ലോകത്ത് മനുഷ്യരുള്ള സ്ഥലങ്ങളിലെല്ലാം അവരുടെ ജനനവുമായി ബന്ധപ്പെട്ട് പ്രസവമെടുക്കാനും പ്രസവ ശുശ്രൂഷ നടത്തുവാനും ഒരുകൂട്ടം ജനത ഉണ്ടായി വന്നിട്ടുണ്ട്. ഒരു വർഗ്ഗമായോ മതത്തിനുള്ളിലെ ചെറിയ വിഭാഗമായോ ഇത്തരം സേവന സമൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ ഓരോ ആവശ്യങ്ങൾക്കും ഓരോ തൊഴിൽക്കൂട്ടങ്ങളെ നിർമ്മിച്ചെടുക്കുന്ന സാമൂഹിക സന്ദർഭങ്ങൾ മനുഷ്യചരിത്രത്തിലുടനീളം കാണാവുന്നതാണ്. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സമൂഹം തൊട്ട് ഒരിടത്ത് സ്ഥിരം താമസമാക്കിയ സമൂഹം വരെ അവരുടെ വിത്യസ്ത ആവശ്യങ്ങൾക്കായി ഓരോ തൊഴിൽക്കൂട്ടങ്ങളെ കണ്ടെത്തി. അത്തരത്തിൽ ഓരോ സമൂഹത്തിലും ജനനപ്രക്രിയയിൽ സഹായിക്കുന്ന വിഭാഗങ്ങൾ ഉണ്ടായി വന്നു. ജനനം വെറും ഒരു കുഞ്ഞിന്റെ പിറവി മാത്രമല്ല, മനുഷ്യന്റെ ചരിത്രം കൂടിയാണ്. യൗവനം, വാർദ്ധക്യം എന്നിവ ജീവിതത്തിന്റെ ഓരോ അടയാളങ്ങളും. ഭൂതകാലം വർത്തമാനത്തോട് സംസാരിക്കുകയും നിരന്തരം ഭാവിയിലേക്ക് നോക്കുന്ന കാഴ്ച കൂടിയാണ്. ജനനം ആഘോഷിക്കുകയും വ്യത്യസ്ത തരം അനുഷ്ഠാനങ്ങളാൽ വർണാഭമാക്കുകയും ചെയ്യുന്നു. യൗവനം ഉർവരതയുടെ പ്രകടനമായി മാറുന്നു. ഇണയെ കണ്ടെത്തി പുതിയ പിറവികളെ ഉണ്ടാക്കാനായി യൗവനം പ്രയത്നിക്കുന്നു. യൗവനം പ്രണയ തീക്ഷ്ണവും വേഗതയുമുള്ള കാലമാകുന്നു. ഒന്നിൽ നിന്നും മറ്റൊന്നിനെ ഉണ്ടാക്കിയെടുക്കാനുള്ള ഊർജ്ജം യൗവനത്തിന്റേത് മാത്രമാണ്. യൗവനം ഒരു പ്രായത്തേയും ഊർജ്ജത്തേയും തീക്ഷ്ണതയേയും അടയാളപ്പെടുത്തുന്നു. മരണം അനുവാദം കൂടാതെ കടന്നു വരുന്ന വിരുന്നുകാരനാണെങ്കിലും നാം മരണവും അനുഷ്ഠാന സമ്പുഷ്ടമാക്കുന്നു. ചിലർ പാടിയും ആടിയും മരണാനന്തര ചടങ്ങുകൾ നടത്തുന്നു. മറ്റു ചിലർ വിലാപകാവ്യങ്ങൾ പാടി കരയുന്നു. മറ്റു ചിലർ ദൈവവുമായി മനുഷ്യജീവിതത്തെ ബന്ധപ്പെടുത്തി സംസ്കാര കർമ്മങ്ങൾ നടത്തുന്നു. എന്തായാലും ഓരോ ആവശ്യങ്ങൾക്കും ഓരോ പരികർമ്മി വിഭാഗങ്ങളെ ആ സമൂഹം എങ്ങനെയെങ്കിലും കണ്ടെത്തും. അത്തരത്തിലുള്ള ഒരു തൊഴിൽക്കൂട്ടമാണ് പ്രസവമെടുക്കുന്നവർ. ദേശഭാഷയിൽ പേറ്റിച്ചികൾ എന്നു വിളിക്കുന്നു. ഉത്തര കേരളത്തിൽ പ്രസവമെടുക്കുന്ന സ്ത്രീകൾ മലയ വിഭാഗത്തിലെ സ്ത്രീകളാണ്. മലയികൾ എന്ന് ദേശക്കാർ അവരെ തിരിച്ചറിയാനും ജാതീയമായി നിർദ്ദേശിക്കാനും വിളിച്ചുപോരുന്നു. മനുഷ്യ കുലത്തിന് ഇത്രമാത്രം അനിവാര്യമായ തൊഴിൽ ചെയ്യുന്നവരെ അത്രമാത്രം ഇകഴ്ത്തി കാണുന്ന രീതി ഒരുപക്ഷെ ഇന്ത്യൻ സാമൂഹിക ഘടനയിൽ മാത്രമേ കാണുകയുള്ളൂ. മുസ്ലിം വിഭാഗത്തിൽ ഈ പണി ചെയ്യുന്നവർ ഒസ്സാൻ, ഒസ്സാത്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
