ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ്

ചരിത്രപരമായി നോക്കിയാൽ അയ്യപ്പസങ്കൽപത്തെ മുൻനിർത്തിയുള്ള ആലോചനകൾ കേരള സമൂഹത്തെ ബാധിച്ച സാംസ്‌കാരികാധിനിവേശത്തിന്റെ വിവിധ തലങ്ങൾ കൂടി അനാവരണം ചെയ്യുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തിന്റെയും ഹിന്ദുത്വവൽക്കരണത്തിന്റെയും വർണധർമ താൽപര്യസംരക്ഷത്തിന്റെയും ഉപാധിയായും ഉപകരണമായും 'അയ്യപ്പൻ' എന്ന മിത്തും സങ്കൽപവും മാറിത്തീരുന്ന കാഴ്ചയാണ് ശബരിമല വിവാദങ്ങളിൽ സൃഷ്ടിക്കപ്പെട്ടത്. അയ്യപ്പ സങ്കൽപത്തെ മുൻനിർത്തി ഒരാലോചന

യ്യപ്പൻ എന്ന നാമം ഇന്ന് ആഗോള പ്രശസ്തമായ ഒന്നായി മാറിത്തീർന്നിട്ടുണ്ട്. ശബരിമലക്ഷേത്രത്തിലെ അയ്യപ്പൻ എന്ന ദേവതാ സങ്കൽപമാണ് ഈ ആഗോളപ്രശസ്തിയുടെ കേന്ദ്രം. ചരിത്രപരമായ നിരവധി പരിണാമ പ്രക്രിയയിലൂടെയാണ് ശബരിമലയും അയ്യപ്പനും ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിയിട്ടുള്ളത്.

വിഖ്യാതമായ അയ്യപ്പസങ്കൽപം ശബരിമല കേന്ദ്രീകരിച്ചാണ് അറിയപ്പെടുന്നതെങ്കിലും തമിഴകത്തും കേരളക്കരയിലും പ്രാചീനകാലം മുതൽ ആരാധിക്കപ്പെട്ടിരുന്ന ദേവതാസ്വരൂപമായിരുന്നു അയ്യപ്പൻ. ശബരിമലയിലെ അയ്യപ്പനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കേരളസമൂഹത്തിൽ വളരെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ശബരിമല കേരളത്തിലെ മാത്രം ഒരു വിഷയമായി ചുരുങ്ങിയില്ല, മറിച്ച് അഖിലേന്ത്യാതലത്തിലും ആഗോളതലത്തിൽ തന്നെയും ചർച്ചചെയ്യപ്പെട്ടു. അതുകൊണ്ടുതന്നെ അയ്യപ്പസങ്കൽപത്തെ മുൻനിർത്തിയുള്ള ആലോചന ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ്.

പരിണാമിയായ അയ്യപ്പൻ

ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന തിരുവല്ലാ ചെപ്പേടുകളിൽ അയ്യപ്പനെ സംബന്ധിച്ച പരാമർശങ്ങൾ കാണാം.1 അയ്യപ്പനു നാനാഴി പൂതബെലിക്കു പന്തിരുനാഴി എന്നാണ് തിരുവല്ല ചെപ്പേടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം തന്നെ മലയാളത്തിലെ ഒരു പ്രാചീനകൃതിയായ ഉണ്ണിയച്ചീചരിതത്തിലും അയ്യപ്പനെപറ്റി സൂചനകളുണ്ട്.

പെയ്യും കരുമുകിലിരിൾ നിര നീല
മ്മയ്യെന്റിവകളൊടിയലിന കാന്തിം
പെയ്യും കരകലിതാസിഹതാസുര
മു(യ്യുംവ) ഴിയിൽ വിരെഞ്ഞമരാണാ
മെയ്യും കണചില ചിലയൊടു ദധത
ഞ്ചെയ്യും മൃഗയാവിഹരണ ചതുര
മെയ്യംപിന മണിഭൂഷണരുചിരം
കൊയ്യുമ്മലരണി കുഴല് മകുടോജ്ജ്വല
മ്മെയ്യം പുടയവനുരുവെരി ചെയ്ത
ങ്ങയ്യന്തിരികിലുമുലകുടയോനും
വയ്യന്നിഖിലമ---------------
--------തിരുമകനൈ മനോഹര
മയ്യകോവിലലവിടൈ വിളങ്ങി
ന്റെയ്യൻ തിരുവടിതന്നെയുമമ്പൊടു
കയ്യും കൂപ്പിയവമ്പുനരമൾത
മ്പൊയ്യറ്റഴകി -ാൽ3

ഇവിടെ വർണ്ണിക്കപ്പെടുന്ന അയ്യപ്പൻ, പെയ്യുന്ന കാർമേഘം, കൂരിരുട്ട്, കരിമഷി എന്നിവയുടെ കാന്തിയോട് മത്സരിക്കുന്ന നിറത്തോടു കൂടിയവനും; കൈയിലേന്തിയ വാളോടും, മുറിവേറ്റ അസുരന്മാർ ഓടി രക്ഷപ്പെടുന്ന വില്ലുകളും എയ്യാനെടുത്ത ശക്തമായ അമ്പുകളും സ്വയം ധരിച്ചവനും മൃഗയാലോലനും അണിഞ്ഞിരിക്കുന്ന ആഭരണത്താൽ ശരീരം മുഴുവൻ ശോഭിക്കുന്നവനും പറിച്ചെടുത്ത പൂക്കളും ഉജ്ജ്വലമായ കിരീടവും ചൂടിയ മുടിയോട് കൂടിയവനും; കാമദേവന്റെ ശരീരം ദഹിപ്പിച്ചവനും ഭിക്ഷക്കാരനെങ്കിലും ലോകരക്ഷകനുമായിട്ടുള്ള ശിവന്റെയും, ഭൂമി മുഴുവൻ അളന്ന വിഷ്ണുവിന്റെയും മകനായിട്ടുള്ള അയ്യൻകോവിലിൽ വിളങ്ങുന്ന അയ്യൻതിരുവടിയാണ്. തിരുവല്ല ചെപ്പേടിലെയും ഉണ്ണിയച്ചീചരിതത്തിലെയും വിവരണങ്ങളനുസരിച്ച്, പ്രാചീനകാലം മുതൽ (ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ ലഭ്യമായ രേഖകളനുസരിച്ച്) അയ്യപ്പ ആരാധന കേരളത്തിൽ നിലനിന്നിരുന്നു എന്ന് കരുതാം. ഇതിൽനിന്ന് അയ്യപ്പൻ എന്നത് ശബരിമല മാത്രം കേന്ദ്രീകരിച്ച് രൂപപ്പെട്ട ദേവതാസങ്കൽപമല്ല എന്നാണ് തെളിയുന്നത്.

ശബരിമല കേന്ദ്രീകരിച്ച് ആരാധനയുടെ രേഖകൾ 17-ാം നൂറ്റാണ്ടുമുതലാണ് ലഭിക്കുന്നത്. അതാകട്ടെ ബ്രാഹ്മണേതരമായ ആരാധനകളിലേക്കാണ് വെളിച്ചം വീശുന്നതും.

ഇന്നു കാണുന്ന രീതിയിൽ ശബരിമലയും ‘അയ്യപ്പഭക്തസംഘവും’ രൂപപ്പെട്ടുവരുന്നത് 1950 കൾ മുതലാണെന്ന് രാധികാശേഖർ അവരുടെ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. 4 മാറിവന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ശബരിമലക്ഷേത്രം പ്രസിദ്ധിയിലെത്താൻ ഇടയായതെന്നും രാധികാശേഖർ നിരീക്ഷിക്കുന്നു.

ദേവതകളെ മലമുകളിൽ പ്രതിഷ്ഠിച്ച് ആരാധിക്കുക, കാട്ടിനുള്ളിലെ ദേവതാരാധന, വൃക്ഷത്തിന്റെ ചുവട്ടിൽ ദേവതയെ സങ്കൽപിക്കുക, തീർത്ഥസ്ഥാനങ്ങളിലെ പരിക്രമണം, മുണ്ഡനം, വ്രതം, ജപം, ദേവതകൾക്ക് മദ്യം, മാംസം നിവേദിക്കൽ എന്നിവ ബ്രാഹ്മണേതരമായ ആരാധനാ സമ്പ്രദായമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയെ സംബന്ധിച്ച് വാവരുടെ ചെപ്പേടുകളും കറുപ്പസ്വാമിയെ സംബന്ധിച്ച രേഖകളും പരിശോധിച്ചാൽ ബ്രാഹ്മണാധിപത്യത്തിനു മുൻപ് ശബരിമലയിൽ ആടിനെ ബലി കൊടുത്തിരുന്നതായും കറുപ്പസ്വാമിക്ക് മദ്യം നിവേദിച്ചുള്ള "വെള്ളംകുടി' മുതലായവ നടപ്പിലിരുന്നതായും കാണാം.5

ആദിവാസികളുടേയും മറ്റും ഭൂമി തീർത്ഥസ്ഥാനമാക്കി ബ്രാഹ്മണർ കൈക്കലാക്കുന്ന പ്രക്രിയക്ക് പുരാണങ്ങളുടെ രചനാഘട്ടത്തോളം പഴക്കമുണ്ട്. ആദിവാസികളും മറ്റ് ഗോത്രവർഗ്ഗക്കാരും ആരാധന നടത്തി വന്നിരുന്ന സ്ഥലങ്ങളെ തീർത്ഥസ്ഥാനമാക്കി മാറ്റിയാണ് ബ്രാഹ്മണർ ഭൂമി കൈക്കലാക്കിയിരുന്നതെന്ന് വി.എസ്. അഗർവാൾ നിരീക്ഷിക്കുന്നുണ്ട്.6

