ഹിന്ദുത്വ മലയാളി എന്ന പുതിയ വർഗം

നവോത്ഥാന മലയാളിയിൽ നിന്ന് ഹിന്ദുത്വ മലയാളിയിലേക്കുള്ള വീഴ്ച അതിദ്രുതം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ മലയാളി രാഷ്ട്രീയ സ്വത്വം ആയി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. വടക്കൻ മലബാറിലെ മാറുന്ന ബൗദ്ധിക സാഹചര്യങ്ങളും, വളർന്നു വരുന്ന ജാതി-മത സ്വത്വരാഷ്ട്രീയവും, മാറുന്ന ലിംഗബന്ധങ്ങളും, മത്സരപരമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും സൂക്ഷ്മമായി വിലയിരുത്തി കേരളത്തിലെ ഹിന്ദുത്വ ദേശീയതയുടെ ആശങ്കാജനകമായ വളർച്ച അടയാളപ്പെടുത്തുകയാണ് ഗവേഷക കൂടിയായ ലേഖിക

വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും ഹിന്ദുവല്ല സവർക്കറുടെ ഹിന്ദു. സവർക്കറുടെ ഹിന്ദു അക്രമാസക്തമായ ഒരാൾക്കൂട്ടമാണ്. യുക്തിരഹിതമായ ആ ആൾക്കൂട്ടബോധം നവോത്ഥാനമൂല്യങ്ങൾ കൊണ്ട് നെയ്‌തെടുത്ത കേരളീയ സമൂഹത്തിൽ വേരുറപ്പിക്കുവാൻ ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെടുകയായിരുന്നു എന്നൊരു തോന്നൽ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ മാനദണ്ഡങ്ങൾ വെച്ച് അളന്നെപ്പോഴെല്ലാം ഇടതുപക്ഷത്തിനും അവരുടെ അനുഭാവികൾക്കും തോന്നിയിട്ടുണ്ടാവും. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽവർഷങ്ങൾ ആകുമ്പോഴേക്ക് ആ തോന്നൽ എത്ര അർത്ഥശൂന്യമായിരുന്നു എന്ന് വ്യക്തമാവുന്നു. നവോത്ഥാന മലയാളിയിൽ നിന്ന് ഹിന്ദുത്വ മലയാളിയിലേക്ക് തരംതാണതിന്റെ തെരുവുദൃശ്യമായിരുന്നു ശബരിമല പ്രക്ഷോഭത്തിൽ കണ്ടത്. ഹിന്ദുത്വ മലയാളി രാഷ്ട്രീയ സ്വത്വം ആയി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയാൻ ഇതിലും വലിയൊരു ഉദാഹരണത്തിന്റെ ആവശ്യമില്ല.

ശബരിമല എന്ന വൈകാരികതയിൽ നിന്നുമാത്രമായി ഉയർന്നുവന്ന കൂട്ടായ്മ ആയിരുന്നുവോ അത്? ശബരിമല വിഷയത്തിൽ മാത്രമൂന്നിക്കൊണ്ട് ഈ വിഷയത്തെ സമീപിച്ചാൽ അത് യാഥാർത്ഥ്യത്തെ മനസ്സിലാക്കാതിരിക്കലാണ്. ഹിന്ദുത്വയുടെ വിത്തുകൾ ആർ.എസ്.എസ് ചില പ്രത്യേക പ്രദേശങ്ങളിൽ നാല് ദശകങ്ങൾക്കുമുമ്പേ വിതച്ചിരുന്നു. അങ്ങനെയുള്ള ഒരു പ്രദേശമാണ് വടക്കൻ കേരളം. ഹിന്ദുത്വ മലയാളിയുടെ രൂപികരണത്തെ മനസ്സിലാക്കുവാൻ വടക്കൻ കേരളത്തിൽ ഇവർ എങ്ങനെ തങ്ങളുടെ പ്രവർത്തനത്തിന്റെ വല പാകി എന്നത് ശ്രദ്ധിച്ചാൽ മതി, ഒപ്പം, അതിലൂടെ ഈ പുതിയ വർഗത്തിന്റെ ഉത്ഭവത്തിലേക്ക് നീളുന്ന വഴികളും വ്യക്തമാവും.

