ബാലി / ഫോട്ടോകൾ : വരുൺ അടുത്തില, പ്രസൂൺ കിരൺ, ശ്രീയേഷ്, സനീഷ് ടി.കെ.

എന്റെ ഇറച്ചി മുള്ളിനുകൊടുത്ത്
​മുള്ളിന്റെയിറച്ചി ഞാനെടുത്തു...

വാക്കുരികൊണ്ട് നായരേയും പൊതാളേയും നമ്പ്യാരേയും കിടുകിടുകിടെ വിറപ്പിക്കുന്നത് തെയ്യത്തിൽ മാത്രം സംഭവിക്കുന്നതാണ്. വാക്കുകൊണ്ട് ജാതിയെ അട്ടിമറിക്കലാണ്- തെയ്യത്തിന്റെ വാക്കുകളിലൂടെയും സംസാരത്തിലൂടെയും ഒരു സഞ്ചാരം

മാടായിനഗരേ...
എന്റെ മാടായി നഗരേ...
അനേകമനേകം പെരുമാക്കന്മാരും രാജാക്കന്മാരും ഉണ്ടല്ലോ, എന്റെ മാടായി നഗരേ. അതാകുന്നത് കൊമ്പൻപെരുമാള്, ചോഴപ്പെരുമാള്, പാണ്ടിപ്പെരുമാള്, വളഭൻ പെരുമാള്, ഇന്ദ്രൻ പെരുമാള്, കുലശേഖരൻ പെരുമാള്, ചേരമാൻ പെരുമാള്,
ആകുന്ന പെരുമാള്... ഉണ്ടല്ലോ അല്ലേ എന്റെ മാടായി നഗരേ...

മാപ്പിളമാര് പറയുന്ന പഴമ കേട്ടാൽ തലയും ചെരച്ച് മക്കത്ത് പോകുമ്പോൾ ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നും ഗൂഢമായി മരക്കലത്തിലേറി കൊയിലാണ്ടിക്കൊല്ലത്തിന്റെ തൂക്കിൽ ഒരുകൊല്ലം പാർത്തു. പിറ്റേദിവസം ദിവസം ധർമ്മപട്ടണത്തെത്തി. ധർമ്മപട്ടണത്തെ രക്ഷിപ്പാൻ സാമൂരിയെ ഏൽപിച്ചു; പിന്നെ കൊടുങ്ങല്ലൂര് നിന്ന് ഏറെ കപ്പൽക്കാരുമായി യുദ്ധമുണ്ടായി. എങ്കിലും പെരുമാളും കപ്പലും വിപ്ര കൂടാതെ സെഹർമുക്കർ എന്ന ബന്തറിൽ ചെന്ന് എറങ്ങി. അപ്പോൾ മുഹമ്മദ് നബി ജിദ്ദ എന്ന നാട്ടിലായിരുന്നല്ലോ. അവിടെച്ചെന്നുകണ്ട് പെരുമാള് മാർഗം കൂടി. താജുദ്ദീൻ എന്ന പേരിരിക്കയല്ലോ. മാലിക്ക് ഹബിബ ദിനാറെന്ന അരവിയിലെ രാജാവിന്റെ പെങ്ങളെ, റജിയത്തുമ്മാറെ നിക്കാഹ് കയിച്ചു. അഞ്ചുവർഷക്കാലം അവിടെ പാർത്തു. താജുദ്ദീനെന്ന പെരുമാള് മലയാള ദേശത്ത് വന്ന് ദീനും പള്ളിയും നടത്തേണ്ടതിന് ഇങ്ങോട്ട് യാത്രയ്ക്കൊരുങ്ങിയപ്പോൾ ദീനം പിടിച്ച് കെടന്നുപോയതുകാരണം തനിക്കിനി തന്നാട്ടിലേക്കു പോകാനാവില്ലെന്നു തോന്നിയ വാറാണല്ലോ മാർഗം കൂടിയ പെരുമാള് എഴുത്തും മുദ്രയും പുറപ്പെടുവിച്ചത്. അപ്പോൾ മേൽപ്പറഞ്ഞ രാജാവ്, മക്കള് പതിനഞ്ചും കൂടി എഴുത്തും മുദ്രയും എടുത്ത് കെട്ടി രണ്ട് കപ്പലായി ഓടി ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി. നാലാംമകനായ സാജുദ്ദീനും മറ്റും ഇറങ്ങി മറ്റേപ്പലിൽ കൊടുങ്ങല്ലൂരിൽ എത്തി. രാജസമ്മതത്താൽ ഒരു പള്ളിയുണ്ടാക്കി. അത് മുഹമ്മദ് ഹാജി കാത്തുവരികയും ചെയ്തു.

മാടായിലെ മാരി തെയ്യങ്ങൾ

മൂന്നാമത് കൊയിലാണ്ടിക്ക് സമീപം കൊല്ലത്ത് പള്ളി ഹുസൈൻ ഹാജിയായി കാത്തുവരികയും നാലാമത് മാടായിപ്പള്ളി ഹബിദുർറഹിമാൻ ഹാജിയായി കാത്തുവരികയും അഞ്ചാമത് വാക്കന്നൂർപള്ളി ഇബ്രാഹിം ഹാജിയായി കാത്തുവരികയും ചെയ്തു. ആറാമത് മൈക്കളത്തുപള്ളി മൂസ്സാഹാജിയായി കാത്തുവരികയും ചെയ്തു. ഏഴാമത് കാഞ്ഞിരോട് പള്ളി ഷിബാബുദ്ദീൻ ഹാജിയായി കാത്തുവരികയും, എട്ടാമത് ശിരവ പട്ടണത്ത് പള്ളി ശിഹാബുദ്ദീൻ ഹാജി കാത്തുവരികയും ചെയ്തു. ഒമ്പതാമത് ധർമ്മപട്ടണത്തുപള്ളി ഹുസൈൻഹാജിയായി കാത്തുവരികയും ചെയ്തു. പത്താമത് പന്തലായനിപ്പള്ളി സൈദുദ്ദീൻ ഹാജിയായികാത്തുവരികയും ചെയ്തു. പതിനൊന്നാമത് ചാലിയത്ത് പള്ളി ഷാഹുദ്ദീൻ ഹാജിയായി കാത്തുവരികയും ചെയ്തു. ഇങ്ങനെ അറബിയിൽ നിന്നും കൊണ്ടുവന്ന പതിനൊന്ന് മുഹൂർത്തക്കരിങ്കല്ലുകൊണ്ട് പതിനൊന്ന് പള്ളി എടുപ്പിച്ച് രാജാക്കന്മാരും മറ്റും ദീൻ നടത്തിച്ച് സുഖമായി പാർത്തുവരികയും ചെയ്തു. പെരുമാളുമായി കൂടിക്കാണുമ്പോൾ നബിക്ക് അറുപത്തിമൂന്ന് തിരുവയസ്സല്ലോ ആകുന്നത്...
അപ്രകാരമല്ലേ ആകുന്നത് എന്റെ മാടായിനഗരേ
മാടായിനഗരേ...

തെയ്യം മറ്റേതൊരു അവതരണ രൂപത്തെക്കാളും ജനകീയമാകാനാനുള്ള പ്രധാനകാരണം അതിവിശിഷ്ടമായ, അനന്യമായ തെയ്യത്തിന്റെ പറച്ചിലാണ്.

ഇത് ചരിത്രപഠന ക്ലാസല്ല. പോയകാലത്ത് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട തെയ്യത്തിന്റെ സംസാരമാണ്. വാക്കോടായ തെയ്യത്തിന്റെ മനം കുളിർപ്പിക്കുന്ന മൊഴികളാണ്. വാക്കോടാവുക എന്നാൽ തെയ്യം സംസാരത്തിലാവുക എന്നാണ്. അതിവിപുലവും അങ്ങേയറ്റം സങ്കേതബദ്ധവുമായ അനുഷ്ഠാന പ്രക്രിയയുടെ അവസാനത്തിലാണ് തെയ്യം വാക്കോടാകുന്നത്. സംസാരത്തിലായാൽപ്പിന്നെ കഴിയുന്നതുവരെ തെയ്യം അത്​തുടർന്നുകൊണ്ടിരിക്കും. അനുഷ്ഠാനത്തിൽ ഏറ്റവും കൂടുതൽ സമയം സംസാരമാണ്. വായ്‌വാക്ക്‌ തെയ്യത്തിലെ ഏറ്റവും പ്രധാന അനുഷ്ഠാന പദ്ധതിയാണ്. തെയ്യവും സാധാരണ മനുഷ്യരും തമ്മിലുള്ള കണ്ണിപൊട്ടാത്ത ആത്മബന്ധം നിലനില്ക്കുന്നത് ഈ സംസാരത്തിലൂടെയാണ്. മറ്റേതൊരു അവതരണ രൂപത്തെക്കാളും തെയ്യം ജനകീയമാകാനാനുള്ള പ്രധാന കാരണം അതിവിശിഷ്ടമായ, അനന്യമായ തെയ്യത്തിന്റെ പറച്ചിലാണ്. കാർഷികജീവിതം, ചരിത്രം, സംസ്‌കാരം, നാട്ടറിവുകൾ, നായാട്ട്, പുരാണം, വൈദ്യം, ഇങ്ങനെ സാധാരണ മനുഷ്യൻ ഇടപെടുന്ന ഏത് വിഷയത്തെക്കുറിച്ചും തെയ്യം തെയ്യത്തിന്റേതായ ഭാഷയിലും ശൈലിയിലും സംസാരിക്കും.

ചങ്ങനും പൊങ്ങനും

നിലവിലില്ലാത്ത ഉച്ചാണരശൈലികളും പ്രയോഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് തെയ്യത്തിന്റെ വർത്തമാനം. ഇതുപോലെ ഭാഷയുടെ പ്രയോഗ വൈവിദ്ധ്യങ്ങളെ ഉപയോഗിക്കുന്ന ഒരവതരണരൂപം ഇന്നുണ്ടാകാനിടിയില്ല. നമ്മുടെ ആസ്ഥാന ഗവേഷക പണ്ഡിതരുടെ ശ്രദ്ധ ഈ വിഷയത്തിൽ വേണ്ടത്രയുണ്ടായിട്ടില്ല എന്നത് ഈ അവസരത്തിൽ ചിന്തനീയമാണ്. തെയ്യത്തിന്റെ അവതരണപ്പൊലിമ കണ്ട് മടങ്ങിപ്പോകുന്ന പലരും തെയ്യം പറയുന്നതിന് കതോർത്തില്ല. കണ്ണീരുണങ്ങാത്ത മനുഷ്യനെച്ചേർത്ത് പിടിച്ചാശ്വസിപ്പിക്കുന്ന, സങ്കടങ്ങളിലലിഞ്ഞ്, അവനോട് തൊണ്ടയിടറിപ്പറയുന്ന നാട്ടുദൈവത്തിന്റെ സംസാരം കേട്ടില്ല. തെയ്യക്കാരായ എത്രയോ നാട്ടുമനുഷ്യർ വാക്കിന്റെ വിത്തും കുരിയയും പേറി ഈ പുഞ്ചക്കണ്ടത്തിലെ വെയിലിൽ പൊള്ളി. അവർ അന്നു വിതച്ച് വിളഞ്ഞ് കൊയ്ത്കൂട്ടിയതിൽ ബാക്കിയായത് ചേറിപ്പെറുക്കാനുള്ള ശ്രമമാണ്. മനുഷ്യപ്പച്ചയിറ്റിയ തെയ്യത്തിന്റെ ആത്മമഭാഷണങ്ങളെ എഴുതി അനുഭവിപ്പിക്കുക എന്നത് ഒരു നിലയ്ക്കും എളുപ്പമല്ല.

തെയ്യം ആദ്യം അരങ്ങിലവതരിപ്പിക്കുന്നന്ത് സ്വന്തം കഠിനജീവിതമാണ്. അപ്പോൾ സംസാരമില്ല. മഞ്ഞക്കുറിയടയാളവും വാക്കുമെടുക്കുന്നതിന് മുമ്പ് മറ്റൊരുജീവിതമാണ് ആവിഷ്‌ക്കരിക്കുന്നത്.

തെയ്യത്തിന് സംസാരം എന്നത് ജീവിതം തന്നെയാണ്. സംസാരത്തിനുമാത്രം പ്രാധാന്യമുള്ള നിരവധി തെയ്യങ്ങളുണ്ട്. കൂത്ത്, പൊറാട്ട് പോലുള്ള കോലങ്ങൾക്ക് സംസാരം മാത്രമേയുള്ളു. മറ്റ് അനുഷ്ഠാനാംശങ്ങൾ വളരെ കുറവാണ്. പൂതം, പനിയൻ, കൈക്കോളൻ, ചങ്ങനും പൊങ്ങനും, യോഗിപ്പൊറാട്ട്, നമ്പോലൻ പൊറാട്ട്, മാവിലൻ പൊറാട്ട്, മാപ്പിളപ്പൊറാട്ട് പോലുള്ള തെയ്യങ്ങൾ സംസാരത്തിന്റെ പലവിധ സാധ്യതകൾ ഉപയോഗിക്കുന്നു. തെയ്യത്തിന്റെ പൊലിമയോ ആകാരസൗഷ്ഠവമോ ഇത്തരം കോലങ്ങൾക്കുണ്ടാകില്ല. ഫലിതത്തിന് കൂടുതൽ പ്രാധാന്യവും നൽകുന്നു. സാധാരണ മനുഷ്യരെ ബാധിക്കുന്ന നിരവധി പ്രശന്ങ്ങളെ അതിരൂക്ഷമായ ഭാഷയിൽ നിർദ്ദയം ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കും. സംഭാഷണപ്രിയരായ തെയ്യങ്ങളിൽ തികച്ചും വ്യത്യസ്തമാണ് വണ്ണാൻ കൂത്ത്. തെയ്യത്തിലെ അത്യപൂർമായ അവതരണമാണിത്. ചാക്യാർകൂത്ത് പോലെത്തന്നെ പുരാണസംബന്ധമായ കഥകളും പുരാവൃത്തങ്ങളും സവിശേഷമായ ആഖ്യാനപാടവത്തോടെ അവതരിപ്പിക്കുന്നതാണ് തെയ്യത്തിലെ കൂത്ത്. തികഞ്ഞ പരിശീലനവും ആത്മസമർപ്പണവും ഇതിനാവശ്യമാണ്. തന്മയത്വത്തോടെ സരസഭാഷണത്തിന്റെ ഇത്തരം ആവിഷ്‌കാരങ്ങൾ അരങ്ങിലാടിപ്പറഞ്ഞ് ഫലിപ്പിക്കുന്ന തെയ്യക്കാർ ഇന്ന് വളരെ കുറവാണ്.

വണ്ണാൻകൂത്ത്

പല പൊറാട്ട് കോലങ്ങളും ഇന്ന് അവതരിപ്പിക്കുന്നില്ല. പയ്യന്നൂരിനടുത്ത് കാങ്കോലിലെ മോഹനൻ പെരുവണ്ണാനെ പോലുള്ള ചില പറച്ചിലുകാരുള്ളതുകൊണ്ട് മാത്രമാണ് വണ്ണാൻ കൂത്ത് പോലുള്ള തെയ്യങ്ങൾ ഇന്ന് കാണാൻ സാധിക്കുന്നത്. വണ്ണാൻ കൂത്തിന്റെ അതിമനോഹരമായ ആഖ്യാനം ഇനി എത്രകാലം തെയ്യക്കാവുകളിൽ കേൾക്കാനാകുമെന്ന് പറയാനാകില്ല. മുത്തപ്പനും പൊട്ടനുമാണ് സംസാരത്തിലെ മറ്റ് ജനകീയമുഖങ്ങൾ. മലയരുടെ തന്നെ വിഷ്ണുമൂർത്തി, കുളിയൻ പോലുള്ള തെയ്യങ്ങൾക്ക് സംസാരിക്കാനുള്ള സിദ്ധി കൂടുതലാണ്. ഏറ്റവും സരസമായി സംസാരിച്ച്​ സമൂഹത്തിലെ പല പ്രശ്നങ്ങളേയും സമീപിക്കുന്ന തെയ്യങ്ങളാണ് മുത്തപ്പനും പൊട്ടനും. സംസാരത്തിന്റെ വിരാട് രൂപമാണ് കതിവനൂർ വീരൻ. കാസർകോടൻ മലയോരഗ്രാമങ്ങളിലെ നലിക്കത്തായരുടെ കൊറഗജ്ജനും മാവിലരുടെ പഞ്ചുരുളിയുമാണ് വചനകലയുടെ വിസ്മയരൂപങ്ങൾ. പറച്ചിലിന്റെ പരിമിതികളില്ലാത്ത, പുറംലോകം അധികം അറിഞ്ഞിട്ടില്ലാത്ത കരുത്തിന്റെ തുളുഭാഷ്യങ്ങളാണ് കൊറഗജ്ജനും പഞ്ചുരുളിയമ്മയും. തുളുവിന്റെ വ്യത്യസ്ത കഥനങ്ങളിലൂടെ ഒരുജനതയുടെ ഗോത്രജീവിത വഴക്കങ്ങളാണ് ഈ തെയ്യങ്ങൾ ജനങ്ങളോട് തീവ്രമായി സംവദിക്കുന്നത്.