ഇത്തരത്തിൽ ശബരിമലയിലെ ബ്രാഹ്മണേതരമായ പാരമ്പര്യം അവിടെയുണ്ടായിരുന്ന ആദിവാസികളുടെ അവകാശവും മറ്റും പരിശോധിച്ചാൽ ശബരിമലയും അവിടുത്തെ അയ്യപ്പസങ്കൽപവും കാലക്രമത്തിൽ ബ്രാഹ്മണവൽക്കരിക്കപ്പെട്ട ഒന്നാണെന്ന് കാണാം. ശബരിമല ഒരു പ്രാചീന ‘പുണ്യതീർത്ഥ' സ്ഥാനമായി ബ്രാഹ്മണപുരാണപാരമ്പര്യങ്ങളിലൊന്നും തന്നെ അടയാളപ്പെടുന്നില്ല. ഇത് തെളിയിക്കുന്നത് ശബരിമല വളരെ പിൽക്കാലത്ത് മാത്രമാണ് രൂപാന്തരപ്പെടുന്നത് എന്നാണ്. 1900 ത്തിന്റെ മദ്ധ്യത്തിലാണ് ചില സവിശേഷസാഹചര്യത്തിൽ ശബരിമല പ്രസിദ്ധമാവാൻ തുടങ്ങുന്നത്.7

ശബരിമലയേയും അയ്യപ്പനെയും സംബന്ധിച്ച് ഇത്തരം സങ്കീർണ്ണതകൾ ഈ വിഷയങ്ങളെ കൂടുതൽ സൂക്ഷ്മപഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട് എന്നാണ് ബോധ്യപ്പെടുത്തുന്നത്.

അയ്യപ്പ ആരാധനയെ സംബന്ധിച്ച് തിരുവല്ല ചെപ്പേടിലും ഉണ്ണിയച്ചീചരിതത്തിലും മറ്റും സൂചനകൾ ഉണ്ടെങ്കിലും പുരാണങ്ങളിലൊന്നുംതന്നെ അയ്യപ്പചരിതങ്ങൾ ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 19-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭൂതനാഥോപഖ്യാനമാണ് അയ്യപ്പചരിതങ്ങൾ വിവരിക്കുന്ന ഒരടിസ്ഥാനഗ്രന്ഥമായി കരുതപ്പെടുന്നത്. ഭൂതനാഥോപഖ്യാനത്തിലെ കഥയനുസരിച്ച് പന്തളത്തെ രാജശേഖരൻ എടുത്തുവളർത്തിയ പുത്രനാണ് ‘മണികണ്ഠ' നെന്ന അയ്യപ്പൻ.

ആധുനികകാലത്തുണ്ടായ ഒരു കഥയിലാണ് അയ്യപ്പൻ പന്തളവുമായി ബന്ധപ്പെടുന്നത്. മോഹിനിയിലുണ്ടായ ഹരിഹരപുത്രന്റെ കഥ ആഗമങ്ങളിലും മറ്റും കാണുന്നുണ്ടെങ്കിലും പന്തളവുമായി ഇക്കഥകൾക്കൊന്നും ഒരു ബന്ധവുമില്ല. പ്രാചീന ആഗമങ്ങളിൽ ഹരിഹരപുത്രന്റെ ഉൽപത്തി വിവരിക്കുമ്പോൾ ആ പുത്രനെ പന്തളം രാജാവ് എടുത്തുവളർത്തിയ ചരിത്രം പരാമർശിക്കുന്നില്ല എന്നത് സൂചിപ്പിക്കുന്നത്, അയ്യപ്പന്റെ കഥയുമായി പന്തളം നാടുവാഴികൾ തങ്ങളുടെ കൊട്ടാരം കഥകളെ കൂട്ടിച്ചേർക്കുന്നത് പിൽക്കാലത്ത് മാത്രമാണ് എന്നാണ്.

അയ്യപ്പൻ ‘തുട പിളർന്ന്' ഉൽഭവിച്ചതാണെന്ന കഥ നിലനിൽക്കുന്നുണ്ട്. ഇത് അയ്യപ്പജനനത്തിന്റെ ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ അയ്യപ്പൻ മാത്രമല്ല, ‘തുട പിളർന്ന്' സൃഷ്ടിക്കപ്പെട്ടതെന്ന് താന്ത്രികഗ്രന്ഥങ്ങൾ പരിശോധിച്ചാലറിയാം. കറുപ്പസ്വാമിയുടെ ഒരു ധ്യാനശ്ലോകത്തിൽ പ്രസ്തുത ദേവൻ തുടയിൽ നിനുൽഭവിച്ചതാണെന്ന് പരാമർശിക്കുന്നുണ്ട്.

മാലാശൂലം കുഠാരം വരമഭയധനു
ശ്ചക്രഖേടം കൃപാണം
ഹസ്‌തൈഃ ശക്ത്യഗ്നിപാശാൻ ശശധരശകലം
ഘോരനേത്രത്രയം ച
കണ്‌ഠേ നാഗാദിരത്‌നാഭരണശതയുതം
നീലഗാത്രം സുകേശം
ദേവം നീലാബരാഢ്യം സകലഭയഹരം
ഹ്യൂരുജം ഭാവയാമി''8

ഈ ധ്യാനസങ്കൽപത്തിൽ മാല, ശൂലം, കുഠാരം, വരദം, അഭയം, വില്ല്, ചക്രം, ഖേടം, വാൾ, ശക്തി, കയറ് എന്നിവ ധരിക്കുന്ന പന്ത്രണ്ട് കൈകളുള്ളവനും; സർപ്പങ്ങൾ, രത്‌നങ്ങൾ മുതലായവയെക്കൊണ്ടുള്ള പല ആഭരണങ്ങളെയും കഴുത്തിൽ അണിഞ്ഞവനും കറുത്ത ദേഹനിറമുള്ളവനും നല്ല തലമുടിയുള്ളവനും നീലവസ്ത്രം ഉടുത്തവനും സകലഭയത്തെയും നശിപ്പിക്കുന്നവനും തുടമേൽ നിന്നുൽഭവിച്ചവനുമായ കറുപ്പസ്വാമിയെയാണ് സ്മരിക്കുന്നത്.

ആഗമങ്ങളിലും മറ്റും കാണുന്ന ഹരിഹരപുത്രനായ ശാസ്താവിന്റെ ഉൽപ്പത്തിചരിത്രങ്ങൾ വ്യക്തമാക്കുന്നത് ശാസ്താവ്/അയ്യപ്പൻ കേരളക്കരയുടെ മാത്രമോ, ശബരിമലയുടേതോ, പന്തളത്തിന്റെതോ മാത്രമായ, ഒരു ദേവത ആയിരുന്നില്ല എന്നാണ്. ഹരിഹരപുത്രനായ അയ്യപ്പൻ ശാസ്താവിന്റെ അവതാരമാണെന്ന പിൽക്കാലകഥകളിലെ ആഗമതന്ത്രഗ്രന്ഥങ്ങളിലെ ശാസ്തൃ- ഉൽപത്തി ചരിതങ്ങൾ തന്നെ നിരസിക്കുന്നുണ്ട്.

വിഷ്ണുവിനും ശിവനുമുണ്ടായ പുത്രനെ ഭീമസംഹിത ‘മഹാശാസ്താവ്' എന്നാണ് വിളിക്കുന്നത്. ആഗമങ്ങൾ അടിസ്ഥാനമാക്കിയാൽ രണ്ട് ഹരിഹരപുത്രന്മാർ ഉണ്ടെന്നുവരും. അതായത് ഹരിഹരപുത്രനായ ശാസ്താവും, ഹരിഹരപുത്രനായ അയ്യപ്പനും. ഇത് നിലനിൽക്കാത്ത ഒരു വാദമാണെന്ന് പറയേണ്ടതില്ലല്ലോ. എന്തെന്നാൽ ആഗമങ്ങളിൽ ഹരിഹരപുത്രനായ ശാസ്താവ് മാത്രമെ ഉള്ളൂ, അയ്യപ്പനില്ല.

‘ദേശീയ ദൈവ’ങ്ങളായ ശിവന്റെയും വിഷ്ണുവിന്റെയും പുത്രനായ ശാസ്താവിന്റെ കഥ ബ്രാഹ്മണ ആഗമപാരമ്പര്യത്തിലുണ്ടെങ്കിലും അയ്യപ്പൻ അവിടെ ഇടം നേടിയിരുന്നില്ല. നായാട്ടുദേവതയായ അയ്യപ്പനെ, ശാസ്താവാക്കി മാറ്റിയപ്പോഴാണ് ഹരിഹരപുത്രനായ അയ്യപ്പന്റെ കഥ രൂപപ്പെട്ടുവന്നത്. അതേസമയം ശാസ്താവും അയ്യപ്പനും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചരിത്രത്തിൽ അവസാനിക്കുന്നില്ല. നായാട്ടുദൈവമായ ശാസ്താവിനെപറ്റി തന്ത്രഗ്രന്ഥങ്ങളിൽ പരാമർശം കാണാം.