മാറുന്ന വടക്കൻ മലബാർ

ഒരു സാമൂഹിക പഠിതാവ് എന്ന നിലയിൽ വടക്കൻ കേരളത്തിൽ കുറച്ചുകാലം താമസിക്കുകയുണ്ടായി. മലബാറിലെ ഹിന്ദുക്കളിൽ തന്നെ ജാതി, ഉപ-ജാതികൾ, ആചാരങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയുള്ളതിനാൽ, ഏകതാനമായ ഹിന്ദുസ്വത്വം ഒരു കാലത്തും ഉണ്ടായിരുന്നില്ല. മാത്രമല്ല, 1940 മുതൽ വടക്കൻ കേരളത്തിലെ വലിയ ഭൂരിപക്ഷം അവർണരും ദളിത് ഹിന്ദുക്കളുമായ കർഷകരും ഭൂരഹിത തൊഴിലാളികളും രാഷ്ട്രീയമായി ഇടതുപക്ഷത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, വടക്കൻ കേരളത്തിലേക്ക് ഹിന്ദുത്വ പ്രസ്ഥാനത്തിന് 1970കളുടെ അവസാനത്തിൽ മാത്രമാണ് പ്രവേശിക്കാൻ

സാധിച്ചത്. മതരാഷ്ട്രീയവാദം എന്ന പ്രത്യയശാസ്ത്രം ഉപയോഗിച്ച് ഇവിടുത്തെ ഹിന്ദുക്കളെ അണിനിരത്താൻ സംഘ്പരിവാറിന് ചെറിയൊരു കാലയളവിൽ സാധിച്ചു. ബി.ജെ.പി, ആർ.എസ്.എസ് തുടങ്ങിയ ഹിന്ദു വലതുപക്ഷ സംഘടനകൾ ഉപയോഗിക്കുന്ന വിശാലമായ തന്ത്രങ്ങളും വിദ്യകളും ഇന്ത്യയിലുടനീളം സമാനമാകുമെങ്കിലും വടക്കൻ കേരളത്തിലെ ഇവരുടെ ഉയർച്ചക്ക് മറ്റ് ചില സവിശേഷതകളുണ്ട്. ഹിന്ദുത്വ ദേശീയതയുടെ ഈ വളർച്ച മനസിലാക്കാൻ വടക്കൻ മലബാറിലെ മാറുന്ന ബൗദ്ധിക സാഹചര്യങ്ങളും, വളർന്നു വരുന്ന ജാതി-മത സ്വത്വരാഷ്ട്രീയവും, മാറുന്ന ലിംഗബന്ധങ്ങളും, മത്സരപരമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും സൂക്ഷ്മമായി വിലയിരുത്തേണ്ടതായിട്ടുണ്ട്.
പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ, സി.പി.എമ്മിന്റേയും ആർ.എസ്.എസിന്റെയും ഓർഗനൈസേഷണൽ ഘടനയും, ദൈനംദിന പ്രവർത്തന ശൈലികളും, അവരുടെ രാഷ്ട്രീയഎതിരാളികളെ നേരിടാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളും എല്ലാം സമാനമാണ്. ഈ രണ്ടു രാഷ്ട്രീയസ്ഥാപനങ്ങളും കേഡർ അധിഷ്ഠതമായതുകൊണ്ട് ഗ്രാമീണതലത്തിലും വാർഡുതലത്തിലും പ്രതിബദ്ധരായ പ്രവർത്തകരെ നിയമിക്കുവാൻ അവർക്കു സാധിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ ഈ രണ്ടു സ്ഥാപനങ്ങൾക്കും അവരുടെ അംഗങ്ങളും അനുഭാവികളുടെയും ഇടയിലും kinship-like ബന്ധങ്ങൾ ഉണ്ടാക്കുവാനും സാധിച്ചിട്ടുണ്ട്.