എന്റെ ജീവിതത്തിൽ ഈ തൊഴിലിനെ ഞാൻ അടുത്തറിയുന്നത് എന്റെ അമ്മ വഴിയാണ്. ഞാൻ കുട്ടിയായിരുന്ന കാലത്ത് എന്റെ അമ്മ വിവിധ വീടുകളിൽ പ്രസവമെടുക്കാൻ പോകുന്ന കാഴ്ച പതിവാണ്. പ്രസവമെടുത്ത് തിരിച്ചു വരുന്ന അമ്മയുടെ കൈയ്യിൽ നല്ല മണമുള്ള സോപ്പുകൾ കാണാം. ചില കള്ളി മുണ്ടുകൾ പുതുമണം പരത്തും. ചിലപ്പോൾ ചില പലഹാരങ്ങളും നമുക്ക് കിട്ടും. വടക്കേ മലബാറിലെ ജാതി സമൂഹത്തിന് പ്രസവമെടുക്കുന്നതിലും ജാതിശ്രേണി ബന്ധമുണ്ട്. നമ്പൂതിരിയുടെ ഇല്ലത്താണെങ്കിൽ ആദ്യ പരിഗണന അവിടെ കൊടുക്കണം. ഒരു നമ്പൂതിരി ഇല്ലത്തെ പ്രസവവും നമ്പ്യാർ തറവാട്ടിലെ പ്രസവവും ഒരുമിച്ച് വന്നാൽ ആദ്യ പരിഗണന നമ്പൂതിരിമാർക്ക് കൊടുക്കണം. ഈ തത്വം ജാതി മര്യാദയായി പാലിച്ചിരുന്നു. താഴ്ന്ന ജാതിക്കാരുടെ കടമയായി ഈ ദേശ-ജാതി മര്യാദകൾ മനസ്സിലാക്കിപ്പിച്ചിരുന്നു. ജാതി പ്രതിപ്രവർത്തിക്കുന്നത് കടമയുടെ നിർവഹണത്തിലൂടെയാണ്. ഇതിനെയാണ് നാം പലപ്പോഴും ധർമ്മം എന്നു പറയുന്നത്. ഒരു സമ്പന്ന കുടുംബത്തിലെ ഒരാൾക്ക് പ്രസവമെടുപ്പ് ആവശ്യമാണെങ്കിലും ഉന്നത ജാതി പരിഗണന മാത്രമേ പരിപാലിച്ചിരുന്നുള്ളൂ. വർഗ്ഗനില ഇവിടെ പ്രവർത്തിക്കില്ല. ജാതി സാമൂഹിക നിലയെയാണ് മാനിക്കുക. സാമ്പത്തികശേഷി നിർണായകമല്ല. അതുകൊണ്ടാണ് മുന്നോക്കരിലെ പിന്നോക്കർ എന്നൊക്കെ പറഞ്ഞു വരുന്ന പുതിയ സംവരണ തട്ടിപ്പുകളെ യുക്തിയുള്ളവർ കളിയാക്കുന്നത്. ജതി വഴി ലഭിക്കുന്ന മൂലധനം ജാതി വഴി മാത്രമേ മനസ്സിലാക്കാൻ കഴിയൂ. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഒരാൾ മണിമാളിക പണിതാലും അവന്റെ വീടിനെ ചാളയായിട്ട് മാത്രമേ ജാതിമനസ്സിന് കാണുവാൻ കഴിയുകയുള്ളൂ. ജനനത്തിനും പ്രസവമെടുപ്പിനും ജാതീയശ്രേണി ബന്ധം പരിപാലിച്ചിരുന്ന സമൂഹം അത്രമാത്രം രോഗാതുരമായിരിക്കും.

സവർണ ജാതിയിൽപ്പെട്ടവർ കല്യാണം കഴിക്കുന്ന സമയത്ത് തന്നെ അമ്മയോട് വാക്ക് പറയും. ചിലർ ഗർഭം ഒന്നാം മാസമായാൽ വീട്ടിൽ വരും. അരിയും ഭസ്‍മവും പോലുള്ള ചില മന്ത്രവാദ ക്രിയകൾ നടത്തിക്കും. കണ്ണേറ് ദോഷപ്പാട്ട് പാടിക്കും. അവരും അമ്മയുടെ സേവനത്തെ വാക്കാൽ ഉറപ്പിക്കും.
