കാട്ടാനയും നാട്ടാനയും തമ്മിലുള്ള പ്രധാന വ്യത്യാസം; കാട്ടാനയിൽ കാടുണ്ട്, നാട്ടാനയിൽ കാടില്ല എന്നതാണ്. കാട്ടാനയും നാട്ടാനയും തമ്മിലുള്ള വ്യത്യാസം തന്നെയാണ് പൊതുവേദിയിലെ തെയ്യവും കാവിലെ തെയ്യവും തമ്മിലുള്ളത്:
കാവിലെ തെയ്യത്തിൽ കാടുണ്ട്,
സ്റ്റേജിലെ തെയ്യത്തിൽ കാടില്ല.
കാവിലെ തെയ്യത്തിൽ ജീവിതമുണ്ട്,
സ്റ്റേജിലെ തെയ്യത്തിൽ ജീവിതമില്ല.
തെയ്യം അനുഷ്ഠാന പരിസരത്തുനിന്നു മാറി പൊതുവേദിയിൽ അരങ്ങേറുന്നത് വീണ്ടും സജീവമായി ചർച്ചയാകുമ്പോൾ ചരിത്രപരമായ ചില വസ്തുതകൾ പങ്കുവെക്കുകയാണ്.
ജാഥയിലെ തെയ്യവും തന്ത്രി ഉറപ്പിച്ച വിഗ്രഹത്തിലെ തെയ്യവും രണ്ടും ഒരുപോലെ അപകടകാരിയാണ്.
ഉത്തര കേരള ജീവിതത്തിൽ കടലിൽ മീനെന്ന പോലെ തെയ്യം ലയിച്ചുചേർന്നിരിക്കുന്നു. ജലത്തിൽ നിന്ന് മീനിനെ വേർപെടുത്താൻ പറ്റാത്തതുപോലെ ജനജീവിതത്തിൽ നിന്ന് തെയ്യത്തെയും വേർപെടുത്താനാകില്ല. അതായത്, കാവുജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത് തെയ്യത്തെ വേറൊരിടത്ത് സ്ഥാപിക്കാനാകില്ല എന്നർത്ഥം.
കൊടക് മലനിരകളോട് അതിരിടുന്ന തൊണ്ണൂറ്റിയഞ്ചേക്കർ വനവിസ്തൃതിയുള്ള കമ്മാടത്ത് കാവിലെ തെയ്യത്തെ അവിടെയല്ലാതെ മറ്റൊരിടത്ത് സങ്കല്പിക്കാൻ പോലുമാകില്ല. തെക്കുംകര കർണ്ണമൂർത്തിയുടെ മാസ്റ്റർ പീസായ വൈരജാതൻ്റെ പയ്യന്നൂരിൽ നിന്നുമുള്ള തൊഴുതു വരവിനെ ഏത് പൊതുവേദിയിൽ അവതരിപ്പിക്കും?
തെയ്യമെന്നാൽ ഒരു ദേശമാണ്, ദേശത്തിൻ്റെ പകർച്ചകളാണ് തെയ്യങ്ങൾ.
തവിടിശ്ശേരിക്കാവും തെയ്യോട്ട് കാവും മാപ്പിട്ടച്ചേരിക്കാവും കരക്കക്കാവും ഇടയിലെക്കാട്ട് കാവും ആയിറ്റിക്കാവും അങ്ങനെ എത്രയോ ഹരിതച്ഛായകൾ ചായില്യം തൊട്ട കന്യാക്കന്മാരുടെയും വീരന്മാരുടെയും ദേശപ്പെരുമകളാണ്. ഒരു ദേശത്തെ എങ്ങനെയാണ് മറ്റൊരിടത്ത് സ്ഥാപിക്കാനാവുക?
ഒരു പൊതുവേദിയിൽ മുപ്പതോ നാല്പതോ മിനിറ്റ് കെട്ടിക്കാണിക്കാവുന്ന വിധമല്ല നമ്മുടെ തെയ്യങ്ങളുടെ ഘടന. അതുകൊണ്ടുതന്നെ പൊതുവേദിയിലെ തെയ്യമെന്നത് ഒരിക്കലും തൃക്കരിപ്പൂരിലെ തെയ്യമല്ല.