കെ.ബി. ഹെഡ്​ഗേവാർ, എം.എസ്​. ഗോൾവാൾക്കർ എന്നിവരു​ടെ ഛായാചിത്രങ്ങൾ
കെ.ബി. ഹെഡ്​ഗേവാർ, എം.എസ്​. ഗോൾവാൾക്കർ എന്നിവരു​ടെ ഛായാചിത്രങ്ങൾ

ഗ്രാമങ്ങളിലെ ആർ.എസ്.എസ് പ്രവർത്തകർ ഹിന്ദു എന്ന ബോധത്തിലൂന്നിക്കൊണ്ടുള്ള സ്‌നേഹബന്ധങ്ങളും സാഹോദര്യവും സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്. അതിനാൽ, ഒരാളുടെ പ്രശ്‌നം (അതായത് ഹിന്ദുവിന്റെ പ്രശ്‌നം) എല്ലാവരുടെയും പ്രശ്‌നമായി ഇവർ കാണുകയും ചെയ്യുന്നു. സ്വന്തം പാർട്ടിക്കാരോടുള്ള സ്‌നേഹം പോലെ തന്നെ ആഴമുള്ളതാണ് അവരുടെ എതിരാളികളോടുള്ള വെറുപ്പും. ഈ രണ്ടു വികാരങ്ങളാണ് നേതാക്കൾ എതിർ-പാർട്ടികളെ തോൽപ്പിക്കാനും അവരിൽ ഭീതി ഉണ്ടാക്കാനും സമയാസമയം ഉപയോഗിക്കുന്നത്.

പ്രകോപിതരായ സവർണർക്ക് ഒരു സുവർണാവസരം

സവർണ വരേണ്യവർഗങ്ങൾക്കിടയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി മനസിലാക്കാൻ, വടക്കൻ കേരളത്തിന്റെ രാഷ്ട്രീയ-സമ്പദ്വ്യവസ്ഥയിലെ മാറ്റം വിശകലനം ചെയ്യേണ്ടതാണ്. കേരളത്തിലെ അധികാര-രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒരു പ്രധാന നിമിഷം ഭൂപരിഷ്‌കരണഘട്ടമാണ്. സവർണ ജന്മികൾക്കെതിരെ ദരിദ്രരും അവർണരുമായ കർഷകരെയും ഭൂരഹിതരായ ആദിവാസി/ദളിത് തൊഴിലാളികളെയും വിജയകരമായി സമാഹരിക്കുന്നതിലൂടെ, 1935നും 1960നും ഇടയിൽ ഏതാനും കയ്യിലെണ്ണാവുന്ന ജന്മികളുടെ പിടിയിലായിരുന്ന എല്ലാ പ്രദേശങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ സാന്നിദ്ധ്യം സ്ഥാപിക്കാൻ കഴിഞ്ഞു. ജന്മിത്തത്തിനെതിരായ കർഷക സമരങ്ങളൊക്കെയും അക്രമാസക്തം ആയിരുന്നു, അതിനാൽ തന്നെ ഈ സമരങ്ങൾ പുരുഷന്മാർക്കിടയിൽ അമിത-ആണത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ കാലഘട്ടത്തിലെ സഖാക്കന്മാരുടെ ഈ ‘revolutionary hypermasculinity' പിന്നീടുള്ള രാഷ്ട്രീയത്തിലും, സാഹിത്യത്തിലും സിനിമകളിലും ഏറെ ജനപ്രീതി നേടിയ ഇമേജ് ആയി മാറുകയും ചെയ്തു.

കേരളത്തിൽ ഭൂപരിഷ്​കരണ ദേദഗതി നിയമം പ്രാബല്യത്തിലായ വാർത്തയുമായി ഇറങ്ങിയ ‘ജനയുഗം’, (1970 ജനുവരി ഒന്ന്​)
കേരളത്തിൽ ഭൂപരിഷ്​കരണ ദേദഗതി നിയമം പ്രാബല്യത്തിലായ വാർത്തയുമായി ഇറങ്ങിയ ‘ജനയുഗം’, (1970 ജനുവരി ഒന്ന്​)