15-16 നൂറ്റാണ്ടുകളിൽ കേരളത്തിൽ രചിക്കപ്പെട്ട തന്ത്രസാരസംഗ്രഹമെന്ന ഗ്രന്ഥത്തിൽ ‘നായാട്ടു കഴിഞ്ഞ് കുതിരപ്പുറത്ത് കയറി ഇരിക്കുന്നവനും ദാഹമുള്ളവനുമായ' ശാസ്താവിനെ സങ്കൽപിക്കുന്നുണ്ട്.9
പശ്ചിമഘട്ടത്തിലെ കുർഗുകളുടെയും മറ്റ് ഗോത്രവർഗ്ഗക്കാരുടെയും ഇടയിൽ നായാടിയായ അയ്യപ്പന്റെ കഥകൾ കാണാനാവും. കൊടഗിലുള്ളവരുടെ ‘ശാർത്താവുടെ' പാട്ടനുസരിച്ച് അയ്യപ്പൻ ഒരു നായാടിയാണ്. ഈ പാട്ടനുസരിച്ച് വില്ലും അമ്പും ധരിച്ച് നായകളുമായി നായാട്ടിന് പോകുന്നവനാണ് അയ്യപ്പൻ. നായകളുടെ സ്ഥാനത്ത് പുലികളാണ് കേരളത്തിലെ അയ്യപ്പന്റെ സഹയാത്രികരെന്ന് മാത്രം.

കേരളത്തിലെ അയ്യപ്പനോട് സാദൃശ്യമുള്ള മറ്റൊരു ദേവതയാണ് തമിഴ്‌നാട്ടിലെ ‘കുതിരപ്പുറത്ത് സഞ്ചരിക്കുന്ന അയ്യനാർ' എന്ന ഗ്രാമദൈവം. ആയ് രാജാക്കന്മാരുടെ കുലദൈവമാണ് അയ്യനാരെന്നും കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ കീഴാളജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികൂടിയാണ് ‘അയ്യപ്പൻ' അഥവാ അയ്യനാർ. വലതുകൈയിൽ വാളും ധരിച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ദേവതയാണ് ഈ അയ്യനാർ. ചരിത്രപരമായി നോക്കിയാൽ അയ്യപ്പന്റെയും ശാസ്താവിന്റെയും കഥകളിലും സങ്കല്പങ്ങളിലും നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങളും സങ്കീർണ്ണതകളും ബ്രാഹ്മണവൽക്കരണത്തിന്റെ അടരുകളാണ് വെളിപ്പെടുത്തുന്നത്.

ആരാണ് അയ്യപ്പൻ?

പാലാഴിമഥന സന്ദർഭത്തിൽ പാലാഴിയിൽ നിന്ന് ഉയർന്നുവന്ന അമൃത് അസുരന്മാർ അപഹരിച്ചു; ഈ അമൃത് അസുരഹസ്തങ്ങളിൽ നിന്ന് വീണ്ടെടുക്കുവാൻ മഹാവിഷ്ണു ‘മോഹിനിരൂപം' പൂണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച് അവരിൽ നിന്ന് അമൃത് കൈക്കലാക്കി ദേവന്മാർക്ക് നൽകി. പ്രസ്തുത മോഹിനി രൂപം വീണ്ടും കാണുവാൻ മഹാദേവൻ അതിയായി ആഗ്രഹിച്ച വേളയിൽ മഹാവിഷ്ണു വീണ്ടും മോഹിനിരൂപം സ്വീകരിച്ച് മഹാദേവന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

മോഹിനിരൂപം കണ്ട് മോഹിതനായ ശിവന് വിഷ്ണുവിൽ ഉണ്ടായ പുത്രനാണ് അയ്യപ്പൻ എന്നത്രെ പ്രസിദ്ധമായ കഥ. ഈ പുത്രൻ വിഷ്ണുവിന്റെ തുട പിളർന്നാണ് പുറത്തുവന്നതും. ശിവോപാസകനും സന്താനമില്ലാതെ വിഷമിക്കുകയും ചെയ്ത പന്തളം രാജാവിന് ഈ പുത്രനെ മഹാദേവൻ പ്രസാദിച്ചു നൽകി എന്നും അവതാരകൃത്യങ്ങൾ പൂർത്തിയാക്കിയ അയ്യപ്പൻ ശബരിമലയിൽ കുടികൊണ്ടു എന്നുമാണ് ‘പന്തളം കൊട്ടാരവുമായി' ബന്ധപ്പെട്ട അയ്യപ്പന്റെ സുപ്രസിദ്ധമായ ഐതിഹ്യം.

കാലക്രമത്തിൽ ബ്രാഹ്മണർ ശബരിമലയിലെ പൂജാദികർമ്മങ്ങൾ ഏറ്റെടുക്കുന്നതോടെ ശബരിമലയിലെ അയ്യപ്പസങ്കൽപം സമ്പൂർണമായി ബ്രാഹ്മണവൽക്കരിക്കപ്പെടുകയും അയ്യപ്പപൂജ എന്ന പേരിൽ ബ്രാഹ്മണർ ശാസ്തൃപൂജകൾ നടത്തിവരികയും ചെയ്തു. ഒരു പ്രത്യേക ഘട്ടത്തിൽ ‘ശബരിമല ശ്രീധർമശാസ്താക്ഷേത്രം' എന്ന ക്ഷേത്രത്തിന്റെ പേര് ‘ശബരിമല അയ്യപ്പസ്വാമിക്ഷേത്രം' എന്ന് മാറ്റുന്നതിനും അധികാരികൾ ശ്രമിച്ചു. അയ്യപ്പൻ ‘നൈഷ്ഠിക ബ്രഹ്മചാരി' യാണ് എന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പുനർനാമകരണ പ്രക്രിയ നടത്താൻ അധികാരികൾ അക്കാലത്ത് തയ്യാറായത്. നൈഷ്ഠിക ബ്രഹ്മചാരിയായതിനാൽ ശബരിമലയിൽ ഒരു കാരണവശാലും യുവതികളെ പ്രവേശിക്കാൻ അനുവദിക്കരുതെന്നും വാദിക്കപ്പെട്ടു. ഇത്തരമൊരു സന്ദർഭത്തിലാണ് അയ്യപ്പസങ്കല്പത്തെ സംബന്ധിച്ച വിശ്വാസരൂപം അനുഷ്ഠാനങ്ങളും ചരിത്രപരമായി പഠിക്കേണ്ടിവരുന്നത്.

പുരാണപാരമ്പര്യത്തിൽ അസന്നിഹിതനായ അയ്യപ്പൻ

സംസ്‌കൃതത്തിൽ രചിക്കപ്പെട്ട പ്രസിദ്ധമായ പതിനെട്ട് പുരാണങ്ങളിലെവിടെയും അയ്യപ്പനെ സംബന്ധിച്ച് ഒരു പരാമർശവും കാണാനില്ല. പാലാഴിമഥനത്തിൽ മോഹിനീരൂപം പൂണ്ട വിഷ്ണുവിൽ ശിവൻ അനുരക്തനാവുകയും അവരുടെ ദാമ്പത്യത്തിൽ ജനിക്കുകയും ചെയ്ത പുത്രനാണ് ശാസ്താവെന്നുള്ള പരാമർശം കമ്പരാമായണത്തിലെ ബാലകാണ്ഡത്തിൽ കാണാം. ഈ കഥ സ്‌കന്ദപുരാണത്തിലും പരാമർശിക്കുന്നുണ്ടെങ്കിലും ബാലകന്റെ പേര് ‘അയ്യപ്പൻ' എന്നല്ല ‘ശാസ്താവ്' എന്നാണ്. ശ്രീ മഹാഭാഗവതത്തിൽ അഷ്ടമസ്ന്ദത്തിൽ മോഹിനീ അവതാരത്തെപറ്റി വിശദമാക്കുന്നുണ്ടെങ്കിലും അയ്യപ്പന്റെ നാമം ഭാഗവതകർത്താവിന് അജ്ഞാതമാണ്.

യത്ര യത്രാവതന്മഹ്യാം രേതസ്തസ്യ മഹാത്മന:
താനി രൂപസ്യ ഹേമ്‌നശ്ച ക്ഷേത്രാണ്യാസന്മഹീപതേ
എന്ന മാത്രമാണ് ഭാഗവത (8.12.23) ത്തിൽ പരാമർശം. അതായത്, മഹാത്മായ ശിവന്റെ രേതസ് ഭൂമിയിൽ എവിടെയല്ലാം പതിച്ചുവോ അവിടെയെല്ലാം വെള്ളിയുടേയും സ്വർണ്ണത്തിന്റെയും ഉൽപത്തി സ്ഥാനങ്ങളായി ഭവിച്ചു എന്ന് മാത്രമാണ് ഭാഗവതത്തിൽ പ്രതിപാദിക്കുന്നത്. തുട പിളർന്ന് പിറന്ന പ്രസിദ്ധമായ അയ്യപ്പന്റെ ജനനത്തെ പറ്റി സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ഭാഗവതത്തിൽ ഒരു സൂചനയുമില്ല.

എഴുത്തച്ഛൻ രചിച്ചതായി കരുതപ്പെടുന്ന ഭാഗവതം കിളിപ്പാട്ടിലും മോഹിനീ അവതാരം കഥ വിശദീകരിക്കുന്നുണ്ടെങ്കിലും ശിവനും വിഷ്ണുവിനും ജനിക്കുന്ന അയ്യപ്പനെ പറ്റി ഒരു സൂചനയും ഇല്ല. മറിച്ച് ഒരു പുത്രൻ ജനിച്ചു എന്നു മാത്രമേ ഭാഗവതം കിളിപ്പാട്ടിൽ പരാമർശമുള്ളു.

