പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു:
‘‘മുഹമ്മദ് അഖ്ലാക്കിനെ ഒരു പശു തിന്നു എന്ന വാചകം ഇരുപത്തൊന്നാം നൂറ്റാണ്ടിനുമുമ്പാണ് എഴുതപ്പെടുന്നതെങ്കിൽ, അത് ഒരു കൗതുകവാർത്തയായി മാത്രം വായിക്കപ്പെടുമായിരുന്നു. എന്നാൽ, സവിശേഷ ചരിത്രസാഹചര്യത്തിൽ അത് മതന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അനുഭവിക്കുന്ന ഭീതിയുടെയോ ജനാധിപത്യ സങ്കല്പത്തിന്റെ വേരിൽ ഏറ്റ ക്ഷതത്തിന്റെയോ അളവിനെ കുറിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതിനെയാണ്, ഒരർഥത്തിൽ കലയിലെ രാഷ്ട്രീയം എന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നത്. ആധിക്യമാർന്ന ഒരു മാധ്യമലോകത്തിൽ, വായ്ത്താരികൾ കൊണ്ടു മാത്രം നിർവഹിക്കപ്പെടുന്ന ഒരു ജനാധിപത്യലോകത്തിൽ, ചരിത്രാനുഭവത്തിന്റെ സൂക്ഷ്മതകൾ അടയാളപ്പെടുത്തുക. ഇത് പലരും ആരോപിക്കുംപോലെ സാമൂഹ്യപ്രവർത്തനത്തിന്റെ ശാബ്ദികപാരഡിയോ ബദൽ സാമൂഹ്യപ്രവർത്തനമോ അല്ല, മറിച്ച് പ്രാഥമികമായും ഭാഷാപ്രവർത്തനം തന്നെയാണ്. അതെങ്ങനെയെന്ന് നോക്കാം.
എഴുത്തിലെ രാഷ്ട്രീയം എന്നത് അതിലെ ചരിത്രാനുഭവം ആണ്. അത് ഭാഷാനുഭവവും ആണ്. ഭാഷയുടെ നൈതികതലം എന്നത് സാഹിത്യത്തിന്റെ സൃഷ്ടിയാണ്. എഴുത്തിലെ രാഷ്ട്രീയത്തെ മറ്റെന്തെങ്കിലും ആക്കുന്നത് മനുഷ്യർക്കെതിരാണ്. ഭൂമിക്കെതിരാണ്. പ്രപഞ്ചത്തിനും എതിരാണ്. യഥാർഥത്തിൽ നാം മനുഷ്യർ എന്നു പറയുന്നവരെയും സസ്യജീവിജാലങ്ങൾ എന്നു പറയുന്നവയെയും പ്രകൃതി, ഭൂമി, പ്രപഞ്ചം എന്നു പറയുന്നവയെയും മനസ്സിലാക്കുന്നത് സാഹിത്യം എന്ന മാധ്യസ്ഥത്തിൽ കൂടിയാണ്. അത് മാഞ്ഞുപോയാൽ കവി പാടിയപോലെ കേന്ദ്രത്തിന് പിടിച്ചുനിർത്താൻ കഴിയാത്ത പോലെ എല്ലാം ചിതറിത്തെറിക്കും. ഭാഷയും എഴുത്തും അവയുടെ പലതരത്തിലുള്ള വ്യവഹാരങ്ങളും, ഒപ്പം നമ്മളും.
അതിനാൽ, മുഹമ്മദ് അഖ്ലാക്കിനെ പശു തിന്നു എന്ന വാചകം ഇന്ത്യൻ സാഹചര്യത്തിൽ സർ റിയലിസ്റ്റ് കവിതയോ മാജിക്കൽ റിയലിസ്റ്റ് കവിതയോ അല്ല. ഇന്ത്യൻ യാഥാർഥ്യത്തിന്റെ കവിതയാണത്. ചരിത്രത്തിന്റെ തീയതി കണക്കുകൾ പൊതുവിജ്ഞാനത്തിലേയ്ക്കും വിക്കിപീഡിയയിലേയ്ക്കും പോകാൻ തിരക്കുകൂട്ടുമ്പോൾ അതിന്റെ അനുഭവതലം സാഹിത്യത്തിലേയ്ക്കല്ലാതെ എവിടേയ്ക്കാണ് പോകുക? ഈ ചോദ്യസാരത്തിനോട് ഇടഞ്ഞ് താർക്കികതയ്ക്കപ്പുറം മറ്റൊരുത്തരം തരാൻ കഴിയാത്തിടത്തോളം കാലം ചരിത്രാനുഭവം എന്ന എഴുത്തിലെ രാഷ്ട്രീയത്തിന് വലിയ പ്രസക്തിയുണ്ട്’’
മുഹമ്മദ് അഖ്ലാക്കിനെ പശു തിന്നു
എന്ന വാചകത്തെ എങ്ങനെ വായിക്കാൻ കഴിയും?
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 84ൽ വായിക്കാം, കേൾക്കാം