ഭൂപരിഷ്‌കരണ വേളയിൽ ഭൂമിയും അധികാരവും നഷ്ടപ്പെട്ട സവർണ വരേണ്യരാണ് ഇപ്പോൾ വടക്കൻ മലബാറിലെ ഹിന്ദുത്വ പ്രസ്ഥാനത്തിന് പ്രാദേശിക നേതൃത്വം നൽകുന്നത്. കമ്യൂണിസ്റ്റുകൾക്ക് എതിരെയുള്ള പോരാട്ടം നടത്താനുള്ള സുവർണാവസരമായിട്ടാണ് അവർ ഹിന്ദു ദേശീയതയെ കാണുന്നത്. ഈ സവർണ പുരുഷന്മാർ കോൺഗ്രസുമായി ഏറെക്കാലം ബന്ധപ്പെട്ടിരുന്നുവെങ്കിലും, അവരുടെ കോപവും വിദ്വേഷവും പ്രകടിപ്പിക്കാൻ ഹിന്ദുത്വ രാഷ്ട്രീയം ഉചിതമായ വേദി നൽകിയിട്ടുണ്ട്. ഇതുകൂടാതെ തന്നെ ഈ പ്രദേശത്തെ മുസ്‌ലിംകൾ ഗൾഫ് കുടിയേറ്റത്തിലൂടെ നേടിയ സാമ്പത്തിക വളർച്ചയും ഇവരെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അങ്ങനെ മതന്യൂനപക്ഷങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ ഭീതിയോടെ കാണുന്നവർക്ക് ഹിന്ദുത്വ രാഷ്ട്രീയവാദം ആകർഷകമായി തീർന്നു.

സ്വപ്നങ്ങളുടെ രാഷ്ട്രീയം

ഭൂപരിഷ്‌കരണത്തിനുശേഷമുള്ള കാലഘട്ടത്തിൽ കേരളത്തിലെ കാർഷിക മേഖലയിൽ ചെറുകിട-ഇടത്തരം ഭൂവുടമകളിൽ ഗണ്യമായ വർധനയുണ്ടായി. ഒരുപക്ഷേ പ്രതീക്ഷിച്ചതുപോലെ, എല്ലാ കർഷകർക്കും തുല്യ പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഓരോ തലമുറയിലും ഭൂവിഭജനം മൂലം ഭൂമിയുടെ വലുപ്പം കുറയുമ്പോൾ, വളരെ ചെറിയ ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർ കാർഷിക മേഖലയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതുമൂലം 1991 മുതൽ കേരളത്തിലെ കൃഷിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
വടക്കൻ കേരളത്തിലെ ഗ്രാമങ്ങൾ കാർഷിക പ്രതിസന്ധി നേരിടാൻ തുടങ്ങിയിട്ട് ഏകദേശം രണ്ടു ദശകങ്ങൾ ആയി. അതിനാൽ, കാർഷികേതര മേഖലയിൽ (non-farm) തൊഴിലവസരങ്ങൾ തേടാൻ ദരിദ്രരായ കർഷകരും കർഷകതൊഴിലാളികളും നിർബന്ധിതരാവുന്നു. കാർഷികേതര ജോലികൾ ചെയ്യാൻ ആവശ്യമുള്ള അറിവും വൈദഗ്ധ്യവും ഇല്ലാത്തതിനാൽ, കാസർഗോഡ് പോലെ കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ആളുകൾ വളരെ ചെറിയ വേതനത്തിൽ ക്വാറികൾ പോലുള്ള സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ തയാറാവുന്നു. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ചെറുകിട ഭൂവുടമകൾ, ദളിതർ, ആദിവാസി തൊഴിലാളികൾ എന്നിവരെയാണ്.
ഈ പ്രതിസന്ധികളെ ആഴത്തിൽ മനസ്സിലാക്കാനും അവയ്ക്കു സർഗാത്മകമായ പരിഹാരങ്ങൾ കണ്ടെത്താനും ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, പ്രാദേശിക തലത്തിലുള്ള ശിങ്കിടി മുതലാളിമാരുടെയും വരേണ്യ വർഗത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവരായി ഈ പ്രദേശത്തെ പല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും തയ്യാറാവുകയും ചെയ്തിട്ടിണ്ട് എന്നത് ദുഃഖകരമായ വസ്തുതയാണ്. തൽഫലമായി, ഒരുകാലത്ത് രാഷ്ട്രീയ ഇടതുപക്ഷത്തോട് പ്രതിബദ്ധത പുലർത്തിയിരുന്ന പല കുടുംബങ്ങളും പാർട്ടിയിൽ നിന്ന് കൂടുതൽ അകന്നുമാറാനും ഇടയായി. അങ്ങനെ, ഈ പ്രദേശത്തെ നിരവധി തിയ്യ, ആദിവാസി തൊഴിൽരഹിത യുവാക്കൾ ഇന്ന് സി.പി.എമ്മിന് ബദൽ ആയി ബി.ജെ.പിയെ കാണുകയും ചെയ്യുന്നു. ഉദാഹരണത്തിന്, മരിച്ചു പോയ അച്ഛൻ ഗ്രാമത്തിലെ വലിയ മാർക്‌സിസ്റ്റ് പാർട്ടിക്കാരൻ ആയിരുന്നെങ്കിലും ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച ഒരു യുവാവിനോട് ഗവേഷണത്തിന്റെ ഭാഗമായി ഞാൻ സംസാരിച്ചപ്പോൾ പറഞ്ഞ രസകരമായ കാര്യം ഇതായിരുന്നു: ‘നാട്ടിലെ മാർക്‌സിസ്റ്റ് പാർട്ടിക്കാർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പണ്ടത്തെ ക്യൂബ, റഷ്യൻ വിപ്ലവത്തെ കുറിച്ചും ഇവിടെ അവർ ഭൂവുടമകൾക്കെതിരെ നടത്തിയ സമരത്തെക്കുറിച്ചും മാറുമറക്കൽ സമരത്തെക്കുറിച്ചുമൊക്കെയാണ് തിരഞ്ഞെടുപ്പ് സമയങ്ങളിൽ പറയുക. വികസനത്തെ കുറിച്ചൊന്നും അവർ പറയാറില്ല. എന്നാൽ ബി.ജെ.പി നേതാക്കളാകട്ടെ നാട്ടിൻപുറത്തെ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു.'

