2000 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റം വരികയുണ്ടായി. കേരളത്തെ സംബന്ധിച്ച് തീൻവിഭവങ്ങളുടെ എണ്ണവും വണ്ണവും ഇക്കാലത്തിനിടയിൽ നല്ലപോലെ മാറി. നമ്മുടെ ഹോട്ടൽ വ്യവസായത്തിന്റെ വളർച്ച ഇക്കാലത്ത് അതിദ്രുതമായിരുന്നു. വീട്ടിലെ ഭക്ഷണം എന്തെങ്കിലും കാരണവശാൽ മുടങ്ങുമ്പോൾ ആശ്രയിക്കാവുന്ന സ്ഥാപനം എന്നതിൽ നിന്ന് ഏതുസമയത്തും വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാവുന്ന പൊതു തീൻമേശ എന്ന സങ്കല്പനത്തിലേയ്ക്ക് ഹോട്ടലുകൾ മാറി. നമുക്ക് പരിചയമുള്ള വിഭവങ്ങൾക്കൊപ്പം പുതിയ വിഭവങ്ങളും അതുവഴി നമ്മുടെ തീൻപന്തിയിലെത്തി. നമ്മുടെ അടുക്കളയിൽ പാകം ചെയ്യാവുന്ന ഒന്നാണ് നമ്മുടെ ഭക്ഷണം എന്ന് ഇന്നാരും പറയില്ല. അത്രയും കലർപ്പുറ്റ ഒന്നായി നമ്മുടെ തീൻമേശ. അത് പുതിയ ചേർപ്പുകളുണ്ടാക്കി. പുതിയ രുചികൾ നിർമിച്ചു. ലോകം എന്നത് വിവിധ ഭൂപ്രകൃതികൾ പോലെ, വ്യത്യസ്ത ഭരണസംവിധാനങ്ങൾ പോലെ, കാലാവസ്ഥാ വൈവിധ്യങ്ങൾ പോലെ, ഭാഷാഭേദങ്ങൾ പോലെ ഒരു തീൻമേശയിലെ ബഹു രുചികൾ കൂടിയാണ് എന്ന് നാം മനസ്സിലാക്കി, ലോകം ചുറ്റിവരാനുള്ള ഒരു എളുപ്പവഴി വ്യത്യസ്ത പലഹാരപ്പണികൾ രുചിക്കുകയാണെന്നും.
ഭക്ഷണത്തിന്റെ ജനാധിപത്യ, രാഷ്ട്രീയ, കമ്പോളാധിഷ്ഠിത മൂല്യങ്ങളിൽ വലിയ വൈവിധ്യവല്ക്കരണം സംഭവിച്ച ഒരു ലോകത്തിന്റെ നടുവിൽനിന്ന് ഇറോം ശർമിളയെക്കുറിച്ച് നിങ്ങൾ എങ്ങനെയാണ് കവിത എഴുതുക?
അതോടൊപ്പം, ഭക്ഷണത്തെ സംബന്ധിച്ച നിരവധി ചർച്ചകളും വിചാരങ്ങളും സംസ്‌കാരത്തിൽ പുതുതായി വന്നു. ദൃശ്യമാധ്യമങ്ങളിൽ ഭക്ഷണത്തെ സംബന്ധിച്ച പരിപാടികൾ സ്ഥിരം പംക്തികളായി. കുശിനിക്കാർ എന്നുപറഞ്ഞ് തിരശ്ശീലക്കുപിന്നിൽ മാത്രം കഴിഞ്ഞിരുന്ന പാർശ്വവത്കൃതർ നായകരായി രംഗത്തുവന്നു. അതോടൊപ്പം അടുക്കളയിലെ ശമ്പളംകിട്ടാ തൊഴിലാളിവർഗമായി നൂറ്റാണ്ടുകൾ ചെലവഴിച്ച സ്ത്രീകൾ, അടുക്കളയുടെ വ്യാപാരവത്കരണം സംഭവിച്ചപ്പോൾ അവിടെ നിന്ന് മിക്കവാറും പുറത്തായി.