സംസാരത്തിലാകുക എന്നാൽ ജീവിതത്തിലാവുക എന്നുതന്നെയാണർത്ഥം. വാക്കോടാകുമ്പോഴാണ് തെയ്യം മറ്റുള്ളവരുടെ ജീവിതത്തോടൊപ്പമാകുന്നത്. തെയ്യം ആദ്യം അരങ്ങിലവതരിപ്പിക്കുന്നന്ത് സ്വന്തം കഠിനജീവിതമാണ്. അപ്പോൾ സംസാരമില്ല. മഞ്ഞക്കുറിയടയാളവും വാക്കുമെടുക്കുന്നതിന് മുമ്പ് മറ്റൊരുജീവിതമാണ് ആവിഷ്‌ക്കരിക്കുന്നത്. തെയ്യം വാക്കോടാകുമ്പോൾ സങ്കടങ്ങളുടെ ഈയ്യക്കെട്ടിന്റെ കഠിനഭാരമൊക്കെയും പരുത്തിക്കെട്ടിന്റെ ഭാരമില്ലായ്മയിലെ സന്തോഷമായി ജനങ്ങളെ സാന്ത്വനപ്പെടുത്തുന്നു. തെയ്യത്തിന്റെ വായ്മധുരഭാഷണങ്ങൾ ഒരു സിദ്ധൗഷധിയാണ്. ദീനങ്ങളിലും സങ്കടങ്ങളിലും മഹാവ്യാധികളിലും പെട്ടുഴലുന്ന ത്രാണിയറ്റ മനുഷ്യരാണ് തെയ്യത്തിന്റെ മുന്നിലെത്തുന്നത്. അവർക്കറിയാം വേദനിക്കുന്നവരുടെ ഉള്ളുതൊട്ടറിയാൻ ശേഷിയുള്ള ഒരു മനുഷ്യനാണ് വൻമുടിയേന്തി ദൈവാകാരത്തിലേക്കുയർന്ന് തങ്ങൾക്ക് മുകളിൽ തണലായി കുളിർമ പകരുന്നതെന്ന്.

മതാതീതമായി മനുഷ്യനും മനുഷ്യേതരങ്ങളായ ജീവലോകത്തിനും വേണ്ടി നിലനില്ക്കാൻ തെയ്യത്തോളം ചങ്കൂറ്റം മറ്റൊരു ദൈവത്തിനുമില്ല. തെയ്യത്തിൽ ദൈവമെന്നാൽ കൂടിയ നിലയിലുള്ള മനുഷ്യൻ തന്നെ.

തോറ്റംപാട്ടുകൾ പോലെ തെയ്യത്തിന്റെ സംഭാഷണ സമ്പ്രദായങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. തെയ്യത്തിലെ അപ്രധാന കാര്യമെന്ന് തെറ്റിദ്ധരിച്ച് ഗവേഷണപടുക്കൾ ഈ വഴിക്ക് തിരിഞ്ഞിട്ടുമില്ല. തൊണ്ണൂറ്റിയെട്ട് മഹാവ്യാധികൾക്ക് നൂറ്റെട്ടൗഷധിയുടെ ശമനമാണ് തെയ്യം. സങ്കടക്കടൽ താണ്ടി ദൈവമായി മാറിയ മനുഷ്യൻ തനിക്കുമുന്നിൽ വ്യസനിക്കുന്ന മറ്റൊരു മനുഷ്യന്റെ അകനോവിൽ വാക്കിന്റെ മഞ്ഞൾക്കുറികുളിർമ പകർന്ന് ശമിപ്പിക്കുന്നു. ദുഃഖമാണ് തെയ്യത്തിന്റെ മുന്നിലെ പ്രധാന വിഷയം. ദുഃഖത്തിന് ജാതിയോ മതമോ വർഗമോ വർണമോ പ്രശ്നമല്ലല്ലോ. വാക്കിന്റെയും മഞ്ഞക്കുറിയുടേയും വീര്യത്തെ ജാതിയോ മതമോ വർഗമോ കെടുത്തിക്കളയുന്നില്ല. മതാതീതമായി മനുഷ്യനും മനുഷ്യേതരങ്ങളായ ജീവലോകത്തിനും വേണ്ടി നിലനില്ക്കാൻ തെയ്യത്തോളം ചങ്കൂറ്റം മറ്റൊരു ദൈവത്തിനുമില്ല. തെയ്യത്തിൽ ദൈവമെന്നാൽ കൂടിയ നിലയിലുള്ള മനുഷ്യൻ തന്നെ.

മാപ്പിളവേദം; തെയ്യം മൊഴികളിലെ നാട്ടുചരിത്രവഴികൾ

തെയ്യം മാപ്പിളമാരോട് സംസാരിക്കുന്ന വേദമാണ് ഈ എഴുത്തിന്റെ ആദ്യഭാഗത്ത് ചേർത്തിട്ടുള്ളത്. തെയ്യം സംസാരത്തിൽ നിന്ന്​ ഇന്ന് ഏറെക്കുറെ അന്യംനിന്ന ഒരാഖ്യാനമാണിത്. വേദം എന്ന സങ്കല്പം പോലും മാപ്പിളവിരുദ്ധമാകുമ്പോൾ തനിക്കുമുന്നെ അറബിരാജ്യത്തുനിന്നെത്തിയ മുസ്‌ലിം സഹോദരന്മാർക്കായി തെയ്യം മാപ്പിള വേദമുണ്ടാക്കി. വേദം എന്ന ബ്രാഹ്‌മണ വരേണ്യതയെ തെയ്യം അടിമുടി മാറ്റിയെഴുതുന്നത് മാടായി നഗരമായി മുസൽമാനെ മുങ്കരം പിടിക്കാൻ അനുവദിച്ചുകൊണ്ടാണ്. ‘സുബൈ, സുഹറ്, അസറ്, മഗരിബ്, ഇശ എന്ന പ്രകാരത്തിലുള്ള അഞ്ച് നിസ്‌കാരം ചെയ്യുന്നതിന്റെ പുണ്യവും മനഃസംതൃപ്തിയും കൈവല്ല്യവുമുണ്ടല്ലോ എന്റെ മാടായിനഗരേ’ എന്ന് തെയ്യം ഉള്ളുപിടഞ്ഞ് ചോദിക്കും. നിങ്ങൾ അഞ്ച് നിസ്‌കാരം ചെയ്യുന്നതും എന്റെ ഭക്തന്മാർ അഞ്ചുനേരം പൂജ ചെയ്യുന്നതും എനക്കൊരുപോലെയാണെന്ന് പറയാനുള്ള തന്റേടവും വിവേകവും തെയ്യത്തിനേയുള്ളു. നിങ്ങളുടെ ബാങ്കുവിളിയും ദേവസന്നിധിയിലെ ശംഖ് നാദവും എനക്ക് കർണാനന്ദകരമാണ്. പള്ളിയും പള്ളിയറയും തമ്മിൽ ഞാൻ ഭേദം കല്പിച്ചിട്ടില്ലോ...
അപ്രകാരമല്ലേ എന്റെ മാടായിനഗരേ..

മാപ്പിള തെയ്യം

ഉത്സവകാലങ്ങളിൽ മുസ്‌ലിംകൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല എന്ന് പരസ്യപ്രഖ്യാപനം എഴുതി സ്ഥാപിക്കാൻ യാതൊരു ഉളുപ്പും കാണിക്കാത്ത വർത്തമാനത്തിൽ തന്നെയാണ് തെയ്യം തൊപ്പിയിട്ട നിസ്‌കാരത്തഴമ്പുള്ള മാപ്പിളയെ ചേർത്തുപിടിച്ചിങ്ങനെ പറയുന്നത്. അസഹിഷ്ണുതയുടെ വർത്തമാനത്തിൽ മതം മാനവികതയ്ക്കുമുകളിൽ കരിനിഴൽ പടർത്തുമ്പോഴാണ് മതാതീതമായി മനുഷ്യൻ എന്നത് കേവലം സങ്കല്പമോ സ്വപ്നമോ അല്ലെന്നും മതനിരപേക്ഷമായ ജീവിതമാണെന്നും തെയ്യം ഉള്ളുലഞ്ഞുപോകുംവിധം ചൊല്ലിക്കെട്ടി വിശേഷിക്കുന്നത്. തെയ്യത്തിന്റെ സംസാരത്തെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ അത് കേവലം ആലങ്കാരികമായി തോന്നിയേക്കാം. ഇന്നത്തെ മനുഷ്യന് അസാദ്ധ്യമായ ആ സൗന്ദര്യം തെയ്യം മണ്ണിൽ ആവിഷ്‌കരിക്കുന്നത് നേരിട്ടു കാണണമെങ്കിൽ കാസർകോഡ് ജില്ലയിലെ ചിറ്റാരിക്കൽ പെരുമ്പട്ട മുനീറുൽ ഇസ്‌ലാം ജുമാ മസ്ജിദിലേക്കു വരൂ. മതത്തിന്റെ അന്ധതയ്ക്കുമപ്പുറം ഒരു ദൈവം മറ്റൊരു ദൈവത്തെ കൂടിക്കണ്ട് ഉള്ളുനൊന്ത് പറയുന്നത് കേൾക്കൂ.

അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന താക്കീത് ക്ഷേത്രങ്ങളായി മതം മാറിയ തെയ്യക്കാവുകളിൽ വ്യാപകമാകുമ്പോൾ തന്നെയാണ് ഇടത്തോട്ട് മുണ്ടുടുത്ത് തലയിൽ തൊപ്പിവെച്ച് കഅബയിലെ അജ്ഞാതവിശുദ്ധിയിലേക്കുനോക്കി നിസ്‌കരിക്കുന്ന മാപ്പിളത്തെയ്യങ്ങൾ ഹിന്ദുക്കളുടെ കാവുകളിൽ ആരാധിക്കപ്പെടുന്നത്.

പാടാർകുളങ്ങര ഭഗവതിക്കാവിൽ കളിയാട്ടം നടക്കുമ്പോൾ തെയ്യം വൻജനാവലിയോടുകൂടി ആചാരനുഷ്ഠാനപൂർവ്വം പെരുമ്പട്ട ജുമാ മസ്ജിദിലേക്കു പോകും. മതത്തിന്റെ വൈരങ്ങളില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പൂർവ്വകാലത്തെ തെയ്യം വീണ്ടും പള്ളിയ്ക്കും അമ്പലത്തിനുമിടയിൽ സൃഷ്ടിക്കുന്നതങ്ങനെയാണ്. സമാനാതകളില്ലാത്ത മാനവിക ഐക്യത്തെ തെയ്യം ഊട്ടിയുറപ്പിക്കുന്നത് തന്റെ മൊഴിയിലെ ഈടുറ്റ, ഉറപ്പുറ്റ വിശ്വാസം കൊണ്ടാണ്. അത് കാച്ചിയാൽ കറുക്കുകയോ തൂക്കിയാൽ കുറയുകയോ ചെയ്യില്ല. മതവും അതുണ്ടാക്കുന്ന വെറുപ്പും വിവേചനവും പെരുകിപ്പെരുകിവരുന്ന പുതുകാലത്ത് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത പള്ളിയിലേക്ക് തെയ്യത്തെ അരിയെറിഞ്ഞാനയിക്കുന്ന മുസ്​ലിം പുരോഹിതന്മാരോളം മനോഹരമായ മറ്റൊരു കാഴ്ചയില്ല. മുസ്​ലിംകൾ ഇടപഴകുന്ന ജീവിത്തിന്റെ സമസ്ത മേഖലകളിലും ജിഹാദികളെ സൃഷ്ടിക്കുന്ന നവഹിന്ദുത്വയുടെ ഗൂഢശ്രമങ്ങളെ തകർത്തെറിയുകയാണ് പെരുമ്പട്ട മുനീറുൽ ജുമാ മസ്ജിദും തെയ്യത്തെ അരിയെറിഞ്ഞ് മസ്ജിദിലേക്കാനയിക്കുന്ന മുസ്‌ലിം പുരോഹിതരും. ഒരു മാലയിലെ മുത്തുകൾ പോലെ, ഒരു പുഷ്പത്തിലെ ദളങ്ങൾ പോലെ, ഒരാലയിലെ ഗോക്കളെ പോലെ, ഒരു ശീലയിലെ കാണങ്ങൾ പോലെ ഒറ്റമനസ്സോടെ ഏകോദര സഹോദരന്മാരായി ഈ പുണ്യഭൂമിയെ ശോഭിതമായി പരിപാലിക്കണം. പാതുപിടിയെന്നും പകുത്തുപിടിയെന്നും എൻകൂറപ്പമെന്നും നിൻകൂറടയെന്നുമുള്ള എണകടി കൂടാതെ ഒന്നിന്റെ പുറത്തെ പൊടി മറ്റേത് തട്ടി ഒന്ന് കരയ്ക്ക് വലിക്കുമ്പോ മറ്റേത് കുഴിക്കു വലിക്കാതെ പള്ളിയും പള്ളിയറയുമെന്ന ഭേദചിന്തയില്ലാതെ അനേകകാലത്തോളം അഭിമാന്യത്തെ പൊഴിച്ചുകൊണ്ട് നിലനില്ക്കട്ടെ... എന്നാണ് തെയ്യം അടയാളവാക്യമോതുന്നത്.

തെയ്യം പെരുമ്പട്ട ജുമാ മസ്ജിദിന് മുന്നിൽ

ഖുർആൻ ഓതുന്ന മാപ്പിളയും തെയ്യവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. മുച്ചിലോട്ട് പോതി, വയനാട്ടുകുലവൻ, വിഷ്ണുമൂർത്തി, പൊട്ടൻ, കരിഞ്ചാമുണ്ഡി തുടങ്ങിയ തെയ്യത്തിന്റെ ജീവിതത്തിൽ മാപ്പിള ഒരവിഭാജ്യഘടകമാണ്. ഉത്തരമലബാറിൽ എത്രയോ മാപ്പിളമാർ ദൈവക്കരുവായി തെയ്യക്കോലമായി മാറീട്ടുണ്ട്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന താക്കീത് ക്ഷേത്രങ്ങളായി മതം മാറിയ തെയ്യക്കാവുകളിൽ വ്യാപകമാകുമ്പോൾ തന്നെയാണ് ഇടത്തോട്ട് മുണ്ടുടുത്ത് തലയിൽ തൊപ്പിവെച്ച് കഅബയിലെ അജ്ഞാതവിശുദ്ധിയിലേക്കുനോക്കി നിസ്‌കരിക്കുന്ന മാപ്പിളത്തെയ്യങ്ങൾ ഹിന്ദുക്കളുടെ കാവുകളിൽ ആരാധിക്കപ്പെടുന്നത്. കുമ്പയിലെ ആലിമാപ്പിളയും കലന്തൻ മുക്രിയും മുക്രിപോക്കറും മാപ്പിളതെയ്യവും മാപ്പിള പൊറാട്ടും തെയ്യത്തിലെ ഇസ്‌ലാമികദർശനങ്ങളാണ്. ബാങ്കുവിളികൾക്കൊപ്പം നാട്ടുപഴമയുടെ തെയ്യം മൊഴികളും ഇവിടെ നിന്ന്​ കേൾക്കാം.

തെയ്യം വാചാലുകൾ നാട്ടുചരിത്രത്തിന്റെ ഇരുട്ടറകൾ തുറക്കാനുള്ള താക്കോലാണ്. കേസരിയുടേയോ എം.ജി.എസിന്റെയോ ഏതെങ്കിലും ചരിത്രപുസ്തകത്തിൽ നിന്ന്​എടുത്ത ഭാഗങ്ങളല്ല ഈ എഴുത്തിന്റെ തുടക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പഴയകാലത്ത് തെയ്യക്കാരന് പ്രാഥമിക വിദ്യാഭ്യാസം പോലും കഷ്ടിയായിരുന്നു. വ്യവസ്ഥാപിത ചരിത്ര പഠനമോ സാംസ്‌കാരിക പഠനമോ ഇല്ലാത്ത തെയ്യം തനിക്കുമുന്നിൽ കൈകൂപ്പുന്ന തൃക്കരിപ്പൂരിലെയോ പയ്യന്നൂരിലെയോ മാപ്പിളമാരുടെ കൈപിടിച്ച് തലയിൽ മഞ്ഞൾക്കുറി നുള്ളിയിട്ട് പറയുന്ന മൊഴികളാണിത്. അറബിനാട്ടിൽ നിന്ന്​ വലിയ മരക്കലത്തിലേറി മാപ്പിളമാർ കൊടുങ്ങല്ലൂർ ബന്തറിൽ വന്നിറങ്ങിയ നാട്ടുപുരാവൃത്തം വലിയ വിദ്യാഭ്യാസമോ ചരിത്രപരമായ അറിവോ ഒന്നുമില്ലാത്ത ഗ്രാമീണജനതയെയാണ് തെയ്യം ചൊല്ലിപ്പഠിപ്പിക്കുന്നത്.

