തെയ്യം.
എല്ലാ കാലത്തേക്കും ശക്തമായ പ്രസക്തമായ പ്രതിരോധ പാഠമാണ് തെയ്യം.

തെയ്യമാകുന്ന തെയ്യക്കാരൻ അരങ്ങിലെ നാശമില്ലാത്ത രാഷ്ട്രീയശരീരമാണ്. തെയ്യമില്ല തെയ്യക്കാരൻ മാത്രമേയുള്ളൂ. അല്ലെങ്കിൽ തെയ്യക്കാരനില്ല തെയ്യം മാത്രമേയുള്ളൂ. പരസ്പരം തിരിച്ചറിയാൻ പറ്റാത്ത വിധവം തെയ്യത്തിൽ തെയ്യക്കാരനും തെയ്യക്കാരനിൽ തെയ്യവും അലിഞ്ഞുചേർന്നിരിക്കുന്നു.

തെയ്യം ചോദിക്കുന്ന ചോദ്യങ്ങൾ തെയ്യക്കാരന്റെ ചോദ്യങ്ങൾ തന്നെയാണ്. കാരണം അധികാരം എല്ലാകാലത്തും വശങ്ങളിലേക്ക് മാറ്റിനിർത്തിയ മനുഷ്യരുടെ പ്രതീക്ഷയും പ്രതിഷേധവും അതിജീവനവും അവർ സാധ്യമാക്കിയത് തെയ്യത്തിലൂടെ മാത്രമായിരുന്നു. സ്വന്തം ഉയിരുതി ഉയർപ്പിച്ച തെയ്യം അവർക്ക് ഉത്തരമല്ല. എല്ലാകാലത്തേക്കുമുള്ള ചോദ്യങ്ങൾ മാത്രമാണ്.

(അവസാനിച്ചു).

Comments