തീൻമേശയുടെ ഈ വ്യാപാരവത്കരണത്തിനും വൈവിധ്യവത്കരണത്തിനും പിന്നിൽ മലയാളിയുടെ പ്രവാസം, മധ്യവർഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി വാങ്ങൽ ശേഷി മാറിയത്, സ്വതന്ത്ര കമ്പോളത്തിന്റെ വ്യാപനം , സ്ത്രീകളുടെ സ്വത്വബോധത്തിലും സാമൂഹ്യ ചലനാത്മകതയിലും ഉണ്ടായ മാറ്റങ്ങൾ, കുടുംബത്തിന്റെ ഫ്യൂഡൽ ഘടനയിൽ സൃഷ്ടിച്ച കുലുക്കങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാകും. അതോടൊപ്പം ഭക്ഷണം എന്നത് വിശപ്പ് എന്ന ജൈവചോദനയുമായിയി ബന്ധപ്പെട്ട ഒന്നു മാത്രമല്ല, എന്നതും ഇക്കാലയളവിൽ വീണ്ടും വീണ്ടും ഉറയ്ക്കുകയും ചെയ്തു. രുചി എന്നത് ഒരു സാംസ്‌കാരികമൂല്യമാണെന്നത് പൊതുബോധമായി മാറുകയും ചെയ്തു
ഇങ്ങനെ ഭക്ഷണത്തിന്റെ ജനാധിപത്യ, രാഷ്ട്രീയ, കമ്പോളാധിഷ്ഠിത മൂല്യങ്ങളിൽ വലിയ വൈവിധ്യവത്കരണം സംഭവിച്ച ഒരു ലോകത്തിന്റെ നടുവിൽനിന്ന് ഇറോം ശർമിളയെക്കുറിച്ച് നിങ്ങൾ എങ്ങനെയാണ് കവിത എഴുതുക?
കാരണം, നിങ്ങൾക്കറിയാം മേൽപ്പറഞ്ഞ പതിനാറുവർഷങ്ങളിൽ സ്വന്തം ശരീരത്തെ ഭക്ഷണത്തിന്റെ വൈവിധ്യവത്കരണങ്ങളിൽ നിന്ന്, വ്യാപാരവത്കരണങ്ങളിൽ നിന്ന്, സാമൂഹ്യവത്കരണങ്ങളിൽ നിന്ന്, ആഘോഷങ്ങളിൽ നിന്ന് അകറ്റിനിർത്തി ഭക്ഷണത്തെ ഏറ്റവും വലിയ രാഷ്ട്രീയോപാധിയായി വികസിപ്പിച്ചെടുക്കുകയായിരുന്നു അവർ. ആംഡ് ഫോഴ്‌സസ് സ്‌പെഷൽ പവേഴ്‌സ് ആക്റ്റ് (AFSPA) മണിപ്പൂരിന്റെ സ്വൈര്യജീവിതത്തെ ഹനിക്കുന്നതും നിരപരാധികളുടെ ജീവനെടുക്കുന്നതും ആയ ഒന്നായി പരിണമിച്ചപ്പോൾ, 16 വർഷം തന്റെ ശരീരത്തെ മുൻനിർത്തി അവർ പൊരുതി. ഭക്ഷണം എന്ന ആവശ്യത്തിൽ നിന്ന് അതിന്റെ ഇല്ലായ്മയിലേയ്ക്ക് ഋണാത്മക അക്ഷത്തിലൂടെ സഞ്ചരിക്കാൻ അവരെ പ്രേരിപ്പിച്ചത് അസ്തിത്വദുഃഖമോ ജീവിതനിരാസമോ ആയിരുന്നില്ല. മറിച്ച്, മറ്റൊരർഥത്തിൽ മെച്ചപ്പെട്ടതും നീതിയുക്തവുമായ ഒരു സാമൂഹ്യജീവിതത്തിനുള്ള അഭിലാഷമായിരുന്നു. അപ്പോൾ തന്നെയാണ് ആധിക്യത്തിന്റെ ഒരു സാംസ്‌കാരികഖണ്ഡമായി ഇന്ത്യയുടെ ആഹാരമേഖല മാറിയതും.