ചേരമാൻ പെരുമാളിന്റെ ഭാര്യയ്ക്ക് മന്ത്രിയായ പടുവിലനായരോട് മോഹമുണ്ടാകുന്നതും മന്ത്രി വഴങ്ങാത്തതിനാൽ പെരുമാളുടെ പെണ്ണ് ചതിക്കുന്നതുമായ ചരിത്രമൊക്കെ തെയ്യത്തിന്റെ മാപ്പിള വർത്താനത്തിലുണ്ടെന്ന് എത്രപേർക്കറിയാം.

തെയ്യത്തിന്റെ വാചാലുകൾ കേവലം സംസാരം മാത്രമല്ല. അതിൽ ദേവഗന്ധമുണ്ട്. മാടായി നഗരത്തിന്റെ അകമനസ്സിന്റെ അടിത്തട്ടിനെ തൊടുന്ന വംശചരിത്രമാണ് സ്വതസിദ്ധ ശൈലിയിൽ തെയ്യം വിശേഷിക്കുന്നത്. മാപ്പിളമാർക്കുവേണ്ടി മാത്രം വാക്കുരിയുടെ മറ്റൊരു വേദം തെയ്യം ചമച്ചിട്ടുണ്ട്. അതാണ് മാപ്പിളവേദം. തെയ്യത്തിന്റെ മുന്നിലെത്തുന്ന മാടായിനഗരമായ മാപ്പിളയോട് തെയ്യം മാപ്പിളവേദം പറയണം എന്ന് നിർബന്ധമുണ്ട്. അത് അറബിനാട്ടിൽ നിന്ന്​ കേരളത്തിലേക്കുള്ള ഇസ്‌ലാം മതത്തിന്റെ ആഗമന ചരിത്രംകൂടിയാണ്. ചേരമാൻ പെരുമാളിന്റെ ഭാര്യയ്ക്ക് മന്ത്രിയായ പടുവിലനായരോട് മോഹമുണ്ടാകുന്നതും മന്ത്രി വഴങ്ങാത്തതിനാൽ പെരുമാളുടെ പെണ്ണ് ചതിക്കുന്നതുമായ ചരിത്രമൊക്കെ തെയ്യത്തിന്റെ മാപ്പിള വർത്താനത്തിലുണ്ടെന്ന് എത്രപേർക്കറിയാം. പടുവിലനായരെ ആഴിയാറെന്ന പൊഴയിൽ നിർത്തി നാളും കോളും തിരിച്ച് തപ്ത നിലത്തിൽ പാകം ചെയ്യാനാണയിട്ടു. ചരിത്രവും പുരാവൃത്തവും കൂടിക്കലർത്തി തെയ്യം പറയുമ്പോൾ ചരിത്രബോധമില്ലാത്ത നമുക്ക് അതിശയിക്കാനേ കഴിയൂ. പടുവിലനായരെക്കൊന്ന പാപം തീർക്കാൻ ചേരമാൻപെരുമാൾ മതംമാറി മക്കത്തുപോയതും അവിടെ റജിയത്തുമ്മാറെ നിക്കാഹ് കഴിച്ചതുമായ ചരിത്രമാണ് തെയ്യം തെയ്യത്തിന്റേതായ ഭാഷയിൽ പറയുന്നത്. പെരുമാളുടെ മകനായ സാജുദ്ദീൻ പണിത മധുരയിലെ ആദ്യത്തെ പള്ളിമുതൽ പതിനൊന്ന് പള്ളി പണിത ചരിത്രമാണ് മാപ്പിളവേദത്തിലൂടെ തെയ്യം ചൊല്ലിക്കെട്ടിവിശേഷിക്കുന്നത്. തെയ്യവും ഇസ്‌ലാമും തമ്മിലുള്ള ആത്മബന്ധം അരക്കിട്ടുറപ്പിക്കുക എന്ന ചരിത്രദൗത്യമാണ് മാപ്പിളപ്പയമയിലൂടെ തെയ്യം നിർവഹിക്കുന്നത്.

തെയ്യം ഒരു ചരിത്ര പുസ്തകമാണ്. ചരിത്രം പഠിച്ചിട്ടില്ലെങ്കിലും തെയ്യം ചരിത്രം പഠിപ്പിക്കുന്നണ്ട്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് മാപ്പിളവേദം പോലെത്തന്നെ തെയ്യം കൈകാര്യം ചെയ്യുന്ന മറ്റ് വിഷയങ്ങളാണ് പീഠവഴക്കമെന്ന കേരളോത്പത്തിപ്പട്ടോലയും സ്വരൂപാചാരവും. കെട്ടുകഥയ്ക്കും ചരിത്രത്തിനുമിടയിലാണ് ഇത്തരം ആഖ്യാനങ്ങളുടെ സ്ഥാനം. ഇത്തരം പട്ടോലകളിലെ പല പ്രയോഗങ്ങളും ഇന്ന് ഭാഷയിൽ പ്രയോഗത്തിലില്ലാത്തതും തലമുറകളായുള്ള കൈമാറ്റങ്ങളിലൂടെ മാറ്റം സംഭവിച്ചിട്ടുള്ളതുമാണ്. മാപ്പിളവേദവും കേരളോൽപ്പത്തിപ്പട്ടോലയും സ്വരൂപാചാരവും തെറ്റാതെ പറയാനറിയുന്ന തെയ്യക്കാരും വിരലിലെണ്ണാവുന്നവർ മാത്രമേ ഇന്നുള്ളൂ. അതുകൊണ്ട് വ്യവസ്ഥാപിത ചരിത്രത്തിന്റെ കണിശമായ ഗണിതയുക്തി കൊണ്ട് വ്യാഖ്യാനിച്ചാൽ തെയ്യം മൊഴികളുടെ രസം ആസ്വദിക്കാനാകില്ല. കേരളോൽപ്പത്തിപ്പട്ടോലയെന്ന പീഠവഴക്കത്തിനും മുമ്പേ തെയ്യമുണ്ടങ്കിലും ഉത്തര കേരളത്തിലെ രാജവാഴ്​ച അരക്കിട്ടുറപ്പിക്കുന്നതിനുകൂടിയാണ് കീഴാളനായ തെയ്യത്തെക്കൊണ്ട് ബ്രാഹ്​മണ വിരചിതമായ കേരളോൽപ്പത്തി പറയിക്കുന്നത്.

മടിയൻ കോവിലകം കലാശം

കോലേഴുമണ്ഡലം, കോലേഴുമണ്ഡലത്തിനകത്ത് ആദിത്യമണ്ഡലം, ചന്ദ്രമണ്ഡലം, ഭൂമണ്ഡലം, വിഷ്ണുമണ്ഡലം ഇങ്ങനെ നാല് മണ്ഡലം കല്പിച്ചു. അന്ന് അനന്തപുരം ഐമ്പാടി കൂലകത്ത് വാഴുന്നവർക്ക് പള്ളിച്ചങ്ങാടം കല്പിച്ചു. വാണവളപടത്ത് കോട്ട നിലയാക്കി വസിച്ചിരുന്ന കാലത്ത് നാല് ചിത്രപീഠത്തെ നാല് സരൂപത്തിന് വഴക്കം ചെയ്യണമെന്ന് കല്പിച്ചു... ഇപ്രകാരം വളരെ വിശദമായാണ് തെയ്യം കേരളോത്പത്തി പറയുന്നത്. ഐമ്പാടിചിത്രപീഠം നെടിയിരിപ്പ് സ്വരൂപത്തിലെ കുന്നലക്കോനാതിരിക്കും കുമ്പള ചിത്രപീഠം കുമ്പളമൂവായിരംവട്ടം നാടുവാഴുന്നവർക്കും മടിയൻ ചിത്രപീഠം മടിയൻകോവിലകത്തെ കേരള വർമ്മ രാജാവിനും കല്പിച്ചു... പള്ളിചിത്രപീഠം വാണവളപടത്തെ നാടുവാഴുന്നുടയവർക്കും കല്പിച്ചു. ഉത്തരകേരളത്തിന്റെ രാജവാഴ്ച്ചയുടെ നാൾവഴി ചരിത്രമാണ്. തെയ്യം പറയുന്ന ഈ ചരിത്രം പിന്നെ നമ്മൾ കാണുന്നത് ഗവേഷകഗ്രന്ഥങ്ങളിലാണ്. അങ്ങനെ ഏകരാജ്യം വാഴുന്ന കോലത്തിരിത്തമ്പുരാൻ ചിത്രപീഠം കൊണ്ടംശിച്ച് മുപ്പത്താറ് മരപ്പീഠങ്ങളുണ്ടാക്കി മുപ്പത്താറ് കൊടിനാക്കില വെച്ച് മുപ്പത്തൈവര്കുറ്റി പരദേവതമാർക്കും വഴക്കം ചെയ്തു. ശേഷിക്കുന്ന ഒരു മരപീഠത്തിൽ ഞാൻ ആസനം ഉറപ്പിക്കട്ടോ... തെയ്യത്തിലെ മുപ്പത്തൈവര് പരദേവതാമാരും ഏകരാജ്യം വാഴുന്ന കോലത്തിരിയെ അനുസരിക്കണം എന്ന രാജശാസന കൂടിയുണ്ട് പരശുരാമനാൽ വിരചിതമായ ഈ പട്ടോല തെയ്യത്തെക്കൊണ്ട് പറയിക്കുന്നതിന് പിന്നിൽ.

ഒരു കനലാടിക്ക് അയാൾ ജീവിക്കുന്ന സമൂഹത്തിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്വം ചെറുതല്ല. മറ്റൊരു അവതരണകലയിലും ഇങ്ങനെയൊരു സമ്പ്രദായമില്ല. നാട്ടിലെ എല്ലാ ജാതിമതവിഭാഗക്കാരെയും തെയ്യക്കാരൻ അറിഞ്ഞിരിക്കണം

മുങ്കരം പിടിക്കാനും മുള്ളുംവള്ളിയറുക്കാനും

പലവിധത്തിലുള്ള ജീവിതാനുഭവങ്ങളാണ് വാക്കിലെ കുളിർമയ്ക്കായി തെയ്യത്തിന്റെ തണലിലേക്കുവരുന്നത്. തെയ്യത്തിന്റെ മുന്നിലെത്തുന്ന ഓരോ മനുഷ്യനും ഓരോ പ്രശ്​നമാണ്​. ഒരോ പ്രശ്നപരിഹാരത്തിനും വേണ്ടുന്ന മൊഴികൾ തെയ്യം വേറെവേറെ കണ്ടുവെക്കണം. അതിർത്തിത്തർക്കങ്ങൾ, കുടുംബവഴക്കുകൾ, ദാമ്പത്യപ്രശ്നങ്ങൾ, രോഗാവസ്ഥകൾ, തൊഴിൽപ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, മക്കളുടെ തുടർവിദ്യാഭ്യാസം സംബന്ധിച്ച ആകുലതകൾ, അനപത്യ ദുഃഖങ്ങൾ... അങ്ങനെ നിത്യജീവിത്തിലെ ഉള്ളം നീറ്റുന്ന സങ്കടങ്ങളെയാണ് തെയ്യം അഭിമുഖീകരിക്കുന്നത്. തെയ്യക്കാരൻ അയാൾ തെയ്യമായി പകർന്നാടുന്ന നാടിനെ പൂർണമായും അറിഞ്ഞിരിക്കണം. ഒരു കനലാടിക്ക് അയാൾ ജീവിക്കുന്ന സമൂഹത്തിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്വം ചെറുതല്ല. മറ്റൊരു അവതരണകലയിലും ഇങ്ങനെയൊരു സമ്പ്രദായമില്ല. നാട്ടിലെ എല്ലാ ജാതിമത വിഭാഗക്കാരെയും തെയ്യക്കാരൻ അറിഞ്ഞിരിക്കണം. ഒരുദേശത്തിലെ ആരാധനലായങ്ങൾ, അവിടുത്തെ അനുഷ്ഠാനങ്ങളുടെ ചരിത്രം, ജാതി സമൂഹങ്ങളുടെ ഉത്പത്തി, നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഇതൊക്കെയറിഞ്ഞാൽ മാത്രമേ തെയ്യക്കാരന് തന്റെ മുന്നിലേക്ക് വരുന്ന ഒരു പ്രശ്നത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കനാകൂ. തെയ്യക്കാരന്റെ അറിവും അനുഭവവും അത്രമേൽ പ്രാധാന്യമർഹിക്കുന്നതാണ്.

ഗുരു കാരണവർ അളവിൽ കളത്തിൽ കാവിലെത്തിയപ്പോൾ

തെയ്യക്കാരന്റെ മുന്നിലേക്ക് എന്തു പ്രശ്നവും കടന്നുവരാം. എല്ലാ കാര്യങ്ങൾക്കും കൃത്യമായ പരിഹാരം തെയ്യം തീരുന്തലക്ക് നിർദ്ദേശിക്കണം. പുരാണപ്രോക്തങ്ങളായ പല പ്രകാരത്തിലുള്ള വ്യുത്പത്തികൾ തെയ്യക്കാരൻ ഹൃദിസ്ഥമാക്കണം. പുരാണസംബന്ധമായ ആഴത്തിലുള്ള അറിവില്ലെങ്കിൽ തെയ്യക്കാരന് വ്യുത്പത്തി വേണ്ട വിധം പ്രയോഗിക്കാനാകില്ല. തെയ്യം കാണുന്നതിന്​ നാട്ടിലെ അറിവാന്മാരായ മറത്തുകളി പണിക്കന്മാരോ ജ്യോതിഷികളോ അതുപോലെ സംസ്കൃ​ത പണ്ഡിതന്മാരോ വരും. ജിഹ്വാഗ്രത്തിങ്കൽ സരസ്വതിയുടെ അനുഗ്രഹമുണ്ടാകുമെന്നും നിറഞ്ഞ സാഗരത്തിനോട് ഭഗവാൻ കൂടുതലൊന്നും വിശേഷിക്കേണ്ടതില്ലല്ലോ എന്നും ആളും തരവുമനുസരിച്ച് തെയ്യം വിദഗ്ധമായി സംസാരിക്കും. കതിനവൂർ വീരൻ പോലുള്ള തെയ്യത്തോട് നമുക്കെന്തും ചോദിക്കാം. തെയ്യം വാക്കോടായ സമയത്ത് ചില പണ്ഡിതന്മാരുടെ ചോദ്യങ്ങളെ അതിജീവിച്ചതിന്റെ രസകരമായ ഓർമകൾ പ്രായം ചെന്ന കോലധാരികൾ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.

തെയ്യം സംസാരത്തിന്റെ കൗതുകകരമായ എത്രയോ അനുഭവങ്ങൾ പല തെയ്യക്കാവുകളിൽ വെച്ചും വ്യക്തിപരമായി ഉണ്ടായിട്ടുണ്ട്. പുലയ സമുദായക്കാരുടെ ഉഗ്രമൂർത്തിയായ പറച്ചിത്തലച്ചിയമ്മയോടുള്ള പായ്യാരം പറച്ചിൽ അത്രയും ഹൃദ്യമായ കാഴ്ച്ചയാണ്. അടുത്ത സൂഹൃത്തിനോടെന്ന പോലെയാണ് പുലയമാതാവിനോട് ആളുകൾ സങ്കടങ്ങളുണർത്തിക്കുന്നത്. കരിഞ്ചാമുണ്ഡിയമ്മയും പൊട്ടനും അത്രയധികം ജീവിതപ്രശ്നങ്ങളെയാണ് ഒരു കളിയാട്ടക്കാവിൽ നേരിടുന്നത്. തെയ്യം സംസാരത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരനുഭവം ഇവിടെ പങ്കുവെക്കാം. ഒരിക്കൽ ഉടുപ്പിലും നടപ്പിലും ഒരു വിധത്തിലുമുള്ള സമ്പന്നതയുടെയും അടായളങ്ങളില്ലാത്ത അത്രയും സാധുവായ ഒരമ്മയും രണ്ടുമക്കളും പൊട്ടനെ കാണാൻ വന്നു. ആൺകുട്ടിയാണ് മൂത്തത്. ബി. ടെക്​ പഠനം പൂർത്തിയാക്കിയ മോൻ ജോലിക്കു ശ്രമിക്കുകയാണോ വേണ്ടത് അല്ലെങ്കിൽ തുടർപഠനം നടത്തുന്നതാണോ നല്ലത് എന്ന് അത്രമേൽ നിഷ്‌കളങ്കമായി ആ അമ്മ പൊട്ടൻ തെയ്യത്തിനോട് നേരിട്ടു ചോദിക്കുകയായിരുന്നു. മകന്റെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച ഒരു പാവം അമ്മയുടെ ചോദ്യത്തെ നേരിട്ട പൊട്ടൻദൈവത്തിന് പ്രാഥമിക വിദ്യാഭ്യാസം പോലും കഷ്ടിയായിരുന്നു.