‘Politics of Redistribution' പരാജയപ്പെടുമ്പോൾ

1990മുതൽ കേരളം സാക്ഷ്യം വഹിച്ച സാമ്പത്തിക വളർച്ചയുടെ കാലഘട്ടത്തിൽ തന്നെ ഇവിടെ വരുമാന അസമത്വവും സാമൂഹിക സംഘർഷങ്ങളും പലമടങ്ങ് ഉയർന്നിട്ടുണ്ട് എന്നതാണ് സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത്.
നവലിബറൽ സമ്പദ്വ്യവസ്ഥയിൽ സാമൂഹ്യ-മേഖലകളിലെ ചെലവുകളുടെ കാര്യത്തിൽ സർക്കാരിന്റെ പിന്മാറ്റം പ്രകടമാണ്. സർക്കാരിന്റെ സോഷ്യൽ സെക്ടർ സ്പെൻഡിങ് കുറയുമ്പോൾ ഈ മേഖലകളിൽ സ്വകാര്യവൽക്കരണം വലിയതോതിൽ നടക്കുവാനും തുടങ്ങി. കേരളത്തിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലും ഏറ്റവും വലിയ സ്വകാര്യ പങ്കാളിത്തം ഇവിടുത്തെ ജാതി-മത സമുദായങ്ങൾക്കാണെന്നതും ഒരു പ്രത്യേകതയാണ്. ഇവർ നടത്തുന്ന സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും സ്വന്തം സമുദായക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. അതിനാൽ, സമുദായങ്ങൾക്കിടയിൽ ജാതി-മതബോധം കൂടുതൽ ആഴത്തിൽ വേരുപടർത്തിയിരിക്കുന്നു.
എല്ലാവർക്കുമിടയിൽ അവകാശങ്ങളും വിഭവങ്ങളും redistribute ചെയ്യാനുള്ള മുമ്പത്തെ welfare-state നയങ്ങൾ മാറി ഇപ്പോൾ നവലിബറൽ വ്യക്തിവാദത്തിനാണ് ഊന്നൽ കൊടുക്കുന്നത്. വ്യക്തികളും കുടുംബങ്ങളും തങ്ങളുടെ ബൗദ്ധികസാഹചര്യങ്ങൾക്ക് മാറ്റം വരുത്താൻ ‘സ്വയം സഹായം' (self-help) ചെയ്യണം എന്നുള്ളതാണ് അതിന്റെ അർഥം. ഈ മാറ്റം വരേണ്യർക്കും മധ്യവർഗ കുടുംബങ്ങൾക്കും വലിയ നഷ്ടം ഉണ്ടാക്കില്ലെങ്കിലും, ദരിദ്രരായ ആദിവാസി, ദളിത്, മൽസ്യത്തൊഴിലാളികൾ പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന വലിയ അനീതിയാണ്.
കാസർഗോഡ് ജില്ലയിലെ ആദിവാസി കുടുംബങ്ങൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്​. ആദിവാസികളുടെ താൽപര്യങ്ങളെ മുഖ്യധാരാ മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒരിക്കലും സംരക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ഇടതു സർക്കാരിന്റെ ഈ വ്യതിചലനമാണ് വടക്കൻ കേരളത്തിലെ പല ആദിവാസി കുടുംബങ്ങളെയും അവരിൽ നിന്ന് അകറ്റാൻ കാരണമായത്. ഇങ്ങനെ ദരിദ്ര- ഒ.ബി.സി-ദളിത്- ആദിവാസി കുടുംബങ്ങളിലെ തൊഴിൽരഹിത യുവാക്കൾ ഇന്ന് സി.പി.എം-ആർ.എസ്.എസ് അക്രമ രാഷ്ട്രീയത്തിന്റെ കാൽനട സൈനികരായി മാറിക്കഴിഞ്ഞു. വടക്കൻ കേരളത്തിലെ അക്രമരാഷ്ട്രീയത്തിലെ കുറ്റവാളികളും ഇരകളും രണ്ടും ഈ സമുദായങ്ങളിലെ ചെറുപ്പക്കാർ തന്നെയാണ്.