ആ ആഹാരമേഖലയെ പ്രശ്‌നവത്കരിക്കുക ഇറോം ശർമിളയുടെ ലക്ഷ്യമായിരുന്നില്ല. അതേസമയം, പൊട്ടിത്തെറിക്കുന്ന ആഹാരപദാർഥങ്ങളുടെ ചിത്രം വരഞ്ഞ ഒരു ക്യാൻവാസ് സങ്കല്പിക്കുക. അത് മക് ഡൊണാൾഡിന്റേയോ, കെ.എഫ്.സിയുടേയോ പരസ്യപ്പലകയാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ അതിനുനടുക്ക് ഇറോം ശർമിളയുടെ ഒരു ഇമേജ് വരച്ചുചേർത്താൽ കളി മാറും. അത് സംസ്‌കാരത്തിന്റെ ആഴത്തിലെ നിർവചിക്കാൻ പറ്റാത്ത വൈരുദ്ധ്യാനുഭവത്തിന്റെ കലാപ്രകടനമായി മാറും.
എഴുത്തിലെ രാഷ്ട്രീയം എന്നത് ഭാഷ ആന്തരീകരിച്ച ഒരു പ്രക്രിയ ആണ് എന്നുപറയാം. സാഹിത്യത്തെ സംബന്ധിച്ച് അതിന്റെ പ്രപഞ്ചം എന്നത് ഭാഷയാണ്. ഭാഷ മാത്രമാണ്. ആ പ്രപഞ്ചത്തിന്റെ ദർശനവിസ്തൃതി എത്ര വർദ്ധിപ്പിക്കാൻ കഴിയുന്നുവോ, ആ വ്യത്യാസം സംസ്‌കാരത്തിലും സംഭവിക്കുന്നു
ഏതാണ്ട് ഇക്കാലത്തുതന്നെ ബീഫ് ആഹരിക്കുന്നത് ഒരു രാഷ്ട്രീയപ്രശ്‌നമായി ഉയർന്നു. ഹിന്ദു ഫാസിസ്റ്റുകൾ ദേശസ്‌നേഹത്തിന്റെയും സാമൂഹ്യാംഗത്വത്തിന്റെയും അടിസ്ഥാനഘടകങ്ങളിലൊന്നായി ബീഫ് എന്ന ഭക്ഷണപദാർഥത്തിനോട് എടുക്കുന്ന സമീപനത്തെ മാറ്റി. സസ്യഭോജി - മാംസഭോജി എന്ന വിശാല തരംതിരിവിനുപകരം രാഷ്ട്രീയമായ തീറ്റിക്കൂട്ടങ്ങൾ രൂപംകൊണ്ടു. ബീഫ് വീട്ടിൽ സൂക്ഷിച്ചു എന്നതിനെ തുടർന്ന് അഖ്‌ലാക്കിനെ ഹിന്ദു ഫാസിസത്തിന്റെ ആൾക്കൂട്ടപ്പട തല്ലിക്കൊന്നു. ഗോവധത്തെ അനുകൂലിക്കുന്നവർ എന്ന പേരുപറഞ്ഞ് മുസ്ലിംകൾക്കുനേരെ ഉത്തരേന്ത്യയിൽ നിരവധി ആക്രമണങ്ങൾ ഇവർ നടത്തി. ഇന്ത്യയുടെ വിശേഷണമായി പശുരാഷ്ട്രം എന്ന പേര് എഴുതിച്ചേർക്കാനുള്ള ഭാഷാപരിഷ്‌കരണ സേനകളായി ഈ ആൾക്കൂട്ടം ഹിംസാത്മകമായി.