പൊട്ടൻ തെയ്യം

പുലയരുടെ തന്നെ മറ്റൊരു തെയ്യമായ കരിഞ്ചാമുണ്ഡി വെറും നിലത്ത് പടിഞ്ഞിരുന്ന് ആളുകളെ ചേർത്തുപിടിച്ചാണ് സംസാരിക്കുക. അത്രയും അടുപ്പവും മനുഷ്യപ്പറ്റുള്ളതുമാണ് പറച്ചിത്തലച്ചിയമ്മയുടെ പുലയപ്പേച്ചുകൾ. പെറ്റമാതാവുണ്ടെങ്കിലും പോറ്റിയ മാതാവിനെപ്പോലെ മുങ്കരം പിടിച്ച് ഞാൻ കൂടെതന്നെയുണ്ട്. പെറ്റമ്മ മാറത്തും മടിയിലും വെച്ച് പരിപാലിച്ചതുപ്രകാരം എന്റെ ഒടക്കീലും മടിക്കീലും വെച്ച് ഞാൻ പരിപാലിക്കുന്നുണ്ട്, പേടിവേണ്ട മുങ്കരം പിടിച്ചും മുള്ളും വള്ളിയറുത്തും ഞാൻ നേർവഴിക്ക് കൊണ്ടെത്തിക്ക്ന്ന്ണ്ട്. മുന്നോട്ട് തന്നെ നടന്നോ വിജയമുണ്ടാകും ഉപേക്ഷിച്ച് കളയൂല പോരേ....
പുലയപ്പേച്ചിലൂടെ കരിഞ്ചാമുണ്ഡിയമ്മ കഷ്ടതയനുഭവിക്കുന്ന ഒരു നാട്ടുജനതയ്ക്ക് പകർന്നു കൊടുക്കുന്ന ആത്മവിശ്വാസവും അതിജീവനോർജ്ജവും ചെറുതല്ല.

കരിഞ്ചാമുണ്ടി

അതിസങ്കീർണങ്ങളായ പലവിധ അനുഷ്ഠാനങ്ങളിലൂടെയാണ് ഒരു തെയ്യം അതിന്റെ കഠിനകർമ്മം പൂർത്തിയാക്കുന്നത്. തെയ്യം അടിമുടി ജീവിതമാണ്. നിത്യനൈമിത്തികങ്ങളായ സംഭവങ്ങളാണ് തെയ്യത്തിന്റെ ആത്മീയസ്വത്വത്തെ നിർണയിക്കുന്നത്. അത്രമേൽ ഭൗതികമാണ് എന്നതുതന്നെയാണ് തെയ്യത്തിന്റെ ആത്മീയ സത്ത. തെയ്യക്കാരനെന്ന സാധാരണമായ ഭൗതികശരീരമാണ് ദൈവം എന്ന വിരാട് രൂപത്തിലേക്ക് പരിണമിക്കപ്പെടുന്നത്. ഇവിടെ തെയ്യക്കാരൻ ദൈവമായി അഭിനയിക്കുകയല്ല. തെയ്യത്തിലെ ദൈവം എന്നത് അഭിനയമല്ല അനുഭവമാണ്. തെയ്യം അവസാനിക്കുമ്പോൾ മനസ്സിൽ ബാക്കിയാകുന്ന നിറവ് അതാണ്. "വാരാർനദിയിലെ നീർ വറ്റിയെന്നും നാം തമ്മിലുള്ള ബന്ധം വേർപെട്ടുവെന്നും രണ്ടവസ്ഥയില്ലല്ലോ അല്ലേ' എന്നാണ് തെയ്യം വേർപരിയാനാകാത്ത ജൈവബന്ധത്തെ വാക്കുകളിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. കടലിലെ നീർ വറ്റിയാലെ നമ്മൾ തമ്മിലുള്ള ബന്ധം അവസാനിക്കൂ എന്നാണ് മൊഴിയുടെ പൊരുൾ. തീരുന്തലക്കുള്ള തെയ്യത്തിന്റ ഈ മൊഴികളൊന്ന് കേട്ടുനോക്കൂ:

ദൈവത്തെക്കുറിച്ചുള്ള ഇന്നോളമുള്ള എല്ലാ സങ്കല്പങ്ങളും തെയ്യം വാക്കോടായൽ ഇല്ലാതാകും. നാല് മൂല ഒന്നായിച്ചേരുന്ന പുഞ്ചക്കണ്ടത്ത്ന്നും നട്ട് നനച്ചേടത്ത്ന്നും കരിച്ച് വാളിയേടത്ത്ന്നും ഇങ്ങനെ സാധാരണ മനുഷ്യനും അവന്റെ സങ്കടങ്ങളും കൂടിച്ചേരുന്ന മണ്ണിൽ വെച്ചാണ് തെയ്യം വാക്കോടാകുന്നത്.

ദിവാകര നിശാചരരായ അർക്കചന്ദ്രന്മാർ ഒരുഭാഗേ ഉദിച്ച് മറുഭാഗെ അസ്തമിക്കും അതല്ലേ അസ്തമാനം. സൂര്യനുപോലും അസ്തമാനമുണ്ട്. അപ്രകാരം ഞാനും മായയിൽ ലയിക്കട്ടെ. എന്നെ കെട്ടിപ്പോറ്റി പരിപാലിക്കാൻ സാദ്ധ്യമല്ലല്ലോ. വന്നവർ ഇരുന്നുവെന്നും ഇരുന്നവർ മുഷിഞ്ഞുവെന്നും എൻപേരെൻപേരെന്ന് വേറെവേറെ ചൊല്ലി വിളിച്ചില്ല എന്നും എൻമുഖം കണ്ടില്ല എൻമുഖത്തേക്ക് നോക്കിയില്ല എന്നുമുള്ള പരിഭവവും പായ്യാരവും വേണ്ട. ചിറ്റുവാൻ തലചച്ചിറ്റ് ചാർത്തുവാൻപൊൻപട്ട് ഇരിപ്പാനാസനം പിടിപ്പാനായുധം തൊടുവാൻ പൊൻകുറി എല്ലാം എനക്ക് സമ്മതിച്ചു. നിങ്ങളെ കൊത്തിയെടുത്ത് പറക്കാനും ഇട്ടേച്ചുപോകാനും പറ്റുന്നില്ലല്ലോ. നിങ്ങളെക്കണ്ട് എനക്ക് മതിവന്നുവെന്നും എന്നെക്കണ്ട് നിങ്ങക്ക് മതിവന്നുവെന്നും രണ്ടവസ്ഥയില്ലല്ലോ അല്ലേ... ദാരുമൂലത്തെ ഭേദിപ്പാൻ പ്രാപ്തമായിരിക്കുന്ന മുഖായുധത്തോടുകൂടിയ ഭൃംഗം മധുപ്രീതി ഹേതുവായി ചെന്താമരപ്പൂവിനകത്ത് സുഖവാസം ചെയ്യും. ആയതുപ്രകാരം എന്റെ കരാളരൂപത്തെയടക്കി ശാന്തസ്വരൂപിണിയായി നിങ്ങളുടെ ഹൃദയകമലത്തികത്തെ ഭക്തിയാകുന്ന മധുപ്രീതിമോഹിച്ച് ന്ങ്ങളെ വിട്ടുപിരിഞ്ഞ് കയ്യെടുക്കൂല ന്ങ്ങളെ ഉള്ളിൽത്തന്നെ ഞാനെപ്പോഴുമുണ്ട് പോരേ...

ഉപ്പിലെ ഓര് പോലെ കരിമ്പിലെ രസം പോലെ വേപ്പിലെ കയ്പ്പേ് പോലെ...

തെയ്യം, കാണുമ്പോഴുള്ള സൗന്ദര്യം പോലെത്തന്നെ കേൾക്കുമ്പോഴുള്ള സൗന്ദര്യം കൂടിയാണ്. തെയ്യത്തിന്റെ ശക്തി അതിന്റെ ഉള്ളിൽത്തന്നെയുണ്ട്. അത് ഉപ്പിലെ ഓര് പോലെയാണ്. രാത്രി കാലത്ത് കായലിലോ പുഴയിലോ ഉപ്പുവെള്ളം ഇളകുമ്പോൾ അലകളിലെ മനോഹരമായ വെള്ളിത്തിളക്കം കാണാം. അതാണ് ഉപ്പിലെ ഓര്. വെള്ളത്തിലെ ഉപ്പ് സാധാരണ നമുക്ക് കാണാനാകില്ലല്ലോ. അതുപോലെയാണ് തന്റെ ചൈതന്യം പ്രവർത്തിക്കുന്നത് എന്ന് തെയ്യം വിശേഷിക്കുന്നു.

സംസാരിക്കുന്ന ദൈവമാണ് തെയ്യം. ദൈവത്തെക്കുറിച്ചുള്ള ഇന്നോളമുള്ള എല്ലാ സങ്കല്പങ്ങളും തെയ്യം വാക്കോടായൽ ഇല്ലാതാകും. നാല് മൂല ഒന്നായിച്ചേരുന്ന പുഞ്ചക്കണ്ടത്ത്ന്നും നട്ട് നനച്ചേടത്ത്ന്നും കരിച്ച് വാളിയേടത്ത്ന്നും, ഇങ്ങനെ സാധാരണ മനുഷ്യനും അവന്റെ സങ്കടങ്ങളും കൂടിച്ചേരുന്ന മണ്ണിൽ വെച്ചാണ് തെയ്യം വാക്കോടാകുന്നത്. ചെമ്പടിച്ച മാടമോ ശ്രീകോവിലോ വെങ്കല്ലുപാകിയ തിരുമുറ്റമോ ഒന്നുമില്ലെന്ന പരിഭവം വേണ്ട കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളുമുലർന്ന കാവിന്റെ ആദിമതുറസ്സിലിരുന്നാണ് തെയ്യം ഇങ്ങനെ പറയുന്നത്. ക്ഷേത്രസമ്പന്നതയുടെ സവർണ പ്രൗഢി തനിക്കു വേണ്ടെന്നും ഈ കാനനത്തുറസ്സും അതിന്റെ സൗകുമാര്യവുമാണ് തന്റെ ലോകമെന്നും മതഭക്തിയുടെ ആസക്തി നിറഞ്ഞ ഇന്നത്തെ മനുഷ്യരോടാണ് നീലിയാർകോട്ടത്തമ്മ ചൊല്ലിക്കെട്ടി വിശേഷിക്കുന്നത്. നാല് വള്ളിത്തണ്ടും നാല് സർപ്പത്താന്മാരും മുട്ടോളം ചപ്പും തനിക്ക് വൃന്ദാവനമാണെന്ന് പറഞ്ഞ് സ്വന്തം ദാരിദ്ര്യത്തെ തെയ്യം സ്വയം തന്നെ മഹത്വപ്പെടുത്തുന്നുണ്ട്. നാല് കൊള്ളി പ്ലാവിറകും നാല് കരിക്കിന്റെ മനവും പൊരുത്തവും നാല് മട്ടക്കണയും കൂട്ടിക്കെട്ടി പതി പള്ളിയറായി സങ്കൽപിക്കുന്ന അങ്ങേയറ്റത്തെ ലാളിത്യത്തിലാണ്, ആർഭാടരാഹിത്യത്തിലാണ് താൻ പുലർന്നതെന്ന് പലപ്രകാരത്തിൽ തെയ്യം പറയുന്നുണ്ട്, മാറിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനു മാത്രമേ ഉപകരിക്കൂ എന്നും തെയ്യം ഇപ്രകാരമുള്ള മൊഴികളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.

നീലിയാർ ഭഗവതി

ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യനാണ് തിരുമുടിയണിഞ്ഞ് ദൈവാകാരം പൂണ്ടിരിക്കുന്നത്. അതുപോലെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരോടാണ് സംസാരിക്കുന്നതും. പാണ്ഡിത്യത്തിന്റെ ഭാരമില്ലാത്ത പട്ടിണിപ്പാവങ്ങളാണ് തെയ്യത്തിനുമുന്നിലെത്തുന്നത്. അവർക്ക് പരിചയമുള്ള വാക്കുകളും അവർ ഇടപെടുന്ന ജീവിതസന്ദർഭങ്ങളും അവർ കണ്ടുപരിചയിച്ച ഉപമാനോപമേയങ്ങളും മാത്രമേ തെയ്യം ഉപയോഗിക്കൂ. നട്ടുനനച്ചേടത്തും കരിച്ചുവാളിയേടത്തും കൂടിക്കാണുന്ന തെയ്യം ചാലിടുമ്പോൾ ചൂളിപ്പോകാത്ത വിത്തുപോലെ മണ്ണിലുയിർക്കുന്ന കരുത്തും പ്രതീക്ഷയുമാണ്. ഒരു ഗ്രാമത്തിലെ അധ്വാനിക്കുന്ന മനുഷ്യരുടെ നായാട്ടിനും നരിവിളിക്കും രക്ഷ ചെയ്യുന്നതങ്ങനെയാണ്. പോത്തിനെക്കെട്ടി വിളയിച്ച വിളഭൂമിയിലെ ഈ അഭിവൃദ്ധിയെ എരുതിനെക്കെട്ടി മൊളികേറാതെ കാത്തു രക്ഷിക്കുന്ന തെയ്യം ഗ്രാമ്യജീവിതത്തിന്റെ മിടിപ്പും തുടിപ്പുമാണ്. അടിച്ചകാറ്റും ചോർന്ന മഞ്ഞും തോർന്ന വെയിലും പെയ്തപെരുമഴയും സംഘജീവിതത്തിന്റെ അനിവാര്യതായാണ്. സസ്യജന്തുവൈവിദ്ധ്യ സമ്പൂർണമായ കാവുജീവിതത്തിൽ കാറ്റും മഞ്ഞും മഴയും ഒഴിച്ചുകൂടാനാകാത്തതാണ്. കള്ളനും കാലിക്കും വിട്ടുകൊടുക്കാതെ ഒടക്കീലും മടിക്കീലും വെച്ച് പരിപാലിക്കുന്ന അമ്മയായി കൂടെത്തന്നെയുണ്ടെന്ന വിശ്വാസം തെയ്യം ഉറപ്പുനൽകുന്നുണ്ട്. സഭയിൽ വെളുക്കെ ചിരിക്കുമ്പോഴും അകനോവിലെരിയുന്ന സങ്കടക്കനൽ കാണുന്ന ദൈവരൂപകം. ഉള്ളംകയ്യിൽ വാരിപ്പിടിച്ച പൂക്കളിൽ ഒരു പൂവാടിയതായുണ്ട്. അത് മറ്റാർക്കും കാണാനാകില്ല. ആയതുപ്രകാരം നിന്റെ ഉള്ളിലെ വാട്ടത്തെ എനക്ക് കാണാനാകുന്നുണ്ട് എന്നാണ് തെയ്യം സങ്കടപ്പെടുന്നവന്റെ കരം ഗ്രഹിച്ച് പറയുന്നത്. എള്ളിൻ പൂവിലെ ഗന്ധം പോലെ, എല്ലിലെ മജ്ജ പോലെ, ഉരഗത്തിനുഗ്ര വിഷം പോലെ, പ്രത്യക്ഷമാകാതെ പ്രയോഗത്തിലാകുമ്പോൾ മാത്രം വെളിപ്പെടുന്ന ശക്തിയും സൗന്ദര്യവുമേറുന്ന മനുഷ്യനാണ് തെയ്യം. ഉപ്പിലെ ഓര് പോലെ, കനിയിലെ മധുരം പോലെ, കരിമ്പിന് രസം പോലെ, വേപ്പിന് കൈപ്പുപോലെ, ഇരുമ്പിന് നക്ഷം പോലെ, തള്ളയ്ക്ക് ക്ഷീരം പോലെ, പിള്ളയ്ക്കുയിര് പോലെ. ആവശ്യവും സമയവും അടുക്കുമ്പോൾ മാത്രം ഉലർത്തുന്ന ഫണവീര്യം.

വിഗ്രഹത്തിലെ കണ്ണും കാതും മൂക്കുമില്ലാത്ത ആഢ്യദൈവത്തെക്കൊണ്ടെന്തു പ്രയോജനം എന്നാലോചിക്കുന്നിടത്താണ് തെയ്യത്തിന്റെ വായ്മധുരഭാഷണങ്ങൾ പ്രസക്തമാകുന്നത്

മുങ്കൈ പിടിച്ച് മുമ്പിനാലെ നടന്ന് തെയ്യം നാട്ടുജീവിത്തിന്റെ ഭാഗമാകുന്നത് അത് എല്ലാ മേഖലയിലും നാട്ടുജീവിതവുമായി, കാർഷികജീവിതവുമായി സമരസപ്പെടുന്നതിലൂടെയാണ്. തെയ്യത്തിന് ജനങ്ങളെ ഇത്രമേൽ ആകർഷിക്കുന്നതിന് പച്ചമലയാളത്തിലുള്ള ഗ്രാമ്യഭാഷയുടെ സ്വാധീനം വളരെ വലുതാണ്. കാരണം തെയ്യക്കാരനും അവർക്കിടയിൽ ജീവിച്ച എല്ലാ കഷ്ടതകളും അനുഭവിച്ച മനുഷ്യനുമാണ് ദൈവരൂപം പൂണ്ട് മുന്നിൽ നില്ക്കുന്നത്. ആ ദൈവത്തിന്റെ മുന്നിൽ ഒന്നും ഒളിക്കേണ്ടതില്ല. എകർന്ന മല പോലെ, പടർന്ന വള്ളി പോലെ, ഭൂമി കുഴിഞ്ഞേടം സമുദ്രമെന്ന പോലെ ആഴവും പരപ്പും എകരവുമായി നിറഞ്ഞ പ്രകൃതിസമം തെയ്യമുണ്ട്. സങ്കടം ഈയ്യത്തിന്റെ മഴയായിപ്പെയ്യുമ്പോൾ കരുതലിന്റെ ഇരുമ്പുകുടചൂടി കാത്തുരക്ഷിച്ച് പരിപാലിക്കുന്നുണ്ട്. തെയ്യം വിശ്വാസത്തിനപ്പുറം ഒരാൾബലമാണ്. തെയ്യവും മനുഷ്യനും മാത്രമുള്ള നേരിട്ടുള്ള ഉടമ്പടിയാണത്. മൂന്നാമതൊരാൾക്കതിൽ യാതൊന്നുമില്ല.