സ്ത്രീ മുന്നേറ്റം ഭയക്കുന്ന ഹിന്ദുത്വവാദികൾ

കുറഞ്ഞ വരുമാനമുള്ള സർക്കാർ-നിയന്ത്രിത സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉയർന്ന- ഉപഭോക്തൃ സമൂഹത്തിലേക്കുള്ള മാറ്റം സമകാലിക കേരളത്തിൽ പുതിയ പ്രതിസന്ധികളും അസമത്വങ്ങളും അവസരങ്ങളും അഭിലാഷങ്ങളും സൃഷ്ടിച്ചു. സാമ്പത്തിക- സാമൂഹിക മാറ്റത്തി തായ ഈ സാഹചര്യത്തിൽ, പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിന്റെയും സാമൂഹിക-സാമ്പത്തിക ഉയർച്ച നേടുന്നതിന്റെയും ഉത്തരവാദിത്തങ്ങളും ഭാരങ്ങളും സ്ത്രീകളുടെമേൽ വർദ്ധിച്ചുവരികയാണ്. മുതലാളിത്തത്തിന്റെയും ആഗോളസമ്പദ്ഘടനയുടെയും പ്രധാന വിഭവമായി (resource) സ്ത്രീകളുടെ അധ്വാനം ഉയർന്നു വന്നിരിക്കുന്നു. സമകാലിക വികസന നയങ്ങളും സർക്കാർ നടത്തുന്ന കുടുംബശ്രീ പോലെയുള്ള ദാരിദ്ര്യ-നിർമാർജന പരിപാടികളും സ്ത്രീകളെ പ്രാഥമിക ഏജന്റുമാരായി ലക്ഷ്യമിടുന്നു. ഗ്രാമീണ വടക്കൻ കേരളത്തിലെ പുരുഷന്മാർക്ക് തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, പല കുടുംബങ്ങളും സ്ത്രീകളുടെ അദ്ധ്വാനത്തിലും കുടുംബശ്രീയിലൂടെ ലഭിക്കുന്ന welfare resources നെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. കുടുംബശ്രീ പദ്ധതിയിലൂടെ ഇന്ന് വടക്കൻ കേരളത്തിലെ സ്ത്രീകൾക്ക് അവരുടെ സാന്നിധ്യം പൊതുരംഗത്ത് വലിയ തോതിൽ അറിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളിൽ ഇന്ന് കുടുംബശ്രീ സ്ത്രീകൾ സജീവ പങ്ക് വഹിക്കുനുണ്ട്. കുടുംബശ്രീയിലൂടെ നേടിയ അനുഭവം കൊണ്ട് ഇന്ന് പല സ്ത്രീകളും പഞ്ചായത്തുകളിലും നഗരസഭകളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായും പ്രവർത്തിക്കുന്നു.