ചിലർ നാലാം മാസ ഗർഭകാലത്ത് വരും. വീട്ടിലെ ഗുളികന്റെ തറയിൽ തേങ്ങ ഉടക്കും. അമ്മയുടെ കൈയ്യിൽ നിന്നും ചരട് മന്ത്രിച്ച് കൈയ്യിലോ അരയിലോ കെട്ടും. അന്നേരം പ്രസവമെടുപ്പിന്റെ കാര്യം അമ്മയോട് സൂചിപ്പിക്കുന്നത് കേൾക്കാം. ഇങ്ങനെ ഓരോ ഗർഭ മാസത്തിലും പലവിധ ജാതിയിൽപ്പെട്ടവർ അവരുടെ പ്രസവ പ്രശ്നം അമ്മയുമായി സംവദിക്കും. ഇതിൽ ഭൂരിപക്ഷം മനുഷ്യരും അമ്മ നടത്തുന്ന സേവനത്തിന് ഒരു ദക്ഷിണ പോലും കൊടുക്കാറില്ല. ആരോടും അമ്മ ഒന്നും ചോദിച്ചു വാങ്ങാറുമില്ല. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം അമ്മയോട് ചോദിച്ചു, അവരോട് പത്തോ ഇരുപതോ രൂപ ചോദിച്ചു വാങ്ങിക്കൂടേ? സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്ന സമയമായതിനാൽ എന്നിൽ ചില സാമ്പത്തിക യുക്തികൾ കടന്നു വന്നിരുന്നു. അതൊന്നും ശരിയല്ല എന്നായിരുന്നു അമ്മയുടെ മറുപടി. എനിക്ക് ബസ്സിന് പോകാൻ ഒന്നോ രണ്ടോ രൂപ കിട്ടിയാൽ കുറേക്കൂടി എളുപ്പമായിരുന്നു എന്ന് ആലോചിച്ചതു കൊണ്ടാവാം ഞാൻ അത്തരം ചോദ്യങ്ങൾ അമ്മയോട് ചോദിച്ചത്. മുസ്ലിം ഭവനങ്ങളിൽ പേറെടുക്കാൻ പോയി വരുന്ന അമ്മയുടെ കൈയ്യിൽ കുറേക്കൂടി വിഭവങ്ങൾ ഉണ്ടായിരുന്നു. അരി, പലഹാരം, പിന്നെ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന പ്രത്യേക മണമുള്ള അത്തറുകൾ. അത്തറുകൾ നമ്മുടെ വീട്ടിൽ ആരും ഉപയോഗിക്കില്ല, ഞാനും. പക്ഷെ അത് ഞാൻ എന്റെ സഹപാഠികൾക്ക് ദാനമായി കൊടുക്കും. ജീവിതത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ദാനമായും സമ്മാനമായും കൊടുക്കാനും എനിക്ക് അതിയായ ആഗ്രഹമായിരുന്നു. കാരണം ഞാൻ കൂടുതലുനം ആൾക്കാരോട് വാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് എന്തെങ്കിലും കൊടുക്കുന്നത് ഒരു അഭിമാനമായിട്ടാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്.
അമ്മയുമായുള്ള കുശല സംഭാഷണത്തിൽ ഞാൻ കുട്ടിയെടുപ്പിനെക്കുറിച്ച് ചോദിക്കുമായിരുന്നു. എന്നെ തൊടരുത് ഞാൻ ദൂരത്താണ് എന്ന് അമ്മ പറയാറുള്ള വാചകം അന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല. പിരീട് ആയതാണെന്ന് തിരിച്ചറിയാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു. പായും തലയിണയുമായി അടുക്കളയിൽ പോയി കിടന്നുറങ്ങുന്ന അമ്മയോട് അടുത്ത് ചെന്ന് തോണ്ടി തോണ്ടി ഞാൻ അമ്മ സ്വയം നിർമ്മിച്ച വിലക്കിനെ ലംഘിക്കും. എന്നിട്ട് കഴിഞ്ഞ ദിവസം എടുത്ത കുട്ടിയെ കുറിച്ച് ചോദിക്കും. തെക്കെ പറമ്പിലെ വീട്ടിലെ പ്രസവത്തിൽ കുട്ടിയുടെ കൈയ്യാണ് ആദ്യം വന്നത്. പിന്നീട് നാട്ടുവൈദ്യന്റെ ചില മരുന്നുകൾ കൊണ്ടുവന്ന് തടവിത്തടവി എടുത്തതുകൊണ്ട് രക്ഷപ്പെട്ടു എന്നൊക്കെ അമ്മ മറുപടി പറയും. ചില കുട്ടികൾ വയറ്റിൽ വെച്ച് തന്നെ മരണപ്പെട്ടതുമുണ്ടായിരുന്നു. മരണം ദൈവകോപം കൊണ്ടാണെന്നാണ് ഞാനും വിശ്വസിച്ചിരുന്നത്. അന്ന് ദൈവം ആ കുറ്റം ഏറ്റെടുക്കുമായിരുന്നു. കാലക്രമേണ ആ കുറ്റം ദൈവം ഏറ്റെടുക്കാതെ അമ്മയുടെ തലയിൽ വെച്ച് കെട്ടാൻ തുടങ്ങിയപ്പോൾ പ്രസവമെടുക്കുന്നതിന്റെ എണ്ണം അമ്മ സ്വയം കുറച്ചു. ഏതാണ്ട് 700 കുട്ടികളെ അമ്മ പുതിയ ലോകം കാണിച്ചുകൊടുത്തിട്ടുണ്ട്. പലപ്പോഴും ഒരു പരിഗണനപോലും ലഭിക്കാതെ. ചിലപ്പോൾ അപമാനവും കുറ്റപ്പെടുത്തലുകളും തൊട്ടുകൂടായ്മയും ജാതി സമൂഹം കാണിക്കും. അമ്മയ്ക്ക് വേറെ വഴികളില്ലായിരുന്നു. കുഞ്ഞുങ്ങളെ ഭൂമി കാണിക്കാനുള്ള ധർമ്മം അമ്മയുടെ കുലത്തൊഴിലായിരുന്നു. ജാതി തൊഴിലായിരുന്നു.