ക്ഷേത്രപാലകൻ

വിഗ്രഹത്തിലെ കണ്ണും കാതും മൂക്കുമില്ലാത്ത ആഢ്യദൈവത്തെക്കൊണ്ടെന്തു പ്രയോജനം എന്നാലോചിക്കുന്നിടത്താണ് തെയ്യത്തിന്റെ വായ്മധുരഭാഷണങ്ങൾ പ്രസക്തമാകുന്നത്. തെയ്യത്തിൽ പറച്ചിൽ അനുഷ്ഠാനത്തിന്റെ ഏറ്റവും അവസാന ഘട്ടത്തിലാണ്. ദീർഘമായ കർമങ്ങളിൽ പറച്ചിലിന് പല ഘട്ടങ്ങളുണ്ട്. തെയ്യം മുടിവെച്ചുറഞ്ഞ് കലാശങ്ങളും മറ്റ് ചടങ്ങുകളും കഴിയുമ്പോഴാണ് വാക്കോടാകുന്നത്. തെയ്യം കെട്ടിയാടുന്ന കാവിൽ എങ്ങനെയാണ് ശേഷിപ്പെട്ടത് എന്ന സ്വന്തം ജീവിതമാണ് ആദ്യം പറയുന്നത്. ഇത് മുമ്പസ്ഥാനമാണ്. പിന്നെ കാവിലെയും കാവുമായി ബന്ധപ്പെട്ട ആചാരസ്ഥാനികരെയും അച്ഛന്മാരെയും വിളിക്കുന്നു. അവരുടെ തൊഴിലധിഷ്ഠിതമായി ജാതി, ആചാരപദവി എന്നീ ക്രമത്തിലാണ് വിളിക്കുന്നത്. പിന്നെ പീഠവഴക്കമാണ്. പീഠവഴക്കം പറഞ്ഞാൽ തെയ്യം ഇരിക്കും. പിന്നെയാണ് കുളിർമ കൊടുക്കുന്നത്. നുറുക്കടയാളമായ മഞ്ഞൾക്കുറി കൊടുത്തുള്ള ജനങ്ങളെ അനുഗ്രഹിക്കലാണ് അടുത്ത ഘട്ടം. സംസാരത്തിന്റെ അനന്തമായ സാധ്യതകളാണിവിടെയുള്ളത്. കോലക്കാരന്റെ അറിവും വ്യുത്പത്തിയും അനുഭവങ്ങളും വാക്ചാരുതയും പ്രകടമാകുന്ന സന്ദർഭമാണിത്. മറ്റുള്ളവരുടെ മനസ്സിനെ കാണാനുള്ള കഴിവ് തെയ്യക്കാരനുണ്ടായിരിക്കണം. അവരുടെ പ്രശ്നങ്ങളെ സമീപിക്കുന്നതും അവർക്ക് തൃപ്തികരമായ പരിഹാരനിർദ്ദേശങ്ങൾ നല്കുന്നതും ഈ ഘട്ടത്തിലാണ്. പിന്നെ തെയ്യം കഴിയുന്ന ചടങ്ങുകളാണ്. എണ്ണവും എഴുത്തും വഴക്കം ചെയ്ത് കളിയാട്ടക്കാവിൽ കൂടിയ സർവ മനുഷ്യർക്കും ജന്തുസസ്യജാലങ്ങൾക്കും നല്ലതിനെ ചൊല്ലിക്കൊടുത്താണ് തെയ്യം വിടപറയുന്നത്.

മലയനോ പുലയനോ മാവിലനോ വണ്ണാനോ ഒരു ദിവസമെങ്കിലും ഒരു ദിവസം നഷ്ടപ്പെട്ടുപോയ എല്ലാ അധികാരവും തിരിച്ചുപിടിച്ച് നായരെയും നമ്പ്യാരേയും ജാതിപ്പേരു ചൊല്ലിവിളിച്ച് വിറപ്പിക്കുന്നതിന്റെ രാഷ്ട്രീയമാനങ്ങൾ വേറെയാണ്.

ആദിത്യനോടും മലങ്കാറ്റിനോടും വട്ടംവെക്കണ്ട...

ആദിത്യനോടും മലങ്കാറ്റിനോടും വട്ടംവെക്കണ്ട. പൊൻനിറമില്ലേ എനക്ക്. വെങ്കല്ലുരസി വജ്രത്തിന്റെ മാറ്റ് നോക്കണ്ട എതിരില്ലാത്ത നായർക്ക് അതിരുവെക്കണ്ട. ഉച്ചക്കേത്തെ കഞ്ഞി അന്തിക്കാക്കണ്ട മദിച്ചിരിക്കുന്ന ഈ ഗജക്കുട്ടി ഇനികൂടതലൊന്നും വിശേഷിക്കുന്നില്ല... ചില തെയ്യങ്ങളുടെ വാചാലുകൾ ഉഗ്രശാസനകളാണ്. തിരുവായ്ക്കെതിർവായില്ലാത്ത രാജകല്പനകൾ. പൊട്ടനും കതിവനൂർ വീരനും മുത്തപ്പനുമൊക്കെ മനുഷ്യനെ അവന്റെ എല്ലാ പ്രശ്നങ്ങളോടെയും ചേർത്തിപിടിച്ച് ഒരു കൂടെപ്പിറപ്പിനെപ്പോലെ, ഉറ്റചങ്ങാതിയെപ്പോലെ സങ്കടങ്ങൾ പകുത്തുകെട്ടുമ്പോൾ അധികാരത്തിന്റെയും പ്രഭുത്വത്തിന്റെയും ഭാഷയിൽ സംസാരിക്കുന്ന കച്ചും ചിരികയും കെട്ടിയ തമ്പുരാൻ തെയ്യങ്ങളും ഉണ്ട്. ഉത്തരകേരളത്തിലും തുളുനാട്ടിലും പുതിയ രാജവാഴ്ചയ്ക്ക് തുടക്കം കുറിച്ച് അള്ളട രാജ്യം സ്ഥാപിച്ച ക്ഷേത്രപാലകന്റെയും ഉറ്റ ചങ്ങാതി വൈരജാതന്റെയും മൊഴികളിനുടനീളം അധികാരം അതിന്റെ സകല പ്രൗഢിയോടെയും ആഭിജാത്യത്തോടെയും വിരാജിക്കുന്നത് കാണാം. ആധിപത്യത്തിന്റെ ഏറ്റവും ഉയർന്ന നിലയിലുള്ള സംസാരവും അംഗവിക്ഷേപങ്ങളുമാണ് ഈ തെയ്യങ്ങളുടേത്. കണ്ടാൽ പച്ചപ്പാവവും അത്രമേൽ ശാന്തതസ്വരൂപനും ജീവിത്തിൽ ഒരധികാരവും ഇന്നേവരെ പ്രയോഗിച്ചിട്ടില്ലാത്ത വ്യക്തിയുമായ തെക്കുംകര കർണ്ണമൂർത്തി വൈരജാതനായി പീഠം കയറിയാൽ പടമുലർത്തിപ്പുളയുന്ന പുല്ലാഞ്ഞിയെപ്പോലെ പേടിക്കാത്തവരായി ആരുമുണ്ടാകില്ല.

ക്ഷേത്രപാലകൻ

കമ്പിക്കാനത്ത് നായരായ വൈരജാതൻ ഒരു സാധാരണ തെയ്യമല്ല. സാധാരണ തെയ്യം വിളികളിൽ നിന്ന്​ വ്യത്യസ്തമായി അള്ളടം വാണ തെയ്യങ്ങളായ ക്ഷേത്രപാലകനും വൈരജാതനും ഉയർന്ന ജാതിക്കാരേ അതേ ജാതിപ്പേരു വിളിച്ചുകൊണ്ടാണ് അഭിസംബോധന ചെയ്യുന്നത്. പ്രഭുത്വത്തിന്റെ എകർന്ന മുടിയും രാജചിഹ്നങ്ങളുമേന്തി വണ്ണാന്മാരായ കർണ്ണമൂർത്തിയും നേണിക്കവും വൈരജാതനായും ക്ഷേത്രപാലകനായും വാക്കുരികൊണ്ട് നായരേയും പൊതാളേയും നമ്പ്യാരേയും കിടുകിടുകിടെ വിറപ്പിക്കുന്നത് തെയ്യത്തിൽ മാത്രം സംഭവിക്കുന്നതാണ്. വാക്കുകൊണ്ട് ജാതിയെ അട്ടിമറിക്കലാണ്. താഴ്​ന്ന ജാതിക്കാരനായ മലയനോ പുലയനോ മാവിലനോ വണ്ണാനോ തീയ്യൻ ഉൾപ്പെടയുള്ള സവർണ ജാതിക്കാരുടെ മുന്നിൽ ഇരിക്കാൻ പോലും അനുവാദമില്ലാതിരുന്ന കാലം. ഒരു ദിവസമെങ്കിലും ഒരു ദിവസം അവർ നഷ്ടപ്പെട്ടുപോയ എല്ലാ അധികാരവും തിരിച്ചുപിടിച്ച് നായരെയും നമ്പ്യാരേയും ജാതിപ്പേരു ചൊല്ലിവിളിച്ച് വിറപ്പിക്കുന്നതിന്റെ രാഷ്ട്രീയമാനങ്ങൾ വേറെയാണ്. അത് അനുഷ്ഠാനബാഹ്യമായ വിഷയമാണ്.

വാതിൽക്കാപ്പാനായ അള്ളടസ്വരൂപമെന്ന കാപ്പിനകത്തെ പിടിയൻ ഉലർന്ന കാർക്കോടക പത്തിയെന്ന വൻമുടിയേന്തി വാക്കോടാവുകയാണ്. അമ്മോൻ പയ്യന്നൂർ പെരുമാൾ തളീലപ്പൻ മുമ്പേ...ആയിരത്തിരുനൂറ് നായന്മാരേ.. മുപ്പതിനായിരപ്രഭോ... താഴക്കാട്ട് കോയ്മേ... നമ്പ്യാരേ... കമ്മളേ... തിരുനെല്ലിനായരേ... ഉത്തമന്തിൽ പൊതാളേ... ആനിടിൽപ്പൊതാളേ... മടിയൻകുറുപ്പന്തനന്തരോൻ... അയ്മ്പ് നായരേ... അടിയാൻകുടിപതീ... തന്ത്രീ... ഈ വീരതേജസ്സിന നിറഞ്ഞു കണ്ടുവല്ലോ എനക്കും മീതേ വേറെ ദൈവാധീനമുണ്ടോ.. എന്റെ ശബ്ദമല്ലാതെ വേറെ എടസരി ഈട വേണ്ട കെട്ടോ... മൂവാണ്ട് മുപ്പത്താറ് മാസമെന്നിരിക്കുന്ന ആ നന്മൂഹൂർത്തത്തിൽ മദിച്ചിരിക്കുന്ന ഈ ഗജക്കുട്ടീന പന്തിയിൽ നിറഞ്ഞ് കാണാനുള്ള ഭാഗ്യത്തെ നിങ്ങൾക്ക് സിദ്ധിച്ചില്ലേ. ആരാഞ്ഞാൽ കിട്ടാത്ത നിധിയല്ലേ നവരത്നത്തെയല്ലേ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്. ഓർമ്മതയില്ലേ...
എടക്കത്തി വെച്ചരിഞ്ഞ് അന്ധതയിൽ ലയിക്കുംവരെ അരനാഴികപ്പൊഴുത് നേരം മാത്രമുള്ള ക്ഷേത്രപാലകന്റെ പ്രത്യക്ഷപ്പെടൽ. പുലർച്ചെ രണ്ടുമണിക്ക് എടുത്താപൊന്താത്ത വൻമുടിയിലുലയുന്ന അള്ളടത്ത് തമ്പുരാന്റെ ഇരുളിനെ പിളർക്കുന്ന കല്പനകൾ. ഇന്നുവരെ കേട്ട തെയ്യം മൊഴികളിലെ എക്കാലത്തെയും ഭീതിയും വിസ്മയവുമാണ്. ഒരിളം കാറ്റിൽ നിലത്തുവീഴുന്ന മെലിഞ്ഞുണങ്ങിയ ശരീരവുമായി രാമൻ നേണിക്കമെന്ന തെയ്യക്കാരനാണ് കാർക്കോടക ശൗര്യത്തോടെ ഫണം വിടർത്തിയാടിയതെന്ന് നമുക്ക് വിശ്വസിക്കാനേ കഴിയില്ല.

മുച്ചിലോട്ട് ഭഗവതി

ഓരോ തെയ്യത്തിന്റേയും സംസാരത്തിൽ ആ തെയ്യം താണ്ടിയ കഠിനജീവിതമുണ്ട്. തെയ്യത്തിലെ ദുരന്തനായികയായ മുച്ചിലോട്ട് പോതി ഒരിക്കലും ശബ്ദമുയർത്തിക്കയർത്തു സംസാരിക്കില്ല. ഉരിയാട്ടിൽ വൈരജാതന്റെ മറ്റേയറ്റമാണ് മുച്ചിലോട്ട് പോതി. ആഴമുറ്റിയ കരുണയും കരുതലും ചേർത്താണ് ചതിയിലെ ചിതയിലെരിഞ്ഞ് മുച്ചിലോട്ടമ്മ തന്റെ വാക്കുകളെ സ്ഫുടം ചെയ്തെടുക്കുന്നത്. വൈരജാതനെപോലെ പടയെടുത്തല്ല. കണ്ടത്തിൽ പണിയെടുത്ത് ദുരന്തത്തിന്റെ സങ്കടക്കടൽ താണ്ടിയ മുച്ചിലോട്ടമ്മയ്ക്കും പടയിൽ കൊത്തിനുറുക്കപ്പെട്ട കാമുകനും കർഷകനുമായ കതിവനൂർവീരനും ആളുകളുടെ കണ്ണുനനയിക്കാതെ സംസാരിക്കാനാകില്ല. കണ്ണീരു വറ്റാത്ത കൂടിയ മനുഷ്യാവസ്ഥ തന്നെയാണ് അവരെ ദൈവമാക്കി ഉയിർപ്പിച്ചിട്ടുള്ളത്. ക്ഷേത്രപാലകനും വൈരജാതനും വിജയിച്ച ദൈവങ്ങളാണ്. അതുകൊണ്ടാണ് അവർ ഉഗ്രശാസനകളോടെ മാത്രം സംസാരിക്കുന്നത്.

കതിവനൂർ വീരൻ

കതിവനൂർവീരനും മുച്ചിലോട്ട് പോതിയും കരുണയാണുർത്തുന്നതെങ്കിൽ രാജശാസനയുടെ ഭൂപ്രഭുത്വത്തിന്റെയും ഭയവും ഭക്തിയുമാണ് ഈ അഭിമാന്യ പ്രഭുക്കളുണ്ടാക്കുന്നത്​. പടനായരായ വൈരജാതന്റെയും ക്ഷേത്രപാലകന്റെയും വാക്കിലും നോക്കിലും നടപ്പിലും അധികാരം ജ്വലിച്ചുനിൽക്കും. കതിനവൂർവീരനാണെങ്കിൽ സംസാരം തുടങ്ങുന്നതു തന്നെ "സന്തോഷം വന്നു മനസ്സേ സന്തോഷത്തിൻ പക്കൽ അകദോഷം കൂടാതീട്ടു തക്കവണ്ണം ഞാനും കുരിക്കളും എന്റെ വേളാർകോട്ട് ചെമ്മരത്തിയായവളും കാത്തുരക്ഷിക്കും' എന്നു പറഞ്ഞുകൊണ്ടാണ് പറയുന്നത്. കുഞ്ഞിരാമൻ കുരിക്കളും വേളാർകോട്ട് ചെമ്മരത്തിയും മന്നപ്പന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടു മനുഷ്യരാണ്. തന്റെ ജീവിതത്തെ സ്വാധീനിച്ച രണ്ടുമനുഷ്യർക്കും കൂടി വേണ്ടിയാണ് മന്നപ്പൻ സംസാരിക്കുന്നത്. അധികാരമല്ല സ്നേഹവും ആർദ്രതയുമാണ് തെയ്യവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിനാധാരം.