സ്ത്രീകളുടെ ഈ മുന്നേറ്റം പുരുഷന്മാർക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. കുടുംബങ്ങളുടെ നിലനിൽപ്പിന് സ്ത്രീകളുടെ പങ്ക് വർധിക്കുമ്പോൾ തന്നെ കുടുംബത്തിന്റെ ദാതാക്കളാകാനുള്ള പുരുഷന്മാരുടെ കഴിവ് ദുർബലപ്പെടുന്നതുമൂലം, ഗാർഹിക സ്ത്രീ-പുരുഷ ബന്ധങ്ങളിൽ വലിയ മാറ്റം സംഭവിക്കുന്നു. കുടുംബത്തിനുള്ളിൽ സംഭവിച്ച പുരുഷന്മാരുടെ ഈ പദവി നഷ്ടം നികത്താൻ അവർ പലപ്പോഴും ഗാർഹിക പീഡനത്തിലൂടെ സ്ത്രീകളെ ആക്രമിക്കുന്നു, അവർക്കുള്ളിൽ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പൊതുരംഗത്തെ സ്ത്രീകളുടെ മുന്നേറ്റം ഭയത്തോടെ കാണുന്ന ഈ പുരുഷന്മാർ, പൊതുരംഗത്തെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്താൻ പിതൃമേധാവിത്വചിന്തകൾ വച്ചുപുലർത്തുന്ന സാമൂഹിക സംഘടനകളിലേക്കും രാഷ്ട്രീയപാർട്ടികളിലേക്കുമാണ് തിരിയുന്നത്. ഹിന്ദുത്വ ദേശീയതയും അതിന്റെ പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളും കുടുംബത്തിലും തൊഴിൽ മേഖലയിലും പൊതുരംഗങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന ലിംഗരാഷ്ട്രീയം കാരണം പ്രതിസന്ധി നേരിടുന്ന പുരുഷന്മാർക്ക് അനുയോജ്യമായ വേദിയായി മാറുന്നു. ശബരിമല വിഷയത്തിൽ കേരളത്തിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതികരണങ്ങളിൽ നിന്ന് ഇത് വളരെ വ്യക്തമാണ്. പുരുഷാധിപത്യ ലിംഗബന്ധം നിലനിർത്താൻ കഴിയുന്ന ഒരു പ്രധാന ഉപകരണമായി ഹിന്ദുത്വ ദേശീയത മാറുന്നു.

വടക്കൻ കേരളത്തിൽനിന്ന് നാം പഠിക്കേണ്ടത്

വടക്കൻ ജില്ലകളിലെ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ വളർച്ചയും അവിടുത്തെ അക്രമരാഷ്ട്രീയത്തിന്റെ ഭയാനക കാഴ്ചകളും കേരളം ഇനി കണ്ടില്ല എന്ന് നടിക്കരുത്. ഹിന്ദു ദേശീയത കേരള സമൂഹത്തിന്റെ അരികുകളിൽ നിന്ന് അതിന്റെ കേന്ദ്രത്തിലേക്ക് മാറിയെന്നതിൽ സംശയമില്ല. ഹിന്ദു ദേശീയതയുടെ "യാഥാസ്ഥിതിക വിപ്ലവം' (നരവംശശാസ്ത്രജ്ഞൻ തോമസ് ബ്ലോം ഹാൻസെൻ തന്റെ ‘The Saffron Wave' എന്ന പുസ്തകത്തിൽ ഹിന്ദു ദേശീയതയെ പരാമർശിക്കുന്നതുപോലെ) കേരളം ഉടനീളവും പടർന്നു കഴിഞ്ഞിരിക്കുന്നു.