മുഹമ്മദ് അഖ്‌ലാക്കിനെ ഒരു പശു തിന്നു എന്ന വാചകം ഇരുപത്തൊന്നാം നൂറ്റാണ്ടിനുമുമ്പാണ് എഴുതപ്പെടുന്നതെങ്കിൽ, അത് ഒരു കൗതുകവാർത്തയായി മാത്രം വായിക്കപ്പെടുമായിരുന്നു. എന്നാൽ മേൽപ്പറഞ്ഞ ചരിത്രസാഹചര്യത്തിൽ അത് മതന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അനുഭവിക്കുന്ന ഭീതിയുടെയോ ജനാധിപത്യ സങ്കല്പത്തിന്റെ വേരിൽ ഏറ്റ ക്ഷതത്തിന്റെയോ അളവിനെ കുറിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതിനെയാണ്, ഒരർഥത്തിൽ കലയിലെ രാഷ്ട്രീയം എന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നത്. ആധിക്യമാർന്ന ഒരു മാധ്യമലോകത്തിൽ, വായ്ത്താരികൾ കൊണ്ടു മാത്രം നിർവഹിക്കപ്പെടുന്ന ഒരു ജനാധിപത്യലോകത്തിൽ, ചരിത്രാനുഭവത്തിന്റെ സൂക്ഷ്മതകൾ അടയാളപ്പെടുത്തുക. ഇത് പലരും ആരോപിക്കുംപോലെ സാമൂഹ്യപ്രവർത്തനത്തിന്റെ ശാബ്ദികപാരഡിയോ ബദൽ സാമൂഹ്യപ്രവർത്തനമോ അല്ല, മറിച്ച് പ്രാഥമികമായും ഭാഷാപ്രവർത്തനം തന്നെയാണ്. അതെങ്ങനെയെന്ന് നോക്കാം.
ഭാഷയുടെ വ്യാകരണം നാം പഠിക്കുന്നുണ്ട്. ഏറെക്കുറെ പാലിക്കുന്നുണ്ട്. വ്യാകരണപഠനങ്ങൾ ലോകത്തെമ്പാടും വിവിധ ഭാഷകളിൽ സംഭവിക്കുന്നുണ്ട്. ഭാഷയുടെ ഒരു അടിസ്ഥാനതലമാണ് വ്യാകരണം എന്നതുകൊണ്ടാണ് ഇത് പഠനമേഖല ആകുന്നത്. ഭാഷാശാസ്ത്രം എന്നതും ഒരു അംഗീകൃതമേഖലയാണ്. ഭാഷയുടെ വിവിധ ഘടകങ്ങളെ, അവരുടെ ബന്ധവൈചിത്ര്യങ്ങളെ, ഒരു ശാസ്ത്രവിഷയത്തിന്റെ മാതൃകയിൽ സമീപിക്കുകയാണ് അവിടെ ചെയ്യുന്നത്. അത് മറ്റൊരു തലമാണ്. ഭാഷയുടെ സൂചക - സൂചിത ബന്ധങ്ങളുടെ ഉപയോഗ പരിണാമങ്ങളെപ്പറ്റി ചിഹ്നശാസ്ത്ര സംബന്ധിയായി പലതരം പഠനങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം ചേർന്ന് ഭാഷ എന്നത് വെറും സംവേദനോപാധി മാത്രമല്ല എന്നുറപ്പിച്ചിട്ടുണ്ട്. അബോധം ഭാഷയാണെന്ന് ലകാനെപ്പോലുള്ളവർ മനഃശാസ്ത്രവുമായി ഭാഷയെ ഘടിപ്പിക്കുന്നതും നാം കണ്ടുകഴിഞ്ഞു. അതിനാൽ ഭാഷ അനേകം തലങ്ങളുള്ള ഒരു സങ്കീർണവ്യവഹാരമാണെന്ന കാര്യത്തിൽ ഇപ്പോൾ തീർപ്പായിട്ടുണ്ട്. അങ്ങനെയാണെങ്കിൽ സാഹിത്യം ഭാഷയുടെ ഏത് തലത്തെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ചോദിക്കേണ്ടതുണ്ട്.