ഇന്ന് തെയ്യം കേരളത്തിലാകെ പ്രചാരം നേടിയ ഒന്നായി മാറിക്കഴിഞ്ഞു. എത്രയോ തെയ്യം സംഘങ്ങൾ ഇന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്. തൃശൂരിലെ ക്ഷേത്രങ്ങളിലെ പൂരോത്സവങ്ങളിൽ ചെരിച്ചിട്ട തെയ്യങ്ങൾ ചുവടുവെക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. അത്തരം തെയ്യ സംഘങ്ങളെല്ലാം മധ്യകേരളത്തിലാണ് പ്രവർത്തിക്കുന്നത്. ഉത്തര കേരളത്തിലെ കാവുകളിൽ നിന്നുമുള്ള തെയ്യത്തെ അവരിൽ പലരും കണ്ടിട്ടുപോലുമില്ല.
തെയ്യം അനുഷ്ഠാന നിബദ്ധമാണ്, അനുഷ്ഠാനത്തെ അനുസരിക്കുന്നു എന്ന് പറയുമ്പോഴും അത് ബ്രാഹ്മണ കേന്ദ്രീകൃതമായ ഒരനുഷ്ഠാന സംഹിതയെയാണ് ആശ്രയിക്കുന്നത് എന്ന സത്യം പലർക്കും മനസ്സിലായിട്ടില്ല.
പൊതുവേദിയിലെ തെയ്യത്തെക്കുറിച്ച് പല തരം സങ്കല്പങ്ങൾ നിലനില്ക്കുന്നുണ്ട്. സോഷ്യൽ മീഡിയ ശക്തമായതോടെ പൊതുവേദിയിലെ തെയ്യത്തിന് നേർക്ക് ഹിസാത്മകമായാണ് ഭക്തജനങ്ങൾ പ്രതികരിക്കുന്നത്. പൊതുവേദിയിലെ തെയ്യത്തെ പല്ലും നഖവും ഉപയോഗിച്ച് പിച്ചിച്ചീന്തുമ്പോൾ, ഉത്തര കേരളത്തിൻ്റെ ഹൃദയമായ മുത്തപ്പൻ ആകാശത്തിലൂടെയും കടലിലൂടെയും തീവണ്ടിയിലൂടെയും കൊടുമുടിയും അമ്പും വില്ലും മധുകലശവും കാട്ടുനായിയുമായി ലോകമാകെ സഞ്ചരിക്കുന്നുണ്ട്. മുത്തപ്പന് കാവെന്നോ ടൂറിസം മേളകളെന്നോ ഉള്ള ഒരു വകഭേദവുമില്ല. എ വിടെയും കെട്ടാം. ഒരു തെയ്യച്ചങ്ങാതിയെ വിളിച്ചപ്പോ, ജയ്പൂരിൽ മുത്തപ്പനാകാൻ പോയിരിക്കുകയാണ്. മുത്തപ്പനെ പോലെ എവിടെയും കെട്ടാവുന്ന തെയ്യങ്ങളും വയൽത്തിറകളും ഉണ്ടന്ന് ഉത്തര കേരളത്തിലെ തന്നെ ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റേജ് തെയ്യവും കാവിലെ തെയ്യവും തമ്മിലുള്ള പോര് എത്രയും വേഗത്തിൽ അവസാനിപ്പിക്കണം. പൊതുവേദിയിൽ തെയ്യത്തെ അവതരിപ്പിക്കുന്ന സംഘാടകർ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം, ഉത്തരമലബാറിലെ കാവുകളിൽ കഠിനമായ ആചാരാനുഷ്ഠാന നിഷ്ഠകളോടെ കെട്ടുന്ന തെയ്യത്തെ സ്റ്റേജിൻ്റെ ചെറിയ പരിമിതിയിൽ അവതരിപ്പിക്കാൻ ഒരിക്കലും സാധിക്കില്ല എന്നതാണ്. മറ്റേതൊരു കലാവിഷ്കാരം പോലെയും മുപ്പതോ നാല്പതോ മിനിറ്റ് അവതരിപ്പിച്ച് വിജയിപ്പിക്കാനാകുന്ന ഒന്നല്ല തെയ്യം. അതു കൊണ്ട് എന്തെങ്കിലും കാണിച്ച് ഇതാണ് ഉത്തര മലബാറിലെ തെയ്യം എന്ന് പറയുന്നതിൽ പ്രധാനമായും രണ്ടപകടങ്ങളുണ്ട്.
ഒന്ന്, വലിയ പ്രതീക്ഷയോടെയെത്തുന്ന വൻജനാവലിയെ പച്ചക്ക് പറ്റിക്കുന്നു.
രണ്ട്, നമ്മൾ കൊട്ടിഘോഷിക്കുന്ന തെയ്യം ഇത്രയേ ഉള്ളൂ എന്ന് സ്ഥാപിക്കലാണ്.