പിന്നെയും പരിഭ്രമത്തോടു ശങ്കരൻ ചെന്നു
തന്വംഗിതന്നെപ്പുണർന്നീടാൻ മഹാദേവൻ
പുത്രനെക്കൊടുത്തെഴുള്ളിനാൻ മുകുന്ദനും

ഇവിടെ ഒരു പുത്രൻ ജനിച്ചു എന്നു മാത്രമേ പരാമർശിക്കുന്നുള്ളു. പുത്രന്റെ പേര് അയ്യപ്പനാണെന്നോ, അയ്യപ്പനെന്ന പുത്രനെ പന്തളം രാജാവിന് നൽകിയ കഥയോ ഒന്നും തന്നെ ഭാഗവതം കിളിപ്പാട്ടിലും ഇല്ലതന്നെ.
ഇതിൽനിന്നെല്ലാം തെളിയുന്നത് ബ്രാഹ്മണരുടെ പുരാണപാരമ്പര്യത്തിൽ അയ്യപ്പന് ഒരു വിധത്തിലുമുള്ള സ്ഥാനമാനങ്ങളും ബ്രാഹ്മണപൗരോഹിത്യം നൽകിയിരുന്നില്ല എന്നാണ്.

16-17 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്ന മലയാളഭാഷയിൽ എഴുതപ്പെട്ട ഭാഗവതം കിളിപ്പാട്ടിലും അയ്യപ്പകഥയെ പറ്റിയുള്ള പരാമർശങ്ങൾ ഇല്ല എന്നത് സൂചിപ്പിക്കുന്നത്, പുരാണകഥാപാരമ്പര്യത്തിന് ഏറ്റവും കുറഞ്ഞ പക്ഷം 16-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെയെങ്കിലും അയ്യപ്പൻ സ്വീകാര്യനായിരുന്ന ഒരു ‘ഉത്തമദൈവം’ ആയിരുന്നില്ല എന്നുള്ളതാണ്.

അയ്യപ്പനും അയ്യപ്പകഥകളും ബ്രാഹ്മണപുരാണപാരമ്പര്യത്തിന് അജ്ഞാതമായിരുന്നു എന്നത് ബ്രാഹ്മണ്യം അവരുടെ ദേവതാഗണങ്ങളുടെ കൂട്ടത്തിൽ അയ്യപ്പനെ ഉൽപ്പെടുത്തിയിരുന്നില്ല എന്നതിന്റെ തെളിവാണ്. ഇങ്ങനെ ബ്രാഹ്മണപുരാണപാരമ്പര്യം ഒഴിച്ചുനിർത്തിയിരുന്ന അയ്യപ്പനെ പിൽക്കാലത്ത് അവർ കൈക്കൊള്ളുന്നതിന് പിന്നിൽ സവിശേഷമായ നിരവധി ബലതന്ത്രങ്ങൾ ഉണ്ടായിരുന്നു.

പുരാണകഥാപാരമ്പര്യത്തിൽ അയ്യപ്പൻ അജ്ഞാതനാണെന്ന് വരുന്നതോടെ പന്തളം രാജകുടുംബത്തെ സംബന്ധിച്ചും അവർ എടുത്തു വളർത്തിയ മണികണ്ഠൻ എന്ന അയ്യപ്പനെ സംബന്ധിച്ചും ‘പ്രാമാണികമായ' കഥാഖ്യാനങ്ങൾ ഇല്ല എന്നാണ് തെളിയുന്നത്. വാമൊഴി പാരമ്പര്യത്തിലൂടെ പന്തളം കൊട്ടാര നേതൃത്വം ‘പറഞ്ഞുണ്ടാക്കിയ' കഥമാത്രമാണ് മണികണ്ഠനെ എടുത്തു വളർത്തിയ കഥ.

ശബരിമല കൈയടക്കുന്നതിന്റെ ഭാഗമായി പന്തളം നാടുവാഴി പ്രഭുക്കൾ രൂപംകൊടുത്ത ഒരു കഥയാണിത്. മലയരയ വിഭാഗത്തിൽപ്പെട്ട ദമ്പതികൾക്ക് മണികണ്ഠനെ പറ്റിയുള്ള കഥകൾ കീഴാളപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അധികാരത്തിൽ ഇടം പിടിച്ചത് പന്തളവുമായി ബന്ധപ്പെട്ടകഥകളാണ്. കീഴാളപാരമ്പര്യത്തിന് മുകളിൽ ബ്രാഹ്മണ്യകഥാപാരമ്പര്യം നേടിയ മേൽക്കെയാണ് ഇത് കാണിക്കുന്നത്.

തന്ത്രഗ്രന്ഥത്തിലെ ‘അയ്യപ്പൻ'

പുരാണകഥാപാരമ്പര്യത്തിന് എപ്രകാരമാണോ അയ്യപ്പൻ അജ്ഞാതനായിരിക്കുന്നത് അപ്രകാരം തന്നെയായിരുന്നു തന്ത്രപാരമ്പര്യത്തിലും. പ്രാചീന ആഗമങ്ങളിലോ തന്ത്രഗ്രന്ഥങ്ങളിലോ, അയ്യപ്പപൂജകൾ കാണാനേയില്ല. ആഗമഗ്രന്ഥങ്ങളിലോ തന്ത്രഗ്രന്ഥങ്ങളിലോ അയ്യപ്പപൂജകളെ സംബന്ധിച്ച ഒരു പരാമർശവും ഇല്ല എന്ന് തീർത്തുപറയാം.

ബ്രാഹ്മണർ പൂജാദികർമ്മങ്ങൾ നിർവഹിക്കുന്നതിനും ക്ഷേത്രനിർമ്മാണം, ക്ഷേത്രപ്രതിഷ്ഠ എന്നിവ നടത്തുന്നതിനും വേണ്ടി രചിച്ച തന്ത്രഗ്രന്ഥങ്ങളിൽ അയ്യപ്പപൂജയോ അയ്യപ്പന്റ പ്രതിഷ്ഠാക്രിയകളോ വിവരിക്കുന്നില്ല. പ്രസിദ്ധ ആഗമതന്ത്രന്ഥങ്ങളായ അജിതാഗമം, രൗരവാഗമം മുതലായ പ്രാമാണിക ആഗമങ്ങളിൽ ശാസ്തൃപൂജകൾ മാത്രമാണ് വിവരിക്കുന്നത്. ആഗമ-തന്ത്രപാരമ്പര്യത്തിൽ ‘അയ്യപ്പൻ' അജ്ഞാതനാമാവായിരുന്നു എന്ന് ഇതിൽ നിന്നും തെളിയുന്നു.

അയ്യപ്പപൂജകൾ നിർവ്വഹിച്ചുവരുന്ന കേരളീയ ബ്രാഹ്മണരുടെ ആധികാരിക തന്ത്രഗ്രന്ഥങ്ങളിലും അയ്യപ്പപൂജകൾ നിർവഹിക്കുന്നതിനുള്ള ക്രിയാമാർഗ്ഗങ്ങൾ വിശദീകരിക്കുന്നില്ല.അയ്യപ്പന്റെ ക്ഷേത്രം എങ്ങനെയാണ് നിർമിക്കേണ്ടതെന്നോ ബിംബം നിർമിക്കേണ്ടത് എങ്ങനെയാണെന്നോ കേരളീയതന്ത്രഗ്രന്ഥങ്ങൾ ഒരു വിശദീകരണവും നൽകുന്നില്ല.

പതിനാലാം നൂറ്റാണ്ടിന് മുൻപ് കേരളത്തിൽ രചിക്കപ്പെട്ട പ്രയോഗമജ്ഞരി, ശൈവാഗമനിബന്ധനം മുതലായ തന്ത്രഗ്രന്ഥങ്ങൾ ശിവപരമായ പൂജകൾക്കാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. വിഷ്ണുസംഹിത എന്ന തന്ത്രഗ്രന്ഥമാവട്ടെ പാഞ്ചരാത്രവിധാനമനുസരിച്ചുള്ള വിഷ്ണുവിന്റെ പൂജകൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തന്ത്രസമുച്ചയമെന്ന കേരളീയതന്ത്രഗ്രന്ഥത്തിലോ അതിന്റെ വ്യാഖ്യാന രൂപേണയുള്ള 19-ാം നൂറ്റാണ്ടിൽ രചിയ്ക്കപ്പെട്ട മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ കുഴിക്കാട്ടുപച്ച എന്ന തന്ത്രഗ്രന്ഥത്തിലോ അയ്യപ്പന്റെ പൂജകൾ വിവരിക്കുന്നില്ല.

മറ്റ് പ്രാമാണികങ്ങൾ എന്ന് കരുതപ്പെടുന്ന കേരളീയ തന്ത്രഗ്രന്ഥങ്ങളായ ശേഷസമുച്ചയം, തന്ത്രസാരസംഗ്രഹം, കറുത്തപാറാനുഷ്ഠാനം മുതലായ താന്ത്രികകൃതികളിലും അയ്യപ്പപൂജകൾ വിവരിക്കുന്നേയില്ല. ഇവിടെ സൂചിപ്പിച്ച കേരളീയതന്ത്രഗ്രന്ഥങ്ങളിൽ ശാസ്താവ് മാത്രമാണുള്ളത്, അയ്യപ്പനില്ല. കൂടാതെ കേരളീയബ്രാഹ്മണർ തന്ത്രഗ്രന്ഥങ്ങൾ രചിക്കാൻ ആശ്രയിച്ച സുപ്രഭേദാഗമം, അജിതാഗമം മുതലായവയിൽ ശാസ്താവിന്റെ പൂജകളെ സംബന്ധിച്ചും ക്ഷേത്രനിർമ്മാണത്തെ സംബന്ധിച്ചും വിപുലമായ വിവരണങ്ങളാണ് നൽകിയിട്ടുള്ളത്. എവിടെയാണ് ശാസ്താപ്രതിഷ്ഠ നടത്തേണ്ടത്, ബിംബനിർമാണം എപ്രകാരമാണ് എന്നൊക്കെയുള്ള വിശദമായ വിവരണങ്ങൾ അജിതാഗമം, രൗരവാഗമം മുതലായ പ്രാമാണിക ആഗമഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു.