കോടിക്കണക്കിന് സത്യാനന്തരപ്രഭവങ്ങൾ ഭാഷയിൽ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭാഷയുടെമേൽ പതിച്ച ഈ ക്യാൻസർ ബാധയെ ചെറുക്കാൻ അതിന്റെ നൈതിക തലം വലുതാക്കേണ്ടതുണ്ട്.
ആ ചോദ്യം എത്തിച്ചേരുന്നത്, എന്റെ കാഴ്ചപ്പാടിൽ, ഭാഷയുടെ നൈതികതലത്തിലാണെന്ന് കാണാൻ കഴിയും. ഭാഷയെ സത്യാനന്തരമാക്കാനുള്ള വ്യഗ്രതയോടാണ് സാഹിത്യം പോരാടുന്നത്. ഒരു നുണ നൂറാവർത്തിച്ചാൽ സത്യമാകുമെന്ന് ഗീബൽസ് അവതരിപ്പിച്ചത്, ഭാഷയെപ്പറ്റിയുള്ള ഒരു ദർശനം കൂടിയായി ഈ അവസരത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോൾ സാങ്കേതിക വേഗത്തിന്റേതായ ഒരു പ്ലാറ്റ്ഫോമിൽ നുണ നൂറാവർത്തിക്കുന്നതിന്റെ സമയദൈർഘ്യം പൂജ്യം ആയിരിക്കുകയാണ്. ഫലത്തിൽ, കോടിക്കണക്കിന് സത്യാനന്തരപ്രഭവങ്ങൾ ഭാഷയിൽ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭാഷയുടെമേൽ പതിച്ച ഈ കാൻസർ ബാധയെ ചെറുക്കാൻ അതിന്റെ നൈതിക തലം വലുതാക്കേണ്ടതുണ്ട്. ഇതാണ് യഥാർഥത്തിൽ സാഹിത്യം ചെയ്യുന്നത്.
അതായത്, വ്യാകരണതലം പോലെ, ശാബ്ദികതലം പോലെ, ആർഥികതലം പോലെ ഭാഷയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിന്റെ നൈതികതലവും. അതുകൊണ്ട്, വ്യാകരണം പോലെ, ശബ്ദം പോലെ, സൂചക സൂചിതങ്ങൾ പോലെ ഭാഷയുടെ അവിഭാജ്യഘടകമാണ് അതിന്റെ നൈതികതലമായ സാഹിത്യവും. ഭാഷയ്ക്ക് ചരിത്രാനുഭവത്തെ പ്രദാനംചെയ്യുന്നത് അതാണ്. ഭാഷയെ അധികാരികൾക്ക് കീഴ്‌പ്പെടുത്താൻ കഴിയാത്ത പ്രദേശമായി നിലനിർത്തുക എന്നതാണ് സാഹിത്യം നിരന്തരം ശ്രദ്ധിക്കുന്നത്. അത് വാക്കുകളിൽ നിന്ന് വാക്കുകൾ ഉണ്ടാക്കുന്ന ഉത്പാദനപ്രക്രിയ ആണ്. വാക്കുകളുടെ പരിക്ക് കൈകാര്യം ചെയ്യുന്ന സംരക്ഷണ പ്രവർത്തനമാണ്. മൺമറഞ്ഞ വാക്കുകൾക്ക് അഭിവാദനം നൽകുകയും അവയുടെ സ്മരണ മറഞ്ഞുപോകാതെ നിലനിർത്തുകയും ചെയ്യുന്ന വിവേകത്തിന്റെ ഇടപെടൽ കൂടിയാണിത്. അതിനാൽ സാഹിത്യം ( ഭാഷയുടെ നൈതികത) ചരിത്രാനുഭവം എന്ന ഒഴുക്കിൽ നിന്ന് എന്തെങ്കിലും എടുത്തുകളയുക എളുപ്പമല്ല. ഭാഷയുടെ ജൈവഘടന ആണത്.