ഉത്തരമലബാർ തെയ്യത്തിൻ്റെ ഐതിഹാസിക ചരിത്രത്തെയും രാഷ്ട്രീയബോധ്യങ്ങളെയും തമസ്കരിക്കാനേ ഇതുപകരിക്കൂ. അതുകൊണ്ട് ഈ വിഷയത്തിൽ പരസ്പരശത്രുത മറന്ന് സമാവായമാണവശ്യം. ഉത്തരകേരളത്തിലെ എല്ലാ സമുദായത്തിലെയും തെയ്യത്തിലെ ആചാര്യന്മാരും സംഘടനാ ഭാരവാഹികളും ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകളും ഈ വിഷയത്തിലെ ഗവേഷകരും ഒരുമിച്ചിരുന്ന് വിശദ ചർച്ചകളും കൂടിച്ചേരലുകളും നടത്തി അതിൻ്റെ എല്ലാ ഘടകങ്ങളും പരിശോധിച്ച് കൂട്ടായ തീരുമാനമുണ്ടാക്കണം.
കാവുകൾക്കു മുകളിൽ മേൽക്കൂരകളുണ്ടാവുകയും കാവുമുറ്റം ടൈലുകൾ പതിച്ച് മോടി പിടിപ്പിക്കുകയും തെയ്യങ്ങൾക്കു മുകളിൽ കറങ്ങുന്ന പങ്ക പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാവുമുറ്റം എന്നത് ഇന്നൊരു സങ്കല്പം പോലും അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്.
മുത്തപ്പനെ പോലെ പൊതുവേദിയിൽ അവതരിപ്പിക്കാൻ പറ്റുന്ന തെയ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ എല്ലാ സമുദായത്തിൽ പെട്ട തെയ്യക്കാരോടും ആലോചിച്ച് അതിനാരു ചിട്ടയുണ്ടാക്കണം. ഇല്ലെങ്കിൽ എല്ലാ സമുദായക്കാരും ഒറ്റക്കെട്ടായി പൊതുവേദിയിലെ തെയ്യാവതരണത്തിൽ നിന്ന് പിൻമാറണം. പൊതുവേദിയിൽ തെയ്യം കെട്ടുന്നവരുടെ വാദങ്ങൾ പലതാണ്. അത്രയും സാമ്പത്തിക പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇങ്ങനെ കിട്ടുന്ന പണം വലിയൊരു സഹായമാണെന്ന് അവർ പറയുമ്പോൾ നമ്മുടെ എതിർപ്പുകൾ നിശ്ശബ്ദമാകുന്നു. സ്റ്റേജ് തെയ്യത്തിന് അറുപത് വർഷക്കാലത്തെ ചരിത്രമുണ്ട്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തെയ്യത്തിന് ഇന്ന് കൈവന്ന ആഗോള പ്രശസ്തിയിൽ സ്റ്റേജ് തെയ്യത്തിന് വലിയ സ്വാധീനമുണ്ട്. ഈ എഴുത്തിനൊപ്പമുള്ള ഫോട്ടോകളിൽ കാണുന്ന തെയ്യക്കാർ ഉത്തര കേരളത്തിലെ സമാനതകളില്ലാത്ത ഇതിഹാസങ്ങളാണ്.
കൊടക്കാട് കണ്ണപെരുവണ്ണാൻ തെയ്യത്തിലെ മഹാനായ ആചാര്യനാണ്. എത്രയോ വിദേശ രാജ്യങ്ങളിൽ തെയ്യം കെട്ടി. അതിയടത്തോറ്... അതിയടം കണ്ണപെരുവണ്ണാൻ എന്ന് കേൾക്കുമ്പോ സാക്ഷാൽ കതിവന്നൂർ വീരൻ വരെ ഞെട്ടിവിറക്കും. ആയിരം കതിവനൂർ വീരൻ കെട്ടി. മോസ്കോ, പാരീസ്, ജർമനി, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കതിവന്നൂർ വീരൻ്റെ താരിയും പലിശയും എടുത്ത് യാത്ര ചെയ്തു.
ഈ ചിത്രത്തിൽ ഒരേയൊരു ആചാര്യൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ, അരിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ. ജീവിച്ചിരിക്കുന്ന മുച്ചിലോട്ട് പോതിയാണ് ഇനി ആവർത്തിക്കാനിടയില്ലാത്ത ഇതിഹാസമായ അതിയടം പെരുവണ്ണാൻ. തെയ്യങ്ങളുമായി വിദേശങ്ങളിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും സഞ്ചരിച്ചു. ഏഷ്യാഡിന് എല്ലാവരും വിമാനം കേറിയപ്പോ വീതുകുന്നിലെ കാറ്റിലിളകിയ ആൽമരം പറഞ്ഞു, ഈ ദേശം വിട്ട് എനിക്ക് പോകാനാകില്ല. എൻ്റെ കാലുകൾ ഈ പുലിക്കോട് മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു.