സമുദ്രമഥനകാലത്ത് വിഷ്ണു സ്വീകരിച്ച മോഹിനീരൂപം കണ്ടു മോഹിച്ച ശിവന് ഉണ്ടായ പുത്രനെ സുപ്രഭേദാഗമം ‘മഹാശാസ്താവ്' എന്നാണ് പരാമർശിച്ചിരിക്കുന്നത്:

സമുദ്രമഥനേകാലേ പരിഗൃഹ്യാമൃതം തദാ
ഹരിർബഭൂവ സ്ത്രീരൂപാ മോഹിനീ നാമ നാമതഃ
താം മോഹിനീമഹം ദൃഷ്ട്വാ സംഗതോƒസ്മി കദാചന
ജാതസ്തഥാ മഹാശാസ്താ

കേരളത്തിലെ ബ്രാഹ്മണർ ക്ഷേത്രപ്രതിഷ്ഠകൾക്കും താന്ത്രികാനുഷ്ഠാനങ്ങൾ നടത്തുന്നതിനുമായി രചിച്ച തന്ത്രഗ്രന്ഥങ്ങളിലും ശാസ്തൃപൂജകൾ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. കേരളീയബ്രാഹ്മണർ ക്ഷേത്രപൂജാവിധാനങ്ങൾ നിർവഹിക്കുന്നതിനായി ആധികാരികമായി കണക്കാക്കി വരുന്ന ചേന്നാസ് നാരായണൻ നമ്പൂതിരി രചിച്ച തന്ത്രസമുച്ചയത്തിലും ഇതിന്റെ വ്യാഖ്യാനമായ കുഴിക്കാട്ടുപച്ചയിലും ശാസ്താപൂജകളാണ് വിവരിച്ചിട്ടുള്ളത്. എന്നാൽ അയ്യപ്പ പൂജകൾ ഒന്നും തന്നെ കേരളീയബ്രാഹ്മണർ രചിച്ച തന്ത്രസമുച്ചയത്തിലോ കുഴിക്കാട്ടുപച്ചയിലോ മറ്റ് കേരളീയതന്ത്രഗ്രന്ഥങ്ങളിലോ ഇല്ല എന്നത് ചരിത്രവസ്തുതയാണ്.

ബ്രാഹ്മണർ അയ്യപ്പപൂജകൾ നിർവഹിച്ചിരുന്നുവെങ്കിൽ അയ്യപ്പപൂജകൾ ബ്രാഹ്മണർ അവർ രചിച്ച തന്ത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരമൊരു കാര്യം അന്വേഷിക്കുമ്പോഴാണ് അയ്യപ്പപൂജ എന്ന വ്യാജേന ബ്രാഹ്മണർ നിർവഹിച്ചുവന്നത് ശാസ്തൃപൂജകൾ തന്നെ ആയിരുന്നുവെന്ന സത്യം വെളിവാകുന്നത്. അയ്യപ്പനെയും ചാത്തനെയും ഭൂതങ്ങളെയും ശാസ്താവാക്കി മാറ്റുന്ന പ്രക്രിയ കാട്ടിത്തരുന്നത് അയ്യപ്പൻ കാവുകളും മറ്റ് കീഴാള ആരാധന സങ്കേതങ്ങളും കൈയടക്കിയ ബ്രാഹ്മണാധിനിവേശത്തിന്റെ ചരിത്രമാണ്.

തന്ത്രഗ്രന്ഥങ്ങളിൽ അയ്യപ്പന് സ്ഥാനം നൽകിയിരുന്നില്ല എന്നതിൽ നിന്നും അയ്യപ്പൻ ബ്രാഹ്മണരുടെ ദൈവം ആയിരുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. കീഴാളരുടെ കാവുകളിലെ ഭൂതത്തെയും മറ്റും ശാസ്താവാക്കിയതിലൂടെ ബ്രാഹ്മണർ സമ്പൂർണ അധിനിവേശമാണ് നടപ്പിൽ വരുത്തിയത്. ഇതിനൊരു ഉദാഹരണം മധ്യകാലത്തെ ഒരു ക്ഷേത്രഗ്രന്ഥവരിയിൽ കാണാം. തെക്കെ പെരുവേലി കാവിൽ കൂന്തൽ എന്നൊരു ഭൂതം അതിനു ശാസ്താവായി നിവേദ്യം.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്തുള്ള പുലിയൂർ ക്ഷേത്രത്തിലെ തിരുപ്പുലിയൂർ ഗ്രന്ഥവരിയിലാണ് മേൽ സൂചിപ്പിച്ച പരാമർശമുള്ളത്. പുലിയൂരിലെ തെക്കേപെരുവേലി കാവിലെ ‘കൂന്തൽ' എന്നൊരു ഭൂതത്തെ ശാസ്താവാക്കിയാണ് ബ്രാഹ്മണർ പൂജ ചെയതു വന്നത് എന്ന് ഇതിൽ നിന്ന്​മനസ്സിലാക്കാം. ഇപ്രകാരം കീഴാളവും ബ്രാഹ്മണേതര പാരമ്പര്യത്തിലുമുള്ള അയ്യനെയും ഭൂതഗണങ്ങളെയും ശാസ്താവാക്കി മാറ്റിയാണ് ബ്രാഹ്മണർ തന്ത്രവിധികളിലൂടെ അധിനിവേശപ്രകിയ നടത്തിപോന്നത്. ഇതേരൂപത്തിലും ഭാവത്തിലുമാണ് ശബരിമല ക്ഷേത്രത്തെയും ബ്രാഹ്മണവൽക്കരിച്ചതും അവിടെ നിന്ന് ദളിത്-ആദിവാസി വിഭാഗങ്ങളെ പുറന്തള്ളിയതും.

ആഗമങ്ങളിലെ ശാസ്താവ്/ഹരിഹരപുത്രൻ

അജിതാഗമത്തിൽ ശാസ്താവിന്റെ പ്രതിഷ്ഠ, ഉത്സവം എന്നിവ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭീമസംഹിതയിൽ ശാസ്താവിനെ എവിടെയാണ് പ്രതിഷ്ഠിക്കേണ്ടത് എന്നും വ്യക്തമാക്കുന്നുണ്ട്.11 ഇതിൽ ശാസ്താപ്രതിമയുടെ ലക്ഷണവും വിവരിക്കുന്നുണ്ട്. പ്രസ്തുത പ്രതിമാലക്ഷണമനുസരിച്ച് രണ്ട് ശക്തികളാൽ സമാവൃതനായി ദക്ഷിണഹസ്തത്തിൽ വാള് ധരിച്ചും രക്തവസ്ത്രത്തോടുകൂടി ശിഖായജ്ഞോപവീതങ്ങൾ അണിഞ്ഞ് കൗപീനവും ഉടുത്ത്, വാമഭാഗത്ത് രംഭ, മേനക തുടങ്ങിയ അപ്‌സരസ്ത്രീകളോടു കൂടിയും, ജട ധരിച്ചവനും, ആന, കുതിര, നായ എന്നിവ പാർശ്വങ്ങളിൽ നിൽക്കുന്ന രൂപത്തിലുമാണ് ശാസ്താവിന്റെ പ്രതിമ പ്രതിഷ്ഠിക്കേണ്ടതെന്ന് ഭീമസംഹിത വിവരിക്കുന്നു.12

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ശാസ്താവിന്റെ സമീപം അപ്‌സരസുകളായ രംഭ, മേനക എന്നിവരെയും സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുന്നതാണ്.13 സ്ത്രീകളെ പ്രത്യേകിച്ച് യുവതികളെ കണ്ടുകൂടാത്ത ഒരു ദേവതയായിട്ടല്ല ഭീമസംഹിത എന്ന ആഗമം ശാസ്താവിന്റെ പ്രതിമാലക്ഷണം വിവരിക്കുന്നത്. മറിച്ച്, രത്യാത്മകഭാവങ്ങൾ സംവഹിക്കുന്ന പുരാണകഥാപാത്രങ്ങളായ രംഭയേയും മേനകയെയും ശാസ്താവിന്റെ പാർശ്വഭാഗങ്ങളിൽ പ്രതിഷ്ഠിക്കണമെന്നും കൃത്യമായി ഭീമസംഹിത പറഞ്ഞുവയ്ക്കുന്നു.

ശാസ്താവിനോടുകൂടി സങ്കല്പിക്കപ്പെടുന്ന അപ്‌സരസ്ത്രീകളായ രംഭാ-തിലോത്തമമാരുടെ സാനിദ്ധ്യം ‘നൈഷ്ഠികബ്രഹ്മചര്യം' എന്ന വാദത്തെ പാടെ നിരസിക്കുന്നതുമാണ്.