അതുകൊണ്ട്, എഴുത്തിലെ രാഷ്ട്രീയം എന്നത് ഭാഷ ആന്തരീകരിച്ച ഒരു പ്രക്രിയ ആണ് എന്നുപറയാം. സാഹിത്യത്തെ സംബന്ധിച്ച് അതിന്റെ പ്രപഞ്ചം എന്നത് ഭാഷയാണ്. ഭാഷ മാത്രമാണ്. ആ പ്രപഞ്ചത്തിന്റെ ദർശനവിസ്തൃതി എത്ര വർദ്ധിപ്പിക്കാൻ കഴിയുന്നുവോ, ആ വ്യത്യാസം സംസ്‌കാരത്തിലും സംഭവിക്കുന്നു. അതിനാൽ, സാഹിത്യത്തിന്റെ രാഷ്ട്രീയം എന്നതിന് സമൂഹത്തിലെ രാഷ്ട്രീയ സ്വരൂപങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന തലങ്ങൾ വലുതായി അന്വേഷിക്കേണ്ടതില്ല. അത്തരം തെറ്റായ അന്വേഷണങ്ങളിലേയ്ക്ക് പോകുമ്പോഴാണ് എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള തെറ്റായ നിഗമനങ്ങളിൽ എത്തപ്പെടുക. ബി എന്ന രാഷ്ട്രീയപാർട്ടിയുടെ അധികാരത്തിലേറാനുള്ള, അധികാരത്തിലെത്തിയാൽ അവിടെ ഉറച്ചിരിക്കാനുള്ള അഭിലാഷത്തിന് ഭാഷയുടെ ഇന്ധനം നിരന്തരം നൽകിക്കൊണ്ടിരിക്കുന്നതുകൊണ്ട് എ എന്ന എഴുത്താളൻ / എഴുത്താളി രാഷ്ട്രീയ എഴുത്തുകാരൻ / കാരി ആയി അറിയപ്പെടുന്നു എന്നതാണ് അതിന്റെ ഉച്ചാവസ്ഥ. രാജാവിനും പുരോഹിതനും നൽകിയ പൂജ തന്നെയാണ് രാഷ്ട്രീയനേതൃത്വത്തിന് നൽകുന്ന പൂജയും.
ജനാധിപത്യം സാഹിത്യകാരന്റെ / കാരിയുടെ സ്വത്വത്തിൽ പൗര സാഹിത്യം എന്ന പുതിയ ഒരു തലം എഴുതിച്ചേർത്തിട്ടുണ്ട്. ഇതിനെ നിരാകരിക്കാൻ നമുക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെ ചരിത്രാനുഭവം എന്നത് ഇന്നത്തെ അനുഭവങ്ങളിൽ പരമപ്രധാനമാണ്. എന്നാൽ ഇതൊരു പ്രക്രിയയാണ്. ദൈവശാസ്ത്രം പോലെയോ ഒരു പരിധിവരെ പ്രത്യയശാസ്ത്രം പോലെയോ ഒരിടത്ത് പ്രതിഷ്ഠിക്കാൻ തക്കവണ്ണമുള്ള അക്ഷാംശ - രേഖാംശങ്ങൾ എന്നേയ്ക്കുമായി അടിച്ചേല്പിക്കപ്പെട്ട ഇടമേയല്ല അത്. കുമാരനാശാൻ പറഞ്ഞപോലെ ഇന്നലെ ചെയ്ത അബദ്ധം നാളത്തെ ശാസ്ത്രമാകുന്നത് ഇവിടെ അസംഭവ്യമല്ല. കാരണം അതിന്റെ അക്ഷാംശ - രേഖാംശങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മറ്റൊരു ലോക സാഹചര്യത്തിൽ ഈ ശാസ്ത്രം അബദ്ധം തന്നെയുമാകാം.
രാഷ്ട്രീയശരി എന്ന ‘അശരി' തിരിച്ചിട്ടതാണ് കേവല സൗന്ദര്യവാദം എന്ന രാഷ്ട്രീയവിരുദ്ധതയും. ഭാഷാലീല മാത്രമായി സാഹിത്യത്തെ കാണുന്നവർ ഭാഷയുടെ നൈതികതലത്തെയാണ് നിരാകരിക്കുന്നത്.