തൊട്ടുകൂടാത്ത ജാതിയുടെ കുലത്തൊഴിലാണെങ്കിലും കുട്ടിയെടുപ്പ് അനിവാര്യമായ സേവനമായതിനാൽ ജാതിക്കൂട്ടങ്ങൾ ഗർഭ കാലത്ത് കുറച്ചുകൂടി മനുഷ്യരായി മാറാറുണ്ട്. എന്നിരുന്നാലും പാതിരാത്രിയിൽ പ്രസവവേദന വന്ന് ചൂട്ടും കത്തിച്ച് നെൽവയലിന്റെ വരമ്പിലൂടെയും ചെമ്മൺ ഇടവഴിയിലൂടെയും അമ്മയെ വിളിക്കാൻ വരാൻ ഒരു നിബന്ധന പാലിക്കണമായിരുന്നു. പ്രസവ വേദന അനുഭവിക്കുന്നവളുടെ ഭർത്താവും ഏറ്റവും അടുത്ത ബന്ധുവുമായിരിക്കണം പാതിരാത്രിയിൽ വീട്ടിൽ വരാവൂ. പ്രസവവേദനയായാലും ചിലർക്ക് വീണ വായനയാണെങ്കിൽ അമ്മയുടെ സുരക്ഷിതത്വം തുലാസിലായിരുന്നു. ഭർത്താവിന്റെ ആശങ്കയും ഏറ്റവും അടുത്ത ബന്ധുവിന്റെ സഹായ ഹസ്തവും അതുണ്ടാക്കുന്ന അടിയന്തിര മനോഭാവവും അമ്മയെ സുരക്ഷിതയാക്കുമെന്ന അനുഭവത്തിൽ നിന്നായിരിക്കാം ഇത്തരം നിബന്ധനകൾ. അച്ഛന്റെയും അമ്മയുടെയും അനുഭവ പാഠങ്ങളിൽ നിന്നാവും ഇത്തരം നിബന്ധനകൾ ഉണ്ടായി വന്നത്. ദുർബലരായ, അംഗബലമില്ലാത്ത ജാതിയിൽ പിറക്കേണ്ടി വരുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ജാതി വ്യവസ്ഥ കൂനിന്മേൽ കരുവാണെന്ന് പലപ്പോഴായി എനിക്കും അത് പങ്കു വെച്ചപ്പോൾ അമ്മയ്ക്കും ബോധ്യപ്പെട്ടു. കുട്ടിയെടുക്കുന്നവർ പ്രകൃതിദത്ത രീതിയിൽ സുഖപ്രസവം നടത്തുന്ന ഇന്നത്തെ ഗൈനക്കോളജിസ്റ്റുകൾക്കു പോലും പലപ്പോഴും സാധ്യമാവാത്ത പ്രകൃതിദത്ത മരുന്നുകളും രീതികളുമുപയോഗിച്ചാണ് ഈ സേവനം നടത്തിയിരുന്നത്. ഇതൊരു സിദ്ധാന്തമായി പഠിച്ച് പ്രയോഗിച്ചവരല്ല. തലമുറകളായി പകർന്നു കിട്ടിയ അനുഭവ അറിവ് രൂപങ്ങളാണ് ഇതിന് അടിസ്ഥാനം. നാട്ടുവൈദ്യന്മാരുടെ പച്ചമരുന്നും വിവിധ കുടുംബങ്ങളിലേ ആൾക്കാരുടെ ആരോഗ്യ പരിചയവും ഗർഭ വയറിനെ കുറിച്ചുള്ള അറിവും തിരിച്ചറിവും മാസങ്ങളായി ഗർഭപാത്രത്തിൽ സംഭവിക്കുന്ന പരിണാമ സ്വഭാവങ്ങളും ഗർഭപാത്രത്തിനുള്ളിലെ വെള്ളത്തിന്റെ കുറവും എന്നിവ പുറത്തു നിന്ന് വയറ് തടവിയും കുഞ്ഞിന്റെ സ്ഥാനം മനസ്സിലാക്കി ഗർഭിണിയെ സഹായിക്കുകയും ആത്മവിശ്വാസം പകർന്നും മാസങ്ങളോളം അടുത്തറിഞ്ഞും ഗർഭിണിയെ കേട്ടും തൊട്ടും നടത്തുന്ന ഒരു ചടങ്ങായിട്ടാണ് കുട്ടിയെടുക്കൽ അത്ര ആധുനികമല്ലാത്ത വടക്കേ മലബാറിന്റെ ഗ്രാമങ്ങളിൽ എന്റെ അമ്മയെപ്പോലെയുള്ളവർ നടത്തിയത്. ഗർഭ ചികിത്സയും കുട്ടിയെടുപ്പും കുട്ടിയുടെ നാവിൽ സ്വർണ മേതിരം കൊണ്ട് ആദ്യാക്ഷരം കുറിക്കുന്നതും കുട്ടിയെ കുളിപ്പിക്കുന്നതും കുട്ടിയുടെ അമ്മയ്ക്ക് മരുന്നുകൾ ഉണ്ടാക്കിക്കൊടുക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതും അമ്മ തന്നെയായിരുന്നു. ഒരു ഗ്രാമത്തിലെ അനേകം തലമുറകൾ അമ്മയുടെ കൈകളിലൂടെയാണ് ഭൂലോകത്തേക്ക് കടന്നു വന്നത്. ഇത്രമാത്രം അത്ഭുതകരവും പ്രധാനവുമായ സേവനമാണ് വടക്കേ മലബാറിലെ മലയ വിഭാഗത്തിലെ സ്ത്രീകൽ നടത്തിയിട്ടുള്ളതെങ്കിലും ജാതി മനസ്സും ജാതി ബോധവും അമ്മയുടെ അറിവിനെയോ അനുഭവത്തെയോ ഇന്നുവരെയും മാനിച്ചിട്ടില്ല.