ദാസൻ മാങ്ങാടനെന്ന കനലാടിശോഭയ്ക്ക് പകരക്കാരില്ല. പഞ്ചസാരകൊണ്ട് തടംമാടി അതിൽ തേനൊഴിച്ച പ്രകാരം അത്രയും ഹൃദ്യമാണ് അദ്ദേഹത്തിന്റെ വായ്മധുരഭാഷണങ്ങൾ.

വെങ്കല്ലുരസി വജ്രത്തിന്റെ മാറ്റ് കുറക്കണ്ട...

ജീവിതം ഉഴുതുമറിച്ചിട്ട പുഞ്ചക്കണ്ടത്തിലാണ് തെയ്യം വാക്കുകളുടെ കയമയും അല്ലിക്കണ്ണനും വിളയിച്ചത്. സ്വതസിദ്ധമായ വാചാലുകളുടെ വാചാലതയിൽ ഇന്നും കളിയാട്ടക്കാവിൽ രോമാഞ്ചമുണർത്തുന്ന നിരവധി തെയ്യക്കാരുണ്ട്. വണ്ണാൻകൂത്തിലെ പകരം വെക്കാനില്ലാത്ത കനലാടി മോഹനൻ പെരുവണ്ണാൻ. മലയൻപണിക്കരും സജിത് പണിക്കരും തീയിൽക്കിടന്നുകൊണ്ട് പൊട്ടൻകളിയുടെ അനന്തമായ പൊരുളുകളെ പൊട്ടിച്ചിരിയുടെ ക്രൂരഫലിതങ്ങളാൽ ജനങ്ങളുമായി പങ്കുവെച്ച് വിസ്മൃതിയിലൊടുങ്ങി. വാചാലിൽ തന്റേതായ ശൈലി കൊണ്ടുവന്ന ദാസൻമാങ്ങാടൻ. അക്ഷരങ്ങളിൽ അ, വൃക്ഷങ്ങളിൽ അരയാല്, സാഗരങ്ങളിൽ പാലാഴി, ധേനുക്കളിൽ കാമധേനു, സ്ത്രീകളിൽ രംഭ, അസ്ത്രങ്ങളിൽ ബ്രഹ്‌മാസ്ത്രം, പട്ടണങ്ങളിൽ കാഞ്ചീപുരം, അപ്രകാരം നീലിയാർകോട്ടത്തമ്മയ്ക്ക് ദാസൻ മാങ്ങാടൻ. നീലിയാർകോട്ടമെന്ന പച്ചക്കാട്ടിലെ അത്യപൂർവ്വ ചൈതന്യമാണ് ദാസൻമാങ്ങാടനും അന്തീപകലീശ്വരിയായ കോട്ടത്തമ്മയും. എല്ലാകാലത്തും തെയ്യമുണ്ടാകുന്ന ഒരേയൊരു കാവാണ് നീലിയാർകോട്ടം. കൊടുങ്കാടിന്റെ ലളിതസൗഭകത്വമായി പച്ചയും തണലും തണുപ്പമായി നീലിപ്പെണ്ണ് നിലകൊള്ളന്നുണ്ട്. അന്തിപൂത്ത തെയ്യച്ചന്തവുമായി മോത്തെഴുതി വാക്കോടായ ദാസൻ മാങ്ങാടനെന്ന കനലാടിശോഭയ്ക്ക് പകരക്കാരില്ല. പഞ്ചസാരകൊണ്ട് തടംമാടി അതിൽ തേനൊഴിച്ച പ്രകാരം അത്രയും ഹൃദ്യമാണ് അദ്ദേഹത്തിന്റെ വായ്മധുരഭാഷണങ്ങൾ.

സജിത് പണിക്കർ

അധികം പായ്യാരം വിശേഷിക്കുന്നില്ല... അക്ഷരങ്ങൾ കൊണ്ട് കളവ് കോടതിയിൽ ജയിക്കും. ഇത് മേൽക്കോടതി ഇവിടെ കളവ് ജയിക്കില്ല. സത്യവും നീതിയും മാത്രമേ എന്റെയീ പച്ചക്കാട്ടിൽ പുലരൂ. പശുവും പുലിയും രാത്രിയും പകലും മരണവും ജീവിതവും അങ്ങനെ രണ്ടും ഒന്നായി പുലരുന്ന അത്യപൂർവ്വ വനഭംഗിയിൽ വെച്ചാണ് നമ്മൾ ദാസൻ മാങ്ങാടനെയും അദ്ദേഹത്തിന്റെ വാക്കുകളേയും കൂടിക്കാണുന്നത്. മലമ്പുള്ളുകളും അരിപ്പിറാവുകളും രാക്കുയിലുകളും പനന്തത്തകളും അന്തിക്കാറ്റും തെയ്യത്തിന്റെ വിളികൾക്ക് മറുകൂറ്റ്കാട്ടുന്നു. നീലക്കടമ്പുകൾ പൂത്ത നീലിയാർവനികയിലെ നീലിയക്ഷിയുടെ മൊഴികളിലും മിഴികളിലും മയങ്ങാത്തവരായി ആരുണ്ട്. പോരാത്തത് പോരുന്നാക്കും അടുക്കാത്തത് അടുപ്പിക്കും തോന്നാത്തു തോന്നിക്കും പൂക്കാത്തത് പൂക്കും, ഉക്കലിലെടുത്ത് മാറോടണച്ച് ചുംബിക്കാനൊരു മഹാനിധിയെ ഞാൻ തരും. എടക്ക്ന്ന പറിച്ചുകളയാതെ ദീർഘായുസ്സോടെ വീട്ടിന്നലങ്കാരമായി ശോഭിക്കും. തോണി തങ്കലേ പോകില്ല. തോണിക്കൊരു തുഴ വേണം, ആ തുഴയാണ് ഞാൻ പേടിക്കേണ്ട. ഇതെന്റെ പച്ചക്കാട് നാല് വള്ളിത്തണ്ടും നാല് സർപ്പത്താന്മാരും മുട്ടോളം ചപ്പും ഇതെന്റെ വൃന്ദാവനം ചെമ്പടിച്ച മാടമോ ശ്രീകോവിലോ എനക്ക് വേണ്ട. അടിച്ചകാറ്റും പെയ്തപെരുമഴയും എന്റെ വാക്കിനാധാരം എന്റെ പച്ചക്കാടിഷ്ടമായോ...

ദാസൻ മാങ്ങാടൻ

ഉപമകളിൽ കാളിദാസൻ, തെയ്യത്തിൽ ദാസൻ മാങ്ങാടൻ

അതിടകടവീരന്മാർക്ക് പ്രതികടവീരന്മാരായിരിക്കുന്ന തണ്ടയും കയ്യും കനമൊത്ത ചങ്ങാതിയായ കതിവനൂർ വീരനാണ് തെയ്യം വചനകലയിലെ അതികായൻ. വാനുലകം പുലരുന്നതുമുതൽ അത്തുദിക്കുന്നതുവരെ കളിയും ചിരിയും ചങ്ങായിത്തവുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു തെയ്യം.""ദൈവം കതിവനൂർവീരനെന്നിരിക്കുന്ന മദിച്ചിരിക്കുന്ന മദയാന പിടിച്ചിരിക്കുന്ന ബന്ധം. ഇല്ലത്തേക്കില്ലത്തമ്മാമൻ അഭിമാന്യമുള്ളവൻ പള്ളിയറയ്ക്കുള്ളിൽ തിരവളച്ചിരിക്കുന്ന സർപ്പം പുറ്റിൻ പുറത്ത് പത്തിവിർത്തിയാടുന്നത് കണ്ടുവല്ലോ... എല്ലാ കന്മഷങ്ങളും ഞാൻ കാണുന്നുണ്ട്. എല്ലാ ദുഃഖമെന്നിരിക്കുന്ന ചൂടും തണലായി ഞാനിറക്കുന്നുണ്ട്. വെളുക്കെ ചിരിക്കുന്നതൊന്നും ബന്ധുവല്ല. എന്റെ ദൈവം കൂടെത്തന്നെയുണ്ടെന്ന് ഭാവിച്ചോ. തണ്ടയും കയ്യും കനമൊത്ത ചങ്ങാതി പിടിച്ച കരബന്ധം പതറാതെ തക്കവണ്ണം സത്യമായിരിക്കുന്ന ഫലത്തെയ്യും ഞാൻ നിങ്ങൾക്ക് തരും. എന്നെ എത്ര കണ്ടാലും മതിപോരില്ല അത്രയും ആത്മബന്ധമുണ്ടല്ലോ. തണ്ടയും കയ്യും കനമൊത്ത എന്റെ ചങ്ങാതികളെക്കൊണ്ടും എന്റെ വേളാർകോട്ട് ചെമ്മരത്തിയായവളെക്കൊണ്ടും രക്ഷചെയ്യുന്നുണ്ട്. ഭയം വേണ്ട. തളർന്നു പോകണ്ട. മനസ്സ് തളർന്നാൽ ശരീരം തളരും തളരാത്ത മനസ്സും തകരാത്ത ബുദ്ധിയും നിനക്കുണ്ട്. അതുകൊണ്ട് എല്ലാ ക്ലേശങ്ങളും ദുഃഖങ്ങളും തീർത്തുകൊണ്ട് പരമമായിരിക്കുന്ന മനസ്സിന്റെ ആ കയ്പ്പ്, ആ വിഷം ഞാനിറക്ക്ന്ന്ണ്ട് പോരേ... എന്റെ ദൈവത്തെ കൂടിക്കാണുന്ന കാലത്ത് ആത്മ ക്ഷേത്രത്തിനകത്ത് കലക്കുവരുത്താതെ രക്ഷിച്ചോള്ന്ന്ണ്ട് എന്നിരിക്കുന്ന വിശ്വാസമുണ്ട് അല്ലേ... വിശ്വാസത്തിലധിഷ്ഠിതമാണല്ലോ ജീവിതം ഒറ്റപ്പെടുത്തും ഒറ്റപ്പെട്ടുപോകും എന്ന് നിങ്ങൾക്ക് തോന്നിയിരിക്കുന്ന അവസ്ഥയിൽ മാങ്ങാട്ട് മന്നനെന്നിരിക്കുന്ന ഞാൻ കരം പിടിച്ചിട്ടുണ്ട്. നിങ്ങളെ ജിഹ്വ കൊണ്ട് പറഞ്ഞില്ലെങ്കിലും അകമനസ്സിലെ നോവ് ഞാനറിയുന്നുണ്ട്.''

കതിവനൂർ വീരൻ തെയ്യം

ദുഃഖത്തിന്റെ അങ്ങേത്തല താണ്ടിയ ദുരന്തനായകനായ കതിവനൂർ വീരന്റെ തൊണ്ടയിടറിയുള്ള പറച്ചിലാണിത്. ഉള്ളുനനയാതെ കണ്ണീരിലും ചോരയിലും മുങ്ങിയ കതിവനൂർവീരന്റെ മൊഴികൾ കേൾക്കാനാകില്ല. അതിയടം കണ്ണപെരുവണ്ണാനെയും കൊടക്കാട് കണ്ണപെരുവണ്ണാനേയും കുണ്ടോറ കുഞ്ഞാരപ്പരുവണ്ണാനേയും പോലെ എത്രയോ കനലാടിമാർ നിലച്ചുപോയ മാങ്ങാട്ട് മന്നപ്പന്റെ ശബ്ദമായി കളിയട്ടക്കാവുകളെ കോരിത്തരിപ്പിച്ചു. അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ വീട്ടിലെ ഉച്ചച്ചൂടിൽ കളിയാട്ടപ്പറമ്പിലെ ആരവങ്ങളിൽ മതിമറന്ന് തന്നോടുതന്നെ വാക്കോടാകുന്നുണ്ട്. കുഞ്ഞിരാമൻ പെരുവണ്ണാന്റെ വാഗൗഷധികൾ പനിച്ചുപൊള്ളുന്ന നെറ്റയിൽ നനച്ചിട്ട തൂവാലതുല്യം തണുപ്പു പകർന്ന കളിയാട്ടക്കാലങ്ങൾ. പുതിയ കാലത്ത് വാക്കിന്റെയും നോക്കിന്റെയും സമസ്തസൗകുമാര്യവും ഒത്തിണങ്ങിയ വെങ്ങര അനീഷ് പെരുവണ്ണാനെ കേൾക്കാനായി മാത്രം കതിവനൂർവീരനെ കാണാൻ പോകാൻ തുടങ്ങി. അനീഷിന്റെ വാക് വളർമ്മയിലെ കാരുണ്യവും കരുതലും താങ്ങാനാകാതെ എത്രയോപേരുടെ കണ്ണുനിറയുന്നത് എത്രയോ തവണ നേരിട്ടുകണ്ടു. തെയ്യക്കാരന്റെ വാക്കുകളുടെ മാസ്മരികത വിവരിക്കാനാകാത്ത വിധം വല്ലാതെ പലതവണ അതിശയിപ്പിച്ചിട്ടുണ്ട്.

കുഞ്ഞിരാമൻ പെരുവണ്ണാൻ

കേൾക്കാനും കാണാനും പോകുന്ന തെയ്യമാണ് കതിവനൂർ വീരൻ.
ഇന്നും കോരൻ നേണിക്കം വാക്കോടാകുമ്പോൾ ആഖ്യാനത്തിന്റെ അതേ പോയകാല പ്രൗഢിയും പാരമ്പര്യവും തിരിച്ചു കിട്ടുന്നുണ്ട്. പെരിയപെഴച്ച ദൈവത്തിന്റെ പുതുച്ചൊരങ്ങളും മലമ്പാതകളും താണ്ടിയുള്ള സംഘർഷഭരിതമായ ജീവിതം ആഖ്യാനത്തിന്റെ എല്ലാ പരിമിതികൾക്കുമപ്പുറം നിന്നുകൊണ്ടാണദ്ദേഹം അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ സായം കാലത്തെത്തിയ കനലടിയാണ് കോരൻനേണിക്കം. ചെറുപ്പക്കാർക്ക് മാത്രം കെട്ടി വിജയിപ്പിക്കനാകുന്ന കതിവനൂർവീരൻ അനുഷ്ഠാനത്തിൽ ഇന്നും സജീവം. കോരൻ നേണിക്കത്തിന്റെ അനന്യമായ വാഗ്‌വിലാസങ്ങളിൽ വെളിപ്പെടുന്ന മാങ്ങാട്ട് മന്നപ്പന്റെയും വേളാർകോട്ട് ചെമ്മരത്തിയുടേയും ദുരന്തജീവിതം കളിയാട്ടം കാണാനെത്തിയ ജനങ്ങൾക്ക് അവിസ്മരണീയമായ കാഴ്ചാനുഭവമായി മാറുന്നു. തെയ്യം കാണുന്നവർ പുതിയകാലത്തിന്റെ തുച്ചാംകൊടിക്ക് നിന്നുകൊണ്ട് അവരുടെതന്നെ ഇന്നലകളിലെ പഴങ്കാലത്തെ നോക്കിക്കാണുന്നു.