‘The Saffron Wave' കവർ
‘The Saffron Wave' കവർ

ഹിന്ദുത്വ ദേശീയതയുടെ ഉയർച്ച ഒരിക്കലും മതമേഖലയിൽ ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘അപകടത്തിലായ ഹിന്ദുക്കൾ' എന്ന വാചാടോപം ഉപയോഗിച്ച് ആളുകളെ വിജയകരമായി അണിനിരത്തുന്നതിനു പുറമേ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ ഒരു ഇടം സൃഷ്ടിക്കുന്നതിലും അവർ വിജയിച്ചിരിക്കുന്നു. ഈ രാജ്യത്ത് സാമ്പത്തിക പരാജയങ്ങളും വർദ്ധിച്ചുവരുന്ന സാമൂഹിക പിരിമുറുക്കങ്ങളും വിഘടിച്ച ശക്തി മൂലമാണെന്നും, ശക്തമായതും കേന്ദ്രീകൃതവുമായ നേതൃത്വം സ്ഥാപിക്കുന്നതിലാണ് ഏക പരിഹാരമെന്നും ഹിന്ദു വലതുപക്ഷ രാഷ്ട്രീയക്കാർക്ക് ഹിന്ദുക്കളെ വലിയതോതിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും ദരിദ്ര കുടുംബങ്ങളുടെ അതിജീവനശേഷി പോലും ഇല്ലാതാക്കുന്ന നയങ്ങളുടെയും സ്രഷ്ടാവായിട്ടും, തന്റെ പ്രഭാഷണ വൈദഗ്ധ്യവും വ്യക്തിത്വവും കൊണ്ടുമാത്രം ഒരു നേതാവിന് ആളുകളിൽ പ്രതീക്ഷകളും സുരക്ഷിതത്വബോധവും എങ്ങനെ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി നമ്മളെ കാണിച്ചുകൊണ്ടിരിക്കുന്നു.

ഇതിലെല്ലാമുപരി, ഹിന്ദുത്വ ദേശീയവാദികൾക്ക് ഒരു പുതിയ പൊതുസംസ്‌കാരവും നിർമിക്കാൻ കഴിഞ്ഞിരിക്കുന്നു- വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇതിൽ തളിർത്തുവളരുന്നു. ഈ സംസ്‌കാരത്തിന്റെ വേരുകൾ നമ്മുടെയൊക്കെ വീടുകളിലേക്കും അയൽപക്കങ്ങളിലേക്കും വരെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ പൊതുസംസ്‌കാരത്തിനുള്ളിൽ വളരുന്ന ഹിന്ദുത്വ മലയാളികൾ തങ്ങളുടെ ആഴത്തിലുള്ള ജാതീയമായും വർഗീയമായും പുരുഷാധിപത്യപരമായും പലതരം പിന്തിരിപ്പൻ ആശയങ്ങളും ഒരു മടിയും കൂടാതെ പൊതുവേദികളിൽ പറയാനുള്ള ആത്മവിശ്വാസവും നേടിയിരിക്കുന്നു. ഇന്ന് നിരവധി സവർണ പുരുഷന്മാരും സ്ത്രീകളും ഹിന്ദുത്വ മലയാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, മധ്യവർഗ അവർണ കുടുംബങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത പിന്തുണ നേടാൻ പോലും കഴിഞ്ഞിരിക്കുന്നു. എതിരാളികൾ എന്ന് അവർ കരുതുന്ന എല്ലാവരെയും കളിയാക്കിയും, ജയിലിലാക്കിയും കൊന്നും ഒക്കെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു.

Comments