ആദ്യമായി അമ്മ എങ്ങനെയാണ് ഈ തൊഴിൽ ചെയ്തത്? അതിന്റെ സന്ദർഭമെന്തായിരുന്നു? എന്നീ ചോദ്യങ്ങൾ ഞാൻ ചോദിച്ചപ്പോൾ അമ്മ പറയുകയുണ്ടായി.
അച്ഛന്റെ അമ്മ, അമ്മിണിയമ്മ എന്ന് ദേശക്കാർ വിളിക്കുന്ന, ദേശത്തിലെ പ്രധാന കുട്ടിയെടുപ്പുകാരിയായിരുന്നു. കൂരാറ എന്ന പാനൂരിനടുത്തുള്ള ദേശത്തേക്ക് കൂത്തുപറമ്പിനടുത്തുള്ള കൈതേരി എന്ന ദേശത്തു നിന്ന് നാട്ടുപ്രമാണികൾ ക്ഷണിച്ചുകൊണ്ടു വന്നതായിരുന്നു. നാട്ടിലെ പ്രസവമെടുക്കാൻ ആളില്ലെന്ന അവസ്ഥ വന്നപ്പോൾ അച്ഛന്റെ അമ്മയെ അവർ വിളിച്ചു വരുത്തി. കൂരാറ ഗ്രാമത്തിലെ എല്ലാ ഭവനത്തിലെയും പ്രസവമെടുക്കുന്നത് അമ്മിണിയമ്മയായിരുന്നു. അവരുടെ കൂടെ ഒരു സഹായത്തിന് ചിലപ്പോഴൊക്കെ അമ്മ പോകുമെങ്കിലും നേരിട്ട് കുട്ടിയെടുത്തിരുന്നില്ല. പ്രസവത്തിനിടക്ക് അമ്മയ്ക്കോ കുട്ടിക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പഴി കുട്ടിയെടുത്ത ആൾക്ക് ലഭിക്കുന്നതുകൊണ്ട് ഒരു ഭയം എല്ലാ കുട്ടിയെടുക്കുന്നയാൾക്കും ഉണ്ടാകും. വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും ആധുനിക ആശുപത്രികൾ അത്ര പരിചയമില്ലാത്തു കൊണ്ടും ഗ്രാമവാസികൾ അമ്മിണിയമ്മയെ ആശ്രയിച്ചു ജീവിച്ചു. ഒരിടത്ത് ഒരു പ്രശ്നം വന്നാലും അടുത്ത പ്രസവവും ഈ ഒരേ ഒരാൾ നിർവഹിക്കേണ്ടതു കൊണ്ട് ആർക്കും മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.
അനേകം പ്രസവങ്ങൾ ഒരു ദിവസം ഒന്നിച്ച് വന്നപ്പോൾ അച്ഛന്റെ അമ്മയ്ക്ക് എല്ലാം നോക്കാൻ കഴിയാതെ വന്നപ്പോൾ അമ്മയോട് അമ്മിണിയമ്മ പ്രസവമെടുക്കാൻ നിർദ്ദേശിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
'ഗർഭിണിയുടെ വയറ് ഒരു കഞ്ഞിക്കലമായി സങ്കൽപ്പിക്കുക. അതിനുള്ളിലെ തവിയാണ് കുഞ്ഞ്. തവിയുടെ തലയെ കുഞ്ഞിന്റെ തലയായി സങ്കൽപ്പിക്കുക. തല യോനിയുടെ തുറന്ന കവാടത്തിലേക്ക് സ്ഥാനപ്പെടുത്തുക എന്നതാണ് എണ്ണ കൊണ്ട് വയറ് തടവുമ്പോൾ ശ്രദ്ധിക്കേണ്ടത്' ഇതായിരുന്നു അടിസ്ഥാന രൂപകമായി പകർന്നു കൊടുത്തിരുന്നത്. പിന്നെ ഉണ്ടായിരുന്നത് കൂടെ പോയുള്ള അനുഭവ സ്വത്താണ്. അനുഭവ സ്വത്താണ് കുട്ടിയെടുപ്പിനാധാരം. അല്ലാതെ സിദ്ധാന്തങ്ങളല്ല. ജനനം ജൈവികമായി സംഭവിക്കുന്നതുകൊണ്ട് ശരീരം തന്നെ പ്രസവത്തിനായി ശ്രമിക്കും. അതിന് സ്വാഭാവികമായുള്ള കൈത്താങ്ങാണ് നാം നടത്തേണ്ടത്. ചില ആദിവാസി സമൂഹങ്ങളിൽ പ്രസവം നടത്തുന്നത് ഗർഭിണി തനിച്ചാണ്. ചിലർ ഒഴുക്കുള്ള അരുവിയിൽ പ്രസവിക്കാനായി കാലുകൾ നിവർത്തി കുഞ്ഞിനെ പുറത്തെടുക്കുന്നു. അവർ തന്നെ പൊക്കിൾക്കൊടി മുറിച്ചു മാറ്റുന്നു. കുറേനേരം