വിനു പെരുവണ്ണാൻ

ഇന്ന് പുതിയവാല്യക്കാരുടെ കാലവും കോലവും. വാക്കിന്റെ മധുരവും നൊമ്പരവും വായ്പ്പൊതികെട്ടി നാളേക്കായി കരുതിവെച്ച ഒരു തെയ്യക്കാരനുണ്ട് കണ്ടോന്താർ വിനുപെരുവണ്ണാൻ. മാങ്ങാട്ട് മന്നപ്പന്റെ പൂക്കട്ടിയെന്ന തപിക്കുന്ന തിരുമുടിയേന്തി ഉച്ചവെയിലിൽ പൊള്ളിനീറുന്ന ദൈവം. മനുഷ്യജീവിതത്തിന്റെ എല്ലാ സമസ്യകളും ഒരു ദിവസം മുഴുവനായി പെരുവണ്ണാൻ നിന്നു പറയുന്നു. പോയവർഷങ്ങളിലെ മീനവെയിലിൽ പൊള്ളിയ ഒരു കളിയാട്ടം. രാവിലെ തന്നെ തെയ്യം കാണാനെത്തിയിരുന്നു. വാക്കോടായി കുറേകഴിഞ്ഞ് മൊഴികൾ കേൾക്കാനായി മന്നപ്പന് മുന്നിൽ നിന്നു. പൊള്ളുന്ന കൈകൊണ്ട് കരം ഗ്രഹിച്ചു ദൈവം തന്നിലേക്കടുപ്പിച്ചു. വിനുപെരുവണ്ണാനല്ല പുതുച്ചൊരമിറങ്ങിയ എട്ടില്ലത്തിന്റെ അഭിമാന്യം സംസാരിച്ചുതുടങ്ങി: ""സന്തോഷമായി, ധനം തന്നത് കൊണ്ടല്ല. എന്നോടുള്ള ഭക്തിയും പ്രണയവും കൊണ്ട്. മാങ്ങാട്ട് മന്നനെന്നിരിക്കുന്ന അഭേദ്യമായ ഈ ബന്ധം, ചോരയിൽ പൊടിച്ചിരിക്കുന്ന ആത്മബന്ധമായി അകമനസ്സിൽ എന്നും സൂക്ഷിക്കുന്നുണ്ട് അല്ലേ.... ധനവും ധാന്യങ്ങളും മനുഷ്യനും ശരീരവുമൊക്കെ നശിക്കും ഒരുകാലത്ത്. എങ്കിലും നാശമില്ലാത്ത ഒന്ന് ആത്മാവിനകത്ത് ആത്മാവിന് തുല്ല്യം വസിക്കംചെയ്യുന്ന എന്റെ പ്രഭ. എന്റെ അഭിമാന്യവും ഈശ്വരീയഗുണങ്ങളും നശിക്കില്ല. എന്റെ കടാക്ഷം എന്നുമുണ്ട്. ആ പ്രഭ ഒരിക്കലും കുറയില്ല. സഭയിലും പന്തലിലും കയ്യെടുക്കുന്ന കാലങ്ങളിൽ ഇതോ കഥ എന്ന് അന്യനെക്കൊണ്ട് ഭാഷിക്കാനെടവരുത്തൂല പോരേ... എന്റെ പാദസ്പർശത്താൽ പവിത്രമായിരിക്കുന്ന ഈ നാൽപത്തീരടി ഭൂമിയിങ്കൽ തന്റെ പാദം കൊണ്ടും സ്പർശിച്ചു. കൂടിക്കണ്ടു. അനവധിയനവധി കണ്ടു. കണ്ടത്ര എണ്ണൂല്ല. എത്ര കണ്ടാലും മതിവരില്ല എന്ന ആത്മനൊമ്പരം തന്നെയല്ലേ... ചേർത്ത് വെച്ചിറ്റിണ്ട് ഈ ബന്ധം. എറകോട് ചേർന്നിരിക്കുന്ന എറച്ചിയുടെ അംശം പോലെ. പറിച്ചറുത്ത് ഭേദിക്കാൻ പറ്റാത്ത ബന്ധം തന്നെയല്ലേ... ഹൃദയകമലത്തിനകത്ത് തറച്ചിരിക്കുന്ന പൊൻശരമായിട്ട് ഈ പൊൻശരം തറച്ചിറ്റ്ണ്ട്... പറിച്ച് കളയാനൊരിക്കലും സാദ്ധ്യമാവൂല. എന്റെ വേളാർകോട്ട് ചെമ്മരത്തിയെന്നിരിക്കുന്ന ഭദ്രദീപം സാക്ഷിയായി പിടിച്ചിരിക്കുന്ന കരബന്ധം. എതൊരു കാര്യത്തിനും വിജയമായിരിക്കുന്ന, സാഫല്ല്യമായിരിക്കുന്ന ഗുണങ്ങളൊക്കെയും ഞാൻ വഴക്കം ചെയ്യുന്നുണ്ട്. എടത്തും വലത്തും മുമ്പിലും പിമ്പിലും കയ്യോട് കൈസഹായമായി ഞാന്ണ്ട് പോരേ..''

തെയ്യക്കാരൻ പാരമ്പര്യമായ അറിവ് നിഷേധിക്കപ്പെട്ടവനായതിനാൽ അലങ്കാരശാസ്ത്ര വിവക്ഷകളെക്കുറിച്ചൊന്നും അവനറിയില്ല. ജീവിതം തിമിർത്താടുന്ന വൈവനാടോൻ പുഞ്ചക്കണ്ടത്തിൽ വെച്ചുതന്നെയാണ് അലങ്ങാരൻ യാതൊരലങ്കാരവുമില്ലാത്ത പുലയജീവിതത്തിന് അലങ്കാരശാസ്ത്രമുണ്ടാക്കിയത്

മനുഷ്യൻ ഇങ്ങനെയാണ് വാക്കുകൾ കൊണ്ട് ദൈവത്തെ തോല്പിക്കുന്നത്. കാരുണ്യംകൊണ്ട് കാലുഷ്യത്തിന്റെ മുനയൊടിക്കുന്നത്. തെയ്യക്കാരൻ അറിവുകൾ ആർജിക്കുന്നത് സ്വന്തം കഠിനജീവിതത്തിൽ നിന്നുമാണ്. കളിയാട്ടമുറ്റവും കോലത്തുനാട്ടിലെയും തുളുനാട്ടിലെയും തികച്ചും വ്യത്യസ്തങ്ങളായ അണിയറകളുമാണ് ഒരു വണ്ണാന്റെയോ മലയന്റെയോ പുലയന്റെയോ പാഠശാലകൾ. ആയിരം അണിയറ തൂക്കിയാലെ,
ആയിരം അണിയറയിൽ അലഞ്ഞാലേ അരത്തെയ്യക്കാരനാകൂ.

തെയ്യത്തിന്റെ തന്നെ മൊഴിപ്രകാരം ""എട്ടില്ലമെന്ന സ്വർണ്ണത്താലത്തിൽ തിളങ്ങുന്ന നിധി. ഒന്നാകിൽ വിശ്വരൂപമെന്ന ഏകസ്വരൂപം. രണ്ടാകിൽ ശിവശക്തി എന്നിരിക്കുന്ന ഇരുപത്തിയൊന്ന് ഗുരുകാരണവന്മാരെ വെള്ളിത്തലപ്പാളിയിൽ വഴക്കംചെയ്ത് ലലാടമദ്ധ്യത്തിലുറപ്പിച്ച് മുപ്പത്തൈവര് ദേവതമാരുടെയും തേരും തിരുമുടിയും ശിരസ്സിൽ വഹിച്ച് വായിലെ ജിഹ്വകൊണ്ട് നാലക്ഷരം പൊഴിച്ച് സമർപ്പിതമായിരിക്കുന്ന കഠിനകർമ്മങ്ങളെ വിധിയാംവണ്ണം അനുഷ്ഠിച്ച് കനലാടിമാരുടേതായിരിക്കുന്ന അഭിമാന്യം കാക്കുന്നതിന് കഴിവും പ്രാപ്തിയും സിദ്ധിച്ച വിദ്വാൻ.'' തെയ്യക്കാരൻ വിശേഷണ വിശേഷ്യങ്ങൾക്കതീതനാണ്. വിവരിക്കാനാകാത്തതാണ് ഒരുതെയ്യത്തിന്റെ ഉള്ളുവെന്തുകലങ്ങിയ കഠിനകർമ്മങ്ങൾ. ഒരു തെയ്യക്കാരനു മാത്രം മനസ്സിലാക്കാൻ കഴിയുന്നത്. നമ്മൾ ഒരു വിലയും കല്പിച്ചിച്ചിട്ടില്ലാത്ത, ദൈവത്തിന്റെ ആലക്തിക പ്രഭയിലേക്കുയർന്ന ഒരു തിരസ്‌കൃത ശരീരത്തിന്റെ അറിവനുഭവങ്ങളാണ് മഞ്ഞൾക്കുറി പുരണ്ട ദൈവവവചനങ്ങളായി കളിയട്ടക്കാവിലെ നിലവിളി പോലെ ഉയർന്ന് കേൾക്കുന്നത്. എത്രയോ കനലാടിമാർ പറഞ്ഞുപറഞ്ഞ് വാക്കിന്റെ പൊരുളുകളിലപ്രത്യക്ഷമായി. അതിൽ രണ്ടോ മൂന്നോ പേരെക്കുറിച്ച് മാത്രമാണിവിടെ എഴുതിയത്. ഇനിയുമേറെപ്പേരുണ്ട്. തെയ്യക്കാരൻ വാക്കിന്റെ വജ്രപ്രഭയാണ്. നമ്മുടെ അജ്ഞതയുടെ വെങ്കല്ലുരസി അതിന്റെ മാറ്റ് കുറക്കാൻ നോക്കണ്ട.

പുലയജീവിതത്തിന് അലങ്കാരശാസ്ത്രം

ഉപമകളിലൂടെ സംസാരിക്കുന്ന ദൈവമാണ് തെയ്യം. ദൈവമായി വാഴ്​ത്തപ്പെട്ട വലിയ മനുഷ്യരൊക്കെ ഉപമകളാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടവരായിരുന്നു. പക്ഷേ തെയ്യക്കാരൻ പാരമ്പര്യമായ അറിവ് നിഷേധിക്കപ്പെട്ടവനായതിനാൽ അലങ്കാരശാസ്ത്ര വിവക്ഷകളെക്കുറിച്ചൊന്നും അവനറിയില്ല. ജീവിതം തിമിർത്താടുന്ന വൈനാടോൻ പുഞ്ചക്കണ്ടത്തിൽ വെച്ചുതന്നെയാണ് അലങ്കാരൻ യാതൊരലങ്കാരവുമില്ലാത്ത പുലയജീവിതത്തിന് അലങ്കാരശാസ്ത്രമുണ്ടാക്കിയത്. സ്വന്തം മണ്ണിൽ നിന്ന്​ തിരിയെന്നു പറഞ്ഞാല് തിരിയുമോ ഞാങ്ങ എന്ന് എല്ലാകാലത്തേക്കും വേണ്ടുന്ന ചോദ്യം കണ്ടത്തിലെ ചളിയിൽ നിന്നാണ് പൊട്ടൻ ചോദിക്കുന്നത്. പൊന്നനെടത്ത് പൊലിയൻ വലത്ത് മണിയനെടത്ത് മണിക്കുണ്ടൻ വലത്ത് നിലമുഴുന്ന പുലയന്റെ കാളകളാണ്. ഗണപതിയെന്ന ഞേങ്ങോല് കെട്ടി സരസ്വതിയെന്ന നുകവും വെച്ച് പുഞ്ചപ്പാടം ഉഴുത് മറിക്കുന്ന പള്ളിയത്ത് പുലയൻ ഉപയോഗിച്ച ഉപമകളോളം ജീവിതം തുടിക്കുന്ന അലങ്കാരങ്ങളൊന്നും ആരും പ്രയോഗിച്ചിട്ടില്ല. ഉപമകളുടെ വാക്കടുപ്പിലാണ് പൊട്ടൻ പുകയുന്നത്. പൊട്ടന്റെ പുലയപ്പേച്ചിലെ ബിംബകല്പനകൾ പുലയൻ അവന്റെ അടിമജീവിത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. അലങ്കാരങ്ങൾ കൊണ്ടുള്ള പോരാട്ടമാണ് കൂട്ടമെടയുകയും കുരിയ മെടയുകയും ചെയ്യുന്ന അലങ്കാരന്റെ പിൻമുറക്കാരായ പുലയർ ആവിഷ്‌കരിച്ച പൊട്ടൻതെയ്യത്തിന്റെ ജീവിതം. പക്ഷേ വൈനാടോൻ പുഞ്ചക്ക് വളമായ പൊട്ടന്റെ ജീവിതം ഉപമയല്ല രൂപകമാണ്.

സാഗരം സാഗരോപമമെന്ന പോലെ ഉപമകളുടെ തമ്പുരാൻ മുത്തപ്പനാണ്. താഴ്​ന്നോര്​ ഒടയില്ല, എകർന്നോരു മുടിയില്ല. കൂകിത്തെളിഞ്ഞ പാർകോഴിയോ പൂക്കലശമോ ഇല്ല. പതിയില്ല പള്ളിയറയില്ല. പുഞ്ചക്കണ്ടത്ത്ന്നോ മുപ്പെരുങ്കാട്ട്ന്നോ മുക്കോലപ്പെരുവയിക്ക്ന്നോ കോണിക്ക് തായന്നും മീത്തന്നും ഏട്ന്ന് വേണമെങ്കിലും മുത്തപ്പനെ കൂടിക്കാണാം- അത്രമേൽ ലളിതമായ മറ്റൊരു ദൈവവരൂപമില്ല. പൂർവ്വജീവിതത്തിൽ വീട് വിട്ട് കാടിറങ്ങുന്ന ചെക്കനോട് അമ്മ പറഞ്ഞു; നിന്റെ കയ്യിൽ തോക്കുമ്മ കത്തി കണ്ടാ നീയൊരു വെടിക്കുരിക്കളാകും. തോക്കുമ്മ കത്തി വേണ്ട നിനിക്ക്. വാളും പരിചയും കയ്യിൽക്കൊണ്ടാൽ നീയൊരു പടനായരെന്ന് പറയും. വാളും പരിചയും വേണ്ട നിനിക്ക്. കാടിറങ്ങിയ മുത്തപ്പൻ ആയുധവും വസ്ത്രവും വാക്കും തെരഞ്ഞെടുത്തു. നീലക്കരിമ്പട്ട് ചേല. കരിമ്പനയലകിന്റെ വില്ല്. കാരിരുമ്പിന്റെ രണ്ടമ്പ്. ഒരു കയ്യിൽ കൊമ്പൻചിരിക മറുകയ്യിൽ നായ്ക്കയർ കാടിന്റെ ചൂരിലേക്ക് മുരണ്ട് പായുന്ന കാളിനായ്ക്കൾ, കുരച്ചുപായുന്ന കാട്ടുനായ്ക്കൾ. പിറകേ ഉലഞ്ഞ മലങ്കാട് പോലൊരുത്തൻ. മലയുടെ പുത്രൻ മലവാസികളുടെ വാക്കും വപുസ്സും. കാട്ടുനായിയും ചുട്ടിറച്ചിയും റാക്കും ഓടച്ചൂട്ടും ലാളിത്യത്തിൽ ഇങ്ങനെയൊരു ദൈവത്തെ കാണാനാകില്ല. മിണ്ടൻ പാഞ്ഞ കള്ള്, മാലകെട്ടിയ അരി, കണ്ണുകീറാത്ത മീൻ, ആളടിയാൻ വിതച്ചുകൊയ്ത പഞ്ച ഇത്രയും മതി മുത്തപ്പന്. ഇങ്ങനെയും ദൈവങ്ങൾ ഇവിടെയുണ്ട്.

സാഹിത്യത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ. വൈക്കം മുഹമ്മദ് ബഷീറും നമ്പല മുത്തപ്പനും തമ്മിലുള്ള താരതമ്യത്തിൽ ആരും നെറ്റി ചുളിക്കണ്ട. എഴുത്തിൽ ബഷീർ ചെയ്യുന്നതു തന്നെയാണ് തെയ്യത്തിൽ മുത്തപ്പനും ചെയ്യുന്നത്.

ഓട്ടമറിയാത്ത എളമാന് ഓട്ടമായും കടവറിയാത്ത മുതുമാന് കടവായും കൈസഹായമായി ഞാൻ നില കൊള്ള്ന്ന്ണ്ട് എന്ന മുത്തപ്പന്റെ മുക്തകത്തിന് പലതാണ് പൊരുളുകൾ. ഒരാപത്ഘട്ടത്തിൽ പെട്ടുപോകുമ്പോൾ ചെറുപ്പക്കാർക്കും വയസ്സായവർക്കും വേണ്ടുന്ന കൈസഹായമായി ഞാനുണ്ടാകും എന്നാണ് ഇതിലെ നേരിട്ടുള്ള അർത്ഥം. ആഖ്യാനത്തിൽ മുത്തപ്പനോളം ലാളിത്യം മറ്റാർക്കുമില്ല. വീട്ടിൽക്കണ്ടാൽ ധർമദൈവം, കാട്ടിൽക്കണ്ടാൽ കാട്ടാളൻ, പെരുവളവഴിയിൽ കണ്ടാൽ ചങ്ങാതി- മുത്തപ്പൻ സ്വയം വിശേഷിപ്പിക്കുന്നതങ്ങനെയാണ്. എകർന്ന മുടിയും താഴ്​ന്ന ഒടയും ഉള്ള വീരന്മാരും വീരാംഗനമാരും വാഴുന്നേടത്താണ് നാലു തുമ്പക്കഴുത്ത് വരിഞ്ഞ് കൊടുമുടി കമിച്ച് മലങ്കാടിനെയും മലദൈവത്തെയും മുത്തപ്പൻ നമ്മുടെ വീട്ടുമുറ്റത്ത് സൃഷ്ടിക്കുന്നത്. മുത്തപ്പൻ സാഹിത്യം അത്രമേൽ ലളിതവും സുതാര്യവും ജീവിതത്തിൽ നിന്ന്​ ചീന്തിയെടുത്തതുമായ ഏടാണ്. മിതഭാഷിയും ലളിതവേഷധാരിയുമായ മുത്തപ്പൻ അത്രയും നേർമയായി യാതൊരു വളച്ചുകെട്ടുമില്ലാതെ നേർക്കുനേർ ജീവിതം പറയുന്നു.