ഭീമസംഹിതയിൽ ശാസ്തൃസ്ഥാപനം എന്ന അദ്ധ്യായത്തിൽ ‘കറുത്ത നിറമുള്ളവനും ശരം ധരിച്ചവനും ജടാമകുടധാരിയും പാർശ്വഭാഗങ്ങളിൽ പൂർണ്ണാ, പുഷ്‌കലാ എന്നീ ശക്തികളോടു കൂടിയവനുമായ ശാസ്താവിനെയാണ് സങ്കല്പിച്ചിട്ടുള്ളത്.14 പൂർണ്ണയും പുഷ്‌കലയും ശാസ്താവിന്റെ പത്‌നിമാരാണെന്ന് ഭീമസംഹിത പറയുന്നു.15

പൂർണ്ണാ-പുഷ്‌കലാ സമേതനായ ശാസ്താവിനെ ഒരൊറ്റപീഠത്തിൽവേണം പ്രതിഷ്ഠിക്കാനെന്നും ഭീമസംഹിത നിർദ്ദേശം നൽകുന്നു.16 കുലാലശാസ്ത്രം എന്ന ആഗമഗ്രന്ഥത്തിൽ ഹരിഹരപുത്രനായും മദഗജത്തെ വാഹനമാക്കിയവനായും പൂർണ്ണാ-പുഷ്‌കലാ സഹിതനുമായ ശാസ്താവിന്റെ മന്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്.17

അയ്യപ്പൻ ഹരിഹരപുത്രനാണെങ്കിൽ ‘നൈഷ്ഠിക ബ്രഹ്മചര്യം' എന്ന വാദം നിലനിൽക്കുന്ന ഒന്നല്ല എന്നാണ് ഇവിടെ പ്രതിപാദിച്ച ആഗമങ്ങളിലെ വിവരണങ്ങളിൽ നിന്നും ബോധ്യപ്പെടുന്നത്. ഹരിഹരപുത്രനായ ശാസ്താവിന് പൂർണ്ണ, പുഷ്‌കലാ എന്നീ രണ്ട് പത്‌നിമാരുണ്ടെന്ന് ഭീമസംഹിതയും, കുലാലശാസ്ത്രവും അവിതർക്കിതമായി പറയുന്നു. ഹരിഹരപുത്രൻ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വാദത്തെ കടപുഴക്കുന്ന ഒന്നാണ് ഭീമസംഹിതയിലെയും കുലാലശാസ്ത്രത്തിലെയും താന്ത്രിക പ്രമാണങ്ങൾ.

ഇങ്ങനെ നോക്കിയാൽ ‘നൈഷ്ഠിക ബ്രഹ്മചര്യവും' ‘ഹരിഹരപുത്രത്വവും' കൂടി ഒത്തുപോവുകയില്ല എന്ന് കാണാം. എന്തെന്നാൽ ഹരിഹരപുത്രനായ ശാസ്താവിന് ഭാര്യമാരുണ്ടെന്ന് വ്യക്തം. അപ്പോൾ നൈഷ്ഠികബ്രഹ്മചര്യം സ്ഥാപിക്കണമെങ്കിൽ അയ്യപ്പൻ ഹരിഹരപുത്രനല്ലെന്ന് ആദ്യം സ്ഥാപിക്കേണ്ടിവരും.

ശാസ്താവ് കേരളീയതന്ത്രങ്ങളിൽ

കേരളീയതന്ത്രങ്ങളിലെവിടെയും അയ്യപ്പനില്ല; ഉള്ളത് ശാസ്താവ് മാത്രമാണ്. ശാസ്താപൂജകൾ അയ്യപ്പനിൽ ആരോപിക്കുകയാണ് ചെയ്തുപോരുന്നത്. തന്ത്രസമുച്ചയം ഏഴാം പടലത്തിൽ ശാസ്താവിന്റെ ധ്യാനസങ്കല്പം വിവരിക്കുന്നുണ്ട്. ഈ ധ്യാനസങ്കല്പമനുസരിച്ച് ‘സ്‌നേഹമയത്തോടുകൂടിയും അഴിഞ്ഞു കിടക്കുന്നതുമായ തലമുടിയോട് കൂടിയവനും സിംഹാസനത്തിൽ ഇരിക്കുന്നവനും ശോഭിച്ചിരിക്കുന്ന പത്രം കൊണ്ടുണ്ടാക്കിയ കുണ്ഡലങ്ങളോടു കൂടിയവനും അമ്പും വില്ലും ധരിച്ച ഇരു കൈകളോട് കൂടിയവനും നീലനിറത്തിലുള്ള പട്ടുടുത്തവനും പുതുമേഘം പോലെ ശ്യാമവർണത്തോടു കൂടിയവനും ഇരുവശങ്ങളിലും പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന മകനോടു കൂടി സ്ഥിതി ചെയ്യുന്നവനും രക്തവർണമായ സമസ്താഭരണങ്ങളോട് കൂടിയവനുമായിരിക്കുന്ന ശാസ്താവിനെ സ്മരിക്കണം (ആര്യകം സ്മരേത്)' എന്നാണ്.18

തന്ത്രസമുച്ചയത്തിന്റെ വ്യാഖ്യാനഗ്രന്ഥമായ വിവരണം എന്ന ഗ്രന്ഥത്തിലും പ്രഭ എന്ന ഭാര്യയും സത്യകൻ എന്ന പുത്രനോടും കൂടിയവനാണ് ശാസ്താവ് എന്ന് കൃത്യമായി പറഞ്ഞു വെയ്ക്കുന്നു.19 കുഴിക്കാട്ടുപച്ച എന്ന പ്രസിദ്ധതന്ത്രഗ്രന്ഥത്തിലും അയ്യപ്പ പൂജകൾ വിവരിക്കുന്നില്ല. ശാസ്തൃപൂജകളാണ് കുഴിക്കാട്ടുപച്ചയിലും വിവരിക്കുന്നത്. തന്ത്രസമുച്ചയാന്തർഗതമായ ‘സ്‌നിഗ്ദാരാള’ എന്നുഎന്നു തുടങ്ങുന്ന ധ്യാനം തന്നെയാണ് കുഴിക്കാട്ടുപച്ചയും ഉദ്ധരിക്കുന്നത്.

കേരളത്തിലെ തന്ത്രിമാർ ആശ്രയിക്കുന്ന കൈപ്പുസ്തക രൂപേണയുള്ള സപരിവാരംപൂജകൾ എന്ന ശീർഷകത്തിൽ വിവരിക്കുന്നത് ശാസ്താവിന്റെ പൂജകൾ തന്നെയാണ്. തന്ത്രി കക്കാട് നാരായണൻ നമ്പൂതിരി രചിച്ച്, കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പരിശോധിച്ച്, പഞ്ചാംഗം പുസ്തകശാല പ്രസിദ്ധികരിച്ചതാണ് സപരിവാരം പൂജകൾ. ഇതിൽ ഒന്നാമതായി നൽകുന്ന അയ്യപ്പപൂജയിൽ, ‘സ്‌നിഗ്ദാരാള’ എന്നു തുടങ്ങുന്ന തന്ത്രസമുച്ചയത്തിൽ പ്രതിപാദിക്കുന്ന ശാസ്താവിന്റെ ധ്യാനമന്ത്രമാണ് അയ്യപ്പന്റെ ധ്യാനമായി നൽകിയിട്ടുള്ളത്.20

ഈ ധ്യാനമന്ത്രപ്രകാരം, പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന മകനോടും കൂടിയവനാണ് ശാസ്താവ് എന്ന കാര്യം വിസ്മരിക്കരുത്. സപരിവാരംപൂജയിൽ മറ്റൊരു ഭാഗത്ത് മന്ത്രാന്തരമായി നൽകിയിട്ടുള്ള അയ്യപ്പപൂജ എന്ന പേരിൽ ശാസ്താവിന്റെ പൂജയാണ് വിവരിക്കുന്നത്.21 വേറൊരു ഭാഗത്ത് മന്ത്രാന്തരമായി നൽകിയിട്ടുള്ള അയ്യപ്പപൂജയിൽ ദേവിയോട് കൂടി ശാസ്താവിന്റെ ധ്യാനമന്ത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.22 ശാസ്താവ് ദേവിയെ പുണരുന്ന രൂപത്തിലുള്ള ധ്യാനസങ്കല്പമാണിത്.

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച ദേവതകളുടെ ധ്യാനശ്ലോകങ്ങൾ എന്ന ഗ്രന്ഥത്തിലും ശാസ്താവിന്റെ ധ്യാനശ്ലോകങ്ങൾ കാണാം. ഈ ഗ്രന്ഥത്തിൽ ശബരിമലധ്യാനം എന്ന് നൽകിയിട്ടുള്ള ‘ശാസ്താവ് 'എന്ന ശീർഷകത്തിലൂള്ള ധ്യായേച്ചാരു ജടാനിബന്ധമകുടം എന്ന ധ്യാനശ്ലോകത്തിൽ സ്പഷ്ടമായി സങ്കല്പിക്കപ്പെടുന്നത് ശാസ്താവാണ്, അയ്യപ്പനല്ല.23

ശബരിമലയിൽ അയ്യപ്പനായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് ‘ശബരിമല ധ്യാനം''എന്നെഴുതിയിട്ട് ‘ശാസ്താവ്' എന്ന് പ്രത്യേകം പരാമർശിച്ചത്. ഇതിൽ നിന്ന്​ അയ്യപ്പപൂജകൾ എന്ന വ്യാജേന ബ്രാഹ്മണർ ചെയ്തുവരുന്നത് ഭാര്യാസമേതനായ ശാസ്താവിന്റെ പൂജകളാണെന്നത് സുസ്പഷ്ടം.