തെക്കുകര കണ്ണൻ കർണ്ണമൂർത്തി എത്രയോ തവണ ആ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്!, ‘കാവിലെ തെയ്യത്തിന് വേണ്ടിയല്ലാതെ എൻ്റെ ചിരട്ടയിൽ ഞാൻ ചായില്യം ചാലിക്കില്ല.’ വിദേശത്ത് കുറിത്തട്ടുമായി പോകാത്ത കർണ്ണമൂർത്തിയുടെ നീതിബോധം കൂടി ചേരുമ്പോഴേ ഉത്തരമലബാറിൻ്റെ തെയ്യചരിത്രം പൂർണമാകൂ.
തെയ്യത്തിന്റെ ആചാര്യന്മാർ ഒരു സ്റ്റേജിലെ നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്വദിക്കാവുന്ന വിധത്തിലുള്ള കലാസംവിധാനമായി തെയ്യം അനുഷ്ഠാനത്തെ ഇന്നോളം ക്രമീകരിച്ചിട്ടില്ല.
കേരളത്തിൻ്റെ പാരമ്പര്യ കലാരൂപങ്ങളായ കഥകളി, കൂത്ത്, കൂടിയാട്ടം, ശാസ്ത്രീയ നൃത്തരൂപങ്ങൾ ഇവയൊക്കെ ഇന്ന് പൊതുവേദികളിൽ ധാരാളമായി അവതരിപ്പിച്ചുവരുന്നുണ്ട്. ഇവയെല്ലാം ക്ഷേത്ര കേന്ദ്രീകൃതമായ അനുഷ്ഠാന സ്വഭാവത്തിലുള്ള ആവിഷ്കാരങ്ങൾ തന്നെയായിരുന്നു. പ്രത്യേകിച്ച് കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, കുച്ചുപ്പുടി പോലുള്ള കലാരൂപങ്ങൾ തെയ്യം പോലെ തന്നെ അനുഷ്ഠാന നിബദ്ധമായ ചിട്ടയോടുകൂടിയാണ് ക്ഷേത്രങ്ങളിലും അതുമായി ബന്ധപ്പെട്ട സ്ഥാനങ്ങളിലും അവതരിപ്പിച്ചുവന്നിട്ടുള്ളത്. പക്ഷേ പിന്നീട് കേരളത്തിൻ്റെ ശാസ്ത്രീയ പാരമ്പര്യ കലാരൂപങ്ങളെ ആ വിഭാഗത്തിലെ ആചാര്യന്മാർ തന്നെ കൃത്യമായ പ്രോഗ്രാം എന്ന നിലയിൽ പരിഷ്കരിക്കുകയായിരുന്നു. സ്റ്റേജിൽ അവതരിപ്പിക്കാവുന്ന മികച്ച കലാവിഷ്കാരം എന്ന നിലയിൽ പാരമ്പര്യരൂപങ്ങളെ പുതിയ കാലത്തെ അഭിരുചിക്കിണങ്ങും വിധം ചിട്ടപ്പെടുത്തുകയായിരുന്നു. അത് വളരെ കൃത്യമായി ഒരു കലാവിഷ്കാരം എന്ന സ്വതന്ത്ര അസ്തിത്വം കൈവരിക്കുകയും പിന്നീട് വലിയ ആസ്വാദകലോകം ഈ കലകൾക്കുണ്ടാവുകയും ചെയ്തിട്ടുണ്ട്.
കൂത്ത്- കൂടിയാട്ടം രംഗത്തെ യുവ പ്രതിഭകളായ അമ്മന്നൂർ രജനീഷ് ചാക്യാരും കലാമണ്ഡലം സിന്ധുവും പറയുന്നത്, പാരമ്പര്യ കലകളായ കൂടിയാട്ടത്തെയും കൂത്തിനേയും നങ്ങ്യാർക്കൂത്തിനെയും ക്ഷേത്രകേന്ദ്രീകൃതമായ കടുത്ത ചട്ടക്കൂടുകളിൽ നിന്നും അതിൻ്റെ കർശനമായ നിയമവ്യവസ്ഥകളിൽ നിന്നും മോചിപ്പിച്ച് പൊതുവേദിയിലേക്ക് കൊണ്ടുവന്നത് ആ കലയുടെ വളർച്ചയ്ക്കും പരിപോഷണത്തിനും ലോകവ്യാപകമായ അതിൻ്റെ പ്രചാരണത്തിനും പ്രസിദ്ധിക്കും ഏറെ ഗുണകരമായി എന്നാണ്. 1949 ലാണ് പൈങ്കുളം രാമചാക്യാർ ക്ഷേത്രത്തിൻ്റെ കണിശമായ ചിട്ടവട്ടങ്ങളിൽ നിന്ന് കൂത്തിനെ സ്വതന്ത്രമാക്കി പുറത്ത് ഒരു കോവിലകത്ത് അവതരിപ്പിക്കുന്നത്. 1956- ൽ കോഴിക്കോട് റേഡിയോ നിലയത്തിന്റെ നേതൃത്വത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുൻപാകെ പൈങ്കുളം രാമചാക്യാർ ആദ്യമായി കൂടിയാട്ടവും അവതരിപ്പിച്ചു. ഫ്യൂഡൽ കാലഘട്ടത്തിൻ്റെ എല്ലാ അധികാരങ്ങളും ജാതിപ്രമാണിത്തവും നിലനിൽക്കുമ്പോൾ ത്തന്നെയാണ് പൈങ്കുളം അങ്ങനെയൊരു ധീരത കാണിക്കുന്നത്. കൂത്തിനെയും കൂടിയാട്ടത്തിനെയും ക്ഷേത്രത്തിൽ നിന്നും മോചിപ്പിക്കാൻ കാണിച്ച ചങ്കൂറ്റം പക്ഷേ സ്വസമുദായത്തിലെ പാരമ്പര്യവാദികൾ ആരും അംഗീകരിച്ചിരുന്നില്ല. ചാക്കിയാന്മാരുടെ യാഥാസ്ഥിതികബോധം ഈ ഒരു മാറ്റത്തെ ഉൾക്കൊള്ളാനാവാത്ത വിധം പരിമിതപ്പെട്ടതായിരുന്നു. അന്ന് അഭിനയകലയുടെ മഹാസമ്രാട്ടായ അമ്മന്നൂർ മാധവചാക്യാർ ഉൾപ്പെടെയുള്ളവർ ഈ മാറ്റത്തെ ആദ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. പക്ഷേ പിന്നീട് പൈങ്കുളം തുടങ്ങിവച്ച കലയിലെയും അവതരണത്തിലേയും നവീനമായ ഈ മാറ്റത്തെ അമ്മന്നൂരും പിന്തുടരുകയായിരുന്നു. 1965-ൽ കൂത്തും കൂടിയാട്ടവും കലാമണ്ഡലത്തിലെ പാഠ്യവിഷയമായി അംഗീകാരം നേടുകയും ചെയ്തു. അന്ന് പൈങ്കുളം രാമചാക്യാർ ക്ഷേത്ര കേന്ദ്രീകൃതമായ പാരമ്പര്യാനുഷ്ഠാനങ്ങൾക്ക് മുകളിൽ അങ്ങനെയൊരു ധീരമായ ചുവടുവെപ്പ് നടത്തിയിരുന്നില്ലെങ്കിൽ കൂത്തിനും കൂടിയാട്ടത്തിനും ഇന്നു കൈവന്ന ആഗോള പ്രസിദ്ധിയും ആസ്വാദ്യതയും. ലഭിക്കുമായിരുന്നില്ല.
തെയ്യം കടുകിട മാറാത്ത അത്രയും കൃത്യവും കണിശവുമായ അനുഷ്ഠാനമാണ് എന്നു പറയുന്നത് ഏത് യുക്തികൊണ്ടാണെന്ന് ചിന്തിച്ചാൽ നമുക്ക് ഉത്തരം കിട്ടുക എളുപ്പമല്ല.
ഇന്ന് ലോക വ്യാപകമായി ഈ രംഗാവതരണങ്ങൾ നടക്കുന്നുണ്ട്. ആർക്കും പരാതിയില്ല. അതാത് മേഖലയിലുള്ള ആചാര്യന്മാർ തന്നെയാണ് ഇത്തരത്തിലുള്ള പാരമ്പര്യ കലാരൂപങ്ങളെ ഒരു സ്റ്റേജ് പെർഫോമൻസ് എന്ന നിലയിലേക്ക് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഉത്തര കേരളത്തിൽ തന്നെ മറ്റൊരു ശക്തമായ അനുഷ്ഠാനമായ മറത്തുകളി, പൂരക്കളി എന്നിവ ഇന്ന് ഒരു കലാരൂപം എന്ന നിലയിൽ എല്ലാ വേദികളിലും അവതരിപ്പിച്ചു വരുന്നുണ്ട്. പൂരക്കളി രംഗത്തെ പ്രമുഖരായ ആചാരക്കാർ തന്നെയാണ് പൂരക്കളിയിലും മറത്തുകളിയിലും ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നത്. പൂരക്കളിയും മറത്തുകളിയും ക്ഷേത്രകേന്ദ്രീകൃതമായ എല്ലാ അനുഷ്ഠാനങ്ങളോടെയും ആചരിച്ചുവരുമ്പോൾ തന്നെയാണ് കേരളത്തിലെ പല സ്ഥലങ്ങളിലും കേരളത്തിനു വെളിയിലും വിദേശങ്ങളിലും ഒരു പൊതുപരിപാടിയായി പൂരക്കളിയും മറത്ത് കളിയും അവതരിപ്പിച്ചുവരുന്നത്. പൊതുവേദിയിലെ മറത്ത് പണിക്കന്മാർക്കെതിരെയും വാല്യക്കാർക്കെതിരെയും യാതൊരു പ്രതിഷേധവും ഇന്ന് ഉയരുന്നില്ല. എത്രയോ കാലങ്ങളായി കാവുകളിൽ ആചാരാനുഷ്ഠാനത്തോടെ അവതരിപ്പിച്ച മറത്തുകളിയെ പൊതുവേദിയിലെത്തിച്ചത് ഈ രംഗത്തെ ആചാര്യന്മാരായ പുലിക്കോട് മാധവൻ പണിക്കർ, വെങ്ങര കൃഷ്ണൻ പണിക്കർ, പൊക്കൻ പണിക്കർ കാഞ്ഞങ്ങാട് ദാമോദരൻ പണിക്കർ തുടങ്ങിയവരാണ്.
കൂത്ത്, കൂടിയാട്ടം, പൂരക്കളി, മറത്തുകളി എന്നിവയിലേതുപോലെ ചിട്ടപ്പെടുത്തലോ പാകപ്പെടുത്തലോ തെയ്യത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. അരമണിക്കൂറോ ഒരു മണിക്കൂറോ ഇരുന്നാസ്വദിക്കാവുന്ന ആട്ടമോ പാട്ടോ അഭിനയമോ യാതൊന്നും തെയ്യത്തിലില്ല. തെയ്യത്തിന്റെ അവതരണം എന്നത് അതിന്റെ ചരിത്രവും രാഷ്ട്രീയവും ആർക്കും കീഴടങ്ങാത്ത ഇച്ഛാശക്തിയും തന്നെയാണ്. ഒരു കഥകളിക്ക് പറയാൻ പറ്റുന്നതിനേക്കാൾ പതിന്മടങ്ങ് ശക്തിയോടെ, പോരാട്ടവീര്യത്തോടെ തെയ്യം ജീവിതം പറയുന്നുണ്ട്. അങ്ങനെയുള്ള ജീവിതം തെയ്യത്തിൽ നിന്ന് ഇല്ലാതായിക്കഴിഞ്ഞാൽ, ആ ജീവിതം പറയാൻ തെയ്യത്തിന് സാധ്യമാകുന്നില്ലെങ്കിൽ പിന്നെ തെയ്യം വെറുമൊരു വേഷമോ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയോ മാത്രമായി മാറും. അത് തെയ്യത്തിൻ്റെ സത്യത്തോട് ചെയ്യുന്ന ഏറ്റവും കടുത്ത അനീതിയാണ്.
പൊതുവേദിയിലെ തെയ്യത്തിനെതിരെ വാളെടുക്കുന്ന പല കോധാരികളും മുൻ കാലങ്ങളിൽ കാവ് വിട്ട് പൊതുവേദികളിൽ തെയ്യം കെട്ടുന്നതിനായി യാത്ര ചെയ്തിട്ടുള്ളവരാണ്.
ക്ലാസിക്കൽ കലാരൂപങ്ങളെ സ്റ്റേജ് പ്രോഗ്രാമിന്റെ പരിമിതികളിലേക്ക് ശാസ്ത്രീയ ചിട്ടവട്ടങ്ങളോടുകൂടിയും അതിൻ്റെ എല്ലാ ആസ്വാദ്യതയും നിലനിർത്തിയും ചിട്ടപ്പെടുത്തിയ പ്രകാരം തെയ്യത്തിന്റെ ആചാര്യന്മാർ ഒരു സ്റ്റേജിലെ നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്വദിക്കാവുന്ന വിധത്തിലുള്ള ഒരു കലാസംവിധാനമായി തെയ്യം അനുഷ്ഠാനത്തെ ഇന്നോളം ക്രമീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് സ്റ്റേജിലെ അവതരണം എന്നത് തെയ്യത്തിന്റെ ശക്തിയോ സൗന്ദര്യമോ അതിന്റെ ചരിത്രമോ രാഷ്ട്രീയ ഇച്ഛാശക്തിയോ ഒന്നും വെളിപ്പെടുത്തുന്നതിനോ ആസ്വാദകരിലേക്ക് പകർന്നു കൊടുക്കുന്നതിനോ അപര്യാപ്തമായ കേവല പ്രകടനം മാത്രമാണ്. ഇങ്ങനെ സ്റ്റേജിൽ അവതരിപ്പിക്കുന്ന തെയ്യം വെറും കെട്ടുകാഴ്ചയോ ഉത്തരമലബാറിലെ തെയ്യവുമായി യാതൊരു ബന്ധമോ ഇല്ലാത്ത ഒറ്റയാൾ പ്രകടനം മാത്രമായി മാറുന്നു.
സ്റ്റേജ് തെയ്യവും അനുഷ്ഠാനബന്ധിതമായ തെയ്യവും ശത്രുക്കളായി മാറുന്നതിന്റെ കാരണങ്ങൾ പലതാണ്. തെയ്യം അടിമുടി അനുഷ്ഠാനമാണ്. എന്തുതരം അനുഷ്ഠാനം എന്നത് പ്രസക്തമാണ്. പക്ഷേ ഇന്നത്തെ തെയ്യത്തിന്റെ അനുഷ്ഠാനങ്ങൾ മാറിയ കാലത്തിൻ്റെ അനുഷ്ഠാനങ്ങൾ തന്നെയാണ്. ദ്രാവിഡ സംസ്കൃതിയിൽ അധിഷ്ഠിതമായ അതിൻ്റെ എല്ലാവിധത്തിലുള്ള തനിമകളും തെയ്യം അനുഷ്ഠാനത്തിൽ ഇന്ന് നിലനിൽക്കുന്നില്ല. കാരണം തെയ്യത്തെ നിർമിക്കുന്നത് അതിൻ്റെ ദേശവും ആ ദേശത്തിൻ്റെ ഋതുഭേദങ്ങളുമാണ്. തെയ്യത്തിന്റെ ആഹാര്യം, ചായം, ചമയം, തെയ്യത്തിൻ്റെ മുഖത്തെഴുത്ത്, അംഗചലനങ്ങൾ, വാചാൽ ഇതെല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. പക്ഷേ മാറിമാറി വരുന്ന പരിഷ്കാരങ്ങളും നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങളും കെട്ടിട നിർമാണത്തിലും റോഡ് വികസനത്തിലും വന്നുകൊണ്ടിരിക്കുന്ന പുത്തൻ സങ്കേതങ്ങളുമൊക്കെ തെയ്യത്തിൻ്റെ ആദിമ ദേശത്തെ മറ്റൊന്നാക്കി മാറ്റിയിട്ടുണ്ട്.
പ്രകൃതിയിലും ജീവിതത്തിലും സംഭവിച്ച ഭൗതികവും ആന്തരികവുമായ പരിണാമങ്ങൾ തെയ്യത്തെയും ബാധിച്ചിട്ടുണ്ട്. തെയ്യം രൂപപ്പെട്ട കാലത്തെ കാറ്റോ മഴയോ വെയിലോ മഞ്ഞോ ആകാശമോ കാവുകളോ മരങ്ങളോ ഒന്നും ഇന്ന് നിലനിൽക്കുന്നില്ല. ഇന്ന് മറ്റൊരു ഭൂപ്രകൃതിയിലാണ് തെയ്യമുയിർക്കുന്നത്, ഉറയുന്നത്, ഉരിയാടുന്നത്. കാർഷിക ജീവിതമാണ് തെയ്യത്തിന്റെ അടിസ്ഥാനം. കൃഷിയും കന്നുകാലി വളർത്തലും പാടേ തകർന്നു പോകുന്നതോടുകൂടി തെയ്യത്തിന്റെ അനുഷ്ഠാനം എന്ന അന്തഃസത്ത കൂടി തകരുന്നുണ്ട്.
തെയ്യം കടുകിട മാറാത്ത അത്രയും കൃത്യവും കണിശവുമായ അനുഷ്ഠാനമാണ് എന്നു പറയുന്നത് ഏത് യുക്തികൊണ്ടാണെന്ന് ചിന്തിച്ചാൽ നമുക്ക് ഉത്തരം കിട്ടുക എളുപ്പമല്ല. അപ്പോഴാണ്, ഇവിടെ എല്ലാവരും അംഗീകരിക്കുകയും ആദരിക്കുകയും സർവ്വ സ്വീകാര്യവുമായ വരേണ്യവർഗ്ഗാധിഷ്ഠിതമായ മറ്റൊരനുഷ്ഠാന ക്രമത്തെ പിൻപറ്റുന്നതിനായി തെയ്യം നിർബന്ധിക്കപ്പെടുന്നത്. കാവുകളും തെയ്യത്തിന്റെ ചിട്ടവട്ടങ്ങളും അനുഷ്ഠാനങ്ങളും വൈദിക സംസ്കൃതിയിലേക്കും വേദാധിഷ്ഠിതമായ ബ്രാഹ്മണ തത്വസംഹിതയിലേക്കും ഘട്ടം ഘട്ടമായി വളരെ ആസൂത്രിതമായി മാറിയതായി നമുക്ക് കണ്ടെത്താൻ കഴിയും. തെയ്യം അനുഷ്ഠാന നിബദ്ധമാണ്, അനുഷ്ഠാനത്തെ അനുസരിക്കുന്നു എന്ന് പറയുമ്പോഴും അത് ബ്രാഹ്മണ കേന്ദ്രീകൃതമായ ഒരനുഷ്ഠാന സംഹിതയെയാണ് ആശ്രയിക്കുന്നത് എന്ന സത്യം പലർക്കും മനസ്സിലായിട്ടില്ല. കാവായ കാവുകളൊക്കെ വെട്ടി വെടിപ്പാക്കി ബ്രാഹ്മണൻ്റെ വടിച്ചട്ടത്തെ അനുസരിക്കുന്ന ക്ഷേത്രങ്ങളായി കാവുകൾ ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്. കാവുകൾക്കു മുകളിൽ മേൽക്കൂരകളുണ്ടാവുകയും കാവുമുറ്റം ഇന്റർലോക്ക് പോലുള്ള ടൈലുകൾ പതിച്ച് മോടി പിടിപ്പിക്കുകയും കാവുകളിൽ തെയ്യങ്ങൾക്കു മുകളിൽ കറങ്ങുന്ന പങ്ക പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാവുമുറ്റം എന്നത് ഇന്നൊരു സങ്കല്പം പോലും അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ന് എല്ലാ കാവുകളും മിനി ഓഡിറ്റോറിയങ്ങൾ തന്നെയാണ്. കാവ് തുറസ്സിലെ ചെണ്ടയും ചിലമ്പും ആൾക്കൂട്ടബഹളങ്ങളും ഗുണം വരുത്തി രക്ഷിക്കുന്ന തെയ്യത്തിൻ്റെ മൊഴികളും ചേർന്നൊരുക്കുന്ന അതിമനോഹര സിംഫണി മൂടിക്കെട്ടിയ കാവിനുള്ളിൽ ഇന്ന് അരോചകമായിട്ടാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ തെയ്യം അനുഷ്ഠാനം എന്നത് ഒരു ഓഡിറ്റോറിയത്തിനകത്തുള്ള തെയ്യപ്രകടനം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ എല്ലാ തെയ്യങ്ങളും ഒരർത്ഥത്തിൽ സ്റ്റേജിലെ അവതരണം തന്നെയാണ്.
പൊതുവേദിയിലെ തെയ്യത്തിനെതിരെ വാളെടുക്കുന്ന പല കോധാരികളും മുൻ കാലങ്ങളിൽ കാവ് വിട്ട് പൊതുവേദികളിൽ തെയ്യം കെട്ടുന്നതിനായി യാത്ര ചെയ്തിട്ടുള്ളവരാണ്. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന പാവം തെയ്യക്കാരനെ ഹിംസാത്മകമായി നേരിടുന്നതിൽ ജാതിബോധവും മതബോധവും ശക്തമായി പ്രവർത്തിക്കുന്നുണ്ട്. കാവകങ്ങളിലെ മറ്റെവിടെയുമില്ലാത്ത വിശുദ്ധ വൃക്ഷങ്ങൾ മുറിച്ചു മാറ്റി കാവിനെ വേദമന്ത്രത്തിൽ മുക്കി ക്ഷേത്രമാക്കുമ്പോൾ, അവർക്കെതിരെ ചെറുവിരൽ പോലും അനക്കാത്തവരാണ് ഒരു ഗതിയുമില്ലാത്ത തെയ്യക്കാരനെ തല്ലാൻ കച്ചകെട്ടിയിറങ്ങുന്നത്.
ജാഥയിലെ തെയ്യവും തന്ത്രി ഉറപ്പിച്ച വിഗ്രഹത്തിലെ തെയ്യവും രണ്ടും ഒരുപോലെ അപകടകാരിയാണ്.