പറഞ്ഞുവരുന്നത്, ഇപ്പോൾ പ്രാമാണ്യം നേടിയ ‘രാഷ്ട്രീയശരി'കളെ കുറിച്ചാണ്. 2015-ലോ മറ്റോ കവി എസ്. കലേഷുമായി നടത്തിയ സംഭാഷണത്തിൽ രാഷ്ട്രീയശരി എന്നത് സാഹിത്യത്തിൽ അശ്ലീലമാണെന്ന് ഞാൻ പറഞ്ഞത് ഓർക്കട്ടെ. സാഹിത്യം എന്നത് ഏകമാനമായ ഒന്നല്ല. ഇതിവൃത്തം, ആഖ്യാനഘടന എന്നൊക്കെ നാം വേർപിരിച്ചുപറയുന്ന ഘടകങ്ങൾക്കുപോലും നിരവധി അടരുകളുണ്ട്. അത്തരം അടരുകളാണ് ചരിത്രാനുഭവത്തിന്റെ ജലവും പൊടിയും പിടിച്ചെടുത്ത് സൂക്ഷിക്കുന്നത്. ഗണിതത്തിലെ പ്രാഥമിക സമവാക്യങ്ങൾക്ക് ചെറിയ ഗണിതപ്രശ്‌നങ്ങൾ നിർധാരണം ചെയ്യാനാകുന്ന പോലെ സാഹിത്യം നൽകുന്ന ചരിത്രാനുഭവത്തെ തങ്ങളുടെ കൈയിലെ ചെറു രാഷ്ട്രീയസമവാക്യങ്ങൾ കൊണ്ട് അളക്കാൻ പുറപ്പെടുന്നത്ര മൗഢ്യത്തിന് സമാനതകളില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം മൗഢ്യങ്ങൾ സാഹിത്യം ഏത് സത്യാനന്തരതക്കെതിരെയാണോ നിലകൊള്ളുന്നത്, അതിന്റെ ഭാഗമാണ്.
ഈ രാഷ്ട്രീയശരി എന്ന ‘അശരി' തിരിച്ചിട്ടതാണ് കേവല സൗന്ദര്യവാദം എന്ന രാഷ്ട്രീയവിരുദ്ധതയും. ഭാഷാലീല മാത്രമായി സാഹിത്യത്തെ കാണുന്നവർ ഭാഷയുടെ നൈതികതലത്തെയാണ് നിരാകരിക്കുന്നത്. ചരിത്രത്തിന്റെ ദുർഘട സമസ്യകളെ നിർധാരണം ചെയ്യാനുള്ള സർഗാത്മകതയുടേയം ഭാവുകത്വത്തിന്റേയും ശേഷികളെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയാണിത്.
ചെറിയൊരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. നൂറുവർഷം തികച്ച ‘തരിശുഭൂമി' (വെയ്സ്റ്റ് ലാൻഡ്, ടി.എസ്. എലിയറ്റ്) യിൽ ‘ആറ്റുതീരക്കൂടാരം തകർന്നുപോയി' (River tent is broken) എന്ന ഒരു വരിയുണ്ട്. ആറിന്റെ തീരത്ത് ടൂറിസ്റ്റുകൾ സ്ഥാപിച്ച ഒരു കൂടാരം തകർന്നുവീഴുന്നതായി നമുക്കതിനെ വായിക്കാം. അതേസമയം നൈൽ നദീതടം മുതൽ മോഹഞ്ചോദാരോ വരെയുള്ള നദീതടസംസ്‌കാരങ്ങൾ ഒന്നൊന്നായി തകർന്നുവീഴുന്ന ചരിത്രത്തിന്റെ പതനമുഴക്കങ്ങൾ വേണമെങ്കിൽ അതിൽനിന്ന് കേൾക്കാം. ചരിത്രാനുഭവം ചേർത്തുവെയ്ക്കുമ്പോൾ കവിതയുടെ മുഴക്കം മറ്റൊന്നാകുന്നു എന്നുപറയുന്നത് അതുകൊണ്ടാണ്. സാഹിത്യം ചെറിയ കാര്യമല്ല എന്നറിയണമെങ്കിൽ ആ മുഴക്കം അനുഭവിക്കാനുള്ള അഭ്യസനം എഴുത്തുകാർക്കും വായനക്കാർക്കും വേണം.