ഒഴുക്കിലിരിക്കുന്ന ഗർഭിണി സ്വയം കഴുകിയതിന് ശേഷം അരിമണിയും മറ്റ് അടിക്കാട് ഔഷധങ്ങളും ഉപയോഗിച്ച് ആരോഗ്യവതിയായി തുടരുന്നു. മരണം പോലെ ജനനവും ചിലപ്പോൾ അനിവാര്യമായും സ്വാഭാവികമായും സംഭവിക്കുന്നതാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം ഗ്രാമങ്ങളിലും ചെറുദേശങ്ങളിലും പടർന്നപ്പോൾ എല്ലാറ്റിനും ആശുപത്രികളെ ആശ്രയിക്കുന്ന സ്വഭാവം ഗർഭമെന്ന സ്വാഭാവികതയെ ഇല്ലാതാക്കുന്നുണ്ട്. സ്വാഭാവിക പ്രസവത്തിനായി വാദിക്കുന്ന അനേകം സംഘടനകളും സ്വാഭാവിക പ്രസവ സെന്ററുകളും ഇന്ന് പല രാജ്യത്തും നിലനിൽക്കുന്നുണ്ട്.

1980 കളിൽ പോലും തലശ്ശേരി ആശുപത്രിയിലെ പ്രസവ വാർഡിൽ ഗർഭിണികളെ അധികം കാണില്ലായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന പ്രസവവാർഡിന്റെ കാരണമറിയാൻ ആശുപത്രി അധികൃതർ അന്വേഷണം നടത്തിയപ്പോൾ അത് ചെന്നെത്തിയത് ഗ്രാമങ്ങളിലെ മലയ സ്ത്രീകളുടെ കുട്ടിയെടുപ്പ് സമ്പ്രദായത്തിലേക്കാണ്. ഇത്തരം അന്വേഷണത്തിന്റെ ഭാഗമായിട്ടാവണം മലയ സ്ത്രീകളെ ആശുപത്രികൾ ആയമാരായി നിയമിച്ചത്. അമ്മ ആ പണിക്ക് പോയില്ല. പക്ഷെ അമ്മയുടെ അനേകം ബന്ധുക്കൾ പ്രസവമെടുത്തവരും അല്ലാത്തവരും ആശുപത്രിയിൽ ആയമാരായി ജോലി ചെയ്തു. ചിലർ താൽക്കാലികമായി തുടർന്നു. ചിലർ സ്ഥിര ജോലിയായി ആയസേവനം തുടർന്നു.
എന്നാൽ ഇന്നും അമ്മയുടെ അഭിപ്രായമറിയാൻ നാട്ടുകാർ എന്റെ വീട്ടിൽ വരാറുണ്ട്. അവർ ഗൈനക്കോളജിസ്റ്റിനെ കാണും. പ്രസവ ശുശ്രൂഷ തുടരും. ആധുനിക മരുന്നുകൾ കഴിക്കും. എന്നാലും അമ്മയുടെ അഭിപ്രായവും അറിവും മനസ്സിലാക്കാൻ അമ്മയെ കാണും. കണ്ണേറ് ദോഷമുണ്ടാകാതിരിക്കാൻ ചരടും അരിയും ഭസ്മവും മന്ത്രിച്ച് അത് സ്വീകരിച്ചു പോകും. ഇന്ന് ദക്ഷിണയായിട്ടെന്നോണം എന്തെങ്കിലും കൊടുക്കുന്ന പതിവുണ്ട്. ചിലപ്പോൾ ഞാൻ വീട്ടിലുള്ള ദിവസം ആൾക്കാരോട് സേവനത്തിന് പൈസ് കൊടുക്കാൻ കളിയാക്കിയെങ്കിലും ആവശ്യപ്പെടും. കാലം കടന്നു പോകുമ്പോൾ ഇങ്ങനെ ചില മക്കളെയും ചില അമ്മമാർക്ക് ലഭിക്കും.
വടക്കെ മലബാറിലെ പ്രസവത്തിനെ കുറിച്ചും അതിനായുള്ള മനുഷ്യരുടെ ആശങ്കയിൽ നിന്ന് ഉണ്ടായി വന്നതാവാം ഉച്ചിട്ട തെയ്യം. ഉച്ചിട്ട ഒരു ഭഗവതിയാണ്. ഉച്ചിട്ട ഒരു മലയിയുമാണ്. ഉച്ചിട്ട ഭഗവതി സുഖപ്രസവത്തിന് സഹായിക്കുന്ന ഒരു ദേവതയാണ്. മലയ സമുദായക്കാരാണ് ഈ ഭഗവതിയെ കെട്ടിയാടുന്നത്. പ്രധാനപ്പെട്ട തറവാട്ട് കാവിലും ഉച്ചിട്ട ഭഗവതി കെട്ടിയാടുന്നുണ്ട്. സ്ത്രീയുടെ ശബ്ദത്തിലാണ് തെയ്യം ഉരിയാടുക. ഒരു സാധാരണ സ്ത്രീ സംസാരിക്കുന്ന വിധം സരസമായി തെയ്യം ഭക്തരോട് സംവദിക്കും.