‘യോഗപട്ടം ചുറ്റിയാൽ’ അത് നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കുമെന്ന വാദത്തെ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് നൽകുന്ന മറ്റൊരു ധ്യാനശ്ലോകം കടപുഴക്കിയെറിയുന്നുണ്ട്.

ജീമുതശ്യാമധാമാ മണിമയ വിലസത് കുണ്ഡലോല്ലാസി വക്ത്രോ
ഹസ്താബ്ജം ദക്ഷമാത്തോത് പലമിതരഭുജം വാമജാനൂപരിസ്ഥം
ബിഭ്രത് പദ്മാസനസ്ഥ: പരികലിതതനുർ
യോഗപട്ടേനജൂഷ്ടഃ
ശ്രീപൂർണ്ണാ പുഷ്‌കലാഭ്യാം പുരഹരമുരജിത്
പുത്രകഃ പാതു ശാസ്താ

ഈ ധ്യാനമന്ത്രത്തിന്റെ സാരം ഇങ്ങനെയാണ്. ‘‘മേഘം പോലെ ശ്യാമവർണമുള്ളവനും രത്‌നഖചിതമായ കുണ്ഡലങ്ങൾകൊണ്ട് ശോഭിക്കുന്ന മുഖത്തോട് കൂടിയവനും, നീലത്താമരപൂവ് ധരിച്ച വലത്തേകൈയും, ഇടത്തേ കാൽമുട്ടിന്മേൽ വച്ച ഇടത്തേ കൈയ്യുള്ളവനും, പദ്മാസനത്തിൽ ഇരിക്കുന്നവനും യോഗപട്ടം ചുറ്റിയ ശരീരത്തോടു കൂടിയവനും പൂർണ്ണ, പുഷ്‌കല എന്നീ ഭാര്യമാരാൽ സേവിക്കപ്പെടുന്നവനും ഹരിഹരപുത്രനുമായ ശാസ്താവ് രക്ഷിക്കട്ടെ.''

ഈ ധ്യാനശ്ലോകത്തിൽ ‘യോഗപട്ടം ചുറ്റിയ ശാസ്താവിനെ’ ഭാര്യമാരായ പൂർണ്ണ- പുഷ്‌ക്കല സമേതനായിട്ടാണ് വർണ്ണിച്ചിരിക്കുന്നത്. കൂടാതെ പ്രസ്തുത ശാസ്താവിനെ ‘ഹരിഹരപുത്രനെ'ന്ന് വാഴ്ത്തുകയും ചെയ്യുന്നു. ഹരിഹരപുത്രനായ അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വാദം തികച്ചും പൊള്ളയായ ഒന്നാണെന്ന് ഇതിൽ നിന്നും അറിയാം.

മറ്റൊരു ധ്യാനശ്ലോകത്തിൽ ശ്യംഗാരരസാനുകൂലമായ വേഷവിലാസങ്ങളോടു കൂടി സുഖം പൂണ്ടിരിക്കുന്നവനും കറുത്ത നിറമുള്ളവനും കറുത്ത വസ്ത്രം ധരിച്ചിട്ടുള്ളവനുമായ ശാസ്താവിനെ സങ്കല്പിക്കുന്നുണ്ട്.23

ഇങ്ങനെ നോക്കിയാൽ തന്ത്രപാരമ്പര്യത്തിലെവിടെയും അയ്യപ്പന്റെ ‘നൈഷ്ഠിക ബ്രഹ്മചര്യം' എന്ന സങ്കല്പത്തെ പിന്തുണയ്ക്കുന്ന ഒരു പരാമർശവും ഇല്ല എന്ന് മാത്രമല്ല, ബ്രഹ്മചര്യ സങ്കല്പത്തിന് തികച്ചും വിരുദ്ധഭാവത്തോടുകൂടിയ ‘ശൃംഗാരിയും' ‘കുടുംബസ്ഥനുമായ' അയ്യപ്പനെയും/ ശാസ്താവിനെയുമാണ് തന്ത്രഗ്രന്ഥങ്ങളിൽ പരമാർശിക്കുന്നത്. മറ്റുവാക്കുകളിൽ, നായാടിയായ ശാസ്താവിനെയും ഭാര്യാപുത്രസമേതനായ ശാസ്താവിനെയുമാണ് കേരളീയ തന്ത്ര പാരമ്പര്യത്തിൽ കാണുക.

അയ്യപ്പന്റെ പൂജകൾ കേരളീയ തന്ത്രഗ്രന്ഥങ്ങളിലെവിടെയും പരാമർശിക്കുന്നില്ല എന്ന് കണ്ടു കഴിഞ്ഞു. ശാസ്താവിന്റെ പൂജാവിധാനങ്ങൾ ഉപയോഗിച്ചാണ് ബ്രാഹ്മണർ കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വിശേഷിച്ച് ശബരിമലയിലും പൂജകൾ നിർവ്വഹിക്കുന്നത്. ശാസ്താവിന്റെ മന്ത്രങ്ങളാണ് അയ്യപ്പപൂജയിലും ഉപയോഗിക്കുന്നത്. അയ്യപ്പന് പ്രത്യേകിച്ചൊരു മൂലമന്ത്രവും കേരളീയ തന്ത്രഗ്രന്ഥങ്ങളിലില്ല. അയ്യപ്പനെ ശാസ്താവിന്റെ മന്ത്ര-ധ്യാന സങ്കല്പങ്ങൾ അനുസരിച്ച് പൂജിക്കുന്നതിലൂടെ നൈഷ്ഠികബ്രഹ്മചര്യ സങ്കല്പവും സമ്പൂർണമായി റദ്ദായി പോവുന്നു.

താന്ത്രിക ഗ്രന്ഥങ്ങളിലെ ധ്യാനസങ്കല്പങ്ങളിൽ ബ്രഹ്മചാരിയായ ശാസ്താവിനെയോ അയ്യപ്പനെയോ സംബന്ധിച്ച യാതൊരുവിധ പരാമർശവുമില്ല.
ശബരിമലയിലെ ധ്യാനം എന്ന രീതിയിൽ ചിലർ പ്രചരിപ്പിച്ച ധ്യാനസങ്കല്പമനുസരിച്ചും ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് തെളിയിക്കാൻ സാധ്യമല്ല. ധ്യാനശ്ലോകങ്ങൾ എന്ന ഗ്രന്ഥത്തിൽ ശബരിമലയിലെ ധ്യാനം എന്ന തലക്കെട്ടിൽ പ്രസ്തുത ധ്യാനശ്ലോകം നൽകിയിട്ടുണ്ട്.

ധ്യായേച്ചാരുജടാനിബന്ധ മകുടം
ദിവ്യാംബരം ജ്ഞാനമു-
ദ്യോദ്യദ്ദക്ഷകരം പ്രസന്നവദനം
ജാനുസ്ഥ ഹസ്‌തേതരം
മേഘശ്യാമള കോമളം സുരനുതം
ശ്രീയോഗപട്ടാംബരം
വിജ്ഞാനപ്രദമപ്രമേയ സുഷമം
ശ്രീഭൂതനാഥം വിഭും

ഈധ്യാനശ്ലോകത്തിന്റെ സാരം ഇപ്രകാരമാണ്: ‘‘ഭംഗിയുള്ള ജടാജൂടത്തിന്മേൽ ധരിച്ച കിരീടത്തോടു കൂടിയവനും ദിവ്യവസ്ത്രം ധരിച്ചവനും വലത്തേകൈയിൽ ജ്ഞാനമുദ്രയോട് കൂടിയവനും പ്രസന്നമുഖനും മറ്റേ കൈ കാൽമുട്ടിന്മേൽ വച്ചിരിക്കുന്നവനും മേഘം പോലെ കറുത്ത മിനുമിനുത്തവനും ദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവനും യോഗപട്ടത്തോടു കൂടിയവനും വിദ്യയെ പ്രദാനം ചെയ്യുന്നവനും അളവറ്റ ശോഭയുള്ളവനും സർവ്വവ്യാപിയുമായ ഭൂതനാഥനെ ധ്യാനിയ്ക്കണം''.

നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ എന്ന പരാമർശത്തിന്റെ നിഴൽ പോലും ഈ ധ്യാനമന്ത്രത്തിലില്ല. യോഗപട്ടാംബരം, ജടാജൂടങ്ങൾ എന്നിവ നൈഷ്ഠികബ്രഹ്മചര്യത്തിന്റെ തെളിവായി കാണാൻ സാധ്യമല്ല. പുരാണപ്രസ്താവങ്ങളനുസരിച്ച് സാക്ഷാൽ മഹാദേവൻ ജടാധാരിയാണ്. അദ്ദേഹം സഭാര്യനാണ്. തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നൃസിംഹവിഗ്രഹം യോഗപട്ടാംബരത്തോട് കൂടിയാണ് പ്രതിഷ്ഠ. അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല. ജടാജൂടങ്ങളും യോഗപട്ടാംബരവും ഉണ്ടെങ്കിൽ നൈഷ്ഠികബ്രഹ്മചാരിയായിരിക്കും എന്ന വാദത്തെ പാടെ നിരസിക്കുന്നവയാണ് ഇതെല്ലാം.

ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുടെ കേന്ദ്രത്തിൽ നിലകൊണ്ടത് അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കല്പമായിരുന്നു. എന്നാൽ അയ്യപ്പൻ എന്നൊരു ദേവതയെയോ നൈഷ്ഠികബ്രഹ്മചാരിയായ ഒരു അയ്യപ്പനെയോ കേരളീയ തന്ത്രഗ്രന്ഥങ്ങളിലോ ആഗമങ്ങളിലോ കാണുന്നതേയില്ല. ശാസ്തൃസങ്കല്പത്തെ അയ്യപ്പനിൽ ആരോപിക്കുകയാണ് ബ്രാഹ്മണ്യം ചെയ്തത് എന്ന് താന്ത്രികചരിത്രം തെളിയിക്കുന്നു. കീഴാളമായ അടരുകളുള്ള അയ്യപ്പ സങ്കല്പം അടിമുടി ബ്രാഹ്മണവൽക്കരിക്കുന്നതിൽ ശാസ്തൃസങ്കല്പം ഉപയോഗിക്കപ്പെട്ടു.

സ്വാതന്ത്രാസ്ഥിത്വമുള്ള അയ്യൻ/ അയ്യപ്പൻ ബ്രാഹ്മണ്യത്തിലേക്ക് ഉപനയിക്കപ്പെട്ടത് ശാസ്തൃപൂജാവൽക്കരണത്തിലൂടെയാണ്. ശബരിമലയിലെ അയ്യപ്പനെ ബ്രഹ്മചാരിയാക്കാൻ പരിശ്രമിച്ച ബ്രാഹ്മണ്യവ്യവസ്ഥയ്ക്ക് ഒരുവേള ഈ ശാസ്തൃസങ്കലപം ബാധ്യതയായി മാറുകയും ചെയ്തു. എന്തെന്നാൽ ശാസ്താവ് ഭാര്യാസമേതനാണെന്നതാണ് അതിലെ വൈരുദ്ധ്യം. ഇങ്ങനെ ഇന്ന് രൂപപ്പെട്ട് വന്നിരിക്കുന്ന അയ്യപ്പനിൽ ശാസ്താവിന്റയും അയ്യനാരുടെയും ആരാധനകളുടെയും വിശ്വാസങ്ങളുടെയും അടരുകൾ വന്നു പതിച്ചിട്ടുണ്ട്.

അയ്യപ്പൻ ഹരിഹരപുത്രനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഈ പഠനത്തിൽ കണ്ടതുപോലെ തന്ത്ര-ആഗമ പ്രമാണങ്ങളനുസരിച്ച് ഹരിഹരപുത്രനായ ശാസ്താവിന് ഭാര്യമാരുണ്ട്. അയ്യപ്പന് ചരിത്രത്തിൽ നൈഷ്ഠികബ്രഹ്മചാരിയായി നിൽക്കാൻ കഴിയണമെങ്കിൽ അയ്യപ്പനിൽ നിന്നും ഹരിഹരപുത്രത്വം എടുത്തുകളയേണ്ടിവരും. ഒരേ സമയം ഹരിഹരപുത്രനായും നൈഷ്ഠികബ്രഹ്മചാരിയായും നിലകൊള്ളാൻ സാധ്യമല്ലാത്തവണ്ണം ചരിത്രം അത്രമേൽ വിരുദ്ധകോടിയിലാണ് അയ്യപ്പസങ്കല്പത്തിൽ പ്രവർത്തിക്കുന്നത്.

ചുരുക്കത്തിൽ അയ്യപ്പനിൽ ബ്രാഹ്മണ്യാശയങ്ങളുടെ നിരവധി അടരുകൾ പ്രതിപ്രവർത്തിച്ച് പോരുന്നുണ്ട് എന്ന് വ്യക്തമായി കാണാം. കീഴാളജനസമുദായത്തിന്റെ വിശ്വാസധാരയിൽ നിലനിന്നരുന്ന, ബ്രാഹ്മണേതരമായ തലങ്ങൾ ഉണ്ടായിരുന്ന അയ്യൻ/ അയ്യപ്പൻ നൂറ്റാണ്ടുകൾ നീണ്ടു നിന്ന ബ്രാഹ്മണ്യസ്വാംശീകരണം എന്ന പ്രക്രിയയിലൂടെ പുതിയമുഖം കൈവരിയ്ക്കുകയാണുണ്ടായത്.

ചരിത്രപരമായി നോക്കിയാൽ അയ്യപ്പസങ്കല്പത്തെ മുൻനിർത്തിയുള്ള ആലോചനകൾ കേരള സമൂഹത്തെ ബാധിച്ച സാംസ്‌കാരികാധിനിവേശത്തിന്റെ വിവിധ തലങ്ങൾ കൂടി അനാവരണം ചെയ്യുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തിന്റെയും ഹിന്ദുത്വവൽക്കരണത്തിന്റെയും വർണ്ണധർമ്മ താൽപര്യസംരക്ഷത്തിന്റെയും ഉപാധിയായും ഉപകരണമായും ‘അയ്യപ്പൻ' എന്ന മിത്തും സങ്കല്പവും മാറിത്തീരുന്ന കാഴ്ചയാണ് ശബരിമല വിവാദങ്ങളിൽ സൃഷ്ടിക്കപ്പെട്ടത്. ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ്.

കുറിപ്പുകൾ
1. തിരുവല്ലാ ചെപ്പേടുകളെ ‘മലയാളഭാഷയിലെ ആദ്യത്തെ ഗ്രന്ഥമായിട്ടാണ്' ഡോ. പുതുശ്ശേരി രാമചന്ദ്രൻ വിശേഷിപ്പിക്കുന്നത്. ഭാഷ, ലിപി എന്നിവയുടെ സവിശേഷതകൾ പരിഗണിച്ച് തിരുവല്ലാ ചെപ്പേടുകളുടെ കാലം പൊതുവർഷം 12-ാം നൂറ്റാണ്ടാണെന്നാണ് പുതുശ്ശേരി രാമചന്ദ്രൻ അനുമാനിക്കുന്നത്. എല്ലാ രേഖകളും ഒരേ കാലത്ത് എഴുതപ്പെട്ടവയല്ലെങ്കിലും തിരുവല്ലാ ചെപ്പേടുകൾ സമാഹരിക്കപ്പെട്ടത് 12-ാം ശതകത്തിലാണെന്ന് പുതുശ്ശേരി കരുതുന്നു. കാണുക: കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം. 243.
2. കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ, പുറം.279
3. ഉണ്ണിയച്ചീചരിതം രചിച്ചത് ഒരു തേമൻ ചിരികുമാനാണെന്നു കരുതപ്പെടുന്നു. ഈ കൃതിയുടെ രചനാകാലം പതിമൂന്നാം നൂറ്റാണ്ടാണെന്ന് ഇളംകുളവും ഉള്ളൂരും അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും കൃതിയുടെ രചനാകാലം വിവാദാസ്പമാണ്. കാണുക ഉണ്ണിയച്ചീചരിതം, സാഹിത്യപ്രവർത്തകസഹകരണ സംഘം, പുറം. 49-53, 103.
4. Radhika Sekar, The process of Pilgrimage: The Ayyappa Cultus and Sabarimala Yatra, M.A. Thesis, Carleton University, 1987.
5. രേഖകൾക്ക് കാണുക: ടി. എസ്. ശ്യാംകുമാർ, ശബരിമല ഹിന്ദുത്വതന്ത്രങ്ങളും യാഥാർത്ഥ്യവും, ഡി.സി. ബുക്‌സ്, കോട്ടയം, 2019, പുറം.31-32
6. Vijay Nath, Puranas and Acculturation, Munshiram Manoharlal Publishers, New Delhi, 2001, പുറം.134
7. രാധികാശേഖറിന്റെ മേൽ പ്രസ്താവിച്ച പഠനം, പുറം.6
8. ധ്യാനശ്ലോകങ്ങൾ, പഞ്ചാംഗം പുസ്തകശാല, പുറം.247
9. ‘‘ശാസ്താരം മൃഗയാശ്രാന്തമശ്വാരൂഢം ഗണാമൃതം
പാനീയാർത്ഥം വനാദേതം ധ്യാത്വാ മൃഗയുരൂപിണിം
മദ്ധ്യാഹ്നേ സക്തു ദത്ത്വസ്‌മൈ പുനരഞ്ജലിനാ ജലം
വികീര്യ നവഭിർമന്ത്രൈസ്തദ്ഗണാനി തർപയേത്''
തന്ത്രസാരസംഗ്രഹം, 24.10-12
10. രാധികാശേഖറിന്റെ പഠനം, പുറം. 18
11. ഗ്രാമേ വാ നഗരേ വാപി പത്തനേ രാജധാനികേ
ഖേടകേ കുബ്ജകേ വാപി പൈശാചപദകേ ബുധഃ
ഗ്രാമസ്യ പാർശ്വദേശേഷു രാക്ഷസേ വായുഗോചരേ
ശാങ്കരേ വാƒഥ കർതവ്യം ദ്വാരം ബ്രഹ്മസമാശ്രിതം
ശാസ്ത്രാലയം പഞ്ചഹസ്തം വാ സമമണ്ഡപ സംയുക്തം
അന്തർഹാരാസമായുക്തം ഗോപുരദ്വാരസംയുക്തം
പ്രാസാദം കരിപൃഷ്ഠം വാ ഗോപുരാകൃതിമേവ വാ
12. ‘‘തസ്യഗർഭപ്രമാണേന പ്രതിമാം കാരയേത്തത:

Comments