മുത്തപ്പൻ

സാഹിത്യത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ. വൈക്കം മുഹമ്മദ് ബഷീറും നമ്പലമുത്തപ്പനും തമ്മിലുള്ള താരതമ്യത്തിൽ ആരും നെറ്റി ചുളിക്കണ്ട. എഴുത്തിൽ ബഷീർ ചെയ്യുന്നതുതന്നെയാണ് തെയ്യത്തിൽ മുത്തപ്പനും ചെയ്യുന്നത്. അതിനെ പല പ്രകാരത്തിലും വ്യാഖ്യാനിക്കാം. ഗഹനമായ ജീവിത തത്വങ്ങൾ ഏറ്റവും ചുരുക്കം വാക്കുകളിലൂടെ ഏറ്റവും ലളിതമായി ഏറ്റവും സാധാരണക്കാർക്ക് വേണ്ടി പറഞ്ഞവരാണ് എഴുത്തിൽ ബഷീറും തെയ്യത്തിൽ മുത്തപ്പനും. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും ബഷീർ സ്നേഹിച്ചു. തുമ്പക്കഴുത്തു ചൂടി, കൊടമുടിയെ മലനിരകളാക്കി, കാട്ടുനായകൾക്ക് കയറണച്ച് ചുട്ടിറച്ചിയും നടൻ റാക്കുമായി ഓടച്ചൂട്ട് കത്തിച്ച് മുത്തപ്പൻ കുന്നത്തൂർ പാടിയിലെ ആളടിയാന്മാർക്ക് പുതുവെളിച്ചം പകർന്നു. കല്ലിൽ നിന്ന്​ മനുഷ്യനെ മോചിപ്പിച്ച് തന്റെ വിമോചനപ്പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. അതുവരെയില്ലാത്ത പുതിയ ദൈവദർശനം പിറവിയെടുത്തു. നാരായണഗുരുദേവൻ കല്ലിൽ ശിവനെ പ്രതിഷ്ഠിച്ചപ്പോൾ മുത്തപ്പൻ കല്ലിലെ അജ്ഞതയിൽ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കി. പനങ്കള്ളു കട്ടുകുടിച്ച മുത്തപ്പനുനേരെ അമ്പുതൊടുത്ത കല്ലായ്ക്കൊടി ആളടിയാത്തിയുടെ പുരുവൻ മൂത്തോരാൻ ചന്തനെ മുത്തപ്പൻ പൊള്ളക്കണ്ണു മീച്ചു പാറയാക്കി. പുരുഷനെ അന്വേഷിച്ചിറങ്ങിയ കല്ലായിക്കൊടി ആളടിയാത്തി കണ്ടത് പാറക്കല്ലായി മാറിയ ചന്തനെയാണ്. പനമുകളിൽ പനങ്കള്ളുല്ലസിക്കുന്ന മുത്തപ്പൻ. ശിലയായി മാറിയ ചന്തനെ ഉയിർപ്പിച്ചാണ് കൂന്നത്തൂർ മലമുടിയിലെ അടിമജീവിതങ്ങൾക്ക് ഓടച്ചൂട്ടിന്റെ പുതുവെളിച്ചം മുത്തപ്പൻ പകർന്ന് നല്കിയത്. രേഖപ്പെടുത്താതെ പോയ വടക്കൻ കേരളത്തിന്റെ നവോത്ഥാന ചരിത്രം കൂടിയാണത്.

ലളിതമാണ് ബഷീർ. ലളിതമാണ് മുത്തപ്പൻ. കണ്ടാൽ കണ്ണിന് ഇമ്പം കുറയും കേട്ടാൽ കാതിനു പൊരുത്തം കുറയും. കണ്ടാലാരും കൊള്ളൂല കൊണ്ടവരൊന്നും മടങ്ങൂല. കളിക്ക് കാക്കപ്പൊന്ന് കാര്യത്തിന് കാഞ്ചനം. വാക്കുപോലെ ലളിതമാണ് മുത്തപ്പന്റെ മുതിർച്ച. ചെമ്മാനം പൂത്ത വെറ്റില, ഓട്ടിൽപ്പഴകിയ അടക്ക, വറുത്തുകരിഞ്ഞ പഞ്ച, തലയിൽപ്പൂത്ത കോൽപ്പാട്. പുളിച്ച തട്ടിലെ കാഞ്ഞ റാക്ക്, കയറണക്കാത്ത കാട്ടുനായ്ക്കൾ പാടിമല കീഞ്ഞ്, പുരളിമല കീഞ്ഞ്, പറച്ചീനിമല കീഞ്ഞ് വരുന്ന മനോദയക്കാരന്റെ ഇഷ്ടവിഭവങ്ങൾ. ദൈവത്തിനായി മറ്റെവിടെയും കാണാത്ത നിവേദ്യങ്ങൾ. എറകും എറച്ചിയും തീയും ചൂടും ചേരുന്ന പ്രകാരമാണ് മുത്തപ്പനും ബഷീറും മനുഷ്യജീവിതവുമായി ചേരുന്നത്. ‘ദത്തതൊന്ന് പെറ്റതൊന്ന് മുൻകയ്യേ പിടിച്ചതൊന്ന്’ എന്നിരിക്കുന്ന വകഭേദം മുത്തപ്പനില്ല. ഏറിയോരു പാട്ടും കളത്തിലരിയുമില്ല. മൂവടിച്ചോട്ടിൽ മൂന്ന് ഗുണദോഷം. സാധാരണക്കാരന്റെ ദൈവവും സാധാരണക്കാരന്റെ എഴുത്തുകാരനും മനുഷ്യജീവിതവുമായി താദാത്മ്യപ്പെടുന്നത് ഭാഷയിലാണ്. വാക്കിലാണ്. വാക്കാണ് നേര്.

പഴയകാലങ്ങളിലെ നാട്ടുെമൊഴികളും കാർഷികബിംബങ്ങളും തെയ്യം ഭാഷയിൽ നിന്നും അന്യം നിന്നുപോവുകയാണ്. പലപ്രകാരത്തിലും പരിഷ്‌ക്കരിച്ച് സംസ്‌കൃതീകരിച്ച ഭാഷയാണ് മിക്ക തെയ്യങ്ങളും ഇന്നുപയോഗിക്കുന്നത്.

തെയ്യവും എഴുത്തുകാരനും ദൈവത്തിന്റെ ഇടത്താവളങ്ങളാണ്. ഇത്തിരിനേരം അവിടെ ദൈവം വിശ്രമിക്കുന്നു. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണിവല്ല്യൊന്ന് എന്ന ബഷീറിയൻ സത്യത്തെ തെയ്യം കുറച്ചുകൂടി കാവ്യാത്മകവും ചിന്തനീയവുമയിട്ടാണ് അവതരിപ്പിക്കുന്നത്. പഞ്ചവർണക്കിളിയുടെ അനുഭവമെന്നിരിക്കുന്ന അവസ്ഥ പോലെ ഇരിക്കുമ്പോൾ ഏകവർണം പറക്കുമ്പോൾ പഞ്ചവർണം. എഴുത്തുകാരൻ രണ്ടൊന്നിനെ കൂട്ടിച്ചേർത്ത് വലിയ ഒന്നാക്കുമ്പോൾ തെയ്യം അഞ്ച് വർണ്ണത്തെ ചേർത്ത് ഏകവർണമാക്കി മനുഷ്യന്റെ പലവിധങ്ങളായ അവസ്ഥാഭേദങ്ങളെ വിവക്ഷിക്കുന്നു.

കൈതമുള്ളും മുണ്ടമുള്ളും നിറഞ്ഞ നാട്ടിടവഴികളും പുഞ്ചക്കണ്ടവും കാലിയും നാട്ടിപ്പണിയും നിറഞ്ഞ ഗ്രാമജീവിതവുമാണ് തെയ്യത്തിന്റെ സർഗ്ഗഭൂമിക. സ്വന്തം വീട്ടുമുറ്റത്തെ ജീവിതക്കാഴ്ചകളാണ് തെയ്യം വാക്കുകളിലൂടെ സത്യത്തിന്റെ ​പ്രകാശമായി തെളയിക്കുന്നത്. കൈതമുണ്ടക്ക് തടവിയ പ്രകാരമുള്ള മുത്തപ്പൻ മൊഴിയുടെ പൊരുൾ ഇന്നാരാണ് തിരയുന്നത്. കണ്ടവും കാലിയും കൈതമുള്ളുമില്ലാത്ത ലോകത്ത് മുത്തപ്പൻമൊഴികളെങ്ങനെയാണ് നിലനില്ക്കുന്നത്. നട്ടുനനയും കരിച്ചുവാളലും അന്യമായി വിത്തും കുരിയയും അട്ടത്ത് ചിതലെടുത്തുപോയ പുതുതലമുറ തെയ്യം വാചാലിൽ പൊരുത്തപ്പെടുത്തുന്നത് എന്തുതരം ജീവിതമായിരിക്കും. താഴേക്ക് തടവിയാലും മേലേക്ക് തടവിയാലും കൈതമുള്ള് നോവിക്കും. മുത്തപ്പന്റെ വാക്കുകളും അങ്ങനെയാണ്.

പഴയകാലങ്ങളിലെ നാട്ടുെമൊഴികളും കാർഷികബിംബങ്ങളും തെയ്യം ഭാഷയിൽ നിന്നും അന്യം നിന്നുപോവുകയാണ്. പലപ്രകാരത്തിലും പരിഷ്‌ക്കരിച്ച് സംസ്‌കൃതീകരിച്ച ഭാഷയാണ് മിക്ക തെയ്യങ്ങളും ഇന്നുപയോഗിക്കുന്നത്. വലിയതോതിൽ സംസ്‌കൃതവൽക്കരിക്കുമ്പോൾ ഒരു നാട്ടുജീവിത വഴക്കമാണ് തെയ്യം മൊഴികളിൽ നിന്നും ചോർന്നുപോകുന്നത്. അനുഭവത്തിന്റെ, അതിജീവനത്തിന്റെ, ആർജവത്തിന്റെ പീഠത്തിൽ കയറിനിന്നാണ് തെയ്യത്തിന്റെ ഗിരിപ്രഭാഷണങ്ങൾ. പാലിൽ കുളിപ്പിച്ച് പട്ടിൽ പൊതിഞ്ഞ് പെട്ടകത്ത് കാത്തുസൂക്ഷിക്കുന്ന നവരത്നത്തെ മോറ്റിൽ കുളിപ്പിച്ച് ആറ്റിൽ കളയാനെട വരുത്തിയോ...? എന്ന് തെയ്യം തന്നെ ചോദിക്കുന്നുണ്ട്. വ്യാഘ്രമുറങ്ങിയ മടയിൽ നായി നിലനില്ക്കാനെട വരുത്തരുത്. മുത്തളന്ന നാഴികൊണ്ട് ഉപ്പളക്കേണ്ടുന്ന അവസ്ഥ വന്നുപോയോ...? ആർത്തുവിളിച്ച് എടുത്തോരെന്നെ ഓർത്ത് വിളിച്ച് എടുക്കാനാക്കല്ലേ എന്ന് സ്വന്തം സ്വത്വം തകർന്നുപോകുമെന്ന ഭീതി തെയ്യത്തെക്കാണ്ട് പറയിക്കുന്നുണ്ട്.

മുത്തപ്പൻ

കൃഷിയും കന്നുകാലി വളർത്തലും മനുഷ്യരുടെ പാരസ്പര്യവും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും ചേർത്തുള്ള ജൈവികമായ ശ്രേണീബന്ധവുമറ്റ വരണ്ട മുറ്റത്തുവെച്ചാണ് തെയ്യം ഇന്ന് ജങ്ങളെ കൂടിക്കാണുന്നത്. മലനാട് അയ്മ്പത്തീരുകാതം മുമ്പേതുവായി കയ്യെടുത്താൽ ആലവാതുക്കന്നും കരക്കവാതുക്കന്നും തട്ടൊത്ത വിളഭൂമിയിൽ നിന്നും പാലുള്ള മരം മുമ്പേതുവായിട്ടും അടിക്കും മുറ്റം പൊടിക്കളമാക്കിയും കൊട്ടാരമുറ്റത്ത്ന്നും എന്നെ സങ്കൽപിച്ചോ... നാലുമൂന്ന് കുഞ്ഞുകിടാങ്ങളും കന്നുകിടാങ്ങളുമുണ്ട് മുത്തപ്പാ കാട്ട്ത്തലയിട്ട് മേയ്ന്ന്... കറ്റൻ കടിച്ച വടുകൂടാതെ തക്കവണ്ണം കീഞ്ഞിരിക്കുന്ന ആലക്കുതന്നെ കൊണ്ടടുപ്പിച്ചേക്കണം എന്ന പ്രകാരത്തിലല്ലേ എന്നോട് വിശേഷിക്കുന്നത്... എന്ന തെയ്യത്തിന്റെ ഭാഷാമലയാളം ഇന്നെവിടെ എത്തിനിൽക്കുന്നു.

ഒരുപാട് ദൈവങ്ങളില്ലാത്ത കാലത്ത്, ഒരുപാട് പണമില്ലാത്ത കാലത്ത് ഒരുപാട് വാക്കുകളില്ലാത്ത കാലത്ത് ഒരു പാട് സങ്കടങ്ങളുള്ള കാലത്ത് ഒന്നു വിളിച്ചാൽ ഒമ്പത് മറുകൂറ്റുകാട്ടുന്ന തെയ്യത്തോളം ആശ്വാസം മറ്റൊന്നുമുണ്ടായിരുന്നില്ല.

ജീവിതത്തിൽ നിന്ന്​ ചീന്തിയെടുത്ത ഏടിൽ എഴുതിയ ബഷീറിന്റെയും, എന്റെയിറച്ചി മുള്ളിനു കൊടുത്ത് മുള്ളിന്റെയിറച്ചി ഞാനെടുത്തോരനുഭവമേ എന്നുമെനക്കുള്ളു എന്നുപറഞ്ഞ മുത്തപ്പന്റെയും ദർശനങ്ങളിൽ സാമ്യതകളേറെയാണ്. ജീവിതത്തിലെ കഠിനകർമ്മങ്ങളെ മുത്തപ്പൻ വാക്കുകൾകൊണ്ട് വിശേഷിപ്പിക്കുകയാണ്. അങ്ങനെ പറഞ്ഞ മുത്തപ്പൻ കേവലം ഒരുപഴങ്കാലാനുഭവം മാത്രമല്ല. ദൈവമെന്നാൽ മനുഷ്യനിൽക്കവിഞ്ഞ യാതൊന്നുമല്ല എന്ന സത്യത്തിന്റെ അവതാരരൂപമാണ് ഓരോ മുത്തപ്പൻ വെള്ളാട്ടവും.

നിന്ന കുന്ന് കെളക്കണ്ട തളച്ച മരം പൊരിക്കണ്ട വന്നവര മടക്കണ്ട മടക്കിയവര വിളിക്കണ്ട വിശ്വസിച്ചവരെ ചതിക്കണ്ട ചതിച്ചവരെ വിശ്വസിക്കണ്ട തേറിയോറ മാറണ്ട മാറിയോറ തേറണ്ട..
മുത്തപ്പന് വാക്കാണ് ആയുധം. വാക്കാണ് മാർഗ്ഗം. വാക്കാണ് വെളിച്ചം.

തെയ്യം ഒരു പ്രശ്നമല്ല പരിഹാരമാണ്. പരിഹാരമാകുന്നതിനു മുന്നം തെയ്യം ഒരു പ്രശ്നമായിരുന്നു. പല പ്രശ്നങ്ങളുടേയും പരിഹാരരൂപമാണ് തെയ്യം. ചന്ദനമരത്തെ കോളികൊണ്ട് പൊതിഞ്ഞാലും നഖപ്പറ്റ് കൂടാതെ കാത്തു രക്ഷിച്ചെടുക്കാൻ തെയ്യത്തിനേ കഴിയൂ. ഒരുപാട് ദൈവങ്ങളില്ലാത്ത കാലത്ത്, ഒരുപാട് പണമില്ലാത്ത കാലത്ത് ഒരുപാട് വാക്കുകളില്ലാത്ത കാലത്ത് ഒരു പാട് സങ്കടങ്ങളുള്ള കാലത്ത് ഒന്നു വിളിച്ചാൽ ഒമ്പത് മറുകൂറ്റുകാട്ടുന്ന തെയ്യത്തോളം ആശ്വാസം മറ്റൊന്നുമുണ്ടായിരുന്നില്ല. ""ഈ ആറ്റിൽ ഒഴുകിപ്പോകുമെന്ന നിലവന്ന കാലങ്ങളിൽ മുതുതലക്കിരുന്ന് മുന്തണ്ട് പിടിച്ച് നേർസൂത്രമായിരിക്കുന്ന കടവിന് തോണിയടുപ്പിക്കുന്നുണ്ട് ഞാൻ.'' ഒരുപാട് ദൈവങ്ങളിൽ ഇങ്ങനെ പറയാൻ തെയ്യത്തിനു മാത്രമേ കഴിയൂ. കൂർത്തമുള്ളിന്റെ കത്തിമൂർച്ചയ്ക്ക് സ്വന്തം ഇറച്ചി നല്കി മുള്ളിന്റെ ഇറച്ചി പകരമായെടുക്കാൻ തെയ്യമായി പകർന്നാടുന്ന നാട്ടുമനുഷ്യനല്ലാതെ പിന്നേത് ദൈവത്തിനു സാധിക്കും. ▮


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments