പുതിയ കാലത്തെ തെയ്യങ്ങൾക്ക്​ കഴിയുമോ, അധീശത്വത്തിന്റെ വേരറുക്കാൻ

കീഴാളരുടെ അഥവാ ദലിതരുടെ വേദന, അവരോട് കാണിച്ച കൊടും ക്രൂരത, ആ അനുഭവം തന്നെ സവർണീകരിക്കുന്ന ലോകം വിമോചകമാണോ? ഈ അധീശത്വത്തെ മറികടക്കാൻ ഇന്ത്യയിലെ കീഴാളർക്ക് കഴിയമോ? അതല്ലെങ്കിൽ ഈ അധീശത്വ രൂപത്തിന്റെ അനിവാര്യ ഘടകമായി കീഴാളർക്ക് മാറാൻ കഴിയുമോ? അതോ, അധീശത്വത്തിന്റെ തല വെട്ടാൻ പുതിയ കാലത്ത് രൂപമെടുക്കുന്ന തെയ്യങ്ങൾക്ക് കഴിയുമോ എന്നീ ചോദ്യങ്ങൾ ഗൗരവപൂറ്വം പരിശോധിക്കേണ്ടതാണ്.

തെയ്യത്തിന്റെ നിറസങ്കൽപ്പങ്ങളിൽ പ്രധാനപ്പെട്ടതാണ് ചുവപ്പ്. അതുപോലെ അനിവാര്യമായതാണ് തീ. അഗ്‌നി എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, അഗ്‌നി ശുദ്ധീകരണത്തിനും പരലോകപ്രവേശനത്തിനുമായി ഉപയോഗിക്കുന്ന രൂപകമാണ്.

തെയ്യത്തിൽ തീ തന്നെയാണ് പ്രധാനം. കാരണം, തീയിൽ ചുട്ടെരിക്കപ്പെടുന്ന കീഴാളരുടെ സാമൂഹിക അനുഭവമാണ് തീയിൽ കരിഞ്ഞില്ലാതാകുന്നത്. ചുവപ്പ് ക്രൂരതയുടെയും രക്തപ്പുഴയുടെയും പ്രതീകമായതുകൊണ്ടുതന്നെ തെയ്യങ്ങൾ ക്രൂരമായി കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായ തിരിച്ചുവരവാണ്.

തെയ്യഗണങ്ങളിൽ ഇത്തരം വീണ്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്, കടുത്ത യാതനയാൽ മരിച്ചുപോയ മനുഷ്യരെയാണ്. അതുകൊണ്ടായിരിക്കാം തീർത്തും യുക്തിപരമല്ലാത്ത, ദൈവീകാംശമുള്ള തെയ്യങ്ങളെ കൊണ്ടാടുവാൻ കണ്ണൂരിലും കാസർകോട്ടുമുള്ള കമ്യൂണിസ്റ്റ് പാർട്ടി അണികൾക്കും കഴിയുന്നത്. എന്നാൽ, തീർത്തും ജാതിയുടെ അടിസ്ഥാനത്തിൽ ഉയിർത്തെഴുന്നേൽക്കുന്ന തെയ്യങ്ങൾ വർഗ വിമോചന വാഹനമാകാതാകുമ്പോൾ പോലും പിന്നാക്ക- ശൂദ്ര ജാതികളുടെ പ്രതിവിപ്ലവചിഹ്‌നമായി ഉറഞ്ഞാടുന്നുമുണ്ട്.

കുറുവാടൻ കുറുപ്പിന്റെ കാലികനായ കണ്ണൻ തിയ്യ ബാലനായിരുന്നു. ദൈവത്തെ ആരാധിക്കാൻ വിലക്കുള്ള ജാതിയായിരുന്നു വടക്കേ മലബാറിലെ തിയ്യർ. പശുവിനെ മേച്ചുനടന്ന കണ്ണൻ കുറുവാടൻ കുറുപ്പിന്റെ വീട്ടുമുറ്റത്ത് ദൈവത്തെ കുടിയിരുത്തിയ തറയിൻമേൽ ഒരു ദിവസം വിളക്ക് കത്തിക്കുന്നു, പ്രാർഥിക്കുന്നു. ഇതുകണ്ട കുറുപ്പ് കലിതുള്ളി അലറിയിരമ്പി കണ്ണനുനേരെ പായുന്നു. കണ്ണൻ ഓടിമറയുന്നു. അതൊരു നാടുകടത്തലായിരുന്നു. ആ സമൂഹത്തിൽ നിന്നുമുള്ള പുറത്താക്കൽ.

കാലികനായ കണ്ണൻ വിശന്നുവലഞ്ഞപ്പോൾ കുറുവാടൻ കുറുപ്പിന്റെ മാവിൽ കയറി മാമ്പഴം കഴിച്ചു. അപ്പോഴാണ് അതുവഴി കുറുപ്പിന്റെ മകൾ കടന്നുവരുന്നതുകണ്ടത്. പേടിച്ച കണ്ണൻ അറിയാതെ കഴിച്ചുകൊണ്ടിരുന്ന മാമ്പഴം താഴേക്കുവീഴുകയും അത് മകളുടെ ദേഹത്ത് പതിക്കുകയും ചെയ്തു. ഒരുതരം തൊട്ടുകൂടായ്മയുടെ ലംഘനമാണ് ഈ പ്രവൃത്തിയിലൂടെ നടക്കുന്നത്. വിവരമറിഞ്ഞ കുറുപ്പ് കലിതുള്ളി വാളും പരിചയും അകമ്പടി നായന്മാരുമായി കണ്ണനെ കൊല്ലാൻ തീരുമാനിച്ചു. ഭയന്ന് ഓടിമറഞ്ഞ കണ്ണന് മംഗലാപുരത്തിനടുത്തുള്ള ഒരു വീട്ടിലെ മുത്തശ്ശി അഭയം നൽകി. ആ വീട്ടിൽ വിഷ്ണുവിനെ പൂജിക്കുകയും സങ്കൽപ്പത്തിൽ ആവാഹിച്ചു പ്രാർഥിച്ചുപോരുകയും ചെയ്തിരുന്നു. മുത്തശ്ശിയുടെ ശിക്ഷണത്തിൽ തിയ്യനായ കണ്ണൻ വിഷ്ണുഭക്തനായി.

കുറുപ്പിന്റെ കോപം കാലം മായ്ച്ചിരിക്കുമെന്നു കരുതി കണ്ണൻ തിരിച്ചുവന്നു. വിവരമറിഞ്ഞ കുറുപ്പ് അകമ്പടിയോടെ വാളുമായി പാഞ്ഞടുത്തു. വയലിലെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന കണ്ണനെ കഴുത്തറുത്തുകൊന്നു. ആ കുളം രക്തക്കുളമായി. എന്നാൽ, കുറുപ്പിന്റെ വാള് ആകാശത്തേക്ക് പൊങ്ങിപ്പോകുകയും കുറുപ്പിന്റെ തറവാട്ടിൽ അനർഥങ്ങൾ സംഭവിക്കുകയും ചെയ്തു. വരി വെച്ചപ്പോൾ, കണ്ണൻ ദൈവക്കരുവായി മാറിയെന്നറിഞ്ഞു. അങ്ങനെ തിയ്യനായ കണ്ണൻ ചാമുണ്ഡിയായി തെയ്യമായി മാറി.

Photo: Puthillam framez

വടക്കേ മലബാറിലെ ഓരോ തെയ്യത്തിനും ഇത്തരം മിത്ത് അഥവാ, ഉൽപ്പത്തിക്കഥയുണ്ടായിരിക്കും. ഈ കഥ കാലാന്തരത്തിൽ മാറിയേക്കാം. കാരണം, കഥയാണ്. സാധാരണ മനുഷ്യർ പറഞ്ഞുപറഞ്ഞ് പുതിയ ഭാവങ്ങൾ കഥയ്ക്ക് സംഭവിക്കാം. ചിലർ പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വച്ച് കഥകളിൽ പുരാണവും രാമായണവും മഹാഭാരതവും ഉൾച്ചേർക്കും. ഇനി ഈ കാര്യവും ബോധപൂർവമായിക്കൊള്ളണമെന്നില്ല.

ബ്രാഹ്മണ അമ്പലങ്ങളിലെ പ്രതിഷ്ഠ രാമനും കൃഷ്ണനും ഹനുമാനുമായി മാറുമ്പോൾ ആ അധികാരശക്തിയിൽ നിന്നൂർന്ന്​ അതിന്റെ സ്വാധീനം കഥാരൂപത്തിൽ തന്നെ താഴേക്കുവരും. അങ്ങനെ കാലാന്തരത്തിൽ ദേശത്ത് പരന്ന കഥ അമ്പലക്രമത്തിൽപ്പെട്ട് നാട്ടിൽ മറ്റൊന്നായി രൂപപ്പെടും. അങ്ങനെയായിരിക്കണം തിയ്യ കണ്ണൻ ദൈവക്കരുവായ ചാമുണ്ഡി വിഷ്ണുമൂർത്തിയായി വന്നു ഭവിച്ചത്. ഇന്ന് ഈ കണ്ണൻ തെയ്യം വിഷ്ണുമൂർത്തിയായിട്ടാണ് അറിയപ്പെടുന്നത്.

കുമ്പാരം കൂട്ടിയിട്ട തീക്കുണ്ഠത്തിൽ (തെയ്യ ഭാഷയിൽ മേലേരിയെന്ന് പറയും) തെയ്യം നൂറ്റിയൊന്നുതവണ ചാടി തീർത്തും അവശനായി കാവുടമകളോട് ചോദിക്കും, ‘സന്തോഷമായില്ലേ... ഇനി ഞാൻ അഗ്‌നിയിൽ പ്രവേശിക്കണോ?'
അപ്പോൾ കാവുടമകൾ ‘വേണ്ട ദൈവേ, വേണ്ട' എന്നു പറയുന്നതുകൊണ്ടുമാത്രം ജീവൻ കിട്ടിയ ഒരുപാട് തെയ്യക്കാരുണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, മലയനെയും വണ്ണാനെയും എങ്ങനെയാണ് ഒരു മേലാള സമൂഹം കൊന്നത് എന്നതിന്റെ കെട്ടിയാട്ട തോറ്റമാണ് തെയ്യം എന്ന്. കൊന്നും കൊല വിളിച്ചും തീ കൂട്ടിയും തിയ്യിലിട്ടും പിടിച്ചടക്കിയ ഭൂമിയും അധികാരവും ദേവസ്ഥാനങ്ങളായി മാറുന്നു. അതുകൊണ്ടാണ് തെയ്യത്തിൽ തീയും ചുവപ്പും നിത്യസാന്നിധ്യമായി വർത്തിക്കുന്നത്.

Photo: travelkannur.com

കണ്ണൻ വിളക്ക് കൊളുത്തുന്നതാണ് ഈ കഥയിലെ തീ സാന്നിധ്യം. ആ തീ ഒരു നാട്ടുവഴക്കത്തെ ലംഘിക്കുന്നു. അത് കൊലത്തീയായി മാറുന്നു. കഴുത്തറുത്തപ്പോൾ ഒഴുകിയ നിണപ്പുഴയാണ്. ചോരയോളം വർണിക്കാൻ കഴിയുന്ന ചുവപ്പുനിറമുണ്ടോ? ഈ കൊടും ക്രൂരതയുടെ അനുഭവം, മരിച്ചു മണ്ണായിത്തീർന്ന മനുഷ്യരുടെ ഓർമകളിലൂടെ ജീവനെടുക്കുന്നതാണ് ഓരോ തെയ്യവും. എന്നാൽ, സ്വയംരക്ഷക്കായി ഓടിയെത്തിപ്പെടുന്നത് വിഷ്ണുഭക്തയായ മുത്തശ്ശിയുടെ അടുത്തേക്കാണ്. ആ മുത്തശ്ശി വഴി കണ്ണൻ വിഷ്ണുമൂർത്തിയാകുന്നു. പത്ത് അവതാരത്തിലെ നരസിംഹമൂർത്തിയായി അമ്പലീകരിക്കുന്നു.

കീഴാളരുടെ അഥവാ ദലിതരുടെ വേദന, അവരോട് കാണിച്ച കൊടും ക്രൂരത, ആ അനുഭവം തന്നെ സവർണീകരിക്കുന്ന ലോകം വിമോചകമാണോ? ഈ അധീശത്വത്തെ മറികടക്കാൻ ഇന്ത്യയിലെ കീഴാളർക്ക് കഴിയമോ? അതല്ലെങ്കിൽ ഈ അധീശത്വ രൂപത്തിന്റെ അനിവാര്യ ഘടകമായി കീഴാളർക്ക് മാറാൻ കഴിയുമോ? അതോ, അധീശത്വത്തിന്റെ തല വെട്ടാൻ പുതിയ കാലത്ത് രൂപമെടുക്കുന്ന തെയ്യങ്ങൾക്ക് കഴിയുമോ എന്നീ ചോദ്യങ്ങൾ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്.

സ്വന്തം സഹോദരങ്ങളുടെ ഭാര്യമാരുടെ ഏഷണി പറച്ചിൽ കൊണ്ടാണ് മാക്കത്തിന് തന്റെ രണ്ടു മക്കളുമായി പൊട്ടക്കിണറ്റിൽ തലയരിഞ്ഞ് വീഴേണ്ടിവന്നത്. ഏക പെങ്ങളോടുള്ള സ്‌നേഹം ഭാര്യമാരെ കിട്ടുന്നതുവഴി ഇല്ലാതാകുന്നു. മാക്കത്തിന്റെ സദാചാരബോധത്തിൽ വിള്ളൽ വരുത്താനാവുന്ന വിധം ഏഷണികൾ വഴി മാറുന്നു. മാക്കത്തിന് സ്വഭാവദൂഷ്യ മുണ്ടാകുന്നതായി കഥ പരക്കുന്നു. അങ്ങനെ സഹോദരങ്ങളാൽ തന്നെ കബളിപ്പിക്കപ്പെട്ട് മനോഹരമായി മാനത്ത് തെളിയുന്ന ചന്ദ്രനെ നോക്കാൻ മാക്കത്തോട് പറയുംനേരം അവളുടെ ശിരസ്സറുത്ത് പൊട്ടക്കിണറ്റിൽ തള്ളുന്നു. അനർഥങ്ങൾ കണ്ടുതുടങ്ങിയ സഹോദരങ്ങൾ മാക്കത്തെ ദൈവക്കരുവാക്കി ആരാധിച്ചുപോരുന്നു.

കൊടും ക്രൂരത ചെയ്യമ്പോൾ തന്നെ ആ ചെയ്തിയെ ഓർമയിൽ നിർത്തിയും അതിന് അനുഷ്ഠാന ഭാഷ നൽകിയുമാണ് വടക്കേ മലബാറിൽ തെയ്യങ്ങൾ രക്തസാക്ഷികളായി ഉറഞ്ഞുതുള്ളുന്നത്. ഉത്തര മലബാറിലെ രക്തസാക്ഷിത്വത്തിന് തെയ്യങ്ങളോളം പഴക്കമുണ്ട്. അതുകൊണ്ടായിരിക്കാം തെയ്യത്തറകളെപ്പോലെ രക്തസാക്ഷി മണ്ഡപങ്ങൾക്കും വീരപരിവേഷം ലഭിക്കുന്ന ദേശമായി ഈ പ്രദേശങ്ങൾ അറിയപ്പെടുന്നത്. ഒരു സമൂഹത്തിന് കൊടും ക്രൂരമായി തോന്നുന്ന പ്രവൃത്തി മറ്റൊരു കൂട്ടത്തിന് രക്തസാക്ഷിത്വമായി തീരുന്നുണ്ട്. തെയ്യത്തിന്റെ മിത്തും പിന്നീട് ഉണ്ടായിവന്നിട്ടുള്ള വീരകഥാഗാനങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന ചോദ്യം പരിശോധിക്കപ്പെടേണ്ടതാണ്.

ഭാര്യമാരുടെ കുശുമ്പു മാത്രമായിരിക്കുമോ മാക്കത്തെ കൊല്ലാൻ അവരെ പ്രേരിപ്പിച്ചത്? ഏതോ ഒരു മാമൂലിനെ മാക്കം ചോദ്യം ചെയ്തിട്ടുണ്ട്. സ്വന്തം ജാതികളിൽ മാത്രമുണ്ടായിരുന്ന ബന്ധം മാക്കം മറ്റ് ജനങ്ങളോടുകൂടിയും ഉണ്ടാക്കിയിരുന്നതിനാലാവണം മര്യാദാമുടക്കി എന്ന തലത്തിൽ മാക്കത്തെ കൊന്നുതള്ളിയത്.

ദൈവക്കരുവാക്കിയാൽ തെയ്യമായി. തെയ്യമായാൽ അത് ദലിതന്റെ ശരീരത്തിൽ കെട്ടിയാടും. തിയ്യൻ കള്ള് നിവേദിക്കും, കൊല്ലൻ ആയുധം പണിയും. ആശാരി പീഠം പണിതീർക്കും. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ശൂദ്ര നായന്മാർ തെയ്യത്തിന് അകമ്പടി കൂടും. കൊല്ലുക, കത്തിക്കുക, ലൈംഗികാക്രമണം നടത്തുക തുടങ്ങിയ ക്രൂരകൃത്യങ്ങളുടെ ഓർമകളാണ് തെയ്യം.

Comments