മുഹമ്മദ് അഖ്‌ലാക്കിനെ പശു തിന്നു എന്ന വാചകം ഇന്ത്യൻ സാഹചര്യത്തിൽ സർ റിയലിസ്റ്റ് കവിതയോ മാജിക്കൽ റിയലിസ്റ്റ് കവിതയോ അല്ല. ഇന്ത്യൻ യാഥാർത്ഥ്യത്തിന്റെ കവിതയാണത്.
ചുരുക്കിപ്പറഞ്ഞാൽ, എഴുത്തിലെ രാഷ്ട്രീയം എന്നത് അതിലെ ചരിത്രാനുഭവം ആണ്. അത് ഭാഷാനുഭവവും ആണ്. ഭാഷയുടെ നൈതികതലം എന്നത് സാഹിത്യത്തിന്റെ സൃഷ്ടിയാണ്. എഴുത്തിലെ രാഷ്ട്രീയത്തെ മറ്റെന്തെങ്കിലും ആക്കുന്നത് മനുഷ്യർക്കെതിരാണ്. ഭൂമിക്കെതിരാണ്. പ്രപഞ്ചത്തിനും എതിരാണ്. യഥാർഥത്തിൽ നാം മനുഷ്യർ എന്നു പറയുന്നവരെയും സസ്യജീവിജാലങ്ങൾ എന്നു പറയുന്നവയെയും പ്രകൃതി, ഭൂമി, പ്രപഞ്ചം എന്നു പറയുന്നവയെയും മനസ്സിലാക്കുന്നത് സാഹിത്യം എന്ന മാധ്യസ്ഥത്തിൽ കൂടിയാണ്. അത് മാഞ്ഞുപോയാൽ കവി പാടിയപോലെ കേന്ദ്രത്തിന് പിടിച്ചുനിർത്താൻ കഴിയാത്ത പോലെ എല്ലാം ചിതറിത്തെറിക്കും (Thingട fall apart / Centre can not hold - W. B. Yeats). ഭാഷയും എഴുത്തും അവയുടെ പലതരത്തിലുള്ള വ്യവഹാരങ്ങളും, ഒപ്പം നമ്മളും.
അതിനാൽ, മുഹമ്മദ് അഖ്‌ലാക്കിനെ പശു തിന്നു എന്ന വാചകം ഇന്ത്യൻ സാഹചര്യത്തിൽ സർ റിയലിസ്റ്റ് കവിതയോ മാജിക്കൽ റിയലിസ്റ്റ് കവിതയോ അല്ല. ഇന്ത്യൻ യാഥാർഥ്യത്തിന്റെ കവിതയാണത്. ചരിത്രത്തിന്റെ തീയതി കണക്കുകൾ പൊതുവിജ്ഞാനത്തിലേയ്ക്കും വിക്കിപീഡിയയിലേയ്ക്കും പോകാൻ തിരക്കുകൂട്ടുമ്പോൾ അതിന്റെ അനുഭവതലം സാഹിത്യത്തിലേയ്ക്കല്ലാതെ എവിടേയ്ക്കാണ് പോകുക? ഈ ചോദ്യസാരത്തിനോട് ഇടഞ്ഞ് താർക്കികതയ്ക്കപ്പുറം മറ്റൊരുത്തരം തരാൻ കഴിയാത്തിടത്തോളം കാലം ചരിത്രാനുഭവം എന്ന എഴുത്തിലെ രാഷ്ട്രീയത്തിന് വലിയ പ്രസക്തിയുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.