നിരൂപിച്ച കാളകാട്, കാട്ടുമാടം, കാസ്ര പരമേശ്വരം, കണ്ടമംഗല്യം, പുത്തില്ലം, പുതുച്ചേരി, നടുവത്തൂരില്ലം, മേപ്പാട്, കീപ്പാട്, ചട്ടിയൂര്, വയത്തൂര്, ആലമ്പാടി പട്ടേരി, അറയിൽ പട്ടേരി, ചാലിലും, നല്ലാൻ തോട്ടത്തും, ചിറ്റോകുന്നയിക്കോടും, ചിറ്റോത്തും, പാണച്ചിറയും, പത്തു മെട്ടും, പതിനെട്ട് സമ്പ്രദായത്തിൽ ഉച്ചിട്ട തെയ്യം കെട്ടിയാടുന്നുണ്ടെന്ന് ഉച്ചിട്ടത്തോറ്റം പറയുന്നു. തെയ്യത്തിന്റെ തോറ്റം ആ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നുണ്ടെന്ന് തോറ്റമുണ്ടായ സമയത്തെ സ്ഥലങ്ങളെയും കാവുകളെയും പാടി പറയും. തെയ്യത്തിന്റെ ദേശസഞ്ചാരം തോറ്റം വിസ്തരിക്കും.
ഈ തെയ്യത്തിന് പെറ്റും പിറവിയും എന്നൊരു ഭാഗം തോറ്റത്തിലുണ്ട്. ഗർഭധാരണം മുതൽ കുട്ടി ജനിച്ച് വളരുന്നതുവരെയുള്ള ചരിതങ്ങൾ പാടി വർണിക്കുന്ന വരികളാണ് ഈ ഭാഗത്ത് ചൊല്ലുന്നത്.
നിരൂപിക്കുന്നവർക്ക് പെറ്റ താമരവിയമ്മ
എല്ലെല്ലാനല്ലിലം വാഴ്വാൻ സന്തതിയുണ്ട്
എന്റിതോരുവടക്കിന വാഴ്വാൻ സന്തതിയില്ലാ
ആണെന്നും പെണ്ണെന്നുമേ സന്തതിയില്ല
എവിടെ വേണ്ടും ഞാൻ ചെന്ന് വരമിരിക്കേണ്ടും
പകൽ വിളഞ്ഞുമാദിത്യനോ വരമിരിക്കേണ്ടത്
രാവിളങ്ങും ചന്ദ്രനോ പോയി വരമിരിക്കേണ്ടു
അവർക്കാർക്കുമല്ല, ഞാൻ പോയി വരമിരിക്കുന്ന്
മുന്നയിട്ട വലിക്കൽ മുരട്ടേ വരമിരിക്കണം
നാളെണ്ണി നാൽപ്പത് ദിവസം വരമിരുന്നു
സന്താന സൗഭാഗ്യത്തിനായി ആരെയാണ് ഞാൻ പ്രാർത്ഥിക്കേണ്ടത്? ആരെയാണ് ഞാൻ കാണേണ്ടത്? സൂര്യഭഗവാനെയാണോ അതോ ചന്ദ്രഭഗവാനെയാണോ ഞാൻ പ്രാർത്ഥിക്കേണ്ടത്? ഈ സംശയത്തിന് ശേഷം ബലിക്കല്ലിൽ വരമിരിക്കാൻ നിർദ്ദേശം കിട്ടിയ ഭക്തനാളുകളെണ്ണി നാൽപ്പത് ദിവസം വരമിരുന്നും അങ്ങനെ ആശീർവദിക്കപ്പെട്ടവർ പ്രസവിക്കുമെന്നാണ് തോറ്റത്തിന്റെ സാരം. കൊണ്ടുപോയി പെറ്റോളു എന്ന് പറഞ്ഞ് ഉച്ചിട്ട അനുഗ്രഹിക്കുമെന്ന സന്ദേശമാണ് തോറ്റം ആവർത്തിക്കുന്നത്.
ഒന്നാം തിങ്ങളിലൊളി പൂണ്ടല്ലോ അണിഗർഭം
രണ്ടാം തിങ്ങളിൽ ചെറ്റില്ലം തിരികനിഞ്ഞാരേ
മൂന്നാം തിങ്ങളിൽ മുണിയ വേഷം രൂപം പകർന്നാരേ
നാലാം തിങ്ങളിൽ നാഗരസപ്പാലുൺ കതിച്ചാരേ
അഞ്ചാം തിങ്ങളിൽ നെഞ്ചുമുലക്ക് പാല് കനിഞ്ഞാരേ
ആറാം തിങ്ങളിൽ എഴുന്നു മുഴങ്ങി അനക്കം കൊണ്ടാരേ
ഏഴാം തിങ്ങളിൽ നിരൂപിക്കുന്നവരെ പെറ്റ തമ്മരവിയമ്മ
വലിയവർക്കും വേണമല്ലോ ഈറ്റില്ലമണിമാടം
ചെറിയവർക്കും വേണമല്ലോ ഈറ്റില്ലമണിമാടം
വിളിപ്പിക്ക വിളിപ്പിക്ക വിശ്വകർമ്മാവ
ഉച്ചിട്ടയുടെ ആശീർവാദത്തോടെ ഓരോ നാളും കടന്നു ചെന്നപ്പോൾ മുലയിൽ മുലപ്പാല് വന്ന വെളിപ്പെടൽ തോറ്റം വിസ്തരിക്കുന്നു. ആര് പ്രസവം ധരിച്ചാലും താഴ്ന്നവളോ ഉയർന്നവളോ ആയിക്കോട്ടെ ആർക്കാണെങ്കിലും പ്രസവമുറി വേണമെന്നുള്ളതുകൊണ്ട് ആശാരിമാരെ വിളിക്കാനാണ് തോറ്റം ആവശ്യപ്പെടുന്നത്.
നടന്നു പെറാൻ നാടകശാല പണിയോ തീരട്ടെ
ഇരുന്നു പെറാൻ ഈറ്റില്ലമണിമാടം പണിതീരട്ടെ
ഈറ്റില്ലമണിമാടം കാൺമാൻ പോയൊരു പെൺകൊടിക്കോതാൻ
ഉണ്ടാകുന്നവർക്ക് ചില മെയ്നൊമ്പലം
ഏഴുമെട്ടുമൊൻപതും പോയ് പത്തു മാസമാകുമ്പോൾ
പോരപ്പൊലിയ പ്രസവിക്കുന്നു പൊൻപൈതല
പ്രസവത്തോടനുബന്ധിച്ച് ഒരു വീട്ടിൽ നടക്കുന്ന ഒരുക്കങ്ങളെക്കുറിച്ചും പ്രസവത്തിന്റെ വേദനയെക്കുറിച്ചും (മെയ് നൊമ്പലം) ചൊല്ലുന്ന തോറ്റം ഒരു മലയ സ്ത്രീയുടെ കുട്ടിയെടുപ്പനുഭവങ്ങളെ വർണ്ണിക്കുന്നതായി മനസ്സിലാക്കാം. തോറ്റം ഈറ്റില്ലമണിമാടം പണിയാനും പ്രസവത്തെ ആഘോഷമാക്കാനും നിർദ്ദേശിക്കുന്നതിനാൽ പ്രസവത്തിന് ആദ്യപരിഗണന സവർണ - സമ്പന്ന കുടുംബങ്ങളിലാണ് കൊടുത്തിരിക്കുന്നതെന്ന് നമുക്ക് അനുമാനിക്കാം. ആശാരിമാരെ വിളിച്ച് പുതിയ കെട്ടിടം പണിയാനും നടക്കാനും ഇരിക്കാനുമുള്ള പ്രത്യേക പ്രസവയിടം പണിയാനും മധ്യകാല സമൂഹത്തിൽ സവർണ ജാതി തറവാട്ടുകാർക്കേ കഴിയുമായിരുന്നുള്ളൂ എന്നത് വടക്കേ മലബാറിന്റെ ജാതി - സാമ്പത്തിക ചരിത്രം വെളിവാക്കുന്നു.
അമ്മയെന്ന ഉച്ചിട്ട തെയ്യം
ഉച്ചിട്ട തെയ്യം ഒരു മലയ സ്ത്രീയുടെ പ്രതീകമല്ല. വടക്കെ മലബാറിലെ തലമുറയുടെ ജനനത്തിനും സുഖപ്രസവത്തിനും കാരണക്കാരിയായ അനേകം മലയസ്ത്രീകളുടെ കുട്ടിയെടുപ്പ് അറിവിന്റെ പ്രതീകമാണ്. സമൂഹം ആ അദ്ധ്വാനത്തെ വിസ്മൃതിയിലാഴ്ത്തുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണോ ജനനത്തിന് നന്ദി അറിയിച്ച അനേകം സന്ദർഭങ്ങൾ ഉണ്ടായതിനാലോ പ്രസവമെടുപ്പിന്റെ ചരിത്രവും ഓർമ്മയും നിലനിർത്താനായിരിക്കും ഉച്ചിട്ട തെയ്യത്തിന്റെ ആവിർഭാവത്തിന് കാരണം. അത്യാവശ്യമായ ഒരു സേവനത്തിന്റെ സ്ത്രീ പങ്കാളിത്തം അതും കീഴാള സ്ത്രീകളുടെ കർതൃത്വത്തെ ഉച്ചിട്ട തെയ്യം തോറ്റത്തിലൂടെയും മനുഷ്യരുടെ അനുഭവത്തിലൂടെയും ഇന്നും ഉറഞ്ഞു തുള്ളുന്നു. എന്റെ അമ്മ അതുകൊണ്ടുതന്നെ ഉച്ചിട്ടത്തോറ്റമാണ്. ഉച്ചിട്ട ഭഗവതിയാണ്.


